Tuesday, 10 February 2015

ദരിദ്രമാകുന്ന പത്രലോകം, കുമിഞ്ഞുകൂടുന്ന സമ്പത്ത്


ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലൊഴികെ ലോകത്തെങ്ങും അച്ചടി മാധ്യമങ്ങള്‍ പിറകോട്ട് പോവുകയാണ് എന്നത് സത്യമാണ്. സര്‍ക്കുലേഷന്‍ കുറയുന്നു, പരസ്യവരുമാനം താഴുന്നു. എവിടെയും ഇതിന്റെ ഫലമായി ശോഷിക്കുന്നത് പത്രത്തിന്റെ ഉള്ളടക്കമാണ്. പത്രപ്രവര്‍ത്തകരുടെ  എണ്ണം കുറയുന്നു, ഉള്ളവരുടെ ശമ്പളം കുറയുന്നു. വിദേശബ്യൂറോകള്‍ പലതും അടച്ചുപൂട്ടുന്നു. ന്യൂസ് റൂമുകളില്‍ കൂട്ടപിരിച്ചുവിടലുകള്‍ നടക്കുന്നു, അത്ഭതകരമെന്ന് പറയട്ടെ, ഇതിനിടയിലും മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന പല പ്രമുഖരുടെയും വരുമാനം ഞെട്ടിക്കുന്ന തോതില്‍ വര്‍ദ്ധിക്കുന്നു. പലര്‍ക്കും സ്ഥാപന മുതലാളിമാരുടെ ലാഭവിഹിതത്തേക്കാള്‍ വലിയ ശമ്പളക്കവറുകള്‍ ലഭിക്കുന്നു.

ഈ നവ സമ്പന്നര്‍ പലരും ലോകം ബഹുമാനിക്കുന്ന ബുദ്ധിജീവികള്‍ തന്നെയാണ്. പക്ഷേ, സ്വതന്ത്ര ചിന്തകര്‍ എന്ന  നിലയില്‍ പണക്കാരെയും പാവപ്പെട്ടവരെയും  ഒരേ കണ്ണോടെ കാണാന്‍ പാടില്ലാത്ത, സമ്പന്നതയും ദാരിദ്ര്യവും ഒരു പോലെ സാധാരണമാണ് എന്ന് ധരിക്കാന്‍ പാടില്ലാത്ത ബുദ്ധിജീവികളാണ് അവര്‍. കോര്‍പ്പറേറ്റ് ഉടമവര്‍ഗത്തിനും ഈ ബോധം ഉണ്ട്. ഈ ബുദ്ധിജീവികളെ സ്വതന്ത്രരും നിഷപക്ഷരും ' ലിബറലും'ആയി തുടരാന്‍ അനുവദിക്കുകയല്ല വേണ്ടതെന്ന് അവര്‍ക്ക് ഇപ്പോള്‍ ബോധ്യമുണ്ട്. ബുദ്ധിജീവികളെ അവര്‍ ദത്തെടുക്കുകയാണ്. നോം ചോംസ്‌കിമാര്‍ക്കും ജോണ്‍ പില്‍ഗര്‍മാര്‍ക്കും റോബര്‍ട് മെക്‌ചെസ്‌നിമാര്‍ക്കും എതിരെ അണിനിരത്താനുള്ള പട്ടാളത്തെ ഒരുക്കുകയാണ് അവര്‍. അത് ചെലവേറിയ ഏര്‍പ്പാടാണ്.  ഇങ്ങന അണിനിരത്തപ്പെടുന്ന പുത്തന്‍ ചിന്തകര്‍ പുതിയ ആഗോളീകരണ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ്. അവര്‍ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരന്തരം ന്യായീകരിക്കുന്നത് ആഗോളീകൃത ലോകക്രമത്തിന്റെ സാമ്പത്തിക  നയങ്ങളെയാണ്. അതിനുള്ള കനത്ത പാരിതോഷികം പല മാര്‍ഗങ്ങളിലൂടെ അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.

തോമസ് ഫ്രീഡ്മാന്‍

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍നസ് ആന്റ് ആക്കുറസി ഇന്‍ റിപ്പോര്‍ട്ടിങ്ങ് ഇന്‍ക്. എന്ന ( Fairness & Accuracy In Reporting, Inc. ) മാധ്യമ നിരീക്ഷണ സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അമേരിക്കയിലെ 'ദരിദ്രമാധ്യമ'ങ്ങളില്‍ കുമിഞ്ഞുകൂടുന്ന സമ്പന്നതയുടെ ഏകദേശ ചിത്രം വരച്ചിടുകയുണ്ടായി. അറിയപ്പെടുന്ന ചിന്തകരും മാധ്യമ ബുദ്ധിജീവികളും നയിക്കുന്ന ആഡംബര ജീവിതത്തിന്റെയും കൈപ്പറ്റുന്ന തടിച്ച വേതനത്തിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.  'മീഡിയ മില്ലെനെയേഴ്‌സ്' എന്ന 2013 ജുലൈ 1 ാം തിയ്യതിയിലെ ലേഖനത്തില്‍ പീറ്റര്‍ ഹാര്‍ട് ചില സൂചനകള്‍ മാത്രമാണ് നല്‍കുന്നത്. ഇന്നേക്ക് സ്ഥിതി കൂടുതല്‍ 'ശോഭന'മാകാനേ തരമുള്ളൂ.

ഇന്ത്യന്‍ പത്രവായനക്കാര്‍ക്കും സുപരിചിതനാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വിദേശകാര്യ കോളമിസ്റ്റ് ആയ തോമസ് ഫ്രീഡ്മാന്‍. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചതില്‍  ആഗീളകരണത്തിന്റെ തത്ത്വശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്ന  'ദ വേള്‍ഡ് ഈസ് ഫഌറ്റ്്' ആണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വിദേശകാര്യവും വിദേശവ്യാപാരവും ആണ് അദ്ദേഹത്തിന്റെ മുഖ്യവിഷയങ്ങള്‍. മൂന്നുതവണ പുലിറ്റ്‌സര്‍ സമ്മാനം നേടിയിട്ടുള്ള അദ്ദേഹത്തെ ഒരു സാധാരണ പത്രപ്രവര്‍ത്തകനായി കാണാന്‍ പറ്റില്ല. ലോകം ശ്രദ്ധിക്കുന്ന ബുദ്ധിജീവിയാണ് അദ്ദേഹം. ഒരു പ്രഭാഷണത്തിന് അരലക്ഷം ഡോളര്‍  പ്രതിഫലം കിട്ടുന്ന അദ്ദേഹം അമേരിക്കയിലെ ഏറ്റവും പ്രശസ്ത റിയല്‍ എസ്റ്റേറ്റ് കുടുംബത്തിലാണ് വിവാഹിതനായത്. പ്രതിഫല വിവരങ്ങള്‍ കൃത്യമായി ലഭ്യമല്ലെങ്കിലും അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരിലൊരാണ് അദ്ദേഹം. വ്യവസായമോ കച്ചവടമോ നടത്തിയിട്ടല്ല. നോവലോ സഹിത്യമോ എഴുതിയിട്ടല്ല. പൊതുസമൂഹത്തിന്റെ കാര്യങ്ങള്‍ എഴുതുക മാത്രം ചെയ്തുകൊണ്ടാണ് അദ്ദേഹം വാഷിങ്ടണില്‍ അനേക കോടി ഡോളര്‍ വിലമതിക്കുന്ന 11400 ചതുരശ്ര അടി വിസ്തൃതിയുള്ള  വീട്ടില്‍ ജീവിക്കുന്നത്. ഒരു സാധാരണ റിപ്പോര്‍ട്ടറായി ജീവിതമാരംഭിച്ച അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രതിഭ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ചായ്‌വും അത്രതന്നെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ഫരീദ് സഖറിയ

എന്‍.ബി.സി.യുടെ മീറ്റ് ദ പ്രസ് പ്രോഗ്രാം അവതരിപ്പിക്കുന്ന ഡേവിഡ് ഗ്രഗോറിയും ശമ്പളക്കണക്ക് വെളിപ്പെടുത്തുകയില്ല. അമ്പത് ലക്ഷത്തിലേറെ ഡോളര്‍ വാര്‍ഷിക ശമ്പളം അത്രയൊന്നും പ്രശസ്തനല്ലാത്ത അദ്ദേഹത്തിന്റെ മുന്‍ഗാമിക്ക് ലഭിച്ചിരുന്നു. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം കോര്‍പറേറ്റ് അനുകൂല പക്ഷത്താണ് ഗ്രഗോറിയുടെയും നില്‍പ്പ്. ടൈമിന്റെയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും കോളമിസ്റ്റ് ഫരീദ് സഖറിയയെ മാധ്യമപ്രവര്‍ത്തകന്‍ മാത്രമായി കണക്കാക്കാന്‍ പറ്റില്ല. അദ്ദേഹം  ബുദ്ധിജീവിയും ചിന്തകനുമാണ്. അദ്ദേഹം ഒരു പ്രഭാഷണത്തിന് 75000 ഡോളറാണ് വാങ്ങുക. തീര്‍ച്ചയായും, കൊടുക്കാന്‍ ആളുള്ളതുകൊണ്ടുതന്നെ. ഫരീദിന്റെ സാമ്പത്തിക നിലപാടുകള്‍ പ്രയോജനപ്പെടുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ കുറിച്ച് പലരും ചോദ്യങ്ങളുയര്‍ത്താറുണ്ടെന്നതും അവഗണിച്ചുകൂടാ. 2004ല്‍  അദ്ദേഹം 34 ലക്ഷം ഡോളറിന് വീട് വാങ്ങിച്ചത് അന്ന് വാര്‍ത്തകളില്‍ സ്ഥലം പിടിച്ചിരുന്നു. എംഎസ്എന്‍ബിസി അവതാരകന്‍ ക്രിസ് മാത്യൂസ് അമ്പത് ലക്ഷം ഡോളര്‍ ശമ്പളം പറ്റുന്നതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോക്‌സ് ന്യൂസ് അവതാരകന്‍ ബില്‍ ഓ റീല്ലിയുടെ വാര്‍ഷികവരുമാനം രണ്ട് കോടി ഡോളര്‍ വരുമെന്ന് ബിസിനസ് ഇന്‍സൈഡറാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു ഏകദേശ ചിത്രം മാത്രമാണ്.

ഞങ്ങളാണ് 99 ശതമാനം എന്ന ശ്രദ്ധേയമായ മുദ്രാവാക്യമുയര്‍ത്തി വാള്‍സ്്റ്റ്രീറ്റില്‍ പ്രക്ഷോഭണം നടന്നപ്പോള്‍ അതിനെ പുച്ഛിച്ചവരാണ് ഈ മാധ്യമ ബുദ്ധിജിവികളിലേറെയും. അവര്‍ പുച്ഛിച്ചതില്‍ അത്ഭുതമില്ല. 99 ശതമാനം ജനം നേടുന്നതിലേറെ വരുമാനം കൈയടക്കുന്ന ഒരു ശതമാനത്തില്‍ ഈ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

നമ്മുടേത് ദരിദ്രരാജ്യമൊക്കെയാണെങ്കിലും നമുക്കും ഉണ്ട് ഇവരെ വെല്ലുന്ന മുന്തിയ പത്രപ്രവര്‍ത്തകര്‍. നാലുലക്ഷം കോപ്പി മാത്രം സര്‍ക്കുലേഷന്‍ ഉള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നപ്പോള്‍ ശേഖര്‍ ഗുപ്തയുടെ വാര്‍ഷിക ശമ്പളം പത്തുകോടി രൂപയില്‍ ഏറെ ആയിരുന്നു എന്ന് കാരവന്‍ മാഗസിന്‍ അദ്ദേഹത്തെ കുറിച്ചെഴുതിയ സ്‌പെഷല്‍ സ്റ്റോറിയില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസ്സുമായി ചേര്‍ന്നുള്ള സ്വത്ത് കൈമാറ്റങ്ങളില്‍ അദ്ദേഹം നിയമാനുസൃതമായിത്തന്നെ 36 കോടിയിലേറെ രൂപ സമ്പാദിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. “തലസ്ഥാന ലേഖകന്‍- ശഖര്‍ ഗുപ്തയുടെ പത്രപ്രവര്‍ത്തനത്തിന്റെ ലാഭവും തത്ത്വവും”  എന്നാണ് കവര്‍ സ്റ്റോറിയുടെ തലക്കെട്ട്.

ശേഖര്‍ ഗുപ്ത

ടൈംസ് ഓഫ് ഇന്ത്യ പത്രം ഇറക്കുന്ന ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്റ്റര്‍ വിനീത്  ജെയിന്‍ 46 കോടിയും ( 4638 ലക്ഷം രൂപ ) വൈസ് ചെയര്‍മാന്‍ സമിര്‍ ജെയിന്‍ 37 കോടിയുമാണ് വാര്‍ഷിക ശമ്പളമായി വാങ്ങുന്നത്. ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ 5കോടി 58 ലക്ഷം വാങ്ങുന്ന സി.ഇ.ഓ രവീന്ദ്ര ധരിവാള്‍ ആണ്. ഒരു കോടിയിലേറെ വാര്‍ഷിക ശമ്പളം വാങ്ങുന്ന വേറെ ഇരുപത് ഉദ്യോഗസ്ഥന്മാര്‍ സ്ഥാപനത്തിലുണ്ട്.  ഈ ഗണത്തില്‍ പെടുത്താവുന്ന ഒരാള്‍ മാത്രമേ എഡിറ്റോറിയല്‍  വിഭാഗത്തിലുള്ളൂ. കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന സീനിയര്‍ എഡിറ്റര്‍ നികുഞ്ജ ഡാല്‍മിയ. അദ്ദേഹത്തിന് ലഭിക്കുന്നത് 1.07 കോടി. മാസം (മാസം ഒമ്പത് ലക്ഷം രൂപയില്‍ താഴെ മാത്രം !)  ഈ കണക്കുകള്‍ സാന്‍സ് സെറിഫ് (sans serif) എന്ന മാധ്യമ നിരീക്ഷണ ബ്ലോഗ് പ്രസിദ്ധപ്പെടുത്തിയതാണ്.

ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നവരുടെ പട്ടിക  സ്ഥാപനങ്ങള്‍ കമ്പനി കാര്യവകുപ്പിന് നല്‍കേണ്ടതുണ്ട്. ബെന്നറ്റ് കോള്‍മാന്‍ കമ്പനിപട്ടികയില്‍ പേരുള്ള 81 പേരില്‍ ഒമ്പതുപേര്‍ മാത്രമാണ് എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍. കമ്പനി ശമ്പള ബില്ലിന്റെ 89 ശതമാനം സെയ്ല്‍സ് വിഭാഗക്കാരുടെ ശമ്പളമാണ്. ഇതില്‍ സ്ഥാപന ഉടമസ്ഥന്മാരുടെയും കുടുംബത്തിന്റെയും ശമ്പളം പെടില്ല.

ഇതാണ് ഇന്ത്യന്‍ മാതൃകാ മാധ്യമ സ്ഥാപനത്തിന്റെ അവസ്ഥ. പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും വേജ് ബോര്‍ഡ്  ശുപാര്‍ശ  ചെയ്യുന്ന ശമ്പളം നല്‍കുന്നതിലേ പ്രശ്‌നമുള്ളൂ. അതിന്റെ പലയിരട്ടി ഉടമസ്ഥര്‍ക്കും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും പങ്കിട്ടെടുക്കാം.(പത്രപ്രവര്‍ത്തകന്‍ മാസികയുടെ ജനവരി 2015 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.)

No comments:

Post a comment