സീറ്റ് പോയാല്‍ കാറ്റ് പോവുംപാര്‍ട്ടിയുടെ ലോക്‌സഭാസീറ്റ് കുറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ സ്ഥാനം തെറിക്കുമെന്നൊരു ഇന്‍ഡാസ് ഹൈക്കമാന്‍ഡ് ഇറക്കിയതായി കേള്‍ക്കുന്നു. കേരളത്തിന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ് ഭീഷണി. ഇതില്‍ അനീതിയോ അക്രമമോ ഒട്ടുമില്ല. എന്നുമാത്രമല്ല, രാജഭരണകാലംമുതല്‍ ഈ കോര്‍പ്പറേറ്റ് ഭരണകാലംവരെ നിലനിന്നുവരുന്ന പൊതുസമ്പ്രദായത്തിന്റെ രാഷ്ട്രീയരൂപവുമാണത്. മഹാരാജാവിന് കപ്പം കൊടുക്കുന്നത് കുറഞ്ഞാല്‍ നാട്ടുരാജാവിന്റെ തല തെറിക്കുമായിരുന്നു. കമ്പനിയുടെ കച്ചവടം കുറഞ്ഞാല്‍ ചിലപ്പോള്‍ മാര്‍ക്കറ്റിങ് മാനേജരുടെ പണി തെറിക്കും. ആ നിലയ്ക്ക് നോക്കുമ്പോള്‍ കേന്ദ്രത്തിലെ കച്ചോടം പൂട്ടിയാല്‍ ശിക്ഷ റീജണല്‍ മാര്‍ക്കറ്റിങ് മാനേജരായ മുഖ്യമന്ത്രിക്കുതന്നെയാണ് കിട്ടേണ്ടത്.

എങ്കിലും ഇതിനൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ ഉണ്ടാക്കിവെക്കുന്നതല്ലേ നല്ലത്? കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന് കേരളത്തില്‍നിന്ന് കിട്ടിയത് 13 സീറ്റാണ്. ഘടകകക്ഷി സീറ്റുകൂടി കൂട്ടിയാല്‍ 16. ഇതില്‍ എത്ര കുറഞ്ഞാലാണ് മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ സ്റ്റേറ്റ് കാറിന്റെ ടയറിലെ കാറ്റ് പോവുക ? ഇരുപതില്‍ പാതി കിട്ടിയാല്‍ രക്ഷപ്പെടുമോ ? എട്ടെങ്കിലും കിട്ടിയാല്‍, കോഴിക്കോട്ടുകാര്‍ പറയുന്നതുപോലെ, കയ്ച്ചലാവുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തേണ്ടത് കേന്ദ്രഭരണത്തെയല്ല, സംസ്ഥാന ഭരണത്തെയാണ് എന്നൊരു സിദ്ധാന്തം രൂപപ്പെടുത്തിയെടുത്തത് ഹൈക്കമാന്‍ഡ് ശിങ്കിടികള്‍ ആവാനാണ് സാധ്യത. എന്തൊരു ക്രൂരതയാണെന്ന് നോക്കുക. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റാലും മുഖ്യമന്ത്രി ഉത്തരവാദി, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാലും മുഖ്യമന്ത്രി ഉത്തരവാദി. ഇത്രയെണ്ണത്തിന് മുഖ്യമന്ത്രി ഉത്തരവാദി, ഇത്രയെണ്ണത്തിന് ഹൈക്കമാന്‍ഡ് ഉത്തരവാദി എന്നൊരു ഇക്വേഷന്‍ രൂപപ്പെടുത്തിക്കൂടേ? ഇപ്പോഴാണെങ്കില്‍ നല്ല ഒരു ബലിയാട്, എന്നെ വെട്ടിക്കോ എന്നെ വെട്ടിക്കോ എന്ന് അപേക്ഷിക്കുംവിധം ദയനീയമായി നോക്കിക്കൊണ്ട് ഹൈക്കമാന്‍ഡിന് അടുത്തുതന്നെ നില്‍പ്പുണ്ട്. തോറ്റതില്‍ 90 ശതമാനത്തിനും അദ്ദേഹത്തെ ഉത്തരവാദിയാക്കിക്കൂടേ? അദ്ദേഹത്തിന് മാത്രമാണ് ഇനി ഒന്നും നഷ്ടപ്പെടാനില്ലാത്തത്. മൗനമോഹന്‍ജിയുടെ ഭരണമല്ല, മൗനമാണ് എല്ലാ പ്രതികൂലാവസ്ഥയ്ക്കും കാരണമെന്ന് ചില ഹൈക്കമാന്‍ഡ് ഭക്തന്മാര്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുള്ളതാണേല്ലാ. 2009ല്‍ എല്ലാവരെയും ഞെട്ടിച്ച് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍ ഒരാളും അതിന്റെ െക്രഡിറ്റ് മൗനമോഹന്‍ജിക്ക് കൊടുത്തില്ല. ആ നിലയ്ക്ക് ഇക്കുറി തോറ്റാലും പുള്ളിക്കാരനെ വെറുതേ വിടണം എന്നാണ് പൊതുധാരണ. കാരണം, ഡല്‍ഹിയില്‍ നടക്കുന്നതൊന്നും അദ്ദേഹം അറിഞ്ഞിട്ടുതന്നെയില്ല.

തീരുമാനങ്ങളെല്ലാം സോണിയാജി എടുക്കുകയും അതിന്റെ ബാധ്യതകളെല്ലാം താനെടുക്കുകയും ചെയ്യുക എന്ന രാഷ്ട്രീയവ്യവസ്ഥയില്‍ വിശ്വസിച്ചിരുന്ന ആളാണ് അദ്ദേഹം. കൊട്ടുമുഴുവന്‍ ചെണ്ടയ്ക്കും കാശ് മാരാര്‍ക്കുമെന്ന വ്യവസ്ഥ നാട്ടില്‍ പണ്ടേ നടപ്പുള്ളതാണല്ലോ. ഭരണഘടനയില്‍ അങ്ങനെയൊരു വ്യവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നത് ശരി. ഭരണഘടനയില്‍ പറയാത്ത എന്തെല്ലാം ഇവിടെ നടക്കുന്നു.

അതുപോകട്ടെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സങ്കടത്തെക്കുറിച്ചാണല്ലോ നമ്മള്‍ വേവലാതിപ്പെട്ടത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇന്നത്തെ രാജ്യരക്ഷാമന്ത്രിയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെയും ഗുരുവാണ് ആന്റണി. ആദര്‍ശത്തിന്റെ ഉപദ്രവം ഇപ്പോഴത്തേക്കാള്‍ കൂടുതലായിരുന്നു. സോളാറും സരിതയും ജോപ്പനും സലിംരാജുമൊന്നും അന്നില്ല. നിയമസഭയില്‍ ഭൂരിപക്ഷത്തിന് മുട്ടില്ല, 140ല്‍ നൂറുസീറ്റ് മുന്നണിയുടെ കൈവശമാണ്. എന്നിട്ടും ലോക്‌സഭാ വോട്ടെടുപ്പുഫലം വന്നപ്പോള്‍ കണ്ണുതള്ളിപ്പോയി. ഇരുപതില്‍ 19 ഇടത്തും മുന്നണി തോറ്റിരിക്കുന്നു. പാര്‍ട്ടിക്ക് ഒരു സീറ്റുമില്ല. ഈ മട്ടിലൊരു തോല്‍വി 1967ലെ സപ്തമുന്നണി കാലത്തുപോലും ഉണ്ടായിട്ടില്ല. അന്നും ഒരു സീറ്റില്‍ പാര്‍ട്ടി ജയിച്ചിട്ടുണ്ട്. സീറ്റ് ഒന്നുപോലും കിട്ടാഞ്ഞിട്ടും ഹൈക്കമാന്‍ഡ് പക്ഷേ, ആന്റണിയോട് രാജിവെക്കാനൊന്നും പറഞ്ഞില്ല. എങ്കിലും രാജിവെച്ചെന്നതും കേരളത്തില്‍ രക്ഷയില്ലാത്തതുകൊണ്ട് ആള്‍ക്ക് രാജ്യത്തിന്റെ രക്ഷ ഏല്പിച്ചെന്നതും ചരിത്രം.

അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇടതുമുന്നണിയുടെ കണ്ണാണ് തള്ളിയത്. ഇരുപതില്‍ പതിനാറിലും തോറ്റു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പാര്‍ട്ടി. പത്രക്കാരെ കണ്ടപ്പോള്‍ വി.എസ്. ഉറഞ്ഞുചിരിച്ചു. പാര്‍ട്ടി തോറ്റാല്‍ ചിരിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി ഭരണഘടനയിലില്ല. അതുകൊണ്ട് അച്ചടക്കനടപടിയൊന്നും എടുക്കാന്‍ പറ്റിയില്ല. പാര്‍ട്ടിതോറ്റാല്‍ മുഖ്യമന്ത്രിയല്ല, പാര്‍ട്ടി െസക്രട്ടറിയാണ് തോല്‍ക്കുക. പിന്നെ ചിരിക്കാതിരിക്കുന്നതെങ്ങനെ? എന്തായാലും അന്നാരും രാജി എന്നൊരുവട്ടം മിണ്ടിയതുപോലുമില്ല. തോറ്റാല്‍ രാജിവെക്കുന്നത് ബൂര്‍ഷ്വാ ഏര്‍പ്പാടാണ്. എന്നാല്‍, തോല്‍ക്കുന്നത് മറ്റേ മുന്നണിയാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുകതന്നെ വേണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന മന്ത്രിസഭയുടെ വിലയിരുത്തലാെണന്ന് മുന്നേതന്നെ ഏറ്റ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഫലം വരുന്നതുവരെയെങ്കിലും മുഖ്യമന്ത്രിയെ സമാധാനിപ്പിക്കാനാവണം 1977ലെ

വിജയം കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന ഒരു മോഹചിന്ത എ.കെ.ആന്റണി പറത്തിവിട്ടത്. മോശം സമയത്തുണ്ടാകുന്ന ഓരോ ചിന്തകളേയ്... ലോക്‌സഭാ ഫലത്തെക്കുറിച്ച് പറയുമ്പോള്‍ ബോധമുള്ള ഏതെങ്കിലും കോണ്‍ഗ്രസ്സുകാരന്‍ 1977 എന്നൊരു വര്‍ഷം ഓര്‍മിക്കുമോ? പ്രധാനമന്ത്രിതന്നെ തോറ്റ, പാര്‍ട്ടിയെ ജനം ഇന്ത്യാസമുദ്രത്തില്‍ വലിച്ചെറിഞ്ഞ തിരഞ്ഞെടുപ്പല്ലേ അത്. എന്തായാലും അതെല്ലാം മറന്നുകള. ശിഷ്ടദിവസങ്ങളില്‍ പ്രാര്‍ഥനയോ വഴിപാട് നേരലോ മറ്റ് അനുയോജ്യ കര്‍മങ്ങളോ നടത്തുക; മറ്റൊന്നും ചെയ്യാനില്ല.

***

95% വിപ്ലവ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴുള്ള വകുപ്പുകള്‍ പോരാ. മൂന്ന് എം.എല്‍.എ.മാരുള്ള ഊക്കന്‍ പാര്‍ട്ടിയായിക്കഴിഞ്ഞ സ്ഥിതിക്ക് വെറുമൊരു തൊഴില്‍വകുപ്പുംകൊണ്ട് എന്ത് വിപ്ലവം നടത്താനാണ്. കൂടുതല്‍ ശക്തിയുള്ള വകുപ്പുകള്‍ വേണം, വകുപ്പ് ഏതെന്ന്് വെളിപ്പെടുത്തിയിട്ടില്ല. ആഭ്യന്തരവകുപ്പോ റവന്യൂ വകുപ്പോ ആണ് തരുന്നതെങ്കിലും മുഷിയില്ല. ഭരിച്ചുകാട്ടിക്കൊടുക്കും.

പക്ഷേ, സംഗതി പരസ്യമായി പറഞ്ഞത് മുഖ്യമന്ത്രിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സുതാര്യതയൊക്കെ ശരിതന്നെ. പക്ഷേ, വിപ്ലവപ്പാര്‍ട്ടി മുന്നണിയില്‍ കേറിയിട്ട് മാസം ഒന്നായിട്ടില്ല. പെട്ടിയിലാക്കിയ വോട്ട് എണ്ണിയിട്ടില്ല. ജീവിക്കുമോ ചാവുമോ എന്ന് പറയാറായിട്ടില്ല. അതിനിടയിലാണ് വകുപ്പും പറഞ്ഞ് വരുന്നത്. യു.ഡി.എഫ്. ആയെന്നതൊക്കെ ശരി, ഇത്രയും യൂഡിയെഫാകാന്‍ പാടുണ്ടോ വിപ്ലവസോഷ്യലിസ്റ്റുകള്‍!


****

പാര്‍ട്ടി സെക്രട്ടറി മുതല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍വരെ വോട്ടെടുപ്പ് കഴിഞ്ഞയുടനെ ജയിലില്‍പ്പോയി ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ സന്ദര്‍ശിച്ചു. ബൂര്‍ഷ്വകള്‍ക്ക് അതത്ര പിടിച്ച ലക്ഷണമില്ല. പാര്‍ട്ടിയാണ് ചന്ദ്രശേഖരനെ വധിച്ചത് എന്നതിന് തെളിവല്ലേ ഇതെന്നാണവര്‍ ചോദിക്കുന്നത്. പാര്‍ട്ടിയെ ഇവര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ആദര്‍ശാത്മക നിലപാട് സ്വീകരിച്ചിരിക്കുകയാണ് പാര്‍ട്ടി. വധത്തില്‍ പങ്കില്ല, വധശിക്ഷയില്‍ വിശ്വാസവുമില്ല.
സര്‍ക്കാര്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്നുപോലും പാര്‍ട്ടി ഈയിടെ ആവശ്യപ്പെട്ടില്ലേ? കൊലയാളികളില്‍ മനംമാറ്റം ഉണ്ടാക്കുന്നതിനാണ് ജയില്‍ സന്ദര്‍ശനങ്ങള്‍. മാനസാന്തരം ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്ന അച്ചന്മാരെപ്പോലെ കണക്കാക്കിയാല്‍ മതി സഖാക്കളെയും. ആദ്യം ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍. പിന്നെ സകല കൊലക്കേസ് പ്രതികളെയും സന്ദര്‍ശിച്ച് ദൈവകൃപയ്ക്കും മാപ്പിനും പ്രാര്‍ഥിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി