Thursday, 30 October 2014

പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം, പ്രതിബദ്ധതക്കുള്ളതുംഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം.ജി.രാധാകൃഷ്ണനെയും  ശ്രീ ജോണി ലൂക്കോസിനെയും  ശ്രീ ജോണ്‍ ബ്രിട്ടാസിനെയും ആദ്യമായി ഹാര്‍ദ്ദമായി അഭിനന്ദിക്കട്ടെ. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അവാര്‍ഡുകളില്‍  നിന്ന് ശ്രദ്ധേയമായ ചില വ്യത്യാസങ്ങള്‍ ഇത്തവണത്തെ അവാര്‍ഡിനുണ്ട്. അതില്‍ പ്രധാനം ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരും ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ്. ജീവിതം മുഴുവന്‍ അച്ചടി മാധ്യമത്തില്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍ എങ്കിലും എനിക്ക് ഈ തീരുമാനത്തില്‍ ഒട്ടും പരിഭവമില്ല. ദൃശ്യമാധ്യമമാണ് കേരളത്തിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും ജനജീവിതത്തെതന്നെയും ഈ കാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. അവിടെ സംഭവിക്കുന്ന കാര്യങ്ങളാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് എതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്ലൊരു പങ്ക് ദൃശ്യമാധ്യമങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളാണ്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ദൃശ്യമാധ്യമത്തെ നയിക്കുന്നവര്‍ക്ക് മേലെയാണ് സമൂഹത്തിന്റെ കണ്ണ് എപ്പോഴും വേണ്ടത്. അത് വിമര്‍ശനത്തിന്റെ രൂപത്തില്‍ മാത്രം പോര. അഭിനന്ദനത്തിന്റെ രൂപത്തിലും വേണം.  ആ അഭിനന്ദനമാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത അമേരിക്ക മൂന്നുപേരില്‍ ചൊരിഞ്ഞിരിക്കുന്നത്.

വ്യക്തിപരമായ ചില സന്തോഷങ്ങളും ഇതോടൊപ്പം പ്രകടിപ്പിക്കട്ടെ. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ എന്നൊരു വിശേഷണത്തില്‍ മൂന്നുപേരെയും ഒതുക്കുമ്പോഴും വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. ഈ മൂന്നുപേരും കേരളത്തിലെ അച്ചടിമാധ്യമത്തിന്റെ സൃഷ്ടികളാണ്, സംഭാവനകളാണ്. ഇതില്‍ ശ്രീ എം.ജി.രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം വരെ അച്ചടി മാധ്യമത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്- ദൃശ്യമാധ്യമത്തില്‍ വര്‍ഷങ്ങളായി സജീവ സാന്നിദ്ധ്യമായിരുന്നുവെങ്കിലും. ഇത് ഒരു അച്ചടി മാധ്യമക്കാരന്റെ സന്തോഷം മാത്രമായി എടുത്താല്‍പോര. 33 വര്‍ഷക്കാലത്തെ എന്റെ പത്രപ്രവര്‍ത്തനത്തിന്റെ പല ഘട്ടത്തിലും പല വേദികളില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഇവര്‍ മൂന്നുപേരും. എം.ജി.ആര്‍ എന്ന ഞങ്ങള്‍ വിളിക്കുന്ന ശ്രീ രാധാകൃഷ്ണന്റെ തുടക്കം മാതൃഭൂമിയിലായിരുന്നു- എണ്‍പതുകളുടെ ആദ്യം. ഒരേ യൂണിറ്റില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ഒരുപാട് കാര്യങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെ പക്വമായ നിലപാടുകളും പെരുമാറ്റവും പുരോഗമനപരമായ ചിന്താഗതികളും ഉള്ള രാധാകൃഷ്ണന്റെ ഒരു രചന പോലും കണ്ടിട്ട് വായിക്കാതെ ഞാന്‍ വിട്ടുകളഞ്ഞിട്ടില്ല. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രവര്‍ത്തനങ്ങളിലും പല ഘട്ടങ്ങളില്‍ സഹകരിച്ചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് പി.ജി.യുടെയും സഹോദരി പാര്‍വതി ദേവിയുടെയും സഹായവും ഉപദേശങ്ങളും ലഭിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്.

ശ്രീ ജോണി ലൂക്കോസ് മലയാള മനോരമയുടെ തൃശ്ശൂര്‍ ബ്യൂറോ ചീഫ് ആയിരുന്ന തൊണ്ണൂറുകളുടെ ആദ്യം അവിടെ മാതൃഭൂമി റിപ്പോര്‍ട്ടറായി ഞാനും ഉണ്ടായിരുന്നു. മലയാള പത്രപ്രവര്‍ത്തന രംഗത്തെ ഏറ്റവും നല്ല അഭിമുഖക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ അന്നും ഇന്നും ഞാന്‍ ശ്രീ ജോണി ലൂക്കോസിന്റെ പേരേ പറയൂ. അച്ചടി മാധ്യമത്തില്‍ ആയിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട അഭിമുഖം ഇപ്പോള്‍  ഒപ്പം അവാര്‍ഡ് നേടിയിട്ടുള്ള ശ്രീ രാധാകൃഷ്ണന്റെ പിതാവുമായി ഉള്ളതായിരുന്നു എന്നത് ഓര്‍ക്കുക കൗതുകമുള്ള കാര്യമാണ്. ടെലിവിഷനില്‍ എത്തിയപ്പോഴും ജോണിയുടേത് ഏറ്റവും അനുകരണീയമായ, ഏറ്റവും മാന്യമായ അഭിമുഖ രീതിയാണ്. അഭിമുഖത്തിന്റെ ഉള്ളടക്കം കൊണ്ടോ അതിന്റെ ഗഹനത കൊണ്ടോ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയാതെ, പോലീസ് സ്റ്റേഷനിലെ ചോദ്യംചെയ്യലിനെ അനുകരിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നവരുടെ  എണ്ണം വര്‍ദ്ധിക്കുന്ന ഇക്കാലത്ത്, ജോണിയും എം.ജി.ആറും ബ്രിട്ടാസും ഏറ്റവും നല്ല മാധ്യമ പ്രവര്‍ത്തകരാവുന്നത് എന്തുകൊണ്ട് എന്ന് അറിഞ്ഞേ തീരൂ.

ജോണ്‍ ബ്രിട്ടാസ് ഡല്‍ഹിയില്‍ ദേശാഭിമാനി ലേഖകനായി തുടങ്ങിയ കാലത്തുത്തന്നെ തന്റെ വ്യത്യസ്തത തെളിയിച്ചിട്ടുണ്ട്്. പാര്‍ട്ടി മുഖപത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടി പ്രചാരകര്‍ മാത്രമായി ഒതുങ്ങാനുള്ള പ്രചോദനമാണ് കൂടുതല്‍ കിട്ടുക. അതില്‍നിന്ന്  വ്യത്യസ്തമായി മുന്നേറാന്‍ കഴിഞ്ഞ ആളാണ് ബ്രിട്ടാസ്. ചീഫ് റിപ്പോര്‍ട്ടര്‍ മാത്രം ആയിരുന്ന കാലത്താണ് അദ്ദേഹം പുതുതായി തുടങ്ങുന്ന ടിവി ചാനലിന്റെ എം.ഡി.യും ചീഫ് എഡിറ്ററുമായത്. സ്വന്തം സ്ഥാപനം തുടങ്ങിയവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതിനുമുമ്പ് കേരളത്തില്‍ കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ് അത്. കൈരളി ചാനല്‍ പാര്‍ട്ടി ചാനലായിരുന്നിട്ടും അതിനെ വെറും പാര്‍ട്ടി ചാനലാക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഒരേ സമയം മാധ്യമപ്രവര്‍ത്തകന്റെയും മാധ്യമസ്ഥാപനനടത്തിപ്പുകാരന്റെയും ചുമതല നിര്‍വഹിക്കുകയും അതോടൊപ്പം പാര്‍ട്ടി ഏല്‍
പ്പിക്കുന്ന ചുമതല നിര്‍വഹിക്കുകയും ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. മാധ്യമപ്രവര്‍ത്തകന്‍ എന്ന തലത്തില്‍നിന്ന് അദ്ദേഹം ഏറെ വളര്‍ന്നുകഴിഞ്ഞു. ഇനിയുമേറെ വഴി സഞ്ചരിക്കുകയും ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയവുമില്ല.

നാലുവര്‍ഷം മുമ്പ് PCNA യുടെ ആദ്യപുരസ്‌കാരം  ന്യൂയോര്‍ക്കില്‍ ഏറ്റുവാങ്ങിയപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നത് മലയാളപത്രപ്രവര്‍ത്തനം പിന്നിട്ട വഴികളില്‍ വഴിവിളക്കുകളായി ജ്വലിച്ചുനിന്ന കൂറെ മഹാന്മാരെകുറിച്ചുള്ള ഓര്‍മകളായിരുന്നു. നേരാംവണ്ണം ജീവിക്കാനുള്ള വേതനം പോലുംകിട്ടാതെ, ഒരു രൂപയുടെ പുരസ്‌കാരം പോലും  ഒരിക്കലും ലഭിച്ചിട്ടില്ലാത്ത, ബസ്സില്‍ സഞ്ചരിക്കാന്‍ കാശില്ലാതെ സൈക്കിളിനെ മാത്രം ആശ്രയിച്ചിരുന്നു, വിദേശസഞ്ചാരം പോകട്ടെ, അയല്‍ സംസ്ഥാനത്ത് പോലും പോകാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത എത്രയെത്ര മഹാരഥന്മാര്‍ നമ്മുടെ വഴി വെട്ടി വെടിപ്പാക്കി കാലയവനികക്ക് പിന്നിലേക്ക് പോയ് മറഞ്ഞിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും വിലയേറിയ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ എനിക്കുറപ്പായിരുന്നു ഇതെനിക്കുള്ള പുരസ്‌കാരമല്ല എന്ന്. നമ്മുടെ ഗുരുനാഥന്മാരായി നമുക്ക് മുന്നെ നഗ്നപാദരായി നടന്നുപോയവര്‍ക്കുള്ള അംഗീകാരങ്ങളാണ് ഇതെല്ലാം. കച്ചവടകാല മൂല്യങ്ങളുടെ ഗുണഭോക്താക്കളായി നാം മാറുമ്പോള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ മറന്നുകൂടാ എന്നാണ് ഓരോ പുരസ്‌കാരവും നമ്മളോട് പറയുന്നത്.

വിദൂരമായ അമേരിക്കയിലിരുന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും നമ്മളോട് അതുതന്നെയാണ് പറയുന്നത്.

ജോണി ലൂക്കോസിനെയും  എം.ജി.ആറിനെയും ബ്രിട്ടാസിനെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കട്ടെ.

(ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമപുരസ്‌കാരച്ചടങ്ങിനോട് അനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തുന്ന സുവനീറിന് വേണ്ടി തയ്യാറാക്കിയ ലേഖനം)


Sunday, 19 October 2014

സുവര്‍ണജൂബിലി സങ്കടങ്ങള്‍
ഇവിടെ ചില വൈരുധ്യാധിഷ്ഠിത പ്രശ്‌നങ്ങളുണ്ട്. 1964 ഒക്ടോബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സിലാണ് പാര്‍ട്ടി ജനിച്ചത് എന്നാണ് രേഖകളിലും ചരിത്ര കിത്താബുകളിലും കാണുന്നത്. അങ്ങനെവരുമ്പോള്‍ ഇത് അമ്പതാം വാര്‍ഷികംതന്നെ


പാര്‍ട്ടിക്ക് വയസ്സ് അമ്പതാകുന്നതിന്റെ ആഘോഷമൊന്നും നാട്ടില്‍ കാണാത്തതില്‍ പല സി.പി.എം. ആരാധകര്‍ക്കും സങ്കടമുണ്ട്. വിപ്ലവപ്പാര്‍ട്ടിക്ക് അങ്ങനെ വയസ്സ് ആഘോഷിക്കുന്ന ഏര്‍പ്പാടില്ല എന്ന മറുപടി കിട്ടായ്കയല്ല. എന്നാലും, അമ്പത് സാധാരണ വയസ്സല്ലല്ലോ. ഹാഫ് സെഞ്ച്വറിയെന്നോ സുവര്‍ണജൂബിലിയെന്നോ വിളിക്കുന്ന സംഭവത്തെ നിസ്സാരമാക്കി തള്ളിക്കൂടാ. എത്രയെല്ലാം ജൂബിലികളില്‍ പാര്‍ട്ടി പങ്കാളിയായിട്ടുണ്ട്. ഔദ്യോഗികമായി അല്ലെങ്കില്‍ അനൗദ്യോഗികമായി ഈ ജൂബിലിയും ആഘോഷാര്‍ഹംതന്നെ.
പാര്‍ട്ടി ജനിച്ചത്, പറഞ്ഞുകേട്ടതുപോലെ 1964ല്‍ത്തന്നെയാണോ? എങ്കിലല്ലേ അമ്പതിന്റെ ആഘോഷവും സദ്യവട്ടവുമൊക്കെ സാധ്യമാകൂ. ഇവിടെ ചില വൈരുധ്യാധിഷ്ഠിത പ്രശ്‌നങ്ങളുണ്ട്. 1964 ഒക്ടോബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സിലാണ് പാര്‍ട്ടി ജനിച്ചത് എന്നാണ് രേഖകളിലും ചരിത്ര കിത്താബുകളിലും കാണുന്നത്. അങ്ങനെ വരുമ്പോള്‍ ഇത് അമ്പതാം വാര്‍ഷികംതന്നെ. പക്ഷേ, സി.പി.എം. രേഖകള്‍ അനുസരിച്ച് കല്‍ക്കത്ത കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ് അല്ല; ഏഴാം കോണ്‍ഗ്രസ് ആണ്. 1943 മെയ് മാസത്തിലാണ് ഒന്നാം കോണ്‍ഗ്രസ് നടന്നത്. പാര്‍ട്ടി ജനിക്കുന്നതിന് മുമ്പേതന്നെ പാര്‍ട്ടി നിലനില്‍ക്കുന്നുണ്ട് എന്നര്‍ഥം. ഏഴാം കോണ്‍ഗ്രസ്സിലാണ് ജന്മം എന്ന് പറയുന്നത് ഏഴാം വയസ്സിലാണ് താന്‍ ജനിച്ചതെന്ന് ഒരാള്‍ അവകാശപ്പെടുന്നത് പോലെയല്ലേ? ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ ഈ പ്രശ്‌നം മറ്റൊരു വിധത്തിലാണ് കൈകാര്യംചെയ്യാറുള്ളത്. ഒറിജിനല്‍ പാര്‍ട്ടി തങ്ങളാണ് എന്ന് പിളര്‍ന്നുപോകുന്ന ഓരോ കൂട്ടരും അവകാശപ്പെടും. അപ്പോള്‍പ്പിന്നെ ഏഴാം വയസ്സില്‍ ജനിക്കുന്ന പ്രശ്‌നം വരുന്നില്ല. 101 പേരുള്ള സെന്‍ട്രല്‍ കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോന്നത് 32 പേരാണെങ്കിലും അവര്‍ക്ക് സി.പി.ഐ.തന്നെ തങ്ങളും എന്ന് അവകാശപ്പെടാമായിരുന്നു. എങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. അമ്പതാം വാര്‍ഷികമല്ല, പിണറായി പാറപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണതിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണ് ഏതൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആഘോഷിക്കേണ്ടത് എന്നാണ് സി.പി.ഐ.ക്കാര്‍ പറയുക. അത് നമ്മള്‍ കേട്ടില്ലെന്ന് നടിച്ചാല്‍ മതി.

സാരമില്ല. ഇതൊക്കെയാണെങ്കിലും അമ്പത് ആഘോഷിക്കേണ്ടതുതന്നെ. മനുഷ്യജീവിതത്തില്‍ ഏറ്റവും നല്ല പ്രായം അമ്പത് ആണത്രെ. ആ പ്രത്യേകത പാര്‍ട്ടി ജീവിതത്തിന് ബാധകമാണെന്നല്ല പറയുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കക്കാര്‍ക്കിടയില്‍ ഒരു സര്‍വേ നടന്നു. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, ഒരേ വയസ്സില്‍ത്തന്നെ എന്നും തുടരാന്‍ പറ്റുമായിരുന്നെങ്കില്‍ ഏത് വയസ്സാണ് തിരഞ്ഞെടുക്കുക എന്നായിരുന്നു സര്‍വേയര്‍മാരുടെ ചോദ്യം. ബഹുഭൂരിപക്ഷം ആളുകള്‍ പറഞ്ഞത് അമ്പതാം വയസ്സില്‍ എന്നായിരുന്നത്രെ. സന്തോഷം ടോപ്പില്‍ നില്‍ക്കുക അമ്പതാം വയസ്സിലാണത്രെ. അതുകഴിഞ്ഞാല്‍ എല്ലാം കുറഞ്ഞുതുടങ്ങും, പ്രായവും പ്രാരബ്ധങ്ങളും ഒഴികെ. അമ്പതാണ് ബെസ്റ്റ് (പെണ്ണുങ്ങള്‍ക്കല്ല, ആണുങ്ങള്‍ക്ക്).

പക്ഷേ, സി.പി.എമ്മിന് അമ്പത് സ്വീറ്റ് ഫിഫ്റ്റിയാണ് എന്നൊന്നും പറയാന്‍ പറ്റില്ല. സമയം മോശമാണ്. സി.പി.എമ്മിന്റെ നല്ല വയസ്സ് നാല്പതായിരുന്നു. നല്ല വയസ്സ് എന്നുപറഞ്ഞാല്‍ കഷ്ടിച്ച് നല്ലത് എന്നേ പറയാനൊക്കൂ. അമ്പതുകൊല്ലവും കഷ്ടകാലം തന്നെയായിരുന്നു. പാര്‍ട്ടി പിളര്‍ന്ന കാലത്ത് ഇരുപക്ഷവും തമ്മില്‍ ശാക്തികമായി വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. കേരളത്തിലും ബംഗാളിലും പെട്ടെന്ന് വളര്‍ന്നു സി.പി.എം. ബോണ്‍സായി പോലെ പ്രായം കൂടിയിട്ടും വലിപ്പം കുറഞ്ഞുവന്നു സി.പി.ഐ.ക്ക്. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് സി.പി.എമ്മിന് കിട്ടിയത് 2004ലാണ്. 43 സീറ്റ്. അന്ന് പാര്‍ട്ടിക്ക് രാജയോഗമായിരുന്നു. നാട് ഭരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു എന്നത് ശരി, പക്ഷേ, കോണ്‍ഗ്രസ്സിനെ ഭരിച്ചിരുന്നത് സി.പി.എം. ആയിരുന്നു. എല്ലാം സഹിച്ച് ഭരണത്തില്‍ തുടര്‍ന്ന ഡോ. മന്‍മോഹന്‍സിങ്ങിനും ഒടുവില്‍ സി.പി.എമ്മിനെ സഹിക്കാതായി. ഭരണം പോയാലും സാരമില്ല, സി.പി.എം. പോകട്ടെ എന്നായി നിലപാട്. അതോടെയാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ കഷ്ടകാലം തുടങ്ങിയത്. സി.പി.എം. പിന്തുണ പിന്‍വലിച്ചിട്ടും മന്ത്രിസഭ വീണില്ല. വീണില്ലെന്ന് മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമില്ലാതെ ഭൂരിപക്ഷം നേടുകയും ചെയ്തു. അതും സഹിക്കാം. സി.പി.എമ്മിന്റെ ലോക്‌സഭയിലെ സീറ്റെണ്ണം 19 ആയും ഇക്കഴിഞ്ഞതില്‍ ഒമ്പതായും ചുരുങ്ങി. പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ സീറ്റ് ബലമാണ് ഒമ്പത്. ആകെ ഒരു സമാധാനമുള്ളത് സി.പി.ഐ.ക്കാര്‍ക്ക് സീറ്റ് ഒന്നേ ഉള്ളൂ എന്നതുമാത്രമാണ്. ഇടതുപക്ഷത്തിന്റെ മൊത്തം അവസ്ഥതന്നെ അതിദയനീയമാണ്. ഇത്രയും മോശം കാലത്ത് ജന്മവാര്‍ഷികം ആഘോഷിക്കുക ശ്ശി വിഷമംതന്നെ എന്ന് സമ്മതിക്കാം.

ഇതിനിടയിലാണ് പാര്‍ട്ടിയുടെ അടുത്ത കോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത് നടക്കാന്‍ പോകുന്നത്. അതിന്റെ കൊമ്പും കുഴലും വിളി ആരംഭിച്ചുകഴിഞ്ഞു. സമ്മേളനത്തില്‍ ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയങ്ങള്‍ ഏതെല്ലാമെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു; പാര്‍ട്ടി തീരുമാനിച്ചുവോ എന്നറിയില്ല.

പഴയ വിഭവങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടില്ല. ഫാസിസത്തെ നേരിടാന്‍ ആരെയെല്ലാം കൂടെ കൂട്ടണം, കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയാല്‍ സംഗതി പിശകാവുമോ, ഇടതുപക്ഷ പരിപ്പുവടയും കട്ടന്‍കാപ്പിയും മതിയോ, അതല്ല പൊറോട്ട, ചിക്കന്‍ കറി മൂന്നാം മുന്നണി വേണോ, വിപ്ലവം വരുന്നതുവരെ പാര്‍ലമെന്ററിപാതതന്നെയോ തുടരേണ്ടത്, അഥവാ വിപ്ലവ ലാസ്റ്റ് ബസ് വരുന്നില്ലെങ്കില്‍ സോഷ്യല്‍ ഡെമോക്രസിയുടെ ടാക്‌സി പിടിക്കാമോ, ഇതിനിടയില്‍ വര്‍ഗീയ ഫാസിസത്തിന്റെ പ്രളയം വന്നാല്‍ എങ്ങനെ നേരിടും, ഹിന്ദുത്വഫാസിസം ശക്തിപ്പെടാതിരിക്കാന്‍ സഖാക്കളെല്ലാം അമ്പലക്കമ്മിറ്റികളില്‍ അംഗങ്ങളാവുകയും സാധ്യമായേടത്തെല്ലാം ശത്രുസംഹാരപൂജ നടത്തുകയും ചെയ്താല്‍ മതിയോ, ജനപിന്തുണ നേടാന്‍ ഫലപ്രദം പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ആണോ അതല്ല നഗരമാലിന്യനിര്‍മാര്‍ജനമോ...
ആഘോഷം നടന്നാലും ഇല്ലെങ്കിലും വണ്ടി വിശാഖപട്ടണം വിടുമ്പോഴേക്കും ഇക്കാര്യങ്ങളിലെല്ലാം തീരുമാനമുണ്ടാകുമെന്ന് ആശിക്കാം.
                                                                           ****
നമ്മുടെ നാട്ടില്‍ എത്രയെത്ര ബഹുമതികള്‍ സര്‍ക്കാര്‍ വര്‍ഷംതോറും ദാനംചെയ്യുന്നുണ്ട് എന്നറിയാന്‍ വിവരാവകാശരേഖ ചോദിക്കേണ്ടിവരും. പ്രശസ്ത സേവനം അനുഷ്ഠിക്കുന്നവരുടെ സംഖ്യ അത്രയേറെയാണ്. പത്മശ്രീയാണ് ഇതിലെ താഴേക്കിടെ സര്‍ട്ടിഫിക്കറ്റ്. ടോപ്പില്‍ ഭാരതരത്‌നമുണ്ട്. ക്രിക്കറ്റ് കളിക്കാര്‍ക്കും അത് കിട്ടും. 1954ല്‍ രാജഗോപാലാചാരിക്ക് മുതല്‍ നാല്പതിലേറെ മഹാന്മാര്‍ക്ക് അത് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ നിലവാരം കുറഞ്ഞുവരുന്നുണ്ട്. പത്മശ്രീയുടെ കാര്യം പറയാനുമില്ല. ഇത്രയെല്ലാം പുരസ്‌കാരങ്ങള്‍ ഇവിടെ ഉണ്ടായിട്ടും ഇന്നേവരെ ഈ വക യാതൊന്നും കിട്ടാത്ത ഒരു സത്യാര്‍ഥിയെ ലോകപ്രശസ്ത നൊബേല്‍ സമ്മാനസമിതി കണ്ടെത്തിയത് എങ്ങനെയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? ഇന്ത്യയില്‍ ബാലവേല അവസാനിപ്പിക്കാന്‍ നടക്കുന്നയാളാണത്രെ ആ ചങ്ങാതി.

ബാലവേലയോ? സോഷ്യലിസ്റ്റ് ഭാരതത്തിലോ?

മഹാത്മാഗാന്ധിക്ക് കൊടുക്കാതിരുന്നതിന്റെ നാണക്കേട് തീര്‍ക്കാന്‍ ചിലപ്പോഴൊക്കെ ഇങ്ങനെ ചിലതും അവര്‍ കൊടുക്കാറുണ്ട്. ഇത്തവണ സ്‌കൂള്‍ കുട്ടികള്‍ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചിരിക്കാം. എന്നാലും, നൊബേല്‍ സമ്മാനാര്‍ഹന് ഇതേവരെ ഒരു പത്മശ്രീ പോലും നമ്മള്‍ കൊടുത്തിരുന്നില്ല എന്നത് ഗാന്ധിജിക്ക് നൊബേല്‍ കൊടുക്കാതിരുന്നതിലും വലിയ നാണക്കേടായോ എന്നൊരു ചെറിയ സംശയം ഇല്ലാതില്ല.

ഇതിന് പരിഹാരം കണ്ടേ തീരൂ. ഇനിമേല്‍ പത്മശ്രീ മുതല്‍ മേലോട്ട് ഭാരതരത്‌നം വരെയുള്ള സകലതും അവസാനിപ്പിക്കുകയാവും ഒരു പരിഹാരം. ഇടയ്‌ക്കെല്ലാം നിര്‍ത്തിയതും പ്രാഞ്ചിയേട്ടന്മാര്‍ക്കുവേണ്ടി പുനരാരംഭിച്ചതുമാണ്. സര്‍ക്കാര്‍ ഒരുപക്ഷേ, വേറെ പരിഹാരമാവും കണ്ടെത്തുക. ഇന്ത്യന്‍ പൗരനാണെങ്കില്‍ പത്മശ്രീ എങ്കിലും കിട്ടിയശേഷമേ നൊബേല്‍ വാങ്ങാവൂ എന്നൊരു കണ്ടീഷന്‍ വെച്ചാലോ?


Sunday, 12 October 2014

ദേ... പിന്നെയും ശശി...
തരൂരിന് അങ്ങനെയാരു ഗുണമുണ്ട്. അന്നും വരത്തന്‍, ഇന്നും വരത്തന്‍... എന്നും വരത്തന്‍.

കോണ്‍ഗ്രസ് സംസ്‌കാരത്തിലേക്ക് ലയിച്ചുചേരാന്‍ കഴിയാത്തതാണ് പ്രശ്‌നം
അതിനും വേണം ഭാഗ്യം. ഒരു വിവാദമെങ്കിലും സ്വന്തംപേരില്‍ ഉണ്ടാക്കിയെടുക്കാന്‍ ഓരോരുത്തര്‍ പെടുന്ന പാട് കാണുമ്പോള്‍ സഹതാപം തോന്നും. പക്ഷേ, നമ്മുടെ ശശി തരൂര്‍ജി എത്ര അനായാസമാണ് ഓരോരോ വിവാദങ്ങള്‍ സൃഷ്ടിച്ചുവിടുന്നത്. അദ്ദേഹം ആരെയും അധിക്ഷേപിച്ച് വിവാദം ഉണ്ടാക്കാറില്ല. നല്ല പോളിഷ് ഇട്ട ഓക്‌സ്ഫഡ് ഇംഗ്ലീഷും മംഗഌഷുമേ പറയാറുള്ളൂ. പക്ഷേ, വിവാദത്തിന് ഒരു പഞ്ഞവുമില്ല. ലോക്‌സഭയില്‍ വാ തുറക്കാന്‍ അവസരമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ശശി തരൂര്‍ജി വക പുതിയ വിവാദത്തിനൊന്നും സ്‌കോപ്പില്ലെന്നാണ് കരുതിയത്. വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞതുപോലെ, മോദിയുടെ സ്വച്ഛ് ഭാരതും തരൂര്‍ജിക്ക് വിവാദത്തിന് അസംസ്‌കൃതപദാര്‍ഥമായി.

യു.എന്നിലെ കോട്ടും സൂട്ടും കളഞ്ഞ്, ഖദര്‍ കുപ്പായമണിഞ്ഞ് കേരള തലസ്ഥാനത്ത് വന്നിറങ്ങിയശേഷം സ്വന്തം ക്രെഡിറ്റില്‍ ചേര്‍ത്ത വിവാദങ്ങള്‍ ഏതാണ്ട് എല്ലാം ഈ ടൈപ്പ് തന്നെയായിരുന്നു. വിവാദത്തിന് ഒരു വകുപ്പുമില്ലാത്ത കാര്യമാണ് പറയുന്നതെങ്കിലും പറഞ്ഞത് ശശി തരൂര്‍ ആണെന്നതുകൊണ്ടുമാത്രം വിവാദമുണ്ടാകും. പൊതുജനത്തെ കന്നുകാലിയെന്ന് വിളിച്ചെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ വിവാദം. പൊതുജനത്തെ കഴുത എന്നാണ് അതുവരെ വിളിച്ചിരുന്നത്. ക്ലാസ് ഒന്നുയര്‍ത്തി കന്നുകാലി ആക്കിയത് കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റ് കഴുതകള്‍ക്കുപോലും ഇഷ്ടപ്പെട്ടില്ല. പ്രഭാതത്തില്‍ പശുവിനെ കണികാണുന്നത് ഉത്തമമാണെന്ന് ജ്യോതിഷത്തിലുണ്ടല്ലോ. അതുകൊണ്ട് കന്നുകാലിക്കണി കേമമായി. പിന്നെ സമൃദ്ധമായി വിവാദങ്ങള്‍.

ദേശീയഗാനമാലപിക്കുമ്പോള്‍ അമേരിക്കന്‍ മോഡലില്‍ കൈ നെഞ്ചത്തുവെച്ചു, സ്വന്തം കാശുകൊടുത്ത് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചു, ഇന്ത്യപാക് തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സൗദി അറേബ്യയെ ക്ഷണിച്ചു, വിവാഹം കഴിച്ചെന്നും ഇല്ലെന്നും അഭ്യൂഹപ്പുകപരത്തി, ഐ.പി.എല്‍. ക്രിക്കറ്റ് ചന്തയില്‍ ഭാര്യ കാശ് കൊടുത്തോ കൊടുക്കാതെയോ ഒരു ടീമിനെ വാങ്ങാന്‍ കൂടെക്കൂടി, ഏതോ പത്രപ്രവര്‍ത്തകയ്ക്ക് എക്‌സ്‌ക്ലൂസീവായി എസ്.എം.എസ്. അയച്ചു... ഇങ്ങനെ എത്രയെത്ര വിവാദങ്ങള്‍. ഒടുവില്‍ വിവാദവിഷയം വിഷാദവിഷയങ്ങളായി. ഭാര്യയുടെ മരണത്തെച്ചൊല്ലിയുള്ളത് ഇപ്പോഴും തീര്‍ന്നിട്ടില്ല.

ഈയിടെയായി രാഷ്ട്രീയക്കാര്‍ക്കിടയില്‍ വൃത്തിബോധം കൂടിയിരിക്കുകയാണ്. നരേന്ദ്രമോദി മുതല്‍ പിണറായി വിജയന്‍ വരെ നാട് വൃത്തിയാക്കാനിറങ്ങിയ സ്ഥിതിക്ക് ചിലതെല്ലാം സംഭവിക്കുമെന്നുറപ്പിക്കാം. രാഷ്ട്രീയം ക്ലീനാക്കാന്‍ എന്തായാലും പറ്റില്ല. ആ സ്ഥിതിക്ക് റോഡും തോടുമെല്ലാം ക്ലീനാക്കാം എന്നാവണം ഉദ്ദേശിച്ചത്. രാഷ്ട്രപിതാവിന്റെ ജന്മദിനത്തില്‍ വീട്ടിലിരുന്ന് സുഖിച്ചാല്‍പോരാ റോഡിലിറങ്ങി നാട് വൃത്തിയാക്കണം എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞെന്ന് മാത്രമല്ല വിപുലമായ ഒരു വൃത്തിയാക്കല്‍ പദ്ധതിക്ക് രൂപംനല്‍കുകയും ചെയ്തു, പ്രധാനമന്ത്രി നരേന്ദ്രമോദി. ആറരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ ഐഡിയ തലയില്‍ ഉദിക്കാഞ്ഞതിന് കോണ്‍ഗ്രസ്സുകാര്‍ മോദിയോട് അസൂയപ്പെടട്ടെ. മോദി സ്വച്ഛ് പദ്ധതിക്ക് കക്ഷിഭേദം ഇല്ലാതെ കുറേ പ്രമുഖരുടെ സഹായം തേടുകയും ചെയ്തു. കഷ്ടകാലത്തിന് അതിലൊരാളായിപ്പോയി നമ്മുടെ തരൂര്‍ജി. തരൂര്‍ അല്പം ആവേശഭരിതനായതില്‍ കുറ്റപ്പെടുത്തിക്കൂടാ. കുറച്ചുമുമ്പ് ഗാന്ധിജയന്തിക്ക് അവധി കൊടുക്കുകയല്ല, ഉദ്യോഗസ്ഥരെക്കൊണ്ട് ശുചീകരണപ്പണി ചെയ്യിക്കുകയാണ് വേണ്ടതെന്ന് തരൂര്‍ പറഞ്ഞത് വിവാദമായതാണ്. ഇത്തവണ മോദി അതുതന്നെയാണ് ചെയ്തത്. മോദി എന്നുകേട്ടാല്‍ ചോരതിളയ്ക്കണം എന്നതാണ് കോണ്‍ഗ്രസ് തത്ത്വമെന്ന് അദ്ദേഹം മറന്നുപോയി. നല്ലകാര്യം ആരുപറഞ്ഞാലും സ്വീകരിക്കണമല്ലോ, നാട് ക്ലീനാക്കുന്നതില്‍ രാഷ്ട്രീയമുണ്ടോ തുടങ്ങിയ അരാഷ്ട്രീയവാദങ്ങളാണ് തരൂര്‍ ഉയര്‍ത്തിയത്. അഞ്ചുകൊല്ലം കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം നടന്നിട്ടും രാഷ്ട്രീയം മനസ്സിലാകാതെപോയി. ഡിഗ്രിയും ഡോക്ടറേറ്റും പുസ്തകങ്ങളും ഉണ്ടായിട്ടെന്തുകാര്യം?

വരത്തനായതുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ ഇഷ്ടമില്ലാത്തത് എന്നാണ് തരൂര്‍ പറയുന്നത്. വരത്തനായിരുന്നത് അഞ്ചുവര്‍ഷം മുമ്പാണ്. തരൂരിന് അങ്ങനെയാരു ഗുണമുണ്ട്. അന്നും വരത്തന്‍, ഇന്നും വരത്തന്‍... എന്നും വരത്തന്‍. കോണ്‍ഗ്രസ് സംസ്‌കാരത്തിലേക്ക് ലയിച്ചുചേരാന്‍ കഴിയാത്തതാണ് പ്രശ്‌നം. കോണ്‍ഗ്രസ്സുകാര്‍ക്ക് വരത്തരോട് ശത്രുതയൊന്നുമില്ല. ചിലയിനം വരത്തരോട് പ്രേമമാണുതാനും. ഇറ്റലിയില്‍നിന്ന് നേരിട്ടുവന്ന 'വരത്ത'യെ ആജീവനാന്ത ദേശീയ പ്രസിഡന്റായി കൊണ്ടുനടക്കുന്ന പാര്‍ട്ടിയെക്കുറിച്ച് ഇങ്ങനെയൊരു അപവാദം പറയരുതായിരുന്നു തരൂര്‍.

ജയലളിതയെ ജയിലിലാക്കിയശേഷം അടുത്ത ഇരയെത്തേടുന്ന സുബ്രഹ്മണ്യന്‍ സ്വാമിയെ നേരിടാന്‍ തരൂരിന് കോണ്‍ഗ്രസ് സഹായം പോരാ, കേന്ദ്രസര്‍ക്കാര്‍തന്നെ വേണം. പുതിയ വിവാദംകൊണ്ട് ഗുണംകിട്ടിയേക്കും. 22ാം വയസ്സില്‍ ഡോക്ടറേറ്റ് എടുത്ത, യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തിന് അടുത്തുവരെ എത്തിയ, 2008ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം നാളെയുടെ ആഗോള നേതാക്കളിലൊരാളായി കണ്ടെത്തിയ പ്രതിഭാശാലിയുടെ ഈ അവസ്ഥയില്‍ ലേശം സഹതാപംപോലും ഇല്ല കോണ്‍ഗ്രസ്സുകാര്‍ക്ക്. ബഹുത് ക്രൂര്‍ ഹൈ...
                                                                                 
                                                                                    ****

പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയിലൊന്നും പറയുന്നില്ല, ശരി, അതിനര്‍ഥം ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യമില്ല എന്നല്ലല്ലോ. പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം തന്നെയാണ് പത്രസ്വാതന്ത്ര്യമെന്നും അത് മൗലികാവകാശമാണെന്നും ഉറപ്പിച്ചുപറഞ്ഞത് കോടതികളാണ്. ഇതൊന്നും പക്ഷേ, കേരളത്തില്‍ പറഞ്ഞിട്ട് കാര്യമില്ല. അടിയന്തരാവസ്ഥയില്‍ വാര്‍ത്തകള്‍ക്ക് സെന്‍സര്‍മാര്‍ ഉണ്ടായിരുന്നതുപോലെ കോടതിറിപ്പോര്‍ട്ടുകള്‍ക്ക് സെന്‍സര്‍മാരെ വെച്ചാല്‍ കൊള്ളാമെന്നുണ്ട് ചിലര്‍ക്ക്.

മാധ്യമരംഗത്തുള്ളവരേക്കാള്‍ വേഗത്തില്‍ ഈ കളി തിരിച്ചറിഞ്ഞത് ഹൈക്കോടതിയിലെ അഭിഭാഷകരാണ്. അവരുടെ സംഘടന ഇതിനെതിരെ രംഗത്തുവന്നു. കോടതികളിലെ കേസ് നടപടികളും വിധികളും മാത്രമേ ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുതന്നെയുള്ളൂ. വിധികള്‍ അല്ലാത്ത ചില നടപടികളുടെ റിപ്പോര്‍ട്ടിങ് തെറ്റിധാരണ ഉണ്ടാക്കുന്നുണ്ടെന്നത് ശരി. ഈ തെറ്റുകള്‍ മറയാക്കി കോടതി റിപ്പോര്‍ട്ടിങ്ങിന് നിയന്ത്രണങ്ങള്‍ ഉണ്ടാക്കാനാവുമോ എന്നാണ് നോക്കുന്നത്. സുപ്രീംകോടതിയിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇല്ലാത്ത എന്ത് ഭീഷണിയാണ് കേരളത്തില്‍ കോടതികള്‍ക്കുള്ളത് ?


നീതിന്യായ റിപ്പോര്‍ട്ടിങ്ങില്‍ തെറ്റുകള്‍ സംഭവിക്കുന്നു എന്നതല്ല, നീതിന്യായരംഗത്തെ തെറ്റുകള്‍ വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ് വലിയ പ്രശ്‌നമെന്ന് കോടതിയിലുള്ളവര്‍തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിട്ടാല്‍ പിന്നെ ആ പ്രശ്‌നം ഒരിക്കലും ഉണ്ടാവില്ലല്ലോ.
                                                                                   ****

എന്തെങ്കിലുമൊന്ന് നിരോധിക്കുംമുമ്പ് അതിന്റെ നാനാവശങ്ങളെക്കുറിച്ച് പഠിക്കുന്നത് പഴഞ്ചന്‍ സമ്പ്രദായമാണ്. പ്രത്യേകിച്ച് ഈ അതിവേഗ ബഹുദൂര കാലഘട്ടത്തില്‍. ആലോചിക്കാനൊന്നും സമയമില്ല. നിരോധനം നടപ്പായതുകൊണ്ട് ഇനി ആലോചിച്ചുതുടങ്ങാം. എത്ര ഫഌ്‌സ് വ്യവസായങ്ങള്‍ കേരളത്തിലുണ്ട്, എത്ര കോടിയുടെ മൂലധനനിക്ഷേപം നടന്നിട്ടുണ്ട്, കോടികള്‍ മുടക്കി പ്രസ്സുകള്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് കൊടുത്തത് കേരളസര്‍ക്കാറോ അതല്ല ഏതെങ്കിലും വിദേശ പിന്തിരിപ്പന്‍ സര്‍ക്കാറോ, ഫഌ്‌സ് നിരോധിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയായി ആത്മഹത്യ ചെയ്യുന്നവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമാണോ നല്‍കുക അതല്ല സൗജന്യറേഷനോ തുടങ്ങി ഒരുപാടൊരുപാട് ആലോചിക്കാനുണ്ട്. അതിന് സമയം കുറേ എടുക്കും. അതുവരെ നിരോധനത്തില്‍ ലേശം അയവുവരുത്താം.

ഫഌ്‌സില്‍ അയവുവരുത്തിയെന്ന് കരുതി മദ്യത്തില്‍ അതുണ്ടാവുമെന്നാരും പ്രതീക്ഷിക്കേണ്ട. ഫഌ്‌സ് പോലെയല്ല മദ്യം. മദ്യത്തില്‍ വോട്ടുണ്ട്. ഫഌ്‌സില്‍ വോട്ടില്ല. പക്ഷേ, മദ്യം ഇല്ലാതെ സര്‍ക്കാര്‍ നിലനില്‍ക്കില്ല. അതുകൊണ്ട് മദ്യത്തില്‍ അല്പം നിരോധനം, അല്പം വര്‍ജനം എന്ന അയഞ്ഞനയമാണ് ആദ്യമേ സ്വീകരിച്ചത്. മദ്യപാനം പോലെതന്നെ. അല്പം മദ്യം, ബാക്കി സോഡ. അല്പം നിരോധനം, ബാക്കി വര്‍ജനം. കുറച്ചുകാലത്തേക്ക് മദ്യവും കിട്ടും. നികുതിവരുമാനവും കിട്ടും. ഭയപ്പെടുകയേ വേണ്ട.

nprindran@gmail.com

Sunday, 5 October 2014

സ്ഥലം വേറെ, ജലം വേറെഒരുകാര്യം ഓര്‍ത്തില്ലെങ്കില്‍ സംഗതി ജനാധിപത്യമല്ലാതാകും. പാര്‍ട്ടിയും അതിന്റെ പ്രസിഡന്റുമൊക്കെ ഒരു വിഭാഗത്തിന്റെ മാത്രമാണ്. മന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ മുഴുവന്‍ ജനത്തിന്റേതുമാണ്. യേത്?


സ്ഥലജലവിഭ്രാന്തി എന്നൊരു വിചിത്രാവസ്ഥയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. സ്ഥലമാണോ ജലമാണോ എന്ന് മനസ്സിലാക്കാന്‍ വയ്യാതിരിക്കുക. ചില കൊട്ടാരങ്ങളില്‍ അങ്ങനെയുള്ളതായി പുരാണകൃതികളില്‍ വിവരണമുണ്ട്. ന്യൂഡല്‍ഹിയിലെ നമ്മുടെ ഭരണക്കൊട്ടാരത്തില്‍ ഇവ്വിധമൊരു അവസ്ഥ ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നു, ഈയിടെ മാത്രം അവിടെ പാര്‍പ്പുതുടങ്ങിയവരുടെ ചില ചെയ്തികള്‍. അവിടെ കാണുന്നത് പാര്‍ട്ടിയും ഭരണവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത കണ്‍ഫ്യൂഷനാണ്. ഒരുപക്ഷേ, സ്ഥലപരിചയം കുറവായതുകൊണ്ടാവാം. അല്ലെങ്കില്‍, ഇനി ഇതൊക്കെ ഇങ്ങനെയാണെന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നതാവാം.

നമ്മുടെ ഭരണക്രമത്തില്‍ പാര്‍ട്ടി വേറെ സര്‍ക്കാര്‍ വേറെ എന്നൊരു തത്ത്വം ഉണ്ടോ എന്നുചോദിച്ചാല്‍ ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം. തത്ത്വത്തില്‍ രണ്ടും വേറെയാണ്. എങ്കിലും പ്രയോഗത്തില്‍ രണ്ടും ഒന്നാവും. ഭരിക്കുന്നത് പാര്‍ട്ടിയാണെങ്കിലും പാര്‍ട്ടി പ്രസിഡന്റ് കല്പിച്ചാലൊന്നും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങില്ല. അതിന് മന്ത്രിതന്നെ വേണം, അല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ കല്പിക്കണം. ചിലതെല്ലാം ചട്ടപ്രകാരംതന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്, ചിലതെല്ലാം കീഴ്വഴക്കപ്രകാരം നടന്നുപോകുന്നതാണ്. പക്ഷേ, ഒരുകാര്യം ഓര്‍ത്തില്ലെങ്കില്‍ സംഗതി ജനാധിപത്യമല്ലാതാകും. പാര്‍ട്ടിയും അതിന്റെ പ്രസിഡന്റുമൊക്കെ ഒരു വിഭാഗത്തിന്റെ മാത്രമാണ്. മന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ മുഴുവന്‍ ജനത്തിന്റേതുമാണ്. യേത്?

കേന്ദ്ര ആഭ്യന്തരമന്ത്രിപദവി വഹിച്ചുകൊണ്ടാണ് രാജ്‌നാഥ് സിങ് കേരളത്തില്‍ വന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി വരാന്‍മാത്രം കതിരൂരില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ശ്ശി പ്രയാസമാണ്. തീര്‍ച്ചയായും പാര്‍ട്ടിയുടെ താത്ത്വിക്‌സാത്വിക്ശാരീരിക്ബൗദ്ധിക് വിഭാഗമാണ് ആര്‍.എസ്.എസ്. കൊല്ലപ്പെട്ടത് ആര്‍.എസ്.എസ്സിന്റെ നേതാവാണ്. സമ്മതിച്ചു. രാജ്‌നാഥ് സിങ് വെറും കേന്ദ്രമന്ത്രിയല്ല, പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വംകൂടി വഹിക്കുന്ന മന്ത്രിയാണ് (പേടിക്കേണ്ട, ഇത് സാങ്കേതികം മാത്രമാണ്. പ്രധാനമന്ത്രിയുടെ ചുമതലയുടെ ഒരു പൊടി ആഭ്യന്തരന് കിട്ടുകയില്ല. മംഗള്‍യാനില്‍ കേറി ചൊവ്വയില്‍ പോയാല്‍പ്പോലും അത് മോദിയുടെ കൈയിലിരിക്കും). കൊലക്കേസ് നോക്കുന്ന പണി കേന്ദ്ര ആഭ്യന്തരന്റേതല്ല, സംസ്ഥാന ആഭ്യന്തരന്റേതാണ്. പിന്നെയെന്തിന് രാജ്‌നാഥ് കതിരൂരില്‍ കുണ്ടനിടവഴികള്‍ താണ്ടിച്ചെന്നു? ഭരണമേറ്റശേഷം ഇന്ത്യാരാജ്യത്ത് നടന്ന എല്ലാ കൊലകളും അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പോയിട്ടുണ്ടോ? തലശ്ശേരിയില്‍ ആര്‍.എസ്.എസ്സുകാര്‍ മാര്‍ക്‌സിസ്റ്റുകാരെയും മാര്‍ക്‌സിസ്റ്റുകാര്‍ ആര്‍.എസ്.എസ്സുകാരെയും കൊന്നിട്ടുണ്ട്. ഇവര്‍ രണ്ടുകൂട്ടരും കോണ്‍ഗ്രസ്സുകാരെയും കൊന്നിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നൊരു ആഭ്യന്തരമന്ത്രിയും ആ ഭാഗത്ത് തിരിഞ്ഞുനോക്കിയിട്ടില്ല. തീര്‍ച്ചയായും നീചമായിരുന്നു കൊല. ഒരു പ്രകോപനവും ഇല്ലാത്ത കൊല. കൊല്ലപ്പെട്ടത് ആര്‍.എസ്.എസ്സിന്റെ ഉത്തരവാദപ്പെട്ട നേതാവാണ്. തീര്‍ച്ചയായും ആര്‍.എസ്.എസ്സിന്റെ കേന്ദ്രനേതാക്കള്‍ കതിരൂരില്‍ പാഞ്ഞെത്തി അണികളെയും കുടുംബങ്ങളെയും ആശ്വസിപ്പിക്കണം. പക്ഷേ, മനോജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിമാനംകേറി വന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി മാത്രമാണ്. കണ്ണൂരില്‍ കിരാതമായി കൊല്ലപ്പെട്ട നിരവധി ആര്‍.എസ്.എസ്. നേതാക്കളുണ്ട്. സ്‌കൂളില്‍ ക്ലാസ് മുറിയില്‍ കുട്ടികളുടെ കണ്‍മുമ്പില്‍ വധിക്കപ്പെടാനുള്ള നിര്‍ഭാഗ്യമുണ്ടായ നേതാവാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയായിരുന്നു. ജയകൃഷ്ണനെ വ്യക്തിപരമായി അറിയുന്ന ആള്‍ കൂടി ആയിരിക്കാം അദ്വാനി. പക്ഷേ, അദ്ദേഹം വന്നിട്ടില്ല. കണ്ണൂരിനെ കലാപബാധിതമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ ഭരണച്ചുമതല ഏല്‍ക്കണം എന്നുപോലും ബി.ജെ.പി. അന്നാവശ്യപ്പെട്ടതാണ്. എന്നിട്ടും വന്നിട്ടില്ല മലയാളിയായ കേന്ദ്രമന്ത്രിപോലും. നേരമില്ലാഞ്ഞിട്ടാവില്ല. ശരിയല്ല എന്ന് തോന്നിയിട്ടാവും.
പാര്‍ട്ടി പ്രസിഡന്റിന്റെ തലയില്‍ തലപ്പാവ് വെച്ചത് കള്ളനാണോ കൊലയാളിയാണോ എന്ന് ആരും ചോദിക്കുകയില്ല. രണ്ടായാലും ജനത്തിന് വിരോധമില്ല. പ്രധാനമന്ത്രിയുടെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ തലയില്‍ തലപ്പാവ് വെക്കുന്നത് കൊലക്കേസ് പ്രതിയാകുമ്പോള്‍ ഇവിടെയും സ്ഥലജലവിഭ്രാന്തിയുടെ പ്രശ്‌നമുണ്ട്. ആര് തലപ്പാവിടണം, ആര് കാണണം എന്നൊക്കെ തീരുമാനിച്ചത് പാര്‍ട്ടിക്കാരാണ്, എസ്.പി.ജി. അല്ലെന്നാണ് വിശദീകരണം വന്നത്. ആയിക്കോട്ടെ. പാര്‍ട്ടിക്കൊലയാളി എന്തായാലും നേതാവിന്റെ തലയെടുക്കില്ല, തലപ്പാവ് വെക്കുകയേ ഉള്ളൂ. പക്ഷേ, രാജ്‌നാഥ് സിങ് നമ്മുടെയും കേന്ദ്രമന്ത്രിയാണ്. ലേശം പ്രശ്‌നം പൊതുജനത്തിനുണ്ട്.

ഇതുതന്നെയാണ് ആര്‍.എസ്.എസ്. തലവന്റെ ദൂരദര്‍ശന്‍ ലൈവ് പ്രഭാഷണത്തിന്റെയും പ്രശ്‌നം. ദൂരദര്‍ശന്‍ ദീര്‍ഘകാലം സര്‍ക്കാര്‍ദര്‍ശനം മാത്രമായിരുന്നു. ഇപ്പോഴത് സ്വയംഭരണസ്ഥാപനമാണെന്നോ മറ്റോ പറയുന്നത് കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. ദീര്‍ഘകാലമായി വളഞ്ഞ വാല് കുറച്ചുകാലം കുഴലിലിട്ടാലൊന്നും നിവരുകയില്ല. സ്ഥലവും ജലവും തിരിയാത്ത ഏതോ മന്ത്രി വിളിച്ചാവശ്യപ്പെട്ടുകാണും പ്രഭാഷണം ലൈവ് തട്ടാന്‍. പിന്നെയെന്ത് ചിന്തിക്കാന്‍. ഉടന്‍ ലൈവ്. ഡല്‍ഹിയിലിപ്പോള്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന കാലമാണ്.
ഇനി ഇങ്ങനെ എന്തെല്ലാം കാണാനിരിക്കുന്നു...

                                                                         ****
ജയലളിത ജയില്‍ലളിതയായതിനുശേഷം ഇവിടെ ചിലകൂട്ടര്‍ അഴിമതി തൊട്ടുതീണ്ടാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെ ഇടയ്ക്കിടെ കുത്തിനോവിക്കുന്നുണ്ട്. എന്താണെന്നോ കാരണം. ജയലളിതയുടെ പാര്‍ട്ടിയുമായി ചില്ലറ ഇടപാടുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഇടതുപക്ഷ സാത്വിക നേതാവായ പ്രകാശ് കാരാട്ട്. പ്രധാനമന്ത്രിയാക്കാമെന്ന് മോഹിപ്പിച്ചതായും കേള്‍ക്കുന്നുണ്ട്. ഇടയ്ക്കിടെ ചെന്നൈഡല്‍ഹി ഫ്‌ളൈറ്റില്‍ കാരാട്ട്ജിയെ കാണാറുണ്ട്. ചെന്നൈയില്‍ നമ്മുടെ പാര്‍ട്ടിക്ക് അതിനുമാത്രം കോപ്പൊന്നുമില്ല എന്നതും പൊതുവേ എല്ലാവര്‍ക്കുമറിയുന്നതാണല്ലോ.

അങ്ങനെ പറഞ്ഞുവരുമ്പോള്‍ കാരാട്ട്ജിയെ മാത്രമായി നമുക്ക് കുറ്റപ്പെടുത്താന്‍ പറ്റില്ല. ഏത് പാര്‍ട്ടിയുടെ ഏത് നേതാവാണ് മാഡത്തെ കാണാന്‍ കുതിച്ചുചെന്നിട്ടില്ലാത്തത്? ആദര്‍ശധീരന്‍ എ.കെ. ആന്റണി ആയിരുന്നു കോണ്‍ഗ്രസ്സിന്റെ ഒരു ദൂതന്‍. സര്‍വപാര്‍ട്ടിക്കാരും ചെന്നിട്ടുണ്ട്. പക്ഷേ, കാരാട്ട്ജി ആണ് അതിനുള്ള താത്ത്വികമായ വിശദീകരണവും ന്യായീകരണവും നല്‍കിയ ഏകനേതാവ്. അദ്ദേഹം പണ്ട് മൊഴിഞ്ഞത് ഇങ്ങനെ... ''അഴിമതി ഉണ്ടോ എന്ന് നോക്കിയാലൊന്നും മുന്നണി ഉണ്ടാക്കാന്‍ പറ്റില്ല''.

                                                                         ****
ആദര്‍ശവാദി വി.എം. സുധീരനെ തോല്പിക്കാന്‍ ഉമ്മന്‍ചാണ്ടി ഒരു വെടികൂടി പൊട്ടിച്ചു. സംസ്ഥാനത്ത് ഫഌ്‌സ് ബോര്‍ഡുകള്‍ നിരോധിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയാണ് ശരിയായ സുധീരന്‍ എന്ന് ജനത്തെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ.
മദ്യനിരോധനത്തിന് ബാധകമായ ഒരു സംഗതി ഫഌ്‌സ് നിരോധനത്തിനും ബാധകമാണ്. രണ്ടിന്റെയും ആളോഹരി ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് കോണ്‍ഗ്രസ്സുകാരാണെന്നൊരു സര്‍വേ റിപ്പോര്‍ട്ട് കാണുകയോ വായിക്കുകയോ കേള്‍ക്കുകയോ മറ്റോ ഉണ്ടായിട്ടുണ്ട്. മദ്യത്തിന്റെ കാര്യത്തില്‍ അത്ര ഉറപ്പില്ല. പോലീസുകാര്‍, പത്രക്കാര്‍, സാഹിത്യകാരന്മാര്‍ തുടങ്ങി പലരും ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം അവകാശപ്പെട്ടേക്കാം. പക്ഷേ, ഫഌ്‌സ് ബോര്‍ഡിന്റെ കാര്യത്തില്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ത്തന്നെ ഒന്നാംസ്ഥാനം കേരളത്തിലെ കോണ്‍ഗ്രസ്സിനാണ്. ബൂത്ത് പ്രസിഡന്റായി ഒരുവനെ നോമിനേറ്റ് ചെയ്താല്‍ വാര്‍ഡിനകത്തും പുറത്തും 32 പല്ലും കാട്ടിയുള്ള ഫഌ്‌സ് വെക്കുന്ന സമ്പ്രദായം വേറെങ്ങുമില്ല. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും അത് നിര്‍ത്തിയിട്ട് മതിയായിരുന്നു മറ്റുള്ളവരെ നന്നാക്കാന്‍ ഇറങ്ങുന്നത് എന്നൊരു അഭിപ്രായം പലര്‍ക്കുമുണ്ട്.

ഇനി എന്തൊക്കെയാണ് നിരോധിക്കേണ്ടത് എന്ന് ആദര്‍ശവാദികള്‍ അറിയിച്ചാല്‍മതി. ഉടനെ നിരോധിച്ചുകൊടുക്കുന്നതായിരിക്കും. ബീഡി, സിഗരറ്റ്, ടെലിവിഷന്‍ സീരിയല്‍, പെണ്ണുങ്ങളുടെ ജീന്‍സ് തുടങ്ങിയ വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാകുന്നുണ്ട്. കേരളത്തെ രണ്ടിലൊന്നിലാക്കിയേ ഞങ്ങള്‍ മടങ്ങൂ.