Sunday, 29 November 2015

വെള്ളാപ്പള്ളിയുടെ പുള്ളികള്‍

സമത്വമുണ്ടാക്കാന്‍ നടന്നത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമാണ്. ഇപ്പോള്‍ സമത്വം എന്നാരും ഉച്ചരിക്കാറില്ല. സിനിമാപ്പാട്ടില്‍ പറഞ്ഞതുപോലെ ലോകമുള്ള കാലം വരെ അത് സ്വപ്നമായിത്തന്നെ നില്‍ക്കും, യാഥാര്‍ഥ്യമാവില്ല. വെള്ളാപ്പള്ളി നടേശന്‍ സമത്വം വിടില്ല. കമ്യൂണിസ്റ്റുകാരുടെ തൊഴിലാളിവര്‍ഗ സിദ്ധാന്തത്തെ  മെയ്ക്കപ്പ് നടത്തി കെ.എം. മാണി അധ്വാനവര്‍ഗ സിദ്ധാന്തമാക്കിയിരുന്നു.
അതുപോലെ കമ്യൂണിസ്റ്റുകാരുടെ സമത്വ സിദ്ധാന്തത്തിന്റെ പ്രച്ഛന്നവേഷവുമായി ഇറങ്ങിയിരിക്കയാണ് വെള്ളാപ്പള്ളി. തത്കാലം ഇത് കാരവന്‍ജാഥയില്‍ ഒതുങ്ങും. എന്തുസമത്വം, ഏത് സമത്വം എന്നൊക്കെ പിന്നെ നോക്കാം.

നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് വേറെ ചില അടിയന്തരപണികള്‍ തീര്‍ക്കാനുണ്ട്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളെ ഒരുഭാഗത്തും മറ്റുള്ളവരെ മറുഭാഗത്തും ആക്കണം. മറ്റുള്ളവര്‍ എന്ന് പറയുന്ന ന്യൂനപക്ഷമതക്കാര്‍. അവര്‍ അപ്പുറത്തങ്ങനെ നിന്നാല്‍മതി. അപ്പുറത്തുള്ളവരാണ് ഇപ്പുറം നില്‍ക്കുന്നവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞുകൊണ്ടിരുന്നാലേ ഇപ്പുറത്തുള്ളവര്‍ക്ക് ഒരു ഹരം കിട്ടൂ. രണ്ട് മുന്നണികളും അപ്പുറത്തുള്ളവരുടെ കൂടെയാണ് എന്നുംകൂടി പറഞ്ഞുകൊണ്ടിരുന്നാല്‍ ഹരം കൂടും. ഹിന്ദുക്കളുടെ വോട്ട് 55 ശതമാനത്തിലേറെ  പോകില്ല. പക്ഷേ, ഹിന്ദു ഭൂരിപക്ഷമുള്ള നിയോജകമണ്ഡലങ്ങളുടെ എണ്ണം പാതിയിലേറെ വരും. പത്ത് ജില്ലകളിലെങ്കിലും അറുപതും അതിനടുത്തും ശതമാനം വരും. ന്യൂനപക്ഷക്കാര്‍ മതം നോക്കി വോട്ടുചെയ്താല്‍ ജയിക്കുന്ന ഒരു ജില്ലയേ ഉള്ളൂ. അതുകൊണ്ട് പ്രതീക്ഷ വാണംപോലെ  കത്തട്ടെ. 31 ശതമാനം വോട്ടുകൊണ്ട് നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റുമെങ്കില്‍ കേരളത്തിലെന്തുകൊണ്ട് പ്രതീക്ഷ പാടില്ല?

ചില നായര്‍ ആഢ്യന്മാര്‍ക്ക് നമ്പൂതിരിനായാടി ഐക്യം എന്ന ഡയലോഗ് അത്ര പിടിച്ചിട്ടില്ല. നല്ല പ്രാസസൗന്ദര്യമുള്ള നമ്പൂതിരിനായര്‍നായാടി എന്നായിരുന്നെങ്കില്‍ നോക്കാമായിരുന്നു. വെള്ളാപ്പള്ളിക്ക് അതില്‍ വേവലാതിയില്ല. സുകുമാരന്‍നായര്‍ എന്തുപറഞ്ഞാലും നായന്മാരില്‍ നല്ലൊരുപങ്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യും. സമദൂരം കൊണ്ട് ബി.ജെ.പി.ക്കാണ് ഗുണം. അത്രയും ഗുണം എസ്.എന്‍.ഡി.പി.ക്കാരെക്കൊണ്ട് കിട്ടിക്കണമെങ്കില്‍ വെള്ളാപ്പള്ളി കുറേ വിയര്‍പ്പൊഴുക്കണം. എന്താചെയ്യുക, ക്വട്ടേഷന്‍ ഏറ്റുപോയില്ലേ...

വളരെ ഉദാരമായ ഒരു പ്രത്യയശാസ്ത്രമാണ് വെള്ളാപ്പള്ളിയുടേത്. ഒരു കാര്യത്തിലും ചേട്ടന് കടുംപിടിത്തമില്ല. ഗുരുതത്ത്വങ്ങളുടെ കാര്യത്തിലുമില്ല പിടിവാശി. കള്ളുചെത്തരുത് എന്ന് ഗുരു പറഞ്ഞതുകൊണ്ട് നമ്മള്‍ കള്ളുതന്നെ ചെത്തണം. മദ്യം കഴിക്കരുതെന്ന് പറഞ്ഞിട്ടുണ്ട് ശരി, വില്‍ക്കാം. തന്റെ പ്രതിമയുണ്ടാക്കിവെച്ചത് കണ്ട ഗുരു ''ഹാ.. തിന്നാനും കുടിക്കാനും ഒന്നും കൊടുക്കേണ്ടല്ലോ.'' എന്നു പരിഹസിച്ചത് മാനിച്ച് എല്ലായിടത്തും ഗുരുവിഗ്രഹം തന്നെ പ്രതിഷ്ഠിക്കും. കെ.എം. മാണിയുടെ കാര്യത്തില്‍പ്പോലും ഉദാരമാണ് നിലപാട്. ഏത് പാര്‍ട്ടിയാണ് കാശ് വാങ്ങാത്തത്? കെ.എം. മാണിയും വാങ്ങി എന്നുകരുതിയാല്‍ പോരേ? പൊതുരംഗത്തുള്ള ആര്‍ക്കെതിരെയാണ് അഴിമതി ആരോപണമില്ലാത്തത്,  വെള്ളാപ്പള്ളിക്കെതിരെയും ഉണ്ട് എന്ന് കരുതിയാല്‍പ്പോരേ? പി.കെ. കുഞ്ഞാലിക്കുട്ടി മിതവാദി കൃഷ്ണനാണെന്ന സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്തിട്ടുണ്ട് വെള്ളാപ്പള്ളി. എന്തിനേറെ, ബീഫിന്റെ കാര്യത്തിലും ഉദാരമതിയാണ് അദ്ദേഹം. ബീഫ് ആകാം, അതേ വേണ്ടൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് മാത്രം.

അതുകൊണ്ട് സമത്വമുന്നേറ്റത്തെക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. തിരഞ്ഞെടുപ്പാനന്തരം എന്തെന്ത് സാധ്യതകളാണ് ഉയര്‍ന്നുവരിക എന്ന് പ്രവചിക്കാനാവില്ല. മുഫ്തി മുഹമ്മദിനും ബി.ജെ.പി.ക്കും കശ്മീരില്‍ ഒന്നിക്കാമെങ്കില്‍, നിതീഷിനും ലാലുവിനും ഒന്നിക്കാമെങ്കില്‍ കേരളത്തിലെ കക്ഷികള്‍ക്കാണോ തിരിയാനും മറിയാനും പ്രയാസമുണ്ടാവുക? വെള്ളാപ്പള്ളിയെ സഹിക്കാതെ ബി.ജെ.പി.ക്കാര്‍ ഇനി കോണ്‍ഗ്രസ്സിലോ മറ്റോ ചേര്‍ന്നുകളയുമോ എന്നേ പേടിക്കേണ്ടൂ. അനന്തസാധ്യതകളാണ് മുന്നിലുള്ളത്. പണ്ട് സിനിമാനോട്ടീസില്‍ കാണാറുള്ളതുപോലെ... ശേഷം വെള്ളിത്തിരയില്‍
                                                                        ****
ചില പാര്‍ട്ടികള്‍ യു.ഡി.എഫ്. വിടാന്‍ വെമ്പിനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടും എല്‍.ഡി.എഫിന് എന്താണ് ഇത്ര അമാന്തം എന്ന് മനസ്സിലാകുന്നില്ല. യു.ഡി.എഫ്. വിടട്ടെ എന്നിട്ടാകാം ചര്‍ച്ച എന്നൊരു ഉഴപ്പന്‍ ഡയലോഗ് ആണ് സഖാവ് കോടിയേരിയില്‍ നിന്നുണ്ടായത്. ബാലഷ്ണാ... ചതിക്കരുത്. യു.ഡി.എഫ്. വിടുന്നതിന് മുമ്പാണ് ചര്‍ച്ച വേണ്ടത്. വിട്ടുകഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. പിന്നെ യശ്മാന്‍ കല്പിക്കുകയും അടിയാന്മാര്‍ അനുസരിക്കുകയും ആണ് സമ്പ്രദായം. യു.ഡി.എഫില്‍ വളരെ ജനാധിപത്യപരമായ സംവിധാനമാണ് നിലവിലുള്ളത്. ചര്‍ച്ചയ്ക്ക് ഒരു പഞ്ഞവും ഇല്ല. ഏത് പാതിരാത്രിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ച് ചര്‍ച്ചചെയ്യാം. ചര്‍ച്ചകൊണ്ട് കുറേസമയം പോയിക്കിട്ടും എന്നല്ലാതെ വേറെ കാര്യമൊന്നുമില്ലെന്ന് മാത്രം.

പാലക്കാട്ട് മണ്ഡലത്തില്‍ ജനതാ യു. സ്ഥാനാര്‍ഥി തോറ്റതിനെക്കുറിച്ചുള്ള ചര്‍ച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഉണ്ടായിരുന്നു. ചത്ത കുട്ടിയുടെ ജാതകം ഇത്ര കൂലങ്കഷമായി ചര്‍ച്ച ചെയ്ത മറ്റൊരു സംഭവം ഈ ഭൂലോകത്തില്ല. പഞ്ചായത്ത് വോട്ടെണ്ണിയപ്പോള്‍ ജനതാ യു ക്കാര്‍ക്ക് കാര്യം ബോധ്യപ്പെട്ടു.

 പാലക്കാട് സ്വഭാവം കോണ്‍ഗ്രസ്സുകാര്‍ മുന്നൂറ് ത്രിതല പഞ്ചായത്ത് വാര്‍ഡുകളില്‍ ആവര്‍ത്തിച്ചിരിക്കുന്നു. 2010ല്‍ ഇടതുമുന്നണിക്കൊപ്പം നിന്നപ്പോള്‍ കിട്ടിയ നാന്നൂറ് സീറ്റില്‍ ഇപ്പോള്‍ രണ്ട് ജനതയും കൂടിയാലും പാതിയേയുള്ളൂ !

ജനതകള്‍ ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ ഭരണത്തിലും ജനത വേണം. രണ്ട് ജനതകളും യോജിക്കണം എന്നാണ് ജനത്തിന്റെ ആഗ്രഹം. രണ്ട് മുന്നണികളില്‍ ഏതിലാണ് സോഷ്യലിസമുള്ളത് എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടത്രെ. അതിലിത്ര തര്‍ക്കിക്കാനൊന്നുമില്ല. കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണത്തില്‍ നമ്മള്‍ ഉണ്ടായിരുന്നു. ഈ യു.ഡി.എഫ്. ഭരണത്തില്‍ ഉണ്ട്. ക്ഷണം മറുകണ്ടം ചാടിയാല്‍  അടുത്തതിലും നമ്മളുണ്ടാകും. ഈ പ്രക്രിയ മുന്നണികള്‍ ഉള്ള കാലത്തോളം തുടരുക. ഇതിനാണ് ഭരണത്തുടര്‍ച്ച എന്ന് വിളിക്കേണ്ടത്. എന്തേയ്....തെറ്റുണ്ടോ ?

                                                                                          ****
എല്‍.ഡി.എഫില്‍  ആറ് കക്ഷികള്‍ അകത്തും പതിനൊന്നു കക്ഷികള്‍ പുറത്തുമാണത്രെ ഉള്ളത്. എന്താല്ലേ.. അകത്തുള്ളതിന്റെ ഇരട്ടി പുറത്ത്. വേറെങ്ങുണ്ട് ഇത്ര ജനപിന്തുണയുള്ള മുന്നണി? സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് മാത്രമേ ഇങ്ങനെ തിയേറ്ററില്‍ കേറിയതിന്റെ ഇരട്ടിയാളുകള്‍ ടിക്കറ്റ് കിട്ടാതെ പുറത്തുനില്‍ക്കാറുള്ളൂ.

പുറത്തുനില്‍ക്കുന്ന കക്ഷികള്‍ നിരാശപ്പെടരുതേ... ഇടതുമുന്നണി ഒരു സ്ഥിരം ഭരണകക്ഷിയാണ്. സെക്രട്ടേറിയറ്റില്‍ മാത്രമാണ് ഭരണം, നിയമസഭയില്‍ മാത്രമാണ് ഭരണപ്രതിപക്ഷ ഇരിപ്പിടങ്ങള്‍ എന്നൊന്നും ധരിക്കരുത്. പതിന്നാല് ജില്ലാ പഞ്ചായത്തുകളിലും കാക്കത്തൊള്ളായിരും ബ്ലോക്ക്ഗ്രാമപ്പഞ്ചായത്തിലും ഭരണമുണ്ട്. അതെല്ലാം വേണ്ടരീതിയില്‍ ഓഹരിവെച്ചാല്‍ എല്ലാവരെയും തൃപ്തിപ്പെടുത്താനാവും. ഘടകകക്ഷികള്‍ക്ക് ജില്ലാതലത്തില്‍ പ്രവേശനം പരിഗണിക്കണം. അഞ്ചോ ആറോ ജില്ലകളില്‍ പ്രവേശനം നേടിയവയെ പിന്നെ സംസ്ഥാനത്തിലും പ്രവേശിപ്പിക്കാം എന്നൊരു പ്രൊമോഷന്‍ സിസ്റ്റം ഉണ്ടാക്കിയാല്‍ ആളുകള്‍ക്ക് മേലോട്ട് കേറാന്‍ പ്രതീക്ഷയോടെ പരിശ്രമിച്ചോളും.

ബാലകൃഷ്ണപിള്ളയെ പോലുള്ളവരുടെ കാര്യമവിടെ നില്‍ക്കട്ടെ. കാല്‍ നൂറ്റാണ്ടോളമായി നില്‍ക്കുന്ന ഐ.എന്‍.എല്‍. പോലുള്ള കക്ഷികളെ അക്കൂട്ടത്തില്‍പ്പെടുത്തരുത്. ഫോര്‍വേഡ് ബ്ലോക്ക് എന്നാണാവോ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്? സ്ഥാപകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം അന്വേഷിക്കുന്ന കമ്മീഷനുകളെ വല്ലതും ഏല്‍പ്പിക്കണം ഇതിന്റെ സത്യവും കണ്ടെത്താന്‍. എന്തായാലും പൂര്‍ണ ഘടകകക്ഷിപദവി നല്‍കുന്നില്ലെങ്കില്‍ വേണ്ട, ജില്ലാ  ഘടകകക്ഷി, അസോസിയേറ്റ് മെമ്പര്‍ തുടങ്ങിയ എന്തെങ്കിലും ഏര്‍പ്പാടുകള്‍ ആലോചിച്ചേ തീരൂ. ഇടതുപക്ഷം ശരിക്കുമൊന്ന് ശക്തിപ്പെടേണ്ടേ ?

                                                                           ****
എന്തൊരു അദ്ഭുതം. സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം ഉദാരമാക്കാന്‍ വേണ്ടിയാണത്രെ സംസ്ഥാനസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൊതുജനത്തിന്റേതും താഴെ പറയുംപോലെ ഉദാരമാക്കിയാല്‍ നന്നായിരിക്കും.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിനോ പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനോ മുമ്പ് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതാണ്. ദൂരദര്‍ശന്‍സ്വകാര്യചാനല്‍ എന്നിവിടങ്ങളില്‍ ആണെങ്കില്‍ താസില്‍ദാര്‍ക്കും കഥ, കവിത, നാടകം എന്നിവയാണെങ്കില്‍ ചീഫ് സെക്രട്ടറിക്കുമാണ് സമര്‍പ്പിക്കേണ്ടത്. പുസ്തകം കോപ്പി എഴുതി നല്‍കണം എന്ന വ്യവസ്ഥ വളരെ ഉദാരമാക്കി ഫോട്ടോസ്റ്റാറ്റ് മതി എന്നാക്കും. ഫെയ്‌സ്ബുക്ക് പോലുള്ള ദേശവിരുദ്ധ സംഗതികളില്‍ പോസ്റ്റ് ചെയ്യുംമുമ്പ് അത് ഹെഡ്ഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കണം. ഭരണഭാഷ മലയാളമാക്കിയതുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റും മലയാളത്തില്‍ വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ പണിയെടുത്താല്‍ മതി, വീട്ടില്‍ചെന്ന് എന്തുകുന്തം വേണമെങ്കിലും എഴുതിക്കോട്ടെ എന്ന് തീരുമാനിച്ചാലും ഇവിടെ ആകാശമൊന്നും ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല എന്നറിയാഞ്ഞിട്ടല്ല. പക്ഷേ, പണ്ട് ചട്ടമുണ്ടാക്കിയ ബ്രിട്ടീഷുകാരെ മോശക്കാരാക്കരുതല്ലോ.Monday, 23 November 2015

കെ.ജയചന്ദ്രന്‍-മരിക്കാത്ത ഓര്‍മ

ഉറ്റ സുഹൃത്തായിരുന്ന കെ.ജയചന്ദ്രന്‍ വിട്ടുപിരിഞ്ഞിട്ട് വര്‍ഷംപതിനേഴാകുന്നു. തിരുവനന്തപുരത്ത് ഏഷ്യനെറ്റില്‍ ജോലി ചെയ്യുന്ന ജയചന്ദ്രന്‍ എന്തോ ഉള്‍വിളിയാലെന്ന പോലെയാണ് 1998 നവംബര്‍ 23 ന് കോഴിക്കോട്ടേക്ക് വണ്ടികേറിയതും പിറ്റേന്ന് രാവിലെ കോട്ടൂളിയി ലെ ഏഷ്യനെറ്റ് ഓഫീസിലെത്തി ജീവന്‍ വെടിഞ്ഞതും. മരിക്കുമ്പോള്‍ നാല്പത്തേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ.
മാതൃഭൂമിയുടെ വയനാട് ലേഖകനായിരുന്നപ്പോള്‍ തുടങ്ങിയ സൗഹൃദമാണ്. പിന്നെ കോഴിക്കോട്ട് ബ്യൂറോവില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. ആ കാലത്തെ കുറിച്ചും ആ സൗഹൃദത്തെക്കുറിച്ചും ആ അപൂര്‍വ വ്യക്തിത്വത്തെ കുറിച്ചും അവന്റെ അനനുകരണീയമായ പത്രപ്രവര്‍ത്തനത്തെ കുറിച്ചും ലേഖനങ്ങള്‍ പലതും എഴുതിയിട്ടുണ്ട്. എഴുതിയാലും തീരാത്ത കഥകളും കാര്യങ്ങളും ഇനിയും ബാക്കിയുണ്ട്.
പുതിയ തലമുറയ്ക്ക് ജയചന്ദ്രനെ അറിയാന്‍ വഴിയില്ല. മറ്റൊരു ജയചന്ദ്രന്‍ ജനിച്ചിട്ടില്ല, ജനിക്കാനും വഴിയില്ല എന്നെങ്കിലും അവര്‍ അറിയട്ടെ. കോഴിക്കോട്ട് നടക്കുന്ന അനുസ്മരണങ്ങള്‍ ലോക്കല്‍ പേജിലൊടുങ്ങുന്ന വാര്‍ത്തകളാണ്. രണ്ട് പുസ്തകങ്ങള്‍ ജയചന്ദ്രനെ കുറിച്ച് സുഹൃദ്‌സംഘം പ്രസിദ്ധപ്പെടുത്തിയിരുന്നു. കെ.ജയചന്ദ്രന്‍- ഓര്‍മകള്‍, വാസ്തവം എന്നിവ. ജയചന്ദ്രന്‍ എന്ന വ്യക്തിയെ അറിയാന്‍ ആദ്യത്തെ പുസ്തകം വായിക്കുക. ഗൂഗ്ള്‍ ബുക്‌സില്‍ സ്‌കാന്‍ഡ് എഡിഷന്‍ ലഭ്യമാണ്.


വാസ്തവം രണ്ടാം എഡിഷന്‍ ചൊവ്വാഴ്ച പ്രകാശനം ചെയ്യും. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ വൈകീട്ട് അഞ്ചിനാണ് അനുസ്മരണച്ചടങ്ങ്.

Sunday, 22 November 2015

ത്രിതലശേഷം ത്രിശങ്കു

മുന്നണി തോല്‍ക്കുകയല്ല, ജയിക്കുകയാണെന്ന് തെളിയിക്കാനുള്ള കണക്കുകള്‍ കണ്ടെത്താന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പാണ്ഡിത്യം ഉള്ളവര്‍ യു.ഡി.എഫില്‍ ഇല്ല. എ.കെ.ജി.സെന്ററിലാണ് ആ കൂട്ടരൊക്കെ ഉള്ളത്. അതുകൊണ്ട് തോറ്റു എന്ന് സമ്മതിച്ചിട്ടുണ്ട് മുന്നണി.


ത്രിമൂര്‍ത്തി ഭരണമാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ - ഉമ്മന്‍ ചാണ്ടിയും വി.എം.സൂധീരനും രമേശ് ചെന്നിത്തലയും. ദീര്‍ഘകാലം രണ്ട് മൂര്‍ത്തികളുടെ നേതൃത്വമായിരുന്നു. സദാ സമയം പരസ്പരം പോരടിക്കുകയും വല്ലപ്പോഴും പാര്‍ട്ടിയെ നയിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. കെ.കരുണാകരന്‍-എ.കെ.ആന്റണി കാലഘട്ടമായിരുന്നു സുവര്‍ണകാലം. കുറെ കഴിഞ്ഞപ്പോള്‍ ആന്റണിക്ക് മടുത്തു. ആന്റണിയിപ്പോള്‍ ആന്റണിഗ്രൂപ്പിലല്ല എന്ന് അനുയായികള്‍ക്കും തോന്നുന്ന അവസ്ഥയും എത്തിയിരുന്നു.

രണ്ട് പോര മൂന്നുവേണം എന്നായത് അടുത്ത കാലത്താണ്. ഹൈക്കമാന്‍ഡിന്റെ ഒരോ തോന്നലുകള്‍ എന്നല്ലാതെന്തുപറയാന്‍. ദോഷം പറയരുതല്ലോ. ദ്വിമൂര്‍ത്തിഭരണത്തേക്കാള്‍ ഭേദമാണ് ത്രിമൂര്‍ത്തിഭരണം എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. വലിയ ഉറപ്പൊന്നുമുള്ള തോണിയല്ലല്ലോ ഇത്. അധികം മല്ലയുദ്ധം അതിനകത്ത് നടത്തിയാല്‍ എപ്പോഴാണ് തോണി മുങ്ങുക എന്ന് പറയാനാവില്ല. ഗ്രൂപ്പ് യുദ്ധത്തിന്റെ വോള്യം സ്റ്റേറ്റ് തലത്തില്‍ വളരെ കുറച്ചിട്ടുണ്ട്്. ഒളിച്ചും പതിഞ്ഞുമൊക്കെയേ ഉള്ളൂ എല്ലാം. അതിനൊത്ത് പ്രാദേശിക തലത്തില്‍ കൂട്ടുകയും ചെയ്തിട്ടുണ്ട്.

ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നം. നെയ്യാറ്റിന്‍കര, അരുവിക്കര, ലോക്‌സഭാ വോട്ടെടുപ്പും കഴിഞ്ഞപ്പോള്‍ ഇനിയാരുണ്ട് ഞങ്ങളോട് പൊരുതാന്‍ എന്ന അഹംഭാവത്തോടെ ആയിരുന്നു നില്‍പ്പ്. ഭരണത്തുടര്‍ച്ച എന്നൊരു വാക്കും കണ്ടുപിടിച്ചിരുന്നു. അത്യാഗ്രഹത്തിന് പരിധി നിര്‍ബന്ധമില്ല. ത്രിതലം കഴിഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികളുടെ സ്ഥിതി ദയനീയമാണ്. അരുവിക്കരയില്‍ സംഭവിച്ചതുപോലെ ത്രിതലത്തിലും സംഭവിക്കും എന്നായിരുന്നു വിശ്വാസം. തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന്് മുഖ്യമന്ത്രി അരുവിക്കരയ്ക്ക് മുമ്പ് പറഞ്ഞിരുന്നു. ഇത്തവണയും പറഞ്ഞു. ചക്ക വീണു, പക്ഷേ മുയലില്ല.

ഭരണത്തിന്റെ വിലയിരുത്തല്‍ മോശമാണെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ മുമ്പ് മുഖ്യമന്ത്രിമാര്‍ രാജി വെച്ചിട്ടുണ്ട്, രാജിവെപ്പിച്ചിട്ടുണ്ട്. അന്ന് ധൈര്യമായി രാജിവെക്കാന്‍ കേന്ദ്രത്തില്‍ ഭരണമുണ്ടായിരുന്നു, ഇന്നില്ല. അതുകൊണ്ട് രാജി, നേതൃമാറ്റം, പ്രതിച്ഛായ, തോല്‍വിയുടെ ഉത്തരവാദിത്തം, ഭരണത്തിനുള്ള അംഗീകാരം തുടങ്ങിയ അപകടകരമായ വാക്കുകളൊന്നും അബദ്ധത്തില്‍പ്പോലും ആരുടെയും നാക്കില്‍നിന്ന് വീഴുന്നില്ല. മുന്നണി തോല്‍ക്കുകയല്ല, ജയിക്കുകയാണെന്ന് തെളിയിക്കാനുള്ള കണക്കുകള്‍ കണ്ടെത്താന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പാണ്ഡിത്യം ഉള്ളവര്‍ യു.ഡി.എഫില്‍ ഇല്ല. എ.കെ.ജി.സെന്ററിലാണ് ആ കൂട്ടരൊക്കെ ഉള്ളത്. അതുകൊണ്ട് തോറ്റു എന്ന് സമ്മതിച്ചിട്ടുണ്ട് മുന്നണി. തോല്‍വിക്കുള്ള കാരണം പക്ഷേ ദൈവത്തിനേ അറിയൂ.

ഈ ഫോര്‍വേഡുകളെക്കൊണ്ട് കളത്തിലിറങ്ങിയാല്‍ അടുത്ത കളി ജയിക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നേ അണികള്‍പ്പോലും പറയൂ. പക്ഷേ, നേതൃമാറ്റം എന്നും മറ്റും പറഞ്ഞ് തമ്മിലടി തുടങ്ങിയാല്‍ കളി ഇപ്പോഴേ തോല്‍ക്കും എന്നറിയാം. ഒന്നാം മൂര്‍ത്തിയേയും കൊണ്ട് പോയാല്‍ പുതിയ കാലാവസ്ഥയില്‍ ഭൂരിപക്ഷ സമുദായക്കാരുടെ ഉള്ള വോട്ടും കിട്ടാതാവും എന്ന് മറ്റ് രണ്ട് മൂര്‍ത്തികള്‍ക്കും അഭിപ്രായമുണ്ട്. കാര്യമില്ല. ഒന്നാം മൂര്‍ത്തിക്ക്് അങ്ങനെ തോന്നിയില്ലെങ്കില്‍ തോന്നിപ്പിക്കാന്‍ യാതൊരു വഴിയുമില്ല. ഹൈക്കമാന്‍ഡ് ലോ കമാന്‍ഡ് ആയ കാലമാണ്. രണ്ടാം മൂര്‍ത്തിയെ മുന്നില്‍നിര്‍ത്തിയാല്‍ എസ്.എന്‍.ഡി.പി.-ബി.ജെ.പി. അടവ് നേരിടാമെന്ന് രണ്ടാം മൂര്‍ത്തി മാത്രമല്ല പല ചെറുവിഗ്രഹങ്ങള്‍ക്കും അഭിപ്രായമുണ്ട്. മൂന്നാം മൂര്‍ത്തി വിനയം കാരണം മിണ്ടുന്നില്ല എന്നേയുള്ളൂ. യോഗ്യന്‍ താന്‍തന്നെ, സംശയം വേണ്ട. ത്രിതലശേഷം ത്രിമൂര്‍ത്തികള്‍ ത്രിശങ്കുസ്വര്‍ഗത്തിലാണ്. മിണ്ടാനും വയ്യ, മിണ്ടാതിരിക്കാനും വയ്യ. ബാര്‍, സോളാര്‍ വകുപ്പുകളില്‍ കൂടുതല്‍ സല്‌പ്പേര് ഇനിയും ഉണ്ടാകാം, എന്തെങ്കിലും അത്ഭുതം പൊട്ടിവീഴാം. ദൈവം തുണ.

                        ****
നിയമ-മാധ്യമ വ്യവസ്ഥകളുടെ ഒരു ഇത് മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുകയാണ്. പൊതുരംഗത്ത്, അല്ലെങ്കില്‍ ഭരണത്തില്‍ സ്ഥാനം വഹിക്കുന്ന ഒരാള്‍ ധാര്‍മികതയുടെ പേരില്‍ രാജി വെച്ചേ തീരൂ എന്ന് വരുന്നത് എപ്പോഴാണ് ? എന്തെല്ലാം ഒഴികഴിവ് പറഞ്ഞാലാണ് സ്ഥാനത്ത് കടിച്ചുതൂങ്ങാനാവുക ? ആരോപണം ഉന്നയിക്കപ്പെട്ടാല്‍ ഉടന്‍ രാജിവെക്കണമോ ? ആരോപണത്തിന്റെ വിഷയം അഴിമതി ആണെങ്കിലേ രാജിവെക്കേണ്ടൂ എന്നുണ്ടോ ? സദാചാരപ്രശ്‌നമാണെങ്കിലോ ?  എഫ്.ഐ.ആര്‍ പോലും എടുത്തിട്ടില്ലെങ്കിലും ചുമ്മാ കേറി രാജിവെക്കണമോ ?  പ്രതി ആയെങ്കില്‍തന്നെ, വിചാരണയില്‍ കുറ്റം തെളിഞ്ഞാലേ രാജി വെക്കേണ്ടൂ എന്നുണ്ടോ ?  സീസറുടെ ഭാര്യയുടെ കാര്യം പോലെ, കോടതി കുറ്റവാളിയാണെന്ന് പറയും വരെ ആള്‍ നിരപരാധിയാണെന്ന മറ്റൊരു തത്ത്വവും ഇല്ലേ നീതിന്യായ ധാര്‍മികതയില്‍ ?   ഈ ജാതി ചോദ്യങ്ങള്‍ വേണമെങ്കില്‍ ഇനിയും ഒരു ഡസന്‍ കണ്ടെത്താം. വേണ്ട, രണ്ടെണ്ണം കൂടി പൊറുക്കണം.  അഴിമതി ആരോപിതന്‍ അധമനും അഴിമതിക്കുള്ള ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല്‍ ആള്‍ യോഗ്യനും ആകുമോ ? അഴിമതി ആരോപിതന്‍ കോടതി വെറുതെ വിടും വരെ കുറ്റവാളിയും കൊലേേക്കസ് പ്രതികള്‍ കോടതി ശിക്ഷിക്കപ്പെടും വരെ നിരപാരാധിയും ആണോ ?

ജനത്തിന്റെ സംശയം തീര്‍ക്കണമെന്ന് രാഷ്ട്രീയ പണ്ഡിതന്മാരോടും നാഴികക്ക് നാല്പതുവട്ടം ധാര്‍മികത പറയുന്നവരോടും അഭ്യര്‍ത്ഥിക്കുന്നു. അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ടാല്‍ അടുത്ത കേസ്സില്‍ പ്രതിയാകുംവരെ ആ ആളെ സത്യസന്ധന്‍പ്പിള്ളയായി കണക്കാക്കാം. കൊലക്കേസ്സിലാകട്ടെ, നേരെ തിരിച്ചാണ്. വിചാരണത്തടവായാലും ശിക്ഷിക്കപ്പെട്ടാലുമെല്ലാം ആള്‍ ത്യാഗിയും ജീവിക്കുന്ന രക്തസാക്ഷിയും ആണ്. ഏത് സ്ഥാനവും ചോദിക്കുംമുമ്പ് കൊടുക്കപ്പെടും- ഈ രണ്ടുതത്ത്വങ്ങള്‍ ഭേദഗതി ചെല്ലാന്‍ പറ്റില്ലാത്ത രണ്ട് മൗലികവ്യവസ്ഥകളാക്കാന്‍ വിട്ടുപോകരുതേ.

****
കിട്ടിപ്പോയി. മൈതാനത്ത് കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തവന്മാര്‍ക്കിട്ട് രണ്ട് കൊടുക്കാന്‍ പറ്റിയ വകുപ്പ് കിട്ടിപ്പോയി. അന്ന് അല്‍ 'ഉമ്മ' സംഘത്തിന്റെ നേതാവ് ചമഞ്ഞ് തിളങ്ങിയ രാഹുല്‍ പശുപാലനും ഭാര്യയും പെണ്‍വാണിഭക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഊരും പേരും പരസ്പരം അറിയാത്തവരാണ് സദാചാരപോലീസിന് എതിരെ പ്രതികരിക്കാന്‍ വന്നത്. പൊതുസമൂഹത്തിന്റെ നെറ്റിചുളിപ്പിക്കാതെന്ത് ന്യൂജെന്‍ സമരം? നെറ്റി ചുളിപ്പിച്ചു. അതിനൊപ്പം, ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച തത്ത്വവും ഒലിച്ചുപോയി. വാളെടുത്തവന്‍ വെളിച്ചപ്പാടാവുന്ന അരാജകപ്രസ്ഥാനത്തിന് അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

അങ്ങനെയല്ലാത്ത, പ്രി പ്രൈമറി പ്രായത്തിലേ തത്ത്വവും സിദ്ധാന്തവും പഠിപ്പിക്കുന്ന സംഘടിത പ്രസ്ഥാനങ്ങളുടെയും മതങ്ങളുടെയും സ്ഥിതിയെന്താണ് ?  വാ തുറന്നാല്‍ ദൈവത്തെ ആണയിട്ട് സദാചാരവും ആത്മീയതയും മാത്രം പറയുന്ന ചിലരെയെങ്കിലും രാഹുല്‍ ഗോപാലന് ജെയിലില്‍ കൂട്ട് കിട്ടിയേക്കാം. ആശറാം ബാപ്പുമാരും സന്തോഷ് മാധവന്മാരും ധാരാളം കണ്ടേക്കും. അതിന്റെ പേരില്‍ ആരും അവരുടെ മതത്തെയോ പ്രസ്ഥാനത്തെയോ അവമതിച്ചിട്ടില്ല. പിന്നെയെന്തിന് രാഹുല്‍ പെണ്‍വാണിഭക്കാരന്റെ പേരില്‍ കിഓല പ്രസ്ഥാനം അവമതിക്കപ്പെടണം. കള്ളനോട്ട് ഏത് സ്ഥലത്തുനിന്നും കിട്ടിയേക്കും. ഒരു കള്ളനോട്ട് കിട്ടിയെന്ന് വെച്ച് നോട്ടുകെട്ട് അപ്പടി ഓവുചാലിലെറിയേണ്ടതുണ്ടോ ?
                                    ****

സി.പി.എമ്മില്‍ റിട്ടയര്‍മെന്റ് പ്രായം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുവ ജനറല്‍ സിക്രട്ടറി നയം വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ ഇങ്ങിവിടെ ചിലര്‍ ഞെട്ടിത്തെറിച്ചതായും വേറെ ചിലര്‍ക്ക് പ്രായം പത്ത് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. മാര്‍ക്‌സ്-ഏങ്കല്‍സ് കിത്താബുകളില്‍ പ്രായത്തെ കുറിച്ച് പരാമര്‍ശമില്ല. ലോകത്തൊരു കമ്യൂ. പാര്‍ട്ടിയും നേതാക്കള്‍ക്ക് ഏജ് ബാര്‍ ഏര്‍പ്പെടുത്തിയതായി കേട്ടിട്ടില്ല. പ്രായം പ്രശ്‌നമായിരുന്നു എന്നത് ശരിയാണ്. സിക്രട്ടറിയോ മറ്റോ ആയിക്കഴിഞ്ഞാല്‍ സെമിത്തേരിയിലേക്കുള്ള ആംബുലന്‍സ് വിളിക്കുന്നതുവരെ ഇറങ്ങില്ലെന്നതായിരുന്നു പ്രശ്‌നം. ഇന്ത്യയില്‍ അത് സംഭവിക്കാതിരിക്കാന്‍ രണ്ട് വട്ടമേ തുടര്‍ച്ചയായി സിക്രട്ടറിയാകാവൂ എന്ന് വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അല്ലെങ്കിലും ഇവിടെ ഡീസന്റ് സഖാക്കളാണ് സ്ഥാനങ്ങള്‍ വഹിക്കാറുള്ളത്. ജ്യോതി ബസു 23 വര്‍ഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് മടുത്ത് നിലവിളിച്ചിട്ടും അദ്ദേഹത്തെ ഇറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. കടുംകൈ വല്ലതും ചെയ്‌തേക്കുമെന്ന നില വന്നപ്പോഴാണ് ഒടുവില്‍ സമ്മതിച്ചത്. മുഖ്യമന്ത്രിസ്ഥാനത്ത് നിന്നറിങ്ങിയത് 86 ാം വയസ്സിലാണ്. അതിന് ശേഷമെങ്കിലും സമാധാനമായി വീട്ടിലിരിക്കാന്‍ സമ്മതിച്ചുവോ ? ഇല്ല. തൊണ്ണൂറ്റാറാം വയസ്സുവരെ പോളിറ്റ് ബൂറോ യോഗത്തിനുള്ള നോട്ടീസയച്ച് ഉറക്കം കെടുത്തുമായിരുന്നു.

യച്ചൂരിസഖാവേ.. കേരളത്തിലെ നിയമസഭാ തിരിഞ്ഞെടുപ്പിന് മാസം മൂന്നോ നാലോ മാത്രമേ ബാക്കിയുള്ളൂ. ഈ സമയത്ത് ചര്‍ച്ച ചെയ്യേണ്ട സുപ്രധാന നയപ്രശ്‌നമായി പ്രായം ഉയര്‍ന്നുവന്നതിന്റെ അര്‍ത്ഥമൊക്കെ മനസ്സിലായി. വി.എസ്. സഖാവിന്റെ 92 ാം ജന്മദിനം ആഘോഷിച്ചിട്ട് മാസം ഒന്ന് കഴിഞ്ഞേ ഉള്ളൂ. ഈയിടെ ഷര്‍ട്ടഴിച്ചിട്ട് വെയിലില്‍ നില്‍ക്കുന്നതിന്റെ ഫോട്ടോ പത്രങ്ങളില്‍ കണ്ടു. സോളാര്‍ പാനല്‍ പോലെയാണ്. സൂര്യനില്‍നിന്നാണ് ഊര്‍ജം ശേഖരിക്കുന്നത്. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിലും വേറെ ആരും ജുബ്ബ തയ്‌ക്കേണ്ട. വോട്ടെടുപ്പ് നാള്‍വരെ മുന്നില്‍ നിര്‍ത്തി പിന്നെ പിന്നിലാക്കാമെന്നും മോഹിക്കേണ്ട. അത് കെ.ആര്‍.ഗൗരി, ഇത് വി.എസ്… യേത് ?

nprindran@gmail.com

Sunday, 15 November 2015

കോഴയിലെ ഇരട്ടനീതി, അനീതി


99 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്ത്വം ഇവിടെ, ലക്ഷം കുറ്റവാളികള്‍ രക്ഷപ്പെട്ടോട്ടെ, ഒരു അപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് ചെറുതായി ഭേദഗതിചെയ്തിട്ടുണ്ട്.

ബാര്‍കോഴ മഹാപാപത്തില്‍ ബലിയാടാക്കിയ ഒരു ബലിമൃഗത്തിന്റെ രക്തംവീണ് തിരുവനന്തപുരംമുതല്‍ പാലവരെയുള്ള തെരുവുകള്‍ ചുവന്നുകഴിഞ്ഞു. നിഷ്‌കളങ്കനും നിരപരാധിയുമായ പാലയുടെ മാണിക്യം സ്വയംവരിച്ച കുരിശുമായി രാഷ്ട്രീയമരണംവരിക്കാന്‍ പുറപ്പെടുംമുമ്പ് രണ്ടുവട്ടം മാധ്യമക്കാരെ കണ്ടു. ആദ്യനാളിലെ മുഖഭാവം കണ്ടാല്‍ രാജിവെക്കുന്നത് കേന്ദ്രത്തില്‍ പുതിയ ഉദ്യോഗം സ്വീകരിക്കാനോ എന്ന് തോന്നിക്കുംവിധം ശാന്തവും നിസ്സംഗവും ആയിരുന്നു. പിറ്റേന്ന്, തന്റെ ചോരയ്ക്കുവേണ്ടി കൊതിച്ചവരെക്കുറിച്ച് പറഞ്ഞപ്പോഴും ഉണ്ടായിരുന്നില്ല പ്രതികാരത്തിന്റെ കറുപ്പ്. പക്ഷേ, പരിഭവമില്ലാതില്ല. തന്നെമാത്രം ബലികൊടുത്ത് രക്ഷപ്പെട്ടുകളയുമോ മുന്നണി? കൂടെനടക്കാന്‍ ഒരു ബലിയാടെങ്കിലും...?

ബാര്‍കോഴക്കേസില്‍ ഇരട്ടനീതിയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇരട്ടനീതി എന്നുപറഞ്ഞത് വിനയംകൊണ്ടാവണം. കൊടിയ അനീതിയാണ് മാണിയോട് ഉണ്ടായത് എന്നാണ് പറഞ്ഞതിന്റെ അര്‍ഥം. നേരിട്ട് കോഴകൊടുത്തു എന്ന് ബാറുടമ പറഞ്ഞത് മദ്യമന്ത്രി ബാബുവിനെക്കുറിച്ചാണ്. ഈ മന്ത്രിക്കെതിരെ കേസില്ല. ഇനി കേസും രാജിയും ഉണ്ടായെന്നുതന്നെ വിചാരിക്കുക. ഭാര്യയുടെ വിശ്വാസ്യതലൈനില്‍ മന്ത്രി ബാബുവിനെ രാജിവെപ്പിച്ചു എന്നും കരുതുക. മാണിയുടെ രാജിയും ബാബുവിന്റെ രാജിയും തുല്യമാകുമോ? ബാബുവിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ജീവിതത്തിലാദ്യമായി മന്ത്രിയായതാണ്. അഞ്ചാം വട്ടവും അദ്ദേഹത്തെ ജയിപ്പിച്ചയച്ച തൃപ്പൂണിത്തുറക്കാര്‍പോലും വിശ്വസിച്ചിരുന്നില്ല അദ്ദേഹം മന്ത്രിയാകുമെന്ന്. മന്ത്രിയായാല്‍ത്തന്നെ എക്‌സൈസ് അക്ഷയഖനി കിട്ടുമെന്ന് സ്വപ്നംകാണില്ലെന്ന് ഉറപ്പ്. നാലുവര്‍ഷം ഖനിമന്ത്രിയായി. ബാബുവിന്റെ കൈയിലിരിപ്പ് കൊണ്ടായാലും അല്ലെങ്കിലും ആ അക്ഷയഖനിതന്നെ ഏതാണ്ട് വറ്റിച്ചു.

അത്യാഗ്രഹം മൂത്തിട്ടാണ് ബാറുകള്‍ പൂട്ടിക്കാന്‍ അഭിനവ മഹാത്മാഗാന്ധിമാര്‍ ഇറങ്ങിപ്പുറപ്പെട്ടത്. മദ്യം കുടിച്ച് വെളിവില്ലാതെയാണ് പുരാണത്തില്‍ യാദവകുലം അടിച്ചുനശിച്ചതെങ്കില്‍ ഈ കൂട്ടര്‍ മദ്യത്തെ ഉന്മൂലനംചെയ്യുമെന്ന് പറഞ്ഞുപുറപ്പെട്ടാണ് സ്വയം ഉന്മൂലനത്തിന്റെ വക്കത്തെത്തിയത്. ബാബുവിന് കിട്ടിയത് ലാഭം. ഇനി മന്ത്രിയാകാന്‍ സാധ്യതയും വിരളം. അതാണോ മാണിയുടെ സ്ഥിതി? യശസ്സിന്റെ യെവറസ്റ്റില്‍നിന്നല്ലേ ഉന്തിത്തള്ളി താഴെയിട്ടത് പാപികള്‍. ഇടത്തോട്ട് ഒന്ന് വളഞ്ഞാല്‍ മുഖ്യമന്ത്രിയാകാമായിരുന്നു. വീഴാതെ പിറകോട്ട് വളയാന്‍ കഴിഞ്ഞാല്‍ കേന്ദ്രമന്ത്രിതന്നെ ആകാമായിരുന്നു. ഇതാണ് ഇരട്ടനീതി, അനീതി.

ബാര്‍കോഴക്കേസില്‍ മാത്രമല്ല, വെറും കോഴക്കേസിലും ഉണ്ട് ഇരട്ടനീതി. മന്ത്രി കോടിരൂപ കോഴവാങ്ങി എന്ന് അത് കൊടുത്ത യോഗ്യന്‍തന്നെ പറഞ്ഞാലും വിശ്വസിക്കാന്‍ പാടില്ല. അവനെ നുണപരിശോധനയ്ക്ക് ഇരയാക്കണം. തെളിവ് നൂറ്റൊന്നുശതമാനംതന്നെ ഇല്ലേയെന്ന് മഷിയിട്ട് നോക്കണം. ആരെങ്കിലും പത്തുരൂപ കൈക്കൂലിചോദിച്ചുവെന്നാണ് പരാതിയെങ്കിലോ? ഉടന്‍ പൊടിയിട്ട നോട്ടും കൊടുത്തയച്ച് വിജിലന്‍സ് പോലീസ് വാതിലിനുപുറത്ത് ഒളിച്ചുനില്‍ക്കും. പോലീസ് ചാടിവീണ് കക്ഷിയെ അറസ്റ്റുചെയ്ത്, ചാനലുകാരെ വിളിച്ചുവരുത്തി, അവന്റെ കുടുംബം ആത്മഹത്യചെയ്യുന്നതിന്റെ വക്കിലെത്തിക്കും. ലക്ഷങ്ങള്‍മാത്രം കൊടുക്കുമ്പോഴാണ് കൈക്കൂലി എന്ന് പറയുക. കോടികളായാല്‍ സംഗതി ഡീസന്റാകും. കോഴ എന്നുപറയും. കോഴ സൂക്ഷിച്ച് കൈകാര്യംചെയ്യണം. തിരിഞ്ഞുകടിക്കാന്‍ സാധ്യതയുള്ള പാമ്പാണത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിപ്പോലും കോടതി വെറുതെവിടില്ല എന്ന് ഉറപ്പായാലേ മന്ത്രിമാരെ കേസില്‍ പ്രതിചേര്‍ക്കാന്‍ പാടുള്ളൂ. അതിനാണ് ത്വരിതപരിശോധന, വിജിലന്‍സ് സൂപ്രണ്ട് പരിശോധന, വിജി. ഡയറക്ടറുടെ മേല്‍നോട്ടപരിശോധന, അഡ്വ. ജനറലിന്റെ നിയമപരിശോധന, സുപ്രീംകോടതിയിലെ മിനിറ്റിന് ലക്ഷംവാങ്ങുന്ന മുന്തിയ അഭിഭാഷകന്റെ നിയമോപദേശപരിശോധന തുടങ്ങിയ ശോധനകളെല്ലാം നടത്തുന്നത്. 99 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്ത്വം ഇവിടെ, ലക്ഷം കുറ്റവാളികള്‍ രക്ഷപ്പെട്ടോട്ടെ, ഒരു അപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് ചെറുതായി ഭേദഗതിചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി അനീതികാട്ടി എന്നുപറയാന്‍ ഒക്കില്ല. മാണിയെ അടിച്ചുവീഴ്ത്തി, വെറും എം.എല്‍.എ. മാത്രമാക്കി പാലയുടെ ചുവട്ടിലെ യക്ഷിയെപ്പോലെ അലയാന്‍ പറഞ്ഞയയ്ക്കണമെന്ന ദുഷ്ടബുദ്ധിയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല കേട്ടോ. ഇടതുപക്ഷത്തുപോയി മുഖ്യമന്ത്രിയായി മാണി നശിച്ചുപോകരുതേ എന്നേ ഉണ്ടായിരുന്നുള്ളൂ. അതിനുള്ള ഒറ്റമൂലി അദ്ദേഹത്തിന് വീണുകിട്ടിയെന്നുമാത്രം. ബാറുടമ ബിജു ആരോപണവുമായി പത്രസ്ഥാപനംതോറും കയറിയിറങ്ങുകയോ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ രഹസ്യക്യാമറ പ്രയോഗിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചാനല്‍ വിചാരണയില്‍ അബദ്ധത്തില്‍ നാവില്‍നിന്ന് വീണുപോയതാണ് മാണിയുടെ കാര്യം. കൂടുതല്‍ അടി ഭയന്നെങ്കിലും ബാര്‍ തുറന്നുതരും എന്നാണ് കരുതിയത്. നടന്നില്ല. പല കോടികള്‍ മുടക്കിയിട്ടും കാര്യം നടക്കാതായപ്പോള്‍ അവര്‍ അറ്റകൈപ്രയോഗം നടത്തി. ബാറുടമകള്‍ അഴിമതിവിരുദ്ധ ഹരിശ്ചന്ദ്രന്മാരായി. അല്ലാതെന്ത് ?

മാണി ഇനി കൂടുതല്‍ ദ്രോഹംചെയ്യില്ല. ഒന്നരവര്‍ഷത്തെ ബാര്‍കോഴ അപവാദം കൊണ്ടുതന്നെ ഹൈക്കമാന്‍ഡ് ആദര്‍ശവാദികള്‍ മുതല്‍ കെ.പി.സി.സി. ആദര്‍ശവാദികള്‍വരെ ഉടുതുണി ഇല്ലാത്തവരായിട്ടുണ്ട്. അതിന്റെ ഫലം തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലും കണ്ടു. ഇതിന്റെയെല്ലാം പരിഹാരത്തിനായി കോണ്‍ഗ്രസ് പതിവുപോലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ രക്ഷായാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രക്ഷായാത്രയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ഇത്രയും ആവേശവും ആത്മവീര്യവും മറ്റൊരു സന്ദര്‍ഭത്തിലും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. രക്ഷായാത്രയ്ക്ക് ഇട്ട പേര് അര്‍ഥഗര്‍ഭം. 'ജനരക്ഷായാത്ര' ജനങ്ങളേ, ഞങ്ങളെ രക്ഷിക്കണേ എന്ന് കേഴാനുള്ള യാത്ര.
                                                                            ****

കോണ്‍ഗ്രസ് ദീര്‍ഘകാലമായി വളര്‍ത്തിയെടുത്ത ഗ്രൂപ്പ് പോര്, സ്ഥാനം പിടിച്ചുപറി, സഹപ്രവര്‍ത്തകന്റെ കാലുവാരിസംസ്‌കാരത്തിന്റെ ഫലങ്ങള്‍ തിരഞ്ഞെടുപ്പില്‍ കാണാനായി. യു.ഡി.എഫിനെ തോല്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതും ഇതുതന്നെ.
നേരത്തേ ഈ സംസ്‌കാരത്തിന്റെ പ്രചോദനം  ധനമോഹം, സ്ഥാനമോഹം തുടങ്ങിയ മേഖലകളില്‍ ഒതുങ്ങിയിരുന്നു. പരസ്പരം തല്ലാറുണ്ടെങ്കിലും കൊല്ലാറില്ല. ആഗോളീകരണ കാലത്ത് അത്തരം നിര്‍ബന്ധങ്ങളൊന്നും ആവശ്യമില്ല. അത്യാവശ്യം കൊല്ലുകയുമാവാം. തൃശ്ശൂരില്‍ ആദ്യം സാമ്പിള്‍ നോക്കി. വയനാട്ടില്‍ ജില്ലാസെക്രട്ടറിയുടെ ആത്മഹത്യയിലെത്തിച്ചത് ഒരുതരത്തില്‍ കൊലതന്നെ. നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ക്രൂരവഞ്ചനയുടെ ഫലം.
സഹകോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, സാംസ്‌കാരികൗന്നത്യത്തിന് ഇരകളായത്. കാലുവാരലിന്റെയും സ്ഥാനപ്പോരിന്റെയും കഥകള്‍ മുന്നണിഘടകകക്ഷികള്‍ക്ക് ഏറെ പറയാനുണ്ട്. രണ്ട് മുന്നണികള്‍ തമ്മിലെ വോട്ടുവ്യത്യാസം കാല്‍ലക്ഷത്തില്‍ താഴെയേ ഉള്ളൂ എന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ കണക്കുകളില്‍ കാണുന്നത്. സോളാറോ ബാറോ അതല്ല കാലുവാരല്‍സംസ്‌കാരമോ കൂടുതല്‍ ഗുണംചെയ്തത്?
                                                                      ****
ഓര്‍ഗനൈസര്‍ ആര്‍.എസ്.എസ്. മുഖപത്രമല്ല എന്ന് അവര്‍ തള്ളിപ്പറയില്ല. 'ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളില്‍ വ്യക്തതയും നിഷ്പക്ഷതയുമുള്ള കാഴ്ചപ്പാടുകള്‍ക്കും മായംചേര്‍ക്കാത്ത ദേശസ്‌നേഹം ഉള്‍ക്കൊള്ളാനും വായിക്കേണ്ട പ്രസിദ്ധീകരണമാണ്' അതെന്ന് ഗുരുജി ഗോള്‍വള്‍ക്കര്‍ പറഞ്ഞതായി പ്രസിദ്ധീകരണത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുമുണ്ട്. സ്വാഭാവികമായും വ്യക്തത, നിഷ്പക്ഷത, ദേശസ്‌നേഹം തുടങ്ങിയ ഗുണങ്ങള്‍ കേരളത്തെക്കുറിച്ച് ഈ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനും ഉണ്ടാകുമല്ലോ. 'ദൈവത്തിന്റെ രാജ്യമോ ദൈവമില്ലാത്തവരുടെ രാജ്യമോ' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍നിന്നുള്ള 'നിഷ്പക്ഷരാജ്യസ്‌നേഹ' പരാമര്‍ശങ്ങള്‍ മുഴുവന്‍ ഇവിടെക്കൊടുത്ത് ന്യൂസ് പ്രിന്റ് പാഴാക്കുന്നത് രാജ്യദ്രോഹമാകാനിടയുണ്ട്. എങ്കിലും ഒരാസ്വാദനത്തിന് മൂന്നെണ്ണമാവാം: 'കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കേരളത്തിലെ ഹിന്ദുക്കളോട് ഹിന്ദുമതത്തെക്കുറിച്ച് ചോദിച്ചാല്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറയും, കേരള ഹിന്ദുക്കള്‍ക്ക് കൂട്ടായ ദൈവിക ആത്മബോധമില്ല, കേരള ഹൗസില്‍ റെയ്ഡ് നടത്തിയതിനും തുടര്‍സംഭവങ്ങള്‍ക്കും കേരളത്തിലെ ഒഴികെ മുഴുവന്‍ ഭാരതത്തിലെയും ഹിന്ദുക്കള്‍ വലിയ വാര്‍ത്താപ്രാധാന്യം നല്‍കി'. മൊത്തം 150 വരികളുള്ള ലേഖനത്തിലെ ആദ്യത്തെ 12 വരിയിലാണ് ഈ മൂന്ന് മഹദ്വചനങ്ങളുമുള്ളത്.
 ആകെ മൊത്തം വായിച്ചാല്‍ പ്രാന്തായിപ്പോകും. അസഹിഷ്ണുതയ്‌ക്കെതിരെ പറയുന്നവരെ പാകിസ്താനിലേക്ക് കയറ്റിയയയ്ക്കാം. കേരളീയരെ അവര്‍പോലും സ്വീകരിക്കില്ല. ദൈവമില്ലാത്തവരെ അവര്‍ കഥകഴിക്കും. നമ്മളെന്തുചെയ്യും?

Sunday, 1 November 2015

ബാര്‍കോഴ അന്വേഷണം 101 ആവര്‍ത്തിച്ചത്

ധാര്‍മികത  ബീഫ് പോലെയാണ്, തികച്ചും വ്യക്തിപരമാണ്. വേണ്ടവര്‍ ഉപയോഗിക്കട്ടെ, വേണ്ടാത്തവര്‍ ഉള്ളിറോസ്റ്റ് കഴിക്കട്ടെ. ഒന്നും അടിച്ചേല്‍പ്പിക്കരുത്. മാണിസാറിനും കൂടി ധാര്‍മികത വരാന്‍ തുടങ്ങിയാല്‍ പിന്നെ ആന്റണിസാറിന്റെ സ്ഥിതിയെന്താവും! കെ.എം. മാണിക്ക് മടുത്തിട്ടില്ല. പോലീസ് നടത്തുന്ന അന്വേഷണം പോലീസിനെ മടുപ്പിച്ചേക്കാം. മന്ത്രി എന്തിന് മടുക്കണം? ബാറുകള്‍ തുറക്കാനും തുറക്കാതിരിക്കാനും തരാതരം പോലെ കോഴയായും സംഭാവനയായും പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം തുടരാനല്ലേ കോടതി പറഞ്ഞിട്ടുള്ളൂ? മാണിക്ക് വിരോധമില്ല. നൂറ്റൊന്നുവട്ടം അന്വേഷിക്കട്ടെ. രാജിയെക്കുറിച്ചുമാത്രം ആരും ഒരക്ഷരം മിണ്ടരുത് !
മാണി ബാറുടമകളോട് കോഴ ചോദിച്ചിട്ടില്ല. ഇനി അഥവാ ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കില്‍ അത് ബാറുടമകളോടല്ല. ബോറുടമകളോടുതന്നെ വല്ലതും ചോദിച്ചിട്ടുണ്ടെങ്കില്‍ അത് കോഴയല്ല. ചോദിക്കാതെ ആരെങ്കിലും വല്ലതും തന്നിട്ടുണ്ടെങ്കില്‍ അത് ബാര്‍ പൂട്ടാനോ തുറക്കാനോ അല്ല. പാര്‍ട്ടിഫണ്ടിലേക്കുള്ള കാരുണ്യസഹായമാണ്. അഥവാ മാണി എന്തോ വാങ്ങിയെന്ന്  ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനൊന്നും ഒരു തെളിവുമില്ല. പോരേ?  അന്വേഷണം അനന്തമായി നടക്കട്ടെ. 101 വട്ടം, അനന്തം എന്നെല്ലാം പറയുന്നുവെന്നേയുള്ളൂ. സംഗതി എങ്ങനെയെങ്കിലും അഞ്ചാറുമാസം കൂടി നീട്ടിക്കൊണ്ടുപോകണമെന്നേയുള്ളൂ. പിന്നെ തിരഞ്ഞെടുപ്പായി. അതിനുശേഷം അനന്തം അജ്ഞാതം അവര്‍ണനീയം.

എം.എല്‍.എ. മൂത്രമൊഴിക്കാന്‍ പോയാല്‍ ഭരണം താഴെപ്പോകുമെന്ന്് പ്രവചിച്ചവരെ തോല്പിക്കുക എന്ന ഏക ലക്ഷ്യമേ മുഖ്യമന്ത്രിക്കുള്ളൂ. ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തോടെ, അങ്കംവെട്ടി അഞ്ചുവര്‍ഷം ഭരിച്ച് ഗിന്നസ് ബുക്കില്‍ കേറുക എന്നതാണ് വിനീതമായ ലക്ഷ്യം. യുദ്ധം സമാധാനമാണ്, സാതന്ത്ര്യം അടിമത്തമാണ്, അജ്ഞത അറിവാണ് എന്നൊക്കെ ചില മഹാന്മാര്‍ ചിലയിനം ഭരണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്്. ദൗര്‍ബല്യമാണ് ശക്തി എന്നതാണ് ഇവിടത്തെ മുദ്രാവാക്യം. ആരോട് പിണങ്ങിയാലും മന്ത്രിസഭ താഴെപ്പോകും എന്നുള്ളതുകൊണ്ട് മുഖ്യമന്ത്രി പിണങ്ങില്ല. രസിക്കുന്ന കാര്യങ്ങളേ പറയൂ.

പണ്ട് കെ.പി. വിശ്വനാഥനോട് മന്ത്രിസ്ഥാനം രാജിവെക്കാന്‍ പറഞ്ഞതിന്റെ സങ്കടം തീരുന്നില്ല. ഉറക്കം തുടങ്ങുമ്പോള്‍ വിശ്വനാഥന്‍ കണ്ണീരൊലിപ്പിച്ച് മുന്നില്‍ വരും. പിന്നെ മുഖ്യമന്ത്രിക്ക് ഉറക്കമില്ല. ധാര്‍മികത പറഞ്ഞ് രാജി ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ ഈ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ഉണ്ടാവില്ല പാതി മന്ത്രിമാരും കാണില്ല. കാലത്തിനനുസരിച്ച് മാറേണ്ടേ നമ്മള്‍. പണ്ട് തീവണ്ടി മറിഞ്ഞതിന് രാജിവെച്ച റെയില്‍വേ മന്ത്രിയുണ്ടായിരുന്നല്ലോ. ആകാശം ഇടിഞ്ഞുവീണാലും രാജിവെക്കുമോ ഇപ്പോള്‍?

അല്ലെങ്കിലും ഈ ധാര്‍മികത എന്ന് പറയുന്നതിലൊക്കെ എന്താണ് കാര്യമുള്ളത്?  പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണത്തിലെ അധാര്‍മികതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കണം. എന്നാലേ ഭരിക്കുന്നവര്‍ക്ക് ആ സാധനത്തെക്കുറിച്ച് ഓര്‍മ വരൂ. സെന്റ് ആന്റണിയെ വെല്ലുന്ന ധാര്‍മികഗുരു ആരുണ്ട് ഈ ഭൂമിയില്‍. അദ്ദേഹം പറഞ്ഞു,ധാര്‍മികത വ്യക്തിപരമാണ് എന്ന്. ബീഫ് പോലെയാണ്, തികച്ചും വ്യക്തിപരമാണ്. വേണ്ടവര്‍ ഉപയോ ഗിക്കട്ടെ, വേണ്ടാത്തവര്‍ ഉള്ളിറോസ്റ്റ് കഴിക്കട്ടെ. ഒന്നും അടിച്ചേല്‍പ്പിക്കരുത്. മാണിസാറിനും കൂടി ധാര്‍മികത വരാന്‍ തുടങ്ങിയാല്‍ പിന്നെ ആന്റണിസാറിന്റെ സ്ഥിതിയെന്താവും!

വിജിലന്‍സ് കോടതിയുടെ ടൈമിങ് കറക്റ്റായി എന്ന് എം.എം. ഹസ്സന്‍ അഭിനന്ദിച്ചിട്ടുണ്ട്. ച്ചാല്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിധി പ്രഖ്യാപിച്ചത് ഇടതുമുന്നണിയെയോ ബി.ജെ.പി.യെയോ സഹായിക്കാന്‍ വേണ്ടിയാണ് എന്ന്. ജഡ്ജിയുടെ ഹൈസ്‌കൂള്‍ റെക്കോഡുകള്‍ പരിശോധിക്കണം. എസ്.എഫ്.ഐ. ആയിരിക്കാന്‍ സാധ്യതയുണ്ട്. ഒരബദ്ധം പറ്റി. തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ നടപ്പാക്കുന്ന മാതൃകാപെരുമാറ്റച്ചട്ടം കോടതികള്‍ക്ക് ബാധകമാക്കിയില്ല. മത്സരിക്കുന്നവരുടെ വോട്ട് കൂടാനോ കുറയാനോ സാധ്യതയുള്ള യാതൊരു കേസും വോട്ടെണ്ണിത്തീരുംവരെ കോടതി പരിഗണിക്കാന്‍ പാടില്ല എന്ന് ചട്ടമുണ്ടാക്കാമായിരുന്നു. എന്നാലും ഹസ്സന്റെ ആശങ്ക അസ്ഥാനത്താണ്. കോടതി എന്തുപറഞ്ഞാലും വോട്ടിനെ ബാധിക്കില്ല. മന്ത്രി മാണി പണം വാങ്ങിയിട്ടില്ലാ എന്ന് വിചാരിക്കുന്ന ഒരു നിഷ്‌കളങ്ക വോട്ടറും കേരളത്തിലെന്നല്ല കേരളാ കോണ്‍ഗ്രസ്സില്‍ പോലും ഉണ്ടാവില്ല. അതെല്ലാം അറിഞ്ഞാണ് അവര്‍ അരുവിക്കരയില്‍ വോട്ടുചെയ്തത്.
മാണിയെ കോടതി ശിക്ഷിച്ചിട്ടൊന്നുമില്ലല്ലോ. ഇനി അഥവാ ശിക്ഷിച്ചാല്‍ത്തന്നെ എന്താണ്? അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ പ്രമുഖ നേതാവ് എന്ന ബഹുമതി നേടിയ മറ്റൊരു സീനിയര്‍ കേരള കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊടുത്താല്‍ മതി. അനുകരണീയമായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ മാണി തന്നെയാണോ ആര്‍. ബാലകൃഷ്ണപിള്ളയെ പ്രതിപക്ഷത്തേക്ക് പറഞ്ഞയച്ചത് എന്നാരും സംശയിക്കരുതേ...
എല്ലാവരുടെയും രണ്ടുകാലിലും മന്ത് വീങ്ങിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സമാധാനമായി വഴി നടക്കാം. ആരും ആരെയും പരിഹസിക്കില്ല. മോദി സര്‍ക്കാര്‍ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും നല്ല ധനമന്ത്രിയെ തള്ളിപ്പറയുന്നതും രണ്ടുവട്ടം ആലോചിച്ചുമതി ബി.ജെ.പി.ക്കാരേ...
                                                                                     ****
കോഴക്കേസും കൊലക്കേസും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?  പ്രാസത്തിനപ്പുറം  ചില ബന്ധങ്ങളുണ്ട് എന്നുവേണം കരുതാന്‍. കോഴക്കേസ് ആവുമ്പോള്‍ കേസില്‍ പ്രതിയാകുംമുമ്പ്, പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി പറഞ്ഞാല്‍ത്തന്നെ മന്ത്രി രാജിവെക്കണം. ഇന്ത്യന്‍ പീനല്‍ കോഡില്‍ അങ്ങനെ പറയുന്നില്ല. പ്രശ്‌നം ധാര്‍മികതയാണ്. അതാണെങ്കിലും ഉരുട്ടിയാല്‍ ഉരുണ്ടും പരത്തിയാല്‍ പരന്നും ഇരിക്കുന്ന ഒരു വസ്തുവാണ്. കൊല മാന്യന്മാര്‍ ചെയ്യുന്ന പണിയാണ്. നാണിക്കേണ്ട കാര്യമില്ല. രക്തഹാരമണിയിച്ച് സ്വീകരിക്കാം. വേണമെങ്കില്‍ സ്ഥാനാര്‍ഥിയും ആക്കാം. കോഴക്കേസിലെ മന്ത്രിരാജി പോലെ ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചുമ്മാ നിഴല്‍യുദ്ധം നടത്തരുത്. ഒരു സമന്വയത്തില്‍ എത്തണം.  

കണ്ണൂരില്‍ കാരായിമാരായ രണ്ട് കൊലക്കേസ് പ്രതികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. തികച്ചും അധാര്‍മികം എന്നാണ് യു.ഡി.എഫ്. പറയുന്നത്. യു.ഡി.എഫിന് സ്മൃതിരോഗം ഉണ്ട്. പി. ജയരാജന്‍ വേണ്ടിവന്നു ഓര്‍മിപ്പിക്കാന്‍. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് അനേകവര്‍ഷം ജയിലില്‍ ആയിരുന്ന കോണ്‍ഗ്രസ് നേതാവിനെ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. തോറ്റുപോയെന്നത് സത്യം. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്ക് മത്സരിക്കാമെങ്കില്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിട്ടിയില്ലാത്ത ആള്‍ക്കാണോ മത്സരിക്കാന്‍ പാടില്ലാത്തത്? യു.ഡി.എഫുകാര്‍ പിന്നെ ആ വിഷയം മിണ്ടിയിട്ടില്ല.
ചികിത്സ കഴിഞ്ഞാല്‍ രോഗത്തില്‍നിന്ന് മോചിതനാവുംപോലെ ശിക്ഷ കഴിഞ്ഞാല്‍ കുറ്റത്തില്‍നിന്നും മോചിതനാകണം വ്യക്തി. പൂര്‍വസ്ഥിതി പ്രാപിക്കണം. ശിക്ഷിക്കപ്പെടാത്തവനും നിരപരാധി, ശിക്ഷ അനുഭവിച്ചുകഴിഞ്ഞവനും നിരപരാധി. കൊലയ്ക്ക് മാത്രമല്ല, കോഴയ്ക്കും ഇതുതന്നെ നല്ല ന്യായം.                
                                                                                 ****
ഗ്രാമീണരോട് കാണിക്കുന്ന ഒരു അനീതിയെക്കുറിച്ച് ഗ്രാമീണര്‍ പോലും പരിഭവിക്കുന്നില്ല. നഗരവാസികളെ ഭരിക്കാന്‍ കോര്‍പ്പറേഷന്‍ എന്ന ഒറ്റ ഭരണകൂടമേ ഉള്ളൂ പ്രാദേശികതലത്തില്‍. ഗ്രാമീണനെ ഒരു കൂടം ഭരിച്ചാലൊന്നും ഭരിയില്ല. മൂന്നാണ് ഗ്രാമീണരെ ഭരിച്ചുനന്നാക്കുന്ന കൂടങ്ങള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്. നഗരവാസികള്‍ യോഗ്യന്മാരായതുകൊണ്ടാവണം അവരുടെ തലയില്‍ ഒരു അധികാരിയെ മാത്രം കയറ്റിയിരുത്തിയത്. ഗ്രാമീണന് അത്ര പോരല്ലോ. അവന്‍/അവള്‍ മൂന്ന് വോട്ട് കുത്തണം.
പഞ്ചായത്തീരാജ് തുടങ്ങിയ കാലം മുതല്‍ അറിവും അനുഭവവും ഉള്ളവര്‍ പറഞ്ഞിട്ടുണ്ട് ഗ്രാമത്തിനും ജില്ലയ്ക്കും ഇടയില്‍ ബ്ലോക്ക് എന്നൊരു സാധനം തിരുകിക്കയറ്റേണ്ട എന്ന്. ഇവിടെ അടിത്തട്ടിലെ പ്രാദേശിക ഭരണത്തിന് മുകളില്‍ ജില്ലാ പഞ്ചായത്തേ വേണ്ടൂ എന്ന്. നമ്മുടെ പഴയ ജില്ലാ കൗണ്‍സിലുകളായിരുന്നു മികച്ച വികേന്ദ്രീകരണ രീതി. നൂറ്റമ്പതോളം ബ്ലോക്കുകളെ ജനം വെറുതെ നികുതി കൊടുത്തു പോറ്റണം. ഇല്ല, രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. രണ്ടുമൂവായിരം പാര്‍ട്ടിക്കാര്‍ക്ക് പണി കിട്ടുന്ന സംവിധാനം ഇല്ലാതാക്കുകയോ? ജനത്തിന് പ്രയോജനമുണ്ടോ എന്നെന്തിന് വെറുതെ നോക്കണം?
nprindran@gmail.com