Sunday, 27 April 2014

ഒഴിവുകാല കോണ്‍ഗ്രസ് വിനോദങ്ങള്‍


വോട്ടെടുപ്പ് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനിടയില്‍ ഫലമറിയണം. അതാണ് സ്വാഭാവികമായ രീതി. ഒന്നരമാസം കാത്തിരിക്കേണ്ടിവരുന്നത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണ്. അത് രാഷ്ട്രീയക്കാരുടെ മാനോവ്യാപാരങ്ങളെയും പെരുമാറ്റത്തെയും മറ്റ് സ്വഭാവവിശേഷങ്ങളെയും എങ്ങനെ ബാധിക്കും എന്ന് കണ്ടെത്താന്‍ വല്ല പഠനവും നടന്നിട്ടുണ്ടോ? നടന്നിട്ടില്ലെങ്കില്‍ നടത്തേണ്ടതാണ്. ആ വോട്ട് കിട്ടിയോ ഈ വോട്ട് കിട്ടിയോ ജയിക്കുമോ തോല്‍ക്കുമോ എന്നോര്‍ത്ത് തല പുണ്ണാക്കുമ്പോള്‍ മനുഷ്യന് എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്താനാവുക, രണ്ടിലൊന്നറിയാതെ ഉറങ്ങുന്നതെങ്ങനെ. ഇരുപതില്‍ ഇരുപത് കിട്ടും നൂറില്‍ നൂറുകിട്ടും എന്നെല്ലാം ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ടിരിക്കാം കുറച്ചുനാള്‍. തുടര്‍ന്നും അത് പറയാന്‍ തുടങ്ങിയാല്‍ നാട്ടുകാര്‍ പിടിച്ച് മാനസികരോഗാസ്​പത്രിയിലാക്കും. അതുപറ്റില്ല. അലസമനസ്സ് പിശാചിന്റെ പണിശാലയാണ് എന്ന് പറഞ്ഞിട്ടുണ്ട് ജ്ഞാനികള്‍. കോണ്‍ഗ്രസ്സിലാണ് പ്രശ്‌നം രൂക്ഷം. എത്രയെത്ര പിശാചുകളാണ് പ്രാന്തുപിടിച്ച് മാന്തുകയും കടിക്കുകയും ഒക്കെ ചെയ്യുന്നത്. ഫലം പ്രഖ്യാപിക്കാന്‍ ഇനിയും പത്തിരുപത് ദിവസമുണ്ട്. അടുത്തദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല.

വെറുതെ ഇരിക്കുന്നതാണ് പ്രശ്‌നം, എന്തെങ്കിലും പണിയായിക്കോട്ടെ എന്ന് വിചാരിച്ചതാവും കെ.പി.സി.സി. പ്രസിഡന്റ്. 20 മണ്ഡലങ്ങളിലെ പ്രചാരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കാനാണ് അദ്ദേഹം ഭാരവാഹികളോട് ആവശ്യപ്പെട്ടത്. അത് വിനയായി. മുന്‍കാലങ്ങളില്‍ ഒന്നോ രണ്ടോ ദിവസംകൊണ്ട് വെടിയും തീയും പോലെ ഫലമറിയാറാണ് പതിവ്. പോസ്റ്റ്‌മോര്‍ട്ടത്തിന് സമയം കിട്ടാറില്ല. ജയിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ല. തോറ്റത് എന്തുകൊണ്ട് എന്നല്ലാതെ ജയിച്ചത് എന്തുകൊണ്ട് എന്ന് ആരും അന്വേഷിക്കാറില്ലല്ലോ. തോല്‍വി ഉണ്ടായാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം പ്രഖ്യാപിക്കുകയാണ് കീഴ്വഴക്കം. തെന്നല ബാലകൃഷ്ണപ്പിള്ളയെയോ ഉപദ്രവകാരിയല്ലാത്ത മറ്റാരെയെങ്കിലുമോ ചുമതലപ്പെടുത്തും. അവര്‍ മാന്യന്മാരായതുകൊണ്ട് റിപ്പോര്‍ട്ടില്‍ ആരെയും കുറ്റപ്പെടുത്താറില്ല. ഇനി പെടുത്തിയാലും സാരമില്ല. ഭദ്രമായി കെട്ടിസൂക്ഷിക്കുന്ന റിപ്പോര്‍ട്ടില്‍ എന്തുണ്ടായാലെന്ത് ? മുമ്പെന്നോ നടന്ന തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ ഏതോ മാധ്യമം ചോര്‍ത്തിയതായി പത്രങ്ങളില്‍ കണ്ടിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെപ്പോലും ആ റിപ്പോര്‍ട്ടിന് ചത്തകുഞ്ഞിന്റെ ജാതകത്തിനുള്ള വിലയേ ഉള്ളൂ. എടുത്തുനോക്കിയാല്‍ കുഞ്ഞിന് രാജയോഗവും ഉന്നതസ്ഥാനലബ്ധിയും ഉണ്ടെന്ന് വായിക്കാനായേക്കും. എന്ത് കാര്യം?

ഇപ്പോള്‍ ഗ്രൂപ്പ് ഇടപാടുകളെല്ലാം പരമാവധി വികേന്ദ്രീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഒരേ ഗ്രൂപ്പുകള്‍ എന്നത് കാലഹരണപ്പെട്ട സമ്പ്രദായമാണ്. അപ്പോഴപ്പോള്‍ ആവശ്യത്തിന് രൂപം കൊള്ളുകയും പിരിഞ്ഞുപോകുകയും ചെയ്യുക എന്നതാണ് ഗ്രൂപ്പുകളെ സംബന്ധിച്ച പുതിയ കാഴ്ചപ്പാട്. ആലപ്പുഴ ഉദാഹരണമായി എടുത്തോളൂ. ഷാനിമോള്‍, വേണുഗോപാലിന് എതിരെ, ഷുക്കൂര്‍ ഷാനിമോള്‍ക്ക് എതിരെ, സുഗതന്‍ ഷുക്കൂറിനെതിരെ... ഉണ്ടുറങ്ങി സമയം കളയുമ്പോഴാണ് പെട്ടെന്ന് ഓരോ ബോധോദയങ്ങളുണ്ടാവുക. ഷാനിമോള്‍ വോട്ടുമറിച്ചു! കോണ്‍ഗ്രസ്സുകാരെക്കുറിച്ചും ബി.ജെ.പി.ക്കാരെക്കുറിച്ചും കേള്‍ക്കുന്ന ആരോപണമാണ് ഇത്. സ്വയം നാല് വോട്ട് പിടിക്കാന്‍ ശേഷിയില്ലാത്തവരെക്കുറിച്ചാണ് ഈ ആരോപണമുണ്ടാവുക. അവര്‍ക്കും അതൊരു അന്തസ്സാണല്ലോ. ഇക്കുറി ആരോപണങ്ങളുടെ തോതുനോക്കുമ്പോള്‍ യു.ഡി.എഫില്‍ വോട്ട് പിടിച്ചവരേക്കാള്‍ കൂടുതല്‍ വോട്ട് മറിച്ചവരാണ് ഉള്ളത് എന്ന് തോന്നിപ്പോകും. മെയ് 16നേ നിജസ്ഥിതി അറിയൂ.

വാര്‍ത്താക്ഷാമവും വിവാദദാരിദ്ര്യവും ചാനലുകളുടെ കച്ചവടം പൂട്ടിക്കുന്ന നിലയിലെത്താന്‍ പാടില്ലല്ലോ.

വാര്‍ത്തയില്ലാത്ത കാലത്ത് ഗ്രൂപ്പിസത്തില്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തുന്നതും തെറ്റല്ല. കണ്ണൂരില്‍ സ്ഥാനാര്‍ഥിയായിരുന്ന കെ. സുധാകരനെതിരെ മുഖ്യ പ്രചാരകരിലൊരാളായിരുന്ന പി. രാമകൃഷ്ണന്‍ കിടിലന്‍ പരാമര്‍ശങ്ങള്‍ നടത്തിയത്, രഹസ്യ ടേപ്പ്‌റെക്കോഡറിലൂടെ നാട്ടില്‍ പാട്ടാവുമെന്ന് അറിയാതെയായിരുന്നുവത്രെ. ഉള്ളത് ഉള്ളതുപോലെ പറഞ്ഞില്ലെങ്കില്‍ ഉറക്കംവരാത്ത ആളെന്ന ചീത്തപ്പേര് രാമകൃഷ്ണനുണ്ടല്ലോ. ഏറിയും കുറഞ്ഞും എല്ലാ ജില്ലകളിലും അരങ്ങേറുന്നുണ്ട് ഈ ഇനം അടിപിടികള്‍, കോമഡികള്‍, കാലുവാരലുകള്‍, ചവിട്ടുനാടകങ്ങള്‍, വടിപ്പയറ്റുകള്‍...

ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴ സ്ഥാനാര്‍ഥിക്കെതിരെ കെ.പി.സി.സി. യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രസിഡന്റിന് രസിച്ചില്ല. കെ.പി.സി.സി.യിലല്ലാതെ താനിതെല്ലാം എവിടെയാണ് പറയുക എന്ന് ഷാനിമോള്‍ ചോദിച്ചത് ന്യായം. പാര്‍ട്ടിവേദികളില്‍ മാത്രമേ പാര്‍ട്ടി വിമര്‍ശനങ്ങള്‍ പാടുള്ളൂ എന്ന് നിലപാടുള്ള ആളാണ് പ്രസിഡന്റ്. മുമ്പ് അങ്ങനെയൊരു വകഭേദം അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍ കോണ്‍ഗ്രസ്സുകാര്‍, പാര്‍ട്ടിവേദി എന്ന ആശയംതന്നെ ഉപേക്ഷിക്കേണ്ടതാണ്. എന്തും എവിടെയും പറയാം എന്ന ആശയമാണ് ശരി. ഷാനിമോള്‍ ആലപ്പുഴ അങ്ങാടിയില്‍ മൈക്ക് കെട്ടി വേണുഗോപാലിനെക്കുറിച്ച് എന്ത്് അപരാധം പറഞ്ഞാലും അത് അമ്പതോ അറുപതോ പ്രവര്‍ത്തകരേ കേള്‍ക്കൂ. പക്ഷേ, കെ.പി.സി.സി. യോഗത്തിലാണ് അത് പറയുന്നതെങ്കില്‍ മാധ്യമങ്ങളിലൂടെ ജനമറിയും. അതുകൊണ്ട് അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ ആരോപണങ്ങളും രഹസ്യങ്ങളും അങ്ങാടിയില്‍ പറയണം.

ദുഷ്‌കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കും ഏര്‍പ്പെട്ടേക്കുമെന്ന് സംശയിക്കുന്നവര്‍ക്കും എതിരെ കെ.പി.സി.സി. പ്രസിഡന്റ് കര്‍ശനനടപടിയെടുക്കും.

ആദ്യപടിയായി എല്ലാവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസയയ്ക്കും. നടപടിയെടുക്കാതിരിക്കാനുള്ള കാരണമാണ് കാണിക്കേണ്ടത്. മിക്കവാറും അതിനുള്ള കാരണമൊന്നും കാണില്ല. നോട്ടീസ് തീര്‍ന്നുപോകരുതല്ലോ. അതുകൊണ്ട് എത്ര പാര്‍ട്ടി മെമ്പര്‍മാര്‍ ഉണ്ടോ അത്ര നോട്ടീസ് എന്നാണ് തീരുമാനിച്ചിട്ടുള്ളത്. നോക്കാമല്ലോ.

***

മദ്യം വിഷമാണ്, പക്ഷേ, അത് നല്ലനിലവാരമുള്ള ഇടത്തേ കൊടുക്കാവൂ എന്നതാണ് നയം. സംസ്ഥാനത്ത് അഞ്ഞൂറോളം ബാറുകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്താതെയാണത്രെ വിഷം കൊടുത്തുകൊണ്ടിരുന്നത്. ഉന്നതതലത്തില്‍ അന്വേഷണമോ കോടതി ഇടപെടലോ എന്തെല്ലാമോ നടന്നശേഷമാണ്, രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന

നിര്‍ണായക ഘട്ടമായിരുന്നിട്ടും ബാറുകള്‍ പൂട്ടിയത് കടന്ന കൈയായിപ്പോയി. വോട്ടെടുപ്പ് കഴിഞ്ഞോട്ടെ എന്നാരും പറഞ്ഞില്ല.

വിഷവില്പനകേന്ദ്രങ്ങളുടെ നിലവാരം നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡമെന്ത്്, എന്തെല്ലാം സൗകര്യങ്ങളാണ് മദ്യ ഉപഭോക്താക്കളുടെ സുഖസൗകര്യത്തിന് അവിടെ ഏര്‍പ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും ആരും വിശദീകരിച്ചുകണ്ടില്ല. നിലവാരം ഉണ്ടാക്കുന്നത് നിശ്ചിതസമയത്തിനകം ചെയ്താല്‍ മതി, തത്കാലം കച്ചവടം മുടങ്ങേണ്ട എന്നാണ് ചിലരെല്ലാം പറയുന്നത്. മദ്യലോബിയാവും അത്.

കെ.പി.സി.സി. പ്രസിഡന്റ് ഉള്‍പ്പെടുന്ന മദ്യവിരുദ്ധലോബിയാവട്ടെ നിലവാരമുയര്‍ത്തല്‍ പിന്നീടുപോരാ, ഇപ്പോള്‍തന്നെ വേണം എന്ന് വാശിപിടിക്കുകയാണ്. ഹാവൂ, മദ്യപര്‍ക്കില്ല മദ്യപരോട് ഇത്ര സ്‌നേഹം. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയോ എന്ന് നോക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ പോയിനോക്കണം എന്നും പറയുന്നുണ്ട് ചില കൂട്ടര്‍. ഹൈക്കോടതി ജഡ്ജിമാരുടെ ഒരു സംഘം ആയാല്‍ മുഷിയുമോ എന്തോ...

എന്തുകൊണ്ടാണ് എന്നറിയില്ല, ബാറില്‍ ചെന്നിരുന്ന് കുടിക്കുന്നവരോട് മാത്രമേ മദ്യവിരുദ്ധ ആദര്‍ശവാദികള്‍ക്കും സര്‍ക്കാറിനും താത്പര്യമുള്ളൂ. അവിടെ എ.സി. വേണം, ശുദ്ധവെള്ളം വേണം, അതുവേണം, ഇതുവേണം. നാട്ടിലെ ഭൂരിപക്ഷം മദ്യ ഉപഭോക്താക്കള്‍ മദ്യം വാങ്ങുന്നത് ബിവറേജസ് കോര്‍പ്പറേഷന്റെ സ്റ്റാളുകളില്‍ ക്യൂനിന്നിട്ടാണ്. അവിടത്തെ പൊരിവെയിലിന്റെ നിലവാരമെന്താണ്? വില്പനവസ്തു ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ കൊടുക്കാത്ത ഏക കച്ചവടസ്ഥാപനം ഇതാവും. സ്വര്‍ഗത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ മഹാന്മാര്‍ ഇത്ര ക്ഷമയോടെ നിന്നുകാണില്ല. എന്തേ ഇവിടെയൊന്നും നിലവാരം വേണ്ടേ ?

Sunday, 20 April 2014

സീറ്റ് പോയാല്‍ കാറ്റ് പോവുംപാര്‍ട്ടിയുടെ ലോക്‌സഭാസീറ്റ് കുറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ സ്ഥാനം തെറിക്കുമെന്നൊരു ഇന്‍ഡാസ് ഹൈക്കമാന്‍ഡ് ഇറക്കിയതായി കേള്‍ക്കുന്നു. കേരളത്തിന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ് ഭീഷണി. ഇതില്‍ അനീതിയോ അക്രമമോ ഒട്ടുമില്ല. എന്നുമാത്രമല്ല, രാജഭരണകാലംമുതല്‍ ഈ കോര്‍പ്പറേറ്റ് ഭരണകാലംവരെ നിലനിന്നുവരുന്ന പൊതുസമ്പ്രദായത്തിന്റെ രാഷ്ട്രീയരൂപവുമാണത്. മഹാരാജാവിന് കപ്പം കൊടുക്കുന്നത് കുറഞ്ഞാല്‍ നാട്ടുരാജാവിന്റെ തല തെറിക്കുമായിരുന്നു. കമ്പനിയുടെ കച്ചവടം കുറഞ്ഞാല്‍ ചിലപ്പോള്‍ മാര്‍ക്കറ്റിങ് മാനേജരുടെ പണി തെറിക്കും. ആ നിലയ്ക്ക് നോക്കുമ്പോള്‍ കേന്ദ്രത്തിലെ കച്ചോടം പൂട്ടിയാല്‍ ശിക്ഷ റീജണല്‍ മാര്‍ക്കറ്റിങ് മാനേജരായ മുഖ്യമന്ത്രിക്കുതന്നെയാണ് കിട്ടേണ്ടത്.

എങ്കിലും ഇതിനൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ ഉണ്ടാക്കിവെക്കുന്നതല്ലേ നല്ലത്? കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന് കേരളത്തില്‍നിന്ന് കിട്ടിയത് 13 സീറ്റാണ്. ഘടകകക്ഷി സീറ്റുകൂടി കൂട്ടിയാല്‍ 16. ഇതില്‍ എത്ര കുറഞ്ഞാലാണ് മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ സ്റ്റേറ്റ് കാറിന്റെ ടയറിലെ കാറ്റ് പോവുക ? ഇരുപതില്‍ പാതി കിട്ടിയാല്‍ രക്ഷപ്പെടുമോ ? എട്ടെങ്കിലും കിട്ടിയാല്‍, കോഴിക്കോട്ടുകാര്‍ പറയുന്നതുപോലെ, കയ്ച്ചലാവുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തേണ്ടത് കേന്ദ്രഭരണത്തെയല്ല, സംസ്ഥാന ഭരണത്തെയാണ് എന്നൊരു സിദ്ധാന്തം രൂപപ്പെടുത്തിയെടുത്തത് ഹൈക്കമാന്‍ഡ് ശിങ്കിടികള്‍ ആവാനാണ് സാധ്യത. എന്തൊരു ക്രൂരതയാണെന്ന് നോക്കുക. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റാലും മുഖ്യമന്ത്രി ഉത്തരവാദി, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാലും മുഖ്യമന്ത്രി ഉത്തരവാദി. ഇത്രയെണ്ണത്തിന് മുഖ്യമന്ത്രി ഉത്തരവാദി, ഇത്രയെണ്ണത്തിന് ഹൈക്കമാന്‍ഡ് ഉത്തരവാദി എന്നൊരു ഇക്വേഷന്‍ രൂപപ്പെടുത്തിക്കൂടേ? ഇപ്പോഴാണെങ്കില്‍ നല്ല ഒരു ബലിയാട്, എന്നെ വെട്ടിക്കോ എന്നെ വെട്ടിക്കോ എന്ന് അപേക്ഷിക്കുംവിധം ദയനീയമായി നോക്കിക്കൊണ്ട് ഹൈക്കമാന്‍ഡിന് അടുത്തുതന്നെ നില്‍പ്പുണ്ട്. തോറ്റതില്‍ 90 ശതമാനത്തിനും അദ്ദേഹത്തെ ഉത്തരവാദിയാക്കിക്കൂടേ? അദ്ദേഹത്തിന് മാത്രമാണ് ഇനി ഒന്നും നഷ്ടപ്പെടാനില്ലാത്തത്. മൗനമോഹന്‍ജിയുടെ ഭരണമല്ല, മൗനമാണ് എല്ലാ പ്രതികൂലാവസ്ഥയ്ക്കും കാരണമെന്ന് ചില ഹൈക്കമാന്‍ഡ് ഭക്തന്മാര്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുള്ളതാണേല്ലാ. 2009ല്‍ എല്ലാവരെയും ഞെട്ടിച്ച് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍ ഒരാളും അതിന്റെ െക്രഡിറ്റ് മൗനമോഹന്‍ജിക്ക് കൊടുത്തില്ല. ആ നിലയ്ക്ക് ഇക്കുറി തോറ്റാലും പുള്ളിക്കാരനെ വെറുതേ വിടണം എന്നാണ് പൊതുധാരണ. കാരണം, ഡല്‍ഹിയില്‍ നടക്കുന്നതൊന്നും അദ്ദേഹം അറിഞ്ഞിട്ടുതന്നെയില്ല.

തീരുമാനങ്ങളെല്ലാം സോണിയാജി എടുക്കുകയും അതിന്റെ ബാധ്യതകളെല്ലാം താനെടുക്കുകയും ചെയ്യുക എന്ന രാഷ്ട്രീയവ്യവസ്ഥയില്‍ വിശ്വസിച്ചിരുന്ന ആളാണ് അദ്ദേഹം. കൊട്ടുമുഴുവന്‍ ചെണ്ടയ്ക്കും കാശ് മാരാര്‍ക്കുമെന്ന വ്യവസ്ഥ നാട്ടില്‍ പണ്ടേ നടപ്പുള്ളതാണല്ലോ. ഭരണഘടനയില്‍ അങ്ങനെയൊരു വ്യവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നത് ശരി. ഭരണഘടനയില്‍ പറയാത്ത എന്തെല്ലാം ഇവിടെ നടക്കുന്നു.

അതുപോകട്ടെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സങ്കടത്തെക്കുറിച്ചാണല്ലോ നമ്മള്‍ വേവലാതിപ്പെട്ടത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇന്നത്തെ രാജ്യരക്ഷാമന്ത്രിയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെയും ഗുരുവാണ് ആന്റണി. ആദര്‍ശത്തിന്റെ ഉപദ്രവം ഇപ്പോഴത്തേക്കാള്‍ കൂടുതലായിരുന്നു. സോളാറും സരിതയും ജോപ്പനും സലിംരാജുമൊന്നും അന്നില്ല. നിയമസഭയില്‍ ഭൂരിപക്ഷത്തിന് മുട്ടില്ല, 140ല്‍ നൂറുസീറ്റ് മുന്നണിയുടെ കൈവശമാണ്. എന്നിട്ടും ലോക്‌സഭാ വോട്ടെടുപ്പുഫലം വന്നപ്പോള്‍ കണ്ണുതള്ളിപ്പോയി. ഇരുപതില്‍ 19 ഇടത്തും മുന്നണി തോറ്റിരിക്കുന്നു. പാര്‍ട്ടിക്ക് ഒരു സീറ്റുമില്ല. ഈ മട്ടിലൊരു തോല്‍വി 1967ലെ സപ്തമുന്നണി കാലത്തുപോലും ഉണ്ടായിട്ടില്ല. അന്നും ഒരു സീറ്റില്‍ പാര്‍ട്ടി ജയിച്ചിട്ടുണ്ട്. സീറ്റ് ഒന്നുപോലും കിട്ടാഞ്ഞിട്ടും ഹൈക്കമാന്‍ഡ് പക്ഷേ, ആന്റണിയോട് രാജിവെക്കാനൊന്നും പറഞ്ഞില്ല. എങ്കിലും രാജിവെച്ചെന്നതും കേരളത്തില്‍ രക്ഷയില്ലാത്തതുകൊണ്ട് ആള്‍ക്ക് രാജ്യത്തിന്റെ രക്ഷ ഏല്പിച്ചെന്നതും ചരിത്രം.

അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇടതുമുന്നണിയുടെ കണ്ണാണ് തള്ളിയത്. ഇരുപതില്‍ പതിനാറിലും തോറ്റു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പാര്‍ട്ടി. പത്രക്കാരെ കണ്ടപ്പോള്‍ വി.എസ്. ഉറഞ്ഞുചിരിച്ചു. പാര്‍ട്ടി തോറ്റാല്‍ ചിരിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി ഭരണഘടനയിലില്ല. അതുകൊണ്ട് അച്ചടക്കനടപടിയൊന്നും എടുക്കാന്‍ പറ്റിയില്ല. പാര്‍ട്ടിതോറ്റാല്‍ മുഖ്യമന്ത്രിയല്ല, പാര്‍ട്ടി െസക്രട്ടറിയാണ് തോല്‍ക്കുക. പിന്നെ ചിരിക്കാതിരിക്കുന്നതെങ്ങനെ? എന്തായാലും അന്നാരും രാജി എന്നൊരുവട്ടം മിണ്ടിയതുപോലുമില്ല. തോറ്റാല്‍ രാജിവെക്കുന്നത് ബൂര്‍ഷ്വാ ഏര്‍പ്പാടാണ്. എന്നാല്‍, തോല്‍ക്കുന്നത് മറ്റേ മുന്നണിയാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുകതന്നെ വേണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന മന്ത്രിസഭയുടെ വിലയിരുത്തലാെണന്ന് മുന്നേതന്നെ ഏറ്റ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഫലം വരുന്നതുവരെയെങ്കിലും മുഖ്യമന്ത്രിയെ സമാധാനിപ്പിക്കാനാവണം 1977ലെ

വിജയം കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന ഒരു മോഹചിന്ത എ.കെ.ആന്റണി പറത്തിവിട്ടത്. മോശം സമയത്തുണ്ടാകുന്ന ഓരോ ചിന്തകളേയ്... ലോക്‌സഭാ ഫലത്തെക്കുറിച്ച് പറയുമ്പോള്‍ ബോധമുള്ള ഏതെങ്കിലും കോണ്‍ഗ്രസ്സുകാരന്‍ 1977 എന്നൊരു വര്‍ഷം ഓര്‍മിക്കുമോ? പ്രധാനമന്ത്രിതന്നെ തോറ്റ, പാര്‍ട്ടിയെ ജനം ഇന്ത്യാസമുദ്രത്തില്‍ വലിച്ചെറിഞ്ഞ തിരഞ്ഞെടുപ്പല്ലേ അത്. എന്തായാലും അതെല്ലാം മറന്നുകള. ശിഷ്ടദിവസങ്ങളില്‍ പ്രാര്‍ഥനയോ വഴിപാട് നേരലോ മറ്റ് അനുയോജ്യ കര്‍മങ്ങളോ നടത്തുക; മറ്റൊന്നും ചെയ്യാനില്ല.

***

95% വിപ്ലവ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴുള്ള വകുപ്പുകള്‍ പോരാ. മൂന്ന് എം.എല്‍.എ.മാരുള്ള ഊക്കന്‍ പാര്‍ട്ടിയായിക്കഴിഞ്ഞ സ്ഥിതിക്ക് വെറുമൊരു തൊഴില്‍വകുപ്പുംകൊണ്ട് എന്ത് വിപ്ലവം നടത്താനാണ്. കൂടുതല്‍ ശക്തിയുള്ള വകുപ്പുകള്‍ വേണം, വകുപ്പ് ഏതെന്ന്് വെളിപ്പെടുത്തിയിട്ടില്ല. ആഭ്യന്തരവകുപ്പോ റവന്യൂ വകുപ്പോ ആണ് തരുന്നതെങ്കിലും മുഷിയില്ല. ഭരിച്ചുകാട്ടിക്കൊടുക്കും.

പക്ഷേ, സംഗതി പരസ്യമായി പറഞ്ഞത് മുഖ്യമന്ത്രിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സുതാര്യതയൊക്കെ ശരിതന്നെ. പക്ഷേ, വിപ്ലവപ്പാര്‍ട്ടി മുന്നണിയില്‍ കേറിയിട്ട് മാസം ഒന്നായിട്ടില്ല. പെട്ടിയിലാക്കിയ വോട്ട് എണ്ണിയിട്ടില്ല. ജീവിക്കുമോ ചാവുമോ എന്ന് പറയാറായിട്ടില്ല. അതിനിടയിലാണ് വകുപ്പും പറഞ്ഞ് വരുന്നത്. യു.ഡി.എഫ്. ആയെന്നതൊക്കെ ശരി, ഇത്രയും യൂഡിയെഫാകാന്‍ പാടുണ്ടോ വിപ്ലവസോഷ്യലിസ്റ്റുകള്‍!


****

പാര്‍ട്ടി സെക്രട്ടറി മുതല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍വരെ വോട്ടെടുപ്പ് കഴിഞ്ഞയുടനെ ജയിലില്‍പ്പോയി ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ സന്ദര്‍ശിച്ചു. ബൂര്‍ഷ്വകള്‍ക്ക് അതത്ര പിടിച്ച ലക്ഷണമില്ല. പാര്‍ട്ടിയാണ് ചന്ദ്രശേഖരനെ വധിച്ചത് എന്നതിന് തെളിവല്ലേ ഇതെന്നാണവര്‍ ചോദിക്കുന്നത്. പാര്‍ട്ടിയെ ഇവര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ആദര്‍ശാത്മക നിലപാട് സ്വീകരിച്ചിരിക്കുകയാണ് പാര്‍ട്ടി. വധത്തില്‍ പങ്കില്ല, വധശിക്ഷയില്‍ വിശ്വാസവുമില്ല.
സര്‍ക്കാര്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്നുപോലും പാര്‍ട്ടി ഈയിടെ ആവശ്യപ്പെട്ടില്ലേ? കൊലയാളികളില്‍ മനംമാറ്റം ഉണ്ടാക്കുന്നതിനാണ് ജയില്‍ സന്ദര്‍ശനങ്ങള്‍. മാനസാന്തരം ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്ന അച്ചന്മാരെപ്പോലെ കണക്കാക്കിയാല്‍ മതി സഖാക്കളെയും. ആദ്യം ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍. പിന്നെ സകല കൊലക്കേസ് പ്രതികളെയും സന്ദര്‍ശിച്ച് ദൈവകൃപയ്ക്കും മാപ്പിനും പ്രാര്‍ഥിക്കും.

Sunday, 6 April 2014

ഒരു ജുഡീഷ്യല്‍ ഇരുട്ടടി
ഈയിടെയായി അടികളും ഇരുട്ടടികളും നാനാഭാഗത്തുനിന്നും പരക്കെ കിട്ടുന്നതുകൊണ്ട്, അടി അത്രവലിയ കാര്യമൊന്നുമല്ല എന്നനിലയിലെത്തിയിരുന്നു യു.ഡി.എഫ്. ഇരുമ്പുവടികൊണ്ട് തലമണ്ടയ്ക്കുതന്നെ ഒന്ന് കിട്ടിയാലും തലയൊന്ന് തടവി നടന്നുപോകാവുന്ന അവസ്ഥ. ഒന്നും ഏശുകേല. ഭരണകക്ഷിയായാല്‍ അങ്ങനെ വേണം. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ വലിയ സമാധാനമുണ്ടായി. ഇനി വോട്ടെടുപ്പുവരെ പുതിയ പ്രഹരങ്ങളൊന്നുമുണ്ടാകില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ ഭരണം ഫ്രീസറിലാവും. അതുകൊണ്ട് പുതിയ പൊല്ലാപ്പുകള്‍ ഉണ്ടാവില്ല.

അങ്ങനെ മനസ്സമാധാനത്തോടെ വോട്ടുപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലെ അത് വന്നുപതിച്ചത്. ഭരണകക്ഷികള്‍ക്ക് ദോഷകരമാവുന്ന കേസ് വിധികള്‍ വോട്ടെടുപ്പ് കഴിഞ്ഞേ പ്രഖ്യാപിക്കാവൂ എന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നില്ല. അബദ്ധമായിപ്പോയി. അതുകൂടി ചേര്‍ക്കാമായിരുന്നു. സലിംരാജ് എന്ന മുന്‍ ഗണ്‍മാന്‍ ഭൂമിതട്ടിപ്പ് നടത്തിയോ ഇല്ലയോ എന്നത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ഒരു ഡെപ്യൂട്ടി താസില്‍ദാര്‍ മതി. പോട്ടെ, പോരെങ്കില്‍ ഒരു ഡെപ്യൂട്ടി കളക്ടര്‍ ആവട്ടെ. സഹായത്തിന് ഒരു എസ്.ഐ.യും ഉണ്ടായിക്കോട്ടെ. പോക്കുവരവും തണ്ടപ്പേരും ആധാരവും എന്തെന്ന് ഉത്തരേന്ത്യയില്‍നിന്ന് വരുന്ന സി.ബി.ഐ. സാറന്മാര്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍തന്നെ പ്രയാസമാണ്. കഷ്ടപ്പെട്ട് മനസ്സിലാക്കിയെടുക്കാന്‍ മാത്രമുള്ള ആനക്കാര്യമൊന്നും ഈ കേസിലില്ലതാനും. ഒരു കൂട്ടക്കൊലയോ ലക്ഷംകോടി അഴിമതിയോ മറ്റോ ആയിരുന്നെങ്കില്‍ അന്വേഷിക്കാനൊരു ഗമയുണ്ടാവുമായിരുന്നു.
കേസന്വേഷണം സി.ബി.ഐ.ക്ക് വിടണം എന്ന് ആവശ്യപ്പെട്ടവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളുകളാണല്ലോ മുഖ്യമന്ത്രിയുടെ ഗണ്‍മോനും െ്രെഡവര്‍മോനും സെക്രട്ടറിമോനുമൊക്കെ. അവര്‍ എല്ലാറ്റിലും ഇടപെട്ടളയും. അന്വേഷണം നേരാംവണ്ണം നടത്തിയാലും ജനം വിശ്വസിക്കില്ല. എന്തിലെല്ലാമോ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുമൂന്നെണ്ണം ഇപ്പോള്‍തന്നെ സസ്‌പെന്‍ഷനിലോ പിരിച്ചുവിടലിലോ ജയിലിലോ ഒക്കെയുണ്ടല്ലോ. ഇത്തരം കക്ഷികള്‍ ഇനിയും ഇല്ലെന്ന് എന്താണ് ഉറപ്പ്? അതുകൊണ്ട് സലിംരാജാവിന്റെ ഭൂമിവ്യവഹാരം സി.ബി.ഐ.ക്കാര്‍ അന്വേഷിച്ചോട്ടെ. പോലീസിനെ ഹര്‍ജിക്കാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും വിശ്വാസമില്ല. അതുകൊണ്ട് അന്വേഷണം കേന്ദ്രപോലീസ് നടത്തട്ടെ ഇതാണ് ഹൈക്കോടതി വിധിച്ചത്.
'പോലീസ് നീതിപൂര്‍വമായി പ്രവര്‍ത്തിക്കാതെ, പക്ഷപാതപരമായി പ്രവര്‍ത്തിച്ച് കുറ്റവാളികളെ സംരക്ഷിച്ച കേസുകളില്‍ നീതി ഉറപ്പുവരുത്താന്‍ അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കണം എന്നത് നീതിന്യായമേഖലയിലെ അംഗീകൃതതത്ത്വമാണ്' എന്ന് കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്‌തെങ്കില്‍ വേറെ വല്ലവരെയും ഏല്പിച്ചാല്‍ പോരേ എന്ന് ചോദിച്ചാല്‍ കുഴയും. നേരത്തേ ഇടപെടല്‍ ഉണ്ടായത് ഇതിലെ തത്പരകക്ഷി മുഖ്യമന്ത്രിയുടെ ഗണ്‍മോന്‍ ആയതുകൊണ്ടാണ്. ഇപ്പോള്‍ ടിയാന്‍ ഉണ്ടയില്ലാത്ത ഗണ്ണാണ്. പിന്നെ എന്തിന് സി.ബി.ഐ.? പോലീസ് പോരേ എന്നും ചോദിക്കരുത്. ഗണ്‍മാന്‍ പോയാലും നീതിനടക്കില്ലെന്ന് കോടതി കരുതുന്നു. അതുപക്ഷേ, പറഞ്ഞിട്ടില്ല. കോടതിയുടെ ശരീരഭാഷ വായിച്ചാല്‍ മനസ്സിലാവും (ഇതാണ് ലേറ്റസ്റ്റ് ടെക്‌നിക്). കേരളാ പോലീസിനെ കോടതിക്ക് തരിമ്പ് വിശ്വാസമില്ല എന്നര്‍ഥം.

സി.ബി.ഐ. അന്വേഷണം എന്ന് കേട്ടപ്പോള്‍ത്തന്നെ ഇടതുസഖാക്കള്‍ ഇത്ര ആവേശംകൊണ്ടത് എന്തിനാണ് എന്നാര്‍ക്കും മനസ്സിലായിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. എന്ന് കോടതി പറഞ്ഞത് കേരളത്തില്‍ ടി.പി. വധക്കേസിനേ ബാധകമായുള്ളൂ, സലിംരാജ് കേസിന് ബാധകമല്ല എന്നുണ്ടോ? നമുക്ക് സൗകര്യപ്പെടുമെങ്കില്‍ സി.ബി.ഐ. വേണം, ഇല്ലെങ്കില്‍ വേണ്ട. ഇതാണ് പൊതുവായി അംഗീകരിക്കപ്പെട്ട സര്‍വകക്ഷിതത്ത്വം. മാറാട് കേസിലാണ് അത് പച്ചയ്ക്കുകണ്ടത്. ഐക്യകേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊല. പക്ഷേ, സി.ബി.ഐ.യെ അടുപ്പിക്കാതിരിക്കാന്‍ എല്ലാവരും ചേര്‍ന്ന് ഐക്യമുന്നണിയുണ്ടാക്കി. ഹൈക്കോടതിക്കും തോന്നി, മാറാട് കേസ് ഭൂമിക്കേസിനോളം വരില്ല എന്ന്. സലിംരാജ് കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ കോടതി പറഞ്ഞ ന്യായംവെച്ചാണെങ്കില്‍ ചില്ലറ അടിപിടിക്കേസ് ഒഴികെ മിക്കവാറുമെല്ലാ കേസുകളും സി.ബി.ഐ. േേഅന്വഷിക്കേണ്ടിവരും. കാരണം മിക്കതിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സമ്പന്നവര്‍ഗ ഇടപെടലുണ്ട്. പോലീസില്‍ ജനം എങ്ങനെ വിശ്വസിക്കാനാണ്.
കോടതി പോലീസിനെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും പലതും പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാറിന് നെഞ്ചില്‍ത്തട്ടിയത് ഒന്നോ രണ്ടോ വാചകം മാത്രം. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനരീതിയെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ടെന്നും കോടതി പറഞ്ഞതില്‍ പിടിച്ചായിരുന്നു രാഷ്ട്രീയക്കളി മുഴുവന്‍. ആരോടാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്? 'സ്‌റ്റേറ്റി'നോട് എന്നാണ് കോടതി പറഞ്ഞത്. കോടതിയോട് എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ വേണമായിരുന്നെങ്കില്‍ കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയയ്ക്കുമായിരുന്നു. അയച്ചിട്ടില്ല. ജനങ്ങളുടെ കോടതി നോട്ടീസയച്ചിട്ടുണ്ട് എന്നമട്ടില്‍ അവിടെ മറുപടി പറഞ്ഞോളാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന്റെ വിധി കേള്‍ക്കാനിരിക്കുന്നേയുള്ളൂ.

തിരക്കുപിടിച്ച് ഹൈക്കോടതിയില്‍ പോയി സ്‌റ്റേ വാങ്ങിയത് രണ്ട് വാചകങ്ങള്‍ക്കാണ്. അതാവട്ടെ വെറും അഭിപ്രായപ്രകടനങ്ങളുമാണ്. സ്‌റ്റേ കിട്ടിയതോടെ, രക്ഷപ്പെട്ടു എന്നമട്ടില്‍ നെടുവീര്‍പ്പിടുന്നുമുണ്ട്. കോടതി അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ അതാര്‍ക്ക് സ്‌റ്റേചെയ്യാനാവും? നടപടിയേ സ്‌റ്റേചെയ്യാന്‍ പറ്റൂ. പറഞ്ഞ അഭിപ്രായം സ്‌റ്റേചെയ്യുന്നത് വെച്ചവെടി സ്‌റ്റേചെയ്യും പോലെയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഗണ്‍മാന്‍ പണിയിലല്ല വീഴ്ചവരുത്തിയത്. സ്വഭാവശുദ്ധിയിലാണ് കറുത്തപാട് വീഴ്ത്തിയത്. കോടതി എടുത്തുപറഞ്ഞ സരിതാ കേസിലും സംഭവിച്ചത് അതാണ്. ഇതിന്റെയെല്ലാം ധാര്‍മികബാധ്യത ഭരിക്കുന്നവര്‍ക്കല്ലെങ്കില്‍ മറ്റാര്‍ക്കാണ്? ഹൈക്കോടതി ധാര്‍മികതയുടെ ജഡ്ജല്ല, നിയമത്തിന്റെ ജഡ്ജാണ്. ധാര്‍മികതയുടെ ജഡ്ജ് സ്വന്തം മനസ്സാക്ഷിയാണ്. അവിടെ അപ്പീല്‍ കോടതിയില്ല, സ്‌റ്റേയും കിട്ടില്ല.

****

സര്‍ക്കാര്‍ മന്ദിരത്തില്‍, ടി.വി. ക്യാമറക്കാര്‍ക്കെല്ലാം കാണാന്‍ പാകത്തില്‍ ഹൈക്കോടതി ജഡ്ജിയും പ്രതിപക്ഷ ഉപനേതാവും ചര്‍ച്ചചെയ്തത് സലിംരാജ് കേസില്‍ മുഖ്യമന്ത്രിക്കിട്ട് ഒരു പണികൊടുക്കുന്ന കാര്യമാണ് എന്ന് വിശ്വസിക്കുന്നുണ്ടല്ലോ ഒരുപാട് ഭരണകക്ഷി നേതാക്കള്‍. അതേ നേതാക്കള്‍തന്നെ പറയുന്നത് ഈ ജഡ്ജി കുറേക്കാലമായി മുഖ്യമന്ത്രിക്കിട്ട് നിരന്തരം പാരവെച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. എങ്കില്‍ പിന്നെ എന്തിന് കോടിയേരി ബാലകൃഷ്ണന്‍ പ്രേരിപ്പിക്കണം?
പത്രപ്രവര്‍ത്തനത്തിലെ വസ്തുനിഷ്ഠതയും നീതിന്യായരംഗത്തെ വസ്തുനിഷ്ഠതയും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണാനില്ല. കേസുകള്‍ പരിശോധിക്കുന്നത് വിസ്തുനിഷ്ഠതയെയും നിയമത്തെയും മാത്രം ആധാരമാക്കിയല്ല. ആത്മനിഷ്ഠമാണ് ഒരുപാട് കാര്യങ്ങള്‍. സൂര്യനെല്ലിയിലെ പെണ്‍കുട്ടി വ്യഭിചരിക്കുകയായിരുന്നു എന്ന് കുറേ ജഡ്ജുമാരും അതല്ല പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് വേറെ കുറേ ജഡ്ജുമാരും കരുതിയതെന്തുകൊണ്ടാണ്. തീര്‍ത്തും വ്യക്തിപരമാണ് ഇത്തരം പല നിലപാടുകളും. ഈ വ്യക്തിനിലപാടില്‍ നിന്നുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങള്‍ക്കും അത്രയേ വിലകല്പിക്കേണ്ടൂ. അഭിപ്രായം കൂടുതലും വിധി കുറവുമാണ് ഇക്കാലത്ത്. അഭിപ്രായം കേട്ട് രാജിവെക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. പത്രത്തിലെ മുഖപ്രസംഗം വായിച്ച് രാജിവെക്കുന്നതുപോലെയേ ഉള്ളൂ ഇതും.
രാഷ്ട്രീയക്കാരന്റെ ശുപാര്‍ശകേട്ടാണ് കേസ് വിധിക്കുന്നത് എന്നുപറയുന്ന നേതാക്കള്‍ ജുഡീഷ്യറിയെയും അവരുടെ ധാര്‍മികനിലവാരത്തിലേക്ക് താഴ്ത്തുകയാണ്. തങ്ങളും ജഡ്ജിമാരും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്നുപറയാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് കോടതിയലക്ഷ്യത്തേക്കാള്‍ കൂടിയ കുറ്റമാണ്.

****

പെയ്ഡ് ന്യൂസ് എന്ന പ്രതിഭാസം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്താണ് നാട്ടുകാരുടെ ശ്രദ്ധയിലെത്തിയത്, അതിനുമുമ്പും ഉണ്ടായിരുന്നു ആ ഏര്‍പ്പാടെങ്കിലും. ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് പെയ്ഡ് സീറ്റുകളും ഉണ്ടായത്. പണംകൊടുക്കുന്ന മഹാന്മാര്‍ക്ക് സീറ്റില്‍ സംവരണം പണ്ടുമുണ്ടായിരുന്നു. പക്ഷേ, പണംമാത്രം പോരാ രാഷ്ട്രീയാഭിമുഖ്യവും വേണം എന്നുണ്ടായിരുന്നു അടുത്തകാലംവരെ. ഇപ്പോള്‍ സ്വകാര്യ കോളേജിലെ പെയ്ഡ് സീറ്റ് പോലെതന്നെ പല പാര്‍ട്ടികളിലും സ്ഥാനാര്‍ഥിത്വം. കോണ്‍ഗ്രസ്സുകാരില്‍ ദീര്‍ഘവീക്ഷണമുള്ള ആരോ ആണ് സ്ഥാനാര്‍ഥിത്വത്തിന് ടിക്കറ്റ് എന്ന് പേരിട്ടത്.
വിപണിയുടെ പെരുങ്കാലുകള്‍ മൂന്നാമത്തെ പടികൂടി ചവിട്ടിയിരിക്കുന്നു. പെയ്ഡ് സര്‍വേകളും സാര്‍വത്രികമായിരിക്കുന്നു. ഏത് കക്ഷിക്ക് അനുകൂലമായും അഭിപ്രായവോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചുകൊടുക്കുന്നതാണ്. പാര്‍ട്ടിക്കാര്‍ കട്ടും കോഴവാങ്ങിയും സ്വരൂപിച്ച പണം ഇങ്ങനെ പല കൈകളിലെത്തിക്കാന്‍ പ്രയോജനപ്പെടും എന്നതിനപ്പുറും നാല് വോട്ടുകിട്ടാന്‍ ഇതൊന്നും പ്രയോജനപ്പെടില്ലെന്ന് ഓരോ തിരഞ്ഞെടുപ്പും തെളിയിക്കുന്നുണ്ട്. എങ്കിലെന്ത്? വോട്ടിന് നടക്കുമ്പോള്‍ മനുഷ്യര്‍ക്ക് സമാന്യബുദ്ധിപോലും നഷ്ടപ്പെടുന്നു.