വെട്ടുപോത്തിന് വേദംഎയും ഐയും രണ്ട് പാര്‍ട്ടികളാണെന്ന് ആരെങ്കിലും ധരിക്കുന്നത് അവരുടെ കുറ്റമല്ലല്ലോ.
ആഭ്യന്തര ജനാധിപത്യം മൂര്‍ച്ഛിച്ചതിന്റെ ഫലമായി സ്വന്തം പാര്‍ട്ടിക്കാരനെ
കൊന്നതാണ്. മറ്റ് പാര്‍ട്ടിക്കാരെ കൊന്നാല്‍ തിരിച്ചുകിട്ടും,
സ്വന്തമാകുമ്പോള്‍ പേടിക്കേണ്ടകൈയില്‍ ചോരക്കറയില്ലാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. അവനവന്‍ നോക്കിയാല്‍ സ്വന്തം കൈയിലെ ചോരയും കാണില്ല ചോരക്കറയും കാണില്ല. മറ്റവന്റെ കൈയിലെ കറ ഇരട്ടിയായും കാണും. കൈയില്‍ മാത്രമല്ല, കാലിലും തലയിലും ഉടുതുണിയിലുമെല്ലാം ചോര കാണും. ഈ രോഗത്തിന് മരുന്നില്ല. രാഷ്ട്രീയം തുടങ്ങിയ കാലംമുതല്‍ ഉള്ളതാണ്, ലോകാവസാനം വരെ ഉണ്ടാവും.

രമേശ് ചെന്നിത്തല ഗാന്ധിയന്‍ പാര്‍ട്ടിക്കാരനാണ്. അഹിംസ വിട്ടൊരു കളിയുമില്ല. അതുകൊണ്ടാവണം ഈയിടെയായി വീണ്ടും പൊട്ടിപ്പുറപ്പെട്ട ബി.ജെ.പി.സി.പി.എം. സീരിയല്‍ കൊലപാതകങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല പത്രലേഖനങ്ങളിലൂടെ ചില വേദതത്ത്വങ്ങള്‍ ഓതിയത്. ആഭ്യന്തരമന്ത്രിമാര്‍ ഉപവാസം നടത്തി കീഴ്‌വഴക്കമില്ല, അത് ഭരണഘടനാവിരുദ്ധമാകുമോ എന്നും അറിയില്ല. സുരക്ഷിതമായി ചെയ്യാവുന്നത് പത്രലേഖനം, ഫെയ്‌സ് ബുക്ക് പോസ്റ്റ്, ബ്ലോഗ് തുടങ്ങിയ അത്യാധുനിക മിസ്സൈലുകള്‍ തൊടുത്തുവിടുകയാണ്. രമേശ്ജി പത്രങ്ങളില്‍ കൊടുത്തതിനേക്കാള്‍ വിശദമായ വിവരങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്. 2005 മുതല്‍ കേരളത്തില്‍ നടന്ന പാര്‍ട്ടി കൊലപാതകങ്ങളുടെ കൃത്യംകൃത്യമായ വിവരങ്ങള്‍. പൊളിവചനം എള്ളോളമില്ല. 2015 ആഗസ്ത് ഏഴിന് ചാവക്കാട് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലയുടെ വിവരവും മറച്ചുവെച്ചിട്ടില്ല. കൊന്നത് കോണ്‍ഗ്രസ്സുകാരന്‍, കൊല്ലപ്പെട്ടതും കോണ്‍ഗ്രസ്സുകാരന്‍. പോലീസിന്റേതാണ് റെക്കോഡുകള്‍. ആഭ്യന്തരമന്ത്രിക്ക് തിരുത്താന്‍ അധികാരമില്ല. പോലീസ് സ്ഥിതിവിവരക്കണക്കുകാര്‍ ഇതില്‍ ചില്ലറ കുസൃതി ഒപ്പിച്ചതായി കാണുന്നുണ്ട്. കൊല്ലപ്പെട്ടയാളിന്റെ പാര്‍ട്ടി എന്ന കോളത്തില്‍ കോണ്‍ഗ്രസ് എ എന്നും കൊന്നവരുടെ പാര്‍ട്ടി എന്ന കോളത്തില്‍ കോണ്‍ ഐ എന്നും ചേര്‍ത്തു. ഒരുപക്ഷേ, കുസൃതിയാവില്ല. എയും ഐയും രണ്ട് പാര്‍ട്ടികളാണെന്ന് ആരെങ്കിലും ധരിക്കുന്നത് അവരുടെ കുറ്റമല്ലല്ലോ. ആഭ്യന്തരജനാധിപത്യം മൂര്‍ച്ഛിച്ചതിന്റെ ഫലമായി സ്വന്തം പാര്‍ട്ടിക്കാരനെ കൊന്നതാണ്. മറ്റ് പാര്‍ട്ടിക്കാരെ കൊന്നാല്‍ തിരിച്ചുകിട്ടും, സ്വന്തമാകുമ്പോള്‍ പേടിക്കേണ്ട.

പത്തുകൊല്ലത്തെ കൊലക്കണക്ക് കൊടുത്തിട്ടുണ്ട് മന്ത്രിയുടെ ലേഖനത്തിന്റെ പട്ടിക കൊടുക്കാനൊന്നും പത്രത്തില്‍ സ്ഥലം പോരാ. അതിന് ഓണ്‍ലൈനില്‍ ചെല്ലണം. പത്തുവര്‍ഷത്തിനിടയില്‍ ആകെ 98 കുരുതികള്‍ നടന്നു. അതില്‍ പാതിയിലേറെ 51 പേര്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന സത്യം മന്ത്രി മറച്ചുവെച്ചിട്ടില്ല. മാര്‍ക്‌സിസ്റ്റുകാര്‍ സ്വയംവെട്ടി മരിച്ചതൊന്നുമല്ലല്ലോ. അത് ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തിലല്ലേ നടന്നിട്ടുള്ളൂ. വിരലിലെണ്ണാവുന്നത് ഒഴികെ എല്ലാറ്റിലും കൊലയാളികള്‍ ബി.ജെ.പി.ആര്‍.എസ്.എസ്സുകാരാണ്. ബി.ജെ.പി.ക്കാര്‍ കൊലക്കത്തി താഴ്ത്തിയാല്‍ എല്ലാം ശാന്തമാകുമെന്ന് സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ആവോ. 2014ല്‍ ആകെ നാല് പേരേ രാഷ്ട്രീയകാരണങ്ങളാല്‍ കൊലചെയ്യപ്പെട്ടിട്ടുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് നല്ല പിള്ള ചമഞ്ഞതാവും. കൊല്ലപ്പെട്ട നാലും ബി.ജെ.പി.ക്കാരാണ്, നാലില്‍ മൂന്നും കണ്ണൂര്‍ ജില്ലയില്‍. നാലിലും പ്രതിപ്പട്ടികയില്‍ സി.പി.എമ്മുകാരും. 2015ല്‍ വര്‍ഷം പകുതി കഴിയുമ്പോഴേക്കുതന്നെ ആകെ കൊല 2014 ന്റെ ഇരട്ടി പിന്നിട്ടിരിക്കുന്നു. ബി.ജെ.പി.ക്കാര്‍ കൊന്ന സി.പി.എമ്മുകാരുടെ എണ്ണവും ഇരട്ടി പിന്നിട്ടു. കൊലയാളികളുടെ കുടുംബങ്ങള്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കിയും കേസ് നടത്തിയും പാര്‍ട്ടി മുടിഞ്ഞുതുടങ്ങിയതിനാലാവണം 2012ലും പതിമ്മൂന്നിലും പതിന്നാലിലുമൊക്കെ ചോരയൊഴുക്ക് കുറവായിരുന്നു. കൊല മടുത്തിട്ടൊന്നുമാവില്ല. ഇപ്പോള്‍ ബി.ജെ.പി. പക്ഷത്ത് ഉശിര് കൂടിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് പണം ഒഴുകും. ധര്‍മസമരമാണ്, തിന്മയ്‌ക്കെതിരായ യുദ്ധമാണ്, കുരുക്ഷേത്രയുദ്ധമാണ് എന്നും മറ്റും നല്ല ഹിന്ദിയില്‍ പറയാന്‍ ആളെ ഏര്‍പ്പെടുത്തിയാല്‍മതി.

കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയക്കൊലയാളികള്‍ അങ്ങനെയൊന്നും പത്തി താഴ്ത്തില്ല, കത്തിയും താഴ്ത്തില്ല. കൊല്ലുന്നവനും കൊല്ലിക്കുന്നവനും അകത്താവുമെന്ന് ഉറപ്പിച്ചാലേ കത്തി താഴൂ. വെട്ടുപോത്തിന് വേദാന്തലേഖനം വായിച്ചുകൊടുത്തിട്ട് കാര്യമില്ല.

                                                                         ***

രണ്ടുവര്‍ഷത്തിനിടയില്‍ അഞ്ചുതവണ അകാരണമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റപ്പെട്ട യുവ ഐ.പി.എസ്. ഓഫീസര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത് സ്വന്തം ധര്‍മസങ്കടമാണ്. യുവ ഓഫീസര്‍ അതിനോട് പ്രതികരിച്ചത് അനുചിതമായെന്നാണ് ഒരു മുന്‍കാല യുവ നേതാവ് പ്രസ്താവിച്ചത്. അനുചിതമായ യാതൊന്നും ചെയ്യുന്നവരല്ല നമ്മുടെ നേതാക്കള്‍. എല്ലാവരും ഔചിത്യത്തിന്റെ ആള്‍രൂപങ്ങള്‍. അഞ്ചുവട്ടം സ്ഥലംമാറ്റപ്പെടുന്നത് ഭയങ്കര സുഖമുള്ള ഏര്‍പ്പാടാണല്ലോ. അതിനെക്കുറിച്ചെന്തിന് ഐ.പി.എസ്സുകാരി പരിഭവിക്കണം ?

ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരെ മണ്ഡലം കമ്മിറ്റിക്കാര്‍ പറഞ്ഞാലും സ്ഥലം മാറ്റാം, ക്വാറി മാഫിയക്കാര്‍ പറഞ്ഞാലും സ്ഥലംമാറ്റാം. അതില്‍ അനുചിതമായി യാതൊന്നുമില്ല. അഞ്ചുവട്ടം മാറ്റിയാലും അനൗചിത്യമില്ല. കോഴ വാങ്ങിയതിന്റെ ക്വാട്ട പാര്‍ട്ടിഫണ്ടിലേക്ക് പിരിക്കുന്നതില്‍ അനൗചിത്യമില്ല. കോഴ വാങ്ങി സ്ഥലംമാറ്റം വാങ്ങിക്കൊടുക്കുന്നതിലുമില്ല അനൗചിത്യം. സത്യവും നിയമവും പൊതുതാത്പര്യവും മാത്രം നോക്കി പ്രവര്‍ത്തിക്കുന്നത് തികച്ചും അനുചിതം. ഏത് കൊടിയ അനീതിയും ഒരക്ഷരം തിരിച്ച് മിണ്ടാതെ സഹിക്കുന്നത് തികച്ചും ഉചിതം. യജമാനന്റെ ഏത് നിയമവിരുദ്ധ ഉത്തരവും നടപ്പാക്കി നല്ല പിള്ളയായി അതിന്റെയെല്ലാം പങ്കുപറ്റി കീശ വീര്‍പ്പിക്കുന്നത് അതിലേറെ ഉചിതം. ബാക്കിയെല്ലാം അനുചിതം. എല്ലാവരും ഔചിത്യത്തിന്റെ നിറകുടങ്ങളായി മാറട്ടെ. നാട് സ്വര്‍ഗമാകും.

                                                                   ***

ദൈവം ഇല്ല, മതം വേണ്ട എന്ന് ചിലരെല്ലാം പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അവരുടെ എണ്ണം കൂടിയിട്ടേ യുള്ളൂ. വിവിധ സമൂഹങ്ങളില്‍ പത്തിലൊന്നുമുതല്‍ നാലിലൊന്നുവരെ ആളുകള്‍ നാസ്തികരാണ് എന്ന് പറയുന്നതായി സര്‍വേകളില്‍ കണ്ടിട്ടുണ്ട്. ഇങ്ങനെ കുറെപ്പേര്‍ നാസ്തികരായി നടക്കുന്നതില്‍ ദൈവത്തിന് എന്തെങ്കിലും വിരോധമുള്ളതായി സൂചനയൊന്നുമില്ല. ദൈവത്തിന് എന്തെങ്കിലും ദോഷം പറ്റിയതായോ റിപ്പോര്‍ട്ടില്ല. നാസ്തികരായ സന്ന്യാസികള്‍ ഉണ്ടായിരുന്ന മതമാണ് ഹിന്ദുമതം എന്നുപോലും പറയുന്നുണ്ട് പണ്ഡിതന്മാര്‍. പോട്ടെ, അത് വിശ്വസിക്കേണ്ട.

നാസ്തികന്മാര്‍ ആരാധനാലയം പൊളിക്കാനൊന്നും പോകില്ല. നാസ്തികത ദൈവദോഷം ആണെങ്കില്‍ അതിനുള്ള ശിക്ഷ കൊടുക്കാനുള്ള പ്രാപ്തി ദൈവത്തിന് ഉണ്ടാവുമല്ലോ. മനുഷ്യര്‍ എന്തിനാണ് ദൈവത്തിന്റെ വക്കാലത്ത് കിട്ടിയ മട്ടില്‍ തോക്കും വെട്ടുകത്തിയുമൊക്കെയായി കൊല്ലാന്‍ നടക്കുന്നത്? ദൈവം അങ്ങനെ വല്ല ക്വട്ടേഷനും ആര്‍ക്കെങ്കിലും കൊടുക്കാറുണ്ടോ ?

കൊച്ചുകുഞ്ഞിനെ പീഡിപ്പിച്ചുകൊന്നവനെ തിരഞ്ഞാരും തോക്കുമായി പോകുന്നില്ല, പൊതുജനത്തിന്റെ ഭക്ഷണത്തില്‍ മായം ചേര്‍ത്ത് പണമുണ്ടാക്കുന്നവനെ കണ്ടാല്‍ ചിരിച്ചു, സാറേ എന്ന് വിളിച്ച് പിറകെ ചെല്ലാം. പണത്തിനുവേണ്ടി കൂട്ടക്കൊല നടത്തിയവനെ കണ്ടാല്‍ രോഷമില്ല. അന്യന്റെ മുതല്‍ പിടിച്ചുപറിച്ച് കോടികള്‍ കുന്നുകൂട്ടാം. ഒന്നും കുറ്റമല്ല. ഒരു മതവും ഒരു കുറ്റവാളിയെയും തള്ളിപ്പറയുന്നില്ല. അവനെയും നന്നാക്കാനേ ശ്രമിക്കാറുള്ളൂ. പിന്നെയെന്തിന് നാസ്തികനെ കൊല്ലാന്‍ നടക്കണം? ആദ്യം ഇവര്‍ നാസ്തികരെ കൊല്ലും പിന്നെയിവര്‍ നാസ്തികത ആരോപിച്ച് ദൈവവിശ്വാസികളെയും കൊല്ലും. സൂക്ഷിച്ചോളിന്‍...

                                                                          ***

അടിയന്തരമായി ഒരു അറബിക് സര്‍വകലാശാല കേരളത്തില്‍ തുടങ്ങണം എന്ന് ആവശ്യപ്പെട്ടും ആരവമിട്ടും കുറെപ്പേര്‍ നടക്കുന്നുണ്ട്. ഇവിടെ ആളുകള്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടും നമുക്ക് പരിഹരിക്കാന്‍ വേറെ പ്രശ്‌നങ്ങള്‍ ഒന്നും അവശേഷിക്കാത്തതുകൊണ്ടുമായിരിക്കാം അറബിക് സര്‍വകലാശാല എന്ന ആവശ്യമുയര്‍ന്നതെന്ന് തോന്നുന്നു.

ഇതിനുള്ള ചില്വാനം എവിടെ നിന്ന് കിട്ടും എന്നാരും പറയുന്നത് കേട്ടില്ല. ഒരു പക്ഷേ, നമ്മുടെ ഖജനാവില്‍ പണംവെക്കാന്‍ സ്ഥലംപോരാ എന്ന പ്രശ്‌നം പരിഹരിക്കാന്‍ കൂടിയാവാം ഈ ആവശ്യമുയര്‍ന്നത്. ഇനി അതല്ല, ശ്രേഷ്ഠഭാഷയായതുകൊണ്ട് കേന്ദ്രത്തില്‍നിന്നോ ഐക്യരാഷ്ട്രസഭയില്‍ നിന്നോ വല്ലതും കിട്ടാന്‍ സാധ്യതയുണ്ടോ എന്തോ... ഒന്നും പറഞ്ഞുകേള്‍ക്കുന്നില്ല. അറബി സര്‍വകലാശാല മതപ്രശ്‌നമായിട്ട് എടുക്കരുതെന്ന് ഒരു മതക്കാര്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് അതൊരു മതപ്രശ്‌നമല്ല എന്ന് ജനത്തിന് മനസ്സിലായിട്ടുണ്ട്.

സംസ്‌കൃതം സര്‍വകലാശാല സ്ഥാപിച്ചതോടെ ആ ഭാഷയുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. മലയാളത്തിന്റെ കേസ് തീരാന്‍ ഇനി അധികംസമയം വേണ്ടിവരില്ല. പണി ജോറായി നടക്കുന്നുണ്ട്. ഇനി വൈകിക്കേണ്ട. അറബിക് തുടങ്ങണം. അഥവാ ഉമ്മന്‍ ചാണ്ടി വഴങ്ങുന്നില്ലെങ്കില്‍ നമുക്ക് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന സ്വകാര്യസര്‍വകലാശാല ടൈപ്പ് ഒരെണ്ണം മലപ്പുറത്തെ ഏതെങ്കിലും കുന്നിന്‍പുറത്ത് തുടങ്ങാം. അണ്‍ എയ്ഡഡ് സ്‌കൂള്‍ തഞ്ചംകിട്ടുമ്പോള്‍ എയ്ഡഡ് ആക്കുംപോലെ തഞ്ചത്തില്‍ സര്‍വകലാശാലയും അങ്ങ് ഏറ്റെടുപ്പിച്ചാല്‍ പോരേ? വേഗം നോക്കണം, അറബിക് സര്‍വകലാശാല എന്ന കിടിലന്‍ ഐഡിയ അറബ് രാജ്യങ്ങള്‍ തട്ടിയെടുക്കുംമുമ്പ് തുടങ്ങണം.

nprindran@gmail.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി