Sunday, 28 June 2015

അരുവിക്കര അങ്കശേഷംഅരുവിക്കര പൊട്ടിയാല്‍ എല്ലാം പൊട്ടി എന്ന് ആരെല്ലാമോ രണ്ട് മുന്നണികളെയും പേടിപ്പിച്ച ലക്ഷണമുണ്ട്. അവിടെ ജീവന്മരണപോരാട്ടമായിരുന്നു. ഒത്തുകളി ലവലേശം ഉണ്ടായില്ല.
അരുവിക്കര തോറ്റാല്‍ ആര്‍ക്കെന്ത് സംഭവിക്കാനാണ്? ഒന്നും സംഭവിക്കില്ല.
ശബരീനാഥന്‍ തോറ്റാല്‍ യു.ഡി.എഫ്. ശിഥിലമാകുമെന്ന് പിണറായി വിജയന്‍ പ്രവചിച്ചിരുന്നു. തീര്‍ച്ചയായും ശത്രുവിന്റെ നാശം ആഗ്രഹിക്കുന്നത് തെറ്റല്ല. ഏതുനിമിഷവും തകരാന്‍ ഇടയുള്ളതാണ് ഈ യു.ഡി.എഫ്. എന്നുപറയുന്ന ഏര്‍പ്പാടുതന്നെ. അതിന് അരുവിക്കര വേണമെന്നില്ല. നെയ്യാറ്റിന്‍കരയോളം വരില്ല എന്തായാലും അരുവിക്കര. എല്‍.ഡി.എഫിനായിരുന്നു അത് ജീവന്മരണ പോര്. നെയ്യാറ്റിന്‍കരയില്‍ ജയിച്ചാലും തോറ്റാലും ഓടുമായിരുന്നു യു.ഡി.എഫ്. വഞ്ചി. നാലുവര്‍ഷം ഓടിക്കാമെങ്കില്‍ ഇനി ഒരുവര്‍ഷം കൂടി ഓടിക്കാനുള്ള പെട്രോളടിക്കാന്‍ പ്രയാസമുണ്ടാവില്ല.

ആകപ്പാടെ ഒരു പ്രതീക്ഷയേ ഇടതുപക്ഷത്തിനുള്ളൂ. എല്‍.ഡി.എഫ്. പ്രചാരണത്തിന്റെ ബലംകൊണ്ട് ശബരീനാഥന്‍ തോല്‍ക്കണം. എന്നിട്ട് അത് മുഖ്യമന്ത്രിയുടെ പരാജയമാണെന്ന് യു.ഡി.എഫുകാര്‍ക്ക് ബോധ്യപ്പെടണം. അവര്‍ ഉണര്‍ന്നെഴുന്നേറ്റ് ഉമ്മന്‍ചാണ്ടിയുടെ കൊങ്ങയ്ക്ക് പിടിക്കണം. ഉടനെ ഉമ്മന്‍ചാണ്ടി രാജിവെക്കണം. മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി സുധീരനും ചെന്നിത്തലയും പരസ്​പരം കൊങ്ങയ്ക്കുപിടിക്കണം. അങ്ങനെ കോണ്‍ഗ്രസ്സും യു.ഡി.എഫും അടിച്ചുപിരിയണം. വലിയ പാടാ. അരുവിവറ്റി അരുവിക്കക്കര നില്‍ക്കുന്ന പട്ടി ഇക്കരെ വന്ന് കടിക്കുന്നതിലും അസംഭവ്യം. തോറ്റാല്‍ അതിന്റെ മാന്ദ്യത്തില്‍ അങ്ങനെ കുറച്ച് തലതാഴ്ത്തിക്കിടന്നോളം. കഷ്ടകാലത്തിന് ജയിച്ചാലാണ് തമ്മിലടിക്കാന്‍ കൂടുതല്‍ ഉശിര് കിട്ടുക.

അതുപോകട്ടെ, അതപ്പോള്‍ കാണാം. അരുവിക്കര അങ്കം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര വലിയ മെഗാ എന്റര്‍ടെയ്ന്‍മെന്റ് ഷോ ആയി എന്നത് അവിതര്‍ക്കിതം. ഷോയിലെ സൂപ്പര്‍സ്റ്റാര്‍ ഈ പ്രായത്തിലും വി.എസ്. തന്നെ. വിളിക്കാതെ അകറ്റിനിര്‍ത്തി സി.പി.എം. പതിവുപോലെ വി.എസ്സിലേക്ക് പൊതുജനശ്രദ്ധ ആകര്‍ഷിച്ചിരുന്നല്ലോ. അതുകൊണ്ട് പ്രയോജനമുണ്ടായി. ജനംകൂടി. കഥാപ്രസംഗം, മോണോആക്ട്, എന്നിവയ്ക്കുപുറമേ കിടിലന്‍ പഞ്ച് ഡയലോഗുകള്‍വിട്ട് കൈയടി വാങ്ങി. അലങ്കാരം, ഉപമ, ഉത്‌പ്രേക്ഷ എന്നിവ സമൃദ്ധമായിരുന്നു. വന്നാലും വന്നില്ലെങ്കിലും വി.എസ്. ശ്രദ്ധാകേന്ദ്രമാവും. വരാതെ ശ്രദ്ധാകേന്ദ്രമാവുന്ന സമ്പ്രദായം പിണറായി വിജയനില്ല. ഇത്തവണ വന്നിട്ടും വരാതാക്കി പിണറായി. അരുവിക്കരയിലായിരുന്നു മൂന്നാഴ്ചയും ഊണും ഉറക്കവും. പ്രസംഗംമാത്രം ഉണ്ടായില്ല. എന്തിനെന്നോ... ഈ പാര്‍ട്ടിയെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പിണറായിയും പ്രസംഗിച്ചുനടന്നിരുന്നെങ്കില്‍ ബൂര്‍ഷ്വാമാധ്യമങ്ങള്‍ക്ക് എഴുതാനും ചര്‍ച്ചചെയ്യാനും വിഷയമുണ്ടാകുമായിരുന്നില്ല. പ്രസംഗിച്ചുനടന്ന വി.എസ്സിനും പ്രസംഗിക്കാതെ നടന്ന പിണറായിക്കും കിട്ടി ഒരേ കവറേജ് എന്നതാണ് ട്രിക്ക്. സത്യം, തിരഞ്ഞെടുപ്പില്‍ പ്രസംഗം കേമമായതുകൊണ്ടൊന്നും വോട്ട് വീഴില്ല. അതിന് പണി വേറെ നടത്തണം. അപ്പണി പിണറായിക്ക് അറിയുംപോലെ മറ്റാര്‍ക്കറിയാം? താന്‍ പ്രസംഗിച്ചാല്‍ ചിലപ്പോള്‍ വോട്ട് കുറഞ്ഞേക്കാമെന്നും പിണറായിക്കറിയാം.

തിരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തില്‍ യു.ഡി.എഫിന് ഇപ്പോഴും ഒരു സ്റ്റാറേ ഉള്ളൂആന്റണി പുണ്യവാളന്‍. ഡല്‍ഹിയില്‍ പണിയൊന്നും ഇല്ലാഞ്ഞതുകൊണ്ട് അരുവിക്കരയിലൊന്ന് ആഞ്ഞുവീശി. വി.എസ്സിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നും പറഞ്ഞു. പക്ഷേ, കോണ്‍ഗ്രസ്സിന്റെ അഞ്ചാറ് വൃദ്ധ യുവതുര്‍ക്കികള്‍ ആഞ്ഞടിച്ചിട്ടും വി.എസ്സിന്റെ ശൗര്യത്തോളമെത്തിയില്ലെന്നത് വേറെക്കാര്യം. ആകപ്പാടെ ഒരു പേടിയേ സി.പി.എമ്മുകാര്‍ക്കും ഉള്ളൂ. ഒരു കൊല്ലത്തിനപ്പുറവും വി.എസ്. ഇതേനിലയ്ക്ക് പോകുമോ? കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഇനിയും എത്രകാലം വായിലിട്ട് നടക്കണം ഈ വിലക്കപ്പെട്ട കനി ?
ജനങ്ങളാകെ അങ്കലാപ്പിലായിരുന്നു. എങ്ങനെയാവും അവര്‍ വോട്ടുചെയ്തതെന്ന് ഊഹിക്കാനേ പറ്റൂ. പ്രചാരണരംഗത്ത് കേട്ട കാര്യങ്ങളെല്ലാം ഏതാണ്ട് സത്യമായിരുന്നു. യു.ഡി.എഫുകാര്‍ എല്‍.ഡി.എഫിനെയും ബി.ജെ.പി.യെയുംകുറിച്ച് പറഞ്ഞത് 99 ശതമാനവും സത്യം. എല്‍.ഡി.എഫുകാര്‍ യു.ഡി.എഫിനെയും ബി.ജെ.പി.യെയും കുറിച്ച് പറഞ്ഞതും തഥൈവ. ബി.ജെ.പി. മറ്റേ രണ്ടുകൂട്ടരെക്കുറിച്ച് പറഞ്ഞതും വള്ളിപുള്ളി സത്യം. ഓരോരുത്തര്‍ അവനവനെക്കുറിച്ച് പറഞ്ഞതേ സത്യമല്ലാതുള്ളൂ. വോട്ടര്‍ എന്തുചെയ്യും? ശരിയുംതെറ്റും തൂക്കിനോക്കാനുള്ള സാധനം അവരുടെ കൈയിലില്ലല്ലോ.

                                           *********

പഴയ മലബാര്‍കാലത്ത് പൊതുമണ്ഡലത്തില്‍ മത്സരിച്ച നാടുവാഴിക്കുവേണ്ടി വോട്ടുപിടിക്കാന്‍ പോയ പ്രവര്‍ത്തകരോട് കുടിയാനായ പൊക്കന്‍ ഉന്നയിച്ച ഓബ്ജക്ഷനുകളെക്കുറിച്ച് സഞ്ജയന്‍ എഴുതിയിട്ടുണ്ട്. പൊക്കന്റെ പ്രധാന ഓബ്ജക്ഷന്‍ ഇതായിരുന്നു. 'തമ്പ്രാനെ പീറാസ്സാക്കാന്‍ ആണ് നിങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്. അട്യന്‍ അത് സമ്മതിക്കില്ല'. 'ഹേയ് എന്തേ കാര്യം? ഞങ്ങള് തമ്പ്രാനെ മോശക്കാരനാക്കുമെന്നോ... അതൊരിക്കലും സംഭവിക്കില്ല' എന്നായി പ്രവര്‍ത്തകര്‍. കുടിയാന്‍ വിട്ടില്ല. അദ്ദേഹം അന്നത്തെ പാര്‍ലമെന്ററി വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ ജ്ഞാനം വെളിപ്പെടുത്തി. ''താഴത്തെ സഭയെന്നും മോളിലത്തെ സഭയെന്നും രണ്ട് സഭയില്ലേ? പണക്കാരും വലിയ തമ്പുരാക്കന്മാരുമെല്ലാം മോളിലത്തെ സഭയിലല്ലേ പോയിരിക്കേണ്ടത്? അവിടെയിരിക്കാനെന്താണ് മ്മള്‌ടെ തമ്പ്രാന് മൊഞ്ചില്ലേ, മതിപ്പില്ലേ. ഗതികിട്ടാത്തവന്മാര് പോയിരിക്കുന്ന താഴത്തെ സഭയിലാണോ തമ്പ്രാനെ ഇരുത്തേണ്ടത്?'' എന്നെല്ലാമായിരുന്നു കുടിയാന്റെ പ്രതിഷേധം. ''ഇനി മോളിലത്തെ സഭയില്‍ കസേരയില്ലെങ്കില്‍ നമ്മുടെ കോലോത്തുനിന്ന് കസേര കൊണ്ടുപോയ്ക്കൂടേ'' എന്നും സജസ്റ്റ്‌ചെയ്തു സ്‌നേഹസമ്പന്നനായ കുടിയാന്‍.

കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിച്ച് ജയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് വാജ്‌പേയി ഭരണകാലത്ത് മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിക്കാനും കേന്ദ്രമന്ത്രിസഭയിലെടുക്കാനും മാത്രം പ്രാമാണിത്തം ഉണ്ടായിരുന്ന ഒ. രാജഗോപാലനെന്ന സീനിയര്‍ നേതാവിനെ എട്ടോപത്തോ മാസത്തേക്ക് നിയമസഭയില്‍ വെറുതെ പോയിരിക്കാന്‍ ബി.ജെ.പി. മത്സരിപ്പിച്ചതിനെക്കുറിച്ച് ഇവ്വിധമൊരു പ്രതികരണം അരുവിക്കരയിലെ അനുയായികളില്‍നിന്ന് ഉണ്ടായോ എന്നറിയില്ല. പാവം പ്രവര്‍ത്തകര്‍ തുറന്നുചോദിച്ചില്ലെങ്കിലും മനസ്സില്‍ തോന്നാതിരിക്കില്ല. അവരെ കൂടുതല്‍ ഭയപ്പെടുത്തുക മറ്റൊരു അപകടമാണ്. മൂന്നുമാസം കഴിയുംമുമ്പേ നടക്കും പഞ്ചായത്ത് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. അവിടെയും രാജേട്ടനെ...?

                                                      *********

സ്‌ക്രിപ്റ്റും ഡയലോഗും ആരുടേതാണ് എന്നറിയില്ല. സാരമില്ല, എന്തായാലും ഡയലോഗ് ഉഗ്രനായിരുന്നു. ഒരു ചങ്ങാതിയെ പണ്ട് രാജഭരണകാലത്ത് ശിക്ഷിച്ചതാണ് സംഭവം. നൂറ് മുളക് തിന്നണം, അല്ലെങ്കില്‍ നൂറടിയാവും ശിക്ഷ. മുളക് തിന്നുകതന്നെ ഭേദം, മുളകായാലും തീറ്റ തീറ്റ തന്നെയല്ലേ എന്ന് ആശ്വസിച്ചാണ് കക്ഷി മുളകുശിക്ഷ ഏറ്റത്. പത്തെണ്ണം തിന്നപ്പോള്‍ സഹിക്കാതെ അടി മതി എന്ന് അലറിയെന്നും, പത്തടി കിട്ടിയപ്പോള്‍ മുളകാണ് ഭേദമെന്ന് മുറവിളികൂട്ടിയെന്നും അങ്ങനെ മാറിമാറി നൂറടിയും നൂറ് മുളകും അനുഭവിച്ചു എന്നുമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ ഡയലോഗ്.
കേരളീയര്‍ മാറി മാറി എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യുന്നതുകൊണ്ട് മുളകും അടിയും തമ്മിലുള്ള വ്യത്യാസമേ ഉള്ളൂ എന്ന വാദത്തില്‍ തീരേ കഴമ്പില്ലെന്ന് പറഞ്ഞുകൂടാ. മുളകും അടിയും വേണ്ട, നല്ല പഞ്ചാരപ്പാലുമിഠായി ആയിട്ട് ബി.ജെ.പി.യുണ്ട് എന്ന് പറയാനാണ് സൂപ്പര്‍സ്റ്റാര്‍ അരുവിക്കരയിലെത്തിയത്. എന്തോ ഇത്രയുംകാലം കേരളത്തിലെ ജനത്തിന് അത് ബോധ്യമായിട്ടില്ല. ഒരു വര്‍ഷംമുമ്പ് തിരുവനന്തപുരത്തെ കുറേപ്പേര്‍ക്ക് അങ്ങനെ തോന്നിയെങ്കിലും ഭൂരിപക്ഷത്തിന് തോന്നിയിട്ടില്ല. ഇപ്പോഴും ഇന്ത്യയിലെ ഭൂരിപക്ഷം ജനത്തിന് അത് തോന്നിയിട്ടില്ല. ശിക്ഷ അടിയും മുളകുമൊന്നുമാവില്ല, ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് തന്നെ ആയിപ്പോകുമോ ബി.ജെ.പി. ഭരണം എന്നാണ് ജനത്തിന്റെ ഭയം. അതിനിപ്പം എന്തോ എന്തരോ പരിഹാരം ?

nprindran@gmail.com

No comments:

Post a comment