Sunday, 12 July 2015

അബ്ദു റബ്ബിന് ചാക്കീരി പാസ്


തമിഴ്‌നാട്ടില്‍ ജയലളിത കുട്ടികള്‍ക്കെല്ലാം സൈക്കിള്‍, വീടുകള്‍ക്കെല്ലാം ടെലിവിഷന്‍, മിക്‌സി തുടങ്ങി എന്തെല്ലാം സാധനം ഫ്രീ കൊടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുംമുമ്പ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓരോ ടാബ്‌ലറ്റ് ഫ്രീ കൊടുക്കുമെന്ന് പ്രഖ്യാപിച്ചാല്‍ പ്രതിപക്ഷത്തിന്റെ അഡ്രസ്സ് ഉണ്ടാവില്ല

വിദ്യാഭ്യാസവകുപ്പ് ഭരിച്ച പ്രതിഭാശാലികളില്‍ ചിലരുടെയെങ്കിലും പേര് ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. എം.ജി. റോഡ്, മഹാത്മാഗാന്ധി റോഡാണ് എന്ന് അതുവഴി നടക്കുന്നവരെല്ലാം അറിയണമെന്നില്ല. അതുപോലെയാണ് ചാക്കീരി പാസും. അതിലെ മുഖ്യമഹാന്‍ ആരാണെന്ന് ഇന്ന് എത്ര പേര്‍ക്കറിയാം? ഫുട്‌ബോളിലെ പാസ് ആണെന്ന് ധരിച്ചവര്‍പോലും കാണും.

എട്ടുവരെയുള്ള ക്ലാസുകളിലെല്ലാം ഓള്‍ പാസ് പ്രഖ്യാപിച്ച മഹാനാണ് 1972'73 കാലത്തെ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ്കുട്ടി. ഇനിയാര്‍ക്കും ആ പേര് ചരിത്രത്തില്‍നിന്ന് തുടച്ചുമാറ്റാനാവില്ല. എന്തൊരു ധൈര്യമായിരുന്നു അത്. അന്ന് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത മഹാന്മാര്‍ പിന്നെ ചാക്കീരിയുടെ അതേ പാത പിന്തുടര്‍ന്നു. ഇന്ന് എട്ടുവരെയല്ല, പത്തുവരെ ഫുള്‍ പാസാണ്. മുമ്പേനടന്ന ചാക്കീരി തന്റെ പിമ്പേ ബഹു... എന്ന് കേട്ടിട്ടില്ലേ?

ഒന്നുനോക്കുമ്പോള്‍ ചാക്കീരിയേക്കാള്‍ മഹാനാണ് നമ്മുടെ നടപ്പ് വിദ്യാഭ്യാസമന്ത്രി. എട്ടുവരെയാണ് ഒറ്റക്കുട്ടിയെയും തോല്‍പ്പിക്കരുതെന്ന് ചാക്കീരി ഗര്‍ജിച്ചതെങ്കില്‍ റബ്ബ് അത് രണ്ടടികൂടി ഉയര്‍ത്തി. സാവകാശം കിട്ടുകയാണെങ്കില്‍ ഇനിയും ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഇപ്പോള്‍ പ്രശ്‌നമിതൊന്നുമല്ല. കുട്ടികള്‍ക്ക് സമയത്തിന് പാഠപുസ്തകം കിട്ടിയില്ലത്രെ. ഇതാണിപ്പോള്‍ റേഷന്‍പീടികയില്‍ അരിവന്നില്ല എന്നതുപോലുള്ള ഒരു ജീവന്‍മരണപ്രശ്‌നമായി ആളുകള്‍ കൊട്ടിഗ്‌ഘോഷിച്ച് നടക്കുന്നത്. പാഠപുസ്തകം കിട്ടാത്ത കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും പരാതിയുള്ളതായി റിപ്പോര്‍ട്ട് ഇല്ല. വൈകിയാലല്ല, അത് കിട്ടിയില്ലെങ്കില്‍പ്പോലും പരാതിയില്ലാത്തവര്‍ കാണും. പരീക്ഷയില്‍ പാസ് മാര്‍ക്ക് കിട്ടിയില്ലെങ്കിലും പാസാകും എന്നതിന്റെ ഒരു വികസിതരൂപം മാത്രമാണ് പാഠപുസ്തകം ഇല്ലെങ്കിലും പഠിക്കാം എന്നത്.

ദുഷ്ടന്മാര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്. അഴിമതിനടത്താന്‍ വേണ്ടിയാണത്രെ പാഠപുസ്തകം വൈകിപ്പിക്കുന്നത്. എന്ത് അഴിമതി? പാഠപുസ്തകം സര്‍ക്കാര്‍പ്രസ്സില്‍ അടിക്കുന്നത് വൈകുമ്പോള്‍ ജനം പ്രശ്‌നമുണ്ടാക്കും. കുട്ടികള്‍ സ്‌കൂള്‍ കത്തിക്കും. അപ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍വേണ്ടി അച്ചടി സ്വകാര്യപ്രസ്സുകളെ ഏല്പിക്കും. എന്നിട്ട് പ്രസ്സുടമകളെ വീട്ടില്‍ വിളിച്ചുവരുത്തി ഓരോരുത്തരില്‍നിന്ന് പണം എണ്ണിവാങ്ങും. അതിന് എണ്ണല്‍യന്ത്രം ഏര്‍പ്പെടുത്തും. എന്റെ റബ്ബേ... ഈ പ്രതിപക്ഷക്കാര്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നത് ? ഒന്ന്, പാഠപുസ്തകം കിട്ടിയില്ലെങ്കില്‍ ഇവിടെ ബഹളമുണ്ടാക്കുക എസ്.എഫ്.ഐ.ക്കാരും പത്രക്കാരുമാണ്. ബാറും സോളാറും തീര്‍ന്നിട്ടുവേണ്ടേ പാര്‍ട്ടികള്‍ക്ക് പാഠപുസ്തകം ചര്‍ച്ചചെയ്യാന്‍? അത് തീരില്ല. ഇനി കോഴ വാങ്ങാനാണെങ്കില്‍ നാട്ടുകാരെക്കൊണ്ട് ബഹളമുണ്ടാക്കിക്കേണ്ട കാര്യമൊന്നുമില്ല. പാഠപുസ്തകം വൈകാതിരിക്കാന്‍ അച്ചടി സ്വകാര്യപ്രസ്സിനെ ഏല്പിക്കാന്‍ മന്ത്രിസഭയ്ക്ക് ആറുമാസംമുമ്പ് തീരുമാനിക്കാമായിരുന്നു. ഒരുത്തനും അതിന്റെ പേരില്‍ ലാത്തിയടിവാങ്ങി തലമണ്ട പൊളിക്കില്ല. ആര് സമരം ഉണ്ടാക്കിയിട്ടാണ് സോളാര്‍ വൈദ്യുതി വ്യാപകമാക്കിയത്. ആര് സമരമുണ്ടാക്കിയിട്ടാണ് 418 ബാര്‍ പൂട്ടിച്ചത്? മൊല്ലാക്കയെ ഓത്ത് പഠിപ്പിക്കല്ലേ...

ഇതിനേക്കാളെല്ലാം കിടിലന്‍ ഐഡിയ മന്ത്രിയുടെ തലയില്‍ മിന്നിക്കഴിഞ്ഞു. ഇനി ടാബ്‌ലറ്റ് വാങ്ങിക്കൊടുത്താല്‍ മതി. ക്ലാസില്‍ കൈയുംവീശിച്ചെല്ലാം. മൊബൈല്‍കൊണ്ട് കളിക്കുന്ന കളിയെല്ലാം ഇതിലും കളിക്കാം. വീഡിയോ കുറച്ച് വലിപ്പത്തില്‍ കാണുകയുംചെയ്യാം. നെയ്യപ്പം തിന്നാല്‍ രണ്ട് കാര്യമുള്ളതുപോലെ ടാബ്‌ലറ്റ് വാങ്ങിയാല്‍ പലതുണ്ട് കാര്യം. തമിഴ്‌നാട്ടില്‍ ജയലളിത കുട്ടികള്‍ക്കെല്ലാം സൈക്കിള്‍, വീടുകള്‍ക്കെല്ലാം ടെലിവിഷന്‍, മിക്‌സി തുടങ്ങി എന്തെല്ലാം സാധനം ഫ്രീ കൊടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുംമുമ്പ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓരോ ടാബ്‌ലറ്റ് ഫ്രീ കൊടുക്കുമെന്ന് പ്രഖ്യാപിച്ചാല്‍ പ്രതിപക്ഷത്തിന്റെ അഡ്രസ്സ് ഉണ്ടാവില്ല. അരലക്ഷം പേര്‍ക്ക് പതിനായിരം രൂപവീതം ചെലവ് വരുമായിരിക്കും. ഏറിയാല്‍ അഞ്ഞൂറ് കോടി... നോട്ടെണ്ണുന്നതിനെക്കുറിച്ചേ വേവലാതി വേണ്ടൂ.

                                                                                   ****

യു.ഡി.എഫിലേക്ക് തിടുക്കപ്പെട്ട് ആരെയും കൊണ്ടുവരേണ്ട സാഹചര്യമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതിപ്പോള്‍ ആര്‍ക്കാണ് അറിയാത്തത്? നിയമസഭയില്‍ നാലുവര്‍ഷം പിടിച്ചുനിന്നിട്ടുണ്ടെങ്കില്‍ എട്ടുപത്തുമാസം പിടിച്ചുനില്‍ക്കാനാണോ പ്രയാസം? അത് പ്രശ്‌നമല്ല.

പ്രശ്‌നമാകുക തിടുക്കപ്പെട്ട് മുന്നണിയിലേക്ക് ആരെയെങ്കിലും കൊണ്ടുവന്നാലാണ്. വരുന്ന കൂട്ടര്‍ക്കൊക്കെ ഇരിക്കാനും കിടക്കാനും സംവിധാനം ഉണ്ടാക്കാന്‍ എത്ര പ്രയാസമുണ്ടെന്ന് അത് അനുഭവിച്ചാലേ അറിയൂ. ഇടതുപക്ഷത്തിന് ആ പ്രശ്‌നമില്ല. കോഴിക്കോട് സീറ്റ് ഒരു ഘടകകക്ഷിയില്‍നിന്ന് എടുത്തുമാറ്റണമെന്ന് തോന്നിയാല്‍ അരനിമിഷംകൊണ്ട് എടുത്തുമാറ്റാം. ആ കക്ഷി മുന്നണിമാറും എന്നല്ലാതെ വേറെ പ്രശ്‌നമൊന്നുമില്ല. തലവേദന തീരും. കൊല്ലം സീറ്റ് എടുക്കണമെന്ന് തോന്നിയാല്‍ വേറൊരു കക്ഷി യു.ഡി.എഫിലേക്ക് മാറും അത്രയേ ഉള്ളൂ.

പുതിയ പാര്‍ട്ടി രണ്ടെണ്ണം വന്നാല്‍ യു.ഡി.എഫ്. പിടിക്കുന്ന പുലിവാല് ചില്ലറയൊന്നുമല്ല. തിരഞ്ഞെടുപ്പ് ജയിക്കുമായിരിക്കും. പക്ഷേ, ഒരു ദിവസംപോലും സമാധാനമായിട്ട് നില്‍ക്കാനും ഇരിക്കാനും പറ്റില്ല. ഒരു ഘടകകക്ഷി എന്നാല്‍ ദിവസവും ഒരു പ്രതിസന്ധി എന്നാണ് അര്‍ഥം. അരഡസന്‍ പ്രതിസന്ധികള്‍ ഇപ്പോള്‍ സദാ ഒപ്പമുണ്ട്. കൂടുതല്‍ വേണ്ട.
ഗൗരിയമ്മ, സി.എം.പി. ഹാഫ്, പി.സി. ജോര്‍ജ്, ആര്‍. ബാലന്‍പിള്ള തുടങ്ങിയ പ്രതിസന്ധികള്‍ പോയതുകൊണ്ടുള്ള സമാധാനം ചില്ലറയൊന്നുമല്ല. ദശാബ്ദങ്ങളിലൂടെ യു.ഡി.എഫ്. പഠിച്ച ചില പാഠങ്ങളുണ്ട്. കാറ്റ് അനുകൂലമാണെങ്കില്‍ ഇപ്പറഞ്ഞ കക്ഷികളൊന്നും കൂടെയില്ലെങ്കിലും സീറ്റ് നൂറ് കിട്ടിയേക്കും. കാറ്റ് ശരിയായ ലൈനിലല്ലെങ്കിലോ ? എല്‍.ഡി.എഫിനാവും നൂറുസീറ്റ്. ഏതുകക്ഷി എവിടെയാണ് എന്നൊന്നും കാറ്റിന് നോട്ടമില്ല.
                                                                    ****
കാലത്തിന് അനുസരിച്ച് മാറാത്തതാണ് സി.പി.എമ്മിന്റെ പ്രശ്‌നം എന്ന് എത്രപറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ല. രണ്ടുവര്‍ഷംമുമ്പ് പാര്‍ട്ടിയുടെ കാല്‍ലക്ഷം മെമ്പര്‍മാര്‍ പണി മതിയാക്കിപ്പോയത്രെ. കഴിഞ്ഞവര്‍ഷത്തെ കൊഴിച്ചിലിന്റെ കണക്കെടുക്കുന്നേയുള്ളൂ. ശ്ശി, ബുദ്ധിമുട്ടുള്ള കുറേ കൂട്ടലും കിഴിക്കലും നടത്തിയാലേ സംഗതി കണ്ടുപിടിക്കാന്‍ പറ്റൂ.

പുതിയകാലം എന്ന് പറഞ്ഞല്ലോ. അതിന്റെ വിശദവിവരങ്ങള്‍ കിട്ടണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നീ രണ്ട് താടിക്കാരില്‍ ഒരാളോട് ചോദിക്കണം. പക്ഷേ, ചുരുക്കവിവരം പറയാംപാര്‍ട്ടി ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെറുതേ ഒരു മിസ്‌കോള്‍ അയച്ചാല്‍മതി. മെമ്പര്‍ഷിപ്പ് രശീത് ബുക്കുമായി ആള്‍ മോട്ടോര്‍ സൈക്കിളില്‍ പാഞ്ഞെത്തും. ചില്ലറ എന്തോ കൊടുത്താല്‍ മതി. വര്‍ഷം തോറും ഫീസ്, പാര്‍ട്ടി ലെവി, പിഴ, സര്‍വീസ് ടാക്‌സ് എന്നും മറ്റും പറഞ്ഞ് സി.പി.എമ്മുകാര്‍ പിഴിയുംപോലെ മെമ്പര്‍മാരെ പിഴിയുകയില്ല. ഇങ്ങോട്ട് വല്ലതും കിട്ടാനേ സാധ്യതയുള്ളൂ.

അപേക്ഷാഫോറം, കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പ്, വില്ലേജ് ഓഫീസറുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാലഹരണപ്പെട്ട ഏര്‍പ്പാടുകള്‍ നിര്‍ത്തണം സഖാക്കളേ... ഇല്ലെങ്കിലേ... ഭരണകൂടം കൊഴിഞ്ഞുവീഴുംമുമ്പ് പാര്‍ട്ടി കൊഴിഞ്ഞുപോകും. ബി.ജെ.പി.യില്‍ മിസ്ഡ്‌കോള്‍ ആണെങ്കില്‍ നമുക്ക് ഒന്നുകൂടി മോഡേണായ വാട്‌സ്ആപ്പോ മറ്റോ ഏര്‍പ്പെടുത്തണം. പിടിച്ചുനില്‍ക്കേണ്ടേ ?
                                                                  ****
സി.പി.എമ്മിനേക്കാള്‍ ഒരു നൂറ്റാണ്ട് പിറകിലുണ്ട് കോണ്‍ഗ്രസ്സിന്റെ ചില ഡി.സി.സി. പ്രസിഡന്റുമാര്‍. ഒരു കളക്ടര്‍ വാട്‌സ്ആപ്പില്‍ ഷൈന്‍ചെയ്യുന്നത് പ്രസിഡന്റിന് പിടിക്കുന്നില്ല. വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലത്രെ കളക്ടര്‍. സ്ഥിരം ശല്യംചെയ്യുന്നവരുടെ ഫോണ്‍നമ്പറുകള്‍ ശല്യം 1, ശല്യം 2 എന്ന് പേരിട്ട് സേവ് ചെയ്യുന്നുണ്ടാവും ഉദ്യോഗസ്ഥര്‍. പിന്നെ എങ്ങനെ ഡി.സി.സി. പ്രസിഡന്റാണ്, സെക്രട്ടറിയാണ് എന്ന് മനസ്സിലാവും? ഫോണില്‍ പറഞ്ഞത് അനുസരിക്കാതിരിക്കുന്നതിലും ഭേദം ഫോണ്‍ എടുക്കാതിരിക്കലാണ് എന്ന് മനസ്സിലാക്കാന്‍ ഐ.എ.എസ്. ഒന്നും പാസാകേണ്ടല്ലോ. നമ്പറ് മാറ്റി വിളിച്ചുനോക്ക്, എടുത്തേക്കും.

No comments:

Post a comment