Thursday, 26 February 2015

പോകുന്ന പോക്കില്‍ കത്തും കുത്തും

സിക്രട്ടറിസ്ഥാനമൊഴിയുകയാണ്.പിണറായി വിജയന് ഇനി വേണമെങ്കില്‍ അഖിലേന്ത്യാ കമ്മിറ്റിയുടെ സിക്രട്ടറിയാകാം. ആര്‍ക്കുവേണം അഖിലേന്ത്യാസിക്രട്ടറിസ്ഥാനം ! മുസ്ലിം ലീഗിലെ പോലെയാണ് സി.പി.എമ്മിലും- അഖിലേന്ത്യയുടെ മുകളിലാണ് കേരളം. പക്ഷേ, വിജയന് ധര്‍മടത്തോ മറ്റോ മത്സരിച്ച് വേണമെങ്കില്‍ പ്രതിപക്ഷനേതാവാകാം. അതുവേണോ എന്ന് ജനം ചോദിച്ചുകളയുമെന്നൊരു പ്രശ്‌നമുണ്ട്. എന്തായാലും ഒന്നര വര്‍ഷം അക്ഷമനായി കാത്തുനില്‍ക്കാന്‍ ആരുടെയും ശീട്ട് വേണ്ടല്ലോ. ഇതൊന്നുമല്ല അച്യുതാനന്ദന്റെ അവസ്ഥ. ഇനിയൊരു യുദ്ധത്തിന് പാങ്ങില്ല. പ്രായപരിധി വ്യവസ്ഥയുണ്ട് പാര്‍ട്ടിയില്‍. ഇനിയും വിരമിച്ചില്ലെങ്കില്‍ പാര്‍ട്ടി നിര്‍ബന്ധ പെന്‍ഷന്‍ പ്രഖ്യാപിച്ചെന്നിരിക്കും. ഒരു ജീവിതം മുഴുവന്‍ പോരടിച്ചു. ഇനി, എല്ലാം ക്ഷമിച്ച് കൈ കൊടുത്തുപിരിയാം എന്നുതോന്നിയോ ? ഇല്ല. വര്‍ഗസമരം  നിര്‍ത്തിവെച്ചാലും അന്ത്യശ്വാസം വരെ ഉള്‍പാര്‍ട്ടി സമരം നിര്‍ത്തിവെക്കില്ല.

പോകുന്ന പോക്കില്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കുത്തി. ഇതോടെ വിജയന്റെ കഥ കഴിയുമെന്ന് വി.എസ്സും വി.എസ്സിന്റെ കഥ കഴിയുമെന്ന് പിണറായിയും ധരിച്ചുകാണും. രണ്ടും ഒന്നിച്ചുകഴിയട്ടെ എന്നാശിക്കുന്നവരും ധാരാളമുണ്ട് പാര്‍ട്ടിയില്‍. ഇപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്- വിഭാഗീയത ഇല്ലാതാക്കാന്‍ മൂന്നുവര്‍ഷമായി പരിശ്രമിച്ച കമ്മിറ്റിയുടെ കാലാവധി കഴിയുന്നത് പ്രമാണിച്ച് വിഭാഗീയതയുടെ കൂട്ടപ്പൊരിച്ചലാണ് സംഘടിപ്പിച്ചത്. ഹായ് എന്തുരസം. സംസ്ഥാനസമ്മേളനത്തിന് പ്രതിനിധികള്‍ എത്തിയത് 'അഭിമാനം' കൊണ്ട് നില്‍ക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയിലാണ്. അമ്പതുകൊല്ലത്തിനിടയില്‍ തല ഇത്ര 'ഉയര്‍ന്ന' സന്ദര്‍ഭമില്ല.

അവസാനത്തെ കൂട്ടപ്പോരിച്ചലിന് തിരികൊളുത്തിയത് ആരാണെന്നത് സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ആരുമാവാം. ആര്‍ക്കാണ് എലിയെ കൊല്ലാന്‍വേണ്ടി ഇല്ലം ചുട്ടുകൂടാത്തത് ? കഴിഞ്ഞതെല്ലാം കഴിഞ്ഞു, എന്തിന് ഇനിയോരോന്നും എണ്ണിപ്പറയണം എന്ന നല്ല മനസ്സോടെ മൂന്നുവര്‍ഷത്തെ വി.എസ്.പുരാണം സംഘടനാറിപ്പോര്‍ട്ടില്‍ ചുരുക്കികൊടുത്താല്‍ മതിയെന്ന് വെക്കാമായിരുന്നു. പോരാ, നീണ്ട കഥയായിത്തന്നെ കൊടുക്കാന്‍ തീരുമാനിച്ചു. റിപ്പോര്‍ട്ടില്‍ മുപ്പത് പേജാണത്രെ അതിന് നീക്കിവച്ചത്.

ഇതിനുള്ള മറുപടി സംഘടനാചര്‍ച്ചയില്‍ പറഞ്ഞ് എല്ലാം അവസാനിപ്പിക്കാം എന്ന് വിചാരിക്കാമായിരുന്നു വി.എസ്സിനും. തനിക്ക് പറ്റില്ലെങ്കില്‍ പറയാന്‍ ആരെയെങ്കിലും ഏല്‍പ്പിക്കാം. അതിന് ബുദ്ധിമുട്ട് കാണും. ആരെങ്കിലും വേണ്ടേ പറയാന്‍  ? ശരി, എഴുതി സമര്‍പ്പിക്കാം, അവിടംകൊണ്ട് തീര്‍ന്നിരുന്നെങ്കില്‍. തനിക്ക് പറയാനുള്ളത് പറഞ്ഞെന്നേ ഉള്ളൂ വി.എസ്, അതില്‍ ബദലും കുടലും ഒന്നുമുണ്ടായിരുന്നില്ല. കനം കിടന്നോട്ടെ എന്ന് വിചാരിച്ച് പത്രക്കാരാണ് അതിന് ബദല്‍ രേഖ എന്ന് പേരിട്ടത്. സംസ്ഥാനകമ്മിറ്റി വായിച്ച് സംഗതി അപ്പടി തള്ളി. അതിന് പതിവുരീതിയനുസരിച്ച് വി.എസ്. കേന്ദ്രകമ്മിറ്റിക്ക് അപ്പീലയച്ചു. അതവിടെ അങ്ങനെ കിടന്നോളുമായിരുന്നു. സമ്മതിച്ചില്ല..

രേഖ ഫുള്‍ ടെക്സ്റ്റ് പത്രത്തിന് ചോര്‍ത്തിക്കൊടുത്തതാരാണ് ? മൂന്ന് സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുണ്ട്. നമ്പര്‍ വണ്‍- അത് വി.എസ്സിന്റെ പതിവ് പരിപാടി തന്നെ. പിണറായിയെ കരിതേച്ചുകാണിക്കാന്‍. വിഭാഗീയത തീര്‍ത്തു എന്ന ക്രഡിറ്റുംകൊണ്ട് താഴെ ഇറങ്ങാതിരിക്കാന്‍. ചന്ദ്രശേഖരന്‍വധക്കേസ്സിന്റെ പാപക്കറ കഴുകിക്കളയാതിരിക്കാന്‍. ഇപ്പോള്‍ പ്രതിപക്ഷനേതാവും പിന്നീട് മുഖ്യമന്ത്രിയുമായിക്കളയാമെന്ന പൂതി പിണറായിക്ക് ഉണ്ടെങ്കില്‍ അതങ്ങ് കരിയിച്ചുകളയാന്‍. നമ്പര്‍ ടു-ഔദ്യോഗിക പക്ഷം തന്നെയാണ് രേഖ ചോര്‍ത്തിയത്. അതിന് പരസ്യമായി മറുപടി പറയാനുള്ള ചാന്‍സ് കിട്ടാന്‍. അത് ചോര്‍ത്തി പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന കുറ്റം ആരോപിച്ച് വി.എസ്സിനെ ഗളഹസ്തം ചെയ്യാന്‍. പാര്‍ട്ടി സമ്മേളനം കെങ്കേമമായി നടക്കുമ്പോള്‍ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ചീത്തപ്പേരുണ്ടാക്കിയതിന് എല്ലാവരും കോറസ്സായി വി.എസ്സിനെ ചീത്ത വിളിപ്പിക്കാന്‍. നമ്പര്‍ ത്രീ- വി.എസ് പക്ഷത്തോ പിണറായി പക്ഷത്തോ അല്ലാത്ത പലരും ഉണ്ട് പാര്‍ട്ടിയില്‍. വി.എസ്.-പിണറായി പോര് മടുത്തിരിക്കുന്നു. ഇങ്ങനെ വല്ലതും ചെയ്താലെങ്കിലും രണ്ടുകൂട്ടരും അടിച്ചുപിരിഞ്ഞ് കളി രണ്ടിലൊന്നാവുന്നെങ്കില്‍ ആവട്ടെ എന്ന് വിചാരിച്ച്. എന്തായാലും ഒരു കാര്യത്തില്‍ ഏകകണ്ഠമാണ് അഭിപ്രായം. പത്രപ്രവര്‍ത്തകര്‍ ഓട് നീക്കി അകത്തുകയറി അലമാര കുത്തിപ്പൊളിച്ചെടുത്തിട്ടല്ല രേഖ പ്രസിദ്ധപ്പെടുത്തിയത്. അച്ചടക്കമുള്ള ഏതോ നേതാവാണ് സംഗതി ചോര്‍ത്തിയത്.

ആകപ്പാടെ നോക്കുമ്പോള്‍ ഉള്ളി തോല് കളഞ്ഞതുപോലെയാണ് സംഘടനാറിപ്പോര്‍ട്ടും ബദലെന്ന് പറയുന്ന സാധനവും. രണ്ടിലും പുതുതായി യാതൊന്നും ഇല്ല. മറുപടി വായിച്ചാലാറിയാമല്ലോ മറ്റേതില്‍ എന്താണ് ഉണ്ടായിരുന്നതെന്ന്. സംസ്ഥാന സിക്രട്ടറിയെ വഴിവിട്ട് ന്യായീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സംഘടനാ റിപ്പോര്‍ട്ട് എന്ന് പറഞ്ഞാണ് വി.എസ് കഷ്ടപ്പെട്ട് മറുകുറി ചമച്ചത്. പിന്നെ, സംസ്ഥാന സിക്രട്ടറിയുടെ കഥ കഴിക്കുന്ന സംഘടനാറിപ്പോര്‍ട്ട് സിക്രട്ടറി തന്നെ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അവതരിപ്പിക്കുമോ ? സ്വയം വിമര്‍ശനം പരിധി കടന്ന് ' ഞാന്‍തന്നെ എല്ലാം കുളമാക്കിയത്' എന്ന് കുമ്പസാരക്കുറിപ്പെഴുതി റിപ്പോര്‍ട്ടില്‍ ചേര്‍ക്കുമോ സിക്രട്ടറി ? തന്റെ കാലഘട്ടം പാര്‍ട്ടിയുടെ ചരിത്രത്തിലെ സുവര്‍ണകാലഘട്ടം ആയിരുന്നു എന്നെഴുതിയിട്ടുണ്ടോ എന്നേ നോക്കേണ്ടൂ. അങ്ങനെയുണ്ടെങ്കില്‍ അച്യുതാനന്ദന് അനുയായികളെ ഇറക്കി സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പിച്ചിച്ചീന്തിയെറിയാമായിരുന്നു. ഓ... അതുപറ്റില്ല. അനുയായി ഇല്ലല്ലോ.

 മൂന്നുകൊല്ലം പറഞ്ഞുകൊണ്ടിരുന്നതിന്റെ സമാഹാരമാണ് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗത്വം കൂടി, സമരങ്ങള്‍ ഗംഭീര വിജയങ്ങളായിരുന്നു....സംഗതിയുടെ ഒരു മാതൃക സിക്രട്ടറി സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പാര്‍ട്ടിപത്രത്തില്‍ പരമ്പരയായി എഴുതിയിട്ടുണ്ട്. എല്ലാം സുഖം സുന്ദരം. ആലപ്പുഴ വിപ്ലവപ്രസ്ഥാനത്തിന്റെ മോസ്‌കോ, പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ അഗ്നികുണ്ഡം.....തുടങ്ങി ആഗോളവല്‍ക്കരണം, അതിവിജയകരമായ സോളാര്‍ സമരം, അതിനേക്കാള്‍ വലിയ വിജയമാകാന്‍ പോകുന്ന കെ.എം.മാണിവിരുദ്ധ സമരം, സാന്ത്വനചികിത്സ, ഉജ്വലഭാവി..... തീര്‍ന്നു. അതുപോലെ തന്നെയാണ് സോ കോള്‍ഡ് ബദല്‍ റിപ്പോര്‍ട്ടും. ഒഞ്ചിയവും ടി.പി.ചന്ദ്രശേഖരനുമുണ്ട്. ജനതാദളും ആര്‍.എസ്.പി.യും പോയതുകൊണ്ട് ഇടതുമുന്നണി ശോഷിച്ചുപോയതില്‍ കണ്ണീരൊഴുക്കിയിട്ടുണ്ട്. മഅദനിയെ പ്രീണിപ്പിക്കാന്‍ വേണ്ടി ശ്രമിച്ച് സി.പി.ഐ.യെ പിണക്കിയതിന്റെ ഫലം പറഞ്ഞിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ മുന്നണിയെത്തന്നെ സിക്രട്ടറി തോല്‍പ്പിച്ചു എന്ന ഒളിച്ചുവെച്ച ആരോപണമുണ്ട്. സിക്രട്ടേറിയറ്റ് വളയാന്‍ പോയിട്ട് പാര്‍ട്ടിയുടെ നെട്ടെല്ല് വളഞ്ഞുപോയതിന്റെ വിവരണമുണ്ട്. തരംതാഴ്ത്തിയ സഖാക്കളുടെ കാര്യം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഇരുട്ടത്ത് കറുത്ത പൂച്ചയെ എന്നപോലെ നിരന്തരം തപ്പിയ ഫാസിസം ഇതാ പാര്‍ട്ടിയില്‍ തന്നെ ഉണ്ടെന്ന കണ്ടെത്തലിലേ അല്പമെങ്കിലും പുതുമ ഉള്ളൂ.

വി.എസ്സിന്റെ വിയോജനക്കുറിപ്പ് പത്രത്തില്‍ വന്നതിന്റെ ക്ഷീണവും ചര്‍ച്ചയും ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് തീരുമായിരുന്നു. ഇതുപോലെ എത്രയെണ്ണം കഴിഞ്ഞ ആറുവര്‍ഷംകൊണ്ട് പോളിറ്റ് ബ്യൂറോവിലേക്കയച്ചതാണ്. പാടില്ല, അങ്ങന കെട്ടടങ്ങരുത് വിഭാഗീയത. വിഭാഗീയത ഇല്ലെങ്കിലും അതിനെകുറിച്ച് ചര്‍ച്ച വേണമെന്ന് നേതൃത്വത്തിനും നിര്‍ബന്ധമാണ്. അതിനാണ് സെക്രട്ടേറിയറ്റ് കൂടിയതും സുദീര്‍ഘപ്രമേയം അംഗീകരിച്ചതും സിക്രട്ടറി തന്നെ പത്രസമ്മേളനം വിളിച്ച് രോഷം തീര്‍ത്തതും. സിക്രട്ടറിയുടെ വിടവാങ്ങലിന് അതോടെ നല്ല ചൂടായി, സമ്മേളനത്തിന് നല്ല അടിയുമായി.

കളി ആലപ്പുഴയോടെ അവസാനിക്കേണ്ടതാണ്. പിണറായിക്ക് പകരം കോടിയേരി വരുമെന്നാണ് പത്രങ്ങള്‍ കവിടി നിരത്തി കണ്ടുപിടിച്ചിട്ടുള്ളത്. ഒട്ടും അത്ഭുതമില്ല. പിണറായിയില്‍ നിന്ന് കോടിയേരിയിലേക്ക് ചുരുങ്ങിയ ദൂരമേ ഉള്ളൂ. പക്ഷേ, ബസ്സില്‍ പോകുന്ന ദൂരമല്ല യഥാര്‍ത്ഥ ദൂരം. രണ്ടാള്‍ രണ്ട് ധ്രുവത്തിലാണ്. എന്തും സംഭവിക്കാം. കോടിയേരി വരുന്നതില്‍ പിണറായിക്കും കാണില്ല, വി.എസ്സിനും കാണില്ല വലിയ സന്തോഷം. ഒരു മുന്‍ ആഭ്യന്തരമന്ത്രി, പാര്‍ട്ടി സിക്രട്ടറിയുമായി തനിക്ക് തുല്യനാകുന്നത് അത്ര നല്ല ലക്ഷണമല്ല. നല്ലൊരു ശത്രു പാര്‍ട്ടി സിക്രട്ടറിസ്ഥാനത്ത് ഇല്ലെങ്കില്‍എങ്ങനെയാണ് വി.എസ്. ശിഷ്ടകാലം മന:സമാധാനത്തോടെ കഴിച്ചുകൂട്ടുക ?No comments:

Post a comment