Sunday, 26 April 2015

വേണം, സിംഗിള്‍ വിന്‍ഡോ കൗണ്ടര്‍
ചില സംസ്ഥാനങ്ങളില്‍ ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട് സിംഗിള്‍ വിന്‍ഡോ കൗണ്ടര്‍. ബാങ്കുകളിലല്ല, ഭരണത്തില്‍. ഏര്‍പ്പെടുത്തണമെങ്കില്‍ മുഖ്യമന്ത്രി അതിനുമാത്രം കരുത്തന്‍ അല്ലെങ്കില്‍ കരുത്ത ആയിരിക്കണം. തമിഴ്‌നാട്ടില്‍ അതാണത്രേ സമ്പ്രദായം. അവിടെ ഒറ്റയാളെ കണ്ടാല്‍ സംഗതിനടക്കും. ഒരു പ്രതിഷ്ഠയേ ഉള്ളൂ. കണ്ടുതൊഴുത് വെറ്റിലവെച്ചാല്‍ കാര്യംനടക്കും. ഇല്ലെങ്കില്‍ ഇല്ലെന്ന് അപ്പം വിവരംകിട്ടുമത്രെ. എ.ടി.എമ്മില്‍നിന്ന് കാശെടുത്താലെന്നപോലെ വിവരം എസ്.എം.എസ്സായിവരും. വിഘ്‌നങ്ങളൊന്നുംപിന്നെയുണ്ടാവില്ല. ഇവിടെ ഉപപ്രതിഷ്ഠകള്‍ക്കാണ് ബലം കൂടുതല്‍. വിഘ്‌നമേയുണ്ടാകൂ. എത്രയെണ്ണമാണ് കൈനീട്ടി പിറകെവരിക എന്നതിന് ഒരുകണക്കുമില്ല.

ബാര്‍ ലൈസന്‍സ് ഫീസ് റയ്ക്കണമെന്ന മര്‍മപ്രധാനമായ പൊതുജനാവശ്യത്തിന്റെ കാര്യംതന്നെയെടുക്കുക. ഇതുമായിച്ചെന്നാല്‍ കാര്യം നടത്തിക്കിട്ടാനുള്ള പാട് ചില്ലറയാണോ? ഇത്തരം ഭൗതികപ്രശ്‌നങ്ങളില്‍ ഒരുതീരുമാനവും മുഖ്യമന്ത്രി എടുക്കില്ല. ആത്മീയപ്രശ്‌നങ്ങളിലാണു താത്പര്യം. ഭൗതികവാദികള്‍ക്ക് ഫലംകിട്ടാന്‍ പാലായ്ക്കു പോകാം. അതാവും മിക്കപ്പോഴും മുഖ്യമന്ത്രിയുടെ ഉപദേശം. അല്ലെങ്കില്‍ മലപ്പുറത്ത്. ഇതുരണ്ടുമാണല്ലോ കേരളത്തിന്റെ ഉപതലസ്ഥാനങ്ങള്‍. ധനമന്ത്രിയെ തിരുവനന്തപുരത്തുചെന്ന് കാണണോ അതല്ലാ പാലായിലെത്തണോ എന്നത് കാര്യത്തിന്റെ ഗൗരവമനുസരിച്ചിരിക്കും. വെറുംകൈയോടെ പോകണോ കൈയില്‍ കനപ്പടിവല്ലതും കരുതണോയെന്ന് അവിടെച്ചെന്നേ അറിയാനൊക്കൂ. വല്ലതും കരുതണമെന്ന് അറിയിപ്പുകിട്ടിയാല്‍ അതിന് നിവേദകര്‍ പരക്കംപായണം. നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ക്കുപുറമെ ഇവിടങ്ങളില്‍ തുകയ്ക്കു പരിധിയില്ലാതെ സ്‌പെഷ്യല്‍ എ.ടി.എമ്മുകളേര്‍പ്പെടുത്തുന്നത് ജനോപകാരപ്രദനടപടിയായിരിക്കും. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നും രണ്ടും പോക്കുകൊണ്ടൊന്നും കാര്യംനടക്കില്ല. ധനമന്ത്രിക്ക് ഫയല്‍ പഠിക്കണം. എസ്.എസ്.എല്‍.സി. പരീക്ഷപോലുള്ള തമാശക്കളിയല്ലല്ലോ ഈ പഠിപ്പ്. പത്തുകോടിയുടെ ഒരു പൂജ്യം വിട്ടുപോയാല്‍ എന്താകഥ! പഠിക്കാന്‍ സമയമെടുക്കും. സമയം എത്ര കുറയ്ക്കണോ അതിനാനുപാതികമായി ചെലവുകൂടും.

മന്ത്രിസഭയെന്നുപറയുന്നത് വലിയ സഭയല്ല്യോ. ഒരു മന്ത്രി വിചാരിച്ചാല്‍ ഒന്നുംനടക്കില്ല. ചിലപ്പോള്‍ വിശദാംശങ്ങള്‍ സംസാരിക്കാന്‍ മന്ത്രിയുടെ മകനെ കാണേണ്ടിവരും. മന്ത്രിയുടെ ഭാര്യയെ കാണേണ്ടിവരുന്നവിധത്തില്‍ സ്ത്രീശാക്തീകരണമുണ്ടായിട്ടില്ല എന്നുവേണം കരുതാന്‍. ചിലപ്പോള്‍ മന്ത്രിയുടെ പാര്‍ട്ടിസെക്രട്ടറിയെ കാണേണ്ടിവരും. മന്ത്രിപ്പണിയും പാര്‍ട്ടിപ്പണിയുമെല്ലാം ഒരാളാണു ചെയ്യുന്നതെങ്കില്‍ സൗകര്യമായി. മന്ത്രിസഭയില്‍ സിംഗിള്‍ വിന്‍ഡോ സംവിധാനമില്ലെങ്കിലും ചില പാര്‍ട്ടികളിലത് കാര്യക്ഷമമായി നടപ്പാക്കിയിട്ടുണ്ട്. അത്തരം വകുപ്പുകളില്‍ ഒരാളെ കണ്ടാല്‍മതി. പക്ഷേ, ഒരുസംഗതിയും ഒറ്റവകുപ്പില്‍ തീരില്ല. ബാറൊക്കെ എളുപ്പപ്പണിയാണ്. കാശേ കരുതേണ്ടൂ. ഒരു വ്യവസായം തുടങ്ങുന്നതിന് കാണേണ്ടിവരിക എത്ര യജമാനന്മാരെയാണെന്നറിയുന്നവര്‍ സെക്രട്ടേറിയറ്റിലില്ല. ജ്യോത്സ്യന്മാര്‍ക്ക് ഗണിച്ചുപറയാന്‍ പറ്റിയേക്കും. ഒരാളെക്കാണുമ്പോഴേ അടുത്തതാരെയാണു കാണേണ്ടതെന്നു മനസ്സിലാകൂ. വ്യവസായവകുപ്പ്, പരിസ്ഥിതിവകുപ്പ്, വൈദ്യുതിവകുപ്പ്, ആരോഗ്യവകുപ്പ്, പഞ്ചായത്തുവകുപ്പ്, റവന്യൂവകുപ്പ്, ഭക്ഷ്യവകുപ്പ്, ജലവകുപ്പ്, തൊഴില്‍വകുപ്പ്... അങ്ങനെയങ്ങനെപോകും. 20 പേരെയും കാണേണ്ടിവന്നുകൂടെന്നില്ല.

ഈ കഷ്ടപ്പാടുകളൊഴിവാക്കി ഭരണം കാര്യക്ഷമമാക്കുന്നതിനാണ് സിംഗിള്‍ വിന്‍ഡോ സംവിധാനം വേണമെന്നു പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ചാവുന്നതാണു സൗകര്യം. അതിനടുത്തൊന്നും മറ്റേ സാധനം ആ സി.സി.ടി.വി. ക്യാമറ കണ്ടുപോകരുത്. സംവിധാനം മുഖ്യമന്ത്രിയുടെ അറിവോടെയാണു പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയൊഴികെ മാലോകരെല്ലാമറിഞ്ഞിരിക്കണം. ഇത്തരം നിസ്സാരകാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയേണ്ടകാര്യമില്ല. കെ.പി.സി.സി. പ്രസിഡന്റിന് ആദര്‍ശം, സത്യസന്ധത, അഴിമതിവിരുദ്ധം തുടങ്ങിയ നടപടിദോഷങ്ങളുള്ളതുകൊണ്ട് അദ്ദേഹവും അറിയരുത്. എത്രവകുപ്പുകള്‍ക്കാണു വിഹിതമെത്തിക്കേണ്ടത്, ഓരോരുത്തരുടെയും വിഹിതമെത്ര തുടങ്ങിയ വിവരങ്ങള്‍ മുന്നണിയുടെ ഒരു ഉപസമിതി തീരുമാനിച്ചാല്‍മതി. ബാറായാലും സ്‌കൂളായാലും തീരുമാനം മുഖ്യമന്ത്രിതന്നെയെടുക്കണം. അങ്ങോട്ടുപോ, ഇങ്ങോട്ടുപോ എന്നൊന്നും പറയരുത്. ചില്ലിക്കാശിന്റെ ഇടപാട് മുഖ്യമന്ത്രിയുമായി ഉണ്ടാവാന്‍പാടില്ല. നമ്മളെല്ലാം അഴിമതിക്കെതിരല്ലേ. ആവശ്യക്കാരന്‍ മുഖ്യമന്ത്രിയുടെ തീരുമാനവുമായി ഇറങ്ങുമ്പോള്‍വേണം സംഭാവനപിരിക്കാന്‍. സംഭാവന അഴിമതിയല്ല. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടികളും പാര്‍ട്ടിപ്രവര്‍ത്തകരും പാര്‍ട്ടിനേതാക്കളും അതിന്റെ സംവിധാനങ്ങളുമെല്ലാം നിലനില്‍ക്കണമല്ലോ. തീരുമാനം കാര്യക്ഷമമായി നടപ്പാക്കാനുള്ള സംവിധാനമാണല്ലോ ഒറ്റയിടത്ത് എല്ലാം ലഭ്യമാക്കുകയെന്നത്.

പാര്‍ട്ടിഫണ്ടിലേക്കുള്ളത് അഡീഷനാലിറ്റിയായി പിരിക്കുന്നത് ദൈവം പൊറുക്കില്ല. അത് വകുപ്പുമന്ത്രിയുടെ വിഹിതത്തില്‍നിന്നുതന്നെയെടുക്കണം. തനിക്കൊന്നും വേണ്ട എന്നുപറയുന്ന ഏതാനുംചില മരത്തലയന്മാര്‍ മന്ത്രിസഭയിലുണ്ടെന്നു കേള്‍വിയുണ്ട്. സത്യമാണോയെന്നറിയില്ല. ഉണ്ടെങ്കില്‍ അവരുടെ വിഹിതം അവരോടു ചോദിക്കാതെ പാര്‍ട്ടിഫണ്ടിലേക്കു കൈമാറേണ്ടതാണ്.

കളവില്‍ ചതി പാടില്ല എന്നുപറയുന്നതുപോലെ വിഹിതം നിര്‍ണയിക്കുന്നതിലൊന്നും നാം മര്യാദകേടു കാണിക്കരുത്. മന്ത്രിയുടെ ആവശ്യമോ സില്‍ബന്ദികളുടെ അത്യാര്‍ത്തിയോ നോക്കി അതു തീരുമാനിക്കാന്‍ പാടില്ല. നമ്മള്‍ ആദര്‍ശംവിട്ട് ഒന്നും ചെയ്യരുത്. പാര്‍ട്ടിയുടെ നിയമസഭയിലെ ബലത്തിനാനുപാതികമായിവേണം വിഹിതം നിശ്ചയിക്കാന്‍. വിഹിതം തോന്നുംപോലെ കൂട്ടാനൊന്നും പാടില്ല. ഉപസമിതി കൂടി അംഗീകരിച്ചേ അതു പാടുള്ളൂ. വിഹിതത്തില്‍ അവിഹിതം പാടില്ലെന്നര്‍ഥം.

ഇതെന്തോ പുതിയ സംവിധാനമാണെന്നു ധരിക്കരുത്. നാട്ടിലെ ഒരുപാട് സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ രീതി ഒരു പരാതിക്കുമിടനല്‍കാതെ പതിറ്റാണ്ടുകളായി കാര്യക്ഷമമായി നടന്നുവരുന്നുണ്ട്. പലേടത്തും കാര്യം നടക്കുന്നതിനുമുമ്പ് ഒന്നും നല്‍കേണ്ട. കഴിഞ്ഞുപോകുമ്പോള്‍ സന്തോഷിച്ച് നല്‍കിയാല്‍ മതി. വൈകുന്നേരമാകുമ്പോള്‍ പിരിഞ്ഞുകിട്ടിയ തുക ഏതാണ്ട് സോഷ്യലിസ്റ്റ് തത്ത്വമനുസരിച്ച് ഓരോരുത്തര്‍ക്കും വീതിച്ചുനല്‍കും. കൈക്കൂലിവാങ്ങിയെന്ന മനസ്സാക്ഷിക്കുത്ത് ആര്‍ക്കുമുണ്ടാകില്ല. ഇടയ്ക്ക് വിജിലന്‍സുകാര്‍ കേറിവന്ന് കളര്‍പ്പൊടിയിട്ട നോട്ടുകൊടുത്ത് നമ്മളെ സുയിപ്പാക്കുമെന്ന പേടിയും വേണ്ട. ഇതിന്റെയൊരു വികസിതരൂപമാണ് മന്ത്രിസഭാതലത്തില്‍ നടപ്പാക്കേണ്ടത്. ആര്‍ക്കും അസംതൃപ്തിയില്ലാതെ സംഗതി നടക്കുന്നുവെന്നുറപ്പുവരുത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാവശ്യമാണ്. അസംതൃപ്തിയുണ്ടാകുമ്പോഴാണ് ബിജു രമേശ് തുടങ്ങിയ പ്രതിഭാസങ്ങളുണ്ടാകുന്നത്. ബാര്‍ ഉടമകള്‍ അഴിമതിവിരുദ്ധന്മാരാകുന്ന അവസ്ഥയുണ്ടായാല്‍ ലോകാവസാനത്തിന് വലിയ താമസമുണ്ടാകില്ല. പോംവഴി കണ്ടെത്തുന്നില്ലെങ്കില്‍ പശ്ചാത്തപിക്കാന്‍ പിന്നെ ആരും ബാക്കിയുണ്ടാവില്ല, ഓര്‍ത്തോ.

ചരിത്രത്തില്‍ സ്ഥാനംപിടിച്ച പ്രതിഭാശാലികളായ വിദ്യാഭ്യാസമന്ത്രിമാരുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേര്‍ക്കാനായി. എസ്.എസ്.എല്‍.സി. പരീക്ഷപോലെ ഇത്ര ജനശ്രദ്ധയാകര്‍ഷിച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല സമീപകാലത്തൊന്നും. ഇങ്ങനെയോരോന്നുണ്ടാകുന്നില്ലെങ്കില്‍ ആളുകള്‍, പ്രത്യേകിച്ച് മാധ്യമക്കാര്‍ ബാര്‍, സോളാര്‍ എന്നുംമറ്റും പിറുപിറുത്തുനടക്കും.

മുന്‍കാലങ്ങളിലൊക്കെ പരീക്ഷതോറ്റ വിദ്യാര്‍ഥികളാണ് റോഡിലിറങ്ങാന്‍ ലജ്ജിച്ചിരുന്നത്. പരീക്ഷജയിച്ചവര്‍ നാണക്കേടുകൊണ്ട് റോഡിലിറങ്ങാത്ത അവസ്ഥ ആദ്യമാണ്. മുമ്പെല്ലാം പരീക്ഷജയിക്കാനാണ് ആളുകള്‍ അമ്പലത്തിലുംമറ്റും പോയി പ്രാര്‍ഥിച്ചിരുന്നത്. ഇപ്പോള്‍ വല്ലകാരണവശാലും ഒന്നു തോറ്റുകിട്ടണമെന്നുള്ളവരാണ് പ്രാര്‍ഥിക്കേണ്ടത്. പരീക്ഷയെഴുതാത്തവരും പാസാകുന്നു.
പുസ്തകംനോക്കി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ ലാലുപ്രസാദ് യാദവിന് കഴിഞ്ഞിട്ടുള്ളൂ. നമുക്കിനി പരീക്ഷയെഴുതാതെതന്നെ നൂറ്റൊന്നു ശതമാനത്തെ പാസാക്കുന്നതിനെക്കുറിച്ചാലോചിക്കണം. എന്നാലേ ഈമാതിരി പഴികളൊഴിവാക്കാനാകൂ.

ഇതുകൊണ്ട് എന്തെല്ലാം ഗുണഫലങ്ങളുണ്ടെന്ന് വിമര്‍ശകര്‍ക്കു മനസ്സിലായിട്ടില്ല. ഫലം വരാതെ വന്ന ദിവസംതന്നെ പത്രങ്ങളെഴുതുന്നുണ്ട് അരലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനസാധ്യതയില്ലെന്ന്. പരിഹരിക്കേണ്ട പ്രശ്‌നംതന്നെ. ഉടനെ തുടങ്ങണം ആയിരമോ രണ്ടായിരമോ പ്ലസ്ടു ബാച്ചുകള്‍. എന്തായിരിക്കും വരവെന്നു കൂട്ടിനോക്ക്. അത്രയും അധ്യാപകനിയമനം ഉടനെ. ആകപ്പാടെ സാമ്പത്തികവികസനത്തിന്റെ ടെയ്ക്ക് ഓഫ് ആവും ഓരോ എസ്.എസ്.എല്‍.സി. ഫലവും. രാഷ്ട്രീയത്തില്‍ പ്രതിഭാശാലികള്‍ക്കു ക്ഷാമമുണ്ടെന്ന് ആരേ പറഞ്ഞത്?
nprindran@gmail.com

Thursday, 23 April 2015

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി?


സി.പി.എം. ജനറല്‍ സെക്രട്ടറി മാറിയാല്‍ പാര്‍ട്ടി മാറുമോ? പ്രകാശ് കാരാട്ടിനെ പിന്തുടര്‍ന്ന് സീതാറാം യെച്ചൂരി നേതൃനിരയിലെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തിയെക്കുറിച്ച് ഒരു അന്വേഷണപരമ്പര
രാജ്യത്തെ ഇടത്‌വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങളെയും പരിപാടികളെയും കുറിച്ച് ഇക്കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമേ ചര്‍ച്ചചെയ്യാറുള്ളൂ. സി.പി.എം. ജനറല്‍ സെക്രട്ടറി ആരെന്നതും അവരെ അലട്ടുന്ന വിഷയമല്ല; ആരായാലെന്ത്. ശാക്തികമായി ഈ പാര്‍ട്ടികള്‍ ഇന്ന് തീര്‍ത്തും അപ്രസക്തരാണ്. 545 സീറ്റുള്ള ലോക്‌സഭയില്‍ ഒമ്പതു സീറ്റ് നേടിയ സി.പി.എമ്മും ഒന്നുമാത്രമുള്ള സി.പി.ഐ.യും എന്തെങ്കിലും ചര്‍ച്ചയര്‍ഹിക്കുന്ന ദേശീയപാര്‍ട്ടികളല്ലാതായിട്ടുണ്ട്.

1990നിപ്പുറം ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അവ നയിച്ച ഭരണകൂടങ്ങള്‍ക്കുമുണ്ടായ മാരകമായ തിരിച്ചടിക്കുശേഷം വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ പാര്‍ട്ടി പേരിലെങ്കിലും അവശേഷിച്ചുള്ളൂ. പേരും കൊടിയും നിലനിര്‍ത്താന്‍ പറ്റാതെ പലേടത്തും പുതിയ പേരും കൊടിയും മാത്രമല്ല പരിപാടിയും നയവും ദീര്‍ഘകാലലക്ഷ്യവും പുനര്‍നിര്‍മിക്കേണ്ടിവന്നു. ആ കൊടുങ്കാറ്റില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ പരിക്കില്ലാതെ നിലനിന്നുവെന്നത് അദ്ഭുതമായിരുന്നു. എന്നുമാത്രമല്ല, ഒരു വ്യാഴവട്ടത്തിനകം ദേശീയഭരണത്തില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ശക്തിയായിമാറി. 2004ല്‍ 43സീറ്റില്‍ ജയിച്ച സി.പി.എം. ഭരണാനുകൂലപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി. പത്തുസീറ്റുമായി സി.പി.ഐ.യും പിന്നെ ആര്‍.എസ്.പി. തുടങ്ങിയ മറ്റ് ഇടതുപക്ഷപാര്‍ട്ടികളും ചേര്‍ന്ന്, 142 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ഭരണത്തെ ഗുണപരമായി വളരെ സ്വാധീനിച്ചു. ആഗോളതലത്തിലെ തിരിച്ചടികള്‍പിന്നിട്ട് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൂര്‍വാധികം ശക്തമാവുകയാണെന്ന പ്രതീക്ഷയും അന്നു സൃഷ്ടിക്കപ്പെട്ടു.

ആണവക്കരാറിനെച്ചൊല്ലി യു.പി.എ.ക്കുള്ള പിന്തുണ പിന്‍വലിച്ചതിന്റെ ശരിതെറ്റുകളിലേക്ക് ഇവിടെ കടക്കുന്നില്ല. ജനങ്ങളെ ആ തീരുമാനത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ നേതൃത്വത്തിനുതന്നെ അക്കാര്യത്തില്‍ അന്നത്തെ നിശ്ചയദാര്‍ഢ്യം കാണുന്നില്ല. ഇടതുപക്ഷം ചെയ്തത് ശരിയോ തെറ്റോ ആവട്ടെ, ജനപിന്തുണയുടെ കാര്യത്തില്‍ അതു തിരിച്ചടിയായി എന്നത് യാഥാര്‍ഥ്യമാണ്. 43സീറ്റില്‍നിന്ന് സി.പി.എം. 16ലേക്കും പത്തില്‍നിന്ന് സി.പി.ഐ. നാലിലേക്കും തളര്‍ന്നു. 2014 ആയപ്പോഴേക്കിത് കൂടുതല്‍ ദയനീയമായി. 2004ലെ സി.പി.എം. അംഗസംഖ്യയാണ് 2014ല്‍ കോണ്‍ഗ്രസിന് ലോക്‌സഭയിലെന്നത് കോണ്‍ഗ്രസിനെ ലജ്ജിപ്പിക്കണം. പക്ഷേ, അതില്‍ സി.പി.എമ്മിന് അഭിമാനിക്കേണ്ടതായൊന്നുമില്ല. സി.പി.എമ്മിനും സി.പി.ഐ.ക്കുംചേര്‍ന്ന് ഇപ്പോള്‍ പത്തുസീറ്റേയുള്ളൂ. പത്തുവര്‍ഷംകൊണ്ടുണ്ടായ തളര്‍ച്ച.

പാര്‍ട്ടി ജനിച്ചതിന്റെ അമ്പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ സി.പി.എമ്മിനു വേണമെങ്കില്‍ ഒരുകാര്യത്തിലാശ്വസിക്കാം. അന്ന് ഇറങ്ങിപ്പോന്ന മാതൃസംഘടനയായ സി.പി.ഐ.യെക്കാള്‍ പാര്‍ട്ടി ശക്തിപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം നടന്ന ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 4.95ശതമാനം വോട്ടും 23സീറ്റും സി.പി.ഐ. കൈവശപ്പെടുത്തിയിരുന്നു. 4.44ശതമാനം വോട്ടോടെ 19സീറ്റുകളേ സി.പി.എമ്മിനു നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. അഞ്ചുവര്‍ഷം പിന്നിടുംമുമ്പുതന്നെ സി.പി.ഐ. പിറകോട്ടുപോയി. 1971ല്‍ സി.പി.എം. 5.12ശതമാനം വോട്ടുനേടി, 4.73ശതമാനം മാത്രം വോട്ടുനേടിയ സി.പി.ഐ.യെ പിന്നിലാക്കി. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസിനൊപ്പം നിന്നതുകൊണ്ടായിരുന്നു ആ തിരിച്ചടിയെന്നു ന്യായീകരിക്കാന്‍ പറ്റില്ല. കാരണം, കോണ്‍ഗ്രസുമായുള്ള ബന്ധംവിടര്‍ത്തി ഇടതുപക്ഷത്ത് നിലയുറപ്പിച്ചശേഷം 1980ല്‍ നടന്ന തിരഞ്ഞെടുപ്പിലും സി.പി.ഐ.യുടെ സ്ഥിതി മോശമാവുകയാണുചെയ്തത്. വോട്ടര്‍പിന്‍ബലം 2.59 ആയി കുറഞ്ഞു. സീറ്റ് പത്തുമാത്രം. സി.പി.എം. വോട്ടര്‍പിന്‍ബലം അപ്പോഴേക്ക് 6.24 ശതമാനത്തിലേക്കുയര്‍ന്നിരുന്നു. സീറ്റ് 37 ആയി. പശ്ചിമബംഗാളിലെ തിരിച്ചുവരവാണ് സി.പി.എമ്മിനെ ഈനേട്ടമുണ്ടാക്കാന്‍ സഹായിച്ചതെന്നുപറയാമെങ്കിലും സി.പി.ഐ.യുടെ ശോഷണത്തിന് ന്യായീകരണമൊന്നുമുണ്ടായിരുന്നില്ല. സി.പി.ഐ. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നതുകൊണ്ട് ഇടതുപക്ഷവും ശക്തിപ്പെട്ടില്ല, സി.പി.ഐ.യും ശക്തിപ്പെട്ടില്ല. ബിഹാറിലും ആന്ധ്രയിലും പഞ്ചാബിലും തമിഴ്‌നാട്ടിലും സി.പി.ഐ.ക്ക് ശക്തിയുണ്ടായിരുന്നു. ഒരുഘട്ടത്തില്‍ ബിഹാറില്‍ പാര്‍ട്ടിക്ക് 40 എം.എല്‍.എ.മാരുണ്ടായിരുന്നു. സി.പി.എമ്മിനോടൊപ്പം കൂടിയതാണ് തളരാന്‍ കാരണമെന്ന ചിന്ത ശക്തമാണു പാര്‍ട്ടിയില്‍.

രണ്ടുപാര്‍ട്ടികള്‍ക്കും കിട്ടിയ വോട്ട് ചേര്‍ന്നാലും പിളര്‍പ്പിന്റെകാലത്തെക്കാള്‍ ശതമാനക്കണക്കില്‍ കുറവാണെന്ന യാഥാര്‍ഥ്യത്തിനുനേരെ എങ്ങനെ കണ്ണടയ്ക്കും. 1967ല്‍ സി.പി.ഐ.ക്കും സി.പി.എമ്മിനുംകൂടി 9.39ശതമാനം വോട്ട് രാജ്യത്തെമ്പാടുമായി കിട്ടിയിരുന്നു. പിന്നീടതു കുറഞ്ഞിട്ടേയുള്ളൂ. അരനൂറ്റാണ്ടിനിടയില്‍ നേടിയ ഏറ്റവും കൂടിയ വോട്ടായിരുന്നു 1967ലേത്. 1977ല്‍ അത് 7.11 ആയി കുറഞ്ഞു. 1980ല്‍ അല്പമുയര്‍ന്ന് 8.73 ആയി. 2014ല്‍ എല്ലാ ഇടതുപാര്‍ട്ടികള്‍ക്കുംകൂടി 4.5ശതമാനം വോട്ടേ കിട്ടിയുള്ളൂ. സി.പി.എമ്മിന് 3.3ശതമാനമേയുള്ളൂ. ഒരുസീറ്റുമാത്രംകിട്ടിയ സി.പി.ഐ.യുടേത്
0.80ശതമാനമായിരുന്നു. '67ലെ 9.39ല്‍നിന്നാണ് ഈ തകര്‍ച്ചയെന്നോര്‍ക്കണം.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കൊടുങ്കാറ്റുപോലെ ബി.ജെ.പി. ആഞ്ഞടിക്കുമ്പോള്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ള മതേതരപാര്‍ട്ടികള്‍ക്ക് അതിന്റെ ഗൗരവം പിടികിട്ടിയതേയില്ല. സമകാലികയാഥാര്‍ഥ്യങ്ങളില്‍നിന്ന് അവരെല്ലാം എത്ര അകലെയായിരുന്നുവെന്ന് ഇത് എടുത്തുകാട്ടുന്നു. പ്രസക്തമായി പിന്നീടു തോന്നിയിട്ടില്ലാത്ത ആണവക്കരാറില്‍ത്തൂങ്ങി കോണ്‍ഗ്രസ്ഇടതുപക്ഷമതേതര പാര്‍ട്ടികള്‍ വഴിപിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇത്ര കനത്ത തോല്‍വി അവര്‍ക്കുണ്ടാകുമായിരുന്നില്ല. ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള അടവുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍പോലും ഇടതുമതേതരപാര്‍ട്ടികള്‍ക്കായില്ല. തോറ്റു തുന്നംപാടിയപ്പോഴെങ്കിലും ഐക്യംവേണമെന്ന് ജനതാപരിവാറുകാര്‍ക്കു തോന്നി. കമ്യൂണിസ്റ്റ് പരിവാറുകാര്‍ക്ക് അതും ഇതുവരെ തോന്നിയിട്ടില്ല.

ഇനി എന്തുപ്രസക്തിയാണ് രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്? രണ്ടായിനില്‍ക്കുമ്പോഴുള്ളതില്‍ അല്പമേറെ പ്രസക്തി ഒറ്റപ്പാര്‍ട്ടിയായാലെങ്കിലുമുണ്ടാവില്ലേയെന്ന് ഇടതുപക്ഷാഭിമുഖ്യമുള്ള നിരീക്ഷകര്‍ ചോദിക്കാറുണ്ട്. സി.പി.ഐ.യെ ശാക്തികമായി പിന്തള്ളിക്കഴിഞ്ഞുവെന്നതിന്റെ ധാര്‍ഷ്ട്യംകൊണ്ടാണോയെന്നറിയില്ല, സി.പി.എം. ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണമെന്ന ആശയത്തോട് ഒരിക്കലും അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. വര്‍ഗശത്രുപ്പാര്‍ട്ടികളെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിലുമേറെസമയം മിക്കപ്പോഴും ഇവര്‍ പരസ്പരം തോല്‍പ്പിക്കാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാനാണു ചെലവഴിക്കാറുള്ളത്. പുതുച്ചേരിയില്‍ പാര്‍ട്ടികോണ്‍ഗ്രസിനുശേഷം സി.പി.ഐ. സെക്രട്ടറി പി.സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം അനിവാര്യമാണെന്നാണ്. ഇനി സി.പി.എമ്മാണ് അവരുടെ നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ സി.പി.എം. കോണ്‍ഗ്രസ് തുടങ്ങുന്നതിനുമുമ്പുതന്നെ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപടിയുംപറഞ്ഞു; ലയനം നല്ല ആശയംതന്നെ, പക്ഷേ, നിലവിലുള്ള സാഹചര്യത്തില്‍ അതു പ്രായോഗികമല്ല. പാര്‍ട്ടികോണ്‍ഗ്രസില്‍ വിഷയം ചര്‍ച്ചചെയ്തതായി ഒരു സൂചനയുമില്ല.

എന്തിന്റെപേരിലാണ് പാര്‍ട്ടി പിളര്‍ന്നതെന്നത് ചരിത്രംപഠിക്കുന്നവര്‍ മനസ്സിലാക്കും. പക്ഷേ, എന്തിന്റെപേരിലാണ് ഇവര്‍ ഇന്നും രണ്ടുപാര്‍ട്ടിയായി നില്‍ക്കുന്നതെന്ന് ഇവര്‍ക്കുതന്നെ അറിയില്ല. രണ്ടുപാര്‍ട്ടിയും ചേര്‍ന്നാല്‍ എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, കാര്യമായ വൈരുധ്യങ്ങള്‍ തത്ത്വങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഇല്ലാത്ത രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്തിന് എന്നചോദ്യത്തിനു മറുപടിയില്ല. പഴയകാല സി.പി.ഐ. നേതാവ് മോഹിത് സെന്‍ ആവര്‍ത്തിക്കാറുള്ള ഒരു തമാശ ഈയിടെ മെയിന്‍സ്ട്രീം വാരികയിലെ ലേഖനത്തില്‍ ഗവേഷകനായ ഡോ. അജയ്കുമാര്‍ കോടോത്ത് ഉ ദ്ധരിച്ചുകണ്ടു: ''ഒരു രാജ്യത്ത് രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടി ആവാം. പക്ഷേ, എന്തിന് രണ്ടു സി.പി.എം.?''
അതെ, തങ്ങള്‍ സി.പി.എമ്മില്‍നിന്നു വ്യത്യസ്തരാണെന്നുകാട്ടാനെങ്കിലും സി.പി.ഐ. പലകാര്യങ്ങളിലും കൂടുതല്‍ ഇടതുസ്വഭാവമുള്ള നയങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സി.പി.എമ്മുമായി എപ്പോഴും ഏറ്റുമുട്ടുകയാണെന്നു തോന്നിക്കാനും ശ്രമിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും സി.പി.ഐ. ശക്തിപ്പെടാന്‍പോകുന്നില്ല. എവിടെയെങ്കിലും കുറച്ചു പ്രവര്‍ത്തകര്‍ സി.പി.എം.വിട്ട് സി.പി.ഐ.യിലോ തിരിച്ചോ ചേര്‍ന്നതുകൊണ്ട്് ഇടതുപ്രസ്ഥാനത്തിന് എന്തു നേട്ടമാണുണ്ടാവുക?
(തുടരും)

മാതൃഭൂമി ദിനപത്രത്തില്‍ 2015 ഏപ്രില്‍ 21, 22,23 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ ആദ്യഭാഗം

ഏതാണ് വ്യത്യസ്തമായ പാര്‍ട്ടി?

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി? 2

പഴയമട്ടിലുള്ള തൊഴിലാളിവര്‍ഗത്തെ ഇനി കേരളംപോലുള്ള പ്രദേശത്ത് ആശ്രയിക്കാന്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിക്കുമാവില്ല. കാര്‍ഷികരംഗവും പരമ്പരാഗതവ്യവസായങ്ങളും പിറകോട്ടുപോവുമ്പോള്‍ ഇവ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി നിലനില്‍ക്കുകയില്ല

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാജ്യത്തെ ഏറ്റവും വലിയ ശക്തികേന്ദ്രം കേരളമാണെന്നത്, പാര്‍ട്ടിസ്വാധീനത്തെ സാമൂഹിക സാമ്പത്തിക അവസ്ഥകളുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നവര്‍ക്ക് വലിയ വൈരുധ്യമായി അനുഭവപ്പെടും. ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ചൂഷണവുമെല്ലാം കൊടികുത്തിവാഴുന്ന പ്രദേശങ്ങളിലാണ് മാര്‍ക്‌സിയന്‍ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടേണ്ടത്. ഇന്ത്യയിലിപ്പോള്‍ അത്തരം പ്രദേശങ്ങളിലൊന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ല. സി.പി.എമ്മിനുള്ളതിലേറെ സ്വാധീനം പല പ്രദേശങ്ങളിലും മാവോവാദികള്‍ക്കുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ളതാകട്ടെ, ജീവിതനിലവാരസൂചികകളിലും വിദ്യാഭ്യാസആരോഗ്യസാംസ്‌കാരിക വളര്‍ച്ചയിലും യൂറോപ്യന്‍ നിലവാരത്തോടു കിടപിടിക്കുന്ന കേരളത്തിലും! ഇത് സി.പി.എമ്മിന്റെ ശൈലിയെയും നിലപാടുകളെയും വളരെയേറെ സ്വാധീനിക്കുന്നുണ്ട്.

അഞ്ചുവര്‍ഷംകൂടുമ്പോള്‍ ഇരുമുന്നണിയും മാറിമാറി പ്രതിപക്ഷഭരണക്കസേരകള്‍ വെച്ചുമാറാറുെണ്ടങ്കിലും യഥാര്‍ഥത്തില്‍ സി.പി.എം. എല്ലായ്‌പ്പോഴും കേരളത്തില്‍ ഭരണത്തിലാണെന്നുപറയാം. ഭരണാധികാരമെന്നത് സെക്രട്ടേറിയറ്റിലെ അധികാരം മാത്രമല്ലല്ലോ. 14 ജില്ലയുള്ളതില്‍ പത്തും പന്ത്രണ്ടും ജില്ലകളില്‍ എപ്പോഴും ഇടതുപക്ഷമാണ് ജില്ലാപഞ്ചായത്തുകള്‍ ഭരിക്കുന്നത്. ബഹുഭൂരിപക്ഷം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്ഗ്രാമ പഞ്ചായത്തുകളിലും ഇടതുപക്ഷഭരണമാണ്. ഇതിനെല്ലാംപുറമേ സഹകരണബാങ്കിങ് മേഖലയിലൂടെയും മറ്റനേകം വ്യവസായവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പാര്‍ട്ടി കൈയാളുന്ന അധികാരവും ധനവും സംസ്ഥാനസര്‍ക്കാറിന്റേതിനെക്കാള്‍ ഒട്ടും കുറവല്ലെന്നുകാണാം. പ്രതിപക്ഷത്തിരിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ അജന്‍ഡ സി.പി.എം. നിശ്ചയിക്കുന്നത് ഈ അധികാരവും അതിന്റെകൂടി ബലത്തില്‍ സൃഷ്ടിച്ച സംഘടനാശക്തിയുംവഴിയാണ്. പാര്‍ട്ടി സമാഹരിച്ചിട്ടുള്ള സ്വത്തുക്കളുടെ മുഴുവന്‍ കണക്ക് പാര്‍ട്ടിയുടെതന്നെ കൈവശമുണ്ടോയെന്നു സംശയമാണ്. തുടര്‍ച്ചയായി 34 വര്‍ഷം ഭരിച്ച പശ്ചിമബംഗാളില്‍ കേരളത്തിലുള്ളതിന്റെ നാലിലൊന്നു സ്വത്തുണ്ടാക്കാന്‍ പാര്‍ട്ടിക്കു കഴിയാതിരുന്നത് അവിടത്തെ മൊത്തം ദരിദ്രാവസ്ഥമൂലംകൂടിയാവാം. സംസ്ഥാനഭരണമില്ലെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നത് ഇതെല്ലാംകൊണ്ടുകൂടിയാണ്.സംഘടനാശേഷിയും അധികാരശക്തിയും പേശീബലവും വലിയൊരു കോര്‍പ്പറേറ്റ് സംരംഭത്തിന്റേതുപോലുള്ള ധനശക്തിയും കാരണം കേരളത്തില്‍ സി.പി.എമ്മിന് തൊഴിലാളിവര്‍ഗപ്പാര്‍ട്ടി എന്ന എളിമ ഇന്നില്ല. മലബാറിലെ ചില പ്രദേശങ്ങളില്‍ മൂന്നുനാലു ദശകങ്ങളായി നടന്നുവരുന്ന നിഷ്ഠുരമായ കൊലപാതകപരമ്പരകളുടെ മുഴുവന്‍ ഉത്തരവാദിത്വം സി.പി.എമ്മിനല്ലെങ്കിലും ഇത് പാര്‍ട്ടി അണികളുടെ സ്വഭാവത്തില്‍ ദോഷകരമായ മാറ്റം വരുത്തുന്നുണ്ട്. വായന, പഠനം, പ്രത്യയശാസ്ത്രചര്‍ച്ച, പൊതുജനസേവനം എന്നിവയ്ക്ക് മുന്‍തൂക്കംനല്‍കിയിരുന്ന കാലത്തുനിന്ന് പുതിയ സാഹചര്യങ്ങള്‍ പുതിയ മുന്‍ഗണനകള്‍ സൃഷ്ടിക്കുന്നുണ്ട്. നുഴഞ്ഞുകയറുന്ന മറ്റു ജീര്‍ണതകളെക്കുറിച്ച് പാര്‍ട്ടി റിപ്പോര്‍ട്ടുകളില്‍ കാണാം. അധികാരം പിടിക്കുകയും നിലനിര്‍ത്തുകയും ചെയ്യാന്‍ എന്തുവിലകൊടുക്കാനും പാര്‍ട്ടികളും മുന്നണികളും തയ്യാറാണ്. മറ്റു പാര്‍ട്ടികളില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വ്യത്യസ്തമാക്കുന്ന ബൗദ്ധികപ്രത്യയശാസ്ത്രധാര്‍മിക ഗുണങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമാവുന്നു. ഒരുപാര്‍ട്ടിക്കും തങ്ങളുടേത് വ്യത്യസ്തമായൊരു പാര്‍ട്ടിയാണെന്നവകാശപ്പെടാന്‍ ഇന്നു കഴിയില്ല.

ഏതെങ്കിലുമൊരു പാര്‍ട്ടി ഇന്നതെറ്റ് ചെയ്യില്ല എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയാതായിട്ടുണ്ട്. സാധാരണ മനുഷ്യര്‍ക്ക് അസഹ്യമായ സമരരൂപങ്ങളുടെ കാര്യത്തില്‍, അധാര്‍മികമായ പണപ്പിരിവില്‍, തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയകൂട്ടുകെട്ടുകളിലേര്‍പ്പെടുന്നതില്‍, എതിരാളികളോടുകാട്ടുന്ന അസഹിഷ്ണുതയിലും ഹിംസാത്മകതയിലും, പണം വാരിയെറിഞ്ഞുള്ള ആഡംബരങ്ങളില്‍, അധികാരം പാര്‍ട്ടി വളര്‍ത്താനുപയോഗപ്പെടുത്തുന്നതില്‍, പണവും ജീവിതസൗകര്യങ്ങളും നേടാന്‍ എളുപ്പവിദ്യകള്‍ സ്വീകരിക്കുന്നതില്‍, പാര്‍ട്ടിപ്രവര്‍ത്തനംതന്നെ ഉപജീവനമാര്‍ഗമാക്കുന്നതില്‍, നേതാക്കളെ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പ്രതിഷ്ഠിച്ച് വീരപുരുഷന്മാരാക്കുന്നതില്‍, എല്ലാത്തരം മതാന്ധതകളോടും വിട്ടുവീഴ്ചചെയ്യുന്നതില്‍... ഇത്തരം അനേകമനേകം സ്വഭാവങ്ങള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പൊതുവായിട്ടുണ്ട്; ഡിഗ്രിയില്‍ ചില്ലറ വ്യത്യാസങ്ങളുണ്ടാകുമെന്നേയുള്ളൂ. സി.പി.എമ്മും വ്യത്യസ്തമല്ലതന്നെ.

വര്‍ഗീയപ്പാര്‍ട്ടികളെ അകറ്റിനിര്‍ത്തുമെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്ന സി.പി.എം., കൊടിയ വര്‍ഗീയതയുടെ പ്രതീകമായി കേരളംകണ്ട ഒരു നേതാവിെന മുന്നണിയുടെ പ്രചാരണവേദിയില്‍ കൊണ്ടുവന്നിരുത്തി. ഇതു പാര്‍ട്ടിക്ക് എന്തു ദ്രോഹംചെയ്യുമെന്നു ചിന്തിക്കാന്‍ കഴിയാതെപോയത് ആ ആളുടെ പക്കലുെണ്ടന്നു തെറ്റിദ്ധരിച്ച വോട്ട്ബാങ്കിന്റെ വലിപ്പത്തില്‍ മനസ്സു കുരുങ്ങിപ്പോയതുകൊണ്ടാണ്. 'ശാശ്വതശത്രുക്കളും മിത്രങ്ങളുമില്ല, ശാശ്വതമായ താത്പര്യങ്ങളേയുള്ളൂ' എന്ന സിദ്ധാന്തത്തെ ശരിവെയ്ക്കുംവിധം ആരുമായും എപ്പോഴും കൂട്ടുകൂടാമെന്നതാണ് സി.പി.എമ്മിന്റെയും നില. ആജന്മശത്രുവായി കൊണ്ടുനടന്നിരുന്ന കെ. കരുണാകരന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ സി.പി.എം. വികാരപൂര്‍വം ന്യായീകരിച്ചു, സഖ്യം പഞ്ചായത്തുതലത്തില്‍ ഒതുങ്ങിപ്പോയെങ്കിലും. കെ.എം. മാണി ഇടതുമുന്നണിയുടെ മുഖ്യമന്ത്രിയാകാതെപോയത് തലനാരിഴയ്ക്കാണ്. നാളെ ആരും ഈ മുന്നണിയുടെ ഭാഗമാകാം.

ഗാഡ്ഗില്‍ കമ്മീഷന്‍ ഉയര്‍ത്തിപ്പിടിച്ച നിര്‍ണായകമായ പരിസ്ഥിതിബാധ്യതകളവഗണിച്ച് പാര്‍ട്ടി നിലപാടെടുത്തതും വോട്ടില്‍ അത്യാര്‍ത്തിപൂണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലഞ്ചുസീറ്റില്‍ മത്സരിപ്പിച്ച സ്വതന്ത്രസ്ഥാനാര്‍ഥികളുടെ ബയോഡാറ്റ ഇടതുപക്ഷം എത്ര വലതുപക്ഷമായിട്ടുെണ്ടന്നതിന്റെ ചിത്രം തരും. ജനങ്ങള്‍ക്കു വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇരുകൂട്ടരെയും മാറിമാറി അധികാരത്തിലേറ്റുന്നുെണ്ടന്നതു ശരി. പക്ഷേ, വിജയികള്‍ക്കു കിട്ടുന്ന ഭൂരിപക്ഷമോ സീറ്റെണ്ണമോ യഥാര്‍ഥത്തില്‍ വോട്ടറുടെ അതൃപ്തിയും പ്രതിഷേധവും മടുപ്പും പ്രതിഫലിപ്പിക്കുന്നേയില്ല. അതിനുള്ള സംവിധാനം ഒരു വോട്ടിങ് രീതിയിലുമില്ലല്ലോ. രാഷ്ട്രീയപ്രവര്‍ത്തകരിലുള്ള ജനവിശ്വാസം തകര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന പൊതുബോധം ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്കേ ബാധകമാവൂ എന്നു നടിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ജനങ്ങള്‍ ഒരുപാര്‍ട്ടിയെയും വേര്‍തിരിച്ചുകാണുന്നില്ല; ഇടതുപക്ഷത്തിനു വോട്ടുചെയ്യുന്നവരില്‍ നല്ലൊരുപങ്കുപോലും കാണുന്നില്ല.

പഴയമട്ടിലുള്ള തൊഴിലാളിവര്‍ഗത്തെ ഇനി കേരളംപോലുള്ള പ്രദേശത്ത് ആശ്രയിക്കാന്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിക്കുമാവില്ല. കാര്‍ഷികരംഗവും പരമ്പരാഗതവ്യവസായങ്ങളും പിറകോട്ടുപോവുമ്പോള്‍ ഇവ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി നിലനില്‍ക്കുകയില്ല. അനുദിനം ശക്തിപ്രാപിക്കുന്ന ഇടത്തരക്കാരന്‍ എന്ന വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കാതിരിക്കുന്നത് തിരിച്ചടിയാകും. ടെക്‌നോളജിയുടെ പുതിയ പ്രയോഗങ്ങള്‍ പുതിയ ഉത്പാദനമേഖലകള്‍ സൃഷ്ടിക്കുന്നു. അവിടെനടക്കുന്ന ചൂഷണങ്ങള്‍ പഴയ കണ്ണാടിയില്‍ക്കൂടി കണ്ടോ പഴയ ആയുധങ്ങള്‍ ഉപയോഗിച്ചോ നേരിടാന്‍കഴിയില്ല. ഒരു ഐ.ടി. കമ്പനിയിലെ പ്രശ്‌നങ്ങള്‍ പറയാന്‍ പത്രസമ്മേളനംവിളിച്ച ജീവനക്കാര്‍ മുഖംമൂടിയിട്ടാണ് ക്യാമറകളെ അഭിമുഖീകരിച്ചതെന്ന് വാര്‍ത്തകണ്ടിരുന്നു. ഐ.ടി.യിലല്ല, മറ്റനേകം മേഖലകളില്‍ പണിയെടുക്കുന്നവരുടെ സംഘടനകള്‍ ഏതാണ്ട് നിരോധിക്കപ്പെട്ട തീവ്രവാദിസംഘടനകളെപ്പോലെയാണ്. നിവേദനം എഴുതിക്കൊടുക്കാന്‍പോലും സ്വാതന്ത്ര്യമില്ല. ഇവിടങ്ങളില്‍ യൂണിയനുകള്‍ അപ്രത്യക്ഷമാകുന്നു, അപ്രസക്തമാകുന്നു. വമ്പിച്ചതോതിലുള്ള ശമ്പളവര്‍ധനയ്‌ക്കോ കൂറ്റന്‍ ബോണസിനോ അല്ല അടിസ്ഥാനവേതനത്തിനും ജോലിക്കിടയില്‍ ഒന്ന് ഇരിക്കാനോ മൂത്രമൊഴിക്കാനോ ഉള്ള സൗകര്യത്തിനും വേണ്ടിപ്പോലും സമരംചെയ്യേണ്ടിവരുന്നു. മിക്ക ട്രേഡ് യൂണിയനുകളും മുഖ്യധാരാപാര്‍ട്ടികളും മാധ്യമങ്ങളും ഇതൊന്നും കണ്ടതായി നടിക്കാറില്ല. സമ്പന്നമായ, ട്രേഡ് യൂണിയനുകള്‍ അധികാരം കൈയാളുന്ന സര്‍ക്കാര്‍പൊതുമേഖലാസേവന മേഖലകളിലേ പാര്‍ട്ടികള്‍ക്കു നോട്ടമുള്ളൂ. അവിടെ വലിയ മെനക്കേടുകളില്ല. പണത്തിനും പഞ്ഞമില്ല.

നാട്ടില്‍ പണിയില്ലാതെ, ഗള്‍ഫിന്റെ യാതനകളിലേക്ക് ആയിരങ്ങള്‍ പരക്കംപായുന്നു. ഇതേ കേരളത്തിലേക്ക് പണിയെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ വരുന്നു. ഇതാരും 10 വര്‍ഷംമുമ്പുപോലും സങ്കല്പിച്ചിരുന്നില്ല. മറ്റെങ്ങുണ്ട് ഇത്തരമൊരു വിചിത്രപ്രതിഭാസം? നമ്മുടെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ ജോലിചെയ്തു ജീവിക്കാവുന്ന ഒരു സാമ്പത്തികനയവും അവബോധവും സൃഷ്ടിക്കാന്‍ കഴിയേണ്ടതാണ്. വിദേശത്തുനിന്നെത്തുന്ന 70,000കോടിയോളം രൂപ ഉത്പാദനപരമായി വിനിയോഗിക്കുന്നതിനുള്ള സാമ്പത്തികപരിപാടിയും ഇത്രയുംകാലമായിട്ടും രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു സംസ്ഥാനത്തും കേരളത്തോളം ശക്തമായ ഒരു സഹകരണപ്രസ്ഥാനമില്ല. പക്ഷേ, സഹകരണമേഖല പാര്‍ട്ടികളുടെ മിക്കവാറും ഇടതുപക്ഷപാര്‍ട്ടികളുടെ കറവപ്പശുമാത്രമാണ്. അതിനെ മാറ്റത്തിനുള്ള ഒരു സാമ്പത്തികശക്തിയായി രൂപാന്തരപ്പെടുത്താനോ മൂലധനം സ്വരൂപിക്കുന്നതിനും ഉത്പാദനപരമായി നിക്ഷേപിക്കുന്നതിനുമുള്ള ഒരു ബദല്‍ സംവിധാനമായി വളര്‍ത്താനോ കഴിഞ്ഞിട്ടില്ല.

മുഖ്യധാരാ ഇടതുപക്ഷത്തിനു സമാന്തരമായ നവ ഇടതുപക്ഷ ചിന്താധാരകളും മാധ്യമങ്ങള്‍ക്കു സമാന്തരമായ നവമാധ്യമങ്ങളും ഉപരിമധ്യ വര്‍ഗ അധികാരപ്രയോഗത്തിനു സമാന്തരമായ നവപ്രക്ഷോഭമേഖലകളും ഉയര്‍ന്നുവരുന്നുണ്ട്. കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെതന്നെ ഭാവിക്കും ഹാനികരമാവും.
(തുടരും )


പ്രതികൂലകാലം, വെല്ലുവിളികളേറെകമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി? ഭാഗം മൂന്ന്

മതമൗലികവാദത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും സംഘടിതശക്തികള്‍ കേരളത്തെ പഴയ ഭ്രാന്താലയത്തിന്റെ പുതിയ പതിപ്പായി രൂപാന്തരപ്പെടുത്തുകയാണ്. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക്് സമൂഹത്തെ പിടിച്ചുവലിക്കുന്ന മതഭ്രാന്തന്മാരെ ചെറുക്കാനെങ്കിലും ഇടതുപക്ഷം മുന്നില്‍ നിന്നേ തീരൂ.

കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി സി.പി.എം. ആണെന്ന് 2011ലെ നിയമസഭാതിരഞ്ഞെടുപ്പ് വോട്ടുകണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വോട്ട് കൂടുതല്‍ കിട്ടാന്‍ കുബുദ്ധികള്‍ ഏറെ പ്രയോഗിച്ചതിന്റെ ഫലമായാണ് 2014ല്‍ വോട്ടുശതമാനം നന്നേ കുറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിവോട്ടും പാര്‍ട്ടി മത്സരിപ്പിച്ച സ്വതന്ത്രരുടെ വോട്ടും കൂട്ടിയാലും 2011ന് അടുത്തെത്തില്ല. യു.ഡി.എഫ്. ഭരണത്തിനെതിരെ ഉണ്ടാകേണ്ട പ്രതിഷേധവോട്ടും ബാലറ്റ് പേപ്പറില്‍ കണ്ടില്ല. ആര്‍.എസ്.പി., ജനത കക്ഷികളുടെ ചുവടുമാറ്റം മാത്രമാണോ ഇതിന് കാരണം?

രണ്ട് മുന്നണികള്‍ക്കിടയിലുള്ള വോട്ടര്‍മാരുടെ ചാഞ്ചാട്ടം ഇനിയും പഴയപടി തുടരണമെന്നില്ല. ദേശീയരാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിന്റെകൂടി പശ്ചാത്തലത്തില്‍ പറയാനാവും കേരളത്തിലെ ഇടതുപാര്‍ട്ടികള്‍ നേരിടാന്‍ പോകുന്ന വലിയ ഭീഷണി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയായിരിക്കുമെന്ന്. ശരിയാണ്, ഇടതുപക്ഷത്തെ മാത്രമാവില്ല ഇത് ബാധിക്കുക. പക്ഷേ, മുസ്‌ലിം, ക്രിസ്ത്യന്‍ വോട്ടുകളാണ് യു.ഡി.എഫിന്റെ നട്ടെല്ല്. സി.പി.എമ്മിന്റെ ശക്തികേന്ദ്രം ഹിന്ദുവോട്ടും. ബി.ജെ.പി. കേരളത്തിലെ പിന്നാക്ക ഹിന്ദുവിഭാഗത്തെ ലക്ഷ്യമിടുന്നു. പുലിവരുന്നേ എന്ന് പണ്ടേ കേള്‍ക്കുന്നതുകൊണ്ട് പേടിക്കേണ്ട എന്നുവിചാരിച്ചിരുന്നാല്‍ ശരിക്കും പുലി വന്നുകൂടെന്നില്ല. 34 വര്‍ഷംകൊണ്ട് അരക്കല്ല, ഉരുക്കുതന്നെയിട്ട് ഉറപ്പിച്ച പശ്ചിമബംഗാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സി.പി.എം. ഓഫീസിന്റെ ബോര്‍ഡ് ഉള്‍പ്പെടെ എടുത്തുമാറ്റി അണികള്‍ ബി.ജെ.പി.യിലേക്കുപോയ ഒട്ടനവധി അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് പറയുകയല്ല. ഹിന്ദുവോട്ട് നഷ്ടപ്പെടാതെ ന്യൂനപക്ഷവോട്ടും ന്യൂനപക്ഷവോട്ട് നഷ്ടപ്പെടാതെ ഹിന്ദുവോട്ടും ഉറപ്പിച്ചുനിര്‍ത്തുക എന്നത് വലിയൊരു ഞാണിന്മേല്‍ക്കളിയാണ്. അത് അപകടകരമായ കളിയുമാണ്. വര്‍ഗീയവത്കരണം രണ്ടുപക്ഷത്തും വലിയ അടിയൊഴുക്കായി മാറുന്നുണ്ട്. തരംകിട്ടിയാല്‍ വര്‍ഗീയവിഷംചീറ്റുന്നു സകലരും. ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അങ്ങേയറ്റം പ്രാകൃതമായ ഇസ്‌ലാമിക ഭീകരവാദം നമ്മുടെ നാട്ടിലാരുടെയും മനസ്സിനെ സ്വാധീനിക്കില്ല എന്ന് ധരിച്ചുകൂടാ. ഇത് ഇടതുപക്ഷത്തിന്റെമാത്രം പ്രശ്‌നമല്ല. പക്ഷേ, മതവോട്ടുകളുടെ ധ്രുവീകരണം സി.പി.എമ്മിനെയാവില്ല സഹായിക്കുക എന്ന് കഴിഞ്ഞ ലോക്‌സഭാ വോട്ടെടുപ്പുതന്നെ തെളിയിച്ചതാണ്.

പരമ്പരാഗത വ്യവസായത്തൊഴിലാളികളുടെയും കാര്‍ഷികത്തൊഴിലാളികളുടെയും മേഖലകള്‍ ദുര്‍ബലമാകുന്നു. പകരം പുതുതലമുറ സാങ്കേതികകമ്യൂണിക്കേഷന്‍ വ്യവസായങ്ങള്‍ ഉയര്‍ന്നുവരുന്നു. പഴയ ട്രേഡ് യൂണിയന്‍ രീതികള്‍, തന്ത്രങ്ങള്‍, ആശയങ്ങള്‍ എന്നിവകൊണ്ട് സംഘാടനം പ്രയാസകരമായിട്ടുണ്ട്. വാട്‌സ് ആപ്പിലോ ഫേസ്ബുക്കിലോ പോസ്റ്റ് ഇട്ടാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. ടെലിവിഷന്‍ മുഖ്യമാധ്യമമാകുമ്പോള്‍ പാര്‍ട്ടിയും ഒരു ചാനല്‍ തുടങ്ങിയാല്‍മതി എന്ന് തീരുമാനിക്കുംപോലെ ലളിതമല്ല പ്രശ്‌നം. അങ്ങനെ മാധ്യമം തുടങ്ങിയാല്‍ മാധ്യമംതന്നെയാണ് പ്രശ്‌നം എന്ന നിലവരുമെന്നുമാത്രം.

ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അദ്ഭുതകരമായ സുതാര്യതയുമായി പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ പെരുത്തപ്പെടുന്നില്ല. പത്തുവര്‍ഷമായി വിഭാഗീയത തുടച്ചുനീക്കാന്‍ ഭഗീരഥപ്രയത്‌നം നടത്തിയ പാര്‍ട്ടിക്ക് ഒടുവില്‍ അതിന്റെ പര്യവസാനം ആലപ്പുഴയില്‍ അതിപരിതാപകരമായ രീതിയിലാണ് കാണേണ്ടിവന്നത്. പൊതുയോഗത്തിലെ പ്രസംഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കുതന്നെ സീനിയര്‍മോസ്റ്റ് നേതാവിന്റെ പിണങ്ങിപ്പോക്കിനെക്കുറിച്ച് പറയേണ്ടിവന്നു. തൊണ്ണൂറിനുശേഷം പാര്‍ട്ടി കൊണ്ടുവന്ന ജനാധിപത്യപരിഷ്‌കാരങ്ങള്‍ ഇനിയും മുമ്പോട്ട് കൊണ്ടുപോവുകയല്ലാതെ നിവൃത്തിയില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാറ്റും വെളിച്ചവും പാര്‍ട്ടിയില്‍ കടന്നുവരികതന്നെ ചെയ്യും. അത് ഹൃദയപൂര്‍വം സ്വീകരിക്കുമ്പോഴല്ല, തടയാന്‍ ശ്രമിക്കുമ്പോഴാണ് പാര്‍ട്ടിക്ക് ശ്വാസംമുട്ടുക. പഴയ ഇരുമ്പുമറകള്‍ പൊളിച്ചുനീക്കി കൂടുതല്‍ സുതാര്യതയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയില്‍ ജീര്‍ണതകള്‍ കുറയുക. അതാണല്ലോ ജനാധിപത്യത്തിന്റെ അടിസ്ഥാന ന്യായീകരണവും.

ബൂര്‍ഷ്വാ ജനാധിപത്യ ഭരണഘടനയ്ക്കുകീഴില്‍ നീണ്ടകാലം ഒരു സംസ്ഥാനം ഭരിേക്കണ്ടിവന്നാല്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തെല്ലാം സാമ്പത്തിക പരിഷ്‌കാരങ്ങളാണ് നടപ്പാക്കാന്‍ കഴിയുക? 1957ല്‍ വ്യവസായം തുടങ്ങാന്‍ ബിര്‍ളയെ ക്ഷണിച്ചുകൊണ്ടുവന്ന ഇ.എം.എസ്സിന് ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. കച്ചവടം, വ്യവസായം, ലാഭം, മുതലാളി തുടങ്ങിയവ മ്ലേച്ഛപദങ്ങളായി തുടരുന്ന ഇടതുപക്ഷ മനസ്സാണ് ഇപ്പോഴും കേരളത്തിലുള്ളതെങ്കിലും പശ്ചിമബംഗാളിനെ അപേക്ഷിച്ച് കേരളവും ഇവിടത്തെ ഇടതുപാര്‍ട്ടികളും ഏറെ മാറിയിട്ടുണ്ട്. ഇനിയെന്ത് എന്ന ചോദ്യമുണ്ട്്. 34 വര്‍ഷത്തെ പശ്ചിമബംഗാള്‍ ഭരണം തെളിയിച്ചത് ഇടതുപക്ഷത്തിന്പ്രത്യേകിച്ച് സി.പി.എമ്മിന് ഈ ബൂര്‍ഷ്വാസമൂഹത്തില്‍ തങ്ങളുടേതായ ഒരു ബദല്‍മാര്‍ഗം കാട്ടിക്കൊടുക്കാനില്ല എന്നാണ്. കമ്യൂണിസത്തിന്റെ അധികാരഘടന നിലനിര്‍ത്തുമ്പോള്‍ത്തന്നെ മുതലാളിത്തത്തിന്റെ സാധ്യമായ എല്ലാ സൗകര്യങ്ങളും സ്വീകരിക്കുകയെന്ന ചൈനാതന്ത്രം ഇവിടെ സാധ്യമാണോ? ചൈനയുടെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപരമായി ഇന്ത്യയുടെ മിശ്രവ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമല്ല എന്ന് ഡോ. കെ.എന്‍. രാജ് 1997ല്‍ എഴുതിയിട്ടുണ്ട്. ചൈനയെ സാമ്രാജ്യത്വശക്തികള്‍ ഭയപ്പെടുന്നത് ചൈനയ്ക്ക് വലിയ പട്ടാളമുള്ളതുകൊണ്ടല്ല, ചൈനയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ വിപണി ഉള്ളതുകൊണ്ടാണ്. ഇന്ത്യയിലെ പാതി ജനങ്ങള്‍ക്കെങ്കിലും നല്ല വാങ്ങല്‍ശേഷി ഉണ്ടായാല്‍ ഇന്ത്യന്‍ വിപണിയെയും സാമ്രാജ്യത്വം ഭയപ്പെടുകതന്നെ ചെയ്യും. ചൈനാപാതയല്ല, ഇന്ത്യന്‍ പാതയാണ് സ്വീകരിക്കേണ്ടത് എന്ന് പറയുമ്പോള്‍ അതെന്ത് എന്നുകൂടി കൃത്യതയോടെ നിര്‍വചിക്കേണ്ടതുണ്ട്.


ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടി സ്വീകരിച്ചുപോരുന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ല എന്നാണ് വിശാഖപട്ടണം കോണ്‍ഗ്രസ്സിന്റെ നിഗമനം എന്നാണ് മനസ്സിലാകുന്നത്. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടികോണ്‍ഗ്രസ് പെട്ടെന്നൊരു മാറ്റം പ്രഖ്യാപിക്കാറുമില്ല. നീണ്ട കാലത്തിനിടയില്‍ നയമാറ്റങ്ങള്‍ ഉരുത്തിരിഞ്ഞുവരികയാണ് പതിവ്. ഒരു തത്ത്വവും രാഷ്ട്രീയവും ഇല്ലാത്ത ചില സംസ്ഥാനപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ പിറകെനടന്ന നേതൃത്വം ഇവരേക്കാള്‍ ഭേദം കോണ്‍ഗ്രസ് തന്നെയാണ് എന്ന യാഥാര്‍ഥ്യം നാളെയെങ്കിലും അംഗീകരിക്കേണ്ടിവരും. ഇന്നും ഒരു ദേശീയ മതേതരപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസ് ബദ്ധശത്രുവാണെന്നത് ദേശീയതലത്തില്‍ അര്‍ഥപൂര്‍ണമായ നിലപാടിന് തടസ്സമാവാന്‍ പാടില്ലാത്തതാണ്. ബംഗാളില്‍ ശത്രുക്കളല്ലാതായിട്ടുണ്ട് സി.പി.എമ്മും കോണ്‍ഗ്രസ്സും. മുന്തിയ ശത്രുക്കള്‍ വേറെ വന്നുകഴിഞ്ഞു. കേരളത്തില്‍ അങ്ങനെ സംഭവിക്കുന്നതുവരെ കാത്തുനില്‍ക്കേണ്ടതുണ്ടോ? വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ വര്‍ഗീയവിരുദ്ധരുടെ കൂട്ടായ്മയല്ലാതെ എന്ത് അദ്ഭുതമാണ് നിര്‍ദേശിക്കാന്‍ കഴിയുക?

എല്ലാ പാര്‍ട്ടികളും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‌നമുണ്ട്. പാര്‍ട്ടിക്ക് നല്ല പ്രവര്‍ത്തകരെ കിട്ടാഞ്ഞാല്‍ എന്തുചെയ്യും? ബംഗാളില്‍നിന്ന് കൊണ്ടുവരാന്‍പറ്റില്ല. പണ്ട് നാട്ടിലെ പുതുതലമുറയ്ക്ക് മാതൃകയാവുന്ന, മാന്യതയും സംസ്‌കാരവും ഉള്ളവരായിരുന്നു ഗ്രാമങ്ങളില്‍പ്പോലുമുള്ള പ്രധാനപ്രവര്‍ത്തകര്‍. ഈ നില മാറുന്നു. എന്തുംചെയ്യാന്‍ മടിയില്ലാത്ത, പണത്തിനുവേണ്ടിമാത്രം രാഷ്ട്രീയപ്രവര്‍ത്തകന്റെ വേഷംകെട്ടുന്നവര്‍ പല പാര്‍ട്ടികളുടെയും പ്രാദേശികതലത്തിലെ നേതൃത്വം ഹൈജാക്ക് ചെയ്തിട്ടുണ്ട്. ഗുണ്ടായിസവും റിയല്‍ എസ്‌റ്റേറ്റ് വ്യാപാരവുമാണ് പലേടത്തും പൊതുപ്രവര്‍ത്തകരുടെ മുഖ്യ വരുമാനമാര്‍ഗം. സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തിയാണ് പല പ്രവര്‍ത്തകരെയും നയിക്കുന്നത്. പാര്‍ട്ടിയുടെ പല സംഘടനാ റിപ്പോര്‍ട്ടുകളിലും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാഡറുകളുടെ നിലവാരത്തകര്‍ച്ച സി.പി.എമ്മിന്റെയും ഭാവിയെ ബാധിക്കും. ലക്ഷ്യബോധവും ആശയവ്യക്തതയും അര്‍പ്പണമനോഭാവവുമുള്ള പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമൂഹത്തിന്റെ തിന്മകളെ നേരിടാന്‍ കഴിയില്ലെന്ന് മാത്രമല്ല, പാര്‍ട്ടിതന്നെ വലിയ തിന്മയായി മാറുകയും ചെയ്യും. 'കാണാന്‍ നല്ല മൊഞ്ചുള്ള ആള്‍' ജനറല്‍ സെക്രട്ടറിയായതുകൊണ്ടുമാത്രം പുതുതലമുറ ആകര്‍ഷിക്കപ്പെടില്ലല്ലോ. ലോക കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ ഫലമായുണ്ടായ ആത്മവിശ്വാസത്തകര്‍ച്ച ഇതോടൊപ്പം കണേണ്ടതുണ്ട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന്റെ നവോത്ഥാനത്തിന്റെകൂടി സൃഷ്ടിയാണെന്ന് പറയാറുണ്ട്. നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ ഇന്ന് അടിമുടി ചോദ്യംചെയ്യപ്പെടുകയാണ്. മതമൗലികവാദത്തിന്റെയും മത രാഷ്ട്രീയത്തിന്റെയും സംഘടിതശക്തികള്‍ കേരളത്തെ പഴയ ഭ്രാന്താലയത്തിന്റെ പുതിയ പതിപ്പായി രൂപാന്തരപ്പെടുത്തുകയാണ്. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക്് സമൂഹത്തെ പിടിച്ചുവലിക്കുന്ന മതഭ്രാന്തന്മാരെ ചെറുക്കാനെങ്കിലും ഇടതുപക്ഷം മുന്നില്‍നിന്നേ തീരൂ.

ജനാധിപത്യമൂല്യങ്ങള്‍കൂടി മുറുകെപ്പിടിക്കുന്ന പ്രവര്‍ത്തനത്തിലൂടെയേ ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയവിപണിയില്‍ ആവശ്യക്കാരില്ലാത്ത ഒരു എടുക്കാച്ചരക്കല്ല ധാര്‍മികമൂല്യങ്ങള്‍ എന്ന് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ ഉയര്‍ച്ച തെളിയിച്ചിട്ടുണ്ട്. പഴയ പാര്‍ട്ടികള്‍ക്കും മൂല്യവത്തായ പ്രവര്‍ത്തനങ്ങളിലൂടെ ജനപിന്തുണ നേടാം. ഇനിയൊരു അരനൂറ്റാണ്ട് അല്ല, ഒരു പതിറ്റാണ്ടെങ്കിലും കേരളത്തില്‍ നിലനില്‍ക്കാന്‍ സി.പി.എം. അങ്ങനെ ചിലതെല്ലാം ചെയ്‌തേതീരൂ.
(അവസാനിച്ചു)


Wednesday, 22 April 2015

ഒരു ക്യാമ്പസ് 'പീഡന കഥ'യുടെ പാഠങ്ങള്‍റോളിങ്ങ് സ്റ്റോണ്‍ മാനേജിങ്ങ് എഡിറ്റര്‍ വില്യം ഡാന, ലേഖിക സെബ്രീന

അമേരിക്കയിലെ ഒരു യൂനിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ട് അമേരിക്കന്‍ മാധ്യമങ്ങളും മാധ്യമപഠന വിദഗ്ദ്ധ•ാരുമെല്ലാം ചര്‍ച്ച ചെയ്യുകയാണ്. വാര്‍ത്തയ്ക്ക് ഒരു കുഴപ്പമേ ഉള്ളൂ-വാര്‍ത്ത സത്യമായിരുന്നില്ല എന്നുമാത്രം! അതിലെന്താണിത്ര ചര്‍ച്ച  ചെയ്യാന്‍ എന്ന് തോന്നിയേക്കാം. ഉണ്ട്, മാധ്യമരംഗത്തുള്ളവര്‍ക്ക് മാത്രമല്ല സമൂഹത്തിന് തന്നെയും ഒരുപാട് ചര്‍ച്ച ചെയ്യാനുണ്ട്, ഒരു പാട് പഠിക്കാനുമുണ്ട്.

റോളിങ്ങ് സ്റ്റോണ്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്തയുടെ  തലക്കെട്ട് ' റെയ്പ് ഇന്‍ ക്യാമ്പസ്' എന്നായിരുന്നു.  ബലാല്‍സംഗത്തെ അവരിപ്പോഴും പീഡനം എന്ന് പരിഷ്‌കരിച്ചിട്ടില്ല.  സാന്‍ഫ്രാന്‍സിസ്‌കോവില്‍ 1967 മുതല്‍ പ്രവര്‍ത്തിക്കുന്ന ദൈ്വവാരികയാണ് റോളിങ്ങ് സ്റ്റോണ്‍. ക്യാമ്പസ്സുകളില്‍ ബലാല്‍സംഗം പെരുകുന്നതായി സൂചിപ്പിക്കുന്ന സംഭവങ്ങള്‍ സമീപകാലത്തുണ്ടായപ്പോഴാണ് പത്രാധിപസമിതി ഇക്കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചത്. 2014 ജൂണില്‍ മാഗസീനിന്റെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ സബ്രിനാ റുബിന്‍ എര്‍ഡ്‌ലി ക്യാമ്പസ് ലൈംഗികകുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. അവര്‍ യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയയിലെ സ്റ്റാഫ് അംഗമായ എമിലി റെന്‍ഡയുടെ സഹായം തേടി. ലൈംഗികാക്രമണത്തിന് ഇരയായവരെ സഹായിക്കുന്ന ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തക കൂടിയായിരുന്നു എമിലി റെന്‍ഡ. പീഡിപ്പിക്കപ്പെട്ട ആരെയെങ്കിലും ബന്ധപ്പെടുത്തണം എന്നാണവര്‍ ആവശ്യപ്പട്ടത്. തന്റെ സഹപ്രവര്‍ത്തകയായിക്കഴിഞ്ഞ ഒരു പൂര്‍വവിദ്യാര്‍ത്ഥിനി സ്വന്തം അനുഭവം പറയുമെന്ന് എമിലി റെന്‍ഡ അറിയിച്ചപ്പോള്‍ ലേഖികക്ക് സന്തോഷമായി. പെണ്‍കുട്ടിയുമായി ഇ മെയിലില്‍ നിരന്തരം ബന്ധപ്പെട്ട് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു.

യഥാര്‍ത്ഥപേരിന്റെ ചുരുക്കമായി ജാക്കി എന്നാണ് റോളിങ്ങ് സ്റ്റോണ്‍ ഫീച്ചറില്‍ ലൈംഗികാക്രമണത്തിന്റെ ഇര വിളിക്കപ്പെട്ടത്. യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയയില്‍ 2012 സപ്തംബറിലാണ് തനിക്ക് ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നത് എന്നവര്‍ ലേഖികയോട് പറഞ്ഞു.  ക്യാമ്പസ് പൂളിലെ ലൈഫ്ഗാര്‍ഡ് ആയി പ്രവര്‍ത്തിക്കുന്ന ആള്‍ ഏഴ് ജൂനിയര്‍ വിദ്യാര്‍ത്ഥികളുമായിച്ചേര്‍ന്നാണ്് അത് ചെയ്തത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു സായാഹ്ന പാര്‍ട്ടിക്ക് ശേഷമാണ് സംഭവം. ആണും പണ്ണും മൂക്കറ്റം കുടിച്ച് ബോധം കെടുന്നതാണ് ഇത്തരം പാര്‍ട്ടികളുടെ പൊതുസ്വഭാവം. ആഗ്രഹിച്ച തരം കഥയാണ് ലേഖികയ്ക്ക് കിട്ടിയത്. പീഡനം ക്രൂരം, പരാതി അവഗണിക്കപ്പെട്ടു, കുറ്റവാളികള്‍ ക്യാമ്പസ്സിലൂടെ ഞെളിഞ്ഞുനടക്കുന്നു, വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നടപടിയില്ല- ഇതാണ് വാര്‍ത്ത.

പരാതിക്കാരിയുടെ വിവരണം അപ്പടി റിപ്പോര്‍ട്ടാക്കുകയല്ല ലേഖിക ചെയതത്. സംഭവം സത്യമാണ് എന്ന് ഉറപ്പാക്കാനുള്ള ശ്രമം നടത്തി. ആറുമാസം അവര്‍ അതിന് ചെലവഴിച്ചു. പക്ഷേ, പാടില്ല എന്ന് ജാക്കി നിര്‍ബന്ധം പിടിച്ചതുകൊണ്ടുമാത്രം പലരെയും നേരിട്ട് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. പലര്‍ക്കും സാങ്കല്‍പ്പിക പേരുകള്‍ ആണ് റിപ്പോര്‍ട്ടില്‍ നല്‍കിയത്.  പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കുന്നത് സ്വാഭാവികം. പക്ഷെ, കുറ്റവാളികളുടെ പേര് കൊടുക്കുന്നത് തന്നെ അപകടപ്പെടുത്തുമെന്ന് വിദ്യാര്‍ത്ഥിനി ഭയപ്പെട്ടതുകൊണ്ട് അതും സാങ്കല്‍പ്പികമാക്കി. ലൈംഗികപീഡനത്തിന് ഇരയായ ഒരു  വിദ്യാര്‍ത്ഥിനിയെ അവിശ്വസിച്ച്, പറയുന്ന ഓരോ വാക്കിനും തെളിവ് ചോദിക്കുക രണ്ടാമതൊരു പീഡനമാവും എന്ന് അറിയുന്നതുകൊണ്ടുതന്നെ, പലതും ചോദ്യം ചെയ്യാതെ സ്വീകരിക്കേണ്ടിവന്നു. എന്തായാലും 2014 നവമ്പറില്‍ റോളിങ്ങ് സ്റ്റോണ്‍ ഫീച്ചര്‍ സവിസ്തരം പ്രസിദ്ധപ്പെടുത്തി.

വലിയ സെന്‍സേഷന്‍ ആയിരുന്നു റിപ്പോര്‍ട്ട്. ലേഖിക പറയുന്നത് കുറെ ദിവസത്തേക്ക് തന്റെ ഫോണ്‍ നിലച്ച സമയമുണ്ടായിട്ടില്ല എന്നാണ്. റോളിങ്ങ് സ്റ്റോണ്‍ വെബ്‌സൈറ്റില്‍ വന്ന ലേഖനം 27 ലക്ഷമാളുകള്‍ കണ്ടു. സെലിബ്രിറ്റി അല്ലാത്ത ഒരാളെകുറിച്ച് ഇത്രയും പേര്‍വായിച്ച ഫീച്ചര്‍ അതിന് മുമ്പ് ഉണ്ടായിട്ടില്ല ആ സൈറ്റില്‍.

ഇത്രയും ലോകത്തെവിടെയും സംഭവിക്കാവുന്ന കാര്യംതന്നെ. ഇനി നടന്നതൊന്നും അങ്ങനെയല്ല.

വാര്‍ത്ത വന്നതുമുതല്‍ അവിശ്വാസത്തിന്റെ പുരികങ്ങള്‍ പലേടത്തും ഉയരുന്നുമുണ്ട് എന്ന് ലേഖിക ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റ് പ്രസിഡന്റ് സംഭവം അന്വേഷിക്കണമെന്ന് പോലീസ് ഉന്നതരോട് ആവശ്യപ്പെട്ടിരുന്നു. ലേഖിക എന്‍ഡ്‌ലിയും വെറുതെ ഇരുന്നില്ല. തന്റെ റിപ്പോര്‍ട്ട് സത്യമാണെന്ന് തെളിയിക്കേണ്ടത് തന്റെ ബാധ്യതയായതുകൊണ്ട് അവര്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കമിട്ടു. കുറ്റകൃത്യത്തിന് നേതൃത്വം വഹിച്ച ആ ലൈഫ്ഗാര്‍ഡിന്റെ പേര് പറയാന്‍ നമ്മുടെ മുഖ്യകഥാപാത്രം ഒടുവില്‍ സമ്മതിച്ചുവെങ്കിലും പേര് കൃത്യമായി പറയാതിരുന്നത് ലേഖികയില്‍ സംശയമുയര്‍ത്തി. പോലീസും ലേഖികയോട് തെളിവ് ചോദിക്കുന്നുണ്ടായിരുന്നു. ഒരു പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്ത  തെറ്റായാലും ശരിയായാലും മറ്റ് പ്രസിദ്ധീകരണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാറില്ല പല വികസിതരാജ്യങ്ങളിലും. വാഷിങ്ങ്ടണ്‍ പോസ്റ്റ് അപൂര്‍വമെന്ന് തോന്നിയ ഈ ക്യാമ്പസ് ക്രൂരതയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചു.

പല ഭാഗത്തുനിന്നും ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ ക്രമേണ കഥയിലെ പഴുതുകള്‍ വിപുലവും പ്രകടവുമായി. വാഷിങ്ങ്ടണ്‍ പോസ്റ്റ് അവയിലേക്ക് വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. വിദ്യാര്‍ത്ഥിനിയുടെ സംഭവവിവരണം അവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍പോലും വിശ്വസിക്കുന്നില്ല എന്നും പറഞ്ഞ ദിവസം ഒരു സോഷ്യല്‍ പാര്‍ട്ടി ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ കണ്ടെത്തി. പത്രം ഈ വിദ്യാര്‍ത്ഥിനികളുമായുള്ള അഭിമുഖവും പ്രസിദ്ധപ്പെടുത്തി. സംശയങ്ങളും അവിശ്വാസവും പെരുകിയപ്പോള്‍ ലേഖിക തന്നെ തന്റെ എഡിറ്ററോട് കാര്യം തുറന്നുപറഞ്ഞു-ഞാന്‍ എഴുതിയ വാര്‍ത്ത ശരിയല്ലെന്ന്  എനിക്ക് തോന്നുന്നു. റോളിങ്ങ് സ്റ്റോണ്‍ സ്ഥാപനത്തിന് വേണമെങ്കില്‍ മൗനം ദീക്ഷിച്ച് എല്ലാം മറച്ചുവെക്കാമായിരുന്നു. പക്ഷേ, അവര്‍ നമ്മുടെ നാട്ടിലൊന്നും ഒരു മാധ്യമവും ഇക്കാലംവരെ  ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തു. വാര്‍ത്ത സംബന്ധിച്ച് തങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ ലോകപ്രശസ്ത മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കൊളമ്പിയ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ്  ജേണലിസത്തോട് അഭ്യര്‍ത്ഥിച്ചു. സ്ഥാപനത്തിന്റെ മൂന്ന് വിദഗ്ദ്ധ•ാര്‍ സൗജന്യമായി ഈ ചുമതല നിര്‍വഹിക്കാന്‍ തയ്യാറായി.

മുന്നുപേര്‍ ചേര്‍ന്ന് തയ്യാറാക്കിയത് 45 പേജ് വരുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ്. (  വേേു://ംംം.രഷൃ.ീൃഴ/ശി്‌ലേെശഴമശേീി/ൃീഹഹശിഴബേെീിലബശി്‌ലേെശഴമശേീി.ുവു) പത്രസമ്മേളനം നടത്തിയാണ് അവര്‍ റിപ്പോര്‍ട്ട് ഏപ്രില്‍ അഞ്ചിന് പുറത്തിറക്കിയത്. അല്പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ 'ഒഴിവാക്കാമായിരുന്ന ഒരു വീഴ്ച'യാണ് മാധ്യമത്തിന് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോളിങ്ങ് സ്റ്റോണ്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞു- ( വേേു://ംംം.ൃീഹഹശിഴേെീില.രീാ/രൗഹൗേൃല/ളലമൗേൃല/െമൃമുലീിരമാുൗെംവമേംലിേംൃീിഴ20150405  ) മാനേജിങ്ങ് എഡിറ്ററുടെ 12644 വാക്കുകളുള്ള ദീര്‍ഘ വിശദീകരണം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ഏപ്രില്‍ എട്ടിന് കൊളംബിയ  യുനിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പ്രധാനഭാഗങ്ങളും പ്രസിദ്ധപ്പെടുത്തി. സ്വന്തം വീഴ്ചകള്‍ ഏറ്റുപറയുന്നതിനാണ് ഒരു മാധ്യമം ഇത്രയും സ്ഥലം ചെലവഴിച്ചതെന്നോര്‍ക്കണം. റിപ്പോര്‍ട്ടിങ്ങ്, എഡിറ്റിങ്ങ്, എഡിറ്റോറിയല്‍ മേല്‍നോട്ടം, വസ്തുതാ പരിശോധന തുടങ്ങിയ തലങ്ങളിലെല്ലാം സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച ഉണ്ടായി എന്നവര്‍ ഏറ്റുപറഞ്ഞു.

തുടര്‍ന്ന് ലേഖിക സബ്രിനാ റുബിന്‍ എര്‍ഡ്‌ലി സ്ഥാപനത്തോടും വായനക്കാരോടും സഹപ്രവര്‍ത്തകരോടും യൂണിവേഴ്‌സിറ്റി സമൂഹത്തോടും ഈ റിപ്പോര്‍ട്ട് കാരണം ഭാവിയില്‍ ഭയം തോന്നാനിടയുള്ള ലൈംഗികാക്രമണ ഇരകളോടും പരസ്യമായി മാപ്പ് ചോദിച്ചു. ലൈംഗികാക്രമണ ഇരയെ കൂടുതല്‍ ബുദ്ധിമുട്ടിക്കരുതെന്ന ചിന്തയാണ് തനിക്ക് റിപ്പോര്‍ട്ടിങ്ങിലെ പതിവ് മുന്‍കരുതല്‍ എടുക്കുന്നതില്‍ വീഴ്ച ഉണ്ടാവാന്‍ കാരണം എന്നവര്‍ വിശദീകരിച്ചു. ' ഇത്തരം  തെറ്റുകള്‍ ഇനി ഞാന്‍ ആവര്‍ത്തിക്കില്ല'  അവര്‍ ഉറപ്പുനല്‍കി.

പല ചോദ്യങ്ങളും ഇതിന് ശേഷം ഉയര്‍ന്നുവന്നു. ഇത്തരമൊരു വാര്‍ത്തയും വിവാദവും വനിതകള്‍ക്ക് ഹാനികരമല്ലേ, ബലാല്‍സംഗ ആരോപണങ്ങള്‍ വ്യാജമാകാം എന്ന ധാരണ സൃഷ്ടിക്കപ്പെടുന്നത് കുറ്റവാളികള്‍ക്ക് സഹായകമാവില്ലേ എന്നതാണ് പ്രധാന പ്രശ്‌നം. ഒപ്പം, കള്ളക്കഥ ലേഖികയോട് പറഞ്ഞത് എന്തിന് എന്ന ചോദ്യവും ഉയരുന്നു. ശരാശരി രണ്ടു മുതല്‍ എട്ടുവരെ  ശതമാനം തെറ്റായ കുറ്റാരോപണങ്ങള്‍ ഉണ്ടാകാറുണ്ട് എന്നതാണ് സാമൂഹ്യശാസ്ത്രജ്ഞരുടെയും കുറ്റകൃത്യഗവേഷകരുടെയും നിഗമനം. കുറ്റവാളികളുടെയും പരാതിക്കാരുടെയുമൊന്നും യഥാര്‍ത്ഥ പേരുകള്‍ പ്രസിദ്ധപ്പെടുത്തില്ല എന്ന് ലേഖിക വിദ്യാര്‍ത്ഥിനിക്ക് ഉറപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനി പോലീസിനോ യൂണിവേഴ്‌സിറ്റിക്കോ ഒന്നും എഴുതി നല്‍കിയിരുന്നില്ല എന്നതും വ്യാജക്കഥ  ഉണ്ടാക്കാന്‍ സഹായകമായി എന്ന നിഗമനമുണ്ട്. എന്തിന് വ്യാജക്കഥ ചമച്ചു എന്ന ചോദ്യത്തിന് ആരും ഉത്തരം  കണ്ടെത്തിയതായി തോന്നുന്നില്ല.

ലൈംഗികാക്രമണ വാര്‍ത്ത ആയതുകൊണ്ടല്ല ലേഖികയ്ക്ക തെറ്റ് പറ്റിയത്. എഴുതുന്ന ആള്‍ക്ക് വൈകാരികമായ ഒരു നിലപാടും മുന്‍വിധിയും ഉണ്ടാകുന്ന ഏത് റിപ്പോര്‍ട്ടിലും തെറ്റ് സംഭവിക്കാം. ' ശരിയോ എന്ന് പല വട്ടം പരിശോധിക്കാന്‍ മനസ്സ് സമ്മതിക്കാത്ത അത്രയും നല്ല വാര്‍ത്ത' കൈകാര്യം  ചെയ്യേണ്ടി വരുമ്പോഴെല്ലാം ഇത് സംഭവിക്കും. അധികം സംശയം ഉണ്ടായാല്‍ വാര്‍ത്ത തന്നെ ഇല്ലാതായിപ്പോകുമോ എന്ന ലേഖകന്റെ ഭയമുണരാം. മോനേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് അച്ഛനോ അമ്മയോ പറഞ്ഞാല്‍ അതിനും തെളിവ് ചോദിക്കണം എന്നെല്ലാം പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതില്‍ കഴമ്പുണ്ട് എന്ന് വേണം കരുതാന്‍.

വാര്‍ത്തയുടെ ശേഖരണത്തിലും അവതരണത്തിലും തെറ്റ് സംഭവിച്ചു എന്ന്് ബോധ്യമായപ്പോള്‍  അതിനോട്  സ്ഥാപനവും മറ്റ് പ്രസിദ്ധീകരണങ്ങളും പ്രതികരിച്ച  രീതിയില്‍ പ്രകടിതമായ മാധ്യമ ധാര്‍മികതയില്‍ നിന്നാണ് നാം കൂടുതല്‍ പാഠങ്ങള്‍ പഠിക്കേണ്ടത് എന്ന് തോന്നുന്നു. എത്ര കരുതലെടുത്താലും തെറ്റ് സംഭവിക്കാവുന്ന മേഖലയാണ് റിപ്പോര്‍ട്ടിങ്ങ്. ചെറിയ തെറ്റുകള്‍ക്ക് പോലും മാധ്യമങ്ങള്‍ വായനക്കാരോട് ഉത്തരം പറയേണ്ടതുണ്ട് താനും. തെറ്റുകളെ കണ്ണുമടച്ച് ന്യായീകരിച്ചാലല്ല, അന്വേഷിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞാലാണ് മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത നേടാനാവുക എന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തനമാണ് മിക്ക വികസിത രാജ്യങ്ങളിലും നടക്കുന്നത്. നാം എവിടെ നില്‍ക്കുന്നു എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.
മാധ്യമം പത്രത്തിലെ മാധ്യമപക്ഷം പംക്തിയില്‍  2015 എപ്രില്‍ 22ന് പ്രസിദ്ധപ്പെടുത്തിയത്‌

Tuesday, 21 April 2015

സെന്‍സേഷനിസം രൂപപ്പെടുന്നതെങ്ങനെ ?


മനുഷ്യര്‍ക്കിടയിലെ നീതി ബോധത്തില്‍ എത്രത്തോളം വൈവിദ്ധ്യമാര്‍ന്ന സമീപനങ്ങളുണ്ടോ അത്രത്തോളം വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് മാധ്യമ ലോകത്തിലെ നീതി ബോധവും  എന്നതാണ് ഈ വിഷയത്തില്‍ നാം ആദ്യം മനസ്സിലാക്കേണ്ടത്. മാധ്യമങ്ങള്‍ എന്ന് പറയുന്നത് ഒരു ഏകശിലാഖണ്ഡമല്ല. മതങ്ങള്‍ എന്ന് പൊതുവായി പറയുമ്പോള്‍ അതില്‍ എത്ര വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ ഘടകങ്ങള്‍ ഉണ്ടോ അതില്‍ ഇരട്ടി ഉണ്ട് മാധ്യമങ്ങളില്‍. സത്യധാരയും ഒരു മാധ്യമമാണല്ലോ. മാധ്യമലോകത്തെ മൊത്തം പ്രതിനിധീകരിക്കാന്‍ സത്യധാരയ്ക്ക് കഴിയില്ലെന്നതുപോലെ വേറെ ഒരു മാധ്യമത്തിനും കഴിയില്ല. അതുകൊണ്ടുതന്നെ മാധ്യമനീതി ബോധം സംബന്ധിച്ച് എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായ ഒരു കാഴ്ചപ്പാടും നല്‍കാന്‍ എനിക്ക് കഴിയില്ല.

ഒരു പക്ഷേ മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളെ ഞാന്‍ പ്രതിനിധാനം ചെയ്യുന്നു എന്നതാവാം നിങ്ങളുടെ സങ്കല്‍പ്പം. ഇതുപോലും വൈവിദ്ധ്യങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വലിയ  മാറ്റമൊന്നുമുണ്ടാക്കുന്നില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങളെയും ഉദ്ദേശ ലക്ഷ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നവയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോരോന്നും. മുഖ്യധാര എന്ന പ്രയോഗത്തില്‍ പോലും ഇപ്പോള്‍ വലിയ കഴമ്പില്ല. രൂപത്തിലും ഭാവത്തിലും നയങ്ങളിലും നിലപാടുകളിലും എല്ലാം ഇവ ഏതാണ്ട് ഒരേ രീതികളാണ് പുലര്‍ത്തുന്നത്. ടെക്‌നോളജിയിലോ വാര്‍ത്ത സംബന്ധിയായി കാഴ്ചപ്പാടിലോ വാര്‍ത്ത സ്വീകരിക്കുന്ന രീതിയിലോ അതിനുള്ള മൂലധനം സ്വീകരിക്കുന്നതിലോ അതിന്റെ നിലനില്‍പ്പിനായുള്ള പരസ്യങ്ങള്‍ സ്വീകരിക്കുന്നതിലോ വ്യാപാരത്തിന്റെ അനിവാര്യഘടകങ്ങളായ ഉപഭോക്താക്കളെ കണ്ടെത്തുന്നതിലോ ചെറിയ വ്യത്യാസങ്ങളേ ഇവകള്‍ തമ്മിലുള്ളൂ. അതുകൊണ്ടുതന്നെ മാധ്യമസംസ്‌കാരത്തിന്റെ നീതിബോധം എന്ന പദ പ്രയോഗത്തില്‍ ഞാന്‍ വലിയ അര്‍ത്ഥമൊന്നും കാണുന്നില്ല.

നീതിക്കുപകരം പക്ഷപാതിത്വത്തിനും സെന്‍സേഷനും മാധ്യമങ്ങള്‍ സമയം ചെലവഴിക്കുന്നുണ്ടോ എന്നതും ഇതുപോലൊരു  കാഴ്ചപ്പാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. നീതിയെന്നത് എല്ലാവര്‍ക്കും തുല്യനിലയില്‍ ബാധകമായ, ഏറ്റക്കുറച്ചിലില്ലാത്ത ഒന്നായിക്കാണാന്‍ കഴിയില്ല. നീതി എന്നതുതന്നെ അമൂര്‍ത്തമായ സങ്കല്‍പ്പമാണ്. മനുഷ്യന്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടി കച്ചവടം ചെയ്യുന്നതും ലാഭമുണ്ടാക്കുന്നതും അനീതിയല്ല. മാധ്യമം ഒരു വാണിജ്യസ്ഥാപനം തന്നെയാണ്. അനീതി വരുന്നത് പാലില്‍ വെള്ളം ചേര്‍ത്തുവില്‍ക്കുമ്പോഴാണ്.സത്യമായ വാര്‍ത്ത നല്‍കാം എന്നുള്ളത് ജനങ്ങളുമായുള്ള അലിഖിതമായ കരാറാണ്. ഡോക്റ്ററെ കാണാന്‍ ചെല്ലുന്ന രോഗിക്ക് ശരിയായ മരുന്ന് ശരിയായ ഡോസില്‍ നല്‍കും എന്നുള്ള അലിഖിതകരാര്‍ പോലെയുള്ള ഒന്നാണ് അതും. പക്ഷേ, ഒരേ രോഗത്തിന് രണ്ട് ഡോക്റ്റര്‍മാര്‍ നല്‍കുന്ന മരുന്നില്‍ വ്യത്യാസം ഉണ്ടാകാം.  അതിന്റെ പതി•ടങ്ങ് വ്യത്യാസം മാധ്യമങ്ങള്‍ ഒരേ കാര്യം കൈകാര്യം ചെയ്യുമ്പോഴും ഉണ്ടാകാം. നീതിയെക്കുറിച്ചുള്ള വൈവിദ്ധ്യപൂര്‍ണമായ നിലപാടില്‍നില്‍ക്കുമ്പോള്‍ ഒരാളുടെ അനീതി മറ്റൊരാളുടെ നീതിയാകുക സ്വാഭാവികം മാത്രം. പക്ഷപാതിത്വം മാധ്യമ ത്തൊഴിലില്‍ തെറ്റായ ഒരു കാര്യമല്ല. പത്രങ്ങള്‍ പലതും പല പല പക്ഷങ്ങളെ പ്രതിനിധീകരിച്ചാവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പക്ഷപാതിത്വം ഉണ്ടാകും. എത്രയെല്ലാം വസ്തുനിഷ്ഠത അവകാശപ്പെട്ടാലും മനുഷ്യന്‍ ആത്മനിഷ്ഠമായാണ് മിക്ക  കാര്യങ്ങളും നിര്‍വഹിക്കുക. അതുകൊണ്ടും പക്ഷപാതിത്വം ഉണ്ടാകും. ഈ വൈവിദ്ധ്യത്തില്‍ നിന്നാണ് സെന്‍സേഷനിസം പോലും ഉണ്ടാകുന്നത്. അതും കുറെയെല്ലാം അനുവദനീയമാണ്.

മീഡിയ എത്തിക്‌സ് പോലും മറ്റു പ്രൊഫഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ലിഖിത നിയമവ്യവസ്ഥയായി മാധ്യമ രംഗത്ത് നിലനില്‍ക്കുന്നില്ല. നില നില്‍ക്കാന്‍ സാധ്യവുമല്ല. ഡോക്റ്റര്‍മാരുടെയോ എന്‍ജിനീയര്‍മാരുടെയോ തൊഴില്‍ ധാര്‍മികത ലിഖിതവും  കൃത്യവുമാണ്. ശരിയും തെറ്റും  വേര്‍തിരിച്ചറിയുക എളുപ്പമാണ്. പക്ഷേ, മാധ്യമരംഗത്ത് അതൊട്ടും സാധ്യമല്ല. കാലത്തിന് അനുസരിച്ച്,  ദേശത്തിന് അനുസരിച്ച്, ചിലപ്പോള്‍ സന്ദര്‍ഭത്തിന് അനുസരിച്ചും ശരിയും തെറ്റും മാറിക്കൊണ്ടിരിക്കാം. രീതികള്‍ മാറാം. ഇന്നലെ തെറ്റാണ്  എന്ന് പറഞ്ഞിരുന്ന പലതും ഇന്ന് ശരിയാകും. ഒരു രാജ്യത്തെ തെറ്റ് മറ്റൊരിടത്തെ ശരിയാകും. ഒരേ നാട്ടിലെ  രണ്ട് പ്രദേശങ്ങള്‍ തമ്മില്‍ പോലും ഈ വൈവിദ്ധ്യമുണ്ടാകാം. മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധിക്കകത്ത് വരുന്നതാണ് അതും. തള്ളാനുള്ള പൂര്‍ണസ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടല്ലോ.

മാധ്യമം ഒരു വ്യവസായം ആണ് എന്ന് പറഞ്ഞല്ലോ. ലാഭത്തിലൂടെ നിലനില്‍ക്കുന്ന വ്യവസായമാണ് അത്. അതുകൊണ്ടുതന്നെ അതിന്റെ ധാര്‍മികതകള്‍ ആ രീതിയിലാണ് രൂപപ്പെടുന്നത്. ജനങ്ങള്‍ സാധാരണ വ്യവസായങ്ങളെ കാണുംപോലെ മാധ്യമവ്യവസായത്തെ കാണാന്‍ തയ്യാറല്ല.  സാധാരണ വ്യവസായമല്ല തന്നെ മാധ്യമം. ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുകയും ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും  ചെയ്യുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് ആണ് ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഇതില്‍ എന്താണ് മാധ്യമത്തിന്റെ അവസ്ഥ ?  മാധ്യമം ഇതുരണ്ടുമാണ്.  മൂലധനം നിക്ഷേപിച്ച് ലാഭമുണ്ടാക്കി മാത്രം പ്രവര്‍ത്തിക്കാനും  നിലനില്‍ക്കാനും കഴിയുന്ന വ്യവസായമാണത്. ജനങ്ങള്‍ നീതി പൂര്‍വകമായ ജുഡീഷ്യറി നിലനില്‍ക്കാന്‍ നികുതി നല്‍കുന്നുണ്ട്. നീതിപൂര്‍വകമായ മാധ്യമം ഉ്ണ്ടാകാനുള്ള നികുതി നല്‍കുന്നുമില്ല. അതേ സമയം,  ഫോര്‍ത്ത് എസ്റ്റേറ്റ് ധര്‍മം നിര്‍വഹിക്കുന്നില്ലെങ്കില്‍ മാധ്യമത്തിന് ജനങ്ങളും പൊതുസമൂഹവും ഭരണകൂടവും നല്‍കുന്ന എല്ലാ പരിഗണനകളും നഷ്ടപ്പെടും. ജനങ്ങള്‍ക്ക് എവിടെയെല്ലാം നീതി നിഷേധിക്കപ്പെടുന്നുവോ അവിടെയെല്ലാം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ജനങ്ങള്‍ മാധ്യമങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന നീതി.  അത്തരം  സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക  നേട്ടമോ ഭരണകൂടത്തിന്റെ അംഗീകാരമാ പ്രതിഫലമോ പ്രതിപത്തിയോ പ്രതീക്ഷിച്ച് അനീതിയുടെ പക്ഷത്താണ് ഒരു സ്ഥാപനം  നില്‍ക്കുന്നതെങ്കില്‍ അവര്‍ അര്‍ഹിക്കുന്നത് തിരിച്ചടി, ശിക്ഷ അവര്‍ക്ക്  നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകണം. നിങ്ങളുടെ പിന്നില്‍ ഞങ്ങളില്ല എന്ന് അവരോട് പറയാന്‍ ജനങ്ങള്‍ക്ക് കഴിയണം. അഞ്ച് വര്‍ഷത്തിലൊരിക്കലേ തന്റെ ജനപ്രതിനിധിയോട് അത് പറയാന്‍ ജനങ്ങള്‍ക്ക് കഴിയൂ. വര്‍ഷത്തില്‍ 350 ദിവസമെങ്കിലും മാധ്യമത്തോട് അത് പറയാന്‍ കഴിയും.   അങ്ങനെയേ അവരുടെ തെറ്റ് തിരുത്തിക്കാന്‍ കഴിയൂ. ജനങ്ങളുടെ ബോധത്തില്‍ നീതി ജീവത്തായി നില നില്‍ക്കുന്നുണ്ടെങ്കിലേ ഇങ്ങനെ സംഭവിക്കൂ. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യബോധമുള്ളവര്‍ നടത്തേണ്ടത്.
(സത്യധാര ദൈ്വവാരിക 2015 ഫിബ്രുവരി 1-28 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്. )

Sunday, 19 April 2015

അടവുനയ തന്ത്രകുതന്ത്രംഈ പ്രക്രിയ അനന്തമായി തുടരും. ഇതിനിടെ, കഴിഞ്ഞ ചര്‍ച്ചക്കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ഏതെങ്കിലും പാര്‍ട്ടി ഏതെങ്കിലും സംസ്ഥാനത്ത് അധികാരം പിടിക്കും. അതിനിപ്പം നമ്മളെന്താക്ക്വാനാണ്‍ !

അധികാരത്തിലേറാന്‍ ഏത് ചെകുത്താനുമായും കൂട്ടുപിടിക്കുക എന്നതാണ് പാര്‍ട്ടികളുടെ ദേശീയനയം. ഏത് ചെകുത്താനെ കൂട്ടണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടികള്‍ കേന്ദ്രകമ്മിറ്റി വിളിച്ചുചേര്‍ക്കാറില്ല. കൂട്ടുകൂടി സീറ്റ് ഓഹരിവെച്ചുകൊള്ളുക എന്നതാണ് സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍. അടവ്, നയം, തന്ത്രം, കുതന്ത്രം എന്നീ ഗണത്തില്‍ പെടുത്താവുന്ന എന്തും ചെയ്യാം. അതിന് കേന്ദ്രനേതൃത്വം, ഹൈക്കമാന്‍ഡ് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന യജമാനന്മാരുടെ അനുമതിയൊന്നും വേണ്ട. പാര്‍ട്ടി നിലനില്‍ക്കുന്നതുതന്നെ അധികാരത്തിനുവേണ്ടിയാണ്. ആരും അധികാരം എന്തിനുവേണ്ടി എന്ന് ചോദിക്കാറില്ല. അധികാരം അധികാരത്തിനുവേണ്ടിയല്ല. ആ സംഗതി കൈയില്‍ക്കിട്ടിയാല്‍ നൂറുകാര്യങ്ങള്‍ ചെയ്യാനുണ്ട്. നൂറില്‍ അമ്പതുകാര്യങ്ങള്‍ പുറത്തുപറയാന്‍ കൊള്ളുന്നവയും ശേഷിച്ചവ സ്വകാര്യമായി ചെയ്യേണ്ടവയുമാണ്.
ഏത് ചെകുത്താനുമായും കൂട്ടുപിടിക്കാം എന്നുള്ളതിന് ഏറ്റവും ഒടുവിലത്തെ തെളിവ് രാജ്യത്തിന്റെ ഏറ്റവും ടോപ്പില്‍ കിടക്കുന്ന ജമ്മുകശ്മീര്‍ സംസ്ഥാനത്ത് ആര്‍ഷഭാരത ആദര്‍ശപാര്‍ട്ടി പങ്കാളിത്തംവഹിക്കുന്ന സര്‍ക്കാറാണ്. പി.ഡി.പി. എക്കാലത്തും ബി.ജെ.പി.യെ ചെകുത്താന്‍ എന്നേ വിളിക്കാറൂള്ളൂ. ബി.ജെ.പി. മറ്റേതിനെയും. ഒന്ന് ഹിന്ദുത്വ ഫാസിസ്റ്റ് വര്‍ഗീയപാര്‍ട്ടി. മറ്റേത് രാജ്യദ്രോഹഭീകരവാദിപാക് അനുകൂലദേശവിരുദ്ധ പാര്‍ട്ടി. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഭൂരിപക്ഷം ആര്‍ക്കുമില്ലെന്ന്. അത് വലിയ പ്രശ്‌നംതന്നെ. ഏത് പ്രശ്‌നമാണ് ലോകത്ത് പറഞ്ഞാല്‍ തീരാത്തതായുള്ളത്? ബി.ജെ.പി.യും പി.ഡി.പി.യും മാരത്തോണ്‍ ചര്‍ച്ചനടത്തി പ്രശ്‌നം തീര്‍ത്ത് മന്ത്രിസഭയുണ്ടാക്കി. ഇപ്പോള്‍ അവര്‍ തമ്മിലുള്ള പ്രശ്‌നം അധികകാലം നീണ്ടുനില്‍ക്കില്ല. മന്ത്രിസഭ വീഴുംവരെയേ ഉണ്ടാകൂ. അധികം വൈകില്ല.

കശ്മീരില്‍ കണ്ടതാണ് അതിന്റെ പൊതുസ്വഭാവം എന്നത് ശരി. പക്ഷേ, എല്ലാവരും അങ്ങനെയല്ല. അത്യപൂര്‍വം ചില പാര്‍ട്ടികള്‍ക്ക് ഡല്‍ഹി കേന്ദ്ര ഓഫീസിലെ എ.സി. മുറിയിലിരുന്ന് ആലോചിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമല്ല അടവും തന്ത്രവുമൊക്കെ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിനെ എടുക്കുക. മൂന്നുവര്‍ഷം കൂടുമ്പോള്‍ അവര്‍ രാജ്യത്തെവിടെയെങ്കിലും ലക്ഷങ്ങള്‍ ചെലവാക്കി പന്തലുകെട്ടി, കോണ്‍ഗ്രസ്, പ്ലീനം, പ്രീഹം തുടങ്ങിയ വിചിത്രനാമങ്ങളുള്ള സമ്മേളനങ്ങള്‍ നടത്തി, അമ്പതും നൂറും പേജുള്ള രേഖകള്‍ വായിച്ച്, രാവും പകലും ചര്‍ച്ച നടത്തും. എന്നിട്ട് കഴിഞ്ഞ പ്രാവശ്യം ചര്‍ച്ചചെയ്ത് എടുത്ത തീരുമാനം പിശകിപ്പോയെന്ന് തീരുമാനിക്കും. വീണ്ടും അടുത്ത പ്രാവശ്യം ചര്‍ച്ചചെയ്യാന്‍ തീരുമാനമെടുക്കും. അത് തെറ്റിപ്പോയി, അന്നേ തീരുമാനിക്കേണ്ടതായിരുന്നു എന്ന് അടുത്ത കോണ്‍ഗ്രസ് വിലയിരുത്തും. ഈ പ്രക്രിയ അനന്തമായി തുടരും. ഇതിനിടെ, കഴിഞ്ഞ ചര്‍ച്ചക്കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ഏതെങ്കിലും പാര്‍ട്ടി ഏതെങ്കിലും സംസ്ഥാനത്ത് അധികാരം പിടിക്കും. അതിനിപ്പം നമ്മളെന്താക്ക്വാനാണ്‍

ഇക്കുറി വിശാഖപട്ടണത്ത് ചര്‍ച്ച പൂര്‍വാധികം ഭംഗിയായി നടക്കുകയുണ്ടായി. പ്രപഞ്ചത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷംനടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ച് ചര്‍ച്ചചെയ്തു. ചൈനയിലും ബൊളീവിയയിലും വെനസ്വേലയിലും യുെ്രെകനിലും ഉണ്ടായ സംഭവങ്ങള്‍ വിവരിച്ച് ഡസന്‍ പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെ, രാജ്യത്തെ സകലപ്രശ്‌നങ്ങള്‍ക്കും കാരണക്കാരായ കോണ്‍ഗ്രസ്ബി.ജെ.പി. സര്‍ക്കാറുകളെ, പിന്തിരിപ്പന്മാരെ, ആഗോളീകരണക്കാരെ, മുതലാളിത്തത്തെ, സാമ്രാജ്യത്വത്തെ... സകല കാളികൂളികളെയും രൂക്ഷമായി അപലപിച്ചിട്ടുമുണ്ട്. ആകപ്പാടെ എല്ലാം പതിവിന്‍പടിതന്നെ. ലോകം അതിന്റെവഴിക്ക് പോകുന്നു, നമ്മുടെ പാര്‍ട്ടി അമ്പതുകൊല്ലംമുമ്പ് തുടങ്ങിയേടത്തുനിന്ന് ആറടി പിന്നിലേക്ക് പോയിരിക്കുന്നു.

ദേശീയരാഷ്ട്രീയത്തില്‍ ഒരു കരപിടിക്കാന്‍വേണ്ടി പാര്‍ട്ടി കാല്‍നൂറ്റാണ്ടായി നടത്തുന്ന യത്‌നങ്ങള്‍ ഏറ്റുപറയുന്നുണ്ട് വിശാഖപട്ടണത്തെ കോണ്‍ഗ്രസ്സില്‍; 61 ഖണ്ഡികയുള്ള രേഖയില്‍. ഇതിനെ അടവുനയ രേഖ എന്നാണ് വിളിക്കുക. വായിച്ചാല്‍ ശത്രുക്കള്‍ക്കുപോലും സങ്കടം തോന്നും. ആദ്യം കുറേക്കാലം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഹോരാത്രം പ്രയത്‌നിച്ചു. പാര്‍ട്ടി ശക്തിപ്പെട്ടില്ല. പിന്നെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ വിയര്‍പ്പൊഴുക്കി. ഐക്യം ശക്തിപ്പെട്ടില്ല. പിന്നെ മൂന്നാം ബദലുണ്ടാക്കാന്‍ തത്രപ്പെട്ടു. മൂന്നാം ബദല്‍ ഉണ്ടായില്ല. രണ്ടുപതിറ്റാണ്ട് മുമ്പാണ് മൂന്നാം ബദലുണ്ടാക്കാനുള്ള പാച്ചില്‍ തുടങ്ങിയത്. 15 വര്‍ഷമാണ് അതിന് മെനക്കെട്ടത്. ഇരുപതാം കോണ്‍ഗ്രസ്സില്‍ അടിമുടി ചര്‍ച്ചചെയ്തപ്പോള്‍ രണ്ട് കാര്യങ്ങള്‍ മനസ്സിലായി. ഒന്ന്, മൂന്നാം ബദലൊന്നും നടക്കുന്ന സംഗതിയല്ല. രണ്ട്, അതിന് മെനക്കെട്ട് നടന്നുനടന്ന് പാര്‍ട്ടി ശോഷിച്ചുപോയി. ഇനി പഴയ പണിതന്നെ മതി എന്ന് തീരുമാനിച്ചുഇടതുജനാധിപത്യ മുന്നണി പടുത്തുയര്‍ത്തല്‍. ദേശീയ തലത്തിലും നമ്മള്‍ പഴയ പണിതന്നെ തുടര്‍ന്നു. കോണ്‍ഗ്രസ്സിനെ താഴ്ത്താന്‍ നോക്കുമ്പോള്‍ ബി.ജെ.പി. ഉയരും. അപ്പോള്‍ ബി.ജെ.പി.യെ താഴ്ത്താന്‍ നോക്കും അപ്പോള്‍ കോണ്‍ഗ്രസ് ഉയരും. ബി.ജെ.പി. താഴും കോണ്‍ഗ്രസ് പൊങ്ങും മറിച്ച്, തിരിച്ച്... അങ്ങനെ കാലമെത്ര പോയി. എവിടെയെത്തി ലോകം, എവിടെ നില്‍ക്കുന്നു നമ്മള്‍? ഈശ്വരോ രക്ഷത്...

ഇനി ഇടതുപക്ഷ ഐക്യംതന്നെ രക്ഷ. മുമ്പെല്ലാം ലോകകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് കോണ്‍ഗ്രസ് മേള കാണാന്‍ ക്ഷണിക്കാറുള്ളത്. കുറേക്കാലം വന്നു അവര്‍. വലിയ പ്രയോജനമുണ്ടായില്ല. വിമാനച്ചാര്‍ജ് കൊടുക്കാന്‍ വകയില്ലാത്ത കൂട്ടരാണ് പലരും. എന്തിന് കഷ്ടപ്പെടുത്തണം? ഇത്തവണ ദേശീയ ഇടതുപക്ഷത്തെയാണ് വിളിച്ചത്. ഭാഗ്യത്തിന് എല്ലാം സി.പി.എമ്മിന്റെ താഴെയേ നില്‍ക്കൂ. സി.പി.എമ്മിന്റെ വോട്ടുതന്നെ രാജ്യത്തെ മൊത്തം വോട്ടിന്റെ മൂന്നുശതമാനമേ വരൂ. മൂന്ന് സംസ്ഥാനത്താണ് അതില്‍ നാലില്‍ മൂന്നും. സി.പി.ഐ.യുടെ വോട്ട് ഒരുശതമാനം തികയില്ല. പിന്നെ ആര്‍.എസ്.പി.അതിന്റെ പാതിയേ ഇടതുമുന്നണിയിലുള്ളൂ. ബാക്കി പാതി വലതുമുന്നണിയിലാണ്. പിന്നെ ഫോര്‍വേഡ് ബ്ലോക്ക്. ഊക്കന്‍ പാര്‍ട്ടിയാണ്. വോട്ടെത്രയുണ്ട് എന്ന് ഭൂതക്കണ്ണാടിവെച്ച് നോക്കണം. ഇവരെല്ലാം ചേര്‍ന്നാണ് കാല്‍നൂറ്റാണ്ടുകൊണ്ട് രാജ്യം പിടിച്ച് സോഷ്യലിസം നടപ്പാക്കാന്‍ പോകുന്നത്. ലാസ്റ്റ് ബസ്സിന്റെ കാര്യം പറഞ്ഞതുപോലെ വരും വരാതിരിക്കില്ല.
                                                                                        ******

രാഷ്ട്രീയത്തില്‍ ഏത് സത്യം പറയാം, ഏത് സത്യം പറയാന്‍ പാടില്ല എന്ന് സീനിയര്‍ നേതാവായ പി.പി. തങ്കച്ചന് അറിയില്ലെന്ന് കരുതാന്‍ നിവൃത്തിയില്ല. മന്ത്രിയൊന്നുമായില്ലെങ്കിലും ഐ.ജ. മുന്നണി കണ്‍വീനറല്ലേ ചേട്ടന്‍. സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് രൂപവത്കരിച്ചതുതന്നെ പാര്‍ട്ടികളെ നിരീക്ഷിക്കാനാണ് എന്ന് തങ്കച്ചന്‍ പറഞ്ഞതായി മാധ്യമറിപ്പോര്‍ട്ടുണ്ട്. സത്യമാവില്ല, വളച്ചൊടിച്ചതാവും. സ്‌പെഷല്‍ ബ്രാഞ്ച് രൂപവത്കരിച്ചകാലം മുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ നിരീക്ഷിക്കുന്നുണ്ട് എന്നാവും ചേട്ടന്‍ പറഞ്ഞത്. അതാണ് സത്യം.
യു.ഡി.എഫ്. സര്‍ക്കാറിനെ താഴെയിറക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് എന്നറിയാന്‍ സ്‌പെഷല്‍ ബ്രാഞ്ചൊന്നും ആവശ്യമില്ലല്ലോ. പോലീസ് അറിയുംമുമ്പ് അത് നാട്ടില്‍ പാട്ടാവും അല്ലെങ്കില്‍ നാട്ടില്‍ പാട്ടായാലേ അത് പോലീസ് അറിയൂ എന്നും പറയാം. മന്ത്രിസഭയുടെ അല്ലെങ്കില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് ചുമതലയുണ്ട്. നാട്ടില്‍ നടക്കാനിടയുള്ള എന്തും ക്രമസമാധാനപാലനത്തിന് ഭീഷണിയാവുമെങ്കില്‍ പോലീസിന് ശ്രദ്ധിക്കാതെ പറ്റില്ലല്ലോ.
മതി ഇത്രയും മതി. ആരെങ്കിലും കൂറുമാറാന്‍ ആലോചിക്കുന്നുണ്ടോ, ആരെയെങ്കിലും വിളിച്ച് രഹസ്യചര്‍ച്ച നടത്തുന്നുണ്ടോ എന്നെല്ലാം അന്വേഷിക്കാന്‍ ഇതുതന്നെ മതിയായ കാരണമാണ്. ഫോണ്‍ ചോര്‍ത്താന്‍ പ്രത്യേക അനുമതി വേണം എന്നാണ് ചട്ടം. അതിനര്‍ഥം അനുമതിയില്ലാതെ ആരുടെയും ഫോണ്‍ ചോര്‍ത്തില്ല എന്നല്ല. ജനപ്രതിനിധികളുടെ പിറകെ നടക്കാന്‍ പോലീസ് ആളെ അയയ്ക്കരുത് എന്നുപറയാം. പക്ഷേ, പിറകെ ആള്‍ പോകാതെതന്നെ ആര്, എവിടെ പോകുന്നു, ആരോട് ബന്ധപ്പെടുന്നു എന്നറിയാന്‍ സംവിധാനം ഇപ്പോഴുണ്ട്. രാജാവിനേക്കാള്‍ രാജഭക്തിയുള്ളവരെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുത്തണം. പിന്നെ അവര്‍ക്ക് ഉത്തരവുകള്‍ കൊടുക്കേണ്ട. എല്ലാം അറിഞ്ഞ് ചെയ്തുകൊള്ളും.

എന്തായാലും എന്ത് സത്യം പറയണം എന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അറിയാം. എം.എല്‍.എ.മാരെ നിരീക്ഷിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പണ്ട് ശ്രമിച്ചിട്ടില്ല, ഇപ്പോള്‍ ശ്രമിക്കുന്നില്ല, ഭാവിയില്‍ ശ്രമിക്കുകയുമില്ല. ഓക്കെ ?