കേരളം ഇതും താങ്ങും...

സോളാര്‍ അപവാദത്തിലെ പേരുകള്‍ മുഴുവന്‍ വെളിപ്പെടുത്തിയാല്‍ അത് കേരളം താങ്ങില്ലെന്ന് അപവാദവ്യാപാരത്തിന്റെ മൊത്തവ്യാപാരി സരിത മുമ്പേ പറഞ്ഞതായി പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നെയും പേരുകള്‍ വന്നു. പഴയ പേരുകള്‍തന്നെ, പേരുകള്‍ക്ക് പുതിയ ഡിഗ്രികള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നേ ഉള്ളൂ. സരിതയല്ല, സരിതയുടെ മുന്‍ ജീവിതവ്യവസായ പങ്കാളിയാണ് പേര് പുറത്തിറക്കിയത്. പറഞ്ഞതെല്ലാം സരിത നിഷേധിച്ചിട്ടുണ്ട്... സമാധാനം.

എരിവും പുളിയുമുള്ള ആരോപണമാണെങ്കില്‍ സത്യവും മിഥ്യയുമൊന്നും നോക്കേണ്ടതില്ലെന്ന് മാധ്യമസദാചാര ടെക്സ്റ്റ് ബുക്കില്‍ പറയുന്നുണ്ട്. ആരോപണം ആരുന്നയിച്ചുവെന്നത് പ്രസക്തമല്ല. പറഞ്ഞത് മര്യാദരാമനായാലും കൊലപ്പുള്ളിരാമനായാലും ഹെഡ്ഡിങ്ങിന്റെ വലിപ്പം കുറയില്ല. ആര്‍ക്കെതിരെ  പറഞ്ഞതാണെന്നതു മാത്രമാണ് പ്രസക്തം. ചാനല്‍ ചര്‍ച്ച ജനപ്രിയമാകാന്‍ മര്യാദരാമന്മാര്‍ പോരാ. മറ്റേക്കൂട്ടരാണ് ബെസ്റ്റ്. ജയിലില്‍ കിടക്കുന്നവരെ ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നില്ല. അത് മോശമാണ്. ആരും ചോദിക്കാതിരുന്നതുകൊണ്ട് അനുമതി തരാത്തതാവാനേ തരമുള്ളൂ. ജനാധിപത്യത്തിന്റെ രക്തചംക്രമണമാണ് ചാനല്‍ചര്‍ച്ചയെന്ന് കോടതിപോലും സമ്മതിക്കും.

ലേറ്റസ്റ്റ് ആരോപണത്തില്‍ രണ്ടു ഘടകങ്ങളാണുള്ളത്. അഞ്ചരക്കോടി രൂപ മുഖ്യമന്ത്രിക്ക് കൊടുത്തുവെന്നതും മറ്റേതും. എന്തോ, ആരോപണത്തിലെ കോടിക്കണക്ക് ആരും അത്ര കാര്യമായെടുത്തതായി തോന്നുന്നില്ല. ഗമയുള്ള ഒരു തുക പറഞ്ഞതാവാം. കേരളത്തില്‍ എത്ര കോടിയുടെ സോളാര്‍ വില്‍ക്കണം ലാഭത്തില്‍നിന്ന് അഞ്ചരക്കോടി ഒരാള്‍ക്കുമാത്രം കോഴകൊടുക്കാന്‍? ബിജുവിനും സരിതയ്ക്കും സോളാര്‍ പാനല്‍ വ്യവസായശാലയൊന്നുമില്ല. എവിടെനിന്നെങ്കിലും വാങ്ങിച്ചുനല്‍കണം. ഈയം സ്വര്‍ണമാക്കുന്ന വല്ല വിദ്യയും സരിതബിജുമാരുടെ കൈയിലുണ്ടായിരുന്നെങ്കില്‍പ്പോലും ഇങ്ങനെ വഴിയേപോകുന്നവര്‍ക്കെല്ലാം കോടികളെറിഞ്ഞുകൊടുക്കാന്‍ പറ്റുമായിരുന്നോയെന്നു സംശയമുണ്ട്.

കോടിയുടെ കാര്യം പോട്ടെ, മറ്റേ വിഷയം പറ എന്നാണ് വിഷയാസക്തരുടെ ഔത്സുക്യം. അതിലും വലിയ പുതുമയൊന്നുമില്ല. ഏതുപേര് കൂട്ടിച്ചേര്‍ത്താലും ആരും ഞെട്ടാത്തവിധത്തില്‍ അത്രയും നീണ്ട ലിസ്റ്റാണ് ഇപ്പോഴുള്ളത്. ലിസ്റ്റിലെ  പുതിയ പേര് ആരും പ്രതീക്ഷിച്ചതല്ല, ആരും വിശ്വസിക്കുന്നുമില്ല. പക്ഷേ, ഇതും കേരളം താങ്ങി. ഇനിയെന്തുണ്ട് കൈയില്‍?  എടുക്കൂ പുറത്ത്. ഞങ്ങളെ ഞെട്ടിക്കാന്‍ പറ്റുമോ എന്ന് നോക്ക്. കൊല്ലന്റെ ആലയില്‍ കെട്ടിയ പട്ടിയെ ഉടുക്കുകൊട്ടി ഞെട്ടിക്കാന്‍ നോക്കുകയാണ് ഒരു ബിജു... അല്ല രണ്ട് ബിജു..

പണ്ടത്തെ ബലാത്സംഗനിയമപ്രകാരം, കൃത്യം നടന്നാല്‍ ഒരാഴ്ചയ്ക്കുള്ളിലോമറ്റോ പരാതി കൊടുത്തില്ലെങ്കില്‍ കേസ് തള്ളിപ്പോകുമായിരുന്നു. ഇപ്പോള്‍ നിയമം വളരെ ഉദാരമാണ്. നാലഞ്ചുകൊല്ലത്തേക്ക് ബ്രെയ്ക്കിങ് ന്യൂസ് വരുംവിധം ഓരോന്നോരോന്നായി പുറത്തുവിടാം. ഇര പരാതിപ്പെട്ടാലും പേര് പരസ്യപ്പെടുത്തരുതെന്നാണ് നിയമം. പക്ഷേ, ഇവിടെ ഇരയല്ല, ഇരയാക്കിയവനാണ് പരാതി ഉന്നയിക്കുന്നത്. ഇങ്ങനെ പറയുന്നതുതന്നെ കുറ്റകൃത്യമാണ്. മാനഹാനിക്ക് കേസ് കൊടുക്കാം, മാനമുണ്ടാകണമെന്നേയുള്ളൂ. മുഖ്യമന്ത്രിക്കെതിരെ ഏതുവടി കിട്ടിയാലും അടിക്കാം എന്നതാണ് ജനാധിപത്യന്യായം. എന്നിട്ടും ഇത്തവണ അത്ര ആഞ്ഞടിക്കാന്‍ മനസ്സുവരുന്നില്ല. ഇത് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. ക്വട്ടേഷന്‍ ഗുണ്ടയ്ക്ക് പണംകൊടുത്ത് ഭര്‍ത്താവിനെ കൊല്ലിച്ചാലുള്ള കുഴപ്പം ഗുണ്ട പിന്നെ തന്റെ കസ്റ്റമറെ ഒഴിഞ്ഞുപോകില്ല എന്നതാണ്. ഈ ഗുണ്ടയെ ഒഴിവാക്കാന്‍ പിന്നെ വേറെ ഗുണ്ടയ്ക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ടിവരും. എഴുപതുപിന്നിട്ട, രാവും പകലും ജനമധ്യത്തില്‍ തിരിഞ്ഞുമറിയുന്ന ഒരാളെക്കുറിച്ച് ഇതു പറയാമെങ്കില്‍ നാളെ ആരെക്കുറിച്ചും പറയാം. പാമ്പ് തിരിഞ്ഞുകൊത്താം.

കോഴത്തുക കേട്ട് കേരളീയര്‍ ഞെട്ടുന്ന കാലം എന്നോ കഴിഞ്ഞതാണ്. ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമത്രെയായെന്നാണ് വിചാരം? തിരുവനന്തപുരത്തെ രാജഭരണകാലത്തെ വെട്ടിപ്പുകളെപ്പറ്റി പരമ്പരകളെഴുതിയിട്ടുണ്ട് സ്വദേശാഭിമാനിയും കേസരിയും. സ്വാതന്ത്ര്യത്തിനുശേഷം പങ്കുകാര്‍ കൂടിയതുകൊണ്ട് സംഖ്യ വലുതായെന്നേയുള്ളൂ.

ആദ്യമന്ത്രിസഭയുടെ കാലത്ത് അരി പുറത്തുനിന്ന് വാങ്ങിയതില്‍ ആരോപിക്കപ്പെട്ടു കുംഭകോണം, പതിനാറര ലക്ഷം നഷ്ടം. അന്ന് സ്‌കൂള്‍ അധ്യാപകന്റെ ശമ്പളം പത്തൊമ്പത് രൂപയാണെന്നു കേട്ടിട്ടുണ്ട് ദിവസശമ്പളമല്ല മാസശമ്പളം. ശമ്പളസ്‌കെയിലുകള്‍ വര്‍ധിക്കുന്ന അനുപാതത്തിലെങ്കിലും അഴിമതിസ്‌കെയിലും വര്‍ധിക്കേണ്ടേ? അഞ്ചരക്കോടി കേട്ട് ഞങ്ങള്‍ ഞെട്ടില്ല. തിളച്ച വെള്ളത്തിലിട്ടാലേ തവള ചാടിപ്പോകൂ. തണുത്ത വെള്ളത്തിലിട്ട് വളരെ സാവകാശം തിളപ്പിച്ചാല്‍ ആസ്വദിച്ചങ്ങനെ കിടക്കും. പിന്നെ വേവും. ഉപ്പും മുളകും പിന്നെ ചേര്‍ത്താല്‍ മതി.  

ആകപ്പാടെയൊരു പ്രശ്‌നമുള്ളത് ആ സീസറുടെ ഭാര്യ ഇവിടെയും വന്ന് പൊല്ലാപ്പുണ്ടാക്കുമോ എന്നതു മാത്രമാണ്. സംശയങ്ങള്‍ക്കതീതനായല്ല, സംശയക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ഓരോ ദിവസവും മുഖ്യമന്ത്രി വീട്ടിലേക്കു പോകുക. എന്നാലേ ഉറക്കം കിട്ടൂ. ഇക്കാര്യത്തില്‍ കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ ഒന്നാം റാങ്ക് ഉമ്മന്‍ ചാണ്ടിക്കുതന്നെ. ഇതെല്ലാം നാലേമുക്കാല്‍ വര്‍ഷം താങ്ങിയിട്ടും കേളന്‍ കുലുങ്ങിയിട്ടില്ല. സോളാര്‍കമ്മിഷന്‍ റിപ്പോര്‍ട്ട് നാലരമാസംകൂടി വൈകിയാല്‍ വേറൊന്നും പേടിക്കാനില്ല.

                                                                  ****

അപകടത്തില്‍പ്പെടുന്ന ആളുടെ മതം നോക്കിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതെന്ന് മുമ്പാരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ? പോട്ടെ, കേരളത്തിന്റെ കാര്യം വിട്. ഇന്ത്യയിലേതെങ്കിലും സംസ്ഥാനത്ത് മതം നോക്കി ഇത്തരം നഷ്ടപരിഹാരം കൊടുക്കുന്നുവെന്ന് ആക്ഷേപമുണ്ടായിട്ടുണ്ടോ? ഉണ്ടാകാനിടയുള്ള സംസ്ഥാനം മഹാനായ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്താണ്. ഇല്ല, ഗുജറാത്തില്‍പ്പോലും അങ്ങനെയുണ്ടെന്ന് വ്യാജമതേതരക്കാരുടെ ലേഖനങ്ങളില്‍പ്പോലും കണ്ടിട്ടില്ല.

ആരും ചിന്തിച്ചിട്ടില്ലാത്തത് ചിന്തിക്കുക, ആരും കണ്ടുപിടിച്ചിട്ടില്ലാത്തത് കണ്ടുപിടിക്കുക, ആരും പറയാത്തത് പറയുക. അതാണ് മിടുക്ക്. മോദിജിയുടെ ആരാധകവൃന്ദത്തിലേക്ക് പുതുതായി മാര്‍ഗംകൂടിയ  വെള്ളാപ്പള്ളി നടേശന്‍ജിയുടെ മിടുക്ക്. ആളൊരു പ്രതിഭാശാലിതന്നെ.

ബി.ജെ.പി.ക്കാരും ആര്‍.എസ്.എസ്സുകാരും മാത്രമല്ല, ഹനുമാന്‍സേനക്കാര്‍പോലും കടുത്ത ചമ്മലിലാണ്. ഇത്രയുംകാലം ഹിന്ദുത്വം പറഞ്ഞുനടന്നിട്ടും ഇതുപോലൊന്നു കണ്ടെത്താന്‍ തങ്ങളെക്കൊണ്ടായില്ലല്ലോ എന്നാണ് അവരുടെ മനഃപ്രയാസം. വെള്ളാപ്പള്ളി നടേശനെ ഇതുവരെ സംഘപരിവാറില്‍ ചേര്‍ത്തിട്ടില്ല.

രണ്ടുമനസ്സില്‍ നില്‍ക്കുകയാണ് പരിവാര്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍. തൊഗാഡിയ തിഗാഡിയമാര്‍ ഇവിടെവന്ന് പല ഹീനത്തരങ്ങളും പറഞ്ഞുപോകാറുണ്ടെങ്കിലും അതെല്ലാമൊന്നും കേരളപരിവാറുകാര്‍ ഏറ്റുപിടിക്കാറില്ല. കേരളത്തിലെ കളിക്ക് ഒരു പരിധിയൊക്കെയുണ്ടല്ലോ. ഇപ്പോഴിതാ ശ്രീനാരായണഗുരു അനുയായി ഗോള്‍വാള്‍ക്കര്‍ അനുയായികളെ തോല്‍പ്പിക്കുന്ന ഡയലോഗ് വിടുന്നു. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നു പറയുന്നത് ഇതിനെക്കുറിച്ചാണോ എന്തോ. ബി.ജെ.പി.ക്കാരുടെ ധര്‍മസങ്കടം മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്കു വായ്പുണ്ണ് എന്നുപറഞ്ഞതുപോലെ അനുകൂലകാലാവസ്ഥ ഒത്തുവരുമ്പോഴാണ് ഈ പൊല്ലാപ്പ് വന്നിറങ്ങിയിരിക്കുന്നത്. തുപ്പാനും വയ്യ, വിഴുങ്ങാനും വയ്യ.

നടേശഗുരു ഇനിയും െലവല്‍ താഴ്ത്താനാണു സാധ്യത. ഇതുപോലെ ഇടയ്ക്കിടെ ഡയലോഗ് വിട്ടാലേ കേരളഹിന്ദുത്വത്തിന്റെ അനിഷ്യേധ്യനേതാവായി അംഗീകരിക്കപ്പെടൂ. രണ്ടു പക്ഷമാക്കി കേരളത്തെ പകുക്കണം. ഭൂരിപക്ഷത്തിന്റെ തലവന്‍ താന്‍. പണ്ടത്തെ വര്‍ഗീയത ഭൂതകാലശത്രുതകളുടെ സൃഷ്ടിയാണ്. പുത്തന്‍ വര്‍ഗീയത സാമ്പത്തികനേട്ടം കൊയ്യാനുള്ള പോരാണ്. അതില്‍ പിടിച്ചാല്‍ അധികാരം കൊയ്യാം. ശ്രീനാരായണഗുരുവും നവോത്ഥാനവുമൊക്കെ അവിടെ നില്‍ക്കട്ടെ.

അന്തമില്ലാത്തൊരാഴത്തിലേക്കിതാ, ഹന്ത താഴുന്നു, താഴുന്നു ഞാനഹോ...

                                                                   ****

സി.പി.എമ്മിന്റെ കേരളയാത്ര നയിക്കുക പിണറായി വിജയനായിരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അതിന് വലിയ അര്‍ഥമുണ്ടത്രെ. യാത്ര നയിക്കുന്നയാളാവുമത്രെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി. എന്നാരു പറഞ്ഞു? ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്കു തോന്നിയതാണ്. ഞങ്ങളെന്നുപറഞ്ഞാലാരാണ്? ഞങ്ങള്‍ മാധ്യമങ്ങള്‍, വേറാര്.

ജാഥ നയിക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കം ഇടതുപക്ഷചരിത്രത്തിലില്ല. മുമ്പും യാത്ര നയിച്ചിട്ടുണ്ട് വിജയന്‍. ഓരോരോ സ്‌റ്റോപ്പുകളില്‍ സമൂഹത്തിലെ മാന്യന്മാരുമായി ചര്‍ച്ചയും ചായ് പേയുമുണ്ടായിട്ടുണ്ട്. പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ അവര്‍ പറയും, വിജയന്‍ കമ്പ്യൂട്ടറില്‍ പകര്‍ത്തും. അന്ന് ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ മന്ത്രിസഭയുണ്ടായില്ല. ഉണ്ടായപ്പോള്‍ വിജയന്‍ മുഖ്യമന്ത്രിയുമായില്ല.  ഇടതുമുന്നണിക്ക് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന സമ്പ്രദായമില്ല. കണ്‍ഫ്യൂഷന്‍ അവസാനംവരെ നിലനില്‍ക്കണം. അതാണ് പാര്‍ട്ടിലൈന്‍.

ജാഥ നടത്തുന്നത് ചില സന്ദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കാന്‍ സഹായിക്കും. ജാഥ വിജയന്‍ നയിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ത്തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ചവന്നല്ലോ. അത് പല അപശകുനങ്ങളുമകറ്റാന്‍ സഹായിച്ചുകഴിഞ്ഞു.  ആര്‍.എസ്.പി., ജനതാദള്‍ തുടങ്ങിയ ചില കാരണവന്മാര്‍ മുമ്പ് നാടുവിട്ടുപോയതോര്‍മയുണ്ടല്ലോ. അവര്‍ തിരിച്ചിങ്ങോട്ടു വരാന്‍ പെട്ടിയെടുക്കുന്നുണ്ടെന്നു കേട്ടിരുന്നു. ഇനിയതുണ്ടാവില്ല. ജാഥ തീരുമ്പോഴേക്ക് വേറെ ചിലതിന്റെകൂടി ശബ്ദം നിലയ്ക്കും. യാത്രകൊണ്ട് അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ, വേറെ പ്രശ്‌നമൊന്നുമില്ല.
nprindran@gmail.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി