Sunday, 27 September 2015

വിവരസ്വാതന്ത്ര്യത്തിന്റെ അന്ത്യം അടുത്തുവോ ?

മീഡിയ ബൈറ്റ്‌സ്
എന്‍.പി.ആര്‍
ഇന്ത്യയിലെപ്പോലെ അമേരിക്കയിലും വിവരാവകാശനിയമമുണ്ട്. അവിടെ അമ്പത് വര്‍ഷമായി നിയമം നിലവില്‍ വന്നിട്ട്. നമ്മുടേത് വിവരാവകാശമാണെങ്കില്‍ അവിടത്തേത് വിവരസ്വാതന്ത്ര്യനിയമം ആണ് എന്നതാണ് ഒരു വ്യത്യാസം. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ. നിയമവ്യവസ്ഥകളിലും അപ്പീല്‍ സംവിധാനത്തിലുമൊക്കെ വേറെയും വ്യത്യാസം കണ്ടേക്കും. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യം വിവരസ്വാതന്ത്ര്യനിയമം അവിടെ തകര്‍ച്ചയെ നേരിടുന്നു  എന്നതാണ്. ചോദിക്കുന്ന വിവരങ്ങള്‍ തരാതിരിക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തുക പതിവാക്കിയിരിക്കുകയാണ് ഗവണ്മെന്റും ബ്യൂറോക്രസിയും. നിയമം നിലനിര്‍ത്തണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ്. പക്ഷേ, അതൊരു പോരാട്ടമായി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നില്ല.

പുറമെ നല്ല പേരും അംഗീകാരവും ഉണ്ടെങ്കിലും പല പ്രമുഖ മാധ്യമപ്രവര്‍ത്തകരും പറയുന്നത്, മാധ്യമങ്ങള്‍ക്ക് വിവരം നിഷേധിക്കുന്നതില്‍ മുന്‍ ഭരണകൂടങ്ങളേക്കാള്‍ മോശമായ അനുഭവമാണ്  ഒബാമ ഭരണകാലത്ത് ഉണ്ടാകുന്നത് എന്നാണ്. 'ചരിത്രത്തിലെ ഏറ്റവും സുതാര്യമായ ഭരണകൂടം' എന്ന് അവകാശപ്പെടാറുള്ള ഒബാമ ഭരണത്തിലാണ് ഏറ്റവും കൂടുതല്‍ എഫ്.ഒ.ഐ.എ അപേക്ഷകള്‍ തള്ളപ്പെട്ടത് എന്ന് മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വെകളില്‍ കണ്ടെത്തിയിരുന്നു. 55 ശതമാനം വിവരസ്വാതന്ത്ര്യ ഹരജികള്‍ തീരുമാനമാകാതെ അനന്തമായി നീണ്ടുപോകുകയാണ്്. വിവരസ്വാതന്ത്ര്യ നിയമത്തില്‍ ചില നല്ല ഭേദഗതികള്‍ വരുത്താനുദ്ദേശിച്ചുള്ള ഒട്ടും വിവാദപരമല്ലാത്ത നിയമം പോലും ഒബാമ നിര്‍ത്തിവെപ്പിച്ചതായി ആക്ഷേപമുണ്ട്. 'ഒരു തലമുറയ്ക്കിടയില്‍ പത്രസ്വാതന്ത്ര്യത്തിനുണ്ടായ ഏറ്റവും വലിയ ശത്രു ഒബാമയാണ്' എന്ന് ന്യൂ യോര്‍ക്ക് ടൈംസ് ലേഖകന്‍ എഴുതിയപ്പോള്‍ അതിനെ പത്രാധിപര്‍ ശരിവെച്ചു. ലേഖകര്‍ എഡിറ്റോറിയലൈസ് ചെയ്യരുത് എന്നുണ്ടെങ്കിലും ഈ വിമര്‍ശനം ഞങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് പത്രാധിപര്‍ സ്ഥാപനത്തിന്റെ പബ്ലിക് എഡിറ്റര്‍ക്ക് നല്‍കിയ വിശദീകരണം.

ഇന്ത്യയില്‍നിന്ന് വ്യത്യസ്തമായി, അമേരിക്കയില്‍ ഈ നിയമം ഉപയോഗപ്പെടുത്തി വിവരം ശേഖരിക്കുന്നവരില്‍ നല്ലൊരു പങ്ക് മാധ്യമപ്രവര്‍ത്തകരാണ്. യു.എസ് നിയമത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രത്യേകമായി പരിഗണിക്കുന്നുണ്ട്. വിവരം ലഭിക്കാന്‍ അപേക്ഷിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഫീസ് അടക്കേണ്ടതില്ല. ബ്ലോഗര്‍മാര്‍ക്ക് പോലും പ്രത്യേക പരിഗണനയുണ്ട്. ഇതൊക്കെയാണെങ്കിലും നിയമം കൂടുതല്‍ കൂടുതല്‍ പ്രയോജനരഹിതമാവുന്നു എന്ന പരാതിയാണ് എല്ലാവര്‍ക്കും ഉള്ളത്. ഇതിനെതിരെ പോരാട്ടങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ ഇപ്പോള്‍ നിസ്സംഗതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് കൂടുതല്‍ ദു:ഖകരമെന്ന് പൗരസ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഉദ്യോസ്ഥന്മാരില്‍ നിന്ന് വിവരം ലഭിക്കാതിരുന്നാല്‍ സര്‍ക്കാറില്‍ അപ്പീല്‍ നല്‍കുകയും അതും നിഷേധിക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കുകയുമാണ് അമേരിക്കയില്‍ നടന്നുവരുന്ന രീതി. പരാതികള്‍ പരിശോധിക്കാന്‍ കോടതിക്കും അപേക്ഷകനും ഇടയില്‍ കമ്മീഷനുകള്‍ ഇല്ല. ഇതുകാരണം, വിവരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ കോടതിയില്‍ പോകാന്‍ നിര്‍ബന്ധിതരാണ് അപേക്ഷകര്‍. വ്യക്തികളെ സംബന്ധിച്ച്് ഇത് ഏറെക്കുറെ അസാധ്യമാണ്, കാരണം സാമ്പത്തികബാധ്യത. മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടാറുള്ളത്. രാജ്യത്ത് മിക്കവാറും വന്‍കിട പത്രങ്ങളും ഏതെങ്കിലും വിവരം നിഷേധിച്ചതിനെതിലെ കോടതി കയറിയിട്ടുണ്ട്. പക്ഷേ, ഇക്കാര്യം അന്വേഷിച്ച ഒരു സ്ഥാപനം കണ്ടെത്തിയത് ന്യൂയോര്‍ക്ക് ടൈംസ് ഒഴികെ മറ്റൊരു പത്രവും വിവരം നിഷേധിച്ചതിന് എതിരെ 2014 ല്‍ ഒരു കേസ് പോലും ഫയല്‍ ചെയ്തിട്ടില്ല എന്നാണ്. അച്ചടി മാധ്യമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയുമായി ഈ പ്രവണതയ്ക്ക് ബന്ധമുണ്ട് എന്നാണ് കരുതപ്പെടുന്നത്.

ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യം, നവമാധ്യമങ്ങള്‍ മുന്‍കാലത്തെ അപേക്ഷിച്ച് വിവരസ്വാതന്ത്ര്യനിയമത്തെ ശക്തമായി നിലനിര്‍ത്തുന്നതിന് വേണ്ടി പണവും സമയവും ചെലവഴിക്കുന്നു എന്നതാണ്. വെന്‍ചര്‍ മൂലധനം സമൃദ്ധമായുള്ള പല ഓണ്‍ലൈന്‍ മീഡിയ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ആവേശപൂര്‍വം രംഗത്തുവരുന്നുണ്ട് എന്നതാണ് അല്പം ആശ്വാസം നല്‍കുന്നത്.

എ.ജെ.ആറിന്റെ അന്ത്യം

വിവരസ്വാതന്ത്ര്യനിയമം തകര്‍ച്ചയിലേക്ക് നീങ്ങുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്ര കണ്ട് വേദനാജനകമാണോ അതിലേറെ വേദനാജനകമാണ് അമേരിക്കന്‍ ജേണലിസം റെവ്യൂ(എ.ജെ.ആര്‍) വിന്റെ അന്ത്യം. അമേരിക്കയിലെ ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമ വിമര്‍ശന സ്ഥാപനമായിരുന്നു എ.ജെ.ആര്‍. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെയും റിപ്പോര്‍ട്ട് ചെയ്യാത്തതിലെയും വീഴ്ചകള്‍ ആഴത്തില്‍ പഠിച്ച് ദീര്‍ഘറിപ്പോര്‍ട്ടുകളായി പ്രസിദ്ധപ്പെടുത്തിപ്പോന്നിട്ടുണ്ട് എ.ജെ.ആര്‍. പല തെറ്റുകളും അവര്‍ തുറന്നുകാട്ടി. എന്തെങ്കിലും രാഷ്ട്രീയമോ മറ്റോ ആയ അജന്‍ഡകള്‍ ഇല്ലാത്ത തീര്‍ത്തും പ്രൊഫഷനല്‍ ആയ സമീപനം ആയിരുന്നു എ.ജെ.ആറിന്റേത്.

അപ്പോഴപ്പോള്‍ തോന്നുന്നത് വിളിച്ചുപറയുക ചെലവൊന്നുമില്ലാത്ത ഏര്‍പ്പാടാണ്. അതാര്‍ക്കും ചെയ്യാം. പക്ഷേ, ആഴത്തിലുള്ള പഠനം നടത്തി ഗൗരവപൂര്‍ണമായ വിമര്‍ശനം നടത്താന്‍ പണച്ചെലവുണ്ട്. മുപ്പത്തെട്ട് വര്‍ഷമായി പൊതുസഹായത്തോടെ പ്രവര്‍ത്തിച്ചുവന്ന ഈ സ്വതന്ത്രസ്ഥാപനം സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഒരു ചലനാത്മക സ്വതന്ത്ര ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായി എ.ജെ.ആറിനെ നിലനിര്‍ത്താന്‍ കഴിയാതെ വന്നിരിക്കുന്നു എന്ന് സ്ഥാപനം നടത്തിപ്പോന്ന ഫിലിപ്പ്് മെറില്‍ കോളേജ് ഓഫ് ജേണലിസം ഡീന്‍ അറിയിച്ചു. പക്ഷേ, ആര്‍ക്കൈവ്‌സും വെബ്‌സൈറ്റും നിലനിര്‍ത്തും( ajr.org)

 1977 ല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി റോജര്‍ ക്രാന്‍സ് തുടങ്ങിവെച്ചതാണ് എ.ജെ.ആര്‍. 1979 ല്‍ അംബാസ്സഡര്‍ ഹെന്റി കാറ്റോ വിലയ്ക്ക് വാങ്ങി. പലരിലൂടെ കൈമാറി 2011 ലാണ് വെബ്‌സൈറ്റും മാഗസീനും ഫിലിപ് മെറില്‍ കോളേജ് ഓഫ് ജേണലിസത്തില്‍ എത്തിയത്. വിദ്യാര്‍ത്ഥികളുടെ കൂടി സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും നിരവധി മുഴുവന്‍ സമയ ജേണലിസ്റ്റുകള്‍ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഓണ്‍ലൈന്‍ പരസ്യങ്ങള്‍ തടയുന്നു

അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. പാശ്ചാത്യലോകത്തെങ്കിലും അത് യാഥാര്‍ത്ഥ്യമാണ്. ഭാവി ഇന്റര്‍നെറ്റ് മാധ്യമങ്ങളുടേതാണ് എന്നും എല്ലാവരും പ്രതീക്ഷയോടെ പറയുന്നു. പക്ഷേ, എന്താണ് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ബിസിനസ് മോഡല്‍ ? എന്താണ് വരുമാനമാര്‍ഗം ? പരസ്യം മാത്രം. ഇപ്പോഴിതാ അതിന്റെ കഴുത്തിലും കുരുക്ക് വീണുകൊണ്ടിരിക്കുന്നു.

പരസ്യങ്ങള്‍ തടയുന്ന സോഫ്റ്റ്‌വേറുകള്‍ക്ക് പ്രചാരമേറുന്നു. നിങ്ങള്‍ ഒരു പത്രത്തിന്റെ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ പരസ്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിന് ആ സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതി. ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വേര്‍ ആണ്. സൗജന്യമായി ലഭിക്കും.

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ഒട്ടും ഫലപ്രദമായിട്ടില്ല. നിയമപരമായി നേരിടാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. ജര്‍മന്‍ കോടതിയില്‍ വന്ന ഒരു കേസ്സിലെ വിധി 'പരസ്യഘാതകര്‍'ക്ക് അനുകൂലമായിരുന്നു. പരസ്യം കാണണമോ വേണ്ടയോ എന്നത് വായനക്കാരന്റെ അവകാശമാണ് എന്നായിരുന്നു വിധി. 18നും 29നും മധ്യേ പ്രായമുള്ള വായനക്കാരില്‍ 41 ശതമാനം പേര്‍ ഇങ്ങനെ പരസ്യങ്ങള്‍ ഇല്ലാത്ത വാര്‍ത്താ പേജുകളാണ് കാണുന്നത് എന്ന് ഒരു സര്‍വ്വെ വെളിപ്പെടുത്തുന്നു

അച്ചടി മാധ്യമങ്ങളിലുള്ളതിനേക്കാള്‍ വായനക്കാരനെ ചൊടിപ്പിക്കുന്ന തരം പരസ്യങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വരുന്നത് എന്നതാണ് തടയല്‍സോഫറ്റ്‌വേര്‍ പ്രിയങ്കരമാകാന്‍ കാരണം. പക്ഷേ, ഇതില്‍നിന്ന് മാധ്യമക്കാരോ പരസ്യക്കാരോ പാഠം പഠിക്കാനുള്ള സാധ്യതയൊന്നും കാണുന്നില്ല.
(Media Magazine Sept 2015)

ഉലകംചുറ്റും വാലിബന്മാര്‍


ആദ്യവര്‍ഷം അഞ്ച് ഭൂഖണ്ഡങ്ങളിലെ പതിനെട്ട് രാജ്യങ്ങളില്‍ 54 ദിവസം സഞ്ചരിച്ചു എന്നാണ് കണക്ക്. ആഴ്ചയില്‍ ഒരു ദിവസം എന്നും പറയാം. അത് വളരെ കൂടുതലാണോ സുഹൃത്തേ?
പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്‌ക്കൊക്കെ ഇന്ത്യയിലും വരാറുണ്ട് എന്നുവേണം കരുതാന്‍. മാധ്യമങ്ങളിലെ കവറേജ് കണ്ടാല്‍ തോന്നുക അദ്ദേഹം സദാസമയം വിദേശപര്യടനത്തിലാണ് എന്നാണ്. യാത്രകളെല്ലാം ബഡാ ആഘോഷങ്ങളാണ്. ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങളില്ലാത്തതുകൊണ്ട്  സത്കാരങ്ങള്‍ക്കൊന്നും പഞ്ഞമില്ല. ഓരോ യാത്രയും വലിയ ന്യൂസ് ഇവന്റുകളാക്കുന്ന വിദ്യ മോദിക്കറിയാം. ചിലപ്പോഴത് പേര് ആയിരംവട്ടം എഴുതിയ കോട്ടിട്ടിട്ടാവും ചിലപ്പോള്‍ ദേശീയപതാകയില്‍ ഒപ്പിട്ടാവും. മുമ്പത്തെ പ്രധാനമന്ത്രിമാരൊക്കെ മാധ്യമക്കാരെയും കൂട്ടിയാണ് വിമാനം കേറാറുള്ളത്. ഇപ്പോള്‍ പത്രക്കാരില്ലാതെത്തന്നെ ഇതാണ് അവസ്ഥ. പത്രക്കാര്‍ കൂടെ ഉണ്ടായാലത്തെ അവസ്ഥ ആലോചിക്കാന്‍ വയ്യ. 
ആദ്യവര്‍ഷം അഞ്ച് ഭൂഖണ്ഡങ്ങളിലെ പതിനെട്ട് രാജ്യങ്ങളില്‍ 54 ദിവസം സഞ്ചരിച്ചു എന്നാണ് കണക്ക്. ആഴ്ചയില്‍ ഒരു ദിവസം എന്നും പറയാം. അത് വളരെ കൂടുതലാണോ സുഹൃത്തേ? ഈ 54ല്‍ എത്രനാള്‍ ഔദ്യോഗികാവശ്യത്തിന് ചെലവാക്കി, എത്രനാള്‍ ചെണ്ടകൊട്ടിയും വിരുന്നുണ്ടും നാട്ടുകാരോട് പ്രസംഗിച്ചും നടന്നു എന്നൊന്നും രേഖകളില്‍ കാണില്ല. വര്‍ഷമൊന്ന് കഴിഞ്ഞിട്ടും ഓട്ടം ഫുള്‍ സ്പീഡില്‍ത്തന്നെയാണ്. വരുന്ന നവംബറിലെ കണക്കുനോക്കിയാല്‍ ഞെട്ടും. തുര്‍ക്കി, ഇംഗഌ്, ഇസ്രായേല്‍, പലസ്തീന്‍, മലേഷ്യ, സിംഗപ്പൂര്‍ യാത്രകള്‍ ഡയറിയില്‍ എഴുതിക്കഴിഞ്ഞു. വേറെ വല്ലതും ഇടയില്‍ കേറിവരുമോ എന്നറിയില്ല.
ഒന്നാംവര്‍ഷം 18 രാജ്യങ്ങളിലേ പോകാന്‍ കഴിഞ്ഞുള്ളൂ. അടുത്ത നാലുവര്‍ഷം ഇതേ സ്പീഡില്‍ വിട്ടാലും ലോകത്തിന്റെ മൂന്നിലൊന്നേ കവര്‍ചെയ്യാന്‍ പറ്റൂ. രാജ്യങ്ങളും അവയുടെ ആശ്രിതഭൂപ്രദേശങ്ങളും ചേര്‍ന്നാല്‍ ഇരുന്നൂറ്റമ്പതോളം വരുമത്രെ. നമ്മുടെ ഒരു ജില്ലാസമ്മേളന സമാപനറാലിയില്‍ ഉള്ളത്രയേ വരൂ ചില രാജ്യങ്ങളുടെ ജനസംഖ്യ. പലാവു, ടുവാലു, നൗറു, ടൊകഌവു, കിരിബാടി എന്നും മറ്റും വിചിത്രപേരുകളുള്ള രാജ്യങ്ങളുണ്ട്. അങ്ങോട്ടൊന്നും പോകേണ്ടെന്നുവെക്കാം. പക്ഷേ, ഈയിടെയായി മോദിജി പോകേണ്ട രാജ്യങ്ങളുടെ പേര് തീരുമാനിക്കുമ്പോള്‍ ഇതുവരെ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ തീരേ പോയിട്ടില്ലാത്ത രാജ്യങ്ങള്‍ക്ക് പ്രയോറിറ്റി കൊടുക്കുന്നതായി കാണുന്നുണ്ട്. അങ്ങനെവരുമ്പോള്‍ മേലെ പറഞ്ഞ നാനോ രാജ്യങ്ങളിലും പോകേണ്ടിവരും. പതിനെട്ട് വിദേശരാജ്യങ്ങളില്‍പ്പോയ അതേ കാലയളവില്‍ മോദിജി പതിനേഴ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേ സഞ്ചരിച്ചുള്ളൂ എന്നൊരു കണക്കും ചിലര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതൊരു മാന്യമായ വിമര്‍ശനമാണോ കൂട്ടരേ?
തന്റെ തീവ്രയജ്ഞ ഉലകംചുറ്റല്‍ ഇഷ്ടപ്പെടാത്ത അസൂയാലുക്കള്‍ പല കുശുമ്പുകള്‍ പ്രചരിപ്പിക്കുന്നകാര്യം മോദിജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം അതിന് മറുപടിയും പറഞ്ഞു. കൂടുതല്‍ സഞ്ചരിക്കുന്നു എന്നതിന്റെ അര്‍ഥം കൂടുതല്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. കൂടുതല്‍ പ്രവര്‍ത്തിക്കുന്നതാണോ തന്റെ കുറ്റം?  മോദിജിയുടെ ചോദ്യത്തിന് മറുപടിപറയാന്‍ ലേശം ബുദ്ധിമുട്ടുണ്ട്. മോദിജി വിദേശത്ത് യാത്രചെയ്ത അത്രതന്നെ ദിവസം യു.പി.എ. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും ആദ്യവര്‍ഷം വിദേശത്ത് യാത്രചെയ്തിട്ടുണ്ട് എന്നായിരുന്നല്ലോ കോണ്‍ഗ്രസ് വിമര്‍ശനത്തിന് മോദി പി.ആര്‍.ഒ.മാര്‍ നല്‍കിയ മറുപടി. മോദിയോളം പ്രവര്‍ത്തിച്ചിട്ടുണ്ട് മന്‍മോഹന്‍ സിങ്ങും എന്നാണോ അതിന് അര്‍ഥം? ചോദിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കും പറ്റില്ല, മറുപടിപറയാന്‍ ബി.ജെ.പി.ക്കാര്‍ക്കും പറ്റില്ല. 
മന്‍മോഹന്‍സിങ് തന്റെ ആദ്യത്തെ വര്‍ഷം 30 ദിവസമാണ് വിദേശയാത്ര ചെയ്തത്. മോദി 54 ദിവസവും. മന്‍മോഹന്‍സിങ് മോദിയല്ല. മുഖ്യമന്ത്രിയായശേഷം ആദ്യമായി വിദേശത്തുപോയ ആളല്ല മന്‍മോഹന്‍ജി. 24ാം വയസ്സില്‍ കേംബ്രിജ് കോളേജില്‍ പഠിക്കുമ്പോള്‍ത്തന്നെ തുടങ്ങിയതാണ് യാത്ര. പ്രധാനമന്ത്രിയായശേഷം യാത്ര കുറഞ്ഞിരിക്കാനാണ് സാധ്യത. പാവം മോദിജിക്ക് അതിനൊന്നും ഭാഗ്യമുണ്ടായിട്ടില്ലല്ലോ. ഇനിയിപ്പോള്‍ കുറച്ചേറെ വിദേശത്ത് കറങ്ങിയെങ്കില്‍ പോട്ടെ, ഓരോ ആഗ്രഹമല്ലേ എന്ന് വിചാരിച്ചുകൂടേ പ്രതിപക്ഷക്കാര്‍ക്ക്?
രാജ്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് വിദേശത്തോ പാര്‍ലമെന്റിലോ എന്ന് ചോദിക്കരുത്. മോദിജിയുടെ വിദേശസാന്നിധ്യം കൂടുന്ന അനുപാതത്തില്‍ പാര്‍ലമെന്റിലെ സാന്നിധ്യം കുറയുകയാണ് എന്നൊരു ആക്ഷേപവും ഉണ്ട്. മന്ത്രിമാര്‍ സഭയില്‍ വരുന്നതിന് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടേണ്ട. പക്ഷേ, പ്രധാനമന്ത്രി വരുന്നില്ലെങ്കില്‍ അംഗങ്ങള്‍ ശ്രദ്ധിക്കും. മോദിജി സഭയില്‍ വരുന്നില്ലെന്നേയുള്ളൂ, സഭയില്‍ നടക്കുന്നതെല്ലാം ടെലിവിഷനില്‍ കാണുന്നുണ്ടത്രെ. അതാണ് സൗകര്യം. ആരെങ്കിലും അതുമിതും ചോദിക്കുന്നതിനൊന്നും സമാധാനം പറയേണ്ട. നമുക്ക് വല്ലതും പറയണമെങ്കില്‍ മാത്രം അങ്ങോട്ടുപോയാല്‍ മതി. വെറുതെ ടൈം വേസ്റ്റാക്കേണ്ടല്ലോ. ടെലിവിഷനില്‍ കാണാനും കേള്‍ക്കാനുമുള്ളതേ നടക്കുന്നുള്ളൂ പാര്‍ലമെന്റില്‍. അതുപോലെയാണോ വിദേശം?
                                                                     
                       ****
കോണ്‍ഗ്രസ്സുകാര്‍ ഈയിടെയായി മോദിജിയുടെ വിദേശയാത്രകളെക്കുറിച്ച് അധികം മിണ്ടാറില്ല. എങ്ങനെ മിണ്ടും? നമ്മുടെ പുത്രന്‍ വര്‍ഷത്തിലെത്ര ദിവസമാണ് വിദേശത്ത് എന്ന് ചോദിച്ചാല്‍ പാര്‍ട്ടി വക്താക്കള്‍ തലതിരിച്ചുകളയും. എണ്ണം കൂടിയിട്ടല്ല, എണ്ണം അറിയാഞ്ഞിട്ടാണ് തലതിരിക്കുന്നത്. മോദിജി വിദേശത്ത് പോയാല്‍ എല്ലാവരും അറിയും എവിടെയാണ് പോയത്, എന്തിനാണ് പോയത്, എപ്പോഴാണ് പോയത്, എപ്പോഴാണ് വരുന്നത് എന്നൊക്കെ. നമ്മുടെ നേതാവിന്റെ കാര്യം അതല്ല. ഇപ്പോള്‍ ഇന്ത്യയിലാണോ വിദേശത്താണോ ഉള്ളത് എന്ന് ചോദിച്ചാല്‍ മറുപടിപറയാന്‍ പറ്റില്ല. ഇന്ത്യയിലില്ലെങ്കില്‍ എവിടെയാണ് ഉള്ളത് എന്ന് പറയാന്‍ പറ്റില്ല. പോയിട്ടുണ്ടെങ്കില്‍ എപ്പോള്‍ വരും എന്ന് പറയാന്‍ പറ്റില്ല. ഇപ്പോ രാത്രിയോ പകലോ എന്ന് ചോദിച്ചാല്‍ അറിയില്ല. കൂടുതല്‍ സംസാരിക്കുന്നവരെയല്ല, കൂടുതല്‍ മൗനം പാലിക്കുന്നവരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വക്താക്കളായി നിയമിക്കുന്നത്.
മോദിജി ഭരണം തുടങ്ങിയ ഘട്ടത്തില്‍ 'ചെറുബാല്യക്കാരന്‍' ഒരു പോക്കുപോയതിന്റെ പൊടിപടലങ്ങള്‍ അടങ്ങിവരുന്നേ ഉണ്ടായിരുന്നുള്ളൂ. ഊര്‍ജം സംഭരിക്കാന്‍ ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് പോയി എന്നായിരുന്നു വിശദീകരണം. സത്യം പറയണമല്ലോ, ഊര്‍ജം അല്പം കൂടുതലുണ്ടായിരുന്നു തിരിച്ചുവന്നപ്പോള്‍. ആറേഴുമാസംകൊണ്ട് അതിന്റെ വീര്യം പോയോ, ഒരു ഡോസ് കൂടി അടിക്കാനാണോ പോയത് എന്നൊന്നും അറിയില്ല. 
രാഹുല്‍ജി പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ലോകരാജ്യങ്ങള്‍ക്ക് പാടാവുമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണാനില്ല എന്നും പറഞ്ഞ് ലോകരാജ്യങ്ങളെല്ലാം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് തിരച്ചില്‍ സംഘങ്ങളെ അയയ്‌ക്കേണ്ടിവന്നാല്‍ ആകെ പൊല്ലാപ്പാവില്ലേ?  ഇതിനൊക്കെ എന്തെങ്കിലും പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയേ പറ്റൂ. കോളറിന് പിടിപ്പിക്കാവുന്ന എന്തെങ്കിലും ഡിജിറ്റല്‍ കുന്ത്രാണ്ടം. ആളെവിടെ ഉണ്ട് എന്നറിഞ്ഞാല്‍ ഇന്ത്യയിലുള്ളവര്‍ക്ക് സമാധാനമായി ഉറങ്ങാമല്ലോ. 
എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ഒരുപാട് ഉള്ളതുകൊണ്ടാവണം രാഹുല്‍ജിയുടെ ലോക്‌സഭയിലെ ഹാജര്‍നിലയും വളരെ മോശമാണ്. സ്‌കൂളിലോ കോളേജിലോ ആണെങ്കില്‍ പരീക്ഷയെഴുതാന്‍ പറ്റില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. 
                                                                                  ****
വൈസ് ചാന്‍സലര്‍മാരുടെ യോഗ്യത യു.ജി.സി. നിശ്ചയിച്ചിട്ടുണ്ടത്രെ. അത് ഇന്ത്യയൊട്ടാകെ ബാധകമാണത്രെ. അതുകൊണ്ട് നമ്മളും അത് പാലിക്കണമത്രെ. എന്തൊരു അക്രമമാണിത്!
ജനാധിപത്യം അതിന്റെ മൂര്‍ധന്യത്തിലെത്തുമ്പോള്‍ നിയമം, ചട്ടം, വ്യവസ്ഥ, യോഗ്യത തുടങ്ങിയ എല്ലാ തടസ്സങ്ങളും ഒന്നൊന്നായി ഇല്ലാതാക്കണം. അധികാരത്തിലുള്ള പാര്‍ട്ടിക്ക് ഏറ്റവും യോഗ്യനായിത്തോന്നുന്നതുതന്നെ ഏറ്റവും വലിയ യോഗ്യത. 
ചില അയല്‍സംസ്ഥാനങ്ങളില്‍ യോഗ്യരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് ലേലം സമ്പ്രദായത്തിലൂടെയാണത്രെ നിയമനം. അഞ്ചോ പത്തോ കോടി കൊടുത്താല്‍ വി.സി.യാകാം. കേരളം ഇപ്പോഴും അത്ര പുരോഗമിച്ചുവോ... എന്തോ. അതും പരീക്ഷിക്കാവുന്നതാണ്.
ിുൃശിറൃമി@ഴാമശഹ.രീാ 


Friday, 25 September 2015

പച്ചക്കുതിര മാസിക അഭിമുഖം

പച്ചക്കുതിര മാസിക പ്രതിനിധി ജീവന്‍ ജോബ് തോമസ് ഞാനുമായി നടത്തിയ അഭിമുഖം ആഗസ്ത് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത് വായിക്കാന്‍ ചുവടെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക


https://play.google.com/books/reader?printsec=frontcover&output=reader&id=N_kEBgAAAEAJ&pg=GBS.PA0https://play.google.com/books/reader?printsec=frontcover&output=reader&id=N_kEBgAAAEAJ&pg=GBS.PA0

Sunday, 20 September 2015

മൂന്നാറിൽ മതി മുല്ലപ്പൂടുണീഷ്യക്കാര്‍ സമരത്തെ 'ആത്മാഭിമാന വിപ്ലവം' എന്നാണ് വിളിച്ചിരുന്നതത്രെ. അതാണ് സംഭവം, ആത്മാഭിമാനം. മൂന്നാറിലും വിരിഞ്ഞത് മുല്ലപ്പൂവല്ല, ആത്മാഭിമാനമാണ്. മുല്ലപ്പൂവും മൂന്നാറുകാരുടെ വിശേഷണമല്ല, അക്ഷരം പഠിച്ച മലയാളി കേരളീയരുടെ സൃഷ്ടിയാണ്. 

മൂന്നാറിലെ 'വിപ്ലവ'ത്തെ ചില പുരുഷന്മാര്‍ മുല്ലപ്പൂവിപ്ലവം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മൂന്നാര്‍ സ്ത്രീകള്‍ അത് കേട്ടിരിക്കില്ല. കേള്‍ക്കാതിരിക്കട്ടെ. അവിടെ മുല്ലപ്പൂ ചൂടി നടക്കുകയല്ലേ മങ്കമാര്‍!  എസ്‌റ്റേറ്റില്‍ നേരം പുലരും മുതല്‍ സൂര്യനസ്തമിക്കും വരെ മഴയും വെയിലും തടുക്കാന്‍ തലയില്‍ തുണിയിട്ട് പണിക്ക് പോകുന്നവരല്ലേ മുല്ലപ്പൂ ചൂടുന്നത് ! ചുമ്മാ കളിയാക്കാതെ...
 
ഓര്‍ക്കാപ്പുറത്ത്, ഇടിത്തീപോലെ വന്നുവീഴുന്ന സംഭവങ്ങള്‍ക്ക് തീയും പുകയും മുഴക്കവും ഉള്ള വേറെ വല്ല പേരും ഇട്ടുകൂടേ ഈ ബുദ്ധിജീവികള്‍ക്ക്? ചോദ്യം ബുദ്ധിജീവികള്‍ക്ക് പിടിക്കില്ല. ടുണീഷ്യയിലെ വിപ്ലവത്തിന്റെ പേര് അതായിരുന്നില്ലേ എന്നവര്‍ ചോദിച്ചേക്കും. ഓര്‍ക്കാപ്പുറത്തല്ലേ അത് പൊട്ടിവീണ് രാജ്യത്തെ വിറപ്പിച്ച്, പ്രസിഡന്റ് സൈനുല്‍ ആബിദീ ബിന്‍ അലിയെ വിദേശത്തേക്ക് പലായനം ചെയ്യിച്ചത് ?  അതേയതേ... പക്ഷേ, ടുണീഷ്യക്കാരുടെ സ്ഥിതി ഏതാണ്ട് മൂന്നാറുകാരുടെ സ്ഥിതി തന്നെയായിരുന്നു. മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ടതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. അത് വിദേശപത്രക്കാരുടെ സൃഷ്ടിയായിരുന്നു. ടുണീഷ്യക്കാര്‍ സമരത്തെ 'ആത്മാഭിമാന വിപ്ലവം' എന്നാണ് വിളിച്ചിരുന്നതത്രെ. അതാണ് സംഭവം, ആത്മാഭിമാനം. മൂന്നാറിലും വിരിഞ്ഞത് മുല്ലപ്പൂവല്ല, ആത്മാഭിമാനമാണ്. മുല്ലപ്പൂവും മൂന്നാറുകാരുടെ വിശേഷണമല്ല, അക്ഷരം പഠിച്ച മലയാളി കേരളീയരുടെ സൃഷ്ടിയാണ്. 
 
അതവിടെ നില്‍ക്കട്ടെ. രാഷ്ട്രീയക്കാര്‍ക്ക് ഒരു ഗുണമുണ്ട്. നാളെ എന്താണ് നടക്കുക എന്നറിയില്ലെങ്കിലും ഇന്ന് നടക്കുന്നതിന്റെ ആദ്യഫ്‌ളാഷ് കാണുമ്പോള്‍ത്തന്നെ എന്താണ് നടക്കാന്‍ പോകുന്നത് എന്നവര്‍ക്ക് പിടികിട്ടും. ഉടനെ ചാനലില്‍ക്കേറി അതിനെക്കുറിച്ച് അരമണിക്കൂര്‍ പ്രഭാഷണം നടത്താനും കഴിയും. മൂന്നാറില്‍ ആദ്യവെടി പൊട്ടിയപ്പോള്‍ അവരില്‍ ബഹുഭൂരിപക്ഷത്തിനും സംഗതി പിടികിട്ടിയില്ല. പക്ഷേ, കിട്ടിയ ആദ്യ സ്‌റ്റേറ്റ് ബസ്സിനോ ടാക്‌സി പിടിച്ചെങ്കിലുമോ മല കയറിച്ചെല്ലണമെന്ന് അവര്‍ക്ക് ബോധ്യമായി. ഇല്ലെങ്കില്‍ കളി തോല്‍ക്കും ഉറപ്പ്. പാഞ്ഞ് ചെന്ന് കൂടെയിരുന്ന് നാല് മുദ്രാവാക്യം ഉറക്കെ വിളിച്ചുകൊടുത്താല്‍ ഏത് പെണ്ണുങ്ങളാണ് ഏറ്റുവിളിക്കാതിരിക്കുക? അവര്‍ക്കുണ്ടോ അതിലൊക്കെ നമ്മളോളം എക്‌സ്പീരിയന്‍സ്?  അവരുടെ തൊണ്ടയ്ക്കുണ്ടോ നമ്മുടെ തൊണ്ടയോളം വോള്യം? പക്ഷേ, ആ ഭീകരികള്‍ കഷ്ടപ്പെട്ട് പാഞ്ഞുചെന്ന് നേതാക്കളെ ആണ്‍പെണ്‍ ഭേദമില്ലാതെ ഓടിച്ചുവിട്ടു. അത്രയും കരുതിയിരുന്നില്ല. പാര്‍ട്ടിയിലെ മറ്റ് വനിതകളെ പരമാവധി അങ്കത്തട്ടിലേക്ക് പറഞ്ഞുവിട്ടത് തീര്‍ത്തും നിഷ്ഫലമായി എന്ന് പറഞ്ഞുകൂടാ. കുറച്ചെല്ലാം ഫലിച്ചു. എന്തായാലും ഏഴെട്ടുദിവസം കൊണ്ട് എല്ലാവരും ഒരു വിധം ഒതുങ്ങി, അല്ലെങ്കില്‍ ഒതുക്കി. നേതാക്കളും ക്യാമറക്കാരും എല്ലാം മൂന്നാറില്‍നിന്ന് വണ്ടിവിട്ടുകഴിഞ്ഞു. ഇനി, പെണ്ണുങ്ങളായി, അവരുടെ പാടായി. 
1 ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ചില്ലറ വേവലാതി ഇല്ലാതില്ല. മൂന്നാര്‍ സ്ത്രീകളുടെ വഴി പിന്തുടര്‍ന്ന് നാളെ യൂണിയനുകളില്‍ മുല്ലപ്പൂവിന്റെ നാറ്റം പടര്‍ന്നാലോ? നമ്മുടെ പണി പോയില്ലേ?  തെറ്റുപറ്റിയെങ്കില്‍ പരിശോധിക്കും വീഴ്ചകള്‍ തിരുത്തും പുനര്‍വിചിന്തനം നടത്തും കാശിക്ക് പോകും തപസ്സിരിക്കും എന്നും മറ്റും അവര്‍ പ്രസ്താവനകള്‍ നടത്തുന്നതിന്റെ അടിസ്ഥാനം ഇതാണ്. ഏറിയും കുറഞ്ഞും മൂന്നാര്‍ കേരളത്തിലെങ്ങുമുണ്ട്. ട്രേഡ് യൂണിയന്‍ മുതലാളിത്തം എന്നിതിന് പണ്ടേ പേര് വിളിച്ചവരുണ്ട്. ഇതിനെതിരെ നാളെ കേരളത്തിലെ തൊഴിലാളിവര്‍ഗം ഒന്നടങ്കം രംഗത്തിറങ്ങിയാല്‍ നമ്മുടെ കഞ്ഞികുടി, ബി.പി.എല്‍. റേഷന്‍, ടാക്‌സി കാറില്‍ സഞ്ചാരം, എ.സി. റൂമില്‍ താമസം എന്നിവ മുട്ടിപ്പോവില്ലേ? അതിന് എന്താണ് മറുമരുന്ന്?
 
ആശങ്കയിലൊന്നും അടിസ്ഥാനമില്ല. മുല്ലപ്പൂ നടന്നത് മൂന്നാര്‍ സ്ത്രീ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാക്ഷരത, രാഷ്ട്രീയബോധം, ഉദ്ബുദ്ധത തുടങ്ങിയ അസുഖങ്ങള്‍ ഒന്നും നമ്മുടെ അത്ര ഇല്ലാതിരുന്നതുകൊണ്ടാണ്. അവര്‍ക്ക് നേരം പോക്കാന്‍ ഫെയ്‌സ് ബുക്കും കാണില്ല. എത്രപേര്‍ക്ക് സീരിയലിന്റെ അസുഖമുണ്ട് എന്നറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ നമ്മുടെ നാലയലത്ത് വരില്ല. ടുണീഷ്യയേക്കാള്‍ പിന്നില്‍ നില്‍ക്കുന്നതുകൊണ്ടുള്ള ഗുണങ്ങളാണ് ഇതെല്ലാം. സാമൂഹ്യമാധ്യമമില്ലാത്തിടത്ത് മറ്റേ മാധ്യമം ഉണ്ടാവേണ്ടതാണ്. അതുണ്ടായാലും ഭാഷ തമിഴായതുകൊണ്ട് നമ്മുടെയത്ര പുരോഗമിച്ചുകാണില്ല. 
 
ധൈര്യം പകരുന്ന വേറെയും വസ്തുതകളുണ്ട്. വനിതകള്‍ക്ക് ഈ വിധം പട്ടണം ൈകയടക്കാന്‍ കഴിയുന്നത്ര അംഗബലം നല്‍കുന്ന യൂണിയനോ തൊഴില്‍ശാലയോ കേരളത്തില്‍ മറ്റെങ്ങും ഇല്ലെന്നത് ചില്ലറ സമാധാനമൊന്നുമല്ല. സ്ത്രീകള്‍ അധികം ജോലിചെയ്യുന്ന തുണിക്കട, അംഗീകാരമില്ലാത്ത സ്വകാര്യവിദ്യാലയങ്ങള്‍, സ്വകാര്യആസ്പത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ  അടുത്തൊന്നും പോയി യൂണിയന്‍ പ്രവര്‍ത്തനം നടത്തരുതെന്ന് തീരുമാനിച്ചത് ഇതെല്ലാം മുന്‍കൂട്ടിക്കണ്ടല്ലേ ? എന്നിട്ടും ചില്ലറ സമരം ചിലേടത്തെല്ലാം നടത്തിനോക്കിയതാണ് പെണ്ണുങ്ങള്‍. ഭാവിയില്‍ ഇങ്ങനെയൊരു ഐഡിയ അവരുടെ 
തലയില്‍ കിളിര്‍ക്കാതിരിക്കാന്‍ വേണ്ട അനുഭവം അവിടങ്ങളില്‍ ഉണ്ടായതുകൊണ്ട് പേടിക്കാനില്ല. എല്ലാറ്റിനുമപ്പുറം വേറൊന്നുകൂടി ഓര്‍ക്കണം. മൂന്നാര്‍ ചായത്തോട്ടം പോലെയല്ല കേരളത്തിലെ മറ്റ് തൊഴിലിടങ്ങള്‍. അവയ്‌ക്കൊന്നും മൂന്നാര്‍ പോലുള്ള 'ന്യൂസ് വാല്യു' ഇല്ല. ആരുപോകും അവിടെ ലൈവ് കവറേജും രാവും പകലും ചര്‍ച്ചയുമൊക്കെ നടത്താന്‍ ! മനുഷ്യര്‍ക്ക് വേറെ പണിയില്ലേ? അവര്‍ കൂട്ട ആത്മഹത്യയോ മറ്റോ നടത്തട്ടെ, അപ്പോള്‍ നോക്കാം.  അതുകൊണ്ട് നേതാക്കളേ നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോവുക. 
ഇനി ചില സ്ഥാപനങ്ങളിലെ യൂണിയന്‍ കൈവെടിഞ്ഞാല്‍ത്തന്നെ എന്തിന് ഭയപ്പെടണം. നേതാക്കള്‍ക്ക് മിനിമം ഒന്ന് ഒന്നര ഡസന്‍ വീതം യൂണിയനുകളുടെ ഭാരവാഹിത്വമില്ലേ? പോകുന്നവര്‍ പോകട്ടെ. നേതാക്കളേ, നിങ്ങള്‍ സമാധാനമായി ഉറങ്ങുക. നിങ്ങളില്ലാതെ ഞങ്ങള്‍ക്ക് കഴിഞ്ഞുകൂടാന്‍ കഴിയില്ല. ഇന്‍ക്വിലാബ് സിന്ദാബാദ്. 

                                                         ****

ജനഹിതം അനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും വിവാദം ഉണ്ടാക്കുന്ന നടപടിയൊന്നും സര്‍ക്കാര്‍ എടുക്കാന്‍ പാടില്ല എന്നുമൊക്കെ സംസ്ഥാനം ഭരിക്കുന്നവരും ഭരിക്കുന്നവരെ ഭരിക്കുന്നവരുമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആകെയൊരു കണ്‍ഫ്യൂഷന്‍.
 ജനഹിതം അനുസരിക്കലാണോ ഉദ്യോഗസ്ഥരുടെ പണി? ആരാണ് ജനം? ജനഹിതത്തിന് രണ്ട് പക്ഷമുണ്ടെങ്കില്‍ എന്തുചെയ്യും? ഏതു പക്ഷത്തെ ഹിതത്തിനാണ് ബലം കൂടുതലെന്ന് കണ്ടെത്താന്‍ എന്തുണ്ട് ഉപകരണം? ജനഹിതം നിയമവിരുദ്ധമായ കാര്യത്തിനൊപ്പമാണെങ്കില്‍ എന്തുചെയ്യും? ജനഹിതവും ജനതാത്പര്യവും ഒന്നാണോ?  
വിവാദം ഉണ്ടാകാത്ത തീരുമാനങ്ങള്‍ മാത്രം എടുക്കലാണോ സര്‍ക്കാറിന്റെ ചുമതല? വിവാദം എന്ന് പറയുന്നത് അത്ര അപകടം പിടിച്ച ഗുലുമാലാണോ? വിവാദംകൊണ്ട് ആര്‍ക്ക് എന്താണ് ദോഷം? പത്രത്തിലെ കുറേ സ്ഥലവും ചാനലുകളുടെയും അത് കാണുന്ന ആളുകളുടെയും സമയവും പോകും എന്നല്ലാതെ വേറെ എന്താണ് നഷ്ടം? വിവാദം വേണ്ട എന്ന് പറയുന്ന നേതാക്കള്‍ ഇനി വിവാദം ഉണ്ടാക്കുന്ന യാതൊന്നും പറയില്ലേ ? 
അയ്യോ... മാധ്യമങ്ങളെ കഷ്ടത്തിലാക്കുമോ?..
 അപകടം ഉണ്ടായാല്‍ സഹായത്തിന് കൊണ്ടുവരേണ്ട യന്ത്രം ഇല്ലാത്തതുകൊണ്ട് ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ലത്രെ. യന്ത്രം വാങ്ങേണ്ട സര്‍ക്കാര്‍ യന്ത്രം വാങ്ങാതിരിക്കുക, അതിന്റെ പേരില്‍ അതേസര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുക. ബഹുകേമം. ഇവിടെ താമസിക്കുന്നവര്‍ ഓരോ പവര്‍ലിഫ്റ്റ് യന്ത്രം വാങ്ങി സ്ഥാപിക്കേണ്ടതാണ് എന്ന് കണ്ടീഷന്‍ വെച്ച് അനുമതി നല്‍കണമെന്ന് തീരുമാനിച്ചില്ലല്ലോ. ഭാഗ്യംതന്നെ. 

Sunday, 13 September 2015

സി.പി.എമ്മിന്റെ കുരിശുകള്‍


മഹാന്മാരുടെ ശത്രുക്കള്‍ അവരുടെ അനുയായികളാണ് എന്ന് പറയാറുണ്ട്. ഏത് മഹാന്റെ അനുയായിവൃന്ദമാണ് മഹാന് നല്ല പേരുണ്ടാക്കാതിരുന്നിട്ടുള്ളത്? ഗുരു മഹാനായിരുന്നല്ലോ ഇവരെന്തേ ഇത്തരക്കാരായത് എന്ന്, ഗുരുവിനെ നിന്ദിച്ചവരെക്കൊണ്ടുപോലും പറയിപ്പിക്കും അനുയായികള്‍. മഹത്തുക്കളുടെ അനുയായികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ കടുത്തമത്സരം നടക്കുന്നുണ്ട്. ആര് മുമ്പിലെത്തുമെന്ന് പറയാറായില്ല.

യേശുക്രിസ്തുവിനെ കുരിശിലേറ്റുന്നത് അടുത്ത അനുയായി യൂദാസ് ഒറ്റുകൊടുത്തിട്ടാണ്. മുപ്പത് വെള്ളിക്കാശായിരുന്നു പ്രതിഫലം. പുള്ളിക്കാരന്‍ ആ കാശുകൊണ്ട് റിയല്‍ എസ്റ്റേറ്റ് വാങ്ങി ഒടുവില്‍ അവിടെ വീണ് ശരീരം പിളര്‍ന്ന് മരിച്ചെന്ന് ഗ്രന്ഥത്തിലുണ്ട്. ഇത്രത്തോളം മികച്ച അനുയായികള്‍ നമ്മുടെ നാട്ടിലെ ഗുരുക്കന്മാര്‍ക്ക് അവര്‍ ജീവിച്ചിരുന്ന കാലത്തുണ്ടായിട്ടില്ല. ഇതറിയാതെയാണ് നമ്മുടെ മാര്‍ക്‌സ് പ്രവാചകന്റെ അനുയായികള്‍ ശ്രീനാരായണഗുരുവിനെ പ്രതീകാത്മക കുരിശില്‍ ഏറ്റിയത്. സ്വര്‍ഗത്തിലേക്ക് പോയിക്കഴിഞ്ഞ ആളെ കുരിശിലേറ്റാന്‍ ഒരു പിലാത്തോസിനും പറ്റില്ല. അവര്‍ക്ക് പ്രവാചകനെ, ഗുരുവിനെ തള്ളിപ്പറയാം. ആജീവനാന്തകാലം തള്ളിപ്പറയാം. ഇന്ന് കോഴി രണ്ടുവട്ടം കൂവുന്നതിന് മുമ്പേ നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും എന്നാണ് യേശു ശിഷ്യനോട് പറഞ്ഞത്. നമ്മുടെ രീതി വ്യത്യസ്തമാണ്. ഭൂമിയില്‍ സൂര്യനുദിക്കുന്ന കാലത്തോളം പ്രവാചകരെ അനുയായികള്‍ അവരുടെ ചെയ്തികളിലൂടെ ആയിരം വട്ടം തള്ളിപ്പറയും.

മണ്‍മറഞ്ഞാല്‍ ഗുരുക്കന്മാരുടെ തത്ത്വങ്ങള്‍ അവര്‍ക്ക് മോഡിഫൈ ചെയ്യാന്‍ കഴിയില്ല. അത് അനുയായികള്‍ ചെയ്തുകൊള്ളും. ശ്രീനാരായണ ഗുരുവിന്റെ ചില അനുയായികള്‍ വളരെ പ്രമാണികളായതുകൊണ്ട് ഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ ഗുരുവിനെ ഭേദഗതി ചെയ്തു. 'മുമ്പേ തന്നെ വാക്കില്‍നിന്നു വിട്ടിരുന്ന യോഗത്തെ ഇപ്പോള്‍ മനസ്സില്‍ നിന്നും വിടുന്നു' എന്ന് ഗുരുവിനെക്കൊണ്ട് എഴുതിക്കാന്‍ മാത്രം കേമന്മാരായിരുന്നു അവര്‍. ''ഗുരുവിന് യോഗത്തെ വേണ്ടെങ്കില്‍ യോഗത്തിന് ഗുരുവിനെയും വേണ്ട'' എന്ന് അനുയായികളില്‍ പ്രബലന്‍ മറുപടിയും പറഞ്ഞു. അവര്‍ ഗുരുവിനെ സൈഡാക്കി. ''യോഗത്തിനു ജാത്യഭിമാനം വര്‍ധിച്ചിരിക്കുന്നു'' എന്ന് കുറ്റപ്പെടുത്തിയാണ് ഗുരു യോഗസംസര്‍ഗം വെടിഞ്ഞത്. ഇന്ന് ജാതി പറഞ്ഞേ തീരൂ എന്നതാണ് ചില ഗുരുശിഷ്യപ്രമാണിമാരുടെ നിലപാട്. ആരും അവരെ കുരിശിലേറ്റില്ല. ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങള്‍ അനുസരിച്ചിരുന്നെങ്കില്‍ ഈഴവര്‍ തെണ്ടിപ്പോയേനെ എന്ന് പറഞ്ഞ നേതാക്കളുമുണ്ട്. അവരും കുരിശേറില്ല.
ശ്രീനാരായണഗുരുവിന്റെ ഫ്‌ളക്‌സ് ചിത്രത്തെ കുരിശ്ശിലേറ്റിയ അനൗചിത്യം വലിയ കുറ്റകൃത്യമായി. ഗ്രാമത്തിലെ കൊച്ചുഘോഷയാത്രയിലെ ഫ്‌ളോട്ട് ആഗോളസംഭവമായി. എന്തുതൊട്ടാലും കുരിശാവുക എന്ന മഹാശാപത്തിലൂടെ കടന്നുപോകുന്ന കാലമായതുകൊണ്ട് സി.പി.എമ്മിനെ രക്ഷിക്കാന്‍ തത്കാലം ദൈവം തമ്പുരാനുമാകില്ല. ബാലസംഘം വില്ലേജ് കമ്മിറ്റിയുടെ നടപടിക്ക് പൊളിറ്റ് ബ്യൂറോ മാപ്പു പറയുന്ന കാലമാണിത്.

നാടോടുമ്പോള്‍ നടുവേ ഓടുന്നത് കുറ്റമല്ല. പക്ഷേ, സി.പി.എമ്മിനെ അങ്ങനെ ഓടാന്‍ സമ്മതിക്കില്ലാരും. രാവുംപകലും നടുവേ ഓടുന്നവരും ഓട്ടം നിര്‍ത്തി കല്ലെറിയും. അര നൂറ്റാണ്ടുമുമ്പ് ശ്രീകൃഷ്ണജയന്തിയുമില്ല, ഉണ്ണിക്കണ്ണന്മാര്‍ ട്രാഫിക് ബ്ലോക്കുണ്ടാക്കുന്ന പരിപാടിയുമില്ല. അന്ന് പുച്ഛിച്ചും പരിഹസിച്ചും നടന്നത് നാട് മുന്നോട്ടുപോകുകയാണ് എന്ന തെറ്റിദ്ധാരണയിലാണ്. വിപ്ലവവും കമ്യൂണിസവും വരാന്‍ പോകുമ്പോള്‍ എന്ത് അമ്പാടിയും വെണ്ണയും കണ്ണനും രാധയും ഗോപികമാരുമൊക്കെ? നാട് റിവേഴ്‌സ് ഗിയറിലാണ് സഞ്ചരിക്കുന്നത് എന്ന് വൈകിയേ മനസ്സിലായുള്ളൂ. അതിന് ഒന്നേ ഉള്ളൂ പരിഹാരം. നമ്മളും ഓടുക പിറകോട്ട്. ജാതി വേണ്ടിടത്ത് ജാതി, അമ്പലക്കമ്മിറ്റി വേണ്ടിടത്ത് അമ്പലക്കമ്മിറ്റി, ഓണാഘോഷം വേണ്ടിടത്ത് ഓണാഘോഷം...
ഇതിനിടയിലെ ധര്‍മസങ്കടങ്ങള്‍ പരിഹരിക്കാന്‍ ഒരു താത്ത്വികാചാര്യനും ഇല്ല. പുത്തന്‍ താത്ത്വികക്കാര്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മഹാബലി ശരിയും ശ്രീകൃഷ്ണന്‍ തെറ്റും ആണെന്ന് ആരാണ് തീരുമാനിച്ചത്? അധ്വാനിക്കുന്നവന്റെയും ഭാരംചുമക്കുന്നവന്റെയും ആശ്രയമല്ല ശ്രീകൃഷ്ണനെന്ന് ആരാണ് കണ്ടുപിടിച്ചത്? പാര്‍ട്ടിയുടെ നിയമസഭാംഗം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് പാര്‍ട്ടിവിരുദ്ധവും പാര്‍ട്ടി പ്രവര്‍ത്തകന്‍ അമ്പലക്കമ്മിറ്റി സെക്രട്ടറിയാകുന്നത് പാര്‍ട്ടി തീരുമാനവും ആകുന്നത് എങ്ങനെ? ഇത്തരം ഡസന്‍കണക്കിന് വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചുതരാന്‍ പറ്റാതെ കഷ്ടപ്പെടുന്നതിനിടയിലാണ് പിള്ളേര് ഗുരുവിനെ കുരിശിലേറ്റിയത്. അത് പാര്‍ട്ടിക്ക് കുരിശാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ ഒരു സംവിധാനവുമില്ലല്ലോ.
കുരിശുസംഭവം തെറ്റായെന്ന് പാര്‍ട്ടി ഏറ്റുപറഞ്ഞതുകൊണ്ട് നടേശഗുരു ഫര്‍ദര്‍ ആക്ഷന്‍ വേണ്ടെന്നുവെച്ചു. ഗുരുകൃപ തന്നെ. ഇല്ലെങ്കില്‍ പാര്‍ട്ടിയെ മരക്കുരിശും ചുമലിലേറ്റിച്ച്, മുള്‍ക്കിരീടം ചൂടിച്ച് വഴിനീളെ പീഡിപ്പിച്ചുകൊണ്ടുപോയി ഏറ്റിക്കളയുമായിരുന്നു കുരിശില്‍. ആശ്വസിക്കേണ്ട. അടുത്ത കുരിശ് വൈകാതെ ഉണ്ടാകും. ചരിത്രം ആവര്‍ത്തിക്കും എന്നാണ് മഹത്തുക്കള്‍ പറഞ്ഞത്. മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കും എന്നാണ് ജാതകത്തിലുള്ളത്.

                                                   ****

പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് സര്‍ക്കാര്‍ കാറും വീടും ലഭിച്ചതെന്ന് ഒരു പ്രൊ വൈസ് ചാന്‍സലര്‍ പ്രസംഗിച്ചത് ചര്‍ച്ചയായിട്ടുണ്ട്. ഗവര്‍ണര്‍ സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്ത.
ഇതിലിത്ര ക്ഷോഭിക്കാനെന്തിരിക്കുന്നു? ഗവര്‍ണര്‍ ഏത് മത്സരപ്പരീക്ഷ ജയിച്ചാണ് സ്ഥാനത്തെത്തിയത്? അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള വൈസ് ചാന്‍സലറുടെ കാര്യമോ? പിന്നെ എന്താണ് പ്രശ്‌നം?
ആരുടെ ഔദാര്യത്തില്‍ കിട്ടിയ സ്ഥാനമാണെങ്കിലും സ്ഥാനത്തിരിക്കുമ്പോള്‍ അത് നാട്ടില്‍ പാടിനടന്ന് ചളിയാക്കരുത്. താന്‍ ഇതിന് പൂര്‍ണമായി യോഗ്യനാണ് എന്ന് നടിച്ചുകൊള്ളണം. സ്ഥാനംകിട്ടാന്‍ ആരുടെ വീട്ടില്‍ എത്ര തവണ പോയി, ഏതെല്ലാം പാര്‍ട്ടികള്‍ പേര് നിര്‍ദേശിച്ചു, സംഭാവന വല്ലതും കൊടുക്കേണ്ടി വന്നുവോ എന്നൊക്കെ, വിരമിച്ച് പ്രായം കുറേ ആയാല്‍ ആത്മകഥയിലോ മറ്റോ എഴുതാമെന്നല്ലാതെ സ്ഥാനം വഹിക്കുമ്പോള്‍ അക്കാര്യമൊന്നും മിണ്ടിപ്പോകരുത്. ഫുള്‍ ഗമയില്‍ തലയുയര്‍ത്തി നിന്നുകൊള്ളണം. സ്ഥാനം കിട്ടുന്ന ആദ്യനാളുകളില്‍ ചിലരൊക്കെ മുറുമുറുക്കും. ഒട്ടും മൈന്‍ഡ് ചെയ്യരുത്. നമ്മുടെ ഗവര്‍ണറുടെ കാര്യംതന്നെ എടുക്കുക. അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. താഴേക്ക് ഇറങ്ങി ഗവര്‍ണറായത് ശരിയല്ലെന്ന് പലരും പറയുന്നുണ്ടായിരുന്നു. എന്തായാലും കാവിക്കൊടിയുടെ തണലില്‍ നിന്നിട്ടാണ് തനിക്ക് ഗവര്‍ണര്‍സ്ഥാനം കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ, ഭാഗ്യം. ഇത്തരം സ്ഥാനങ്ങളില്‍ ആളുകളെ തിരഞ്ഞെടുക്കുന്നത് പബ്ലിക് സര്‍വീസ് കമ്മിഷനല്ല, ഭരണാധികാരികള്‍ തന്നെയാണ്. പക്ഷേ, അതിനുമുണ്ടല്ലോ ചില മാനവും മര്യാദയുമൊക്കെ. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കുന്ന ലാഘവത്തില്‍ വൈസ് ചാന്‍സലര്‍ പദവികളില്‍ ആളെ വെക്കുന്നത് ശരിയോ? മിക്ക തസ്തികകളിലും അയോഗ്യരെ നിയമിക്കുമ്പോള്‍ ഈ തലമുറയെ മാത്രമേ ദ്രോഹിക്കാന്‍ പറ്റൂ. വരുംതലമുറകളെയും ദ്രോഹിക്കണമെങ്കില്‍ വൈസ് ചാന്‍സലറുടേതുപോലുള്ള തസ്തികകളില്‍ നോട്ടമിടണം. വൈസ് ചാന്‍സലര്‍മാരെയും മറ്റും കണ്ടെത്താന്‍ വിദഗ്ധസമിതി ഉണ്ടെന്നാണ് വെപ്പ്. പക്ഷേ, വകുപ്പ് ഭരിക്കുന്ന കക്ഷികള്‍ അവിദഗ്ധരുടെ കമ്മിറ്റിയെ വെച്ചാണ് ആളെ കണ്ടെത്തുന്നത്. 'ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികള്‍' എന്നതായിരുന്നുവത്രെ വിവാദപ്രസംഗം നടന്ന സെമിനാറിലെ വിഷയം. എന്താണ് വെല്ലുവിളി എന്ന് പ്രസംഗം കേട്ടവര്‍ക്കെല്ലാം ശരിക്കും മനസ്സിലായിക്കാണണം.

ദേശീയ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ചരിത്ര/ പണ്ഡിത സഭകളിലും ഇടതുപക്ഷക്കാര്‍ കേറിപ്പറ്റിയിരിക്കുകയാണെന്ന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകാലത്ത് ആക്ഷേപിച്ച് കേട്ടിട്ടുണ്ട്. ഇടതുപക്ഷക്കാര്‍ നുഴഞ്ഞുകേറിയതല്ല. വിവരമുള്ളവരെ കണ്ടെത്തിയപ്പോള്‍ അവരുടെ പക്ഷം നോക്കിയില്ല പണ്ഡിറ്റ് നെഹ്രു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള പല പ്രധാനമന്ത്രിമാരും. കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കാലത്താണ് ഡോ. സുകുമാര്‍ അഴീക്കോടിനെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനാക്കിയത്. സാരമില്ല, ഇനി അതൊന്നും സംഭവിക്കില്ല. കേന്ദ്രസര്‍ക്കാറിന്റെ അഭിമാന സ്ഥാപനമായ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി പുതിയ സര്‍ക്കാര്‍ നിയമിച്ചത് മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരന്‍ ആയിരുന്നു എന്ന യോഗ്യത മാത്രമുള്ള ആളെ ആണത്രെ. അതും ഒരു കൊടിയുടെ ശീതളച്ഛായയില്‍ സേവനമനുഷ്ഠിച്ചതിനുള്ള പ്രതിഫലമാവാം.
കേന്ദ്രത്തില്‍ തേങ്ങയുടയ്ക്കുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും ഉടയ്ക്കണം. 

Sunday, 6 September 2015

വെട്ടുപോത്തിന് വേദംഎയും ഐയും രണ്ട് പാര്‍ട്ടികളാണെന്ന് ആരെങ്കിലും ധരിക്കുന്നത് അവരുടെ കുറ്റമല്ലല്ലോ.
ആഭ്യന്തര ജനാധിപത്യം മൂര്‍ച്ഛിച്ചതിന്റെ ഫലമായി സ്വന്തം പാര്‍ട്ടിക്കാരനെ
കൊന്നതാണ്. മറ്റ് പാര്‍ട്ടിക്കാരെ കൊന്നാല്‍ തിരിച്ചുകിട്ടും,
സ്വന്തമാകുമ്പോള്‍ പേടിക്കേണ്ടകൈയില്‍ ചോരക്കറയില്ലാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. അവനവന്‍ നോക്കിയാല്‍ സ്വന്തം കൈയിലെ ചോരയും കാണില്ല ചോരക്കറയും കാണില്ല. മറ്റവന്റെ കൈയിലെ കറ ഇരട്ടിയായും കാണും. കൈയില്‍ മാത്രമല്ല, കാലിലും തലയിലും ഉടുതുണിയിലുമെല്ലാം ചോര കാണും. ഈ രോഗത്തിന് മരുന്നില്ല. രാഷ്ട്രീയം തുടങ്ങിയ കാലംമുതല്‍ ഉള്ളതാണ്, ലോകാവസാനം വരെ ഉണ്ടാവും.

രമേശ് ചെന്നിത്തല ഗാന്ധിയന്‍ പാര്‍ട്ടിക്കാരനാണ്. അഹിംസ വിട്ടൊരു കളിയുമില്ല. അതുകൊണ്ടാവണം ഈയിടെയായി വീണ്ടും പൊട്ടിപ്പുറപ്പെട്ട ബി.ജെ.പി.സി.പി.എം. സീരിയല്‍ കൊലപാതകങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല പത്രലേഖനങ്ങളിലൂടെ ചില വേദതത്ത്വങ്ങള്‍ ഓതിയത്. ആഭ്യന്തരമന്ത്രിമാര്‍ ഉപവാസം നടത്തി കീഴ്‌വഴക്കമില്ല, അത് ഭരണഘടനാവിരുദ്ധമാകുമോ എന്നും അറിയില്ല. സുരക്ഷിതമായി ചെയ്യാവുന്നത് പത്രലേഖനം, ഫെയ്‌സ് ബുക്ക് പോസ്റ്റ്, ബ്ലോഗ് തുടങ്ങിയ അത്യാധുനിക മിസ്സൈലുകള്‍ തൊടുത്തുവിടുകയാണ്. രമേശ്ജി പത്രങ്ങളില്‍ കൊടുത്തതിനേക്കാള്‍ വിശദമായ വിവരങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്. 2005 മുതല്‍ കേരളത്തില്‍ നടന്ന പാര്‍ട്ടി കൊലപാതകങ്ങളുടെ കൃത്യംകൃത്യമായ വിവരങ്ങള്‍. പൊളിവചനം എള്ളോളമില്ല. 2015 ആഗസ്ത് ഏഴിന് ചാവക്കാട് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലയുടെ വിവരവും മറച്ചുവെച്ചിട്ടില്ല. കൊന്നത് കോണ്‍ഗ്രസ്സുകാരന്‍, കൊല്ലപ്പെട്ടതും കോണ്‍ഗ്രസ്സുകാരന്‍. പോലീസിന്റേതാണ് റെക്കോഡുകള്‍. ആഭ്യന്തരമന്ത്രിക്ക് തിരുത്താന്‍ അധികാരമില്ല. പോലീസ് സ്ഥിതിവിവരക്കണക്കുകാര്‍ ഇതില്‍ ചില്ലറ കുസൃതി ഒപ്പിച്ചതായി കാണുന്നുണ്ട്. കൊല്ലപ്പെട്ടയാളിന്റെ പാര്‍ട്ടി എന്ന കോളത്തില്‍ കോണ്‍ഗ്രസ് എ എന്നും കൊന്നവരുടെ പാര്‍ട്ടി എന്ന കോളത്തില്‍ കോണ്‍ ഐ എന്നും ചേര്‍ത്തു. ഒരുപക്ഷേ, കുസൃതിയാവില്ല. എയും ഐയും രണ്ട് പാര്‍ട്ടികളാണെന്ന് ആരെങ്കിലും ധരിക്കുന്നത് അവരുടെ കുറ്റമല്ലല്ലോ. ആഭ്യന്തരജനാധിപത്യം മൂര്‍ച്ഛിച്ചതിന്റെ ഫലമായി സ്വന്തം പാര്‍ട്ടിക്കാരനെ കൊന്നതാണ്. മറ്റ് പാര്‍ട്ടിക്കാരെ കൊന്നാല്‍ തിരിച്ചുകിട്ടും, സ്വന്തമാകുമ്പോള്‍ പേടിക്കേണ്ട.

പത്തുകൊല്ലത്തെ കൊലക്കണക്ക് കൊടുത്തിട്ടുണ്ട് മന്ത്രിയുടെ ലേഖനത്തിന്റെ പട്ടിക കൊടുക്കാനൊന്നും പത്രത്തില്‍ സ്ഥലം പോരാ. അതിന് ഓണ്‍ലൈനില്‍ ചെല്ലണം. പത്തുവര്‍ഷത്തിനിടയില്‍ ആകെ 98 കുരുതികള്‍ നടന്നു. അതില്‍ പാതിയിലേറെ 51 പേര്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന സത്യം മന്ത്രി മറച്ചുവെച്ചിട്ടില്ല. മാര്‍ക്‌സിസ്റ്റുകാര്‍ സ്വയംവെട്ടി മരിച്ചതൊന്നുമല്ലല്ലോ. അത് ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തിലല്ലേ നടന്നിട്ടുള്ളൂ. വിരലിലെണ്ണാവുന്നത് ഒഴികെ എല്ലാറ്റിലും കൊലയാളികള്‍ ബി.ജെ.പി.ആര്‍.എസ്.എസ്സുകാരാണ്. ബി.ജെ.പി.ക്കാര്‍ കൊലക്കത്തി താഴ്ത്തിയാല്‍ എല്ലാം ശാന്തമാകുമെന്ന് സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ആവോ. 2014ല്‍ ആകെ നാല് പേരേ രാഷ്ട്രീയകാരണങ്ങളാല്‍ കൊലചെയ്യപ്പെട്ടിട്ടുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് നല്ല പിള്ള ചമഞ്ഞതാവും. കൊല്ലപ്പെട്ട നാലും ബി.ജെ.പി.ക്കാരാണ്, നാലില്‍ മൂന്നും കണ്ണൂര്‍ ജില്ലയില്‍. നാലിലും പ്രതിപ്പട്ടികയില്‍ സി.പി.എമ്മുകാരും. 2015ല്‍ വര്‍ഷം പകുതി കഴിയുമ്പോഴേക്കുതന്നെ ആകെ കൊല 2014 ന്റെ ഇരട്ടി പിന്നിട്ടിരിക്കുന്നു. ബി.ജെ.പി.ക്കാര്‍ കൊന്ന സി.പി.എമ്മുകാരുടെ എണ്ണവും ഇരട്ടി പിന്നിട്ടു. കൊലയാളികളുടെ കുടുംബങ്ങള്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കിയും കേസ് നടത്തിയും പാര്‍ട്ടി മുടിഞ്ഞുതുടങ്ങിയതിനാലാവണം 2012ലും പതിമ്മൂന്നിലും പതിന്നാലിലുമൊക്കെ ചോരയൊഴുക്ക് കുറവായിരുന്നു. കൊല മടുത്തിട്ടൊന്നുമാവില്ല. ഇപ്പോള്‍ ബി.ജെ.പി. പക്ഷത്ത് ഉശിര് കൂടിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് പണം ഒഴുകും. ധര്‍മസമരമാണ്, തിന്മയ്‌ക്കെതിരായ യുദ്ധമാണ്, കുരുക്ഷേത്രയുദ്ധമാണ് എന്നും മറ്റും നല്ല ഹിന്ദിയില്‍ പറയാന്‍ ആളെ ഏര്‍പ്പെടുത്തിയാല്‍മതി.

കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയക്കൊലയാളികള്‍ അങ്ങനെയൊന്നും പത്തി താഴ്ത്തില്ല, കത്തിയും താഴ്ത്തില്ല. കൊല്ലുന്നവനും കൊല്ലിക്കുന്നവനും അകത്താവുമെന്ന് ഉറപ്പിച്ചാലേ കത്തി താഴൂ. വെട്ടുപോത്തിന് വേദാന്തലേഖനം വായിച്ചുകൊടുത്തിട്ട് കാര്യമില്ല.

                                                                         ***

രണ്ടുവര്‍ഷത്തിനിടയില്‍ അഞ്ചുതവണ അകാരണമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റപ്പെട്ട യുവ ഐ.പി.എസ്. ഓഫീസര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത് സ്വന്തം ധര്‍മസങ്കടമാണ്. യുവ ഓഫീസര്‍ അതിനോട് പ്രതികരിച്ചത് അനുചിതമായെന്നാണ് ഒരു മുന്‍കാല യുവ നേതാവ് പ്രസ്താവിച്ചത്. അനുചിതമായ യാതൊന്നും ചെയ്യുന്നവരല്ല നമ്മുടെ നേതാക്കള്‍. എല്ലാവരും ഔചിത്യത്തിന്റെ ആള്‍രൂപങ്ങള്‍. അഞ്ചുവട്ടം സ്ഥലംമാറ്റപ്പെടുന്നത് ഭയങ്കര സുഖമുള്ള ഏര്‍പ്പാടാണല്ലോ. അതിനെക്കുറിച്ചെന്തിന് ഐ.പി.എസ്സുകാരി പരിഭവിക്കണം ?

ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരെ മണ്ഡലം കമ്മിറ്റിക്കാര്‍ പറഞ്ഞാലും സ്ഥലം മാറ്റാം, ക്വാറി മാഫിയക്കാര്‍ പറഞ്ഞാലും സ്ഥലംമാറ്റാം. അതില്‍ അനുചിതമായി യാതൊന്നുമില്ല. അഞ്ചുവട്ടം മാറ്റിയാലും അനൗചിത്യമില്ല. കോഴ വാങ്ങിയതിന്റെ ക്വാട്ട പാര്‍ട്ടിഫണ്ടിലേക്ക് പിരിക്കുന്നതില്‍ അനൗചിത്യമില്ല. കോഴ വാങ്ങി സ്ഥലംമാറ്റം വാങ്ങിക്കൊടുക്കുന്നതിലുമില്ല അനൗചിത്യം. സത്യവും നിയമവും പൊതുതാത്പര്യവും മാത്രം നോക്കി പ്രവര്‍ത്തിക്കുന്നത് തികച്ചും അനുചിതം. ഏത് കൊടിയ അനീതിയും ഒരക്ഷരം തിരിച്ച് മിണ്ടാതെ സഹിക്കുന്നത് തികച്ചും ഉചിതം. യജമാനന്റെ ഏത് നിയമവിരുദ്ധ ഉത്തരവും നടപ്പാക്കി നല്ല പിള്ളയായി അതിന്റെയെല്ലാം പങ്കുപറ്റി കീശ വീര്‍പ്പിക്കുന്നത് അതിലേറെ ഉചിതം. ബാക്കിയെല്ലാം അനുചിതം. എല്ലാവരും ഔചിത്യത്തിന്റെ നിറകുടങ്ങളായി മാറട്ടെ. നാട് സ്വര്‍ഗമാകും.

                                                                   ***

ദൈവം ഇല്ല, മതം വേണ്ട എന്ന് ചിലരെല്ലാം പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അവരുടെ എണ്ണം കൂടിയിട്ടേ യുള്ളൂ. വിവിധ സമൂഹങ്ങളില്‍ പത്തിലൊന്നുമുതല്‍ നാലിലൊന്നുവരെ ആളുകള്‍ നാസ്തികരാണ് എന്ന് പറയുന്നതായി സര്‍വേകളില്‍ കണ്ടിട്ടുണ്ട്. ഇങ്ങനെ കുറെപ്പേര്‍ നാസ്തികരായി നടക്കുന്നതില്‍ ദൈവത്തിന് എന്തെങ്കിലും വിരോധമുള്ളതായി സൂചനയൊന്നുമില്ല. ദൈവത്തിന് എന്തെങ്കിലും ദോഷം പറ്റിയതായോ റിപ്പോര്‍ട്ടില്ല. നാസ്തികരായ സന്ന്യാസികള്‍ ഉണ്ടായിരുന്ന മതമാണ് ഹിന്ദുമതം എന്നുപോലും പറയുന്നുണ്ട് പണ്ഡിതന്മാര്‍. പോട്ടെ, അത് വിശ്വസിക്കേണ്ട.

നാസ്തികന്മാര്‍ ആരാധനാലയം പൊളിക്കാനൊന്നും പോകില്ല. നാസ്തികത ദൈവദോഷം ആണെങ്കില്‍ അതിനുള്ള ശിക്ഷ കൊടുക്കാനുള്ള പ്രാപ്തി ദൈവത്തിന് ഉണ്ടാവുമല്ലോ. മനുഷ്യര്‍ എന്തിനാണ് ദൈവത്തിന്റെ വക്കാലത്ത് കിട്ടിയ മട്ടില്‍ തോക്കും വെട്ടുകത്തിയുമൊക്കെയായി കൊല്ലാന്‍ നടക്കുന്നത്? ദൈവം അങ്ങനെ വല്ല ക്വട്ടേഷനും ആര്‍ക്കെങ്കിലും കൊടുക്കാറുണ്ടോ ?

കൊച്ചുകുഞ്ഞിനെ പീഡിപ്പിച്ചുകൊന്നവനെ തിരഞ്ഞാരും തോക്കുമായി പോകുന്നില്ല, പൊതുജനത്തിന്റെ ഭക്ഷണത്തില്‍ മായം ചേര്‍ത്ത് പണമുണ്ടാക്കുന്നവനെ കണ്ടാല്‍ ചിരിച്ചു, സാറേ എന്ന് വിളിച്ച് പിറകെ ചെല്ലാം. പണത്തിനുവേണ്ടി കൂട്ടക്കൊല നടത്തിയവനെ കണ്ടാല്‍ രോഷമില്ല. അന്യന്റെ മുതല്‍ പിടിച്ചുപറിച്ച് കോടികള്‍ കുന്നുകൂട്ടാം. ഒന്നും കുറ്റമല്ല. ഒരു മതവും ഒരു കുറ്റവാളിയെയും തള്ളിപ്പറയുന്നില്ല. അവനെയും നന്നാക്കാനേ ശ്രമിക്കാറുള്ളൂ. പിന്നെയെന്തിന് നാസ്തികനെ കൊല്ലാന്‍ നടക്കണം? ആദ്യം ഇവര്‍ നാസ്തികരെ കൊല്ലും പിന്നെയിവര്‍ നാസ്തികത ആരോപിച്ച് ദൈവവിശ്വാസികളെയും കൊല്ലും. സൂക്ഷിച്ചോളിന്‍...

                                                                          ***

അടിയന്തരമായി ഒരു അറബിക് സര്‍വകലാശാല കേരളത്തില്‍ തുടങ്ങണം എന്ന് ആവശ്യപ്പെട്ടും ആരവമിട്ടും കുറെപ്പേര്‍ നടക്കുന്നുണ്ട്. ഇവിടെ ആളുകള്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടും നമുക്ക് പരിഹരിക്കാന്‍ വേറെ പ്രശ്‌നങ്ങള്‍ ഒന്നും അവശേഷിക്കാത്തതുകൊണ്ടുമായിരിക്കാം അറബിക് സര്‍വകലാശാല എന്ന ആവശ്യമുയര്‍ന്നതെന്ന് തോന്നുന്നു.

ഇതിനുള്ള ചില്വാനം എവിടെ നിന്ന് കിട്ടും എന്നാരും പറയുന്നത് കേട്ടില്ല. ഒരു പക്ഷേ, നമ്മുടെ ഖജനാവില്‍ പണംവെക്കാന്‍ സ്ഥലംപോരാ എന്ന പ്രശ്‌നം പരിഹരിക്കാന്‍ കൂടിയാവാം ഈ ആവശ്യമുയര്‍ന്നത്. ഇനി അതല്ല, ശ്രേഷ്ഠഭാഷയായതുകൊണ്ട് കേന്ദ്രത്തില്‍നിന്നോ ഐക്യരാഷ്ട്രസഭയില്‍ നിന്നോ വല്ലതും കിട്ടാന്‍ സാധ്യതയുണ്ടോ എന്തോ... ഒന്നും പറഞ്ഞുകേള്‍ക്കുന്നില്ല. അറബി സര്‍വകലാശാല മതപ്രശ്‌നമായിട്ട് എടുക്കരുതെന്ന് ഒരു മതക്കാര്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് അതൊരു മതപ്രശ്‌നമല്ല എന്ന് ജനത്തിന് മനസ്സിലായിട്ടുണ്ട്.

സംസ്‌കൃതം സര്‍വകലാശാല സ്ഥാപിച്ചതോടെ ആ ഭാഷയുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. മലയാളത്തിന്റെ കേസ് തീരാന്‍ ഇനി അധികംസമയം വേണ്ടിവരില്ല. പണി ജോറായി നടക്കുന്നുണ്ട്. ഇനി വൈകിക്കേണ്ട. അറബിക് തുടങ്ങണം. അഥവാ ഉമ്മന്‍ ചാണ്ടി വഴങ്ങുന്നില്ലെങ്കില്‍ നമുക്ക് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന സ്വകാര്യസര്‍വകലാശാല ടൈപ്പ് ഒരെണ്ണം മലപ്പുറത്തെ ഏതെങ്കിലും കുന്നിന്‍പുറത്ത് തുടങ്ങാം. അണ്‍ എയ്ഡഡ് സ്‌കൂള്‍ തഞ്ചംകിട്ടുമ്പോള്‍ എയ്ഡഡ് ആക്കുംപോലെ തഞ്ചത്തില്‍ സര്‍വകലാശാലയും അങ്ങ് ഏറ്റെടുപ്പിച്ചാല്‍ പോരേ? വേഗം നോക്കണം, അറബിക് സര്‍വകലാശാല എന്ന കിടിലന്‍ ഐഡിയ അറബ് രാജ്യങ്ങള്‍ തട്ടിയെടുക്കുംമുമ്പ് തുടങ്ങണം.

nprindran@gmail.com