Sunday, 25 May 2014

തോല്‍വിയെക്കുറിച്ച് മിണ്ടരുത്‌
തോറ്റ് കാറ്റുപോയിക്കിടക്കുമ്പോള്‍ ആരോടെന്നില്ലാതെ അരിശംവരുന്നത് മനുഷ്യസഹജമാണ്. അങ്ങാടിയില്‍ തോറ്റവന്‍ വീട്ടില്‍പ്പോയി അമ്മയെ തല്ലും. പിന്നെയല്ലേ വഴിയെ പോകുന്നവനോട് സഹിഷ്ണുതയും മര്യാദയും കാട്ടുന്നത്.

തിരഞ്ഞെടുപ്പില്‍ തോല്ക്കുക എന്നത് അങ്ങാടിയില്‍ തോല്‍ക്കല്‍ തന്നെയാണ്. വീട്ടില്‍പ്പോയാണ് പലരും ശൗര്യം പുറത്തെടുക്കുക. ഒടുവില്‍ വീട്ടിലും നില്ക്കാന്‍ വയ്യ, റോട്ടിലും നില്ക്കാന്‍ വയ്യ എന്ന നിലയിലെത്തിച്ചേരും. അനുഭവിക്കട്ടെ.

കൂടെയുള്ളവര്‍ പാര വെച്ചതുകൊണ്ട്, അല്ലെങ്കില്‍ എതിരാളി അഴിമതി കാട്ടിയതുകൊണ്ട്, അല്ലെങ്കില്‍ വര്‍ഗീയത കൊണ്ട്, ചിലര്‍ വോട്ട് മറിച്ചതുകൊണ്ട് ... ആണ് താന്‍ തോറ്റുപോയത്. അല്ലെങ്കില്‍ താനെങ്ങനെ തോല്ക്കാന്‍. അജയ്യനല്ലേ താന്‍. താന്‍ തോറ്റത് തന്റെ കുഴപ്പം കൊണ്ടാണ് എന്ന് സമ്മതിച്ച ഒരു സ്ഥാനാര്‍ത്ഥി എവിടെയെങ്കിലും ജീവിച്ചിരുന്നതായി അറിവില്ല. പഴത്തൊലിയില്‍ ചവിട്ടിയാലും ആരും വീഴാം. അപരന് നൂറുവോട്ടുപിടിച്ചാലും തോല്ക്കാം. അത് വേറെ കാര്യം. നമുക്ക് കുറ്റമൊന്നുമില്ല എന്ന് തെളിയിക്കാന്‍ പറ്റണമെങ്കില്‍ വേറെ ആര്‍ക്കെങ്കിലും വലിയ കുറ്റമുണ്ട് എന്ന് തെളിയിക്കണം. അതിനുള്ള തീവ്രശ്രമം എല്ലാ പാര്‍കളിലും നടക്കുകയാണ്. അത് വാര്‍ഡ് തലം തൊട്ട് ദേശീയതലം വരെ നടക്കുന്നുണ്ട്. ബൂത്ത് കമ്മിറ്റി കൂടിയും ഈ വിനോദത്തില്‍ ഏര്‍പ്പെടാം, കേന്ദ്രകമ്മിറ്റിയിലും ഇതാകാം. വിപ്ലവപാര്‍ട്ടികളില്‍ ഇത് ഒരു കുമ്പസാരത്തിന്റെ രൂപത്തില്‍ വേണം നടത്താന്‍.

പാര്‍ട്ടി സെക്രട്ടറിക്ക് തെറ്റുപറ്റി എന്ന് പറയുന്നത് സൂക്ഷിച്ചുവേണം. നാട്ടിലാരും കണ്ടിട്ടുപോലുമില്ലാത്ത മറ്റേ ചങ്ങാതിയെ കൂട്ടിക്കൊണ്ടുവന്ന് മത്സരിപ്പിച്ചത് ആരാണെന്ന് അറിഞ്ഞഭാവം നടിക്കരുത്. ടിയാനെ മത്സരിപ്പിച്ചതില്‍ നമുക്ക് തെറ്റുപറ്റിയോ എന്ന് സംശയമുണ്ട് എന്ന് പറഞ്ഞുവെച്ചാല്‍ മതി. മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകും. ഈ തരത്തില്‍ വിവിധ പാര്‍ട്ടികളിലും മുന്നണികളിലും മാധ്യമങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന തക്കിടതരികിടകള്‍ തീര്‍ച്ചയായും കേരളീയര്‍ക്ക് ഏറെ വിനോദവും ആശ്വാസവും പകരുന്നവയാണ്.

കാര്യമിതൊക്കെയാണെങ്കിലും ചില കൂട്ടര്‍ രാഹുല്ജിയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ നമുക്കും സഹിക്കില്ല. സിനിമയില്‍ മുമ്പ് , 'പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുതെ'ന്ന് പറഞ്ഞതുപോലെ, രാഹുലിനെക്കുറിച്ചൊരക്ഷരം മിണ്ടരുത് എന്ന് നാമും പറഞ്ഞുപോകും.

കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറഞ്ഞതുപോലെ 3,650 ദിവസങ്ങളില്‍ 580 ദിവസം മാത്രം ഡല്‍ഹിയില്‍ കഴിയുകയും ബാക്കി നാള്‍ മുഴുവന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ അലയുകയും ചെയ്ത ഒരു മഹാനെക്കുറിച്ചാണ് കുറ്റവും കുറവും പറയുന്നത് എന്നോര്‍ക്കണം. സ്വന്തം അച്ഛനെ തന്തയ്ക്കുവിളിക്കുന്നവനും റോഡില്‍ നില്ക്കുന്ന വല്ലവനും അത് ചെയ്താല്‍ സഹിക്കുമോ? പിച്ചാത്തിയൂരില്ലേ? അവിടെയും ഇവിടെയും ചില കോണ്ഗ്രസ്സുകാര്‍ രാഹുല്‍ഗാന്ധിയെക്കുറിച്ച് ചിലതൊക്കെ പറഞ്ഞുതുടങ്ങിയിട്ടുണ്ട് എന്നത്

ശരിതന്നെ. എന്നുവെച്ച് മുസ്ലിംലീഗിന്റെ മുഖപത്രം കോണ്‍ഗ്രസ് തോല്‍വിയെക്കുറിച്ച് മുഖപ്രസംഗം കാച്ചിവിടാന്‍ പാടുണ്ടോ?

കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി ഇതിലപ്പുറം പറഞ്ഞിട്ടുണ്ടാവാം. പാര്‍ട്ടിയോഗങ്ങളില്‍ ചിലര്‍ ഇനിയൊന്നും പറയാന്‍ ബാക്കിവെച്ചിട്ടില്ലായിരിക്കാം. വേറെ ചിലരുടെ മൗനത്തിന് പത്ത് തെറിവിളിയേക്കാള്‍ മുഴക്കവും ആഴവുമുണ്ടാവാം. പക്ഷേ, മുന്നണിയിലെ സഹജീവി, മൗനം പാലിക്കണം. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ കുത്തിയിരിക്കണം. 'നോം രക്ഷിപ്പോം' എന്ന് അലറി അവര്‍ രാഹുലിനെയും സോണിയയെയും ന്യായീകരിക്കാനും പിന്തുണയ്ക്കാനും പാഞ്ഞുവരികയാണ് ശരിക്കും വേണ്ടത്. ഇ. അഹ്മദ് സാഹിബ് മന്ത്രിക്കുപ്പായവുമിട്ട് ഡല്‍ഹിക്ക് പറക്കുന്നില്ലെന്ന് വെച്ച് എന്തുമാവാമെന്നോ?

പറഞ്ഞതില്‍ കാര്യമുണ്ടോ എന്നതല്ല, പറയാന്‍ പാടുണ്ടോ എന്നതാണ് കാര്യം. കോണ്‍ഗ്രസ് 206 സീറ്റിന്റെ ബലത്തില്‍ കേന്ദ്രം ഭരിക്കുമ്പോള്‍ രണ്ട് സീറ്റിന്റെ ബലത്തില്‍ കാലം കുറേയായി കേന്ദ്രമന്ത്രിസ്ഥാനം കൈവശംവെക്കുന്ന പാര്‍ട്ടിയല്ലേ മുസ്ലിംലീഗ് ? രാഹുലിന്റെ വണ്‍മാന്‍ ഷോ കൊണ്ട് ഗുണമുണ്ടായില്ല, പരിചയസമ്പന്നരായ ഉയര്‍ന്നനേതാക്കള്‍ തഴയപ്പെട്ടു, ഒരു സംസ്ഥാനമന്ത്രിസഭയില്‍ ഒരു വകുപ്പെങ്കിലും കൈകാര്യം ചെയ്തിട്ടില്ലാത്ത രാഹുലിനെ മുന്നില്‍ നിര്‍ത്തിയത് ഗുണം ചെയ്തില്ല, കോണ്‍ഗ്രസ്സിന് ആകര്‍ഷകമായ ഒരു മുദ്രാവാക്യമുണ്ടായില്ല തുടങ്ങിയ നട്ടാല്‍ മുളയ്ക്കാത്ത എന്തെല്ലാം നുണകളാണ് അവര്

മുഖപ്രസംഗത്തില്‍ വെച്ചുകാച്ചിയത്. രണ്ടുതരം കോണ്‍ഗ്രസ്സുകാരേ കേരളത്തിലുള്ളൂ. ഇതെല്ലാം ആരും പറയാതെത്തന്നെ അറിയുന്നവര്‍, ആരുപറഞ്ഞാലും അറിയാത്തവര്‍. രണ്ടുകൂട്ടര്‍ക്കും ലീഗ് പത്രാധിപരുടെ ഉപദേശവും വിശകലനവും ഒട്ടും ആവശ്യമില്ല. പ്രതിപക്ഷക്കാര്‍ പറയുന്നത് സഹിക്കാം. കേരളത്തിലെ മുന്നണിയിലുള്ളവര്‍ പറയുക... ലീഗുപത്രം പറയുക... സഹിക്കില്ല സഹിക്കില്ല.

മുസ്ലിംലീഗ് പത്രത്തിലും കോണ്ഗ്രസ് പത്രത്തിലുമെല്ലാം ചിലപ്പോള്‍ സ്ഥലകാലബോധമില്ലാതെ പ്രൊഫഷണലിസത്തിന്റെ ഇളകിയാട്ടം നടക്കാറുണ്ട്. നല്ലമരുന്ന് കൊടുത്താല്‍ പെട്ടെന്ന് രോഗശമനമുണ്ടാവുന്ന രോഗമാണ്. എം.കെ. മുനീറിന് വാര്‍ത്താചാനലില്‍ വക്കം മൗലവി കളിക്കാം. പാര്‍ട്ടി മുഖപത്രത്തിന് അത് പറ്റില്ല. കോണ്‍ഗ്രസ് പത്രത്തില്‍ പണ്ട് സി.പി. ശ്രീധരനും സി.പി.എം. പ്രസിദ്ധീകരണത്തില്‍ തായാട്ട് ശങ്കരനും നോക്കിയിട്ട് നടന്നിട്ടില്ല. അതെല്ലാം നല്ല കാലാവസ്ഥയിലായിരുന്നു എന്നെങ്കിലും സമാധാനിക്കാം. തിരഞ്ഞെടുപ്പില്‍ തോറ്റ് ശുണ്ഠി പിടിച്ചുനടക്കുമ്പോഴാണോ മുന്നില്‍ നിന്ന് കോക്രി കാണിക്കുന്നത് ? തിരഞ്ഞെടുപ്പില്‍ തോറ്റ് ജീവന്മരണ ചക്രശ്വാസം വലിക്കുമ്പോഴാണോ അവന്റെ തുലഞ്ഞ പ്രൊഫഷണലിസം.

****

സീറ്റ് കിട്ടാത്തതുകൊണ്ട് മറുകണ്ടം ചാടി മറ്റേ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ ആളെ പരനാറി എന്ന് അധിക്ഷേപിച്ചതിന്റെ ധര്‍മശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും ഭാഷാപരവും ആയ വശങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. അങ്ങനെ വിളിച്ചത് ശരിയായി എന്ന് തന്നെയാണ് വിളിച്ച ആളുടെ ഉത്തമബോധ്യം. ഒരാള്‍ എന്താണോ അതാണ് ആ ആളെ വിളിക്കേണ്ടത്. അതാണ് സത്യസന്ധത എന്ന ന്യായത്തില്‍ കഴമ്പുണ്ട്. പണ്ടൊരു കക്ഷി കോടതിയില്‍ ചോദിച്ചതുപോലെ കേശവനെ മ്ലേച്ഛന്‍ എന്ന് വിളിക്കാന്‍ പാടില്ലെങ്കില്‍ ശരി, മ്ലേച്ഛനെ ഞാന്‍ കേശവന്‍ എന്ന് വിളിച്ചോളാം എന്ന നിലപാടും എടുക്കാം.

ഇതിന് ആകപ്പാടെ ഒരു കുഴപ്പമേ ഉള്ളൂ. നികൃഷ്ടജീവി, മ്ലേച്ഛന്‍, പരനാറി, ചെറ്റ എന്നീ ശ്രേഷ്ഠപദങ്ങളുപയോഗിച്ച് വിശേഷിപ്പിക്കുന്ന സംസ്‌കൃതചിത്തനെ മറ്റുള്ളവര്‍ക്കും ഇതേ പദങ്ങളുപയോഗിച്ച് വിശേഷിപ്പിക്കാം. ധൈര്യമുണ്ടെങ്കില്‍ വിശേഷിപ്പിക്കാം എന്നേ ഉദ്ദേശിച്ചുള്ളൂ. അവനവന്റെ ശരീരം അവനവനെ തന്നെ സൂക്ഷിക്കണം. സീറ്റ് കിട്ടാതെ മറുകണ്ടം ചാടുന്നത് നികൃഷ്ടമെങ്കില്‍, അര്‍ഹിക്കുന്ന സീറ്റ് മര്യാദയില്ലാതെ നിഷേധിച്ച് മൂലയിലാക്കി നശിപ്പിക്കാന്‍ ശ്രമിക്കുന്നതും നികൃഷ്ടംതന്നെ. രാഷ്ട്രീയത്തിലെ നികൃഷ്ടതകളുടെ ലിസ്റ്റുണ്ടാക്കിയാല്‍ പുസ്തകംതന്നെ നിറയ്ക്കാം.

പാര്‍ട്ടിപത്രം ഭാഷാപരമായി ഈ പ്രതിഭാസത്തെ വിശകലനം ചെയ്തിട്ടുണ്ട്. പൂങ്കാറ്റിനെക്കുറിച്ചും കുളിരരുവിയെക്കുറിച്ചും പൂനിലാവിനെക്കുറിച്ചുമുള്ള കവിത ആസ്വദിച്ചുപോന്ന വരേണ്യവര്‍ഗത്തിന് രക്തത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും ചോരയെക്കുറിച്ചും പട്ടിണിയെക്കുറിച്ചും എഴുതുന്നത് സഹിക്കാതിരുന്നതുപോലെയാണത്രേ ഈ സംഭവവും.

വരേണ്യഅഭിജാതവര്‍ഗത്തിന്റെ ഭാഷയല്ല തൊഴിലാളിവര്‍ഗത്തിന്റെ ഭാഷ. അലക്കിത്തേച്ച, മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കുന്നത് കാപട്യം. നെറികേട് കാട്ടുന്നത് കുഴപ്പമല്ല, നെറികേടിനെ വിമര്‍ശിക്കുന്നതിന് ആഭിജാത്യമുള്ള ഭാഷ ഉപയോഗിക്കാത്തതാണോ കുഴപ്പം തുടങ്ങിയ അനേകം പ്രസക്തവാദങ്ങള്‍ മുഖപ്രസംഗം ഉള്‍ക്കൊള്ളുന്നുണ്ട്.

പാര്‍ട്ടിയിലെ പ്രത്യയശാസ്ത്രവിവാദകാലത്ത് പണ്ട് എം.എന്. വിജയന്‍, കേള്‍പ്പിക്കാന്‍ പറയേണ്ട ഭാഷയെക്കുറിച്ച് പറഞ്ഞിരുന്നു. അതുപക്ഷേ, സി.പി.എം.നേതൃത്വത്തെ കേള്‍പ്പിക്കാന്‍ പറഞ്ഞ ഭാഷയെ ന്യായീകരിച്ചായിരുന്നു എന്നൊരു കുഴപ്പമുണ്ട്. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ അതോര്‍ക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാന്‍ പാടില്ല. മറ്റൊരു വിവാദം ചില മ്ലേച്ഛന്മാര് കുത്തിപ്പൊക്കുന്നുണ്ട്.

പാര്‍ട്ടി സെക്രട്ടറി നടത്തിയ ചെറ്റ പരാമര്‍ശം തൊഴിലാളിവര്‍ഗവിരുദ്ധമാണെന്നാണ് ചിലരുടെ വിമര്‍ശനം. ചെറ്റക്കുടിലെന്നും ചെറ്റപ്പുരയെന്നും പറയുന്നത് അന്യവര്‍ഗ പ്രയോഗമാണ് എന്ന വാദം ശരിയാവാം. പക്ഷേ, അതിന് മാര്‍ക്‌സിസിസ്റ്റുകാരെ കുറ്റപ്പെടുത്തിക്കൂടാ. ഫ്യൂഡല്‍ മുതലാളിത്ത മിക്‌സഡ് ഇക്കോണമിയില്‍ ജീവിക്കുമ്പോള്‍ അതിന്റെ ദോഷങ്ങള്‍ തൊഴിലാളിവര്‍ഗത്തിലും എത്തുമെന്ന് തിയറിയില്‍ പറയുന്നുണ്ട്. തൊഴിലാളിവര്‍ഗത്തിലെത്തുന്നത് വര്‍ഗനേതാവിലും എത്തും. സംശല്യ.

ഇങ്ങനെയൊക്കെയാണെങ്കിലും പത്രത്തില്‍ മുഖപ്രസംഗമെഴുതാന്‍ എല്ലാവര്‍ക്കും വരേണ്യഅഭിജാതവര്‍ഗത്തിന്റെ ഭാഷ തന്നെ വേണം. അതിന് തൊഴിലാളിവര്‍ഗപത്രം, കുത്തകപ്പത്രം എന്ന വ്യത്യാസമില്ല. ഇത് മാറണം.

ചെറ്റ, പരനാറി തുടങ്ങിയ പ്രയോഗങ്ങളുടെ നൂറുമടങ്ങ് വീര്യമുള്ള പ്രയോഗങ്ങള്‍ എട്ടുകോളം ഹെഡ്ഡിങ്ങുകളില്‍ തൊഴിലാളിവര്‍ഗപത്രത്തില്‍ നിറയണം. പ്രേമചന്ദ്രനെക്കുറിച്ച് പറഞ്ഞതിന്റെ ഇരട്ടി ശക്തിയില്‍ വേണം നരേന്ദ്രമോദി, രാഹുല്‍ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ...........കളെ വിശേഷിപ്പിക്കാന്‍. ഞെട്ടിത്തെറിക്കട്ടെ അഭിജാതവര്‍ഗം.

Sunday, 18 May 2014

സ്വയംകൃതാനര്‍ഥം
ഏത് യുദ്ധം കഴിഞ്ഞാലും ശോണിതവുമണിഞ്ഞ് ധരണിയില്‍ കിടക്കുന്നവര്‍ ധാരാളമുണ്ടാകും. തിരഞ്ഞെടുപ്പുയുദ്ധം കഴിഞ്ഞാല്‍ കിടക്കുന്നത് ശോണിതവുമണിഞ്ഞായിരിക്കില്ല എന്നുമാത്രം. ഇത്തവണയും പ്രത്യേകതകളൊന്നുമില്ല. ധാരാളം പേര്‍ തലയില്ലാതെ കിടപ്പുണ്ട്. വീണുകിടക്കുന്നവരുടെ നെഞ്ചത്ത് കേറിയിരുന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി പരാജയത്തിന്റെ കുറ്റം അവരുടെ നഷ്ടപ്പെട്ട തലയില്‍ വെച്ചുകെട്ടുകയാണ് എളുപ്പത്തില്‍ ചെയ്യാവുന്നത്. അതാണ് ബുദ്ധിയും. അവര്‍ തത്കാലം തിരിഞ്ഞുകുത്തുകയൊന്നുമില്ലല്ലോ. ഇത്തവണ വീണുകിടക്കുന്നവരില്‍ ഏറെയും അഹിംസാപാര്‍ട്ടിക്കാരായതുകൊണ്ട് ഒട്ടുംപേടിക്കാനില്ല. അവര്‍ പരസ്​പരം കുത്തുന്നതിനിടയില്‍ പുറത്തുനിന്ന് കുത്തുന്നവരെ ശ്രദ്ധിക്കുകയേയില്ല.

വീണുകിടക്കുന്നവരെ പ്രതിനിധീകരിച്ച് സോണിയാമാഡവും പുത്രനും വോട്ടെണ്ണിത്തീരുന്നതിനുമുമ്പുതന്നെ, മാധ്യമങ്ങളെ അഭിമുഖീകരിച്ച് വമ്പന്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി. പത്തുവര്‍ഷം എല്ലാപണിയും മന്‍മോഹന്‍ജിയെക്കൊണ്ടാണ് ചെയ്യിക്കാറുള്ളതെങ്കിലും, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് പറഞ്ഞതായി തോന്നുന്നില്ല. ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം വയ്യ എന്ന് പറയുന്ന പ്രശ്‌നമില്ല. പത്തുകൊല്ലവും അദ്ദേഹം ഏറ്റെടുത്തതാണ് എല്ലാം. ഈ പോകുന്ന പോക്കില്‍ എന്തിന് അതിനുമാത്രം വയ്യ എന്നുപറയണം. മന്‍മോഹന്‍ജി പിറ്റേന്ന് രാഷ്ട്രത്തെ അഭിസംബോധനചെയ്തു. അതും പതിവില്ലാത്തതാണ്. വിടപറയാനാണ് അദ്ദേഹം ഇത്തവണ രാഷ്ട്രത്തെ അഭിസംബോധനചെയ്തത്. മുമ്പൊരിക്കല്‍ ലൈവ് ആയി അഭിസംബോധനചെയ്തപ്പോള്‍ പ്രസംഗം തീര്‍ന്നപ്പോള്‍ തിരിഞ്ഞ് ടെക്‌നീഷ്യനോട് 'ഠീക് ഹൈ?' എന്ന് ചോദിച്ചത് രാഷ്ട്രം കേട്ടതാണ്. ഇത്തവണ അതുണ്ടായില്ല. അന്ന് എല്ലാം ഠീക് ആയിരുന്നു. ഇന്ന് അതല്ലല്ലോ അവസ്ഥ. ഇത്തവണ അദ്ദേഹം ജനങ്ങളോട് നന്ദിപറഞ്ഞു. രാഷ്ട്രത്തോട് അദ്ദേഹം തിരഞ്ഞെടുപ്പിനെക്കുറിച്ചും പറഞ്ഞു. പക്ഷേ, തോല്‍വിയെക്കുറിച്ച് മിണ്ടിയില്ല. അത് പറയത്തക്ക ഒരു സംഗതിയായി അദ്ദേഹം കരുതിയതേ ഇല്ല. അദ്ദേഹം മത്സരിച്ചിട്ടില്ല, തോറ്റിട്ടുമില്ല. പാര്‍ട്ടി തോറ്റതിന്റെ ഉത്തരവാദിത്വം അദ്ദേഹവും ഏറ്റെടുത്തേക്കുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. അതേതായാലും ഉണ്ടായില്ല.

വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അനേകംപേര്‍ വരും. പരാജയത്തിന്റെ സ്ഥിതിയതല്ല. പരാജയം അനാഥനാണ്. ചാനല്‍മൈക്കിന് മുന്നില്‍ വന്ന് ഏറ്റെടുത്തവരും അത് ശരിക്കും ഏറ്റെടുത്തോ എന്ന് സംശയമുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ ഒപ്പം രാജികൂടി പ്രഖ്യാപിക്കുക എന്നൊരു സമ്പ്രദായമുണ്ട് നാട്ടില്‍. കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല തലകളേ ഈവിധം തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഛേദിക്കപ്പെടുകയും ഉരുണ്ടുപോവുകയും ചെയ്യാറുള്ളൂ. കേന്ദ്രത്തിന് അത് ബാധകമല്ല. ലോക്‌സഭയിലേക്കുള്ള പാര്‍ട്ടിയുടെ സീറ്റ് കുറഞ്ഞാല്‍ സംസ്ഥാന മുഖ്യമന്ത്രിമാരും പ്രസിഡന്റുമാരും അനുഭവിക്കേണ്ടിവരുമെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയത് പാര്‍ട്ടി പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ്. സീറ്റുപോയാല്‍ അവരുടെ കാറ്റുപോവും. പാര്‍ട്ടിക്കുണ്ടായിരുന്ന 206 സീറ്റ് നാലിലൊന്നുപോലും തികയാതെപോയതിന് ഹൈക്കമാന്‍ഡില്‍ ആരെയാണ് ബലിയാടാക്കേണ്ടത് എന്ന് തീരുമാനമായിട്ടില്ല.

സോണിയയും രാഹുലും തോല്‍വിയുടെ ഉത്തരവാദിത്വമേറ്റ് പ്രവര്‍ത്തകസമിതിയില്‍ രാജിസന്നദ്ധത പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവര്‍ക്ക് അങ്ങനെ ഒരു ഐഡിയ മനസ്സില്‍ ഉദിച്ചിട്ടില്ലെങ്കില്‍ ഉദിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും സഹായിക്കും. രണ്ടാളും രാജിവെക്കുമെന്ന് പ്രഖ്യാപിക്കുകയാവും പ്രവര്‍ത്തകസമിതി യോഗത്തിലെ ആദ്യനടപടി. ഉടനെ അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്ന് , ഗദ്ഗദത്തോടെയും കണ്ണീരണിഞ്ഞും 'പാടില്ല പാടില്ല നമ്മെനമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ' എന്നുതുടങ്ങിയ ശോകഗാനങ്ങള്‍ ആലപിക്കും. ഇത് എത്രസമയം തുടരേണ്ടിവരും എന്ന് അപ്പോഴേ പറയാനൊക്കൂ. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മാനസാന്തരം സംഭവിക്കാന്‍ എത്രനേരമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇക്കാര്യം. മാനസാന്തരംവരെ വിലാപഗാനം തുടരും. എങ്ങനെ മാനസാന്തരം വരാതിരിക്കും? പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചാല്‍ യോഗം പിരിച്ചുവിടാന്‍പോലും ആളില്ലാതാവും പാര്‍ട്ടിയില്‍. ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയും 12 ജനറല്‍ സെക്രട്ടറിയുമുണ്ട്, പത്തുനാല്‍പ്പത്തേഴ് സെക്രട്ടറിമാരുണ്ട്. പക്ഷേ, പ്രസിഡന്റ് ഒന്നേ ഉള്ളൂ. വൈസ് പ്രസിഡന്റും ഒന്നേ ഉള്ളൂ. അതുകൊണ്ട് അംഗങ്ങളുടെ വികാരത്തിന് വഴങ്ങി ഇരുവരും തീരുമാനം മാറ്റുകയും പൂര്‍വസ്ഥിതി തുടരുകയുംചെയ്യും. ഇതിനൊന്നും ഒരു പ്രയാസവും ഉണ്ടാവില്ല. കാരണം ഇങ്ങനെ മുമ്പും ചെയ്ത് തഴക്കവും പഴക്കവും ആര്‍ജിച്ച പാര്‍ട്ടിയാണിത്.

രാജിവെച്ച പ്രധാനമന്ത്രി പാര്‍ട്ടിയുടെ സമിതികളിലൊന്നും അംഗമല്ലാത്തതുകൊണ്ട് അങ്ങോട്ടുചെന്ന് തോല്‍വിയെക്കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ മുന്‍പ്രധാനമന്ത്രിമാരെല്ലാം ഒപ്പം പാര്‍ട്ടി പ്രസിഡന്റ് സ്ഥാനവും വഹിച്ചവരാണ്. മന്‍മോഹന്‍ജിക്ക് പാര്‍ട്ടിയില്‍ സ്ഥാനമൊന്നുമില്ല. പ്രവര്‍ത്തകസമിതി അംഗംപോലുമല്ല. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ടോ എന്നറിയാന്‍ അദ്ദേഹത്തോടുതന്നെ ചോദിക്കണം. എന്നുവെച്ച് പാര്‍ട്ടിയില്‍ അദ്ദേഹത്തിന് സ്ഥാനമില്ല എന്നൊന്നും ധരിക്കരുതേ ആരും. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പാര്‍ട്ടിക്ക് മൂന്ന് നേതാക്കള്‍ മാത്രമേ ഉള്ളൂ. അതില്‍ മഹാന്മാരായ സോണിയാജി, രാഹുല്‍ജി എന്നിവര്‍ക്കുശേഷം ചേര്‍ത്തിരിക്കുന്നത് വിനീതനായ ഡോ. മന്‍മോഹന്‍ജിയുടെ പേരാണ്. പ്രധാനമന്ത്രിയെ കൊച്ചാക്കി എന്നൊന്നും ആരും തെറ്റിദ്ധരിക്കേണ്ട. മൂന്നാംസ്ഥാനം അദ്ദേഹത്തിനുണ്ട്.

അബദ്ധത്തില്‍ പ്രധാനമന്ത്രിയായതാണ് അദ്ദേഹമെന്ന് എല്ലാവരും പറയാറുണ്ട്. അദ്ദേഹത്തിന്റെ പഴയ പ്രസ്സെക്രട്ടറി എഴുതിയ പുസ്തകത്തിന്റെ പേരുതന്നെ അതാണ്. എന്നാല്‍, ഇന്ത്യയിലെയോ ലോകത്തിലെയോ ആദ്യ അബദ്ധ പ്രധാനമന്ത്രിയൊന്നുമല്ല അദ്ദേഹം. അങ്ങനെയായ പലരുമുണ്ട്. പക്ഷേ, ആയിക്കഴിഞ്ഞാല്‍ അവരത് വേഗം മറക്കും. പിന്നെ താന്‍തന്നെയാണ് പ്രധാനമന്ത്രിയെന്നും താന്‍ മാത്രമാണ് അധികാരിയെന്നും ഉറച്ച് വിശ്വസിക്കുകയും അങ്ങനെ പ്രവര്‍ത്തിക്കുകയുമാണ് പതിവ്. മന്‍മോഹന്‍ജി അത്തരക്കാരനല്ല. സത്യപ്രതിജ്ഞചെയ്ത ദിവസം മുതല്‍ പത്തുവര്‍ഷവും അദ്ദേഹം 'താന്‍ അബദ്ധവശാല്‍ പ്രധാനമന്ത്രിയായതാണ്' എന്ന് നെറ്റിയില്‍ ഒട്ടിച്ചുെവച്ചാണ് നടന്നിരുന്നത്. മേലേനിന്നുള്ള ഉത്തരവ് നടപ്പാക്കി ശീലിച്ച ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് പ്രധാനമന്ത്രിസ്ഥാനത്തും അതിന് പ്രയാസമുണ്ടായില്ല. പാര്‍ട്ടി തീരുമാനിക്കും, സോണിയാജിയുടെ ഓഫീസ് സെക്രട്ടറി വിളിച്ചറിയിക്കും. പ്രധാനമന്ത്രിയുെട ഓഫീസ് ഉത്തരവുകള്‍ ഇറക്കാന്‍ ഏര്‍പ്പാട് ചെയ്യും. ഖനി ലൈസന്‍സ് കൊടുത്തത് ആരാണ്, 2ജി കൊടുത്തത് ആരാണ്, അംബാനിക്കുവേണ്ടി വിലകൂട്ടിയത് ആരാണ്, വിലക്കയറ്റം തടയുന്ന വകുപ്പിന്റെ മന്ത്രിയാരാണ് തുടങ്ങിയ ചോദ്യങ്ങളൊന്നും പാര്‍ട്ടിയില്‍ ആരും ചോദിക്കാത്തതുകൊണ്ട് എല്ലാം ഭദ്രമായി നടന്നുപോന്നു പത്തുവര്‍ഷവും. പെട്ടെന്നാണ് ഗുജറാത്ത് കേന്ദ്രമായി ന്യൂനമര്‍ദം രൂപപ്പെട്ടതും കൊടുങ്കാറ്റടിച്ചതും അത് വടക്കുപടിഞ്ഞറേക്ക് നീങ്ങി എല്ലാം തവിടുപൊടിയാക്കിയതും. അതിനെങ്ങനെയാണ് മന്‍മോഹന്‍ജി ഉത്തരവാദിയാകുന്നത് ?

പ്രധാനമന്ത്രി ഒട്ടും സംസാരിക്കുന്നില്ല എന്നത് ഒരു പ്രശ്‌നംതന്നെയായിരുന്നു. 15 വയസ്സില്‍ത്താഴെ പ്രായമുള്ള പല കുട്ടികളും ധരിച്ചിരിക്കുന്നത് ഏറ്റവും കുറച്ച് സംസാരിക്കുന്ന ആളെയാണ് ഇന്ത്യയില്‍ പ്രധാനമന്ത്രിയാക്കുക എന്നാണ്. എന്തായാലും ഇനി ആ പ്രശ്‌നമില്ല. ഡോ. മന്‍മോഹന്‍സിങ് പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്ന് സംസാരിച്ചതിലേറെ വരാന്‍പോകുന്ന പ്രധാനമന്ത്രി രണ്ട് മാസത്തിനിടയില്‍ സംസാരിച്ചുകഴിഞ്ഞു. സംസാരം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. ഒടുക്കം അതുമാത്രമായിപ്പോകുമോ എന്ന് ആശങ്ക അല്‍പ്പം ഇല്ലാതില്ല.

***

സോണിയാജിയും രാഹുല്‍ജിയും രാജിവെച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍ ഇനി വേറെയാളെ നോക്കണമെന്ന ചിന്ത കോണ്‍ഗ്രസ്സില്‍ മാത്രമല്ല പുറത്തും ശക്തിയായുണ്ട്. അത് വളരെ അത്യാവശ്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം, കോണ്‍ഗ്രസ് നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ ഭരണകക്ഷിയുടെ കാര്യം പോകട്ടെ, പ്രതിപക്ഷത്തിന്റ സ്ഥിതിപോലും ദയനീയമാകും. ഒന്നാംസ്ഥാനത്ത് മോദിയും പിന്നെ ജയലളിതയും പിന്നെ മമതയും എന്ന അതിഗുരുതരമായ സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്. അതുകൊണ്ട് കോണ്‍ഗ്രസ്സിനെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കേണ്ടത് രാജ്യസ്‌നേഹികളുടെ മുഴുവന്‍ കര്‍ത്തവ്യമായിരിക്കുന്നു.

കോണ്‍ഗ്രസ്സിനെ നയിക്കാന്‍ ഇനി പ്രിയങ്ക ഗാന്ധിയെ കിട്ടുമോ എന്ന് അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട് കോണ്‍ഗ്രസ്സുകാര്‍. വേറെ നെഹ്രു രക്തബന്ധമുള്ള ആളുകളാരും ഉള്ളതായി സെന്‍സസില്‍ കണ്ടെത്താനായിട്ടില്ല. പ്രിയങ്ക പ്രചാരണരംഗത്ത് സജീവമായുണ്ടായിരുന്നു.
സഹോദരനും അമ്മയും നാല് വോട്ടുപിടിക്കാന്‍ പെടുന്ന പാട് കണ്ടതുകൊണ്ടുമാത്രമാവില്ല പ്രിയങ്ക രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ് ഭരണത്തിലില്ലാതായാലുള്ള മറ്റ് നഷ്ടങ്ങളും ഓര്‍ത്തുകാണും. അല്ലെങ്കിലും, അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാത്രം പറന്നുവരുന്ന ഒരു ദേശാടനപ്പക്ഷിയാണ് പ്രിയങ്ക. ആദ്യകാലത്ത് അങ്ങനെയായിരുന്നില്ല. രാഹുല്‍ അല്ല പ്രിയങ്കയായിരുന്നു മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നത്. കുടുംബത്തിലെ സമാധാനത്തിനുവേണ്ടിയാണ് പിന്‍വാങ്ങിയതെന്ന് കേള്‍ക്കുന്നു. ഇത്തവണ മത്സരിക്കാതിരുന്നത് ഭാഗ്യം. ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. നെഹ്രു കുടുംബത്തോടുള്ള വിധേയത്വം ഇപ്പോള്‍ അവശേഷിക്കുന്നത് അമേഠിയിലും റായ്ബറേലിയിലും മാത്രമാണെന്ന് തിരഞ്ഞെടുപ്പുഫലം വിളിച്ചുപറയുന്നുണ്ട്. പ്രിയങ്കയെ കാണാന്‍ ആളുകൂടുമായിരിക്കും. വോട്ട് കൂടുമെന്നുറപ്പില്ല.

ലോക്‌സഭയില്‍ രണ്ടുസീറ്റ് മാത്രമായി ബി.ജെ.പി. ചുരുങ്ങിപ്പോയത് രാജീവ് ഗാന്ധി കോണ്‍ഗ്രസ്സിനെ നയിച്ച ആദ്യതിരഞ്ഞെടുപ്പിലാണ്. മുപ്പതുകൊല്ലംകൊണ്ടിതാ ആ പാര്‍ട്ടി തനിച്ച് ഭൂരിപക്ഷം നേടിയിരിക്കുന്നു പാര്‍ലമെന്റില്‍. രാജീവ് അന്ന് നല്‍കിയത് വലിയ പ്രതീക്ഷകളായിരുന്നു. അതുകൊണ്ടുതന്നെ മോദി നേടിയതിനേക്കാള്‍, പണ്ട് രാജീവിന്റെ മുത്തച്ഛന്‍ ജവാഹര്‍ലാല്‍ നെഹ്രു നേടിയതിനേക്കാള്‍ വലിയ വിജയമാണ് രാജീവ് നേടിയത്. പ്രതീക്ഷയുടെ കച്ചവടം അപകടമുള്ള ഇടപടാണ്. രാജീവിന് അഞ്ചുവര്‍ഷംപോലും ഒന്നാംസ്ഥാനത്ത് പിടിച്ചുനില്‍ക്കാനായില്ല. ഒരു പ്രതീക്ഷയും നല്‍കാതെ ഭരണത്തില്‍വന്ന ഡോ. മന്‍മോഹന്‍സിങ്ങിന് രണ്ടാംവട്ടം കൂടിയ ഭൂരിപക്ഷത്തോടമെ തിരിച്ചുവരാനായി. എന്താണ് ഇതിന് അര്‍ഥം ? എത്രയും കുറച്ച് പ്രതീക്ഷ നല്‍കുന്നുവോ അത്രയും കുറച്ചായിരിക്കും ജനത്തിന്റെ നിരാശ.
പ്രതീക്ഷ കൊടുത്തത് കുറച്ച് ഏറിപ്പോയി എന്ന് ബി.ജെ.പി.ക്ക് നാളെ തോന്നാതിരിക്കട്ടെ..

***

ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ്സുകാര്‍ വരിക കര്‍ണാടകയില്‍നിന്നാണ്. രണ്ടാമത്തെ വലിയ സംഘം കേരളത്തില്‍നിന്ന്. ഇവിടത്തെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതോര്‍ക്കുമ്പോള്‍ ചിരിയാണോ കരച്ചിലാണോ വരിക എന്നറിയില്ല. ഇന്ത്യയിലെങ്ങും കാബിനറ്റ് മന്ത്രിമാര്‍ എട്ടുനിലയില്‍ പൊട്ടിക്കൊണ്ടിരുന്നപ്പോള്‍ കേരളത്തില്‍ മത്സരിച്ച ആറ് കേന്ദ്രമന്ത്രിമാരും ജയിച്ചു. ഒരാള്‍ റെക്കോഡോടെ! 'എന്തതിശയമേ... ദൈവത്തിന്‍ നാമം, എത്ര മനോഹരമേ' എന്ന് പാടിപ്പോകുന്നു കോണ്‍ഗ്രസ്സുകാര്‍. കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഇവിടത്തെ ഇടതുപക്ഷം ഒന്നുകൂടി സഹായിച്ചിരുന്നെങ്കില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ കോണ്‍ഗ്രസ്സംഘം കേരളത്തില്‍നിന്നുള്ളതാവുമായിരുന്നു.
യു.ഡി.എഫ്. ഇടതുപക്ഷത്തെയാണോ ഇടതുപക്ഷം യു.ഡി.എഫിനെയാണോ കൂടുതല്‍ തുണച്ചത് എന്ന് കണക്ക് നോക്കിയാലൊന്നും മനസ്സിലാവില്ല. തങ്ങള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളുടെ ഗുണനിലവാരംകൊണ്ടുമാത്രം ചില സീറ്റുകള്‍ ഇടതുപക്ഷം മറുപക്ഷത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ, കേരളത്തില്‍നിന്നുള്ള ഒരു കേന്ദ്രനേതാവ് തന്റെ സീറ്റ് ഉറപ്പിക്കാന്‍ നടത്തിയ വെച്ചുമാറ്റത്തിന്റെ ഫലമായി കോണ്‍ഗ്രസ് ഇടതുപക്ഷത്തിന് സംഭാവനചെയ്തത് മൂന്ന് സീറ്റുകളായിരുന്നു. ഇത്രയും വലിയ സേവനം വേറെ ആരും ഇടതുപക്ഷത്തിന് ചെയ്തിട്ടില്ലെന്ന് ഉറപ്പ്. ഇതൊക്കെയായിട്ടും മെയ് പതിനാറിന് ഉമ്മന്‍ചാണ്ടിയുടെ പതിനാറടിയന്തിരത്തിന്റെ സദ്യയുണ്ണാന്‍ കുളിച്ചുകുപ്പായമിട്ട് നിന്നവര്‍ക്കുണ്ടായ നിരാശ പറയാവതല്ല മമ...

Sunday, 4 May 2014

ഘട്ടംഘട്ടമായി...


ഘട്ടംഘട്ടമായി എന്നാരെങ്കിലും പറഞ്ഞാല്‍ ഉടന്‍ മനസ്സിലാകും വിഷയം മദ്യനിരോധനമാണ് എന്ന്. ഘട്ടംഘട്ടമായി സമ്പൂര്‍ണമായി നടപ്പാക്കും എന്നാണ് പ്രയോഗം. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് നാലരപ്പതിറ്റാണ്ടായി. നാലഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇതിന്റെ സുവര്‍ണജൂബിലി ഘോഷമായി നടത്താന്‍ പറ്റിയേക്കും. 1967ല്‍ സപ്തകക്ഷിമുന്നണിഭരണം മദ്യനിരോധനം അവസാനിപ്പിച്ചതിന്റെ ജൂബിലിയും ഈ ഘട്ടംഘട്ടം പ്രയോഗത്തിന്റെ ജൂബിലിയും ഒന്നിച്ചു നടത്താം. മദ്യനിരോധനം എടുത്തുകളഞ്ഞതിന്റെ പിറ്റേന്ന് തുടങ്ങിക്കാണുമല്ലോ ഈ പ്രയോഗവും.

തങ്ങള്‍ മറന്നിട്ടൊന്നുമില്ല എന്ന് ജനം അറിയാനാണ് ഈ വാഗ്ദാനം നേതാക്കള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത്. നിയമസഭയിലും ചില വിശേഷനാളുകളിലും നിര്‍ബന്ധമായും ഇക്കാര്യം പറയണം എന്നതാണ് നയം. 2001ലെ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ സംശയത്തിന് ഇടനല്‍കാതെ പറഞ്ഞിരുന്നത് 'സമ്പൂര്‍ണമദ്യനിരോധനമാണ് യു.ഡി.എഫിന്റെ ആത്യന്തിക ലക്ഷ്യം' എന്നാണ്. അതിനുശേഷമിപ്പോള്‍ വര്‍ഷം പത്തുപന്ത്രണ്ടേ കഴിഞ്ഞിട്ടുള്ളൂ. എന്തെല്ലാം ആത്യന്തികലക്ഷ്യങ്ങള്‍ നമുക്കുണ്ട് ? ദാരിദ്ര്യനിര്‍മാര്‍ജനം, സമ്പൂര്‍ണസാക്ഷരത, അസമത്വദൂരീകരണം, എല്ലാവര്‍ക്കും തൊഴില്‍... അതെല്ലാം പോകട്ടെ, സകലര്‍ക്കും കുടിവെള്ളം പോലും കൊടുത്തിട്ടില്ല അറുപത്തഞ്ച് വര്‍ഷം കഴിഞ്ഞിട്ടും. എന്നിട്ടാണ് പന്ത്രണ്ട് വര്‍ഷം കൊണ്ട് സമ്പൂര്‍ണമദ്യനിരോധം നേടാന്‍ പോകുന്നത്.
നമ്മുടെ ആയുസ്സ് തീരുംവരെ ഘട്ടംഘട്ടം ഡയലോഗ് കേട്ടുകൊണ്ടിരിക്കാനുള്ള ഭാഗ്യമുണ്ടാകും എന്നാണ് വിചാരിച്ചിരുന്നത്. അതുനടപ്പില്ല എന്നൊരു സംശയം പെട്ടെന്ന് ഉയര്‍ന്നുവന്നിരിക്കുന്നു. ഉടന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിക്കളഞ്ഞേക്കും പോലും. ഭരണത്തിലുള്ളവരുടെ നില്‍പ്പ് കാണുമ്പോള്‍, സിനിമയില്‍ പണ്ട് കുതിരവട്ടം പപ്പു പറഞ്ഞതുപോലെ, 'ഇപ്പം ശര്യാക്കിത്തരു'മോ എന്നൊരു സംശയം.
മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വലിയ അദ്ഭുതവിദ്യയൊന്നുമല്ല എന്ന് നമുക്കറിയുന്നതാണല്ലോ. ഇവിടെ പണം ഒരു പ്രശ്‌നമല്ല. സംസ്ഥാനസര്‍ക്കാറിന് വരുമാനങ്ങളുടെ കുത്തൊഴുക്കുകാരണം ഇരിക്കപ്പൊറുതിയില്ല. പണമെടുത്ത് കടലിലെറിഞ്ഞാല്‍ പടച്ചോന്‍ പൊറുക്കില്ല. അതുകൊണ്ടാണ് എറിയാത്തത്. അധികവരുമാനം എടുത്ത് അമേരിക്ക, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ ദരിദ്രരാജ്യങ്ങള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പയായി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് മുഖ്യമന്ത്രിയും സഹമദ്യവിരുദ്ധലോബിയും. നമുക്കെന്തിന് മദ്യംവിറ്റുള്ള നക്കാപ്പിച്ച അഞ്ചാറായിരം കോടി രൂഫാാ... ആളോഹരി കുടിയുടെ കാര്യത്തില്‍ പഞ്ചാബിനെയും ഹരിയാണയെയും തോല്പിച്ച് ഒന്നാം സ്ഥാനത്തെത്തിയതുകൊണ്ട് അഞ്ചുകൊല്ലം കൊണ്ട് മദ്യനികുതിയിനത്തിലെ വരുമാനം ഇരട്ടിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും അത് വരുമാനത്തിന്റെ നാല്പതുശതമാനമേ വരൂ. ബാക്കി അറുപതുമതി കേരളത്തെ ഗോഡ്‌സ് ഓണ്‍ ഹെവന്‍ ആക്കാന്‍. ട്രഷറി പൂട്ടല്‍, ശമ്പളം വൈകല്‍, ഫണ്ട് തടഞ്ഞുവെക്കല്‍ തുടങ്ങിയതെല്ലാം ഏതോ യുഗത്തില്‍ കഴിഞ്ഞുപോയ സംഗതികള്‍.

മദ്യം രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സാധനം തന്നെയാണ്. മദ്യനികുതി കൊണ്ട് ഭരണം നടത്തുന്നു എന്നതല്ല കാര്യം. ലാഭത്തില്‍ നല്ലൊരു പങ്ക് മദ്യബിസിനസ്സുകാര്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നല്‍കുന്നുണ്ട്. എന്നിട്ട് വെറുതെ അവരെ മദ്യലോബി എന്നുംമറ്റും ശകാരിക്കും. തിരഞ്ഞെടുപ്പുകാലത്ത് മാത്രമല്ല മറ്റവസരങ്ങളിലും ഹൃദയവിശാലതയോടെ ജനാധിപത്യസേവനം ചെയ്യുന്നവരാണ് ഇവര്‍. ഇക്കാര്യത്തില്‍ പൊതുവേ യു.ഡി.എഫ്. എല്‍.ഡി.എഫ്. മുന്നണികള്‍ക്ക് അകത്ത് തര്‍ക്കമോ ആഭ്യന്തരയുദ്ധമോ ഒന്നുമുണ്ടാകാറില്ല.
എന്നാല്‍, ഈയിടെയായി യു.ഡി.എഫ്. തലപ്പത്തേക്ക് ഉയര്‍ന്നുവന്ന ഒരുതാരം ഒരു ഏകാംഗ മദ്യവിരുദ്ധ ലോബിക്ക് രൂപം നല്‍കിവരുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടി ഏകകണ്ഠമായി മദ്യത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചും ആത്യന്തികമായി നടപ്പാക്കുന്ന സമ്പൂര്‍ണ മദ്യനിരോധത്തെക്കുറിച്ചും പറയുക, ചാരായനിരോധം പോലുള്ള വിദ്യകള്‍ ഇറക്കുക തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ ബാറുകളും വില്പനകേന്ദ്രങ്ങളും ഏകകണ്ഠമായി അനുവദിക്കുക എന്നതാണ് ചിരകാലമായി തുടര്‍ന്നുവരുന്ന നയം. മുഖ്യമന്ത്രിതന്നെയാണ് രണ്ടും ചെയ്യേണ്ടത്. ഇത്തരം അംഗീകൃതനയങ്ങള്‍ മറന്ന്, തിരഞ്ഞെടുപ്പൊന്നും മുന്നിലില്ലാത്തപ്പോഴാണ് കെ.പി.സി.സി. പ്രസിഡന്റ് മദ്യവിരുദ്ധ ബ്രാന്‍ഡ് അംബാസഡറായി രംഗത്തുവന്നിരിക്കുന്നത്. ആര്‍ എപ്പോള്‍ മദ്യവിരുദ്ധ വെളിച്ചപ്പാടാവണം എന്ന വ്യവസ്ഥ മറന്ന് ഇടയ്ക്കുകേറി വാളെടുക്കരുതാരും.
കെ.പി.സി.സി. പ്രസിഡന്റിന് രണ്ട് ജന്മം തീര്‍ത്താല്‍ തീരാത്ത പ്രശ്‌നം കോണ്‍ഗ്രസ്സില്‍ തന്നെയുണ്ട്. അതൊന്നും ചെയ്യാതെ മദ്യത്തിലിടപെട്ടാല്‍ മദ്യനിരോധം തന്നെയങ്ങ് നടപ്പാക്കാനും മടിക്കില്ല മുഖ്യമന്ത്രി. സൂക്ഷിച്ചോ...സുധീരന് മദ്യം വേണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും വേണ്ട മദ്യം. രമേശ് ചെന്നിത്തലയ്ക്കും കെ. ബാബുവിനും വേണ്ട. മദ്യത്തേക്കാള്‍ ലഹരിയുള്ളതാണ് എല്ലാവര്‍ക്കും അധികാരം.

***

ശക്തമാണ് മദ്യവിരുദ്ധ വോട്ട്ബാങ്ക് എന്നൊരു തെറ്റിദ്ധാരണ ഇവിടെ പലരും വെച്ചുപുലര്‍ത്തുന്നുണ്ട്. പക്ഷേ, വോട്ടെടുപ്പ് അടുക്കുമ്പോള്‍ എടുക്കുന്ന മദ്യവിരുദ്ധ നടപടികളൊന്നും വോട്ടിനെ ബാധിച്ചതായി തെളിവില്ല. ഉണ്ടായിരുന്നെങ്കില്‍ എ.കെ. ആന്റണി പലവട്ടം മുഖ്യമന്ത്രിയായി ഇവിടെത്തന്നെ ചുറ്റിത്തിരിയുന്നുണ്ടാകുമായിരുന്നു. തോറ്റതുകൊണ്ടദ്ദേഹത്തിന് രണ്ടാംറാങ്ക് ദേശീയ നേതാവാകാന്‍ കഴിഞ്ഞു. ഇവിടെനിന്ന് പാഠം പഠിച്ചതുകൊണ്ടാവാം പട്ടാളക്കാരുടെ മദ്യത്തില്‍ ഒരു മുപ്പത് എം.എല്‍. അദ്ദേഹം കുറച്ചിട്ടില്ല ഇതുവരെ.
ഒരോ മദ്യനയപരിഷ്‌കാരവും ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലാക്കലായിരുന്നു. ചാരായം നിര്‍ത്തിയിട്ടും കുടിയാരും നിര്‍ത്തിയില്ല, അമ്പതുരൂപയ്ക്ക് ലിവറ് കരിയിക്കാമായിരുന്നത് ഇരുനൂറുരൂപയ്‌ക്കേ പറ്റൂ എന്നായി. കള്ളിന്റെ നിലവാരമുയര്‍ത്താന്‍ സഹകരണസംഘമാക്കി. ഒടുവില്‍ കോടതിക്ക് ചോദിക്കേണ്ടിവന്നു, എന്തിന് കള്ളുകുടിക്കുന്നു... വല്ല ബിയറും വാങ്ങിച്ചുകൂടേ എന്ന്. അത്രയ്ക്ക് കേമമായി നിലവാരം. മദ്യത്തിന്റെ ചില്ലറ വ്യാപാരം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴും നിലവാരം കെങ്കേമമായി. എന്താണ് ഉപഭോക്താക്കളെ കന്നുകാലികളായി കണക്കാക്കുന്നത് എന്ന് ചോദിക്കേണ്ടി വന്നു കോടതിക്ക്.
അങ്ങനെ പോകുന്നു മദ്യവിരുദ്ധപോരാട്ടവിജയങ്ങള്‍

***

ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും എന്നാണ് രാഹുല്‍ഗാന്ധി ഉറപ്പിച്ച് പറയുന്നത്. ഭൂരിപക്ഷമില്ലാതെ പുള്ളിക്കാരന്‍ അരുതാത്ത വേറെ എവിടെയെങ്കിലും കേറിയിരുന്നുകളയുമെന്നാരെങ്കിലും ഭയന്നുവോ എന്തോ.
തോറ്റാലും പ്രതിപക്ഷത്തുതന്നെയിരിക്കേണ്ട കാര്യമൊന്നുമില്ല എന്ന് ചരിത്രകിത്താബ് വായിച്ചവര്‍ക്കറിയാം. അതിനെന്തെല്ലാം വിദ്യകളിരിക്കുന്നു. അംഗസംഖ്യയില്‍ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനം പോലുമില്ലാത്ത കക്ഷികളുടെ തലവന്മാര്‍ വരെ പ്രധാനമന്ത്രിയായിട്ടുണ്ട് ഈ രാജ്യത്ത്. രാഹുല്‍ പ്രതീക്ഷ വെടിയേണ്ട.

***

സ്വന്തം ഫോട്ടോ സ്വയം എടുക്കുന്നതിന് പേരാണ് സെല്‍ഫി. ഇത് എന്തോ ഇനം മാനസികപ്രശ്‌നമാണെന്ന് ചില കൂട്ടര്‍ പറയുന്നുണ്ട്. ശരിയോ എന്നറിയില്ല. ഒരു കൈകൊണ്ട് പാര്‍ട്ടി ചിഹ്നവും മറ്റേകൈ കൊണ്ട് ക്യാമറയും എടുത്ത്, വോട്ട് ചെയ്ത വിരലും പൊക്കിക്കാട്ടി പൊതുസ്ഥലത്ത് നിന്നുകൊണ്ട് ഫോട്ടോ എടുക്കുന്നത് നമ്മളൊക്കെ ആണെങ്കില്‍ അത് തമാശയേ ആകൂ. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവ് അത് ചെയ്തത് കണ്ടപ്പോള്‍ ആര്‍ക്കും തമാശ തോന്നിക്കാണില്ല. ഫോട്ടോ എടുക്കുന്നതിലെ സെല്‍ഫി അപകടമല്ല, തമാശയാണ്. രാഷ്ട്രീയത്തിലെ സെല്‍ഫി തമാശയല്ല, അപകടമാണ്.