മാധ്യമ സാക്ഷരതയും പത്രവായനസമൂഹവും


മാധ്യമസാക്ഷരത എന്ത് എന്നത് സംബന്ധിച്ച് പല നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും കണ്ടേക്കും. എന്നാല്‍, വ്യത്യസ്ത മാധ്യമസന്ദേശങ്ങളെ സ്വീകരിക്കാനും മനസ്സിലാക്കാനും വിലയിരുത്താനും അതിനോട് പ്രതികരിക്കാനുമുള്ള പൊതുവായ കഴിവിനെ മാധ്യമസാക്ഷരതയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മിക്ക മീഡിയ ലിറ്ററസി പഠനസ്ഥാപനങ്ങളും ഈ നിര്‍വചനമാണ് ഏതാണ്ട് സ്വീകരിച്ചിട്ടുള്ളത്.

ഇങ്ങനെ പറയുമ്പോല്‍ ഒരു പ്രശ്‌നമുണ്ട്. എല്ലാ വായനക്കാര്‍ക്കും ഒരുപോലെയാണോ വാര്‍ത്തകള്‍ ലഭിക്കുന്നത്,  ഒരു പോലെയാണോ അവര്‍ അതിനെ മനസ്സിലാക്കുന്നത് ? വാര്‍ത്തകളെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ മനസ്സിലാക്കുന്നത് മാത്രമാണ് മാധ്യമസാക്ഷരത എങ്കില്‍ എത്ര പേര്‍ക്ക് ആ യോഗ്യത ഉണ്ടാകും ? പത്രപ്രവര്‍ത്തകരെങ്കിലും ആ യോഗ്യത കൈവരിച്ചിരിക്കുമോ ? പത്രങ്ങളെയും പത്രവാര്‍ത്തകളെയും വ്യത്യസ്തവിഭാഗം ജനങ്ങള്‍ എങ്ങനെ കാണുന്നു, ആ കാഴ്ച്ചകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി എത്ര ബന്ധമുണ്ട് എന്ന്, പരിമിതമായ അനുഭവങ്ങളുടെയും പരിചയത്തിന്റെയും വെളിച്ചത്തില്‍ കാണാനാണ് ഇവിടെ ശ്രമിക്കുന്നത്.
**
മാധ്യമങ്ങള്‍ ഒരു ഏകശിലാഖണ്ഡമല്ല. പല വിമര്‍ശകരും മാധ്യമങ്ങളെ ഒന്നായി കാണുകയും അവയുടെ രീതിശാസ്ത്രം ഏതാണ്ട് ഏക സ്വഭാവമുള്ളതാണ് എന്ന് കരുതുകയും ചെയ്യുന്നവരാണ്. ഇത് ഭാഗികമായി ശരിയാണ്. വിരുദ്ധങ്ങളായ പ്രത്യയശാസ്ത്ര നിലപാടുകളില്‍ നില്‍ക്കുന്നവര്‍ ആണെങ്കിലും എന്താണ് വാര്‍ത്ത എന്നത് സംബന്ധിച്ച് ഒരേ നിര്‍വചനം പങ്ക് വെക്കുന്നവരാണ് എല്ലാ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. അവയുടെ അവതരണത്തിലാകട്ടെ ഇതേ പോലുള്ള പ്രൊഫഷണല്‍ സമാനതകളും ഉണ്ട്. വാര്‍ത്തകള്‍ സ്ഥാപനങ്ങളിലെത്തുമ്പോള്‍ കുറച്ച് തിരുത്തലും വളക്കലും ഒടിക്കലും കാണുമെങ്കിലും ഇവരെല്ലോം ഒരേ സ്‌കൂളില്‍ ഒരേ ഗുരുക്കന്മാരില്‍നിന്നാണ് വിദ്യ അഭ്യസിക്കുന്നത്. എങ്കിലും മാധ്യമങ്ങള്‍ തമ്മിലും കുറെ വ്യത്യസ്തതകള്‍ കാണും. രാഷ്ട്രീയ വിശകലനത്തിലാവും ഇത് ഏറെ പ്രകടമാവുക. ഗവണ്മെന്റിനെ വിമര്‍ശിക്കാന്‍ ഇന്ന് പ്രതിപക്ഷ മാധ്യമം ഉപയോഗിക്കുന്ന അതേ രീതി ആണ് അടുത്ത ഗവണ്മെന്റ് വരുമ്പോള്‍ ഇതേ കാര്യം ചെയ്യാന്‍ അന്നത്തെ പ്രതിപക്ഷപത്രങ്ങള്‍ അനുവര്‍ത്തിക്കുക. മാധ്യമങ്ങള്‍തമ്മില്‍ വൈജാത്യങ്ങളും സമാനതകളും ഒരേ സമയം ഉണ്ട് എന്ന് ചുരുക്കും.

നമ്മുടെ വായനാസമൂഹവും സമാനമനസ്‌കരുടെ ഒരു കൂട്ടമല്ല. പല സമാനതകളും അതുപോലത്തെ വിരുദ്ധഭാവങ്ങളും ഇവര്‍ക്കിടയിലുണ്ടാകും. ഒരു പത്രത്തിന്റെ വായനക്കാര്‍ക്കിടയില്‍തന്നെ ഇതുണ്ട് എന്നതും സ്വാഭാവികം മാത്രം. എന്നാല്‍, പൊതുവായി മൂന്ന്് വിഭാഗങ്ങളായി വായനക്കാരെ തിരിക്കാമെന്ന് തോന്നുന്നു.

1. പത്രം ശീലമായവര്‍: ചില പത്രങ്ങളുടെ ഉറച്ച വിശ്വാസികളായ സ്ഥിരം വായനക്കാര്‍ ആണ് ഇവര്‍. തലമുറകളായി വീട്ടില്‍ ഒരേ പത്രം വാങ്ങുന്നവരും വേറെ ഏത് പത്രം വായിച്ചാലും തൃപ്തി വരാത്തവരുമാണ്. ഇതിന് മിക്കപ്പോഴും യുക്തിപരമായ കാരണങ്ങളൊന്നും കാണില്ല. വെറും ശീലം എന്നുപറയാം.  അവര്‍ക്ക് അറിവോ അടുപ്പമോ സ്വാനുഭവമോ എന്തെങ്കിലും താല്പര്യമോ ഉള്ള മേഖലകളെ കുറിച്ച് എഴുതപ്പെടുന്ന വാര്‍ത്തകള്‍ ലേഖനങ്ങള്‍ എന്നിവയെ കുറിച്ച് വിമര്‍ശനമോ എതിരഭിപ്രായമോ കണ്ടേക്കാം. എങ്കിലും, ഇവര്‍ തങ്ങള്‍ വായിക്കുന്ന പത്രത്തിന് വലിയ വിശ്വാസ്യത കല്പ്പിക്കുന്നു. മിക്ക  മുഖ്യധാരാ പത്രങ്ങള്‍ക്കും അവരുടെ സര്‍ക്കുലേഷന്‍ ബാങ്ക് ആയി ഇത്തരമൊരു വായനക്കൂട്ടം ഉണ്ട്്. കുറെയെല്ലാം അരാഷ്ട്രീയ സ്വഭാവം ഉള്ള ഇവര്‍ക്ക് വാര്‍ത്തകളിലുള്ള അത്രതന്നെ താല്പര്യംപരസ്യങ്ങളിലും ഉണ്ട്. തങ്ങള്‍ക്ക് വ്യക്തിപരമായി പ്രയോജനമുള്ള ഇന്‍ഫര്‍മേഷനുകളാണ് പത്രങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്. ക്ലാസ്സിഫൈഡ് , സിനിമാ- ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും, മുമ്പൊരു പത്രം പരസ്യം  ചെയ്തതുപോലെ 'ന്യൂസ് ദാറ്റ് ഈസ് ഓഫ് യൂസ് ' ആയി ഇവര്‍ കണക്കാക്കുന്നുണ്ടാവാം. വിദ്യാഭ്യാസവും സാമാന്യം സാമ്പത്തിക ശേഷിയുള്ള ഇടത്തരക്കാരാണ് ഇവരില്‍ ഭൂരിപക്ഷവും.

2. രാഷ്ട്രീയ ബോധമുള്ള വായനക്കാര്‍: രാഷ്ട്രീയബോധം എന്ന പ്രയോഗത്തിന് ഇവിടെ, കക്ഷി  രാഷ്ട്രീയ അനുഭാവം എന്ന പരിമിതമായ അര്‍ത്ഥമേ ഉദ്ദേശിക്കുന്നുള്ളൂ.  മുഖ്യധാരാ പത്രങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണുകയും അവയെ അവിശ്വസിക്കുകയും ചെയ്യുന്നരാണ് ഇവര്‍. രാഷ്ട്രീയവാര്‍ത്തകളാണ് ഇവര്‍ മുഖ്യമായും വായിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിവിശ്വാസങ്ങള്‍ക്കോ കോട്ടംതട്ടാനിടയാക്കുന്ന വാര്‍ത്തകളോടും വിവരങ്ങളോടും അസഹിഷ്ണുത കല്പ്പിക്കുന്നവരാണ് ഇവരില്‍ നല്ല പങ്ക്. വിമര്‍ശകരുടെ ഉദ്ദേശ്യശുദ്ധിയെ അവര്‍ ചോദ്യം ചെയ്യും. തങ്ങള്‍ ഇഷ്ടപ്പെടുന്ന വിഭാഗത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വലുതായി പ്രസിദ്ധീകരിക്കപ്പെടണം എന്നും എതിര്‍പക്ഷത്തിന്റേത് അവഗണിക്കപ്പെടണം എന്നും അവര്‍ ആഗ്രഹിക്കും. ഇവരുടെ വിശ്വാസപ്രമാണമനുസരിച്ചുള്ള രാഷ്ട്രീയ ശരിതെറ്റുകളാണ് വാര്‍ത്താമൂല്യം സംബന്ധിച്ച ഇവരുടെ മാനദണ്ഡം. പത്രം വ്യത്യസ്തവിഭാഗം വായനക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ഒരേതരം ഉല്‍പ്പന്നമാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ കാണാറില്ല.


3. പുതിയ തലമുറയാണ് മൂന്നാമത്തെ വിഭാഗം. ഇവരില്‍ നേരത്തെ പറഞ്ഞ രണ്ട് വിഭാഗക്കാര്‍ കൂടി ഉണ്ട്. പക്ഷേ, ചിന്താശേഷിയും അല്പമൊക്കെ മാധ്യമസാക്ഷരതയും ഉള്ള ഇക്കൂട്ടര്‍ പത്രങ്ങളെ ഗൗരവമായി കാണുന്നേയില്ല. വലിയ വാര്‍ത്താ തലക്കെട്ടുകളിലൂടെ മാത്രം ഓടിച്ചുപോവുകയും ഇതിനൊക്കെ എന്ത് പ്രാധാന്യമാണ് ഉള്ളത് എന്ന് പരിഹസിക്കുകയും സ്‌പോര്‍ട്‌സ്, സിനിമാ പേജുകള്‍ കൂടുതള്‍ കൗതുകത്തോടെ വായിക്കുകയും അതിന്റെ ഉള്ളടക്കത്തെ കുറിച്ച് ശരാശരി പത്രവായനക്കാരെക്കാള്‍ അറിവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. പത്രമല്ല ഇവര്‍ക്ക് വിവരങ്ങളുടെയോ വാര്‍ത്തയുടെയോ മുഖ്യ സ്രോതസ്.  പത്രവ്യവസായത്തിന് ഇവരെയും നാളെ ആശ്രയിക്കാന്‍ പറ്റില്ല.

**
ഇങ്ങനെ വിഭാഗങ്ങളൊക്കെ ഉണ്ടെങ്കിലും മാധ്യമ ഉള്ളടക്കം എങ്ങനെ രൂപപ്പെടുന്നു എന്നത് സംബന്ധിച്ച് പൊതുവെ വായനക്കാര്‍ക്ക്  ശരിയായ ധാരണകളില്ല എന്നാണ് അനുഭവം. അതുകൊണ്ടുതന്നെ വിമര്‍ശനാത്മക വായന വലുതായി പ്രതീക്ഷിക്കാന്‍ നിവൃത്തിയില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍, ഇഷ്ടപ്പെടുന്ന രൂപത്തില്‍ കൂടുതല്‍ കിട്ടണം എന്നതാണ് പൊതുവായ ആഗ്രഹം. ഇഷ്ടപ്പെടാത്ത വാര്‍ത്തകളോട് അസഹിഷ്ണുതയുള്ളവരും ധാരാളം. ഇവര്‍ കുറ്റകൃത്യവാര്‍ത്തകളും സെന്‍സേഷനല്‍ വാര്‍ത്തകളും  ഇഷ്ടപ്പെടുന്നില്ല എന്ന് പുറത്ത് നടിക്കുകയും ആ വാര്‍ത്തകള്‍ കൂടുലായി വായിക്കുകയും ചെയ്യുന്നവരും ധാരാളം. ഏത് പത്രത്തിനും അതിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ എത്ര പേര്‍ വായിക്കുന്നു എന്നറിയാന്‍  കഴിയും. കുറെക്കാലം ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്ത ഒരാളെന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും, ഒന്നാം പേജില്‍ വലുതായി കൊടുക്കുന്ന ലോകസംഭവങ്ങള്‍ക്കും സുപ്രധാനമായ ദേശീയ സംഭവങ്ങള്‍ക്കും കിട്ടുന്നതിന്റെ പല മടങ്ങ് വായനക്കാരെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതോ ലൈംഗികച്ചുവയുള്ളതോ ആയ വാര്‍ത്തകള്‍ക്ക് കിട്ടും എന്ന്. വാര്‍ത്തയും ഒരു വിപണി ഉല്പ്പന്നം ആയിരിക്കുന്നേടത്തോളം കാലം ഈ പ്രത്യേകത വാര്‍ത്താപ്രാധാന്യ നിര്‍ണയത്തെയും മാധ്യമ വാര്‍ത്താനയങ്ങളെയും സ്വാധീനിക്കാതിരിക്കില്ല.

മാധ്യമ ഉള്ളടക്കത്തിന്റെ രാഷ്ട്രീയ അജന്‍ഡകള്‍ മിക്കമാറും പ്രകടവും പ്രത്യക്ഷവുമാണ്. അത് കണ്ടെത്താന്‍ പത്രവായനക്കാരന് വലിയ മാധ്യമ സാക്ഷരതാ പരിശീലനമൊന്നും ആവശ്യമില്ല. പലപ്പോഴും വിമര്‍ശകര്‍  ആണ് കൂടുതല്‍ രാഷ്ട്രീയ പക്ഷപാതിത്തം ഉള്ളവര്‍ എന്ന് കാണാം. ഇടതുപക്ഷത്തുള്ളവര്‍ പൊതു മാധ്യമങ്ങളെ രണ്ട് തരത്തിലേ കാണുന്നുള്ളൂ. ഒന്ന്, ഇടതുപക്ഷമാധ്യമങ്ങള്‍. രണ്ട്, ബൂര്‍ഷ്വാ മാധ്യമങ്ങള്‍. ഇടതുപക്ഷം അല്ലാത്തവ എല്ലാം ബൂര്‍ഷ്വാ മാധ്യമങ്ങളാണ്. അവരെ ഒറ്റ കൂട്ടമായാണ് കാണാറുള്ളത്. മാധ്യമവിമര്‍ശനത്തില്‍ അവര്‍ പത്രങ്ങളെയും ടെലിവിഷനെയും വേര്‍തിരിച്ച് കാണാറുമില്ല. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളെ അവര്‍ ഇക്കൂട്ടത്തില്‍ പെടുത്തുന്നുണ്ടാവില്ല. മാധ്യമവര്‍ഗത്തിന്റെ പൊതുവായ രോഗങ്ങളൊന്നും ഇല്ലാത്തവരാണ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്നവര്‍ വിശ്വസിക്കുന്നുണ്ടാവണം. മാധ്യമലോകത്തിന്റെ നാനാവിധ ദൗര്‍ബല്യങ്ങളെക്കുറിച്ചും പക്ഷപാതങ്ങളെക്കുറിച്ചും പഠിച്ചിട്ടുള്ളവര്‍ സദ്ഗുണ സമ്പന്ന മാധ്യമം ലോകത്തെവിടെയെങ്കിലും ഉള്ളതായി കരുതുന്നില്ല.

രാഷ്ട്രീയവും മതവും ഉള്‍പ്പെടുന്ന അനേകം മുന്‍ഗണനകളാല്‍ സ്വാധീനക്കപ്പെടുന്നവരാണ് പത്രപ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ സമ്പൂര്‍ണമായ നിഷ്പക്ഷതയും വസ്തുനിഷ്ഠകാര്യങ്ങളില്‍ മാത്രം ഉറച്ചുനിന്നുള്ള പക്ഷപാതരഹിതമായ സമീപനവും അവരില്‍നിന്നുണ്ടാവില്ല എന്നുറപ്പിച്ചവരുണ്ട്. ഓബ്ജക്റ്റിവിറ്റിയെ കുറിച്ച് ചര്‍ച്ചയേ വേണ്ട, ഓബ്ജറ്റിവിറ്റി ഉണ്ടാവുകയാണ് ദോഷം എന്ന മട്ടിലുള്ള തീവ്രവാദ സമീപനങ്ങളും ധാരാളമായി ഇപ്പോള്‍ കാണുന്നുണ്ട്. 'ജേണലിസം എതിക്‌സ് ' എന്ന കൃതിയുടെ കര്‍ത്താവായ ജോണ്‍ സി. മെറില്‍ ന്റെ അഭിപ്രായം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം എഴുതി...' മാധ്യമങ്ങള്‍ എന്നെങ്കിലും സമ്പൂര്‍ണമായി പക്ഷപാതരഹിതമാകുമെന്ന് കരുതുന്നതുതന്നെ മൗഡ്യമാകും. പക്ഷപാതം ഇല്ലാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ എല്ലാ ശ്രമവും നടത്തുക എന്നതാണ് പ്രധാനം...സാധാരണ മനുഷ്യര്‍ക്കെല്ലാം പക്ഷങ്ങളും മുന്‍വിധികളുമുള്ളതുപോലെ ജേണലിസ്റ്റുകള്‍ക്കും അതുണ്ട്. ആകെ ചെയ്യാനാവുക ബോധപൂര്‍വം ഒരു പക്ഷത്തിനുവേണ്ട വസ്തുതകള്‍മാത്രം കാണുന്നത് ഒഴിവാക്കുകയാണ്' - ' ഇത് സ്വീകരിച്ചാല്‍തന്നെ വളരെയേറെ വ്യക്തത ഈ വിഷയത്തില്‍ ഉണ്ടാവും.

സമീപകാലത്ത് മാധ്യമ വിശ്വാസ്യതയില്‍ തകര്‍ച്ച സംഭവിച്ചിട്ടുണ്ട് എന്നത് അവിതര്‍ക്കിതമായ സംഗതിയാണ്. നാലുപേര്‍ കൂടുന്ന ഒരിടത്ത് ചെന്നാല്‍ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ രീതിയെ  കുറിച്ചോ ഏതെങ്കിലും വാര്‍ത്ത പ്രസിദ്ധപ്പെടുത്താതിരുന്നതിനെ കുറിച്ചോ ഉള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാം. വായനക്കാര്‍ മുഴുവന്‍ ഒരര്‍ത്ഥത്തില്‍ മാധ്യമവിമര്‍ശകരാണ്. സിനിമ കാണുന്ന മുഴുവനാളുകളും സിനിമാ നിരൂപകരാകുന്നത് പോലെ. ടെലിവിഷന്റെ കൂടി വരവോടെ ഇന്ന് ആര്‍ക്കും ഒരു വാര്‍ത്തയും പൂഴ്ത്തിവെക്കാന്‍ പറ്റില്ല എന്നതാണ് സത്യം. പണ്ടാണെങ്കില്‍ പ്രസിദ്ധപ്പെടുത്തില്ല എന്ന് ഉറപ്പുള്ള വാര്‍ത്തകള്‍ ഇന്ന് ധാരാളമായി പ്രസിദ്ധപ്പെടുത്തുന്നുണ്ട്. വിമര്‍ശിക്കപ്പെടേണ്ട പ്രവണതകള്‍ വര്‍ദ്ധിച്ചതിന്റെ അതേ അനുപാതത്തിലാണോ വിമര്‍ശങ്ങള്‍ വര്‍ദ്ധിച്ചത് എന്നത് വിസ്തരിച്ച് പഠിക്കേണ്ട വിഷയമാണ്. വാര്‍ത്താലേഖകര്‍ നെഗറ്റീവ് സംഗതികളാണ് വാര്‍ത്ത ആക്കാറുള്ളത് എന്നതുപോലെ മാധ്യമവിമര്‍ശകരും മാധ്യമങ്ങളിലെ നെഗറ്റീവ് സംഗതികളാണ് എപ്പോഴും പുറത്തെടുത്ത് വിമര്‍ശനവിധേയമാക്കുന്നത് എന്ന് കാണാം. സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകമായ ഒരുപാട് സേവനം മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. വാര്‍ത്ത എന്ത് എന്നത് സംബന്ധിച്ച് അംഗീകരിക്കപ്പെട്ട പൊതുനിര്‍വചനത്തിന്റെ വരുതിയില്‍ വരുന്നവയെല്ലാം പൊതുവെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഇതിലേതെങ്കിലും പ്രസിദ്ധപ്പെടുത്തിക്കൂടാ എന്ന് ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ പൊതുവെ നിലപാട് എടുക്കാറില്ല. കൊലപാതകത്തെ പ്രോത്സാഹിപ്പിക്കും എന്ന് വിചാരിച്ച് കൊലപാതക വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷേ, ഇത്തരം ധാര്‍മികതാ നിലപാടുകള്‍ പത്രങ്ങള്‍ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നവരാണ് വലിയൊരു പങ്ക് വായനക്കാര്‍.  മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം ശരിതെറ്റുധാരണകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകളില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന ബോധം പലര്‍ക്കും ഉണ്ടാവുന്നില്ല.

 മാധ്യമങ്ങള്‍ക്ക് പക്ഷപാതമില്ല എന്ന് വാദമില്ല. മിക്ക വിഷയങ്ങളിലും കാണും പക്ഷം. പക്ഷേ, അവയെല്ലാം അപ്പടി വാര്‍ത്തകളില്‍ പ്രകടിപ്പിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഉള്ളതിലേറെ ആക്ഷേപം ഇക്കാര്യത്തില്‍ കേള്‍ക്കേണ്ടി വരാറുണ്ട്്. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. കൃത്യമായ പക്ഷമുള്ളവര്‍ തന്നെയാണ് എവിടെയും മാധ്യമങ്ങളില്‍ പക്ഷപാതിത്വം ആരോപിക്കാന്‍ മുന്നില്‍ നില്‍ക്കാറുള്ളതെന്നതാണ് സത്യം. ഒരു പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് വാര്‍ത്തകളെ കാണുന്നവര്‍ക്ക് തങ്ങളുടെ പക്ഷം വേണ്ട നിലയില്‍ പ്രതിഫലിക്കപ്പെടുന്നില്ലെങ്കില്‍ വാര്‍ത്തയില്‍ പക്ഷപാതമുണ്ടെന്ന തോന്നലുണ്ടാകാറുള്ളത്. തന്റെ പക്ഷത്തിന്റെ നിലപാടാണ് വേണ്ടതിലേറെ പ്രതിഫലിക്കപ്പെടുന്നതെങ്കില്‍ അത് പക്ഷപാതമായി അയാള്‍ക്ക് തോന്നില്ല. അതാണ് ആശാസ്യമായ  റിപ്പോര്‍ട്ടിങ്ങ് രീതി എന്നാണ് തോന്നുക. താന്‍ ഒരു പക്ഷത്ത് നില്‍ക്കുന്നതുകൊണ്ടല്ലേ തനിക്ക് അങ്ങനെ തോന്നുന്നത് എന്ന ചോദ്യം ആരും സ്വയം ചോദിക്കാറില്ല. പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് സത്യം അറിയുകയല്ല പ്രധാനം. തന്റെ നില്‍പ്പിനെ ന്യായീകരിക്കുന്ന വസ്തുതകളും സത്യങ്ങളും മാധ്യമം നല്‍കണമെന്നാണ് അത്തരക്കാര്‍ ആഗ്രഹിക്കുന്നത്. വാള്‍ട്ടര്‍ ലിപ്മാന്‍  പറഞ്ഞത് എത്ര ശ്രദ്ധേയം.-' വസ്തുതകള്‍ അറിഞ്ഞ ശേഷം നിര്‍വചിക്കുകയല്ല, നിര്‍വചിച്ച ശേഷം അതിനെ ശരിവെക്കുന്ന വസ്തുതകള്‍ തേടുകയാണ് നമ്മള്‍ എപ്പോഴും ചെയ്യാറുള്ളത്'.

തീര്‍ത്തും പക്ഷപാതപരമായ വ്യത്യസ്ത തരം മാധ്യമ പ്രീണനങ്ങള്‍ ദിവസേന നടക്കുന്നുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടുന്നില്ല. പ്രധാനമായി മത- ജാതി -രാഷ്ട്രീയവിഭാഗങ്ങളാണ് പ്രീണിപ്പിക്കപ്പെടുന്നത്. അത്തരം വിഭാഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പല ദുഷ്പ്രവണതകളും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. പത്രങ്ങള്‍ക്ക് വായനക്കാരെ ഉണ്ടാക്കിക്കൊടുക്കുന്ന ജനവിഭാഗങ്ങളും പ്രീണിപ്പിക്കപ്പെടുന്നു. എന്തുതരം അനീതികള്‍ വാര്‍ത്തയാക്കാന്‍ പുറപ്പെടുമ്പോഴും അതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ പത്രം വാങ്ങുന്നവരാണോ എന്ന് അന്വേഷിക്കുന്നേടത്തോളം എത്തുന്നുണ്ട് ഈ പ്രവണത.

വാര്‍ത്തയില്‍ വാര്‍ത്താസ്രോതസ്സുകള്‍ ചെലുത്തുന്ന അവിഹിതമായ സ്വാധീനം പത്രപ്രവര്‍ത്തകര്‍ തന്നെ ശ്രദ്ധിക്കാതെ പോകുന്നുണ്ട്. പ്രധാനമായും കുറ്റകൃത്യറിപ്പോര്‍ട്ടിങ്ങിലാണ് ഇത് സംഭവിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്ന സോഴ്‌സുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പക്ഷത്തേക്ക് അമിതമായ ചായ്‌വ് എല്ലാ രാഷ്ട്രീയവ്യവസ്ഥകളിലും പൊതുവായുള്ളതാണ്. കുറ്റാരോപിതനെന്ത് പറയാനുണ്ടെന്ന് തിരക്കാനുള്ള ബാധ്യത മാധ്യമപ്രവര്‍ത്തകനില്ല എന്ന നിലപാട് എങ്ങും മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചതായി തോന്നുന്നു. ഇത് തിരിച്ചറിയുവാനുള്ള മാധ്യമ സാക്ഷരത വായനക്കാര്‍ക്ക് മിക്കപ്പോഴും ഉണ്ടാകുന്നുമില്ല.  ശിക്ഷിക്കപ്പെടുന്നതുവരെ പ്രതി നിരപരാധിയാണെന്ന ലോകതത്ത്വം മിക്കപ്പോഴും മാധ്യമങ്ങള്‍ അംഗീകരിക്കാറേയില്ല. കുറ്റകൃത്യവാര്‍ത്തകളില്‍ 80 ശതമാനത്തിലും അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായപ്രകടനം ഉള്‍ക്കൊള്ളിക്കുമ്പോള്‍ കുറ്റം ആരോപിക്കപ്പെട്ടവരുടെ വിശദീകരണം ഉണ്ടാകുന്നത് അവര്‍ വലിയ  പദവികള്‍ വഹിക്കുന്നവരോ സ്വാധീനമുള്ളവരോ ആകുമ്പോള്‍ മാത്രമാണ്.

പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നുകിട്ടിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അവ ഇന്ന ഉദ്യോഗസ്ഥന്‍ നല്‍കിയതാണെന്ന് പറയാതിരിക്കാന്‍ വിദേശത്ത് സാധ്യമല്ല. ഇത്തരം കാര്യങ്ങളില്‍ സോഴ്‌സ് വെളിപ്പെടുത്തണം എന്നതാണ് അവിടത്തെ മാധ്യമങ്ങളുടെ നയം. നമ്മളാകട്ടെ ചോദ്യം ചെയ്തത് പോലീസല്ല ലേഖകന്‍ തന്നെയാണെന്നുതോന്നിപ്പിക്കും വിധത്തിലാണ് റിപ്പോര്‍ട്ടെഴുതുക. പോലീസ് സോഴ്‌സുകള്‍ക്ക് അപ്രമാദിത്വം കല്‍പ്പിക്കുന്നത് സോഴ്‌സുകളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണ്. ദീര്‍ഘകാല കൊടുക്കല്‍ വാങ്ങലുകളിലൂടെ സോഴ്‌സുകളുമായി ഒരുതരം അവിഹിത ബന്ധം മാധ്യമപ്രവര്‍ത്തകര്‍ അറിയാതെ വളര്‍ന്നുവരുന്നു.  ഇത് വാര്‍ത്തകളെ ബാധിക്കുന്നു എന്ന് വായനക്കാര്‍ക്ക്  തിരിച്ചറിയാന്‍ കഴിയാറില്ല. ഇതുകാരണം, ഇത്തരം വാര്‍ത്തകള്‍ക്ക് പൊതുസമൂഹം അര്‍ഹിക്കാത്ത വിശ്വാസ്യത കല്പ്പിക്കുന്നതായും കണ്ടുവരുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ചതുപോലെ വാര്‍ത്താ ഉപഭോക്താക്കളും പ്രീണിപ്പിക്കപ്പെടുന്ന ഒരു വിഭാഗമാണ്. അവരെ പ്രീണിപ്പിക്കുന്നതിന് വാര്‍ത്തയിലെ ആസ്വാദനാംശങ്ങള്‍- എരിവും പുളിയും- വര്‍ദ്ധിപ്പിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അതിലെ വസ്തുനിഷ്ഠതയാകുന്നു. വായനക്കാരന് ഇന്‍ഫര്‍മേഷനേക്കാള്‍ താല്പര്യം എന്റര്‍ടെയ്ന്‍മെന്റ് ആണ് എന്ന പരോക്ഷമായ സന്ദേശം പത്രങ്ങളുടെ വില്പനക്കണക്കുകളിലൂടെ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ അവര്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.

വാട്ട് ഈസ് ന്യൂസ് എന്ന ചോദ്യത്തിന് ലഭിച്ച പഴയ  ഉത്തരത്തില്‍ മാറ്റമുണ്ടായിട്ടില്ല. മനുഷ്യനെ പട്ടി  കടിക്കുന്നതല്ല പട്ടിയെ മനുഷ്യന്‍ കടിക്കുന്നതാണ് വാര്‍ത്ത എന്ന് പറയുമ്പാള്‍ വാര്‍ത്താപ്രാധാന്യം കിട്ടുക സ്വാഭാവികമായ കാര്യങ്ങള്‍ക്കല്ല അസ്വാഭാവിക കാര്യങ്ങള്‍ക്കാണ് എന്ന് വരുന്നു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുമ്പോള്‍ മാത്രമാണ് വാര്‍ത്ത ഉണ്ടാകുന്നത്. ആയിരം തീവണ്ടി കൃത്യസമയത്ത് എത്തിയാലും  അത് വാര്‍ത്തയല്ല, ഒരു തീവണ്ടി പത്ത് മണിക്കൂര്‍ വൈകിയാല്‍ വാര്‍ത്തയാണ്. ആയിരം തീവണ്ടി പാളത്തിലൂടെ ഓടിയത് മറച്ച് വെച്ച് നിങ്ങള്‍ ഒരു തീവണ്ടി പാളം തെറ്റിയത് വലിയ വാര്‍ത്തയാക്കി എന്ന് കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. വാര്‍ത്ത എന്ന സാധനത്തിന് അങ്ങനെ ഗുരുതരമായ  പിശകുകള്‍ പലതുമുണ്ട്. പത്രക്കാര്‍ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം നല്‍കുന്നു, പോസിറ്റീവ് കാഴ്ചപ്പാട് നശിപ്പിക്കുന്നു എന്ന പൊതുവിമര്‍ശനത്തിന്റെയും സത്യാവസ്ഥ വായനക്കാര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

സ്വതന്ത്രപത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങള്‍ പലതും രാഷ്ട്രീയ കാരണങ്ങളാല്‍ ചില വാര്‍ത്തകള്‍ പൊലിപ്പിക്കുകയോ ചിലവ അവഗണിക്കുകയോ ചെയ്യുന്നത് നാം കാണുന്നുണ്ട്. സ്വതന്ത്രം എന്ന് അവകാശപ്പെടുന്ന പത്രങ്ങള്‍ അങ്ങനെ ചെയ്യുന്നതേ തെറ്റുള്ളൂ, പാര്‍ട്ടിപത്രങ്ങള്‍ക്ക് എന്തും എങ്ങനെയും റിപ്പോര്‍ട്ട് ചെയ്യാം എന്ന് ഏതോ ആചാര്യന്‍ സിദ്ധാന്തിച്ചിട്ടുണ്ടെന്ന് തോന്നും മിക്കപ്പോഴും പാര്‍ട്ടി പത്രങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് കാണുമ്പോള്‍. സത്യസന്ധതയും വസ്തുനിഷ്ഠതയും ഒന്നും പാര്‍ട്ടി പത്രങ്ങള്‍ക്ക് വേണ്ട എന്ന് ആരാണ് തീരുമാനിച്ചത് ? ലോകത്തെങ്ങും പാര്‍ട്ടി പത്രങ്ങള്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് ? പത്രപ്രവര്‍ത്തനത്തിന്റെ പ്രൊഫഷനലിസം മറ്റ് കാര്യങ്ങളിലെല്ലാം സ്വീകരിക്കുകയും രാഷ്ട്രീയ വാര്‍ത്തകളില്‍ പ്രൊഫഷനലിസം  ലവലേശം കാണിക്കാതിരിക്കുകയും രാഷ്ട്രീയറിപ്പോര്‍ട്ടിങ്ങ് നോട്ടീസെഴുത്ത് ആക്കി മാറ്റുകയും ചെയ്യുന്നത് സ്വന്തം വായനക്കാരെ വഴിതെറ്റിക്കലും തെറ്റിദ്ധരിപ്പിക്കലുമാണ്. വായനക്കാരോട് ചെയ്യുന്ന ഒരു കുറ്റകൃത്യം തന്നെയാണ് അത്. ബുദ്ധിയും ബോധവും ഉള്ള വായനക്കാര്‍ ഇതൊരിക്കലും അംഗീകരിക്കില്ല. പാര്‍ട്ടി പത്രങ്ങളുടെ മുഖപ്രസംഗം പാര്‍ട്ടി നിലപാട് പ്രതിഫലിക്കുന്നതാകണം, വാര്‍ത്തകള്‍ സ്വതന്ത്രവും സത്യസന്ധവും വസ്തുനിഷ്ഠവും ആകണം എന്നാണ് ലോകം അംഗീകരിച്ച തത്ത്വമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ടോ ഇത് നേരെ മറിച്ചാണ്. വാര്‍ത്തയും വിവാദവും ഉണ്ടാക്കാന്‍ മുഖപ്രസംഗത്തില്‍ സ്വന്തം പാര്‍ട്ടി അംഗീകരിക്കാത്തവ എഴുതുകയും വാര്‍ത്തകള്‍ പാര്‍ട്ടിക്ക് വേണ്ടി വളച്ചൊടിക്കുകയും തറിച്ചുമുറിച്ചിടുകയും ചെയ്യുകയാണ് നമ്മുടെ സമ്പ്രദായം.

പത്രങ്ങള്‍ സ്വതന്ത്രമായാലും അല്ലാതായാലും പത്രപ്രവര്‍ത്തകന് അവന്റെ തൊഴില്‍ മര്യാദയനുസരിച്ചുള്ള മിനിമം സ്വയംനിര്‍ണയാവകാശം ലഭിക്കേണ്ടതുണ്ട്. ഏത് പ്രൊഫഷനിലും ഉള്ളതാണ് ഇത്. ഏത് ആസ്പത്രിയില്‍ ജോലി ചെയ്താലും ഉടമസ്ഥന്‍ പറയുന്നതുപോലെ അല്ല ഡോക്റ്റര്‍ ചികിത്സിക്കേണ്ടത്. അതിന്റെ മര്യാദകളും ധാര്‍മികതകളും മുമ്പേ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. പത്രത്തിന്റെ പൊതുവായ നയം ഉടമസ്ഥരും പത്രാധിപരും തീരുമാനിക്കുമ്പോള്‍തന്നെ അതിന്റെ  പരിധിക്കകത്ത് വാര്‍ത്തയും അഭിപ്രായവും കൊടുക്കുകയാണ് പത്രപ്രവര്‍ത്തകന്‍ ചെയ്യുക. ഇത് ഏറിയും കുറഞ്ഞും എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും ബാധകമാണ്. മാധ്യമങ്ങളില്‍ ഈ തത്ത്വം പൂര്‍ണതോതില്‍ നടപ്പാക്കുന്നുണ്ട് എന്നാരും പറയുകയില്ല. എന്നാല്‍ പത്രത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം ഉടമസ്ഥന്‍ തീരുമാനിക്കുംപ്രകാരമാണ് എന്ന് ധരിക്കുക മാത്രമല്ല, അങ്ങനെയാണ് വേണ്ടത് എന്ന് വിശ്വസിക്കുക പോലും ചെയ്യുന്നുണ്ട് വലിയ വിഭാഗം വായനക്കാര്‍. പത്രാധിപസ്വാതന്ത്ര്യത്തെ കുറിച്ച് സിദ്ധാന്തം എഴുതുന്ന ബുദ്ധിജീവി പോലും മാധ്യമത്തില്‍ ലേഖനമോ കവിതയോ പ്രസിദ്ധപ്പെടുത്തിക്കിട്ടാന്‍ വിളിക്കുക പത്ര ഉടമസ്ഥനെയാണ്. ഇത് അനുഭവത്തില്‍നിന്ന് പറയുന്നതാണ്. ഇതൊരു തെറ്റായ ധാരണയാണ് എന്ന് പറയട്ടെ. മിക്ക വന്‍കിട പത്രങ്ങളുടെയും ഉടമസ്ഥന്മാര്‍ വാര്‍ത്തകളില്‍ ഇടപെടാറില്ല. പത്രം വിറ്റു ലാഭമുണ്ടാക്കലാണ് അവരുടെ ഉദ്ദേശ്യം. മിക്കവര്‍ക്കും അറിയാം വാര്‍ത്തയില്‍ വല്ലാതെ ഇടപെട്ടാല്‍ പത്രക്കച്ചവടം പൂട്ടിപ്പോകും എന്ന്. കേരളത്തില്‍ ഇതത്ര ലിബറല്‍ അല്ല എന്ന് സമ്മതിക്കാം. ലോകവ്യാപകമായിത്തന്നെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് കൂടി പറഞ്ഞുകൊള്ളട്ടെ. എപ്പോഴും വിമര്‍ശിക്കപ്പെടുന്ന ഒരു പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. അവിടെ പത്രാധിപര്‍തന്നെ ഇല്ലാതായി എന്ന വിമര്‍ശനവും ഉണ്ട്. പക്ഷേ, അതിന്റെ ഉടമസ്ഥന്‍ സമീര്‍ ജെയിന്‍ ഒരു വിദേശ പത്രവുമായുള്ള  അഭിമുഖത്തില്‍ പറഞ്ഞത് തങ്ങള്‍ കേന്ദ്രമന്തിമാര്‍ ഉള്‍പ്പെടെയുള്ളവരെ കാണാനോ അവരുടെ ഡിന്നറുകള്‍ക്കോ  പോകാറില്ല എന്നാണ്. വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രി വന്നപ്പോള്‍ ക്ഷണിച്ചിട്ടും പോയില്ലത്രെ.  ഇതെല്ലാം വാര്‍ത്തയില്‍ ഇടപെടാനുള്ള സമ്മര്‍ദ്ദങ്ങളായി മാറും എന്നതുകൊണ്ടാണ് അത്തരമൊരു നയം സ്വീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വസിക്കാമെങ്കില്‍, ഇത് വളരെ ആശാസ്യമായ സമീപനമാണ്. എല്ലാവരും ഇങ്ങനെയാണ് എന്നല്ല. നമ്മുടെ കൂട്ടത്തില്‍ വക്കം മൗലവിമാര്‍ ഇപ്പോഴില്ല എന്നത് സത്യമാണ്. പക്ഷേ, എല്ലാ പത്രങ്ങളിലും എല്ലാ കാലത്തും എല്ലാവരെയും ഉടമസ്ഥന്മാര്‍ മൂക്ക് കയറിട്ട് നടത്തിക്കുകയാണ് എന്ന ധാരണയും ശരിയല്ല. നയങ്ങളുടെ ഭാഗമല്ലാതെതന്നെ വ്യക്തിപരമായ പകയും വിരോധവും തീര്‍ക്കാന്‍ വേണ്ടി വാര്‍ത്ത ബ്ലാക്കൗട്ട് ചെയ്യുന്ന അല്പന്മാര്‍ പത്രഉടമകളുടെ കൂട്ടത്തില്‍ മാത്രമല്ല, പത്രപ്രവര്‍ത്തകരുടെ കൂട്ടത്തിലുമുണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു.

മാധ്യമങ്ങളെ കുറിച്ചുള്ള പൊതു  ധാരണയില്‍ ഏറ്റവും എടുത്തുപറയേണ്ടതായി എനിക്കുതോന്നിയത്, മാധ്യമ ധനകാര്യത്തെ കുറിച്ചുള്ള സമ്പൂര്‍ണ അജ്ഞതയാണ്. മാധ്യമം ഫോര്‍ത്ത്് എസ്റ്റേറ്റാണ്. ജുഡീഷ്യറിയെയും എക്‌സിക്യുട്ടീവിനെയും നിയമനിര്‍മാണ സഭയെയും പോലെ പ്രധാനമാണ് മാധ്യമങ്ങള്‍ എന്ന ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് പറയുമ്പോള്‍ ഈ സ്ഥാപനം എങ്ങനെ നിലനില്‍ക്കുന്നു എന്നതിനെ കുറിച്ചും ബോധം ആവശ്യമാണ്. നാലില്‍ മൂന്ന് എസ്റ്റേറ്റുകളും പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.  മാധ്യമങ്ങള്‍ മാത്രമാണ് സ്വയം മൂലധനം നിക്ഷേപിച്ച് ഒരു ഉല്‍പ്പന്നം നിര്‍മിച്ച് വിപണിയില്‍ മത്സരിച്ച് വിറ്റ് ലാഭമുണ്ടാക്കി നിലനില്‍ക്കുന്നത്. ഉല്‍പ്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന ഏക ഉല്‍പ്പന്നം മാധ്യമമായിരിക്കും. പത്രത്തിന്റെ ഒന്നാം പേജില്‍ പരസ്യം കൊടക്കുന്നത് എന്തോ കൊടിയ അധാര്‍മികതയാണ് എന്ന രോഷപ്രകടനം കാണേണ്ടിവന്നിട്ടുണ്ട്് പല മാധ്യമ സെമിനാറുകളിലും. ഒരു മാധ്യമപ്രവര്‍ത്തകന്‍ അതിന് മറുപടി പറയാന്‍ ബാധ്യസ്ഥനല്ലെങ്കിലും പത്രത്തിന് പരസ്യം കിട്ടാതെ എനിക്ക് ശമ്പളം കിട്ടില്ല എന്ന വസ്തുത ഞാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ മാധ്യമ സാക്ഷരത എവിടെയാണ് നില്‍ക്കുന്നത് എന്ന് സത്യമായും അറിഞ്ഞുകൂടാ.

മാധ്യമസാക്ഷരത നാട്ടിലെ പൊതു സാക്ഷരതയുടെ അതേ നിലവാരത്തിലാണ് എന്ന് ധരിച്ചുകൂടാ. പലപ്പോഴും നല്ല വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും എല്ലാം ഉണ്ടെന്ന് ധരിക്കുന്ന  വിമര്‍ശകന്മാരില്‍നിന്നും കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. എല്ലാ പത്രങ്ങള്‍ക്കും ബാധകമായ പല പ്രാരബ്ധങ്ങളും ഈ മേഖലയിലുണ്ട്. അത് പലപ്പോഴും മാധ്യമ ഉപഭോക്താക്കളില്‍ അറിവുള്ളവര്‍ പോലും തിരിച്ചറിയുന്നില്ല എന്നത് സങ്കടപ്പെടുത്തും. പത്ത് മണിക്ക് സംഭവിക്കുന്ന ഒരു സുപ്രധാനസംഭവം പത്തര മണിക്ക് അച്ചടിക്കുന്ന എഡിഷനില്‍ ഒന്നാം പേജില്‍ ഒരു കോളം തലക്കെട്ടിലും ഒരു മണിക്ക് അടിക്കുമ്പോള്‍ എട്ട് കോളം തലക്കെട്ടിലും കൊടുക്കുന്നത് വളരെ സ്വാഭാവികമാണ്. ഇതിന് അവിശ്വസനീയമായ വ്യാഖ്യാനങ്ങള്‍ എഴുതിപ്പിടിപ്പിച്ച മാധ്യമനിരീക്ഷകരോട് സഹതപിക്കുകയല്ലാത എന്തുചെയ്യും. സ്ഥലപരിമിതിയുള്ള പത്രത്തില്‍  ഒരു പാരഗ്രാഫ് മാത്രം കൊടുത്ത വാര്‍ത്ത തീര്‍ത്താല്‍ തീരാത്തത്ര സ്ഥലമുള്ള ഓണ്‍ലൈന്‍ എഡിഷനില്‍ അരക്കോളം വിസ്തരിച്ച്  കൊടുത്തതിന് ഒരു മാധ്യമവിമര്‍ശകന്‍ എഴുതിയ  വ്യാഖ്യാനം വായിച്ച്  ചിരിക്കാനല്ല,  കരയാനാണ് തോന്നിയത്. ഒരു പത്രം എങ്ങനെ നിര്‍മിക്കപ്പെടുന്നു എന്നതിന്റെ ഹരിശ്രീ എങ്കിലും ഇവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയാത്തതില്‍ സങ്കടം തോന്നാറുണ്ട്. പാതിരാത്രിയില്‍ ഡെഡ്‌ലൈനിനോട് പൊരുതി അതിവേഗതയില്‍ നടത്തുന്ന വിവര്‍ത്തനങ്ങളില്‍ ഒരു വാക്ക് തെറ്റിക്കണ്ടാല്‍ പിറ്റേന്ന് രാവിലെ ഫോണ്‍ ചെയ്ത് അധിക്ഷേപിക്കുന്ന വിദ്യാസമ്പന്നരെ ധാരാളം  കണ്ടിട്ടുണ്ട്.


മാധ്യമ ധാര്‍മികതയെ കുറിച്ചും വലിയ  തെറ്റിദ്ധാരണകളും വമ്പന്‍ വ്യാമോഹങ്ങളും നിലനില്‍ക്കുന്നു എന്നും പറയട്ടെ. പത്രധര്‍മം എന്നതാണ് ജനപ്രിയ പ്രയോഗം. സത്യമായും ഞങ്ങള്‍ ന്യൂസ് റൂമുകളിലോ എഡിറ്റോറിയല്‍ യോഗങ്ങളിലോ ഒന്നും പത്രധര്‍മം പൊതുവെ ചര്‍ച്ച  ചെയ്യാറില്ല. പത്രധര്‍മത്തെകുറിച്ച്് അതിശയോക്തിപരമായ പ്രതീക്ഷകളും അമൂര്‍ത്തമായ ആശയങ്ങളുമാണ് പൊതുസമൂഹത്തില്‍ ഉള്ളത്. അങ്ങേയറ്റം അവ്യക്തതകള്‍ നിറഞ്ഞ ഒരു സങ്കല്‍പ്പമാണ് മാധ്യമ ധാര്‍മികത എന്നത്. അക്കാദമിക് തലത്തില്‍ അത് പല വിധത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ഏത് രീതിയിലാണ് അത് പ്രയോഗത്തില്‍ കൊണ്ടുവരേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണകളൊന്നും നിലവിലില്ല. ഇന്ത്യയിലെന്നല്ല ലോകത്തില്‍തന്നെയും ഇക്കാര്യത്തില്‍ അവ്യക്തതകളും വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് നിലവിലുള്ളത്. വിഷയം കൈകാര്യം ചെയ്യാന്‍ നിയമപരമായി ബാധ്യതപ്പെട്ട സ്ഥാപനമാണ് പ്രസ് കൗണ്‍സില്‍ ഓഫ്് ഇന്ത്യ എങ്കിലും അവര്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും അധികാരികതയില്ല. വളരെ പരിമിതമാണ് പ്രസ് കൗണ്‍സിലിന്റെ അധികാരം. മാധ്യമസാക്ഷരതയിലെ ഏറ്റവും ദുര്‍ബലമായ അധ്യായം ഇതാണ് എന്ന്  തോന്നാറുണ്ട്.

രണ്ട് കാര്യങ്ങള്‍ കൂടി പറഞ്ഞ് ഇതവസാനിപ്പിക്കാം. ഒന്ന്. മാധ്യമങ്ങള്‍ ചേുറ്റുമുള്ള ലോകത്ത് കാണുന്ന എല്ലാ തെറ്റുകളെയും  വിമര്‍ശിക്കാറുണ്ട് എന്നാണ് സങ്കല്‍പ്പം. പക്ഷേ, മാധ്യമങ്ങള്‍ മാധ്യമങ്ങളെ വിമര്‍ശിക്കാറില്ല. കക്ഷിരാഷ്ട്രീയപരമായ കാരണങ്ങളാല്‍ ചിലപ്പോള്‍ പാര്‍ട്ടിപത്രങ്ങളും മുഖ്യധാരാ പത്രങ്ങളും  പരസ്പരം  വിമര്‍ശിക്കാറുണ്ടെങ്കിലും കാതലായ വിഷയങ്ങളില്‍  വിമര്‍ശനമില്ല. ഇതൊരു തന്ത്രപരമായ സ്വയംസംരക്ഷണമാണ്. കടുത്ത മത്സരങ്ങള്‍ക്കിടയിലും ഇവര്‍ തമ്മില്‍ ഒരുപാട് ഒത്തുകളികള്‍ നടക്കുന്നുണ്ട്. മറ്റൊന്ന്, പരസ്യവരുമാനത്തിലുള്ള അമിത ആശ്രയത്വവും അതിന്റെ ദൂഷ്യഫലങ്ങളുമാണ്.  എല്ലാ പത്രങ്ങള്‍ക്കും ഇത് തുല്യമായി ബാധകമാണ്. വന്‍കിട പരസ്യക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് വര്‍ഗമാണ്. ഇവര്‍ മാധ്യമനയങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇത് എത്രത്തോളം, ഏതെല്ലാം രീതിയില്‍ എന്ന് വിശദമായി പഠിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്.


മാധ്യമങ്ങള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നു എന്നാണ് സങ്കള്‍പ്പമെങ്കിലും അതിന്റെ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്.  മാധ്യമങ്ങളല്ല ആശയവിനിമയം നടത്തുന്നത്. മറ്റുള്ളവര്‍ക്ക് ആശയവിനിമയം നടത്താനുള്ള ഉപകരണം  മാത്രമാണ്  തൊണ്ണൂറ് ശതമാനം കാര്യങ്ങളിലും മാധ്യമം. മാധ്യമങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചോ നയങ്ങള്‍ സംബന്ധിച്ചോ വായനക്കാരുമായി സംവാദത്തിനോ ചര്‍ച്ചയ്‌ക്കോ തയ്യാറല്ല. അവര്‍ വിമര്‍ശനങ്ങള്‍ സ്വീകരിക്കാറില്ല. വായനക്കാര്‍ക്ക് പലതും പറയാനുണ്ട്. പലതും അബദ്ധങ്ങളായിരിക്കും. പലതും പത്രത്തിന് സംഭവിച്ച തെറ്റുകളെയും അവിവേകങ്ങളെയും കുറിച്ചുള്ള വിമര്‍ശനങ്ങളാവും. എന്തുകാണ്ട് ഇതിന് പത്രങ്ങള്‍ സ്ഥലം അനുവദിക്കുന്നില്ല ? സര്‍ക്കാറിനും പാര്‍ട്ടികള്‍ക്കും സുതാര്യതയും ആഭ്യന്തര ജനാധിപത്യവും ഇല്ലാത്തതിനെ കുറിച്ച് പത്രങ്ങള്‍ മുഖപ്രസംഗമെഴുതാറുണ്ടെങ്കിലും സുതാര്യതയോ ആഭ്യന്തരജനാധിപത്യമോ ഇല്ലാത്ത സ്ഥാപനങ്ങളാണ് പത്രങ്ങള്‍ എന്ന് കാണാം. വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന വായനക്കാരുടെ കത്തുകള്‍ മാത്രമാണ് ഏക ആശ്രയം. ഇത് പക്ഷേ മിക്കവാറും പൊതുകാര്യങ്ങളെ  കുറിച്ചേ ആവാറുള്ളൂ. പത്രത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കണ്ടാല്‍ അത്ഭുതപ്പെടണം, അത്ര അപൂര്‍വമാണത്. പത്രത്തെ അഭിനന്ദിക്കുന്ന കത്തുകള്‍ക്ക് മുന്‍ഗണന കിട്ടുന്നതായും കാണാം. വാര്‍ത്തകളെക്കുറിച്ച് വായനക്കാരുമായി സംവാദത്തിലേര്‍പ്പെടാനുള്ള ധൈര്യം പത്രാധിപന്മാര്‍ക്കുണ്ടാകണം. ഇത് മാധ്യമങ്ങള്‍ക്ക് വായനക്കാരോടുള്ള ഉത്തരവാദിത്തമാണ്.

സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് പത്രവാര്‍ത്തകളുടെ  വിമര്‍ശനം പത്രത്തിന്റെ തന്നെ ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയ പേജുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ വിമര്‍ശനങ്ങളേറെയും നാലാംകിട അധിക്ഷേപങ്ങളാണ്. ഗൗരവപൂര്‍വമായ വിമര്‍ശനങ്ങള്‍ ഇതില്‍ അത്യപൂര്‍വമേ കാണാറുള്ളൂ. വിദേശപത്രങ്ങളില്‍ ഇതല്ല അവസ്ഥ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഇവിടെ വല്ലപ്പോഴും ഗൗരവപൂര്‍ണമായ ഒരു വിമര്‍ശനം ഉണ്ടായാല്‍പ്പോലും പത്രത്തിന്റെ അധിപര്‍ അത് കാണാറോ മറുപടി പറയാറോ ഇല്ല. പത്രത്തില്‍ത്തന്നെ ഇതിന് അവസരമൊരുക്കുകയാണെങ്കില്‍ അതൊരു മാധ്യമ സാക്ഷരാതായജ്ഞമാകുകയും പത്രത്തിന് തന്നെ പ്രയോജനപ്പെടുകയും ചെയ്യും എന്നുറപ്പാണ്.

പ്രസ്  അക്കാദമി പോലുള്ള  സ്ഥാപനങ്ങള്‍ക്ക് മാധ്യമസാക്ഷരത ഉ്രണ്ടാക്കുന്നതില്‍ പങ്ക് വഹിക്കാന്‍ കഴിയും. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള തൊഴില്‍വിദ്യാഭ്യാസംപോലും നേരാംവണ്ണം നടത്താന്‍ കഴിയാത്തതുകൊണ്ട് അക്കാര്യത്തെപ്പറ്റി ഇതുവരെ ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇപ്പോള്‍ വ്യാപകമായിട്ടുള്ള മീഡിയ സെമിനാറുകള്‍ സ്വാഗതാര്‍ഹമായ മാറ്റമാണ്. ഒരു പാട് വിഷയങ്ങള്‍ അവിടെ ചര്‍ച്ചക്ക് വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. എന്നാല്‍ അടിസ്ഥാന മാധ്യമവിഷയത്തില്‍ കാര്യമായ ചര്‍ച്ച നടക്കാറില്ല. ഒരു പക്ഷേ, പ്ലസ് ടു തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിലബസ്സില്‍ ഉള്‍പ്പെടുത്തി ആരംഭിക്കേണ്ട ഒരു പഠനവിഷയംതന്നെയാണ് മാധ്യമസാക്ഷരത എന്ന് തോന്നുന്നു.

ഭാവിയിലെ ഭരണ നയരൂപവല്‍ക്കരണത്തിന് പ്രയോജനപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഈ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്താവുന്നത്‌കൊണ്ട് ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. ഒന്ന്. മലയാള മാധ്യമങ്ങളുടെ ആദ്യകാലംതൊട്ടുള്ള ലക്കങ്ങള്‍ ഭാവിയ്ക്ക് വേണ്ടി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കുന്നതിനെ കുറിച്ചാണ് ഇത്. മാധ്യമസ്ഥാപനങ്ങള്‍ ഇത് ചെയ്‌തെന്ന് വരില്ല.  ചെയ്താല്‍തന്നെ അത് പൊതുജനങ്ങള്‍ക്കോ ഗവേഷകര്‍ക്കോ വേണ്ടി ലഭ്യമാക്കണമെന്നുമില്ല. പാശ്ചാത്യരാജ്യങ്ങളില്‍ ഏത് പഴയ പത്രവും ഇന്റര്‍നെറ്റില്‍ വായിക്കാം. ഇത്തരമൊരു രീതി മലയാളത്തിലും നടപ്പാക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കണം.

മറ്റൊന്ന്, മാധ്യമപഠനവുമായി ബന്ധപ്പെട്ടതാണ്. മാധ്യമപ്രവര്‍ത്തനം പഠിപ്പിക്കുന്നത് തീര്‍ത്തും അനിയന്ത്രിതമായ, പണമുണ്ടാക്കാന്‍ വേണ്ടിയുള്ള ഒരേര്‍പ്പാടായി മാറിയിരിക്കുന്നു. എന്തായാലും അത് ചില വ്യവസ്ഥകളും സംവിധാനങ്ങളും ഭാവിയിലും ആവശ്യമാണ്. ഒരു മീഡിയ സര്‍വകലാശാല സ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും മാധ്യമവിദ്യാഭ്യാസവും ഒരു പരിധിയോളം പൊതുസമൂഹത്തില്‍ മാധ്യമസാക്ഷരത വളര്‍ത്തലും ഈ സ്ഥാപനത്തിന് നിര്‍വഹിക്കാനാവുമെന്ന് പ്രതീക്ഷയോടെയണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്.(എ.കെ.ജി. പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം)അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി