രാജ്ഭവന്‍ ഉടുമ്പുകള്‍നരേന്ദ്രമോദിജിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുന്‍കാല പ്രധാനമന്ത്രിമാരേക്കാള്‍ ഒരു കാര്യത്തില്‍ മോദിജിക്ക് പ്രയാസം ലേശം കൂടുതലുണ്ട്. താപ്പാനകള്‍ കുറച്ചേറെയുണ്ട് പാര്‍ട്ടിയില്‍. കഴിയുന്നതും വേഗം ഓരോന്നിനെ ഓരോ മൂലയില്‍ ഒതുക്കിയില്ലെങ്കില്‍ ഭരണം കട്ടപ്പൊകയാകും. ആവശ്യത്തിന് വൃദ്ധസദനങ്ങള്‍ ഇല്ലാത്തതുകൊണ്ട് കഴിയുന്നത്ര പേരെ എത്രയും നേരത്തേ ഗവര്‍ണര്‍ പദവികളില്‍ കുടിയിരുത്തിയേ തീരൂ. ഒഴിവുകള്‍ ഉണ്ടാകുംവരെ കാത്തിരിക്കാനുള്ള ക്ഷമയില്ല. ഉടനെവേണം നിയമനം. ഒരു വഴിയേ ഉള്ളൂ. യു.പി.എ. നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ പറയുക.
ഈ വിഷയത്തില്‍ വേണ്ടത്ര പരിചയമില്ലാത്തതുകൊണ്ടോ എന്തോ രാജിവെക്കാന്‍ പറഞ്ഞ രീതി ഒട്ടും പന്തിയായില്ല എന്നാണ് പൊതുവായ അഭിപ്രായം. നമ്മുടെ നാട്ടുകാരന്‍, മഹാരാഷ്ട്രാ ബംബര്‍ ലോട്ടറിയടിച്ച കെ. ശങ്കരനാരായണനെ യൂണിയന്‍ ഹോം സെക്രട്ടറിയാണത്രേ രണ്ടുതവണ വിളിച്ച് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. അത്രയൊന്നും അദ്ദേഹം പ്രതീക്ഷിച്ചതല്ല. പറയേണ്ട രീതിയില്‍ പറഞ്ഞാല്‍ രാജിവെക്കുമായിരുന്നു എന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്. എന്തുകൊണ്ട് പ്രധാനമന്ത്രി വിളിച്ച് മര്യാദയോടെ അഭ്യര്‍ഥിച്ചില്ല? അല്ലെങ്കില്‍, തന്നെ നിയമിച്ച രാഷ്ട്രപതിക്ക് വിളിച്ചുകൂടായിരുന്നോ? ഇനി ഇത് മോശമായിപ്പോയി എന്ന് ബി.ജെ.പി.ക്കാരോട് പറഞ്ഞാല്‍ അവര്‍ എന്ത് ഉത്തരമാണ് പറയുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ദിരാഗാന്ധിയുടെയും നരസിംഹറാവുവിന്റെയും കാലത്ത് ഹോം സെക്രട്ടറിയല്ല, ഹോം സെക്രട്ടറിയുടെ ഹെഡ് ക്ലര്‍ക്കാണ് ഗവര്‍ണര്‍മാരുടെ രാജി ആവശ്യപ്പെടാറുള്ളത്, ഞങ്ങള്‍ ആ നിലവാരം ഒന്നുയര്‍ത്തിയതാണ് എന്ന് പറയുമെന്ന് ഉറപ്പ്.

ഭരണത്തിലെ ഒരുവിധപ്പെട്ട മര്യാദകേടുകളെല്ലാം ഇക്കണ്ട കാലത്തിനിടയില്‍ കോണ്‍ഗ്രസ് ചെയ്തുകഴിഞ്ഞതുകൊണ്ട് പുതിയ മര്യാദകേടുകള്‍ കണ്ടുപിടിച്ച് ചെയ്യാന്‍ നരേന്ദ്രമോദിക്ക് പ്രയാസമായിരിക്കും. ഗവര്‍ണര്‍മാരെ പരക്കെ മാറ്റിയിട്ടുണ്ട് കോണ്‍ഗ്രസ്. അതുതന്നെയേ ബി.ജെ.പി. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നുള്ളൂ. ബി.ജെ.പി. ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക, അതേകാര്യം കോണ്‍ഗ്രസ് ചെയ്യുക, അതിനെ ബി.ജെ.പി. അതിരൂക്ഷം വിമര്‍ശിക്കുക എന്നതാണ് നാട്ടുനടപ്പ്. അതിനിടെ, ബി.ജെ.പി.ക്കാര്‍ ഒരു മണ്ടത്തരം ചെയ്തു. 2004ല്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ യു.പി., ഗുജറാത്ത്, ഹരിയാണ, ഗോവ ഗവര്‍ണര്‍മാരെ നീക്കിയതിനെതിരെ സുപ്രീംകോടതിയില്‍ പോയത് ഒരു ബി.ജെ.പി. എം.പി.യാണ്. വെറുതെയങ്ങ് വിമര്‍ശിച്ചിരുന്നാല്‍ മതിയായിരുന്നു. നാളെ തങ്ങള്‍ക്കും ഇങ്ങനെ ചെയ്യേണ്ടിവരുമെന്ന് ഓര്‍ക്കാന്‍ അതീന്ദ്രിയജ്ഞാനമൊന്നും ഇല്ലായിരുന്നല്ലോ. ആ കേസിലെ സുപ്രീംകോടതി വിധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം മാറിയെന്നതോ ഏതെങ്കിലും ഗവര്‍ണറില്‍ കേന്ദ്രഭരണക്കാര്‍ക്ക് വിശ്വാസമില്ലെന്നതോ ഗവര്‍ണറെ നീക്കാന്‍ മതിയായ കാരണമല്ല എന്നാണ് കോടതി വിധിച്ചത്. ഇതുനല്ല പുതുമ. എന്തിന് കാരണം പറയണം? കാരണമൊന്നുമില്ലാതെ ഗവര്‍ണറെ ഒഴിവാക്കാം. 1977 മുതല്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. അന്നൊക്കെ മാന്യന്മാരാണ് ഗവര്‍ണര്‍സ്ഥാനത്ത് ഉണ്ടായിരുന്നത്. 'പോയ്‌ക്കോളീന്‍ മാഷേ' എന്ന് പറഞ്ഞാല്‍ രാജിവെച്ച് പോകുമായിരുന്നു. ഇന്നും അധികമാളുകളൊന്നും കേസിനും കൂട്ടത്തിനും പോകില്ല. രാജിവെക്കാന്‍ പറഞ്ഞാല്‍ രാജിവെക്കും. വേറെ വല്ല പണിയും നോക്കും. അത്രതന്നെ.

ബി.ജെ.പി.ക്ക് നല്ല ഉപദേശകരുടെ കുറവുണ്ടോ എന്ന് സംശയിക്കണം. ഗവര്‍ണര്‍മാരെ പിരിച്ചുവിടുന്നതിലേ ചെറിയ ഭരണഘടനാ നൂലാമാലയുള്ളൂ. ഗവര്‍ണര്‍മാരെ സ്ഥലംമാറ്റുന്നതിന് ആരോടും ചോദിക്കേണ്ട. അതും കോണ്‍ഗ്രസ് ഭരണം കൊണ്ടുവന്ന ഒരു അസല്‍ കീഴ്വഴക്കമാണ്. നമ്മുടെ കെ. ശങ്കരനാരായണന്‍, ഷീലാദീക്ഷിത്, എച്ച്.ആര്‍. ഭരദ്വാജ് , എം.കെ.നാരായണന്‍ തുടങ്ങിയ ബഡാ പുള്ളികളെ മിസോറം, സിക്കിം, നാഗാലന്‍ഡ്, മേഘാലയ തുടങ്ങിയ വടക്കുകിഴക്കന്‍ അന്തമാനുകളിലേക്ക് നാടുകടത്തി തത്സ്ഥാനത്ത് ബി.ജെ.പി. യോഗ്യന്മാരെ നിയമിച്ചാല്‍ മതിയായിരുന്നു. ഏത് തട്ടിന്പുറത്തെ പലകയായാലും കടിച്ചുതൂങ്ങാന്‍ സന്നദ്ധരായ ഉടുമ്പുകളൊഴിച്ച് ബാക്കിയുള്ളവരെല്ലാം രാജിവെച്ച് പോയ്‌ക്കോളും. അതോടെ പ്രശ്‌നവും തീരും.
ഗവര്‍ണറുടെ പോസ്റ്റ് രാഷ്ട്രീയപോസ്റ്റ് അല്ല എന്നൊരു വാദമാണ് ഇപ്പോള്‍ പിരിച്ചുവിടല്‍ നോട്ടീസ് ടെലിഫോണില്‍ കിട്ടിയ ഗവര്‍ണര്‍മാര്‍ പറയുന്നത്. വിശ്വസിക്കാതെ തരമില്ല. തീര്‍ച്ചയായും പേരുകേട്ടാല്‍ അറിയാം അവരെല്ലാം യോഗ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ ഗവര്‍ണര്‍‍മാരായ മഹാരഥന്മാരാണ് എന്ന്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ഒക്കെ ആകേണ്ടവരായിരുന്നു. അബദ്ധവശാല്‍ ഗവര്‍ണര്‍മാര്‍ ആയിപ്പോയി എന്നേയുള്ളൂ. ചിലരെല്ലാം ഓവര്‍ക്വാളിഫൈഡ് ആയതുകൊണ്ട് സംസ്ഥാനരാഷ്ട്രീയത്തില്‍‌നിന്ന് പുറത്തുകളയപ്പെട്ടവരാണ്. ഏറ്റവും യോഗ്യയെ ഗവര്‍ണറായി കിട്ടാനുള്ള യോഗം കേരളീയര്‍ക്കാണ് ലഭിച്ചത്. ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ, അഴിമതിക്കേസുകള്‍ പിറകെ പാഞ്ഞുവരുന്ന വനിതാരത്‌നമാണ് നമ്മുടെ രാജ്ഭവനിലേക്ക് വിമാനംകേറിയത്. രാഷ്ട്രപതി പ്രണബ്ജിയുടെ ധര്‍മസങ്കടം നോക്കണേ, ഏതാനും ആഴ്ചമുമ്പുമാത്രം അതിയോഗ്യ എന്ന് സര്‍ട്ടിഫിക്കറ്റ് ഷീലാ ദീക്ഷിതിന് നല്കിയ അദ്ദേഹംതന്നെ ഇനി അയോഗ്യ എന്ന സര്‍ട്ടിഫിക്കറ്റും നല്കണം.

പിരിച്ചുവിട്ടാല്‍ താന്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് കെ. ശങ്കരനാരായണന്‍ ഭീഷണിപ്പെടുത്തിയതായി പത്രറിപ്പോര്‍ട്ടുകളില്‍ കാണുന്നുണ്ട്. വെറുതെയല്ല, കോണ്‍ഗ്രസ് മോദിസര്‍ക്കാറിന്റെ നീക്കത്തെ ഇത്ര ശക്തിയായി എതിര്‍ക്കുന്നത്. കേന്ദ്രത്തില്‍ പണിയില്ലാതായി തിരിച്ചുവരുന്ന ഏഴെട്ട് മുന്‍ കേന്ദ്രമന്ത്രിമാരെക്കൊണ്ടുള്ള ശല്യം എങ്ങനെ നേരിടണമെന്ന് അറിയാതെ തലയ്ക്ക് തീപിടിച്ചിരിക്കുമ്പോഴാണ് മുന്‍ ഗവര്‍ണറുടെയും വരവ്. ബി.ജെ.പി.ക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടിയില്ലെന്നതിന്റെ പക മനസ്സിലാക്കാം, അതിത്രത്തോളം വേണ്ടായിരുന്നു മോദിജീ...

***

ദൈവത്തിന്റെ അവതാരമായ ഒരാളെ ജനങ്ങള്‍ പ്രധാനമന്ത്രിയാക്കിയാല്‍ പിന്നെ ആ ആളെക്കുറിച്ച് ആരും ഒന്നും മോശമായി പറഞ്ഞുകൂടാ. പറഞ്ഞാല്‍ ആരാധകരുടെ വികാരമിളകും. പറഞ്ഞയാള്‍ അറസ്റ്റിലാകും. അതാണ് ഇപ്പോള്‍ ജനാധിപത്യത്തിനുണ്ടായിട്ടുള്ള വമ്പിച്ച വികാസം.
ചില രാജ്യങ്ങളില്‍ മതനിന്ദ, ദൈവനിന്ദ എന്നീ കുറ്റങ്ങള്‍ക്ക് ഉടന്‍ വധശിക്ഷ കിട്ടും. ദൈവം എന്നെഴുതിയ കടലാസില്‍ ചവിട്ടിപ്പോയാല്‍ മതി ചിലേടത്ത് ശിക്ഷ കിട്ടാന്‍. പാകിസ്താനില്‍ ഏതാണ്ട് ഇതിനോടടുത്തുവരും ദൈവവിശ്വാസത്തിന്റെ വോള്‍‌ട്ടേജ്. നമുക്കേതായാലും അത്രത്തോളം പോകാന്‍ കഴിഞ്ഞിട്ടില്ല. കിണഞ്ഞുശ്രമിക്കുന്നുണ്ട്. തത്കാലം നമുക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മോദിനിന്ദ എന്നൊരു വകുപ്പ് ചേര്‍ക്കാന്‍ നോക്കാം. ദൈവത്തോട് അടുത്തുനില്ക്കുന്ന ആളായതുകൊണ്ട് മോദിയെ നിന്ദിക്കുന്നവരെ ശിക്ഷിക്കാന്‍ മടിക്കേണ്ടതില്ല. സോഷ്യല്‍ മീഡിയയില്‍ അങ്ങനെ ചെയ്തവരെ വേണ്ട രീതിയില്‍ കൈകാര്യംചെയ്യുന്നുണ്ട്.
കോളേജ് മാഗസിനില്‍ എഴുതിയവരെ അറസ്റ്റുചെയ്തുകൊണ്ട് നമ്മള്‍ കേരളത്തില്‍ തുടക്കം കുറിച്ചുകഴിഞ്ഞു. എഴുതിയത് വിവരക്കേടും തോന്ന്യാസവുമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വിവരക്കേട് ഐ.പി.സി. പ്രകാരമുള്ള കുറ്റകൃത്യമാക്കിയാല്‍ വൈകാതെ കേരളത്തില്‍ സ്‌കൂളുകളേക്കാള്‍ കൂടുതല്‍ ജയില്‍ സ്ഥാപിക്കേണ്ടിവരും. അതിനും മടിക്കരുത്. ഒരാളെക്കുറിച്ച് ഇന്റര്‍‌നെറ്റില്‍ എഴുതിയത് ആ ആള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പരാതി നല്കാം. എഴുതിയ ആളെ പിടിച്ച് ജയിലിലിടാം. ഈ നിയമമുണ്ടാക്കിയത് യു.പി.എ. സര്‍ക്കാറാണ്. ആ പാപത്തില്‍ സര്‍വകക്ഷികള്‍ക്കും പങ്കുള്ളതുകൊണ്ട് ഇവിടെ കല്ലെറിയാന്‍‌പോലും ഒരുത്തനെ കിട്ടാനില്ല.

****

ഹാവൂ, ആശ്വാസമായി. കോണ്‍ഗ്രസ്സിന്‍ ദേശീയതലത്തില്‍ ഉണ്ടായ പരാജയം അന്വേഷിക്കാന്‍ എ.കെ. ആന്റണി തലവനായി കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്തേ ഇത് വൈകുന്നത് എന്ന ആശങ്കയിലായിരുന്നു ജനം. ഇനി പേടിക്കാനില്ല. സമാധാനമായി ഉറങ്ങുക. ആന്റണി നോക്കിക്കൊള്ളും ബാക്കിയെല്ലാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി