ന്യൂസ് റൂമുകള്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്നുണ്ടാ ?


ഈയിടെ ദ ഹിന്ദു പത്രം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ എത്രത്തോളം സമൂഹത്തിന്‍െറ ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കുന്ന പഠനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഒരുപക്ഷേ ആദ്യമായാകണം ഒരു പത്രം ഈ രീതിയില്‍ ഒരു പഠനം നടത്തുന്നത്. പഠനത്തിലെ കണ്ടത്തെലുകള്‍ ശ്രദ്ധേയമായിരുന്നു. മിക്ക പാര്‍ട്ടികളിലും വനിതകള്‍, ന്യൂനപക്ഷജനവിഭാഗങ്ങള്‍, ദലിത്-ആദിവാസിവിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം വളരെ മോശമായിരുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സമിതിയില്‍ 92 ശതമാനവും പുരുഷന്മാരാണ്. കോണ്‍ഗ്രസില്‍ 86 ശതമാനവും സി.പി.എമ്മില്‍ 94 ശതമാനവും സി.പി.ഐയില്‍ 94 ശതമാനവും എന്‍.സി.പിയില്‍ 97 ശതമാനവും പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നു. ബി.ജെ.പി നേതൃസമിതിയില്‍ നൂറു ശതമാനവും ഹിന്ദുക്കളാണെന്നതില്‍ അദ്ഭുതമില്ല. അതില്‍ 83 ശതമാനവും സവര്‍ണജാതിക്കാര്‍. 75 ശതമാനത്തിന് മുകളിലാണ് എല്ലാ പാര്‍ട്ടികളിലെയും നേതൃത്വങ്ങളിലെ ഹിന്ദുപ്രാതിനിധ്യം. ദലിത് ആദിവാസി പ്രാതിനിധ്യത്തിന്‍െറ ദയനീയാവസ്ഥ പറയേണ്ടതില്ല. ഒരു ദലിത് പോലും ഇല്ലാത്ത പാര്‍ട്ടികളുടെ കൂട്ടത്തില്‍ വിപ്ളവപാര്‍ട്ടികളും പെടുന്നു.
യാദൃച്ഛികമായാകാം, ഈ ഫീച്ചര്‍ പ്രസിദ്ധപ്പെടുത്തിയ അതേ ദിവസംതന്നെ ഹിന്ദു പത്രത്തിന്‍െറ റീഡേഴ്സ് എഡിറ്റര്‍ എ.എസ്. പന്നീര്‍ശെല്‍വന്‍ സമാനമായ മറ്റൊരു പ്രശ്നത്തിലേക്ക് നമ്മുടെ ശ്രദ്ധക്ഷണിച്ചു. ഇന്ത്യയിലെ ഏക റീഡേഴ്സ് എഡിറ്റര്‍ (ഓംബുഡ്സ്മാന്‍) ആണല്ളോ അദ്ദേഹം. പത്രവായനക്കാരന്‍െറ പത്രത്തെക്കുറിച്ചുള്ള പരാതികള്‍ സ്വതന്ത്രമായി പരിശോധിച്ച് പത്രത്തിന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പത്രസ്ഥാപനംതന്നെ നിയോഗിക്കുന്ന ഓംബുഡ്സ്മാന്‍ ലോകത്ത് പല പത്രങ്ങളിലുമുണ്ടെങ്കിലും മറ്റ് ഇന്ത്യന്‍ പത്രങ്ങള്‍ അത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. പന്നീര്‍ശെല്‍വന്‍ ഹിന്ദു പത്രത്തില്‍ തിങ്കളാഴ്ചതോറും എഴുതുന്ന ലേഖനങ്ങളിലൊന്നില്‍ അദ്ദേഹം ഉന്നയിച്ചത് നമ്മുടെ ന്യൂസ്റൂമുകള്‍ എത്രത്തോളം ചുറ്റുമുള്ള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന ചോദ്യമാണ്. ജനാധിപത്യത്തിന്‍െറ ഉപകരണങ്ങളായ സര്‍ക്കാര്‍ ഓഫിസുകളില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഒരു പരിധിവരെയെങ്കിലും നിയമപരമായി ഉറപ്പുവരുത്തുന്നുണ്ട്. നയരൂപവത്കരണവും ഭരണവും നിര്‍വഹിക്കുന്ന പാര്‍ട്ടികള്‍ക്കും ജനാധിപത്യ സംവിധാനത്തെയും സമൂഹത്തെയും നിരന്തരം വിലയിരുത്തുന്ന മാധ്യമങ്ങള്‍ക്കും ഇത് ബാധകമല്ളേ എന്ന സുപ്രധാന ചോദ്യം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാറില്ല. ആ ചോദ്യമാണ് പന്നീര്‍ശെല്‍വന്‍ ഉന്നയിച്ചത്.
ഒരു പഠനവും നടത്താതെതന്നെ നമുക്കറിയാം നമ്മുടെ ന്യൂസ്റൂമുകള്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന്. പ്രമുഖ മാധ്യമ-സാമൂഹിക ഗവേഷകനായ റോബിന്‍ ജെഫ്രി മുതല്‍ ഒട്ടനവധി നിരീക്ഷകര്‍ ഇന്ത്യന്‍ മാധ്യമങ്ങളിലെ അതിശുഷ്കമായ അല്ളെങ്കില്‍ ഒട്ടും ഇല്ലാത്ത ദലിത് പ്രാതിനിധ്യത്തിലേക്ക് പലവട്ടം ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. 30 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തുള്ള ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് താന്‍ ഒരിക്കല്‍പോലും ഒരു ദലിത് പത്രപ്രവര്‍ത്തകനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അടുത്തദിവസം പ്രമുഖ പത്രപ്രവര്‍ത്തകനായ പി. സായ്നാഥും ഇതേ പ്രശ്നം ധാര്‍മികരോഷത്തോടെ വിലയിരുത്തി. ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ ഒരു ദലിതന് കഴിഞ്ഞു. പക്ഷേ, ഒരു പത്രത്തിന്‍െറ ചീഫ് സബ് എഡിറ്ററാന്‍ കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (2015 മേയ് 17) അഭിമുഖത്തില്‍ പരിഹസിക്കുകയുണ്ടായി. എന്തുകൊണ്ടാണ് അത് സാധ്യമാകാതെ പോകുന്നത്? മാധ്യമ ഉടമസ്ഥന്മാര്‍ ജാതി-മതഭ്രാന്തന്മാരായതുകൊണ്ടാണ് എന്ന് ആരുമേ ആക്ഷേപിക്കുന്നില്ല. പക്ഷേ, തങ്ങളുടെ ന്യൂസ്റൂമുകള്‍ ചുറ്റുമുള്ള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതാകണം എന്ന് അവര്‍ക്ക് ഇതുവരെ തോന്നിയിട്ടില്ല. പിന്നെയെങ്ങനെയാണ് തങ്ങള്‍ ഇടപെട്ട് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നം ഇതിലുണ്ട് എന്ന് തോന്നുക?
‘ബഹുഭൂരിപക്ഷം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും തന്നെപ്പോലെ ആംഗലവത്കൃത മധ്യവര്‍ഗത്തില്‍’ നിന്നുള്ളവരായിരിക്കും എന്ന് പന്നീര്‍ശെല്‍വന്‍ നിരീക്ഷിക്കുന്നു. അവര്‍ കണ്ട, അവര്‍ വളര്‍ന്ന സമൂഹംതന്നെയാണ് മൊത്തത്തില്‍ ഇന്ത്യന്‍ സമൂഹം എന്ന തെറ്റായ ധാരണയോടെയാണ് അവര്‍ മുന്നിലത്തെുന്ന എല്ലാ സാമൂഹികപ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴാണ് പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് അങ്ങേയറ്റം അപലപനീയമായ ഒരു സാമൂഹികദ്രോഹമാണ് എന്ന ധാരണയുണ്ടാകുന്നത്. അവര്‍ക്ക് സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാകില്ല, ന്യൂനപക്ഷങ്ങളുടെ ആശകളും അഭിലാഷങ്ങളും ധര്‍മസങ്കടങ്ങളും മനസ്സിലാകില്ല. ഒരു ന്യൂസ്റൂം ഒന്നിച്ചിരുന്ന് ഹൃദയപൂര്‍വം ആശയങ്ങള്‍ കൈമാറുമ്പോഴേ അതവര്‍ അറിയാനിടയുള്ളൂ. വനിതകളില്ലാത്ത, ദലിതുകളില്ലാത്ത, ന്യൂനപക്ഷ മതക്കാരില്ലാത്ത ഒരു ന്യൂസ്റൂമിന് ചുറ്റുമുള്ള സമൂഹത്തെ കാണാനേ കഴിയാതെ പോകും. ന്യൂസ്റൂമുകളില്‍ ഏതെല്ലാം സാമൂഹികവിഭാഗങ്ങളില്‍പെട്ട എത്ര പത്രപ്രവര്‍ത്തകരുണ്ട് എന്നതിനെക്കുറിച്ച് ഒരു അന്വേഷണവും ഇന്ത്യയിലിതുവരെ നടന്നില്ല എന്ന് നാം ഖേദപൂര്‍വം തിരിച്ചറിയുന്നു. ഇത് ചെയ്യേണ്ടത് മാധ്യമ ഉടമസ്ഥരല്ല, മാധ്യമങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളാണ്. അവരും ചെയ്തിട്ടില്ല.
അമേരിക്കന്‍ സമൂഹം ഇന്ത്യന്‍ സമൂഹത്തോളം വൈവിധ്യം നിറഞ്ഞതല്ല എങ്കില്‍പോലും സാമൂഹികസംഘര്‍ഷങ്ങളുടെ ചരിത്രം അവരെ പിന്തുടരുന്നുണ്ട്. കറുത്ത വിഭാഗക്കാരും സ്പാനിഷ് സംസാരിച്ചിരുന്ന ലാറ്റിനമേരിക്കന്‍ ജനവിഭാഗങ്ങളുടെ പിന്മുറക്കാരായ ഹിസ്പാനിക്സ് എന്ന് വിളിക്കപ്പെടുന്നരും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് എത്തിയ മുസ്ലിം വിശ്വാസികളുമെല്ലാം ചേര്‍ന്നതാണ് അവരുടെ സമൂഹം. അവിടെ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് എഡിറ്റേഴ്സ് (ASNE) എന്ന സംഘടന 1977 മുതല്‍ ഈ പ്രശ്നം കൈകാര്യം ചെയ്തുവരുകയായിരുന്നു. വര്‍ഷംതോറും അവര്‍ ന്യൂസ്റൂമുകളിലെ വൈവിധ്യം എന്ന വിഷയം ചര്‍ച്ചചെയ്യുന്നു. എല്ലാ വിഭാഗങ്ങളിലുംപെട്ട യുവതീയുവാക്കള്‍ എല്ലാ വാര്‍ത്താമാധ്യമങ്ങളുടെയും എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകണം എന്ന് അവര്‍ നിഷ്കര്‍ഷിക്കുകയും അത് സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. 1997 മുതല്‍ അവര്‍ വര്‍ഷംതോറും ന്യൂസ്റൂം സെന്‍സസ് നടത്തി ന്യൂനപക്ഷവിഭാഗക്കാരുടെ, വനിതകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടോ, ഇല്ളെങ്കില്‍ എന്തുകൊണ്ട് എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താറുമുണ്ട്. ഈ ശ്രമങ്ങളുടെ ഫലമായി സ്ഥിതി വളരെയേറെ ഭേദപ്പെട്ടിട്ടുണ്ട്. 2014ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ന്യൂസ്റൂമിലെ ന്യൂനപക്ഷപ്രാതിനിധ്യം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നും 63 ശതമാനം സ്ഥാപനങ്ങളുടെ ഉന്നത എഡിറ്റോറിയല്‍ സമിതിയില്‍ വനിതകള്‍ ഉണ്ട് എന്നുമാണ്. ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ മൊത്തം പത്രപ്രവര്‍ത്തകരില്‍ 13.34 ശതമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ (www.asne.org) വിവരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുവര്‍ഷം അമേരിക്കയില്‍ 36,700 മുഴുവന്‍സമയ പത്രപ്രവര്‍ത്തകരുണ്ട്. എന്നാല്‍, ഇത് 2012നേക്കാള്‍ 1300 പേര്‍ കുറവാണ് എന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരമൊരു പഠനത്തിന് സമയമായില്ളേ എന്ന് ആലോചിക്കേണ്ടതുണ്ട്.

am-[y-a]£w 19.05.2015

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി