ഇനി പഠിപ്പു (മുടക്കാത്ത) സമരംപഠിപ്പാണ് പ്രധാനം,പഠിപ്പുമുടക്കല്ല എന്നതാണ് ആ പ്രസംഗത്തിന്റെ കാതല്‍. വിപ്ലവം കുറച്ചേറിയപ്പോള്‍ അത് പ്രതിവിപ്ലവപരമായോഎന്നൊരു സംശയം. വേറെ പ്രശ്‌നമൊന്നുമില്ല


വിവാദവിഷയങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ക്ഷാമമുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇ.പി. ജയരാജന്‍ സഖാവ് പുതിയ ഒരെണ്ണമെടുത്ത് പുറത്തിട്ടിട്ടുണ്ട്. എസ്.എഫ് ഐ. സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ വിളിക്കപ്പെട്ടതുകൊണ്ട് വിഷയം വിദ്യാഭ്യാസമാകട്ടെ എന്ന് അദ്ദേഹം നിശ്ചയിച്ചു. വിദ്യാഭ്യാസം അദ്ദേഹം സ്‌പെഷലൈസ് ചെയ്യുന്ന വിഷയമാണോ എന്നൊന്നും ചോദിക്കരുത്. അങ്ങനെ വിഷയങ്ങള്‍ക്ക് പ്രത്യേകം അധികാരിയൊന്നും ആവശ്യമില്ല. നാം എല്ലാറ്റിനെക്കുറിച്ചും അറിഞ്ഞിരിക്കണം. പ്രസംഗിക്കാന്‍ വിളിച്ചാല്‍ ഉള്ള അറിവുവെച്ച് കാച്ചിവിടണം. അല്ലാതെ, പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്ടറേറ്റ് എടുത്തിട്ടൊന്നും അഭിപ്രായം പറയാന്‍ പറ്റില്ല. മഹാത്മാഗാന്ധി മഹാ വിദ്യാഭ്യാസപണ്ഡിതനായിട്ടല്ലല്ലോ വാര്‍ധപദ്ധതി, നയിതാലിം തുടങ്ങിയ വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍ തട്ടിക്കൂട്ടിയത്.
സഖാവ് ഇ.പി.യുടെ വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍ വിപ്ലവകരം തന്നെയാണ്. നിലവിലുള്ള ധാരണകളെ തകര്‍ക്കുന്ന ഒന്നിനെയല്ലേ വിപ്ലവകരം എന്ന് വിശേഷിപ്പിക്കാറുള്ളത്. നിലവിലുള്ള ചില ധാരണകളെ പിടലിക്കുപിടിച്ച് പുറന്തള്ളുകയാണ് ഇ.പി. ചെയ്തത്. കുഞ്ഞുസഖാക്കള്‍ കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. വിപ്ലവവീര്യം ജ്വലിപ്പിക്കുന്ന പ്രസംഗംതന്നെയാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. കോളേജുകളും സ്‌കൂളുകളും ഇടിച്ചുനിരത്തണമെന്ന് ആഹ്വാനിക്കുമെന്ന അതിമോഹം ഉണ്ടായിരുന്നില്ലെന്നത് ശരി. അത്ര വേണ്ട. എന്നാല്‍, ബൂര്‍ഷ്വാപരീക്ഷ പാസാകലല്ല നാളത്തെ വിപ്ലവകാരിയുടെ മുഖ്യവിഷയമെന്നെങ്കിലും ആഹ്വാനിക്കും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, സഖാവ് അങ്ങനെയല്ല പ്രസംഗിച്ചത്. പഠിപ്പാണ് പ്രധാനം, പഠിപ്പുമുടക്കല്ല എന്നതാണ് ആ പ്രസംഗത്തിന്റെ കാതല്‍. വിപ്ലവം കുറച്ചേറിയപ്പോള്‍ അത് പ്രതിവിപ്ലവപരമായോ എന്നൊരു സംശയം. വേറെ പ്രശ്‌നമൊന്നുമില്ല.

പഴഞ്ചന്‍ സമരരീതി ഉപേക്ഷിക്കണം എന്നാണ് അദ്ദേഹം പറഞ്ഞുവന്നത്. സമരത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും അറിവും അനുഭവവും ഉള്ളതുകൊണ്ട്, പഠിപ്പുമുടക്ക് പഴഞ്ചനാണെന്ന് പറയുന്നതിനെ നാം മുഖവിലയ്ക്ക് എടുത്തേ തീരൂ. വിദ്യാഭ്യാസത്തിന് ഗുണകരമാവണം സമരരീതി. പക്ഷേ, ആ വിദ്യ എന്ത് എന്നദ്ദേഹം വിവരിച്ചില്ല. അത് വഴിയേ വരുമായിരിക്കും. ചില രാജ്യങ്ങളില്‍ തൊഴിലാളികള്‍ പ്രതിഷേധമറിയിക്കാന്‍ പണി മുടക്കുന്നതിനുപകരം കൂടുതല്‍ സമയം പണിയെടുക്കാറുണ്ടത്രെ. ഭയപ്പെടണം. ഇത് ഇനി കോളേജുകളിലും വന്നേക്കുമോ ? 'ഏപ്രില്‍ ഒന്നിന് സംസ്ഥാനവ്യാപക പഠിപ്പുമുടക്ക് ' എന്നതിനുപകരം 'സംസ്ഥാനവ്യാപക പഠിപ്പ്' എന്ന് എഴുതിയ പോസ്റ്ററുകള്‍ ഒട്ടിക്കേണ്ടിവരുമോ ഭാവിയിലെ വിദ്യാര്‍ഥി സഖാക്കള്‍ക്ക് ?

സഖാവിന്റെ പ്രസംഗംകേട്ട് ചില ബൂര്‍ഷ്വകള്‍ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. എസ്.എഫ്.ഐ. ഇനി പഠിപ്പുമുടക്കരുത് എന്നാണ് സഖാവ് പറഞ്ഞതിന്റെ അര്‍ഥം, സംഘടന ഇനി പഠിപ്പുമുടക്കില്ല എന്ന് പ്രഖ്യാപിച്ചു എന്നും മറ്റും ഇക്കൂട്ടര്‍ ധരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണ മാറ്റാനായി, പഠിപ്പുമുടക്ക് ഉപേക്ഷിച്ചിട്ടില്ല എന്ന് സംഘടന നിസ്സംശയം പ്രഖ്യാപിച്ചിട്ടുണ്ട്. പഠിപ്പുമുടക്കുന്നുകൂടിയില്ലെങ്കില്‍ വിദ്യാര്‍ഥിസംഘടനകൊണ്ട് വിദ്യാര്‍ഥികള്‍ക്കുള്ള പ്രയോജനമെന്താണെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചേക്കും. മറുപടി പറയുക ബുദ്ധിമുട്ടാണ്.
യഥാര്‍ഥത്തില്‍, ഇ.പി.യുടെ പ്രസംഗത്തിലെ സുപ്രധാനഭാഗം ഇതല്ല. വിദ്യാര്‍ഥിസംഘടനകള്‍ പാര്‍ട്ടികളുടെ വാലായി പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്നദ്ദേഹം പറഞ്ഞത്രെ. അതാണ് അസ്സല്‍ വിപ്ലവകരം. പത്രറിപ്പോര്‍ട്ടുകളില്‍ കണ്ടു എന്നല്ലാതെ ഉറപ്പിച്ചുപറയാന്‍ പറ്റില്ല. മാധ്യമസൃഷ്ടി ആവാനാണ് സാധ്യത. പാര്‍ട്ടിയുടെ വാലാകുന്നില്ലെങ്കില്‍ പിന്നെ വിദ്യാര്‍ഥിസംഘടനകൊണ്ട് എന്താണ് പ്രയോജനം എന്ന ചോദ്യം ഉയര്‍ന്നേക്കാം. ഈ നിലപാട് ഒട്ടും ശരിയല്ല. വിദ്യാര്‍ഥിസംഘടന പാര്‍ട്ടിയുടെ വാലായതുകൊണ്ടാണ് അതിന്റെ സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ സഖാവിനെ ക്ഷണിച്ചതുതന്നെ. അല്ലായിരുന്നെങ്കില്‍ അവര്‍ ഇത്രയൊന്നും വിവരമില്ലാത്ത വേറെ വല്ലവരെയും വിളിച്ചുകളയുമായിരുന്നു. പാര്‍ട്ടിയാണ് തല, വിദ്യാര്‍ഥിസംഘടന വാലായേ പറ്റൂ. അത് മറക്കരുത്. വാലുള്ളപ്പോള്‍ തല ആടേണ്ട.
***
പൊതുവേ വലിയ സംശയരോഗമൊന്നുമില്ലാത്ത ദേശീയനേതാവ് എ.കെ. ആന്റണി ഈയിടെ ഒരു സംശയവുമായി വന്നിരുന്നു. കോണ്‍ഗ്രസ്സിന്റെ മതേതരനയത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവോ എന്നതായിരുന്നു ആന്റണിയുടെ ചോദ്യം. വിശ്വാസം കുറഞ്ഞെന്ന് ഉറപ്പില്ല. സംശയം മാത്രം.

സംശയിക്കാന്‍ തുടങ്ങിയാല്‍ എല്ലാം സംശയമാകും. കോണ്‍ഗ്രസ്സിന്റെ മറ്റെല്ലാ ആദര്‍ശപ്രമാണങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് നല്ല ഉറപ്പാണ് എന്നൊരു വ്യംഗ്യം അതിലുണ്ടോ എന്നൊരു സംശയം കേള്‍ക്കുന്നവര്‍ക്ക് ഉണ്ടായേക്കാം. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നാണ് പണ്ടേ മുദ്രാവാക്യത്തിലുള്ളത്. പാര്‍ട്ടിക്കകത്ത് പരീക്ഷിക്കപ്പെടുന്നത് ഒരു വ്യത്യസ്ത ഇനം ജനാധിപത്യമാണ്. വോട്ടെടുപ്പും തിരഞ്ഞെടുപ്പുമൊന്നും പാര്‍ട്ടിയിലില്ല. കുടുംബാധിപത്യമാണ് ഇതെന്നൊക്കെ അസൂയക്കാര്‍ കുറ്റപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ട. വളരെ നല്ല സമ്പ്രദായമായതുകൊണ്ടാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ബി.ജെ.പി.യും ഒഴികെയുള്ള പാര്‍ട്ടികള്‍ ഏതാണ്ട് ഇതേരീതി സ്വീകരിച്ചത്. പിതാപുത്ര ജനാധിപത്യമില്ലാത്ത പാര്‍ട്ടി ഇല്ലെന്നായിട്ടുണ്ട്. കുടുംബമില്ലാത്തവര്‍ നയിക്കുന്ന ചില പാര്‍ട്ടികളില്‍ കുടുംബാധിപത്യമില്ല. അതവരുടെ സങ്കടം. സോഷ്യലിസത്തിന്റെ കാര്യം പറയാനില്ല. ഉറക്കത്തില്‍പ്പോലും ആ വാക്ക് ആരും ഉച്ചരിക്കാറില്ല. അതെല്ലാം പോകട്ടെ, സത്യസന്ധതയുടെ തരിമ്പെങ്കിലും പാര്‍ട്ടിയിലില്ലെന്ന് ആരെങ്കിലും സംശയിക്കുന്നതായി ആന്റണിക്ക് പരാതിയില്ല. കോണ്‍ഗ്രസ്സിന്റെ പത്താണ്ട് ഭരണം സത്യസന്ധതയുടെ സുവര്‍ണകാലമായിരുന്നു. താരതമ്യപ്പെടുത്താവുന്നത് മാവേലി നാടുവാണീടും കാലവുമായിട്ടുമാത്രം. നൂറ്റിച്ചില്വാനം കോടി ജനവും ആമോദം സഹിക്കാതെ തുള്ളിച്ചാടുകയായിരുന്നു. ആപത്ത്, വ്യാധി, ബാലമരണം ഇത്യാദി യാതൊന്നുമില്ല. കള്ളപ്പറ, ചെറുനാഴി പോലുള്ള സ്റ്റാന്‍ഡേര്‍ഡ് കുറഞ്ഞ തട്ടിപ്പുകളൊന്നുമില്ല, എല്ലാം ലക്ഷംകോടി കണക്കിലേ ഉണ്ടായിരുന്നുള്ളൂ.

ആകപ്പാടെ പ്രശ്‌നമുള്ളത് മതേതരത്വത്തിന്റെ കാര്യത്തില്‍മാത്രം. ഈ സംശയം പക്ഷേ, ന്യൂനപക്ഷത്തിന് ലവലേശമില്ല. കേരളത്തിലൊഴികെ, ന്യൂനപക്ഷസമുദായക്കാര്‍ക്ക് വോട്ടുള്ള ഒരിടത്തും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഭരണം ന്യൂനപക്ഷത്തിന്റെ പിടിയിലാണെന്ന് ചെണ്ടകൊട്ടി പാടിനടക്കുന്ന കേരളത്തിലാണ് കോണ്‍ഗ്രസ് പക്ഷത്തിന് സീറ്റേറെ ലഭിച്ചത്. എന്തുകൊണ്ട്? സംശയിക്കാനല്ലാതെ സംശയങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ നമുക്ക് വയ്യ.
***

സംശയങ്ങളില്ലാത്ത പാര്‍ട്ടിയായിരുന്നു സി.പി.എം. പണ്ടൊക്കെ. വെട്ടൊന്ന്, മുറി രണ്ട് എന്നതായിരുന്നു നിലപാട്. വിദേശപ്പണപ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ സ്ഥിതി മാറി. വിദേശപ്പണം വാങ്ങി ഇവിടെ ആരെല്ലാമോ വികസനം തടയാന്‍ നോക്കുന്നു എന്നോ മറ്റോ ഉള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെപ്പറ്റി കേട്ടപ്പോള്‍ കേരളത്തിലെ പാര്‍ട്ടിപത്രത്തിന് ദേശാഭിമാനം ഉണര്‍ന്നു. പണംപറ്റുന്ന ദേശദ്രോഹ സന്നദ്ധസംഘടനകള്‍ക്കെതിരെ മുഖപ്രസംഗഖഡ്ഗം ആഞ്ഞുവീശി. പക്ഷേ, ദേശീയ നേതൃത്വത്തിന്റെ ശബ്ദമായ പീപ്പിള്‍സ് ഡെയ്‌ലിക്ക് ഐ.ബി. റിപ്പോര്‍ട്ട് അത്ര പന്തിയായി തോന്നിയില്ല. കോര്‍പ്പറേറ്റുകളുടെ കൊള്ളയെ ചെറുക്കുന്ന സംഘടനകളെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഐ.ബി. റിപ്പോര്‍ട്ടിന്റെ പിന്നിലെന്ന് അവര്‍ ആഞ്ഞടിച്ചു.

ഇക്കാലത്ത് സംശയമില്ലാത്തതായി യാതൊന്നുമില്ല. പക്ഷേ, കേന്ദ്രസര്‍ക്കാറിന് സംശയമൊന്നുമില്ല. സര്‍ക്കാറിന് ഇഷ്ടപ്പെടാത്തവര്‍ പണം വാങ്ങുന്നത് കൊടിയ അപരാധം, മറിച്ചായാല്‍ ബഹു സന്തോഷം. സ്വന്തം സംഘടനകള്‍ക്ക് എത്രവേണമെങ്കിലും വിദേശഫണ്ട് വാങ്ങാം. വേറെ വാങ്ങുന്നവര്‍ ചാരപ്പണി ചെയ്യുന്നവര്‍, രാജ്യദ്രോഹികള്‍....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി