Sunday, 31 August 2014

മദ്യവിരുദ്ധ ഹാങ്ങോവര്‍

കേരളം ഒരു കാര്യത്തില്‍ക്കൂടി രാജ്യത്ത് 
ഒന്നാം സ്ഥാനത്തെത്തി. ആത്മഹത്യയിലെന്നപോലെ
മദ്യപാനത്തിലുംമദ്യത്തിന്റെ ഒരു ഗുണം അതിന്റെ ലഹരി കുറച്ചുനേരം കഴിഞ്ഞാല്‍ താഴോട്ടിറങ്ങുകയും കഴിച്ച ആള്‍ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും എന്നുള്ളതാണ്. നേരത്തേ കാണിച്ച കോപ്രായങ്ങളെക്കുറിച്ചൊന്നും പുള്ളിക്കാരന് ഓര്‍മപോലും കാണില്ല. അത് വേറെ ആരോ എന്ന മട്ട്. എന്നാല്‍, എല്ലാ ലഹരികളും മദ്യം പോലെയല്ല. ചിലവ തലയില്‍ കയറിയാല്‍ ഇറങ്ങുകയേയില്ല. ഇടയ്ക്കിടെ കാശുമുടക്കി വാങ്ങി മോന്തിക്കൊണ്ടിരിക്കുകയൊന്നും വേണ്ട. സ്ഥിരം ലഹരിയാണ്. ബലം പ്രയോഗിച്ചാലും ഇറങ്ങിപ്പോവില്ല. ചികിത്സയുമില്ല.
ഇപ്പോള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന മദ്യവിരുദ്ധലഹരി ഈ ഇനത്തില്‍പ്പെട്ടതാണ്. മദ്യലഹരിയെ തോല്പിക്കുമിത്. മദ്യവിരുദ്ധ സംഘടനക്കാരെക്കുറിച്ചല്ല പറയുന്നത് കേട്ടോ... മദ്യം മനുഷ്യരെ മൃഗങ്ങളേക്കാള്‍ അധഃപതിപ്പിക്കുന്നതില്‍ സങ്കടപ്പെടുന്നവരാണ് അവര്‍. മനുഷ്യരെ നന്നാക്കുക എന്ന സദുദ്ദേശ്യമേ അവര്‍ക്കുള്ളൂ. മറ്റേക്കൂട്ടര്‍ മുമ്പൊക്കെ വളരെ നോര്‍മല്‍ ആയി ജീവിച്ചവരാണ്. പെട്ടെന്നാണ് അവരിപ്പോള്‍ മദ്യപാനികളേക്കാള്‍ അബ്‌നോര്‍മല്‍ ആയി പലതരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഒരുകൂട്ടര്‍ കഴിഞ്ഞദിവസം ബിവറേജസ് കോര്‍പ്പറേഷന്റെ കടകള്‍ തല്ലിപ്പൊളിക്കുന്നതുകണ്ടു. മുഴുക്കുടിയന്മാര്‍പോലും ഈ കടകള്‍ക്കുമുന്നില്‍ എത്ര മര്യാദക്കാരായാണ് നില്‍ക്കാറുള്ളതെന്നോ. മദ്യവിരുദ്ധ ലഹരി ബാധിച്ചവരില്‍ അത്ര മര്യാദ കണ്ടില്ല. എറിയുകയോ തല്ലുകയോ എന്തെല്ലാമോ ചെയ്തു. ഇവരൊന്നും ബിവറേജസ് ഷാപ്പ് പൂട്ടണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയംപോലും ഇക്കാലംവരെ പാസാക്കിയവരല്ല.

അജ്ഞാതമായ കാരണങ്ങളാല്‍ പെട്ടെന്നാണ് കേരളത്തില്‍ മദ്യവിരുദ്ധ ലഹരി പാഞ്ഞുകേറിയത്. പെട്ടെന്ന് മദ്യവിരുദ്ധലഹരി പിടിപെട്ട ആളല്ല, മുമ്പേ മദ്യവിരുദ്ധനാണ് വി.എം. സുധീരന്‍. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ മദ്യനയത്തിലും സുധീരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്, പരസ്യമായിത്തന്നെ. പക്ഷേ, അന്ന് സുധീരന്‍ ബാറുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പുതിയത് തുടങ്ങരുതെന്നേ പറഞ്ഞിട്ടുള്ളൂ. കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയാണെന്നതൊക്കെ ശരി, പക്ഷേ, പത്തറുപത്തേഴ് വര്‍ഷമായിട്ടും ആ പാര്‍ട്ടി ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനൊന്നും ശ്രമിച്ചിട്ടേയില്ല. കേരളത്തില്‍ പക്ഷേ, പാര്‍ട്ടി ഒരു കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. മന്ത്രിസഭകളില്‍ സാധ്യമായേടത്തോളം എക്‌സൈസ് വകുപ്പ് മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ല. ഗാന്ധിവിരുദ്ധന്മാര്‍ ഏറ്റെടുത്ത് മദ്യത്തില്‍ വിഷം കലര്‍ത്തുമെന്ന് ഭയന്നാണോ എന്നറിയില്ല. വിഷമാണ് വില്‍ക്കുന്നത്, നമുക്ക് തടയാന്‍ പറ്റില്ല. എന്നാല്‍, വല്ലവനും വിറ്റുതുലയട്ടെ എന്ന് വിചാരിക്കുകയല്ല ഇവര്‍ ചെയ്തത്. നമ്മള്‍തന്നെ വില്‍ക്കും എന്ന് വാശിപിടിച്ച് മദ്യവിതരണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഭരണഘടനയിലെ നിര്‍ദേശകതത്ത്വങ്ങളില്‍ ഇപ്പോഴും മദ്യനിരോധനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ കേറി മദ്യവിതരണം ഏറ്റെടുത്തത്. വിപണിയില്‍ എഴുപതുശതമാനം മദ്യവും വില്‍ക്കുന്ന സര്‍ക്കാറാണ് 25 ശതമാനം വില്‍ക്കുന്ന ബാറുകളുടെ കൊങ്ങയ്ക്ക് കേറിപ്പിടിച്ചത്. ലഹരികള്‍ ബാധിച്ചാലുള്ള ഓരോതരം അവസ്ഥകളേയ്...

കേരളം ഒരു കാര്യത്തില്‍ക്കൂടി രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ആത്മഹത്യയിലെന്നപോലെ മദ്യപാനത്തിലും. മുമ്പെല്ലാം സാക്ഷരത, ആരോഗ്യം, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ നല്ല കാര്യങ്ങളിലായിരുന്നല്ലോ മുന്നില്‍. ഇനി അതുപോരെന്ന് തീരുമാനിച്ചിട്ടാണ് മദ്യപാനം, ആത്മഹത്യ, സ്ത്രീപീഡനം തുടങ്ങിയ മേഖലകളില്‍ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. മദ്യപാനരോഗം കുറയ്ക്കാന്‍ വിദ്യാഭ്യാസമാണ് വേണ്ടത് മദ്യനിരോധനമല്ല എന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ എഴുതിയിരുന്നു. അത് കേരളത്തിന് ബാധകമല്ല. വിദ്യാഭ്യാസം കൂടുന്നതിന് ആനുപാതികമായാണ് മദ്യപാനം ഇവിടെ കൂടുക. തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസം സിദ്ധിച്ച ഇടത്തരക്കാര്‍ക്കിടയിലല്ല, വിദ്യാഭ്യാസം കുറഞ്ഞ പാവങ്ങള്‍ക്കിടയിലാണ് പാനീയചികത്സ മൂര്‍ച്ഛിക്കുന്നത്. മുല്ലപ്പെരിയാര്‍ വിധിക്കുശേഷം കിട്ടിയ വലിയ ഒരു അനുഗ്രഹമായി അവര്‍ കേരളത്തിലെ മദ്യനയമാറ്റത്തെ കാണുന്നുണ്ട്. എല്ലാ ബാറുകളും പൂട്ടുന്നതോടെ കേരളീയര്‍ കൂട്ടംകൂട്ടമായി സ്‌പെഷല്‍ ബസ് പിടിച്ച് തമിഴ്‌നാട്ടിലേക്ക് പറക്കും എന്നും 30 ശതമാനം മദ്യവില്പന കൂടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. സൗജന്യമായി ലാപ്‌ടോപ്പും പശുവും സൈക്കിളും ടി.വി.യും മിക്‌സിയും ഫാനും െ്രെഗന്‍ഡറും അമ്മാ റെസ്‌റ്റോറന്‍ഡിലെ ഊണും കൊടുത്ത് പാപ്പരായിത്തുടങ്ങിയ തമിഴ്‌നാട് സര്‍ക്കാറിന് കേരളത്തിലെ മദ്യനയമാറ്റം നല്‍കിയ സന്തോഷം ചെറുതല്ല. എത്ര മദ്യം കുടിച്ചാലും പശു, സൈക്കിള്‍, ടി.വി. സൗജന്യങ്ങളൊന്നും തരികയില്ല നമ്മുടെ ദുഷ്ടകേരള സര്‍ക്കാര്‍.

ചില്ലറക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍പ്പോലും പഠിച്ചുവരുന്നതേ ഉള്ളൂ എന്ന് മാസങ്ങളോളം പറയുന്നവരാണ് നമ്മുടെ നേതാക്കള്‍. പക്ഷേ, ബാര്‍ പൂട്ടാന്‍ ഒരു പഠനവും വേണ്ടിവന്നില്ല. കെ.പി.സി.സി. കൂടിയില്ല, മുന്നണി ഏകോപനസമിതി ചര്‍ച്ചചെയ്തില്ല, പാര്‍ട്ടികളൊന്നും ചര്‍ച്ചചെയ്തില്ല, നിയമസഭയില്‍ വിഷയം വന്നില്ല. എന്തിനേറെ, ആഴ്ചയില്‍ കൂടുന്ന മന്ത്രിസഭാ യോഗത്തില്‍പ്പോലും നടന്നില്ല ചര്‍ച്ച. പത്ത് മൊട്ടുസൂചി വാങ്ങുന്നുണ്ടെങ്കില്‍ അതിന്റെ ഒരു ഫയല്‍ ധനവകുപ്പില്‍ ജനിച്ച് അത് നൂറുഫയലായി വികസിക്കുകയാണ് പതിവ്. സര്‍ക്കാര്‍ വരുമാനത്തിന്റെ നാലിലൊന്നിനെ ബാധിക്കുന്ന ബാര്‍ പൂട്ടലിനെക്കുറിച്ച് ഒരു തുണ്ടുകടലാസ് പോലും ഉണ്ടായിരുന്നില്ല സെക്രട്ടേറിയറ്റില്‍. ആറ്റംബോംബ് വീണാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുംപോലെയാണ് മദ്യവിരുദ്ധനയം പ്രഖ്യാപിക്കപ്പെട്ടത്. ചര്‍ച്ചചെയ്താല്‍ സംഗതി നടക്കില്ല. ഇപ്പോഴും കെ.പി.സി.സി.യില്‍ ഒരു രഹസ്യവോട്ടെടുപ്പ് നടത്തിയാല്‍ നയം തള്ളിപ്പോകുമെന്നാണ് അകത്തുള്ളവര്‍ പറയുന്നത്. എന്താവുമോ എന്തോ...
നയം പ്രഖ്യാപിച്ചശേഷമാണ് ചിലര്‍ക്ക് നമ്മുടെ നയം മദ്യനിരോധനമാണോ അതല്ല മദ്യവര്‍ജനമാണോ എന്ന സംശയം ഉണ്ടായത്. നിരോധനവും വര്‍ജനവും തമ്മിലുള്ള അര്‍ഥവ്യത്യാസം പിടികിട്ടാത്തവരെ കുറ്റപ്പെടുത്തരുത്. സമ്പൂര്‍ണ മദ്യനിരോധനം ബുദ്ധിക്ക് നിരക്കുന്ന ഒന്നല്ല എന്നാണ് നൂറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ നിരത്തി അറിവുള്ളവര്‍ പറയുന്നത്. എന്തായാലും ഗാന്ധിജിയുടെയും ശ്രീരാമന്റെയും ഫോട്ടോ പിടിക്കുന്ന പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങളൊന്നും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയില്‍ മദ്യനിരോധനം ദേശീയ നയമാക്കിയിട്ടില്ല. കേരളത്തില്‍ മദ്യപ്രാന്ത് കുറച്ചേറെത്തന്നെ. നിരോധനം വേണമെന്ന് ആര്‍ക്കും തോന്നിപ്പോകും. പക്ഷേ, അതുകൊണ്ടൊന്നും നിരോധിച്ചവര്‍ക്ക് വോട്ടുകിട്ടുമെന്ന് ഉറപ്പാക്കേണ്ട. ചാരായം ഇല്ലാതാക്കിയിട്ട് ഒരു പ്രയോജനവും ആര്‍ക്കും കിട്ടിയില്ല. എ.കെ. ആന്റണിക്ക് വോട്ടും കിട്ടിയില്ല. പക്ഷേ, അദ്ദേഹം പ്രായോഗികമതിയാണ്. പത്തുവര്‍ഷം രാജ്യരക്ഷാവകുപ്പ് മന്ത്രിയായിട്ടും അദ്ദേഹം സൈന്യത്തില്‍ മദ്യനിരോധനം നടപ്പാക്കുന്നതിനെക്കുറിച്ച് മിണ്ടിയില്ല. വര്‍ഷം പത്ത് ശതമാനം എന്നതോതില്‍ മദ്യലഭ്യത കുറച്ചാല്‍ പത്തുവര്‍ഷംകൊണ്ട് മദ്യം ഇല്ലാതാകുമെന്ന ഉമ്മന്‍ചാണ്ടിയുടെ ബിവറേജസ് ഗണിതശാസ്ത്രമൊന്നും അദ്ദേഹം പുറത്തെടുത്തില്ലെന്നത് അദ്ദേഹത്തിന്റെ ഭാഗ്യമോ പട്ടാളത്തിന്റെ ഭാഗ്യമോ എന്നറിയില്ല.
അത്യടിയന്തര ബാര്‍ പൂട്ടല്‍ പ്രഖ്യാപനമൊന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ പരിതപിക്കുന്നുണ്ട് ചിലര്‍. അധികവീര്യമുള്ള ദ്രാവകം കഴിച്ചാല്‍ പിറ്റേന്ന് ഇത്തരം ഹാങ്ങോവര്‍ സാധാരണമാണ്. വേണ്ടിയിരുന്നില്ല എന്നുതോന്നും. ടൂറിസം തകരും ഹോട്ടല്‍ വ്യവസായത്തില്‍ പണം മുടക്കിയവര്‍ പാപ്പരാവും ഐ.ടി. കേന്ദ്രങ്ങള്‍ കേരളം വിട്ടേക്കും തുടങ്ങിയ ആശങ്കകളാണ് ചിലരെ പിടികൂടിയിട്ടുള്ളത്. ഇനിയിപ്പോള്‍ അതൊന്നും ആലോചിച്ച് തലപുണ്ണാക്കേണ്ട. ഗുണവും ദോഷവുമൊക്കെ വരുന്നേടത്തുകാണാം. അടുത്ത തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കാര്യം മാത്രം നോക്കിക്കോളിന്‍.
സമ്പൂര്‍ണ മദ്യനിരോധനം കണ്ടവരല്ല നമ്മളാരും. സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ സ്വിച്ചിട്ടതുപോലെ ദ്രാവകം ആവിയായി അപ്രത്യക്ഷമാകും എന്നാണ് പല നിഷ്‌കളങ്ക മനുഷ്യരും കരുതുന്നത്. അങ്ങനെയെങ്കില്‍ എത്ര നന്നാവുമായിരുന്നു. ഇനി ഒരുപക്ഷേ, ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അത് കഴിയുമായിരിക്കും. അസാധ്യമായത് എന്തെല്ലാം ചെയ്തിരിക്കുന്നു നമ്മുടെ മുഖ്യമന്ത്രി. എക്‌സൈസ് വകുപ്പ് കെ. ബാബുവില്‍ നിന്നെടുത്തുമാറ്റി വി.എം. സുധീരനെ ഏല്പിച്ചാല്‍ സംഗതി അനായാസം സാധിക്കും എന്നാണ് ഒരുപാടുപേര്‍ വിചാരിക്കുന്നത്. പരീക്ഷിക്കാവുന്നതാണ്.

Sunday, 24 August 2014

ചില മദ്യാശങ്കകള്‍

കേരളത്തില്‍ മദ്യനിരോധനം ഘട്ടംഘട്ടമായി പൂര്‍ത്തിയാകാന്‍ ലോകാവസാനം വരെ സമയമെടുക്കുമെന്നായിരുന്നു 'മദ്യവര്‍ഗ'ത്തിന്റെ അടുത്ത നാള്‍വരെയുള്ള ആശ്വാസം. എന്നാലിതാ മദ്യനിരോധനത്തിന്റെ ഒന്നാംഘട്ടം ഇടിത്തീയായി വന്നുവീണിരിക്കുന്നു. ഹോ...എന്തൊരു സ്?പീഡ്. ഇങ്ങനെയാണ് പോക്കെങ്കില്‍ പത്തുകൊല്ലംകൊണ്ട് കേരളത്തില്‍ ഒരിറ്റ് മദ്യം കിട്ടില്ല. അപകടത്തിന്റെ ചില സൂചനകള്‍ നാലുമാസം മുമ്പുതന്നെ കാണാമായിരുന്നു. കേരളത്തിലേക്ക് ഹൈക്കമാന്‍ഡ് അയച്ച ആദര്‍ശസുധീരന്‍ തരംകിട്ടുമ്പോഴൊക്കെ എം.പി. മന്മഥന്റെ പുനര്‍ജന്മമായി അഭിനയിക്കുന്നത് മുഖ്യമന്ത്രിക്കെന്നല്ല കോണ്‍ഗ്രസ്സുകാര്‍ക്ക് മൊത്തം അത്ര രസിക്കുന്നുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് നിലവാരം പോരാത്തതിന് കുറെ ബാറുകള്‍ അടച്ചിട്ടത്. ഇതൊക്കെ ഇവിടെ സാധാരണ നടക്കുന്ന ഇടപാടുകളാണെന്ന് മഹാത്മാസുധീരന് മനസ്സിലായില്ല. അല്ലെങ്കില്‍ മനസ്സിലായി എന്നും പറയാം. നിലവാരം പോരെന്ന് പറഞ്ഞ് ബാറുകള്‍ അടപ്പിക്കുക. നിലവാരം എത്തി എന്ന് ബോധ്യപ്പെടുത്താന്‍ ബാറുടമകള്‍ ഉദാരമനസ്‌കരായി പോക്കറ്റ് തുറക്കുക, ചെലവിന്റെ നിലവാരം തൃപ്തികരമായാല്‍ ബാര്‍ തുറക്കാന്‍ അനുമതി നല്‍കുക. അത്രയേ ഉള്ളൂ. വേറെ ദ്രോഹമൊന്നും ബാബുച്ചേട്ടനും ഉദ്ദേശിച്ചിരുന്നില്ല. ആദര്‍ശധീരന്‍ ഇതിന്മേലാണ് കേറിപ്പിടിച്ചത്. മദ്യനിരോധനത്തിന് വേണ്ടിയല്ല ആ ബാറുകള്‍ അടച്ചത്, നിലവാരം കൂട്ടിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞതൊന്നും ആദര്‍ശവാദികളുടെ ചെവിയില്‍പോയില്ല.

മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി നാല് മാസം മുമ്പേ പറഞ്ഞത് പതിവ് ബഡായി ആണെന്നേ എല്ലാവരും കരുതിയുള്ളൂ. കെ.പി.സി.സി. പ്രസിഡന്റും അതിലപ്പുറം വിചാരിച്ചുകാണില്ല. ശമ്പളം കൊടുക്കാനും നിത്യച്ചെലവിനും മാസം ആയിരം കോടി വീതം കടംവാങ്ങിക്കൊണ്ടിരിക്കുന്ന സര്‍ക്കാറാണ് നമ്മുടേത്. അതിനിടെ മദ്യത്തിന്റെ വരുമാനം കൂടി വേണ്ടെന്ന് വെച്ചാല്‍ കുത്തുപാളയെടുക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. മാണിസാറിന്റെ മുഖത്തുനോക്കി അത് പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യംവരുമോ? അത്രയ്ക്കങ്ങട് പോകാനുള്ള പാങ്ങില്ല സര്‍ക്കാറിന് എന്നറിയുന്നത് കൊണ്ട് ഗ്രൂപ്പ് പോരും ഈഗോ പോരും ആരും ഒട്ടും കുറച്ചില്ല

ഒറ്റയാന്‍ പ്രസിഡന്റ് മാത്രമാണ് ഈ ലൈനില്‍ പോയിരുന്നതെങ്കില്‍ മുഖ്യമന്ത്രിയങ്ങ് സഹിക്കുമായിരുന്നു. ഗ്രഹണകാലത്ത് ഞാഞ്ഞൂലുകളും ഫണമുയര്‍ത്തുമെന്ന് പറഞ്ഞതുപോലെ സകലരും മദ്യവിരുദ്ധന്മാരായി രംഗത്തിറങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഞെട്ടിയത്. യു.ഡി.എഫില്‍ മദ്യപക്ഷത്ത് മുഖ്യമന്ത്രിയും മന്ത്രി ബാബുവും മാത്രം. ദിവസവും വൈകിട്ട് രണ്ട് വീശുന്നവര്‍ പോലും മദ്യനിരോധന പക്ഷത്ത് അണിനിരക്കുന്നത് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഒന്ന് തീരുമാനിച്ചു. ഇനി പ്രായോഗികമായത് മദ്യവിരുദ്ധരാവുകയാണ്. സര്‍ക്കാര്‍ പാപ്പരാവുന്നതും പാര്‍ട്ടിഫണ്ട് പിരിവുമൊന്നും മുഖ്യമന്ത്രിയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലല്ലോ. ''മദ്യനിരോധനം സിന്ദാബാദ്, മഹാത്മാ ഗാന്ധി കീ ജെയ്.''

ഇനി പ്രശ്‌നമൊന്നുമില്ല. പത്ത് ഘട്ടങ്ങളായി 2024 ആവുമ്പോഴേക്ക് 95 ശതമാനം സമ്പൂര്‍ണ മദ്യനിരോധനം കേരളത്തില്‍ നടപ്പാവുമെന്ന സമാധാനത്തോടെ മദ്യവിരുദ്ധരായ സകലര്‍ക്കും തത്കാലം ഉറങ്ങാം. ഉറക്കം കുറച്ച് കുറയുക വി.എം. സുധീരന് മാത്രമാവും. ഇത്രയും വലിയ കടുംകൈ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചതല്ല എന്നതുതന്നെ പ്രശ്‌നം. ****

പ്രായോഗികതയുടെ ഒരു കുഴപ്പം അത് ഇന്നൊരു വേഷവും നാളെ വേറൊരു വേഷവും കെട്ടി വരും എന്നുള്ളതാണ്. അര നൂറ്റാണ്ട് മുമ്പ് പ്രായോഗികത നോക്കിയാണ് കേരളത്തിലെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ മദ്യനിരോധനം എടുത്തുകളഞ്ഞത്. അധികാരത്തില്‍ വരുംമുമ്പ് മദ്യനിരോധനം എടുത്തുകളയുമെന്നൊന്നും വാഗ്ദാനം ചെയ്തിരുന്നില്ല. മുന്നണി ഘടകകക്ഷികള്‍ 1966 സപ്തംബറില്‍ പുറപ്പെടുവിച്ച പൊതു സമീപനരേഖയില്‍ മദ്യനിരോധനത്തെക്കുറിച്ച് പറഞ്ഞത് കേട്ടോളൂ.
'ഇന്നത്തെ മദ്യവര്‍ജനനയം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ പരിഗണിച്ച്, വിഷലിപ്തമായ വ്യാജമദ്യങ്ങളുപയോഗിച്ച് ആരോഗ്യഹാനി വരുത്തുന്നതിന്റെ അപകടത്തെ ഒഴിവാക്കുന്നതിന് മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ പരമാവധി നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രശ്‌നം പുനഃപരിശോധിക്കുന്നതാണ്.'
അത്രയേ ഉള്ളൂ. നയം പുനഃ പരിശോധിച്ചു. മദ്യനിരോധനം നീക്കി. മുസ്ലിംലീഗും മദ്യനിരോധനം പിന്‍വലിക്കാന്‍ പച്ചക്കൊടി കാട്ടി. കുറ്റപ്പെടുത്താന്‍ പറ്റില്ല. 'മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി'യായല്ലേ മദ്യനിരോധനം പിന്‍വലിച്ചത് ? അതാണ് അതാണ് അന്ന് പ്രായോഗികം. കുറ്റബോധം തീരാതെ മനസ്സില്‍ കിടപ്പുള്ളതുകൊണ്ടാവും ബാര്‍ അടയ്ക്കുന്ന പ്രശ്‌നത്തില്‍ മുസ്ലിംലീഗ് പത്രം മുഖ്യമന്ത്രിയെത്തന്നെ കടത്തിവെട്ടിയത്. ഇപ്പോള്‍ പ്രയോഗികം മദ്യനിരോധനത്തിന്റെ പക്ഷം പറയലാണ്. ഇടതിനായാലും വലതിനായാലും പഴയ പ്രമേയത്തില്‍ നിസ്സാരമാറ്റങ്ങള്‍ വരുത്തിയാല്‍മതി. വിഷലിപ്തമായ വ്യാജമദ്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യഹാനിയായിരുന്നു അന്നത്തെ പ്രശ്‌നം. ഇന്നത്തെ പ്രശ്‌നം 'വിഷലിപ്തമായ അസല്‍ മദ്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യഹാനി' യാണ്. അന്നത്തെ പരിഹാരം മദ്യനിരോധനം നീക്കല്‍, ഇന്നത്തേത് നിരോധനം ഏര്‍പ്പെടുത്തല്‍. കാലചക്രം തിരിഞ്ഞുവരാതിരിക്കട്ടെ.
                                                                    ****
മന്ത്രി ബാബുവിന് ഇനി പണിയൊന്നുമില്ലല്ലോ എന്നാരോ ചാനലില്‍ ചോദിക്കുന്നതുകേട്ടു. ഇനിയാണ് ബാബുമന്ത്രിക്ക് പണി കിട്ടാന്‍ പോകുന്നത്. ബാറുകള്‍ പൂട്ടുന്നതോടെ ഒഴുകാന്‍ പോകുന്ന വ്യാജമദ്യം പിടിക്കാന്‍ കെ.പി.സി.സി.യില്‍ നിന്നും മുസ്ലിം ലീഗില്‍നിന്നുമൊന്നും ആരും വരില്ല. അത് എക്‌സൈസ് മന്ത്രിയുടെയും പോലീസ് മന്ത്രിയുടെയും ചുമതലയാണ്. ഇന്ത്യയില്‍ ഈ ചുമതല വിജയകരമായി നിര്‍വഹിച്ച എക്‌സൈസ് പോലീസ് മന്ത്രിമാരാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
ആന്ധ്രാ സംസ്ഥാനം 1958 മുതല്‍ 1969 വരെ മദ്യനിരോധനം നടപ്പാക്കി. പരാജയപ്പെട്ടു. വീണ്ടും 1994ല്‍ നടപ്പാക്കി, '97ല്‍ പിന്‍വാങ്ങി. ഹരിയാണ 1996ല്‍ പരീക്ഷണം നടത്തി രണ്ടുവര്‍ഷം കൊണ്ടവസാനിപ്പിച്ചു. തമിഴ്‌നാട് 1952 മുതല്‍ രണ്ട് പതിറ്റാണ്ട് പിടിച്ചുനിന്നു. പിന്നെ ഉപേക്ഷിച്ചു.
മഹാത്മാഗാന്ധിയുടെ ജന്മസ്ഥാനമായ ഗുജറാത്തില്‍ മദ്യനിരോധനം ഇപ്പോഴും തുടരുന്നത് മഹാത്മാവിനെ വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് മാത്രമാവും. 1960ല്‍ സംസ്ഥാനം രൂപവത്കരിച്ച കാലത്തുതന്നെ ഏര്‍പ്പെടുത്തിയതാണ് മദ്യനിരോധനം. ഇപ്പോഴെന്താണ് സ്ഥിതി? രണ്ട് വര്‍ഷത്തിനിടയില്‍ മൂന്ന് ദേശീയ ഇംഗ്ലീഷ് പത്രങ്ങളില്‍ ഗുജറാത്തിലെ മദ്യനിരോധനത്തെ കുറിച്ച് ഫീച്ചറുകള്‍ പ്രസിദ്ധപ്പെടുത്തി. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടിലെ ഒരു വാചകം മതി സ്ഥിതിയറിയാന്‍.
'ഗുജറാത്തില്‍ ബാറുകളും പബ്ബുകളും ഇല്ല. പക്ഷേ, ജന്മദിന, വിവാഹപാര്‍ട്ടികളിലും ഉത്സവങ്ങളിലും മദ്യത്തെയാണ് ആദ്യം ക്ഷണിക്കുന്നത്. സാമ്പത്തികപുരോഗതി ഉണ്ടായതിനൊപ്പം ഇപ്പോള്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും കാരണം കിട്ടിയാല്‍ മതിയെന്നായിട്ടുണ്ട്.' ധീരവീര പരാക്രമിയായ നരേന്ദ്രമോദിജിയുടെ പരാജയമാണെന്നൊന്നും പറയുകയല്ലേ അല്ല. ആരും വാളെടുക്കേണ്ട. മദ്യം കിട്ടാന്‍ ഗുജറാത്തില്‍ ആരോഗ്യകാരണം പറഞ്ഞാല്‍ മതി. മദ്യമില്ലെങ്കില്‍ സ്ഥിതി വഷളാവും എന്ന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാസത്തില്‍ അഞ്ചുകുപ്പി മദ്യം വാങ്ങാം. 40 വയസ്സ് കഴിയണം എന്നുണ്ട്. വര്‍ഷത്തില്‍ 4,000 രൂപ ഫീസ് വേറെ കൊടുക്കണം.
മദ്യനിരോധനം നീക്കാന്‍ സമരം നടത്തുന്നുപോലുമുണ്ട് ചില സംഘടനകള്‍ അവിടെ എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന് മദ്യനികുതി വകയില്‍ വര്‍ഷം പതിനായിരം കോടിയെങ്കിലും നഷ്ടമുണ്ട്. നിരോധനം നടപ്പാക്കാനുള്ള ചെലവുവേറെ. നാട്ടിലാണെങ്കില്‍ മദ്യം ഒഴുകുകയും ചെയ്യുന്നു.
എന്തെല്ലാം ചെയ്യാനിരിക്കുന്നു. ബാബുമന്ത്രിക്ക് ഇനിയാണ് തിരക്ക് കൂടാന്‍ പോകുന്നത്.
                                                                              ****
മദ്യനിരോധനം നടപ്പാകുന്നതോടെ വിനോദസഞ്ചാരം തകരും ഹോട്ടല്‍ വ്യവസായം തകരും എന്നൊന്നും വേവലാതിപ്പെടേണ്ട. അറുപത് വര്‍ഷത്തിലേറെയായി മദ്യനിരോധനമുള്ള ഗുജറാത്ത് വിനോദസഞ്ചാരരംഗത്ത്, മദ്യനിരോധനമില്ലാത്ത കേരളത്തേക്കാള്‍ കിലോമീറ്ററുകള്‍ മുന്നിലാണ്. അവിടെ ഒരു വര്‍ഷം എത്തുന്നത് രണ്ടരക്കോടി ടൂറിസ്റ്റുകളാണ്. കേരളത്തില്‍ വരുന്നത് 15 ലക്ഷം പേര്‍ മാത്രം.
ബാറുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടികള്‍ക്ക് പണം എവിടെ നിന്നുകിട്ടും പാപ്പാരാവില്ലേ എന്ന് ബേജാറാവുന്നവരുണ്ട്. ഒട്ടും പേടിക്കേണ്ട. ഗുജറാത്ത് തന്നെ അതിനും മാതൃക. അവിടെ മദ്യവില്‍പ്പനക്കാരാണ് കോടീശ്വരന്മാര്‍. പല പാര്‍ട്ടികളെയും നിലനിര്‍ത്തുന്നത് അവരാണ്.
മദ്യനിരോധനം എന്ന് കേട്ട് മദ്യവിരുദ്ധര്‍ ആവേശം കൊള്ളേണ്ട, മദ്യലോബി വേവലാതിപ്പെടുകയും വേണ്ട എന്നേ പറഞ്ഞുള്ളൂ. ആരും ക്ഷോഭിക്കേണ്ട. എന്തെല്ലാം കാണാനിരിക്കുന്നു...ഘട്ടം ഘട്ടമായി കാണാം.
nprindran@gmail.com

Sunday, 17 August 2014

സീറ്റ് വാണിഭം

സീറ്റ് വാണിഭംവിപ്ലവം നടക്കുംവരെയുള്ള ഇടക്കാലാശ്വാസമായിട്ടാണ്
മുമ്പ് കമ്യൂ.പാര്‍ട്ടികള്‍ പാര്‍ലമെന്ററി 
വ്യതിയാനത്തെ കണ്ടിരുന്നത്. കാലം 
മാറിയില്ലേ. വിപ്ലവം ഈ ജന്മത്ത് നടക്കില്ല എന്ന്
തീരുമാനമായ സ്ഥിതിക്ക് പലതും 
ആലോചിക്കേണ്ടതുണ്ട്. ഇത് ആഗോളീകരണ 
കാലവുമാണ്

ടിക്കറ്റ് എന്നാണ് ഈ സാധനത്തിന് കോണ്‍ഗ്രസ്സുകാര്‍ പറയുന്ന പേര്. നല്ല ഭാവനാവൈഭവമുള്ള കൂട്ടരാണവര്‍. പാര്‍ട്ടിസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കിട്ടുന്ന ചാന്‍സിനാണ് ഈ അര്‍ഥപൂര്‍ണമായ പേരുള്ളത്. കാശുകൊടുക്കാതെ എവിടെയെങ്കിലും ടിക്കറ്റ് കിട്ടുമോ? സിനിമാതിയേറ്ററിലും ട്രെയിനിലുമൊക്കെയാണെങ്കില്‍ ക്യൂനില്‍ക്കാന്‍ ഉന്തുകയും തള്ളുകയുമൊക്കെ വേണം. അഞ്ചുകൊല്ലം ലോക്‌സഭാംഗമായിരിക്കാനുള്ള ടിക്കറ്റാവുമ്പോള്‍ ഉന്തുംതള്ളും അക്രമാസക്തമാകും. കാശിനേക്കാള്‍ കൂടിയ പലതും വിലകൊടുക്കേണ്ടിവന്നേക്കാം മൂല്യരഹിത ബൂര്‍ഷ്വാപാര്‍ട്ടികളില്‍. ബ്രാക്കറ്റ് ഉള്ളതായാലും ഇല്ലാത്തതായാലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യകളില്‍ ടിക്കറ്റില്ല. പാര്‍ട്ടി തീരുമാനിക്കും ആര് മത്സരിക്കണമെന്ന്. ആള്‍ അതിന് വഴങ്ങിയേ തീരൂ. രക്തസാക്ഷിത്വത്തോളം വരില്ലെങ്കിലും സംഗതി അതിനടുത്തുനില്‍ക്കുന്ന ത്യാഗമാണ്.

വിപ്ലവം നടക്കുംവരെയുള്ള ഇടക്കാലാശ്വാസമായിട്ടാണ് മുമ്പ് കമ്യൂ.പാര്‍ട്ടികള്‍ പാര്‍ലമെന്ററി വ്യതിയാനത്തെ കണ്ടിരുന്നത്. കാലം മാറിയില്ലേ. വിപ്ലവം ഈ ജന്മത്ത് നടക്കില്ല എന്ന് തീരുമാനമായ സ്ഥിതിക്ക് പലതും ആലോചിക്കേണ്ടതുണ്ട്. ഇത് ആഗോളീകരണ കാലവുമാണ്. പിടിച്ചുനില്‍ക്കണമെങ്കില്‍, മറ്റേ സഖാവ് പറഞ്ഞതുപോലെ കട്ടന്‍കാപ്പി, പരിപ്പുവട മെനുവില്‍നിന്ന് മാറിയേ തീരൂ. ബൂര്‍ഷ്വാപാര്‍ട്ടികള്‍പോലും ഇത്ര സ്?പീഡില്‍ മാറിയിട്ടില്ല. അവിടെ ടിക്കറ്റിനുവേണ്ടിയുള്ള ഉന്തും തള്ളും അതിരൂക്ഷമായതുകൊണ്ട് അവരുടെ കണ്ണുവെട്ടിച്ച് പേമെന്റ് സീറ്റ് തരപ്പെടുത്തുക ദുഷ്‌കരമാണ്. മാത്രവുമല്ല, അവിടെ ഹൈക്കമാന്‍ഡ് ആണ് ടിക്കറ്റ് വിതരണം ഹോള്‍സെയിലായി നടത്തുന്നത്. അവര്‍ അറിയാതെ ഇല ഇളകില്ല. പേമെന്റാണ് എന്ന് ഹൈക്കമാന്‍ഡുകാര്‍ അറിഞ്ഞാല്‍ അവര്‍ വിഹിതം ചോദിക്കും. കാശ് അങ്ങോട്ടുകൊടുക്കുകയും വേണ്ട, ഇങ്ങോട്ട് കിട്ടുകയും ചെയ്യുന്ന മധുരമനോഹര അവസ്ഥയാണ് അവിടെ ഇപ്പോഴുള്ളത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാതെ പാര്‍ട്ടി പാപ്പരാവുന്നതുവരെ അത് മാറുന്ന പ്രശ്‌നമില്ല.
അല്ലെങ്കിലും ആകപ്പാടെ നോക്കുമ്പോള്‍ ഈ പേമെന്റ് സീറ്റ് സമ്പ്രദായത്തില്‍ എന്താണിത്ര അപകടമുള്ളത് എന്ന് മനസ്സിലാവുന്നില്ല. മാര്‍ക്ക് മാത്രമല്ല മാനദണ്ഡം എന്ന് വിദ്യാഭ്യാസവാണിജ്യരംഗത്ത് തീരുമാനിച്ചില്ലേ? പണം കൊടുത്താല്‍ മരണംവരെ ഡോക്ടറോ എന്‍ജിനീയറോ ആകാമെങ്കില്‍ അഞ്ചുകൊല്ലം മാത്രം പാര്‍ലമെന്റംഗമായിരിക്കുന്നത് അപരാധമാണോ? കേരളത്തിന് പുറത്ത് മുമ്പേതന്നെ രാജ്യസഭാ സീറ്റ് നല്‍കിപ്പോന്നത് ലേലം വിളിച്ചാണ്. ഇവിടെ സ്വകാര്യമായാണ് അത് ചെയ്യുന്നത് എന്നാശ്വസിച്ചുകൂടേ ജനത്തിന്? ദേശീയതലത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസായ അജോയ് ഭവനില്‍ നിത്യച്ചെലവുകള്‍ക്കുതന്നെ വകയില്ല. ആരെങ്കിലും രണ്ട് സീറ്റ് വിറ്റ് ഒന്നോരണ്ടോ കോടി കൊണ്ടുവന്നുതന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പുകാലത്ത് നേതാക്കളുടെ വണ്ടിക്കൂലി ആരുകൊടുക്കും? അംബാനിമാരും മിത്തലുമാരും ചെലവിന് പണംനല്‍കുന്ന ബുര്‍ഷ്വാപാര്‍ട്ടികള്‍ക്ക് ഈ പങ്കപ്പാടൊന്നും മനസ്സിലാവില്ല.
സീറ്റ് വാണിഭത്തിന് സൈദ്ധാന്തിക ന്യായീകരണം വേണമെങ്കില്‍ അതും ചുട്ടെടുക്കാവുന്നതേ ഉള്ളൂ. ബഹുവര്‍ഗ ജനാധിപത്യ പാര്‍ട്ടിയായി നമ്മള്‍ മാറുമ്പോള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണം. സ്വാശ്രയ കോളേജ് ഉടമകള്‍, ഹോട്ടല്‍ മുതലാളിമാര്‍, ബാര്‍ നടത്തിപ്പുകാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ജനപ്രതിനിധിസഭകളില്‍ പ്രാതിനിധ്യം വേണം. അവര്‍ക്ക് ജാഥയില്‍ പോകാനും പോസ്റ്റര്‍ ഒട്ടിക്കാനുമൊന്നും സമയം കിട്ടില്ല. യോഗ്യതകളില്‍ ഇളവുകൊടുത്ത് കുറച്ച് സീറ്റുകള്‍ അവര്‍ക്ക് നല്‍കുന്നത് വലിയ തെറ്റാണോ?

ജയിക്കില്ലെന്നുറപ്പുള്ള തിരുവനന്തപുരം പോലുള്ള സീറ്റില്‍ മത്സരിക്കാന്‍ ബുദ്ധിയുള്ളവരാരെങ്കിലും കോടികള്‍ നല്‍കുമോ എന്ന് ബുദ്ധികുറഞ്ഞ ജനം സംശയിച്ചേക്കാം. തിരഞ്ഞെടുപ്പിലെ പകല്‍ക്കളിയേ നമ്മള്‍ കാണാറുള്ളൂ. രാത്രിക്കളി വേറെ ഉണ്ട്. തോല്‍ക്കുന്നതും രാഷ്ട്രീയത്തില്‍ ലാഭകരമായ ഏര്‍പ്പാടാണ്. അത് പണ്ടും അങ്ങനെയായിരുന്നു. അന്ന് സ്ഥാനാര്‍ഥിയായാല്‍ ജീപ്പും കാറും മറ്റും മുറതെറ്റിച്ച് കിട്ടുമായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നല്ലവിലയ്ക്ക് വില്‍ക്കാം. അതായിരുന്നു അക്കാലത്തെ കച്ചവടത്തിലെ ലാഭം. ഇപ്പോള്‍ കിട്ടാത്തതായി ഒന്നുമില്ല. സ്ഥാനാര്‍ഥിയായാല്‍ പണം പിരിക്കാം. കഴിവിനൊത്ത് പിരിക്കാം. പാര്‍ട്ടിക്ക് അഞ്ചുകോടി കൊടുത്താലും കുഴപ്പമില്ല. ആറുകോടി സ്വയം പിരിച്ചെടുക്കാന്‍ പറ്റണമെന്നുമാത്രം. കച്ചവടത്തില്‍ ആര്‍ക്കുമില്ല നഷ്ടം. തിരഞ്ഞെടുപ്പില്‍ തോറ്റശേഷം മാളിക പണിതവരുണ്ടെന്നും കേള്‍ക്കുന്നു.
സീറ്റ് വിറ്റുവെന്ന ആരോപണം കേട്ടപ്പോള്‍ത്തന്നെ കമ്മീഷനെ നിയോഗിച്ച് കുറ്റവാളികളെ കണ്ടെത്തി സൈബീരിയയ്ക്ക് അയച്ചില്ലേ, സി.പി.ഐ.യിലല്ലാതെ വേറെ ഏത് പാര്‍ട്ടിയില്‍ ഇത്ര നീതിനടക്കും എന്നാണ് പാര്‍ട്ടിയിലെ അവശിഷ്ട ബുദ്ധിജീവി ബിനോയ് വിശ്വം ചോദിച്ചത്. സ്ഥാനാര്‍ഥിയുടെ പേര് പറഞ്ഞപ്പോള്‍ത്തന്നെ, പാര്‍ട്ടി ഓഫീസില്‍ ചായ കൊണ്ടുവരുന്ന പയ്യനുപോലും ഇടപാടിന്റെ സ്വഭാവം മനസ്സിലായിരുന്നുവെന്നാണ് സഖാക്കള്‍ സ്വകാര്യമായി പറയുന്നത്. പാവം ബിനോയ് വിശ്വന് മാത്രം മനസ്സിലായില്ല. ആദര്‍ശവാദിയായതുകൊണ്ട് അങ്ങനെയൊന്ന് സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല. തിരുവനന്തപുരം സീറ്റ് പാര്‍ട്ടിയുടേതാണ്. മത്സരിക്കാന്‍ ആളില്ല. വോട്ടെണ്ണുമ്പോള്‍ എട്ടുമണിക്കുതന്നെ തോല്‍ക്കുമെന്നുറപ്പായിരുന്നല്ലോ. ബെന്നറ്റെങ്കില്‍ ബെന്നറ്റ് എന്നേ കരുതിയുള്ളൂ ബിനോയ്. ബെന്നറ്റിന്റെ പേരിനെ ചോദ്യംചെയ്താല്‍, എന്നാല്‍, ബിനോയ് മത്സരിക്കട്ടെ എന്ന് പറഞ്ഞേക്കുമോ എന്ന ഭയവും കാണാം. അതാവാം ബിനോയ് മൗനംപാലിക്കാന്‍ കാരണം.
ആകെ മുങ്ങിയാല്‍ കുളിരില്ല. കൈക്കൂലി, അഴിമതി, സീറ്റ് വില്‍പ്പന തുടങ്ങിയ ഏര്‍പ്പാടുകളൊന്നുമില്ലാത്ത തങ്കപ്പെട്ട മനുഷ്യരുടെ പാര്‍ട്ടിയാണ് സി.പി.ഐ. എന്നൊരു തെറ്റിദ്ധാരണ മുമ്പുണ്ടായിരുന്നു. എം.എന്‍., അച്യുതമേനോന്‍ കാലത്തുണ്ടായതാണ്. വെളിയം, ചന്ദ്രപ്പന്‍ കാലംവരെ അത് നിലനിന്നു. തുടര്‍ന്നിരുന്നെങ്കില്‍ പാര്‍ട്ടി മുടിഞ്ഞുപോയേനെ. ഇനി പ്രശ്‌നമില്ല. 'മുടി' സമൃദ്ധം, പാര്‍ട്ടി മുടിയില്ല. ഇടതുവലത് പാര്‍ട്ടികള്‍ തമ്മിലിപ്പോള്‍ വലിയ വ്യത്യാസമില്ലെന്ന് തെളിഞ്ഞസ്ഥിതിക്ക് പുനരേകീകരണം ഇനി വൈകിക്കേണ്ടതില്ല.

                                                                                        ***

സീറ്റ് കിട്ടാഞ്ഞാല്‍ മറുകണ്ടം ചാടുന്ന ഏര്‍പ്പാടിന് ദി പിണറായി ബുക്ക് ഓഫ് പൊളിറ്റിക്കല്‍ ഡിക്ഷ്ണറിയില്‍ എന്താണ് പേരിട്ടിരുന്നത് എന്ന് കേട്ടതാണല്ലോ. തലേന്നുവരെ പാര്‍ട്ടി ഓഫീസിന്റെ മുന്നിലെ റോഡില്‍ക്കൂടി നടന്നിട്ടില്ലാത്തവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വരുന്ന പ്രതിഭാസത്തിന് ആ ഡിക്ഷ്ണറിയില്‍ എന്താണ് പേരെന്ന് വ്യക്തമല്ല. കുറച്ച് കടുപ്പംകുറഞ്ഞ പേരാവാനേ തരമുള്ളൂ. പണ്ട് അപൂര്‍വം ചിലരാണ് പിന്‍വാതില്‍ വഴി ചാടിവരാറെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി. പിന്‍വാതിലില്‍ വലിയ തിരക്കാണ്. അത്തരക്കാര്‍ക്കെല്ലാം മുന്‍വാതില്‍ വഴി കേറാം. ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ ഏതാണ്ട് പാതി അത്തരക്കാരായിരുന്നു.
ഇത്തരം കാര്യങ്ങള്‍ ഡീസന്റ് ആയി മാനേജ് ചെയ്യാന്‍ വലതന്മാര്‍ക്ക് അറിഞ്ഞുകൂടാ. തിരുവനന്തപുരത്ത് എല്ലാം നാട്ടില്‍ പാട്ടാക്കി വഷളാക്കി. വലിയ ജനാധിപത്യക്കാരാണുപോലും. എല്ലാം റോഡിലിറങ്ങി വിളിച്ചുപറയും. കൊച്ചിയില്‍ അങ്ങനെ വല്ല പ്രശ്‌നവുമുണ്ടായോ? പല കഥയും കേള്‍ക്കുന്നുണ്ട് എന്നൊരു സീനിയറാശാന്‍ പറഞ്ഞശേഷം ആരെങ്കിലും വല്ല കഥയും പറഞ്ഞോ. ഇല്ല, ആശാനും പിന്നെ മിണ്ടിയില്ല. മിണ്ടിയാല്‍ ആ ആളിന്റെ കഥ കഴിയുമായിരുന്നു. ഇപ്പോള്‍ എല്ലാം ശാന്തം.
നാണംകെട്ടും പണം നേടിയാല്‍ നാണക്കേട് തീര്‍ക്കാന്‍ പണം മതിയാകുമെന്നാണ് പണ്ടേയുള്ള ന്യായം. ആ ന്യായത്തില്‍ മാറ്റമൊന്നുമില്ല. അത് ആഗോളീകരണ ന്യായമാണ്. സംഗതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചെറിയ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നാണക്കേട് പാതി തീരും എന്നതാണ് വ്യത്യാസം.

                                                                                        ***

കെ.എം. മാണിസാറിന്റെ മനഃപ്രയാസത്തിന്റെ ആഴം അളക്കാന്‍ ആര്‍ക്കും കഴിയില്ല. സംസ്ഥാനം ധനപ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് വീണുകൊണ്ടിരിക്കുന്നതാണ് പ്രശ്‌നമെന്നാരും ധരിച്ചേക്കരുതേ. അത് അതിന്റെ വഴിക്കുപോകും. കൂടിയാല്‍ ട്രഷറി പൂട്ടും. അത്രയേ ഉള്ളൂ. അതൊന്നുമല്ല മാണിസാറിന്റെ പ്രശ്‌നം. മാണിസാറിനെ സകലരും മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. ഇടതുവലത് വ്യത്യാസമില്ല ക്ഷണത്തിന്. ഒടുവില്‍ ഹിന്ദുത്വവാദി ബി.ജെ.പി.യുടെ പത്രവും ക്ഷണിച്ചു. ഇനിയിപ്പോള്‍ മാവോവാദികളോ മറ്റോ മാത്രമേ ക്ഷണിക്കാന്‍ ബാക്കിയുള്ളൂ. പക്ഷേ, മാണിസാറിന് മുഖ്യമന്ത്രിയാകാന്‍ കഴിയുന്നില്ല.
ഒന്നുകില്‍ കോണ്‍ഗ്രസ്സുകാര്‍ കനിയണം. അല്ലെങ്കില്‍ ഇടതുപക്ഷം കനിയണം. ഇടതുപക്ഷത്തേക്ക് ചാടുമെന്ന് പേടിപ്പിച്ചാലേ കോണ്‍ഗ്രസ്സുകാര്‍ വഴങ്ങൂ. പക്ഷേ, അച്യുതാനന്ദന്‍ ഉള്ള കാലത്തോളം അത് നടപ്പില്ല. വഴി ബ്ലോക്കാക്കി പുള്ളിക്കാരന്‍ വണ്ടി ഇട്ടിട്ടുണ്ട്. ഇനി മാണി മറുകണ്ടം ചാടിയാല്‍ ചെളിയില്‍ വീഴും. ഒരിക്കല്‍ക്കൂടി വി.എസ്. തെളിയിച്ചിരിക്കുന്നു, പ്രതിപക്ഷ നേതാവാണ് ഭരണപക്ഷത്തിന്റെ രക്ഷകന്‍.

nprindran@gmail.com