Saturday, 31 January 2015

വായനയുടെ ഓര്‍മകള്‍, അനുഭവങ്ങള്‍തലശ്ശേരിയുമായുള്ള നിത്യബന്ധങ്ങള്‍ അവസാനിച്ചത് എഴുപതുകളുടെ അവസാനത്തോടെയാണ്. എടക്കാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലെ ക്ലാര്‍ക്ക് ജോലി ഉപേക്ഷിച്ച് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ  ഓഫീസ് ജോലിക്കായി വണ്ടി കേറിയത് എനിക്ക് പത്തിരുപത്തഞ്ച് വയസ്സുമാത്രം പ്രായം ഉണ്ടായിരുന്നപ്പോഴാണ്. എന്തിനാടാ റവന്യൂ വകുപ്പിലെ പണി കളഞ്ഞ് നീ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത് ? അവിടെ നിനക്ക് വൈസ് ചാന്‍സലറാവാനൊന്നും പറ്റില്ലല്ലോ. ഇവിടെ റവന്യൂവകുപ്പില്‍ നിന്ന് പിരിയുമ്പോള്‍ കലക്റ്ററാകാന്‍ പോലും ചാന്‍സ് കിട്ടില്ലേ ? അമ്മയുടെയും സഹോദരിമാരുടെയും അമ്മാമന്മാരുടെയും ചോദ്യങ്ങളില്‍ സംശയങ്ങളും ആശങ്കകളും നിറഞ്ഞുനിന്നിരുന്നു. എന്റെ മറുപടി അവര്‍ക്ക് കടും പൊട്ടത്തരമായി  തോന്നിക്കാണും. അവിടെ വലിയ ലൈബ്രറിയും പഠിക്കാനുള്ള സൗകര്യവും ഉണ്ടല്ലോ. അതുകൊണ്ടാണ് പോകുന്നത് എന്ന എന്റെ വിശദീകരണം തമാശയായി തോന്നിയാല്‍ അവരെ കുറ്റപ്പെടുത്തിക്കൂടാ. ഇവിടെ പഠിക്കേണ്ട കാലത്ത് നേരാംവണ്ണം പഠിക്കാത്ത ആളാണോ ഇനി യൂണിവേഴ്‌സിറ്റി ഓഫീസില്‍ ശമ്പളത്തിന് പണിയെടുക്കുമ്പോള്‍ പഠിക്കാന്‍ പോകുന്നത് !

നാലഞ്ച് പതിറ്റാണ്ടായി പുസ്തകം വായിക്കുന്നുണ്ട്. അതിന്റെ വിവരമൊന്നും തലയില്‍ ഇല്ലെങ്കിലും വായന എന്നും പിരിയാത്ത കൂട്ടായി ജീവിതത്തിലുണ്ട്. തലശ്ശേരിയെകുറിച്ചുള്ള ഓര്‍മകളില്‍ അതൊരു നൊസ്റ്റാല്‍ജിയ തന്നെയാണ്. പത്താം ക്ലാസ് പിന്നിടും വരെ വായന വീട്ടില്‍ വന്നുപെടാറുള്ള നോവല്‍ പുസ്തകങ്ങളിലും മാതൃഭൂമി ഉള്‍പ്പെടെയുള്ള വാരികകളിലും ഒതുങ്ങിയിരുന്നു. അമ്മാവന്മാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ വായനക്കാരായിരുന്നു എന്നത് വായനയുടെ നല്ല അടിത്തറ ഇടാന്‍ പര്യാപ്തമായി. മാതൃഭൂമി കഴിഞ്ഞാല്‍ പിന്നെ ജനയുഗം. ബിമല്‍മിത്ര നോവലുകളും ചമ്പല്‍ കൊള്ളക്കാരും അക്കാലത്തെ ജനയുഗം സ്‌പെഷ്യാലിറ്റിയായിരുന്നു.

തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ റോഡിലേക്ക് കടക്കുന്നതുതന്നെ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ മുന്നിലൂടെ നടന്നാണ്. എസ്.എസ്.എല്‍.സി. പിന്നിടും വരെ ആ ലൈബ്രറിയിലേക്ക് ഒരംഗം എന്ന നിലയില്‍ കയറിച്ചെല്ലാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ഓര്‍മയില്ല. നിയമതടസ്സമായിരുന്നോ വീട്ടിലെ തടസ്സമായിരുന്നോ എന്തോ. ഒന്നോര്‍മയുണ്ട്. പരീക്ഷ കഴിഞ്ഞ് ആദ്യം ചെയ്തത് ഒരു അപേക്ഷാഫോറം വാങ്ങി ലൈബ്രറിയില്‍ അംഗമാകുക ആയിരുന്നു. വലിയൊരു സംഖ്യ ( !) ആയിരുന്നു അന്നത്തെ അംഗത്വഫീസ്... മൂന്നുരൂപ !. ഒരുതവണ അടച്ചാല്‍ മതി. മാസം ഫീസ് ഒന്നുമില്ല. 1971 ആയിരുന്നു കാലം എന്നോര്‍ക്കണം. പ്രി ഡിഗ്രി കഴിയുംമുമ്പ് ഏതാണ്ട് എല്ലാ പുസ്തകങ്ങളും വായിച്ചുതീര്‍ന്നിരുന്നു. വലിയ ശേഖരമൊന്നും അക്കാലത്തുണ്ടായിരുന്നില്ല. വളരെയൊന്നും പ്രോത്സാഹജനകമായിരുന്നില്ല അന്നത്തെ ലൈബ്രറി ജീവനക്കാരുടെ സമീപനമെന്നും ഓര്‍ക്കുന്നു.
Azad memorial library, Thalassery. Photo courtesy The Hindu(see link)

ബിരുദത്തിന് പഠിച്ച മൂന്നുവര്‍ഷമാണ് ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. ഗവ.ബ്രണ്ണന്‍ കോളേജിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ത് എന്ന് ചോദിച്ചാല്‍ ഏറ്റവും വല്ല ലൈബ്രറി എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. കേരളത്തിലെ ഒരു ലൈബ്രറിയിലും ഇല്ലാത്ത അപൂര്‍വ ഗ്രന്ഥങ്ങള്‍ അവിടെ ഉണ്ട്. പലതും നൂറ്റാണ്ട് പഴക്കമുള്ളവ പോലുമായിരുന്നു. എന്റെ തലമുറയെ പിന്തുടര്‍ന്ന് വന്നവര്‍ കണ്ടിട്ടേ ഉണ്ടാവില്ല ശങ്കേഴ്‌സ് വീക്ക്‌ലി. എഴുപത്താറില്‍ അത് നിലയ്ക്കുന്നതുവരെ സ്ഥിരമായി വായിക്കാന്‍ കഴിഞ്ഞിരുന്നു. ജോണ്‍ ഗുന്തറിന്റെ ഇന്‍സൈഡ് ഏഷ്യാ തുടങ്ങിയ ഇന്‍സൈഡ് പരമ്പരകള്‍ ഇന്നും ഓര്‍ക്കുന്ന അപൂര്‍വമായ ഒരു വായനാനുഭവമായിരുന്നു. ക്ലാസ്സുകളില്‍ ചെലവഴിച്ചതിലേറെ സമയം ലൈബ്രറിയിലാണ് ചെലവഴിച്ചത്.

വായിച്ചാലും വായിച്ചാലും തീരാത്ത അത്രയും പുസ്തകങ്ങള്‍ കോളേജ് ലൈബ്രറിയിലുണ്ടായിരിക്കേ ഞാന്‍ എന്തിനാണ് പാലയാട്ടെ കൈരളി വായനശാലയില്‍ അംഗത്വമെടുത്ത് പുസ്തകം തിരഞ്ഞുചെന്നിരുന്നത് എന്ന് ഓര്‍ക്കാനോ കഴിയുന്നില്ല. പാലയാട്ടുകാരനായ സഹപാഠി സി.പി.ഹരീന്ദ്രന്റെ പ്രേരണ മാത്രമായിരുന്നോ എന്തോ. അന്ന് എം.എ വിദ്യാര്‍ത്ഥിയായിരുന്ന ചൂര്യായി ചന്ദ്രന്‍ ആ ലൈബ്രറിയുടെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. കോളേജ് ലൈബ്രറിയില്‍ സമകാലീന രാഷ്ട്രീയവുമായി ബന്ധമുള്ള പുസ്തകങ്ങള്‍ കുറവായിരുന്നു എന്നതാവാം ഞാന്‍ പാലയാട്ട് എത്തിപ്പെടാന്‍ ഒരു കാരണം. മിക്കവാറും എല്ലാ ഇടതുപക്ഷ പുസ്തകങ്ങളും പാലയാട്ട് ഉണ്ടായിരുന്നു. ബി.എ മൂന്നാം വര്‍ഷം ആയപ്പോള്‍ വന്നുചേര്‍ന്ന അടിയന്തരാവസ്ഥ എന്റെ രാഷ്ട്രീയത്തിനും മറ്റ് ഗുലുമാലുകള്‍ക്കും അറുതി വരുത്തി. പിന്നെ വായനയും പതിഞ്ഞ ചര്‍ച്ചയുമേ സാധ്യമായിരുന്നുള്ളൂ. കോളേജ് ലൈബ്രറിയില്‍ ഓരോരുത്തര്‍ വായിക്കുന്നതും അപ്പടി ഉച്ചയൂണ്‍ സമയത്തും ക്ലാസ് കട്ട് ചെയ്ത് കിട്ടുന്ന ഒഴിവുകളിലും ചര്‍ച്ച ചെയ്യുന്ന വലിയ കൂട്ടായ്മകള്‍ ക്യാമ്പസ്സില്‍ രൂപപ്പെട്ടിരുന്നു. അത്യന്താധുനിക നോവലിന്റെയും ഇടതുസാഹസികതകളുടെയും കാലമായിരുന്നല്ലോ അത്. ചൈനക്ക് മുകളില്‍ ഉയര്‍ന്ന ചുവപ്പ് താരം നക്‌സല്‍ബാരി വഴി ഇന്ത്യയിലും ഉയരുന്നത് കാത്ത് ക്ഷമ നശിച്ചവര്‍ക്ക് പ്രതീക്ഷ പുസ്തകവായന മാത്രമായിരുന്നു.

ബി.എ. പഠനകാലത്തെ സായാഹ്നങ്ങള്‍ ചെലവഴിച്ചിരുന്ന തലശ്ശേരി കറന്റ് ബുക്‌സിലാണ്. എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായിരുന്ന ഓ.പി.രാജ്‌മോഹന്റെ സാന്നിദ്ധ്യം ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് വലിയ സഹായമായിരുന്നു. പുസ്തകക്കടയുടെ ഒരു മൂലയില്‍ മേശയും മൂന്നുകസേരകളും ഇട്ടിരുന്നത് മാന്യന്മാരായ ഉപഭോക്താക്കള്‍ക്ക് വേണ്ടിയായിരുന്നു എന്ന കാര്യം ഞങ്ങള്‍ക്ക് ബോധ്യമില്ലായിരുന്നു. നിവൃത്തിയുണ്ടെങ്കില്‍ പുസ്തകം കാശുകൊടുത്ത് വായിക്കാത്ത വര്‍ഗമാണ് അവിടെ സദാ തമ്പടിച്ചിരുന്നത്. വിദ്യാര്‍ത്ഥികളായ രത്‌നാകരനും ആനന്ദകൃഷ്ണനും പോസ്റ്റല്‍ ഉദ്യോഗസ്ഥനായ ഉണ്ണിയും കോടതിക്കടുത്ത് പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്‌സിറ്റി സെന്റര്‍  വിദ്യാര്‍ത്ഥികളായ രാമചന്ദ്രന്‍ മൊകേരിയും രാമചന്ദന്‍ ചന്ദ്രമോഹനും മറ്റനേകം പേരും അവിടെയെത്തിയിരുന്നു. അവര്‍ക്കെല്ലാം സഹായിയായി രാജ്‌മോഹന്റെ അസിസ്റ്റന്റ് രാജേന്ദ്രനുണ്ട്. ഡി.സി.ബുക്‌സ് കറന്റ് ഏറ്റെടുക്കുന്നതിനുമുമ്പുള്ള കാലം ലിബറല്‍ വായനക്കാലമായിരുന്നു. ഏത് പുസ്തകവും എടുത്ത് മൂലയിരുന്ന് എത്രനേരം വേണമെങ്കിലും വായിക്കാം. ചിലപ്പോള്‍ ചില പുസ്തകങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് ആരും കാണാതെ കൊണ്ടുപോയി വീട്ടിലിരുന്ന് വായിച്ചുതീര്‍ത്ത് പിറ്റേന്ന് മടക്കിക്കൊടുത്തിട്ടുമുണ്ട്. രാജ് മോഹന്‍ കണ്ണടച്ചതുകൊണ്ടും കണ്ണിറുക്കിക്കാട്ടി അനുമതി  തന്നിരുന്നതുകൊണ്ടുമാണ് അത് സാധിച്ചിരുന്നത്. നല്ല കാലം അധികം നീണ്ടുനിന്നില്ല. കറന്റ് തോമസ്സില്‍ നിന്ന് പുസ്തകക്കട ഡി.സി.കിഴക്കേമുറിയിലേക്ക് മാറി. തകര്‍ച്ചയിലായിരുന്ന സ്ഥാപനം അതോടെ വികാസത്തിലേക്ക് നീങ്ങി. കടയിലെ ശല്യക്കാരുടെ കസേരകള്‍ ക്രമേണ അപ്രത്യക്ഷമായി. കച്ചവടസാധനമാണ് പുസ്തകം എന്ന് ഞങ്ങള്‍ക്ക് അപ്പഴേ ശരിക്കും മനസ്സിലായുള്ളൂ!

യൂണിവേഴ്‌സിറ്റിയില്‍ ജനറല്‍ ലൈബ്രറി അവിടെ ചെലവഴിച്ച രണ്ടുവര്‍ഷക്കാലത്തെക്കുറിച്ചുള്ള ഏറ്റവും ആനന്ദകരമായ ഓര്‍മയായി അവശേഷിക്കുന്നു. തലശ്ശേരിയിലെ ലൈബ്രറികളിലൊന്നും കിട്ടാത്ത വിലയേറിയ വിദേശപുസ്തകങ്ങളും മറ്റും അവിടെച്ചെന്നാണ് ആദ്യമായി കാണുന്നതുതന്നെ. താഴെക്കിട യൂണിയന്‍  രാഷ്ട്രീയമത്സരങ്ങള്‍ക്കിടയിലും ലൈബ്രറിയും ലൈബ്രറിഹാളിലെ സാംസ്‌കാരികപരിപാടികളും ഫിലിം സൊസൈറ്റി പരിപാടികളും വലിയ ആശ്വാസമായി. വായനയുടെ സുവര്‍ണകാലമായി അത്. യൂണിവേഴ്‌സിറ്റി വിട്ട് മാതൃഭൂമിയില്‍ ചേര്‍ന്ന ശേഷവും ഗ്രാജ്വേറ്റ് മെമ്പര്‍ഷിപ്പ് തുടര്‍ന്നതുകൊണ്ട് കുറെക്കാലം കൂടി അവിടെച്ചെന്ന് പുസ്തകങ്ങള്‍ എടുക്കാനായി. കോഴിക്കോട്ട് നിന്നുതന്നെ സ്ഥലംമാറിപ്പോയപ്പോഴേ അതും നിലച്ചുള്ളു.

കോഴിക്കോട് നഗരത്തിന് ഒരുപാട് മേന്മകളും സാംസ്‌കാരികമായ ഔന്നത്യവും ഉണ്ടെങ്കിലും ഇന്നും അവിടെ നല്ല ലൈബ്രറികളില്ല എന്നതാണ് സത്യം. അലസ വായനക്കല്ലാതെ എന്തെങ്കിലും വിഷയം ആഴത്തിലൊന്നു പഠിക്കണമെന്ന് കരുതി കയറിച്ചെന്നാല്‍ ലൈബ്രറികളുടെ ദൗര്‍ബല്യം മനസ്സിലാവും. മുപ്പതുവര്‍ഷത്തിലേറെയായി പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് പലപ്പോഴും തോന്നാറുള്ളത്, ഞാന്‍ ഇപ്പോഴും പഴയ തലശ്ശേരി-യൂണിവേഴ്‌സിറ്റി വായനയുടെ നിക്ഷേപത്തിന്റെ പലിശ കൊണ്ടാണ് ജീവിക്കുന്നത് എന്നാണ്.

ഇന്നും വായന ഹരമായി  നിലനില്‍ക്കുന്നുണ്ടെങ്കിലും വായന കൊണ്ട് വാസ്തവത്തില്‍ ഞാന്‍ എന്തുനേടി എന്നെനിക്ക് അറിഞ്ഞുകൂടാ. ഒരു കാര്യത്തിലും വലിയ അറിവൊന്നും  വായന  കൊണ്ട് ആര്‍ജിക്കാനായിട്ടില്ല.  വായനയുടെ പരപ്പ് എത്ര ഉണ്ടായിട്ടും കാര്യമില്ല, വായിച്ചതില്‍ എത്ര പങ്ക് തലയില്‍ ബാക്കി നില്‍ക്കുന്നു എന്നതാണ് പ്രധാനം. വായിച്ച പുസ്തകങ്ങളില്‍ നിന്ന് ഓരോ പാരഗ്രാഫ് എങ്കിലും ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ വലിയ പണ്ഡിതനായി നടിക്കാനെങ്കിലും കഴിയുമായിരുന്നു !  പക്ഷേ വായിച്ച പുസ്തകങ്ങളുടെ പേരുപോലും ഇന്ന് ഓര്‍ക്കാന്‍ കഴിയാതാവുന്നു. ഒരുപക്ഷേ വായിച്ചതെല്ലാം മറന്നാലും എന്തോ കുറെ മനസ്സിനെയും ചിന്തയെയും ജീവിതത്തെയും അര്‍ത്ഥവത്താക്കുന്നുണ്ടാവണം. വായന വായിക്കുമ്പോഴത്തെ നേരമ്പോക്കല്ലതന്നെ. അത് നമ്മെ സാംസ്‌കാരികമായി സമ്പന്നമാക്കുന്നുണ്ട് തീര്‍ച്ച.

(കോടിയേരി ലൈബ്രറി സ്മരണികക്ക് വേണ്ടി തയ്യാറാക്കിയ ലേഖനം)
Sunday, 25 January 2015

ധനമന്ത്രിയുടെ പതിമൂന്ന്

മാണിസാറിന്റെ പതിമൂന്നാമത്തെ ബജറ്റ് ആണെന്നോര്‍ത്തപ്പോഴാണ് സത്യമായും ഈ പതിമൂന്ന് ഒരു ലക്ഷണംകെട്ട നമ്പറുതന്നെയല്ലേ എന്ന് ചോദിച്ചുപോകുന്നത്. പന്ത്രണ്ട് തവണ ബജറ്റ് തയ്യാറാക്കിയപ്പോഴും ഉണ്ടാവാത്ത സംഭവങ്ങളാണല്ലോ ഈ പതിമൂന്നാംതവണ ഉണ്ടായത്. അടുത്ത ബജറ്റ് അവതരിപ്പിക്കുക ധനമന്ത്രി കെ.എം. മാണി തന്നെയായിരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞുവല്ലോ. സമാധാനമായി. ഏതെങ്കിലും സിക്രട്ടറി എന്നെങ്കിലും തയ്യാറാക്കി ആര്‍ക്കെങ്കിലും വായിക്കാവുന്ന പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനപ്രസംഗമല്ല ബജറ്റ്. മാണിസാറിനെപ്പോലുള്ള സാമ്പത്തികവിദഗ്ദ്ധന്മാര്‍ രാവും പകലും മനനംചെയ്തും ഗവേഷണം നടത്തിയും വാര്‍ത്തെടുക്കുന്ന അപാരസൃഷ്ടികളാണ്. മനപ്രയാസത്തിനിടയിലും മാണിസാര്‍ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞതാണ്. പണി തീര്‍ന്ന് കടലാസ്സെല്ലാം പെട്ടിയിലാക്കി ക്യാമറാമേന്മാര്‍ക്ക് മുമ്പില്‍ പതിമൂന്നാംവട്ടം പോസ് ചെയ്ത ശേഷമാണ്, ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കും എന്നും മറ്റും പറയുന്നെങ്കിലുണ്ടല്ലോ.... മാണിസാറിന്റെ സ്വഭാവം മാറും. പറഞ്ഞില്ലെന്ന് വേണ്ട.

മാണിസാറിന്റെ പതിമൂന്നാമത്തെ ബജറ്റ് ആണെന്നോര്‍ത്തപ്പോഴാണ് സത്യമായും ഈ പതിമൂന്ന് ഒരു ലക്ഷണംകെട്ട നമ്പറുതന്നെയല്ലേ എന്ന് ചോദിച്ചുപോകുന്നത്. പന്ത്രണ്ട് തവണ ബജറ്റ് തയ്യാറാക്കിയപ്പോഴും ഉണ്ടാവാത്ത സംഭവങ്ങളാണല്ലോ ഈ പതിമൂന്നാംതവണ ഉണ്ടായത്. ഉച്ചനേരത്ത് സൂര്യനസ്തമിച്ച പോലെയാണ് പൊടുന്നനെ ഇരുള്‍ പരന്നതും ബാറുംകോഴയുമെല്ലാം കൂടി തട്ടിന്‍പുറം പൊട്ടിവീണതും. ഇപ്പോഴിതാ, പെരുവഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ട പോലെ ആര്‍ക്കും മാണിസാറിന്റെ തലയ്ക്ക് മേടാമെന്ന നില സംജാതമായിരിക്കുന്നു. ഈ പതിമൂന്ന് ഇത്രയും വീര്യമുള്ള നിര്‍ഭാഗ്യനമ്പര്‍ ആണെന്ന് ആരോര്‍ത്തു. യേശുദേവന്റെ അവസാനത്ത അത്താഴത്തിന് തീന്‍മേശയ്ക്ക് ചുറ്റും പതിമൂന്ന് പേരാണല്ലോ ഉണ്ടായിരുന്നത്. അതിലൊരുവനാണല്ലോ ഒറ്റുകൊടുത്ത ജൂഡാസ്. നമുക്ക് ആ പേടിയില്ല. ഒരാളൊന്നും ഒറ്റുകൊടുക്കില്ല. അതിന് കുറഞ്ഞത് ഡസന്‍ ആളുണ്ടാവും.

മറ്റെല്ലാം മറന്ന് ബജറ്റില്‍ മുഴുകേണ്ട ആളുടെ തലക്കകത്ത് ഇപ്പോള്‍ ഇല്ലാത്തതു ബജറ്റ് മാത്രമാണ്. എന്തൊരു പൊല്ലാപ്പാണിത്. ബജറ്റ് താന്‍തന്നെ അവതരിപ്പിക്കുന്നതാണോ അതല്ല അവതരിപ്പിക്കാതിരിക്കുന്നതാണോ കൂടൂതല്‍ വലിയ വിനയായി മാറുക എന്ന് തീരുമാനിക്കാന്‍ കഴിയുന്നില്ല. ലീഡറൊക്കെ ഉണ്ടായിരുന്ന കാലത്താണെങ്കില്‍ നല്ല ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി കവിടി നിരത്തിക്കുമായിരുന്നു. ഇപ്പോള്‍ ആരോട് ചോദിക്കാന്‍ ? പി.സി.ജോര്‍ജിനോടോ ?  ബാലകൃഷ്ണപിള്ളയായിരുന്നു ഉണ്ടായിരുന്ന ഒരു കക്ഷി. ഇപ്പോള്‍ പിള്ളയോട് ചോദിക്കുന്നതിലും ഭേദം സാത്താനോട് ചോദിക്കുകയാണ്.


ബജറ്റ് ഉണ്ടാക്കുക എന്നത് വരവ്, ചെലവ്, കമ്മി മിച്ചം ഇത്ര എന്ന് കണക്കുകൂട്ടി എഴുതലല്ല. ഇക്കാലത്ത് അതൊക്ക കമ്പ്യൂട്ടര്‍ ചെയ്‌തോളും. ബജറ്റ് മാനേജ്‌മെന്റ് എന്ന് പറയുന്നത് പുതിയ ഒരു ശാസ്ത്രമാണ്. സാമ്പത്തികശാസ്ത്രജ്ഞനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, തോമസ് ഐസക്കിനൊന്നും അത് മനസ്സിലാവില്ല. മൈക്രോ ആണ് പുതിയ കാഴ്ചപ്പാട്. സാമ്പത്തിക രംഗത്തെ വിവിധ മേഖലകളെ ഓരോന്നായി എടുക്കണം. അവയുടെ മേല്‍ നിലവിലുള്ള സംസ്ഥാന നികുതിഭാരം വര്‍ദ്ധിപ്പിക്കണമോ കുറക്കണമോ അതേപടി നിലനിര്‍ത്തണമോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. അതറിയണമെങ്കില്‍ അവരുടെ പേയിങ്ങ് കപ്പാസിറ്റി അറിയണം. അതിന് നിസ്സാരമായ ഒരു ടെസ്റ്റുണ്ട്. നികുതി ഇത്ര ശതമാനം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്ന് വിശ്വസ്തദൂതന്മാര്‍ മുഖേന അറിയിച്ചാല്‍ അവരുടെ അസോസിയേഷന്‍ യോഗം ചേര്‍ന്ന് എത്ര കോടി രൂപ ' നികുതിയേതര നികുതി' യായി ബഹു.ധനമന്ത്രിക്ക് കൈമാറാം എന്ന് തീരുമാനിക്കും. നികുതി തീരുമാനിക്കുന്നതിനുള്ള കമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ആണിത്. സംഗതി ഈസി. ഓരോരുത്തര്‍ക്കുമുള്ള നികുതി പിന്നെ അനായാസം തീരുമാനിക്കാം. ഇതാണ് ചില കൂട്ടര്‍ കോഴയായും അഴിമതിയായുമെല്ലാം തെറ്റിദ്ധരിച്ചിരിക്കുന്നത്. മഹാകഷ്ടമാണ്. ആടറിയുമോ അങ്ങാടി വാണിഭം എന്ന് ചോദിച്ചത് എത്ര ശരി !

ഇത്തരം അത്യാധുനിക മൈക്രോഫൈനാന്‍സിങ്ങ് കാരണം സര്‍ക്കാറിന്റെ വരുമാനം കുറയുന്നത് സ്വാഭാവികം മാത്രം. സര്‍ക്കാറിന്റെ വരുമാനം  കുറയുന്നതിന് ആനുപാതികമായി ജനത്തിന്റെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും എന്നതാണ് പുതിയ സിദ്ധാന്തം. മുപ്പതിനായിരം കോടി നികുതി പിരിച്ചില്ല എന്ന് പറഞ്ഞാല്‍ അര്‍ത്ഥം അത്രയും തുക അധ്വാനവര്‍ഗത്തിന് കിട്ടി എന്നല്ലേ ?  അതല്ലേ യഥാര്‍ത്ഥ സേവനം ?  സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല എന്ന് മാണിസാര്‍ ആവര്‍ത്തിച്ചുപറഞ്ഞതിന്റെ അര്‍ഥം ഇപ്പോള്‍ പിടികിട്ടിയോ ? അധ്വാന വര്‍ഗസിദ്ധാന്തം പോലെ തന്നെയാണ് ഇത്. ബുദ്ധിജീവിവര്‍ഗം മനസ്സിലാക്കിയെടുക്കാന്‍ കാലം പിടിക്കും.

അതുകൊണ്ട് മാണിസാര്‍ തന്നെയാണ് ഇത്തവണയും ബജറ്റ് അവതരിപ്പിക്കുന്നത്. അത് മാണിസാറിന്റെ പതിമൂന്നാമത്തെ ബജറ്റ് ആയിരിക്കും. പതിമൂന്നിനെ കുറിച്ച് ആര്‍ക്കെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ അതില്ലാതാക്കാന്‍ ഒരു കാര്യം കൂടി തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച്  പതിമൂന്നിനുതന്നെ അവതരിപ്പിക്കും ബജറ്റ്. വരുന്നേടത്തുവച്ച് കാണാം.
                               ****

ന്യൂ ജന്‍  യുവതുര്‍ക്കി ബിജുരമേശ് അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ ഒരു കൈ സഹായിക്കാന്‍ വേണ്ടി ഫോണ്‍ വിളിച്ച്  ആശയും ആശയവും ആവേശവും നല്‍കുകയേ ചെയ്തിട്ടുള്ളൂ ബാലകൃഷ്ണപിള്ള. കെ.എം.മാണിയോടുള്ള പക തീര്‍ക്കലായിരുന്നില്ല, അഴിമതി തുടച്ചുനീക്കലായിരുന്നു പിള്ളയുടെ ഉദ്ദേശ്യം. ഫോണ്‍ സംഭാഷണം പുറത്തായപ്പോള്‍ അത് കൃത്രിമമാണെന്നൊന്നും അദ്ദേഹം പ്രസ്താവിച്ചില്ല.  മാന്യനായ ബിജു രമേശ് അങ്ങനെ  ചെയ്തതില്‍ സങ്കടപ്പെട്ടേ ഉള്ളൂ. മാണിയോ ഉമ്മന്‍ ചാണ്ടിയോ ചെയ്യേണ്ട കാര്യം ആദര്‍ശപുരുഷനായ ബിജു രമേശ് ചെയ്യാന്‍ പാടില്ലായിരുന്നു. സത്യം.

ഇതിന്റെ പേരില്‍ അച്ഛനെയും പുത്രനെയും 28 ന് യു.ഡി.എഫ് പുറത്താക്കും. പിന്നെയെന്തു ചെയ്യും ? സുരേഷ് ഗോപി  ചോദിച്ചതുപോലെ നമുക്കും വേണ്ടേ ഒരു പിടി ? ബി.ജെ.പി.ക്കാര്‍ എന്താണ് ഇതൊന്നും ഗൗരവത്തിലെടുക്കാത്തത് ? 27 ന് നടക്കുന്ന ഹര്‍ത്താലില്‍ മാണിയുടെ രാജിക്കൊപ്പം പിള്ളയ്ക്കുള്ള പിന്തുണയും മുദ്രാവാക്യമാക്കിക്കൂടേ ? അഴിമതിക്കേസില്‍ ശിക്ഷിച്ചതൊന്നും കാര്യമാക്കേണ്ടതില്ല. അഴിമതിക്കാരിയാണോ എന്നുംമറ്റും നോക്കിയാല്‍ മുന്നണിയുണ്ടാക്കാനാവില്ല എന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് മറക്കാറായിട്ടില്ല. ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ പാഞ്ഞുവന്നില്ലേ ആദര്‍ശാത്മക ധനകാര്യമന്ത്രി  അരുണ്‍ ജെയ്റ്റ്‌ലിവക്കീല്‍ ? പിള്ളയെയും ഗണേശനെയും പാര്‍ട്ടിയിലെടുക്കാം, കേരളത്തില്‍ ബി.ജെ.പി ക്ക് അക്കൗണ്ടും തുടങ്ങാം. ഇനി വൈകിക്കേണ്ട.

Tuesday, 20 January 2015

ബി.ജി. വര്‍ഗീസ്- നന്മ നിറഞ്ഞ മാധ്യമ പോരാളി

എഴുത്തില്‍ മാത്രമല്ല സംസാരത്തിലും അദ്ദേഹം മികച്ച  എഡിറ്ററായിരുന്നു എന്നോര്‍ക്കുന്നവരുമുണ്ട്. ആരോടും ക്ഷോഭിക്കാതെ, ആവശ്യമില്ലാത്ത ഒരു വാക്കും പ്രയോഗിക്കാതെ എല്ലാവരോടും തുല്യതയോടെ, ആത്മനിയന്ത്രണത്തോടെ പെരുമാറിയിരുന്നു വര്‍ഗീസ്. ഖുഷ് വന്ത് സിങ്ങ് അദ്ദേഹത്തെ സെയിന്റ് ജോര്‍ജ് എന്ന് വിളിച്ചിരുന്നത് അദ്ദേഹത്തിന്റെ അതീവമാന്യമായ പെരുമാറ്റവും മുല്യവത്തായ നിലപാടുകളും കാരണമായിരുന്നു. 
കുറെ മലയാളികള്‍  ബി.ജി.വര്‍ഗീസിനെ ഓര്‍ക്കുക ഒരു പക്ഷേ, 1977 ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുതോറ്റ ഒരു സ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും. ആവട്ടെ, അതിലും ഓര്‍മിക്കപ്പെടേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്. മാധ്യമസ്വാതന്ത്ര്യം നിശ്ശേഷം നിഷേധിക്കപ്പെട്ട, ആധുനിക ഇന്ത്യാചരിത്രത്തിലെ ഒരേയൊരു കാലെത്ത ഭരണകൂടത്തെ ചോദ്യംചെയ്യാന്‍ മലയാളിയായ ഒരു സമുന്നത മാധ്യമപ്രവര്‍ത്തകന്‍ ജന്മനാട്ടിലേക്ക് മടങ്ങിവന്ന സന്ദര്‍ഭം എന്ന് അതിനെ രേഖപ്പെടുത്താം.

ബി.ജി.വര്‍ഗീസ് എന്ന വ്യക്തിത്വത്തിന്റെ സവിശേഷത വെളിവാക്കുന്ന ഒരു ഓര്‍മ കൂടി ഈ സന്ദര്‍ഭവുമായി ബന്ധപ്പെട്ടുണ്ട്. ചരമവാര്‍ത്തക്കൊപ്പം മാധ്യമങ്ങളില്‍ വന്ന അനുസ്മരണകുറിപ്പുകളില്‍ അക്കാര്യവും ഓര്‍മിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പിറ്റേന്നാല്‍ വര്‍ഗീസ് അധികമാരെയും കൂടെക്കൂട്ടാതെ ആലപ്പുഴ കലക്റ്ററേറ്റില്‍ കയറിച്ചെന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയ പണത്തിന്റെ കണക്കുകള്‍ ബോധിപ്പിക്കാനാണ്. അങ്ങനെയൊരു പൂര്‍വാനുഭവം ഇല്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥര്‍ അമ്പരന്നു. തിരഞ്ഞെടുപ്പുനിയമപ്രകാരം സ്ഥാനാര്‍ത്ഥി അങ്ങനെ ചെയ്യണം. പക്ഷേ, നിയമം കര്‍ശനമല്ലാത്തതുകൊണ്ട് ആരും ചെയ്യാറില്ല. വര്‍ഗീസ് സാധാരണ രാഷ്ട്രീയക്കാരനല്ലല്ലോ. അദ്ദേഹത്തിന് അങ്ങനെ ചെയ്തല്ലേ പറ്റൂ.

തോറ്റുമടങ്ങിയ  തിരഞ്ഞെടുപ്പിനെ കുറിച്ച്  വര്‍ഗീസ് സന്തോഷത്തോടെയാണ് ഓര്‍ക്കുന്നത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. 'സ്ഥാനാര്‍ത്ഥിയായ ഞാന്‍ തോറ്റു. പക്ഷേ, എനിക്കറിയാം ഞാന്‍ ജയിച്ചുകഴിഞ്ഞു എന്ന് ' .തിരഞ്ഞെടുപ്പുഫലം വന്ന ദിവസം തനിക്ക് 1947 ആഗസ്ത് 15 പോലെ അത്രയും സന്തോഷകരമായി  എന്നും അദ്ദേഹം എഴുതി.  ഭരണകക്ഷി തോറ്റമ്പുകയും ദേശീയ അടിയന്തരാവസ്ഥ പിന്‍വലിക്കകയും എല്ലാ പൗരാവകാശങ്ങളും പുനസ്ഥാപിക്കുകയും ചെയ്ത ആ നാളിനെ, ജീവിതത്തിലുടനീളം മനുഷ്യാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ആള്‍ക്ക് അങ്ങനെല്ലേ കാണാന്‍ പറ്റൂ.
.
ഈ തിരഞ്ഞെടുപ്പുവാര്‍ത്തക്ക് ഒരു അനുബന്ധം കൂടിയുണ്ട്. അത് അധികംപേര്‍ ഓര്‍ത്തിരിക്കില്ല. പ്രചാരണച്ചെലവിലേക്ക് പിരിഞ്ഞുകിട്ടിയ തുക മുഴുവന്‍ ചെലവായില്ല.  അത്ഭുതംതന്നെ. പക്ഷേ, ബാക്കി  എന്തുചെയ്തു, വര്‍ഗീസ് സ്വന്തം പോക്കറ്റിലിട്ടോ ?  ഇല്ല. അദ്ദേഹം ആ തുക കൊണ്ടാണ് മീഡിയ ഫൗണ്ടേഷന്‍ എന്ന സ്ഥാപനമുണ്ടാക്കിയത്.  ഫൗണ്ടേഷന്‍ ചെയ്ത ഒരു കാര്യം ആ തുക കൊണ്ട്, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ചമേലി ദേവി ജെയിനിന്റെ സ്മാരകമായി അവാര്‍ഡ് ഏര്‍പ്പെടുത്തുകയാണ്. ഏറെ വനിതാ  മാധ്യമപ്രവര്‍ത്തകര്‍ ഈ അവാര്‍ഡിന് അര്‍ഹരായി. സ്വാതന്ത്ര്യ സമര രംഗത്ത് ധീരമായ പങ്കുവഹിച്ച ഡല്‍ഹി വീട്ടമ്മയാണ് ചമേലി ദേവി. അവരുടെ കുടുംബത്തിന്റെ കൂടി സഹായത്തോടെയാണ് പുരസ്‌കാരം 1982 മുതല്‍ ഏര്‍പ്പെടുത്തിയത്. വനിതകള്‍ കടന്നുചെല്ലാന്‍ മടിച്ച ഒരു രംഗത്തേക്ക് കടന്നുചെന്ന് വ്യക്തിമുദ്ര പതിപ്പിച്ച വനിതകളാണ് പുരസ്‌കാരം നേടിയവരെല്ലാം. ഈ വനിതാ മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ഒരു പുസ്തകമായി മീഡിയ ഫൗണ്ടേഷന്‍ ' മെയ്കിങ്ങ് ന്യൂസ്, ബ്രെയ്കിങ്ങ് ന്യൂസ് ഹേര്‍ ഓണ്‍ വേ ' എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത കുറിപ്പുകള്‍ ' അനുഭവ സഞ്ചാരങ്ങള്‍- വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഓര്‍മകള്‍ ' എന്ന പേരില്‍ കേരള പ്രസ് അക്കാദമി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിനുള്ള അനുമതിക്കും മറ്റുമായി പല വട്ടം ബി.ജി.വര്‍ഗീസുമായി ബന്ധപ്പെടാന്‍ ഈ ലേഖകന് അവസരം ലഭിച്ചിരുന്നു. അനുമതിയും മറ്റു സൗകര്യങ്ങളുമെല്ലാം അദ്ദേഹം ഉടനുടന്‍ നല്‍കി. പുസ്തകത്തിന് ആമുഖ കുറിപ്പും അയച്ചുതന്നു. പ്രസ് അക്കാദമിയുമായും അക്കാദമി തുടങ്ങിവെച്ച മീഡിയ എന്ന മാസികയുമായും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ഇതൊരു കാരണമായി. അദ്ദേഹം നിരവധി ലേഖനങ്ങള്‍ അയച്ചുതരികയുമുണ്ടായി.

മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയിലുള്ള വര്‍ഗീസിന്റെ പ്രകടനം അസാമാന്യമാംവിധം മാന്യമായിരുന്നു എന്ന് അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറും പില്‍ക്കാലത്ത് പല തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.സെബാസ്റ്റിയന്‍ പോള്‍ ഓര്‍ക്കുന്നു. കേരളത്തിലല്ല ഉത്തരേന്ത്യയിലെവിടെയെങ്കിലും ആയിരുന്നുവെങ്കില്‍ അദ്ദേഹം പാട്ടുംപാടി ജയിക്കുമായിരുന്നു. അടിയന്തരാവസ്ഥയുടെ അന്തരാള കഥകളൊന്നും അറിയാത്ത മലയാളി പുറമെ കണ്ട ശാന്തിയും സമാധാനവും ശാശ്വതമാണെന്ന് കരുതി 20ല്‍ 20 ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ് - സി.പി.ഐ- മുസ്ലിം ലീഗ് ഐക്യമുന്നണിക്കാണ് നല്‍കിയിരുന്നത്. ആ കാറ്റില്‍ വര്‍ഗീസും വീണു. എല്‍.കെ.അദ്വാനിക്കും ഇ.എം.എസ്സിനും ഇക്കാര്യത്തില്‍ ചെറിയ കുറ്റബോധം ഉണ്ടായിക്കാണണം. വര്‍ഗീസിന് ജനതാപാര്‍ട്ടി കേന്ദ്രനേതൃത്വം രാജ്യസഭാംഗത്വം ഉള്‍പ്പെടെ പല  സ്ഥാനമാനങ്ങളും ഓഫര്‍ ചെയ്തിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചില്ല. ജനവിധി എതിരെ ലഭിച്ചവര്‍ പിന്നെ സ്ഥാനങ്ങളിലിരുന്നുകൂടാ എന്നദ്ദേഹം നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

എല്ലാ നിലയിലും വ്യത്യസ്തനായിരുന്നു വര്‍ഗീസ് എന്ന് വിളിച്ചുപറയുന്നതാണ് ഈ സംഭവങ്ങളെല്ലാം. അദ്ദേഹത്തിന്റെ പേരുപോലും ആ വ്യക്തിത്വം പോലെ അപൂര്‍വത ഉള്ളതായിരുന്നു. ബൂബ്ലി ജോര്‍ജ് വര്‍ഗീസ് ആണ് ബി.ജി.വര്‍ഗീസ്. ഇതില്‍ ജോര്‍ജ് വര്‍ഗീസ് അച്ഛന്റെ പേരാണ്. ബൂബ്ലിയാണ് മകന്റെ പേര്. ജീവിതം മുഴുവന്‍ പല വട്ടം ആവര്‍ത്തിച്ച് മറുപടി പറയേണ്ടിവന്ന ചോദ്യം- എന്താണ് ഈ ബൂബ്ലി-എന്നതായിരുന്നു എന്ന് വര്‍ഗീസ് ആത്മകഥയില്‍ പറയുന്നുണ്ട്. ടെറ്റനസ് ബാധിച്ച് ചെറുപ്പത്തില്‍ മരിച്ചുപോയ അമ്മാമന്റെ പേരാണ് തന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വര്‍ഗീസ് ഓര്‍ക്കുന്നു. അമ്മാമന്‍ എങ്ങനെ ഈ അത്യപൂര്‍വ പേര് ലഭിച്ചതെന്ന് വര്‍ഗീസിനും അറിയില്ല ! എന്തായാലും അമ്മാമനെ വര്‍ഗീസ് അനശ്വരനാക്കി എന്ന് പറയാം.

തിരുവല്ലയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വര്‍ഗീസ് പക്ഷേ ഒരിക്കലും കേരളത്തില്‍ താമസക്കാരനായിരിന്നിട്ടില്ല. ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ഡോക്റ്ററായിരുന്ന അച്ഛനുമൊത്ത്  രാജ്യത്തും പുറത്തും താമസിച്ചുവളര്‍ന്ന വര്‍ഗീസിന് കഷ്ടിയേ മലയാളം അറിയുമായിരുന്നുള്ളൂ. ആരും അസൂയയോടെ മാത്രം ഓര്‍ക്കുന്ന ഡൂണ്‍ സ്‌കൂളിലും സെയിന്റ് സ്റ്റീഫന്‍സ് കോളേജിലും കാംബ്രിഡ്ജ് ട്രിനിറ്റി കോളേജിലും പഠിച്ചുമടങ്ങിയ വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് എഡിറ്ററാവാന്‍ സന്നദ്ധനായത് മറ്റൊരു അപൂര്‍വതയായി. വേഗം അദ്ദേഹം പ്രത്യേക ലേഖകനായി ന്യൂ ഡല്‍ഹിയിലുമെത്തി. സ്വതന്ത്രഭാരതം അതിന്റെ ആദ്യചുവടുകള്‍ വെക്കുന്ന നിര്‍ണായകനാളുകളില്‍ ചരിത്രനിര്‍മാണത്തില്‍ പങ്കാളിയാകാനുള്ള അസുലഭഭാഗ്യം വര്‍ഗീസിന് ലഭിച്ചു.

അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് ഫസ്റ്റ് ഡ്രാഫ്റ്റ് ആയത് അസാധാരണമല്ല. വാര്‍ത്തയെ ചരിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റ് ആയി അംഗീകരിക്കുന്ന പാശ്ചാത്യസങ്കല്‍പ്പത്തില്‍ ലേഖകന്‍ ചരിത്രകഥാപാത്രമല്ല. പക്ഷേ, ഇവിടെ വര്‍ഗീസ് പല ഘട്ടങ്ങളിലും വാര്‍ത്ത എഴുതുക മാത്രമല്ല, ചരിത്രനിര്‍മാണത്തില്‍ പങ്കാളിയുമായി. ജമ്മു കാശ്മീരില്‍, നേപ്പാളില്‍,  ആദ്യ ലോക് സഭാ തിരഞ്ഞെടുപ്പ് നാളുകളില്‍ ദക്ഷിണേന്ത്യയില്‍....  അതങ്ങനെ നീണ്ടുപോയി. എവിടെ ചരിത്രസംഭവം നടക്കുന്നുണ്ടോ അവിടെയെല്ലാം. ഒരിക്കലും വെറുതെ ഇരുന്നിട്ടില്ല അദ്ദേഹം.

1966 മുതല്‍ 69 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇന്‍ഫര്‍മേഷന്‍ അഡൈ്വസര്‍ ആയിരുന്ന ആളാണ് അവരുടെ കടുത്ത വിമര്‍ശകനായി മാറിയത്. അടിയന്തരാവസ്ഥക്കെതിരായി  ഉറച്ച നിലപാടെടുത്ത അദ്ദേഹം എന്തോ പരിഗണനയാല്‍ ജയിലിലടക്കപ്പെട്ടില്ല എന്നേയുള്ളൂ.  അടിയന്തരാവസ്ഥക്കാലത്താണ് അദ്ദേഹത്തിന് മാഗ്‌സാസെ അവാര്‍ഡ് ലഭിക്കുന്നത്. അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച പത്രപ്രവര്‍ത്തകനെ ജയിലിലടക്കുന്നത് വിദേശത്ത് ചീത്തപ്പേരുണ്ടാക്കും എന്ന് ഭരണനേതൃത്വത്തിലുള്ളവര്‍ കരുതിയിരിക്കാം. അങ്ങനെത്തന്നെയാണ് വര്‍ഗീസും കരുതുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപത്വം നഷ്ടപ്പെട്ട് തൊഴില്‍ രഹിതനായിരുന്ന കാലം പിന്നിടാന്‍ സഹായിച്ചത് പുരസ്‌കാരത്തുക ആയിരുന്നു എന്നും വര്‍ഗീസ് ഓര്‍ക്കുന്നുണ്ട്. ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളിലും മനുഷ്യാവകാശസംഘടനാരംഗത്തും ആണ് അദ്ദേഹം ഈ കാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപരായ കാലം ഏറെ സംഭവബഹുലമായിരുന്നു. 1969 മുതല്‍ 75 വരെ ആ സ്ഥാനം വഹിച്ചു. ഇംഗഌഷ് പത്രങ്ങളിലും ചാനലുകളിലും ഇപ്പോള്‍ വനിതകള്‍ക്ക്് പഞ്ഞമില്ലെങ്കിലും അക്കാലത്ത് വനിതാ പത്രപ്രവര്‍ത്തകര്‍ അപൂര്‍വമായിരുന്നു. ഒരുപാട് വനിതകളെ ന്യൂസ് റൂമുകളില്‍ നിയോഗിച്ചത് വലിയ  എതിര്‍പ്പും കുശുകുശുപ്പും വക വെക്കാതെയായിരുന്നു. അന്ന്  രംഗത്ത് വന്ന വനിതകള്‍ ഏറെപ്പേര്‍ പിന്നീട് വളരെ പ്രശസ്തരും ആയിത്തീര്‍ന്നു. വര്‍ഗീസ് എഴുതിയ പല മുഖപ്രസംഗങ്ങളും ഇന്നും ഓര്‍മിക്കപ്പെടുന്നുണ്ട്. സ്വതന്ത്രരാജ്യമായിരുന്ന സിക്കിമിനെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്ത നടപടിയെക്കുറിച്ച് അദ്ദേഹമെഴുതിയ മുഖപ്രസംഗം-കാഞ്ചന്‍ജംഗ, ഞങ്ങള്‍ വരുന്നു- അക്കൂട്ടത്തില്‍ ഒന്നാണ്. മുഖപ്രസംഗമെഴുതാന്‍ വിഷയമൊന്നുമില്ലാത്ത ദിവസങ്ങളെ മുന്‍കൂട്ടിക്കണ്ട് നല്ല വിഷയങ്ങള്‍ കണ്ടെത്തി മുഖപ്രസംഗം തയ്യാറാക്കിവെക്കുമായിരുന്നു അദ്ദേഹമെന്ന് ഒരു പഴയ സഹപ്രവര്‍ത്തകന്‍ ഓര്‍ക്കുന്നു.

എഴുത്തില്‍ മാത്രമല്ല സംസാരത്തിലും അദ്ദേഹം മികച്ച  എഡിറ്ററായിരുന്നു എന്നോര്‍ക്കുന്നവരുമുണ്ട്. ആരോടും ക്ഷോഭിക്കാതെ, ആവശ്യമില്ലാത്ത ഒരു വാക്കും പ്രയോഗിക്കാതെ എല്ലാവരോടും തുല്യതയോടെ, ആത്മനിയന്ത്രണത്തോടെ പെരുമാറിയിരുന്നു വര്‍ഗീസ്. ഖുഷ് വന്ത് സിങ്ങ് അദ്ദേഹത്തെ സെയിന്റ് ജോര്‍ജ് എന്ന് വിളിച്ചിരുന്നത് അദ്ദേഹത്തിന്റെ അതീവമാന്യമായ പെരുമാറ്റവും മുല്യവത്തായ നിലപാടുകളും കാരണമായിരുന്നു.

ദ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമസ്ഥരായ കെ.കെ.ബിര്‍ല വര്‍ഗീസിനെ എഡിറ്റര്‍പദവിയില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ ശ്രദ്ധേയമായ ഒരു സംഭവമായി. സിക്കിം വിഷയം ഉള്‍പ്പെടെ പല കാര്യങ്ങളിലും കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ വര്‍ഗീസിനെ ബിര്‍ല പുറത്താക്കിയത് അധികാരികളുംട സമ്മര്‍ദ്ദം മൂലമാണെന്ന് വ്യക്തമായിരുന്നു. പുറത്താക്കലിനെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ കേസ് കൊടുത്തത് മറ്റൊരു പ്രശസ്ത മലയാളി പത്രപ്രവര്‍ത്തകനായ സി.പി.രാമചന്ദ്രനായിരുന്നു. പത്രാധിപസ്വാതന്ത്ര്യം എന്ന തത്ത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകര്‍ രൂപവല്‍ക്കരിച്ച സമിതിയുടെ പേരിലാണ് രാമചന്ദ്രന്‍ പ്രസ് കൗണ്‍സിലിനെ സമീപിച്ചത്.  കേസ്സ് കാരണം വര്‍ഗീസിനെതിരായ നടപടികള്‍ സ്റ്റേ ചെയ്യപ്പെട്ടു. ഇതിനെതിരെ ഹിന്ദുസ്ഥാന്‍  ടൈംസ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19 ാം വകുപ്പ് പത്രാധിപര്‍ക്ക് പ്രത്യേക സ്വാതന്ത്ര്യമൊന്നും  നല്‍കുന്നില്ലെന്നും അഭിപ്രായസ്വാതന്ത്ര്യം പത്രാധിപരെ  മാറ്റാനുള്ള മാനേജ്‌മെന്റിന്റെ സ്വതന്ത്ര്യം കൂടി ആണ് എന്നുമായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് മാനേജ്‌മെന്റിന്റെ വാദം. കോടതി ഇത് സ്വീകരിച്ചില്ല. പത്രത്തിന്റെ നയം നിശ്ചയിക്കാനും ഇഷ്ടമുള്ള എഡിറ്ററെ നിയമിക്കാനും മാനേജ്‌മെന്റിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പത്രത്തിന്റെ ഉള്ളടക്കം നിര്‍ണയിക്കാനുള്ള അവകാശം പത്രാധിപര്‍ക്കാണെന്നും ഇതില്‍ മനേജ്‌മെന്റിന് ഇടപെടാന്‍ അധികാരമില്ലെന്നുമായിരുന്നു കോടതി വിധിയില്‍ വ്യക്തമാക്കിയത്. ബിര്‍ലയുടെ ഹരജി തള്ളിയെന്ന് മാത്രമല്ല സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അനുമതിയും നിഷേധിച്ചു. വിധി വന്ന് മിനിട്ടുകള്‍ക്കകം എഡിറ്റര്‍സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവാണ് വര്‍ഗീസിന് ലഭിച്ചത്. അടിയന്തരാവസ്ഥയോടെ പ്രസ് കൗണ്‍സിലും പിരിച്ചുവിട്ടതിനാല്‍ ആ പോരാട്ടം അവിടെ അവസാനിപ്പിക്കേണ്ടി വന്നു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എഡിറ്ററായി 1982-86 കാലത്ത് വര്‍ഗീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എളുപ്പം കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകള്‍ എഴുതുന്നവരാണ് നല്ലൊരു വിഭാഗം പത്രപ്രവര്‍ത്തകരെങ്കില്‍ ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെ വി്ഷയത്തിന്റെ ഉള്ളിലേക്കിറങ്ങുന്ന ഗവേഷകന്‍ ആയിരുന്ന വര്‍ഗീസ്. നദീജലപ്രശ്‌നം, ബംഗഌദേശ്, കിഴക്കന്‍ സംസ്ഥാനപ്രശ്‌നങ്ങള്‍,  ഇന്ത്യയുടെ ഭാവി, വികസനം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളില്‍ അദ്ദേഹം ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. നയരൂപവല്‍ക്കരണരംഗത്ത് ഇത്രയും സംഭാവന ചെയ്ത പത്രപ്രവര്‍ത്തകന്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. രചിച്ച പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും  വെളിവാക്കുന്നു. ദൂര്‍ദര്‍ശന്‍ സ്വയംഭരണാവകാശ സമിതി, കാര്‍ഗില്‍ അന്വേഷണ സമിതി, കാശ്മീര്‍ കൂടിയാലോചന സമിതി തുടങ്ങി നിരവധി ഉന്നതാധികാര കമ്മിറ്റികളില്‍ അദ്ദേഹത്തെ വ്യത്യസ്തസര്‍ക്കാറുകള്‍ അംഗമാക്കിയിരുന്നത് അദ്ദേഹത്തിന്റെ പ്രാവീണ്യം രാജ്യത്തിന് ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ത്‌ന്നെയായിരുന്നു. എണ്ണമറ്റ അനൗദ്യോഗികസമിതികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വികസനകാര്യറിപ്പോര്‍ട്ടുകള്‍ക്കപ്പുറം വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് പുതിയ  മാനങ്ങള്‍ സൃഷ്ടിച്ചെടുക്കാനും വര്‍ഗീസിനായി.  

ഒരു കുറ്റബോധം വര്‍ഗീസിന്റെ കാര്യത്തില്‍ അവശേഷിക്കുന്നുണ്ട്.  അദ്ദേഹത്തിന്റെ ആത്മകഥ ഫസ്റ്റ് ഡ്രാഫ്റ്റ്- മലയാളത്തില്‍ ഇറങ്ങണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അക്കാര്യം പ്രസാധകരുമായി ആലോചിക്കാന്‍ അദ്ദേഹം പുസ്തകം അയച്ചുതരാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. ചില പ്രസാധകരുമായി സംസാരിക്കുകയും ചെയ്തു. 550 പേജുകളുള്ള പുസ്തകം വിവര്‍ത്തനം ചെയ്തിറക്കുക എളുപ്പം സാധിക്കുന്ന കാര്യമായിരുന്നില്ല. അത്രയും വലിയ പുസ്തകം ഇറക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പ്രസാധകര്‍ക്ക് സംശയവുമായിരുന്നു. കാര്യങ്ങള്‍ വലുതായി മുന്നോട്ട് പോയില്ലെന്ന്  ചുരുക്കം. അക്കാദമിയിലുള്ള ഞങ്ങള്‍ക്കും മറ്റൊരു കാര്യത്തില്‍ കൂടി നിരാശയുണ്ട്.
കേരളത്തില്‍ വരാന്‍ പല വട്ടം അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ തടസ്സമുണ്ടാക്കി. അക്കാദമി മലയാള പത്രപ്രവര്‍ത്തകന്മാരെ കുറിച്ച് തയ്യാറാക്കിവരുന്ന അഭിമുഖ-ഡോക്കുമെന്ററി പരമ്പരയില്‍ അദ്ദേഹത്തെയും ഡല്‍ഹിയിലുള്ള സീനീയര്‍ മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തുന്നതിനായി  ഫിബ്രുവരിയില്‍ ഡല്‍ഹിക്ക് പോകുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നത് ഡിസംബര്‍ മുപ്പതിന് വൈകീട്ട്് കാക്കനാട്ട് അക്കാദമിയില്‍ നടന്ന ഉപസമിതി യോഗത്തിലായിരുന്നു. അന്ന് വൈകുന്നേരമാവുമ്പോഴേക്ക് അദ്ദേഹം എന്നന്നേക്കുമായി വിട്ടുപിരിയുകയും ചെയ്തു.Books authored and edited by B.G.Varghese

First Draft: Witness to the Making of Modern India. A memoir. (Tranquebar,).
Rage, Reconciliation and Security: Managing India's Diversities'. (Penguin,)
A J&K Primer: From Myth to Reality, India Research Press, Delhi, .
Tomorrow's India: Another Tryst with Destiny, (Editor), Penguin, .
Warrior of the Fourth Estate: Ramnath Goenka of the Express, Penguin,. A biography of India's best-known press baron and a political king-maker.
Breaking the Big Story: Great moments in Indian journalism, (Editor), Penguin,
Reorienting India: The New Geo-Politics of Asia, Konark Publishers, Delhi.
Northeast Resurgent: Ethnicity, Insurgency, Governance, Development, Konark Publishers, Delhi Converting Water into Wealth: Regional Cooperation in Harnessing the Eastern Himalayan Rivers, co-edited with colleagues from Bangladesh, Nepal and India, Konark Publishers, Delhi.
Winning the Future: From Bhakra to Narmada, Tehri and Rajasthan Canal, Konark Publishers, Delhi, On environmental and displacement controversies surrounding large dams in India.
Harnessing the Eastern Himalayan Rivers: Regional Cooperation in South Asia, edited with Ramaswamy Iyer. Konark Publishers, Delhi.
Waters of Hope: Himalaya-Ganga Cooperation for a Billion People, Oxford-IBH, Delhi, with an update published by the India Research Press, Delhi.
An End to Confrontation: Restructuring the Sub-Continent, Chand and Co, Delhi,. About the 1971 war, the liberation of Bangladesh and a plea for a new beginning.
Design for Tomorrow: Times of India, Bombay. Field reports on India's planned development.
A Journey Through India, Times of India, Bombay. A report card on India's unfolding economic development.
Our Neighbour Pakistan, Yusuf Meharally Centre, Bombay.
Himalayan Endeavour, Times of India, Bombay. The story of Indian mountaineering.

Sunday, 18 January 2015

എന്തും പിന്‍വലിക്കാം


നിയമവും വകുപ്പുമൊന്നും മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല. 
കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതോടെ കക്ഷികള്‍ക്ക് 
സന്തോഷമാകും. വിവാദമുണ്ടായിക്കോട്ടെ. നിയമവും വകുപ്പുമൊക്കെ 
കോടതി നോക്കട്ടെ. സര്‍ക്കാറിന് ലേശം ചീത്തപ്പേരുണ്ടാവുമെന്നല്ലേ ഉള്ളൂ. 
അതിനി ചീത്തയാകാന്‍ അധികമൊന്നും ബാക്കിയില്ലല്ലോ

രണ്ടുതരം പിന്‍വലിക്കലുകളാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഒന്നില്‍ പിന്‍വലിക്കല്‍ ആദ്യം നടക്കും, വിവാദം പിറകെ വരും. രണ്ടാമത്തെ തരത്തില്‍, വിവാദം ആദ്യം പിന്‍വലിക്കല്‍ പിറകെ. വിവാദവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ടിലുമുണ്ടാകുമെന്ന് ചുരുക്കം.
ഒടുവിലത്തെ വലിക്കല്‍വിവാദം എടുത്തുനോക്കൂ. ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനെ വിദ്യാര്‍ഥികള്‍ കരിയോയില്‍ ഒഴിച്ച് അപമാനിച്ചു. ഒഴിച്ചത് മുഖ്യമന്ത്രിയുടെ അനുയായികളാണ്. ഗാന്ധിയന്മാരായതുകൊണ്ട് സമാധാനപരമായാണ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ചത്. പാര്‍ട്ടി ഭരിക്കുമ്പോഴാണ് കുട്ടിപ്പാര്‍ട്ടിക്കാര്‍ ചെന്ന് ഉദ്യോഗസ്ഥന്റെ മേല്‍ സാധനം ഒഴിച്ചത്. കുറ്റം പറഞ്ഞുകൂടാ. ഫീസ് വര്‍ധിപ്പിച്ചതാണ് പ്രശ്‌നം. എതിരെ ഊക്കന്‍സമരം നടത്തേണ്ടതാണ്. അതിനുള്ള പാങ്ങില്ല സംഘടനയ്ക്ക്. പണ്ട് ഏഷ്യയിലെ ഏറ്റവും കൂറ്റന്‍ സംഘടന എന്ന് ബഡായി പറയാറുണ്ട്. ഇപ്പോള്‍ ഒരു സ്‌കൂളില്‍പോലും വലിയ സംഘടനയല്ല. ഫീസ് വര്‍ധിപ്പിച്ചതിന് സമാധാനം പറയേണ്ടത് വിദ്യാഭ്യാസമന്ത്രിയാണ്. അങ്ങോട്ടുചെന്ന് കരിയോയില്‍ ഒഴിക്കാന്‍ ധൈര്യം പോരാ. ചെയ്താല്‍ കണക്കിന് കിട്ടും. ഉദ്യോഗസ്ഥനാവുമ്പോള്‍ തിരിഞ്ഞുകടിക്കില്ല. പബ്ലിസിറ്റിയും കുറയില്ല.

ക്യാമറയില്‍ പതിഞ്ഞ സംഗതിയായതുകൊണ്ട് തെളിവിന് മറ്റെങ്ങും പോകേണ്ട. ശിക്ഷിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് എളുപ്പവിദ്യ ആരോ ഉപദേശിച്ചത്. മുഖ്യമന്ത്രിയെക്കണ്ട് നിവേദനം കൊടുക്കുക. എം.എല്‍.എ.യോ പാര്‍ട്ടി ഭാരവാഹിയോ ഒപ്പമുണ്ടെങ്കില്‍ ബലമാവും. സര്‍വത്ര ദീനദയാലുവാണ് മുഖ്യമന്ത്രി. പണ്ടെന്നോ, അച്ഛനെയും അമ്മയെയും തല്ലിക്കൊന്ന ഒരുവന്‍ കോടതിയില്‍ കേണപേക്ഷിച്ചത്, അനാഥനായ എന്നെ തൂക്കിക്കൊല്ലരുതേ എന്നായിരുന്നത്രെ. ന്യായമായ സംഗതിയല്ലേ? മുഖ്യമന്ത്രിയായിരുന്നു ജഡ്ജി എങ്കില്‍ ആ പാവം പ്രതിയെ വെറുതേവിടും. അനാഥപെന്‍ഷനും ഒപ്പിച്ചുകൊടുക്കും. ഏതാണ്ട് അങ്ങനെയാണ് കരിയോയില്‍ ഒഴിച്ച കേസിലെ പാവം പ്രതികളെ വെറുതേവിടാന്‍ ഉത്തരവാക്കിയത്.


കുറ്റവാളികളെ ശിക്ഷിക്കാനും വെറുതേവിടാനുമെല്ലാം അധികാരമുള്ളത് കോടതിക്കാണ് എന്നാണ് നമ്മുടെ ധാരണ. സംഗതി ശരിതന്നെ. പക്ഷേ, അത്യാവശ്യം ചില കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിനും ഉണ്ട് അധികാരം. അതും പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ബോധ്യപ്പെടുകയും കോടതി അനുവദിക്കുകയും വേണം. 'കേസുകള്‍ പിന്‍വലിക്കുമ്പോള്‍ നീതിയുടെ സുതാര്യമായ നിര്‍വഹണമെന്ന പരമപ്രധാനമായ പരിഗണനമാത്രമായിരിക്കണം കോടതികള്‍ക്ക് ഉണ്ടാവേണ്ടത്' എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആരോട് പറയാന്‍!

തിരുവനന്തപുരം എം.ജി.കോളേജില്‍ പോലീസിനെ ബോംബെറിഞ്ഞ് സി.ഐ. ഉള്‍പ്പെടെ നിരവധിപേരെ പരിക്കേല്‍പ്പിച്ച സംഭവം എന്തായാലും കരിയോയില്‍ ഒഴിക്കുന്നതിനേക്കാള്‍ ഗൗരവമുള്ളതുതന്നെ. ആ കേസ് പിന്‍വലിച്ച് സാമാന്യം നല്ല വിവാദമുണ്ടാക്കി. അതിലൊരു പ്രതിക്ക് പോലീസ് വകുപ്പില്‍ ജോലികിട്ടാതെ പോകരുതെന്ന ഒറ്റ ഉദ്ദേശ്യമേ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നുള്ളൂ. കാരുണികനായാല്‍ ഇങ്ങനെ എന്തെല്ലാം കടുംകൈകള്‍ ചെയ്യേണ്ടിവരുമെന്നോ. വര്‍ഗീയവിഷം ചീറ്റിയ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചതിനെച്ചൊല്ലിയും ഉണ്ടായി വിവാദം. അത് മുഖ്യമന്ത്രി ദീര്‍ഘവീക്ഷണത്തോടെ ചെയ്തതാണ്. കാലഹരണപ്പെട്ട ആ നിയമം നോക്കിയാല്‍ ഭാവിയില്‍ സൂപ്പര്‍സ്റ്റാറിനെ മുതല്‍ പ്രധാനമന്ത്രിയെവരെ പ്രതിചേര്‍ക്കേണ്ടിവന്നേക്കും. വെറുതേ പൊല്ലാപ്പ് ഉണ്ടാക്കേണ്ടല്ലോ.
നിയമവും വകുപ്പുമൊന്നും മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല. കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതോടെ കക്ഷികള്‍ക്ക് സന്തോഷമാകും. വിവാദമുണ്ടായിക്കോട്ടെ. നിയമവും വകുപ്പുമൊക്കെ കോടതി നോക്കട്ടെ. സര്‍ക്കാറിന് ലേശം ചീത്തപ്പേരുണ്ടാവുമെന്നല്ലേ ഉള്ളൂ. അതിനി ചീത്തയാകാന്‍ അധികമൊന്നും ബാക്കിയില്ലല്ലോ. പ്രൊഫഷണല്‍ കോളേജ് എന്‍ട്രന്‍സ് പരീക്ഷാ തീരുമാനവും മദ്യനയവും പാമോലിന്‍ കേസുമെല്ലാം വേറെ ചില ചെറിയ പിന്‍വലിക്കലുകള്‍മാത്രം. ഇനിയും എന്തെല്ലാം ഇരിക്കുന്നു പിന്‍വലിക്കാന്‍.
                                                                            ****
മാവോവാദികളെ നേരിടാന്‍ കോടികള്‍ ചെലവാക്കി ആയുധങ്ങള്‍ വാങ്ങുകയും വിദഗ്ധപോലീസിനെ ഇറക്കുകയും അറസ്റ്റും റെയ്ഡും നടത്തി കുറേ ചീത്തപ്പേരുണ്ടാക്കുകയുമെല്ലാം ചെയ്ത ശേഷമാണ് പെട്ടെന്ന് ആ ഉള്‍വിളിയുണ്ടായത്. കാല്‍ക്കാശ് ചെലവാക്കാതെ മാവോവാദി പ്രസ്ഥാനത്തെ കേരളത്തിലെങ്കിലും ചീത്തപ്പേരുണ്ടാക്കി തകര്‍ക്കാം. ആ ഓപ്പറേഷന്റെ ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു.
സംഗതി നിസ്സാരം. മാവോവാദികളാണ് ശരിയായ പാതയിലൂടെ പോകുന്ന യഥാര്‍ഥ വിപ്ലവകാരികള്‍. അവരെവേണം നാമെല്ലാം പൂവിട്ടുതൊഴാന്‍ എന്നുതുടങ്ങിയ പ്രശംസകള്‍ ചൊരിഞ്ഞ് സാക്ഷാല്‍ പി.സി. ജോര്‍ജ് രംഗത്തുവന്നിരിക്കുന്നു. ആദ്യപ്രസംഗം കഴിഞ്ഞപ്പോള്‍ത്തന്നെ മാവോവാദി അണികളില്‍ ചോര്‍ച്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. മാവോവാദി ഭീഷണി നിലവിലുള്ള മലയോരങ്ങളില്‍ പി.സി. ഒരു പ്രസംഗപര്യടനം നടത്തിയാല്‍ സംഗതി ക്ലീനാകും. പോലീസും വേണ്ട, പട്ടാളവും വേണ്ട.
                                                                          ****
വിഴിഞ്ഞം തുറമുഖവികസനപ്രശ്‌നത്തില്‍ ഹിന്ദുമതവിശ്വാസികള്‍ പ്രത്യേക താത്പര്യമെടുക്കണമെന്നും മറ്റും നമ്മുടെ റിട്ടയേര്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആഹ്വാനംചെയ്തത് വിവാദമായിട്ടുണ്ട്. കോണ്‍ഗ്രസ് മുഖപത്രം ഇദ്ദേഹത്തെ കേരള തൊഗാഡിയ എന്ന് വിളിച്ചുകളഞ്ഞു.
എഴുതിക്കൊടുക്കാത്ത ഡയലോഗുകള്‍ ഉരുവിടാന്‍ അദ്ദേഹം പഠിച്ചുവരുന്നേയുള്ളൂ. എഴുതിക്കൊടുത്തത് പഠിച്ച് പറയുമ്പോള്‍ത്തന്നെ തെറ്റും. അതിനേക്കാള്‍ ബുദ്ധിമുട്ടുള്ള പണിയാണ് ഇത്. മുഖ്യമന്ത്രി വിവരക്കേട് വിളിച്ചുപറയരുത് എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞതിനാണ് ഇവിടെ കുറച്ചുനാള്‍മുമ്പ് ബഹളമുണ്ടായത്. താനിവിടെ ഉള്ളപ്പോള്‍ എന്തിന് മുഖ്യമന്ത്രിയും അത് ചെയ്യണം? ആഴ്ചയില്‍ ഒന്ന് എന്നനിരക്കില്‍ വിവാദമുണ്ടാക്കിയാല്‍ കേന്ദ്രമന്ത്രിയോ മറ്റോ ആക്കിക്കൂടായ്കയില്ല. വിവാദക്കാര്‍ക്കാണ് അവിടെ ഡിമാന്‍ഡ്. ശ്രമിച്ചുനോക്കട്ടെ.
****
കോഴിക്കോട്ടെ 'ഗുരു' നാമത്തിലുള്ള കോളേജില്‍ ഗുരുക്കന്മാരെ അപമാനിക്കുന്നത് നിസ്സാരസംഭവം മാത്രം. ആര്‍ഷഭാരത സംസ്‌കാരക്കാരും വിപ്ലവകാരികളും തമ്മിലുള്ള നിരന്തര വര്‍ഗധര്‍മ യുദ്ധത്തില്‍ ബാക്കിയുള്ളവര്‍ ജീവനുംകൊണ്ട് ഓടുകയേ രക്ഷയുള്ളൂ. ഗുരുക്കന്മാര്‍ക്ക് അതിനും നിവൃത്തിയില്ല. അനുഭവിക്കുകതന്നെ.
നാളുകള്‍ക്കുമുമ്പ് അതിക്രമം പാരമ്യത്തിലെത്തി. ഗുരുനാഥയുടെ വീട്ടില്‍ രാത്രി മോഷ്ടാക്കളെപ്പോലെ ചെന്ന് പെട്രോളൊഴിച്ച് കാര്‍ കത്തിച്ചു. പോലീസ് അന്വേഷണത്തില്‍ പിടിക്കപ്പെട്ടത് നമ്മുടെ ആര്‍ഷഭാരത സംസ്‌കാരക്കാരാണ്. ഗുരുനാഥന്മാരോടുള്ള ബഹുമാനം മൂത്ത് വിദ്യാര്‍ഥിസംഘടനയുടെ പ്രസിഡന്റ്സ്ഥാനംതന്നെ അധ്യാപകര്‍ക്ക് സംവരണംചെയ്യുന്ന സംഘടനയാണിത് എന്നോര്‍ക്കണം. ഇപ്പോഴത്തെ പ്രസിഡന്റ് പ്രൊഫസര്‍ക്ക് കോഴിക്കോട്ട് പ്രൊഫസറെ കൈകാര്യംചെയ്ത രീതി ക്ഷ പിടിക്കും; തീര്‍ച്ച. ഉത്തരേന്ത്യയില്‍നിന്ന് നാം എന്തെല്ലാം ഇറക്കുമതി ചെയ്തിരിക്കുന്നു, ഇനി കുറച്ച് ഗുരുപീഡനംകൂടി ആയിക്കോട്ടെ.

Thursday, 15 January 2015

അതിരില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചാവേറുകള്‍


പാരീസിലെ ചാര്‍ലി ഹെബ്‌ഡോ  ആക്ഷേപ ഹാസ്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ സ്റ്റീഫന്‍ ചാര്‍ബോന്നീര്‍, 2011 ല്‍ പത്രം ഓഫീസ് തകര്‍ക്കപ്പെട്ടപ്പോള്‍ പറഞ്ഞത് 'ഒരു എലിയെപ്പോലെ ഭയന്ന് ജീവിക്കുന്നതിലും ഭേദം മരിക്കുകയാണ്' എന്നാണ്. ഒന്നിനെയും ഭയക്കാതെ ജീവിച്ചു, മരിക്കുകയും ചെയ്തു. ഇതൊരു ധിക്കാരം മാത്രമായി കാണാം.  എന്നാല്‍, അതിനപ്പുറം ഇത്  ഫ്രഞ്ച് സംസ്‌കാരത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമാണ്. നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എല്ലാം മേലെയാണ് മനുഷ്യന്റെ സ്വതന്ത്രചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും എന്ന് ഉറച്ചുവിശ്വസിക്കുകയും അതിനൊത്ത് അപകടകരമായി ജീവിക്കുകയും ചെയ്തവരാണ് ഈ പത്രപ്രവര്‍ത്തകര്‍. പൊതു ധാരണ ചാര്‍ലി ഹെബ്‌ഡോ ഒരു മുസ്ലിം വിരുദ്ധപത്രം ആണ് എന്നതാണ്. പക്ഷേ, പ്രസിദ്ധീകരണത്തിന്റെ മുന്‍ ലക്കങ്ങള്‍ കണ്ടവരാരും അതംഗീകരിക്കില്ല. അതിന്റെ മുഖപേജിലും ഉള്‍പേജുകളിലും പരിഹസിക്കപ്പെടുകയോ ആക്ഷേപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വിശുദ്ധപശുവുമില്ല. പോപ്പിനെകുറിച്ചും ക്രിസ്ത്യന്‍ പാതിരിമാരെകുറിച്ചും കന്യാസ്ത്രീകളെ കുറിച്ചും പ്രസിദ്ധീകരിച്ചിട്ടുള്ള കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും അപ്പുറം തികഞ്ഞ അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നവ ആയിരുന്നു. ഫ്രഞ്ച്  നേതാക്കളെയും പ്രസിഡന്റുമാരെപ്പോലും അവര്‍ നിര്‍ദ്ദയം ആക്രമിച്ചിട്ടുണ്ട്. ലോകം ബഹുമാനിക്കുന്ന പ്രസിഡന്റ് ആയിരുന്ന ഡിഗോള്‍ മരിച്ചുകിടക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട ഹരകിരി മാഗസീനിന്റെ തുടര്‍ച്ചയാണ് ചാര്‍ലി ഹെബ്‌ഡോ. ഫ്രഞ്ച് വിപ്ലവകാലം മുതല്‍ തങ്ങള്‍ ആര്‍ജിച്ചെടുത്ത സ്വാതന്ത്ര്യം ഇതാണെന്ന് അവര്‍ വിശ്വസിക്കുന്നു. മതങ്ങളെയല്ല മതങ്ങളിലെ ഭീകരപ്രവര്‍ത്തക പ്രവണതകളെയും ഫണ്ടമെന്റലിസ്റ്റുകളെയും ആണ് തുറന്നുകാട്ടുന്നത് എന്നവര്‍ അവകാശപ്പെടുന്നു. സെക്കുലര്‍ തീവ്രവാദികള്‍ എന്നുവേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം. 
പ്രവാചകനെ കുറിച്ച് ഡാനിഷ് പത്രം പ്രസിദ്ധപ്പെടുത്തിയ  കാര്‍ട്ടൂണ്‍ ചാര്‍ലി ഹെബ്‌ഡോ പുന:പ്രസിദ്ധപ്പെടുത്തിയതിനെതിരെ രണ്ട് ഫ്രഞ്ച് മുസ്ലിം ഗ്രൂപ്പുകള്‍ കോടതിയെ സമീപിക്കുകയുണ്ടായി. കേസ് കോടതി തള്ളി. -കാര്‍ട്ടൂണുകള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നു. അവ ഇസ്ലാം മതത്തിന് എതിരല്ല. ഫണ്ടമെന്റലിസത്തിനാണ് എതിര് - എന്ന വിധി ചാര്‍ലി ഹെബ്‌ഡോ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചിരിക്കണം. അവര്‍ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രവാചകനെ കാര്‍ട്ടൂണില്‍ ചിത്രീകരിക്കാന്‍ കിട്ടിയ അവസരമൊന്നും പാഴാക്കിയുമില്ല. 2011 ല്‍ ഒരുതവണ ലക്കത്തിന്റെ പേരുതന്നെ 'ചരിയ ഹെബ്‌ഡോ' എന്നാക്കി. ഇത് 'ശരിയ'ത്തിനെ പരിഹസിക്കാനാണ് എന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. ' ചിരിച്ചുമരിക്കാത്തവര്‍ക്ക് 100 അടി നല്‍കുന്നതാണ് ' എന്ന് പ്രവാചകന്‍ പറയുന്നതായാണ് കവറില്‍ ചിത്രീകരിച്ചത്. ഉള്‍പ്പേജുകളിലും പ്രവാചകനെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന്റെ പിറ്റേന്നാണ് പത്രം ഓഫീസ്  തകര്‍ക്കപ്പെട്ടത്. പിന്നെ ഓഫീസ് അകലെയൊരിടത്തേക്ക് മാറ്റി. പോലീസ് കാവലും ഏര്‍പ്പെടുത്തി. പത്രം ആര്‍ക്കും വഴങ്ങില്ല എന്ന് എഡിറ്റര്‍ സ്റ്റീഫന്‍ ചാര്‍ബോന്നീര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. 2012 സപ്തംബറില്‍ ഒരു മുസ്ലിം വിരുദ്ധ അമേരിക്കല്‍ സിനിമയുടെ പേരില്‍ അറബ് നഗരങ്ങളില്‍ പ്രതിഷേധവും അക്രമങ്ങളുമുണ്ടായപ്പോള്‍ പത്രം വീണ്ടും ഇസ്ലാമും പ്രവാചകനും  വിഷയമാക്കി. വളരെ പ്രകോപനപരമായ ഒരു കാര്‍ട്ടൂണ്‍ പുന: പ്രസിദ്ധീകരിക്കപ്പെടും എന്നറിഞ്ഞ് അതില്‍നിന്ന് പിന്തിരിയണമെന്ന് ഫ്രഞ്ച് പോലീസ് അവരോട് ആവശ്യപ്പെട്ടു. ആര്‍ക്കും അത് മുന്‍കൂട്ടി തടയാന്‍ നിയമപരമായി സാധ്യമായിരുന്നില്ല. പ്രതികാരം ഭയന്ന് പലേടത്തും അംബസ്സികളും സ്‌കൂളുകളും അടച്ചിടാനേ ഗവണ്മെന്റിന് കഴിഞ്ഞുള്ളൂ.  അമേരിക്കന്‍ സര്‍ക്കാര്‍തന്നെ പത്രത്തെ പരസ്യമായി വിമര്‍ശിച്ചു. 'പ്രസിദ്ധീകരിക്കാനുള്ള അവകാശത്തെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ആ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിന്റെ ഔചിത്യത്തെ ചോദ്യംചെയ്യുന്നു' എന്നാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്. ഇപ്പോള്‍ ഒടുവില്‍ പത്രം ഓഫീസിലെ  കൂട്ടക്കൊലയ്ക്ക്  ശേഷം  പാശ്ചാത്യപത്രങ്ങള്‍ വിവാദ കാര്‍ട്ടൂണുകള്‍ പുന: പ്രസിദ്ധീകരിക്കണമോ എന്ന കാര്യത്തില്‍ മടിച്ചുനിന്നു. വാഷിങ്ങ്ടണ്‍ പോസ്റ്റ് ആദ്യം  പ്രസിദ്ധകരിച്ചവ പിന്നീട്  വെബ്‌സൈറ്റില്‍ നിന്ന് നീക്കംചെയ്തു. തത്ത്വത്തില്‍, അവ പ്രസിദ്ധീകരിക്കേണ്ടതുതന്നെ എന്നവര്‍ വിശ്വസിക്കുന്നു. കാരണം അവയ്ക്ക് വാര്‍ത്താപ്രാധാന്യം ഉണ്ട്. എന്നാല്‍, വീണ്ടും പ്രകോപനം ഉണ്ടാക്കി എന്ന ആക്ഷേപിക്കപ്പെടരുത് എന്ന് ഓര്‍ത്ത് പ്രസിദ്ധീകരണം ഉപേക്ഷിക്കുയും ചെയ്തു. പ്രവാചകനെ  ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകളോട് വിശ്വാസികള്‍ ഒരു തരത്തിലും സഹിഷ്ണത കാട്ടുകയില്ല എന്ന് സമ്മതിക്കുമ്പോള്‍തന്നെ  പ്രശസ്ത ചിന്തകന്‍ ഫരീദ് സകറിയയെ പോലുള്ള പലരും പ്രവാചകന്റെ ചിത്രം പ്രസിദ്ധപ്പെടുത്തുന്നതിനോടുള്ള അസഹിഷ്ണതയോട് യോജിക്കുന്നില്ല. ഏത് ഖുറാനിക തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനെ എതിര്‍ക്കുന്നത് എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു. ആദ്യത്തെ പത്ത് നൂറ്റാണ്ടുകളോളം ചെയ്തുപോന്നത് ചില കൂട്ടര്‍ തടയുകയാണ് ചെയ്തത് എന്നദ്ദേഹം വിശദീകരിക്കുന്നു. ഇതുമാത്രമല്ല, ദൈവനിന്ദയ്ക്ക് വിശുദ്ധഗ്രന്ഥം വധശിക്ഷയെ എന്തെങ്കിലും ശിക്ഷയോ വിധിക്കുന്നില്ല എന്ന വാദവും ഉയര്‍ത്തുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ഇതെല്ലാം എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. എന്തായാലും അത് വേറൊരു വിഷയമാണ്; മാധ്യമസ്വാതന്ത്ര്യധ്വംസനത്തിന്റെ ചര്‍ച്ചയില്‍ അതുവരുന്നില്ല.  ചാര്‍ലി ഹെഡ്‌ബോ പ്രവര്‍ത്തകരുടെ എഴുത്തും വരയും പരിഹാസവും അമേരിക്ക ഉള്‍പ്പെടെ മിക്ക വികസിത രാജ്യങ്ങളിലെയും നിയമാനുസൃത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നില്ല. 'ഹേറ്റ് സ്പീച്ച്' എന്ന കുറ്റമായാണ് അവര്‍ ഇതിനെ കാണുന്നത്. എത്ര വികസിത  ജനാധിപത്യത്തിലായാലും വിമര്‍ശനത്തിനും പരിഹാസത്തിനും പരിധി ഉണ്ടാവേണ്ടതുണ്ടല്ലോ. ആ പരിധിയുടെ കാര്യത്തില്‍ തീര്‍ച്ചയായും യോജിപ്പുണ്ടാവില്ല. അതത് രാജ്യങ്ങള്‍ അതുസംബന്ധിച്ച നിയമങ്ങളുണ്ടാക്കുകയും എല്ലാ മാധ്യമങ്ങളും അതിന് വഴങ്ങുകയും ചെയ്താല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും. ഇങ്ങനെയെല്ലാം പറയുമ്പോഴും, ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ മാധ്യമ വിരുദ്ധ ആക്രമണമാണ് പാരീസില്‍ നടന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മതശാസനകളും വിശ്വാസങ്ങളും കൂട്ടക്കൊലകളിലൂടെ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്നത് സംസ്‌കാരമുള്ള ആരും അംഗീകരിക്കുകയുമില്ല. ദൈവനിന്ദയെ കൈകാര്യം ചെയ്യാന്‍ ദൈവത്തിന്  കഴിയില്ല, അത് തങ്ങള്‍ തോക്കെടുത്ത് നടത്തേണ്ട കാര്യമാണ് എന്ന നിലപാടുതന്നെയാണ്  ഏറ്റവും വലിയ ദൈവനിന്ദ എന്ന് കരുതുന്നതില്‍ തെറ്റുകാണുന്നില്ല. ഈ കാലത്ത് എഴുത്തിലും വരയിലും വരുന്ന, മതവിരുദ്ധമെന്നുതന്നെ വിളിക്കാവുന്ന കാര്യങ്ങള്‍ക്ക് പാരീസില്‍ നടന്നതുപോലുള്ള പ്രതികാരങ്ങള്‍ ഉദ്ദേശിച്ചതിന് വിപരീതമായ ഫലമല്ലേ ഉണ്ടാക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ചാര്‍ലി ഹെബ്‌ഡോവിന്റെ പേജുകളിലൂടെ വളരെ കുറച്ച് ആളുകള്‍ മാത്രം കണ്ട ആ 'ദൈവനിന്ദാ  കാര്‍ട്ടൂണുകള്‍' കൂട്ടക്കൊലയുടെ ഫലമായി ലോകമെങ്ങുമുള്ള പ്രസിദ്ധീകരണങ്ങള്‍ ദുരുദ്ദേശമൊന്നുമില്ലാതെ  പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. അവരുടെ ഈ ഇനത്തില്‍ പെട്ട എല്ലാ കാര്‍ട്ടൂണുകളും ആര്‍ക്കും കാണാവുന്ന വിധത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.  ഭീകരപ്രവര്‍ത്തനവും കാലഹരണപ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്.

Sunday, 11 January 2015

ശാസ്ത്രത്തിന്റെ ഒരു പോക്ക്‌
ഏഴായിരം വര്‍ഷംമുമ്പ് ഇന്ത്യയില്‍ ഗ്രഹാന്തരയാത്രയ്ക്കുള്ള വിമാനങ്ങളുണ്ടായിരുന്നുവത്രേ. തൊഗാഡിയയോ മറ്റോ ആണ് പറഞ്ഞിരുന്നതെങ്കില്‍ ഇടത്തെ ചെവിയില്‍ക്കൂടി കേട്ട് വലത്തേതിലൂടെ ബഹിര്‍ഗമിപ്പിച്ചുകളയാമായിരുന്നു. പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലായി അപകടംകൂടാതെ വിരമിച്ച ആനന്ദ് ജെ. ബോധാസ് ആണ് രഹസ്യം വെളിപ്പെടുത്തിയത്. ഹസ്തരേഖാശാസ്ത്ര കോണ്‍ഗ്രസ്സിലായിരുന്നു സംഭവമെങ്കിലും സഹിക്കാമായിരുന്നു. ഒറിജിനല്‍ ശാസ്ത്രകോണ്‍ഗ്രസ്സിലാണ് സംഭവം.

വിമാനവും ഗ്രഹാന്തരയാത്രയ്ക്കുള്ള റോക്കറ്റും (വിമാനവും റോക്കറ്റും ചേര്‍ന്ന ഒറ്റവാഹനമായിരുന്നോ എന്ന് ബോധാസ് എന്ന നല്ല ബോധമുള്ള ആ സാര്‍ വിശദീകരിച്ചില്ല) പണ്ടേ ഉണ്ടായിരുന്നുവെന്ന് വിവരവും വിദ്യാഭ്യാസവുമുള്ള ഒരാള്‍ പറഞ്ഞാല്‍ ഉടനെ അയാള്‍ക്ക് വട്ടാണ് എന്ന് പറയുകയല്ല നമ്മള്‍ ചെയ്യേണ്ടത്. അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് അതിന്റെ മറ്റ് സാധ്യതകള്‍ പഠിക്കണം. ഇടയ്ക്ക് പറയട്ടെ, ബോധാസിന്റേത് ഒറിജിനല്‍ കണ്ടുപിടിത്തമല്ല എന്നൊരു വിശദീകരണവും ഉണ്ടായിട്ടുണ്ട്. ഈ ടൈപ്പ് വിമാനങ്ങള്‍ പ്രാചീന ഈജിപ്തിലും തെക്കേ അമേരിക്കയിലും ഉണ്ടായിരുന്നതായി ആ രാജ്യങ്ങളിലെ ചില ബോധാസുകള്‍ അവകാശപ്പെട്ടിരുന്നതായി ചില ലേഖനങ്ങളില്‍ കാണാനുണ്ട്. അതെല്ലാം സീരിയസ്സായി എടുത്ത് ചില ശാസ്ത്ര അജ്ഞന്മാര്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തി ഒക്കെ വെറും ഗുണ്ടുകളാെണന്ന് കണ്ടെത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അത് പോകട്ടെ.

ബോധാസും ഈ ശാസ്ത്രകോണ്‍ഗ്രസ്സിലെ മറ്റുള്ളവരും അടിയന്തരമായി ചെയ്യേണ്ത് ശാസ്ത്രകണ്ടുപിടിത്തങ്ങളുടെ ചരിത്രം പുനര്‍രചിക്കുകയാണ്. സഞ്ചരിക്കാന്‍ വാഹനമോ റോഡോ ആശയവിനിമയത്തിന് ഫോണോ വയര്‍െലസ്സോ ഇല്ലാത്ത ആ പ്രാചീനകാലത്ത് പൈട്ടന്ന് ചിലര്‍ കൂടി വിമാനമുണ്ടാക്കിയങ്ങ് പറപ്പിക്കുകയില്ലല്ലോ. കണ്ടുപിടിത്തങ്ങള്‍ ഇടിത്തീപോലെ വന്നുവീഴുകയല്ല ഉണ്ടാവുക. ഓരോന്നോരോന്നായി കണ്ടുപിടിച്ച് അവിടേക്കെത്തുകയാണ്. സൈക്കിളോ കാറോ ബസ്സോ ട്രെയിനോ ഇല്ലാതെ നേരേ കേറി റോക്കറ്റ് കണ്ടുപിടിക്കുകയാണോ 7000 വര്‍ഷംമുമ്പത്തെ സ്‌റ്റൈല്‍? സാധ്യതയില്ല. ലോകത്തെങ്ങും പറക്കാന്‍വേണ്ടിയാവും വിമാനം ഉണ്ടാക്കിയിരിക്കുക. അപ്പോള്‍ മറ്റിടങ്ങളിലും ഉണ്ടാവണം വിമാനത്താവളങ്ങളും മറ്റും മറ്റും. അവരും നമ്മളോളം വികസിതരായിരിക്കാനാണ് സാധ്യത. വിമാനത്താവളവും റോക്കറ്റ് ലോഞ്ചറും വിവരവിനിമയ സംവിധാനവും ഇല്ലാതെ വിമാനത്തിലെ പൈലറ്റുമാരും യാത്രികരുമുണ്ടാകില്ല. വിമാനസംഹിത എഴുതിയെന്ന് പറയുന്ന മഹര്‍ഷി ഭരദ്വാജ് ഇന്ത്യ എന്നാവില്ല, ഭാരതം എന്നാവും പ്രയോഗിച്ചിരിക്കുക. അന്നത്തെ ലോകത്തിന് ഭാരതം എന്നായിരുന്നു പേരെന്ന് നാളെ ആരെങ്കിലും കണ്ടുപിടിച്ചുകൂടായ്കയില്ല.
ശാസ്ത്രചരിത്രകാരന്മാര്‍ എഴുതിയത് വിശ്വസിച്ചാല്‍ നമ്മള്‍ വിമാനം പറപ്പിച്ച് പിന്നെയും കാലം കഴിഞ്ഞാണ് ഇരുമ്പ് കണ്ടുപിടിച്ചത്, അഞ്ഞൂറുവര്‍ഷമെങ്കിലും കഴിഞ്ഞാണ് ചക്രം കണ്ടെത്തിയത്. കൃഷിചെയ്യാന്‍ തുടങ്ങിയത് അതിനും ശേഷമാണ്. വൈദ്യുതിയുടെ ആദ്യ കണ്ടുപിടിത്തം വിമാനം പറത്തി മൂവായിരം വര്‍ഷം കഴിഞ്ഞാണ്... പടുവങ്കത്തങ്ങള്‍തന്നെ. ഒക്കെ മാറ്റണം. വിമാനം കണ്ടുപിടിക്കുന്നതിന് ഒരായിരം വര്‍ഷംമുമ്പ് ടെലിഫോണും ഇന്റര്‍നെറ്റും ടെലിവിഷനും മറ്റും മറ്റും നാം കണ്ടുപിടിച്ചിരിക്കാം. അതെപ്പോഴെല്ലാം ആയിരുന്നു എന്ന് കണ്ടുപിടിച്ച് റെക്കോഡാക്കുകയാണ് ഇനി നമ്മുടെ പണി. നമ്മുടെ അയല്‍വാസിശത്രുവിനെ അവഗണിച്ചുകളയരുത്. ഈ വിഷയത്തില്‍ അവര്‍ ഒട്ടും മോശമല്ല. ജിന്നുകള്‍ അനന്തമായ ഊര്‍ജത്തിന്റെ സ്രോതസ്സുകളാണെന്ന് ഒരു പാകിസ്താന്‍ ശാസ്ത്ര അജ്ഞന്‍ എഴുതിയതായി വായിച്ചു. നമ്മുടെ പാരമ്പര്യേതര ഊര്‍ജമന്ത്രാലയം ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ടോ എന്തോ...
ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ചില വിദ്വാന്മാരെ ചില രാജ്യത്തെ വിശ്വാസക്കമ്മിറ്റിക്കാര്‍ തല്ലിക്കൊന്നതായി രേഖയുണ്ട്. നമ്മുടെ വിമാനത്തില്‍ കയറ്റി ആ കമ്മിറ്റിക്കാരെ അടുത്ത ഗ്രഹത്തിലേക്ക് ഒരു ട്രിപ്പിന് കൊണ്ടുപോയിരുന്നുവെങ്കില്‍ അവര്‍ക്ക് ഭൂമിയുടെ ആകൃതി കാട്ടിക്കൊടുക്കാമായിരുന്നു. ഇനി പറഞ്ഞിട്ട് ഫലമില്ല.
മനുഷ്യന്റെ ബുദ്ധിയും ചിന്തയും അവന്‍ ജീവിക്കുന്ന കാലത്തുതന്നെയെങ്കിലും നിര്‍ത്താന്‍ കഴിയുന്ന വല്ല യന്ത്രവും കണ്ടുപിടിച്ചിരുന്നെങ്കില്‍ ഇന്ന് ഈ പ്രശ്‌നമൊന്നും ഉണ്ടാവുമായിരുന്നില്ല.
                                                       ****
മതത്തിന്റെ പേരില്‍ ആരെന്ത് അക്രമം ചെയ്താലും ന്യായീകരിക്കുന്നവരെയും മതഭ്രാന്തന്മാര്‍ എന്ന് വിളിക്കാം. ഒന്നുമറിയാത്ത നൂറുകണക്കിന് കൊച്ചുമക്കളെ വെടിവെച്ചുവീഴ്ത്തി സ്വയം വെടിവെച്ച് മരിച്ചവര്‍ വിചാരിച്ചിരിക്കും അവര്‍ നേരേ സ്വര്‍ഗത്തില്‍ പോവുമെന്ന്. ഇവരേക്കാള്‍ നിഷ്ഠുരനായ ഒരു ഭീകരനാണ് ദൈവം എന്നാവും ഈ അധമജീവികളുടെ സങ്കല്പം. പെഷവാര്‍ കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ ഇവിടെ ആളുണ്ടായി. പോകട്ടെ, ഫെയ്‌സ്ബുക്കില്‍ കേറാന്‍മാത്രം നിലവാരം പുലര്‍ത്തുന്ന മതഭ്രാന്തന്മാരാണ്; സഹിക്കാം. ഇപ്പോഴിതാ, പാരീസില്‍ മാധ്യമസ്ഥാപനത്തില്‍ നടന്ന ക്രൂരമായ കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ മാത്രമല്ല, കൊലയാളികള്‍ക്ക് പാരിതോഷികം നല്‍കാനും തയ്യാറായി രംഗത്തുവന്നിരിക്കുന്നു. പാരീസ് കൊലയാളികള്‍ക്ക് 51 കോടി രൂപ പ്രഖ്യാപിച്ചത് ലഷ്‌കര്‍ തൊയ്ബക്കാരനല്ല. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതാവാണ്. സംഗതി ഗൗരവമുള്ളതാണ്. ഇത് ഇയാളുടെ ആദ്യത്തെ ഭ്രാന്തുപ്രദര്‍ശനമല്ല. നേരത്തേ കാര്‍ട്ടൂണിസ്റ്റിനെ കൊല്ലാനും 51 കോടി പ്രഖ്യാപിച്ചിരുന്നു ഇയാള്‍. എന്നിട്ടും പാര്‍ട്ടി നേതാവായി തുടരുന്നു. മഹാനായ അംബേദ്കറുടെ പേര് മുട്ടിനുമുട്ടിന് ഉരുവിടുന്ന പാര്‍ട്ടിയാണ് ബി.എസ്.പി. ലോകത്തിലെ ഏറ്റവും അഹിംസാത്മക മതങ്ങളിലൊന്നായ ബുദ്ധമതം സ്വീകരിച്ച അംബേദ്കറെ പിന്തുടരുന്നവരുടെ പാര്‍ട്ടിയിലെ നേതാവാണ് കൂട്ടക്കൊലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
ഇല്ല. ഇയാള്‍ പാരീസില്‍ കൂട്ടക്കൊലയില്‍ പങ്കെടുത്ത് തിരിച്ചുവന്നാല്‍പോലും ഈ കക്ഷി അക്രമിയെ തള്ളിപ്പറയില്ല. കാരണം, ഈ മഹാന്റെ നിയന്ത്രണത്തില്‍ വലിയൊരു വോട്ടുബാങ്കുണ്ട്. വോട്ടുബാങ്ക് കൈവശമുണ്ടെങ്കില്‍ എന്തും ചെയ്യാം. കൂട്ടക്കൊലകള്‍ക്കെതിരെപ്പോലും ഇപ്പോള്‍ മിണ്ടാട്ടമില്ലാതാകുന്നുണ്ട്. വോട്ടുബാങ്ക് മാനേജര്‍മാര്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ? യുദ്ധമാണ് സമാധാനം, അടിമത്തമാണ് സ്വാതന്ത്ര്യം, അജ്ഞതയാണ് കരുത്ത് ഇത്രയേ ജോര്‍ജ് ഓര്‍വല്‍ പറഞ്ഞിട്ടുള്ളൂ. കൂട്ടക്കൊലയാണ് ദൈവവിശ്വസം എന്നുകൂടി ചേര്‍ക്കാം.
                                                            ****
കൂട്ടയോട്ടത്തിന്റെ സൈക്കോളജി എന്താെണന്ന് പിടികിട്ടുന്നില്ല. അടുത്തകാലത്ത് തുടങ്ങിയതാണ് ഈ അസുഖം. വെറുതേ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാമെന്നതിനപ്പുറം വലിയ പ്രയോജനമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാലും സാരമില്ല ഓടട്ടെ, വേറെ വലിയ ഉപദ്രവമൊന്നുമില്ലല്ലോ എന്ന് വിചാരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ സംഭവം പരിധി ലംഘിച്ചിരിക്കുന്നു.
കൂട്ടയോട്ടം വലിയ ചെലവൊന്നുമില്ലാത്ത ഏര്‍പ്പാടാണെന്നായിരുന്നല്ലോ വിചാരിച്ചിരുന്നത്. ഏറിവന്നാല്‍, ഓടിത്തളരുന്നവര്‍ക്ക് ഒരു സോഡയോ നാരങ്ങാവെള്ളമോ കൊടുക്കണം. തീര്‍ന്നു, വേറെ ബാധ്യതകളില്ല. അത് നമ്മുടെ തെറ്റുധാരണ. വലിയ ചെലവുള്ള ഏര്‍പ്പാടാണിത് എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. പത്തുകോടി രൂപയാണ് ദേശീയ ഗെയിംസിന്റെ കൂട്ടയോട്ടത്തിന്റെ തുക. മുഖ്യചടങ്ങുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ കാശില്ലെന്ന് പറയുന്നതിനിടെയാണ് ഈ ഓട്ടം. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറഞ്ഞതുപോലെ, കൂട്ടയോട്ടം ടെന്‍ഡര്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ ഇവന്റ് മാനേജര്‍മാര്‍ക്ക് കിട്ടിയതോടെ മറ്റ് മാധ്യമങ്ങള്‍ അങ്ങനെയൊന്ന് നാട്ടില്‍ നടക്കുന്നതിന്റെ ലക്ഷണംതന്നെ കണ്ടതായി നടിക്കുന്നില്ലത്രെ. അല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന മാനേജര്‍മാര്‍ക്ക് കോമണ്‍സെന്‍സ് കാണില്ല. ഓരോ ജില്ല ഓരോ മാധ്യമത്തിന് നറുക്കിട്ട് കൊടുത്തിരുന്നെങ്കില്‍ സംഗതി പൊടിപൊടിച്ചേനെ. ആര്‍ക്കും പരിഭവവും ഉണ്ടാകില്ല. ഇനി രക്ഷപ്പെടാന്‍ ഒരു വഴിയേ ഉള്ളൂ. ഗെയിംസിന് മുമ്പുള്ള റിപ്പോര്‍ട്ടിങ്ങിനും ഗെയിംസ് റിപ്പോര്‍ട്ടിങ്ങിനും ഓരോ കിടിലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സഹകരിക്കുന്നവര്‍ക്ക് കൊടുത്താല്‍ മതി. ഓ, അതിലൊന്നും പ്രശ്‌നമില്ലെന്നേ... യുവജനോത്സവത്തിനുപോലും ഇപ്പോഴിത് പതിവായല്ലോ. പിന്നെയെന്താ പ്രശ്‌നം?
nprindran@gmail.com

Wednesday, 7 January 2015

ഇല്ലാത്ത നക്‌സലിസം അന്ന് : ഇല്ലാത്ത മാവോയിസം ഇന്ന്

ഇന്ന് മാവോയും ഇല്ല മാവോയിസവും ഇല്ല. ആ ബ്രാന്‍ഡ് ചിലര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നുമാത്രം.മാവോയിസത്തിന്റെ കേരളത്തിലേക്കുള്ള വരവറിയിച്ചുകൊണ്ട് ചില്ലറ വെടിയും പുകയും അവിടെയും ഇവിടെയും ഉയരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ഉണ്ടായി കണ്ണൂരില്‍ ആക്രമണം. പക്ഷേ,  മാധ്യമങ്ങള്‍ക്ക് പൊലിപ്പിക്കാന്‍ പാകത്തില്‍ പോലും അവ ശ്രദ്ധേയമല്ല. കൊട്ടിഘോഷിച്ച് രാജകീയമായി വേണം വരാന്‍ എന്നല്ല പറയുന്നത്. പൊലീസും രഹസ്യാന്യേഷണവിഭാഗക്കാരും ഇവരെക്കുറിച്ച് ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രതിച്ഛായ ഇതൊന്നുമല്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഇത് ശരിയായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ തന്നെയാണോ? ഛത്തീസ്ഗഡിലും മറ്റും ചോരപ്പുഴയൊഴുക്കുന്ന മാവോയിസ്റ്റ് പാതക്കാര്‍ തന്നെയാണോ ഇവര്‍?  മറ്റെന്തോ ഉദ്ദേശ്യത്തോടെ ആരോ നടത്തുന്ന വ്യാജ ആക്രമണങ്ങളാണോ ഇവിടത്തേത്?  ജനങ്ങളില്‍ സംശയം പെരുകുന്നുണ്ട്.

മാവോയിസ്റ്റ് ആക്രമണം എന്ന് കേള്‍ക്കുമ്പോഴെല്ലാം കേരളീയര്‍ പഴയ നക്‌സലൈറ്റ് ആക്രമണങ്ങള്‍ ഓര്‍ക്കും. അത് പറഞ്ഞാല്‍ ഉടനെ അടുത്ത ചോദ്യം ഉയരും. മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം?   അതവിടെ നില്‍ക്കട്ടെ. പഴയ നക്‌സല്‍ ആക്രമണങ്ങള്‍ കേരളീയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഒരു കാലത്ത് വസന്തത്തിന്റ ഇടിമുഴക്കങ്ങള്‍ ആയിരുന്നു. ആളനക്കം കുറഞ്ഞ ക്വാറിയോ ഏതെങ്കിലും പീടികയോ ആക്രമിച്ചുകൊണ്ടല്ല അവര്‍  തുടങ്ങിയത്. ആദ്യം കൈവെച്ചത് പോലീസ് സ്‌റ്റേഷന് മേലാണ്. 1968 നവംബര്‍ 21 ന് രാത്രി തലശ്ശേരിയിലെ പോലീസ് സ്‌റ്റേഷന്‍ ആണ് ആക്രമിച്ചത്. എ.കെ.47 തോക്കുകള്‍ കൊണ്ടോ ബോംബുകള്‍ കൊണ്ടോ ആയിരുന്നില്ല അത്. കുന്തങ്ങളും ഏറുപടക്കങ്ങളും ആസിഡ് ബള്‍ബുകളേ കൈവശമുണ്ടായിരുന്നുള്ളൂ. റോഡില്‍ ഉറങ്ങിക്കിടന്ന പശുക്കള്‍ പരക്കം പായുന്ന ശബ്ദം കേട്ട്, തിരിച്ചടിക്കാന്‍ വരുന്ന പോലീസ് സേനയുടെ ബൂട്ടുകളുടെ ഇരമ്പമാണെന്ന് സംശയിച്ച് ആക്രമണകാരികള്‍ പലായനം ചെയ്തുവെന്നത് പില്‍ക്കാലത്ത് കേട്ട കഥ. തലശ്ശേരി  ആക്രമണം നടക്കുമ്പോള്‍ നക്‌സലൈറ്റുകളും മറ്റൊരു സംഘം വയനാട്ടിലെ പുല്‍പ്പള്ളിയെ ലക്ഷ്യമിട്ട് നീങ്ങുന്നുണ്ടായിരുന്നു. പിന്നീട് ആ സ്‌റ്റേഷന്‍  ആക്രമിച്ചതും പോലീസുകാരന്‍ മരിച്ചതും  നക്‌സലൈറ്റ് പ്രവര്‍ത്തനത്തിലൂടെ ജനനായകനായ വര്‍ഗീസിന്റെ കൊലയുമെല്ലാം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞതാണ്. പത്ത് വര്‍ഷത്തോളം നീണ്ടുനിന്നു  ആ പ്രതിഭാസം. 1977 ല്‍ അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിനും രാജന്‍ വധത്തിനും ശേഷം ശ്രദ്ധേയമായ നക്‌സലൈറ്റ് വാര്‍ത്തകള്‍ ഉണ്ടായിട്ടില്ല.

അറുപതുകളുടെ അവസാനം കേരളത്തിലേക്ക് നക്‌സലിസം എത്തിയത് ബംഗാളില്‍ നിന്നാണ്. ചൈനയില്‍ 1966 ല്‍ മാവോ സെ തൂങ്ങ് തുടക്കമിട്ട സ്‌കാരികവിപ്ലവം മാര്‍ക്‌സിസത്തിന്റെ പതിവ് അജന്‍ഡകളില്‍ ഒതുങ്ങുന്നതായിരുന്നില്ല. മാവോ ചിന്ത ഉണ്ടാക്കിയതായി പ്രചരിപ്പിക്കപ്പെട്ട അസാധാരണമായ വിപഌങ്ങളുടെ പേരില്‍ ഇന്ത്യയിലും മാവോവിന് വലിയ പിന്‍ബലമുണ്ടായി. 'ചൈനയില്‍ വന്ന വമ്പിച്ച  മാറ്റങ്ങള്‍ എന്നെ രോമാഞ്ചം കൊള്ളിച്ചു. തൊഴിലില്ലായ്മക്കും പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായി മാത്രമല്ല, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരായിക്കൂടി മാവോ സെ തൂങ്ങ് എന്ന മഹാനായ  ചരിത്രപുരുഷന്റെ നേതൃത്വത്തില്‍ സമരംചെയ്ത് ആത്മാവിനെപ്പോലും ഇളക്കിമറിക്കുന്ന ഫലങ്ങള്‍ നേടിയെടുത്ത ഈ ജനതയുടെ വിജയങ്ങള്‍ എന്റെയും കണ്ണുതുറപ്പിച്ചു. അതിന്റെയെല്ലാം മീതെയായി, ഭരണത്തിലിരിക്കുന്ന ഉന്നത സ്ഥാനത്തുള്ള വ്യക്തികളെപ്പോലും ചോദ്യം ചെയ്യാവുന്ന തരത്തില്‍ അസാധാരണ  ധീരത  വളര്‍ത്തിയെടുക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ തൊഴിലാളി വര്‍ഗ സാംസ്‌കാരിക വിപ്ലവം മറ്റേത് രാജ്യത്താണ് നടന്നിട്ടുള്ളത്.? ഇതല്ലേ യഥാര്‍ത്ഥ ജനാധിപത്യം? .... 'അന്നത്തെ വിപ്ലവകാരി അജിത ഓര്‍മക്കുറിപ്പുകളില്‍ ആ കാലത്തിന്റെ വികാരം ഇങ്ങനെ വരച്ചുകാട്ടുന്നുണ്ട്. മരണം പോലും പുല്ലാക്കി കുറെ പേര്‍ വിപ്ലവാഗ്‌നിയിലേക്ക് എടുത്തുചാടിയതില്‍ അത്ഭുതമില്ല.

പ.ബംഗാളിലും കേരളത്തിലും പ്രബലമായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഇതിന്റെ വില നല്‍കിയത്. നക്‌സല്‍ബാരി എന്ന ബംഗാള്‍ ഗ്രാമത്തില്‍ കൊളുത്തിയ തീ കുറെ കാലം കത്തിനിന്നു. കേരളത്തില്‍ മുസ്ലിംലീഗിന്റെയും മറ്റ് പല ഈര്‍ക്കിള്‍ പാര്‍ട്ടികളുടെയുമെല്ലാം സഹായത്തോടെ 1967 മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് നല്ലൊരു ഭാഗം മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇരുപതിനായിരത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന  ഗണേശ്  ബീഡി കമ്പനി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതുണ്ടാക്കിയ അമര്‍ഷം നക്‌സല്‍ പ്രസ്ഥാനത്തിന് കരുത്തേകി. വയനാട്ടിലെ ആദിവാസികള്‍ ഇന്നത്തെ അതേ ദയനീയ അവസ്ഥയിലായിരുന്നു, ജന്മിമാര്‍ക്കെതിരെ രോഷം അമര്‍ഷം ശക്തമായിരുന്നു. നാട്ടിലെങ്ങും തൊഴിലില്ലായ്മയും സാമ്പത്തികപ്രശ്‌നങ്ങളും കെടുതി വിതച്ചിരുന്നു. എല്ലാം കൂടിച്ചേര്‍ന്നാണ് അന്നത്തെ നക്‌സലിസത്തിനുള്ള വളക്കൂറുള്ള മണ്ണൊരുക്കിയത്. സി.പി.ഐ.എം ഘടകങ്ങള്‍ പലേടത്തും പിളര്‍ന്നു. ഒരു പാട് ചെറുപ്പക്കാര്‍, സജീവ പ്രവര്‍ത്തകര്‍,  സാംസ്‌കാരികപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍... ഇവരെല്ലാം പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തി. സി.പി.ഐ.എം അനുകൂല വിദ്യാര്‍ത്ഥി സംഘടനയില്‍ പാര്‍ട്ടി ഘടകം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ  തോല്‍പ്പിച്ച് സംസ്ഥാന ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് എം. പ്രസാദാണ് അധികം വൈകാതെ നക്‌സലൈറ്റുകള്‍ക്കൊപ്പം ഇറങ്ങിത്തിരിച്ചത് എന്നോര്‍ക്കണം. നക്‌സലൈറ്റ് ഭാഷയില്‍ പറഞ്ഞാല്‍ 'കേരളത്തില്‍ എങ്ങും ഉണങ്ങിയ പുല്‍പാടങ്ങളാണ് ഉണ്ടായിരുന്നത്. ഒരു തീപ്പൊരി മതിയായിരുന്നു എല്ലാം കത്തിയമരാന്‍'. തലശ്ശേരിയില്‍ തീപ്പൊരി ചിതറിനോക്കി, പുല്‍പ്പള്ളിയില്‍ നോക്കി, പലേടത്തും നോക്കി. തീമാത്രം ഉയര്‍ന്നില്ല. ആ സ്വപ്‌നം അങ്ങനെ കെട്ടടങ്ങി.

സ്വപ്‌നങ്ങള്‍ക്ക് യുക്തി വേണമെന്നില്ല. അധുനിക  ചൈന മാവോ സെ തൂങ്ങിനെ പ്രതിമവല്‍ക്കരിച്ച് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും മാവോയിസം കുഴിച്ചുമൂടിക്കഴിഞ്ഞു. അവരിപ്പോള്‍ എങ്ങേയ്ക്കും വിപ്ലവം കയറ്റുമതി  ചെയ്യുന്നില്ല. ലോകമുതലാളിത്തത്തിന് പോലും ഒട്ടും വിരോധമില്ലാത്ത ഒരു സാമ്പത്തിക വ്യവസ്ഥയിലൂടെ നേടിയ ഭൗതിക പുരോഗതി കാട്ടിത്തരാന്‍ ഇടതുവലതുവ്യത്യാസമില്ലാതെ പാര്‍ട്ടിക്കാരെ  ക്ഷണിച്ചുകൊണ്ടുപോവാറുണ്ടെന്നല്ലാതെ കമ്യൂണിസ്റ്റ്  പാര്‍ട്ടിക്കാര്‍ക്ക് ചൈനയില്‍ സ്‌പെഷല്‍ സീറ്റൊന്നുമില്ല ഇപ്പോള്‍.  ഇവിടെ നിന്നാരും സൈദ്ധാന്തികപ്രത്യയാശാസ്ത്ര ചോദ്യങ്ങള്‍ക്ക് മറുപടി തേടിയോ സംശയം തീര്‍ക്കാനോ അങ്ങോട്ടുപോകാറില്ല. 'ചൈനയ്ക്ക് മേല്‍ ചുവന്ന താര'ത്തിന്റെ പൊലിമ കാണാന്‍ ഇപ്പോള്‍ ഒരു എഡ്ഗര്‍ സ്‌നോവും ചെല്ലാറില്ല. ഇന്ത്യയിലല്ലാതെ ലോകത്തൊരു രാജ്യത്തും ഇപ്പോള്‍ മാവോയിസ്റ്റ് ലേബള്‍ ബ്രാക്കറ്റിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുമില്ല.

ഇത്തരമൊരു വിചിത്രകാലത്താണ് കേരളത്തിലേക്ക് മാവോയിസ്റ്റുകള്‍ കടന്നുവരുന്നതായി നാം കേള്‍ക്കുന്നത്. തീര്‍ച്ചയായും മാവോയിസം ഗ്രസിച്ച പല സംസ്ഥാനങ്ങളിലും അതിനെ ന്യായീകരിക്കുന്ന ദാരിദ്ര്യവും ചൂഷണവും യാതനയും ജനങ്ങളില്‍ ഉണ്ട്. അതിനെ നേരിടുന്നതിനുള്ള രാഷ്ട്രീയ ബദലുകള്‍ ഇല്ലാത്തതിന്റെ ശൂന്യതയുമുണ്ട്. കേരളത്തില്‍ അതെത്രത്തോളം ഉണ്ടെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷേ, നമ്മുടെ സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു ആയുധമേ അല്ല മാവോയിസം എന്ന് അറിയാത്തവരല്ല മാവോയിസ്റ്റുകള്‍ പോലും. പക്ഷേ, എല്ലായിനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അതിന്റേതായ ന്യായീകരണങ്ങളും അത് സൃഷ്ടിക്കുന്ന സൗകര്യങ്ങളുമുണ്ട്. ലോകത്തെങ്ങും അതങ്ങനെയാണ്.

നവംബര്‍ അവസാനമാണ് സി.ആര്‍.പി.എഫ് കേന്ദ്ര ഡയറക്റ്റര്‍ ജനറല്‍ ദിലീപ് ദ്വിവേദി സേവനത്തില്‍നിന്ന് വിരമിച്ചത്. പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്ന ദ്വിവേദി  മാധ്യമപ്രവര്‍ത്തകരോട് വളരെ ശ്രദ്ധേയമായ ഒരു കാര്യം  പറഞ്ഞു. 'ചില സ്ഥാനങ്ങള്‍ക്ക് മാവോയിസ്റ്റ് പ്രശ്‌നം കത്തിനില്‍ക്കണമെന്നുതന്നെയാണ് ആഗ്രഹം.  കാരണം അതുണ്ടെങ്കില്‍ അവര്‍ക്ക് വന്‍തുക കേന്ദ്രസഹായമായി ലഭിക്കും.'  നവംബര്‍ 28 ന് ദി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ദ്വിവേദി ശ്രദ്ധേയമായ ഒരു കാര്യം കൂടി  പറയുകയുണ്ടായി  'മാവോയിസ്റ്റുകളെ നേരിടാന്‍ എ.എഫ.എസ്.പി. എ പോലുള്ള കര്‍ക്കശ നിയമങ്ങളെയൊന്നും ആവശ്യമില്ല. അതിന് സി.ആര്‍.പി.സി തന്നെ ധാരാളം'. കേരളത്തില്‍ മാവോയിസത്തെ നേരിടാന്‍  തോക്ക് തിരയുന്ന മേധാവികള്‍ ഈ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യം അവശേഷിക്കുന്നു. വലിയ വ്യത്യാസമൊന്നും ഇല്ല. പഴയ നക്‌സലൈറ്റുകളാണ് യഥാര്‍ത്ഥത്തില്‍ ശരിയായ മാവോയിസ്റ്റുകള്‍. അന്ന് ചൈനയില്‍ മാവോ ഉണ്ട്. മാവോയിസവും ഉണ്ട്. അന്ന് പക്ഷേ, നമ്മള്‍ അവരെ നക്‌സലൈറ്റുകള്‍ എന്ന് വിളിച്ചു. വിളിപ്പിച്ചത് മാധ്യമങ്ങളാണ്. അവരുടെ  പാര്‍ട്ടികള്‍ക്ക് മാര്‍ക്‌സിസ്റ്റലെനിനിസ്റ്റ് എന്ന പേരേ ബ്രാക്കറ്റില്‍ ഉണ്ടായിരുന്നുള്ളൂ. ആ സംഘടനകള്‍ മാവോയിസം മടുത്ത് ഉപേക്ഷിച്ചുകഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ ചിലര്‍ അതുമായി ഇറങ്ങിയിരിക്കുന്നത്. ഇന്ന് മാവോയും ഇല്ല മാവോയിസവും ഇല്ല. ആ ബ്രാന്‍ഡ് ചിലര്‍ ഉപയോഗി
ക്കാന്‍ ശ്രമിക്കുന്നുവെന്നുമാത്രം.
.Sunday, 4 January 2015

ആലപ്പുഴ റൈച്ച്സ്റ്റാഗ്‌

പാര്‍ട്ടി ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു. ന്യായം നോക്കിയേ ഇപ്പോള്‍ പോലീസിനെപ്പോലും വിമര്‍ശിക്കൂ. പാര്‍ട്ടിക്കാരുടെ പേരില്‍ കേസെടുത്താല്‍ പണ്ടായിരുന്നെങ്കില്‍ എന്താണ്   സംഭവിക്കുക? പോലീസിന്റെ കഥ കഴിക്കും. ഇപ്പോഴതല്ല ലൈന്‍കമ്യൂണിസ്റ്റുകാര്‍ വഴിയില്‍ കാണുന്നവരെപ്പോലും സഖാവേ എന്നുവിളിക്കുമെങ്കിലും സഖാവ് എന്നുമാത്രം പറഞ്ഞാല്‍ ഒരാളേയുള്ളൂ. അത് സഖാവ് കൃഷ്ണപിള്ളയാണ്. ആ സഖാവിന്റെ സ്മാരകമാണ് സഖാക്കള്‍ കത്തിച്ചതായി സഖാക്കള്‍തന്നെ പറയുന്നത്. എന്തൊരു കലികാലമാണിത്. കാക്കത്തൊള്ളായിരം സ്മാരകങ്ങള്‍ കേരളത്തിലുണ്ട്. ഇത് അത്തരത്തില്‍ ഒന്നല്ല. പി. കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പാമ്പുകടിയേറ്റ് മരിക്കുകയുംചെയ്ത വീടാണ് സ്മാരകമാക്കിയത്. അവിടെ പായയില്‍ കിടന്ന് 'വിമര്‍ശനമുണ്ട്, സ്വയംവിമര്‍ശനമില്ല' എന്ന തലക്കെട്ടിലൊരു ലേഖനമെഴുതുമ്പോഴാണ് സഖാവിന് പാമ്പുകടിയേറ്റത്. ഇന്നാണെങ്കില്‍ തലവാചകം മാറും. 'വിമര്‍ശനമുണ്ട്, സ്വയം വിമര്‍ശനം എമ്പാടുമുണ്ട്, ഒരു പ്രയോജനവുമില്ല' എന്നാവും.

കേരള കമ്യൂണിസത്തിന്റെ മക്കയും വത്തിക്കാനുമായ ആലപ്പുഴയിലെ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് ആണ് ഈ സ്മാരകം. പാര്‍ട്ടി അറിയാതെ അവിടെ ഒരു കൊതുക് പറക്കില്ല. ഏത് സഖാവാണ് സ്മാരകം കത്തിച്ചത് എന്നുചോദിച്ചാല്‍ പോലീസ് മറുപടി പറയും. എന്തിന് കത്തിച്ചു എന്നുചോദിച്ചാല്‍ പോലീസിനും മറുപടിയില്ല. അവര്‍ വല്ല ജ്യോത്സ്യന്റെയും മേല്‍വിലാസം തന്നേക്കും.
കൃഷ്ണപിള്ളസ്മാരകം തീവെച്ചതിനോട് കിടപിടിക്കുന്ന വല്ല സംഭവവും ചരിത്രത്തിലുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം ഞെട്ടിക്കുന്നതായിരുന്നു. ജര്‍മനിയില്‍ അങ്ങനെയൊരു സംഭവം ഉണ്ടായത്രെ. തീ കൊളുത്തിയത് ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിനാണ്, 1933ല്‍. റൈച്ച്സ്റ്റാഗ് എന്നാണ് അവര്‍ പറയുക. ഹിറ്റ്‌ലര്‍ ചാന്‍സലറായി അധികാരത്തില്‍ വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് ശരിക്കുള്ള ഭൂരിപക്ഷമില്ല. കമ്യൂണിസ്റ്റുകാര്‍ ഹിറ്റ്‌ലറെ താഴെയിറക്കാന്‍ വിപ്ലവം നടത്തുമെന്ന് ഭയന്നിരിക്കുമ്പോഴാണ് തീവെപ്പ് ഉണ്ടായത്. ആര് തീെവച്ചു, എന്തിന് തീവെച്ചു, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിരവധിയുണ്ട്. പക്ഷേ, കൊല്ലം 80 കഴിഞ്ഞിട്ടും സത്യം പിടികിട്ടിയിട്ടില്ല. ഒരു ചങ്ങാതിയെ പിടികൂടി വധശിക്ഷ കൊടുത്തുവെന്നത് ശരി. അതവിടെ ഏറ്റവും എളുപ്പം ചെയ്യാവുന്ന കാര്യമാണ്.
റൈച്ച്സ്റ്റാഗ് സംഭവംകൊണ്ട് ഗുണം കിട്ടിയത് ഹിറ്റ്‌ലര്‍ക്കായിരുന്നു. തീവെപ്പിന്റെ കാരണക്കാരെന്ന് മുദ്രകുത്തി കമ്യൂണിസ്റ്റുകാരെ അടിച്ചൊതുക്കി. പാര്‍ട്ടിയെ നിരോധിച്ച് പാര്‍ലമെന്റില്‍ ഹിറ്റ്‌ലര്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. ലോകത്തെ നാശത്തിന്റെ വക്കത്തെത്തിച്ച പോക്കിന്റെ തുടക്കമായിരുന്നു അന്ന് ആ കെട്ടിടത്തിലുരച്ച തീപ്പെട്ടിക്കോല്. ആലപ്പുഴയില്‍ റൈച്ച്സ്റ്റാഗിനേക്കാള്‍ പവിത്രമായ സ്മാരകം കത്തിച്ചതിന്റെ പിന്നില്‍ ഏതുതരം ഗൂഢാലോചനയാണുള്ളതാവോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അടിമുടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ആരെങ്കിലും ഇറക്കിയ വല്ല നമ്പറുമാണോ? പടച്ചോനറിയാം.
സി.പി.എം. സ്ഥാപകാചാര്യന്റെ സ്മാരകം കത്തിച്ചത് സഖാക്കളല്ല എന്ന അഭിപ്രായമുള്ളത് ഹിറ്റ്‌ലറുടെ കാലം മുതല്‍തന്നെ ഇവിടെ നടപ്പുള്ള വി.എസ്. അച്യുതാനന്ദന് മാത്രമാണ്. റൈച്ച്സ്റ്റാഗ് തീവെപ്പിനേക്കാള്‍ പത്തുവര്‍ഷംമുമ്പ് ജനിച്ചതാണ് മൂപ്പര്. സി.പി.എമ്മില്‍ കുഴപ്പമുണ്ടാക്കാന്‍ രമേശ് ചെന്നിത്തല ആസൂത്രണം നടത്തിയതാണോ എന്ന സംശയം സഖാവിനുണ്ട്. രമേശ് മന്ത്രിയായത് തീവെപ്പിന് മൂന്നുമാസം കഴിഞ്ഞാണെന്നുമാത്രം. അത് സാരമില്ല. ഗൂഢാലോചന നടത്താന്‍ മന്ത്രിയാവണമെന്നില്ലല്ലോ. എന്തിനാണ് രമേശ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നിട്ടുണ്ടാവുക? വെറുതേ ഒരു തമാശയ്ക്ക് എന്ന് ഉത്തരം നല്‍കിയാല്‍ പോരല്ലോ. കൃഷ്ണപിള്ള മരിച്ചുവീണ വീട് കത്തിച്ചാല്‍ ഗ്രൂപ്പിസം അവസാനിപ്പിച്ച് സഖാക്കള്‍ ഒന്നിച്ചുനിന്നേക്കുമെന്നാണ് കോണ്‍ഗ്രസ്സുകാര്‍ ഭയപ്പെടേണ്ടത്. മറിച്ചാണ് സംഭവിച്ചത്. പണ്ടത്തെ കാലമല്ല ഇത്.

പാര്‍ട്ടി ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു. ന്യായം നോക്കിയേ ഇപ്പോള്‍ പോലീസിനെപ്പോലും വിമര്‍ശിക്കൂ. പാര്‍ട്ടിക്കാരുടെ പേരില്‍ കേസെടുത്താല്‍ പണ്ടായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുക? പോലീസിന്റെ കഥ കഴിക്കും. ഇപ്പോഴതല്ല ലൈന്‍. പാര്‍ട്ടിക്കാര്‍ കേസില്‍ പ്രതികളായോ എങ്കില്‍ സമാന്തരമായി പാര്‍ട്ടിയും കേസ് അന്വേഷിക്കും. പോലീസിനേക്കാള്‍ കേമമാണ് പാര്‍ട്ടിയുടെ ഡിറ്റക്ടീവ് സംവിധാനം. പോലീസ് അന്വേഷണം കറക്ട് ലൈനിലാണ് പോകുന്നതെങ്കില്‍ പാര്‍ട്ടി അന്വേഷണം നിര്‍ത്തും. കൃഷ്ണപിള്ള മന്ദിരം കേസില്‍ അതാണ് സംഭവിച്ചത്. പോലീസിന്റെ പോക്ക് ശരിയായ ദിശയില്‍ത്തന്നെയെന്ന് പാര്‍ട്ടി സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് ഇഷ്യുചെയ്തിട്ടുണ്ട്. അച്യുതാനന്ദന്റെ ലൈന്‍ വേറെയാണ്. അദ്ദേഹത്തിന് സ്വന്തം െ്രെകംബ്രാഞ്ചുണ്ട്. പിണറായിയുടേത് വെറും ലോക്കല്‍ പോലീസ് അന്വേഷണമാണ്. പോലീസ് പറയുന്നതാണോ പാര്‍ട്ടി വിശ്വസിക്കേണ്ടത് എന്നാണ് അച്യുതാനന്ദന്റെ ന്യായമായ ചോദ്യം. പോലീസ് പറഞ്ഞതെല്ലാം അച്യുതാനന്ദന്‍ വിശ്വസിച്ചത് വേറെകാര്യം. പാര്‍ട്ടിക്കൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പറഞ്ഞതാണോ സത്യമായി ഭവിച്ചത്, പാര്‍ട്ടിക്കാരാണ് കൊല ചെയ്തത് എന്ന് വി.എസ്. പറഞ്ഞതോ? അന്ന് പോലീസ് പറഞ്ഞത് പാര്‍ട്ടി തള്ളി, വി.എസ്. സ്വീകരിച്ചു. ഇന്ന് നേരേ മറിച്ചും. രണ്ടിടത്തും പ്രതിക്കൂട്ടില്‍ പാര്‍ട്ടിതന്നെ.

അന്വേഷണവും വിചാരണയുമൊക്കെ അതിന്റെ വഴിക്ക് നടക്കും. 80 വര്‍ഷം കഴിഞ്ഞിട്ടും റൈച്ച്സ്റ്റാഗ് തീവെപ്പിനെക്കുറിച്ച് പുതിയ വ്യാഖ്യാനങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടാകുന്നുണ്ടല്ലോ. ഹിറ്റ്‌ലര്‍ ഭരിക്കുമ്പോള്‍ അങ്ങേരുടെ ജന്മദിനപ്പാര്‍ട്ടിക്കിടയില്‍ ഹെര്‍മന്‍ ഗോറിങ് എന്ന മുഖ്യശിങ്കിടി തുടയിലടിച്ച് അവകാശപ്പെട്ടു, താനാണ് റൈച്ച്സ്റ്റാഗ് തീവെപ്പിന്റെ ആസൂത്രകന്‍ എന്ന്. യുദ്ധം കഴിഞ്ഞ് ജയിലിലിട്ടപ്പോള്‍ പുള്ളിക്കാരന്‍ അത് നിഷേധിക്കുകയും ചെയ്തു. ഏതെങ്കിലും കൂട്ടര്‍ എതിരാളികളെ കുടുക്കാന്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണംചെയ്യുന്നതിന് ഇപ്പോള്‍ വിളിക്കുന്ന പേരുതന്നെ റൈച്ച്സ്റ്റാഗ് തീവെപ്പ് എന്നായിട്ടുണ്ട്. ആവോ, മാര്‍ക്‌സിസ്റ്റ് ചരിത്രത്തില്‍ സ്വര്‍ണലിപിയിലോ കറുത്ത ടാര്‍ലിപിയിലോ നമ്മുടെ തീവെപ്പിനും സ്ഥാനം ലഭിക്കില്ലെന്ന് ആരുകണ്ടു.

                                                 ****

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍സമരം നടത്തിയത് മുഖ്യമന്ത്രി രാജിവെക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നത്രെ. മാധ്യമ സിന്‍ഡിക്കേറ്റുകാരുടെ കണ്ടെത്തലോ സി.പി.ഐ. സെക്രട്ടറി പന്ന്യന്റെ ആരോപണമോ അല്ല ഇത്. പത്രറിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ജില്ലാസമ്മേളനത്തില്‍ പ്രതിനിധികളോടാണ് സംഗതി പറഞ്ഞത്. ഇതില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലൊന്നുമില്ല; വാര്‍ത്തയുമില്ല. ഇക്കാലത്ത് വിജയിക്കാന്‍വേണ്ടി ആരും സമരം നടത്താറില്ല. കല കലയ്ക്കുവേണ്ടി എന്നും മറ്റും പറയാറുള്ളതുപോലെ സമരം സമരത്തിന് വേണ്ടിത്തന്നെയുള്ള ഒരു ഏര്‍പ്പാടാണ്. ഈ മഞ്ഞുകാലത്തും ആളുകള്‍ പുലര്‍ച്ചെ റോഡരികിലൂടെ തിരക്കിട്ട് നടക്കുന്നത് കണ്ടിട്ടില്ലേ. അവരാരും എങ്ങോട്ടും പോവുകയല്ല. നടപ്പ് നടപ്പിനുവേണ്ടിത്തന്നെയാണ്. ശരീരത്തിന്റെ അകത്ത് കയറിപ്പറ്റിയ ചിലതുകളെ നേരിടുന്നതിനുള്ളതാണ് ഈ പാച്ചില്‍. പാര്‍ട്ടികള്‍ക്ക് സമരവും അങ്ങനെത്തന്നെ. നിരന്തരം സമരം നടത്തിയില്ലെങ്കില്‍ അകത്തെ മേദസ്സും ഊര്‍ജവും പാര്‍ട്ടിക്കെതിരെത്തന്നെ തിരിയും. വിഭാഗീയതയും മറ്റ് പല അനാശാസ്യ പ്രവണതകളും പെരുകും. അതുകൊണ്ട് മുഖ്യമന്ത്രിമാര്‍ അഴിമതി കാണിച്ച് സമരങ്ങള്‍ക്ക് കാരണമുണ്ടാക്കിയേ തീരൂ.

സോളാര്‍ അന്വേഷണക്കമ്മീഷനുമായി നിസ്സഹകരിച്ച് തെളിവുനല്‍കാന്‍പോലും പോകാതിരുന്ന ഒരു കൂട്ടര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാംഘട്ടസമരം തുടങ്ങാന്‍ പോകുന്നതായും വാര്‍ത്തയുണ്ട്. മുഖ്യമന്ത്രിയെയും കമ്മീഷന്‍ വിസ്തരിക്കാന്‍ വിളിച്ചതിനാല്‍ അദ്ദേഹം രാജിവെക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ബി.ജെ.പി.ക്കാര്‍ തെളിവ് നല്‍കിയതുകൊണ്ടാണ് മുഖ്യമന്ത്രിയെ കമ്മീഷന്‍ വിസ്തരിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടിട്ടുണ്ട്. അന്വേഷണക്കമ്മീഷന്‍ വിസ്തരിക്കാന്‍ വിളിച്ചതിന്റെ പേരില്‍ ഇതിനുമുമ്പ് ആരെങ്കിലും രാജിവെച്ചതായി കേട്ടുകേള്‍വിയില്ല. ഇതിലും വലിയ നൂറുകാരണം കിട്ടിയിട്ടും രാജിവെക്കാത്ത മുഖ്യമന്ത്രിയോടാണ് കളി. ഇതിനിടെ മാണിസാറിനെയും രാജിവെപ്പിക്കണം. അല്ല, രാജിവെക്കില്ല എന്നറിഞ്ഞുകൊണ്ട് സമരം നടത്തണം. വല്ലാത്ത പൊല്ലാപ്പുതന്നെ.

nprindran@gmail.com