Thursday, 26 February 2015

പോകുന്ന പോക്കില്‍ കത്തും കുത്തും

സിക്രട്ടറിസ്ഥാനമൊഴിയുകയാണ്.പിണറായി വിജയന് ഇനി വേണമെങ്കില്‍ അഖിലേന്ത്യാ കമ്മിറ്റിയുടെ സിക്രട്ടറിയാകാം. ആര്‍ക്കുവേണം അഖിലേന്ത്യാസിക്രട്ടറിസ്ഥാനം ! മുസ്ലിം ലീഗിലെ പോലെയാണ് സി.പി.എമ്മിലും- അഖിലേന്ത്യയുടെ മുകളിലാണ് കേരളം. പക്ഷേ, വിജയന് ധര്‍മടത്തോ മറ്റോ മത്സരിച്ച് വേണമെങ്കില്‍ പ്രതിപക്ഷനേതാവാകാം. അതുവേണോ എന്ന് ജനം ചോദിച്ചുകളയുമെന്നൊരു പ്രശ്‌നമുണ്ട്. എന്തായാലും ഒന്നര വര്‍ഷം അക്ഷമനായി കാത്തുനില്‍ക്കാന്‍ ആരുടെയും ശീട്ട് വേണ്ടല്ലോ. ഇതൊന്നുമല്ല അച്യുതാനന്ദന്റെ അവസ്ഥ. ഇനിയൊരു യുദ്ധത്തിന് പാങ്ങില്ല. പ്രായപരിധി വ്യവസ്ഥയുണ്ട് പാര്‍ട്ടിയില്‍. ഇനിയും വിരമിച്ചില്ലെങ്കില്‍ പാര്‍ട്ടി നിര്‍ബന്ധ പെന്‍ഷന്‍ പ്രഖ്യാപിച്ചെന്നിരിക്കും. ഒരു ജീവിതം മുഴുവന്‍ പോരടിച്ചു. ഇനി, എല്ലാം ക്ഷമിച്ച് കൈ കൊടുത്തുപിരിയാം എന്നുതോന്നിയോ ? ഇല്ല. വര്‍ഗസമരം  നിര്‍ത്തിവെച്ചാലും അന്ത്യശ്വാസം വരെ ഉള്‍പാര്‍ട്ടി സമരം നിര്‍ത്തിവെക്കില്ല.

പോകുന്ന പോക്കില്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കുത്തി. ഇതോടെ വിജയന്റെ കഥ കഴിയുമെന്ന് വി.എസ്സും വി.എസ്സിന്റെ കഥ കഴിയുമെന്ന് പിണറായിയും ധരിച്ചുകാണും. രണ്ടും ഒന്നിച്ചുകഴിയട്ടെ എന്നാശിക്കുന്നവരും ധാരാളമുണ്ട് പാര്‍ട്ടിയില്‍. ഇപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്- വിഭാഗീയത ഇല്ലാതാക്കാന്‍ മൂന്നുവര്‍ഷമായി പരിശ്രമിച്ച കമ്മിറ്റിയുടെ കാലാവധി കഴിയുന്നത് പ്രമാണിച്ച് വിഭാഗീയതയുടെ കൂട്ടപ്പൊരിച്ചലാണ് സംഘടിപ്പിച്ചത്. ഹായ് എന്തുരസം. സംസ്ഥാനസമ്മേളനത്തിന് പ്രതിനിധികള്‍ എത്തിയത് 'അഭിമാനം' കൊണ്ട് നില്‍ക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയിലാണ്. അമ്പതുകൊല്ലത്തിനിടയില്‍ തല ഇത്ര 'ഉയര്‍ന്ന' സന്ദര്‍ഭമില്ല.

അവസാനത്തെ കൂട്ടപ്പോരിച്ചലിന് തിരികൊളുത്തിയത് ആരാണെന്നത് സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ആരുമാവാം. ആര്‍ക്കാണ് എലിയെ കൊല്ലാന്‍വേണ്ടി ഇല്ലം ചുട്ടുകൂടാത്തത് ? കഴിഞ്ഞതെല്ലാം കഴിഞ്ഞു, എന്തിന് ഇനിയോരോന്നും എണ്ണിപ്പറയണം എന്ന നല്ല മനസ്സോടെ മൂന്നുവര്‍ഷത്തെ വി.എസ്.പുരാണം സംഘടനാറിപ്പോര്‍ട്ടില്‍ ചുരുക്കികൊടുത്താല്‍ മതിയെന്ന് വെക്കാമായിരുന്നു. പോരാ, നീണ്ട കഥയായിത്തന്നെ കൊടുക്കാന്‍ തീരുമാനിച്ചു. റിപ്പോര്‍ട്ടില്‍ മുപ്പത് പേജാണത്രെ അതിന് നീക്കിവച്ചത്.

ഇതിനുള്ള മറുപടി സംഘടനാചര്‍ച്ചയില്‍ പറഞ്ഞ് എല്ലാം അവസാനിപ്പിക്കാം എന്ന് വിചാരിക്കാമായിരുന്നു വി.എസ്സിനും. തനിക്ക് പറ്റില്ലെങ്കില്‍ പറയാന്‍ ആരെയെങ്കിലും ഏല്‍പ്പിക്കാം. അതിന് ബുദ്ധിമുട്ട് കാണും. ആരെങ്കിലും വേണ്ടേ പറയാന്‍  ? ശരി, എഴുതി സമര്‍പ്പിക്കാം, അവിടംകൊണ്ട് തീര്‍ന്നിരുന്നെങ്കില്‍. തനിക്ക് പറയാനുള്ളത് പറഞ്ഞെന്നേ ഉള്ളൂ വി.എസ്, അതില്‍ ബദലും കുടലും ഒന്നുമുണ്ടായിരുന്നില്ല. കനം കിടന്നോട്ടെ എന്ന് വിചാരിച്ച് പത്രക്കാരാണ് അതിന് ബദല്‍ രേഖ എന്ന് പേരിട്ടത്. സംസ്ഥാനകമ്മിറ്റി വായിച്ച് സംഗതി അപ്പടി തള്ളി. അതിന് പതിവുരീതിയനുസരിച്ച് വി.എസ്. കേന്ദ്രകമ്മിറ്റിക്ക് അപ്പീലയച്ചു. അതവിടെ അങ്ങനെ കിടന്നോളുമായിരുന്നു. സമ്മതിച്ചില്ല..

രേഖ ഫുള്‍ ടെക്സ്റ്റ് പത്രത്തിന് ചോര്‍ത്തിക്കൊടുത്തതാരാണ് ? മൂന്ന് സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുണ്ട്. നമ്പര്‍ വണ്‍- അത് വി.എസ്സിന്റെ പതിവ് പരിപാടി തന്നെ. പിണറായിയെ കരിതേച്ചുകാണിക്കാന്‍. വിഭാഗീയത തീര്‍ത്തു എന്ന ക്രഡിറ്റുംകൊണ്ട് താഴെ ഇറങ്ങാതിരിക്കാന്‍. ചന്ദ്രശേഖരന്‍വധക്കേസ്സിന്റെ പാപക്കറ കഴുകിക്കളയാതിരിക്കാന്‍. ഇപ്പോള്‍ പ്രതിപക്ഷനേതാവും പിന്നീട് മുഖ്യമന്ത്രിയുമായിക്കളയാമെന്ന പൂതി പിണറായിക്ക് ഉണ്ടെങ്കില്‍ അതങ്ങ് കരിയിച്ചുകളയാന്‍. നമ്പര്‍ ടു-ഔദ്യോഗിക പക്ഷം തന്നെയാണ് രേഖ ചോര്‍ത്തിയത്. അതിന് പരസ്യമായി മറുപടി പറയാനുള്ള ചാന്‍സ് കിട്ടാന്‍. അത് ചോര്‍ത്തി പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന കുറ്റം ആരോപിച്ച് വി.എസ്സിനെ ഗളഹസ്തം ചെയ്യാന്‍. പാര്‍ട്ടി സമ്മേളനം കെങ്കേമമായി നടക്കുമ്പോള്‍ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ചീത്തപ്പേരുണ്ടാക്കിയതിന് എല്ലാവരും കോറസ്സായി വി.എസ്സിനെ ചീത്ത വിളിപ്പിക്കാന്‍. നമ്പര്‍ ത്രീ- വി.എസ് പക്ഷത്തോ പിണറായി പക്ഷത്തോ അല്ലാത്ത പലരും ഉണ്ട് പാര്‍ട്ടിയില്‍. വി.എസ്.-പിണറായി പോര് മടുത്തിരിക്കുന്നു. ഇങ്ങനെ വല്ലതും ചെയ്താലെങ്കിലും രണ്ടുകൂട്ടരും അടിച്ചുപിരിഞ്ഞ് കളി രണ്ടിലൊന്നാവുന്നെങ്കില്‍ ആവട്ടെ എന്ന് വിചാരിച്ച്. എന്തായാലും ഒരു കാര്യത്തില്‍ ഏകകണ്ഠമാണ് അഭിപ്രായം. പത്രപ്രവര്‍ത്തകര്‍ ഓട് നീക്കി അകത്തുകയറി അലമാര കുത്തിപ്പൊളിച്ചെടുത്തിട്ടല്ല രേഖ പ്രസിദ്ധപ്പെടുത്തിയത്. അച്ചടക്കമുള്ള ഏതോ നേതാവാണ് സംഗതി ചോര്‍ത്തിയത്.

ആകപ്പാടെ നോക്കുമ്പോള്‍ ഉള്ളി തോല് കളഞ്ഞതുപോലെയാണ് സംഘടനാറിപ്പോര്‍ട്ടും ബദലെന്ന് പറയുന്ന സാധനവും. രണ്ടിലും പുതുതായി യാതൊന്നും ഇല്ല. മറുപടി വായിച്ചാലാറിയാമല്ലോ മറ്റേതില്‍ എന്താണ് ഉണ്ടായിരുന്നതെന്ന്. സംസ്ഥാന സിക്രട്ടറിയെ വഴിവിട്ട് ന്യായീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സംഘടനാ റിപ്പോര്‍ട്ട് എന്ന് പറഞ്ഞാണ് വി.എസ് കഷ്ടപ്പെട്ട് മറുകുറി ചമച്ചത്. പിന്നെ, സംസ്ഥാന സിക്രട്ടറിയുടെ കഥ കഴിക്കുന്ന സംഘടനാറിപ്പോര്‍ട്ട് സിക്രട്ടറി തന്നെ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അവതരിപ്പിക്കുമോ ? സ്വയം വിമര്‍ശനം പരിധി കടന്ന് ' ഞാന്‍തന്നെ എല്ലാം കുളമാക്കിയത്' എന്ന് കുമ്പസാരക്കുറിപ്പെഴുതി റിപ്പോര്‍ട്ടില്‍ ചേര്‍ക്കുമോ സിക്രട്ടറി ? തന്റെ കാലഘട്ടം പാര്‍ട്ടിയുടെ ചരിത്രത്തിലെ സുവര്‍ണകാലഘട്ടം ആയിരുന്നു എന്നെഴുതിയിട്ടുണ്ടോ എന്നേ നോക്കേണ്ടൂ. അങ്ങനെയുണ്ടെങ്കില്‍ അച്യുതാനന്ദന് അനുയായികളെ ഇറക്കി സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പിച്ചിച്ചീന്തിയെറിയാമായിരുന്നു. ഓ... അതുപറ്റില്ല. അനുയായി ഇല്ലല്ലോ.

 മൂന്നുകൊല്ലം പറഞ്ഞുകൊണ്ടിരുന്നതിന്റെ സമാഹാരമാണ് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗത്വം കൂടി, സമരങ്ങള്‍ ഗംഭീര വിജയങ്ങളായിരുന്നു....സംഗതിയുടെ ഒരു മാതൃക സിക്രട്ടറി സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പാര്‍ട്ടിപത്രത്തില്‍ പരമ്പരയായി എഴുതിയിട്ടുണ്ട്. എല്ലാം സുഖം സുന്ദരം. ആലപ്പുഴ വിപ്ലവപ്രസ്ഥാനത്തിന്റെ മോസ്‌കോ, പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ അഗ്നികുണ്ഡം.....തുടങ്ങി ആഗോളവല്‍ക്കരണം, അതിവിജയകരമായ സോളാര്‍ സമരം, അതിനേക്കാള്‍ വലിയ വിജയമാകാന്‍ പോകുന്ന കെ.എം.മാണിവിരുദ്ധ സമരം, സാന്ത്വനചികിത്സ, ഉജ്വലഭാവി..... തീര്‍ന്നു. അതുപോലെ തന്നെയാണ് സോ കോള്‍ഡ് ബദല്‍ റിപ്പോര്‍ട്ടും. ഒഞ്ചിയവും ടി.പി.ചന്ദ്രശേഖരനുമുണ്ട്. ജനതാദളും ആര്‍.എസ്.പി.യും പോയതുകൊണ്ട് ഇടതുമുന്നണി ശോഷിച്ചുപോയതില്‍ കണ്ണീരൊഴുക്കിയിട്ടുണ്ട്. മഅദനിയെ പ്രീണിപ്പിക്കാന്‍ വേണ്ടി ശ്രമിച്ച് സി.പി.ഐ.യെ പിണക്കിയതിന്റെ ഫലം പറഞ്ഞിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ മുന്നണിയെത്തന്നെ സിക്രട്ടറി തോല്‍പ്പിച്ചു എന്ന ഒളിച്ചുവെച്ച ആരോപണമുണ്ട്. സിക്രട്ടേറിയറ്റ് വളയാന്‍ പോയിട്ട് പാര്‍ട്ടിയുടെ നെട്ടെല്ല് വളഞ്ഞുപോയതിന്റെ വിവരണമുണ്ട്. തരംതാഴ്ത്തിയ സഖാക്കളുടെ കാര്യം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഇരുട്ടത്ത് കറുത്ത പൂച്ചയെ എന്നപോലെ നിരന്തരം തപ്പിയ ഫാസിസം ഇതാ പാര്‍ട്ടിയില്‍ തന്നെ ഉണ്ടെന്ന കണ്ടെത്തലിലേ അല്പമെങ്കിലും പുതുമ ഉള്ളൂ.

വി.എസ്സിന്റെ വിയോജനക്കുറിപ്പ് പത്രത്തില്‍ വന്നതിന്റെ ക്ഷീണവും ചര്‍ച്ചയും ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് തീരുമായിരുന്നു. ഇതുപോലെ എത്രയെണ്ണം കഴിഞ്ഞ ആറുവര്‍ഷംകൊണ്ട് പോളിറ്റ് ബ്യൂറോവിലേക്കയച്ചതാണ്. പാടില്ല, അങ്ങന കെട്ടടങ്ങരുത് വിഭാഗീയത. വിഭാഗീയത ഇല്ലെങ്കിലും അതിനെകുറിച്ച് ചര്‍ച്ച വേണമെന്ന് നേതൃത്വത്തിനും നിര്‍ബന്ധമാണ്. അതിനാണ് സെക്രട്ടേറിയറ്റ് കൂടിയതും സുദീര്‍ഘപ്രമേയം അംഗീകരിച്ചതും സിക്രട്ടറി തന്നെ പത്രസമ്മേളനം വിളിച്ച് രോഷം തീര്‍ത്തതും. സിക്രട്ടറിയുടെ വിടവാങ്ങലിന് അതോടെ നല്ല ചൂടായി, സമ്മേളനത്തിന് നല്ല അടിയുമായി.

കളി ആലപ്പുഴയോടെ അവസാനിക്കേണ്ടതാണ്. പിണറായിക്ക് പകരം കോടിയേരി വരുമെന്നാണ് പത്രങ്ങള്‍ കവിടി നിരത്തി കണ്ടുപിടിച്ചിട്ടുള്ളത്. ഒട്ടും അത്ഭുതമില്ല. പിണറായിയില്‍ നിന്ന് കോടിയേരിയിലേക്ക് ചുരുങ്ങിയ ദൂരമേ ഉള്ളൂ. പക്ഷേ, ബസ്സില്‍ പോകുന്ന ദൂരമല്ല യഥാര്‍ത്ഥ ദൂരം. രണ്ടാള്‍ രണ്ട് ധ്രുവത്തിലാണ്. എന്തും സംഭവിക്കാം. കോടിയേരി വരുന്നതില്‍ പിണറായിക്കും കാണില്ല, വി.എസ്സിനും കാണില്ല വലിയ സന്തോഷം. ഒരു മുന്‍ ആഭ്യന്തരമന്ത്രി, പാര്‍ട്ടി സിക്രട്ടറിയുമായി തനിക്ക് തുല്യനാകുന്നത് അത്ര നല്ല ലക്ഷണമല്ല. നല്ലൊരു ശത്രു പാര്‍ട്ടി സിക്രട്ടറിസ്ഥാനത്ത് ഇല്ലെങ്കില്‍എങ്ങനെയാണ് വി.എസ്. ശിഷ്ടകാലം മന:സമാധാനത്തോടെ കഴിച്ചുകൂട്ടുക ?മാധ്യമം മാറുമ്പോള്‍ ശിക്ഷ ഇരട്ടിക്കുമോ ?


സന്ദേശം ഒന്നുതന്നെ. പക്ഷേ, സന്ദേശം അയക്കുന്ന മാധ്യമം മാറുമ്പോള്‍ സന്ദേശത്തിന്റെ അര്‍ത്ഥം മാറുന്നു. അങ്ങനെ നടപ്പുണ്ടോ ലോകത്തെവിടെയങ്കിലും ? അറിഞ്ഞുകൂടാ. ഒന്നറിയാം. പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിന്റെ വരവോടെ ഇന്ത്യയില്‍ ഇതാണ് സ്ഥിതി. മാധ്യമം മാറുമ്പോള്‍ അര്‍ത്ഥവും ഗൗരവവും മാറുന്നു. അപകീര്‍ത്തി പത്രത്തിലൂടെ ആണെങ്കില്‍ കാലങ്ങളോളം കേസ് നടത്തിയാലേ തീരുമാനമാകൂ. ഇന്റര്‍നെറ്റിലായാലോ ?  നീതിയും ന്യായവും നോക്കാതെ ഉടന്‍ പിടിച്ച് ജയിലിലടക്കാം കുറ്റാരോപിതനെ.

ഭരണഘടന എല്ലാ പൗരനും ഉറപ്പുകൊടുത്ത അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന അന്യായമായ ഈ അമിതാധികാരപ്രയോഗം പലവട്ടം വിവാദമായി. അനീതിയുടെ ഗൗരവം ബോധ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇത് മാധ്യമപ്രവര്‍ത്തകരെ മാത്രം ബാധിക്കുന്നതല്ല. എന്നിട്ടും, പൊതുസമൂഹത്തില്‍ ചര്‍ച്ച പോലും ഉണ്ടാകുന്നില്ല. പഴയ കാലത്തെ പത്രമാരണ നിയമങ്ങളുടെ കൂടുതല്‍ അപകടകരമായ പതിപ്പായി മാറി പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്.

മുമ്പും ഇന്ത്യയില്‍ പത്രങ്ങളെ, അതുവഴി അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം, അത്തരം നിയമങ്ങളെ പത്രമാരണനിയമം എന്ന് മുദ്രകുത്തി പൗരസമൂഹം ചെറുത്തിട്ടുമുണ്ട്. 1989 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിച്ച മാനഹാനി നിയമം ഒരു ഉദാഹരണം മാത്രം. അന്ന് രാജ്യത്തുണ്ടായ കോളിളക്കം ചെറുതായിരുന്നില്ല. നാനൂറിലേറെ അംഗങ്ങള്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നിട്ടും ബില്‍ പാസ്സാക്കാന്‍ ആയില്ല. ജനരോഷം കാരണം അത് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, 2012 ല്‍ ഡോ.മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ, രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്നതിനേക്കാള്‍ അപകടകരമായ ഒരു വ്യവസ്ഥ ലോക്‌സഭയിലൂടെ ഒളിച്ചുകടത്തി. ഒച്ചയും ബഹളവും ഉണ്ടായില്ല. രാജ്യം അറിഞ്ഞുപോലുമില്ല. പുതിയ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ഉപയോഗിക്കാവുന്ന വ്യവസ്ഥ അതിസമര്‍ത്ഥമായി ഐ.ടി. നിയമത്തില്‍ തുന്നിച്ചേര്‍ത്ത് ഒളിച്ചുകടത്തുകയായിരുന്നു. നിയമം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുപോലുമില്ല.

രാജീവ് ഗാന്ധിയേക്കാള്‍ ബുദ്ധിമാനാണ് ഐ.ടി വകുപ്പ് കൈകാര്യം ചെയ്ത കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്ന് ടെലഗ്രാഫ് പത്രം അന്ന് പരിഹസിക്കുകയുണ്ടായി. കപില്‍ സിബല്‍ നിയമപണ്ഡിതനുമാണല്ലോ. പിന്നീട് പാര്‍ലമെന്റില്‍ വിമര്‍ശനമുണ്ടായപ്പോഴെല്ലാം കപില്‍ സിബല്‍ അതിനെ ന്യായീകരിച്ചു. നിയമമാക്കുമ്പോള്‍ അധികമാര്‍ക്കും അതിന്റെ അപകടം ബോധ്യമായിരുന്നില്ല. എന്നാല്‍, ഇപ്പോഴിതാ നിയമത്തിന്റെ ദുരുപയോഗങ്ങളും അതേച്ചൊല്ലിയുള്ള വിവാദങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.  ആഴ്ചയിലെന്നോണം രാജ്യത്തെവിടെയെങ്കിലും ആരെങ്കിലും പൊതുതാല്പര്യമുള്ള കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഈ നിയമംകാരണം ദ്രോഹിക്കപ്പെടുന്നു

ഓണ്‍ ലൈന്‍ മാധ്യമത്തിലെഴുതുന്ന ആരെയും എളുപ്പം ജയിലിലാക്കാം  എന്നതാണ് ഈ നിയമം വരുത്തിയ വലിയ മാറ്റം. മാനഹാനിയുണ്ടാക്കുന്ന എന്തെങ്കിലും പത്രത്തില്‍ എഴുതിയാല്‍ ഡിഫെമേഷന്‍ നിയമങ്ങളനുസരിച്ചേ നടപടി എടുക്കാനാവൂ. പരാതിയുടെ ന്യായത്തെ കുറിച്ച് മജിസ്‌ട്രേറ്റിനെങ്കിലും ബോധ്യമായാലേ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാവൂ. അതിനും സാവകാശമുണ്ട്. ഐ.ടി. നിയമത്തിലെ 66 എ വ്യവസ്ഥ അനുസരിച്ച് പരാതി കിട്ടിയാല്‍ ഉടന്‍ പോലീസിന് എതിര്‍കക്ഷിയെ അറസ്റ്റ് ചെയ്യാം. എഴുതിയത് വാര്‍ത്ത ആവണമെന്നുമില്ല. ഫെയ്‌സ്ബുക്കിലെ ഒരു പോസ്റ്റിന് ലൈക് അടിച്ച് ജയിലിലായവര്‍ ചൈനയില്‍ പോലും കാണില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അങ്ങനെ സംഭവിക്കുകതന്നെ ചെയ്തു.

ഒരു കുറ്റം കൊഗ്നൈസബ്ള്‍ ആണോ നോണ്‍ കോഗ്നൈസബ്ള്‍ ആണോ എന്നത് വക്കീലന്മാരെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഐ.ടി.ആക്റ്റ് 66എ വ്യവസ്ഥയ്ക്ക സമാനമായ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റങ്ങളെല്ലാം നോണ്‍ കോഗ്നൈസബ്ള്‍ ആണ്. അതനുസരിച്ച് കുറ്റാരോപിതനെ അറസ്റ്റ്  ചെയ്യാന്‍ കോടതിയുടെ ഉത്തരവ് വേണം. നിയമവിദഗ്ദ്ധര്‍ ഒരു കാര്യത്തില്‍ യോജിക്കുന്നു. ഇന്റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യദുരുപയോഗങ്ങളെല്ലാം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ കൊണ്ട് കൈകാര്യം ചെയ്യാവുന്നതേ ഉള്ളൂ. പക്ഷേ, ഇവിടെ അധികാരികള്‍ക്ക് വേറെ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു.  അമ്പരപ്പിക്കുന്ന വേറെ ഒരു സംഗതിയും ഈ നിയമനിര്‍മാണത്തിന്റെ അണിയറയില്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിരുന്നു. ഉദ്യോഗസ്ഥന്മാര്‍ തയ്യാറാക്കുന്ന നിയമത്തില്‍ ജനവിരുദ്ധമായ വ്യവസ്ഥകളുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ട പാര്‍ലമെന്ററി പ്രവിലേജസ് കമ്മിറ്റിയാണ് നേരത്തെ നോണ്‍ കോഗ്നൈസബ്ള്‍ ആയിരുന്ന നിയമത്തെ കോഗ്നൈസബ്ള്‍ ആക്കിയത്. ഒരു ഭരണകക്ഷിയംഗം നിര്‍ബന്ധം പിടിച്ചാണ് വ്യവസ്ഥ മാറ്റിച്ചത്. പിന്നീട് ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് അവസരം കൊടുക്കാതെ പാസ്സാക്കിയെടുത്തതില്‍ നിന്ന് ഉദ്ദേശശുദ്ധി - അതിന്റെ ഇല്ലായ്മ വ്യക്തമായി.

ഐ.ടി.നിയമമല്ലേ, പരമ്പരാഗത മാധ്യമങ്ങളെ ഇത് ബാധിക്കില്ലല്ലോ എന്ന് ആശ്വസിക്കേണ്ട. പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ആരെങ്കിലും ഫെയ്‌സ്ബുക്കിലിട്ടാല്‍ പോലും പത്രപ്രവര്‍ത്തകന്‍ കുടുങ്ങാം. ഇന്റര്‍നെറ്റ് എഡിഷനില്ലാത്ത പത്രമില്ല ഇക്കാലത്ത്. ഇന്റര്‍നെറ്റ് എഡിഷനുകള്‍ ഐ.ടി.യുടെ പരിധിയില്‍ വരുന്നു. വ്യക്തികള്‍ പരസ്പരം മൊബൈല്‍ ഫോണിലയക്കുന്ന സന്ദേശങ്ങളിലെ അശ്ലീലത്തിനും അധിക്ഷേപത്തിനും തുല്യമാണ് പൊതുകാര്യത്തെ കുറിച്ചുള്ള മാധ്യമവാര്‍ത്തയും എന്ന അപകടകരമായ കാഴ്ചപ്പാട് തിരുത്തേണ്ടതുണ്ട് എന്ന് ജനാധിപത്യസ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കുന്നവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. പുതിയ സര്‍ക്കാര്‍ വ്ന്നിട്ടും നിയമങ്ങളിലൊന്നും മാറ്റമുണ്ടായിട്ടില്ല. നിയമം പുന:പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വിശദീകരണം കോടതിയെ തൃപ്തിപ്പെടുത്തുകയുണ്ടായില്ല. ഒരു കാര്‍ട്ടൂണിസ്‌റ്റോ പത്രപ്രവര്‍ത്തകനോ കോളമിസ്റ്റോ സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന ആളോ ഇന്ത്യയിലെവിടെയും എപ്പോഴും അറസ്റ്റ് ചെയ്യപ്പെടാം എന്ന അവസ്ഥ  ഇപ്പോഴും നില നില്‍ക്കുന്നു.
ഒരാള്‍ക്ക് അലോസരമോ അസൗകര്യമോ ഉണ്ടാക്കുന്ന എന്ത് 'ഒഫന്‍സീവ്' പരാമര്‍ശവും ഈ നിയമപ്രകാരം 'കൊഗ്നൈസബ്ള്‍ ഒഫന്‍സ് ' ആണ്. മൂന്നുവര്‍ഷംവരെ തടവ് ലഭിക്കാം. വളരെ അവ്യക്തവും എങ്ങനെയും ദുര്‍വ്യാഖ്യാനിക്കാവുന്നതുമാണ് ഈ വ്യവസ്ഥയെന്ന് വ്യക്തമാക്കുന്നു നിയമപണ്ഡിതര്‍. അതേസമയം, ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ഗുരുതരമായ അപവാദപ്രചരണങ്ങളും വ്യക്തിത്വവധങ്ങളും സാമൂഹ്യവിരുദ്ധമായ മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട് എന്നതും സത്യമാണ്. ഇവ നേരിടുന്നതിന് ഫലപ്രദവും എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം നശിപ്പിക്കാത്തതുമായ നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. വികസിത ജനാധിപത്യരാജ്യങ്ങള്‍ എങ്ങനെയാണ് ഈ പുതിയ കാല പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത് എന്നും പഠിക്കേണ്ടതുണ്ട്‌

Sunday, 15 February 2015

മോദിഭയവും മോദിഭാഗ്യവും
ഒമ്പതുമാസത്തെ ഭരണംകൊണ്ട് ജനത്തിന് പലതും ബോധ്യപ്പെട്ടു. പറഞ്ഞുകേട്ടതുപോലുള്ള അദ്ഭുതസിദ്ധികളൊന്നും മോദിക്കില്ല എന്നതാണ് ആദ്യത്തെ ബോധ്യം. സ്വിസ്ബാങ്കിലെ കള്ളസമ്പാദ്യം മുഴുവന്‍ കണ്ടെടുത്ത് 15 ലക്ഷം രൂപവീതം ജന്‍ധന്‍ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞിട്ട് അഞ്ചുപൈസപോലും ജനത്തിന് കിട്ടുന്ന ലക്ഷണമില്ല

മോദിഭാഗ്യം എന്നുപറഞ്ഞാല്‍ മോദിയുടെ ഭാഗ്യം. മോദിഭയം എന്നുപറഞ്ഞാല്‍ മോദിയുടെ ഭയമല്ല, മോദിയെ ഭയം എന്നര്‍ഥം. മോദിക്ക് ആരേയും ഭയമില്ല. എന്തായാലും മോദിഭയവും മോദിഭാഗ്യവും കാരണം ഡല്‍ഹി ജനത ബി.ജെ.പി.ക്ക് വോട്ടുചെയ്യണം എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

മോദിക്ക് ഭാഗ്യമുള്ളതുകൊണ്ടുമാത്രമാണ് അന്താരാഷ്ട്രതലത്തില്‍ ഇന്ധനവില കുറഞ്ഞത് എന്ന കോണ്‍ഗ്രസ് പ്രചാരണത്തില്‍ പിടിച്ചാണ് മോദിഭാഗ്യസിദ്ധാന്തം അവതരിപ്പിച്ചത്. ഭാഗ്യമുള്ള മോദിക്കൊപ്പമാണ്, അത് ലവലേശമില്ലാത്ത സോണിയരാഹുല്‍ പക്ഷത്തല്ല ജനം നില്‍ക്കേണ്ടത് എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഭാഗ്യവാനായ മോദിയുടെ പാര്‍ട്ടിക്ക് വോട്ട് ഇതാണ് ഭാഗ്യസിദ്ധാന്തത്തിന്റെ അടിസ്ഥാനം.

ഇനി ഭയസിദ്ധാന്തം വിശദീകരിക്കാം. ഡല്‍ഹി മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ ഭയം വേണം. അദ്ദേഹം ഇടയ്ക്കിടെ ചൂരലെടുത്ത് നിലത്തടിച്ച് ശബ്ദമുണ്ടാക്കും. അതുകേട്ട് ഞെട്ടിക്കൊണ്ടിരിക്കണം ഡല്‍ഹി മുഖ്യമന്ത്രി. നേരിട്ട് അടി കിട്ടാതിരിക്കാന്‍വേണ്ടി മുഖ്യമന്ത്രി ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കും. കിരണ്‍ ബേദി തീര്‍ച്ചയായും ഈ ഇനത്തില്‍പ്പെട്ട ആളാണ്. പോലീസിലായിരുന്നു. സല്യൂട്ട് അടിച്ച് നല്ല ശീലമാണ്. മോദിജിയെ കാണുംമുമ്പ് അറ്റന്‍ഷനില്‍ സല്യൂട്ട് കാച്ചും. ഡല്‍ഹി മുഖ്യമന്ത്രി അങ്ങനെ ചെയ്തുതുടങ്ങിയാല്‍ ആ സിദ്ധാന്തം ഇന്ത്യ മുഴുവന്‍ പ്രാവര്‍ത്തികമാക്കാം. താടിയുള്ള അപ്പനെയേ പേടി കാണൂ എന്ന് പണ്ടേ ചൊല്ലുണ്ട്. മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ സല്യൂട്ട് അടിക്കുക ഒരു പ്രോട്ടോക്കോള്‍ ആയി രേഖയിലാക്കാം. സല്യൂട്ടില്‍ ഹിന്ദുത്വം കുറവാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ മുട്ടുകുത്തിനിന്ന് കാലുതൊടുന്ന രീതി സ്വീകരിക്കാവുന്നതേയുള്ളൂ. ഒട്ടും വിരോധമില്ല. അതുപോട്ടെ, പേടി വേണം മുഖ്യമന്ത്രിമാര്‍ക്ക് എന്ന അടിസ്ഥാനതത്ത്വംമാത്രം ഓര്‍മിച്ചാല്‍ മതി. കൊല്ലന്റെ ആലയില്‍ കെട്ടിയ ആടിനെപ്പോലെ പ്രധാനമന്ത്രിയുടെ അടി ശബ്ദം കേട്ട് മുഴുവന്‍ സംസ്ഥാന മുഖ്യമന്ത്രിമാരും ഞെട്ടിക്കൊണ്ടിരുന്നാല്‍ ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഭാവി ശോഭനമായിരിക്കും.

മുഖ്യമന്ത്രിമാരെ പേടിപ്പിക്കുന്ന ഈ ഹേഡ്മാസ്റ്റര്‍ക്ക് മുകളില്‍ വേറെ ആളില്ല. അതുകൊണ്ട് ആരെയും പേടിവേണ്ട. മുകളില്‍ പടച്ചോന്‍ ഉണ്ടെന്നൊരു ചിന്ത ഉണ്ടോ എന്നറിയില്ല. ഉണ്ടായാലും അതുകൊണ്ട് വലിയ പ്രയോജനം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകളെ ഗ്യാസ് ചേമ്പറിലിട്ട് കൊന്ന ഹിറ്റ്‌ലര്‍ക്ക് ആ ഭയം ഉണ്ടായിട്ടില്ല. നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബിട്ട് നരകത്തീ പടര്‍ത്തി വേറെ കുറേ ലക്ഷങ്ങളെ കൊന്നവര്‍ക്കും അതുണ്ടായിട്ടില്ല. ജനാധിപത്യമാകുമ്പോള്‍ പൊതുജനം എന്ന കഴുതയെ പേടിക്കേണ്ടേ എന്നൊരു ചോദ്യമുണ്ട്. വേണ്ട, ഭയവും ഭാഗ്യവും ഉണ്ടെങ്കില്‍ ജനം കൂടെ നിന്നുകൊള്ളും. കൂട്ടക്കൊലകള്‍ ചിലപ്പോള്‍ ശക്തി കൂട്ടുകയാണ് ചെയ്യുക എന്ന് മോദിജിക്കുതന്നെ അനുഭവമുണ്ട്. ശക്തന്മാരെ ജനത്തിന് ഇഷ്ടമാണ്. ഇടക്കിടെ നെഞ്ചുവിരിച്ച് അളവ് കാട്ടിയാല്‍ മതി. മീശ പിരിച്ചുകാട്ടുന്നതും പ്രയോജനപ്പെടും.

ഒമ്പതുമാസമായി മോദിജി ഈ സിദ്ധാന്തങ്ങള്‍ക്കൊത്താണ് ഭരണം നടത്തിപ്പോന്നതെങ്കിലും എന്തോ എവിടെയോ അല്പം പിശകിയതായി ഡല്‍ഹി വോട്ടുകണക്ക് സൂചിപ്പിക്കുന്നുണ്ട്. എഴുപതംഗസഭയില്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ പോകാന്‍ കഴിയുന്നത്ര അംഗബലമേ നമ്മുടെ പാര്‍ട്ടിക്ക് കിട്ടിയുള്ളൂ. കോണ്‍ഗ്രസ്സിന് ചിലപ്പോള്‍ അത്രയേ കിട്ടൂ, കിട്ടാവൂ എന്നാശിച്ചിരുന്നു. കഴിഞ്ഞതവണ രണ്ടാമനും മൂന്നാമനുംകൂടി ഒന്നാമനെ പ്രതിപക്ഷത്തിരുത്തി 49 ദിവസം ഭരിച്ചു എന്നത് സത്യം. രണ്ടുവര്‍ഷം പുള്ളിക്കാരന്‍ ആ ഇരിപ്പ് ഇരുന്നിരുന്നെങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടേനെ. സ്ഥാനമോഹി, അഴിമതിക്കാരന്‍, ആദര്‍ശംപറഞ്ഞ് ആളെ പറ്റിച്ചവന്‍ എന്നിങ്ങനെയുള്ള ബഹുമതികള്‍ ചാര്‍ത്തി ആളുടെ കഥ കഴിക്കാമായിരുന്നു. പക്ഷേ, ഭരണം ഇട്ടെറിഞ്ഞുപോയിക്കളഞ്ഞു. ഭരണം ഇട്ടെറിഞ്ഞുപോയ യൂസ്‌ലസ് എന്ന ബഹുമതി ചാര്‍ത്താന്‍ ശ്രമിച്ചു. അതുപക്ഷേ, ഏശിയില്ല. അധികാരം ഇട്ടെറിഞ്ഞ് പോകുന്നവനോടാണ് ജനത്തിന് പ്രിയം എന്ന് പിന്നെയേ മനസ്സിലായുള്ളൂ.

ഒമ്പതുമാസത്തെ ഭരണംകൊണ്ട് ജനത്തിന് പലതും ബോധ്യപ്പെട്ടു. പറഞ്ഞുകേട്ടതുപോലുള്ള അദ്ഭുതസിദ്ധികളൊന്നും മോദിക്കില്ല എന്നതാണ് ആദ്യത്തെ ബോധ്യം. സ്വിസ് ബാങ്കിലെ കള്ളസമ്പാദ്യം മുഴുവന്‍ കണ്ടെടുത്ത് 15 ലക്ഷം രൂപവീതം ജന്‍ധന്‍ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞിട്ട് അഞ്ചുപൈസപോലും ജനത്തിന് കിട്ടുന്ന ലക്ഷണമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് സേവചെയ്യുന്ന കാര്യത്തില്‍ യു.പി.എ.യ്ക്ക് രണ്ടാംസ്ഥാനമേ കിട്ടൂ എന്ന് തെളിയിച്ചു. ആണവ റിയാക്ടറുകളില്‍ അപകടമുണ്ടായാല്‍ അവ നല്‍കുന്നവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയാക്കി. അപകടമുണ്ടായാല്‍ അമേരിക്കയ്ക്ക് നഷ്ടപരിഹാരം നമ്മള്‍ നല്‍കണമെന്നൊന്നും ചേര്‍ത്തിട്ടില്ലെന്ന് തോന്നുന്നു, ഭാഗ്യം. വര്‍ഗീയകലാപങ്ങള്‍, ഘര്‍ വാപസി പരിപാടികള്‍, ഗോഡ്‌സെ പ്രതിമകള്‍ തുടങ്ങിയ നമ്പറുകള്‍ കണ്ടാല്‍ ഒരു കാര്യം വ്യക്തമാകും. മുഖ്യമന്ത്രിമാര്‍ക്ക് മോദിയെ പേടിയായിരിക്കും. പക്ഷേ, മോദിക്ക് സംഘപരിവാറിലെ താടിമുടിക്കാരെയാണ് കൊടുംപേടി. താടിമുടി കാഷായക്കാരുടെ ഡയലോഗ് ഇതേ നിലയ്ക്ക് തുടര്‍ന്നാല്‍ രാഹുല്‍ ഗാന്ധിക്കുപോലും നല്ല ചാന്‍സ് ഇനിയുമുണ്ട്. മന്‍മോഹന്‍സിങ്ങിനും ചരിത്രത്തില്‍ നല്ല പേര് നേടാം.


                                                                                                 ****

കോണ്‍ഗ്രസ് യുവരാജാവ് രാഹുല്‍ ഗാന്ധിക്ക് പരാജയമൊന്നും ഒരു പ്രശ്‌നമല്ല. 404 സീറ്റുവരെ ലോക്‌സഭയില്‍ പിതാവിന്റെ നല്ല കാലത്ത് നേടുന്നത് രാഹുല്‍ കണ്ടിട്ടുണ്ട്. താന്‍ മുന്‍നിരയില്‍നിന്ന ആദ്യതിരഞ്ഞെടുപ്പില്‍ ഒരു പൂജ്യത്തിന്റെ കുറവേ പാര്‍ട്ടിക്ക് സംഭവിച്ചുള്ളൂ. പൂജ്യം നടുവിലത്തേതായിരുന്നു എന്നുമാത്രം. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പൂജ്യത്തിന് നിര്‍ണായക സ്ഥാനം ലഭിച്ചു. 15 വര്‍ഷം ഭരിച്ച സംസ്ഥാനത്ത് പാര്‍ട്ടിക്ക് ലഭിച്ചത് പൂജ്യം സീറ്റ്. എന്നിട്ടും രാഹുല്‍ കുലുങ്ങിയില്ല. ഫലം പ്രഖ്യാപിച്ച ദിവസം പാര്‍ട്ടി ആസ്ഥാനത്തോ മാധ്യമസദസ്സുകളിലോ അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. ലോക്‌സഭയില്‍ തോറ്റിട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. പിന്നെയാ ഒരു അര്‍ധസംസ്ഥാനമായ ഡല്‍ഹി തോറ്റിട്ട് കണ്ണീരൊലിപ്പിക്കാന്‍. അതിനൊന്നും രാഹുല്‍ജിയെ കിട്ടില്ല.

ഭാവി ഒട്ടും മോശമാകില്ല എന്നുറപ്പാണ് രാഹുല്‍ജിക്ക്. പൂജ്യത്തിനും താഴെ എന്തായാലും പോകില്ലല്ലോ. ലോക്‌സഭയില്‍ പോലും 44നേക്കാള്‍ താഴെയാകാന്‍ ഒരു കാരണവും കാണുന്നില്ല. കോണ്‍ഗ്രസ്സിന് അതിലേറെ കിട്ടാനുള്ള പണി നരേന്ദ്രമോദിതന്നെ ചെയ്തുകൊള്ളും. രാഹുലിന് ഒട്ടും വേവലാതിയില്ല.

കോണ്‍ഗ്രസ്സിന് പിന്നെ ഒരു നല്ല സ്വഭാവമുണ്ട്. എവിടെയെങ്കിലും മൂന്നാം സ്ഥാനത്തെത്തിപ്പോയാല്‍ പിന്നെ മുന്നില്‍ നില്‍ക്കുന്നവരെ ഉപദ്രവിക്കുകയില്ല. മൂന്നില്‍ത്തന്നെ നില്‍ക്കും. ഗുജറാത്തില്‍ കോണ്‍ഗ്രസ് അവസാനം ഭരിച്ചത് 1995ല്‍ ആയിരുന്നു. വര്‍ഷം ഇരുപതാകുന്നു. തമിഴ്‌നാട്ടില്‍ 67ലാണ് അവസാനം കോണ്‍ഗ്രസ് ഭരിച്ചത്. പിന്നെ ആ വഴിക്ക് പോയിട്ടില്ല. പ.ബംഗാളില്‍ 40 വര്‍ഷമായി പാര്‍ട്ടി ഭരിച്ചിട്ട്. പാര്‍ട്ടിക്ക് കഴിയാതെ പോയത് പാര്‍ട്ടി വിട്ടുപോയ കഷ്ണംപാര്‍ട്ടിക്ക് ചെയ്യാന്‍ കഴിഞ്ഞു.
ഡല്‍ഹിയില്‍ കെജ്‌റിക്ക് ഒരു വീഴ്ചപറ്റിയാല്‍ തിരിച്ചുവരാന്‍ നാവില്‍ വെള്ളമിറക്കി കാത്തുനില്‍ക്കുകയാണ് ബി.ജെ.പി. പക്ഷേ, കോണ്‍ഗ്രസ്സിന്റെ കാര്യം കട്ടപ്പൊകയാണ്.

ഇതൊന്നും കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടുകയില്ല. പാര്‍ട്ടിതന്നെ ഇല്ലാതായാലും സോണിയാജിയെ മുഷിപ്പിക്കുന്ന പ്രശ്‌നമില്ല.

                                                                     ****

മദ്യബന്ധമുള്ള ആരെങ്കിലും പ്രസംഗിച്ചതിന് മുമ്പോ ശേഷമോ അതേ വേദിയില്‍ പ്രസംഗിക്കുന്നത് വി.എം. സുധീരന് കടുത്ത അലര്‍ജി, അപകീര്‍ത്തി, ആദര്‍ശഭംഗം എന്നിവ ഉണ്ടാക്കുമെന്ന് മറ്റ് എല്ലാ പ്രാസംഗികരും അറിയേണ്ടതാണ്. മദ്യബന്ധമുള്ളവര്‍ മേലില്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ പോകുംമുമ്പ് യോഗത്തില്‍ സുധീരന്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കെ.പി.സി.സി.യും ഇക്കാര്യത്തില്‍ ചില മുന്‍കരുതല്‍ എടുക്കുന്നതായിരിക്കും. സുധീരന്‍ സഞ്ചരിക്കുന്ന വഴിയില്‍ മദ്യപര്‍, മദ്യഷോപ്പ് ഉടമകള്‍ എന്നിവരില്ല എന്ന് കോണ്‍ഗ്രസ് വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തും.

ഇതെല്ലാം രാഷ്ട്രീയം ശുദ്ധീകരിക്കാനുള്ള ദീര്‍ഘകാല യജ്ഞത്തിന്റെ തുടക്കം മാത്രമാണ്. മദ്യവില്പനമാത്രമാണ് ലോകത്തിലെ ഏക അധര്‍മം എന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. മദ്യവില്പന നിയമവിധേയമെങ്കിലുമാണല്ലോ. അതല്ലാത്തവ എന്തെല്ലാം കിടക്കുന്നു. ഇനി അവയെ ഓരോന്നായി നേരിടും. കൈക്കൂലി വാങ്ങുന്നവര്‍, കൊടുക്കുന്നവര്‍, കൊള്ളലാഭക്കാര്‍, അഴിമതിക്കാര്‍, കോഴവാങ്ങുന്നവര്‍, മായം ചേര്‍ക്കുന്നവര്‍, വ്യാജപിരിവുകാര്‍, വ്യഭിചാരികള്‍, സ്ത്രീപീഡകര്‍, ഭാര്യയെ തല്ലുന്നവര്‍, മറ്റ് 101 ഇനം ചൂഷകര്‍ തുടങ്ങിയ സകല ഹീനജീവികളെയും ഒന്നൊന്നായി കൈകാര്യംചെയ്യും. ഇവര്‍ പങ്കെടുക്കുന്ന യോഗങ്ങളിലും കെ.പി.സി.സി. പ്രസിഡന്റ് പങ്കെടുക്കുന്നതല്ല. ഒടുവിലാകുമ്പോള്‍ പ്രഭാഷകനും മൈക്ക് ഓപ്പറേറ്ററുമേ ഉള്ളൂ എന്ന നില വരുമായിരിക്കാം. സാരമില്ല, വിട്ടുവീഴ്ചക്കില്ല. സുധീരം മുന്നേറും.Tuesday, 10 February 2015

ദരിദ്രമാകുന്ന പത്രലോകം, കുമിഞ്ഞുകൂടുന്ന സമ്പത്ത്


ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലൊഴികെ ലോകത്തെങ്ങും അച്ചടി മാധ്യമങ്ങള്‍ പിറകോട്ട് പോവുകയാണ് എന്നത് സത്യമാണ്. സര്‍ക്കുലേഷന്‍ കുറയുന്നു, പരസ്യവരുമാനം താഴുന്നു. എവിടെയും ഇതിന്റെ ഫലമായി ശോഷിക്കുന്നത് പത്രത്തിന്റെ ഉള്ളടക്കമാണ്. പത്രപ്രവര്‍ത്തകരുടെ  എണ്ണം കുറയുന്നു, ഉള്ളവരുടെ ശമ്പളം കുറയുന്നു. വിദേശബ്യൂറോകള്‍ പലതും അടച്ചുപൂട്ടുന്നു. ന്യൂസ് റൂമുകളില്‍ കൂട്ടപിരിച്ചുവിടലുകള്‍ നടക്കുന്നു, അത്ഭതകരമെന്ന് പറയട്ടെ, ഇതിനിടയിലും മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന പല പ്രമുഖരുടെയും വരുമാനം ഞെട്ടിക്കുന്ന തോതില്‍ വര്‍ദ്ധിക്കുന്നു. പലര്‍ക്കും സ്ഥാപന മുതലാളിമാരുടെ ലാഭവിഹിതത്തേക്കാള്‍ വലിയ ശമ്പളക്കവറുകള്‍ ലഭിക്കുന്നു.

ഈ നവ സമ്പന്നര്‍ പലരും ലോകം ബഹുമാനിക്കുന്ന ബുദ്ധിജീവികള്‍ തന്നെയാണ്. പക്ഷേ, സ്വതന്ത്ര ചിന്തകര്‍ എന്ന  നിലയില്‍ പണക്കാരെയും പാവപ്പെട്ടവരെയും  ഒരേ കണ്ണോടെ കാണാന്‍ പാടില്ലാത്ത, സമ്പന്നതയും ദാരിദ്ര്യവും ഒരു പോലെ സാധാരണമാണ് എന്ന് ധരിക്കാന്‍ പാടില്ലാത്ത ബുദ്ധിജീവികളാണ് അവര്‍. കോര്‍പ്പറേറ്റ് ഉടമവര്‍ഗത്തിനും ഈ ബോധം ഉണ്ട്. ഈ ബുദ്ധിജീവികളെ സ്വതന്ത്രരും നിഷപക്ഷരും ' ലിബറലും'ആയി തുടരാന്‍ അനുവദിക്കുകയല്ല വേണ്ടതെന്ന് അവര്‍ക്ക് ഇപ്പോള്‍ ബോധ്യമുണ്ട്. ബുദ്ധിജീവികളെ അവര്‍ ദത്തെടുക്കുകയാണ്. നോം ചോംസ്‌കിമാര്‍ക്കും ജോണ്‍ പില്‍ഗര്‍മാര്‍ക്കും റോബര്‍ട് മെക്‌ചെസ്‌നിമാര്‍ക്കും എതിരെ അണിനിരത്താനുള്ള പട്ടാളത്തെ ഒരുക്കുകയാണ് അവര്‍. അത് ചെലവേറിയ ഏര്‍പ്പാടാണ്.  ഇങ്ങന അണിനിരത്തപ്പെടുന്ന പുത്തന്‍ ചിന്തകര്‍ പുതിയ ആഗോളീകരണ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ്. അവര്‍ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരന്തരം ന്യായീകരിക്കുന്നത് ആഗോളീകൃത ലോകക്രമത്തിന്റെ സാമ്പത്തിക  നയങ്ങളെയാണ്. അതിനുള്ള കനത്ത പാരിതോഷികം പല മാര്‍ഗങ്ങളിലൂടെ അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.

തോമസ് ഫ്രീഡ്മാന്‍

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍നസ് ആന്റ് ആക്കുറസി ഇന്‍ റിപ്പോര്‍ട്ടിങ്ങ് ഇന്‍ക്. എന്ന ( Fairness & Accuracy In Reporting, Inc. ) മാധ്യമ നിരീക്ഷണ സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അമേരിക്കയിലെ 'ദരിദ്രമാധ്യമ'ങ്ങളില്‍ കുമിഞ്ഞുകൂടുന്ന സമ്പന്നതയുടെ ഏകദേശ ചിത്രം വരച്ചിടുകയുണ്ടായി. അറിയപ്പെടുന്ന ചിന്തകരും മാധ്യമ ബുദ്ധിജീവികളും നയിക്കുന്ന ആഡംബര ജീവിതത്തിന്റെയും കൈപ്പറ്റുന്ന തടിച്ച വേതനത്തിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.  'മീഡിയ മില്ലെനെയേഴ്‌സ്' എന്ന 2013 ജുലൈ 1 ാം തിയ്യതിയിലെ ലേഖനത്തില്‍ പീറ്റര്‍ ഹാര്‍ട് ചില സൂചനകള്‍ മാത്രമാണ് നല്‍കുന്നത്. ഇന്നേക്ക് സ്ഥിതി കൂടുതല്‍ 'ശോഭന'മാകാനേ തരമുള്ളൂ.

ഇന്ത്യന്‍ പത്രവായനക്കാര്‍ക്കും സുപരിചിതനാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വിദേശകാര്യ കോളമിസ്റ്റ് ആയ തോമസ് ഫ്രീഡ്മാന്‍. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചതില്‍  ആഗീളകരണത്തിന്റെ തത്ത്വശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്ന  'ദ വേള്‍ഡ് ഈസ് ഫഌറ്റ്്' ആണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വിദേശകാര്യവും വിദേശവ്യാപാരവും ആണ് അദ്ദേഹത്തിന്റെ മുഖ്യവിഷയങ്ങള്‍. മൂന്നുതവണ പുലിറ്റ്‌സര്‍ സമ്മാനം നേടിയിട്ടുള്ള അദ്ദേഹത്തെ ഒരു സാധാരണ പത്രപ്രവര്‍ത്തകനായി കാണാന്‍ പറ്റില്ല. ലോകം ശ്രദ്ധിക്കുന്ന ബുദ്ധിജീവിയാണ് അദ്ദേഹം. ഒരു പ്രഭാഷണത്തിന് അരലക്ഷം ഡോളര്‍  പ്രതിഫലം കിട്ടുന്ന അദ്ദേഹം അമേരിക്കയിലെ ഏറ്റവും പ്രശസ്ത റിയല്‍ എസ്റ്റേറ്റ് കുടുംബത്തിലാണ് വിവാഹിതനായത്. പ്രതിഫല വിവരങ്ങള്‍ കൃത്യമായി ലഭ്യമല്ലെങ്കിലും അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരിലൊരാണ് അദ്ദേഹം. വ്യവസായമോ കച്ചവടമോ നടത്തിയിട്ടല്ല. നോവലോ സഹിത്യമോ എഴുതിയിട്ടല്ല. പൊതുസമൂഹത്തിന്റെ കാര്യങ്ങള്‍ എഴുതുക മാത്രം ചെയ്തുകൊണ്ടാണ് അദ്ദേഹം വാഷിങ്ടണില്‍ അനേക കോടി ഡോളര്‍ വിലമതിക്കുന്ന 11400 ചതുരശ്ര അടി വിസ്തൃതിയുള്ള  വീട്ടില്‍ ജീവിക്കുന്നത്. ഒരു സാധാരണ റിപ്പോര്‍ട്ടറായി ജീവിതമാരംഭിച്ച അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രതിഭ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ചായ്‌വും അത്രതന്നെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ഫരീദ് സഖറിയ

എന്‍.ബി.സി.യുടെ മീറ്റ് ദ പ്രസ് പ്രോഗ്രാം അവതരിപ്പിക്കുന്ന ഡേവിഡ് ഗ്രഗോറിയും ശമ്പളക്കണക്ക് വെളിപ്പെടുത്തുകയില്ല. അമ്പത് ലക്ഷത്തിലേറെ ഡോളര്‍ വാര്‍ഷിക ശമ്പളം അത്രയൊന്നും പ്രശസ്തനല്ലാത്ത അദ്ദേഹത്തിന്റെ മുന്‍ഗാമിക്ക് ലഭിച്ചിരുന്നു. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം കോര്‍പറേറ്റ് അനുകൂല പക്ഷത്താണ് ഗ്രഗോറിയുടെയും നില്‍പ്പ്. ടൈമിന്റെയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും കോളമിസ്റ്റ് ഫരീദ് സഖറിയയെ മാധ്യമപ്രവര്‍ത്തകന്‍ മാത്രമായി കണക്കാക്കാന്‍ പറ്റില്ല. അദ്ദേഹം  ബുദ്ധിജീവിയും ചിന്തകനുമാണ്. അദ്ദേഹം ഒരു പ്രഭാഷണത്തിന് 75000 ഡോളറാണ് വാങ്ങുക. തീര്‍ച്ചയായും, കൊടുക്കാന്‍ ആളുള്ളതുകൊണ്ടുതന്നെ. ഫരീദിന്റെ സാമ്പത്തിക നിലപാടുകള്‍ പ്രയോജനപ്പെടുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ കുറിച്ച് പലരും ചോദ്യങ്ങളുയര്‍ത്താറുണ്ടെന്നതും അവഗണിച്ചുകൂടാ. 2004ല്‍  അദ്ദേഹം 34 ലക്ഷം ഡോളറിന് വീട് വാങ്ങിച്ചത് അന്ന് വാര്‍ത്തകളില്‍ സ്ഥലം പിടിച്ചിരുന്നു. എംഎസ്എന്‍ബിസി അവതാരകന്‍ ക്രിസ് മാത്യൂസ് അമ്പത് ലക്ഷം ഡോളര്‍ ശമ്പളം പറ്റുന്നതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോക്‌സ് ന്യൂസ് അവതാരകന്‍ ബില്‍ ഓ റീല്ലിയുടെ വാര്‍ഷികവരുമാനം രണ്ട് കോടി ഡോളര്‍ വരുമെന്ന് ബിസിനസ് ഇന്‍സൈഡറാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു ഏകദേശ ചിത്രം മാത്രമാണ്.

ഞങ്ങളാണ് 99 ശതമാനം എന്ന ശ്രദ്ധേയമായ മുദ്രാവാക്യമുയര്‍ത്തി വാള്‍സ്്റ്റ്രീറ്റില്‍ പ്രക്ഷോഭണം നടന്നപ്പോള്‍ അതിനെ പുച്ഛിച്ചവരാണ് ഈ മാധ്യമ ബുദ്ധിജിവികളിലേറെയും. അവര്‍ പുച്ഛിച്ചതില്‍ അത്ഭുതമില്ല. 99 ശതമാനം ജനം നേടുന്നതിലേറെ വരുമാനം കൈയടക്കുന്ന ഒരു ശതമാനത്തില്‍ ഈ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

നമ്മുടേത് ദരിദ്രരാജ്യമൊക്കെയാണെങ്കിലും നമുക്കും ഉണ്ട് ഇവരെ വെല്ലുന്ന മുന്തിയ പത്രപ്രവര്‍ത്തകര്‍. നാലുലക്ഷം കോപ്പി മാത്രം സര്‍ക്കുലേഷന്‍ ഉള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നപ്പോള്‍ ശേഖര്‍ ഗുപ്തയുടെ വാര്‍ഷിക ശമ്പളം പത്തുകോടി രൂപയില്‍ ഏറെ ആയിരുന്നു എന്ന് കാരവന്‍ മാഗസിന്‍ അദ്ദേഹത്തെ കുറിച്ചെഴുതിയ സ്‌പെഷല്‍ സ്റ്റോറിയില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസ്സുമായി ചേര്‍ന്നുള്ള സ്വത്ത് കൈമാറ്റങ്ങളില്‍ അദ്ദേഹം നിയമാനുസൃതമായിത്തന്നെ 36 കോടിയിലേറെ രൂപ സമ്പാദിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. “തലസ്ഥാന ലേഖകന്‍- ശഖര്‍ ഗുപ്തയുടെ പത്രപ്രവര്‍ത്തനത്തിന്റെ ലാഭവും തത്ത്വവും”  എന്നാണ് കവര്‍ സ്റ്റോറിയുടെ തലക്കെട്ട്.

ശേഖര്‍ ഗുപ്ത

ടൈംസ് ഓഫ് ഇന്ത്യ പത്രം ഇറക്കുന്ന ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്റ്റര്‍ വിനീത്  ജെയിന്‍ 46 കോടിയും ( 4638 ലക്ഷം രൂപ ) വൈസ് ചെയര്‍മാന്‍ സമിര്‍ ജെയിന്‍ 37 കോടിയുമാണ് വാര്‍ഷിക ശമ്പളമായി വാങ്ങുന്നത്. ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ 5കോടി 58 ലക്ഷം വാങ്ങുന്ന സി.ഇ.ഓ രവീന്ദ്ര ധരിവാള്‍ ആണ്. ഒരു കോടിയിലേറെ വാര്‍ഷിക ശമ്പളം വാങ്ങുന്ന വേറെ ഇരുപത് ഉദ്യോഗസ്ഥന്മാര്‍ സ്ഥാപനത്തിലുണ്ട്.  ഈ ഗണത്തില്‍ പെടുത്താവുന്ന ഒരാള്‍ മാത്രമേ എഡിറ്റോറിയല്‍  വിഭാഗത്തിലുള്ളൂ. കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന സീനിയര്‍ എഡിറ്റര്‍ നികുഞ്ജ ഡാല്‍മിയ. അദ്ദേഹത്തിന് ലഭിക്കുന്നത് 1.07 കോടി. മാസം (മാസം ഒമ്പത് ലക്ഷം രൂപയില്‍ താഴെ മാത്രം !)  ഈ കണക്കുകള്‍ സാന്‍സ് സെറിഫ് (sans serif) എന്ന മാധ്യമ നിരീക്ഷണ ബ്ലോഗ് പ്രസിദ്ധപ്പെടുത്തിയതാണ്.

ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നവരുടെ പട്ടിക  സ്ഥാപനങ്ങള്‍ കമ്പനി കാര്യവകുപ്പിന് നല്‍കേണ്ടതുണ്ട്. ബെന്നറ്റ് കോള്‍മാന്‍ കമ്പനിപട്ടികയില്‍ പേരുള്ള 81 പേരില്‍ ഒമ്പതുപേര്‍ മാത്രമാണ് എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍. കമ്പനി ശമ്പള ബില്ലിന്റെ 89 ശതമാനം സെയ്ല്‍സ് വിഭാഗക്കാരുടെ ശമ്പളമാണ്. ഇതില്‍ സ്ഥാപന ഉടമസ്ഥന്മാരുടെയും കുടുംബത്തിന്റെയും ശമ്പളം പെടില്ല.

ഇതാണ് ഇന്ത്യന്‍ മാതൃകാ മാധ്യമ സ്ഥാപനത്തിന്റെ അവസ്ഥ. പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും വേജ് ബോര്‍ഡ്  ശുപാര്‍ശ  ചെയ്യുന്ന ശമ്പളം നല്‍കുന്നതിലേ പ്രശ്‌നമുള്ളൂ. അതിന്റെ പലയിരട്ടി ഉടമസ്ഥര്‍ക്കും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും പങ്കിട്ടെടുക്കാം.(പത്രപ്രവര്‍ത്തകന്‍ മാസികയുടെ ജനവരി 2015 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.)

Sunday, 8 February 2015

അലക്ഷ്യം പല ലക്ഷ്യം

ജയരാജനോട് കോടതി കാട്ടിയ കനിവ് ഒന്ന് വേറെ തന്നെ. കാക്കത്തൊള്ളായിരം 
ആളുകള്‍ ജയിലില്‍പോയിട്ടുണ്ട്. സകല പത്രത്തിന്റെയും ഒന്നാംപേജില്‍ കൈവീശി 
ജയിലില്‍പോകാന്‍ ചില്ലറ ഭാഗ്യമൊന്നും പോരാ. വിപ്ലവം നടത്തി ജയിലില്‍ പോയ 
ചെഗുവേരയുടെ ഗമയായിരുന്നു ജയരാജന്
എം.വി. ജയരാജന്‍ ജയിലില്‍പോയെന്ന് കേട്ട് ഇ.എം.എസ്സിന്റെ ആത്മാവ് നൊമ്പരപ്പെട്ടിരിക്കണം. ഇല്ല, ആത്മാവ് ഇല്ല. എങ്കിലും... തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വരുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവി നേടാനേ ഇ.എം.എസ്സിന് കഴിഞ്ഞുള്ളൂ. കോടതിയലക്ഷ്യത്തിന് ജയിലില്‍പോകാനായില്ല. ആ പദവി രണ്ടുവട്ടമാണ് തലനാരിഴയ്ക്ക് തെറിച്ചുപോയത്. ഗിന്നസ് ബുക്കിലും കേറാമായിരുന്നു. '57ല്‍ മുഖ്യമന്ത്രിയായപ്പോഴാണ് ആദ്യം ചാന്‍സ് കിട്ടിയത്. വരന്തരപ്പള്ളിയില്‍ ആറേഴ് കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ സഖാക്കളുമായി ഏറ്റുമുട്ടി സ്വയംമരിച്ച സംഭവത്തെപ്പറ്റി ഇ.എം.എസ്. എന്തോ അലക്ഷ്യം പറഞ്ഞത് കേസായി. ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ബൂര്‍ഷ്വാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ബൂര്‍ഷ്വാ മുഖ്യമന്ത്രിയായതിന്റെ സര്‍വപാപവും ബൂര്‍ഷ്വാ കോടതിയുടെ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ ഇല്ലാതാകുമായിരുന്നു. പാര്‍ട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രി കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികമായ ക്ഷമ യാചിക്കണമെന്നാണ് തീരുമാനമുണ്ടായത്.

''..... ആ പ്രസ്താവന പുറപ്പെടുവിച്ചതില്‍ പരിതപിക്കുകയും ബഹുമാനപ്പെട്ട കോടതിമുമ്പാകെ ക്ഷമായാചനം ചെയ്യുകയും ചെയ്യുന്നു. മാപ്പുതരികയും മേല്‍നടപടി എടുക്കാതിരിക്കാന്‍ ഉത്തരവാകുകയും ചെയ്യാന്‍ കോടതിക്ക് കാരുണ്യം ഉണ്ടാകണം' സാക്ഷാല്‍ ഇ.എം.എസ്. കോടതിയില്‍ നേരില്‍ ഹാജരായി എഴുതിക്കൊടുത്താണിത്. വായിച്ച് ലജ്ജിക്കേണ്ട. അത് ചെയ്യിച്ചത് പാര്‍ട്ടിയിലെയും ബാറിലെയും മഹാന്മാര്‍. അന്ന് ജഡ്ജിനെ കേറി ശുംഭനെന്നും കോന്തനെന്നുമൊന്നും വിളിച്ചതായിരുന്നില്ല കേസ്. മറ്റേ വര്‍ഗത്തില്‍പ്പെട്ട ആളായിരുന്നതുകൊണ്ട് അത്തരം വാക്കുകളൊന്നും ഇ.എമ്മിന്റെ നാക്കില്‍വരാറില്ല. വിമോചനസമരം നയിച്ച മന്നത്ത് പത്മനാഭനെപ്പോലും തിരുമേനി ശുംഭനെന്നൊന്നും വിളിക്കുകയില്ല. കോടതിയില്‍ വേറൊരു നമ്പൂതിരി പറഞ്ഞ ന്യായപ്രകാരമാണോ എന്നറിയില്ല, ബഹുമാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ഏഭ്യന്മാര്‍ എന്ന് വിളിക്കാറില്ല, ഏഭ്യന്മാരെ ബഹുമാനപ്പെട്ട നേതാക്കളേ... എന്നേ വിളിക്കാറുള്ളൂ.
ഇ.എം.എസ്സിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത കുറ്റം ചുമത്തി അന്നൊരു പത്രാധിപരെയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. കക്ഷി മത്തായി മാഞ്ഞൂരാന്‍. അന്ന് നമ്പൂതിരിപ്പാടിന്റെ എതിരാളി. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒപ്പം മന്ത്രി. പത്ത് എം.വി. ജയരാജന്മാര്‍ വന്നാലും മത്തായി മാഞ്ഞൂരാന്റെ അടുത്തെത്തില്ല. ഇ.എം.എസ്. കോടതിയലക്ഷ്യം പറഞ്ഞാല്‍ അത് റിപ്പോര്‍ട്ട് ചെയ്യല്‍ തന്നെയാണ് തന്റെ പണി, മാപ്പുപറയുന്ന പ്രശ്‌നമില്ല. ഒരു മാസം ജയിലില്‍കിടന്നത് പിഴ കൊടുക്കാന്‍ നൂറ് രൂഫാ ഇല്ലാഞ്ഞിട്ടല്ല. കേസ് ശരിക്കും ജയിച്ചത് മത്തായിയാണ്.
രണ്ടാംവട്ടം ചാന്‍സ് കിട്ടിയപ്പോഴും ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്നല്ലോ. ''ബൂര്‍ഷ്വാ സമൂഹത്തില്‍ നീതിന്യായവ്യവസ്ഥ മര്‍ദകോപകരണമായ ഭരണകൂടത്തിന്റെയും ധനികരുടെയും പക്ഷത്താണെന്ന് താന്‍ അടങ്ങുന്ന കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നു'' എന്നേ പറഞ്ഞുള്ളൂ. ബൂര്‍ഷ്വാ കീര്‍ഷ്വാ എന്നൊന്നും വിശേഷിപ്പിച്ചില്ലെങ്കിലും പില്‍ക്കാലത്ത് കേന്ദ്രനിയമമന്ത്രിമാരും ജഡ്ജുമാര്‍ തന്നെയും പറഞ്ഞിട്ടുണ്ട് ഇതിനേക്കാള്‍ കഠിനപദങ്ങള്‍. പക്ഷേ, കേസുമുണ്ടായില്ല, ജയിലുമുണ്ടായില്ല. സുപ്രീംകോടതിവരെ പോയി ഇ.എം.എസ്. പിഴയടച്ച് തടിയൂരി.

കേസ് ശിക്ഷിച്ചതുകൊണ്ടോ ജയിലില്‍ പോയതുകൊണ്ടോ മാത്രം കക്ഷി കേസില്‍ തോല്‍ക്കില്ലെന്നതാണ് സത്യം. സത്യം ചിലപ്പോള്‍ കോടതിക്കുപോലും പിടികിട്ടാറില്ല. ഇ.എം.എസ്സിന് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും സിദ്ധാന്തങ്ങള്‍ ശരിക്കറിയില്ല എന്ന് വിധിന്യായത്തില്‍ എഴുതി ഒരു ജസ്റ്റിസ്. ഇന്ന് വായിക്കുന്നവര്‍ക്കറിയാം ജസ്റ്റിസാണ് കേസില്‍ തോറ്റത്, ഇ.എം.എസ്സാണ് ജയിച്ചത് എന്ന്. ജയിലില്‍പോകണമോ പിഴയടച്ച് തടിയൂരണോ എന്നാലോചിക്കാന്‍ ഇ.എം.എസ്സിന് അവസരം കൊടുത്തില്ല കോടതി. ശിക്ഷ പിഴമാത്രമായിരുന്നു. അന്ന് ശിക്ഷിക്കപ്പെട്ടെങ്കിലും ചരിത്രത്തിന്റെ കോടതിയില്‍ ജയിച്ചത് നമ്പൂതിരിപ്പാടാണ്. പിഴയടയ്ക്കാതെ ജയിലില്‍ പോയിരുന്നെങ്കില്‍ ജയം ഡിസ്റ്റിങ്ഷനോടെ ആവുമായിരുന്നു. പിഴ ശിക്ഷ വെറും മോഡറേഷന്‍ പാസായിപ്പോയി.
ശുംഭന്‍ കേസില്‍ ജയരാജനാണോ ജയിച്ചത് കോടതിയാണോ ജയിച്ചത് എന്നകാര്യത്തില്‍ ആര്‍ക്കും ലേശം സംശയം തോന്നും. കേസില്‍ കോടതിയാണ് പരാതിക്കാരന്‍, പരാതിക്കാരന്‍തന്നെയാണ് വിധി പറഞ്ഞതും. ഇതിന് മുന്‍വിധി എന്നുംപറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ജയരാജനോട് കോടതി കാട്ടിയ കനിവ് ഒന്ന് വേറെത്തന്നെ. കാക്കത്തൊള്ളായിരം ആളുകള്‍ ജയിലില്‍പോയിട്ടുണ്ട്. സകല പത്രത്തിന്റെയും ഒന്നാംപേജില്‍ കൈവീശി ജയിലില്‍ പോകാന്‍ ചില്ലറ ഭാഗ്യമൊന്നും പോരാ. വിപ്ലവം നടത്തി ജയിലില്‍ പോയ ചെഗുവേരയുടെ ഗമയായിരുന്നു ജയരാജന്. ജയരാജന്‍ കുറ്റവാളിയാണ്, ഇനി കളിച്ചാല്‍ ജയിലിലാക്കും എന്ന് വാണിങ് നല്‍കി വെറുതെ വിട്ടിരുന്നെങ്കില്‍ കേസില്‍ ജയരാജന്‍ തോല്‍ക്കുമായിരുന്നു. തിയേറ്ററില്‍ സിഗരറ്റ് വലിക്കുന്നത് പോലുള്ള പെറ്റി കുറ്റങ്ങള്‍ ചെയ്തവരെ ശിക്ഷിക്കുംപോലെ, വൈകുന്നേരംവരെ കോടതി വരാന്തയില്‍ നില്‍ക്കാന്‍ ശിക്ഷിച്ചിരുന്നുവെങ്കില്‍ നാണം കെട്ടേനെ. ജയിലിലിട്ടതിന് കോടതിയോട് ജയരാജന്‍ നന്ദിപറയണം.

പൗരാവകാശത്തിനുവേണ്ടി പടപൊരുതിയാണ് താന്‍ ജയിലില്‍പോകുന്നതെന്ന് നടിക്കാന്‍ ജയരാജന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ജനത്തിന് സത്യം അറിയാം. ശുംഭന്‍ എന്നുവിളിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് അദ്ദേഹം ജയിലില്‍ പോയത്. ആ വാക്കില്ലെങ്കില്‍ ജയിലുമില്ല, കേസുമില്ല, പത്രത്തില്‍ ഹെഡ്ഡിങ്ങുമില്ല, ചാനലില്‍ ചര്‍ച്ചയുമില്ല. അമാന്യ വാക്കുപറഞ്ഞ് കോടതിയെ അപമാനിക്കുകയും ചെയ്തു, അതിനെ കോടതി ഗൗരവത്തിലെടുത്തതുകൊണ്ട് കേസില്‍ ജയരാജന്‍ ജയിക്കുകയും ചെയ്തു. ഒരു മാസം ജയിലില്‍ കിടന്നാലെന്താ.... കാശ് മുതലായില്ലേ ?
പക്ഷേ, ഒന്നുണ്ട്. പ്രസംഗത്തില്‍ ഒന്നും ആഴത്തില്‍ ആലോചിച്ചല്ല പറയുക. പ്രത്യേകിച്ചും രാഷ്ട്രീയപ്രസംഗത്തില്‍. ഓര്‍ക്കാപ്പുറത്ത് ചില പ്രയോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കും. പിന്നീട് അത് പിന്‍വലിക്കുന്നതിലും മാപ്പുപറയുന്നതിലും തെറ്റില്ല. കോടതിവിധി പക്ഷേ, ആലോചിച്ച്് എഴുതിത്തയ്യാറാക്കുന്നതാണ്. പ്രസംഗത്തില്‍ ജഡ്ജിനെ ശുംഭന്‍ എന്ന് വിളിക്കുന്നതാണോ പ്രതിയെ കോടതി, പുഴു എന്ന് വിളിക്കുന്നതാണോ വലിയതെറ്റ് എന്ന്് പൊതുജനം വിധിപറയട്ടെ.
ഇ.എം.എസ്. മുതല്‍ പാലോളി മുഹമ്മദ് കുട്ടി വരെയുള്ള സഖാക്കളെക്കൊണ്ടെല്ലാം കോടതിയില്‍ മാപ്പുപറയിച്ച പാര്‍ട്ടി, പറയാന്‍ പാടില്ലാത്തതുപറഞ്ഞ ആളെ മാപ്പുപറയിക്കാതെ ധീര വിപ്ലവകാരിയാക്കിയതിന്റെ ഗുട്ടന്‍സാണ് പിടികിട്ടാത്തത്. അബദ്ധം പറഞ്ഞതിന് ശിക്ഷ ലഭിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന പദവി ജയരാജന് വാങ്ങിക്കൊടുക്കാനാവും. തെറ്റില്ല.

                                                              ****

ആസ്?പത്രിയില്‍ കിടക്കുന്നവരെ സന്ദര്‍ശിച്ച് സഹതാപം പ്രകടിപ്പിക്കുന്നതുപോലൊരു നാട്ടുനടപ്പായിട്ടുണ്ട് ജയിലില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കലും. ജയരാജനെ സന്ദര്‍ശിക്കാന്‍ ബാലകൃഷ്ണപിള്ള പോയത് മനസ്സിലാക്കാം. അദ്ദേഹം കിടന്ന ജയിലില്‍ തന്നെയാണല്ലോ ജയരാജനും കിടക്കുന്നത്. ചില്ലറ ഉപദേശങ്ങള്‍ കൊടുക്കാനുണ്ടാവും. പോരാത്തതിന് രണ്ടുപേരും കോടതിയുടെ കടുംകൈയ്ക്ക് ഇരകള്‍ ആയതാണല്ലോ. ജഡ്ജ്മാരുടെ ബുദ്ധിയില്ലായ്മയെകുറിച്ച് നാല് വര്‍ത്തമാനം പറയുകയുകയും ചെയ്യാം. ജയരാജന്റെ കൈയില്‍ ടേപ്പ്‌റിക്കാര്‍ഡര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതുകൊണ്ട് ധൈര്യമായി പറയാം. സംസ്ഥാന ആഭ്യന്തരമന്ത്രി ജയിലില്‍ ജയരാജനെ സന്ദര്‍ശിച്ചതെന്തിനാണാവോ. കോാടതിക്കെതിരായ പോരാട്ടത്തില്‍ ജയരാജനോട് അനുഭാവം പ്രകടിപ്പിക്കാനോ ? അല്ലെങ്കില്‍, വെറുതെ മണ്ടത്തരം പറഞ്ഞ് ജയിലില്‍ പോകേണ്ടിവന്നതിലുള്ള സഹതാപം പ്രകടിപ്പിക്കാനോ ?
രാഷ്ട്രീയനേതാക്കള്‍ ഒരു വര്‍ഗമായി കഴിഞ്ഞതുകൊണ്ട് പരസ്?പരം സഹതാപം പ്രകടിപ്പിക്കാനും അനുഭാവം പ്രകടിപ്പിക്കാനും സഹായിക്കാനും എപ്പോഴും തയ്യാര്‍. അതല്ലെങ്കില്‍, ഏതെല്ലാം യോഗ്യന്മാര്‍ ജയിലില്‍ കിടക്കുന്നു. അക്കൂട്ടത്തില്‍ ഒന്നാംകിട പ്രതിഭാശാലികളും കാണും. ചിലരെയൊന്നും കോടതി ശിക്ഷിച്ചിട്ടുമുണ്ടാവില്ല. എല്ലാവരെയും
വണ്‍ ബൈ വണ്‍ സന്ദര്‍ശിച്ചുകൂടേ ?

Wednesday, 4 February 2015

Investigative Journalism in Kerala

Kerala is perhaps the only Indian state where journalism had attained a place of pride even in the sixties. Literacy was high and newspapers were having more printing units and local editions. Many of the present day newspapers in the mainstream were launched in the late 19th and in the early 20th century to fight for India’s freedom from British. They also fought autocracy and social evils. This legacy remains alive.

Late E. M. S. Nambudiripad, a noted political thinker of the state, had observed that history of renaissance in Kerala is actually the history of the press in Kerala.  Prof. Robin Jeffrey who has extensively written about Kerala observes that it was literacy and politicalisation, one helping the other, that created the very particular media and also the media influenced society of Kerala.

Kerala's achievements in social development and quality of life are encouraging. The state has achieved a human development index comparable to the developed countries of the World. The literacy rate is highest of all Indian states. The mass media is also booming. Circulation is growing even when TV news channels are mushrooming. The newspapers enjoy widespread readership and credibility.

But when it comes to watchdog reporting the scene was not encouraging, according to various research studies undertaken by academic institutions and press academy in Kerala.  It was not that media in Kerala was not interested in watchdog journalism. But to many people, investigative reporting was just a sensation.  Journalists were chasing scoops and there was little focus on a systematic approach about professional discipline of assembling and verifying facts.

The year 1997 marked 150th anniversary of Malayalam journalism. There was much of celebrations in Kerala.  It was Herman Gundert, a German missionary who launched the first Malayalam newspaper-Rajaya samacharam in 1847.

There is much difference of opinion on whether the so called first newspaper was really a newspaper, in the modern sense of the term, as the main motto of the publication was religious propaganda that is spreading Christianity. Nevertheless, seminars and discussions were held in 1997 and 1998 about the progress that Malayalam media achieved in the one and a half centuries. One book was brought out by Kerala Press Academy, and another was done by Kesari Memorial Trust under the Kerala Union of working Journalists.  Both the books contained lengthy studies on almost all aspects of Malayalam print media.

There was no mention of investigative reporting in those studies. However there were number of references to numerous instances of reporting that can very well be termed watchdog journalism. One landmark epoch in the history of Malayalam media is the life of Swadeshabhimani Ramakrishna Pillai. Ramakrishna Pillai was a journalist and editor in then princely state of Travancore in southern Kerala. He got the name swadeshabhimani from a newspaper Swadeshabhimani (The Patriot) he edited.

His criticism of Diwan  P. Rajagopalachari eventually resulted in confiscation of the newspaper and press and his arrest and exile from Travancore in 1910. Living in exile in Kannnur he died in 1916. He wrote the first book on journalism in Malayalam and also the first book on Karl Marx. Yes, it means that there were men of foresight who took up the cause of watchdog journalism even when no freedom of expression was guaranteed by any constitution in Kerala.

It was only after the emergency that the mainstream papers embraced the mode and methods of professional journalism. Editorial autonomy was permitted to highlight problems of common people by holding the government accountable. There were instances of newspapers exposing corruption of the rulers, even in early seventies. Kerala Kaumudi's expose of the corruption involved in forest policies and the plunder of forest resources is considered to be the first investigative report in Malayalam journalism.

That was in 1973. Three journalists who undertook the two month investigation were later shifted to periodical section of the publication, allegedly at the instance of the ruling party.  After emergency was withdrawn in 1977 numerous journalists in the mainstream media took up fights against forest plunder, human rights violations, corruption, maladministration and wasteful expenses of public money. There were rigorous campaigns on issues of public interest. Investigative reporting running as series for five to eight days became a usual thing in all major dailies. The tradition still continues.

Ironically readership, not impact, or public good, has become the desired character of serialised investigative reports. Competition between newspapers is to score points not in news coverage but in getting better circulation. Just as political parties are appeasing vote banks, newspapers have started appeasing circulation banks, and these are mostly based on caste, religion or effluent sections of the society.

Role of editors and editorial autonomy are on the decline. Not many papers have professional editors now. Overall companies are reluctant to spend on newsgathering and investigative journalism.  There are so many journalism awards instituted by media and non-media organisations. Many young reporters have more than a dozen awards in their credit.  But awards have failed to improve the quality of journalism. Television channels depend on endless breaking news and talk shows. They also do sting operations which are so silly and make viewers only laugh.

One area which gives hope about future of investigative journalism is online media. Several well-meaning groups have taken up new media ventures in the state. Technology has made running online platforms comparatively very cheap. Many are taking advantage of that. Some web portals are enjoying a steady rise in readership. But the new medium has not yet become an economically  viable model.


N P Rajendran is a senior journalist and a former chairman of Kerala Press Academy.

(Published in the website of Centre for Investigative Journalism India - http://cij.co.in/)

Sunday, 1 February 2015

സേവ് കെ.എം. മാണി ഫോറം


മാണിസാറിനെതിരായ കൊടുംക്രൂരത തുടര്ന്നാല് പാരീസില് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്ന് തിരുമേനി ഭീഷണിപ്പെടുത്തി എന്നൊന്നും പറഞ്ഞുണ്ടാക്കേണ്ട ആരും. അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാലും നാളെ അങ്ങനെ വല്ലതും സംഭവിച്ചാല് മുന്കൂട്ടി പറഞ്ഞില്ലല്ലോ എന്ന് ആരും പരിഭവിക്കരുത്. അത്രയേ ഉള്ളൂ. 
ധനമന്ത്രി കെ.എം. മാണി ഊരാക്കുടുക്കില്‌പ്പെട്ടിട്ട് മാസം മൂന്നായി. സാധാരണഗതിയില് തടിയൂരിപ്പോരാനുള്ള സമയമെന്നോ പിന്നിട്ടിരിക്കുന്നു. ഇതിലും വലിയ ഏതെല്ലാം കേസുകളില്‌നിന്ന് മുഖ്യമന്ത്രിയടക്കമുള്ളവര് തലയൂരിപ്പോന്നിരിക്കുന്നു. മാണി രക്ഷപ്പെടാന് ശ്രമിക്കായ്കയല്ല. ശ്രമിക്കുന്തോറും കുരുക്ക് മുറുകുന്നേ ഉള്ളൂ. രക്ഷപ്പെടുത്താന് പാഞ്ഞുവരേണ്ടത് പാര്ട്ടിയിലും മുന്നണിയിലും ഉള്ളവരാണ്. ആരും വരുന്നില്ലെന്ന് മാത്രമല്ല, തരംകിട്ടുമ്പോള് പിറകില്‌നിന്ന് കുത്തുന്നുമുണ്ട് ഓരോരുത്തര്.
സര്ക്കാറിന്റെ ഔദാര്യംകൊണ്ട് കഴിഞ്ഞുകൂടിപ്പോകുന്ന ഒരു ദുര്ബലസംഘമാണ് ബാര് ലോബി, ബാര് മാഫിയ എന്നും മറ്റും പറയുന്ന ഈ സാധനം. എമ്പാടും കാശ് കൈയിലുണ്ടെന്നത് സത്യംതന്നെ. അതുതന്നെയാണ് പ്രയാസവും. നിരന്തരം നോട്ട് ഇരട്ടിപ്പിക്കേണ്ടതുകൊണ്ട് നിരന്തരം നിയമലംഘനങ്ങളും വേണ്ടിവരും. അതിന് അധികാരിമാഫിയയുടെ സഹായം വേണം. സാധാരണഗതിയില് ഇത്തരമൊരു വാണിജ്യസംഘം സംസ്ഥാന ധനമന്ത്രിക്കെതിരെ തിരിഞ്ഞാല് അധികദിവസം നിന്ന് പിഴയ്ക്കാനാവില്ല. ഇവിടെ നേരേ തിരിച്ചാണ്. ധനമന്ത്രിക്കും സര്ക്കാറിനുമാണ് നിന്നുപിഴയ്ക്കാന് പ്രയാസമായിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അഭ്യുദയകാംക്ഷികള് മാണിസാറിനെ രക്ഷിക്കാന് രംഗത്തിറങ്ങിയത്. വേറൊരു വഴിയും കണ്ടില്ല. സമുദായആത്മീയ ബഹുമാന്യന്മാരാണ് പ്രസ്താവനകളും പത്രലേഖനങ്ങളുമായി രണ്ടും കല്പിച്ച് ഇറങ്ങിയത്. സംഘടനാരൂപമൊന്നും കാണില്ല. പക്ഷേ, അതൊരു സേവ് കെ.എം. മാണി ഫോറമാണ്. വരുംനാളുകളില് കൂടുതല് ബഹുമാന്യര് രംഗത്തുവരും. അവരെല്ലാം തരംകിട്ടുമ്പോള് യു.ഡി.എഫിന്റെ കൊങ്ങയ്ക്ക് പിടിക്കുന്നവരാണ്. പക്ഷേ, മാണിസാറിന്റെ കാര്യം അങ്ങനെയല്ലല്ലോ. എന്തെല്ലാം പ്രശ്‌നങ്ങളില് പാഞ്ഞുവന്ന് സഹായിച്ച ആളാണ് കെ.എം.മാണി. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ആ ആത്മബന്ധം. നിഷ്‌കാമകര്മയോഗിയാണ്, ദൈവഭയമുള്ളവനാണ്, കുഞ്ഞാടാണ്. വോട്ടല്ലാതെ മറ്റൊന്നും പ്രതിഫലമായി വാങ്ങിക്കാറില്ല. അത്തരമൊരു മാന്യദേഹത്തെ അത്യാവശ്യഘട്ടത്തില് സഹായിക്കുന്നില്ലെങ്കില് പിന്നെ 'ഈ ജീവിതമെന്തിന് തന്നു ആണ്ടിവടിവോനേ...' എന്ന് പാടിപ്പോകും. ഇത്തരം ഘട്ടങ്ങളില് അഴിമതി, കോഴ എന്നും മറ്റും പറഞ്ഞ് പിന്തിരിയാന് ശ്രമിക്കുന്നത് ദൈവദോഷമാണ്. നായര് സര്വീസ് സൊസൈറ്റിക്കാരാണ് സമദൂരവും അഴിമതിസിദ്ധാന്തവുമെല്ലാം വെടിഞ്ഞ് ആദ്യം രംഗത്തിറങ്ങി സേവ് ഫോറത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചത്. പിറകെ ബിഷപ്പ് തിരുമേനി രംഗത്തെത്തി. ഇനി ക്യൂ നീളും.

മാണിസാറിനെ ഈ പരുവത്തിലാക്കിയത് ബാര് മാഫിയയോ പ്രതിപക്ഷപാര്ട്ടികളോ യു.ഡി.എഫിന്റെ വ്യാജ മദ്യവിരുദ്ധനയമോ ഭരണകക്ഷിയിലെ തന്നെ പാരവെപ്പുകാരോ അല്ല, മാധ്യമക്കാരാണ് എന്ന് സ്ഥാപിക്കുന്നതാണ് സേവ് ഫോറം രക്ഷാധികാരി ആര്ച്ച് ബിഷപ്പ് തിരുമേനി പത്രത്തിലെഴുതിയ ലേഖനം. തിരുമേനി ജി.കെ. ചെസ്റ്റര്ടനെയും ബര്ണാഡ്ഷായെയും കുറിച്ചൊക്കെ ലേഖനാദ്യം പറയുന്നതുകേട്ട് ഭയന്ന് പിന്വാങ്ങുകയൊന്നും വേണ്ട. കാര്യം നിസ്സാരം. മാണിസാറിനെ പത്രങ്ങളിങ്ങനെ വളഞ്ഞ് ആക്രമിക്കുന്നത് ക്രൂരതയാണ് എന്നുപറയാനേ അദ്ദേഹം ഉദ്ദേശിച്ചുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമൊന്നും തോന്നുംപോലെ ഉപയോഗിക്കരുത്. പാരീസില് കാര്ട്ടൂണ്പത്രം കാട്ടിയതിന് ഏതാണ്ട് സമാനമായ ദുഷ്ടപ്രവൃത്തിയാണ് കേരളത്തിലെ മാധ്യമങ്ങള് മാണിസാറിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. ശരിയായ തെളിവില്ലാതെ ഒരു മനുഷ്യനെ തുടര്ച്ചയായി വേട്ടയാടുന്നതില് അപാകമുണ്ട്. കുറ്റവിചാരണയും ശിക്ഷയും മാധ്യമങ്ങള് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിയില്ലെങ്കില് പ്രതികരണ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടാവില്ല. അതാണ് പാരീസില് സംഭവിച്ചതെന്ന് തിരുമേനി വ്യക്തമാക്കുന്നു.
മാണിസാറിനെതിരായ കൊടുംക്രൂരത തുടര്ന്നാല് പാരീസില് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്ന് തിരുമേനി ഭീഷണിപ്പെടുത്തി എന്നൊന്നും പറഞ്ഞുണ്ടാക്കേണ്ട ആരും. അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാലും നാളെ അങ്ങനെ വല്ലതും സംഭവിച്ചാല് മുന്കൂട്ടി പറഞ്ഞില്ലല്ലോ എന്ന് ആരും പരിഭവിക്കരുത്. അത്രയേ ഉള്ളൂ. മാധ്യമങ്ങള് ലക്ഷ്മണരേഖ കടക്കരുത് എന്നുപറയാനേ തിരുമേനി ഉദ്ദേശിച്ചിരുന്നുള്ളൂ. എന്തുചെയ്യും, ചിലപ്പോള് പറഞ്ഞുവരുമ്പോള് തിരുമേനിതന്നെ അറിയാതെ ലക്ഷ്മണരേഖ കടന്നുപോകും. അത് ഈ രേഖയുടെ കുഴപ്പമാണ്. സീതയും പണ്ട് അങ്ങനെയാണ് രേഖ കടന്നുപോയത്.

ആകപ്പാടെ പറഞ്ഞുവന്നപ്പോള്, കോഴ കൊടുത്തെന്ന് പറഞ്ഞ ബാറുകാരും ഇല്ല, മാണിക്കെതിരെ തിരിഞ്ഞ പ്രതിപക്ഷക്കാരും ഇല്ല, മാണിക്ക് നിരന്തരം പാരവെക്കുന്ന പാര്ട്ടിക്കാരുമില്ല, വിജിലന്‌സ് അന്വേഷണവുമില്ല, കേസുമില്ല കോടതിയുമില്ല. പ്രതിക്കൂട്ടില് ഒരു പ്രതിമാത്രം. അത് മാധ്യമങ്ങളാണ്. നാലുവര്ഷമായി മുഖ്യമന്ത്രിയെയും ബാലകൃഷ്ണപ്പിള്ളയെയും മറ്റ് അരഡസന് മന്ത്രിമാരെയും ചാന്‌സ് കിട്ടിയപ്പോള് സി.പി.എം. സെക്രട്ടറി പിണറായി വിജയനെയുമെല്ലാം പ്രതിക്കൂട്ടില് കയറ്റി വിചാരണചെയ്തിട്ടുണ്ട് ഇതേ മാധ്യമങ്ങള്. അത് ക്ഷമിക്കാം. മാണിസാറിനോട് ചെയ്യാമോ ഈ കൊടിയ അനീതി? നരകമേ കിട്ടൂ ഈ ദുഷ്ടന്മാര്ക്ക്, സംശയമില്ല.

                                                                             ****

ബാലകൃഷ്ണപ്പിള്ളയെ വേണ്ടെന്നും പറയുന്നില്ല വേണമെന്നും പറയുന്നില്ല ഇടതുമുന്നണി. ഇതുകാരണം യു.ഡി.എഫിന് അകത്തുമല്ല, പുറത്തുമല്ല എന്ന അവസ്ഥയില് കുടുങ്ങിനില്പ്പാണ് പിള്ള. ക്രൂരമാണ് ഈ സമീപനം. തള്ളയെയും പിള്ളയെയും വേര്‌പെടുത്തിയില്ലെങ്കില് സംഗതി രണ്ടിനും അപകടമാണ് എന്ന് പറയേണ്ടല്ലോ.
ആര്ക്കും വാതില് കൊട്ടിയടച്ചിട്ടില്ല എന്ന് പറയുന്നുണ്ട് ഇടതുനേതാക്കള്. മലയാളത്തില് ഇതിനര്ഥം വാതില് തുറന്നുകിടക്കുന്നുണ്ട് എന്നാണ്. പക്ഷേ, രാഷ്ട്രീയത്തില് ഇതിന്റെ അര്ഥം വേറെയാണ്. ഇപ്പോള് തുറന്നുകിടക്കുന്നുണ്ട്, താന് ഇങ്ങോട്ട് വരാന് പുറപ്പെട്ടാല് ഉടന് വലിച്ചടയ്ക്കും എന്നാണ് അര്ഥം. ഇത് ഏറ്റവും നന്നായി അറിയുന്നയാള് ബാലകൃഷ്ണപ്പിള്ളയാണ്. പിള്ള എത്ര വാതില് കണ്ടിരിക്കുന്നു, വാതില് എത്ര പിള്ളമാരെ കണ്ടിരിക്കുന്നു. അഴിമതിക്കെതിരെ പറയുന്നതുകൊണ്ട് ഇപ്പോള് ഇടതുമുന്നണിക്ക് പിള്ള അര സ്വീകാര്യന് ആയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്. പണ്ടൊക്കെ ആള് അഴിമതിക്കാരനാണോ അല്ലയോ എന്ന് നോക്കിയാണ് സമീപനം സ്വീകരിച്ചിരുന്നത്. ഇപ്പോള് കാലംമാറി. അഴിമതിക്കാരനാണോ എന്ന് നോക്കേണ്ടതില്ല. ആള് അഴിമതിക്കെതിരെ പറയണം എന്നേയുള്ളൂ. സ്വന്തം അഴിമതിക്ക് എതിരെയല്ല, മറ്റുള്ളവരുടെ അഴിമതിക്ക് എതിരെ. കെ.എം.മാണി, ഉമ്മന്ചാണ്ടി തുടങ്ങിയവരുടെ അഴിമതിക്കെതിരെ പിള്ള പറയുന്നുണ്ട്. ഫോണിലേ പറഞ്ഞിരുന്നുള്ളൂ എന്നതും നോക്കേണ്ട. പറഞ്ഞല്ലോ, അതുമതി. പിള്ളയ്‌ക്കൊപ്പം നമ്മളുണ്ട്. പിള്ളയ്‌ക്കെതിരെ മുമ്പ് കേസ് കൊടുത്തതും ശിക്ഷിപ്പിച്ചതുമൊന്നും നോക്കേണ്ട.

ഇതെല്ലാം തരണംചെയ്ത് ഇടതുമുന്നണിയുടെ ഇരുമ്പുവാതില് വലിയ അലര്ച്ചയോടെ തുറന്ന് പിള്ള, പുത്രന്, കൊട്ടാരക്കരവാസികളായ ഒരു ലോറിയില് കൊള്ളാവുന്ന ആളുകള് എന്നിവരെ അകത്ത് പ്രവേശിപ്പിച്ചു എന്നിരിക്കട്ടെ. തീര്‌ന്നോ പ്രശ്‌നം? ഇല്ല. തീരില്ല. അവിടെ നേരത്തേ പ്രവേശിച്ച കുറേ അഗതികള് നില്പ്പുണ്ട്. പേര് വെളിപ്പെടുത്തുകയില്ല. വ്യത്യസ്തതരം പെര്മിറ്റുകള് ലഭിച്ചവരെ അവിടെ കാണാം. മുറ്റത്ത് കയറാനുള്ളത്, ഗേറ്റില് നില്ക്കാനുള്ളത്, പറമ്പത്ത് നില്ക്കാനുള്ളത്, കോലായയില് പായ വിരിച്ച് കിടക്കാനുള്ളത്... ഇങ്ങനെ പോകുന്നു ഓരോരുത്തരുടെ അവസ്ഥ. ഇവര്ക്ക് സീനിയോറിറ്റി ക്രമവുമുണ്ട്. ഒരു ദശകമായി നില്ക്കുന്നവര് മുതല് ഏതാനും മാസംമുമ്പ് വന്നവര്വരെയുണ്ട്. ഇക്കൂട്ടത്തില് ചെന്ന് ക്യൂ നില്ക്കാന് പിള്ളസാറിനെ കിട്ടില്ല. അതിന് വേറെ ആളിനെ നോക്കണം. പിള്ളസാര് വന്നാല് നേരേ വാതില്തുറന്ന് അകത്തുകയറ്റി കട്ടിലിലിരുത്തണം. ആള് തറവാടിയാ... പണ്ട് സ്വന്തം ആനയുണ്ടായിരുന്ന ആളാ... ഏത്?

                                                                           ****

നിയമനിര്മാണസഭയില് മൂന്നിലൊന്ന് സീറ്റ് തരാം എന്നുപറഞ്ഞ് കാലം കുറേയായി സ്ത്രീകളെ പറ്റിച്ചുവരികയാണല്ലോ. അതേതായാലും നടപ്പില്ലാത്ത സ്ഥിതിക്ക് സങ്കടനിവൃത്തിക്കായി റേഷന് കാര്ഡ് സ്ത്രീകളുടെ പേരിലാക്കാന് തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതില് റേഷന് കാര്‌ഡോളം ഫലപ്രദമല്ല ലോക്‌സഭ എന്ന് കണ്ടെത്തിയിട്ടുണ്ട്.
കാര്ഡ് നിലവില്വരുന്നതിന് മുമ്പുതന്നെ അതിന്റെ ഗുണം കിട്ടിത്തുടങ്ങി. കഴിഞ്ഞതവണ കുടുംബനാഥന് വെയിലില് ക്യൂനിന്ന സ്ഥാനത്ത് ഇത്തവണ ശ്രീമതി നിര്ഭാഗ്യവതിതന്നെ നില്ക്കണം. ക്യൂവിന്റെ നീളവും വെയിലിന്റെ ചൂടും കൂടുന്നതിനനുസരിച്ച് ശാക്തീകരണവും കൂടും. അപേക്ഷാഫോറത്തിന് നിന്നതിന്റെ ക്ഷീണം തീര്ന്നിട്ടുവേണം ഫോട്ടോ എടുക്കാനുള്ള ക്യൂ നില്ക്കാന്. അതെത്ര മണിക്കൂര് എന്ന് തീരുമാനമായിട്ടില്ല. കാര്ഡ് കിട്ടിക്കഴിഞ്ഞാല് പിന്നെ അത് പണയംവെക്കാന് ഭര്ത്താവ് ആവശ്യപ്പെടുമ്പോള് കൊടുക്കാതിരുന്നാല്, സബ്‌സിഡിത്തുക ബാങ്കില്‌നിന്ന് എടുത്തുകൊടുക്കാതിരുന്നാല് എല്ലാം ഉണ്ടാകുന്ന പോരാട്ടങ്ങള് സ്ത്രീകളെ ശക്തിമത്താക്കും.
റേഷന്കാര്ഡ് അപേക്ഷപോലെ സങ്കീര്ണമായ അപേക്ഷാഫോറം എ.കെ.47 തോക്ക് കിട്ടാന്‌പോലും ആവശ്യമില്ല. പൂരിപ്പിക്കുമ്പോള് തെറ്റിപ്പോയാല് ഫോറം മാറ്റിക്കിട്ടില്ലത്രെ. ഒരു കുടുംബത്തിന് ഒന്നുമാത്രം കിട്ടുന്ന സാധനം സ്വര്ഗരാജ്യത്തുനിന്ന് നൂലില് കെട്ടിയിറക്കിയതാണ്. എഴുതുമ്പോള് ഒരക്ഷരം തെറ്റിപ്പോയാല് ജയിലിലിടുമോ എന്ന് സംശയിച്ചുപോകും ജനത്തെ പിടികൂടിയ ഭീതി കണ്ടാല്. ജനത്തെ വിരട്ടാന് റേഷന്കാര്ഡും ആയുധമാക്കാം.