Sunday, 12 October 2014

ദേ... പിന്നെയും ശശി...
തരൂരിന് അങ്ങനെയാരു ഗുണമുണ്ട്. അന്നും വരത്തന്‍, ഇന്നും വരത്തന്‍... എന്നും വരത്തന്‍.

കോണ്‍ഗ്രസ് സംസ്‌കാരത്തിലേക്ക് ലയിച്ചുചേരാന്‍ കഴിയാത്തതാണ് പ്രശ്‌നം
അതിനും വേണം ഭാഗ്യം. ഒരു വിവാദമെങ്കിലും സ്വന്തംപേരില്‍ ഉണ്ടാക്കിയെടുക്കാന്‍ ഓരോരുത്തര്‍ പെടുന്ന പാട് കാണുമ്പോള്‍ സഹതാപം തോന്നും. പക്ഷേ, നമ്മുടെ ശശി തരൂര്‍ജി എത്ര അനായാസമാണ് ഓരോരോ വിവാദങ്ങള്‍ സൃഷ്ടിച്ചുവിടുന്നത്. അദ്ദേഹം ആരെയും അധിക്ഷേപിച്ച് വിവാദം ഉണ്ടാക്കാറില്ല. നല്ല പോളിഷ് ഇട്ട ഓക്‌സ്ഫഡ് ഇംഗ്ലീഷും മംഗഌഷുമേ പറയാറുള്ളൂ. പക്ഷേ, വിവാദത്തിന് ഒരു പഞ്ഞവുമില്ല. ലോക്‌സഭയില്‍ വാ തുറക്കാന്‍ അവസരമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ശശി തരൂര്‍ജി വക പുതിയ വിവാദത്തിനൊന്നും സ്‌കോപ്പില്ലെന്നാണ് കരുതിയത്. വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞതുപോലെ, മോദിയുടെ സ്വച്ഛ് ഭാരതും തരൂര്‍ജിക്ക് വിവാദത്തിന് അസംസ്‌കൃതപദാര്‍ഥമായി.

യു.എന്നിലെ കോട്ടും സൂട്ടും കളഞ്ഞ്, ഖദര്‍ കുപ്പായമണിഞ്ഞ് കേരള തലസ്ഥാനത്ത് വന്നിറങ്ങിയശേഷം സ്വന്തം ക്രെഡിറ്റില്‍ ചേര്‍ത്ത വിവാദങ്ങള്‍ ഏതാണ്ട് എല്ലാം ഈ ടൈപ്പ് തന്നെയായിരുന്നു. വിവാദത്തിന് ഒരു വകുപ്പുമില്ലാത്ത കാര്യമാണ് പറയുന്നതെങ്കിലും പറഞ്ഞത് ശശി തരൂര്‍ ആണെന്നതുകൊണ്ടുമാത്രം വിവാദമുണ്ടാകും. പൊതുജനത്തെ കന്നുകാലിയെന്ന് വിളിച്ചെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ വിവാദം. പൊതുജനത്തെ കഴുത എന്നാണ് അതുവരെ വിളിച്ചിരുന്നത്. ക്ലാസ് ഒന്നുയര്‍ത്തി കന്നുകാലി ആക്കിയത് കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റ് കഴുതകള്‍ക്കുപോലും ഇഷ്ടപ്പെട്ടില്ല. പ്രഭാതത്തില്‍ പശുവിനെ കണികാണുന്നത് ഉത്തമമാണെന്ന് ജ്യോതിഷത്തിലുണ്ടല്ലോ. അതുകൊണ്ട് കന്നുകാലിക്കണി കേമമായി. പിന്നെ സമൃദ്ധമായി വിവാദങ്ങള്‍.

ദേശീയഗാനമാലപിക്കുമ്പോള്‍ അമേരിക്കന്‍ മോഡലില്‍ കൈ നെഞ്ചത്തുവെച്ചു, സ്വന്തം കാശുകൊടുത്ത് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചു, ഇന്ത്യപാക് തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സൗദി അറേബ്യയെ ക്ഷണിച്ചു, വിവാഹം കഴിച്ചെന്നും ഇല്ലെന്നും അഭ്യൂഹപ്പുകപരത്തി, ഐ.പി.എല്‍. ക്രിക്കറ്റ് ചന്തയില്‍ ഭാര്യ കാശ് കൊടുത്തോ കൊടുക്കാതെയോ ഒരു ടീമിനെ വാങ്ങാന്‍ കൂടെക്കൂടി, ഏതോ പത്രപ്രവര്‍ത്തകയ്ക്ക് എക്‌സ്‌ക്ലൂസീവായി എസ്.എം.എസ്. അയച്ചു... ഇങ്ങനെ എത്രയെത്ര വിവാദങ്ങള്‍. ഒടുവില്‍ വിവാദവിഷയം വിഷാദവിഷയങ്ങളായി. ഭാര്യയുടെ മരണത്തെച്ചൊല്ലിയുള്ളത് ഇപ്പോഴും തീര്‍ന്നിട്ടില്ല.

ഈയിടെയായി രാഷ്ട്രീയക്കാര്‍ക്കിടയില്‍ വൃത്തിബോധം കൂടിയിരിക്കുകയാണ്. നരേന്ദ്രമോദി മുതല്‍ പിണറായി വിജയന്‍ വരെ നാട് വൃത്തിയാക്കാനിറങ്ങിയ സ്ഥിതിക്ക് ചിലതെല്ലാം സംഭവിക്കുമെന്നുറപ്പിക്കാം. രാഷ്ട്രീയം ക്ലീനാക്കാന്‍ എന്തായാലും പറ്റില്ല. ആ സ്ഥിതിക്ക് റോഡും തോടുമെല്ലാം ക്ലീനാക്കാം എന്നാവണം ഉദ്ദേശിച്ചത്. രാഷ്ട്രപിതാവിന്റെ ജന്മദിനത്തില്‍ വീട്ടിലിരുന്ന് സുഖിച്ചാല്‍പോരാ റോഡിലിറങ്ങി നാട് വൃത്തിയാക്കണം എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞെന്ന് മാത്രമല്ല വിപുലമായ ഒരു വൃത്തിയാക്കല്‍ പദ്ധതിക്ക് രൂപംനല്‍കുകയും ചെയ്തു, പ്രധാനമന്ത്രി നരേന്ദ്രമോദി. ആറരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ ഐഡിയ തലയില്‍ ഉദിക്കാഞ്ഞതിന് കോണ്‍ഗ്രസ്സുകാര്‍ മോദിയോട് അസൂയപ്പെടട്ടെ. മോദി സ്വച്ഛ് പദ്ധതിക്ക് കക്ഷിഭേദം ഇല്ലാതെ കുറേ പ്രമുഖരുടെ സഹായം തേടുകയും ചെയ്തു. കഷ്ടകാലത്തിന് അതിലൊരാളായിപ്പോയി നമ്മുടെ തരൂര്‍ജി. തരൂര്‍ അല്പം ആവേശഭരിതനായതില്‍ കുറ്റപ്പെടുത്തിക്കൂടാ. കുറച്ചുമുമ്പ് ഗാന്ധിജയന്തിക്ക് അവധി കൊടുക്കുകയല്ല, ഉദ്യോഗസ്ഥരെക്കൊണ്ട് ശുചീകരണപ്പണി ചെയ്യിക്കുകയാണ് വേണ്ടതെന്ന് തരൂര്‍ പറഞ്ഞത് വിവാദമായതാണ്. ഇത്തവണ മോദി അതുതന്നെയാണ് ചെയ്തത്. മോദി എന്നുകേട്ടാല്‍ ചോരതിളയ്ക്കണം എന്നതാണ് കോണ്‍ഗ്രസ് തത്ത്വമെന്ന് അദ്ദേഹം മറന്നുപോയി. നല്ലകാര്യം ആരുപറഞ്ഞാലും സ്വീകരിക്കണമല്ലോ, നാട് ക്ലീനാക്കുന്നതില്‍ രാഷ്ട്രീയമുണ്ടോ തുടങ്ങിയ അരാഷ്ട്രീയവാദങ്ങളാണ് തരൂര്‍ ഉയര്‍ത്തിയത്. അഞ്ചുകൊല്ലം കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം നടന്നിട്ടും രാഷ്ട്രീയം മനസ്സിലാകാതെപോയി. ഡിഗ്രിയും ഡോക്ടറേറ്റും പുസ്തകങ്ങളും ഉണ്ടായിട്ടെന്തുകാര്യം?

വരത്തനായതുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ ഇഷ്ടമില്ലാത്തത് എന്നാണ് തരൂര്‍ പറയുന്നത്. വരത്തനായിരുന്നത് അഞ്ചുവര്‍ഷം മുമ്പാണ്. തരൂരിന് അങ്ങനെയാരു ഗുണമുണ്ട്. അന്നും വരത്തന്‍, ഇന്നും വരത്തന്‍... എന്നും വരത്തന്‍. കോണ്‍ഗ്രസ് സംസ്‌കാരത്തിലേക്ക് ലയിച്ചുചേരാന്‍ കഴിയാത്തതാണ് പ്രശ്‌നം. കോണ്‍ഗ്രസ്സുകാര്‍ക്ക് വരത്തരോട് ശത്രുതയൊന്നുമില്ല. ചിലയിനം വരത്തരോട് പ്രേമമാണുതാനും. ഇറ്റലിയില്‍നിന്ന് നേരിട്ടുവന്ന 'വരത്ത'യെ ആജീവനാന്ത ദേശീയ പ്രസിഡന്റായി കൊണ്ടുനടക്കുന്ന പാര്‍ട്ടിയെക്കുറിച്ച് ഇങ്ങനെയൊരു അപവാദം പറയരുതായിരുന്നു തരൂര്‍.

ജയലളിതയെ ജയിലിലാക്കിയശേഷം അടുത്ത ഇരയെത്തേടുന്ന സുബ്രഹ്മണ്യന്‍ സ്വാമിയെ നേരിടാന്‍ തരൂരിന് കോണ്‍ഗ്രസ് സഹായം പോരാ, കേന്ദ്രസര്‍ക്കാര്‍തന്നെ വേണം. പുതിയ വിവാദംകൊണ്ട് ഗുണംകിട്ടിയേക്കും. 22ാം വയസ്സില്‍ ഡോക്ടറേറ്റ് എടുത്ത, യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തിന് അടുത്തുവരെ എത്തിയ, 2008ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം നാളെയുടെ ആഗോള നേതാക്കളിലൊരാളായി കണ്ടെത്തിയ പ്രതിഭാശാലിയുടെ ഈ അവസ്ഥയില്‍ ലേശം സഹതാപംപോലും ഇല്ല കോണ്‍ഗ്രസ്സുകാര്‍ക്ക്. ബഹുത് ക്രൂര്‍ ഹൈ...
                                                                                 
                                                                                    ****

പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയിലൊന്നും പറയുന്നില്ല, ശരി, അതിനര്‍ഥം ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യമില്ല എന്നല്ലല്ലോ. പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം തന്നെയാണ് പത്രസ്വാതന്ത്ര്യമെന്നും അത് മൗലികാവകാശമാണെന്നും ഉറപ്പിച്ചുപറഞ്ഞത് കോടതികളാണ്. ഇതൊന്നും പക്ഷേ, കേരളത്തില്‍ പറഞ്ഞിട്ട് കാര്യമില്ല. അടിയന്തരാവസ്ഥയില്‍ വാര്‍ത്തകള്‍ക്ക് സെന്‍സര്‍മാര്‍ ഉണ്ടായിരുന്നതുപോലെ കോടതിറിപ്പോര്‍ട്ടുകള്‍ക്ക് സെന്‍സര്‍മാരെ വെച്ചാല്‍ കൊള്ളാമെന്നുണ്ട് ചിലര്‍ക്ക്.

മാധ്യമരംഗത്തുള്ളവരേക്കാള്‍ വേഗത്തില്‍ ഈ കളി തിരിച്ചറിഞ്ഞത് ഹൈക്കോടതിയിലെ അഭിഭാഷകരാണ്. അവരുടെ സംഘടന ഇതിനെതിരെ രംഗത്തുവന്നു. കോടതികളിലെ കേസ് നടപടികളും വിധികളും മാത്രമേ ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുതന്നെയുള്ളൂ. വിധികള്‍ അല്ലാത്ത ചില നടപടികളുടെ റിപ്പോര്‍ട്ടിങ് തെറ്റിധാരണ ഉണ്ടാക്കുന്നുണ്ടെന്നത് ശരി. ഈ തെറ്റുകള്‍ മറയാക്കി കോടതി റിപ്പോര്‍ട്ടിങ്ങിന് നിയന്ത്രണങ്ങള്‍ ഉണ്ടാക്കാനാവുമോ എന്നാണ് നോക്കുന്നത്. സുപ്രീംകോടതിയിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇല്ലാത്ത എന്ത് ഭീഷണിയാണ് കേരളത്തില്‍ കോടതികള്‍ക്കുള്ളത് ?


നീതിന്യായ റിപ്പോര്‍ട്ടിങ്ങില്‍ തെറ്റുകള്‍ സംഭവിക്കുന്നു എന്നതല്ല, നീതിന്യായരംഗത്തെ തെറ്റുകള്‍ വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ് വലിയ പ്രശ്‌നമെന്ന് കോടതിയിലുള്ളവര്‍തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിട്ടാല്‍ പിന്നെ ആ പ്രശ്‌നം ഒരിക്കലും ഉണ്ടാവില്ലല്ലോ.
                                                                                   ****

എന്തെങ്കിലുമൊന്ന് നിരോധിക്കുംമുമ്പ് അതിന്റെ നാനാവശങ്ങളെക്കുറിച്ച് പഠിക്കുന്നത് പഴഞ്ചന്‍ സമ്പ്രദായമാണ്. പ്രത്യേകിച്ച് ഈ അതിവേഗ ബഹുദൂര കാലഘട്ടത്തില്‍. ആലോചിക്കാനൊന്നും സമയമില്ല. നിരോധനം നടപ്പായതുകൊണ്ട് ഇനി ആലോചിച്ചുതുടങ്ങാം. എത്ര ഫഌ്‌സ് വ്യവസായങ്ങള്‍ കേരളത്തിലുണ്ട്, എത്ര കോടിയുടെ മൂലധനനിക്ഷേപം നടന്നിട്ടുണ്ട്, കോടികള്‍ മുടക്കി പ്രസ്സുകള്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് കൊടുത്തത് കേരളസര്‍ക്കാറോ അതല്ല ഏതെങ്കിലും വിദേശ പിന്തിരിപ്പന്‍ സര്‍ക്കാറോ, ഫഌ്‌സ് നിരോധിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയായി ആത്മഹത്യ ചെയ്യുന്നവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമാണോ നല്‍കുക അതല്ല സൗജന്യറേഷനോ തുടങ്ങി ഒരുപാടൊരുപാട് ആലോചിക്കാനുണ്ട്. അതിന് സമയം കുറേ എടുക്കും. അതുവരെ നിരോധനത്തില്‍ ലേശം അയവുവരുത്താം.

ഫഌ്‌സില്‍ അയവുവരുത്തിയെന്ന് കരുതി മദ്യത്തില്‍ അതുണ്ടാവുമെന്നാരും പ്രതീക്ഷിക്കേണ്ട. ഫഌ്‌സ് പോലെയല്ല മദ്യം. മദ്യത്തില്‍ വോട്ടുണ്ട്. ഫഌ്‌സില്‍ വോട്ടില്ല. പക്ഷേ, മദ്യം ഇല്ലാതെ സര്‍ക്കാര്‍ നിലനില്‍ക്കില്ല. അതുകൊണ്ട് മദ്യത്തില്‍ അല്പം നിരോധനം, അല്പം വര്‍ജനം എന്ന അയഞ്ഞനയമാണ് ആദ്യമേ സ്വീകരിച്ചത്. മദ്യപാനം പോലെതന്നെ. അല്പം മദ്യം, ബാക്കി സോഡ. അല്പം നിരോധനം, ബാക്കി വര്‍ജനം. കുറച്ചുകാലത്തേക്ക് മദ്യവും കിട്ടും. നികുതിവരുമാനവും കിട്ടും. ഭയപ്പെടുകയേ വേണ്ട.

nprindran@gmail.com

No comments:

Post a comment