Sunday, 30 November 2014

ആ കേസ് ക്ലോസ്സാക്കി

അബദ്ധത്തില്‍ രാഘവന്റെ കൂടെപ്പോയ കുറേ അനുയായികള്‍, അവര്‍ പണിതുയര്‍ത്തിയ സഹകരണ സ്ഥാപനങ്ങള്‍, കോടാനുകോടി രൂപ വിലമതിക്കുന്ന ഓഫീസുകള്‍, സ്മാരകക്കെട്ടിടങ്ങള്‍ എന്നിവ അനാഥമായിപ്പോകുന്നത് കണ്ടുസഹിക്കാന്‍ പാര്‍ട്ടിക്ക് പറ്റില്ല. അവയെല്ലാം ക്രമേണ ഏറ്റെടുത്ത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടുക എന്ന ചുമതലയില്‍നിന്നെങ്ങനെ ഒഴിഞ്ഞുമാറും?

കൂത്തുപറമ്പ് രക്തസാക്ഷിത്വം ആഘോഷിക്കുക ഒഴിവാക്കാനാകാത്ത ഒരു വാര്‍ഷികപരിപാടിയാണ്. തുടങ്ങിവെച്ച ഒരാഘോഷവും ഉപേക്ഷിച്ചുകൂടാ. കൂട്ടമരണമാണെങ്കില്‍പ്പോലും ദുഃഖം ഒന്നോ രണ്ടോ വര്‍ഷത്തേക്കേ തീവ്രമായി നിലനില്‍ക്കൂ. പിന്നീട് ആഘോഷങ്ങളാകും. കൂത്തുപറമ്പില്‍ ഇത് ഇരുപതാം വര്‍ഷമായിരുന്നു. ഇരുപത്തഞ്ച്, അമ്പത്, എഴുപത്തഞ്ച് തുടങ്ങിയ റൗണ്ട് സംഖ്യകള്‍ക്കാണ് പൊലിമ. ഇരുപതും ഒപ്പിക്കാം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇടയ്‌ക്കൊരു മരണമുണ്ടായി. കുടുംബത്തില്‍ മരണമുണ്ടായാല്‍ പുലയാണ്. ആഘോഷം പാടില്ല. എങ്കിലും നടത്തി.

കുടുംബത്തില്‍ മരണമോ? ആര് എപ്പോള്‍? എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. സംശയിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിനേതാക്കളാരും അടുത്തെങ്ങും മരിച്ചില്ലല്ലോ. എം.വി. രാഘവന്‍ ഭൂതകാല നേതാവാണ്. തൊഴിലാളിവര്‍ഗ കുടുംബത്തിലൊരാള്‍തന്നെ. ഇടയ്ക്ക്, കുലംകുത്തുക പോലുള്ള ചില്ലറ തെറ്റുകള്‍ ചെയ്തുപോയെന്നേ ഉള്ളൂ. അത് താത്കാലിക വ്യതിയാനങ്ങളാണ്. കനത്ത ശിക്ഷ കൊടുത്തേനെ. കണക്കറ്റ് ശ്രമിച്ചതാണ്. സാധിച്ചില്ല. സാധിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നുമുണ്ടാവുമായിരുന്നില്ല. അതുപോകട്ടെ, എം.വി. രാഘവന്‍ കമ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ട ആള്‍തന്നെ. അടുത്ത തിരഞ്ഞെടുപ്പുവരെ നീണ്ടിരുന്നെങ്കില്‍ ഇടതുമുന്നണിയില്‍ത്തന്നെ വന്നുപെട്ടേനെ.

പാര്‍ട്ടിവിരുദ്ധര്‍ കൂത്തുപറമ്പ് ആഘോഷത്തില്‍ വലിയ താത്പര്യമാണല്ലോ പ്രകടിപ്പിച്ചത്. പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍ എന്തെല്ലാമായിരുന്നു, പ്രസംഗങ്ങളില്‍ ഏതെല്ലാം പാര്‍ട്ടിശത്രുക്കളെ പേരെടുത്ത് അധിക്ഷേപിച്ചു, നികൃഷ്ടന്‍, കുലംകുത്തി, ശുംഭന്‍, പരനാറി തുടങ്ങിയ ശ്രേഷ്ഠപദങ്ങള്‍ ഇപയോഗിച്ച് ആരെയെങ്കിലും ആദരിച്ചുവോ?... തുടങ്ങിയ ചോദ്യങ്ങളാണ് സകലരും ചോദിച്ചത്. സ്വാഭാവികമായും എം.വി. രാഘവനെ ആവുമല്ലോ ഇവരെല്ലാം മനസ്സില്‍ കണ്ടത്. ഈ കൂട്ടര്‍ക്കൊന്നും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സംസ്‌കാരത്തെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ. ചിലപ്പോള്‍ ചിലരെ കൊല്ലേണ്ടിവന്നേക്കാം. പക്ഷേ, സ്വാഭാവികമരണം നേടാന്‍ ഭാഗ്യമുണ്ടായവരെ പാര്‍ട്ടി ആദരിക്കുകതന്നെ ചെയ്യും. റീത്തുവെക്കും, ഹര്‍ത്താല്‍ ആഹ്വാനംചെയ്യും, ഗദ്ഗദകണ്ഠരായി അനുശോചനപ്രസംഗം നടത്തും. മരിക്കണമെന്നില്ല, അതിനുമുമ്പും പോയി ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഇനി ഇയാളെക്കൊണ്ട് ഉപദ്രവമുണ്ടാകില്ല എന്ന് ഉറപ്പായാലും മതി. രക്തസാക്ഷിത്വ ആഘോഷങ്ങളില്‍ ഇവരെക്കുറിച്ച് വിപരീത പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. എം.വി. രാഘവന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നുപോലും ഇത്തവണത്തെ കൂത്തുപറമ്പ് പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ തോന്നാഞ്ഞതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.

അഞ്ചുപേരുടെ രക്തസാക്ഷിത്വത്തിനും ഒരു പ്രവര്‍ത്തകന്റെ അതിലേറെ ദുഃഖകരമായ അതിജീവനത്തിനും കാരണക്കാരനായ ഹീനന്‍ എന്ന ഒന്നാംപ്രതിസ്ഥാനത്തുനിന്ന് എം.വി.ആറിനെ പാര്‍ട്ടി മോചിപ്പിച്ചെന്നത് ശരിയാണ്. റാങ്ക് താഴോട്ട് ഇറക്കിയിട്ടുണ്ട്. എം.വി. രാഘവനൊന്നുമല്ല, ആഗോളവത്കരണമാണ് യഥാര്‍ഥത്തില്‍ കേസ്സിലെ പ്രധാനപ്രതി. സാമ്രാജ്യത്വം, മുതലാളിത്തം തുടങ്ങിയ കൂട്ടുപ്രതികള്‍ വേറെയുമുണ്ട്. ഇവരുമായെല്ലാം ചേര്‍ന്ന് യു.ഡി.എഫുകാര്‍ നടത്തിയ സി.പി.എം. വിരുദ്ധ ഗൂഢാലോചനയില്‍ രാഘവനും ചെന്നുപെട്ടു എന്നേയുള്ളൂ. കണ്ണൂരിലെ സാമ്രാജ്യത്വ ചെരിപ്പുനക്കികളായ കുറേ പോലീസ് ഉദ്യോഗസ്ഥര്‍, വെടിയുതിര്‍ത്ത തോക്ക്, ഉണ്ടകള്‍ തുടങ്ങിയവയാണ് സഖാക്കളുടെ രക്തസാക്ഷിത്വത്തിന് കാരണം. രാഘവനെ മാത്രമങ്ങനെ കുറ്റപ്പെടുത്തേണ്ട. നിസ്സാരനായ മന്ത്രി മാത്രമായിരുന്നല്ലോ എം.വി.ആര്‍. എന്തായാലും അന്നത്തെ തെറ്റ് രാഘവന് ബോധ്യപ്പെട്ടിരുന്നുവെന്നും തിരുത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും വിശ്വാസയോഗ്യമായ വിവരം പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. അഞ്ചുപേരെ വെടിവെച്ചുകൊല്ലിച്ചു എന്ന പാര്‍ട്ടിക്കോടതിവിധി തിരുത്താന്‍ ഇത് മതിയായ കാരണമാണ്. പ്രതി മരിച്ചതോടെ കേസ് റദ്ദായി... ഓ.കെ. ?

അബദ്ധത്തില്‍ രാഘവന്റെ കൂടെപ്പോയ കുറേ അനുയായികള്‍, അവര്‍ പണിതുയര്‍ത്തിയ സഹകരണ സ്ഥാപനങ്ങള്‍, കോടാനുകോടി രൂപ വിലമതിക്കുന്ന ഓഫീസുകള്‍, സ്മാരകക്കെട്ടിടങ്ങള്‍ എന്നിവ അനാഥമായിപ്പോകുന്നത് കണ്ടുസഹിക്കാന്‍ പാര്‍ട്ടിക്ക് പറ്റില്ല. അവയെല്ലാം ക്രമേണ ഏറ്റെടുത്ത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടുക എന്ന ചുമതലയില്‍നിന്നെങ്ങനെ ഒഴിഞ്ഞുമാറും?

മരിച്ചുപോകുന്ന ഒന്നല്ല ചരിത്രം എന്നും വ്യക്തി മരിച്ചാല്‍ ചരിത്രം മരിക്കില്ല എന്നും ഒരു സ്വാഭാവിക മരണം ആരേയും വിശുദ്ധനാക്കില്ല എന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സഖാവ് എം. സ്വരാജ് പാര്‍ട്ടിപത്രത്തില്‍ എഴുതിയിട്ടുണ്ട്. ചരിത്രം അറിയേണ്ടവര്‍ പഴയ പത്രം നോക്കിയാല്‍ മതി. എപ്പോഴും അത് പറഞ്ഞുകൊണ്ടേ ഇരിക്കേണ്ട കാര്യമില്ല. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ചിലരെ കരിങ്കാലികളായും കൊലയാളികളായും വര്‍ഗവഞ്ചകരായും മുദ്രകുത്തിയെന്നുവരും. കൊലയാളി, കരിങ്കാലി ലേബലുകാരെത്തന്നെ പില്‍ക്കാലത്ത് വിശുദ്ധന്മാരായി പ്രഖ്യാപിക്കുകയും ചെയ്‌തേക്കാം. വിപ്ലവം വരുന്നതുവരെ വോട്ടുതന്നെ പ്രധാനം. നാണംകെട്ടും വോട്ടുനേടിയാല്‍ നാണക്കേടത് തീര്‍ത്തുകൊള്ളും എന്നതാണ് ജനാധിപത്യകാലത്തെ പ്രമാണം. അതുകൊണ്ട് ആ കേസ് ക്ലോസ്സാക്കി, വേറെ പ്രശ്‌നമൊന്നുമില്ല.

                                                                     ****
മദ്യവില്‍പ്പനക്കാരുടെ വോട്ടുവേണ്ട, നോട്ടും വേണ്ട എന്ന പ്രഖ്യാപനം കേട്ടല്ലോ. ഇത്രയും സുധീരമായ ഒരു പ്രഖ്യാപനം സാര്‍വത്രിക വോട്ടവകാശം നടപ്പായശേഷം ലോകത്തൊരു രാജ്യത്തും ആരും നടത്തിയിട്ടില്ല എന്നാണ് കാര്യവിവരമുള്ളവര്‍ പറയുന്നത്. വി.എം. സുധീരന്‍ ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാവും അങ്ങനെ പറഞ്ഞതെന്നൊരു ഭേദഗതി വി.ഡി. സതീശന്‍ വക ഉണ്ടായി. പോട്ടെ മോനെ സതീശാ... മത്സരിക്കാതിരിക്കാനല്ല, മത്സരിക്കാന്‍ തന്നെയാണ് ഈ പാടെല്ലാം പെടുന്നത്.
ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നികൃഷ്ടരായ കൂട്ടര്‍ മദ്യവില്‍പ്പനക്കാരാണ്. വ്യാജമദ്യം വിറ്റ് കാശുണ്ടാക്കിയവര്‍, വിഷമദ്യം വിറ്റ് കൂട്ടക്കൊല നടത്തിയവര്‍, വില്‍ക്കപ്പെടുന്ന വിഷത്തിന് ഉപഭോക്താവിന്റെ കഴുത്തറത്ത് നൂറിരട്ടി നികുതി പിരിക്കുന്ന സര്‍ക്കാര്‍, അതിന്റെ തലപ്പത്ത് കേറിയിരുന്ന് ധൂര്‍ത്തടിച്ച് തിമിര്‍ക്കുന്ന മന്ത്രിഉദ്യോഗസ്ഥ പ്രമാണികള്‍ എന്നിവരില്‍ നികൃഷ്ടര്‍ സര്‍ക്കാര്‍ ലൈസന്‍സോടെ നിയമവിധേയമായി പണം മുടക്കി ബാര്‍ നടത്തുന്നവര്‍ മാത്രം. സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യവില്‍പ്പനക്കാര്‍ സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പറേഷന്‍ഇതില്‍പ്പെടുമോ? ഇല്ല, പെടില്ല. ബിവറേജസ് കോര്‍പ്പറേഷന് വോട്ടില്ല.

കള്ളന്മാര്‍, അഴിമതിക്കാര്‍, കള്ളപ്പണക്കാര്‍, വ്യഭിചാരികള്‍, ബലാത്സംഗക്കാര്‍, കൊള്ളസംഘക്കാര്‍, കൊലയാളികള്‍, വര്‍ഗീയവാദികള്‍, മതഭ്രാന്തന്മാര്‍, ശിശുപീഡകര്‍... ഇങ്ങനെ എന്തെല്ലാംതരം അധമര്‍ നാട്ടിലുണ്ട്. അവരുടെ വോട്ടുവേണ്ട എന്നിതുവരെ ഒരു പാര്‍ട്ടിയും പ്രഖ്യാപിച്ചിട്ടില്ല. അവരെയൊന്നും മതത്തില്‍വേണ്ട എന്നൊരു മതവും പ്രഖ്യാപിച്ചിട്ടില്ല. ഇവരുടെയൊക്കെ മേലേത്തട്ടിലാണല്ലോ മദ്യവില്‍പ്പനക്കാരുടെ കിടപ്പ്. ഇവരുടെ വോട്ടവകാശം മാത്രമല്ല, തരംകിട്ടിയാല്‍ മറ്റ് പൗരാവകാശങ്ങളും റദ്ദാക്കേണ്ടതാണ്.
മൂക്കറ്റം മദ്യപിച്ചാലുള്ള ലഹരിപോലും മൂക്കറ്റം മദ്യവിരുദ്ധ ലഹരിക്കടലില്‍ വീണാലുള്ള ലഹരിയുടെ നാലയലത്ത് വരില്ല. മഹാത്മാഗാന്ധി മുതല്‍ ജി. കുമരപ്പിള്ളസാര്‍ വരെയുള്ള മദ്യവിരുദ്ധര്‍ ലജ്ജിക്കട്ടെ. ഇപ്പം കുടിച്ചതാണ് ശരിയായ കള്ള്!

                                                                  ****
ബി.ആര്‍. അംബേദ്കര്‍ മുതലുള്ള അതികായന്മാര്‍ രണ്ടുവര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം കുത്തിയിരുന്ന് തലയിട്ടടിച്ച് 80,000 വാക്കുവരുന്ന ഭരണഘടന എഴുതിക്കൂട്ടിയിട്ടുണ്ട്. എന്തുപ്രയോജനം? സുപ്രധാനമായ കാര്യം അവര്‍ ഒഴിവാക്കിക്കളഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം സകലരും വിനിയോഗിക്കണം, ഇല്ലെങ്കില്‍ പിടിച്ച് ജയിലിലിടും എന്നെഴുതിവെച്ചില്ല. എന്തൊരു അബദ്ധം. നരേന്ദ്രമോദിജിയുടെ ഗുജറാത്ത്മഹാത്മാഗാന്ധിയുടേതല്ലഅഞ്ചുവര്‍ഷം മുമ്പ് വോട്ടവകാശം നിര്‍ബന്ധമാക്കുന്ന നിയമമുണ്ടാക്കിയതാണ്. ഒരു യൂസ്ലസ് ഗവര്‍ണര്‍ ഒപ്പിടാതെ അത് കെട്ടിപ്പൂട്ടിവെച്ചു. ഇപ്പോള്‍ മോദിജി നിയോഗിച്ച ഗവര്‍ണര്‍ വന്നത് ഒപ്പുചാര്‍ത്തി നിയമമാക്കി. സൂക്ഷിച്ചോ, ഇനിയിത് കേന്ദ്രത്തിലും നിയമമാക്കും. കേരളീയരെയും വെറുതെ വിടില്ല...
ഇരുന്നൂറിനടുത്ത് രാജ്യങ്ങളുണ്ട് ലോകത്തില്‍. 22 ഇടത്തേ വോട്ടിങ് നിര്‍ബന്ധമാക്കിയിട്ടുള്ളൂ. 11 ഇടത്തേ ഇത് നടപ്പാക്കിയിട്ടുള്ളൂ. അതില്‍ത്തന്നെ ചിലേടത്ത് വോട്ട് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ശിക്ഷയില്ല, ചിലേടത്ത് രാവിലെ തലവേദനയായിരുന്നു എന്ന് പറഞ്ഞാലും മതി, ശിക്ഷയില്ല. അനേകകോടി വോട്ടര്‍മാരുള്ള ഈ നാട്ടില്‍ തിരഞ്ഞെടുപ്പ് നടത്തുകതന്നെ പ്രയാസം. പോരാഞ്ഞിട്ടാണ് വോട്ട് ചെയ്‌തോ ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് നോക്കേണ്ടതും ശിക്ഷിക്കേണ്ടതുമെല്ലാം. നടപ്പുള്ള കാര്യംതന്നെ. വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അര്‍ഥം വോട്ട് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അര്‍ഥം അഭിപ്രായം പറയാത്തവനെ ശിക്ഷിക്കും എന്നല്ല. മതസ്വാതന്ത്ര്യത്തിന്റെ അര്‍ഥം മതമില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം കൂടിയാണ്.
ആരോട് പറയാന്‍! ഇനി ഇവിടെ എന്തെല്ലാം കാണാനിരിക്കുന്നു !


Sunday, 23 November 2014

രാഹുലിന് പ്ലാസ്റ്റിക് സര്‍ജറി
കോണ്‍ഗ്രസ്സുമായുള്ള സി.പി.ഐ.യുടെ കേരള മുന്നണിബന്ധം അവിഹിതമൊന്നും ആയിരുന്നില്ല. അത് നാലാള്‍ അറിഞ്ഞ് മുന്നണി രജിസ്റ്ററാക്കിയ ബന്ധമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയിലെ ബന്ധം രജിസ്റ്റര്‍ചെയ്തിരുന്നില്ല. അതും അവിഹിതമല്ല. കാരണം, സോവിയറ്റ് രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണ് കോണ്‍ഗ്രസ്സിന്റെകൂടെ കൂടിയത്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയശേഷം തുടങ്ങിയതാണ് മൗഢ്യം. എന്താണ് സംഭവിച്ചത് എന്ന് പിടികിട്ടിയില്ല. ഗാന്ധിയന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നും ജൂനിയര്‍മോസ്റ്റ് ഗാന്ധി പ്രധാനമന്ത്രിയാകും എന്നുമായിരുന്നു വിശ്വാസം. മാധ്യമ, രാഷ്ട്രീയ നിരീക്ഷകര്‍, അഭിപ്രായ വോട്ടെടുപ്പുകാര്‍, എക്‌സിറ്റ് പോളുകാര്‍ തുടങ്ങിയ വിശ്വസിക്കാന്‍ കൊള്ളാത്ത കക്ഷികള്‍ ആര്‍ഷഭാരതപാര്‍ട്ടിക്കാര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്നും ഗുജറാത്തില്‍നിന്നുള്ള ഗാന്ധിവിരുദ്ധന്‍ പ്രധാനമന്ത്രിയായേക്കുമെന്നും പ്രവചിച്ചിരുന്നുവെന്നത് സത്യം. രാഹുല്‍ജി എങ്ങനെ വിശ്വസിക്കാനാണ്. പാര്‍ട്ടിയിലെ വിശ്വസ്തന്മാരൊന്നും ഇങ്ങനെ സംഭവിക്കുമെന്ന് പറഞ്ഞിട്ടില്ല. വോട്ടെണ്ണിയപ്പോള്‍ ആകപ്പാടെ അബദ്ധായി. പാര്‍ട്ടിയില്‍ ആശയക്കുഴപ്പായി, തമ്മില്‍ത്തല്ലായി... പിന്നെ ഒരു കാര്യം സമയം പാഴാക്കാതെ വേഗമങ്ങട് ചെയ്തു. പാര്‍ട്ടി എങ്ങനെ തോറ്റു എന്ന് കണ്ടെത്താന്‍ കമ്മിറ്റിയെ നിയമിച്ചു. അതിന്റെ ദേശീയതല എക്‌സ്പര്‍ട്ട് എ.കെ. ആന്റണിജി ഡല്‍ഹിയില്‍ത്തന്നെ ഉള്ളതുകൊണ്ട് സംഗതി എളുപ്പമായി. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചേര്‍ന്ന് ചെയ്ത പണിയാണിത്. നരേന്ദ്രമോദി എന്തോ മഹാ അവതാരമാണെന്ന് അവര്‍ ജനത്തെ തെറ്റിദ്ധരിപ്പിച്ചുകളഞ്ഞു, അതാണ് തോല്‍ക്കാന്‍ കാരണം. ആന്റണിജിയെ വിശ്വസിച്ചല്ലേ പറ്റൂ. രാഹുലിന്റെ കുഴപ്പംകൊണ്ടല്ല തോല്‍വി എന്ന് ആന്റണി സര്‍ട്ടിഫിക്കറ്റ് കൊടുത്തതാണ്. പക്ഷേ, എന്തുചെയ്യാം, രാഹുലിന്റെ മൗഢ്യം മാറിയില്ല.


ഇനി എന്തുചെയ്യണമെന്ന് ആലോചിച്ച് ആറുമാസം ഇരുന്നപ്പോഴാണ് ഇനിയും ഇങ്ങനെ ഇരുന്നുകൂടാ എന്ന് ബോധ്യപ്പെട്ടത്. പരീക്ഷയില്‍ തോറ്റ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപദേശം കൊടുക്കുന്ന ടൈപ്പ് കൗണ്‍സലര്‍മാരെ രാഹുല്‍ജിയെ സഹായിക്കാന്‍ അയച്ചതായി കേള്‍ക്കുന്നുണ്ട്. കേരളത്തില്‍നിന്നാവാം അയച്ചത്. ഇവിടെ ഇപ്പോള്‍ കുട്ടികളാരും പരീക്ഷയില്‍ തോല്‍ക്കാത്തതുകൊണ്ട് കൗണ്‍സലര്‍മാര്‍ക്ക് പണിയില്ലല്ലോ. ഒടുവില്‍ തീരുമാനിച്ചു, പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ വിഷയം തുറന്ന് ചര്‍ച്ചചെയ്യണമെന്ന്. അതിന് കാരണമുണ്ട്. ചിലകൂട്ടര്‍ വിവരമില്ലാത്ത കൂട്ടരാണെന്ന് വ്യക്തംരാഹുല്‍ജിയാണ് പരാജയത്തിന് കാരണം എന്ന് പരസ്യവേദികളില്‍ തുറന്നടിക്കുകയുണ്ടായി. അത് മോശമല്ലേ? എല്ലാവരെയും വിളിച്ചുകൂട്ടി അഭിപ്രായം ചോദിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ പരസ്യതുറന്നുപറച്ചിലെങ്കിലും നിലയ്ക്കുമല്ലോ. ഒക്ടോബറില്‍ ആ പരിപാടി തുടങ്ങി. സംഭവമിതാ തീരാറായി.
പാര്‍ട്ടിനേതാക്കള്‍ മുമ്പൊന്നും കാണാത്തതരത്തില്‍, ചര്‍ച്ചയില്‍ സത്യം പറയുന്നത് സകലരെയും അത്ഭുതപ്പെടുത്തിയത്രെ. സത്യം പറയല്‍ പാര്‍ട്ടിയില്‍ പതിവുള്ളതല്ലല്ലോ. സ്തുതികേള്‍ക്കാനാണ് തലപ്പത്തുള്ളവര്‍ക്ക് താത്പര്യം എന്ന് മനസ്സിലായാല്‍ പിന്നെ എല്ലാവരും ആ വഴിക്കുപോകും. പാര്‍ട്ടി ഭരിക്കുമ്പോള്‍ അപ്രിയസത്യം അത്രയ്ക്കങ്ങട് പറഞ്ഞുകൂടാ എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയുകയും ചെയ്യാം. ഇപ്പോള്‍ ഭാഗ്യവശാല്‍ എങ്ങും ഭരണഭാരം ഇല്ലാത്തതുകൊണ്ട് നേതാക്കള്‍ നിര്‍ഭയം സത്യം പറഞ്ഞത്രെ. ചര്‍ച്ചകള്‍ തുടങ്ങി കുറച്ചുനേരം കഴിഞ്ഞാല്‍, ഇനി നിങ്ങള്‍ ചര്‍ച്ച നടത്തൂ, ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞ് സ്ഥലം വിടുകയായിരുന്നത്രെ രാഹുല്‍ജിയുടെ പതിവ്. വൈസ് പ്രസിഡന്റ് ഇല്ലാതെന്ത് ചര്‍ച്ച ചെയ്യാന്‍ എന്നും പറഞ്ഞ് ബാക്കിയുള്ളവരും സ്ഥലംകാലിയാക്കും. ഇത്തവണ അങ്ങനെയായിരുന്നില്ല ചര്‍ച്ച. രാഹുല്‍ മുഴുവന്‍സമയം ചര്‍ച്ച കേട്ടു. തന്നെക്കുറിച്ച് പറഞ്ഞതും ക്ഷമയോടെ കേട്ടു. ആള് കൊള്ളാല്ലോ എന്നാണ് പ്രതിനിധികള്‍ ഇപ്പോള്‍ പറയുന്നതത്രെ. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ രാഹുലിനോട് തോന്നിയ വിരോധം, അമര്‍ഷം, പുച്ഛം എല്ലാം ഇതോടെ നന്നേ കുറഞ്ഞത്രെ.

നമുക്ക് നേതാവ് രാഹുല്‍തന്നെ മതി. (മറ്റെ പെങ്കൊച്ച് ലവലേശം വഴങ്ങുന്നില്ല) പക്ഷേ, ഒരു കാര്യംണ്ട്. രാഹുല്‍ അപ്പടി മാറണം. അടിമുടി മാറണം. പേര് മാറണമെന്നില്ല. ബാക്കി സകലതും മാറണം. ഇതാണത്രെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന പ്രധാന പോയന്റ്. രാഹുല്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍പര്യടനം നടത്തുന്ന സമ്പ്രദായം ആര്‍ക്കും അത്ര പിടിക്കുന്നില്ല. തട്ടുകടയില്‍ പാഞ്ഞുകേറുന്നതിനെക്കുറിച്ച് ആരും കുറ്റം പറഞ്ഞതായി റിപ്പോര്‍ട്ടില്ല. സംസ്ഥാനങ്ങളില്‍ പോയാല്‍ ജനമനസ്സറിയാനും നേതാക്കളുമായി സംസാരിക്കാനും സമയം കാണണമെന്ന് പലരും പറഞ്ഞു. എന്തിനെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ തിരിച്ചതിനേക്കാള്‍ സ്?പീഡില്‍ പിന്തിരിയുന്ന സ്വഭാവം പുള്ളിക്കാരന്‍ മാറ്റണമെന്നാണ് ചില നേതാക്കള്‍ പറഞ്ഞത് (വേറെ എന്തെല്ലാം പണികിടക്കുന്നു, ഇവര്‍ക്കതുവല്ലതും അറിയുമോ!). പാര്‍ലമെന്റില്‍ എല്ലാ ദിവസവും മുന്നില്‍നിന്ന് നയിക്കണം, ചര്‍ച്ചകളില്‍ ആഞ്ഞടിക്കണം, നരേന്ദ്രമോദിയെ വിറപ്പിക്കണം, ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയകുശാഗ്രബുദ്ധി പ്രകടിപ്പിക്കണം, ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജനപ്രീതിനേടണം, മഹാത്മാഗാന്ധിയുടെ അത്ര ആരാധന പിടിച്ചുപറ്റണം, രാജീവ് ഗാന്ധിയെപ്പോലെ പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തണം, അംബേദ്കറെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ആശ്രയമാകണം, കാറല്‍മാര്‍ക്‌സ് ആവണം, ശ്രീബുദ്ധനാവണം... തുടങ്ങിയ നിരവധി ക്രിയാത്മക പ്രായോഗിക നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി.
രാഹുല്‍ജി എല്ലാം ഏറ്റിട്ടുണ്ട്. ഇപ്പം ശര്യാക്കിത്തരാം. സമ്പൂര്‍ണമായ ഒരു പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപവും ഭാവവും മാറ്റിയെടുക്കാനാണ് പരിപാടി. അതുടനെ ചെയ്യും. പിന്നെയൊരു വരവുണ്ട്. വരുന്നേടത്തുവെച്ച് കാണാം നമുക്ക്.
                                                                       ****
തെരുവില്‍ അവിഹിതബന്ധങ്ങളെപ്പറ്റിയുള്ള വക്കാണംപോലെ ഇടതുമുന്നണിയിലെ പൂര്‍വകാല ബന്ധചര്‍ച്ച പുരോഗമിക്കുന്നുണ്ടോ എന്നൊരു സംശയം. അറിയാത്തത് പലതും ജനം അറിയുന്നു ഇപ്പോള്‍. കേള്‍ക്കാത്തത് പലതും കേള്‍ക്കുന്നു. നിവൃത്തിയുണ്ടെങ്കില്‍ ഈ ചര്‍ച്ച ഒരു അഡ്ജസ്റ്റുമെന്റില്‍ അവസാനിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഐക്യത്തിന് നല്ലതെന്ന് തോന്നുന്നുണ്ട് ജനത്തിന്.
കോണ്‍ഗ്രസ്സുമായുള്ള സി.പി.ഐ.യുടെ കേരള മുന്നണി ബന്ധം അവിഹിതമൊന്നുമായിരുന്നില്ല. അത് നാലാള്‍ അറിഞ്ഞ് മുന്നണി രജിസ്റ്ററാക്കിയ ബന്ധമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയിലെ ബന്ധം രജിസ്റ്റര്‍ചെയ്തിരുന്നില്ല. അതും അവിഹിതമല്ല. കാരണം, സോവിയറ്റ് രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണ് കോണ്‍ഗ്രസ്സിന്റെകൂടെ കൂടിയത്. ഇന്ത്യയില്‍ എന്തിനാണ് ഒരു പ്രതിപക്ഷം എന്ന് ചോദിക്കുന്ന കൂട്ടരായിരുന്നല്ലോ സോവിയറ്റ് പാര്‍ട്ടി തലവന്മാര്‍. പില്‍ക്കാലത്ത് ഇന്ദ്രജിത് ഗുപ്തയെ കേന്ദ്ര ആഭ്യന്തരമന്ത്രിയാക്കിയതും പരസ്യമായാണ്. സി.പി.എം. സോമനാഥ്ജിയെ പാര്‍ട്ടിക്കുപ്പായം അഴിപ്പിച്ച് ലോക്‌സഭാ സ്?പീക്കറാക്കിയത് വിഹിതമോ അവിഹിതമോ? ജനതാ ടിക്കറ്റില്‍ മത്സരിച്ച ജനസംഘം നേതാക്കളെ ജയിപ്പിച്ചത് വിഹിതമോ അവിഹിതമോ? ചോദ്യങ്ങള്‍ ഇരുപക്ഷവും തുടര്‍ന്നാല്‍ കേട്ടുനില്‍ക്കുന്നവര്‍ ഇടപെട്ടേക്കും. ഇരുപത്തഞ്ച് വയസ്സില്ലാത്തവരാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. പഴയ കഥകള്‍ അധികമൊന്നും അവര്‍ക്കറിയില്ല. എന്തിന് വെറുതേ മലര്‍ന്നുകിടന്ന് മേലോട്ട് തുപ്പുന്നു? ജനകീയ ജനാധിപത്യം, ദേശീയ ജനാധിപത്യം, പെറ്റി ബൂര്‍ഷ്വ, ബൂര്‍ഷ്വ ഭൂവുടമ പാര്‍ട്ടി, കോംപ്രഡോര്‍ ബൂര്‍ഷ്വാപാര്‍ട്ടി തുടങ്ങി ആളുകള്‍ക്ക് മനസ്സിലാവാത്ത വിഷയങ്ങളും ആക്ഷേപങ്ങളും പരസ്?പരം ഉന്നയിച്ചാല്‍ പോരേ?
                                                                             ****
സമരത്തില്‍ അഡ്ജസ്റ്റ്‌മെന്റ് പാടില്ലെന്നാണ് സി.പി.ഐ. പക്ഷം. ഒരാവശ്യം ഉന്നയിച്ച് സമരം തുടങ്ങിയാല്‍ രണ്ടിലൊന്നായാലേ സി.പി.ഐ. സമരം നിര്‍ത്തൂ. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്നും പറഞ്ഞ് പണ്ടൊരു സമരം തുടങ്ങിയാണ് സര്‍വ സി.പി.ഐ.ക്കാര്‍ക്കും തൊഴിലായത്. പിന്നീട് സ്വന്തമായൊരു സമരവും ചെയ്തിട്ടില്ലാത്തതുകൊണ്ട് അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യം വന്നില്ല.
സി.പി.എമ്മുകാര്‍ അങ്ങനെയല്ല. ഭരണത്തിലുള്ളവരുമായി അഡ്ജസ്റ്റ്‌ചെയ്ത് സമരം നിര്‍ത്തിക്കളയുന്നു. ഈ ആരോപണംതന്നെ ഒരു സി.പി.എം.സി.പി.ഐ. അഡ്ജസ്റ്റ്‌മെന്റാണെന്ന് കരുതുന്നവരും കാണും. സമരം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ വല്ല എല്ലിന്‍തുണ്ടും എറിഞ്ഞുകൊടുക്കും. അതില്‍ ചാടിപ്പിടിച്ച് സമരം അവസാനിപ്പിക്കും. അതാണ് അഡ്ജസ്റ്റ്‌മെന്റ്. അത് ചെയ്തില്ലെങ്കില്‍ സമരം പുലിവാല്‍ സമരമാവും. സെക്രട്ടേറിയറ്റ് വളയല്‍ നിര്‍ത്താന്‍ 24 മണിക്കൂറിലധികം വേണ്ടിവന്നില്ല. സമരം നിര്‍ത്തരുതെന്ന് സി.പി.ഐ.യും പറഞ്ഞിട്ടില്ല. പിന്നെ, സ്വന്തമായി സമരം ചെയ്യാത്ത സി.പി.ഐ.ക്കാര്‍ക്ക് അതൊന്നും ചിന്തിക്കേണ്ട ആവശ്യം വരില്ല.


Sunday, 16 November 2014

പരവശ ജനതാ പരിവാര്‍
75 വയസ്സാണ് ജനതാ പരിവാര്‍ പ്രസ്ഥാനത്തില്‍ ചേരാനുള്ള മിനിമം പ്രായം. അഞ്ച് എം.പി.മാരില്‍ കൂടുതലുള്ള പാര്‍ട്ടികളെ വേണ്ട. സമാജ്വാദി,സമത, ലോക് ദള്‍, അപ്നാ ദള്‍,മേരാ ദള്‍, തുമാരാ ദള്‍ തുടങ്ങികാഴ്ചബംഗ്ലാവുകളില്‍ വെക്കേണ്ട വിചിത്രയിനങ്ങള്‍
പലതുണ്ട്പുനരപി മരണം, പുനരപി ജനനം എന്ന് പറഞ്ഞതുപോലെയാണ് ജനതാപാര്‍ട്ടികളുടെ കാര്യം. ജനതയാകുന്നതിന് മുമ്പത്തെ സോഷ്യലിസ്റ്റ് കാലത്തേ ഉള്ളതാണ് നിശ്ചിത ഇടവേളകളിലെ ജനനവും മരണവുംപിളര്‍പ്പും ലയനവും. കുറച്ചുകാലമായി അതിനും വയ്യാത്ത അവസ്ഥയായിരുന്നു. തമ്മിലടിച്ച് തളര്‍ന്ന് അവശരായി ഓരോരുത്തര്‍ അവരുടെ പ്രവിശ്യകളില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ഇപ്പോള്‍ എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. സോഷ്യലിസത്തിന് വന്‍നാശം സംഭവിക്കാന്‍പോകുന്നു എന്നോ മറ്റോ ദുഃസ്വപ്നം കണ്ടിരിക്കാം. അവരിതാ ഒത്തുകൂടാന്‍ പോകുന്നു. ഊക്കന്‍ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. പാവം, നരേന്ദ്രമോദിക്ക് ഉറക്കം നഷ്ടപ്പെടുമോ എന്തോ...

സംഘപരിവാറിനെ നേരിടാന് ഇറങ്ങിത്തിരിച്ചിട്ടുള്ള ജനതാപരിവാര്‍ നേതാക്കളെല്ലാം ഒന്നിനൊന്ന് യോഗ്യന്മാര്‍തന്നെ. കൊല്ലം കുറേയായി ബി.ജെ.പി.ക്കൊപ്പം ബിഹാര്‍ ഭരിച്ച നിതീഷ് കുമാറാണ് തലവന്‍. കുറ്റം പറയരുതല്ലോ. കൂട്ടത്തില്‍ ഭേദം ഇദ്ദേഹംതന്നെ. ബിഹാറി ബി.ജെ.പി.യെക്കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്. ഗുജറാത്ത് ബി.ജെ.പി.യെപ്പോലെ കഠിനഹൃദയരും ക്രൂരന്മാരും കൊലയാളികളുമല്ല. താരതമ്യേന ലോലഹൃദയരാണ്. മറ്റൊരു സോഷ്യലിസ്റ്റ് ആ നാട്ടിലുണ്ടായിരുന്നതുകൊണ്ട് മുഖ്യശത്രു അതായി ലാലു പ്രസാദ് യാദവ്. പത്തിരുപത് വര്‍ഷമായി ഇരുവരും തമ്മിലായിരുന്നു യുദ്ധം. ഇരുവര്‍ക്കും മടുത്തു.
അഴിമതിവിരുദ്ധ പോരാട്ടത്തില്‍ തുടങ്ങി ഒടുവില്‍ അഴിമതിക്കേസില്‍ ജയിലില്‍ക്കിടന്ന് കുപ്രസിദ്ധിനേടി ലാലു. നീണ്ടകാലം ഭരിച്ച് ബിഹാറിന് രാജ്യത്തെ ഏറ്റവും ഭരണരഹിത അരാജക സംസ്ഥാനമെന്ന കീര്‍ത്തി നേടിക്കൊടുത്തത് ലാലുവാണ്. ആ പ്രാകൃത ബിഹാറിനെ കഷ്ടപ്പെട്ട് നേരേയാക്കി വരികയായിരുന്നു നിതീഷ്. അപ്പോഴാണ് നരേന്ദ്രമോദിയെ പൊക്കിപ്പിടിച്ച് ബി.ജെ.പി. രംഗത്തുവരുന്നത്. ബിഹാര്‍ അല്ല, ഗുജറാത്താണത്രെ വികസനത്തിന്റെ മോഡല്‍. നിതീഷ് എങ്ങനെ സഹിക്കും. ലാലുനിതീഷ് പുനസ്സംഗമത്തിന് അതോടെയാണ് അരങ്ങൊരുങ്ങിയത്.

രാജ്യത്ത് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള മൂന്ന് മുന്‍പ്രധാനമന്ത്രിമാരില്‍ നാട്ടിലിറങ്ങി നടക്കാന്‍ കഴിയുന്നത് ദേവഗൗഡയ്ക്ക് മാത്രമാണ്. അബദ്ധവശാല്‍ പ്രധാനമന്ത്രിയായവരില്‍ ഒന്നാംറാങ്ക് യഥാര്‍ഥത്തില്‍ കൊടുക്കേണ്ടത് മന്‍മോഹനല്ല, ദേവഗൗഡയ്ക്കാണ്; വേറെ ദോഷം പലതുണ്ടെങ്കിലും. മുന്‍ സോഷ്യലിസ്റ്റ് അല്ല. അങ്ങനെ അവകാശപ്പെടാറേ ഇല്ല. കൈവശമുള്ള ഭൂമി ഏക്കര്‍ അഞ്ഞൂറാണോ അയ്യായിരമാണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പക്ഷേ, വിനീതകര്‍ഷകനാണ്, മുന്‍ സംഘടനാ കോണ്‍ഗ്രസ്സുകാരനാണ്. ആരുമായും കൂട്ടുകൂടും. പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി.യുമായും കൂടി.

ജനതാപരിവാര്‍ സംഘാടകസംഘത്തെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം വിശേഷിപ്പിച്ചത് 'ദി ടയേഡ് ആന്‍ഡ് ദി റിട്ടയേഡ്' എന്നാണ്. ഏതാണ്ട് റിട്ടയേഡ് ആണെങ്കിലും ടയേഡ് അല്ലാത്ത ഒരാളാണ് മുലായംസിങ് യാദവ്. പ്രധാനമന്ത്രിയാകാമെന്ന മോഹം ഈ ജന്മത്ത് ഇനി നടക്കില്ലെന്ന് ഏതാണ്ട് ബോധ്യമായതിന്റെ മനഃപ്രയാസത്തോടെ ജീവിച്ചുവരികയാണ്. പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞതാണ് എടുത്തുപറയേണ്ട നേട്ടം. ഇടയ്ക്കിടെ ചില്ലറ വിവാദമുണ്ടാക്കും. ഒടുവിലത്തേത് നല്ല കുപ്രശസ്തി ഉണ്ടാക്കി. ബലാത്സംഗക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നൊക്കെ ആവശ്യമുയര്‍ന്ന കാലത്ത് അദ്ദേഹം പറഞ്ഞു 'ആണ്‍കുട്ടികള്‍ക്ക് ചില തെറ്റെല്ലാം പറ്റും. അതിന്റെ പേരിലൊന്നും ആരെയും തൂക്കിക്കൊല്ലാന്‍ പാടില്ല.'

75 വയസ്സാണ് ജനതാ പരിവാര്‍ പ്രസ്ഥാനത്തില്‍ ചേരാനുള്ള മിനിമം പ്രായം. അഞ്ച് എം.പി.മാരില്‍ കൂടുതലുള്ള പാര്‍ട്ടികളെ വേണ്ട. സമാജ്വാദി, സമത, ലോക് ദള്‍, അപ്നാ ദള്‍, മേരാ ദള്‍, തുമാരാ ദള്‍ തുടങ്ങി കാഴ്ചബംഗ്ലാവുകളില്‍ വെക്കേണ്ട വിചിത്രയിനങ്ങള്‍ പലതുണ്ട്. അഞ്ച് സീറ്റുള്ളത് മുലായത്തിനുമാത്രം. 20 സീറ്റ് സ്വന്തമായുള്ള ഒരാളുണ്ട് അകലെ നില്‍ക്കുന്നു. ഒഡിഷയിലെ നവീന്‍ പട്‌നായിക്. ബിജു ജനതാദള്‍ എന്ന പാര്‍ട്ടിപ്പേരില്‍ ജനതയുണ്ട് എന്നൊരു ദോഷമേയുള്ളൂ. ജനതാപരിവാറിന്റെ നാലയലത്ത് പോകില്ല. ഒഡിഷക്കാര്‍ക്ക് പൂര്‍ണ തൃപ്തിയാണ്. മര്യാദയായി ഭരിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ പാച്ചിലൊക്കെ ഉണ്ടായിട്ടും 21ല്‍ 20 സീറ്റും ജയിച്ചു നവീന്‍. അച്ഛന്റെ പേരിലാണ് പാര്‍ട്ടിയെങ്കിലും അച്ഛന്‍ മരിച്ചശേഷം രാഷ്ട്രീയത്തില്‍വന്ന് അച്ഛനേക്കാള്‍ ജനപിന്തുണ നേടിയ കക്ഷിയാണ്. ഇതെല്ലാം ജനതാപരിവാറില്‍ ചേരാനുള്ള അയോഗ്യതകളാണ്.

എല്ലാ വ്യത്യസ്തയിനം ജനതകള്‍ കൂടിച്ചേര്‍ന്നാലും 20 തികയില്ല ലോക്‌സഭയില്‍ അംഗബലം. 15 വര്‍ഷംമുമ്പ് ജനത പരിവാര്‍ പാര്‍ട്ടികളില്‍പ്പെട്ട നൂറോളം എം.പി.മാര്‍ ലോക്‌സഭയിലുണ്ടായിരുന്നു. അന്നൊന്നും ഈ ബോധമേ ഉണ്ടായില്ല. പോയ ബുദ്ധി ആന വലിച്ചാല്‍ വരില്ല എന്നുപറയും നാട്ടിന്‍പുറത്ത്. ഇനി, ഉള്ള ശേഷികൊണ്ട് പരിവാറിനെ വലിക്കുകതന്നെ. കുറച്ചുകൂടി കഴിഞ്ഞാല്‍ അതിനും വയ്യാതാവും.

                                                          *********
എന്‍.സി.പി.യുടെ കേരളഘടകത്തിന് വേവലാതി ഒഴിഞ്ഞ കാലമില്ല. ഇത്രയും കാലം പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണപക്ഷത്തും കേരളത്തില്‍ ഇടതുപക്ഷത്തും ആയിരുന്നു. പാര്‍ട്ടിതലവന്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി. കേന്ദ്രത്തിനെതിരെ സമരത്തിനും പോകണം കേന്ദ്രമന്ത്രിയെക്കണ്ട് സലാം പറയാനും പോകണം എന്തൊരു പാടാണ് എന്നോര്‍ത്തേ... ഡല്‍ഹിയില്‍ വലതുപക്ഷത്താണെന്നത് ഇവിടെ ഇടതുപക്ഷത്ത് നില്‍ക്കുന്നതിന് തടസ്സമായി ആരും കണ്ടില്ലെന്നത് സന്തോഷം. ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കാനാണ് ഇത്രയും കഷ്ടപ്പെട്ട് പവാര്‍ കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കുന്നതെന്ന വിശദീകരണം അമര്‍ത്തിയുള്ള ഒരു മൂളലോടെയാണെങ്കിലും പിണറായി സഖാവ് ശരിവെച്ചതും വി.എസ്. സഖാവ് വേറെ എങ്ങോട്ടോ നോക്കിയതും വലിയ ഭാഗ്യംതന്നെ.

ശരദ് പവാര്‍ നാളെ എവിടെ നില്‍ക്കുമെന്ന് പറയാന്‍ പവാറിനുതന്നെ പറ്റില്ല. സോണിയഗാന്ധിയെ സഹിക്കാന്‍പറ്റാതെ പാര്‍ട്ടിവിട്ട ആളാണ് ഒടുവില്‍ സോണിയതന്നെ ഭരിക്കുന്ന കേന്ദ്ര കാബിനറ്റില്‍ നീണ്ട പത്തുവര്‍ഷം ഒച്ചയും അനക്കവുമില്ലാതെ കഴിഞ്ഞുകൂടിയത്. ഇനി കോണ്‍ഗ്രസ്സിനെക്കൊണ്ട് പ്രയോജനമില്ലെന്ന് ബോധ്യംവന്നപ്പോള്‍ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ബന്ധം വിട്ടു. മകള്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്താല്‍ ബുദ്ധിമുട്ടായില്ലേ. കരിമ്പുകൃഷി കഴിഞ്ഞാല്‍ പിന്നെ മധുരം കൂടുതലുള്ള കൃഷി ക്രിക്കറ്റാണ്. അതിലുമുണ്ട് പവാറിന് നോട്ടം. കേന്ദ്രസഹായമില്ലാതെ നിന്നാല്‍ അവിടെ വിക്കറ്റ് തെറിക്കും. ബി.ജെ.പി.യെ തടയാന്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നപോലെ ശിവസേനയെ തടയാന്‍ ബി.ജെ.പി.ക്കൊപ്പം നിന്നുകൂടേ? ഈ ന്യായം പക്ഷേ, പിണറായി, വി.എസ് വരട്ടുതത്ത്വവാദികള്‍ അംഗീകരിച്ചെന്ന് വരില്ല. അപ്പോഴെന്തുചെയ്യും? കേരളഘടകം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പവാറിനെ തള്ളിപ്പറയും. യു.ഡി.എഫില്‍ നോട്ടമിട്ട ചിലരും ഉണ്ടല്ലോ പാര്‍ട്ടിയില്‍. ഒരു പിളര്‍പ്പ് മണക്കുന്നുണ്ട്. വൈകാനിടയില്ല.

                                                        *********
എം.വി.ആറിനെ സി.പി.എം. ആക്രമിച്ചത് വ്യക്തിപരമായിരുന്നില്ല എന്ന് ഇടതുപക്ഷ സി.എം.പി.യുടെ സെക്രട്ടറി അഭിപ്രായപ്പെട്ടത് കേട്ടപ്പോള്‍ സമാധാനമായി. സി.പി.എം. അങ്ങനെയാണ്. ഒന്നും വ്യക്തിപരമായി ചെയ്യുകയില്ല. രാഷ്ട്രീയമില്ലാതെ ഒരു ഗ്ലാസ് കട്ടന്‍ചായ ആര്‍ക്കും വാങ്ങിക്കൊടുക്കുകയുമില്ല. ടി.പി.ചന്ദ്രശേഖരനെ കൊന്നത് വ്യക്തിപരമായിരുന്നില്ല. എന്നിട്ടും ചന്ദ്രശേഖരന്റെ അനുയായികള്‍ സി.പി.എമ്മിനോട് വെറുതേ വിരോധം പുലര്‍ത്തുന്നു!

എം.വി.ആറും അങ്ങനെയേ സി.പി.എമ്മിനെയും കണ്ടിരുന്നുള്ളൂ. കൂത്തുപറമ്പില്‍ വെടിവെച്ചതും അഞ്ച് സഖാക്കള്‍ മരിച്ചതുമെല്ലാം തീര്‍ത്തും രാഷ്ട്രീയംമാത്രം. ഇനി രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികം ആചരിക്കുമ്പോള്‍ ചെറിയ ആശയക്കുഴപ്പമുണ്ടാകും. എം.വി.ആര്‍. എന്ന മൂന്ന് അക്ഷരം യു.ഡി.എഫ്. എന്ന് മാറ്റിയാല്‍മതി. എല്ലാം ക്ലിയര്‍. ആര്‍ക്കും ഉണ്ടാവില്ല ആശയക്കുഴപ്പം. പഴയ പത്രവും നോട്ടീസും എടുത്ത് ആരെങ്കിലും പോസ്റ്ററടിക്കുന്നുണ്ടോ എന്ന് വിജിലന്റായി ഇരുന്നാല്‍ മതി. ഇതിലും വലിയ സംഘപരിവാര്‍ കൊലയാളിസംഘത്തെ പാര്‍ട്ടിയിലെടുത്തിരിക്കുന്നു. പിന്നെയല്ലേ എം.വി.ആര്‍...

Wednesday, 12 November 2014

ദേശീയ പത്രദിനത്തില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍


നവംബര്‍ പതിനാറിന് രാജ്യം ദേശീയ പത്രദിനം ആചരിക്കുകയാണ്. 1956 ല്‍ ഈ ദിവസം നാഷനല്‍ പ്രസ് കൗണ്‍സില്‍  രൂപവല്‍ക്കരിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ ദിനം പത്രദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. കൗണ്‍സില്‍ ഇത് ആചരിക്കുന്നതിനുപുറമെ ദിനാചരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനസര്‍ക്കാറുകള്‍ക്ക് കത്തയക്കാറുണ്ട്. സംസ്ഥാനസര്‍ക്കാറുകള്‍ അത് പൊതുസമ്പര്‍ക്ക വകുപ്പുകള്‍ക്ക് കൈമാറും. എവിടെയെങ്കിലും ഒരു യോഗമോ സെമിനാറോ നടക്കും. പിന്നെ അത് മറക്കും. അതാണ് തുടര്‍ന്നുവരുന്ന രീതി.

ഈ വര്‍ഷവും പ്രസ് കൗണ്‍സില്‍ സംസ്ഥാന ചീഫ് സിക്രട്ടറിമാര്‍ക്ക് ഇങ്ങനെ ഒരു നിര്‍ദ്ദേശം അയച്ചിട്ടുണ്ട്. ചില വര്‍ഷങ്ങളില്‍ ആചരണത്തിന് എന്തെങ്കിലും വിഷയവും നിര്‍ദ്ദേശിക്കാറുണ്ട്. ഈ വര്‍ഷത്തെ വിഷയം  “പൊതുകാര്യങ്ങളില്‍ സുതാര്യത- പത്രങ്ങളുടെ പങ്ക് ' എന്നതാണ്.

രണ്ട് കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രസ് കൗണ്‍സില്‍ എന്ന സ്ഥാപനം ഇത്തരം കാര്യങ്ങളില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് എത്രത്തോളം ഫലപ്രദമാണ് എന്നതാണ് അതില്‍ ഒന്ന്. ദിനാചരണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കൗണ്‍സില്‍ സ്വീകരിച്ചിട്ടുള്ള രീതിതന്നെ എത്രമാത്രം ഉദ്യോഗസ്ഥാശ്രിതമാണ് എന്നത് ആശങ്കയുളവാക്കുന്നുണ്ട്. ഇന്ത്യയൊട്ടാകെ പത്രമാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, പത്രസ്വാതന്ത്ര്യും ഉയര്‍ത്തിപ്പിടിക്കുന്ന, മാധ്യമപ്രവര്‍ത്തകരുടെയും പൊതു സമൂഹത്തിന്റെയും ഏറെ സ്ഥാപനങ്ങളും സംഘടനകളും ഉണ്ട്. അവയുമായി എന്തെങ്കിലും രീതിയില്‍ ചേര്‍ന്നുനില്‍ക്കാനോ പത്രസ്വാതന്ത്ര്യത്തെ നമ്മുടെ ജനാധിപത്യപ്രക്രിയയുടെ അനിവാര്യഘടകമായി ഉയര്‍ത്തിപ്പിടിക്കാനോ പ്രസ് കൗണ്‍സില്‍ അധിപര്‍ക്ക് അര്‍ദ്ധ മനസ്സുപോലുമില്ല. ഈ ലേഖകന്‍ ചെയര്‍മാന്‍ ചുമതല ഏറ്റ ശേഷം മൂന്നാം വര്‍ഷമാണ് കേരള പ്രസ് അക്കാദമി ദിനം ആചരിക്കുന്നത്. അതിന് മുമ്പ് ആചരിച്ചതായി അറിയില്ല. മൂന്നുവര്‍ഷവും അക്കാദമി പ്രസ് ഡെ ആചരിക്കാന്‍ പ്രസ് കാണ്‍സില്‍ അധികാരികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഔദ്യോഗിക സ്വഭാവവും ഉത്തരവാദപ്പെട്ട മാധ്യമഘടകങ്ങളുടെ പങ്കാളിത്തവും ആധികാരികതയും ഉള്ള സ്ഥാപനമാണ് എന്ന് ബോധ്യപ്പെടുത്തിയിട്ടുപോലും പ്രസ് അക്കാദമി പോലുള്ള സ്ഥാപനങ്ങളെ ഈ യത്‌നത്തില്‍ കൂട്ടുചേര്‍ക്കാന്‍ കൗണ്‍സില്‍ ശ്രമിച്ചതേയില്ല. എന്ന് മാത്രമല്ല, ഇക്കാര്യം സംബന്ധിച്ച് അയച്ച മെയില്‍ സന്ദേശങ്ങള്‍ക്ക്് മറുപടി അയക്കാന്‍ പോലും അവര്‍ ഈ മൂന്നുവര്‍ഷവും തയ്യാറായിട്ടില്ല. ഒരു പ്രത്യേകയിനം ' ജുഡീഷ്യല്‍ ബ്യൂറോക്രസി ' ആയി മാറുകയാണ് പ്രസ് കൗണ്‍സില്‍ എന്ന് കരുതാന്‍  ഞങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. എന്തുകൊണ്ടാണ് ഈ ദിനാചരണം സര്‍ക്കാര്‍ ചടങ്ങുമാത്രമായി പരിമിതപ്പെടുന്നത്, എന്തുകൊണ്ടാണ് അത് ജനങ്ങളില്‍ എത്താത്തത്, എന്തുകൊണ്ടാണ് അത് വെറും കാട്ടിക്കൂട്ടല്‍ മാത്രമായി മാറുന്നത് എന്നതിനും വേറെ അന്യേഷണം ആവശ്യമില്ല.

പ്രസ് കൗണ്‍സില്‍ എന്ന സ്ഥാപനം തന്നെ ഈ കാലഘട്ടത്തിനൊപ്പം വളരാതെ, അതുരൂപവല്‍ക്കരിച്ച 1966 ലോ അത് പുനര്‍ജനിച്ച 1977 ലോ ഇപ്പാഴും നില്‍ക്കുകയാണ് എന്ന ദുരവസ്ഥയിലേക്ക് കൂടി ഈ ദിനാചരണത്തിലെ മാന്ദ്യം വിരല്‍ ചൂണ്ടുകയാണ്. പ്രസ് കൗണ്‍സില്‍ മാറിയ മാധ്യമ അന്തരീക്ഷത്തില്‍ നിന്ന് കാതങ്ങള്‍ അകലെ നില്‍ക്കുകയാണ്. അതിപ്പോഴും പ്രസ് കൗണ്‍സിലാണ്, ഇപ്പോഴും ആചരിക്കുന്നത് പ്രസ് ഡെ ആണ്. മീഡിയ കൗണ്‍സിലോ  മീഡിയ ഡെയോ ആയിട്ടില്ല. പത്രം എന്നത് മാത്രമായിരുന്നു മാധ്യമം പ്രസ് കൗണ്‍സില്‍ ജന്മവും പുര്‍ജന്മവും എടുത്ത കാലത്ത്.  ഇന്ന് ഇന്ത്യയില്‍ മുഖ്യമാധ്യമം പത്രമല്ല എന്നത് പത്രപ്രവര്‍ത്തകര്‍പോലും വേണ്ടത്ര ഗൗരവത്തോടെ അംഗീകരിച്ചിട്ടില്ല. 2014 ആയപ്പോഴേക്ക് ഇന്ത്യയില്‍ പതിനഞ്ചുകോടി വീടുകളില്‍ ടെലിവിഷന്‍ വാര്‍ത്ത എത്തുന്നുണ്ട്. നിരക്ഷരിലേക്കും ഇന്ന് വാര്‍ത്തയെത്തുന്നത് ടെലിവിഷന്‍ വഴിയാണ്. ഇതിനേക്കാള്‍ വളരെ പിന്നില്‍ നില്‍ക്കുന്നു പത്രങ്ങള്‍. വളര്‍ച്ച നിലച്ചിട്ടില്ല എന്ന് ആശ്വസിക്കാമെന്നുമാത്രം. മാധ്യമം എന്നാല്‍ ചാനല്‍ എന്നായിട്ടുണ്ട് ഇപ്പോള്‍, ചാനലുകളും ഇന്റര്‍നെറ്റും ആയിരിക്കും നാളെ മാധ്യമം. കാലംപോയതറിയാതെ, പ്രസ് കൗണ്‍സില്‍ പത്രങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു  നിഷ്പ്രയോജന സംവിധാനമായി ഒതുങ്ങിക്കൂടുന്നു. ഒരു കാര്യത്തിലും അധികാരമില്ല, പൊതുസമൂഹവുമായോ, മാധ്യമസമൂഹവുമായിപ്പോലുമോ ഒരു ബന്ധവുമില്ല. സര്‍ക്കാറുകളോട് എന്തെങ്കിലും ആവശ്യപ്പെടുന്നത് നിഷ്പ്രയോജനമാണ് എന്ന് ബോധ്യം വന്നതുകൊണ്ടാവണം കൗണ്‍സിലിന് കുറ്റക്കാരെ ശിക്ഷിക്കാനുള്ള അധികാരം വേണമെന്നോ ഇലക്രോണിക് മാധ്യമത്തെക്കൂടി അതിന്റെ അധികാരപരിധിയില്‍ പെടുത്തണമെന്നോ ആവശ്യപ്പെടുക കൂടി ചെയ്യുന്നില്ല പ്രസ് കൗണ്‍സില്‍ ഇപ്പോള്‍.

ഇതൊക്കെയാണെങ്കിലും, പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു സുപ്രധാന വിഷയം തന്നെയാണ് ഈ വര്‍ഷത്തെ പത്രദിന ചര്‍ച്ചാവിഷയം. പൊതുകാര്യങ്ങളില്‍ സുതാര്യത ജനാധിപത്രവ്യവസ്ഥ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമാണ്. വളരെ ഫലപ്രദമായ ഒരു വിവരാവകാശനിയമം നടപ്പാക്കിയ രാജ്യമായിട്ടുകൂടി ഇന്ത്യ ഇപ്പോഴും ഇതുനേടിയിട്ടില്ല. ഒട്ടേറെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഭരണസംവിധാനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചമെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ചര്‍ച്ചാവിഷയം ചര്‍ച്ച  ചെയ്തുതന്നെ ജനങ്ങള്‍ നിഗമനങ്ങളിലെത്തട്ടെ. പ്രസ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനിടയില്ലാത്ത ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ.

സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.  അതില്‍നിന്ന് പുറത്തുകടക്കാന്‍ എല്ലാവരും ശ്രമിക്കുന്നു, നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ നിയമത്തിന്റെ പുറത്തുകടക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ നില നില്‍ക്കുന്നു.  അതും ചര്‍ച്ച ചെയ്യുന്നില്ല. പക്ഷേ, ജനാധിപത്യത്തിന്റെ നെട്ടെല്ലുകളായ രണ്ട് സംവിധാനങ്ങള്‍, രണ്ട് സ്ഥാപനങ്ങള്‍ എത്രത്തോളം സുതാര്യമാണ് എന്ന ഒരു ചോദ്യമെങ്കിലും മുന്നോട്ടുവെക്കാതിരിക്കുന്നത് സുതാര്യത എന്ന ആദര്‍ശത്തെത്തന്നെ അവഹേളിക്കലായിരിക്കും. ജനാധിപത്യവ്യവസ്ഥയുടെ നെട്ടെല്ലാണ് രാഷ്ട്രീയപാര്‍ട്ടികള്‍.  ജനാധിപത്യത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങള്‍. രാഷ്ട്രീയപാര്‍ട്ടികള്‍ സുതാര്യതക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അവര്‍ അതൊരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നൊക്കെ പറയുമെങ്കിലും  സുതാര്യതയെ മാധ്യമങ്ങള്‍ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കും, തകര്‍ക്കും. മറ്റേതൊരു സ്വകാര്യവ്യവസായത്തെയും പോലെയൊരു വ്യവസായം മാത്രമാണ് മാധ്യമങ്ങള്‍ എന്ന് പറയുന്നവര്‍ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തുമുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ പോലെ അല്ലെങ്കിലും പരിമിതമായ തോതിലുള്ള സുതാര്യതയെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ബാധകമാക്കേണ്ടതല്ലേ ?  ഉത്തരമില്ലെങ്കിലും ശരി, നാമിത് ചര്‍ച്ച ചെയ്ത് തുടങ്ങുകയെങ്കിലും ചെയ്യേണ്ട കാലമായില്ലേ ?

Sunday, 9 November 2014

പൂര്‍വാധികം വെടക്കായി


ചാനലുകാര്‍ മേലില്‍ ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കും.
ബാര്‍ ഉടമകള്‍ പ്രസ്താവിക്കാന്‍ വരുമ്പോള്‍ അവരെക്കൊണ്ട് ഊതിച്ച്
കഴിച്ച മദ്യത്തിന്റെ അളവ് രേഖപ്പെടുത്തണം. അത് സ്‌ക്രീനില്‍ സ്‌ക്രോളിങ് ആയി
കാണിക്കണം. ശേഷം മതി പ്രസ്താവന റെക്കോഡാക്കുന്നത്. പൊതുജനത്തെ
തെറ്റിദ്ധരിപ്പിക്കരുതല്ലോ


വെടക്കാക്കി തനിക്കാക്കുക എന്നത് വടക്കന്‍ കേരളത്തിലെ ഒരു നാടന്‍ ഭാഷാപ്രയോഗമാണ്. വെടക്കാക്കുക എന്നാല്‍, മോശമാക്കുക എന്നര്‍ഥം. ഒരു സാധനം മോശമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയാല്‍ അതിന് ആവശ്യക്കാരില്ലാതാകും. അപ്പോള്‍ അത് തനിക്കെടുക്കാമല്ലോ. നല്ല ബുദ്ധി. ആ വസ്തുവിനോടുള്ള ഇഷ്ടംകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്, ഇഷ്ടക്കേട് കൊണ്ടല്ല എന്ന് കെ.എം. മാണിയും കേരള കോണ്‍ഗ്രസ്സുകാരും മനസ്സിലാക്കേണ്ടതുണ്ട്. ബാര്‍ തുറക്കാന്‍ കോഴ വാങ്ങി എന്ന ആരോപണം കേട്ട് അവര്‍ ഒട്ടും പരിഭവിക്കരുത്. മാണിസാര്‍ ഇടതുപക്ഷത്തിന്റെ കരാളഹസ്തങ്ങളില്‍ ചെന്നുപെടാതിരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു കടുംകൈ ചെയ്യേണ്ടിവന്നതാണ്.
എ ഗ്രൂപ്പുകാര്‍ക്കാണ് അദ്ദേഹത്തോട് ഈയിടെയായി കൂടതല്‍ സ്‌നേഹം. മാണിസാറിനെ കൊത്തിക്കൊണ്ടുപോയി കഥകഴിക്കാനുള്ള ഇടതുപക്ഷ ഗൂഢാലോചന ഏതാണ്ട് അന്ത്യഘട്ടത്തിലെത്തി എന്ന് റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് അതുതടയാനുള്ള ഓപ്പറേഷന്‍ രൂപപ്പെട്ടത് എന്നുകേള്‍ക്കുന്നു. യു.ഡി.എഫിന്റെ ഭരണം തീരാന്‍ ഒന്നര വര്‍ഷമേയുള്ളൂ. ഇപ്പോഴെങ്കിലും കൊത്തിയെടുത്തില്ലെങ്കില്‍ പിന്നെ ചാന്‍സ് ഇല്ല. ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം കൂടിയാലും തിരഞ്ഞെടുപ്പുവരെയേ ജീവിതാഭിലാഷ പൂര്‍ത്തീകരണത്തിന് കാലാവധി ഉണ്ടാകൂ. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഒരു ഫ്യൂഡല്‍ ബൂര്‍ഷ്വാ കക്ഷിക്ക് നല്‍കുന്നതിന് സിദ്ധാന്തപരമായ തടസ്സമുണ്ട്. ഇപ്പോള്‍ അതിന് തടസ്സമില്ലെന്നല്ല. എന്തിനും ഉണ്ടല്ലോ ചില്ലറ വിട്ടുവീഴ്ചയൊക്കെ. തിരഞ്ഞെടുപ്പ് ജയിച്ചെങ്കില്‍ ചെങ്കൊടിയേന്തിയ വിപ്ലവകാരികളില്‍ ഒരാളേ മുഖ്യമന്ത്രിയാവൂ. മാണിസാര്‍ മുഖ്യമന്ത്രിയുമല്ല, മന്ത്രിയുമല്ലാതെ ഇടതുപക്ഷ ബെഞ്ചില്‍ കുത്തിയിരിക്കുന്നത് കാണാനുള്ള ചങ്കുറപ്പില്ലാത്തതുകൊണ്ടാണ് മാണിസാറിനെ വെടക്കാക്കേണ്ടിവന്നത്. ക്ഷമിക്കണം.

ഇതല്ലാതെ വേറെ ന്യായമൊന്നും വിവാദത്തില്‍ കാണാന്‍ അരിയാഹാരം കഴിക്കുന്നതും മദ്യം കുടിക്കുന്നതും ആയ കേരളീയര്‍ക്ക് സാധിക്കുന്നില്ല. സര്‍ക്കാറിന്റെ എക്‌സൈസ് ചക്കരക്കുടം മാണിസാറിന്റെയോ കേരള കോണ്‍ഗ്രസ്സിലാരുടെയെങ്കിലുമോ കൈയിലല്ല. അതും അതുമായി ബന്ധപ്പെട്ടതുമായ സര്‍വവകുപ്പുകളും കോണ്‍ഗ്രസ്സുകാരുടെ വിശുദ്ധഹസ്തങ്ങളിലാണ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന, സദാസമയം 'മദ്യമേ വിഷമേ... വിഷമദ്യമേ... മര്‍ത്യനെ മൃഗമാക്കും വിഷമദ്യമേ' എന്നുതുടങ്ങുന്ന പദ്യം ആലപിക്കുന്നവരുടെ പാര്‍ട്ടിയായതുകൊണ്ട് മദ്യവകുപ്പില്‍നിന്ന് പിടിവിടുന്ന പ്രശ്‌നമില്ല. വിദ്യാഭ്യാസ വകുപ്പ് കിട്ടിയില്ലെങ്കിലും സാരമില്ല, എക്‌സൈസ് മതി. വര്‍ഷാവസാനം ലൈസന്‍സ് പുതുക്കാതെ 418 ബാറുകാരെ സര്‍ക്കാര്‍ മുള്ളിന്മേല്‍ നിര്‍ത്തിയതുമുതല്‍ ബാര്‍ അസോസിയേഷന്‍കാര്‍ (വക്കീലന്മാര്‍ കോടതിയലക്ഷ്യക്കേസുമായി വരരുത്. പത്രങ്ങള്‍ അങ്ങനെയാണ് അവരെ വിളിക്കുന്നത്) കോഴ കൊടുത്തത് കെ.എം. മാണിക്ക് മാത്രമോ? പൂട്ടിയതും പൂട്ടാന്‍ പോകുന്നതുമായ സകല ബാറുകാരില്‍നിന്നും വാങ്ങിയ ബാക്കി കാശ് എവിടെ ബിജു രമേശാ... മലപ്പുറം പാര്‍ട്ടിക്കാര്‍ ഒരു രൂപപോലും എടുത്തുകാണില്ല. ഈ പണത്തില്‍ പങ്കുപറ്റില്ല. ഹറാമാണ്. അതുംകൂടി കോണ്‍ഗ്രസ്സിന് എടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, പാവപ്പെട്ട എക്‌സൈസ് മന്ത്രിക്കുപോലും പൈസ കൊടുത്തില്ലേ?
പിണറായിസഖാവ് മാണിസാറിനോട് തെല്ല് ഔദാര്യം കാട്ടിയത് പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. അല്ലെങ്കിലും സി.പി.എമ്മുകാര്‍ മാന്യന്മാരാണ്. മുഖ്യമന്ത്രി രാജിവെക്കണം, ഈ മന്ത്രി രാജിവെക്കണം, മറ്റേ മന്ത്രി രാജിവെക്കണം എന്ന് എല്ലായ്‌പ്പോഴും അലറാറുണ്ടെങ്കിലും നിര്‍ണായകഘട്ടം വന്നാല്‍ അവര്‍ പിന്നില്‍നിന്ന് കുത്താറില്ല. മുഖ്യമന്ത്രിക്കെതിരെ കാര്യമായൊരു കോടതിനിരീക്ഷണം വന്നപ്പോള്‍ രക്ഷയ്‌ക്കെത്തിയത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണെന്നൊരു സല്‍പ്പേര് നിലവിലുണ്ട്. ഇത്തവണ കേട്ടതുപാതി കേള്‍ക്കാത്തപാതി പിണറായി വിജയന്‍ പാഞ്ഞുചെന്ന് മാണിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നിയമഗ്രന്ഥങ്ങള്‍ പഠിച്ചും ഭരണഘടനാ വിദഗ്ധന്മാരുമായി ചര്‍ച്ചനടത്തിയും ഇടം വലം മുകള്‍ വശങ്ങള്‍ നോക്കിയുമാണ് ഒടുവില്‍ അതാവശ്യപ്പെട്ടത്. രാജിക്കുശേഷം എന്ത് അന്വേഷണമാണ് വേണ്ടത് എന്ന കാര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ വമ്പിച്ച അഭിപ്രായ ഐക്യമായിരുന്നു. വിജിലന്‍സ് വേണമെന്ന് എഴുതിക്കൊടുത്തും സി.ബി.ഐ. വേണമെന്ന് പ്രസംഗിച്ചും വി.എസ്., ജുഡീഷ്യല്‍ അന്വേഷണമെന്ന് സി.പി.ഐ., കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘമെന്ന് പിണറായിയും അനുചരരും. തീരുമാനം പിറകെ വരും മാണി ആദ്യം രാജിവെച്ചു പുറത്തിറങ്ങി നില്‍ക്കട്ടെ എന്നായിരുന്നു വി.എസ്., പന്ന്യന്‍ കല്പന.
വിജിലന്‍സ് മൊഴിയോടെ ഒന്നാംഘട്ട ബ്ലാക്‌മെയിലിങ് കഴിഞ്ഞു. മാണിയെ വെടക്കാക്കാന്‍ പുറപ്പെട്ട് മുന്നണി പൂര്‍വാധികം വെടക്കായത് നേട്ടംതന്നെ. പെട്ടെന്ന് ബാര്‍ തുറന്നുകൊടുക്കാനൊന്നും പറ്റിയില്ലെങ്കിലും കോടതിയില്‍ വലിയ അലമ്പുണ്ടാക്കാതിരിക്കാന്‍ മാണിസാര്‍ വിചാരിച്ചാല്‍ പറ്റിയേക്കും.
ചാനലുകാര്‍ മേലില്‍ ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കും. ബാര്‍ ഉടമകള്‍ പ്രസ്താവിക്കാന്‍ വരുമ്പോള്‍ അവരെക്കൊണ്ട് ഊതിച്ച് കഴിച്ച മദ്യത്തിന്റെ അളവ് രേഖപ്പെടുത്തണം. അത് സ്‌ക്രീനില്‍ സ്‌ക്രോളിങ് ആയി കാണിക്കണം. ശേഷം മതി പ്രസ്താവന റെക്കോഡാക്കുന്നത്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കരുതല്ലോ.

                                               ****

യു.ഡി.എഫിനെ പൂര്‍വാധികം വഷളാക്കാനുള്ള മദ്യലോബിയുടെ ശ്രമങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് ജനപക്ഷയാത്ര നടത്തുന്നതിനിടില്‍ വി.എം. സുധീരന് വിവരം കിട്ടിയതായി മനസ്സിലാകുന്നു. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കേരളത്തിലെ മദ്യപ്രശ്‌നത്തില്‍ അന്താരാഷ്ട്രക്കാര്‍ക്ക് താത്പര്യമുണ്ടാകാന്‍ പ്രത്യക്ഷത്തില്‍ കാരണമൊന്നും കാണുന്നില്ല. ആഗോള വന്‍ശക്തികളാണോ ആഗോളീകരണ വക്താക്കളാണോ മുതലാളിത്ത ഭീകരന്മാരോ എന്നൊന്നും വ്യക്തമല്ല. ക്രമേണ വെളിപ്പെടുത്തുമായിരിക്കും.
വിദേശമദ്യത്തിന്റെ കച്ചവടം കുറയുന്നതില്‍ വിദേശകമ്പനികള്‍ക്ക് ആശങ്കയുണ്ടെന്ന് തോന്നാന്‍ മാത്രം മദ്യവിവരക്കേട് ഇവിടത്തെ മദ്യവിരുദ്ധന്മാര്‍ക്കുപോലും ഉണ്ടാവില്ല. വി.എം. സുധീരന് അതൊട്ടും ഉണ്ടാവില്ല. വിദേശകമ്പനികളല്ല കോഴിക്കോട്ടും പാലക്കാട്ടും ചേര്‍ത്തലയിലും ഗോവയിലും മറ്റും ഉള്ള ഡിസ്റ്റിലറികളാണ് നാടന്‍ വിദേശമദ്യത്തിന്റെ നിര്‍മാതാക്കള്‍. അതില്‍ അന്താരാഷ്ട്രക്കാര്‍ക്ക് താത്പര്യം കാണില്ല. വിദേശത്തുനിന്നുള്ള ഇറക്കുമതി ഇല്ലെന്നല്ല. അതുപക്ഷേ, ഫൈവ് സ്റ്റാറിലും മറ്റും കിട്ടുന്ന ഇനമാണ്. അതിനാകട്ടെ മറ്റു ബാറുകളെല്ലാം പൂട്ടുമ്പോള്‍ കച്ചവടം കൂടുകയേ ഉള്ളൂ. സമ്പൂര്‍ണ മദ്യനിരോധമായിരിക്കും അന്താരാഷ്ട്രക്കാര്‍ക്ക് താത്പര്യം.
ആകപ്പാടെ ഒരു സാധ്യതയേ കാണുന്നുള്ളൂ. പണ്ട് കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സി.ഐ.എ.ക്കാര്‍ ഇറങ്ങിയത് കമ്യൂണിസം ലോകമെങ്ങും പടര്‍ന്നേക്കുമോ എന്ന് ഭയന്നാണ്. ഇപ്പോള്‍ ഒരുപക്ഷേ, ഈ മദ്യനയം വിജയിച്ചാല്‍ വി.എം. സുധീരന്‍ മുഖ്യമന്ത്രിയായേക്കുമോ എന്ന വേവലാതി ഉണ്ടാകാം. അന്താരാഷ്ട്രക്കാരുടെ കാര്യം ഒന്നും പറയാനാവില്ല. ബ്രാന്‍ഡി, സ്‌കോച്ച് വിസ്‌കി സാധനങ്ങള്‍ കഴിക്കുന്ന കൂട്ടരായതുകൊണ്ട് എന്തക്രമവും ചെയ്‌തേക്കും.

                                                      ****
സകലരും മദ്യത്തിന്റെയും ബാറിന്റെയും കാര്യം പറയുന്നതിനിടയില്‍ സഖാവ് പിണറായി ജ്ഞാനപ്പാന ചൊല്ലിയത് സ്വാഗതാര്‍ഹമാണ്. അതില്‍ ഹിന്ദുപ്രീണന അജന്‍ഡയൊന്നും ആരും കാണരുതേ.
പക്ഷേ, ഉദ്ധരണിയില്‍ തെല്ല് പിശകുണ്ടോ എന്നൊരു സംശയം. 'എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടി മണ്ടി കരേറുന്നു മോഹവും' എന്ന് ജ്ഞാനപ്പാനയില്‍ പറയുന്നതുപോലെ സി.പി.എമ്മിന് മോഹമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആയുസ്സ് എണ്ണിയെണ്ണിക്കുറയുന്ന ആള്‍ക്കാണ് മോഹം കൂടേണ്ടത്. സി.പി.എമ്മിന്റെ ആയുസ്സ് എണ്ണിയെണ്ണിക്കുറയുന്നുണ്ടെന്നാരും പറയുകയില്ലല്ലോ. പിണറായി അങ്ങനെ ചിന്തിക്കുന്ന പ്രശ്‌നംപോലുമില്ല. മനുഷ്യര്‍ക്കേ ആയുസ്സ് എണ്ണിയെണ്ണിക്കുറയൂ. പാര്‍ട്ടിക്ക് പ്രപഞ്ചാവസാനം വരെ കൊടുത്തിട്ടുണ്ടല്ലോ ആയുസ്സ്. ഇനി ആയുസ്സ് കുറയുകയും മോഹം പെരുകുകയും ചെയ്യുന്ന മനുഷ്യര്‍ ആരെങ്കിലും ഉണ്ടോ? വി.എസ്., കെ.എം. മാണി?

Thursday, 6 November 2014

എന്‍ പി.രാജേന്ദ്രന്‍ വിരമിച്ചു

എന്‍ പി.രാജേന്ദ്രന്‍ വിരമിച്ചു


കോഴിക്കോട് : മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനും കോളമെഴുത്തുകാരനുമായ എന്‍.പി.രാജേന്ദ്രന്‍ വിരമിച്ചു. മാതൃഭൂമിയുടെ ഇന്റര്‍നെറ്റ് പോര്‍ട്ടലായ 'മാതൃഭൂമി ഡോട്ട് കോമി'ന്റെ ചുമതലയുള്ള ഡെപ്യൂട്ടി എഡിറ്ററായിരുന്നു.

1981ല്‍ പത്രപ്രവര്‍ത്തക ട്രെയിനിയായി മാതൃഭൂമിയില്‍ ചേര്‍ന്ന രാജേന്ദ്രന്‍ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായും ചീഫ് റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്ററായിരുന്നു,

നിരവധി അന്വേഷണാത്മക പരമ്പരകള്‍ എഴുതിയിട്ടുള്ള രാജേന്ദ്രന്‍ ആഴ്ചതോറും 'ഇന്ദ്രന്‍' എന്ന തൂലികാനാമത്തില്‍ 19 വര്‍ഷമായി വിശേഷാല്‍പ്രതി എന്ന കോളം എഴുതുന്നു. രാഷ്ട്രീയകോളമായ 'വിശേഷാല്‍പ്രതി' രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വിശകലനം ചെയ്യുന്ന വേറിട്ടൊരു പംക്തിയാണ്.

പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധിയായി കേരള പ്രസ് അക്കാദമിയില്‍ അംഗമായും വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ച രാജേന്ദ്രന്‍ 20112014 കാലത്ത് അതിന്റെ ചെയര്‍മാനുമായിരുന്നു. ഇക്കഴിഞ്ഞ ആഗസ്തിലാണ് സ്ഥാനമൊഴിഞ്ഞത്. അക്കാദമിയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജേന്ദ്രന്‍ 'മീഡിയ' മാസികയുടെ സ്ഥാപക എഡിറ്ററാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായും കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റായും 'പത്രപ്രവര്‍ത്തകന്‍' മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച രാഷ്ട്രീയ റിപ്പോര്‍ങ്ങിനും മികച്ച വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുമുള്ള കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡുകള്‍, മികച്ച ശാസ്ത്രപത്രപ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, മികച്ച പത്രപ്രവര്‍ത്തകനുള്ള സി.എച്ച്. മുഹമ്മദ് കോയ പുരസ്‌കാരം, ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, വജ്രസൂചി പുരസ്‌കാരം, മൊയ്തു മൗലവി പുരസ്‌കാരം, പത്തനാപുരം ഗാന്ധിഭവന്‍ പുരസ്‌കാരം, പാലാ നാഷണല്‍ സെന്ററിന്റെ രാജീവ് ഗാന്ധി പുരസ്‌കാരം, കെ.ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, മികച്ച മാധ്യമകൃതിക്കുള്ള പവനന്‍ പുരസ്‌കാരം, ന്യൂയോര്‍ക്ക് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുെട മാധ്യമപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ബര്‍ലിനിലെ 'ഇന്റര്‍നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഫോര്‍ ജേണലിസ'ത്തിന്റെ 1990ലെ എന്‍വയോണ്‍മെന്റല്‍ ജേണലിസത്തിന്റെ ഒന്നരമാസത്തെ പരിശീലനത്തില്‍ പങ്കെടുത്തു. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയെ ത്തുടര്‍ന്നുള്ള സംഭവങ്ങളും ഏകീകൃത ജര്‍മനിയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പും മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലും അമേരിക്കയിലും നേപ്പാളിലും പര്യടനം നടത്തി.

മതിലില്ലാത്ത ജര്‍മനിയില്‍, ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ മരണം, വിശേഷാല്‍പ്രതി, വീണ്ടും വിശേഷാല്‍ പ്രതി, പത്രം ധര്‍മം നിയമം, മാറുന്ന ലോകം മാറുന്ന മാധ്യമലോകം, ബംഗാള്‍ ചില അപ്രിയ സത്യങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Read note on this by my colleague Joseph Antony in FB and plenty of comments
https://www.facebook.com/josephamboori/posts/10152835035756064:0

Another note by my colleague and writer P V Shajikumar
എന്‍.പി.ആര്‍ സാര്‍ (എന്‍.പി.രാജേന്ദ്രന്‍/ വിശേഷാല്‍ പ്രതിയുടെ ഇന്ദ്രന്‍) മാതൃഭൂമിയില്‍ നിന്ന് വിരമിക്കുന്നു.
മാതൃഭൂമി ഓണ്‍ലൈന്‍ സെക്ഷനില്‍ ഞങ്ങളുടെ തണലായിരുന്നു...
തൊഴില്‍പരവും അല്ലാത്തതുമായ ഞങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം
ഒരു സംരക്ഷകകവചം പോലെ എപ്പോഴുമുണ്ടായിരുന്നു.
ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ക്ക് സ്വഭാവികമായുമുണ്ടായേക്കാവുന്ന അഹങ്കാരവും
അധികാരപ്രമത്തതയും പരപുഛവും സാറിന് ഒരിക്കലുമുണ്ടായിരുന്നില്ല.
നന്മ നിറഞ്ഞ ഒരു കാലം പടിയിറങ്ങുന്നത് പോലെ...
വരുംകാലജീവിതം എല്ലാ വഴികളിലും സുഖപ്രദമാവട്ടെ..
20 വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് എത്തിയ വിശേഷാല്‍ പ്രതി ഇനിയുമൊരു പാട് കാലം
വായനക്കാരെ ചിരിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്യുമാറാകട്ടെ...
കൂടുതല്‍ എഴുതാന്‍ കഴിയട്ടെ...
കൂടുതല്‍ വായിക്കാന്‍ കഴിയട്ടെ..
കൂടുതല്‍ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയട്ടെ...
We Will Miss You Sir...
സാറിന്റെ കാബിനിലെ ചുമരില്‍ കാറ്റിനെയൊഴിപ്പിക്കുന്ന മുള്ളാണിയില്‍ തറച്ചുവെയ്ക്കപ്പെട്ട ദീര്‍ഘചതുരാകൃതിയിലുള്ള വെളുത്ത കടലാസില്‍ ബര്‍ട്രാന്റ് റസല്‍ ഇങ്ങനെ പറയുന്നു:
Always overcome opposition by argument, not authority.
Do not use Power to Supress opinions.
Do not fear to be Ecentric in opinion, for every opinion now accepted was once Ecentric.
Intelligent dissent is always acceptable than passive agreement.
Be scrupulously truthful, even if the truth is inconvenient.
വര: ഗോപിയേട്ടന്‍ (ഗോപികൃഷ്ണന്‍)
LikeLike ·  ·