Sunday, 15 June 2014

വീഴ്ചയ്ക്ക് ശേഷമുള്ള കിടപ്പ്പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനാണോ സി.പി.എമ്മിനാണോ കൂടുതല്‍ ശക്തിയുള്ള ചെകിടടപ്പന്‍ അടിയേറ്റത് എന്നകാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നതയുണ്ട്. കോണ്‍ഗ്രസ്സിന്റെ വീഴ്ച കണ്ടാല്‍ ആരായാലും ചിരിച്ചുപോകും; അല്ലെങ്കില്‍ കരഞ്ഞുപോകും. മുപ്പതുവര്‍ഷംമുമ്പ് കിട്ടിയ റെക്കോഡ് സീറ്റായ 414ന്റെ നടുവിലെ '1' വീണുപോയതുപോലെ 44 പേര്‍ നില്‍ക്കുന്നത് കണ്ടില്ലേ. ദയനീയം. സ്വന്തം കാലിലെ വലിയ മന്ത് ശ്രദ്ധിക്കാതെ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിന്റെ പുണ്ണില്‍ കോലിട്ട് രസിക്കുകയായിരുന്നു. വലിയ വീഴ്ചയിലും കോണ്‍ഗ്രസ്സിന് ചെറിയ ഭാഗ്യമുണ്ടായി. രണ്ട് സീറ്റുകൂടി കുറഞ്ഞിരുന്നുവെങ്കില്‍ ആകെ സീറ്റ് 2004ല്‍ സി.പി.എമ്മിന് കിട്ടിയ 43നേക്കാള്‍ കുറവാകുമായിരുന്നു. ആ അപമാനം സംഭവിച്ചില്ലല്ലോ എന്ന് സമാധാനിക്കാം. സി.പി.എമ്മിന്റെ മാക്‌സിമം സീറ്റിന്റെ ഒരു സീറ്റ് മേലെയാണ് കോണ്‍ഗ്രസ്സിന്റെ മിനിമം സീറ്റ്.

മുഖത്ത് വെള്ളംതളിച്ച് എഴുന്നേല്‍പ്പിച്ചപ്പോള്‍ സി.പി.എമ്മിന് പൂര്‍വാധികം ബോധം കാണുന്നുണ്ട്. കപ്പല്‍ മുങ്ങിയതിന്റെ ഉത്തരവാദിത്വം കപ്പിത്താന്‍തന്നെ ഏറ്റെടുത്തു. അടി മുതല്‍ മുടി വരെ തെറ്റുപറ്റിയാല്‍ ആരെയെങ്കിലും രാജിവെപ്പിച്ച് തലവെട്ടുന്ന സമ്പ്രദായം സി.പി.എമ്മിലില്ല. വോട്ടെണ്ണുന്നതുവരെ സെക്രട്ടറിക്കാണ് ഉത്തരവാദിത്വം. തോറ്റാല്‍ കൂട്ടുത്തരവാദിത്വമാണ്. ആരും രാജിവെക്കാന്‍ പാടില്ല. പാര്‍ട്ടി തോറ്റതിന്റെ ഉത്തരവാദിത്വമേല്‍ക്കാന്‍മാത്രം ആരും വലുതാകരുത്. വലുതാകാന്‍ ചെറിയൊരു ശ്രമം എം.എ. ബേബി നടത്തുന്നുണ്ട്. സമ്മതിക്കുന്ന പ്രശ്‌നമില്ല. സ്വയം രാജിവെച്ച് പോകാന്‍ ആരെയും അനുവദിക്കേണ്ടതില്ലെന്ന് പണ്ട് തീരുമാനമെടുത്തത് എത്ര ദീര്‍ഘവീക്ഷണത്തോടെയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. പോകേണ്ടവര്‍ പോ എന്ന് സിഗ്‌നല്‍ കൊടുത്താല്‍ പൊളിറ്റ്ബ്യൂറോ ചേരാന്‍ കോറം തികയാതെ പോകും. നോട്ടീസ് കൊടുത്ത് വിളിച്ചാലും അവയ്‌ലബ്ള്‍ പി.ബി.പോലെ മൂന്നോ നാലോ പേരേ കാണൂ. അഞ്ചുപേര്‍ക്ക് വിരമിക്കണമെന്നുണ്ട് എന്നാണ് മാധ്യമസൃഷ്ടി. സെക്രട്ടറിയാണ് രാജിവെക്കേണ്ടതെന്ന് പലര്‍ക്കും അഭിപ്രായമുണ്ടാവാം. പക്ഷേ, മിണ്ടില്ല. മിണ്ടിയാല്‍ മിണ്ടിയവന്‍ വഹിക്കേണ്ടിവരും സെക്രട്ടറിസ്ഥാനം. വയ്യ പൊല്ലാപ്പ്.

എന്തായാലും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്. തെറ്റുണ്ടാകാന്‍ വഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തെറ്റുപറ്റാറില്ലെങ്കിലും ഇടയ്ക്കിടെ തിരുത്തുകള്‍ ഉണ്ടാകാറുണ്ട്. രാഷ്ട്രീയസമീപനത്തിലും സംഘടനാരീതിയിലും കാലത്തിനൊത്ത് മാറ്റംവരുത്താന്‍ തീരുമാനമായിട്ടുണ്ട്. ജനങ്ങളുമായുള്ള അകല്‍ച്ച വര്‍ധിച്ചു, ജനകീയാടിത്തറ ഇടിഞ്ഞു തുടങ്ങിയ വിലപ്പെട്ട കണ്ടെത്തലുകളും ഉണ്ടായി. തിരുത്തുന്ന പണി കേന്ദ്രകമ്മിറ്റിയുടേതാണ്. വേറെയാരും ബുദ്ധിമുട്ടണമെന്നില്ല.

43ല്‍നിന്ന് ഒമ്പതിലേക്കുള്ള സി.പി.എം. വീഴ്ചയേക്കാള്‍ ഗണിതപരമായി ഭീമമാണ് കോണ്‍ഗ്രസ്സിന്റെ 414 നിന്ന് 44 ലേക്കുള്ള ക്രമാനുഗത വീഴ്ച. പക്ഷേ, കോണ്‍ഗ്രസ്സില്‍ ഉത്തരവാദിത്വം ഏല്‍ക്കുന്ന സമ്പ്രദായമില്ല. പ്രവര്‍ത്തകസമിതി കൂടിയപ്പോള്‍ മാതാവും പുത്രനും രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും മുന്‍ധാരണ പ്രകാരം അംഗങ്ങള്‍ മേല്‍ക്കൂര തെറിക്കുംവിധം അലമുറയിടുകയും ചെയ്ത സാഹചര്യത്തില്‍ ഇരുവരും സാഹസത്തില്‍നിന്ന് പിന്‍വാങ്ങുകയുമാണ് ഉണ്ടായത്. പരാജയം പഠിക്കാന്‍ എ.കെ. ആന്റണിയെ നിയോഗിച്ചുകണ്ടില്ല. പിന്നെയെല്ലാം പണ്ടത്തെപ്പോലെ. തോറ്റാലെങ്കിലും സി.പി.എമ്മില്‍ നേതൃത്വത്തെ വിമര്‍ശിക്കാം. ഇവിടെ അതും പാടില്ല. യുവ പിന്‍ഗാമി കോമാളിയെപ്പോലെ എന്ന് പറഞ്ഞയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. പരാജയത്തിന് എ.ഐ.സി.സി. ഓഫീസ് സെക്രട്ടറി, പാര്‍ട്ടിവക്താവ്, ഓഫീസ് പ്യൂണ്‍, മന്‍മോഹന്‍സിങ് തുടങ്ങിയ ആരെയെങ്കിലും വിമര്‍ശിക്കുന്നത് മനസ്സിലാക്കാം. രാഹുലിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്.

മാതാവോ പുത്രനോ മറ്റ് പ്രധാന നേതാക്കളോ മേലില്‍ പാര്‍ലമെന്റിന്റെ പരിസരത്തൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുമ്പും അങ്ങോട്ട് അധികം പോകാറില്ല. രാഹുല്‍ജി കഴിയുന്നേടത്തോളം ഏതെങ്കിലും ആദിവാസി ഊരില്‍ പാര്‍ക്കുന്നതായിരിക്കും. ഒരു കോണ്‍ഗ്രസ് നേതാവ് കാര്യത്തിന്റെ കിടപ്പ് കൃത്യമായി പറഞ്ഞു. ഇത്തവണ നരേന്ദ്രമോദിതന്നെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാലും തോറ്റുപോകുമായിരുന്നു! പിന്നെയെന്ത് പഠിക്കാന്‍, പിന്നെയെന്ത് തിരുത്താന്‍. എല്ലാം വരും, വന്നപോലെ പോം. വരുന്നേടത്ത് കാണാം.

****

കേരളത്തില്‍ വിവാദത്തിന് ക്ഷാമം വരില്ലെന്ന് ഉറപ്പ്. ഇതാ പുതിയ ഒരെണ്ണം അനാഥാലയവിവാദം. ചാനല്‍, പത്രങ്ങള്‍ എല്ലാം സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പും മോദിയവരോഹണവും കഴിഞ്ഞ് ഇനി എന്ത് എന്ന് നോക്കിയിരിക്കുമ്പോഴാണ് അത് വന്നുവീണത്. ദൈവത്തിന് സ്തുതി!
ജാര്‍ഖണ്ഡില്‍നിന്നുംമറ്റും അനാഥക്കുട്ടികളെ കൂട്ടംകൂട്ടമായി എത്തിക്കുന്നു. ഇതില്‍ കളവും ചതിയുമൊന്നുമില്ല. അവിടെ മക്കളെ പോറ്റാന്‍ ഗതിയില്ലാത്തവര്‍ വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവും വാഗ്ദാനംചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയയ്ക്കുന്നു. അദ്ഭുതമില്ല. സെര്‍ബിയയിലേക്കും ക്രൊയേഷ്യയിലേക്കും അങ്ങോട്ട് പണംകൊടുത്ത് മക്കളെ പഠിക്കാന്‍ അയയ്ക്കുന്ന കൂട്ടരല്ലേ നമ്മള്‍? അനാഥര്‍ ശരിക്കും അനാഥരാണോ, അവരെ കൊണ്ടുവരാന്‍ അനുമതിയുണ്ടോ, പുറത്തുനിന്ന് അനാഥരെ ഇങ്ങോട്ട് കൊണ്ടുവരേണ്ടതുണ്ടോ തുടങ്ങിയ ചില്ലറ പ്രശ്‌നങ്ങള്‍ ഇല്ലെന്നല്ല. പണ്ടത്തെപ്പോലെ ഇഷ്ടംപോലെ അനാഥരെ കിട്ടുന്ന കാലമല്ല ഇത്. അനാഥരില്ലെങ്കില്‍ അനാഥശാലകള്‍ പൂട്ടിയിട്ടുകൂടേ എന്ന് ചോദിക്കുന്ന ബുദ്ധിശൂന്യരോട് എന്തുപറയാനാണ് ! തുറന്ന ഒരു സ്ഥാപനവും പൂട്ടാന്‍ പാടില്ലെന്നത് ലോകനിയമമാണ്. രോഗികളില്ലെന്ന് വിചാരിച്ച് ആസ്​പത്രികള്‍ പൂട്ടാമോ? പുതിയ രോഗങ്ങള്‍ ഉണ്ടെന്ന് ധരിപ്പിച്ച് പരമാവധി ആളുകളെ ആസ്​പത്രിയിലെത്തിക്കണം. അതിന് പ്രത്യേകതരം മാര്‍ക്കറ്റിങ് ആവശ്യമായേക്കും. കുറ്റവാളികള്‍ ഇല്ലാതായെന്നുപറഞ്ഞ് ജയില്‍ പൂട്ടിയാല്‍ അവിടെ ജോലി ചെയ്യുന്നവര്‍ പട്ടിണിയാവില്ലേ? അപ്പോള്‍ പുതിയ കുറ്റങ്ങള്‍ കണ്ടുപിടിച്ച് ആളുകളെ ജയിലിലിടണം. ഇവിടെ അനാഥര്‍ ഇല്ലെങ്കില്‍ പുറത്തുനിന്ന് സനാഥരെ കൊണ്ടുവരണം. അല്ല പിന്നെ...
എല്ലാവര്‍ക്കും ഗുണം കിട്ടുന്ന ഒരു ഏര്‍പ്പാടിനെ എതിര്‍ക്കുന്നത് അസൂയ കൊണ്ടല്ലാതെ വരാന്‍ തരമില്ല. അനാഥര്‍ ഇല്ലെന്നുവിചാരിച്ച് അനാഥസംരക്ഷണം വേണ്ടെന്ന് വെക്കുന്നത് ദൈവത്തിനും ഇഷ്ടപ്പെടില്ല.

മുമ്പൊക്ക, സത്കര്‍മങ്ങള്‍ ചെയ്യുന്ന നല്ല മനുഷ്യരാണ് അനാഥാലയങ്ങള്‍ പോലുള്ള സ്ഥാപനങ്ങളെ നിലനിര്‍ത്തിയിരുന്നത്. സത്കൃത്യങ്ങള്‍ മാത്രം ചെയ്ത് സ്വര്‍ഗത്തില്‍ പോവുക പണ്ടത്തെപ്പോലെ സാധ്യമല്ല. ദുഷ്‌കൃത്യങ്ങള്‍ ചെയ്തുണ്ടാക്കുന്ന പണമായാലും നിശ്ചിത ശതമാനം ദാനധര്‍മങ്ങള്‍ക്ക് മാറ്റിവെച്ചാല്‍ ദൈവശിക്ഷയില്‍ ഇളവുകിട്ടും എന്നാണ് കേള്‍ക്കുന്നത്. നമ്മള്‍ അത് നിഷേധിക്കാനൊന്നും പോകേണ്ട. സത്യം അവിടെച്ചെന്നാലല്ലേ അറിയൂ.
വിവാദംകൊണ്ട് ഗുണമുണ്ടായി. കുട്ടികളെല്ലാം മടങ്ങി. ഇനിയവര്‍ക്ക് സ്വന്തം നാട്ടിലെ ദാരിദ്ര്യം, പട്ടിണി, ബാലവേല, അടിമപ്പണി, നിരക്ഷരത്വം തുടങ്ങിയ മഹദ്‌സംഗതികള്‍ അനുഭവിക്കാം. സന്തോഷായി....

****

കേരളസംസ്ഥാനത്ത് നിലകൊള്ളുന്ന നാല് അണക്കെട്ടുകള്‍ തങ്ങള്‍ക്ക് കിട്ടണം എന്ന് തമിഴ്‌നാടിന് മോഹമുണ്ടായി. തമിഴ്‌നാട് അക്കാര്യം കേരളത്തോട് പറയുകയോ കേന്ദ്രം നിയമമുണ്ടാക്കുകയോ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയോ കരാറുണ്ടാക്കുകയോ ഒന്നുമുണ്ടായില്ല. അതൊക്കെ പണ്ടത്തെ കാലത്ത്. ഇപ്പോള്‍ ഭയങ്കരസ്​പീഡാ... ഡാം സുരക്ഷാസമിതി യോഗംചേരുന്നു. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഈ നാല് ഡാമുകള്‍ ഞങ്ങളുടേതാണ് എന്ന് പറയുന്നു. കേരള ഉദ്യോഗസ്ഥന്‍ അതുകേട്ട് മിണ്ടിയില്ല എന്നാണ് പറയുന്നത്. ഇനി ഒരു പക്ഷേ, മൂത്രപ്പുരയിലോ മറ്റോ പോയ തഞ്ചത്തിനാവുമോ വിഷയം എടുത്തിട്ടത് എന്നറിയില്ല. പടച്ചോനെ, പിന്നെ കണ്ടത് നാല് ഡാമുകള്‍ എക്‌സ്​പ്രസ് വേഗത്തില്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നതാണ്. നിങ്ങളുടെ ഉദ്യോഗസ്ഥന്‍ മിണ്ടിയില്ലല്ലോ അതുകൊണ്ട് ഡാം നാലും പോയി എന്നാണത്രെ കേന്ദ്രം വിശദീകരിച്ചത്.
കാര്യങ്ങള്‍ ഇങ്ങനെ നടക്കുന്ന സ്ഥലത്തിനെയാണ് വെള്ളരിക്കാപ്പട്ടണം എന്ന് വിളിക്കാറുള്ളത്. നമുക്കിതിനെ 'റിപ്പബ്ലിക് ഓഫ് മാധ്യമവെള്ളരിക്ക' എന്ന് വിളിക്കാം.

****
കേരളത്തിലെ ജനങ്ങള്‍ കാത്തുനില്‍ക്കുന്നത് ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം കിട്ടാനാണ്. ലോകത്തിനുതന്നെ അതീവ താത്പര്യമുള്ള ഒരു സമസ്യയാണിത്. ഷാപ്പ് പൂട്ടിയാല്‍ ഉപഭോഗം കുറയുമോ? ഷാപ്പ് എന്ന് പറയുന്നത് ബാര്‍ ആണ്. 418 ബാര്‍ കേരളസര്‍ക്കാര്‍ പൂട്ടിച്ചു. ബാര്‍ പൂട്ടിയതുകൊണ്ട് കേരളത്തിലെ വീടുകളില്‍ സമാധാനം കളിയാടുകയാണെന്നും ബാക്കിയുംകൂടി പൂട്ടിയാല്‍ ലോകസമാധാനംതന്നെ കൈവരിക്കാമെന്നും വാദിക്കുകയാണ് മദ്യവിരുദ്ധമാഫിയ. അവരെ നേരിടാന്‍ നമുക്ക് പാവപ്പെട്ട മദ്യമന്ത്രി ബാബുജിയേ ഉള്ളൂ.
ബാറുകള്‍ പൂട്ടിയതുകൊണ്ട് മദ്യപാനം കുറഞ്ഞുവോ എന്ന സുപ്രധാനമായ ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കുന്നില്ല. ബിവറേജസില്‍ വില്പന കൂടി എന്ന പയറഞ്ഞാഴി മറുപടിയാണ് നല്‍കുന്നത്. ബിവറേജസിലെ വില്പന കൂടിയാല്‍ മൊത്തം മദ്യോപയോഗം വര്‍ധിച്ചുവെന്നാണോ അര്‍ഥം? ബാറിലും റീട്ടെയ്‌ലിലുമായി എത്ര വില്പന നടന്നു, അത് മുമ്പത്തേക്കാള്‍ കൂടുതലോ കുറവോ? വെക്കൂ മന്ത്രിസാറേ കണക്ക് മേശപ്പുറത്ത് എന്നൊരു അംഗവും പറഞ്ഞതായി കാണുന്നില്ല.

ബാറുകാരുടെ കുറ്റംകൊണ്ടാണ് ബാര്‍ അടഞ്ഞുപോയത്. മദ്യത്തില്‍നിന്ന് ജനത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടപ്പിച്ചതൊന്നുമല്ല. അങ്ങനെ ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നത് ശരി. എന്തായാലും എക്‌സൈസ് വകുപ്പില്‍ ശക്തമായ സ്ഥിതിവിവരക്കണക്ക് സെല്‍ ഉണ്ടാവണം. വെറുതേ ചാലക്കുടിയില്‍ വിറ്റതിന്റെ കണക്ക് പറഞ്ഞാല്‍ പോരാ. അടച്ച ബാറിന്റെ അടപ്പ് തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ഥിതിവിവരം മന്ത്രിക്ക് കൊടുക്കണം. രണ്ടാലൊന്ന് തീരുമാനിക്കണം. എന്നിട്ടുവേണം മനുഷ്യര്‍ക്ക് വേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍.

No comments:

Post a comment