Sunday, 29 March 2015

ഗുരുതരം, അത്യാസന്നം

മാണിയും ജോര്‍ജും കൊമ്പുകോര്‍ക്കുമ്പോള്‍ ഏതുപക്ഷത്താണ് ഉമ്മന്‍ചാണ്ടി?
ഇരുപക്ഷത്തുമുണ്ട് മുഖ്യമന്ത്രി. പക്ഷേ, ജോര്‍ജിന്റെ പക്ഷത്താണെന്ന്
മാണിക്ക് തോന്നാന്‍ പാടില്ല. മാണിയുടെ പക്ഷത്താണെന്ന്
ജോര്‍ജിനും തോന്നാന്‍ പാടില്ല. ആറുമാസംമുമ്പ് ആര്‍ക്കും
സ്വീകാര്യനായ പുണ്യപുരുഷനായിരുന്ന മാണിയെ വെറുക്കപ്പെട്ടവനാക്കിയ
കുതന്ത്രം ആരുടേതായിരുന്നു?


ഉമ്മന്‍ചാണ്ടിക്ക് പ്രതിസന്ധിയൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. മന്ത്രിസഭ സ്ഥാനമേറ്റത് കഷ്ടി ഭൂരിപക്ഷത്തോടെ. നിയമസഭ നടന്നുകൊണ്ടിരിക്കേ മൂത്രമൊഴിക്കാന്‍ പോയവര്‍ വോട്ടെടുപ്പിന്റെ ബെല്ലടി കേട്ട്, പാഞ്ഞുവന്നിട്ടുണ്ട്. ഒരിക്കല്‍ ധനമന്ത്രി പ്രസംഗം നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് വോട്ടെടുപ്പ് ജയിക്കാന്‍ സഭയില്‍ അംഗങ്ങളുടെ എണ്ണം പോരെന്ന വിവരം കിട്ടിയത്. ബജറ്റ് വിഷയമൊന്നും പറയാന്‍ ബാക്കിയില്ലാത്തതുകൊണ്ട് ബൈബിള്‍കഥ പറഞ്ഞിട്ടോ മറ്റോ പ്രസംഗം നീട്ടി. ഭൂരിപക്ഷം കുറഞ്ഞതിന്റെ എതിര്‍ അനുപാതത്തിലായിരുന്നു പ്രതിസന്ധികളുടെ പെരുപ്പം. രാവിലെ ഒരു പ്രതിസന്ധി, ഉച്ചയ്ക്ക് വേറൊന്ന്, രാത്രി വേറെ എന്ന നിരക്കില്‍ 365ത4 വര്‍ഷവും പ്രതിസന്ധികളായിരുന്നു. മൂന്ന് പ്രതിസന്ധിയെങ്കിലും ബ്രേക്കിങ് ന്യൂസായി വന്നില്ലെങ്കില്‍ ഉറക്കം നഷ്ടപ്പെട്ടിരുന്നത് ചാനലുകാര്‍ക്കല്ല, മുഖ്യമന്ത്രിക്കായിരുന്നു. 1957 മുതല്‍ ഉണ്ടായതിന്റെ ഇരട്ടി വിവാദങ്ങള്‍, ആക്ഷേപങ്ങള്‍, അപവാദങ്ങള്‍ എന്നിവ നാലുവര്‍ഷമുണ്ടായി. ബ്ലാക്ക്‌മെയ്‌ലിങ്, സ്ത്രീപീഡനം, വിവാഹമോചനക്കേസ് തുടങ്ങി സോളാര്‍ പോലുള്ള പാരമ്പര്യേതര അഴിമതിസ്രോതസ്സുകളും നന്നായി ഉപയോഗപ്പെടുത്തി. എന്നിട്ടും ജയിച്ചു, രണ്ട് ഉപതിരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും. ഇനിയും ആയിരം അപഖ്യാതികളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് ആയുസ്സ് ബാക്കി.
പുതുപ്പള്ളിയിലെ പള്ളിയില്‍ മെഴുകുതിരി കത്തിക്കാന്‍ ഏര്‍പ്പാട് ചെയ്താല്‍ പരിഹരിക്കപ്പെടുന്നവയല്ല പ്രതിസന്ധികളൊന്നും. പണം കൊടുത്ത് തീര്‍ക്കേണ്ടവ, പോലീസ് ഇടപെട്ട് തീര്‍ക്കേണ്ടവ, തല്ലിത്തീര്‍ക്കേണ്ടവ, തള്ളിമാറ്റേണ്ടവ, കേന്ദ്രം ഇടപെട്ട് തീര്‍ക്കേണ്ടവ, കേസ് കൊടുത്ത് തീര്‍ക്കേണ്ടവ, കള്ളം പറഞ്ഞ് തീര്‍ക്കേണ്ടവ, സത്യം കണ്ടെത്തി തീര്‍ക്കേണ്ടവ... ഇങ്ങനെ എന്തെല്ലാം ഇനം പ്രതിസന്ധികള്‍. തെണ്ണൂറും നൂറും സീറ്റുകിട്ടി ഭരിച്ച ആന്റണിവി.എസ്സുമാര്‍ക്ക് ഇത് മനസ്സിലാകില്ല. സര്‍ക്കാറിലെ 20 മന്ത്രിമാരുടെ വകുപ്പിലെ പ്രതിസന്ധിയും മുഖ്യമന്ത്രിയുടെ പ്രതിസന്ധിയാണ്. കെ.പി.സി.സി.യിലെ മാത്രമല്ല, 14 ഡി.സി.സി.യിലെ പ്രതിസന്ധിയും മുഖ്യന്റെ പ്രതിസന്ധിയാണ്. ഓരോന്നിനും പരിഹാരക്രിയകള്‍ നടത്തുന്നതിന് അനുയോജ്യരായ കാര്‍മികര്‍ വേണം. അവരുടെ എണ്ണംതന്നെ ഡസന്‍കണക്കിന് കാണണം.

ചില യു.ഡി.എഫ്. നേതാക്കളുടെ നടപ്പും വാക്കും കേട്ടാല്‍ ജനങ്ങള്‍ക്ക് തോന്നും ഈ കൂട്ടരാണ് മുന്നണിയുടെ വലിയ പ്രതിസന്ധിയെന്ന്. ആവണമെന്നില്ല. അവര്‍ വേറെ ചിലയിനം പ്രതിസന്ധികള്‍ക്കുള്ള മറുമരുന്നാണ്. ഇത്തരം വിചിത്രയിനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പി.സി. ജോര്‍ജ്. പി.സി. ജോര്‍ജ് ഒരു സ്ഥിരം പ്രതിസന്ധിയാണ് ചിലര്‍ക്ക്. പക്ഷേ, മുഖ്യമന്ത്രിക്ക് പി.സി. ജോര്‍ജ് ഒരു പ്രതിസന്ധിസംഹാരകനാണ്.

എം.എല്‍.എ.യെ കാലുമാറ്റിക്കുന്നതിനായാലും അഴിമതിക്കേസിലെ സാക്ഷിയെ കാലുമാറ്റിക്കാനായാലും ചിലപ്പോള്‍ പി.സി. ജോര്‍ജിന്റെ സേവനം ആവശ്യമാകും. കെ.എം. മാണി പൊതുവേ പ്രതിസന്ധികള്‍ സൃഷ്ടിക്കാറില്ല. പക്ഷേ, ഇപ്പോള്‍ മാണിയാണ്
ഏറ്റവും വലിയ പ്രതിസന്ധി. ഉമ്മന്‍ചാണ്ടിയുടെ മുന്‍ മന്ത്രിസഭക്കാലത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു വലിയ പ്രതിസന്ധി. ഇപ്പോള്‍ ഒച്ചയും ബഹളവും ഉണ്ടാക്കാതെ, പ്രതിയും സന്ധിയുമാകാതെ കുഞ്ഞാലിക്കുട്ടി കണ്ണടച്ച് പാലുകുടിക്കുന്നുണ്ട്. പി.സി. ജോര്‍ജ് എന്ത് പ്രതിസന്ധിയുണ്ടാക്കിയാലും ചീത്തപ്പേരുണ്ടാക്കിയാലും ഉമ്മന്‍ചാണ്ടി മിണ്ടില്ല. സെല്‍വരാജിനെ കാലുമാറ്റിക്കാനും പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിയെ ഞോണ്ടിയ ജഡ്ജിയെ അധിക്ഷേപിക്കാനും കെ.ബി. ഗണേശ് കുമാറിനെ അരുക്കാക്കാനും സോളാര്‍ബാര്‍ അപഖ്യാതികളില്‍ അവിടെയും ഇവിടെയും തലയിട്ട് ആശയക്കുഴപ്പമുണ്ടാക്കാനുമെല്ലാം പി.സി. ജോര്‍ജ് വേണമായിരുന്നു. ശത്രുക്കള്‍ ചെയ്തതിനേക്കാള്‍ വലിയ ദോഷം മുഖ്യമന്ത്രിക്ക് ഉണ്ടാക്കിയത് ജോര്‍ജിനെപ്പോലുള്ള മിത്രങ്ങളാണെന്ന് അഭിപ്രായമുള്ളവരും കാണും. നിവൃത്തിയില്ല. ശത്രുവായാല്‍ ഇതിനേക്കാള്‍ വലിയ ദ്രോഹം ചെയ്യും. ഇപ്പോഴത്തെ ദ്രോഹമാണ് ഭേദം എന്ന് മുഖ്യമന്ത്രിക്കറിയാം.
എന്തായാലും ഇപ്പോഴത്തേത് മുമ്പില്ലാത്ത പ്രതിസന്ധിയാണ്. മാണിയും ജോര്‍ജും കൊമ്പുകോര്‍ക്കുമ്പോള്‍ ഏതുപക്ഷത്താണ് ഉമ്മന്‍ചാണ്ടി? ഇരുപക്ഷത്തുമുണ്ട് മുഖ്യമന്ത്രി. പക്ഷേ, ജോര്‍ജിന്റെ പക്ഷത്താണെന്ന് മാണിക്ക് തോന്നാന്‍ പാടില്ല. മാണിയുടെ പക്ഷത്താണെന്ന് ജോര്‍ജിനും തോന്നാന്‍ പാടില്ല. ആറുമാസംമുമ്പ് ആര്‍ക്കും സ്വീകാര്യനായ പുണ്യപുരുഷനായിരുന്ന മാണിയെ ഏറ്റവും വെറുക്കപ്പെട്ടവനാക്കിയ കുതന്ത്രം ആരുടേതായിരുന്നു? കേരളാ കോണ്‍ഗ്രസ്സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടില്ല. ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് കൗടില്യന്മാരുമാണ് അതൊപ്പിച്ചത് എന്ന് ഏറെപ്പേര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. രാഷ്ട്രീയം തുടങ്ങിയ കാലംമുതല്‍ മാണിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പൊരുതിയാണ് ജോര്‍ജ് ചീഫ് വിപ്പ് എന്ന ലോഗ്രേഡ് മന്ത്രിപ്പണിവരെ നേടിയത്. ജോര്‍ജിന്റെ ആ പണി മുഖ്യമന്ത്രിയെക്കൊണ്ട് തെറിപ്പിക്കണം. എന്നിട്ട്, ജോര്‍ജ് മുഖ്യമന്ത്രിയെ പൂഞ്ഞാര്‍ നിലവാരത്തില്‍ നാല് തെറിവിളിക്കുന്നത് കേട്ടിട്ടുവേണം മാണിസാറിന് സമാധാനമായി ഒരു രാത്രി ഉറങ്ങാന്‍.
ആശങ്കാജനകം, ഗുരുതരം, ആസന്നം, അത്യാസന്നം, വഷളായി, അറുവഷളായി... എന്നിങ്ങനെയാണ് രോഗശയ്യയില്‍ ആസന്നമരണനായി കഴിയുന്ന ചില നേതാക്കന്മാരുടെ നില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. യു.ഡി.എഫിന്റെ നില വ്യത്യസ്തമല്ല. അറുവഷളായതിനുശേഷം എന്ത് അവസ്ഥയാണ് ഉണ്ടാവുക ?

                                          ****

സഹ്യാദ്രിക്കുമപ്പുറം പടരുകയാണ് കെ.എം. മാണിയുടെ കീര്‍ത്തി. ഇവിടെ രാജഗോപാല, മുരളീധര, സുരേന്ദ്ര പുണ്യവാന്മാര്‍ എന്ത് പ്രചരിപ്പിച്ചാലും മാണിസാറിന്റെ കീര്‍ത്തിരഥത്തിന്റെ പ്രയാണം തടയാനാവില്ല. സംസ്ഥാന ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി കെ.എം. മാണിയെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിയമിച്ചിരിക്കുന്നു.
ബാര്‍കോഴയും വിവാദവും സംബന്ധിച്ച വിവരമൊന്നും ഇന്ദ്രപ്രസ്ഥത്തില്‍ എത്താഞ്ഞിട്ടാവില്ല. അദ്ദേഹത്തെ മറികടക്കാന്‍ പ്രാപ്തമല്ല ഈ പറഞ്ഞുകേട്ട ഒരു കോടിയുടെ കോഴക്കഥയൊന്നും. എത്ര വിനീതനായ ധനകാര്യമന്ത്രിയാണ് എന്നുതോന്നും അരുണ്‍ ജെയ്റ്റ്‌ലിക്ക്. കേന്ദ്രസര്‍ക്കാറിലൊക്കെ ഒരു കോടി എന്നുപറയുന്നത് അണ്ടര്‍ സെക്രട്ടറിമാരൊക്കെ വാങ്ങുന്ന കോഴയാണ്. ലക്ഷം കോടിയെന്നൊക്കെയല്ലേ യു.പി.എ. കാലത്ത് പറഞ്ഞുകേട്ടിരുന്നത്. അത്രയൊന്നുമില്ലെങ്കിലും ഒരു നൂറുകോടിയെങ്കിലും വേണ്ടേ കോഴ എന്നൊക്കെ വിശേഷിപ്പിക്കാന്‍ ?
കുറച്ചെല്ലാം ദീര്‍ഘവീക്ഷണം ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വം പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു. മാണിസാറിനെ എപ്പോഴാണ് ആവശ്യംവരിക എന്ന് പറയാനാവില്ല. അഴിമതി എന്ന് കേള്‍ക്കുമ്പോഴേക്ക് പാഞ്ഞുചെന്ന് സമരമൊന്നും നടത്തിക്കളയരുത്. കേരളത്തിലും നമുക്ക് അക്കൗണ്ടൊക്കെ തുറക്കേണ്ടേ? എക്കാലവും ഇങ്ങനെ നടന്നാല്‍മതിയോ ?

                                                         ****

കേരളത്തിന്റെ സല്‍പ്പേരുയര്‍ത്തിയ നിയമസഭാ സമരത്തിനും അനുബന്ധ സംഭവങ്ങള്‍ക്കും മുന്‍കാല മാതൃകകളുണ്ടോ? ഗവേഷണം നടത്തുന്നുണ്ട് വിവരാവകാശ പ്രവര്‍ത്തകര്‍. 2000 ജൂലായില്‍ ഇടതുമുന്നണി ഭരണകാലത്ത് യു.ഡി.എഫുകാര്‍ നിയമസഭയില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുമ്പെട്ടിരുന്നു. പ്ലസ് ടു ആയിരുന്നു വിഷയം. അനിശ്ചിതകാലസമരം അനുവദനീയമോ?
ഇതാ, സ്​പീക്കര്‍ എം. വിജയകുമാറിന്റെ റൂളിങ് ''...അനേകദിവസം സഭ സമ്മേളിച്ചെങ്കിലും ഒരു ദിവസവും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇപ്പോഴിതാ നാല് സാമാജികര്‍ ഉപവാസംനടത്താന്‍ പോകുന്നു. നിയമസഭയെ ഒരു സ്ഥിരം സമരകേന്ദ്രമാക്കുന്നത് സഭയോടുള്ള അനാദരവായി ചെയര്‍ കാണുന്നു. നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അംഗങ്ങള്‍ ഇത്തരം സമരനടപടികളില്‍നിന്ന് പിന്തിരിയണം. ജനാധിപത്യത്തിന് നല്ല കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കേണ്ട ബാധ്യത നമുക്കുണ്ട്.'' അന്നത്തേത് അത്ര നല്ല കീഴ്വഴക്കമായിരുന്നില്ല. സാരമില്ല, ഇത്തവണ ഭേദപ്പെട്ട കീഴ്വഴക്കം ഉണ്ടാക്കിയിട്ടുണ്ട്. അടുത്തഘട്ടത്തില്‍ ഇത് കൂടുതല്‍ മെച്ചപ്പെടുത്താനാവും. സ്​പീക്കറെ കൈയുംകാലും കെട്ടി പുറത്തിടുന്ന കീഴ്വഴക്കം സൃഷ്ടിച്ചാല്‍, ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നും മറ്റും എഴുതാന്‍ ഭാവിയില്‍ ആരും ധൈര്യപ്പെടില്ല. 

Sunday, 22 March 2015

സ്‌പീക്കര്‍, ശക്തന്‍, നിഷ്‌പക്ഷന്‍

സ്​പീക്കറായി ഒരു ദിവസംപോലും സഭ നിയന്ത്രിച്ചിട്ടില്ലാത്ത ആളെയാണ് ആദ്യദിവസംതന്നെ പ്രതിപക്ഷം ശരിപ്പെടുത്തിയത്. നാളെ ചരിത്രം വായിക്കുന്നവര്‍ ധരിക്കുക ഈ ശക്തനെപ്പോലൊരു ഭീകരന്‍ സ്​പീക്കര്‍ വേറെയില്ല എന്നാണ്നിയമസഭയെക്കുറിച്ച് പറയുമ്പോള്‍ വാക്കുകളുടെ അര്‍ഥം ശബ്ദതാരാവലി നോക്കി തീരുമാനിക്കരുത്. സ്​പീക്കര്‍ എന്ന വാക്കുതന്നെ ഉദാഹരണം. ഏറ്റവും കുറച്ച് സ്​പീക്ക്‌ചെയ്യുന്ന പദവിക്കാണ് സ്​പീക്കര്‍ എന്ന പേരിട്ടിരിക്കുന്നത്. ആരാണ് ഈ പരിഹാസപ്പേര് ഇട്ടത് എന്നറിയില്ല. വാക്കിന്റെ അര്‍ഥം വേറെ, യഥാര്‍ഥം വേറെ. ഇതുപോലെത്തന്നെയാണോ ശക്തന്‍ എന്ന പേരെന്ന് വ്യക്തമല്ല. ശക്തന്‍ അശക്തനാണ് എന്ന് ചിലകൂട്ടര്‍ ഇപ്പോഴേ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. സമയദോഷം എന്നല്ലാതെന്ത്. നിഷ്പക്ഷന്‍ എന്നതാണ് മൂന്നാമത്തെ അര്‍ഥരഹിത പദം. ശക്തന്റെ കാര്യം കഷ്ടമാണ്. ശക്തിതെളിയിക്കുകയും വേണം നിഷ്പക്ഷനാവുകയും വേണമത്രെ. പാര്‍ട്ടിക്കാര്‍മാത്രം വോട്ടുചെയ്ത് ജയിപ്പിച്ച ആളോടാണ് നിഷ്പക്ഷനാവാന്‍ പറയുന്നത്. അഭിനയത്തിനും ഉണ്ടല്ലോ ഒരു പരിധി. സഭയ്ക്കകത്തെ തൂണിനുപോലും നിഷ്പക്ഷനാവാന്‍ പറ്റില്ല.

സാധാരണസമയത്തൊന്നും നിഷ്പക്ഷതയ്ക്ക് ഒരു തടസ്സവും ഉണ്ടാവുകയില്ല. പ്രസംഗിക്കാന്‍ അംഗങ്ങള്‍ക്ക് സമയം അനുവദിക്കുന്നതിലും ബഹളംവെക്കുമ്പോള്‍ ഇരിക്കാന്‍ പറയുന്നതിലും നിഷ്പക്ഷനാവാന്‍ എന്ത് പ്രയാസം. സര്‍ക്കാറിന്റെ തലപോകുന്ന കേസ് വല്ലതും വന്നാല്‍ സ്വഭാവം മാറും. മുമ്പൊരു നിയമസഭാ സ്​പീക്കറെ ആളുകള്‍ 'ഓള്‍വേയ്‌സ് കാസ്റ്റിങ് ജോസ്' എന്ന് വിളിച്ചിരുന്നു. ആള്‍ യോഗ്യനല്ല എന്നാരും പറയില്ല. ഒന്നാംകിട നിഷ്പക്ഷന്‍തന്നെ. പക്ഷേ, എന്തുചെയ്യാം, പാര്‍ട്ടിയുടെ മന്ത്രിസഭയ്ക്ക് സഭയില്‍ ഭൂരിപക്ഷമില്ല. ഇരുപക്ഷത്തും 70 പേര്‍. നോമിനേറ്റഡ് മെമ്പറുടെ ബലത്തില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രി. സ്​പീക്കറെ തിരഞ്ഞെടുത്തതോടെ സഭ സമാസമം. ഓരോ തവണ വോട്ടിനിടുമ്പോഴും ഡ്രോ. മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസപ്രമേയം തള്ളിയത് സ്​പീക്കറുടെ കാസ്റ്റിങ് വോട്ടില്‍. ഗവര്‍ണര്‍ക്കുള്ള നന്ദിപ്രമേയം അംഗീകരിപ്പിക്കാന്‍ ഏഴുതവണ സ്​പീക്കര്‍ കാസ്റ്റിങ് വോട്ട് ചെയ്തപ്പോഴാണ് നേരത്തേ പറഞ്ഞ 'ഓള്‍വേയ്‌സ് കാസ്റ്റിങ്' ബഹുമതി എ.സി. ജോസ് എന്ന നിഷ്പക്ഷ സ്​പീക്കര്‍ക്ക് ലഭിച്ചത്. ഏഴ് കാസ്റ്റിങ് വോട്ട് ചെയ്ത സ്​പീക്കര്‍ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചിരുന്നു. നിഷ്പക്ഷനായി മൂന്ന് കാസ്റ്റിങ് വോട്ടെങ്കിലും പ്രതിപക്ഷത്തിന് ചെയ്തിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് പരാതി ഉണ്ടാകുമായിരുന്നില്ല. പക്ഷേ, മൂന്നെണ്ണം ചെയ്യാനൊന്നും സാവകാശം കിട്ടില്ല. ഒന്ന് ചെയ്താല്‍ത്തന്നെ മന്ത്രിസഭ വീഴും നിയമസഭ പിരിച്ചുവിടും.

ഏതാണ്ട് എ.സി. ജോസിന്റെ അവസ്ഥതന്നെയാണ് അതിശക്തനായ നമ്മുടെ സ്​പീക്കറുടേതും. വന്ന നാള്‍മുതല്‍ പ്രതിപക്ഷത്തിന്റെ തോക്ക് അങ്ങോട്ട് തിരിച്ചുവെച്ചിരിക്കയാണ്. ആലോചിച്ചുനോക്കുമ്പോള്‍ ജോസിന്റെ സ്ഥിതിയാണ് ഭേദം. ജോസ് ചെയ്ത പണി ഇന്ത്യയിലെ മറ്റൊരു സ്​പീക്കറും ചെയ്തിട്ടില്ലാത്തതാണ്. അതിന്റെ പേരില്‍ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുകയൊക്കെ ചെയ്‌തെങ്കിലും സ്​പീക്കറുടെ ചേംബര്‍ അടിച്ചുപൊളിക്കുകയോ മൈക്ക് തകര്‍ക്കുകയോ ചേംബര്‍ നാനാവിധമാക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഇങ്ങനെ യാതൊന്നും ചെയ്തിട്ടില്ലാത്ത, സ്​പീക്കറായി ഒരു ദിവസംപോലും സഭ നിയന്ത്രിച്ചിട്ടില്ലാത്ത ആളെയാണ് ആദ്യദിവസംതന്നെ പ്രതിപക്ഷം ശരിപ്പെടുത്തിയത്. നാളെ ചരിത്രം വായിക്കുന്നവര്‍ ധരിക്കുക ഈ ശക്തനെപ്പോലൊരു ഭീകരന്‍ സ്​പീക്കര്‍ വേറെയില്ല എന്നാണ്. ഒരു കാരണവുമില്ലാതെ ഒരു സ്​പീക്കറുടെ ചേംബര്‍ ആരെങ്കിലും അടിച്ചുപൊളിക്കുമോ? എല്ലാം സഹിക്കാം. ഇതെല്ലാം കഴിഞ്ഞിട്ടും സ്​പീക്കര്‍ നിഷ്പക്ഷനാവണം എന്നുപറയുന്നത് ക്രൂരതയാണേ...

****

12 ബജറ്റ് അവതരിപ്പിച്ചതും 50 കൊല്ലം നിയമസഭയിലിരുന്നതുമൊക്കെ ഗിന്നസ് ബുക്കില്‍ ചേര്‍ക്കാനുള്ള വഹകളായി കെ.എം. മാണി ആര്‍ജിച്ച യശസ്സുകള്‍. 13ാമത്തെ ബജറ്റ് 13ാം തീയതി അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴേ പല അന്ധവിശ്വാസികളും പറഞ്ഞതാണ് നമ്പറ് ശരിയല്ലാ എന്ന്. വലിയ പുരോഗമനവാദിയായി അഭിനയിക്കാറുള്ളതുകൊണ്ട് വഴങ്ങിയില്ല. ചില രാജ്യങ്ങളില്‍ 13ാം നമ്പര്‍ ഹോട്ടല്‍ മുറി ഉണ്ടാകില്ലത്രെ. 12 കഴിഞ്ഞാല്‍ 14 ആണ് റൂം നമ്പര്‍. ഇവിടെ 13ാമത്തെ ബജറ്റ് വേണ്ടെന്നുവെക്കാന്‍ പറ്റില്ലെന്നത് ശരി. പക്ഷേ, തന്ത്രശാലികളില്‍ തന്ത്രശാലിയായ മാണിക്ക് 13ാം തീയതി, ബി.പി. കൂടുതലായി എന്നുപറഞ്ഞ് ആസ്​പത്രിയില്‍പ്പോയി വൈകുന്നേരംവരെ കിടന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഒന്നര മണിക്കൂര്‍ ബജറ്റ് വായിപ്പിച്ച് വെള്ളംകുടിപ്പിക്കാമായിരുന്നു. പ്രതിപക്ഷം മറ്റേത് പോയ അണ്ണാനെപ്പോലെ മരവിച്ചിരിക്കുമായിരുന്നു. സ്റ്റേറ്റിന് പലവകയില്‍ അനേകകോടികളുടെ നഷ്ടം ഒഴിവാക്കാന്‍ പറ്റുമായിരുന്നു. ഒരു ഹര്‍ത്താലിന്റെ ഇന്ധനലാഭം, അപകടമരണം ഒഴിവാകല്‍, അന്തരീക്ഷ മലിനീകരണമില്ലായ്മ എന്നിവ കൊണ്ടെല്ലാമുള്ള ലാഭം മാറ്റിനിര്‍ത്തിയാലും ആകെ മൊത്തം നഷ്ടംതന്നെയാണ് ബജറ്റ്കച്ചോടം.
എന്തായാലും പഴയ ഗിന്നസ് ബുക്ക് കീര്‍ത്തികളെ വെല്ലുന്ന പുതിയ കീര്‍ത്തികളാണ് ലഭിച്ചത് എന്ന് ധനമന്ത്രിക്ക് ആശ്വസിക്കാം. ബജറ്റ് അവതരിപ്പിക്കാന്‍വേണ്ടി നിയമസഭയിലേക്ക് ഒളിച്ചുകയറിയ ആദ്യത്തെ ധനമന്ത്രിയാണ് അദ്ദേഹം. സ്​പീക്കര്‍ ആംഗ്യം കാണിച്ച് അവതരിപ്പിച്ച ആദ്യ ബജറ്റും ഇതുതന്നെ. ബജറ്റ് അവതരിപ്പിച്ചതിന് ഡസന്‍ പേര്‍ ഉമ്മവെച്ച് നാശമാക്കിയ ആദ്യബജറ്റും ഇതുതന്നെ. ബജറ്റ് ഇറങ്ങിയതിന്റെ സന്തോഷത്തില്‍ ലഡ്ഡു പൊട്ടിയ സംഭവവും പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യം. അതും കിടക്കട്ടെ ഗിന്നസ് ബുക്കില്‍. മാധ്യമക്കാര്‍ പിണങ്ങരുതല്ലോ. ലോകചരിത്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പാകെ പൂര്‍ണരൂപത്തില്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെയും അവസാനത്തെയും ബജറ്റും ഇതുതന്നെ.
ഇത്രയുമായസ്ഥിതിക്ക് പന്തളം സുധാകരന്‍ പറഞ്ഞതുതന്നെയാണ് ശരി. വിശ്രമം നല്ലതാണ്. ഈ പ്രായത്തില്‍ ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനിച്ച്് അവകാശാവധിതന്നെ ചോദിച്ചുവാങ്ങാം. ക്രിക്കറ്റ് കളിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഔട്ടാകാതെ റിട്ടയേഡ് ഹേ(ര്‍)ട്ട് ആയി പവലിയനിലേക്ക് മടങ്ങാം. ആറുമാസമാക്കണമെന്നില്ല, അടുത്ത തിരഞ്ഞെടുപ്പുവരെ ആയിക്കോട്ടെ.

                                                    ****

നാട്ടിന്‍പുറത്തും ചിലപ്പോള്‍ അയല്‍പക്കത്തും കശപിശയും തമ്മില്‍ത്തല്ലും ഉണ്ടായാല്‍ കാരണവന്മാരാണ് ഇടപെട്ട്, 'പോടാ പിള്ളേരെ, അടിയും പിടിയുമൊന്നും വേണ്ട, നമുക്ക് കാര്യം പറഞ്ഞുതീര്‍ക്കാം' എന്ന് പറയാറുള്ളത്. ചെറുപ്പക്കാര്‍ സെറ്റ് ആദ്യമൊന്ന് മൂളുകയും മുരളുകയും ചെയ്യുമെങ്കിലും പതിയെ വഴങ്ങും. ഇതല്ല നിയമസഭയിലെ സ്ഥിതി. അവിടെ റിവേഴ്‌സിലാണ് കളി.
മുഖ്യമന്ത്രി, കെ.എം. മാണി, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ കാരണവന്മാരുടെ നേതൃത്വത്തിലാണ് വെറ്ററന്‍സ് മീറ്റ് നടന്നത്. പ്രായമേറുന്നതിനനുസരിച്ച് അപക്വതയുടെ ഡിഗ്രി കൂടുന്ന ഏകയിടം നിയമസഭയാണ് സെവന്റി പ്ലസ്. കേരളം ഒരു സീനിയര്‍ സിറ്റിസണ്‍ സ്റ്റേറ്റ് ആയിക്കഴിഞ്ഞ സ്ഥിതിക്ക് ഇത് അഭിമാനകരംതന്നെ. വിട്ടുകൊടുക്കരുത്. എല്ലാറ്റിന്റെയും നേതൃത്വം കാരണവന്മാര്‍ക്കുതന്നെ വേണം. യു.ഡി.എഫ്. പക്ഷത്തായാലും എല്‍.ഡി.എഫ്. പക്ഷത്തായാലും യുവതലമുറക്കാര്‍ തീരേ പോരാ. പി.സി. ജോര്‍ജിനെ ആ വഴിക്കൊന്നും കണ്ടതുമില്ല. ഗുരുക്കന്മാര്‍ ഇത്രയൊക്കെ ചെയ്യുമ്പോള്‍ യുവാക്കളുടെ മുഖത്ത് ചെറിയ കുറ്റബോധമൊക്കെ ഉണ്ടായിരുന്നതായും തോന്നി. തോന്ന്യാസത്തിന് മുമ്പില്‍നിന്ന കാരണവന്മാരോട് 'പോട് അമ്മാവാ, പോയി വിശ്രമിക്ക്, ഞങ്ങള് നോക്കിക്കോളാം' എന്നുപറയാന്‍ അവര്‍ക്കായില്ലെന്നുമാത്രം.
പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടാത്ത ഒരു നിയമസഭയും ഉണ്ടായിട്ടില്ലെങ്കിലും ഈ ലവലില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇനി നാളെ 33 ശതമാനം സ്ത്രീസംവരണം വന്നാലും സംഗതികള്‍ ഒട്ടും പിന്നാക്കം പോകില്ലെന്നതിന് സൂചന ലഭ്യമാണ്. യു.ഡി.എഫ്. വനിതകള്‍ പക്ഷേ, കാലത്തിനൊത്ത് ഉയരുന്നില്ല. ശിവന്‍കുട്ടിമാര്‍ക്ക് മാത്രമല്ല, ശിവദാസന്‍നായന്മാര്‍ക്കും ശോഭനമായ ഭാവി കാണാനുണ്ട്.

Sunday, 15 March 2015

ആദ്യ ഹാസ്യചിത്രകാരനും ആദ്യ ആക്ഷേപഹാസ്യസാഹിത്യകാരനുംകാരിക്കേച്ചറുകളില്‍ നിന്നാണ് കാര്‍ട്ടൂണ്‍ എന്ന കലാരൂപം വികാസം പ്രാപിച്ചെത്തിയതെന്ന് യൂറോപ്യന്‍ ചിത്രകലാചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാരിക്കേച്ചറുകള്‍ ഇറ്റലിയിലെ ചിത്രകാരന്മാരുടെ സംഭാവനയാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. 'കാരികേര്‍' എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം അതിശയോക്തി ചേര്‍ക്കുക എന്നത്രെ. വ്യക്തികളെ, അവരുടെ ഏതെങ്കില്‍ അവയവമോ ശരീരഭാഗമോ ഉള്ളതിലും വലുതാക്കി ചിത്രീകരിച്ച് പരിഹസിക്കുന്നതാണ് കാരിക്കേച്ചര്‍ അക്കാലത്തും. ചിത്രകലയുടെ ഭാഗം തന്നെയായിരുന്നു അതും. ലിയോനാര്‍ഡോ ഡാ വിന്‍സി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം ചിത്രങ്ങള്‍ വരച്ചിരുന്നു.  ഇത് കാലം 1700-1700. കാര്‍ട്ടൂണിങ്ങിന്റെ സുവര്‍ണകാലമായിരുന്നു 1770-1830  എന്നാണ് കാര്‍ട്ടൂണ്‍ മ്യൂസിയം അവരുടെ വെബ്‌സൈറ്റിലെ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മലയാളം അച്ചടി തന്നെ ഈ പറഞ്ഞ കാലത്ത് ഏതാണ്ട് ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. മലയാളലിപിയിയിലുള്ള ആദ്യത്തെ സമ്പുര്‍ണ്ണപുസ്തകമായ സംക്ഷേപവേദാര്‍ഥം 1772 ല്‍ റോമിലാണല്ലോ അച്ചടിക്കുന്നത്. 1847ല്‍ മാത്രമാണ് നമ്മുടെ ആദ്യപത്രം ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുറത്തിറക്കുന്നത്. പിന്നെയും മുക്കാല്‍ നൂറ്റാണ്ടിലേറെ പിന്നിട്ടാണ് മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ്  ജനിക്കുന്നത്-എം. ഭാസ്‌കരന്‍. സഞ്ജയനും എം.ബി.യും അസാധാരണ ആത്മൈക്യമുള്ള രണ്ട് പ്രതിഭാശാലികളായിരുന്നു. താന്‍ തുടങ്ങിവച്ച സഞ്ജയന്‍, വിശ്വരൂപം എന്നീ ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരക്കാന്‍ സഞ്ജയന്‍ തന്നെ കണ്ടെത്തിയതാണ് ഭാസ്‌കരനെ. അക്കാലത്തെ ലോകപ്രസിദ്ധ കാര്‍ട്ടൂണ്‍ വാരികയായ പഞ്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളോട് കിടപിടിക്കുന്ന ചിത്രങ്ങളായിരുന്നു ഭാസ്‌കരന്റേതെന്ന് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അന്ന് കാര്‍ട്ടൂണിസ്റ്റ് എന്ന വാക്കുപോലും മലയാളത്തില്‍ എത്തിയിരുന്നില്ല. ഏറിയാല്‍ ഹാസ്യചിത്രകാരന്‍ എന്നൊരു വിശേഷണമേ ഉണ്ടായിരുന്നുള്ളൂ. നാല് വര്‍ഷം മാത്രമാണ് സഞ്ജയനും ഭാസ്‌കരനും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. മറ്റനേകം പ്രതിഭാശാലികളെ അകാലത്തില്‍ അപഹരിച്ച ക്ഷയരോഗമാണ് രണ്ടുപേരെയും അല്പായുസ്സുകളാക്കിയത്.

എം. ഭാസ്‌കരന്‍
സഞ്ജയന്‍ മരണമടഞ്ഞ് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ 1958 ല്‍ കോഴിക്കോട്ടെ സഞ്ജയന്‍ സ്മാരക സമിതി പുറത്തിറക്കിയ ഹാസ്യപ്രകാശം എന്ന കൃതിയോളം ഗൗരവമേറിയ മറ്റൊരു കൃതി ഹാസ്യത്തെകുറിച്ച് മലയാളത്തിലുണ്ടായിട്ടില്ല എന്ന് സംശയലേശം കൂടാതെ പറയാനാവും. ലോകഭാഷകളിലെ ഹാസ്യസാഹിത്യത്തെ കുറിച്ചുള്ള സമഗ്രപഠനങ്ങള്‍ അടങ്ങുന്നതാണ് ആ കൃതി. അന്നത്തെ ഏറ്റവും പ്രഗത്ഭരായ 51 എഴുത്തുകാരാണ് ഈ കൃതി തയ്യാറാക്കിയത്. അടുത്ത കാലത്ത് തപസ്യ പുന: പ്രസിദ്ധീകരിച്ചിട്ടുണ്ട് ഹാസ്യപ്രകാശം. അതില്‍ എഴുതിയവരില്‍ ഒരാള്‍ ഒഴികെ മറ്റാരും ജീവിച്ചിരിപ്പുള്ളതായി തോന്നുന്നില്ല. ആ ഒരാള്‍ മാതൃഭൂമിയുടെ കണ്ണൂര്‍ ലേഖകനും മയ്യഴി വിമോചന പോരാളിയും ആയിരുന്ന ഫ്രഞ്ച് ഭാഷാപണ്ഡിതന്‍ മംഗലാട്ട് രാഘവന്‍ ആണ്. ഈ സമാഹാരത്തില്‍ ഒരു ലേഖനം മലയാളത്തിലെ ആദ്യത്തെ പൊളിട്ടിക്കല്‍ കാര്‍ട്ടൂണിസ്റ്റായ ഭാസ്‌കരനെ കുറിച്ചുള്ളതാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച സഞ്ജയന്‍ സമാഹൃത കൃതികളുടെ രണ്ടാം വാള്യത്തില്‍ ഭാസ്‌കരന്റെ ഒമ്പത് കാര്‍ട്ടൂണുകള്‍ ചേര്‍ത്തിട്ടുണ്ട്.

ഭാസ്‌കനെ കുറിച്ചുള്ള ലേഖനം എഴുതിയത് ശിവദാസ് എന്നൊരു ലേഖകനാണ്. അദ്ദേഹത്തെ ലേഖനത്തിന് ചുവടെ പരിചയപ്പെടുത്തിയിട്ടില്ല. സഞ്ജയന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ആയിരിക്കാനാണ് സാധ്യത. പക്ഷേ അദ്ദേഹം എം.ഭാസ്‌കരന്റെ സുഹൃത്തായിരുന്നില്ല. ഒരു തവണയേ താന്‍ ഭാസ്‌കരനെ കണ്ടിട്ടുള്ളൂ എന്ന് ലേഖനാരംഭത്തില്‍ ശിവദാസ് പറയുന്നുണ്ട്. രജിസ്റ്റര്‍ കച്ചേരിയില്‍ ജോലിക്കാരനായ ലേഖകന്‍ മുമ്പില്‍ ഹാജരാക്കപ്പെട്ട ആധാരങ്ങളില്‍ ഒന്നില്‍ സുപരിചിതമായ ഒരു കയ്യൊപ്പ് കണ്ടാണ് അതിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ' കുറച്ച് കൊല്ലങ്ങളായി കേരള കലാലോകത്തെ കോള്‍മയിര്‍ കൊള്ളിച്ചു കൊണ്ടിരുന്ന ഹാസ്യചിത്രകാരന്‍ എം.ഭാസ്‌കരന്റെ സുപരിചിതമായ കയ്യൊപ്പ് ! വാസനാസമ്പന്നനായ ആ കലാകാരനെ നേരിട്ട് കാണുവാന്‍ കൊതിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയം തരളിതമായി... അദ്ദേഹത്തെ വിളിക്കുവാന്‍ ആളയച്ചു' - അങ്ങനെ പോകുന്ന ലേഖകന്റെ ഭാസ്‌കരനുമായുള്ള ആദ്യസമാഗമത്തിന്റെ വിവരണം. അത് ഞെട്ടലുളവാക്കുന്ന ഒരു കണ്ടെത്തലിലാണ് എത്തുന്നത്. എന്തോ രോഗം പിടിപെട്ട് പേന പിടിക്കാന്‍ കഴിയാത്തവിധത്തില്‍ വക്രിച്ച് വിരലുകളാണ് ആ കലാകാരന് ഉണ്ടായിരുന്നത്.

കേസരി
സഞ്ജയന്റെ കണ്ണില്‍പെട്ടില്ലായിരുന്നുവെങ്കില്‍ ഭാസ്‌കരന്‍ അറിയപ്പെടുന്ന ചിത്രകാരന്‍ ആവുമായിരുന്നില്ല. മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ ചില ചിത്രങ്ങള്‍ വരച്ചിരുന്നു. അതിന് മുമ്പ് ചില ഇംഗ്ലീഷ് മാസികകളിലും വരച്ചിട്ടുണ്ട്. ക്ഷയരോഗബാധിതനായാണ് നാട്ടിലെത്തിയത്. സഞ്ജയന്‍ ഭാസ്‌കരനെ തിരഞ്ഞുപിടിച്ച് കണ്ടെത്തുകയും കാര്‍ട്ടൂണുകള്‍ വരക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. വെറും മുന്നുനാല് വര്‍ഷമേ അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുള്ളൂ. നിര്‍ഭാഗ്യവശാല്‍ സഞ്ജയന്‍ പെട്ടന്ന് മരിച്ചു. സഞ്ജയന്‍ മരിച്ചപ്പോള്‍ തോരാത്ത കണ്ണീരോടെ ചിത്രകാരന്‍ ഇരിക്കുന്ന ഒരു ചിത്രം ഭാസ്‌കരന്‍ വരച്ചത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അധികം താമസിയാതെ ഭാസ്‌കരനും മരിച്ചു. സഞ്ജയനെ കുറിച്ച് ധാരാളം പഠനങ്ങളും അനുസ്മരണങ്ങളും പുറത്തുവന്നെങ്കിലും ഭാസ്‌കരന്‍ ഇന്നും മലയാളികള്‍ക്ക് അജ്ഞാതനായി കഴിയുന്നു.

ഭാസ്‌കരന്‍ ആദ്യത്തെ ആക്ഷേപഹാസ്യ ചിത്രകാരനായിരുന്നുവെങ്കില്‍ ആദ്യത്തെ ലക്ഷണമൊത്ത ആക്ഷേപഹാസ്യ ലേഖനകര്‍ത്താവായിരുന്നു കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍. ഹാസ്യരചനകളുടെ നല്ലൊരു കാലത്തില്‍ നിന്ന് പ്രചോദനം നേടിയവരാണ് മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ സാഹിത്യകാരന്മാരായ സഞ്ജയനും ഇ.വി.കൃഷ്ണപ്പിള്ളയും. യഥാര്‍ത്ഥത്തില്‍ ഇവരുടെ അറിയപ്പെടേണ്ട പിന്‍ഗാമി കേസരിയാണ്. ഒരു പക്ഷേ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കോളമിസ്റ്റും അദ്ദേഹമായിരിക്കും.

സ്വദേശാഭിമാനിയുടെ ഈ സമകാലികന്‍ അദ്ദേഹത്തെപ്പോലെ അധികാരിവര്‍ഗത്തിനെതിരെ ഗര്‍ജിച്ച പത്രപ്രവര്‍ത്തകനാണ്. ആദ്യത്തെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ആണ് അദ്ദേഹമെന്ന് പുതുപ്പള്ളി രാഘവന്‍ വിശേഷിപ്പിക്കുന്നുണ്ട്. കേസരി എന്ന പേരില്‍ കൂടുതല്‍ അറിയപ്പെടുന്നത് കേസരി ബാലകൃഷ്ണപ്പിള്ളയാണ്. പക്ഷേ, അദ്ദേഹത്തിന്റെ സീനിയര്‍ ആണ് വടക്കന്‍ കേസരി എന്ന് വിളിക്കപ്പെടാറുള്ള കേസരി വേങ്ങയില്‍ നായനാര്‍.
വിദ്യാസമ്പന്നനും നിയമസഭാംഗവുമായിരുന്നു അദ്ദേഹം. കേരള പത്രിക എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് കേസരിയും പിന്നീട് സഞ്ജയനും എഴുതിത്തുടങ്ങുന്നത്. ' ഒരു നരിമട വര്‍ണിക്കുന്ന ഘട്ടത്തില്‍ 'ഹൂ എന്തൊരു ഘ്രാണമായിരുന്നു! മുന്‍സിപ്പാലിറ്റിയില്‍ കൂടി ഇത്ര ദുര്‍ഗന്ധമുണ്ടാവില്ല' എന്ന് കേസരി എഴുതിയത് പില്‍ക്കാലത്തെ സഞ്ജയവിമര്‍ശനത്തിന്റെ ആദ്യ മാതൃകയായി കണക്കാക്കാവുന്നതാണ്.

പിന്നീട് കേസരി സ്വന്തമായി ആരംഭിച്ചതാണ് കേരള സഞ്ചാരി. 1879 ല്‍ പതിനെട്ടാം വയസ്സില്‍ സാഹിത്യരചന തുടങ്ങിയതാണ് നായനാര്‍. നിരവധി പത്രങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം.  കേസരി എന്ന തൂലികാനാമത്തിന് പുറമെ ദേശാഭിമാനി. സ്വദേശമിതന്‍,  വജ്രബാഹു, വജ്രസൂചി, വിദൂഷകന്‍,  വികടദൂഷകന്‍  തുടങ്ങിയ നിരവധി തൂലികാനാമങ്ങളില്‍ എണ്ണമില്ലാത്ത കൃതികള്‍ രചിച്ചിട്ടുണ്ട് കേസരി. ഏഴെട്ട് പ്രസിദ്ധീകരണങ്ങളില്‍ കാല്‍ നൂറ്റാണ്ടോളം എഴുതിയിട്ടുണ്ട് അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ ബഹുഭൂരിപക്ഷവും ഇനി തിരിച്ചുകിട്ടാത്തവിധം നഷ്ടമായിരിക്കുന്നു.

കാര്‍ട്ടൂണ്‍ രചനയുടെയും ആക്ഷേപഹാസ്യ രചനയുടെയും മേഖലയില്‍ മലയാളത്തിന് അഭിമാനകരമായ ഒരു ഭൂതകാലമുണ്ട്. കണ്ടെത്തിയതിലേറെ നഷ്ടമായി എന്നതാണ് നമ്മുടെ ദുരന്തം. ഇനിയുള്ളതെങ്കിലും നഷ്ടമാകാതെ നോക്കേണ്ടതുണ്ട് നാം.

ഇടിച്ചുതാഴ്ത്തിയത് കേരളത്തിന്റെ അന്തസ്സ്്


ആള്‍ക്കൂട്ടത്തിന്റെ ശക്തി ജനശക്തിയാണെന്ന് വ്യാഖ്യാനിച്ച,് നിയമപരമായ അംഗീകാരമുള്ള ഭരണാധികാരത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യപരമായി ശരിയാണെന്ന നാട്യം അംഗീകരിച്ചുകൂടാത്താല്‍ ഇല്ലാതാവുന്നത് ജനാധിപത്യംതന്നെയാണ്.


നിയമസഭാ അലക്ഷ്യം എന്നൊരു വ്യവസ്ഥ പാര്‍ലമെന്ററി സംവിധാനമുള്ള രാജ്യങ്ങളിലെല്ലാം ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരുപാട് ഇനം കണ്ടെംപ്റ്റുകള്‍ ഉണ്ടാകാം. മിക്ക രാജ്യങ്ങളും ഏറ്റവും മോശമായി കണക്കാക്കുന്ന കണ്ടെംപ്റ്റ് ഓഫ് പാര്‍ലമെന്റ്, സഭയുടെ നടപടികള്‍ തടസ്സപ്പെടുത്തുക എന്നതാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അരങ്ങേറിയത് ഏറ്റവും ഗുരുതരമായ ഇനം നിയമസഭാ അലക്ഷ്യമാണ്, അവകാശലംഘനമാണ്. അത് ഏതാനും മിനിറ്റ് മാത്രം നീണ്ടുനിന്നതോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമായ താത്കാലിക വ്യതിയാനമോ ആയിരുന്നില്ല. തങ്ങളുടെ ഡിമാന്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനബജറ്റിന്റെ അവതരണം അസാധ്യമാക്കുമെന്നും സംസ്ഥാനത്തിന്റെ ഭരണം സ്തംഭിപ്പിക്കുമെന്നും നിയമസഭയിലെ പ്രതിപക്ഷം ഭീഷണി ഉയര്‍ത്തുന്നതും ഒരു പ്രതീകാത്മക പ്രതിഷേധത്തിനപ്പുറം അത് പ്രായോഗികമാക്കുന്നതുമാണ് കണ്ടത്. അത് നേരിടാന്‍ സ്വീകരിച്ച നടപടികള്‍ അതിലേറെ പരിഹാസ്യമാക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കുന്ന  നിയമസഭയെ. സഭാംഗങ്ങള്‍ തന്നെ നിയമസഭയെ ജനമധ്യത്തില്‍ ഇത്രയേറെ ഇടിച്ചുതാഴ്ത്തിയ മറ്റൊരു അവസരമുണ്ടായിട്ടില്ല എന്ന് 1957 മുതല്‍ നിയമസഭ കണ്ടിട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സംസ്ഥാന നിയമസഭാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു രേഖ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിന്, വിവരാവകാശ കമ്മീഷന്റെ കമ്മീഷണറെ സഭാസമിതിക്ക് മുമ്പാകെ വിളിച്ചുവരുത്തുകയും ശിക്ഷിക്കാന്‍ ഒരുമ്പെടുകയും ചെയ്യാന്‍ മാത്രം സ്വന്തം അധികാരത്തെ കുറിച്ചും അന്തസ്സിനെകുറിച്ചും ബോധമുള്ള മഹാന്മാരാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളത്. കുട്ടികളുള്ള വീട്ടില്‍ ടെലിവിഷന്‍ തുറന്നുവെക്കാന്‍ പോലും പറ്റാത്ത വിധം തങ്ങളുടെ തനിസ്വഭാവം പുറത്തെടുത്തതും ലോകത്തിന് മുന്നില്‍ മലയാളിയെ അപമാനിച്ചതും ഇവര്‍തന്നെയാണ്. ഇവര്‍ നിയമസഭയുടെ അന്തസ് അല്ല ഇടിച്ചുതാഴ്ത്തിയത് കേരളത്തിന്റെ അന്തസ്സാണ്.

രാജ്യസഭയുടെ പാര്‍ലമെന്ററി പെരുമാറ്റം സംബന്ധിച്ച രേഖ പലര്‍ പല വട്ടം ഉദ്ധരിച്ചിട്ടുള്ളതാണ് ്- പല നിലപാടുകള്‍ ന്യായീകരിക്കാന്‍തന്നെ.
' സഭക്കകത്തായാലും പുറത്തായാലും അംഗങ്ങളുടെ പെരുമാറ്റദൂഷ്യത്തിന് അവരെ ശിക്ഷിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടാകും. അംഗങ്ങള്‍ക്കെതിരെ സഭാ അലക്ഷ്യം, പെരുമാറ്റദൂഷ്യം എന്നിവ സ്ഥാപിക്കപ്പെട്ടാല്‍ ശാസന, കുറ്റപ്പെടുത്തല്‍, സഭയില്‍ നിന്ന് പുറത്തുനിര്‍ത്തല്‍, തടവ്, സഭാംഗത്വം റദ്ദാക്കല്‍ തുടങ്ങിയ ശിക്ഷകള്‍ നടപ്പാക്കാവുന്നതാണ്. '
ഇതിലെ അലക്ഷ്യനടപടികളുടെ വ്യാപ്തിയും കുറ്റത്തിന്റെ ഗൗരവവും ശിക്ഷയുടെ രീതിയുമെല്ലാം പല രീതിയില്‍ വ്യാഖ്യാനിക്കാവുന്നതാണ്. ഇതില്‍ ഏത് ശിക്ഷയാണ് കേരള നിയമസഭയിലെ അംഗങ്ങള്‍ക്ക് നല്‍കേണ്ടതെന്ന് വോട്ടര്‍മാര്‍ക്ക് മനസ്സില്‍ കാണാനേ പറ്റൂ. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കേണ്ട രീതിയില്‍ ശിക്ഷിച്ചാല്‍ പിന്നെ സഭ ചേരാനുള്ള കോറം തികയുമോ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാം.

ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്ന അന്ത്യശാസനം നടപ്പാക്കുന്നതിന് വേണ്ടി പ്രതിപക്ഷം സ്വീകരിച്ച നടപടികളും അതിനെ നേരിടുന്നതിന് ഭരണപക്ഷം സ്വീകരിച്ച നടപടികളും തലനാരിഴ കീറി പരിശോധിച്ച് മാര്‍ക്കിടുന്ന ലേഖനങ്ങളും വിലയിരുത്തലുകളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഭരണപക്ഷത്തോടോ പ്രതിപക്ഷത്തോടോ ആഭിമുഖ്യമുള്ളവര്‍ അവരുടെ പക്ഷപാതത്തിന് അനുസരിച്ച് നിലപാടുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷം ചെയ്തതുമുഴുവന്‍ കണ്ടില്ലെന്ന് നടിച്ച്, ഭരണകക്ഷി ബജറ്റ് അവതരിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ മാത്രം തലനാരിഴ കീറി സഭാ ചട്ടങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ പരിശോധിച്ച് തള്ളിക്കളയുക എളുപ്പമാണ്. അതുപോലെ എളുപ്പമാണ്, പ്രതിപക്ഷത്തിന്റെ അതിരുകടന്ന നടപടിയെ  നേരിടാന്‍ എന്ന മട്ടില്‍ സര്‍ക്കാര്‍ പക്ഷം സ്വീകരിച്ച എല്ലാറ്റിനെയും ന്യായീകരിക്കാന്‍. രണ്ടും പക്ഷപാതപരമാണ്. രണ്ടും, ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സഹിഷ്ണതയുടെയും നിയമപരമായ മാര്‍ഗത്തിലൂടെയുള്ള സമാധാനപരമായ പ്രതിഷേധത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും മൂല്യങ്ങളെ പരിപോഷിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല: സ്വന്തം പക്ഷത്തിന്റെ പോയന്റുകള്‍ ഉന്നയിച്ച് കേസ് വാദിക്കല്‍ മാത്രമാണ്.

മാണി ബജറ്റ് അവതരിപ്പിക്കുന്നത് എന്തുവില കൊടുത്തും, വേണ്ടിവന്നാല്‍ ചോരപ്പുഴയൊഴുക്കിയും തടയും എന്ന പ്രഖ്യാപനം മുതല്‍ എന്ത് വില കൊടുത്തും സഭയില്‍ ബജറ്റ് അവതരിപ്പിക്കും എന്ന നിലപാടില്‍ വരെ ജനാധിപത്യ മൂല്യങ്ങളുടെ നിഷേധവും അധികാരത്തിന്റെ അഹന്തയും കാണാന്‍ കഴിയും. അധികാരമെന്നത് ഗവണ്മെന്റിന് മാത്രം കൈയ്യാളാന്‍ കിട്ടുന്ന ഒന്നല്ല. ഒപ്പിട്ട് പുറത്തിറക്കുന്ന ഉത്തരവുകളിലൂടെയോ ഉദ്യോഗസ്ഥന്റെ ഗര്‍ജനങ്ങളിലൂടെയോ ഉണ്ടാകുന്നത് മാത്രമല്ല അധികാരം. ആള്‍ബലം കൊണ്ടും അധികാരം ആര്‍ജിക്കാം, കായികബലം കൊണ്ടും അതുനേടാം. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ, സംഘടിത ശക്തിയിലൂടെ പ്രവര്‍ത്തനരഹിതമാക്കി  കാര്യം നേടുന്നതും അധികാരത്തിന്റെ ദുര്‍വിനിയോഗം തന്നെയാണ്. ആള്‍ക്കൂട്ടത്തിന്റെ ശക്തി ജനശക്തിയാണെന്ന് വ്യാഖ്യാനിച്ച,് നിയമപരമായ അംഗീകാരമുള്ള ഭരണാധികാരത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യപരമായി ശരിയാണെന്ന നാട്യം അംഗീകരിച്ചുകൂടാത്താല്‍ ഇല്ലാതാവുന്നത് ജനാധിപത്യംതന്നെയാണ്.

വളരെ ഇടുങ്ങിയ കക്ഷി രാഷ്ട്രീയ അടിയന്തരങ്ങളാണ് ഇരുപക്ഷത്തെയും ഈ അവസ്ഥയിലെത്തിച്ചതെന്ന് കാണാന്‍ പ്രയാസമില്ല. ധനമന്ത്രിക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങളാണ്. അവ വെറും ആരോപണങ്ങളല്ല എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം കേരളീയരും. ശിക്ഷിക്കപ്പെടുന്നതുവരെ നിരപരാധി എന്ന തത്ത്വം രാഷ്ട്രീയാധികാരങ്ങളിലിരിക്കുന്നവര്‍ക്ക് ബാധകമാക്കാന്‍ എല്ലായ്‌പ്പോഴും കഴിയുകയില്ല. പക്ഷേ, യു.ഡി.എഫിന്റെ നേതൃത്വത്തിന് മാണിക്കെതിരെ വിരലനക്കാന്‍ പ്രാപ്തിയില്ല. അനക്കിയാല്‍ മന്ത്രിസഭ താഴെപതിക്കും. അതുകൊണ്ടുതന്നെ മുങ്ങുകയാണെങ്കില്‍ ഒന്നിച്ചുമുങ്ങാമെന്ന് ഉറപ്പിച്ച് പോകാവുന്ന അങ്ങേയറ്റം വരെ പോകുകയാണ് അവര്‍. തന്ത്രപരമായ ഒരു നീക്കമെന്ന നിലയില്‍ വേണമെങ്കില്‍ ബജറ്റ് അവതരണം അവസാനനിമിഷം മുഖ്യമന്ത്രി ഏറ്റെടുക്കുകയും പ്രതിപക്ഷ സന്നാഹങ്ങളെ പാഴിലാക്കുകയും ചെയ്യാമായിരുന്നു. അതിന്റെ നിയമപരമായ വശങ്ങളല്ല, രാഷ്ട്രീയമായ മാനക്കേടാണ് യു.ഡി.എഫിനെ അലട്ടിയിട്ടുണ്ടാവുക. പ്രതിപക്ഷ ഭീഷണിക്ക് വഴങ്ങിയെന്ന നാണക്കേടിന് അവര്‍ അണികളോട് മറുപടി പറയേണ്ടതായും വരും. ഇതിനെ  ന്യായീകരിക്കാനുള്ള രാഷ്ട്രതന്ത്രജ്ഞത യു.ഡി.എഫില്‍നിന്ന് പ്രതീക്ഷിക്കുക വയ്യ.

പ്രതിപക്ഷത്തിന്റെ തീവ്രമായ മാണി വിരുദ്ധനിലപാടിന് പിന്നിലും മുന്നണിയിലെ ഘടകകക്ഷി ഈഗോ യുദ്ധമാണെന്ന് അറിയാത്തവരില്ല. മാണിയെ യു.ഡി.എഫില്‍നിന്ന് അടര്‍ത്തിയെടുത്ത് എല്‍.ഡി.എഫ് പിന്തുണയുള്ള മുഖ്യമന്ത്രിയാക്കാമെന്ന ചിന്ത വെറുംഭാവന മാത്രമായിരുന്നില്ല എന്ന് ഇടതുപക്ഷനേതാക്കള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. സോളാര്‍ സമരമുള്‍പ്പെടെ പല സമരങ്ങളും അഡ്ജസ്്റ്റ്‌മെന്റ് സമരങ്ങള്‍ ആയിരുന്നു എന്ന ആരോപണം നിലനില്‍ക്കെ മാണിസമരം ജീവന്മരണസമരം ആക്കേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി തീര്‍ന്നതും മനസ്സിലാക്കാനാവും. നേരത്തെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ സോളാര്‍ പ്രശ്‌നത്തില്‍ നടന്ന വഴിയില്‍ തടയല്‍ സമരങ്ങളെപ്പോലെ ഒരു സമരമായിരുന്നു മാണിവിരുദ്ധ സമരമെങ്കില്‍ ഇത്രയും ഗുരുതരമായ ഒരു പതനം ഉണ്ടാകുമായിരുന്നില്ല. സമരങ്ങള്‍ പ്രതീകാത്മകമാക്കാനേ ജനാധിപത്യത്തില്‍ കക്ഷികള്‍ക്ക് അവകാശമുള്ളൂ. തിണ്ണബലം കൊണ്ട് പരസ്പരം തോല്‍പ്പിക്കലല്ല ജനാധിപത്യം. പക്ഷേ, അഡ്ജസ്റ്റ്‌മെന്റ് സമരമല്ല ഇത്തവണത്തേതെന്ന് അണികളെത്തന്നെ ബോധ്യപ്പെടുത്തേണ്ട ഘട്ടമെത്തിയാലുള്ള നിസ്സഹായത മനസ്സിലാക്കാനാവും.

മാണിക്കെതിരായ ആരോപണം ഗുരുതരമായ ആരോപണം ആണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, കേട്ടുകേള്‍വിയില്ലാത്ത തരംതാണ പ്രവര്‍ത്തികള്‍ നിയമസഭയില്‍ ലോകം കാണ്‍കെ, മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറ്റാന്‍ ഇതൊരു ന്യായമാകുന്നില്ല.  ഇത് ഒരിക്കലും തീര്‍ക്കാനാവാത്ത നാണക്കേടായി അവശേഷിക്കുക തന്നെ ചെയ്യും. അതിരുവിട്ട നടപടികള്‍ തന്നെയാണ് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പക്ഷേ, സഭയിെല ചട്ടവും വ്യവസ്ഥയും മര്യാദയുമൊന്നും തങ്ങള്‍ക്ക് ബാധകമല്ല, അതെല്ലാം ഭരണകക്ഷിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന മട്ട് ന്യായീകരിക്കാനാവില്ല.

ജനാധിപത്യത്തിന്റെ ഏത് ദോഷവും കൂടുതല്‍ ജനാധിപത്യത്തിലൂടെ പരിഹരിക്കാം എന്ന് അറിവും അനുഭവവും ഉള്ളവര്‍ പറഞ്ഞിട്ടുണ്ട്. നാം നമ്മുടെ ജനാധിപത്യഭരണക്രമത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടുതല്‍ ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയാണ് മറികടക്കാന്‍ ശ്രമിക്കുന്നത്. ഇത് ഭാവിയെ ബാധിക്കുന്ന വലിയ മുറിവുകള്‍ നമ്മുടെ രാഷ്ട്രീയത്തിലുണ്ടാക്കുക തന്നെ ചെയ്യും.ഇത്ര വീര്യം പോരേ ?

വാശി കേറിയപ്പോള്‍ ചോരപ്പുഴ, തെരുവുയുദ്ധം, നട്ടെല്ലൂരി കോല്‍ക്കളി, ആണവയുദ്ധം എന്നിങ്ങനെ ഉയര്‍ന്നുയര്‍ന്നുപോയി സംഭവത്തിന്റെ റെയ്ഞ്ച്. ചോരപ്പുഴയൊന്നും ഒഴുകിയില്ല. രണ്ടുമൂന്നാളുകളുടെ നെറ്റിയില്‍നിന്ന് ചോരയൊഴുകുന്നതേ കണ്ടുള്ളൂ. 

ഇടതുപക്ഷക്കാരുടെ സമരങ്ങള്‍ക്ക് വീര്യം പോരെന്നായിരുന്നു പരാതി. യു.ഡി.എഫുകാരാണ് അത് പറഞ്ഞിരുന്നതെങ്കില്‍ സഹിക്കാം. പറയുന്നത് ഇടതുപക്ഷഘടകകക്ഷികള്‍ തന്നെയായിരുന്നു. അതിഭയാനക തീവ്രവിപ്ലവപാര്‍ട്ടിയായ സി.പി.ഐ.ക്ക് ആയിരുന്നല്ലോ വലിയ പരാതി. എന്തുചെയ്യാം, സി.പി.ഐ.ക്കാരോളം ഉശിര് വേറെ ആര്‍ക്കുണ്ട്. എന്തായാലും വെള്ളിയാഴ്ചയോടെ പരാതിതീര്‍ന്നു. നിയമസഭാമന്ദിരം പൊളിച്ചിടാതിരുന്നത് നാളെ നമുക്കും പോയിരിക്കണമല്ലോ എന്നോര്‍ത്തുമാത്രമാണ്.


ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന് ആദ്യമേ കല്പന പുറപ്പെടുവിച്ചിരുന്നതാണ്. ധനമന്ത്രിയെ ബഹിഷ്‌കരിക്കുകയാണ്, ഇനിമുതല്‍ അദ്ദേഹം ഒപ്പിട്ട് നടപ്പാക്കുന്ന യാതൊന്നും തങ്ങള്‍ അംഗീകരിക്കില്ല എന്നൊന്നും ഇടതുമുന്നണി പറഞ്ഞിരുന്നില്ല. മാണിയെ ധനമന്ത്രിയായി അംഗീകരിക്കില്ല എന്നും പറഞ്ഞിട്ടില്ല. കാരണം, മണ്ഡലത്തില്‍ കാശുചെലവുള്ള വല്ലതും ചെയ്യണമെങ്കില്‍ ചിലപ്പോള്‍ ധനമന്ത്രി കനിയേണ്ടിവരും. ഒപ്പ് മാണിതന്നെ വരയ്ക്കണം. അതുകൊണ്ട് ആ വഴിക്കൊന്നും ചിന്തിച്ചില്ല. പിന്നെയാണ് ബജറ്റിന്മേല്‍ ഒരു പിടിത്തം പിടിക്കാമെന്ന് വിചാരിച്ചത്. ധനമന്ത്രി ഇരിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ വനംമന്ത്രിയെ വിളിക്കാന്‍പറ്റില്ലെന്ന് അറിയാത്തവരല്ല ഇടതുമുന്നണിക്കാര്‍. സമരങ്ങള്‍ എല്ലാം പ്രതീകാത്മകങ്ങളാണ്. ധനമന്ത്രിയുടെ അഴിമതിയിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ വീര്യംകൂടിയ വല്ല നമ്പറും ഇറക്കണമെന്നേ ഓര്‍ത്തുകാണൂ. അല്ലാതെ ബജറ്റ് വേണ്ട എന്നാരും പറയില്ലല്ലോ. സമയത്തിന് അത് അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ കഷ്ടപ്പാട് ജനത്തിനാണ്, മന്ത്രിമാര്‍ക്കല്ല.

പറഞ്ഞുപറഞ്ഞ് വാശി കേറിയപ്പോള്‍ ചോരപ്പുഴ, തെരുവുയുദ്ധം, നട്ടെല്ലൂരി കോല്‍ക്കളി, ആണവയുദ്ധം എന്നിങ്ങനെ ഉയര്‍ന്നുയര്‍ന്നുപോയി സംഭവത്തിന്റെ റെയ്ഞ്ച്. ചോരപ്പുഴയൊന്നും ഒഴുകിയില്ല. രണ്ടുമൂന്നാളുകളുടെ നെറ്റിയില്‍നിന്ന് ചോരയൊഴുകുന്നതേ കണ്ടുള്ളൂ. അത് ടവ്വലില്‍ തുടയ്ക്കുകയും ചെയ്തു. വെടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. ഉണ്ടായില്ല, ഉണ്ടായത് ഒരു കടി മാത്രമാണ്. അതും ചരിത്രസംഭവമായി രേഖപ്പെടുത്തിക്കോട്ടെ. രക്തസാക്ഷി ഉണ്ടായില്ല. മൂകസാക്ഷികള്‍ക്ക് പഞ്ഞമില്ല. ഉന്തുംതള്ളുമൊക്കെ ഈതോതില്‍ ശീലമില്ലാത്തവരാണ് എം.എല്‍.എ.മാര്‍. മേലനങ്ങി വല്ലതുംചെയ്യാന്‍ നേരംകിട്ടാറുമില്ല. അതുകൊണ്ട് സ്റ്റാമിന കുറഞ്ഞ് ചിലരെല്ലാം തലകറങ്ങിവീണു എന്നല്ലാതെ വലിയ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.

അനിഷ്ടസംഭവം എന്ന കാറ്റഗറിയില്‍പെടുമോ എന്നറിയില്ലഇഷ്ടപ്പെടുന്നവരും കാണുമല്ലേ സ്?പീക്കറുടെ ചേംബര്‍ അടിച്ചുപൊളിച്ചു. മാണിയുടെ ജുബ്ബയുടെ ഒരു നൂലിനുപോലും ഒന്നും സംഭവിച്ചിരുന്നില്ല. ആരുംചെന്ന് അദ്ദേഹത്തെ ഉപദ്രവിക്കാതിരിക്കാന്‍ ഇടതുപക്ഷ വനിതാ എം.എല്‍.എ.മാരെ ചുറ്റും നിരത്തിയിരുന്നല്ലോ. പക്ഷേ, സ്?പീക്കര്‍ക്ക് ആ വക സംരക്ഷണമൊന്നും കിട്ടിയില്ല. ആക്രമണത്തിന്റെ തീവ്രത കണ്ടപ്പോള്‍ കെ.എം. മാണിയെ സ്?പീക്കര്‍ ആക്കിയോ എന്ന് സംശയം തോന്നിപ്പോയി. സ്?പീക്കറോട് ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലത്രെ യു.ഡി.എഫുകാര്‍. അതവരുടെ മണ്ടത്തരമെന്നല്ലാതെന്തുപറയാന്‍. യുദ്ധത്തില്‍ ശരിയും തെറ്റുമില്ല. ചട്ടങ്ങള്‍ പാലിച്ചല്ല മാണി ബജറ്റ് അവതരിപ്പിച്ചതെന്നാണ് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞത്. പ്രതിപക്ഷം ചട്ടപുസ്തകം നോക്കിയാണോ സ്?പീക്കറുടെ ചേംബറടിച്ചുപൊളിച്ചതെന്ന് ചോദിക്കാന്‍ പാടില്ല. ചട്ടവും വകുപ്പുമെല്ലാം ഭരിക്കുന്നവര്‍ പാലിച്ചാല്‍ മതി. സമരങ്ങള്‍ക്ക് ചട്ടങ്ങളും മര്യാദകളുമൊന്നും ബാധകമല്ല.

സമരം വന്‍വിജയമാണെന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. വിജയപരാജയങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ അദ്ദേഹം ന്യൂ സിലബസ്സാണ്. കഷ്ടിച്ച് നാലുവരി മാത്രം എഴുതിയാലും മാര്‍ക്ക് എണ്‍പതോ തൊണ്ണൂറോ കിട്ടുമല്ലോ. സോളാര്‍ സമരത്തിന് സെക്രട്ടേറിയറ്റ് വളഞ്ഞ് ഇരുപത്തിനാലുമണിക്കൂറിനകം പിന്‍വലിച്ചപ്പോഴും സമരം വന്‍വിജയമായിരുന്നു. തീര്‍ച്ചയായും അതിനേക്കാള്‍ പത്ത് മാര്‍ക്ക് കൂടുതല്‍ ഈ മാണിയെ വളയല്‍ സമരത്തിന് കിട്ടും. അന്നത്തെ സമരം സഹനസമരമാണെന്ന് പാര്‍ട്ടി പിന്നീട് പ്രമേയത്തില്‍ വിശദീകരിച്ചതാണ്. ഇപ്പോഴത്തേതും സഹനസമരം തന്നെ. സഹിച്ചത് ജനം ആണെന്നുമാത്രം. ഹം2

                                                                        ****

നിയമസഭ സംബന്ധിച്ച സങ്കല്പങ്ങള്‍ അടിമുടി മാറ്റേണ്ട സമയമായി എന്ന് വെള്ളിയാഴ്ച ചാനലുകള്‍ കണ്ടവര്‍ക്ക് ബോധ്യമായിക്കാണും. കാലാനുസൃതമായ മാറ്റംതന്നെ ആയിക്കൊള്ളട്ടെ. നാടോടുമ്പോള്‍ നടുവേ... വിരോധമുണ്ടോ ?

കൂടിയാലോചന, സമവായം, ചര്‍ച്ച തുടങ്ങിയ പഴഞ്ചന്‍ രീതികളിലൂടെ ഈ കലികാലത്തും തീരുമാനങ്ങളുണ്ടാക്കാമെന്ന് കരുതുന്നവര്‍ അറുപഴഞ്ചന്മാര്‍തന്നെ. പുതുപുത്തന്‍ രീതികള്‍ സൃഷ്ടിക്കുന്നതിലാണ്, പഴയ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതിലല്ല ക്രിയാത്മകത കിടക്കുന്നത്. അറിവ്, അനുഭവം, ആദര്‍ശം, ബുദ്ധി തുടങ്ങിയ ഗുണവിശേഷങ്ങളാണ് എല്ലാറ്റിന്റെയും അടിസ്ഥാനമെന്ന ധാരണ തിരുത്തണം.

പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയൊന്നുമല്ല എന്ന് പറഞ്ഞതുപോലെ കായികശേഷി ഒരു മോശം ശേഷിയല്ലെന്ന് അംഗീകരിക്കണം. ഗുസ്തി, വെയ്റ്റ് ലിഫ്റ്റിങ്, ഓട്ടം ഒക്കെ ഒളിമ്പിക്‌സില്‍പോലും അംഗീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനം അതാണല്ലോ. കായികശേഷി കൂടുതലുള്ളവര്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നൊന്നും പറഞ്ഞാല്‍ നടക്കില്ല. വനിതാസംവരണം പോലും ഇതുവരെ നടന്നിട്ടില്ല. മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ പാര്‍ട്ടികള്‍വേണം ഇത് തീരുമാനിക്കാന്‍. അംഗങ്ങളില്‍ നാലിലൊരുഭാഗമെങ്കിലും മല്ലയുദ്ധവീരന്മാരായിരുന്നാല്‍ കളിമാറും. കോഴവാങ്ങിയ മന്ത്രിയെ പുറത്താക്കണം എന്നുംപറഞ്ഞ് വായിട്ടലച്ചിട്ടൊന്നും ഒരു കാര്യവുമില്ല. മന്ത്രി രാജിവെക്കുന്നില്ലെങ്കില്‍ നേരേ ചെന്ന് എടുത്തുപൊക്കി പുറത്തുകളയണം. വാച്ച് ആന്‍ഡ് വാര്‍ഡിനെ നേരിടാന്‍ നാല് ഇടിയന്മാരെ വേറെ നിയോഗിക്കണം. അങ്ങനെ സര്‍വകാര്യത്തിലും കായികശക്തിക്ക് പ്രാമുഖ്യം നല്‍കണം. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നമ്മുടെ പ്രാചീന സംസ്‌കാരികമൂല്യം പുനര്‍നിര്‍മിക്കണം. സായുധവിപ്ലവമോ നടക്കുന്നില്ല, നിരായുധവിപ്ലവമെങ്കിലും സാധ്യമാണോ എന്നറിയണമല്ലോ.

                                                                 ****

യു.ഡി.എഫ്. എന്ന പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍ ആയിരുന്ന സാക്ഷാല്‍ ആര്‍. ബാലകൃഷ്ണപിള്ള പുത്രസമേതം പുറത്തുചാടിയതിന് ഈ ബഹളത്തിനിടയില്‍ വേണ്ടത്ര വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല. കണ്ണുമടച്ച്, ജലമാണോ നിലമാണോ എന്നൊന്നും നോക്കാതെയാണ് അദ്ദേഹം മുങ്ങുന്ന യു.ഡി.എഫ്. കപ്പലില്‍നിന്ന് ചാടിയതെന്ന് ചിലര്‍ പറയുന്നുണ്ട്. ഒന്നുംകാണാതെ ചാടുന്ന ആളല്ല ബാലന്‍പിള്ള. കാലമെത്രയായി ഈ കളി കളിക്കുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വി.എസ്. അച്യുതാനന്ദനുള്ള സ്ഥാനമാണ് യഥാര്‍ഥത്തില്‍ യു.ഡി.എഫിലും കേരളാ കോണ്‍ഗ്രസ്സിലും കീഴൂട്ട് ബാലകൃഷ്ണപിള്ളയ്ക്കുള്ളതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കോണ്‍ഗ്രസ്സിലെ ദുഷ്ടന്മാരുടെ ക്രൂരതയില്‍ ഹൃദയംപൊട്ടി പി.ടി. ചാക്കോ മരിച്ചതിനുശേഷം കോണ്‍ഗ്രസ്സില്‍നിന്ന് ഇറങ്ങിപ്പോന്നവരില്‍ അവശേഷിക്കുന്ന നേതാവാണ് പിള്ളച്ചേട്ടന്‍. മാണിസാറൊക്കെ പിന്നെ വന്നതാണ്. സമശീര്‍ഷനും തത്തുല്യനുമായ ആളായതുകൊണ്ടാണ് വി.എസ്. ഇടയ്ക്കിടെ ഓരോ കേസുകൊടുത്ത് പിള്ളയെ മുള്ളിന്മേല്‍ നിര്‍ത്തുന്നതും ശിക്ഷിപ്പിച്ച് ജയിലില്‍ ഇടീക്കുന്നതും.

എല്‍.ഡി.എഫിലേക്കുള്ള എന്‍ട്രിടിക്കറ്റ് എടുക്കാതെ ബാലകൃഷ്ണപ്പിള്ള യു.ഡി.എഫില്‍നിന്ന് പുറത്തുകടന്നതില്‍ പന്തികേടുണ്ടെന്നത് ശരി. ഭൂമിയിലുമല്ല ആകാശത്തിലുമല്ലാതെ പിള്ളയും ഗണേശനും ത്രിശങ്കുവില്‍ ആയേക്കുമോ എന്ന് ശങ്ക ഉള്ളവര്‍ കാണും. അവര്‍ക്ക് ബാലകൃഷ്ണപ്പിള്ളയെയും അറിഞ്ഞുകൂടാ കേരളരാഷ്ട്രീയവും അറിഞ്ഞൂകൂടാ എന്നേ പറയാനാവൂ. യു.ഡി.എഫിന്റെ സ്ഥാപകനാണ് എന്നതൊക്കെ ശരിതന്നെ. പക്ഷേ, മുമ്പും അദ്ദേഹം എല്‍.ഡി.എഫില്‍ ആയിരുന്നിട്ടുണ്ട്, മന്ത്രിയും ആയിട്ടുണ്ട്, ജയിലിലും ആയിട്ടുണ്ട്.

സി.പി.എമ്മിന്റെ ഏത് നയമാണ് ബാലകൃഷ്ണപ്പിള്ളയെ കൂടെക്കൂട്ടുന്നതിന് തടസ്സമെന്ന് അറിവുള്ളവര്‍ പറഞ്ഞാല്‍ തരക്കേടില്ല. പിള്ള സി.പി.എമ്മില്‍ അംഗത്വത്തിനൊന്നും ചോദിക്കുന്നില്ലല്ലോ. ബി.ജെ.പി. വിട്ട് നരേന്ദ്രമോദി വിചാര്‍മഞ്ച് ഉണ്ടാക്കിയവരെ പാര്‍ട്ടിയിലെടുക്കാമെങ്കില്‍ ബാലകൃഷ്ണപിള്ളയെയും എടുക്കാം. പറഞ്ഞുവരുമ്പോള്‍, മാണിസാറിനെപ്പോലും മുന്നണിയിലെടുക്കുന്നതിന് തത്ത്വശാസ്ത്രപരമായോ അടവുനയപരമായോ തടസ്സമൊന്നുമില്ല. മാണിയുടെ പത്തുമടങ്ങ് വലിയ അഴിമതിക്കാരുമായി മുന്നണിയുണ്ടാക്കാന്‍ പാര്‍ട്ടി തക്കംപാര്‍ത്തിരുന്നിട്ടുണ്ട്. അഴിമതിയും നോക്കിനടന്നാല്‍ മുന്നണിയുണ്ടാക്കാനൊന്നും കഴിയില്ലെന്ന് പറഞ്ഞതാരാണ് ? വേറെ ആര് നമ്മുടെ ജനറല്‍ സെക്രട്ടറിതന്നെ.

ഓരോന്നിനും അതിന്റേതായ സമയമുണ്ട്. കാത്തിരിക്കാനുള്ള ക്ഷമ വേണമെന്ന് മാത്രം. ധൃതിപ്പെടരുത്.

Wednesday, 11 March 2015

'ടെലഗ്രാഫി'ല്‍ സംഭവിച്ചത്...

ബ്രിട്ടനിലെ സാമാന്യം ആദരിക്കപ്പെടുന്ന പത്രമായ ദി ടെലഗ്രാഫ് വലിയൊരു വിവാദത്തില്‍ ചെന്നുപെട്ടു. ഉയര്‍ന്ന പദവി വഹിക്കുന്ന ജേണലിസ്റ്റ് പീറ്റര്‍ ഓബോണ്‍ രാജിവെച്ചതാണ് വിഷയം. ചീഫ് പൊളിറ്റിക്കല്‍ കമന്റേറ്റര്‍ എന്ന ചുമതല നിര്‍വഹിച്ചിരുന്ന ആളാണ് അദ്ദേഹം. പത്രങ്ങളില്‍ നിന്ന് ആരെല്ലാം രാജിവെക്കുന്നു, അതിലെന്ത് വിവാദം എന്ന് ചോദിക്കാം. രാജിയല്ല പ്രശ്‌നം. രാജിവെച്ച ഓബോണ്‍ പത്രത്തിന്റെ എഡിറ്റോറില്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. അദ്ദേഹം ഓപണ്‍ഡെമോക്രസി.നെറ്റ് എന്ന സ്വതന്ത്ര വെബ്‌സൈറ്റില്‍ എഴുതിയതുപോലൊരു ലേഖനം നമ്മുടെ നാട്ടിലാണ് എഴുതുന്നതെങ്കില്‍ അതൊരു പക്ഷേ, ചര്‍ച്ച ചെയ്യപ്പെടുക പോലുമില്ല. പക്ഷേ, അവിടെ വന്‍കിട പത്രങ്ങളില്‍ അത് ചര്‍ച്ചാവിഷയമായി. പത്രങ്ങള്‍ തമ്മില്‍ അതിന്റെ പംക്തികളില്‍ രൂക്ഷമായ വിമര്‍ശനവും ഏറ്റുമുട്ടലും നടന്നു.

ബ്രിട്ടനിലെ യാഥാസ്ഥിതിക പക്ഷത്തോട് അനുഭാവമുള്ള, വിശ്വാസ്യതയുള്ള പത്രമാണ് ടെലഗ്രാഫ്. 2009 ല്‍ പീറ്റര്‍ ഓബോണ്‍ പത്രത്തില്‍ ചേരുമ്പോള്‍, ഒരു വലിയ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് ഉയര്‍ത്തിയ കൊടുങ്കാറ്റിന്റെ നടുവില്‍ നില്‍ക്കുകയായിരുന്നു ടെലഗ്രാഫ് പത്രം. ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ കുറച്ച് കാലത്തിനിടയില്‍ ഗവണ്മെന്റില്‍ നിന്ന് വാങ്ങിയ വ്യാജ ചെലവിനങ്ങളെ കുറിച്ചുള്ളതായിരുന്നു റിപ്പോര്‍ട്ട്. വ്യാജ അവകാശവാദങ്ങളും ബില്ലുകളും പണംവാങ്ങാന്‍ ഉപയോഗിച്ചുവെന്ന് തെളിയിച്ച അന്വേഷാത്മക റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. നിരവധി പ്രമുഖര്‍ക്ക് ഈ വിവാദത്തില്‍ കുടുങ്ങി സ്ഥാനം നഷ്ടപ്പെട്ടു. പൊതുജീവിതം ശുദ്ധീകരിക്കുന്നതില്‍ വലിയ സംഭാവന ചെയ്തതിന്റെ ഗഌമറില്‍  നില്‍ക്കുന്ന 'ടെലഗ്രാഫി'ന് നേരെ പീറ്റര്‍ ഓബോണ്‍ എയ്ത അമ്പ് ആ സ്ഥാപനത്തെ ഉലച്ചു. അത്യസാധാരണമായ എന്തെങ്കിലുമാണ് ടെലഗ്രാഫ് പത്രത്തില്‍ നടന്നത് എന്നും പറയാനാവില്ല- നമ്മുടെ നാട്ടിലെ മാധ്യമ ധാര്‍മികതയുടെ അവസ്ഥയനുസരിച്ച്. ലോകത്തിലെ രണ്ടാമത്തെ വലിയ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സി യുമായി ബന്ധപ്പെട്ട ആരോപണങ്ങളും വാര്‍ത്തകളും ദി ടെലഗ്രാഫ് പത്രം  പ്രസിദ്ധപ്പെടുത്തുന്നില്ല- പ്രസിദ്ധപ്പെടുത്താതിരിക്കുന്നത് അവരില്‍ നിന്നുള്ള പരസ്യവരുമാനം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയണ് എന്നാണ് പീറ്റര്‍ ഓബോണ്‍ ഉന്നയിച്ച ആരോപണത്തിന്റെ കാതലായ ഭാഗം. സ്വന്തം സ്ഥാപനത്തിന്റെ അധാര്‍മികമായ എഡിറ്റോറിയല്‍ നയത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത് എന്ന് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. 'രാജ്യത്തിന്റെ നന്മയിലും ഉയര്‍ച്ചയിലും തല്‍പ്പരരായ മാന്യന്മാരുടെ പത്രം' അടുത്ത കാലത്തായി സ്വീകരിച്ചുവരുന്ന നടപടികള്‍ പത്രത്തെ മാത്രമല്ല,  രാജ്യത്തെതന്നെ  ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് പീറ്റര്‍ ഓബോണ്‍ രാജിവെച്ചതും തന്റെ ആശങ്കകള്‍ ലേഖനത്തിലൂടെ പൊതുസമൂഹവുമായി പങ്കുവെച്ചതും. പീറ്റര്‍ ഓബോണ്‍ ഉയര്‍ത്തിയ ആശങ്കകള്‍ ടെലഗ്രാഫ് പത്രത്തെയോ ബ്രിട്ടിഷ് മാധ്യമങ്ങളെയോ മാത്രം ബാധിക്കുന്ന കാര്യമല്ല. ആഗോളതലത്തില്‍ മാധ്യമങ്ങള്‍ ഏത് വഴിയിലൂടെയാണ് നീങ്ങുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നതാണ് ടെലഗ്രാഫ് സംഭവം.

അച്ചടി മാധ്യമങ്ങളുടെ സര്‍ക്കുലേഷന്‍ കുറഞ്ഞുതുടങ്ങിയതിന്റെ വെപ്രാളത്തില്‍ നില്‍ക്കുകയായിരുന്നു മറ്റ് യൂറോപ്യന്‍ പത്രങ്ങളെപ്പോലെ ടെലഗ്രാഫും. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഭാവി എന്ന ആശങ്കയുടെ ഫലയായി പത്രത്തെ സ്വയം തകര്‍ക്കുന്ന നടപടികളായിരുന്നു മാധ്യമസ്ഥാപനങ്ങള്‍ അന്ന് സ്വീകരിച്ചുപോന്നിരുന്നത് എന്ന് ഓബോണ്‍ പറയുന്നു. ചെലവ് ചുരുക്കാന്‍ വേണ്ടി പത്രത്തിന്റെ പ്രധാന, ആകര്‍ഷക സെക്ഷനുകള്‍ വെട്ടിക്കുറക്കുക, പരമാവധി ജേണലിസ്റ്റുകളെ പിരിച്ചുവിടുക, കമ്പനിയുടെ മൂലധനം മാധ്യമേതര സംരംഭങ്ങളിലേക്ക് തിരിച്ചുവിടുക, പരസ്യവരുമാനം കൂട്ടുന്നതിന് അധാര്‍മികമായ ഒത്തുതീര്‍പ്പുകള്‍ക്ക് പത്രാധിപരേയും പത്രപ്രവര്‍ത്തകരേയും സമ്മര്‍ദ്ദത്തിലാക്കുക തുടങ്ങിയ നയങ്ങളാണ് നടപ്പാക്കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ജനവരിയില്‍ പത്രാധിപരെതന്നെ ടെലഗ്രാഫ് മാനേജ്‌മെന്റ് പിരിച്ചുവിട്ടു. പകരം നിയമിച്ചത് പത്രാധിപരെയല്ല, ഹെഡ് ഓഫ് കണ്ടന്റ് എന്ന തസ്തികയിലുള്ള ഒരാളെയാണ്. 1923 മുതല്‍ 81 വര്‍ഷം ഈ പത്രത്തിന് ആറ് പത്രാധിപന്മാരേ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷം പതിനൊന്ന് വര്‍ഷം കൊണ്ട് ആറ് പത്രാധിപന്മാര്‍ ഉണ്ടായി. ഇനി ആ പ്രശ്‌നമേയില്ല. പത്രത്തിന് പത്രാധിപര്‍തന്നെ ഇല്ലാതിയിരിക്കുന്നു! ഹെഡ് ഓഫ് കണ്ടന്റ് വാര്‍ത്തയുടെയും പരസ്യത്തിന്റെയും ചുമതല ഒരേ സമയം വഹിക്കുന്നു. വെറുതെയല്ല, 2014 വര്‍ഷം മാത്രം തസ്തികയില്‍ മൂന്നുപേര്‍ വന്നു, പോയി. !

പത്രത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന അസ്വാസ്ഥ്യം സൃഷ്ടിക്കുന്ന ഒട്ടനവധി നടപടികള്‍ ഓബോണ്‍ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. അവയ്‌ക്കെല്ലാം ഒരേ സ്വഭാവമാണ്. പൊതുതാല്‍പര്യവും പരസ്യതാല്‍പ്പര്യവുംതമ്മില്‍ ഏറ്റുമുട്ടിയാല്‍ പരസ്യതാല്‍പര്യത്തിനാണ് മുന്‍ഗണന. പരസ്യം കിട്ടാന്‍ വേണ്ടി ഏത് വിശ്വാസ്യതയില്ലാത്ത വാര്‍ത്തയും പ്രസിദ്ധപ്പെടുത്താം, ഏത് സുപ്രധാന വാര്‍ത്തയും കൊന്നുകളയുകയും ചെയ്യാം. നിരവധി ബ്രിട്ടീഷ് മുസ്ലിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരു കാരണവും പറയാതെ എച്ച്.എസ്.ബി.സി പത്രം ക്ലോസ് ചെയ്തത് സംബന്ധിച്ച് ഓബോണ്‍  തയ്യാറാക്കിയ റിപ്പോര്‍ട്ട് പത്രം പ്രസിദ്ധപ്പെുടുത്താതിരുന്നത് ആ ബാങ്കിന്റെ പരസ്യം നിര്‍ത്തിക്കളയുമെന്ന ഭീഷണിയെതുടര്‍ന്നാണ് എന്നദ്ദേഹം വിവരിക്കുന്നുണ്ട്. രാജ്യഭരണത്തിലെ  ചര്‍ച്ച്-സ്റ്റേറ്റ് അധികാരവിഭജനം പോലെ മാധ്യമങ്ങളില്‍ നിലനിന്ന എഡിറ്റോറിയല്‍-മാര്‍ക്കറ്റിങ്ങ് വിഭജനം തകര്‍ക്കപ്പെടുന്നു, ഓണ്‍ലൈനിന് പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ കൂടുതല്‍ ക്ലിക്ക് കിട്ടുന്ന എന്ത് അസംബന്ധവും പ്രസിദ്ധീകരിക്കലാണ് മാധ്യമധര്‍മം എന്നുവന്നിരിക്കുന്നു.  അങ്ങനെ അനേകം അസംതൃപ്തികള്‍ പരമ്പരയായി ഉണ്ടായപ്പോഴാണ് പീറ്റര്‍ ഓബോണ്‍ പത്രവുമായുള്ള ബന്ധം അവസാനിപ്പിച്ച് പുറത്തുകടന്നത്. ഒടുവില്‍ രാജിക്കത്തുമായി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവിനെ സമീപിച്ച് രാജിക്കുള്ള കാരണങ്ങള്‍ നിരത്തിയപ്പോള്‍, പരസ്യതാല്പര്യം വാര്‍ത്തയെ ബാധിക്കുന്നുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, അത് പറഞ്ഞുകേള്‍ക്കുന്ന അത്രയൊന്നും ഇല്ലാ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ടെലഗ്രാഫ് സംഭവം ബ്രിട്ടീഷ് പത്രലോകത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പല പ്രസിദ്ധീകരണങ്ങളും അനുവര്‍ത്തിച്ചുവരുന്ന പുതിയ പരസ്യതന്ത്രങ്ങള്‍ ഈ വിവാദത്തിനിടെ വെളിച്ചത്തുവന്നു. 'പെയ്ഡ് ന്യൂസി'നോട് അടുത്തുനില്‍ക്കുന്ന പുതിയ പ്രവണതകള്‍ സ്‌പോണ്‍സേഡ് കണ്ടന്റ്, സപ്ലിമെന്റ്, അഡ്വര്‍ട്ടോറിയല്‍ തുടങ്ങിയ പുതുലേബലുകളില്‍ വ്യാപകമായിരിക്കുന്നു. ആത്യന്തികമായ ഫലം എന്താണ്  ? വിപണിയില്‍ നിന്നുപിഴക്കാന്‍ ചെയ്യേണ്ടിവരുന്നവ എന്ന് ന്യായീകരിക്കപ്പെടുന്ന ഈ സ്വയംരക്ഷാ നടപടികള്‍ യഥാര്‍ത്ഥത്തില്‍ അച്ചടി മാധ്യമങ്ങളുടെ ആയുസ്  ദീര്‍ഘിപ്പിക്കുകയല്ല ചെയ്യുന്നത്. ഇപ്പോള്‍ ഉള്ള വിശ്വാസ്യത കൂടി നശിപ്പിച്ച്  അച്ചടിമാധ്യമത്തിന്റെ മരണം അത്യാസന്നമാക്കുകയാണ് ചെയ്യുന്നത് എന്ന് പല മാധ്യമനിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോഴും വളര്‍ച്ചയുടെ പാതയില്‍തന്നെ നില്‍ക്കുന്നു എന്ന ധൈര്യത്തില്‍ കഴിയുന്ന നമ്മുടെ നാട്ടിലെ  മാധ്യമങ്ങള്‍ക്കും ഇതില്‍നിന്ന് പാഠങ്ങള്‍ പഠിക്കാനില്ലേ ?


മാധ്യമപക്ഷം
മാധ്യമം ദിനപത്രം
10.3.2015
Monday, 9 March 2015

രാഹുല്‍ജിയുടെ ഒളിവുജീവിതം

പൂര്‍വാധികം കരുത്തോടെ രാഹുല്‍ജി തിരിച്ചുവരുമെന്ന് എ.കെ.ആന്റണി പറഞ്ഞതാണ് ആകപ്പാടെയൊരു സമാധാനം. പുതിയ ഇനം ഉത്തേജനൗഷധം ഏതെങ്കിലും ലാബില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടായിരിക്കാം അദ്ദേഹം പറന്നത്

മോത്തിലാല്‍ നെഹ്രുവിന്റെയും ജവാഹര്‍ലാല്‍ നെഹ്രുവിന്റെയുമൊന്നും കാലമല്ലല്ലോ ഇത്. അവര്‍ക്കൊന്നും ജയിലില്‍പ്പോകാനും ഒളിവില്‍പ്പോകാനും പ്രയാസമുണ്ടായിരുന്നില്ല. ഇഷ്ടംപോലെ ജയിലില്‍പ്പോയെങ്കിലും ഒളിവില്‍പ്പോയില്ല അവരൊന്നും. ഗാന്ധിയന്‍ ലൈനനുസരിച്ച് ഒളിവില്‍പ്പോകാന്‍പാടില്ല. അത് പഴയ ഗാന്ധി. രാഹുല്‍ഗാന്ധിയന്‍ ലൈനനുസരിച്ച് ഒളിവില്‍പ്പോകാം. എപ്പോള്‍ പോകണം, എപ്പോള്‍ മടങ്ങണം എന്നെല്ലാം ഒളിവില്‍പ്പോകുന്നയാളാണു തീരുമാനിക്കേണ്ടത്. 

അമ്മയോട് പിണങ്ങി ഒളിവില്‍പ്പോകുന്നതു തെറ്റല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണത്. തലമുറകളായി ചെയ്തുവരുന്ന കാര്യം. അതിന്റെപേരില്‍ ആരും അദ്ദേഹത്തെ പരിഹസിക്കരുത്. വിപ്ലവകരമായ നടപടികള്‍സ്വീകരിച്ച് ചരിത്രത്തില്‍ സ്ഥാനംപിടിക്കാന്‍ വെമ്പുന്ന നേതാവാണദ്ദേഹം. ജയിലില്‍പ്പോകുന്നതിലൊന്നും പുതുമയില്ല. മറ്റാരും ചെയ്യാത്തതു ചെയ്യണം. ലോക ജനാധിപത്യചരിത്രത്തില്‍ ഒരു പാര്‍ട്ടിയുടെ അനിഷേധ്യനേതാവ് നമ്പര്‍ വണ്‍ ആകേണ്ടയാള്‍ ഒളിവില്‍പ്പോയ സംഭവം ഇതിനുമുമ്പുണ്ടായിട്ടില്ല. പുതിയതലമുറ പുതിയപാത കണ്ടെത്തും. പഴഞ്ചന്മാര്‍ക്കതു മനസ്സിലാവാത്തത് അവരുടെ കുറ്റമാണ്. അറസ്റ്റുഭീഷണിയില്ലാതെവേണം ഒളിവില്‍പ്പോകാന്‍. മറ്റാരും ചെയ്യാത്തത് ചെയ്യുന്നതിന്റെ രസം അദ്ദേഹം ആദ്യം കണ്ടെത്തുന്നത് 2013 സപ്തംബറിലാണ്. സ്വന്തം സര്‍ക്കാര്‍ ഇറക്കിയ ഒരു ഓര്‍ഡിനന്‍സിനെ ന്യായീകരിക്കാന്‍ പാര്‍ട്ടിനേതാവ് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ കയറിച്ചെന്നാണ് യുവകേസരി ഓര്‍ഡിനന്‍സ് വലിച്ചുകീറിയെറിഞ്ഞത്. 'അട്ടര്‍ നോണ്‍സെന്‍സ്' എന്നോ മറ്റോ ആക്രോശിക്കുകയുംചെയ്തു. മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ ഇത്? ഇതാണു വിപ്ലവനേതൃത്വം. 

അമ്മയോടുപിണങ്ങിയാണു നാടുവിട്ടതെന്നത് മാധ്യമസൃഷ്ടിയാകാനേ തരമുള്ളൂ. മോന്‍ പറയുന്നത് അതേപടിസ്വീകരിക്കുന്ന അമ്മയാണു സോണിയാജി. പിന്നെന്തിനു നാടുവിടണം? ഒരുപക്ഷേ, രാഹുല്‍ പിണങ്ങിയത് ഇന്ത്യന്‍ വോട്ടര്‍മാേരാടാകാം. നരേന്ദ്രമോദി രംഗപ്രവേശംചെയ്യുന്നതിനെത്രയോമുമ്പ്, അടുത്തപ്രധാനമന്ത്രിയാരെന്നുചോദിച്ചാല്‍ രാഹുല്‍ഗാന്ധിയെന്ന് ഏതു നഴ്‌സറി സ്‌കൂള്‍ക്കുട്ടിപോലും പറയുമായിരുന്നു. 2009ലെ തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ അമ്മയോടൊരുവാക്കുപറഞ്ഞാല്‍ രാഹുല്‍ജിക്കു പ്രധാനമന്ത്രിയാകാമായിരുന്നു. ഡോ. മന്‍മോഹനാണെങ്കില്‍ അതൊന്നു പറഞ്ഞുകിട്ടാന്‍ കാത്തുനില്‍ക്കുന്നയാളും. ഓര്‍ഡിനന്‍സ് കീറല്‍ സംഭവത്തിനുശേഷം മന്‍മോഹന്‍ജി രാജികൊടുത്തതായിക്കേട്ടിരുന്നു. പുത്രന്‍ ഓര്‍ഡിനന്‍സ് കീറിയതുപോലെ അമ്മ രാജിക്കത്തും കീറിക്കളഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുവര്‍ഷംമുമ്പെങ്കിലും രാഹുല്‍ അധികാരമേറ്റ് ചീത്തപ്പേരെല്ലാം തുടച്ചുനീക്കുന്ന ശുദ്ധീകരണനടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കളിമാറുമായിരുന്നില്ലേ? ഇത്രയൊക്കെ ചെയ്തിട്ടും തിരഞ്ഞെടുപ്പുവന്നപ്പോള്‍ പൊതുജനംകഴുത രാഹുല്‍പാര്‍ട്ടിയെ ചുരുട്ടിക്കൂട്ടിയെറിഞ്ഞുകളഞ്ഞു. ആരായാലും നാടുവിട്ടുപോകും.

പൂര്‍വാധികം കരുത്തോടെ രാഹുല്‍ജി തിരിച്ചുവരുമെന്ന് എ.കെ.ആന്റണി പറഞ്ഞതാണ് ആകപ്പാടെയൊരു സമാധാനം. പുതിയ ഇനം ഉത്തേജനൗഷധം ഏതെങ്കിലും ലാബില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടായിരിക്കാം അദ്ദേഹം പറന്നത്. രഹസ്യം ആന്റണി ചോര്‍ത്തിയെടുത്തതാവാം. സംഗതിനടന്നാല്‍ പൂര്‍വാധികം കരുത്തുകിട്ടുമെന്ന് ഉറപ്പല്ലേ? ആന്റണിക്കും കൂടെപ്പോകാമായിരുന്നു. സാരമില്ല. വരുമ്പോള്‍ സാമ്പിള്‍ കൊണ്ടുവരും. പിന്നെ പേടിക്കാനില്ല. നരേന്ദ്രമോദിയുടെ മണ്ട ഇടിച്ചുപൊളിക്കും, നോക്കിക്കോ.

                                                       ****

ശരഅതിനിടെ, ഇവിടെ കുറേ കെ.എസ്.യു. പൈതങ്ങള്‍ രാഹുലിനെതിരെ പ്രമേയം കൊണ്ടുവരികയോ വിമര്‍ശിക്കുകയോമറ്റോ ചെയ്തത്രെ. ആപത്തുകാലത്ത് പാര്‍ട്ടിയെ നയിക്കേണ്ടയാള്‍ ഒളിവില്‍പ്പോയെന്നാണ് അവരുടെ വിമര്‍ശം. ഈ കുട്ടികള്‍ക്ക് രാഹുല്‍ജിയെ ശരിക്കും അറിഞ്ഞുകൂടാഞ്ഞിട്ടാണ്. മഹാരാജാസ് കോളേജില്‍ ക്ലാസ് കട്ട്‌ചെയ്ത് സിനിമയ്ക്കു പോകുന്നതുപോലെ പാര്‍ലമെന്റ് കട്ട്‌ചെയ്ത് വിദേശത്തും അജ്ഞാതകേന്ദ്രങ്ങളിലും പോകുന്ന ആളായിരുന്നു രാഹുല്‍ജി. 2004നും 2009നും ഇടയില്‍ അദ്ദേഹത്തെ ലോക്‌സഭയില്‍ കണ്ട ഓര്‍മതന്നെയില്ലെന്ന് പല ലേഖകരും എഴുതിയിട്ടുണ്ട്. പതിന്നാലാം ലോക്‌സഭയില്‍ ഭാവിപ്രധാനമന്ത്രി അഞ്ചു ചര്‍ച്ചകളിലാണു പങ്കെടുത്തതെന്ന് ടി.വി. എഡിറ്റര്‍ രജ്ദീപ് സര്‍ദേശായി എഴുതിയിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ രാവും പകലും പാഞ്ഞുനടക്കലാണെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും പറയുമായിരിക്കും. അതൊക്കെ പഴയ സ്‌റ്റൈലാണ്. വൈകുന്നേരം ആറുകഴിഞ്ഞാല്‍ പുള്ളിക്കാരന്‍ പാര്‍ട്ടി ഓഫീസില്‍നിന്നിറങ്ങും. പിന്നെ എവിടെയെന്ന് പാര്‍ട്ടിക്കാര്‍ അന്വേഷിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.

രാഹുല്‍ജിയെ വിമര്‍ശിച്ചതിന് കെ.എസ്.യു. യൂണിറ്റിനെതിരെ നടപടിയെടുത്തെന്നോമറ്റോ വാര്‍ത്തയുംകണ്ടു. അസ്സലായി. കെ.എസ്.യു.ക്കാര്‍ക്കൊക്കെ അവിടത്തെ മണ്ഡലം കമ്മിറ്റിയെയോ ജില്ലാ കമ്മിറ്റിയെയോ വിമര്‍ശിച്ചാല്‍പ്പോരേ? ഏറിവന്നാല്‍ സംസ്ഥാനകമ്മിറ്റിയെയും വിമര്‍ശിക്കാം. ഓരോരുത്തര്‍ക്കും ഓരോ റേഞ്ച് അനുവദിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയുമെല്ലാം കെ.എസ്.യു. നേതാക്കളായിരുന്നപ്പോള്‍ അതിരുവിട്ടു വിമര്‍ശിച്ചിട്ടുണ്ടോ? അവര്‍ക്കു വിമര്‍ശിക്കാനും കുതിരകേറാനുമാണ് ഇവിടെ കരുണാകര്‍ജിയെ നിര്‍ത്തിയിരുന്നത്. ഇന്ദിരാജിയെയോ രാജീവ്ജിയെയോ വിമര്‍ശിക്കുകപോയിട്ട് ആരാധനയോടെയല്ലാതെ നോക്കുകപോലും ചെയ്തിട്ടില്ല. ചിന്താക്കുറ്റംചെയ്ത് പാപികളാവരുത്. ലക്ഷ്മണരേഖയ്ക്കിപ്പുറം നിന്നാല്‍ ഭാവിയില്‍ എം.എല്‍.എ.യൊക്കെ ആവാം

                                                                           *****

ശരരാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യഭരണത്തിലിടപെടാന്‍പാടില്ലാത്ത അന്യഗോളശക്തിയാണെന്നു പറയാന്‍തുടങ്ങിയാല്‍ ബുദ്ധിമുട്ടാകും. നിയമസഭയിലേക്കു ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അഞ്ചുവര്‍ഷം അവരെ തിരഞ്ഞെടുത്തയച്ച പാര്‍ട്ടിപോലും ചോദിക്കാനും പറയാനും പാടില്ലെന്നുവരുന്നത് ജനാധിപത്യമാകില്ല, ജനാധിപത്യവിരുദ്ധംതന്നെയാകും. 
ബാര്‍ ലൈസന്‍സിന് എന്‍.ഒ.സി. കൊടുക്കാത്തതിനെതിരെയുള്ള കേസില്‍ ഹൈക്കോടതിപറഞ്ഞത് ജനാധിപത്യപരമാണെന്നെങ്ങനെപറയും? 

കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പഞ്ചായത്ത്മുനിസിപ്പല്‍ ഭരണസമിതികളിലുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക് സര്‍ക്കുലറയച്ചു, ആരും ബാര്‍നടത്താന്‍ എന്‍.ഒ.സി. കൊടുത്തുകൂടായെന്ന്. തെറ്റില്ല. ബാറല്ല, എന്തും പാര്‍ട്ടിനയമനുസരിച്ചാണു നടക്കേണ്ടത്. നയം നടപ്പാക്കാനാണ് പാര്‍ട്ടിയെ ജനം തിരഞ്ഞെടുക്കുന്നത്. മദ്യനിരോധനം വേണോയെന്നു തീരുമാനിക്കേണ്ടത് സംസ്ഥാനസര്‍ക്കാറാണ്. മദ്യനിരോധനമൊന്നുമില്ല, പക്ഷേ, നിങ്ങള്‍ക്കു വേണ്ടെങ്കില്‍ വേണ്ടെന്നുവെയ്ക്കാമെന്നാണ് നഗരപാലികാനിയമത്തിലെ വ്യവസ്ഥയുടെ അര്‍ഥം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു മാന്തിക്കുകയെന്നുപറഞ്ഞതിന്റെ വേറൊരു രൂപം. എല്ലാം വികേന്ദ്രീകരിക്കുന്നകൂട്ടത്തില്‍ ബാര്‍ ലൈസന്‍സിന് കാശുവാങ്ങുന്നതും വികേന്ദ്രീകരിച്ചെന്നേ ബാറുകാര്‍ ഇതുവരെ കരുതിയിരുന്നുള്ളൂ. പഞ്ചായത്തുഭരിക്കുന്ന പാര്‍ട്ടിക്കും കഴിഞ്ഞുകൂടണ്ടേ? 

ആദര്‍ശമൊന്നും സംസ്ഥാനഭരണത്തില്‍ നടപ്പില്ല. പഞ്ചായത്തില്‍വേണം ആദര്‍ശംസൂക്ഷിക്കാനെന്നൊരര്‍ഥംകൂടി കെ.പി.സി.സി. സര്‍ക്കുലറിനുണ്ടെന്നത് ഇതിന്റെ മറുവശം. പഞ്ചനക്ഷത്രഹോട്ടലില്‍ കുറേ സാറന്മാര്‍ വലിയ കാറില്‍വന്ന് മുന്തിയസാധനം കുടിച്ചുപോകുന്നതെങ്ങനെയാണ് മുനിസിപ്പാലിറ്റിയിലെ ജനജീവിതത്തെ ബാധിക്കുകയെന്നുചോദിച്ചാല്‍ മറുപടികിട്ടാന്‍ പ്രയാസമാണ്. പാര്‍ട്ടിത്തലവന്മാര്‍ക്ക് ഒരുസഹായംചെയ്യാവുന്നതാണ്. പാവം പഞ്ചായത്തുകാരെ ധര്‍മസങ്കടത്തിലാക്കരുത്. പകരം, മുഖ്യമന്ത്രിക്കും മുന്നണിത്തലവന്മാര്‍ക്കും കൊടുക്ക് കടുപ്പത്തിലൊരു സര്‍ക്കുലര്‍. ഇന്നേ തീയതി സൂര്യനസ്തമിക്കുംമുമ്പ് കേരളത്തില്‍ സമ്പൂര്‍ണമദ്യനിരോധനം നടപ്പാക്കണമെന്നു കല്പിക്കൂ... നോക്കാമല്ലോ, ഹൈക്കോടതി എന്തുപറയുമെന്ന്.

രാഷ്ട്രീയം അഴിമതിയുടെ ദൂഷിത വലയത്തില്‍


കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായി ഒരു പാവപ്പെട്ട മനുഷ്യനെ കാറിടിച്ചും കുത്തിയും വെട്ടിയും കൊന്ന ആളെ നമ്മുടെ പോലീസ്-ഭരണ സംവിധാനം പ്രത്യക്ഷമായിത്തന്നെ സഹായിക്കുന്നതിന്റെ പല തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒന്ന് മാത്രം ആലോചിച്ചാല്‍ മതി- കൊലയാളി ഒരു സാധാരണക്കാരനായിരുന്നുവെങ്കില്‍ ഈ വിധമാകുമോ ഭരണകൂടത്തിന്റെ പ്രതികരണം ? സാധാരണക്കാരന് ഇതുപോലൊരു കൊല നടത്താനാവില്ല എന്നത് ശരി. പക്ഷേ, ഈ കൊലയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ഉണ്ടായത്, യാദൃശ്ചികമായി ഉണ്ടായ വീഴ്ചകളെയോ പിടിപ്പുകേടുകളെയോ അനാസ്ഥയെയോ ചുറ്റിപ്പറ്റിയായിരുന്നില്ല. എല്ലാം തന്നെ സമ്പത്തിന്റെ ഹൂങ്കില്‍ നിന്നും ഭരണസ്വാധീനത്തില്‍ നിന്നും ഉയര്‍ന്നുവന്നതായിരുന്നു.

ഏറ്റവും ഒടുവിലത്തെ വിവാദംതന്നെ നോക്കാം. പി.സി. ജോര്‍ജ് പുറത്തിറക്കിയ  ടെലഫോണ്‍ സംഭാഷണ ശബ്ദരേഖയുടെ ഉള്ളടക്കം ഗുരുതരമായ ഒരു ആരോപണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാന പോലീസ് തലവന്‍ കൊലക്കേസ് പ്രതി നിഷാമിനെ സഹായിക്കാന്‍  പലരെയും രംഗത്തിറക്കുന്നു എന്നതാണ് അതിന്റെ കാതല്‍. ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിന് കൊലക്കേസ് പ്രതി നിഷാമുമായി എന്തെങ്കില്‍ ബന്ധമോ പരിചയം തന്നെയോ ഉള്ളതായി സൂചനയില്ല. അദ്ദേഹത്തിനുള്ളത് നിഷാമിന് വേണ്ടി രംഗത്തിറങ്ങിയ രാഷ്ട്രീയക്കാരുമായും സമ്പന്നരുമായും ഉള്ള ബന്ധമാണ്. മന്ത്രിക്ക് വേണ്ടിയാണോ മുന്‍ ഡി.ജി.പി. കൃഷ്ണമൂര്‍ത്തി ഇടപെടുന്നത് എന്ന ചോദ്യത്തിന് അല്ല, സുബ്രഹ്മണ്യത്തിന് വേണ്ടിയാണ് എന്ന മറുപടി ലഭിക്കുന്നുണ്ട്.

കൊലക്കേസ് പ്രതിയെ സഹായിക്കാന്‍വേണ്ടി അദ്ദേഹവുമായി ജയിലില്‍ ചെന്ന് ഒറ്റയ്്ക്ക് ദീര്‍ഘസംഭാഷണത്തിലേര്‍പ്പെട്ടു എന്ന ആരോപണത്തെത്തുടര്‍ന്നു സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസ് സുപ്രണ്ട്  ജേക്കബ് ജോണിനെ സംരക്ഷിക്കാനാണ് നമ്മുടെ അഴിമതിഅന്വേഷകന്‍ പി.സി.ജോര്‍ജ് രംഗത്തിറങ്ങിയതെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. ജേക്കബ് ജോണ്‍ നിഷാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തത് ഏതെല്ലാം പോലീസുകാര്‍ അയാളില്‍ നിന്ന് എത്ര പണം ഊറ്റിയിട്ടുണ്ട് എന്നറിയാനാണെന്ന് ബോധ്യപ്പെടുത്തുകയാണ് ടെലഫോണ്‍ ശബ്ദരേഖ റിലീസിന്റെ ഉദ്ദേശ്യം. കേസ് ഡയറി എഴുതുന്ന പോലീസുകാരന്‍ അഞ്ചുലക്ഷം ചോദിച്ചുവെന്ന വെളിപ്പെടുത്തലില്‍നിന്ന് തുടങ്ങുന്നു ആ കഥ. കോടികള്‍ വെറുതെ എറിയാന്‍ മടിയില്ലാത്ത ഒരു മനോരോഗി കൊലക്കേസ്സില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ കുറച്ചൊന്നുമല്ല വലിച്ചെറിയുക. ഒന്നാന്തരം ഒരു ചാകരയാണ് വന്നുപെട്ടിരിക്കുന്നത്. പോക്കറ്റടിയും പിടിച്ചുപറിയുമൊന്നും വേണ്ട. തുക പറഞ്ഞാല്‍മതി, ഉടനെത്തും.

ഇതില്‍ രാഷ്ട്രീയാഴിമതിക്ക് എന്താണ് പങ്ക് എന്ന് ചോദിച്ചേക്കാം. രാഷ്ട്രീയാഴിമതിയാണ് എല്ലാറ്റിന്റെയും പോലെ ഇതിന്റെയും അടിസ്ഥാനം. പോലീസ് വാങ്ങുന്ന കൈക്കൂലി കൊണ്ടല്ല നിഷാമിനെ സഹായിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടാകുന്നത്. നിഷാമിനെപ്പോലുള്ളവരില്‍ നിന്ന് രാഷ്ട്രീയക്കാര്‍ നിരന്തരം വാങ്ങുന്ന സംഭാവനയും കോഴയും കള്ളപ്പണവുമെല്ലാമാണ് അവരെ ഇത്തരം സമ്പന്ന നീചന്മാര്‍ക്ക് വേണ്ടിയും ഇടപെടാന്‍ മടിയില്ലാത്തവരാക്കുന്നത്.

സമ്പന്നരില്‍ നിന്ന് പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നു എന്നതല്ല പ്രശ്‌നം. സമ്പന്നര്‍ പാര്‍ട്ടികളെ വിലക്ക് വാങ്ങുകയാണ് ചെയ്യുന്നത്. പാര്‍ട്ടികളുടെ സംഘടനാപരമായ ആവശ്യങ്ങള്‍ എത്ര എന്ന് നമുക്കാര്‍ക്കും അറിയില്ല. കോടിക്കണക്കിന് രൂപ മന്ത്രിമാരെക്കൊണ്ട് പിരിപ്പിച്ചാണ് മുന്നണിയിലെ പാര്‍ട്ടികളോരോന്നും നിലനില്‍ക്കുന്നത്. ഇതെല്ലാം പാര്‍ട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മാത്രമല്ല എന്ന് നമുക്കറിയാം. നമുക്കറിയുന്നതും അല്ലാത്തതുമായ ആവശ്യങ്ങള്‍ ധാരാളമുണ്ട്. ഒരു കോടിരൂപ അഴിമതി നടത്തിയതിന് അന്വേഷണവും കേസ്സും ഉണ്ടായാല്‍ അതില്‍നിന്ന് തലയൂരാന്‍ കോടികള്‍ എത്ര വേണം എന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. സോളാര്‍ തട്ടിപ്പുകാരില്‍നിന്ന് ഏതെങ്കിലും മന്ത്രി, തട്ടിപ്പുനടത്താനുള്ള സഹായം വാഗ്ദാനം ചെയ്ത് പണം വാങ്ങിയിരിക്കില്ല എന്ന് കരുതാം. പക്ഷേ, സരിത നായരെ പത്തുവട്ടം വിളിച്ച ഒരു രാഷ്ട്രീയ നേതാവിന് ബ്ലാക്ക്‌മെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ എത്രകോടി ചെലവായിക്കാണും ? ഒരു അപവാദം തീര്‍ക്കാന്‍ എത്ര കോടികള്‍ വേണം? ഈ പണമെല്ലാം ആരാണ് ശേഖരിക്കുന്നത് ? അവിടെയും ഇവിടെയും ഇതിനുള്ള ഏജന്റുമാരുണ്ടാകും. സുതാര്യതയും ആദര്‍ശവും പറയുന്നതിനിടയിലും ഈ പണി മറുഭാഗത്ത് നടന്നുകൊണ്ടിരിക്കും. നിയമം നിയമത്തിന്റെ വഴിക്ക് എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം നിയമത്തെ വളച്ചൊടിക്കലും അതിന്റെ വഴിക്ക് നടക്കും എന്നാണ്. വലിയ പണച്ചെലവുള്ള ഏര്‍പ്പാടാണ് ഇത്. യു.ഡി.എഫ് ഭരണത്തിലെ, പ്രത്യേകിച്ച്  കോണ്‍ഗ്രസ്സിലെ എത്ര നേതാക്കള്‍ വഴിയില്‍ കാണുന്നവരില്‍ നിന്നെല്ലാം ഇതിന് പണം ഊറ്റിയിട്ടുണ്ടാവും ? നിഷാമില്‍ നിന്ന് കോടികള്‍ വാങ്ങിയവര്‍ക്ക് ഒരു കൊലക്കേസ്സില്‍ നിഷാം പെട്ടാല്‍ അവനെ കണ്ടില്ലെന്ന് നടിച്ച് തടിയൂരാന്‍ പറ്റുമോ ? അവരാണ് ഇപ്പോള്‍ നിഷാമിനെ സഹായിക്കാന്‍ പൊലീസിന് മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

പോലീസിനെയും ഭരണത്തെയും സ്വാധീനിക്കാനും നിഷാമിനെ സഹായിക്കാനും നിഷാമോ അയാളുടെ ബന്ധുക്കളോ മാത്രമാണ് രംഗത്ത് എന്നും ധരിക്കേണ്ട. സമ്പന്ന വര്‍ഗത്തില്‍ ഒരാള്‍ മാത്രമാണ് നിഷാം. സാധാരണക്കാരിലുള്ളതിലേറെ സാഹോദര്യം ആ വര്‍ഗത്തിലുണ്ട്. പി.സി.ജോര്‍ജ് പോലും ചില പേരുകള്‍ പറയാന്‍ മടിക്കുന്നു. ആയിരക്കണക്കിന് കോടി രൂപ സ്വര്‍ണ വ്യാപാരത്തിലൂടെയും റിയല്‍ എസ്റ്റേറ്റിലൂടെയും മറ്റും മറ്റും കൈക്കലാക്കിയ വലിയൊരു വിഭാഗം സമ്പന്നര്‍ തങ്ങളിലൊരാള്‍ ഒരു ' വിഷമ'ത്തില്‍ പെട്ടാല്‍ എങ്ങനെ സഹായിക്കാതിരിക്കും !. എസ്.പി.യും ഡി.ജി.പി.യുമൊക്കെ ഇടപെടുന്നതും ആഭ്യന്തരമന്ത്രി ഒന്നുമറിയാത്തതുപോലെ പൊട്ടന്‍ കളിക്കുന്നതിന്റെയും അര്‍ത്ഥം ഒന്നുതന്നെ.

ആഭ്യന്തരവകുപ്പിനെ മുഴുവനായി ഭരിക്കുന്നത് ആഭ്യന്തരമന്ത്രിയാണ് എന്ന ധാരണ നമുക്കില്ല. പാര്‍ട്ടി പ്രമുഖരെ ബലിയാടാക്കി നീതിയും ധര്‍മവും നടപ്പാക്കാന്‍ ഒരു മന്ത്രിക്കും കഴിയുകയുമില്ല. പണത്തിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്ന് പറഞ്ഞത് വെറുതെയല്ല. ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിന് എതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കാന്‍ അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നമുക്കും മനസ്സിലാകും. ഡി.ജി.പി.സ്വമേധയാ ഇറങ്ങിയതാവുമോ നിഷാമിനെ സഹായിക്കാന്‍ ? ആവാം, അല്ലായിരിക്കാം. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന പാര്‍ട്ടിയിലെ ഉന്നതര്‍ ഇറക്കിയതാവാം. സമ്പന്ന  വര്‍ഗത്തിലെ ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയതാവാം. ഡി.ജി.പി.ആകാന്‍ ആരുടെയെല്ലാം ഔദാര്യം തേടിയിരിക്കുമെന്ന് നമുക്കറിയില്ല. അവരിലാരുടെയെങ്കിലും സമ്മര്‍ദ്ദം വന്നാല്‍ എങ്ങനെ തള്ളാനാവും. ഇതൊരു ദൂഷിത വലയമാണ്. ചെന്ന്  പെട്ടാല്‍ രക്ഷപ്പെടുക പ്രയാസമാണ്. അഴിമതി കുറ്റവാളികളെ സൃഷ്ടിക്കുന്നു. കുറ്റവാളികള്‍ അഴിമതി ഉണ്ടാക്കുന്നു, പരിപോഷിപ്പിക്കുകയും ചെയ്യുന്നു.


പുതിയ സി.ഡി.വിവാദം ജേക്കമ്പ് ജോണിനെ സഹായിക്കാന്‍ ഇളക്കിവിട്ടതാണ്. ജേക്കമ്പ് ജോണ്‍ സസ്‌പെന്‍ഷനില്‍ ആകാന്‍ എന്താണ് കാരണം ? സി.ഡി. പുറത്തുവിട്ട പി.സി.ജോര്‍ജ് അതിനെകുറിച്ച് മൗനം ദീക്ഷിക്കുകയാണ്. ജേക്കമ്പ് ജോണ്‍ നിഷാമുമായി ഏകനായിച്ചെന്ന് സംഭാഷണം നടത്തിയത് മാധ്യമങ്ങളിലെത്തിയത് എങ്ങനെ ? മാധ്യമങ്ങളില്‍ വിവരമെത്തിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍തന്നെയാവണം. പണം പറ്റാനും വിരോധം തീര്‍ക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വയം  അധര്‍മങ്ങളില്‍ ഏര്‍പ്പെടുകയും പരസ്പരം ഒറ്റുകയും ചെയ്യുകയാണ് എന്ന് ഈ പോലീസ് ചോര്‍ത്തലുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

ഇതില്‍ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമേ ഉള്ളൂ. രഹസ്യങ്ങള്‍ സൂക്ഷിക്കാനും കൈമാറാനും ഇപ്പോള്‍ കുറച്ച് പ്രയാസമുണ്ട്. വിശ്വസിക്കാന്‍ പറ്റില്ല, എന്തും പരസ്യമാകാം. ഗൂഡാലോചനക്കാര്‍ക്ക് അല്പമെങ്കിലും ഉള്‍ഭയം ഉണ്ടാക്കാനായാല്‍ അത്രയും നല്ലത്.

ജി.കെ- തത്ത്വദീക്ഷ വെടിയാത്ത നേതാവ്

                         Photo:The Hindu
ചിലപ്പോഴെല്ലാം ആലോചിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ജി.കാര്‍ത്തികേയനെ കോണ്‍ഗ്രസ്സിലെ
ആദര്‍ശവാദികളുടെ കൂട്ടത്തില്‍ ആരും പെടുത്താതിരിക്കുന്നത് ? ഉത്തരം കിട്ടിയിട്ടില്ല. കാര്‍ത്തികേയന്‍ ആദര്‍ശം തന്റെ വലിയ യോഗ്യതയായി ഒരിക്കലും പ്രദര്‍ശിപ്പിച്ചുനടന്നിട്ടില്ല. ആദര്‍ശവാദികളെന്ന് പേരുള്ളവരെല്ലാം അങ്ങനെ നടന്നവരാണ് എന്നല്ല. കാര്‍ത്തികേയന്‍ പ്രായോഗിക രാഷ്ട്രീയപ്രവര്‍ത്തകനാണ്. പക്ഷേ, അദ്ദേഹം തത്ത്വദീക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്ന ആളല്ല. ന്യായവും സത്യവും വിട്ട് എന്തെങ്കിലും ചെയ്തു എന്ന് ആരും അദ്ദേഹത്തിനെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നെറികെട്ട പോരുകള്‍ക്ക് ഇറങ്ങിത്തിരിച്ചിട്ടില്ല. ഒരു പക്ഷേ, അദ്ദേഹമൊരിക്കലും എ.കെ.ആന്റണിയുടെ അനുയായിവൃന്ദത്തില്‍ പെട്ടിരുന്നില്ല എന്നതാവാം അദ്ദേഹം ആദര്‍ശഗ്രൂപ്പിലെ ഒരു താരമാവാതിരിക്കാന്‍ കാരണം. കാര്‍ത്തികേയന്‍ ആദ്യഘട്ടത്തില്‍ ലീഡര്‍ കെ.കരുണാകരന്റെ ആരാധകരില്‍ ഒരാളായിരുന്നു.

കെ.എസ്.യു. വില്‍ അറുപതുകള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന വി.എം. സുധീരന്‍ തുടങ്ങി കടന്നപ്പള്ളി രാമചന്ദ്രന്‍ വരെയുള്ള യുവനേതാക്കളുടെ കൂട്ടത്തില്‍ അക്കാലത്ത് കേട്ട ഒരു പേരല്ല ജി.കാര്‍ത്തികേയന്റേത്. ജില്ലാതലത്തില്‍ അറിയപ്പെട്ടിരിക്കാം. കാര്‍ത്തികേയന്‍ ശ്രദ്ധിക്കപ്പെട്ടത് 1978 ലെ കോണ്‍ഗ്രസ് പിളര്‍പ്പിന് ശേഷമാണ്. അടിയന്തരാവസ്ഥ വരെ ഇന്ദിരാഗാന്ധിക്കൊപ്പം നില കൊള്ളുകയും അവര്‍ ചെയ്ത എല്ലാ കാര്യങ്ങളെയും ന്യായീകരിക്കുകയും ചെയ്തതാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് യുവ വിഭാഗം. പക്ഷേ, അടിയന്തരാവസ്ഥയുടെ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടപ്പോള്‍ കേരളത്തിലെ അനുയായികള്‍ അവരെ തള്ളിപ്പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നില്‍ക്കാന്‍ കേരളത്തില്‍ അധികംപേരെ കിട്ടിയില്ല. യൂത്ത് കോണ്‍ഗ്രസ്സും കെ.എസ്.യു.യുമൊക്കെ ഏതാണ്ട് ഒന്നടങ്കം ഇന്ദിരാവിരുദ്ധപക്ഷത്തായിരുന്നു. വയലാര്‍ രവിയും എ.കെ. ആന്റണിയുമെല്ലാം ഈ പക്ഷത്തായിരുന്നു എന്നതാവാം കാരണം. കെ.കരുണാകരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇന്ദിരാഗാന്ധിക്ക് പിന്തുണ നല്‍കുന്ന ഒരു ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ്. 1978 ജനവരി ഒന്നിന് ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ തന്നെ അനുകൂലിക്കുന്നവരുടെ കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടിയപ്പോള്‍ മൂന്നാം ക്ലാസ്സില്‍ റിസര്‍വേഷന്‍ പോലുമില്ലാതെ തീവണ്ടി കയറിയ ഒരേ ഒരാള്‍ കാര്‍ത്തികേയനായിരുന്നു. സീനിയര്‍ നേതാക്കള്‍ ചിലര്‍ വിമാനത്തില്‍ പോയിരുന്നു. ജനവരിയുടെ മരംകോച്ചുന്ന തണുപ്പില്‍ ഒരു എം.പി.യുടെ സര്‍വന്റ് ക്വാര്‍ട്ടേഴ്‌സില്‍ കിടപ്പിടം കിട്ടിയത് ഭാഗ്യം എന്നേ കരുതിയുള്ളൂ. അത് പക്ഷേ, കാര്‍ത്തികേയന്റെ ജീവിതത്തിലെ ഉയര്‍ച്ചയുടെ തുടക്കമായിരുന്നു. ഇന്ദിരാപക്ഷ കെ.എസ്.യു.വിന്റെ പ്രസിഡന്റായാണ് കാര്‍ത്തികേയന്‍ കേരള രാഷ്ട്രീയത്തില്‍ ആദ്യം പേരെടുക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കാന്‍ മടിക്കുന്ന ഒരു ഹ്രസ്വകാലമാണ്. ഇന്ദിരാഗാന്ധിയെ ഉപേക്ഷിച്ച് കേരളത്തിലെ ആദര്‍ശവാദികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സുകാര്‍ കോണ്‍ഗ്രസ് യു. ലേബലില്‍ സി.പി.എമ്മുകാരുമായി കൂട്ടുകൂടിയ കാലം. കരുണാകരന്റെ നേതൃത്വത്തില്‍ ഇന്ദിരാ അനുകൂലികള്‍ വലിയ ശക്തിയായിരുന്നില്ല. സി.പി.എം- കോണ്‍ഗ്രസ് യു സഖ്യമാണ് വന്‍ഭൂരിപക്ഷത്തോടെ നിയമസഭ പിടിച്ചത്. അന്നാണ് ലീഡറുടെ പക്ഷത്ത് നിന്ന് കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് സ്വന്തം നാടായ വര്‍ക്കലയില്‍ നിന്ന് മത്സരിക്കുന്നതും തോല്‍ക്കുന്നതും. ലീഡര്‍ പറഞ്ഞതാണ്, വര്‍ക്കല തോല്‍ക്കും നില്‍ക്കേണ്ട എന്ന്. കാര്‍ത്തികേയന്‍ വഴങ്ങിയില്ല. അതൊരു നഷ്ടമായിരുന്നില്ല. സ്വന്തം നാട്ടില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അതൊരു പ്രേരണയായി.

മുന്നണി രാഷ്ട്രീയത്തിന്റെ അരുതായ്മകളെ  കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു കാര്‍ത്തികേയന്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിന്റെ തനിച്ചുള്ള ഭരണം എന്ന ' ഒരിക്കലും നടക്കാത്ത സ്വപ്ന' ത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി കുറെ വാക്കും വിയര്‍പ്പും ഒഴുക്കിയിട്ടുണ്ട് കാര്‍ത്തികേയന്‍. ഇന്ദിരാഗാന്ധി അധികാരത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ഇന്ദിരാഗാന്ധിയോ കെ.കരുണാകരന്‍ തന്നെയോ ആപത്ഘട്ടത്തില്‍ ഉപേക്ഷിച്ചുപോയവരോട് വൈരാഗ്യമൊന്നും പുലര്‍ത്തിയില്ല. അതുകൊണ്ട് തന്നെ അവരെല്ലാം വേഗം തിരിച്ചുവന്നു. കാര്‍ത്തികേയന്‍ വീണ്ടും ആന്റണി- ഉമ്മന്‍ചാണ്ടി-സുധീരന്‍ ടീമിനൊപ്പമായി. ആ യാത്രയില്‍ പിന്നെയവര്‍ പിരിഞ്ഞില്ല. കാര്‍ത്തികേയന്‍ സ്പീക്കര്‍ വരെ ആയി.

ലീഡറുടെ അനുയായി ആയിരുന്ന കാര്‍ത്തികേയന്‍ ഒരു ഘട്ടത്തില്‍ ലീഡര്‍ക്കെതിരെ നിലയുറപ്പിച്ചു. കാര്‍ത്തികേയന്‍ മാത്രമല്ല,  ലീഡറുടെ മാനസപുത്രന്‍ ആയിരുന്ന രമേശ്  ചെന്നിത്തലയും ആ നിലപാടാണ് എടുത്തത്. കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദ പക്ഷം അതോടെയാണ് രൂപമെടുക്കുന്നത്. എന്താണ് ലീഡറുമായി പിണങ്ങാന്‍ കാരണം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അവസരം ലഭിച്ചില്ല.

സാംസ്‌കാരിക വിഷയങ്ങളില്‍ താല്പര്യമുള്ള നല്ല വായനക്കാരനായ കാര്‍ത്തികേയന്‍ മാധ്യമസംബന്ധമായ കാര്യങ്ങളിലും ധാരണകളുള്ള ആളായിരുന്നു. പ്രസ് അക്കാദമിയുടെ ചെയര്‍മാന്‍ എന്ന  നിലയില്‍ സ്പീക്കറെ ചില പരിപാടികള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. അക്കാദമിയുടെ വികസനകാര്യത്തില്‍ ഏറെ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു എം. എല്‍. എ, താന്‍ മുഖേനയല്ല സ്പീക്കറെ ക്ഷണിച്ചത് എന്ന് പറഞ്ഞ് പരിപാടി മുടക്കാന്‍ ഒരുമ്പെട്ടു. സ്പീക്കര്‍ എന്നെ വിളിച്ചു പ്രശ്‌നം പറഞ്ഞു. എം.എല്‍.എ.യെ പിണക്കാന്‍ സ്പീക്കര്‍ക്കും മടിയുണ്ട്. മറ്റൊരു പരിപാടിക്ക് വരാം എന്ന് ഉറപ്പ് പറഞ്ഞു. ആ കടം തീര്‍ക്കാന്‍ അദ്ദേഹം പിന്നെയൊരിക്കല്‍ സമയമില്ലാഞ്ഞിട്ടും കല്പ്പറ്റ വരെ ഓടിവന്നു. എവിടെയും ചെറിയ മനുഷ്യരെ ധാരാളമായി കാണാം. വലിയ ഹൃദയമുള്ളവര്‍ കുറവാണ്.  

സ്പീക്കറുടെ വലിയ കസേര കാര്‍ത്തികേയന് അത്രയൊന്നും ആകര്‍ഷകമായി തോന്നിയിരുന്നില്ല. സജീവമായി ജനങ്ങളുടെയൊപ്പം പ്രവര്‍ത്തിക്കുന്നതിന് സ്പീക്കര്‍ പദവി തടസ്സമാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. പദവി ഒഴിയുന്നതിനെ കുറിച്ച് പല ആലോചനകളും നടക്കുന്നതിന് ഇടയിലാണ് ആ നല്ല മനുഷ്യന്റെ ജീവിതം കവരുന്ന രോഗം പിടിപെടുന്നത്. ഐ.എ.എസ് സ്വപ്‌നവുമായി കോളേജിലെത്തി രാഷ്ട്രീയത്തിന്റെ വെള്ളച്ചാട്ടത്തില്‍ പെട്ടുപോയ കാര്‍ത്തികേയന് ഇനിയുമേറെ ഉയരുങ്ങള്‍ കയറാനുള്ള  കഴിവുണ്ടായിരുന്നു.Sunday, 1 March 2015

എന്തിന് വിഭാഗീയത ഇല്ലാതാക്കണം ?   

പാര്‍ട്ടിക്കും മാധ്യമങ്ങള്‍ക്കും ഒരുപോലെ ഒരു പാട് ' സര്‍െ്രെപസു' കള്‍ സമ്മാനിച്ചുകൊണ്ടാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനം വിപ്ലവഭൂമിയായ ആലപ്പുഴയില്‍ സമാപിച്ചത്. പതിനാറ് വര്‍ഷമായി പാര്‍ട്ടിയെ നയിച്ച സെക്രട്ടറി പിണറായി വിജയന്‍ സംതൃപ്തിയോടെയാവുമോ പിണറായിയിലേക്ക് മടങ്ങിയിരിക്കുക? ഒരിക്കലുമില്ല. ഒരു പക്ഷേ, അദ്ദേഹം അതീവ തൃപ്തിയോടെയും ഒരുപാട് പ്രതീക്ഷകളോടെയുമാവും ആലപ്പുഴയിലെ സമ്മേളനത്തിന്‍ വന്നിറങ്ങിയിട്ടുണ്ടാവുക. വരവിനും പോക്കിനുമിടയില്‍ സമ്മേളനത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ പിണറായി വിജയനെതന്നെ ഞെട്ടിച്ചിരിക്കണം. ഈ പാര്‍ട്ടിയെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് പാര്‍ട്ടി വിരുദ്ധരോടും മാധ്യമക്കാരോടും അദ്ദേഹം പറയാറുള്ളത് അദ്ദേഹത്തിന് നേരെ പലപ്പോഴും തിരിച്ചടിക്കാറുള്ളത് ഓര്‍മവരുന്നു. ഇത്തവണ സംഭവിച്ചതും അതുതന്നെ. വിജയനുപോലും ആ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് പൂര്‍ണമായി മനസ്സിലാവുന്നുണ്ടാവില്ല.

    വിജയന്‍ സ്ഥാനമേറ്റതുമുതല്‍ നിലനില്‍ക്കുന്നതാണ് പാര്‍ട്ടിയിലെ ഇന്നുള്ള തരം വിഭാഗീയത. മുന്‍വിഭാഗീയതകളില്‍ നിന്ന് പല വ്യത്യാസങ്ങള്‍ ഉള്ള ഈ വിഭാഗീയത വി.എസ്. അച്യുതാനന്ദന്റെ പ്രത്യേകതയുള്ള പ്രവര്‍ത്തന ശൈലിയുടെ സംഭാവനയാണ്. പഴയ വിഭാഗീയതകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചക്കെത്താറില്ല. സംസ്ഥാനസമ്മേളനങ്ങളും പാര്‍ട്ടികോണ്‍ഗ്രസ്സുകളും പ്ലീനങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ് ബ്രീഫിങ്ങുകളില്‍ നേതാക്കള്‍ പറയുന്നത് എഴുതി അയക്കുന്ന പണിയേ ഉണ്ടാകാറുള്ളൂ. ഒട്ടും താല്പര്യത്തോടെയല്ല അവര്‍ വരാറുള്ളതും. അകത്ത് നടക്കുന്ന ഒന്നും മാധ്യമപ്രവര്‍ത്തകര്‍ അറിയാറില്ല. 1992 ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാനസമ്മേളനത്തില്‍ നാലാം വട്ടം സെക്രട്ടറിയാകാനുള്ള വി.എസ്.അച്യുതാനന്ദന്റെ നീക്കത്തിന് മറുപക്ഷം തടയിട്ടു. അപ്രതീക്ഷിതമായി, എതിരെ ഇ.കെ.നായനാര്‍ മത്സരിച്ചു. അദ്ദേഹം വോട്ടെടുപ്പില്‍ ജയിച്ചു. കേന്ദ്രനേതൃത്വം മാറിനിന്ന് കളികണ്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമറിപ്പോര്‍ട്ടര്‍മാരെ ബ്രീഫ് ചെയ്യാന്‍ ചെന്ന എം.എം.ലോറന്‍സ് ഒട്ടും മടിക്കാതെ പറഞ്ഞു തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു എന്ന്. ആരും നിഷേധിച്ചില്ല. അനേക വര്‍ഷം കഴിഞ്ഞാണ് അന്ന് നടന്നത് മത്സരമായിരുന്നു എന്ന രഹസ്യം പുറത്തായത്.  അതാണ് സി.പി.ഐ.എം.

    അതല്ല ഇന്നത്തെ സി.പി.ഐ.എം. ഇന്ന് മൂന്ന് തവണയേ സെക്രട്ടറിയാകാന്‍ അനുവദിക്കൂ. പിണറായി വിജയന് അത് മറികടന്ന് വീണ്ടും സെക്രട്ടറിയാകണം എന്ന ചിന്തയേ ഉണ്ടായിരുന്നില്ല. ഈ സമ്മേളനത്തോടെ വിഭാഗീയത അവസാനിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുമെന്ന് മലപ്പുറത്ത് പ്രഖ്യാപിച്ചതാണ്. കോട്ടയത്ത്, അത് ഉടനെ വിജയത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ തന്റെ പരിശ്രമങ്ങളുടെ വിജയം ആഘോഷിച്ചുകൊണ്ട് മടങ്ങാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ വി.എസ് അച്യുതാന്ദന്‍ അപ്രതീക്ഷിതമായ രീതിയില്‍ തിരിച്ചടിച്ചു. അച്യുതാനന്ദന്‍ തന്റെ ശ്രമത്തില്‍ വിജയിച്ചില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, പിണറായി വിജയനും തന്റെ പരിശ്രമത്തില്‍ വിജയിച്ചില്ല എന്നതാണ് സത്യം. രണ്ടുപേരും ദു;ഖിതരായാണ് തുല്യദു:ഖ്യതര്‍ എന്നുതന്നെ പറയാം മടങ്ങിയത്.

    വിഭാഗീയതക്ക് അന്ത്യം കുറിച്ചതിന്റെ ആഹ്ലാദത്തില്‍ വിജയശ്രീലാളിതനായി മടങ്ങുക എന്ന പിണറായി വിജയന്റെ മോഹം തകര്‍ക്കുക വി.എസ്സിന്റെ ഒരു ലക്ഷ്യം തന്നെയായിരുന്നു. മലപ്പുറം സമ്മേളനത്തിന് ശേഷമുള്ള പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതാക്കുക എന്നുപറഞ്ഞാല്‍ അര്‍ത്ഥം വി.എസ് പക്ഷത്തെ ഇല്ലാതാക്കുക എന്നുതന്നെയായിരുന്നു. സംഘടനാചിട്ടകള്‍ പാലിക്കുന്നതില്‍ വിജയന്‍ യാഥാസ്ഥിതിക പാര്‍ട്ടി രീതികള്‍തന്നെയാണ് കൈകൊണ്ടിരിക്കുക. പക്ഷേ, നമ്മുടെ കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍ മാവോയിസത്തെയും നക്‌സലിസത്തെയും മറ്റും നേരിടുന്ന തരം പിന്തിരിപ്പത്തം വിജയന്‍ വിഭാഗീയതയെ നേരിടുന്നതിലും ഉണ്ടായിരുന്നു. എന്തുകൊണ്ട് മാവോയിസം എന്ന് സര്‍ക്കാറുകള്‍ അന്വേഷിക്കാറില്ല. എന്തുകൊണ്ട് വിഭാഗീയത എന്ന് വിജയനും അന്വേഷിച്ചിട്ടില്ല. വി.എസ്സിനെയും വി.എസ് അനുയായികളെയും ഉന്മൂലനം ചെയ്താല്‍ വിഭാഗീയത ഇല്ലാതാവും. വി.എസ്സിനെ ഉന്മൂലനം ചെയ്യുക പ്രയാസമാണ്. കുറച്ചുകൂടി ക്ഷമാപൂര്‍വം കാത്തിരിക്കുകയാണ് നല്ലത്. വി.എസ്. പക്ഷത്തെ ക്രമാനുഗതമായി വിട്ടുവീഴ്ചയില്ലാതെ ഉന്മൂലനം ചെയ്താല്‍ വി.എസ് ദുര്‍ബലനാവും. മൗനിയാവും. അതോടെ വിഭാഗീയത അന്ത്യം കുറിച്ചതിന്റെ ബ്യൂഗ്ള്‍ മുഴക്കാം. വിജയന്റെ ഈ പ്രതീക്ഷയെ ആണ് വി.എസ് തകര്‍ത്തത്. തകര്‍ക്കാന്‍ അദ്ദേഹം, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ആരും ഇതിനുമുമ്പ് സ്വീകരിച്ചിട്ടില്ലാത്ത മാര്‍ഗമാണ് സ്വീകരിച്ചത്. അങ്ങനെ ചെയ്തത് മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ 24 മണിക്കൂറിനകം ആ ആള്‍ പാര്‍ട്ടിക്ക് വെളിയിലാകുമായിരുന്നു. വി.എസ് പുറത്തായില്ല. ലക്ഷ്യംനേടാന്‍ അദ്ദേഹം ഒരു തരത്തിലുള്ള ചാവേര്‍ പണിതന്നെയാണ് ചെയ്തത്. ചാവേറിന് നിമിഷങ്ങള്‍ക്കകം സ്വര്‍ഗത്തില്‍ പോകാം. വി.എസ്സിന്റെ രാഷ്ട്രീയമരണം സ്ലോ മോഷനിലാവും.

    വി.എസ്സിന്റെ രീതികള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെന്നല്ല, ഒരു ബൂര്‍ഷ്വാജനാധിപത്യപാര്‍ട്ടിക്കുതന്നെ സ്വീകാര്യമാവില്ല എന്ന് പറയുമ്പോള്‍തന്നെ, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍, ഭിന്നാഭിപ്രായങ്ങള്‍ പരിഗണനയും ചര്‍ച്ചയും അര്‍ഹിക്കുന്നത് തന്നെയായിരുന്നു എന്ന സത്യം അവശേഷിക്കുന്നു. കേന്ദ്രനേതൃത്വത്തിന് ആ ബോധ്യമുണ്ടായിരുന്നു. പക്ഷേ, അത് സംസ്ഥാനഘടകത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ അവര്‍ക്ക് കഴിയാതെപോയി. അവസാന നാടകങ്ങളില്‍ പ്രകാശ് കാരാട്ട് ചെകുത്താനും കടലിനും ഇടയില്‍ പരുങ്ങി നില്‍ക്കുന്നതാണ് കണ്ടത്.

    ഇനി വിഭാഗീയതയുടെ സ്ഥിതി എന്തായിരിക്കും, അതിന് അന്ത്യമായോ ? വി.എസ് പിണറായി ഏറ്റുമുട്ടലോടെ ആരംഭിച്ചതായിരുന്നു ഈ വിഭാഗീയത എങ്കില്‍ ആ ഏറ്റുമുട്ടലിന്റെ അവസാനത്തോടെ വിഭാഗീയതയും അവസാനി ക്കേണ്ടതാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള വിഭാഗീയതകള്‍ ഈ പാര്‍ട്ടിയെ മൂന്നുദശകമെങ്കിലുമായി നിരന്തരം അലട്ടിയിട്ടുണ്ട്. വി.എസ് തന്നെ പിണറായി യുഗത്തിന് മുമ്പ് വിഭാഗീയതയുടെ കൊടിയുയര്‍ത്തി വെട്ടിനിരത്തലുകളും കുത്തിമലര്‍ത്തലുകളും നടത്തിയിട്ടുണ്ട്. പഴയ വി.എസ്സില്‍ നിന്ന് വ്യത്യസ്തനായ ഒരു വി.എസ് ആണ് ഒന്നര പതിറ്റാണ്ടായി പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി സമരം നടത്തുന്നത്. അത് വെറും സ്ഥാനമോഹവും അഹംഭാവവും കൊണ്ടുള്ള ഗ്രൂപ്പിസം ആയിരുന്നില്ല. പാര്‍ട്ടിയിലെ ആശയപരമായ തകര്‍ച്ചയും ആദര്‍ശപരമായ ജീര്‍ണതയും നേരിടുന്നതിനുള്ള ഒരു കമ്യൂണിസ്റ്റ് ഫണ്ടമെന്റലിസ്റ്റിന്റെ ആത്മാര്‍ത്ഥമായ ശ്രമം അതില്‍ അന്തര്‍ലീനമായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം ശക്തി പ്രാപിച്ച സ്വാര്‍ത്ഥലാഭപ്രേരിതമായ മൂല്യരഹിത പൊതുപ്രവര്‍ത്തനത്തോടുള്ള അമര്‍ഷം അതിന് വമ്പിച്ചതോതില്‍ ഊര്‍ജവും പിന്തുണയും പ്രദാനം ചെയ്തിരുന്നു.

    ഇന്ന് വിഭാഗീയത അവസാനിച്ചു എന്ന് പറയുമ്പോള്‍ പിണറായി വിജയന്‍ അര്‍ത്ഥമാക്കുന്നത് വി.എസ് പക്ഷത്തിന്റെ കഥ കഴിച്ചു എന്നുമാത്രമാണ്. വി.എസ് നടത്തിയ ആഭ്യന്തര ഗറില്ലാ പോരാട്ടത്തിന് ആധാരമായ വസ്തുനിഷ്ഠവും ആശയപരവും മൂല്യപരവുമായ  കാരണങ്ങള്‍ ഇല്ലാതാക്കി എന്ന അവകാശവാദമേ വിജയനില്ല. വിജയന്‍ അത് ലക്ഷ്യം വെച്ചിരുന്നുമില്ല. പാര്‍ട്ടിക്കകത്തെ ജീര്‍ണരീതികള്‍ക്കെതിരായ ആഭ്യന്തരയുദ്ധം ഇല്ലാതാക്കുകയല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗം എന്ന് കരുതുന്ന ധാരാളമാളുകള്‍ കാണും. വിഭാഗീയതയുടെ അന്ത്യം, അത്തരം എല്ലാ ശ്രമങ്ങളുടെയും അന്ത്യം ആകുമെങ്കില്‍ അതുകൊണ്ട് പാര്‍ട്ടിക്ക് ഗുണമല്ല വലിയ ദോഷമാണ് ഉണ്ടാവുക.

    പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശ്വാസം മുട്ടുകയാണ് ചെയ്യുക എന്ന് പറയാറുണ്ട് വിജയന്‍ മാസ്റ്റര്‍. ഏതുനിമിഷവും ആയുധമേന്തിയ പോരാട്ടത്തിനോ അന്തിമസമരത്തിനോ തയ്യാറെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാറ്റുംവെളിച്ചവും കടന്നാല്‍ ശ്വാസം മുട്ടുമായിരിക്കും. രൂപം കൊണ്ട നാള്‍ മുതല്‍ അരനൂറ്റാണ്ടും ഇനിയുള്ള നൂറ്റാണ്ടുകളിലും ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യ പാത അല്ലാതെ മറ്റൊന്നും മുന്നിലില്ലാത്ത പാര്‍ട്ടി, അകത്ത് കുറച്ച് കാറ്റും വെളിച്ചവും കടന്നാലെങ്കിലും നില നില്‍ക്കുമോ എന്നാണ് ഇനി നേക്കേണ്ടത്. അന്ന് വി.എസ്സും വിജയന്‍മാസ്റ്ററും ഒരു പക്ഷമായിരുന്നു. ഇന്ന് പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കുറച്ചെങ്കില്‍ കടത്തിയിരിക്കുന്നത് വി.എസ്സിന്റെ പ്രവര്‍ത്തനം കൊണ്ടാണ്.  സംസ്ഥാനസമ്മേളനത്തിന്റെ സമാപനത്തില്‍ പങ്കുകൊണ്ട ലക്ഷക്കണക്കിന് പ്രവര്‍ത്തകരോട് പാര്‍ട്ടിയെ അലട്ടിയ വലിയ ആഭ്യന്തരപ്രശ്‌നത്തെ കുറിച്ച്  പഴയ അര്‍ത്ഥത്തിലുള്ള കടുത്ത അച്ചടക്ക ലംഘനത്തെ കുറിച്ച് തുറന്നുസംസാരിച്ചു പാര്‍ട്ടി അഖിലേന്ത്യ സിക്രട്ടറി.

    വിഭാഗീയത അവസാനിപ്പിക്കുകയല്ല, അര്‍ത്ഥപൂര്‍ണമായ വിഭാഗീയത പ്രോത്സാഹിപ്പിച്ച് സൃഷ്ടിച്ചെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ സി.പി.എം ചെയ്യേണ്ടത്. പാര്‍ട്ടിക്കകത്ത് തിന്മകള്‍ ഒന്നുമില്ലെന്നും എല്ലാം പുറത്തേ ഉള്ളൂ എന്നുമുള്ള കള്ളത്തരം വലിച്ചെറിയട്ടെ. അകത്തെ തിന്മകള്‍ക്ക് എതിരെ പുത്തന്‍ പോരാട്ടമുഖങ്ങള്‍ ഉയര്‍ന്നുവരട്ടെ. യുദ്ധം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പഴയ യൂണിഫോമിട്ട് റോഡില്‍ തനിയ കമാത്ത് നടത്തുന്ന മുന്‍ സൈനികനെപ്പോലെ ആവരുത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പാര്‍ട്ടിക്കകത്തും വരട്ടെ കാറ്റും വെളിച്ചവും.


ഉദാരീകരണം ഇത്ര വേണ്ടാ...

നയങ്ങള്‍ ആഗോളീകരണത്തിനൊത്ത് പോയ്‌ക്കോട്ടെ, പാര്‍ട്ടിക്കകത്ത് ഉദാരീകരണം വേണ്ട, വോട്ടെടുപ്പും തിരഞ്ഞെടുപ്പും വേണ്ട, സ്റ്റാലിന്‍ തന്നെ നമ്മുടെ ആശാന്‍ എന്ന നിലയിലങ്ങ് പോയിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നില്ല. 

ആകപ്പാടെ ആലോചിക്കുമ്പോള്‍ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകുന്നുണ്ട് സഖാക്കള്‍ക്ക്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പിറകെ പോയതുകൊണ്ടല്ലേ പാര്‍ട്ടിയില്‍ ഈ വേണ്ടാതീനങ്ങളൊക്കെ സംഭവിച്ചത്? 1990ന് മുമ്പായിരുന്നുവെങ്കില്‍ ഇങ്ങനെ വല്ലതും സംഭവിക്കുമായിരുന്നോ?

പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് ആരെങ്കിലും ഇറങ്ങിപ്പോകുമായിരുന്നോ എന്നല്ല. അത് മ്മള് തന്നെ ഇറങ്ങിപ്പോയിട്ടുണ്ട്. ഇതുപോലെ ഒറ്റയാനായിട്ടല്ല. പത്തുമുപ്പത്തിരണ്ട് പേരുടെ ബലമുണ്ടായിരുന്നു ആ പോക്കിന്. എന്നിട്ടെന്തായി? നമ്മള് വേറെ പാര്‍ട്ടിയുണ്ടാക്കി, അല്ലാതെന്ത്? ഇല്ലെങ്കില്‍ അവന്മാര്‍ പുറത്താക്കുമായിരുന്നു. അന്ന് ഇറങ്ങിവന്ന ആളിതാ വീണ്ടും ഇറങ്ങിപ്പോയിരിക്കുന്നു. പഴയ ഇറങ്ങിപ്പോക്കിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനായിരുന്നു ഇത്. പുള്ളിക്കാരന്‍ പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയോ? ഇല്ല. അച്ചടക്കനടപടി എടുത്തുവോ? ഇല്ല, ചിന്തിച്ചുപോലുമില്ല. അങ്ങേരെ നാല് തെറിയെങ്കിലും വിളിച്ചുവോ ? ഇല്ലെന്നുമാത്രമല്ല, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പൊതുസമ്മേളനത്തില്‍ ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി 'ആറ്റിലേക്കച്യുതാനന്ദാ... ചാടല്ലേ ചാടല്ലേ' എന്ന് കേണപേക്ഷിക്കുകയും ചെയ്തു. തിരിച്ചുവരുമ്പോള്‍ ഇരിക്കാന്‍ സംസ്ഥാനക്കമ്മിറ്റിയില്‍ കസേര ഒഴിച്ചിട്ടുണ്ട്. വരുമ്പോള്‍ കസേര വലിച്ച് ആളെ വീഴ്ത്തുമോ എന്നുറപ്പില്ല. ഇതിനേക്കാള്‍ നിസ്സാര കുറ്റംചെയ്ത, കുറ്റമേ ചെയ്തിട്ടില്ലാത്ത എത്രയോ മഹാന്മാരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ചിലരെ പാര്‍ട്ടിപ്പത്രത്തില്‍ നൂറ്റൊന്ന് ആവര്‍ത്തിച്ച അധിക്ഷേപങ്ങള്‍ താലിച്ചുചേര്‍ത്ത 101 ലേഖനം കൊടുത്ത് ആദരിച്ചിട്ടുണ്ട്. നിലയവിദ്വാന്‍ ലേഖകന്മാര്‍ക്ക് കൈതരിക്കുന്നുണ്ട് ആ ടൈപ്പ് ഒരു ഡസന്‍ വി.എസ്സിനെക്കുറിച്ച് എഴുതാന്‍.

ഇതെല്ലാം ആഗോളീകരണം കൊണ്ടുണ്ടായ വന്‍വിപത്തുതന്നെയാണ്. ആരും ആ കണ്ണിലൂടെ ഇതിനെ കാണുന്നില്ലെന്നതാണ് സങ്കടം. ആഗോളീകരണത്തിന്റെ മുന്നോടിയായിട്ടാണ് ഈ ഉദാരവത്കരണം തൊഴിലാളി വര്‍ഗപാര്‍ട്ടിയിലും നടപ്പായത്. വന്നത് തൊഴിലാളിവര്‍ഗ ആധിപത്യമൊന്നുമല്ലല്ലോ, ബൂര്‍ഷ്വാ ജനാധിപത്യംതന്നെ. സോവിയറ്റ് യൂണിയനും പോളണ്ടും മറ്റും പൊളിഞ്ഞപ്പോള്‍ ഇനി നമ്മളും ജനാധിപത്യക്കാര്‍തന്നെ എന്നമട്ടില്‍ വേഷം കെട്ടി. അതിന്റെ ആവശ്യമെന്തായിരുന്നു ? ജനാധിപത്യവത്കരിച്ചതുകൊണ്ട് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെയെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ? ഇല്ല. രക്ഷപ്പെട്ടിട്ടുണ്ട്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അസ്സലായി മുതലാളിത്തംതന്നെ നടപ്പാക്കുകയാ. പക്ഷേ, ഭരണത്തില്‍ ജനാധിപത്യമില്ല. സാമ്പത്തികരംഗത്ത് മൂലധനാധിപത്യം, രാഷ്ട്രീയം പഴയ മാവോയിസ്റ്റ് ലൈനില്‍. ഇവിടെയും അതായിരുന്നെങ്കില്‍ ബഹുസുഖമായിരുന്നു. സാമ്പത്തിക നയങ്ങള്‍ ആഗോളീകരണത്തിനൊത്ത് പോയ്‌ക്കോട്ടെ, പാര്‍ട്ടിക്കകത്ത് ഉദാരീകരണം വേണ്ട, വോട്ടെടുപ്പും തിരഞ്ഞെടുപ്പും വേണ്ട, സ്റ്റാലിന്‍ തന്നെ നമ്മുടെ ആശാന്‍ എന്ന നിലയിലങ്ങ് പോയിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നില്ല.

തൊഴിലാളിവര്‍ഗപാര്‍ട്ടിയില്‍ ബൂര്‍ഷ്വാടൈപ്പ് തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ല. നിലവിലുള്ള ഭാരവാഹികളും കമ്മിറ്റിയും ചേര്‍ന്ന് അടുത്ത കമ്മിറ്റിയിലാരൊക്കെ, ഭാരവാഹികളാരൊക്കെ എന്ന് തീരുമാനിക്കും. നമ്മള്‍ ഭാരവാഹിയാകണമോ എന്ന് നമ്മള്‍ തന്നെ തീരുമാനിക്കുന്നത് വളരെ സൗകര്യപ്രദമാണ്. മരണംവരെ തുടരണമോ? തുടരാം. വിപ്ലവമൊക്കെ കഴിഞ്ഞ് സുഖിച്ചിരിക്കുന്ന പാര്‍ട്ടിയാണെങ്കില്‍ അങ്ങനെ തുടരുകതന്നെയാണ് കീഴ്‌വഴക്കവും. വല്ല എതിരന്മാരും ഉണ്ടെങ്കില്‍ ജയിലിലിടുകയോ സുഖവാസകേന്ദ്രത്തിലേക്ക് അയയ്ക്കുകയോ ചെയ്യാം. സൈബീരിയ എന്ന ഹില്‍സ്‌റ്റേഷനാണ് സോവിയറ്റ് യൂണിയനില്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. ഭാഗ്യവാന്മാര്‍ക്ക് ഫയറിങ് സ്‌ക്വാഡുകള്‍ക്കുമുന്നില്‍ കഷ്ടപ്പാട് അവസാനിപ്പിക്കാം. ഇത്തരം മനോഹരസംവിധാനങ്ങള്‍ വലിച്ചെറിഞ്ഞ് നമ്മുടെ പാര്‍ട്ടി മനുഷ്യനെ മയക്കുന്ന കറുപ്പ് ചേര്‍ത്ത ബൂര്‍ഷ്വാ ജനാധിപത്യ സമ്പ്രദായങ്ങളാണ് സ്വീകരിച്ചത്. അതിന്റെ ദോഷമാണ് ആലപ്പുഴയിലും കണ്ടത്.

വിധിവൈപരീത്യം എന്നല്ലാതെന്ത് പറയാന്‍. ഈ ബൂര്‍ഷ്വാ ജനാധിപത്യക്കടുവ നമ്മുടെ നേതാക്കളെ ഓരോരുത്തരെയായി കടിച്ചുകീറി തിന്നുകയാണ്. ഇതിന്റെ പിന്നില്‍ സാമ്രാജ്യത്വത്തിന്റെ കരാളഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. വി.എസ്സിന്റെ കാര്യം തന്നെയെടുക്കൂ. വി.എസ്സിനെയാണ് ആദ്യം ഈ ജനാധിപത്യക്കടുവ കടിച്ചുകീറിയത്. 1991ല്‍ കോഴിക്കോട്ട് സംസ്ഥാനസമ്മേളനത്തിലേക്ക് വി.എസ്. വന്നിറങ്ങിയത് നാലാംവട്ടം സംസ്ഥാന സെക്രട്ടറിയാകാനാണ്. അക്കാര്യം വി.എസ്. തീരുമാനിച്ചുകഴിഞ്ഞ സ്ഥിതിക്ക് പൊളിറ്റ് ബ്യൂറോക്രാറ്റുകള്‍ക്ക് അത് പ്രഖ്യാപിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ മിണ്ടാതെ ഒരിരുപ്പ് ഇരുന്നുകളഞ്ഞു. ഇ.എം.എസ്സിന് വി.എസ്സിന്റെ പോക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. തിരുമേനിയെപ്പോലും വകവെക്കാത്ത പോക്കായിരുന്നത്രെ. സമ്മേളനത്തിലവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടില്‍ െസക്രട്ടറി െസക്രട്ടറിയുടെ പ്രവര്‍ത്തനത്തെപറ്റി ഒരു കുറ്റവും കുറവും എഴുതിയിരുന്നില്ലത്രെ. അതുപാടില്ല. കുമ്പസ്സാരക്കൂട് പോലെയാണ്, നാല് കുറ്റം ഏറ്റുപറയണം. എന്തായാലും ആരോ െസക്രട്ടറിസ്ഥാനത്തേക്ക് നായനാരുടെ പേര് പറഞ്ഞു. വോട്ടെടുപ്പായി, വി.എസ്. ഔട്ടായി. ഗൂഢാലോചന നടത്തി തനിക്കിട്ട് പാരെവെച്ചതാെണന്ന് വി.എസ്സിന് ബോധ്യമായി. ഇക്കണ്ട വിഭാഗീയതയെല്ലാം അതിന്റെ ഫലമത്രെ. അന്ന് തുടങ്ങിയ പകപോക്കലിന് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും വി.എസ്. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ലത്രെ. അരനൂറ്റാണ്ട് തികഞ്ഞാല്‍ അക്കാര്യം പരിഗണിക്കുമത്രെ. അന്നും വി.എസ്. ഉണ്ടാവും. പാര്‍ട്ടിയുണ്ടാവുമോ എന്തോ.

പാര്‍ട്ടി 1990ന് മുമ്പത്തെ ജനാധിപത്യ കേന്ദ്രീകരണത്തിലേക്ക് തിരിച്ചുപോകണം. അതാണ് കുറ്റമറ്റ സംവിധാനം. ജനം പുറത്തുനില്‍ക്കും, ആധിപത്യം മാത്രം ഉണ്ടാവും. ബെസ്റ്റ് ഏര്‍പ്പാടാണ്. അതല്ലെങ്കില്‍, ആഗോളീകരണകാല ജനാധിപത്യത്തിലേക്ക് എടുത്തുചാടണം. ചാട്ടത്തില്‍. കാലൊടിഞ്ഞില്ലെങ്കില്‍പ്പിന്നെ സംഗതി കുശാലാണ്. പാര്‍ട്ടിയില്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ കാക്കത്തൊള്ളായിരം ബ്രാഞ്ച്‌ലോക്കല്‍ ഏരിയാ സമ്മേളനങ്ങള്‍, ജില്ലാ മാമാങ്കങ്ങള്‍, സംസ്ഥാനപൂരങ്ങള്‍, തിരഞ്ഞെടുപ്പ്, തടിയന്‍ സംഘടനാറിപ്പോര്‍ട്ട്, തിരുവാതിരക്കളി, അമ്പലപ്പുഴ പാല്‍പ്പായസം, സ്വയംവിമര്‍ശനം, പരവിമര്‍ശനം തുടങ്ങിയവയൊന്നും ആവശ്യമില്ലാതാകും. ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യപാര്‍ട്ടിയെന്ന് പറഞ്ഞുനടന്നിരുന്ന കോണ്‍ഗ്രസ്സിലെപ്പോലെ ആദ്യം നോമിനേഷന്‍, പിന്നെ സാദാ നിയമനം, അതുംകഴിഞ്ഞ് കോളേജുകളില്‍നിന്ന് പ്ലേസ്‌മെന്റ്... അങ്ങനെ അസ്സല്‍ ആഗോളവത്കൃത പാര്‍ട്ടിയാകാം. വിമര്‍ശനവും വോട്ടെടുപ്പും വിഭാഗീയതയും കുണ്ടാമണ്ടിയും ഒന്നുമുണ്ടാകില്ല.
ഇനിയെങ്കിലും രണ്ടിലൊന്ന് സ്വീകരിച്ചേ പറ്റൂ.

                                                                                                 ****

യുവരാജാ രാഹുല്‍ജി അനിശ്ചിതകാലത്തേക്ക് കാഷ്വല്‍ ലീവ് എടുത്ത് അജ്ഞാതകേന്ദ്രത്തിലേക്ക് പോയത് ഇവിടത്തെ യാഥാസ്ഥിതികന്മാര്‍ക്കും മുഖപ്രസംഗമെഴുത്തുകാര്‍ക്കും ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. വലിയ പുരോഗമനവാദിയെന്ന് പേരുള്ള ശശി തരൂര്‍ജിക്ക് പോലും ഇഷ്ടപ്പെട്ടില്ല. രാഹുല്‍ പോയതല്ല അവരുടെ പ്രശ്‌നം, പോയതിന്റെ സ്‌റ്റൈല്‍ ശരിയല്ലത്രെ. പിന്നെ എങ്ങനെ പോകണം? വിമാനത്താവളത്തില്‍ യാത്രയയപ്പും പ്രകടനവും സംഘടിപ്പിക്കണമായിരുന്നോ ഹം0?
പണ്ട് മഹാന്മാര്‍ ഹിമാലയത്തില്‍ ചിന്തയ്ക്കും തപസ്സിനുമായി പോകാറുണ്ടെന്ന് പുസ്തകത്തിലൊക്കെ വായിച്ചിട്ടുണ്ട്. പാര്‍ട്ടി നേരിടുന്ന പ്രശ്‌നം, പ്രത്യേകിച്ച് അതിജീവനപ്രശ്‌നം പരിഹരിക്കാന്‍ വേറെ വഴിയൊന്നും കാണുന്നില്ല. ഇവിടെയിരിക്കുമ്പോള്‍ തലയില്‍ ഒന്നും പൊട്ടിമുളയ്ക്കാഞ്ഞാല്‍ എന്തുചെയ്യും? ഹിമാലയത്തില്‍പ്പൊയി ഒരുകൈനോക്കാം. തപസ്സിനിടയില്‍ ആരെങ്കിലും ഇറങ്ങിവന്ന് വരംവല്ലതും വേണോ എന്ന് ചോദിച്ചാല്‍ രക്ഷപ്പെട്ടില്ലേ? നരേന്ദ്രമോദിയുടെ കഥകഴിക്കാം.
ഇതുവരെ ആരും ചെയ്യാത്തത് ചെയ്യുന്നു എന്നൊരു ആരോപണവും രാഹുല്‍ജിയുടെ പേരില്‍ ചിലരെല്ലാം ഉന്നയിക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍പ്പോയി കടലാസ് കീറിയെറിയുക, അമ്മയോട് പിണങ്ങി നാടുവിട്ടുപോവുക തുടങ്ങിയ നടപടികളാണ് അവര്‍ ഉദ്ദേശിക്കുന്നത്. എല്ലാ മക്കളും ചെയ്യാറുള്ളതോ, ചെയ്യാന്‍ ആഗ്രഹിച്ചിട്ടുള്ളതോ ആയ കാര്യങ്ങളല്ലേ ഇതെല്ലാം? ചെയ്യേണ്ട പ്രായത്തില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ ഒരിക്കലും ചെയ്യരുതെന്നില്ലല്ലോ.

കോണ്‍ഗ്രസ്സുകാരുടെ ധര്‍മസങ്കടമാണ് മഹാസങ്കടം. രാഹുല്‍ജീ തിരിച്ചുവരൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്ന് പറയണോ അതല്ല, രാഹുല്‍ജീ തിരിച്ചുവരരുത്, പാര്‍ട്ടി രക്ഷപ്പെടട്ടെ എന്ന് പറയണമോ എന്നവര്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്നില്ല. കഷ്ടംതന്നെ.