Sunday, 25 October 2015

വെറുതേ വീണ്ടും അടവുനയചര്‍ച്ച
കോഴിയാണോ ആദ്യം ഉണ്ടായത് അതോ കോഴിമുട്ടയോ എന്ന ചോദ്യത്തിന് ഒരുപക്ഷേ നാളെ ഉത്തരം കണ്ടെത്തിയേക്കാം. എന്നാല്‍, മുസ്ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണോ മതേതരപാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് സി.പി.എം. അടുത്തൊന്നും ഉത്തരം കണ്ടെത്താനിടയില്ല. ചില ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ തോന്നിപ്പോകും കോഴിയില്ലാതെങ്ങനെയാണ് കോഴിമുട്ട ഉണ്ടാകുക, കോഴിതന്നെയാണ് ആദ്യം ഉണ്ടായതെന്ന്. വേറെ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ തിരിച്ചും തോന്നിപ്പോകും. പാര്‍ട്ടിപ്പേരില്‍ത്തന്നെ മതമുണ്ട്. പിന്നെയെങ്ങനെ മതേതരമാകും? ഇല്ലയില്ല. പക്ഷേ, മൊരത്ത വര്‍ഗീയവാദികളെ ലീഗ് എതിര്‍ക്കുന്നുണ്ടല്ലോ. സംഘികളെ മാത്രമല്ല കൈവെട്ട്, കാല്‍വെട്ട് സംഘങ്ങളെയും എതിര്‍ക്കുന്നുണ്ടല്ലോ. അപ്പോള്‍ വര്‍ഗീയവിരുദ്ധരല്ലേ ലീഗുകാര്‍? നാശം, ആകപ്പാടെ ഒന്നും വ്യക്തമാകുന്നില്ല.

തൊഴിലാളിവര്‍ഗപാര്‍ട്ടി നിര്‍ണായക പ്രതിസന്ധികളില്‍ എത്തുമ്പോള്‍ സൈദ്ധാന്തികചര്‍ച്ചകള്‍ ആവശ്യമായിവരും. വര്‍ഗശത്രുവിനെ മലര്‍ത്തിയടിക്കാന്‍ ഏത് നയം, തന്ത്രം, അടവ് പ്രയോഗിക്കണം എന്ന പ്രശ്‌നം ഉറക്കംകെടുത്തും. അപ്പോള്‍ പണ്ട് പലവട്ടം ഉത്തരംപറഞ്ഞ ചോദ്യങ്ങള്‍തന്നെ പിന്നെയും ഉയരും. പത്തുമുപ്പത്തഞ്ച് വര്‍ഷമെങ്കിലുമായി ഈ തൊന്തരവ് ഉറക്കംകെടുത്തുന്നുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ നിര്‍ണായക പ്രതിസന്ധി എന്നുകേട്ട് വേവലാതിയൊന്നും വേണ്ട. തൊഴിലാളിവര്‍ഗപാര്‍ട്ടി എന്നുപറഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്. നിര്‍ണായക പ്രതിസന്ധി എന്നുപറഞ്ഞാല്‍ തിരഞ്ഞെടുപ്പ്. വര്‍ഗശത്രുവിനെ അടിച്ചുമലര്‍ത്തുക എന്നുപറഞ്ഞാല്‍ പരമാവധി സീറ്റും തദ്വാരാ അധികാരവും നേടുക.  

ഇത് പഞ്ചായത്ത്മുനിസിപ്പല്‍ തിരഞ്ഞെടുപ്പല്ലേ, ഇതില്‍ എന്തോന്ന് താത്ത്വികപ്രശ്‌നം, അടവുനയം തന്ത്രം എന്നൊക്കെ ചില അരസിക അലസന്മാര്‍ക്ക് തോന്നാനിടയുണ്ട്. എല്ലാം മാറ്റങ്ങളുടെ തുടര്‍ച്ചയിലെ ഓരോ കണ്ണികളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ആറുമാസത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. ഇവിടെ പണിപാളിയാല്‍ അവിടെയും പാളും. മാത്രവുമല്ല, താഴേത്തട്ടിലെ കളിയില്‍ പൊതുവേ ആര് ജയിച്ചാലും വമ്പിച്ച നേട്ടം നമുക്കുതന്നെ എന്ന് വ്യാഖ്യാനിച്ചെടുക്കുക പണ്ട് എളുപ്പമായിരുന്നു. ഇപ്പോള്‍ അത്ര എളുപ്പമല്ല. നിയമസഭയില്‍ സീറ്റ് നിങ്ങള്‍ക്കാണ് അധികമെങ്കിലും വോട്ട് ഞങ്ങള്‍ക്കാണ്, വോട്ടിന്റെ ശതമാനത്തിലെ വര്‍ധനയുടെ തോതിന്റെ ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍നിന്ന് ഈ തിരഞ്ഞെടുപ്പിലേക്കുള്ള വര്‍ധനയില്‍ മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ മുന്നണിയാണെന്നും മറ്റും പാര്‍ട്ടിപ്പത്രംമാത്രം വായിക്കുന്നവരുടെ മുന്നില്‍ നിരത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാറുണ്ട് . ഇപ്പോള്‍ മുതലാളിത്തവ്യവസ്ഥിതിയുടെ ജീര്‍ണത കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍പോലും സകല ചാനലും കാണുന്നു. അവര്‍ നേതാക്കളെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ വരും. ഇതൊക്കെ പരിഹരിക്കാന്‍ ഒരു വഴിയേ ഉള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിക്കണം. ജീവന്മരണ പ്രശ്‌നമാണ്. മുങ്ങിപ്പോകാതിരിക്കാന്‍ എന്തിലും പിടിക്കാം. നല്ല തേക്കിന്‍ തടി ഒഴുകിവന്നാലേ പിടിക്കൂ എന്ന് കടുംപിടിത്തം പിടിക്കുന്നവന്റെ കാര്യം പോക്കാണ്.

താത്ത്വികാചാര്യന്‍ സഖാവ് ഇ.എം. വിടവാങ്ങിയതില്‍ പിന്നീട് വിശ്വസിക്കാന്‍ കൊള്ളാവുന്ന സൈദ്ധാന്തിക ന്യായീകരണങ്ങള്‍ക്ക് ക്ഷാമമുണ്ട്. ഇപ്പോള്‍ മുന്നില്‍ ഇരുട്ടൊന്നുമില്ല. നല്ല വെളിച്ചമാണ്. റാന്തലൊന്നുമല്ല, മുന്തിയ എല്‍.ഇ.ഡി. വിളക്കുകളുമായി പലരും നില്‍പ്പുണ്ട്. ബേബിയല്ലാത്ത എം.എ. ബേബി, ഡോക്ടറല്ലാത്ത ഡോ. തോമസ് ഐസക്ക്, കോടിയേരി, പിണറായി, എസ്.ആര്‍.പി. തുടങ്ങിയ പലരുമുണ്ട്. വെളിച്ചം കണ്ണിലടിച്ചിട്ട് ഒന്നും കാണാന്‍ വയ്യെന്നുമാത്രം. നാലാള്‍ നാല് വഴിയാണ് കാട്ടുന്നത് എന്നുപോലും മനസ്സിലാവുന്നില്ല.
ലീഗ് മതേതരപാര്‍ട്ടിയാണെന്ന് പറയാനാവില്ല എന്ന ബേബി ഡയലോഗിന് ഇ.എം.എസ്. ഡയലോഗിന്റെ ചുവയെങ്കിലുമുണ്ട്. ലീഗ് മതേതരപാര്‍ട്ടിയാണെന്ന് ലീഗുപോലും അവകാശപ്പെടാത്തതുകൊണ്ട് അതൊരു പ്രശ്‌നമല്ല. ലീഗ് മതപാര്‍ട്ടിതന്നെ. പക്ഷേ, ലീഗ് വര്‍ഗീയപാര്‍ട്ടിയാണോ എന്നതാണ് ചോദ്യം. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന, നാട് കുട്ടിച്ചോറാക്കുന്ന വര്‍ഗീയഭൂതമാണോ എന്നതാണ് ചോദ്യം. ഉത്തരം പറയാന്‍ പ്രയാസമുണ്ട്. ആലോചിക്കാതെ അതുമിതും പറഞ്ഞാല്‍ ചിലപ്പോള്‍ യു.ഡി.എഫുമായി പിണങ്ങിനില്‍ക്കുന്ന ലീഗുകാരുടെ വോട്ട് കിട്ടാതെപോകും. വല്ലാതെ അവരെ സുഖിപ്പിക്കാന്‍ നോക്കിയാല്‍ ഹിന്ദുവോട്ടുകള്‍ കിട്ടാതെപോവും. ധര്‍മസങ്കടമാണ്.

 എന്തായാലും തീരുമാനമൊന്നും ഉടനെ ഉണ്ടാവില്ല. പാര്‍ട്ടി എന്തുപറയുന്നു എന്നറിയാന്‍ നോക്കിയിരിപ്പാണ് വി.എസ്. അച്യുതാനന്ദന്‍. അതറിഞ്ഞശേഷമല്ലേ അതിനെ എതിര്‍ക്കാന്‍ പറ്റൂ.  സി.പി.എം. എന്തുപറഞ്ഞാലും സി.പി.ഐ. അതിനെതിരാണ്. അക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നുമില്ല. അതുകൊണ്ട് തീരുമാനം ഉണ്ടാവില്ല. മാത്രവുമല്ല, കാല്‍നൂറ്റാണ്ടോളം മുമ്പ് ഹര്‍ക്കിഷന്‍സിങ് സുര്‍ജിത്തിന്റെകൂടി ഉപദേശത്തോടെ മുസ്ലിംലീഗ് വിട്ട് നല്ല ഒന്നാന്തരം സെക്യുലര്‍ പേരുമിട്ട് കാത്തുനില്‍ക്കുന്ന ഐ.എന്‍.എല്ലിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതാണ് സഖാവ് പിണറായി പറഞ്ഞത്, സിദ്ധാന്തം തര്‍ക്കിക്കാനുള്ള സമയമല്ല ഇതെന്ന്. വോട്ടുചെയ്യുന്ന കാര്യത്തില്‍മാത്രം ആര്‍ക്കും ആശയക്കുഴപ്പം വേണ്ട. എല്ലാവരും എല്ലാം മറന്ന് ഇടതുമുന്നണിക്ക് വോട്ടുചെയ്യുക. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഇനി നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും.    

                                                                            ****

യു.ഡി.എഫുകാരെ കണ്ടുപഠിക്കണം. ഇങ്ങനത്തെ യാതൊരു പ്രശ്‌നവും അവര്‍ക്കില്ല. വളരെ ക്ലിയറായ താത്ത്വിക ലൈനാണ്. പരമാവധി സ്ഥലത്ത് തമ്മില്‍ത്തല്ലുണ്ട്. സ്ഥാന ആര്‍ത്തി എന്ന ലഘുവായ രോഗംമാത്രം. ഇത്രയും പേര്‍, ഇത്രയും കക്ഷികള്‍ ഓരോ സീറ്റിനുംവേണ്ടി കടിപിടി കൂടുന്നതുതന്നെ നല്ല ലക്ഷണമായാണ് അവര്‍ കാണുന്നത്. നല്ല ജയസാധ്യതയുള്ളതുകൊണ്ടാണ് ആളുകളിങ്ങനെ ആര്‍ത്തിപിടിച്ചുവരുന്നത് എന്ന് തോന്നിപ്പോകും. ആവണമെന്നില്ല. വോട്ടെടുപ്പില്‍  തോല്‍ക്കുന്ന സ്ഥാനാര്‍ഥിയും ജയിക്കുന്നുണ്ട് പല കാര്യങ്ങളില്‍. സ്വാശ്രയ സ്ഥാനാര്‍ഥിയായി പണം പിരിച്ചുകൂടേ?  നല്ല ഫ്‌ളക്‌സ് ബോര്‍ഡില്‍ കളര്‍ ഫോട്ടോ ആയി തൂങ്ങിക്കിടന്നുകൂടേ? ഒരിക്കലെങ്കിലും ഇങ്ങനെ തൂങ്ങിക്കിടന്നിട്ട് മരിച്ചാല്‍മതി എന്ന് മോഹിക്കുന്നവര്‍തന്നെ ഇപ്പോള്‍ ധാരാളമുണ്ട്.
യു.ഡി.എഫ്. വര്‍ഗീയതയ്ക്ക് എതിരാണ്. പക്ഷേ, അത് പറഞ്ഞുകൊണ്ടേയിരിക്കില്ല. വെറുതേ പറഞ്ഞുപറഞ്ഞ് എന്തിന് വോട്ട് കളയണം ? മോദിയെയും ഹിന്ദുത്വലൈന്‍കാരെയും മനസ്സുകൊണ്ട് സ്തുതിക്കുന്നവര്‍ ബി.ജെ.പി.ക്ക് പുറത്തും ധാരാളമുണ്ട്. എന്തിന് വെറുതേ പ്രകോപിപ്പിക്കണം? വെള്ളാപ്പള്ളി നടേശനെപ്പോലും വെറുതേ പ്രകോപിപ്പിക്കേണ്ട.
കഴിഞ്ഞ നാലരവര്‍ഷമായി പരസ്യമായി വിമര്‍ശിക്കുകയും വേണ്ടപ്പോഴെല്ലാം സഹായിക്കുകയുംചെയ്ത ആളല്ലേ. ഇത്തവണ അദ്ദേഹം മനസ്സുവെച്ചാല്‍ കുറച്ചെങ്കിലും കമ്യൂണിസ്റ്റ് ഈഴവ വോട്ട് തിരിച്ചുവിടാം, അത്രയും ജയസാധ്യത യു.ഡി.എഫിന് കൂടും. അതുകൊണ്ട് അവര്‍ വികസനം, പേപ്പട്ടിശല്യം, വെയിലിന്റെ ചൂട് തുടങ്ങിയ ശാശ്വതമൂല്യങ്ങളുള്ള വിഷയങ്ങളെക്കുറിച്ചേ സംസാരിക്കൂ. വര്‍ഗീയതയും ഫാസിസവുമൊക്കെ അവിടെ നില്‍ക്കട്ടെ.
                                                                       ****
 കേരളംപോലുള്ള ഒരു കൊച്ചുസംസ്ഥാനത്തിലെ പാര്‍ട്ടിഘടകത്തിന് പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങളൊന്നും വലിയ വിലകല്പിക്കാറില്ല. പലപ്പോഴും കേന്ദ്രമന്ത്രിസ്ഥാനംപോലും കിട്ടില്ല. ഇപ്പോഴിതൊന്നുമല്ല അവസ്ഥ. കേരളത്തിലെ ബി.ജെ.പി.ക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ കേരളഘടകത്തെ പിടിച്ചുകെട്ടി ബലമായി പോഷകങ്ങള്‍ തീറ്റിക്കുകയാണ് അമിത് ഷായും മോദിജിയും. നിരാഹാരസമരം കിടന്ന് ചാവാന്‍ ശ്രമിക്കുന്നവനെ തീറ്റിക്കുന്നതുപോലെയുള്ള കേന്ദ്രന്റെ ബലാത്കാരപീഡനം. വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയതോടെ, നടേശനോട് ചോദിച്ചുവേണം പാര്‍ട്ടി ഇവിടെ എന്തെങ്കിലും ചെയ്യാനെന്ന നിലയുണ്ടായി. പോകട്ടെ, അത് കുറച്ച് സഹിക്കാം, വോട്ട് കിട്ടുമെങ്കില്‍. നടേശന്‍ മിസ് കോളടിച്ച് മെമ്പര്‍ഷിപ്പെടുത്ത് സംസ്ഥാന പ്രസിഡന്റാവുകയില്ല എന്നെങ്കിലും സമാധാനിക്കാമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. പുറത്തുനിന്ന് ആരാണ് കേറിവരിക, ആരാണ് നാളെ പ്രസിഡന്റാവുക, ആരെയൊക്കെയാണ് പുറത്താക്കുക എന്നൊന്നും പറയാനാവില്ല. ആരും വരാം. മിസ്‌കോള്‍ അടിച്ചാല്‍ മതി. സീറ്റും വേണ്ട, അക്കൗണ്ടും തുറക്കേണ്ട, കുറച്ചുവോട്ട് വാങ്ങിയും കുറച്ചുവോട്ട് വിറ്റും സമാധാനപൂര്‍വം ജീവിച്ചുപോരുകയായിരുന്നു പത്തുമുപ്പത്തഞ്ച് കൊല്ലം. ഇനിയെന്താവുമോ എന്തോ...


1

Sunday, 18 October 2015

പുരസ്‌കാര തിരസ്‌കാരം

ഡോ. മന്‍മോഹന്‍ സിങ് കാലത്ത് പുരസ്‌കാരങ്ങള്‍ കിട്ടിയവര്‍ വീടിന്റെ അട്ടത്തും പറമ്പിന്റെ ഓരങ്ങളിലും ഉപേക്ഷിച്ചിരുന്ന പുരസ്‌കാരഫലകങ്ങള്‍ തപ്പിപ്പിടിച്ച് പൊടിതട്ടി ഡല്‍ഹിക്ക് തിരിച്ചയയ്ക്കുന്നുണ്ട്. മോദിജി ഇനിയും മൗനം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ കാലത്ത് കൊടുത്ത സാധനങ്ങളും തിരഞ്ഞുപിടിച്ച് മിസൈല്‍ പോലെ ദല്‍ഹിക്ക് തൊടുക്കും.
രാജ്യത്തുടനീളം സാഹിത്യകാരന്മാര്‍ക്കിടയില്‍ പുരസ്‌കാര തിരസ്‌കാര ജ്വരം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണല്ലോ. മോദി സര്‍ക്കാര്‍ ഇതുകണ്ട് ഞെട്ടുകയും വിറയ്ക്കുകയും  രക്ഷപ്പെടാന്‍ എഴുത്താളര്‍ വര്‍ഗത്തിന്റെ കാല്‍ക്കല്‍ വീണ് മാപ്പ് അപേക്ഷിക്കുകയും ചെയ്യും എന്നായിരുന്നു വിചാരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ് ആദ്യമൊക്കെ ത്യജിച്ചിരുന്നത്. ഇങ്ങോട്ട് വന്ന അവാര്‍ഡുകള്‍ ബൂമറാങ്ങായി അങ്ങോട്ടുതന്നെ തിരിച്ചുചെന്നിട്ടും ഭരണചക്രം തിരിക്കുന്നവരില്‍ ലവലേശം കൂസല്‍ ദൃശ്യമായില്ല. അതിനെ തുടര്‍ന്ന്, ഡോ.മന്‍മോഹന്‍ സിങ്ങ് കാലത്ത് കിട്ടിയ, വീടിന്റെ അട്ടത്തും പറമ്പിന്റെ ഓരങ്ങളിലും ഉപേക്ഷിച്ചിരുന്ന പുരസ്‌കാരഫലകങ്ങള്‍ തപ്പിപ്പിടിച്ച് പൊടിതട്ടി തിരിച്ചയച്ചു.. മോദിജി ഇനിയും മൗനം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ കാലത്ത് കൊടുത്ത സാധനങ്ങളും തിരഞ്ഞുപിടിച്ച് മിസ്സൈല്‍ പോലെ ദല്‍ഹിക്ക് തൊടുക്കും. കാണാമല്ലോ, സംഘപരിവാരം എത്ര പിടിച്ചുനില്‍ക്കുമെന്ന്. 
ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്. പണ്ട് താമ്രപത്ര ബഹുമതി കിട്ടിയതിനെകുറിച്ച് ചോദിച്ചപ്പോള്‍, മുറ്റത്ത്  പാഞ്ഞുകേറുന്ന പട്ടിയെ എറിയാന്‍ ബെസ്റ്റാണ് അത്  എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത്. മോദിയെ എറിയാന്‍ വേറെ കൈവശമൊന്നുമില്ലാത്തതുകൊണ്ടാണ് പുരസ്‌കാരം തിരിച്ചെറിഞ്ഞത്. ഒരോന്നും എറിയുന്നതിന് മുമ്പ് അതിന്റെ ഉത്ഭവത്തെ കുറിച്ച് ഗവേഷണം നടത്താനാവില്ലല്ലോ. അല്ലെങ്കിലും സര്‍ക്കാറാണോ സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ? പ്രധാനമന്ത്രിയാണോ ഇതിന്റെ ലിസ്റ്റ് തയ്യാറാക്കുന്നത് ? ആയിരുന്നെങ്കില്‍ അവാര്‍ഡ് വാങ്ങാനേ പാടില്ലല്ലോ. സാഹിത്യ അക്കാദമി ഒരു സര്‍ക്കാര്‍ സ്ഥാപനമേ അല്ലെന്നൊരു വാദവും ഉണ്ട്. സാഹിത്യ അക്കാദമി സാഹിത്യം നടത്താന്‍ സാഹിത്യകാരന്മാര്‍ക്ക് ജനം ഉണ്ടാക്കിക്കൊടുത്ത സ്ഥാപനമാണ്. മോദിയോട് പ്രതിഷേധിച്ച് അക്കാദമിക്ക് കല്ലെറിയുന്നത്, ചാനല്‍ ചര്‍ച്ച കേട്ട് സമനില തെറ്റി വീട്ടിലെ ടിവി വെട്ടിപ്പൊളിക്കുന്നത് പോലെയല്ലേ എന്ന ചോദ്യമുണ്ട്. അതിനൊക്കെ മറുപടി പിന്നെ പറയാം. തല്‍ക്കാലം അവാര്‍ഡ് ഏറ് തുടരും.

അവാര്‍ഡ് തിരിച്ചുനല്‍കുന്നവര്‍ അതിന്റെ അഭിനന്ദനപത്രവും ഒപ്പം കൊടുക്കാറുള്ള എടുത്താല്‍ പൊങ്ങാത്ത വിചിത്ര ശില്പവും ആണോ തിരിച്ചുകൊടുക്കുക ?  കൂടെക്കിട്ടിയ കാശ് തിരിച്ചുകൊടുക്കുമോ ?  കെ.ജി.ശങ്കരപ്പിള്ള  ചോദിച്ചതുപോലെ അവാര്‍ഡ് എന്നാല്‍ കാശും പ്രസംശാപത്രവും മാത്രമാണോ ? അന്ന് കിട്ടിയ അഭിനന്ദന എസ്.എം.എസ്സുകള്‍ തിരിച്ചയക്കാന്‍ പറ്റുമോ, സ്വീകരണങ്ങള്‍ ക്യാന്‍സലാക്കുമോ ? പതങ്ങളില്‍വന്ന വെണ്ടയ്ക്കാതലക്കെട്ടുകള്‍, ടെലിവിഷന്‍ അഭിമുഖങ്ങള്‍..... പുരസ്‌കാരത്തേക്കാള്‍ പബ്ലിസിറ്റി പലപ്പോഴും തിരസ്‌കാരങ്ങള്‍ക്ക്  കിട്ടും. മുമ്പൊരു സാഹിത്യനായകനെ അക്കാദമിയില്‍ നിന്ന് വിളിച്ച് അവാര്‍ഡ് താങ്കള്‍ക്കാണ് എന്ന് പറഞ്ഞപ്പോള്‍ ബഹുസന്തോഷം എന്ന് പറയുകയും അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പിറ്റേന്ന് നിരസിക്കുകയും ചെയ്തതായി കേട്ടിരുന്നു. ഡസന്‍ ആളുകള്‍ക്കൊപ്പം സ്റ്റാമ്പ് പോലൊരു ഫോട്ടോ ആണ് പത്രത്തില്‍ അവാര്‍ഡ് വാര്‍ത്തയ്‌ക്കൊപ്പം വന്നത്. എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്ക് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പിന് ഇതിലും വലിയ ഫോട്ടോ വരും. സാഹിത്യനായകന്‍ ഉടനെ പത്രസമ്മേളനം വിളിച്ച് അവാര്‍ഡ് നിരസിച്ചു. ഒരാഴ്ച് നീണ്ടുനിന്നു അതിന്റെ മാധ്യമ ആഘോഷം. അല്ല പിന്നെ...
നരേന്ദ്രമോദിയുടെ ഭരണ കാര്യസ്ഥന്മാര്‍ പരിഭ്രമിച്ചിരിക്കുന്നു എന്നത് ശരിയാണ്. അതുപക്ഷേ, അവാര്‍ഡ് തിരസ്‌കാരം കൊണ്ടല്ല. അക്കാദമിയുടെ കമ്മിറ്റികളില്‍ സ്ഥാനം വഹിക്കുന്ന നിരവധി ആളുകള്‍ രാജിവെച്ചുകൊണ്ടിരിക്കുന്നത് സീരിയസ് പ്രശ്‌നമാണ്. എന്തോ ഭാഗ്യത്തിന് ചെയര്‍മാന്‍ രാജിവെച്ചിട്ടില്ല. പുതിയ ചെയര്‍മാനെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇതിനൊക്കെ എവിടെ ആളെത്തിരയാനാണ് ? ഇടതുപക്ഷത്ത് കൊടിപിടിക്കുന്നവരൊക്കെ ബുദ്ധിജീവികളാണ്. കോണ്‍ഗ്രസ് സര്‍ക്കാറിന് ഇടതുപക്ഷത്ത് നിന്ന് ബുദ്ധിജീവികളെ കടമെടുക്കാം. സംഘപരിവാറിന് സ്വന്തം വക ഇക്കൂട്ടര്‍ ഇല്ല, കടമെടുക്കാനും കിട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തലവനായി ഭക്തി സിനിമയിലെ നടനെ നിയമിച്ചതിന്റെ പുകില്‍ തീര്‍ന്നിട്ടില്ല. ഡസന്‍ കണക്കിന് കമ്മിറ്റി ഒഴിവുകള്‍ ഉണ്ട്. പേടിക്കാനില്ല. കേരളത്തില്‍ ഒരു ഡസന്‍ ആളുകള്‍ പുരസ്‌കാര തിരസ്‌കാരികള്‍ക്ക് എതിരെ പ്രസ്താവനയിറക്കാന്‍ ധൈര്യമായി മുന്നോട്ട് വന്നിരുന്നല്ലോ. അവരെ പരിഗണിക്കാന്‍ ആരോടും ചോദിക്കേണ്ട. വിഷമഘട്ടത്തില്‍ പിന്താങ്ങാന്‍ വരുന്നവരെ മരണംവരെ നമ്മള്‍ വിസ്മരിക്കരുത്. പുരസ്‌കാര തിരസ്‌കാരം തുടങ്ങിയ  ചില്ലറ പരിപാടികള്‍ വല്ലതും ഇനിയും കൈവശം ബാക്കിയുണ്ടെങ്കിലും വേഗം പുറത്തെടുക്കുന്നതാവും നല്ലത്. പിന്നീട് ഇതിനൊന്നും സമയം കിട്ടിയെന്ന് വരില്ല. ഫാസിസത്തിന്റെ വരവാണെന്നാണല്ലോ നമ്മള്‍ ഉറച്ചുവിശ്വസിക്കുന്നത്. എങ്കില്‍ ഈ ജാതി പ്രതിഷേധമൊക്കെ ആനയെ ഉറമ്പ്  കടിച്ചതിന് അപ്പുറം ഒന്നുമല്ല. അവാര്‍ഡ് വലിച്ചെറിഞ്ഞാലൊന്നും ഫാസിസ്റ്റുകള്‍ പേടിക്കില്ല. ഫാസിസത്തിന് തീവ്രത കൂടുന്നതിന്റെ അതേ അനുപാതത്തില്‍ സാഹിത്യനായകന്മാരുടെയും സമാന ബുദ്ധിജീവികള്‍കളുടെയും ഫാസിസ്റ്റ് വിരോധത്തിന് തീവ്രത കുറഞ്ഞുവരും എന്നത് ചരിത്രം. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഫാസിസ്റ്റ് വിരോധികളായ കേരളത്തിലെ സിംഹഗര്‍ജനക്കാരും ബഹുഭാഷാപണ്ഡിതന്മാരും മറ്റും മറ്റും ഇന്ദിരാഗാന്ധിക്ക് സ്തുതിഗീതങ്ങള്‍ എഴുതിത്തളരുകയായിരുന്നു. അടിയന്തരാവസ്ഥ ലോകം കണ്ടതില്‍വെച്ചേറ്റവും ദുര്‍ബലവും പരിഹാസ്യവുമായ ഏകാധിപത്യമായിരുന്നു. ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാധ്യമ പുലികള്‍ക്കും ഭാഗ്യമുണ്ടെങ്കില് ഒറിജിനല്‍ 'മെയ്ക് ഇന്‍ ഇന്ത്യ' സാധനം കാണാന്‍ പറ്റിയേക്കും. ധൃതിപ്പെടരുത്.
****
ജയിലിലല്ലെങ്കിലും ജയിലിലെന്ന പോലെ കഴിഞ്ഞുകൂടുന്ന രണ്ട് സഖാക്കളെ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളാക്കിയത് ബൂര്‍ഷ്വാകള്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. പാര്‍ട്ടിക്കകത്തെ ചില ബൂര്‍ഷ്വാകള്‍ക്കും പിടിച്ചിട്ടില്ല. കൊലക്കേസ് പ്രതികളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി എന്നതിനുള്ള ന്യായങ്ങള്‍ പറയാം. ശ്രദ്ധിച്ചുകേള്‍ക്കണം. 
ഒന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെങ്കില്‍, മത്സരിക്കുന്ന ആള്‍ക്ക് പ്രചാരണം നടത്താനും അവകാശമുണ്ട്. കണ്ണൂരില്‍ പോകേണ്ട, പ്രചാരണം എറണാകുളത്ത് നടത്തിയാല്‍മതി എന്ന് കോടതി പറയില്ല. തിരഞ്ഞെടുപ്പ് ജയിച്ചാലും ഇല്ലെങ്കിലും അത്രയും നാള്‍ നാട്ടില്‍ തങ്ങാന്‍ പറ്റിയാല്‍ കാരായിമാര്‍ക്ക് അത്രയും കാര്യായി. രണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ധരിക്കേണ്ട. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലടച്ചിരുന്ന പാട്യം ഗോപാലനെ  ജയിപ്പിച്ചത് ഇതേ കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍മാരാണ് എന്ന് പി.ജയരാജന്‍ ദേശാഭിമാനി ലേഖനത്തില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. കാരായിമാരെ കണ്ണൂരില്‍ കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അതുമതി രണ്ട് സീറ്റ്  ജയിക്കാന്‍. രാജ്യദ്രോഹക്കുറ്റത്തേക്കാള്‍ വലുതല്ലല്ലോ കൊലക്കുറ്റം.
മൂന്ന്. പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും ഒരു കൊലക്കേസ്സിലും കുറ്റവാളിയല്ല. പ്രതിയായിരിക്കും, കുറ്റവാളിയല്ല. ബൂര്‍ഷ്വാകോടതി ശിക്ഷിച്ചാലും പാര്‍ട്ടിക്കോടതിയില്‍ അവര്‍ക്ക് ശിക്ഷയില്ല. അവര്‍ ആദരണീയര്‍, മഹാന്മാര്‍, ത്യാഗികള്‍. പാര്‍ട്ടിപ്രവര്‍ത്തകരായ എല്ലാ കൊലക്കേസ് പ്രതികളും നിരപരാധികളാണ്. ജയിലില്‍ കുറ്റവാളിയായ ഒരു പ്രവര്‍ത്തകനുമില്ല. അതുകൊണ്ട് ഫൈസല്‍ കൊലക്കേസ് പ്രതിയെ അല്ല, ഏത് കൊലക്കേസ് പ്രതിയായി പാര്‍ട്ടിക്കാരനെയും സ്ഥാനാര്‍ത്ഥിയാക്കും. അടുത്ത തവണ സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തുമ്പോള്‍ ജയിലിലുള്ള പാര്‍ട്ടിക്കാര്‍ക്ക് സംവരണം  ഏര്‍പ്പെടുത്തുന്നതും ആലോചിക്കാവുന്നതാണ്. 
ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍ അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടാല്‍ ഉടന്‍ രാജിവെച്ചുപോയ്‌ക്കൊള്ളണം, അത് അഴിമതിയാകട്ടെ മറ്റെന്തുമാവട്ടെ. കോടതി വിട്ടാലും പാര്‍ട്ടി അവരെ വെറുതെ വിടില്ല. കൊലക്കേസ്സില്‍ കോടതി ശിക്ഷിച്ചാലും പാര്‍ട്ടിപ്രവര്‍ത്തകന്‍ കുറ്റവാളിയല്ല. യേത് ?
                                                                  ****
ആളുകള്‍ മൊത്തത്തില്‍ തെറ്റിദ്ധാരണകളിലും ദുര്‍വ്യാഖ്യാനങ്ങളിലും മുങ്ങിച്ചാവുകയാണ്. പാവപ്പെട്ട സ്പീക്കര്‍ ശക്തന്‍ തമ്പുരാന്‍,  കുനിഞ്ഞ് ചെരിപ്പിടാന്‍ കഴിയാത്തതുകൊണ്ട് പരസ്സഹായം തേടിയത് ഭയങ്കര കുറ്റ കൃത്യമായിപ്പോയി. ബഹു.സ്പീക്കര്‍ തലയില്‍ തൊപ്പിയിടാനോ ഷര്‍ട്ടിടാനോ മുണ്ടുടുക്കാനോ കൈയില്‍ വാച്ച് കെട്ടാനോ ആയിരുന്നു പരസ്സഹായം തേടിയിരുന്നത് എങ്കില്‍ ബഹളം വല്ലതും ഉണ്ടാകുമായിരുന്നോ ?  ഇല്ല. അപ്പോള്‍ കാല്‍ എന്നും ചെരിപ്പ് എന്നും പറയുന്ന സാധനങ്ങള്‍ ഹീനങ്ങളാണ്.  അതാര് തീരുമാനിച്ചതാണ് ?  ചില അവയവങ്ങളും  ചില വസ്തുക്കളും അധ:കൃതരും അവര്‍ണരും തൊട്ടുകൂടാത്തതും ആയതിന്റെ നീതി ശാസ്ത്രം എന്താണ് ?  എല്ലാം തെറ്റിദ്ധാരണയാണെന്ന് ഉറപ്പിച്ചുപറയണം ബഹു സ്പീക്കറെ... സിദ്ധാന്തം പറഞ്ഞാലേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ.
ബഹു.സ്പീക്കര്‍ക്കും ഉണ്ട് ചില തെറ്റിദ്ധാരണകള്‍. തന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ ഒട്ടും സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പണി അതാണെന്നത് ഒരു തെറ്റിദ്ധാരണ. രണ്ടാമത്, ശക്തന്‍ വളര്‍ന്നു എന്നത്. അതൊരു തോന്നലാണ്. സത്യമാവണമെന്നില്ല.

nprindran@gmail.com

Sunday, 11 October 2015

മാധ്യമസ്ഥാപനങ്ങളിലെ തൊഴില്‍ അവസ്ഥ

കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിലെ തൊഴില്‍ അവസ്ഥയെകുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍-കേരളീയം മാസികയില്‍ പ്രസിദ്ധപ്പെടുത്തിയത്.


വേണം വികാരാവകാശനിയമംമന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് കേന്ദ്രത്തില്‍ പലപല അവകാശനിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ തിരക്കായിരുന്നു. എന്നാല്‍, അഴിമതിയവകാശമാണ് കാര്യമായി നടപ്പാക്കിയത് എന്ന് ആക്ഷേപമുണ്ട്. അതുപോകട്ടെ. നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ അവകാശനിയമമൊന്നും കൊണ്ടുവന്നിട്ടില്ല. പക്ഷേ, പുതിയൊരു അവകാശം രാജ്യത്തെങ്ങും തലയുയര്‍ത്തുന്നുണ്ട്. അത് നിയമമാകുന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇവിടെ വിവരം അവകാശമാണ്, വിദ്യാഭ്യാസം അവകാശമാണ്, ഭക്ഷണം അവകാശമാണ്, തൊഴില്‍ അവകാശമാണ്, ശമ്പളം അവകാശമാണ്, തൊഴില്‍ കിട്ടിയാല്‍ പണിയെടുക്കാതെ ശമ്പളം കിട്ടുക അവകാശമാണ്. പക്ഷേ, മനുഷ്യന് ശരിക്കൊന്നു വികാരംകൊള്ളാന്‍ അവകാശമില്ല! അതുകൊണ്ട് വികാരം മൗലികാവകാശമാക്കണം. വിവേകം, വിനയം, നിയമം, ധര്‍മം, ശാന്തി തുടങ്ങിയവയ്‌ക്കെല്ലാം മേലേ നില്‍ക്കണം വികാരം. വികാരംകൊണ്ടാല്‍ പോരാ, ഇടയ്ക്കിടെ അത് വ്രണപ്പെടുകയും വേണം. വ്രണപ്പെടുത്തിയവനെ കൊല്ലണം. വെടിവെച്ചുകൊല്ലാം, അല്ലെങ്കില്‍ തല്ലിക്കൊല്ലാം. എന്തേ പാടില്ലേ? 

ഉത്തരപ്രദേശില്‍ മാട്ടിറച്ചി കഴിച്ചു എന്ന് ധരിച്ചോ തെറ്റിദ്ധരിച്ചോ ഒരാളെ തല്ലിക്കൊന്നതിന് ഗോ പാലകന്മാരെ കുറ്റപ്പെടുത്തരുതേ.. അയലത്തെ അടുക്കളയില്‍ എന്താണ് വേവിക്കുന്നതെന്നറിയാന്‍ മണംപിടിക്കുക പുതിയ കാലത്ത് വളരെ അത്യാവശ്യമായ രാഷ്ട്രസേവനമാണല്ലോ. പക്ഷേ, എല്ലാ മണവും തിരിച്ചറിയാന്‍ പറ്റണമെന്നില്ല. എന്താണ് വേവിക്കുന്നതെന്ന് കണ്ടെത്താന്‍ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് യന്ത്രം കണ്ടുപിടിച്ച്  ലഭ്യമാക്കണം.  ഇല്ലെങ്കില്‍ ദാദ്രി പലേടത്തും ആവര്‍ത്തിക്കും. മാട്ടിറച്ചിയാണ് വേവിച്ചതെന്ന് കേട്ട് വികാരമുണര്‍ന്നതും ആളെക്കൂട്ടി ഇറച്ചി തിന്നവനെ തല്ലിക്കൊന്നതും ആണോ തെറ്റ്? ഏത് ഇറച്ചിയാണ് വേവിച്ചത് എന്ന് കണ്ടുപിടിക്കാന്‍ സംവിധാനമില്ലാഞ്ഞാല്‍ എന്തുചെയ്യും? ജനവികാരം തത്കാലം കോഴിയിറിച്ചി തിന്നുന്നവര്‍ക്കെതിരെയല്ല, പശുവിനെ തിന്നുന്നവര്‍ക്കെതിരെയാണ്. പശുവിനെ രക്ഷിച്ചുകഴിഞ്ഞതിന് ശേഷം വേണം കോഴിയിലേക്ക് കടക്കാന്‍.  ആത്യന്തികലക്ഷ്യം വെജിറ്റേറിയന്‍ ആര്‍ഷഭാരതം തന്നെ.


വല്ലവനും വല്ലതും തിന്നുന്നത് കണ്ട് വികാരമിളകുന്നത് പുതിയ രോഗമാണ്. വികാരം ഇളകി ആളെക്കൊല്ലുന്നത് അതിലേറെ പുതിയ രോഗമാണ്. കിഴക്കന്‍ ഭാരതത്തില്‍ പട്ടിയെ തിന്നുന്നവരുണ്ട്, പാമ്പിനെ തിന്നുന്നവരുണ്ട്. കേരളത്തിലുള്ളവര്‍ ആടിനെ തിന്നുന്ന അതേ രസത്തില്‍ത്തന്നെയാവണം അവര്‍ പട്ടിയെയും പാമ്പിനെയും തിന്നുന്നത്. മേനകാഗാന്ധി പോലും അവിടെപ്പോയി വികാരം കൊള്ളാറില്ല. കേരളത്തിലെ തെരുവുപട്ടിപ്രശ്‌നം പരിഹരിക്കാന്‍ അന്നാട്ടുകാരെ വണ്ടിക്കൂലി കൊടുത്ത് ഇവിടെ കൊണ്ടുവന്ന് പാര്‍പ്പിക്കണമെന്ന് ആരോ നിര്‍ദേശിച്ചതായി കേട്ടിരുന്നു. സര്‍ക്കാര്‍ അതിന് വേണ്ടത്ര ഗൗരവം കൊടുത്തുകണ്ടില്ല. കണ്ടാല്‍ അറപ്പ് തോന്നുന്ന സകലയിനം ജീവികളെയും ലോകത്തില്‍ എവിടെയെങ്കിലും ആരെങ്കിലുമൊക്കെ കൊന്നുതിന്നുന്നുണ്ട്. അറപ്പ് നമുക്കാണ്, അവര്‍ക്കല്ല.

പശു മൃഗമല്ല, അമ്മയാണ് എന്ന് പറയാനും സ്വാതന്ത്ര്യമുണ്ട്. അത് അവരുടെ വിശ്വാസമാണ്. പശു എന്റെ അമ്മ മാത്രമല്ല, നിന്റെയും അമ്മയാണ് എന്ന് പറയുമ്പോള്‍ സംഗതി മാറി. ലോകത്തിലെ ബഹുഭൂരിപക്ഷത്തിനും അമ്മ മൃഗമല്ല, മനുഷ്യസ്ത്രീ ആണ്. മനുഷ്യന്‍ ഭക്ഷണം വേവിച്ചുതിന്നാന്‍ തുടങ്ങിയ കാലം മുതല്‍ കുറേ മനുഷ്യര്‍ പശുവിനെയും വേവിച്ച് തിന്നുന്നുണ്ട്. പിന്നെ കുറെക്കാലം കഴിഞ്ഞ് പശു വിശുദ്ധമാണെന്ന് തോന്നി കുറെപ്പേര്‍ അതിനെ കൊല്ലാതെയും തിന്നാതെയും പൂജിക്കുന്നുണ്ട്. കൊല്ലരുതെന്ന് മറ്റുള്ളവരോട് പറയുന്നതിലും തെറ്റില്ല. പുറത്തുനിന്ന് വന്ന കുറേപ്പേര്‍ വാള്‍മുന കൊണ്ട് പലതും അടിച്ചേല്പിച്ച രാജ്യമാണ് ഭാരതം. വിശ്വാസം അതില്ലാത്തവരിലും അടിച്ചേല്പിക്കുന്നതിന് പണ്ട് പ്രാകൃതത്വം, കാട്ടാളത്തം എന്നും മറ്റുമുള്ള ലഘുവായ പേരുകളേ ഉണ്ടായിരുന്നുള്ളു. ഫാസിസം പോലുള്ള ഇംഗ്ലീഷ് പേരുകള്‍ ഉണ്ടായത് ആറേഴ് പതിറ്റാണ്ട് മുമ്പ് മാത്രമാണ്. 

അതിനിടെ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നു. ജേഴ്‌സി പശുവിനെ കൊല്ലുകയും തിന്നുകയുമൊക്കെ ചെയ്യുന്ന കൂട്ടര്‍ ഗോവധ നിരോധത്തില്‍നിന്ന് ജേഴ്‌സി പശുവിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പശു മാത്രമാണോ വിശുദ്ധപശു? സേക്രഡ് കൗ എന്ന് ഇംഗ്ലീഷുകാരന്‍ പറഞ്ഞത് ജേഴ്‌സി പശുവിനെ കുറിച്ചാണോ? വിദേശപശു ഗോമാതാവ് എന്ന നിര്‍വചനത്തില്‍ പെടുമോ?  ഇതൊരു താത്ത്വികപ്രശ്‌നമാണ്, വി.എച്ച്.പി.യുടെ ആചാര്യസഭ ചര്‍ച്ച ചെയ്യേണ്ടിവരും. അവര്‍ ഫത്‌വ ഒന്നും ഇറക്കിക്കണ്ടില്ല. ചില ബി.ജെ.പി. ആശാന്മാര്‍ ഗോവധനിരോധനം ജേഴ്‌സിക്കും ബാധകമാണെന്നും മദാമ്മപ്പശുവും ഗോമാതാവ് തന്നെയാണെന്നും നിലപാട് എടുത്തിട്ടുണ്ട്. ഭിന്നാഭിപ്രായം ഉണ്ട്. ബ്രിട്ടീഷ് പശുക്കള്‍ രാക്ഷസന്മാരുടെ അവതാരമാണെന്നും അവറ്റകളുടെ പാല്‍ കുടിക്കുന്നത് കുട്ടികളില്‍ ദുഷ്ടചിന്തകള്‍ വളര്‍ത്തുമെന്നും ഒരു സംഘപരിവാര്‍ ബുദ്ധിജീവി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എങ്ങനെയാണ് തീരുമാനമുണ്ടാക്കുക എന്നറിയില്ല. ജേഴ്‌സിയുടെ ജീന്‍ പരിശോധിക്കുന്നത് നല്ല ഐഡിയ ആയിരിക്കുമെന്ന് അഭിപ്രായമുണ്ട്.

വേറെ ഒരു താത്ത്വികപ്രശ്‌നവുമുണ്ട്. പാവപ്പെട്ടവരുടെ പശുവല്ലേ ആട്? എന്തുകൊണ്ടാണ് പശുവിന്റെ പവിത്രത ആടിന് കല്പിക്കാത്തത്? പാവപ്പെട്ടവന് പശു കൈയെത്താത്തത്ര ദൂരെയാണ്. ആടിനെ ആര്‍ക്കും മേയ്ക്കാം, തല്ലാം, കൊല്ലാം, തിന്നാം. മാതാവുമല്ല, സഹോദരിയുമല്ല. ആടറിയുമോ അങ്ങാടിവാണിഭം എന്ന് ചോദിച്ചതുപോലെ, ആട്, പശു വിവേചനത്തിന്റെ സൈദ്ധാന്തിക വശമൊന്നും ആടിനറിയില്ല.

വികാരാവകാശത്തിന്റെ കാര്യത്തിലേക്ക് മടങ്ങാം. മതവികാരം ആണ് മനുഷ്യന്റെ പ്രഥമവികാരം. അത് സദാ ഉണര്‍ന്നുനില്‍ക്കണം. അതിനെക്കുറിച്ച് ആരെതിര് പറഞ്ഞാലും അപ്പോള്‍ വ്രണപ്പെടണം. പശുവില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ പാടില്ല ഇതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടല്ലോ. മതം വേണ്ട, ദൈവം ഇല്ല എന്നെല്ലാം പറയുന്നവരും വികാരം വ്രണപ്പെടുത്തുന്നവരാണ്. അവരെയും കൊല്ലാം. നാലഞ്ച് ബുദ്ധിജീവികളെ ശരിപ്പെടുത്തിയിട്ടുണ്ട്. ബുദ്ധിജീവികളോട് പ്രത്യേക പരിഗണന വേണം. കല്ലെടുത്ത് കുത്തിയൊന്നും കൊല്ലരുത്. വെടിവെച്ചുകൊല്ലുന്നതാണ് ഭംഗി.

മതവികാരമാണ് മറ്റെല്ലാ വികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും മേലെ. അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ഭക്ഷണസ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം ഇതിന് താഴെ മുട്ടുകുത്തി നിന്നാല്‍ മതി. തിന്നത് പശുവിറച്ചിയാണോ ആട്ടിറച്ചിയാണോ എന്ന് നോക്കാതെത്തന്നെ മനുഷ്യനെ ഇറച്ചിയാക്കുന്നതാണ് അനുകരണീയമായ വികാരത്തിന്റെ സാമ്പിള്‍.
                                                                          ***
അധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കരുതെന്ന ഒരാവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇല്ല, അധ്യാപക സംഘടനാനേതാക്കളൊന്നും അങ്ങനെയൊരു ജനാധിപത്യവിരുദ്ധമായ ആവശ്യം ഉന്നയിക്കുകയില്ല. അവര്‍ക്കും എപ്പോഴാണ് മത്സരിക്കേണ്ടി വരിക എന്നറിയില്ലല്ലോ. പഞ്ചായത്തിലേക്ക് മാത്രമല്ല നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഒക്കെ മത്സരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെയാണ് ജനാധിപത്യം ശക്തിപ്പെടുത്തുക?
എന്തുചെയ്യാം, സ്ഥാനാര്‍ഥിത്വം കാത്തുനില്‍ക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ ബോധമില്ല. എല്ലാവര്‍ക്കും സ്വാര്‍ഥചിന്തയാണ്. ഒരാള്‍ സ്ഥിരമായി അവധിയും മുങ്ങലുമായി നടന്നാല്‍ മറ്റ് അധ്യാപകര്‍ അതിന്റെ ഭാരം മുഴുവന്‍ പേറേണ്ടി വരും എന്ന് ഓര്‍ത്തല്ലേ അവരെല്ലാം ഇതിന് എതിര് പറയുന്നത്? ഇതേ ലൈനിലാണ് ഹെഡ്മാസ്റ്റര്‍മാരും സംഗതിയെ എതിര്‍ക്കുന്നത്. അല്ലെങ്കില്‍ത്തന്നെ സ്‌കൂളിലെ പണി തീരുന്നില്ല. പണ്ട് ചെയ്തിരുന്നതിന്റെ പലയിരട്ടി പണിയാണ് ഇപ്പോള്‍. കഞ്ഞിയുണ്ടാക്കല്‍ മുതല്‍ സര്‍ക്കാര്‍ അടിച്ചേല്പിക്കുന്ന പണികള്‍ കുറച്ചൊന്നുമല്ല. മാഷന്മാര്‍ പഞ്ചായത്തില്‍ പോയിരുന്നാല്‍ എന്താവും ഹേഡ്മാഷിന്റെ അവസ്ഥ എന്നതാണ് അവരുടെ വേവലാതി.
ചത്തേടത്തും പെറ്റേടത്തും പോകലാണ് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രധാന പണിയെന്ന് പണ്ട് പറയാറുണ്ട്. ഇപ്പോഴും ആ പണി ചെയ്യണം. പക്ഷേ, വേറെ ചുമതലകള്‍ പണ്ടത്തെക്കാള്‍ പലമടങ്ങുണ്ട്. ജനപ്രതിനിധിയാകുന്ന ഒരു അധ്യാപകന്‍ പഞ്ചായത്തിലെ പണിയും അവതാളത്തിലാക്കും സ്‌കൂളിലെ പണിയും അവതാളത്തിലാക്കും പോരാ കുടുംബത്തിലെ പണിയും അവതാളത്തിലാക്കും. വേണോ മാഷേ ഇത്ര സേവന വ്യഗ്രത?
                                                                                ****
സ്ത്രീ സംവരണ വാര്‍ഡില്‍ മത്സരിക്കുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പോസ്റ്റര്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്നു. കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നുണ്ട് ഒരു യോഗ്യന്‍, പതിവ് സ്‌റ്റൈലില്‍. യോഗ്യനല്ല സ്ഥാനാര്‍ഥി, യോഗ്യന്റെ ഭാര്യയാണ്. ഈ മഹാന്റെ ഭാര്യ........യ്ക്ക് വോട്ട് ചെയ്യുക എന്ന് പോസ്റ്ററിലുണ്ട്. എന്തേ ഇങ്ങനെ എന്ന് ചോദിക്കരുത്. ഇതില്‍ മതപ്രശ്‌നമൊന്നുമില്ല കേട്ടോ, ഫോട്ടോ റെഡിയായി കിട്ടാഞ്ഞിട്ടാവും.
ഭര്‍ത്താവിന്റെ ഫോട്ടോ പോസ്റ്ററില്‍ പാടില്ല എന്നോ സ്ഥാനാര്‍ഥിയുടെ ഫോട്ടോ മാത്രമേ പാടുള്ളൂ എന്നോ ഇണ്ടാസ് ഇറക്കിയിട്ടുണ്ടോ ഇലക്ഷന്‍ കമ്മിഷന്‍? വനിതാ കമ്മിഷനുണ്ടോ എതിര്‍പ്പ്? ഏത് രംഗത്തും പുതിയ പരീക്ഷണങ്ങളെ രണ്ട് കൈയും ഉയര്‍ത്തി സ്വാഗതം ചെയ്യണം. ഇത് സ്ത്രീ വിരുദ്ധമാണെന്ന്  അഭിപ്രായമുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യട്ടെ. പുരുഷ സ്ഥാനാര്‍ഥികളുടെ വാര്‍ഡുകളില്‍ ഭാര്യയുടെ ഫോട്ടോ പോസ്റ്ററില്‍ കൊടുക്കട്ടെ. നോക്കാമല്ലോ, ഏത് തന്ത്രമാണ് കൂടുതല്‍ വോട്ട് നേടിത്തരിക എന്ന്.


Friday, 9 October 2015

ഇല്ലിക്കുന്നിന്റെ ഓര്‍മകള്‍


ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. ഒരു ബി.ഇ.എം. സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഫോട്ടോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. മിഷന്റെ ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മലബാര്‍ ചിത്രങ്ങളിലൊന്ന്. പക്ഷേ, ഈ കെട്ടിടത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് തലശ്ശേരിയിലെ ഇല്ലിക്കുന്നിലുള്ള കെട്ടിടമാണ്.  അതാണ് എന്റെ ആദ്യത്തെ വിദ്യാലയം ! ബി.ഇ.എം. എല്‍.പി.സ്‌കൂള്‍ ഇല്ലിക്കുന്നു.  1960-64 കാലത്ത് നാലാം ക്ലാസ് വരെ പഠിച്ച വിദ്യാലയം.

ഇല്ലിക്കുന്നിന്റെ പ്രശസ്തി ഞാന്‍ അവിടെ പഠിച്ചു എന്നതല്ല ! മലയാള പത്രപ്രവര്‍ത്തനത്തിന്റെ തുടക്കക്കാരനും മറ്റ് പലതുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധീകരിച്ചിരുന്നത് ഇവിടെ താമസിച്ചാണ്.

പല മങ്ങിയ ഓര്‍മകള്‍ ഈ പ്രൈമറി സ്‌കൂള്‍ കാലവുമായി ബന്ധപ്പെട്ട് എനിക്കുണ്ട്. കുട്ടിയായിരുന്നപ്പോള്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ചൊന്നും അറിഞ്ഞേ ഇല്ല. അന്നില്ലാത്ത ഒരു അറിവുകൂടി ഈയിടെ വീണുകിട്ടി. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍മാരില്‍ ഒരാള്‍ കേരളം മറക്കാന്‍ പാടില്ലാത്ത, നമ്മുടെ നവോത്ഥാനനായകരില്‍ പ്രമുഖനായി മൂര്‍ക്കോത്ത് കുമാരനായിരുന്നു.
ഞാന്‍ പിന്നീട്പഠിച്ച തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെയും ഹെഡ്മാസ്റ്ററായിരുന്നു മൂര്‍ക്കോത്ത്  പിന്നീട്. ഞാന്‍ ജനിക്കുന്നതിനും ഒന്നര-രണ്ട് ദശകം മുമ്പാവണം അത്.

അഭിമാനിക്കുന്നതിന് ഇടയില്‍ ഒരു  ദു:ഖമുണ്ട്. ഈ സ്്കൂള്‍ ഇന്നില്ല. ആദ്യം ഹൈസ്‌കൂള്‍,   അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആയി തരം താഴ്ത്തപ്പെട്ടു. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം അതും സംഭവിച്ചു.  തലശ്ശേരിയുടെ ഒരു സാംസ്‌കാരികകേന്ദ്രം എന്ന് കരുതാവുന്ന വിദ്യാലയം അടച്ചുപൂട്ടപ്പെട്ടു. ലാഭകരമല്ലാത്തതുകൊണ്ട് ! ഗുണ്ടര്‍ട്ടിന്റെയും മൂര്‍ക്കോത്തിന്റെയും ആത്മാവുകള്‍ നമ്മോട് ക്ഷമിക്കുമോ എന്തോ....