Tuesday, 30 June 2015

പ്രസ് കൗണ്‍സില്‍ എന്ന പല്ലില്ലാപ്പുലി

പ്രസ് കൗണ്‍സില്‍ എന്ന പല്ലില്ലാപ്പുലി
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പേര് ഓര്‍ക്കില്ല. വാര്‍ത്തയിലും വിവാദത്തിലും സദാ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു തന്നെയാണ് ഇപ്പോഴും ചെയര്‍മാന്‍ എന്ന് കരുതുന്നവരും കാണും. പുതിയ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. പ്രസാദാണ്. എന്തുകൊണ്ടോ, സ്ഥാനമേറ്റ് ഏഴുമാസം പിന്നിട്ടിട്ടും അദ്ദേഹം നിശ്ശബ്ദനാണ്. കാര്യങ്ങള്‍ പഠിക്കാന്‍ സമയമെടുക്കുന്നതാവാം.

ഇതിനുമുമ്പ് സ്ഥാനംവഹിച്ച ചെയര്‍മാന്മാര്‍ ഏതാണ്ടെല്ലാവരും സ്ഥാനമേറ്റ് ആഴ്ചകള്‍ക്കകം ഒരു പ്രശ്നം ഉന്നയിക്കാറുണ്ട്. മൂന്നുവര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിയുന്നതുവരെ അത് പറഞ്ഞുകൊണ്ടിരിക്കാറുമുണ്ട്. ഇതാണ് പ്രശ്നം-പ്രസ് കൗണ്‍സില്‍ വെറും പല്ലില്ലാപ്പുലിയാണ്-ടൂത്ലെസ് ടൈഗര്‍. ഒരധികാരവുമില്ല. പരാതികള്‍ സ്വീകരിക്കാം, വിചാരണ ചെയ്യാം. തെറ്റോ ശരിയോ എന്നു കണ്ടത്തെി വിധി പ്രഖ്യാപിക്കാം. കേസില്‍ പ്രതിസ്ഥാനത്തുനിന്ന പത്രങ്ങള്‍പോലും പ്രസിദ്ധപ്പെടുത്തില്ല വിധി. തെറ്റ് ചെയ്തവരെ ഉപദേശിക്കാം. തീര്‍ന്നു. സമീപകാലത്തായി മറ്റൊരു പ്രശ്നംകൂടി ചെയര്‍മാന്മാരും മാധ്യമനിരീക്ഷകരും ഉന്നയിക്കാറുണ്ട്. അച്ചടിപ്പത്രം മാത്രമേ പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ വരുന്നുള്ളൂ. പ്രസ് കൗണ്‍സില്‍ രൂപവത്കരിക്കുമ്പോള്‍ ടെലിവിഷന്‍ ഉണ്ടായിരുന്നില്ലല്ളോ. ഇപ്പോള്‍ പത്രങ്ങളല്ല, ചാനലുകളാണ് കൂടുതലാളുകളില്‍ വാര്‍ത്തയത്തെിക്കുന്നത്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളുമുണ്ട്. ഇവയെല്ലാമുള്ളപ്പോള്‍ പ്രസ് കൗണ്‍സില്‍ പഴയമട്ടില്‍ പരിമിതമായ അധികാരങ്ങളോടും പരിധികളോടെയും നിലനിന്നിട്ട് എന്തുകാര്യം?
ജസ്റ്റിസ് കട്ജു എന്തുവിഷയവും ‘അക്രമാസക്തമായി’ അവതരിപ്പിക്കാന്‍ കഴിവുള്ളയാളാണ്. കഴിഞ്ഞദിവസമാണ് അദ്ദേഹം നിലവിലുള്ള ചീഫ് ജസ്റ്റിസിനെ അഴിമതിക്കാരനെന്നു വിളിച്ചത്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ പരസ്യമായി വെല്ലുവിളിച്ചു. മിണ്ടാട്ടമുണ്ടായിരുന്നില്ല എതിര്‍പക്ഷത്ത്. പ്രസ് കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ആളുടെ ആരോപണം മുഖ്യധാരാപത്രങ്ങള്‍ പൂര്‍ണമായി ബ്ളാക്കൗട്ട് ചെയ്തു. മഹാത്മാഗാന്ധിയെ ബ്രിട്ടീഷ് ഏജന്‍റ് എന്ന് ഇതേ കട്ജു ആക്ഷേപിച്ചത് വലിയ തലക്കെട്ടായി പ്രസിദ്ധപ്പെടുത്തിയവര്‍ ചീഫ് ജസ്റ്റിസിനെ ഭയന്നു. നാം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമല്ല. ജസ്റ്റിസ് കട്ജു പ്രസ് കൗണ്‍സിലിന്‍െറ അധികാരമില്ലായ്മ എന്ന പ്രശ്നം നിരന്തരം ഉന്നയിക്കുകയും ബഹളമുണ്ടാക്കുകതന്നെയും ചെയ്തിരുന്നു. പക്ഷേ, പ്രയോജനപ്രദമായ ഒന്നും സംഭവിച്ചില്ല. എന്നാല്‍, ഇപ്പോള്‍ വിഷയം സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ട് എന്ന് സൂചനകളുണ്ട്. മൂന്നുമാസം മുമ്പ് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദൃശ്യമാധ്യമങ്ങളെയും കൗണ്‍സിലിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തുന്നകാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ടെന്നും ചെയര്‍മാന്‍െറ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്തെങ്കിലും പ്രതികരിച്ചതായി സൂചനയില്ല.
പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ ദൃശ്യമാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്തണമോ, പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലായി പുനര്‍നാമകരണം ചെയ്യണമോ എന്നുള്ളതൊന്നുമല്ല യഥാര്‍ഥ പ്രശ്നം. ഇതില്‍ നയപരമായ കീറാമുട്ടികളൊന്നുമില്ല. പ്രസ് കൗണ്‍സില്‍ ഇന്നത്തെപ്പോലെ ഒരു പല്ലില്ലാപ്പുലിയായി തുടരണമോ അതല്ല, കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമോ, നല്‍കണമെങ്കില്‍ എന്തെല്ലാം അധികാരങ്ങള്‍ എന്നതാണ് കാതലായ പ്രശ്നം. ഗ്രീക് പുരാണത്തിലെ ‘പണ്ടോറപ്പെട്ടി’ തുറക്കലാവുമിതെന്ന് എല്ലാവര്‍ക്കുമറിയാം. മാധ്യമങ്ങളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള ഏതൊരു നീക്കവും മാധ്യമസ്വാതന്ത്ര്യത്തിന്മേല്‍ കൈവെക്കാനുള്ള ഗൂഢനീക്കമായി ചിത്രീകരിക്കപ്പെടുമെന്നുറപ്പാണ്. പത്രസ്വാതന്ത്ര്യം ലംഘിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നും ഭൂരിപക്ഷമാളുകളും. മുന്‍കാലത്ത് പത്രസ്വാതന്ത്ര്യം തകര്‍ക്കപ്പെടും എന്ന് സംശയിക്കാവുന്ന ചെറിയ നീക്കങ്ങളെങ്കിലും ഉണ്ടായപ്പോഴെല്ലാം പൊതുസമൂഹം ഇതിനെ ചോദ്യംചെയ്ത് തെരുവിലിറങ്ങിയിട്ടുണ്ട്.
പ്രസ് കൗണ്‍സിലിന് കൂടുതല്‍ അധികാരം വേണമെന്ന് പ്രസ് കൗണ്‍സിലിന് അകത്തുള്ളവര്‍ മാത്രമല്ല, പുറത്തുള്ളവരും പറയുന്നുണ്ടെങ്കില്‍ അതിന് മതിയായ കാരണംകാണും. പ്രധാനപ്പെട്ട ഒരു കാരണം പ്രസ് കൗണ്‍സില്‍ ഘടന തീരുമാനിക്കുന്നതിന് അടിസ്ഥാനമായ നമ്മുടെ പഴയ ധാരണകളും വിശ്വാസങ്ങളും പിശകായിരുന്നൂവെന്ന് നാമിപ്പോള്‍ തിരിച്ചറിയുന്നു എന്നതാണ്. പുറത്തുനിന്നാരും പത്രങ്ങളെ നിയന്ത്രിച്ചുകൂടാ, മാധ്യമങ്ങള്‍തന്നെ സ്വയംനിയന്ത്രിക്കണം എന്നതാണ് ആ തത്ത്വം. സെല്‍ഫ് റെഗുലേഷന്‍ എന്ന് വിളിക്കുന്നരീതിയെ സഹായിക്കുകമാത്രമാണ് പ്രസ് കൗണ്‍സില്‍ ചെയ്യുന്നത്. തെറ്റ് ചെയ്യാതിരിക്കാനും ശരിചെയ്യാനും വ്യഗ്രതയുണ്ട് പത്രങ്ങള്‍ക്ക്. ശരിതെറ്റുകളെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകുകയോ പരിതസ്ഥിതികളുടെ എന്തോ സമ്മര്‍ദം കാരണം ശരിചെയ്യാന്‍ പറ്റാതെ പോവുകയോ ചെയ്യുമ്പോള്‍ ശരിയും തെറ്റും വേര്‍തിരിച്ചുകൊടുക്കുക മാത്രമേ പ്രസ് കൗണ്‍സില്‍ ചെയ്യേണ്ടൂ. അങ്ങനെ ശരി ചൂണ്ടിക്കാട്ടുമ്പോള്‍ മാധ്യമങ്ങള്‍ അത് ആദരപൂര്‍വം സ്വീകരിക്കുകയും ആ തെറ്റ് തിരുത്തുകയും ഭാവിയില്‍ അത് ആവര്‍ത്തിക്കാതിരിക്കാതെ നോക്കുകയുംവേണം. എങ്കിലേ പ്രസ് കൗണ്‍സില്‍കൊണ്ട് പ്രയോജനമുള്ളൂ. പൊതുജനത്തിന്‍െറ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ജനങ്ങള്‍ക്ക് പ്രയോജനമില്ളെങ്കില്‍ അങ്ങനെ ഒരു സ്ഥാപനം നിലനിന്നുകൂടാ.
ഒരുകാര്യം ജനങ്ങള്‍ അറിയേണ്ടതുണ്ട്. 1978 മുതല്‍ ഇന്നലെവരെ പ്രസ് കൗണ്‍സില്‍ നടത്തിയ വിധിപ്രസ്താവനകളില്‍ എത്ര ശതമാനം മാധ്യമങ്ങള്‍ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്? എത്ര സ്ഥാപനങ്ങള്‍ തങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ നടത്തിയ വിധിപ്രസ്താവനകള്‍ ഒറ്റക്കോളത്തിലെങ്കിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് ? കേന്ദ്രസര്‍ക്കാറിന്‍െറ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് ഇതിനുമുമ്പും മാധ്യമ ഉടമസ്ഥതയും മറ്റും സംബന്ധിച്ച പല പഠനങ്ങളും നടത്താന്‍ ട്രായിയെയും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യപോലുള്ള സ്ഥാപനങ്ങളെയും ഏല്‍പിക്കുകയും അവരുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. മാധ്യമങ്ങള്‍ എത്രത്തോളം പ്രസ് കൗണ്‍സില്‍ എന്ന പല്ലില്ലാപ്പുലിയെ വിലമതിച്ചിട്ടുണ്ട് എന്ന് കൗണ്‍സിലിനെ നിലനിര്‍ത്തുന്ന നാം അറിയണം. കൗണ്‍സില്‍ ശിപാര്‍ശകളെ മാധ്യമങ്ങള്‍ മുഖവിലക്കെടുക്കുകയെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ സെല്‍ഫ് റെഗുലേഷന്‍ തുടരുന്നതില്‍ തെറ്റില്ല. ഇല്ളെങ്കില്‍ സെല്‍ഫ് റെഗുലേഷന്‍ എന്നത് വെറും ആത്മവഞ്ചനയാണെന്ന് നാം തിരിച്ചറിയണം.
മാധ്യമങ്ങള്‍ക്കോ പത്രസ്വാതന്ത്ര്യത്തിനുതന്നെയോ യഥാര്‍ഥത്തില്‍ ഭരണഘടനാസംരക്ഷണമില്ല. ഉള്ളത് പൗരന്‍െറ അഭിപ്രായസ്വാതന്ത്ര്യത്തിനാണല്ളോ. എന്നാല്‍, സ്വാതന്ത്ര്യസംരക്ഷണത്തിന്‍െറ കാര്യംവരുമ്പോള്‍ സര്‍ക്കാറുകള്‍ മാധ്യമങ്ങളെ ഭയപ്പെടുകയും പൗരനെ ഭയപ്പെടുത്തുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്. സെല്‍ഫ് റെഗുലേഷന്‍ മഷിയിട്ട് നോക്കിയാല്‍ കാണാത്ത മിഥ്യയെ വലിയ യാഥാര്‍ഥ്യമായി സ്വീകരിച്ച് നിയമനിര്‍മാണങ്ങള്‍ക്ക് മടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പൗരന്‍െറ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാന്‍ ഒട്ടും മടിക്കില്ളെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66 എ വകുപ്പ് തെളിയിക്കുകയും ചെയ്തു. പ്രസ് കൗണ്‍സില്‍ നിയമഭേദഗതി ഉണ്ടാകുമോ? ഉണ്ടായാല്‍ത്തന്നെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വല്ലതുമുണ്ടാകുമോ? ദൃശ്യമാധ്യമത്തെക്കൂടി പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ കൊണ്ടുവരുന്നതില്‍ ഒതുങ്ങുമോ പരിഷ്കാരം? പുലി പല്ലില്ലാതെ തുടരുമോ?
പഠിക്കാവുന്ന ഒരു പാഠം ബ്രിട്ടനില്‍നിന്നുണ്ട്. ന്യൂസ് ഓഫ് ദ വേള്‍ഡ് ഫോണ്‍ ചോര്‍ത്തല്‍ അപവാദത്തെ തുടര്‍ന്ന് തിളച്ച ജനരോഷമാണ് ലോഡ് ജസ്റ്റിസ് ലെവ്സണ്‍ അധ്യക്ഷനായ കമീഷന്‍െറ നിയമനത്തിലേക്ക് നയിച്ചത്. മാധ്യമങ്ങള്‍ പിന്തുടരുന്ന സംസ്കാരം, പ്രവര്‍ത്തനരീതി, ധാര്‍മികത എന്നിവയെ കുറിച്ച് പഠിക്കാനും ദുഷിച്ച പ്രവണതകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ശിപാര്‍ശ ചെയ്യാനുമാണ് കമീഷനോട് ആവശ്യപ്പെട്ടിരുന്നത്. ചില നിയന്ത്രണങ്ങള്‍ കമീഷന്‍ ശിപാര്‍ശ ചെയ്തുവെങ്കിലും ഗവണ്‍മെന്‍റ് അവയൊന്നും സ്വീകരിച്ചില്ല. ജനരോഷം മാധ്യമങ്ങള്‍ക്കും ഗവണ്‍മെന്‍റിനും എതിരായാണ് ഉയര്‍ന്നത്. നിയന്ത്രണങ്ങള്‍ നടപ്പാക്കണം എന്ന മുറവിളി വ്യാപകമായി. പൗരന്‍െറ അഭിപ്രായസ്വാതന്ത്ര്യത്തെയും കോര്‍പറേറ്റ് മാധ്യമങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെയും തുല്യമായി കാണുന്ന പഴയ കാഴ്ചപ്പാടുകള്‍ മാറിവരുകയാണ്. തങ്ങള്‍ വാര്‍ത്താവ്യവസായത്തിലല്ല പരസ്യവ്യവസായത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്നവര്‍ക്ക് എത്രത്തോളം മാധ്യമസ്വാതന്ത്ര്യത്തിന് അര്‍ഹതയുണ്ട്?
കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുതന്നെ, പേഡ് ന്യൂസ്, മാധ്യമങ്ങളുടെ കുത്തകവത്കരണം തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ട്രായ്, ലോ കമീഷന്‍ എന്നിവ മാധ്യമ നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവ സര്‍ക്കാറിന്‍െറ പരിഗണനയിലുള്ളതുമാണ്. 20 വര്‍ഷത്തിനിടയില്‍ മാധ്യമം എന്ന സങ്കല്‍പംതന്നെ സമ്പൂര്‍ണമായി മാറിയ പശ്ചാത്തലത്തില്‍ ഒരു മീഡിയ കമീഷന്‍-പഴയ പ്രസ് കമീഷന്‍ മാതൃകയില്‍-വിഷയം സമഗ്രമായി പഠിക്കണമെന്ന നിര്‍ദേശവും സര്‍ക്കാറിന്‍െറ മുന്നിലുണ്ട്. പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പുതിയ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല.

Sunday, 28 June 2015

അരുവിക്കര അങ്കശേഷംഅരുവിക്കര പൊട്ടിയാല്‍ എല്ലാം പൊട്ടി എന്ന് ആരെല്ലാമോ രണ്ട് മുന്നണികളെയും പേടിപ്പിച്ച ലക്ഷണമുണ്ട്. അവിടെ ജീവന്മരണപോരാട്ടമായിരുന്നു. ഒത്തുകളി ലവലേശം ഉണ്ടായില്ല.
അരുവിക്കര തോറ്റാല്‍ ആര്‍ക്കെന്ത് സംഭവിക്കാനാണ്? ഒന്നും സംഭവിക്കില്ല.
ശബരീനാഥന്‍ തോറ്റാല്‍ യു.ഡി.എഫ്. ശിഥിലമാകുമെന്ന് പിണറായി വിജയന്‍ പ്രവചിച്ചിരുന്നു. തീര്‍ച്ചയായും ശത്രുവിന്റെ നാശം ആഗ്രഹിക്കുന്നത് തെറ്റല്ല. ഏതുനിമിഷവും തകരാന്‍ ഇടയുള്ളതാണ് ഈ യു.ഡി.എഫ്. എന്നുപറയുന്ന ഏര്‍പ്പാടുതന്നെ. അതിന് അരുവിക്കര വേണമെന്നില്ല. നെയ്യാറ്റിന്‍കരയോളം വരില്ല എന്തായാലും അരുവിക്കര. എല്‍.ഡി.എഫിനായിരുന്നു അത് ജീവന്മരണ പോര്. നെയ്യാറ്റിന്‍കരയില്‍ ജയിച്ചാലും തോറ്റാലും ഓടുമായിരുന്നു യു.ഡി.എഫ്. വഞ്ചി. നാലുവര്‍ഷം ഓടിക്കാമെങ്കില്‍ ഇനി ഒരുവര്‍ഷം കൂടി ഓടിക്കാനുള്ള പെട്രോളടിക്കാന്‍ പ്രയാസമുണ്ടാവില്ല.

ആകപ്പാടെ ഒരു പ്രതീക്ഷയേ ഇടതുപക്ഷത്തിനുള്ളൂ. എല്‍.ഡി.എഫ്. പ്രചാരണത്തിന്റെ ബലംകൊണ്ട് ശബരീനാഥന്‍ തോല്‍ക്കണം. എന്നിട്ട് അത് മുഖ്യമന്ത്രിയുടെ പരാജയമാണെന്ന് യു.ഡി.എഫുകാര്‍ക്ക് ബോധ്യപ്പെടണം. അവര്‍ ഉണര്‍ന്നെഴുന്നേറ്റ് ഉമ്മന്‍ചാണ്ടിയുടെ കൊങ്ങയ്ക്ക് പിടിക്കണം. ഉടനെ ഉമ്മന്‍ചാണ്ടി രാജിവെക്കണം. മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി സുധീരനും ചെന്നിത്തലയും പരസ്​പരം കൊങ്ങയ്ക്കുപിടിക്കണം. അങ്ങനെ കോണ്‍ഗ്രസ്സും യു.ഡി.എഫും അടിച്ചുപിരിയണം. വലിയ പാടാ. അരുവിവറ്റി അരുവിക്കക്കര നില്‍ക്കുന്ന പട്ടി ഇക്കരെ വന്ന് കടിക്കുന്നതിലും അസംഭവ്യം. തോറ്റാല്‍ അതിന്റെ മാന്ദ്യത്തില്‍ അങ്ങനെ കുറച്ച് തലതാഴ്ത്തിക്കിടന്നോളം. കഷ്ടകാലത്തിന് ജയിച്ചാലാണ് തമ്മിലടിക്കാന്‍ കൂടുതല്‍ ഉശിര് കിട്ടുക.

അതുപോകട്ടെ, അതപ്പോള്‍ കാണാം. അരുവിക്കര അങ്കം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര വലിയ മെഗാ എന്റര്‍ടെയ്ന്‍മെന്റ് ഷോ ആയി എന്നത് അവിതര്‍ക്കിതം. ഷോയിലെ സൂപ്പര്‍സ്റ്റാര്‍ ഈ പ്രായത്തിലും വി.എസ്. തന്നെ. വിളിക്കാതെ അകറ്റിനിര്‍ത്തി സി.പി.എം. പതിവുപോലെ വി.എസ്സിലേക്ക് പൊതുജനശ്രദ്ധ ആകര്‍ഷിച്ചിരുന്നല്ലോ. അതുകൊണ്ട് പ്രയോജനമുണ്ടായി. ജനംകൂടി. കഥാപ്രസംഗം, മോണോആക്ട്, എന്നിവയ്ക്കുപുറമേ കിടിലന്‍ പഞ്ച് ഡയലോഗുകള്‍വിട്ട് കൈയടി വാങ്ങി. അലങ്കാരം, ഉപമ, ഉത്‌പ്രേക്ഷ എന്നിവ സമൃദ്ധമായിരുന്നു. വന്നാലും വന്നില്ലെങ്കിലും വി.എസ്. ശ്രദ്ധാകേന്ദ്രമാവും. വരാതെ ശ്രദ്ധാകേന്ദ്രമാവുന്ന സമ്പ്രദായം പിണറായി വിജയനില്ല. ഇത്തവണ വന്നിട്ടും വരാതാക്കി പിണറായി. അരുവിക്കരയിലായിരുന്നു മൂന്നാഴ്ചയും ഊണും ഉറക്കവും. പ്രസംഗംമാത്രം ഉണ്ടായില്ല. എന്തിനെന്നോ... ഈ പാര്‍ട്ടിയെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പിണറായിയും പ്രസംഗിച്ചുനടന്നിരുന്നെങ്കില്‍ ബൂര്‍ഷ്വാമാധ്യമങ്ങള്‍ക്ക് എഴുതാനും ചര്‍ച്ചചെയ്യാനും വിഷയമുണ്ടാകുമായിരുന്നില്ല. പ്രസംഗിച്ചുനടന്ന വി.എസ്സിനും പ്രസംഗിക്കാതെ നടന്ന പിണറായിക്കും കിട്ടി ഒരേ കവറേജ് എന്നതാണ് ട്രിക്ക്. സത്യം, തിരഞ്ഞെടുപ്പില്‍ പ്രസംഗം കേമമായതുകൊണ്ടൊന്നും വോട്ട് വീഴില്ല. അതിന് പണി വേറെ നടത്തണം. അപ്പണി പിണറായിക്ക് അറിയുംപോലെ മറ്റാര്‍ക്കറിയാം? താന്‍ പ്രസംഗിച്ചാല്‍ ചിലപ്പോള്‍ വോട്ട് കുറഞ്ഞേക്കാമെന്നും പിണറായിക്കറിയാം.

തിരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തില്‍ യു.ഡി.എഫിന് ഇപ്പോഴും ഒരു സ്റ്റാറേ ഉള്ളൂആന്റണി പുണ്യവാളന്‍. ഡല്‍ഹിയില്‍ പണിയൊന്നും ഇല്ലാഞ്ഞതുകൊണ്ട് അരുവിക്കരയിലൊന്ന് ആഞ്ഞുവീശി. വി.എസ്സിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നും പറഞ്ഞു. പക്ഷേ, കോണ്‍ഗ്രസ്സിന്റെ അഞ്ചാറ് വൃദ്ധ യുവതുര്‍ക്കികള്‍ ആഞ്ഞടിച്ചിട്ടും വി.എസ്സിന്റെ ശൗര്യത്തോളമെത്തിയില്ലെന്നത് വേറെക്കാര്യം. ആകപ്പാടെ ഒരു പേടിയേ സി.പി.എമ്മുകാര്‍ക്കും ഉള്ളൂ. ഒരു കൊല്ലത്തിനപ്പുറവും വി.എസ്. ഇതേനിലയ്ക്ക് പോകുമോ? കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഇനിയും എത്രകാലം വായിലിട്ട് നടക്കണം ഈ വിലക്കപ്പെട്ട കനി ?
ജനങ്ങളാകെ അങ്കലാപ്പിലായിരുന്നു. എങ്ങനെയാവും അവര്‍ വോട്ടുചെയ്തതെന്ന് ഊഹിക്കാനേ പറ്റൂ. പ്രചാരണരംഗത്ത് കേട്ട കാര്യങ്ങളെല്ലാം ഏതാണ്ട് സത്യമായിരുന്നു. യു.ഡി.എഫുകാര്‍ എല്‍.ഡി.എഫിനെയും ബി.ജെ.പി.യെയുംകുറിച്ച് പറഞ്ഞത് 99 ശതമാനവും സത്യം. എല്‍.ഡി.എഫുകാര്‍ യു.ഡി.എഫിനെയും ബി.ജെ.പി.യെയും കുറിച്ച് പറഞ്ഞതും തഥൈവ. ബി.ജെ.പി. മറ്റേ രണ്ടുകൂട്ടരെക്കുറിച്ച് പറഞ്ഞതും വള്ളിപുള്ളി സത്യം. ഓരോരുത്തര്‍ അവനവനെക്കുറിച്ച് പറഞ്ഞതേ സത്യമല്ലാതുള്ളൂ. വോട്ടര്‍ എന്തുചെയ്യും? ശരിയുംതെറ്റും തൂക്കിനോക്കാനുള്ള സാധനം അവരുടെ കൈയിലില്ലല്ലോ.

                                           *********

പഴയ മലബാര്‍കാലത്ത് പൊതുമണ്ഡലത്തില്‍ മത്സരിച്ച നാടുവാഴിക്കുവേണ്ടി വോട്ടുപിടിക്കാന്‍ പോയ പ്രവര്‍ത്തകരോട് കുടിയാനായ പൊക്കന്‍ ഉന്നയിച്ച ഓബ്ജക്ഷനുകളെക്കുറിച്ച് സഞ്ജയന്‍ എഴുതിയിട്ടുണ്ട്. പൊക്കന്റെ പ്രധാന ഓബ്ജക്ഷന്‍ ഇതായിരുന്നു. 'തമ്പ്രാനെ പീറാസ്സാക്കാന്‍ ആണ് നിങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്. അട്യന്‍ അത് സമ്മതിക്കില്ല'. 'ഹേയ് എന്തേ കാര്യം? ഞങ്ങള് തമ്പ്രാനെ മോശക്കാരനാക്കുമെന്നോ... അതൊരിക്കലും സംഭവിക്കില്ല' എന്നായി പ്രവര്‍ത്തകര്‍. കുടിയാന്‍ വിട്ടില്ല. അദ്ദേഹം അന്നത്തെ പാര്‍ലമെന്ററി വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ ജ്ഞാനം വെളിപ്പെടുത്തി. ''താഴത്തെ സഭയെന്നും മോളിലത്തെ സഭയെന്നും രണ്ട് സഭയില്ലേ? പണക്കാരും വലിയ തമ്പുരാക്കന്മാരുമെല്ലാം മോളിലത്തെ സഭയിലല്ലേ പോയിരിക്കേണ്ടത്? അവിടെയിരിക്കാനെന്താണ് മ്മള്‌ടെ തമ്പ്രാന് മൊഞ്ചില്ലേ, മതിപ്പില്ലേ. ഗതികിട്ടാത്തവന്മാര് പോയിരിക്കുന്ന താഴത്തെ സഭയിലാണോ തമ്പ്രാനെ ഇരുത്തേണ്ടത്?'' എന്നെല്ലാമായിരുന്നു കുടിയാന്റെ പ്രതിഷേധം. ''ഇനി മോളിലത്തെ സഭയില്‍ കസേരയില്ലെങ്കില്‍ നമ്മുടെ കോലോത്തുനിന്ന് കസേര കൊണ്ടുപോയ്ക്കൂടേ'' എന്നും സജസ്റ്റ്‌ചെയ്തു സ്‌നേഹസമ്പന്നനായ കുടിയാന്‍.

കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിച്ച് ജയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് വാജ്‌പേയി ഭരണകാലത്ത് മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിക്കാനും കേന്ദ്രമന്ത്രിസഭയിലെടുക്കാനും മാത്രം പ്രാമാണിത്തം ഉണ്ടായിരുന്ന ഒ. രാജഗോപാലനെന്ന സീനിയര്‍ നേതാവിനെ എട്ടോപത്തോ മാസത്തേക്ക് നിയമസഭയില്‍ വെറുതെ പോയിരിക്കാന്‍ ബി.ജെ.പി. മത്സരിപ്പിച്ചതിനെക്കുറിച്ച് ഇവ്വിധമൊരു പ്രതികരണം അരുവിക്കരയിലെ അനുയായികളില്‍നിന്ന് ഉണ്ടായോ എന്നറിയില്ല. പാവം പ്രവര്‍ത്തകര്‍ തുറന്നുചോദിച്ചില്ലെങ്കിലും മനസ്സില്‍ തോന്നാതിരിക്കില്ല. അവരെ കൂടുതല്‍ ഭയപ്പെടുത്തുക മറ്റൊരു അപകടമാണ്. മൂന്നുമാസം കഴിയുംമുമ്പേ നടക്കും പഞ്ചായത്ത് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. അവിടെയും രാജേട്ടനെ...?

                                                      *********

സ്‌ക്രിപ്റ്റും ഡയലോഗും ആരുടേതാണ് എന്നറിയില്ല. സാരമില്ല, എന്തായാലും ഡയലോഗ് ഉഗ്രനായിരുന്നു. ഒരു ചങ്ങാതിയെ പണ്ട് രാജഭരണകാലത്ത് ശിക്ഷിച്ചതാണ് സംഭവം. നൂറ് മുളക് തിന്നണം, അല്ലെങ്കില്‍ നൂറടിയാവും ശിക്ഷ. മുളക് തിന്നുകതന്നെ ഭേദം, മുളകായാലും തീറ്റ തീറ്റ തന്നെയല്ലേ എന്ന് ആശ്വസിച്ചാണ് കക്ഷി മുളകുശിക്ഷ ഏറ്റത്. പത്തെണ്ണം തിന്നപ്പോള്‍ സഹിക്കാതെ അടി മതി എന്ന് അലറിയെന്നും, പത്തടി കിട്ടിയപ്പോള്‍ മുളകാണ് ഭേദമെന്ന് മുറവിളികൂട്ടിയെന്നും അങ്ങനെ മാറിമാറി നൂറടിയും നൂറ് മുളകും അനുഭവിച്ചു എന്നുമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ ഡയലോഗ്.
കേരളീയര്‍ മാറി മാറി എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യുന്നതുകൊണ്ട് മുളകും അടിയും തമ്മിലുള്ള വ്യത്യാസമേ ഉള്ളൂ എന്ന വാദത്തില്‍ തീരേ കഴമ്പില്ലെന്ന് പറഞ്ഞുകൂടാ. മുളകും അടിയും വേണ്ട, നല്ല പഞ്ചാരപ്പാലുമിഠായി ആയിട്ട് ബി.ജെ.പി.യുണ്ട് എന്ന് പറയാനാണ് സൂപ്പര്‍സ്റ്റാര്‍ അരുവിക്കരയിലെത്തിയത്. എന്തോ ഇത്രയുംകാലം കേരളത്തിലെ ജനത്തിന് അത് ബോധ്യമായിട്ടില്ല. ഒരു വര്‍ഷംമുമ്പ് തിരുവനന്തപുരത്തെ കുറേപ്പേര്‍ക്ക് അങ്ങനെ തോന്നിയെങ്കിലും ഭൂരിപക്ഷത്തിന് തോന്നിയിട്ടില്ല. ഇപ്പോഴും ഇന്ത്യയിലെ ഭൂരിപക്ഷം ജനത്തിന് അത് തോന്നിയിട്ടില്ല. ശിക്ഷ അടിയും മുളകുമൊന്നുമാവില്ല, ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് തന്നെ ആയിപ്പോകുമോ ബി.ജെ.പി. ഭരണം എന്നാണ് ജനത്തിന്റെ ഭയം. അതിനിപ്പം എന്തോ എന്തരോ പരിഹാരം ?

nprindran@gmail.com

Monday, 22 June 2015

അദ്വാനിയുടെ അബദ്ധങ്ങള്‍

അദ്വാനി പണ്ട് അടിയന്തരാവസ്ഥയെ കുറിച്ചു പറഞ്ഞത് അടിയന്തരാവസ്ഥ ഇല്ലാതെ ഇപ്പോള്‍ നാട്ടുനടപ്പായിട്ടുണ്ട്. കുനിയാന്‍ പറഞ്ഞാല്‍ ഇഴയും!ഇക്കാര്യത്തില്‍ സംഘപരിവാറില്‍ രണ്ടഭിപ്രായമില്ല അദ്വാനിജി 'അത്തും പിത്തും' പറയുകയാണ്. പ്രായമായാലുണ്ടാകുന്ന പ്രശ്‌നമാണത്. പ്രായമായ ആള്‍ നമുക്കിഷ്ടപ്പെടാത്ത വല്ലതും പറഞ്ഞാല്‍ ഉടനെയത് അത്തും പിത്തും പറച്ചിലായി കണക്കാക്കുക നമ്മുടെ പരമ്പരാഗതരീതിയുമാണ്. പിന്നെയും വല്ലതും പറഞ്ഞാല്‍ രാമനാമം ജപിച്ച് മിണ്ടാതെ എവിടെയെങ്കിലും കിടന്നുകൂടേ എന്ന് ശാസിക്കും. അദ്വാനിക്ക് പ്രായമായതിന്റെ പ്രശ്‌നം മാത്രമല്ല ഉള്ളത്. മോദിയോടു വിരോധവുമുണ്ട്. പ്രധാനമന്ത്രിസ്ഥാനം അദ്വാനിയില്‍നിന്നു തട്ടിയെടുത്തില്ലേ ഈ മോദി. അടല്‍ജിയുടെ ഭരണം പാതിയെത്തിയപ്പോഴെങ്കിലും വേണമെങ്കില്‍ അദ്വാനിജിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു. ശ്രമിച്ചില്ല. ആളൊരു മഹാവീര്‍ ത്യാഗിയാണെന്നതൊന്നും മോദി പരിഗണിച്ചില്ലല്ലോ. മോദി പ്രധാനമന്ത്രിയാകുന്നതു തടയാന്‍ അദ്വാനി ശ്രമംനടത്തിയെന്ന് പരിവാര്‍ ചിന്തന്‍ ബൈഠക്കുകളില്‍ പിറുപിറുക്കാറുണ്ടു പലരും. ചുരുക്കത്തില്‍, കേസിനാധാരം പൂര്‍വവിരോധംതന്നെയെന്ന് സ്​പഷ്ടം.

എന്തായാലും നരേന്ദ്രമോദിജിയുടെ ദീര്‍ഘവീക്ഷണം പ്രശംസനീയംതന്നെ. പ്രായം എഴുപത്തഞ്ചിനു മേല്‍പ്പോട്ടുള്ള ആരും കേന്ദ്രമന്ത്രിസഭയിലും നേതൃത്വത്തിലും വേണ്ടെന്നു വ്യവസ്ഥയിട്ടതു ചുമ്മാതല്ല. അവര്‍ക്കിരിക്കാന്‍ വേറെ പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ഗദര്‍ശക് മണ്ഡല്‍ എന്നോമറ്റോ പറയും. വൃദ്ധസദനത്തില്‍ നല്ല ആഡംബര സെറ്റപ്പാണ്. തിന്നാനും കുടിക്കാനും രാമനാമം ജപിക്കാനും ഗീതാപാരായണം നടത്താനും എല്ലാ സൗകര്യങ്ങളുമുണ്ട്. ഇന്നലെമുതല്‍ യോഗയുമുണ്ട്. അതിനു വയ്യാത്തവരെ ഐ.സി.യു.വിലേക്കു മാറ്റും. കിടക്കുന്നയാള്‍ ഒന്നും അറിയേണ്ടതില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ജി ഒന്നുനോക്കുമ്പോള്‍ ഭാഗ്യവാനാണ്. അടല്‍ജിക്ക് അദ്വാനിജിയെക്കാള്‍ വളരെക്കൂടുതല്‍ പ്രായമൊന്നുമില്ല. ഇന്നും ആള്‍ നല്ല സ്‌റ്റെഡിയായിരുന്നെങ്കില്‍ ആഴ്ചയില്‍ ഓരോ ചാനല്‍ ഇന്റര്‍വ്യൂവെങ്കിലും തരാകുമായിരുന്നു. വേറെയാരെയും കിട്ടിയില്ലെങ്കില്‍ ചാനലുകാര്‍ അദ്വാനി, അടല്‍ജി ഇനം ആളുകളുടെ അടുത്തേക്കല്ലേ വണ്ടിവിടുന്നത്. ചാനല്‍ വികടന്മാര്‍ വല്ലതും ചോദിക്കും. വായില്‍വരുന്ന വല്ലതുമൊക്കെ പറഞ്ഞുംപോകും. അതുപിന്നെ വിവാദമായി അലമ്പാകും. അദ്വാനിജിയും അടല്‍ജിയും ചേര്‍ന്നായിരുന്നു ഈ പരിപാടിയെങ്കില്‍ മോദിജിക്കതു വലിയ പ്രശ്‌നമാകുമായിരുന്നു. ദൈവംതുണച്ച് അങ്ങനെയൊന്നും സംഭവിച്ചില്ല.

പ്രായമാകുമ്പോഴുള്ള ഒരു പ്രശ്‌നം പറഞ്ഞുകേട്ടതാണ്, അനുഭവമില്ല വിദൂരഭൂതകാലം കൂടുതല്‍ തെളിഞ്ഞുവരികയും സമീപഭൂതം മങ്ങിപ്പോകുകയും ചെയ്യും എന്നതാണ്. അതുകൊണ്ടാണോ അദ്വാനിക്ക് ഇന്ത്യാവിഭജനവും അടിയന്തരാവസ്ഥയുമൊക്കെ ഓര്‍മയില്‍ തെളിഞ്ഞുവരികയും ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപാനന്തരം പാര്‍ട്ടിയില്‍ നരേന്ദ്രമോദിയെ സംരക്ഷിച്ചുനിര്‍ത്തിയതുമൊക്കെ മറന്നുപോകുകയും ചെയ്യുന്നത്? ചില ചെറിയ ഡോസ് വിഷം കുത്തിവെയ്ക്കുന്നത് ശരീരത്തില്‍ അതിനെതിരെയുള്ള എതിര്‍ശക്തി വളര്‍ത്തുമെന്നതുപോലെയാണ് അടിയന്തരാവസ്ഥയുടെ കാര്യം. ചെയ്തവര്‍ക്കുതന്നെ അത് വേണ്ടിയിരുന്നില്ലെന്നു ബോധ്യപ്പെട്ടു. 40 കൊല്ലം അതാവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആരും ആലോചിച്ചുപോലുമില്ല. അത്രയും ഗുണകരമായിരുന്നു ആ വിഷം. മറ്റേത് പലമടങ്ങ് പെരുകുന്ന വിഷമാണ്. കാല്‍നൂറ്റാണ്ട് തികയുംമുമ്പ് അതിന്റെ തിക്തഫലം കുര്‍ത്തയും താടിയുമൊക്കെയായി ഡല്‍ഹി 7 റെയ്‌സ് കോഴ്‌സ് റോഡില്‍ നടപ്പുണ്ട്. അതാലോചിച്ചുനോക്കുമ്പോള്‍ തമ്മില്‍ ഭേദം അടിയന്തരാവസ്ഥയായിരുന്നുവെന്നു കരുതുന്നവരും കാണും.

%അദ്വാനിയുടെ വിമര്‍ശത്തോടെ രണ്ടപകടങ്ങള്‍ സംഭവിച്ചു. ഒന്ന്, സംഘപരിവാരത്തിന്റെ കീഴ്ത്തട്ടില്‍ അദ്വാനി കൊടിയ വഞ്ചകനും ഒറ്റുകാരനുമായി. കീഴ്ത്തട്ടിലുള്ളവരുടെ സോഷ്യല്‍ മീഡിയ കല്ലേറില്‍ അദ്വാനിക്ക് മാനഹാനിമാത്രമല്ല, ജീവഹാനിതന്നെ സംഭവിച്ചുകൂടെന്നില്ല. മേല്‍ത്തട്ടിലും വലിയ വ്യത്യാസമില്ല, ഏറിന് അല്പം മിനുസംകാണുമെന്നുമാത്രം. അല്ലെങ്കിലും നരേന്ദ്രമോദിക്കെതിരെ ആരെങ്കിലും രണ്ടക്ഷരം എഴുതിയാലോ പറഞ്ഞാലോ ഉടന്‍ സമനിലതെറ്റുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. അതു സാരമില്ല, രണ്ടാമത്തേതാണ് വലിയ പ്രശ്‌നം. അദ്വാനി ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്കു പ്രിയപ്പെട്ടവനായിരിക്കുന്നു. ദൈവമേ, എന്റെ ശത്രുക്കളെ ഞാന്‍ നേരിട്ടോളാം, പുതിയ മിത്രങ്ങളെ അങ്ങ് നോക്കിക്കോളണമേയെന്ന് അദ്വാനി ദൈവത്തോടു പ്രാര്‍ഥിക്കേണ്ട അവസ്ഥയാണിപ്പോള്‍. അദ്വാനി മഹാന്‍, സത്യസന്ധന്‍, ധീരന്‍ തുടങ്ങിയ അഭിനന്ദനങ്ങളുമായി അവര്‍ മാധ്യമങ്ങളില്‍ ആഹ്ലാദനൃത്തംചവിട്ടുന്നുണ്ട്. വീര്യം കുറവുള്ള ചെകുത്താന്‍ പ്രിയങ്കരനാവും എന്നതൊരു പ്രകൃതിനിയമമാണല്ലോ. അദ്വാനി രഥയാത്രയും അയോധ്യയില്‍ ജെ.സി.ബി. െ്രെഡവര്‍പണിയുമായി നടക്കുമ്പോള്‍ അടല്‍ജി എത്രഭേദം എന്നായിരുന്നു മതേതരക്കാരുടെ നിലപാട്. മോദി വന്നപ്പോള്‍ അദ്വാനിയായി പ്രിയങ്കരന്‍. നാളെ മോദിക്കും പ്രിയങ്കരനാവാന്‍ ചാന്‍സുണ്ട്. ആഴ്ചതോറും വര്‍ഗീയവിഷം ലിറ്റര്‍കണക്കിനു ചാമ്പുന്ന ഏതെങ്കിലും ശിവസേനാ, ബജ്‌റംഗ്ദള്‍ തീവ്രവാദി പ്രധാനമന്ത്രിയായാല്‍ നരേന്ദ്രമോദി എത്ര ഡീസന്റായിരുന്നുവെന്ന് പറഞ്ഞുകളയും ഈ വ്യാജമതേതരന്മാര്‍...

%ഇക്കാലത്ത്, അഭിമുഖത്തില്‍ പറഞ്ഞതു നിഷേധിക്കാനൊന്നും പറ്റില്ലെന്നതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് അദ്വാനിജി. ''നിയമപരവും ഭരണഘടനാപരവുമായ മുന്‍കരുതലുകളുണ്ടെങ്കിലും, ജനാധിപത്യം തകര്‍ക്കാന്‍കഴിയുന്ന ശക്തികള്‍ ഇന്ന് കൂടുതല്‍ ശക്തരാണ്'' എന്നുപറഞ്ഞത് കോണ്‍ഗ്രസിനെയുദ്ദേശിച്ചാണെന്നു വ്യാഖ്യാനിച്ചുഫലിപ്പിക്കാന്‍ ആയിരംനാവുള്ള അനന്തനെ വക്കീലായി വിളിക്കേണ്ടിവരും. കോണ്‍ഗ്രസ് ഇന്ന് കൂടുതല്‍ ശക്തരാണെന്നുപറഞ്ഞത് അമേരിക്കന്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചാണെന്ന് പിന്നെ വേറെ വ്യാഖ്യാനിക്കുകയായിരിക്കും ഭേദം. 1975ലെക്കാള്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കൂടുതല്‍ ശക്തമാണെന്ന് 'ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന' കോണ്‍ഗ്രസ്സുകാര്‍പോലും പറയില്ലല്ലോ. അദ്വാനിയുടെ വ്യാഖ്യാനം കേട്ടപ്പോഴാണ് അദ്വാനി മോദിയെത്തന്നെയാണുദ്ദേശിച്ചതെന്നുറപ്പായത്.

ഏകച്ഛത്രാധിപതിയായി രാജ്യംഭരിച്ച് തോന്നുന്നതെല്ലാംചെയ്യിക്കാന്‍ അടിയന്തരാവസ്ഥ വേണം എന്ന പഴഞ്ചന്‍ അന്ധവിശ്വാസത്തില്‍ ജീവിക്കുകയാണ് ഇപ്പോഴും അദ്വാനി. കാലവും ടെക്‌നോളജിയുമെല്ലാം എത്ര പുരോഗമിച്ചിരിക്കുന്നു. അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പും അറസ്റ്റും ഒന്നും വേണ്ട. എല്ലാം ക്ലീനായി കൈപ്പിടിയിലൊതുക്കാം. അദ്വാനി പണ്ട് അടിയന്തരാവസ്ഥയെക്കുറിച്ചു പറഞ്ഞത് അടിയന്തരാവസ്ഥയില്ലാതെ ഇപ്പോള്‍ നാട്ടുനടപ്പായിട്ടുണ്ട്. കുനിയാന്‍ പറഞ്ഞാല്‍ ഇഴയും! ആദ്യഘട്ടമായി മോദിജി ഇത് പാര്‍ട്ടിയില്‍ നടപ്പാക്കിക്കഴിഞ്ഞു. ഇനി പുറത്തും അത് നടപ്പാക്കാം. അതിനുള്ള ടെക്‌നിക്കുകള്‍ ഇന്ന് എളുപ്പം ലഭ്യമാണ്. പേടിയുണ്ടാക്കിയാല്‍ത്തന്നെ പകുതി പണി കഴിഞ്ഞു. പേടികൊണ്ട് ഇപ്പോള്‍ ബ്യൂറോക്രസിയും ഭരണകൂടസംവിധാനങ്ങളും കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്നുണ്ട്. ട്രേഡ് യൂണിയനും ബുദ്ധിജീവിസംവിധാനങ്ങളും കുനിഞ്ഞുതുടങ്ങിയിട്ടുണ്ട്. വൈകാതെ ഇഴയും. കോടതിയുടെ കൊമ്പുപിടിക്കാനുള്ള പണി ഭരണമേറ്റ ഉടനെതന്നെ തുടങ്ങിയിട്ടുണ്ട്. ക്രമേണയേ ഇതിന്റെ ഫലം കാണൂ. മാധ്യമങ്ങള്‍ക്കെല്ലാം പണി വെച്ചിട്ടുണ്ട്. വൈകാതെ കാണാം...

അദ്വാനി ശിഷ്ടകാലം രാമനാമം ജപിക്കട്ടെ. ചെറിയമട്ടില്‍ യോഗയും ചെയ്യട്ടെ.

nprindran@gmail.com

Sunday, 14 June 2015

രക്ഷകന് സ്തുതി


കോഴ കൊടുത്തതിന് തെളിവുണ്ട്. വാങ്ങിയതിനേ തെളിവില്ലാതുള്ളൂ. അപ്പോള്‍ കൊടുത്തയാളെ ശിക്ഷിക്കാം,
മാണിസാറിന് അനല്‍പ്പമായ ദുഃഖവും കുറ്റബോധവുമുണ്ട്. ബാര്‍ പൂട്ടാനും പൂട്ടാതിരിക്കാനും കോഴവാങ്ങിയെന്ന് ആക്ഷേപം ഉണ്ടായതിലല്ല ദുഃഖം. അതൊന്നും പ്രശ്‌നമല്ല. ജീവന്‍ വെടിഞ്ഞും മാണിസാറിനെ സഹായിക്കാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള മുഖ്യമന്ത്രിയെ തെറ്റിദ്ധരിച്ചുപോയല്ലോ എന്നോര്‍ത്ത് കരച്ചില്‍ അടങ്ങുന്നില്ല. തമ്പുരാനേ... എന്തെല്ലാമായിരുന്നു വിശ്വസിച്ചിരുന്നത്! താന്‍ പാലായിലെ മാണിക്യവും സര്‍വകക്ഷി സര്‍വസമ്മത ജനനേതാവും എതിരില്ലാതെ മുഖ്യമന്ത്രിയുമാകുന്നതില്‍ അസൂയമൂത്ത ഉമ്മന്‍ചാണ്ടി ആസൂത്രണംചെയ്ത കുതന്ത്രമാണ് ബാര്‍കോഴ ആരോപണം എന്നല്ലേ തെറ്റിദ്ധരിച്ചിരുന്നത്? അയ്യോ, പാവം. ആ നന്മനിറഞ്ഞവനെ തെറ്റിദ്ധരിച്ചതിന് കര്‍ത്താവ് മാപ്പുതരുമോ ആവോ...
ലീഡര്‍ കെ. കരുണാകരന്‍ കഴിഞ്ഞാല്‍ തന്നോളം തന്ത്രകുതന്ത്രശാലി ഭൂമിമലയാളത്തിലില്ല എന്നാണ് വിശ്വസിച്ചിരുന്നത്. അല്ലെങ്കില്‍, അങ്ങനെയാണ് വിശ്വസിപ്പിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി കെ.എസ്.യു. കളിക്കുമ്പോള്‍ താന്‍ കേരള കോണ്‍ഗ്രസ്സിന്റെ മേല്‍ത്തട്ടിലേക്ക് കയറ്റംതുടങ്ങിയതാണ്. ഇന്ന് ആളെണ്ണത്തിന്റെ ബലത്തില്‍ പലരും മുഖ്യമന്ത്രിയായെന്നുവരും. അത് കാര്യമാക്കേണ്ട. മന്ത്രിമുഖ്യനും യു.ഡി.എഫ്. കളിയിലെ കേമനും താന്‍തന്നെയെന്ന് കരുതിയിരിക്കുമ്പോഴല്ലേ എങ്ങുനിന്നോ ഒരു ബാറുകാരന്‍വന്ന് തന്നെ ഗളച്ഛേദംചെയ്യാന്‍ ഒരുമ്പെട്ടത്. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉണ്ടാക്കിയ വേലയാണതെന്ന് സകല കേരള കോണ്‍ഗ്രസ്സുകാരും പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും?

എന്തൊരു വീര്യമായിരുന്നു ബാര്‍കേസ് അന്വേഷണത്തിന്. നൂറാംക്ലാസ് റമ്മിനേക്കാള്‍ വീര്യം. അതോര്‍ത്ത് ഇപ്പോള്‍ ചിരിപൊട്ടുന്നു. ചോദ്യംചെയ്യല്‍, ഒളിക്യാമറ, വീട് സര്‍ച്ച്, ബാങ്ക് അക്കൗണ്ട് പരിശോധന, ബംഗ്‌ളാവിന്റെ അളവുപിടിക്കല്‍, മൊബൈല്‍ േകാള്‍ പരിശോധന, നുണപരിശോധന... എല്ലാം കണ്ടും കേട്ടും വിരണ്ടുപോയി എന്നത് സത്യം. ഈ എണ്‍പതാം വയസ്സില്‍ അഴിക്കുള്ളിലാകുന്നതുപോലും ദുഃസ്വപ്നംകണ്ടു. ചാണ്ടിസാര്‍ എല്ലാം പഴുതടച്ച് കുറ്റമറ്റതാക്കുകയായിരുന്നില്ലേ. കോഴ ചോദിച്ചതിന് തെളിവില്ല, കോഴയാണ് തന്നത് എന്നതിന് തെളിവില്ല, എന്തെങ്കിലും ഗുണം തന്നെക്കൊണ്ട് കോഴതന്നയാള്‍ക്ക് ലഭിച്ചതായി തെളിവില്ല, പരാതിക്കാരന്‍ തന്നെ കണ്ടതായി തെളിവില്ല, വീട്ടിലെ പരിശോധനയില്‍ പണം തട്ടിന്‍പുറത്തൊന്നും കണ്ടില്ല. ബാങ്കില്‍ നിക്ഷേപിച്ചതായി കണ്ടിട്ടില്ല. നുണപരിശോധനയില്‍ സത്യമാണ് പറഞ്ഞത് എന്നും തെളിഞ്ഞില്ല. എല്ലാം രക്ഷകന്റെ മറിമായങ്ങള്‍. മാണിയെ രക്ഷിക്കാന്‍വേണ്ടിചെയ്ത സത്കര്‍മങ്ങള്‍. ഇനി മാണിയെ ശത്രുക്കള്‍ക്ക് തൊടാന്‍പറ്റില്ല. ആര്‍ക്കെങ്കിലും തൊടാന്‍ പറ്റുമെങ്കില്‍ അത് രക്ഷകനുമാത്രം. രക്ഷകന്‍ നീണാള്‍ വാഴട്ടെ. മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷത്തെക്കുറിച്ച് സുവിശേഷത്തില്‍ പറഞ്ഞത് എത്ര ശരി. പ്രതീക്ഷിച്ച മൂന്നുവര്‍ഷവും ഫലങ്ങളൊന്നും നല്‍കാതായപ്പോള്‍ വെട്ടിക്കളയാന്‍ ആലോചിച്ചതാണ്. തൊട്ടുമുമ്പ് ചുവടുകിളച്ച്, വളമിട്ടുനോക്കാന്‍ ഒരു വര്‍ഷംകൂടി നല്‍കപ്പെട്ട വൃക്ഷം. ഇപ്പോഴിതാ അളവറ്റ ഫലം ലഭിച്ചിരിക്കുന്നു. അന്ന് പറഞ്ഞത് എത്ര സത്യം, 'ഫലത്തില്‍നിന്നാണ് വൃക്ഷത്തെ അറിയുക'. അറിഞ്ഞു കര്‍ത്താവേ, അറിഞ്ഞു.

ഇനി അരുവിക്കരയില്‍ ധൈര്യമായി ചൂണ്ടയിടാം. അരുവിക്കര കടക്കുവോളം നാരായണ വിളിക്കാം. വോട്ടുപിടിക്കാന്‍ വേണമെങ്കില്‍ മാണിസാറും വരും. പ്രായമൊന്നും നോക്കേണ്ട. വേണമെങ്കില്‍ ഒരു പദയാത്ര നയിക്കാനും തയ്യാര്‍. എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടിന്റെ തീരുമാനമൊക്കെ വോട്ടെടുപ്പ് കഴിഞ്ഞ് മതി. വോട്ടെടുപ്പിനുമുമ്പ് വേണമെന്നൊന്നും കോടതി പറയില്ല. അതുംകൂടി കഴിഞ്ഞിട്ടുവേണം പരാതിക്കാരനായ ബാറുകാരനെതിരെ കേസുണ്ടാക്കാന്‍. കോഴ കൊടുത്തതിന് തെളിവുണ്ട്. കൊടുത്തയാള്‍ കൊടുത്തെന്ന് പറഞ്ഞല്ലോ. വാങ്ങിയതിനേ തെളിവില്ലാതുള്ളൂ. അപ്പോള്‍ കൊടുത്തയാളെ ശിക്ഷിക്കാം, വാങ്ങിയെന്ന് പറയുന്ന ആളെ അപകീര്‍ത്തിപ്പെടുത്തിയതിനുള്ള ശിക്ഷയും കൊടുക്കാം. എല്ലാം നല്ല നിയമോപദേശത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാണെങ്കില്‍ പഞ്ഞമില്ലതാനും.

                                              *********

യു.ഡി.എഫ്. ഭരണത്തിന് അതിന്റെ രക്ഷാകര്‍തൃസമിതി പ്രസിഡന്റ് എ.കെ. ആന്റണി എ പ്ലസ് കൊടുത്തതായി റിപ്പോര്‍ട്ടുണ്ട്. അരുവിക്കരയില്‍ച്ചെന്നാണ് എ.കെ. ഈ കൃത്യം നിര്‍വഹിച്ചത്. ഇത് വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് രക്ഷിതാവുതന്നെ പരിശോധിക്കുന്നതുപോലെയേ ആവൂ. തീര്‍ച്ചയായും രക്ഷിതാവിന് അതിന് അധികാരമുണ്ട്, പരിശോധനയ്ക്കും മാര്‍ക്കിടലിനും. നാട്ടുകാര്‍ എത്ര മാര്‍ക്കിടുമെന്നത് വേറെക്കാര്യം.
കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന് താന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ട് അദ്ദേഹം കൃത്യമായി പിറ്റേന്നുതന്നെ നിഷേധിച്ചത് മാധ്യമ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കുമല്ലോ. സര്‍വത്ര അഴിമതിയെന്ന് പറഞ്ഞാല്‍ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നോ ഭരണക്കാര്‍ അഴിമതിയില്‍ പുളയ്ക്കുകയാണെന്നോ അര്‍ഥമില്ല. ജനങ്ങള്‍ സര്‍വത്ര അഴിമതിയില്‍ എന്നാണ് അതിന് അര്‍ഥം. ജനങ്ങളാണ് പാവപ്പെട്ട മന്ത്രിമാരെയും നേതാക്കളെയും അഴിമതിക്കാരും കൈക്കൂലിക്കാരുമൊക്കെയാക്കി മാറ്റുന്നത്. അഴിമതിയില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനുള്ള ചികിത്സ, വ്യായാമം, ഭക്ഷണക്രമം, ദിനചര്യ എന്നിവ അരുവിക്കരയ്ക്ക് തിരുവനന്തപുരം വരവില്‍ അദ്ദേഹം വിശദീകരിക്കുന്നതായിരിക്കും.

                                                  *********

അഴിമതി, വഞ്ചന, തട്ടിപ്പ് തുടങ്ങിയ മാരണങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍വേണ്ടി അവതരിച്ച കെജ്രിവാളിന് ഡല്‍ഹിയില്‍ ഭരണം നടത്താന്‍ സമയമനുവദിക്കാത്തത് മഹാകഷ്ടമാണ്. കേന്ദ്രസര്‍ക്കാറിന്റെ പാരവെപ്പുകളെ നേരിടാന്‍തന്നെ രാവും പകലും ഉറങ്ങാതെ കാവലിരിക്കണം. ജനം തിരഞ്ഞെടുത്ത സര്‍ക്കാറിനേക്കാള്‍ അധികാരം കേന്ദ്രം പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ക്കാണ് ഡല്‍ഹിയില്‍. മറ്റെങ്ങും സംസ്ഥാന ഭരണമെന്നാല്‍ പകുതി പോലീസിന്റെ ഭരണമാണ്. ഡല്‍ഹിയിലത് പോലീസില്ലാത്ത ഭരണമാണ്. ഇതിനാരെങ്കിലും ഭരണം എന്ന് പറയുമോ?
ഇതിനിടയിലാണ് മാര്‍ക്ക് തിരുത്തിയ മന്ത്രിമാരെയും ഗാര്‍ഹികപീഡനം നടത്തിയ നേതാക്കളെയുംകൊണ്ടുള്ള പൊല്ലാപ്പ്. പോലീസ് കൈയിലുണ്ടായാല്‍പ്പോലും ഇത്തരക്കാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ല സംസ്ഥാന ഭരണങ്ങള്‍ക്ക്. കേന്ദ്ര നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ്, നാളെ റോഡരികില്‍ മൂത്രമൊഴിച്ചതിന് ഡല്‍ഹി മന്ത്രിമാരെ അറസ്റ്റുചെയ്‌തെന്നും വരാം. ഈ പ്രശ്‌നം പരിഹരിക്കുക എളുപ്പമാണ്. ഡല്‍ഹിക്ക് വേറെ മന്ത്രിസഭ വേണ്ട. കേന്ദ്രമന്ത്രിസഭ തന്നെ ഡല്‍ഹിയും ഭരിക്കും. തൃപ്തിപോരെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ ഒരു ഡല്‍ഹിഭരണവകുപ്പുകൂടി ഉണ്ടാവട്ടെ. എന്താ പോരേ?

                                                          *********

തമിഴ്‌നാട് ഇടതുപക്ഷത്തിന്റെ ധൈര്യം സമ്മതിക്കണം. ജയലളിത മത്സരിക്കുന്ന ചെന്നൈ ആര്‍.കെ.നഗറില്‍ മത്സരിക്കാന്‍ അവര്‍ ധൈര്യംകാട്ടിയിരിക്കുന്നു. ആണായിപ്പിറന്ന ദ്രാവിഡ വില്ലനോ നായകനോ നയിക്കുന്ന ഒരു പാര്‍ട്ടിയും ധൈര്യപ്പെടാത്ത സാഹസത്തിനാണ് അവര്‍ ഒരുമ്പെട്ടിരിക്കുന്നത്. സി.പി.എം. ബുദ്ധിപൂര്‍വം ആ പണി സി.പി.ഐ.യെ ഏല്‍പ്പിച്ചതാണോ അതല്ല, സി.പി.ഐ. സ്വയം ചാവേറായി രംഗത്തുവന്നതോ എന്ന് വ്യക്തമല്ല. എന്തായാലും ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് നിയമസഭയിലും ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഒരേ സമയം കേറാനുള്ള ജയലളിതയുടെ മോഹം സാധിപ്പിച്ചുകൊടുക്കേണ്ടതുതന്നെയാണ്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ജയം ഏകകണ്ഠമായിപ്പോകും... അത് പാടില്ല. സി.പി.ഐ.യോടാണ് ജയിച്ചത് എന്ന നാണക്കേടെങ്കിലും കിടക്കട്ടെ.

nprindran@gmail.com

Sunday, 7 June 2015

മക്കള്‍രാഷ്ട്രീയ അപഖ്യാതിഅച്ഛന്‍ മരിച്ച ഒഴിവില്‍ മകന്‍ എം.എല്‍.എ. സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്തോ മോശം സംഗതിയായി ഇപ്പോഴും നിലനില്‍ക്കുന്നത് അദ്ഭുതംതന്നെ. വ്യാകരണത്തിലെ തെറ്റുപോലും ആവര്‍ത്തിച്ചാല്‍ ശരിക്ക് തുല്യമാകും എന്നാണ് വ്യവസ്ഥ. എത്രവട്ടം എന്ന് വ്യക്തമല്ല. വ്യാകരണമോ നിയമമോ ഒട്ടുമില്ലാത്ത രാഷ്ട്രീയത്തില്‍ എന്തിനാണാവോ ഇത്ര വേവലാതി? രാഷ്ട്രീയത്തിന് ഒരു പടികൂടി താഴെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം. അവിടെ ഒരു നിയമമേയുള്ളൂ. തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തുംചെയ്യാം. യുദ്ധത്തിലും പ്രേമത്തിലും എന്തുംചെയ്യാം എന്ന ഒരു അബദ്ധം ഇംഗ്ലീഷുകാര്‍ പറഞ്ഞുപറഞ്ഞ് ഏതാണ്ട് സുബദ്ധമാക്കിയിട്ടുണ്ട്. യുദ്ധത്തിലും പ്രേമത്തിലുമല്ല, തിരഞ്ഞെടുപ്പിലാണ് എന്തും ചെയ്യാവുന്നത്...

ജീവിതകാലം മുഴുവന്‍ മക്കള്‍രാഷ്ട്രീയത്തിന് എതിരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴിതാ അത് പാടേ മറന്നിരിക്കുന്നു എന്നാണ് അപഖ്യാതി നമ്പര്‍ വണ്‍. ബാലകൃഷ്ണപിള്ള ഒരടികൂടി മുന്നോട്ടുകടന്ന് മറ്റൊരു പോയന്റുകൂടി ഉന്നയിച്ചു. കെ. കരുണാകരന്റെ മകനെ നേതാവാക്കുന്നതിന് എതിരെ പൊരുതിയ ജി. കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ഥിയാക്കിയത് കാര്‍ത്തികേയനോട് ചെയ്ത അനീതിയാണ് എന്നദ്ദേഹം പറഞ്ഞു. എങ്ങനുണ്ട്? മക്കളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാത്ത ആളാണ് ബാലകൃഷ്ണപിള്ള എന്ന് ആര്‍ക്കാണ് അറിയാത്തത്. പുത്രനായാലും ശരി അച്ഛനായാലും ശരി, തന്റെ കാര്യം കഴിഞ്ഞിട്ടേ പിന്‍ഗാമിയുടെ കാര്യം വരുന്നുള്ളൂ എന്നകാര്യത്തില്‍ അദ്ദേഹത്തിന് വിട്ടുവീഴ്ചയില്ല. പോകട്ടെ, ഇപ്പോള്‍ പ്രശ്‌നം അതല്ലല്ലോ. കാര്‍ത്തികേയന്‍ കടുത്ത മക്കള്‍രാഷ്ട്രീയവിരുദ്ധനായിരുന്നു എന്നത് ശരിയോ? ആണെങ്കില്‍, മക്കള്‍രാഷ്ട്രീയവിരുദ്ധന്റെ മകനെ അച്ഛന്റെ പിന്‍തുടര്‍ച്ചാവകാശിയാക്കുന്നത് ശരിയോ?

ഐ ഗ്രൂപ്പില്‍ തിരുത്തല്‍വാദം എന്നൊരു പ്രസ്ഥാനവുമായി ഹ്രസ്വകാലം ഇരമ്പിയവരുടെ നേതൃനിരയില്‍ ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും ഷാനവാസുമൊക്കെ ഉണ്ടായിരുന്നുവെന്നത് സത്യംതന്നെ. കാല്‍ നൂറ്റാണ്ടുമുമ്പത്തെ കേസാണ്. ഓര്‍മകള്‍ പിശകും. കെ. മുരളീധരനെ എം.പി.യാക്കി മുന്നില്‍ കൊണ്ടുവരുന്നതിന് എതിരെയായിരുന്നു തിരുത്തല്‍വാദം എന്നത് സത്യമാവില്ല. കാരണം, അദ്ദേഹം എം.പി.യാകുന്നത് 1989ലാണ്, പിന്നെയും വര്‍ഷം മൂന്ന് കഴിഞ്ഞാണ് തിരുത്തലുകാര്‍ ഡസ്റ്ററും ചോക്കുമായി എഴുത്തുതിരുത്താന്‍ വരുന്നത്. മക്കള്‍രാഷ്ട്രീയമാകാം, പക്ഷേ, വല്ലാതെ ധൃതിപ്പെടരുത് എന്നേ അവര്‍ പരിഭവിച്ചിരുന്നുള്ളൂ. തലേലെഴുത്ത് തിരുത്താന്‍ ആര്‍ക്കുണ്ട് അനുമതി? പുത്രന്‍ വീണ്ടും വീണ്ടും എം.പി.യും എം.എല്‍.എ.യും പി.സി.സി. പ്രസിഡന്റും മന്ത്രിയും പിന്നെയിതാ വീണിതല്ലോ കിടക്കുന്ന ധരണിയിലും ആയിട്ടുണ്ട്. തിരുത്തല്‍വാദികള്‍ പറഞ്ഞത് ശരിയായിരുന്നു. ധൃതിപാടില്ല. മുരളിക്കില്ലാത്ത ധൃതിയായിരുന്നു ലീഡര്‍ക്ക്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ അവസ്ഥ തിരുത്താന്‍ പടച്ചോന്‍തന്നെ വിചാരിക്കണം. അതുകൊണ്ട് പാവം ജി. കാര്‍ത്തികേയനെ ഒരു ആജീവനാന്ത മക്കള്‍രാഷ്ട്രീയ വിരുദ്ധനാക്കേണ്ട. ആ നമ്പര്‍ ചെലവാകില്ല.

ഇന്ദിരാഗാന്ധിയുടെ കുടുംബാധിപത്യത്തെ അതിശക്തമായി വിമര്‍ശിച്ചവരാണ് എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരെന്ന വേറൊരു അപഖ്യാതിയും ചിലകക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്തുവിരോധമുണ്ടെങ്കിലും ഇത്രയും കടുത്ത അപരാധങ്ങള്‍ ആരോപിക്കാന്‍ പാടില്ല. ഇപ്പറഞ്ഞ ആളുകളൊക്കെ നേതാക്കള്‍ ആയതുതന്നെ ഇന്ദിരാഗാന്ധിക്ക് ജയ് വിളിച്ചിട്ടും ചുമരെഴുതിയിട്ടുമാണ്. നെഹ്രുവിനെ പിന്തുടര്‍ന്ന് ഇന്ദിര വരുന്നതിനോ ഇന്ദിരയെ പിന്തുടര്‍ന്ന് ആദ്യം സഞ്ജയ് ഗാന്ധി വരുന്നതിനോ അതുകഴിഞ്ഞ് ഒടുവില്‍ രാജീവ്ഗാന്ധി വരുന്നതിനോ ഇവരാരും മനസ്സാ വാചാ കര്‍മണാ എതിര്‍ത്തിട്ടില്ല. അടിയന്തരാവസ്ഥയെയും എതിര്‍ത്തിട്ടില്ല. ജനതാ പാര്‍ട്ടിയുടെ വരവോടെ ഇന്ദിരയുടെ കഥകഴിഞ്ഞു എന്നൊരു ധാരണയുണ്ടായപ്പോള്‍ മറുപക്ഷം ചാടിയത് മാത്രമാണ് ഇവര്‍ക്ക് ജീവിതത്തില്‍ പറ്റിയ ഏക അബദ്ധം. വെറും ഒരു കണക്കുപിശക്. അതിന് മക്കള്‍രാഷ്ട്രീയവൈരാഗ്യം തുടങ്ങിയ സിദ്ധാന്തമൊന്നും ആരും അവരുടെ തലയില്‍ വെച്ചുകെട്ടരുത് എന്നൊരു അപേക്ഷയുണ്ട്. ഇതിന് തെളിവുണ്ടോ എന്നൊന്നും ചോദിക്കരുതുകേട്ടോ. രാഹുല്‍ഗാന്ധി ലോകത്തിന്റെ പ്രതീക്ഷ എന്നും പറഞ്ഞ് ഇവരെല്ലാം ഇപ്പോഴും നടക്കുന്നു എന്നതുതന്നെ തെളിവ്.

ഇന്നലെവരെ കമ്പനിയും കച്ചവടവും ആയി നടന്ന ആള്‍ പെട്ടന്നുവന്ന് സ്ഥാനാര്‍ഥിയായതില്‍ യൂത്ത്, കെ.എസ്.യു. കിടാങ്ങള്‍ക്ക് പരിഭവം ഉണ്ടായതില്‍ തെറ്റില്ല. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. ജയിക്കാന്‍ ഡോ. സുലേഖയേക്കാള്‍ ചിലപ്പോള്‍ നല്ലത് ശബരിനാഥ് തന്നെയായിരിക്കാം. രാഷ്ട്രീയം അധികം പറയില്ലെന്നതും നല്ല ഗുണംതന്നെ. പയ്യന് യൂത്ത് കോണ്‍ഗ്രസ്സിലോ കോണ്‍ഗ്രസ്സിലോ അംഗത്വംപോലും ഉണ്ടായിരുന്നില്ലെന്നത് മോശംതന്നെ. ഒന്ന് സമാധാനിക്കാം, പുള്ളിക്കാരന്‍ തലേന്നുവരെ എതിര്‍പാര്‍ട്ടി നേതാവൊന്നും ആയിരുന്നില്ലല്ലോ. അതും നടക്കുന്നില്ലേ ഓരോ തിരഞ്ഞെടുപ്പിലും?

ആകപ്പാടെ ഒരു കണക്കേ പിശകിയുള്ളൂ. കാര്‍ത്തികേയന്റെ മകനോട് ജനങ്ങള്‍ക്ക് സഹതാപം ഉണ്ടാകുമെന്നും അത് വോട്ടുകിട്ടാന്‍ സഹായിക്കുമെന്നും വെറുതേ വ്യാമോഹിച്ചുപോയി. കേരളത്തില്‍ ആ ജാതി സഹതാപമൊന്നും ആര്‍ക്കും ഇല്ല. തീര്‍ച്ചയായും ശബരിനാഥിനേക്കാള്‍ സഹതാപത്തിന് അര്‍ഹന്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍തന്നെ. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനെ കേന്ദ്രമന്ത്രിസഭയില്‍പ്പോലും എടുക്കില്ലെന്ന് വാശിപിടിക്കുന്ന മോദിയുടെ പാര്‍ട്ടിയാണ് മുന്‍കേന്ദ്രമന്ത്രിയെ എം.എല്‍.എ. സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. സഹതാപം എമ്പാടും ഉണ്ട്. പ്രകടിപ്പിക്കേണ്ടത് വെറും ഒരു കൊല്ലത്തേക്ക് എം.എല്‍.എ. ആക്കിയിട്ടാണോ അതല്ല തോല്പിച്ചാണോ എന്നേ തീരുമാനിക്കാനുള്ളൂ.

                                             *********

തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് വി.എസ്സിനെ വിളിച്ചില്ലെന്നത് വലിയ അനുഭാവതരംഗത്തിന് ഹേതുവാകുമെന്നത് അതിമോഹമായിരിക്കും. ഉപതിരഞ്ഞെടുപ്പ് മാത്രമാകുമ്പോള്‍ സഹതാപതരംഗം? കണ്ടറിയണം.
എന്തായാലും ശ്രമിക്കുന്നുണ്ടെങ്കില്‍ ആഞ്ഞുശ്രമിക്കണം. വി.എസ്സിനെ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് നീക്കം ചെയ്യുക, കേന്ദ്രകമ്മിറ്റിയംഗത്വത്തില്‍നിന്ന് പുറത്താക്കുക തുടങ്ങിയ എന്തെങ്കിലും കടുംകൈകള്‍ ചെയ്യാതെ ജനത്തിന് ഒന്നും ഏശുകയില്ല. അതും ഒരു പരിധിക്കപ്പുറം പോകാതെ നോക്കുകയും വേണം. വി.എസ്സിനെ ശരിക്കും പ്രകോപിപ്പിക്കാന്‍വേണ്ടി അടുത്ത മുഖ്യമന്ത്രിസ്ഥാനാര്‍ഥി പിണറായി വിജയന്‍ ആയിരിക്കും എന്നൊന്നും പ്രഖ്യാപിച്ചേക്കല്ലേ... യു.ഡി.എഫിന്റെ ഏക പ്രതീക്ഷ ഇപ്പോഴും അത് മാത്രമാണ്. പണ്ട് ഗൗരിയമ്മയുടെ കാര്യത്തില്‍ ചെയ്തതുപോലെ വി.എസ്. തന്നെ എന്നൊക്കെ പറഞ്ഞുനിന്നിട്ട് ഇലക്ഷന്‍ കഴിഞ്ഞാല്‍ വേണ്ടതുപോലെ ചെയ്താലും വിരോധമില്ല. മറ്റേത് പൊതുതിരഞ്ഞെടുപ്പിന് മുമ്പുപോലും വേണ്ട...

                                                       *********

ബാര്‍ കോഴയില്‍ വേണ്ടത്ര തെളിവില്ല എന്ന കണ്ടെത്തല്‍ വളരെ സ്വാഗതാര്‍ഹമാണ്. ഭാവിയില്‍ കോഴകൊടുത്ത് പിന്നീട് കേസില്‍ കുടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എന്തെല്ലാം തരം തെളിവുകളാണ് മുന്‍കൂട്ടി ഉണ്ടാക്കിവെക്കേണ്ടത് എന്നുകൂടി ഉദ്യോഗസ്ഥന്മാര്‍ ഒരു കുറിപ്പടിയായി തയ്യാറാക്കുന്നത് നന്നായിരിക്കും.
ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ മറ്റേ ബാറുമായിക്കൂടി നല്ല ബന്ധം ഉണ്ടാക്കിയിട്ടേ ഇത്തരം വയ്യാവേലികള്‍ക്ക് പുറപ്പെടാവൂ. ഇപ്പോള്‍ എന്തെല്ലാം അത്യാധുനിക യന്ത്രങ്ങള്‍ വിപണിയിലുണ്ട് എന്ന് അന്വേഷിച്ചാലറിയാം. നുണപരിശോധന നടത്തുമ്പോള്‍ ഘടിപ്പിക്കുന്നതുപോലുള്ള ഉപകരണങ്ങളുടെ ചെറുപതിപ്പുകള്‍ വിപണിയില്‍ കണ്ടേക്കും. അതുണ്ടെങ്കില്‍, കോഴ വാങ്ങുമ്പോളത്തെ മന്ത്രിയുടെ മുഖഭാവം, ഹൃദയമിടിപ്പ്, ശരീരോഷ്മാവ്, ബി.പി. എന്നിവയെല്ലാം രേഖപ്പെടുത്താന്‍ കഴിഞ്ഞേക്കും. ഇപ്പോഴും കോഴവാങ്ങിച്ചത് കണ്ടു എന്ന് പറഞ്ഞാലേ നുണപരിശോധനയുള്ളൂ. ഞാന്‍ വാങ്ങിയില്ല എന്ന് പറയുന്ന ആളെയും അതിന് വിധേയനാക്കിയാല്‍ പ്രശ്‌നം ഒരുദിവസംകൊണ്ട് തീര്‍ക്കാമായിരുന്നു.

nprindran@gmail.com

Monday, 1 June 2015

പത്രപ്രവര്‍ത്തകനായ സഞ്ജയന്‍

സഞ്ജയന്‍  എന്ന തൂലികാനാമം സ്വീകരിച്ചത് എന്തുകൊണ്ട്  എന്ന് മാണിക്കോത്ത് രാമുണ്ണിനായര്‍ക്ക് അധികം വിസ്തരിക്കേണ്ടിവന്നിട്ടില്ല. പത്രപ്രവര്‍ത്തനധര്‍മം നിര്‍വഹിക്കാന്‍ വേണ്ടി എന്ന് അത്രയേറെ വ്യക്തമായിരുന്നു. മഹാഭാരത യുദ്ധവാര്‍ത്തകള്‍ അപ്പപ്പോള്‍ എങ്ങനെ അമ്പുകളേറ്റു മുറിയാതെയും തളര്‍ച്ച ബാധിക്കാതെയും സഞ്ജയന്‍ ധൃതരാഷ്ട്രരെ  അറിയിച്ചുവോ അതുപോലെ നമ്മുടെ സഞ്ജയന്‍ ഒട്ടും ഭയക്കാതെ തന്റെ പത്രപ്രവര്‍ത്തകദൗത്യം നിറവേറ്റുന്നുണ്ടായിരുന്നു.
വ്യക്തിബന്ധങ്ങളിലെയും നിത്യജീവിതത്തിലെയും പിഴവുകളും വൈരുദ്ധ്യങ്ങളും പൊള്ളത്തരങ്ങളുമാണ് പൊതുവെ ഹാസ്യസാഹിത്യകാരന്മാര്‍ വിഷയമാക്കാറുള്ളതെങ്കില്‍, സഞ്ജയന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയാണ് തന്റെ ഹാസ്യത്തിന് വിഷയമാക്കിപ്പോന്നത്. അടിസ്ഥാനപരമായി ഒരു പ്രാദേശികലേഖകന്റെ അല്ലെങ്കില്‍ ടൗണ്‍ റിപ്പോര്‍ട്ടറുടെ ദൗത്യമാണ് അദ്ദേഹം ഉടനീളം നിര്‍വഹിച്ചത് എന്ന് കാണാം.

കോഴിക്കോട് നഗരത്തിലെ മുന്‍സിപ്പല്‍ ഭരണത്തിന്റെ വീഴ്ചകളും പാളിച്ചകളും കൊള്ളരുതായ്മകളും യഥാര്‍ത്ഥത്തില്‍ സാഹിത്യത്തിന്റെ വിഷയമല്ല, പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ വിഷയങ്ങളാണ്. സഞ്ജയന്‍ ആദ്യാവസാനം പ്രതിബന്ധത നിറഞ്ഞ ഒരു പത്രപ്രവര്‍ത്തകനായിരുന്നു.
ആനുകാലികസംഭവങ്ങളുടെ പ്രതിപാദ്യത്തില്‍ ഹാസ്യത്തിന്റെ കുളിര്‍കാറ്റല്ല, പരിഹാസത്തിന്റെ തിരമാലകളും കൊടുങ്കാറ്റുകളുമാണ് ഉണ്ടാവുക. വ്യക്തമായ നിലപാടുകളും കുത്യമായ മാര്‍ഗരേഖകളുമുള്ള ഒരു സാമൂഹ്യവിമര്‍ശകനെയുമാണ് സഞ്ജയനിലൂടെ നമുക്ക് കാണാനാവുക. പലരും ധരിക്കാറുള്ളത് എഴുത്തുകാരനും തൂലികാനാമക്കാരനും ഒരേ വ്യക്തി തന്നെയാണ് എന്നാണ്. ഈ വിഷയം സഞ്ജയനോളം തത്ത്വചിന്താപരമായി നിര്‍വചിച്ചവര്‍ ലോകസാഹിത്യത്തില്‍ വേറെ ഉണ്ടോ എന്നറിയില്ല.. 'മാണിക്കോത്ത് രാമണ്ണി നായര്‍ അല്ല സഞ്ജയന്‍. ഞാന്‍ സ്‌നേഹിക്കുന്നവരെയെല്ലാം സഞ്ജയന്‍ സ്‌നേഹിക്കുന്നില്ല., സഞ്ജയന്‍ ദ്വേഷിക്കുന്നവരെയെല്ലാം ഞാന്‍ ദ്വേഷിക്കുന്നില്ല. സഞ്ജയന്റെ സ്‌നേഹാന്വേഷണങ്ങള്‍ ആദര്‍ശങ്ങളെയും എന്റെ സ്‌നേഹവിദ്വേഷങ്ങള്‍ പരിചയത്തെയും വ്യക്തിപരമായ ഉപകാരാപകാരങ്ങളെയും രുചിസാദൃശ്യത്തെയും ആശ്രയിച്ചിരിക്കുന്നു. എന്റെ പ്രാണസ്‌നേഹിതന്മാരെ സ്തുതിക്കുവാന്‍ സഞ്ജയന്‍ ഒരുതുള്ളി മഷി ചെലവാക്കുകയില്ല. നേരെ മറിച്ച് സഞ്ജയന്‍ നിരന്തരം എതിര്‍ക്കുന്ന ചില സഖാക്കളുടെ നേരെ-അവരത് വിശ്വസിച്ചാലും ഇല്ലെങ്കിലും - എനിക്ക് സഹോദര നിര്‍വിശേഷമായ സനേഹമാണുള്ളത്….'

സഞ്ജയന്‍ എന്ന നിഷ്പക്ഷനും നീതിമാനുമായ സാമൂഹിക വിമര്‍ശകന്‍ എം.ആര്‍.നായര്‍ എന്ന സാധാരണ മനുഷ്യനില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാണെന്ന് നിര്‍വചിക്കാനുള്ള ശ്രമമാണിത്. അനീതികളെയും അധര്‍മങ്ങളെയും സമൂഹത്തിന് ഹാനികരമായ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുമ്പോള്‍ സഞ്ജയന്‍ നിഷ്‌കളങ്കമായ പുഞ്ചിരി ഉണര്‍ത്താനല്ല ശ്രമിക്കാറുള്ളത്. അവിടെ ഹാസ്യത്തിന്റെ സ്വരം താഴുകയും വിമര്‍ശനത്തിന്റെ സ്വരമുയരുകയുമാണ് ചെയ്യുക. അധര്‍മങ്ങളെ ചെറുക്കുമ്പോള്‍ സഞ്ജയന്‍ പത്രപ്രവര്‍ത്തകനാണ്, പത്രാധിപരാണ്.

1934 മുതല്‍ 42 വരെയാണ് സഞ്ജയന്റെ ജീവിതത്തിലെ ഏറ്റവും സജീവമായ കാലം. മൂന്ന് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യം അദ്ദേഹം ഈ കാലത്ത് വഹിക്കുകയുണ്ടായി. മലബാറിലെ ആദ്യത്തെ ആധുനികസ്വഭാവങ്ങളുള്ള പ്രസിദ്ധീകരണമായ 'കേരളപത്രിക'യാണ് സഞ്ജയന്‍ ആദ്യം പ്രവര്‍ത്തിച്ച മാസിക. അരനൂറ്റാണ്ട് പ്രവര്‍ത്തിച്ച് ക്ഷയോന്മുഖമായ കാലമായപ്പോഴാണ് സഞ്ജയന്‍  ആ പ്രസിദ്ധീകരണത്തിന്റെ ചുമതല ഏല്‍ക്കുന്നത്. കേരളപത്രികയെ അദ്ദേഹം സമൂലം മാറ്റിമറിച്ചു. കേരളപത്രിക നിലനില്‍ക്കെ തന്നെയാണ് അദ്ദേഹം മലയാളത്തിലെ ആദ്യ ഹാസ്യപ്രസിദ്ധീകരണമായ  'സഞ്ജയന്‍' ഇറക്കിയത.് 1939 ഏപ്രിലിലാണത്. ആദ്യം മാസികയായും  പിന്നെ ദൈ്വവാരികയായും ആണ് അത് ഇറങ്ങിയിരുന്നത്. അനാരോഗ്യവും മറ്റനേകം തടസ്സങ്ങളും കാരണം മുടങ്ങിയും മുടന്തിയും അതിന്റെ 43 ലക്കങ്ങള്‍ പ്രസിദ്ധീകൃതമായി. അതിന് ശേഷമിറങ്ങിയ ' വിശ്വരൂപം' 14 ലക്കങ്ങള്‍ മാത്രവും. മാതൃഭൂമിയില്‍ ചെന്നിരുന്നാണ് അതിന്റെ പണി അദ്ദേഹം നിര്‍വഹിച്ചിരുന്നത്.

വിശ്വരൂപ'ത്തിന്റെ പണിക്കിടെ അദ്ദേഹം മാതൃഭൂമിക്ക് വേണ്ടി പല എഡിറ്റോറിയല്‍ പ്രവര്‍ത്തികളും സേവനമായി നിര്‍വഹിച്ചുപോന്നു. കോളേജ് അധ്യാപകനായിരുന്ന അദ്ദേഹത്തിന് ഇംഗ്ലീഷിലുള്ള നെടുങ്കന്‍ വാര്‍ത്തകള്‍ അതിവേഗം മലയാളത്തിലാക്കാന്‍ കഴിഞ്ഞിരുന്നതായി മാതൃഭൂമി അസി.എഡിറ്ററായിരുന്ന ടി.പി.സി. കിടാവ് സഞജയന്‍ സ്മാരകഗ്രന്ഥമായ 'ഹാസ്യപ്രകാശ'ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും തട്ടുപൊളിപ്പന്‍ പ്രസംഗങ്ങള്‍ തര്‍ജ്ജമ ചെയ്യാന്‍ അദ്ദേഹത്തിന് പ്രത്യേക താല്പര്യവുമായിരുന്നു.
താന്‍ പ്രസിദ്ധപ്പെടുത്തുന്നവയുടെ ഗുണനിലവാരത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു അദ്ദേഹത്തിന്. കിട്ടുന്ന ഓരോ കൃതിയും വെട്ടിയും തിരുത്തിയും ചിലപ്പോള്‍ സമൂലം മാറ്റിയെഴുതിയും അദ്ദേഹം നിലവാരം ഉയര്‍ത്തിപ്പോന്നു. അദ്ദേഹത്തിന്റെ കൈ വിളയാടാതെ ഒരു ലേഖനം പോലും പ്രസിദ്ധപ്പെടുത്താറില്ലെന്ന് ചുരുക്കം. പ്രസിദ്ധീകരണം ജനപ്രിയമാക്കാന്‍ ഏതറ്റംവരെ പോകാം എന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. വായനക്കാര്‍ നിലവാരം കുറഞ്ഞ ഹാസ്യം ആണ് ആഗ്രഹിക്കുന്നത് എന്ന സിദ്ധാന്തം അദ്ദേഹം അംഗീകരിക്കുമായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം എഴുതി-' അവരാണ് വായനക്കാരില്‍ ഭൂരിപക്ഷം എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. നിങ്ങള്‍ തെളിയിക്കുന്ന ദിവസം..ഭഗവാനേ.. നിങ്ങളുടെ കാലാണേ സത്യം പി.എസ് ഈ പേന വലിച്ചെറിഞ്ഞ്, മനസ്സിനൊത്ത അരഡസന്‍ ചങ്ങാതിമാരെയും കൂട്ടി പാറപ്പുറത്ത്  ചെന്നിരുന്ന് വെടിപറഞ്ഞ് സമയം കളയും.....'

ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കാര്യത്തില്‍ അദ്ദേഹം സ്വന്തമായ ഒരു പ്രകടന പത്രിക തന്നെ മുറുകെപ്പിടിച്ചിരുന്നു. ' പരിഹാസപ്പുതുപ്പനീര്‍ചെടിക്കെടോ ചിരിയത്രെ പുഷ്പം  ശകാരം മുള്ളുതാന്‍..' എന്ന് അദ്ദേഹം ഒരു നീണ്ട കവിതക്കകത്താണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ രണ്ടുവരി 'സഞ്ജയന്‍' മാസികയുടെ എല്ലാ ലക്കത്തിലും നാലാം പേജില്‍ വൃത്താന്തരഹസ്യം പംക്തിയുടെ മുകളില്‍ കൊടുത്തുപോന്നു. സാന്ദര്‍ഭികമായി പറയട്ടെ, കൃത്യമായി ഒരു പംക്തി-പാശ്ചാത്യനിര്‍വചനപ്രകാരമുള്ള ഒരു  കോളം മലയാളത്തില്‍ ആദ്യം എഴുതിയത് സഞ്ജയന്‍ ആണ് എന്ന് കരുതാം. വൃത്താന്തരഹസ്യം, എഴുത്തുപെട്ടി തുടങ്ങി പല പംക്തികള്‍ അദ്ദേഹംതന്നെ ഒരേ ലക്കത്തില്‍ കൈകാര്യംചെയ്തുപോന്നിട്ടുണ്ട്. മാതൃഭൂമി പത്രത്തില്‍ വാരാന്തചിന്തകള്‍ എന്ന പംക്തിയും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. അതില്‍ വന്ന ലേഖനത്തിന്റെ പേരിലാണ് ഒരിക്കല്‍ മാതൃഭൂമി നിരോധിക്കപ്പെട്ടത്. കൊച്ചിയില്‍ വന്നിറങ്ങിയ വെള്ളപ്പട്ടാളക്കാര്‍ പെണ്‍കുട്ടികളോട് മര്യാദകേട് കാട്ടിയതിനെതിരെ ആണ് സഞ്ജയന്‍ രൂക്ഷമായി പ്രതികരിച്ചത്. അതില്‍ 'പുതുപ്പനിനീര്‍പുഷ്പ'മായിരുന്നില്ല ഉണ്ടായിരുന്നത്, കടുപ്പമേറിയ 'മുള്ളുകള്‍' തന്നെയായിരുന്നു. അതങ്ങനെയാണ് വേണ്ടതും. ആത്മരക്ഷക്കും ബലാല്‍സംഗം ചെറുക്കാനും കൊലപാതകംനടത്താന്‍ പൗരന് അധികാരമുണ്ടെന്ന് വരെ അദ്ദേഹം മടികൂടാതെ എഴുതി. അതാണ് പത്രനിരോധനത്തില്‍ എത്തിച്ചത്. പിന്നീട് പത്രനിരോധം നീക്കിയെങ്കിലും ഒരു വര്‍ഷക്കാലം മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയത് മുഖപ്രസംഗം ഇല്ലാതെയാണ്. എം.ആര്‍.നായര്‍ക്ക് മലബാര്‍ കൃസ്ത്യന്‍ കോളേജിലെ ഉദ്യോഗം നഷ്ടപ്പെട്ടത് ഈ ലേഖനം കാരണമാണ്. മാപ്പെഴുതിക്കൊടുത്തിരുന്നുവെങ്കില്‍ തിരിച്ചുകിട്ടുമായിരുന്നു ആ ജോലി. അദ്ദേഹം അതിന് കൂട്ടാക്കിയില്ല.

മാസികകളിലെ പേജുകള്‍ ഉണ്ടാക്കുമ്പോള്‍ അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന ഒഴിഞ്ഞ സ്ഥലങ്ങള്‍ പത്രാധിപന്മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. അവിടേക്ക് ഫില്ലറുകള്‍ കണ്ടെത്തണം. സഞ്ജയന്റെ ഹാസ്യ പ്രതിഭ നിറഞ്ഞുനില്‍ക്കാറുള്ളത് ഈ ഫില്ലറുകളിലാണ്. നൂറുനൂറ് പൊട്ടിച്ചിരിപ്പിക്കുന്ന വിറ്റുകള്‍ അദ്ദേഹം അപ്പപ്പോള്‍ സൃഷ്ടിച്ച് കൂട്ടിച്ചേര്‍ക്കും. ഇവയില്‍ പലതും സമാഹാരങ്ങളില്‍പ്പോലും ഉള്‍പ്പെടുത്തിയവയല്ല. ചിത്രകാരന്റെ, കാര്‍ട്ടൂണിസ്റ്റിന്റെ സേവനം പ്രസിദ്ധീകരണത്തില്‍ ഉപയോഗപ്പെടുത്തിയ ആദ്യത്തെ പത്രാധിപരും സഞ്ജയന്‍ ആയിരുന്നു. എം.ഭാസ്‌കരന്‍ എന്ന ആദ്യ കാര്‍ട്ടൂണിസ്റ്റ് മലയാളപ്രസിദ്ധീകരണത്തില്‍ വരച്ചത് സഞ്ജയന്റെ നിര്‍ബന്ധം കൊണ്ട് മാത്രമായിരുന്നു.

പ്രാദേശികപത്രങ്ങളിലെ റിപ്പോര്‍ട്ടുകളാണ് അദ്ദേഹത്തിന്റെ ഒട്ടനവധി ഹാസ്യരചനകള്‍ക്ക് പ്രേരണയും അടിസ്ഥാനവുമായിരുന്നത്. അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന പോലെ പരിഹസിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജനവിഭാഗവും ഇല്ല എന്ന് തന്നെ പറയാം. രാഷ്ട്രീയപ്രവര്‍ത്തകരും ഭരണാധികാരികളും ദേശീയനേതാക്കളും ഉദ്യോഗസ്ഥപ്രമാണികളും മാത്രമല്ല, എഴുത്തുകാരും ലേഖകന്മാരും പത്രാധിപന്മാരും എല്ലാം പരിഹസിക്കപ്പെട്ടിട്ടുണ്ട്. തന്നെത്തന്നെ പരിഹസിക്കാന്‍ ഒട്ടും മടിയില്ലാതിരുന്ന ഇദ്ദേഹം മറ്റുള്ളവരെ പരിഹസിക്കാന്‍ എന്തിന് മടിക്കണം. സ്ത്രീകളെ കളിയാക്കാനും ഒട്ടും മടിച്ചിട്ടില്ല അദ്ദേഹം. ഫുട്‌ബോള്‍ റിപ്പോര്‍ട്ടുകള്‍ മനുഷ്യന് മനസ്സിലാകാത്ത വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാര്‍ ആവര്‍ത്തിച്ച് പരിഹസിക്കപ്പെട്ടിട്ടുണ്ട്.

പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്റെ കാലമെത്തുംമുമ്പ് പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. സ്വാതന്ത്ര്യസമരത്തിന് തന്റേതായ സംഭാവന നല്‍കിപ്പോന്നിട്ടുണ്ട് അദ്ദേഹം. ഒളിവിലിരുന്ന് സമരസേനാനികള്‍ പുറത്തിറക്കിയ സ്വതന്ത്രഭാരതം പ്രസിദ്ധീകരണത്തിന് സഞ്ജയന്‍ സഹായങ്ങള്‍ ചെയ്തത് അദ്ദേഹത്തിന്റെ അവസാനനാളുകളിലായിരുന്നു. സ്വതന്ത്രഭാരതം പോലീസ് കണ്ടുകെട്ടിയപ്പോള്‍ അദ്ദേഹത്തിന് ഇതുമായുള്ള ബന്ധം കണ്ടെത്തി പോലീസ് തിരഞ്ഞുവരുമ്പോള്‍ മരണക്കിടക്കയിലായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യാന്‍ നോക്കാതെ അവര്‍ മടങ്ങുകയായിരുന്നുവത്രെ. എന്തൊരു ജീവിതം !

സഞ്ജയനെ വായിച്ചിട്ടുള്ളവര്‍ ഇന്നത്തെ രാഷ്ട്രീയ വൈകൃതങ്ങളും ഭരണ പാളിച്ചകളും അഴിമതികളും കാണുമ്പോള്‍ എപ്പോഴും ആഗ്രഹിച്ചുപോകാറുള്ളത് ഒരേ കാര്യംതന്നെ- 'സഞ്ജയന്‍ ഇന്നും ഉണ്ടായിരുന്നെങ്കില്‍ '.

( 2004ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് പ്രസിദ്ധപ്പെടുത്തിയ സഞ്ജയന്‍-പഠനങ്ങള്‍ സ്മരണകള്‍ എന്ന ഗ്രന്ഥത്തിന് വേണ്ടി എഴുതിയ ലേഖനത്തിന്റെ ചുരുക്കം)