Tuesday, 29 July 2014

വിവരാവകാശനിയമത്തെ പുഴവെള്ളത്തില്‍ മുക്കിക്കൊല്ലാം
അന്ത:സംസ്ഥാന നദീജലത്തര്‍ക്കങ്ങള്‍ക്ക് ആധാരമായ വിവരങ്ങളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി ജലവിഭവവകുപ്പ് ഉത്തരവിട്ടതായി പത്രവാര്‍ത്തയുണ്ട്. പ്രത്യക്ഷത്തില്‍തന്നെ ഒരുപാട് അസ്വാഭാവികതകളും അബദ്ധധാരണകളും വാര്‍ത്തയില്‍ കാണാമെങ്കിലും വാര്‍ത്ത തീര്‍ത്തും വ്യാജമോ അസംബന്ധമോ ആണെന്ന് കരുതുക വയ്യ. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെയും സംസ്‌കാരത്തിന്റെതന്നെയും അടിത്തറയാണെന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്ന മറ്റൊരു സൂചന കൂടി ആ വാര്‍ത്തയിലുണ്ട്. നദീജലത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്നൊരു നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടത്രെ. ആരുടെ തലയിലാണ് ഇത്തരം ഒരു മണ്ടന്‍ ആശയം ഉയര്‍ന്നതെന്ന് വാര്‍ത്തയിലില്ല. ഉദ്യോഗസ്ഥതലത്തിലോ രാഷ്ട്രീയതലത്തിലോ ഉള്ള ആരുടെയോ തലയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തം. അല്ലെങ്കില്‍ ഒരു വാര്‍ത്തയില്‍ അത്തൊരമൊരു പരാമര്‍ശം വരികയില്ലല്ലോ.

നദിയിലെ ജലം സംബന്ധിച്ച ഒരു വിവരവും രഹസ്യമല്ല. കേരളത്തിലെ നദികളെ സംബന്ധിച്ചും അതിലൂടെ ഒഴുകുന്ന വെള്ളം സംബന്ധിച്ചുമുള്ള ആധികാരികവിവരങ്ങള്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയത് കേരള സര്‍ക്കാര്‍ തന്നെയാണ്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യമന്ത്രിസഭയുടെ കാലത്ത്, ഇപ്പോഴും നമുക്കൊപ്പമുള്ള വി.ആര്‍.കൃഷ്ണയ്യര്‍ ജലവിഭവവകുപ്പ് മന്ത്രിയും ജലവിഭവവിദഗ്ദ്ധനായ പി.എച്ച്. വൈദ്യനാഥയ്യര്‍ ചീഫ് എന്‍ജിനീയറുമായിരുന്ന കാലത്ത് വിപുലമായ സര്‍വ്വെയും പഠനവും നടത്തിയാണ് വാട്ടര്‍ റിസോഴ്‌സസ് ഓഫ് കേരള എന്ന രേഖ തയ്യാറാക്കിയത്. ഈ രേഖ ഉപയോഗിച്ച് തമിഴ്‌നാടും മറ്റും കൂടുതല്‍ വെള്ളം ചോദിക്കുന്നു എന്ന നിലയുണ്ടായപ്പോള്‍ 1974 ല്‍ മറ്റൊരു പഠനവും രേഖയുമുണ്ടായി. കേരളത്തിലെ നദികളില്‍ കേരളത്തിന് ആവശ്യമുള്ളത്ര വെള്ളം പോലും ഇല്ലെന്ന് തെളിയിക്കുന്നതിനാണ് ഈ രേഖ തയ്യാറാക്കിയത്. ശാസ്ത്രീയപഠനങ്ങള്‍ പോലും എത്രമാത്രം സ്വാര്‍ത്ഥലാഭപ്രേരിതമായി നടത്താനാവും എന്നതിന്റെ തെളിവാണിത്. അപ്പോള്‍പിന്നെ, ഉള്ള കണക്ക് മറച്ചുവെക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് അത്ഭുതമാണുള്ളത് ?

ഇന്ന് ഉത്തരവിറക്കി വിവരങ്ങള്‍ മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നറിയുന്നതിലും ഒട്ടും അത്ഭുതമില്ല. ഏതാണ്ട് കാല്‍നൂറ്റാണ്ട് മുമ്പ് ഒരു മലയാള ദിനപത്രം നശിക്കുന്ന വനങ്ങളെയും മരിക്കുന്ന നദികളെയും കുറിച്ച് പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനപരമ്പരയില്‍ പുഴയില്‍ വെള്ളമെത്രയുണ്ട് എന്നതിനെ കുറിച്ചായിരുന്നു ഒരു അധ്യായം. സര്‍ക്കാര്‍ തലത്തില്‍ ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെന്നും '  പ്രതിരോധ രഹസ്യം പോലെ കേരളത്തിലെ  സര്‍ക്കാര്‍ സൂക്ഷിക്കുന്ന രഹസ്യമാണ് പുഴകളിലെ  വെള്ളത്തിന്റെ അളവ് ' എന്നും ലേഖനത്തില്‍ പരാതിപ്പെടുന്നുണ്ട്. ലേഖന പരമ്പര  അവസാനിക്കുന്നത് ഇങ്ങനെയാണ്.
' ഒരു കാര്യം ആവര്‍ത്തിക്കട്ടെ.  1957 മുതല്‍ കേരളത്തിലെ എല്ലാ നദികളിലേയും ഓരോ ദിവസത്തെയും ഒഴുക്ക് അളന്ന് രേഖപ്പെടുത്തുന്നുണ്ട്. 22 വര്‍ഷത്തിനിടയ്ക്ക് ജലപ്രവാഹത്തിലുണ്ടായ വ്യതിയാനങ്ങളെന്തെല്ലാമാണ്  ? വനനാശം മൂലം മഴക്കാലത്ത് ഒഴുക്ക് കൂടുകയും വേനലില്‍ കുറയുകയും ചെയ്തിട്ടില്ലേ ? ജലപ്രവാഹം സംബന്ധിച്ച മുഴുവന്‍ കണക്കുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. ഇനിയും ഇത് രഹസ്യമാക്കി വെക്കാന്‍ അനുവദിച്ചുകൂടാ. നമ്മുടെ പുഴയില്‍ എത്ര വെള്ളമുണ്ടെന്ന് അറിയാനുള്ള അവകാശം നമുക്കുണ്ട് '

അതെ, ആ അറിയാനുള്ള അവകാശമാണ് വിവരാവകാശ നിയമത്തില്‍ തിരിമറികള്‍ നടത്തി നിഷേധിക്കാന്‍ തത്പരകക്ഷികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. വിവരങ്ങള്‍ അറിയിക്കാനുള്ള മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം ഹനിക്കാനും ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ടെന്ന് പത്രവര്‍ത്ത സൂചിപ്പിക്കുന്നു. ഇത് വാസ്തവമെങ്കില്‍ ഇതില്‍ നിന്ന് പിന്തിരിയാന്‍ അധികാരികള്‍ സന്നദ്ധമാകണം എന്നേ പറയാനുള്ളൂ. ഇത് ശരിയായ വഴിയല്ല. ഇന്ത്യന്‍ പാര്‍ലമെന്റ് സവിസ്തരം ചര്‍ച്ച ചെയ്താണ് വിവരാവകാശനിയമം നടപ്പാക്കിയത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഉണ്ടായ നിയമനിര്‍മാണങ്ങളില്‍ ഏറ്റവും ജനാധിപത്യപരം എന്ന് വിശേഷിപ്പിക്കപ്പെട്ട  നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് സൂചന. ' കോടതികളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍പോലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തികളും സ്ഥാപനങ്ങളും വിവരാവകാശനിയമപ്രകാരം ജലവകുപ്പിനെ സമീപിക്കുന്നുണ്ട് ' എന്നൊരു പരാമര്‍ശം മേല്‍ ഉദ്ധരിച്ച പത്രവാര്‍ത്തയിലുണ്ട്. വിവരാവകാശനിയമത്തെകുറിച്ച് മാത്രമല്ല, കോടതി നടപടികളെകുറിച്ചുപോലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് സാമാന്യധാരണ ഇല്ലേ എന്ന് സംശയിപ്പിക്കുന്നതാണ് ഇത്. കോടതിയില്‍ തെളിവായി ഹാജരാക്കുന്നതോടെ ഒരു രേഖ രഹസ്യമല്ലാതാകുന്നുണ്ട്. നദീജലത്തര്‍ക്കം തീരുമാനിക്കുന്നത് രഹസ്യക്കോടതിയിലല്ല. അവിടെ ഹാജരാക്കുന്ന രേഖകള്‍ ആര്‍ക്കും എടുത്തുവായിക്കാം. അതുകൊണ്ടുതന്നെ കോടതിയില്‍ കേസ് ഉള്ളതുകൊണ്ട് രേഖ രഹസ്യമാക്കാനല്ല, പരസ്യാക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ വ്യഗ്രത കാട്ടേണ്ടത് എന്ന് തോന്നുന്നു.

' സര്‍ക്കാര്‍ രഹസ്യം എന്ന് തോന്നുന്നതും സംസ്ഥാനതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാവുമെന്ന് കാണുന്നതുമായ വിവരങ്ങളും രേഖകളും' നല്‍കേണ്ട എന്ന് ഉത്തരവിടുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്തെല്ലാംതരം രേഖ നല്‍കാന്‍ പാടില്ല എന്ന് നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് പാലിക്കാന്‍ എല്ലാ ഓഫീസുക ളിലെയും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ബാദ്ധ്യസ്ഥരാണ്. സംസ്ഥാന സര്‍ക്കാര്‍ അല്ല ഓരോ ഘട്ടത്തിലും ഉത്തരവിറക്കി അവര്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും എന്തെല്ലാം എന്ന് നിര്‍ണയിക്കുന്നത്. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടായാല്‍ തീരുമാനമെടുക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ കമ്മീഷനാണ്. പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമത്തിനും വ്യാഖ്യാനം ഉണ്ടാക്കാന്‍ സംസ്ഥാന തല ഉദ്യോഗസ്ഥന്മാര്‍ക്ക് അധികാരമില്ല എന്ന പ്രാഥമിക കാര്യംപോലും വിസ്മൃതമാവുകയാണോ ?

വിവരാവകാശ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകളെ എടുത്തുപറഞ്ഞുകൊണ്ടാണ് പുതിയ നീക്കത്തെ ന്യായീകരിക്കുന്നത്. തീര്‍ച്ചയായും നിയമത്തില്‍ സ്റ്റേറ്റിന്റെ താല്പര്യം സംരക്ഷിക്കപ്പെടണമെന്ന് പറയുന്നുണ്ട്.  നല്‍കേണ്ടാത്ത രേഖകളുടെ പട്ടികയുള്ള 8ാം വകുപ്പില്‍  (a) information, disclosure of which would prejudicially affect the sovereignty and integrity of India, the
security, strategic, scientific or economic interests of the State, relation with foreign State or lead to incitement of an offence;  എന്ന് വ്യക്തമായി പറയുന്നു. പക്ഷേ, വാക്കുകളുടെ അര്‍ത്ഥം നമ്മുടെ താല്പര്യത്തിനൊത്ത് മാറ്റാം എന്ന മട്ടില്‍ സ്‌റ്റേറ്റ് എന്നാല്‍ സംസ്ഥാനം ആണ് എന്ന് പുനര്‍നിര്‍വചിക്കുന്നത് സത്യസന്ധമായ ഭരണകാര്യനിര്‍വഹണമല്ല. നിയമത്തില്‍ സ്റ്റേറ്റ് സംസ്ഥാനമല്ല രാഷ്ടമാണ്.

വാര്‍ത്തയുടെയും ഈ കുറിപ്പിന്റെയും ആദ്യവാചകത്തിലേക്ക് ഒന്നുമടങ്ങിപ്പോകാം. അന്ത:സംസ്ഥാന നദീജലത്തര്‍ക്കങ്ങള്‍ക്ക് ആധാരമായ വിവരങ്ങളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി ജലവിഭവവകുപ്പ് ഉത്തരവിട്ടുവെന്നാണല്ലോ അത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തില്‍ ആരെല്ലാം പെടും എന്തെല്ലാം പെടും എന്ന് നിയമം വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. അത് മാറ്റാനും തിരുത്താനും ജലസേചന വകുപ്പിന് ആരാണ് അധികാരം നല്‍കിയത് ? നിയമത്തിന്റെ പരിധിയില്‍ ഏതെങ്കിലും ഓഫീസ് വരുമോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ ആ ഓഫീസിനെത്തന്നെ ഏല്‍പ്പിക്കുന്നതുപോലൊരു അബദ്ധം ഇന്ത്യന്‍ പാര്‍ലമെന്റ് കാണിക്കുമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടോ എന്തോ.

വിവരാവകാശത്തിന്റെ ഒന്നാമത്തെ ഗുണഭോക്താവ് മാധ്യമപ്രവര്‍ത്തകനാണ്.  ഈ നിയമം വരുന്നതുവരെ പൗരനെ വിവരമറിയിക്കുന്നത് ഒരു തൊഴില്‍ബാധ്യതയാക്കിയ ഏക കൂട്ടര്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു. നിയമംവന്നതോടെയാണ് പൗരന് നേരിട്ട് വിവരം തേടാം എന്നുവന്നത്. നിയമം ദുര്‍വ്യാഖ്യാനിച്ചും ഉത്തരവുകളിറക്കിയും ഈ അവകാശങ്ങളെങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തോട് പൗരന്മാര്‍ക്കൊപ്പം നിന്ന് ചെറുക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ട്. ഒറ്റ  നോട്ടത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി എന്ന് തോന്നിപ്പിച്ചേക്കുമെങ്കിലും ഇത്തരം നീക്കങ്ങളെല്ലാം ആത്യന്തികമായി ജനവിരുദ്ധമാണ്. അത് തിരിച്ചരിയുക എന്നതാണ് വിവരാവകാശനിയമത്തിന്റെ അടിത്തറ, അതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെയും അടിത്തറ.

Sunday, 27 July 2014

പുനഃസംഘടനാജ്വരം
മഴക്കാലത്ത് നാനാവിധം നാടന്‍, വിദേശനിര്‍മിത പനികള്‍ വന്നുകയറാറുള്ളതുപോലെ കോണ്‍ഗ്രസ്സില്‍ സമയാസമയത്ത് ജ്വരം ഉണ്ടാവുക എന്നതാണ് ന്യായം. അതുകൊണ്ടാവും, മുഖ്യമന്ത്രിതന്നെ പുതിയ നാടന്‍ ഇനം രോഗാണുവിനെ തുറന്നുവിട്ടത്

മൂന്നാം വയസ്സിനും നാലാം വയസ്സിനുമിടയില്‍ സാധാരണ ഉണ്ടാകാറുള്ളതാണ് ഈ പ്രത്യേക ഇനം ജ്വരബാധ. മുന്‍കാല യു.ഡി.എഫ്. മന്ത്രിസഭകള്‍ക്കെല്ലാം ജനപ്രീതി ഓടയില്‍ കിടന്ന ഘട്ടങ്ങളിലാണ് ഇതുണ്ടായത്. ഉടനീളം വിറ, അത്തുംപിത്തും പറച്ചില്‍, കൈകാല്‍വീശി ഘടകകക്ഷികളെ ഭയപ്പെടുത്തല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മാധ്യമങ്ങളിലെ രാഷ്ട്രീയവൈദ്യന്മാര്‍ ഇതിന് പുനഃസംഘടന, നേതൃമാറ്റം, പ്രതിച്ഛായ വീണ്ടെടുക്കല്‍ തുടങ്ങിയ പേരുകളിടുകയും ഒറ്റമൂലികള്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ട്. മൂന്നാം വയസ്സിനുശേഷം ഒരു ലോക്‌സഭാതിരഞ്ഞെടുപ്പോ പഞ്ചായത്ത് തിരഞ്ഞെടുപ്പോ വന്ന് യു.ഡി.എഫ്. മനോഹരമായി തോല്‍ക്കുമ്പോഴാണ് ഇതിന് അരങ്ങൊരുങ്ങുക. മുഖ്യമന്ത്രിയെ എതിര്‍ഗ്രൂപ്പിന് മാത്രമല്ല, വഴിയേപോകുന്ന ആര്‍ക്കും തെരുവോരത്ത് കെട്ടിത്തൂക്കിയ ചെണ്ടയിലെന്നപോലെ കൊട്ടാവുന്ന അവസ്ഥയുണ്ടാകും. ചിലര്‍ കടിച്ചുതൂങ്ങി പ്രതിച്ഛായയിലെ ഛായ നഷ്ടപ്പെട്ട് ശരിക്കും പ്രതിയാകും. കേന്ദ്രത്തില്‍ വല്ലതും ഒപ്പിക്കാം എന്നുറപ്പുള്ളവര്‍ അങ്ങോട്ടുപോകുന്നതും കണ്ടുവരുന്നു.

ഇത്തവണ വയസ്സ് മൂന്ന് പിന്നിട്ടിട്ടും ജ്വരം വരാത്തതില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കടുത്ത മനഃപ്രയാസമുണ്ടായെന്നാണ് മനസ്സിലാക്കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നെങ്കില്‍ ആരോടും ചോദിക്കാതെ വിറയും പനിയും വന്നുകേറുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. തോല്‍ക്കണമെന്ന് നമ്മള്‍ തീരുമാനിച്ചാലും ജനം സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യും? പക്ഷേ, മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ വികാരം മാനിക്കാതിരിക്കാതെ പറ്റില്ല. മഴക്കാലത്ത് നാനാവിധം നാടന്‍, വിദേശനിര്‍മിത പനികള്‍ വന്നുകയറാറുള്ളതുപോലെ കോണ്‍ഗ്രസ്സില്‍ സമയാസമയത്ത് ജ്വരം ഉണ്ടാവുക എന്നതാണ് ന്യായം. അതുകൊണ്ടാവും മുഖ്യമന്ത്രിതന്നെ പുതിയ നാടന്‍ ഇനം രോഗാണുവിനെ തുറന്നുവിട്ടത്.

ഒരു മുഖ്യമന്ത്രിക്ക് ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ചെയ്യാവുന്ന കാര്യം എന്ത് എന്ന് ക്വിസ് മത്സരത്തില്‍ ചോദിച്ചാല്‍ ലോവര്‍ ്രൈപമറി കുട്ടികള്‍പോലും ഉത്തരമെഴുതും മന്ത്രിസഭ ഉണ്ടാക്കല്‍ എന്ന്. പത്തറുപത് വര്‍ഷമായി ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ചെയ്തുപോന്നതാണ് ഇക്കാര്യം. ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്ക് പടച്ചതമ്പുരാനുമായി മാത്രമേ കണ്‍സള്‍ട്ട് ചെയ്യേണ്ടതുള്ളൂ. ഇന്ദിരാജിയാണ് ഇക്കാര്യത്തില്‍ ലോകറെക്കോഡ് ഇട്ട പ്രധാനമന്ത്രി. ഒരു മുന്നറിയിപ്പുമില്ലാതെ ഇടയ്ക്കിടെ അവര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുമായിരുന്നു. അതുകൊണ്ടുള്ള പ്രയോജനം, മന്ത്രിസ്ഥാനം നഷ്ടപ്പെടുംവരെ ഉറക്കമില്ലാതെ കഷ്ടപ്പെട്ടുകൊള്ളും എന്നതാണ്. മനുഷ്യന്‍ കണ്ടുപിടിച്ചതില്‍വെച്ച് ഏറ്റവും വലിയ പീഡനമാണത്. ആളിനെ ഉറങ്ങാന്‍ സമ്മതിക്കാതിരുന്നാല്‍ ആളെക്കൊണ്ട് എന്തും ചെയ്യിക്കാം. എന്തും ചെയ്യുന്നവരായിരുന്നു ഇന്ദിരാജിയുടെ മന്ത്രിമാരേറെയും.
നേരേ എതിര്‍ധ്രുവത്തിലായിരുന്നു നമ്മുടെ എക്‌സ് പ്രധാനമന്ത്രി. അദ്ദേഹവും കോണ്‍ഗ്രസ് തന്നെ. പക്ഷേ, കാര്യമില്ല. ഡോ. മന്‍മോഹന്‍സിങ്ങിന് ഒരു മന്ത്രിയെപ്പോലും സ്വയമേവ നിയമിക്കാന്‍ പറ്റുമായിരുന്നില്ല. ഘടകകക്ഷിമന്ത്രിമാരെ നിയമിക്കാനും മാറ്റാനും അതത് പാര്‍ട്ടി ഉടമസ്ഥന്മാര്‍ പറയണം. പ്രധാനമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരെ തീരുമാനിക്കുന്നത് സോണിയാജിയുമായിരുന്നു. പാര്‍ട്ടി പ്രസിഡന്റുമാര്‍ അയയ്ക്കുന്ന ലിസ്റ്റ് പിന്‍ചെയ്ത് അടിയില്‍ ഒപ്പുവെച്ച് രാഷ്ട്രപതിഭവനിലേക്ക് അയച്ചാല്‍ മതിയായിരുന്നു. ആരെന്നൊന്നും വായിച്ചുനോക്കേണ്ട കാര്യമില്ല. പേര് വായിച്ചാല്‍ ആരെയും മനസ്സിലാവില്ല. പിറ്റേദിവസം പത്രത്തില്‍ ഫോട്ടോ വരുമ്പോള്‍ ആളെ മനസ്സിലാക്കാമല്ലോ.

ഉമ്മന്‍ചാണ്ടിയുടെ പ്രശ്‌നം ഘടകകക്ഷികളല്ല. അതത്രെ എളുപ്പം. ലീഗിന്റെ മന്ത്രിയെ മാറ്റിക്കിട്ടണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയോടും ലീഗ് പ്രസിഡന്റിനോടും പറഞ്ഞാല്‍ മതി; കേരള കോണ്‍ഗ്രസ്സുകാരെ മാറ്റാന്‍ മാണിസാറിനോടും. പ്രശ്‌നം മുഴുവന്‍ സ്വന്തം പാര്‍ട്ടിതന്നെ എന്നുപറഞ്ഞാലും അതും ഭാഗിക സത്യംമാത്രം. ഇഷ്ടംപോലെ പ്രശ്‌നങ്ങളുണ്ട്. അത് ഹൈക്കമാന്‍ഡ് കൈകാര്യംചെയ്തുകൊള്ളും. അവിടെ ഇപ്പോള്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് 24 മണിക്കൂര്‍കൊണ്ട് ലിസ്റ്റ് ഉണ്ടാക്കിത്തരും. പക്ഷേ, അങ്ങനെ ചെയ്യില്ല. ഇവിടെ ഒരു നിശ്ചിതകാലം കോണ്‍ഗ്രസ്സുകാര്‍ക്ക് ഗൂഢാലോചന നടത്താനും ഗ്രൂപ്പ് തിരിഞ്ഞ് ബലം നോക്കാനും പത്രപ്രസ്താവന ഇറക്കാനും ചാനല്‍ചര്‍ച്ചയില്‍ അലമ്പുണ്ടാക്കാനും അവസരം നല്‍കിയില്ലെങ്കില്‍ അവര്‍ നിരാശരാകും. ഹൈക്കമാന്‍ഡ് അങ്ങനെ ചെയ്യാന്‍ പാടില്ലല്ലോ. അതുകൊണ്ട് കുറച്ചുമാസം അത് നടക്കും. ആ സമയത്ത് പത്രത്തില്‍ വേറെ അലമ്പുണ്ടാക്കുന്ന ഹെഡ്ഡിങ്ങുകള്‍ വരില്ല എന്ന ഗുണവുമുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ഥ തലവേദന വേറെ ആര്‍ക്കും ഇല്ലാത്ത ഒന്നാണ്. ആളുകള്‍ വിചാരിക്കും യു.ഡി.എഫില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, മൂന്നിനം കേരള കോണ്‍ഗ്രസ്സുകള്‍, ഒരിനം എസ്.ജെ.ഡി., ഒരു പ്രത്യേക ഇനം ആര്‍.എസ്.പി. എന്നിവയേ ഉള്ളൂ എന്നാണ്. ഔദ്യോഗികരേഖകളില്‍ ഇത്രയേ കാണൂ. പക്ഷേ, കാണപ്പെടുന്ന ഘടകകക്ഷികളുടെ പലയിരട്ടി അദൃശ്യ ഘടകകക്ഷികളുണ്ട്. പല വേഷത്തില്‍ അവര്‍ പല കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പാര്‍ട്ടികളൊന്നുമല്ല, തങ്ങളാണ് വോട്ട് ഉണ്ടാക്കിത്തരുന്നത് എന്ന് യു.ഡി.എഫുകാരെ അവര്‍ ധരിപ്പിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് കൈകാര്യംചെയ്യുന്നത് കോണ്‍ഗ്രസ്സല്ല, എന്‍.എസ്.എസ്. ആണ്. റവന്യൂവകുപ്പ് കൈകാര്യംചെയ്യുന്നത് എസ്.എന്‍.ഡി.പി.യാണ്. വകുപ്പുകള്‍ ഇങ്ങനെ പല കൂട്ടരുടെയും പോക്കറ്റിലാണ്. ഗ്രൂപ്പുകളും ഘടകകക്ഷികളും ഈ ഇനം അനൗദ്യോഗിക ഘടകകക്ഷികളും ചേര്‍ന്നാല്‍ വലിയ ആള്‍ക്കൂട്ടമാണ്. പള്ളിയില്‍ പോയി പ്രാര്‍ഥിച്ചില്ലെങ്കിലും ദൈവം പൊറുക്കും. ജാതിമത ദൈവങ്ങളെ ചെന്നുകണ്ട് മുട്ടുകുത്തിയില്ലെങ്കില്‍ പൊറുക്കില്ല. ഒരു ദൈവം പറയുന്നത് മറ്റേ ദൈവം സമ്മതിക്കില്ല. എല്ലാ ദൈവങ്ങളെയും മെരുക്കിയെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആരും ധൃതി കൂട്ടരുത്. പണി കുറച്ച് നീണ്ടുനില്‍ക്കും.

                                                                ****

ദൈവനിന്ദ, മതനിന്ദ എന്നൊക്കെയുള്ളതുപോലുള്ള വലിയ കുറ്റമാണ് സെക്രട്ടേറിയറ്റ് നിന്ദ. അതാണ് നമ്മുടെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ചെയ്തിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിമാരും എം.എല്‍.എ. മാരുമൊക്കെയാണെന്നത് തെറ്റിദ്ധാരണ മാത്രമാണ്. മന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. പക്ഷേ, തീരുമാനം നടപ്പാക്കണമോ എന്ന് തീരുമാനിക്കുന്നത് സെക്രട്ടേറിയറ്റിലെ ദൈവങ്ങളാണ്. അവരെ ഗുമസ്തന്മാര്‍ എന്നുവിളിച്ച് നിന്ദിക്കരുതേ ഡോ. ഐസക് സഖാവേ. അവര്‍ വെറും ക്ലര്‍ക്കുമാരല്ല, ഗ്‌ളോറിഫൈഡ് ക്ലര്‍ക്കുമാരാണ്. ദൈവികത്വമുള്ള പണ്ഡിതര്‍ എന്ന അര്‍ഥത്തിലാണ് പണ്ടുകാലത്ത് ക്ലാര്‍ക്ക് എന്ന് വിളിച്ചിരുന്നതുതന്നെ.

ഒരു സ്‌കൂളിലെ കുട്ടികള്‍ക്ക് കുടിവെള്ളം ശുദ്ധമാക്കി കിട്ടാനുള്ള എം.എല്‍.എ.യുടെ ശ്രമമാണ് സെക്രട്ടേറിയറ്റ് കുട്ടിദൈവങ്ങള്‍ കഷ്ടപ്പെട്ട് മുടക്കിയത്. തീരുമാനം വര്‍ഷങ്ങള്‍ വൈകിക്കാന്‍ ബന്ധപ്പെട്ട ഫയലുകള്‍ അവര്‍ അരഡസന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കെങ്കിലും അയച്ചുകാണും. നൂറ്റൊന്ന് ക്വെറികള്‍ എഴുതിപ്പിടിപ്പിക്കാന്‍ പെടാപ്പാട് പെട്ടുകാണും. എന്നിട്ടും ഇതിനെതിരെ ലേഖനമെഴുതിയ എം.എല്‍.എ. ചെയ്തത് അക്ഷന്തവ്യമായ കുറ്റംതന്നെ.

പൊതുവായ ചില തത്ത്വങ്ങള്‍ സെക്രട്ടേറിയറ്റില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഫയല്‍ എത്രയും വേഗം തീര്‍പ്പാക്കുക എന്നതല്ല, എത്രയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് ശരി. ഒരു ഫയലില്‍നിന്ന് അനേകം പുതിയ ഫയലുകള്‍ ഉയിര്‍ത്തുവരണം. ഓരോ തുള്ളിച്ചോരയില്‍നിന്നും... എന്ന പടപ്പാട്ടില്ലേ, ആ സ്‌റ്റൈലില്‍ ഫയലുകളും പെരുകണം. ഫയലുകള്‍ എത്ര കാലം വെച്ചുതാമസിപ്പിക്കാമോ അത്രയും താമസിപ്പിക്കണം. എത്ര സെക്ഷനുകളിലേക്ക് അയച്ച് അതിനെ വട്ടംകറക്കണമോ അത്രയും വട്ടംകറക്കണം. നിയമപ്രകാരം ഒരു പ്രത്യേക അധികാരം തങ്ങള്‍ക്കില്ല എന്ന് തോന്നിയാലും അതൊരിക്കലും സമ്മതിച്ചുകളയരുത്. എല്ലാ അധികാരവും തങ്ങള്‍ക്കാവണം. ഏത് ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്ത് പുതിയ തസ്തിക ഉണ്ടായാലും അത് ആദ്യം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഒരു ഫോണ്‍സന്ദേശത്തിലൂടെ അറിയാവുന്ന കാര്യവും അങ്ങനെ അറിയിച്ചുകൂടാ. കീഴേക്ക് ഒരു ക്വറി തട്ടിയേക്കണം. മറുപടി കിട്ടിയാല്‍ കൂടുതല്‍ വലിയ സംശയത്തിനും ഫയലിനും രൂപം നല്‍കുന്നതാവണം തീരുമാനം. അങ്ങനെ ഫയലുകള്‍ പെരുകുന്നതിനെയാണ് വികസനം എന്ന് വിളിക്കേണ്ടത്.

ഐ.എ.എസ്സുകാര്‍ വിവരമില്ലാത്തവരും താഴേക്കിടക്കാര്‍ ബുദ്ധിജീവികളും ആയതുകൊണ്ട്, മേലേക്കിട ഉദ്യോഗസ്ഥരില്‍ നിന്ന് താഴേക്കിടയിലേക്ക് മുഴുവന്‍ അധികാരവും എത്തിക്കുന്നതിനെയാണ് അധികാരവികേന്ദ്രീകരണം എന്ന് വിളിക്കേണ്ടത്. എന്ത് വിവരക്കേട് താഴെയുള്ളവര്‍ എഴുതിയാലും മേലെ ആരും വായിച്ച് തിരുത്തരുത്. വെറുതെ കു വരച്ച് വിട്ടാല്‍ മതി.
90 ശതമാനം രാഷ്ട്രീയക്കാര്‍ ബാക്കി 10 ശതമാനത്തിന് ചീത്തപ്പേരുണ്ടാക്കുന്നു എന്നാരോ പരിഹസിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ ഈ ശതമാനക്കണക്ക് വ്യക്തമല്ല.
npr@mpp.co.in


Saturday, 26 July 2014

വീക്ഷണപ്രഹരം
കഴിഞ്ഞദിവസം, വിദ്യാഭ്യാസവകുപ്പ് ഈജിയന്‍ തൊഴുത്താണ് എന്ന് എഴുതിക്കളഞ്ഞു
കോണ്‍ഗ്രസ്സിന്റെ പത്രം. എന്നാലോ നികൃഷ്ടന്മാര്‍ ഒരിടത്തും ഒരു ബ്രാക്കറ്റില്‍
പോലും ഈ ഈജിയന്‍തൊഴുത്ത് എന്ത് കുണ്ടാമണ്ടിയാണ് എന്ന് കൊടുത്തില്ല
മുഖപത്രംകൊണ്ട് എന്താണ് പ്രയോജനമെന്ന് കോണ്‍ഗ്രസ്സിന് കുറേശ്ശേ മനസ്സിലായിവരുന്നുണ്ട്. പാര്‍ട്ടിയുടെ നയം ജനങ്ങളിലെത്തിക്കാനാണ് മുഖപത്രം എന്നാണ് പഴയ സങ്കല്‍പ്പം. ഇവിടെ അതിന്റെ ആവശ്യമില്ല. നയം ഉണ്ടായാലല്ലേ അതറിയിക്കാന്‍ പത്രം വേണ്ടൂ. നയമിതാണ് എന്ന് കരുതി വല്ലതും എഴുതിയാല്‍, അതല്ല നയം, ഇതാണ് നയം എന്ന് വ്യാഖ്യാനിച്ച് നാല് കെ.പി.സി.സി. ഭാരവാഹികളും രണ്ട് മന്ത്രിമാരും ചാടിവരും. വെറുതെ എന്തിന് പൊല്ലാപ്പുണ്ടാക്കുന്നു. പാര്‍ട്ടിപ്പത്രംകൊണ്ട് അതല്ല പ്രയോജനം. ഘടകകക്ഷികളുടെ മണ്ടയ്ക്കിട്ട് ഒന്ന് കൊടുക്കണമെന്ന് തോന്നിയാല്‍ ഉപയോഗിക്കാവുന്ന ഇത്രയും നല്ല വടി വേറെയില്ല.
മൃദുലമായ വടിയാണ്. ആഞ്ഞുകൊടുത്താലും ഘടകന് നോവുകയൊന്നുമില്ല. ആരോ ഞോണ്ടിയതാണ് എന്നേ ഘടകകക്ഷി ആദ്യം കരുതൂ. മുടി നേരേയാക്കാന്‍ തലതടവി ചുമ്മാ അങ്ങ് നടന്നുപോകും. അപ്പോഴാണ്, കോണ്‍ഗ്രസ് മുഖപത്രം ഇതാ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ മണ്ടയ്ക്കടിച്ചേ എന്ന മുറവിളി ടി.വി. ചാനലുകളില്‍നിന്ന് ഉയരുക. അടിച്ച ഉടനെ അവരെ വിവരമറിയിച്ചിട്ടുണ്ടാവുമല്ലോ. അല്ലാതെ ആരാണ് നേരം പുലരും മുമ്പ് പാര്‍ട്ടിപ്പത്രത്തിന്റെ മുഖപ്രസംഗമൊക്കെ വായിക്കുന്നത്! പെന്‍ഷന്‍കാര്‍ക്ക് നേരംപോക്കാന്‍വേണ്ടി കണ്ടുപിടിച്ച ഒരു പംക്തിയാണ് മുഖ്യധാരാപത്രങ്ങളില്‍പ്പോലും മുഖപ്രസംഗം. ചാനലുകളില്‍ നേരം പരാപരാ വെളുക്കുംമുമ്പ് ചര്‍ച്ച തുടങ്ങേണ്ടതുകൊണ്ട് മുഖപ്രസംഗത്തിന്റെ ഒരു കോപ്പി മുന്‍കൂട്ടി എത്തിച്ചുകൊടുക്കേണ്ടിവരും. ചര്‍ച്ചാത്തൊഴിലാളികള്‍ക്കും കോപ്പി കൊടുക്കണം. ചില പാര്‍ട്ടിപ്പത്രങ്ങള്‍ ഇറങ്ങുന്നുണ്ട് എന്ന് പൊതുജനം അറിയുന്നതുതന്നെ ഇങ്ങനെ ചില മുഖപ്രസംഗങ്ങള്‍ എഴുതുമ്പോള്‍ മാത്രമാണ്. കോണ്‍ഗ്രസ് പത്രം ലീഗിനെക്കുറിച്ചും ലീഗ് പത്രം കോണ്‍ഗ്രസ്സിനെക്കുറിച്ചും മുഖപ്രസംഗമെഴുതുന്നതുതന്നെ ഇതിനാണ് എന്ന് വ്യാഖ്യാനിച്ചുകളയരുതാരും. ദിവസവും എന്തെല്ലാം ഖടാഗഡിയന്‍ വിഷയങ്ങളെക്കുറിച്ച് അവര്‍ മുഖപ്രസംഗം എഴുതുന്നു. ആരും മൈന്‍ഡ് ചെയ്യാത്തത് അവരുടെ കുറ്റമല്ലല്ലോ. ഒബാമ രാജിവെക്കണം എന്ന് മുഖപ്രസംഗമെഴുതിയാല്‍ ചാനലുകാരൊന്നും കണ്ടതായി നടിക്കില്ല. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന് എഴുതിയാല്‍ ചാടിയിറങ്ങും തത്സമയവും ചര്‍ച്ചയുമൊക്കെയായി. പിന്നെയെന്തുചെയ്യും ?

കഴിഞ്ഞദിവസം, വിദ്യാഭ്യാസവകുപ്പ് ഈജിയന്‍ തൊഴുത്താണ് എന്ന് എഴുതിക്കളഞ്ഞു കോണ്‍ഗ്രസ്സിന്റെ പത്രം. എന്നാലോ നികൃഷ്ടന്മാര്‍ ഒരിടത്തും ഒരു ബ്രാക്കറ്റില്‍ പോലും ഈ ഈജിയന്‍തൊഴുത്ത് എന്ത് കുണ്ടാമണ്ടിയാണ് എന്ന് കൊടുത്തില്ല. ലീഗുകാര്‍ക്ക് അതാണ് തീരേ സഹിക്കാതിരുന്നത്. രാവിലെത്തന്നെ അതെന്ത് എന്ന് തിരഞ്ഞുനടക്കേണ്ടിവന്നു. മുപ്പതിനായിരം കാളകളുണ്ടായിരുന്ന ഒരു തൊഴുത്ത് മുപ്പതുവര്‍ഷം വൃത്തിയാക്കാതെ ഇട്ടതിനെക്കുറിച്ചാണ് സംഗതി എന്ന് ചില കിത്താബുകള്‍ നോക്കി കണ്ടുപിടിച്ചപ്പോഴാണ് സമാധാനമായത്. എന്തായാലും കാളയല്ലേ, സാരമില്ല. ഇവിടെ മുസ്ലിം ലീഗ് അധികാരത്തില്‍വന്നിട്ടുതന്നെ മൂന്നുവര്‍ഷമേ ആയിട്ടുള്ളൂ. പിന്നെയെന്തിന് മുപ്പത് വര്‍ഷത്തിന്റെ കണക്ക് പറഞ്ഞത്? മുസ്ലിം ലീഗിന് ഇവിടെ ആകെ 20 എം.എല്‍.എ.മാരേ ഉള്ളൂ. പിന്നെയെന്തിന് മുപ്പതിനായിരം കാളയുടെ കണക്കൊക്കെ പറയുന്നത്? വീക്ഷണംകാരുടെ വിലക്ഷണവീക്ഷണം എന്നല്ലാതെന്തുപറയാന്‍. അതിശയോക്തിക്കും വേണ്ടേ ഒരു അതിരൊക്കെ. യു.ഡി.എഫിനെയാണ് ഈജിയന്‍ തൊഴുത്ത് എന്ന് വിശേഷിപ്പിച്ചിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു.

പാര്‍ട്ടിപത്രത്തിലെ മുഖപ്രസംഗമാവുമ്പോള്‍ അതെപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് തള്ളിപ്പറയാം എന്നതാണ് പ്രയോജനം. പാര്‍ട്ടി പ്രസിദ്ധീകരണത്തിലെ മുഖപ്രസംഗം പാര്‍ട്ടി നയത്തിന് എതിരാവരുത് എന്ന മിനിമം അറിവെങ്കിലും ഉണ്ടാവും പത്രാധിപര്‍ക്ക്. അതില്ലാതെ അവര്‍ പത്രാധിപസ്വാതന്ത്ര്യം എന്ന വാളെടുത്തുവീശില്ല. പാര്‍ട്ടിനയം എന്ത് എന്ന നിശ്ചയമില്ലായ്മ സാധാരണമാണ് താനും. അതുകൊണ്ട് ഘടകകക്ഷിയെ ഞോണ്ടുന്ന മുഖപ്രസംഗം എഴുതുംമുമ്പ് സംഗതി പാര്‍ട്ടി പ്രസിഡന്റിനെ അറിയിച്ച് അനുമതി കടലാസിലാക്കിയില്ലെങ്കില്‍ വിവരമറിയും. മന്ത്രിസഭായോഗത്തില്‍ എടുത്ത തീരുമാനത്തെ എതിര്‍ത്ത് മുഖ്യഘടകകക്ഷിയുടെ പത്രം മുഖപ്രസംഗം എഴുതുന്ന സമ്പ്രദായം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. ലീഗ് നിര്‍ദേശത്തെ മന്ത്രിസഭായോഗത്തില്‍ എതിര്‍ത്തുതോല്‍പ്പിക്കാന്‍ കഴിയാതെ നെട്ടെല്ല് വളച്ച് ഇരുന്നുകൊടുത്തതാണ് പ്രശ്‌നം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും നെട്ടെല്ല് നിവരുന്നില്ല. പിടിച്ച് ബലംപ്രയോഗിച്ച് നിവര്‍ത്തിയാല്‍ പൊട്ടിപ്പോകും. അത് നിവര്‍ത്താന്‍ മുഖപ്രസംഗതൈലം പുരട്ടിയാല്‍ മതി എന്നേതോ വൈദ്യന്‍ നിര്‍ദേശിച്ചുവെന്നുതോന്നുന്നു. ഫലമൊന്നും കാണാനില്ല.

എന്തായാലും മുഖപ്രസംഗം എഴുതുംമുമ്പ് തീരുമാനിച്ചതുപ്രകാരം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുഖപ്രസംഗത്തിന് എതിരെയും രണ്ടുപേര്‍ അനുകൂലമായും പ്രസ്താവന ഇറക്കുകയുണ്ടായി. യു.ഡി.എഫ്. ഭരണകാലത്ത് വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായെന്നും (ഹേ... സത്യം?) അതിന് വിദ്യാഭ്യാസമന്ത്രിയാണ് നേതൃത്വം നല്‍കിയതെന്നും അതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നുമൊക്കെ കെ.പി.സി.സി.യുടെ ഒരു വൈസ് പ്രസിഡന്റായ (ഏക വൈസ് അല്ല, ഡസനില്‍ ഒന്ന് ) എം.എം. ഹസ്സന്‍ പ്രസ്താവിച്ചത് കേട്ട് മുസ്ലിം ലീഗിന് ചില്ലറ മനസ്സമാധാനം കിട്ടിക്കാണുമെന്നാണ് കരുതുന്നത്. കിട്ടിക്കോട്ടെ. പത്രത്തിന്റെ അഭിപ്രായമാണ് എഴുതിയതെന്നും അതില്‍ വിവാദം വേണ്ടെന്നും പത്രാധിപര്‍ എ.സി. ജോസും പ്രസ്താവിച്ചു. തീര്‍ന്നില്ലേ പ്രശ്‌നം? പാര്‍ട്ടി ഉടമസ്ഥതയിലുള്ള പത്രത്തിന് പാര്‍ട്ടിക്കില്ലാത്ത അഭിപ്രായമോ? ഇതാര്, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയോ കേസരി ബാലകൃഷ്ണപ്പിള്ളയോ എ.സി. ജോസ് പിള്ളയോ എന്നൊന്നും ചോദിച്ചേക്കല്ലേ...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിജയത്തിനുശേഷം കീറാമുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മനഃപ്രയാസമുണ്ടായിരുന്നു. പ്ലസ് ടു കീറാമുട്ടിയുടെ ബലം കൂട്ടാന്‍വേണ്ടിയാണ് വീക്ഷണം കീറാമുട്ടി എടുത്തിട്ടത്. അതിന് പുറമേ ഇപ്പോള്‍ മന്ത്രിസഭാ പുനഃസംഘടനാ കീറാമുട്ടി, ബാര്‍ കീറാമുട്ടി, ഗണേശ്കുമാര്‍ കീറാമുട്ടി, ജി. കാര്‍ത്തികേയന്‍ കീറാമുട്ടി എന്നിവയൊക്കെ ഉണ്ടല്ലോ. ഒരു വിധം സമാധാനമായി ഉറങ്ങാനാവും.

                                                                     ****

ഇതാ മാണിസാറിന്റെ ഒരു പുത്തന്‍ ഐഡിയ. കേരളാ കോണ്‍ഗ്രസ് യോഗങ്ങളില്‍ നേതാക്കള്‍ പ്രസംഗാരംഭത്തില്‍ 'പ്രിയപ്പെട്ട...' എന്ന് തുടങ്ങി സ്‌റ്റേജിലും സ്‌റ്റേജിന് സൈഡിലും സദസ്സിലും ഇരിക്കുന്ന സകലരുടെയും പേര് പറയുന്ന സമ്പ്രദായം അവസാനിപ്പിക്കണം. സകല മന്ത്രിമാരുടെയും പ്രശ്‌നമാണ് അദ്ദേഹം ഉന്നയിച്ചത്. രാവിലെ പുറപ്പെട്ട് പത്ത് യോഗത്തില്‍ പങ്കെടുത്ത് മന്ത്രി ഒരോന്നിലും അമ്പത് പേരുകള്‍ ഓര്‍ത്തെടുത്ത് വിളിച്ച് പറയുമ്പോഴേക്കും അവസാനയോഗത്തിനെത്തുന്നത് ഒരു മണിക്കൂറെങ്കിലും വൈകുമെന്ന് ഉറപ്പ്. പത്ത് യോഗത്തില്‍ ഓരോ ആളുടെ പേരെങ്കിലും വിട്ടുപോയിട്ടുണ്ടാകും. ശരാശരി ഒരു ദിവസം പത്ത് എന്ന തോതില്‍ ഈ വകയില്‍ ശത്രുക്കളെയും സൃഷ്ടിക്കുകയാവും ഫലം. മേലില്‍ അധ്യക്ഷന്റെയും മുഖ്യാതിഥിയുടെയും പേര് പറഞ്ഞാല്‍ മതി.
മാണിസാര്‍ പറഞ്ഞാലും കേരളാ കോണ്‍ഗ്രസ്സുകാര്‍ ഇത് അംഗീകരിക്കുമോ എന്ന് ഉറപ്പില്ല. മാണിസാറിന് തന്നെ ഇത് നാളെ ഓര്‍മയുണ്ടാകുമോ എന്നും ഉറപ്പില്ല. മന്ത്രിമാരെങ്കിലും നടപ്പാക്കിയാല്‍ നാട്ടുകാര്‍ക്ക് സമയലാഭം കിട്ടുമായിരുന്നു.
അമേരിക്കയില്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ഒരാള്‍ പറഞ്ഞു, അവിടെ സ്വീകരണയോഗത്തിലും മറ്റും പ്രസംഗിക്കുന്നത് 35ഉം 40ഉം പേരാണെന്ന്. ആര്‍ക്ക് വേണമെങ്കിലും പ്രസംഗിക്കാം. പക്ഷേ, പ്രിയപ്പെട്ട... പാടില്ല. അവിടെ പത്രങ്ങളേറെയും ഇന്റര്‍നെറ്റിലായതുകൊണ്ട് പ്രസംഗിക്കുന്നവരുടെ മുഴുവന്‍ പേരുകള്‍ കൊടുക്കാന്‍ മടിയില്ല. ന്യൂസ്?പ്രിന്റൊന്നും ചെലവാകില്ലല്ലോ.

                                                                  ****

ആരാച്ചാര്‍ക്കുള്ള പ്രതിഫലം രണ്ട് ലക്ഷം രൂപയാക്കിയത്രെ. സര്‍ക്കാറിന്റെ ഓരോരോ മണ്ടത്തരങ്ങള്‍ എന്നല്ലാതെന്തുപറയാന്‍. ഇതിന്റെ പകുതി തുക കൊടുത്താണ് ക്വട്ടേഷന്‍ സംഘക്കാര്‍ വളരെ കഷ്ടപ്പെട്ട് ആളുകളെ ഓടിച്ചിട്ട് പിടിച്ച് വെട്ടിക്കൊല്ലുന്നത്. പിടിക്കപ്പെട്ടാല്‍ കേസ് നടത്താന്‍ത്തന്നെ ചെലവാകും പ്രതിഫലത്തുക. ആരാച്ചാറിന് ഈ പറഞ്ഞ ബുദ്ധിമുട്ടുകളൊന്നുമില്ല. ആരാണ് കൊന്നതെന്നുപോലും പുറത്തറിയില്ല. കൊല്ലപ്പെട്ട ആള്‍ക്കുവേണ്ടി പ്രതികാരം ചെയ്യാന്‍ വേറെ ക്വട്ടേഷന്‍സംഘം രംഗത്തിറങ്ങുകയുമില്ല. അഞ്ഞൂറുരൂപ മാത്രം പ്രതിഫലം വാങ്ങി കൊല്ലുന്നതിനെ പരിഹസിച്ച് ആരാച്ചാരോട് ആരോ 'കാളയെ കൊന്നാല്‍ ഇതിലേറെ കിട്ടുമല്ലോ' എന്ന് സിനിമയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയുണ്ട്. കാളയെ കൊന്നാല്‍ കാശല്ലേ കീട്ടൂ പുണ്യം കിട്ടില്ലല്ലോ എന്ന്. ക്വട്ടേഷന്‍ ആരാച്ചാര്‍മാര്‍ക്കും അത് ചോദിക്കാവുന്നതാണ്. പുണ്യം കിട്ടിയില്ലെങ്കിലും ജയിലും നരകവും കിട്ടില്ലല്ലോ.

npr@mpp.co.in

Friday, 18 July 2014

ഇനി പഠിപ്പു (മുടക്കാത്ത) സമരംപഠിപ്പാണ് പ്രധാനം,പഠിപ്പുമുടക്കല്ല എന്നതാണ് ആ പ്രസംഗത്തിന്റെ കാതല്‍. വിപ്ലവം കുറച്ചേറിയപ്പോള്‍ അത് പ്രതിവിപ്ലവപരമായോഎന്നൊരു സംശയം. വേറെ പ്രശ്‌നമൊന്നുമില്ല


വിവാദവിഷയങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ക്ഷാമമുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇ.പി. ജയരാജന്‍ സഖാവ് പുതിയ ഒരെണ്ണമെടുത്ത് പുറത്തിട്ടിട്ടുണ്ട്. എസ്.എഫ് ഐ. സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ വിളിക്കപ്പെട്ടതുകൊണ്ട് വിഷയം വിദ്യാഭ്യാസമാകട്ടെ എന്ന് അദ്ദേഹം നിശ്ചയിച്ചു. വിദ്യാഭ്യാസം അദ്ദേഹം സ്‌പെഷലൈസ് ചെയ്യുന്ന വിഷയമാണോ എന്നൊന്നും ചോദിക്കരുത്. അങ്ങനെ വിഷയങ്ങള്‍ക്ക് പ്രത്യേകം അധികാരിയൊന്നും ആവശ്യമില്ല. നാം എല്ലാറ്റിനെക്കുറിച്ചും അറിഞ്ഞിരിക്കണം. പ്രസംഗിക്കാന്‍ വിളിച്ചാല്‍ ഉള്ള അറിവുവെച്ച് കാച്ചിവിടണം. അല്ലാതെ, പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്ടറേറ്റ് എടുത്തിട്ടൊന്നും അഭിപ്രായം പറയാന്‍ പറ്റില്ല. മഹാത്മാഗാന്ധി മഹാ വിദ്യാഭ്യാസപണ്ഡിതനായിട്ടല്ലല്ലോ വാര്‍ധപദ്ധതി, നയിതാലിം തുടങ്ങിയ വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍ തട്ടിക്കൂട്ടിയത്.
സഖാവ് ഇ.പി.യുടെ വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍ വിപ്ലവകരം തന്നെയാണ്. നിലവിലുള്ള ധാരണകളെ തകര്‍ക്കുന്ന ഒന്നിനെയല്ലേ വിപ്ലവകരം എന്ന് വിശേഷിപ്പിക്കാറുള്ളത്. നിലവിലുള്ള ചില ധാരണകളെ പിടലിക്കുപിടിച്ച് പുറന്തള്ളുകയാണ് ഇ.പി. ചെയ്തത്. കുഞ്ഞുസഖാക്കള്‍ കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. വിപ്ലവവീര്യം ജ്വലിപ്പിക്കുന്ന പ്രസംഗംതന്നെയാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. കോളേജുകളും സ്‌കൂളുകളും ഇടിച്ചുനിരത്തണമെന്ന് ആഹ്വാനിക്കുമെന്ന അതിമോഹം ഉണ്ടായിരുന്നില്ലെന്നത് ശരി. അത്ര വേണ്ട. എന്നാല്‍, ബൂര്‍ഷ്വാപരീക്ഷ പാസാകലല്ല നാളത്തെ വിപ്ലവകാരിയുടെ മുഖ്യവിഷയമെന്നെങ്കിലും ആഹ്വാനിക്കും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, സഖാവ് അങ്ങനെയല്ല പ്രസംഗിച്ചത്. പഠിപ്പാണ് പ്രധാനം, പഠിപ്പുമുടക്കല്ല എന്നതാണ് ആ പ്രസംഗത്തിന്റെ കാതല്‍. വിപ്ലവം കുറച്ചേറിയപ്പോള്‍ അത് പ്രതിവിപ്ലവപരമായോ എന്നൊരു സംശയം. വേറെ പ്രശ്‌നമൊന്നുമില്ല.

പഴഞ്ചന്‍ സമരരീതി ഉപേക്ഷിക്കണം എന്നാണ് അദ്ദേഹം പറഞ്ഞുവന്നത്. സമരത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും അറിവും അനുഭവവും ഉള്ളതുകൊണ്ട്, പഠിപ്പുമുടക്ക് പഴഞ്ചനാണെന്ന് പറയുന്നതിനെ നാം മുഖവിലയ്ക്ക് എടുത്തേ തീരൂ. വിദ്യാഭ്യാസത്തിന് ഗുണകരമാവണം സമരരീതി. പക്ഷേ, ആ വിദ്യ എന്ത് എന്നദ്ദേഹം വിവരിച്ചില്ല. അത് വഴിയേ വരുമായിരിക്കും. ചില രാജ്യങ്ങളില്‍ തൊഴിലാളികള്‍ പ്രതിഷേധമറിയിക്കാന്‍ പണി മുടക്കുന്നതിനുപകരം കൂടുതല്‍ സമയം പണിയെടുക്കാറുണ്ടത്രെ. ഭയപ്പെടണം. ഇത് ഇനി കോളേജുകളിലും വന്നേക്കുമോ ? 'ഏപ്രില്‍ ഒന്നിന് സംസ്ഥാനവ്യാപക പഠിപ്പുമുടക്ക് ' എന്നതിനുപകരം 'സംസ്ഥാനവ്യാപക പഠിപ്പ്' എന്ന് എഴുതിയ പോസ്റ്ററുകള്‍ ഒട്ടിക്കേണ്ടിവരുമോ ഭാവിയിലെ വിദ്യാര്‍ഥി സഖാക്കള്‍ക്ക് ?

സഖാവിന്റെ പ്രസംഗംകേട്ട് ചില ബൂര്‍ഷ്വകള്‍ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. എസ്.എഫ്.ഐ. ഇനി പഠിപ്പുമുടക്കരുത് എന്നാണ് സഖാവ് പറഞ്ഞതിന്റെ അര്‍ഥം, സംഘടന ഇനി പഠിപ്പുമുടക്കില്ല എന്ന് പ്രഖ്യാപിച്ചു എന്നും മറ്റും ഇക്കൂട്ടര്‍ ധരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണ മാറ്റാനായി, പഠിപ്പുമുടക്ക് ഉപേക്ഷിച്ചിട്ടില്ല എന്ന് സംഘടന നിസ്സംശയം പ്രഖ്യാപിച്ചിട്ടുണ്ട്. പഠിപ്പുമുടക്കുന്നുകൂടിയില്ലെങ്കില്‍ വിദ്യാര്‍ഥിസംഘടനകൊണ്ട് വിദ്യാര്‍ഥികള്‍ക്കുള്ള പ്രയോജനമെന്താണെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചേക്കും. മറുപടി പറയുക ബുദ്ധിമുട്ടാണ്.
യഥാര്‍ഥത്തില്‍, ഇ.പി.യുടെ പ്രസംഗത്തിലെ സുപ്രധാനഭാഗം ഇതല്ല. വിദ്യാര്‍ഥിസംഘടനകള്‍ പാര്‍ട്ടികളുടെ വാലായി പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്നദ്ദേഹം പറഞ്ഞത്രെ. അതാണ് അസ്സല്‍ വിപ്ലവകരം. പത്രറിപ്പോര്‍ട്ടുകളില്‍ കണ്ടു എന്നല്ലാതെ ഉറപ്പിച്ചുപറയാന്‍ പറ്റില്ല. മാധ്യമസൃഷ്ടി ആവാനാണ് സാധ്യത. പാര്‍ട്ടിയുടെ വാലാകുന്നില്ലെങ്കില്‍ പിന്നെ വിദ്യാര്‍ഥിസംഘടനകൊണ്ട് എന്താണ് പ്രയോജനം എന്ന ചോദ്യം ഉയര്‍ന്നേക്കാം. ഈ നിലപാട് ഒട്ടും ശരിയല്ല. വിദ്യാര്‍ഥിസംഘടന പാര്‍ട്ടിയുടെ വാലായതുകൊണ്ടാണ് അതിന്റെ സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ സഖാവിനെ ക്ഷണിച്ചതുതന്നെ. അല്ലായിരുന്നെങ്കില്‍ അവര്‍ ഇത്രയൊന്നും വിവരമില്ലാത്ത വേറെ വല്ലവരെയും വിളിച്ചുകളയുമായിരുന്നു. പാര്‍ട്ടിയാണ് തല, വിദ്യാര്‍ഥിസംഘടന വാലായേ പറ്റൂ. അത് മറക്കരുത്. വാലുള്ളപ്പോള്‍ തല ആടേണ്ട.
***
പൊതുവേ വലിയ സംശയരോഗമൊന്നുമില്ലാത്ത ദേശീയനേതാവ് എ.കെ. ആന്റണി ഈയിടെ ഒരു സംശയവുമായി വന്നിരുന്നു. കോണ്‍ഗ്രസ്സിന്റെ മതേതരനയത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവോ എന്നതായിരുന്നു ആന്റണിയുടെ ചോദ്യം. വിശ്വാസം കുറഞ്ഞെന്ന് ഉറപ്പില്ല. സംശയം മാത്രം.

സംശയിക്കാന്‍ തുടങ്ങിയാല്‍ എല്ലാം സംശയമാകും. കോണ്‍ഗ്രസ്സിന്റെ മറ്റെല്ലാ ആദര്‍ശപ്രമാണങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് നല്ല ഉറപ്പാണ് എന്നൊരു വ്യംഗ്യം അതിലുണ്ടോ എന്നൊരു സംശയം കേള്‍ക്കുന്നവര്‍ക്ക് ഉണ്ടായേക്കാം. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നാണ് പണ്ടേ മുദ്രാവാക്യത്തിലുള്ളത്. പാര്‍ട്ടിക്കകത്ത് പരീക്ഷിക്കപ്പെടുന്നത് ഒരു വ്യത്യസ്ത ഇനം ജനാധിപത്യമാണ്. വോട്ടെടുപ്പും തിരഞ്ഞെടുപ്പുമൊന്നും പാര്‍ട്ടിയിലില്ല. കുടുംബാധിപത്യമാണ് ഇതെന്നൊക്കെ അസൂയക്കാര്‍ കുറ്റപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ട. വളരെ നല്ല സമ്പ്രദായമായതുകൊണ്ടാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ബി.ജെ.പി.യും ഒഴികെയുള്ള പാര്‍ട്ടികള്‍ ഏതാണ്ട് ഇതേരീതി സ്വീകരിച്ചത്. പിതാപുത്ര ജനാധിപത്യമില്ലാത്ത പാര്‍ട്ടി ഇല്ലെന്നായിട്ടുണ്ട്. കുടുംബമില്ലാത്തവര്‍ നയിക്കുന്ന ചില പാര്‍ട്ടികളില്‍ കുടുംബാധിപത്യമില്ല. അതവരുടെ സങ്കടം. സോഷ്യലിസത്തിന്റെ കാര്യം പറയാനില്ല. ഉറക്കത്തില്‍പ്പോലും ആ വാക്ക് ആരും ഉച്ചരിക്കാറില്ല. അതെല്ലാം പോകട്ടെ, സത്യസന്ധതയുടെ തരിമ്പെങ്കിലും പാര്‍ട്ടിയിലില്ലെന്ന് ആരെങ്കിലും സംശയിക്കുന്നതായി ആന്റണിക്ക് പരാതിയില്ല. കോണ്‍ഗ്രസ്സിന്റെ പത്താണ്ട് ഭരണം സത്യസന്ധതയുടെ സുവര്‍ണകാലമായിരുന്നു. താരതമ്യപ്പെടുത്താവുന്നത് മാവേലി നാടുവാണീടും കാലവുമായിട്ടുമാത്രം. നൂറ്റിച്ചില്വാനം കോടി ജനവും ആമോദം സഹിക്കാതെ തുള്ളിച്ചാടുകയായിരുന്നു. ആപത്ത്, വ്യാധി, ബാലമരണം ഇത്യാദി യാതൊന്നുമില്ല. കള്ളപ്പറ, ചെറുനാഴി പോലുള്ള സ്റ്റാന്‍ഡേര്‍ഡ് കുറഞ്ഞ തട്ടിപ്പുകളൊന്നുമില്ല, എല്ലാം ലക്ഷംകോടി കണക്കിലേ ഉണ്ടായിരുന്നുള്ളൂ.

ആകപ്പാടെ പ്രശ്‌നമുള്ളത് മതേതരത്വത്തിന്റെ കാര്യത്തില്‍മാത്രം. ഈ സംശയം പക്ഷേ, ന്യൂനപക്ഷത്തിന് ലവലേശമില്ല. കേരളത്തിലൊഴികെ, ന്യൂനപക്ഷസമുദായക്കാര്‍ക്ക് വോട്ടുള്ള ഒരിടത്തും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഭരണം ന്യൂനപക്ഷത്തിന്റെ പിടിയിലാണെന്ന് ചെണ്ടകൊട്ടി പാടിനടക്കുന്ന കേരളത്തിലാണ് കോണ്‍ഗ്രസ് പക്ഷത്തിന് സീറ്റേറെ ലഭിച്ചത്. എന്തുകൊണ്ട്? സംശയിക്കാനല്ലാതെ സംശയങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ നമുക്ക് വയ്യ.
***

സംശയങ്ങളില്ലാത്ത പാര്‍ട്ടിയായിരുന്നു സി.പി.എം. പണ്ടൊക്കെ. വെട്ടൊന്ന്, മുറി രണ്ട് എന്നതായിരുന്നു നിലപാട്. വിദേശപ്പണപ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ സ്ഥിതി മാറി. വിദേശപ്പണം വാങ്ങി ഇവിടെ ആരെല്ലാമോ വികസനം തടയാന്‍ നോക്കുന്നു എന്നോ മറ്റോ ഉള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെപ്പറ്റി കേട്ടപ്പോള്‍ കേരളത്തിലെ പാര്‍ട്ടിപത്രത്തിന് ദേശാഭിമാനം ഉണര്‍ന്നു. പണംപറ്റുന്ന ദേശദ്രോഹ സന്നദ്ധസംഘടനകള്‍ക്കെതിരെ മുഖപ്രസംഗഖഡ്ഗം ആഞ്ഞുവീശി. പക്ഷേ, ദേശീയ നേതൃത്വത്തിന്റെ ശബ്ദമായ പീപ്പിള്‍സ് ഡെയ്‌ലിക്ക് ഐ.ബി. റിപ്പോര്‍ട്ട് അത്ര പന്തിയായി തോന്നിയില്ല. കോര്‍പ്പറേറ്റുകളുടെ കൊള്ളയെ ചെറുക്കുന്ന സംഘടനകളെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഐ.ബി. റിപ്പോര്‍ട്ടിന്റെ പിന്നിലെന്ന് അവര്‍ ആഞ്ഞടിച്ചു.

ഇക്കാലത്ത് സംശയമില്ലാത്തതായി യാതൊന്നുമില്ല. പക്ഷേ, കേന്ദ്രസര്‍ക്കാറിന് സംശയമൊന്നുമില്ല. സര്‍ക്കാറിന് ഇഷ്ടപ്പെടാത്തവര്‍ പണം വാങ്ങുന്നത് കൊടിയ അപരാധം, മറിച്ചായാല്‍ ബഹു സന്തോഷം. സ്വന്തം സംഘടനകള്‍ക്ക് എത്രവേണമെങ്കിലും വിദേശഫണ്ട് വാങ്ങാം. വേറെ വാങ്ങുന്നവര്‍ ചാരപ്പണി ചെയ്യുന്നവര്‍, രാജ്യദ്രോഹികള്‍....