Sunday, 31 January 2016

വാഴുന്നില്ല, വീഴുന്നുമില്ല
കെ.എം.മാണിയുടെ പേരില്‍ ഒരു ബാര്‍കോഴ ആരോപണമേയുള്ളൂ. ഉള്ള ഒന്നിനു നല്ല ബലമുണ്ടെന്നതുസത്യം. മാണി വീണു. ഇനി ഉടനെയൊന്നും എഴുനേല്‍ക്കാന്‍ സാധ്യതയില്ല. കെ.ബാബുവിനും ബാറിന്റെ കുരിശ്ശേ ഉണ്ടായിരുന്നുള്ളൂ. അതും ബലമുള്ളതുതന്നെ. ബാബുവും വീണു. ഉറപ്പിക്കാന്‍ ആയില്ല, എഴുന്നേല്‍ക്കാന്‍ പിടയുന്നുണ്ട്. മുഖ്യന്‍ ഉമ്മന്റെ രണ്ടുചുമലിലുമുള്ളത് അപവാദങ്ങളുടെ ഭാണ്ഡമാണ്. സോളാര്‍, പാറ്റൂര്‍, ബാര്‍, ടൈറ്റാനിയം, പാമൊലീന്‍ തുടങ്ങി ചുരുങ്ങിയത് അര ഡസനെങ്കിലുമുണ്ട്. പക്ഷേ, കേളന്‍ കുലുങ്ങുന്നില്ല. എഫ്.ഐ.ആര്‍ ഇട്ട് കേസ്സെടുക്കാന്‍ ഒരു താഴെക്കോടതിയേ ഉത്തരവാക്കിയിട്ടുള്ളൂ. വഴങ്ങേണ്ട കാര്യമില്ല. ഞാന്‍ എന്തിനു രാജിവെക്കണം എന്ന ചോദ്യം മാധ്യമക്കാരോടല്ല, ജനങ്ങളോടാണ്. വിജിലന്‍സ് കോടതി ആദ്യത്തെ കോടതിയാണ്. ഇനിയും ഒരുപാട് ദൂരമുണ്ട് നീതിയുടെ കൊടുമുടിയായ സുപ്രീം കോടതിയിലേക്ക്. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്.....

മാണിക്കും ബാബുവിനും ധാര്‍മികത ചെറിയൊരു ദൗര്‍ബല്യമാണ്്. നിയമകാര്യത്തില്‍ അങ്ങനെയല്ല. പ്രത്യേകിച്ചും മാണി, നിയമം അരച്ചുകലക്കിക്കുടിച്ച ആളാണ,് ആരുടെയും ഉപദേശം വേണ്ട. പക്ഷേ, ധാര്‍മികത എന്നുകേട്ടാല്‍ മാണി തളരും. ഹൈക്കോടതി ജസ്റ്റിസ് സീസറുടെ ഭാര്യയെക്കുറിച്ചുകൂടി പറഞ്ഞതോടെ തളര്‍ന്നുപോയി. വിജിലന്‍സ് ജഡ്ജിന്റെ ് ലെവലിലുള്ള വല്ല കോടതിയില്‍നിന്നും ആയിരുന്നുവെങ്കില്‍ പിടിച്ചുനില്‍ക്കാമായിരുന്നു. മേലെ കോടതിപ്പടവുകള്‍ നിരവധിയുണ്ടല്ലോ. ഹൈക്കോടതി ജസ്റ്റിസ് എഴുതിയാല്‍ എഴുതിയതുതന്നെ. ബാബു കിട്ടിയ പിടിവള്ളിയില്‍ മുറുക്കിപ്പിടിച്ചു. നടപടി വിജിലന്‍സ് കോടതി വകയാണ്. അപ്പീല്‍ പോയി. വിജിലന്‍സ് കോടതിക്ക് വിജിലന്‍സ് പോരാ എന്ന് ഹൈക്കോടതി വിധിയില്‍ നിന്ന് മനസ്സിലായി. ബാബുവിന് ദൈവം മഹാനാണെന്നതിന് പുതിയൊരു തെളിവുകൂടി കിട്ടി. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് ബാബുവും രാജി കൊടുത്തത്. അത്രക്കങ്ങ് ഉയരത്തില്‍ പിടിക്കേണ്ട എന്ന് മുഖ്യമന്ത്രി അന്നേ പറഞ്ഞതാണ്. അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചില്ല. ചൂടുതണിയാന്‍ സ്വന്തംഫ്രഡ്ജില്‍ സൂക്ഷിച്ചു. ദൈവം ഇടപെട്ട സ്ഥിതിക്ക് മന്ത്രിസ്ഥാനത്തേക്ക് മടങ്ങണമെന്നുണ്ട് ബാബുവിന്. ഇല്ലെങ്കില്‍ ദൈവം തന്നെക്കുറിച്ച് എന്തുവിചാരിക്കും? ധാര്‍മികതയ്ക്കും കോടതിസ്റ്റേ കിട്ടുമെന്നുമനസ്സിലായി.

ഇതെല്ലാം എന്നോ മരത്തില്‍ കണ്ടിരുന്നു മുഖ്യമന്ത്രി. സീസറിന്റെ ഭാര്യയെക്കുറിച്ച് ചിന്തിച്ചിരിക്കുന്ന ആളല്ല അദ്ദേഹം. രാപ്പകല്‍ പായുന്നതിനിടയില്‍ സ്വന്തം ഭാര്യയെക്കുറിച്ചുപോലും ചിന്തിക്കാന്‍ നേരമില്ല. പിന്നെയല്ലേ സീസറുടെ ഭാര്യ! ധാര്‍മികത എന്നു കേള്‍ക്കുന്നതുതന്നെ അദ്ദേഹത്തിന് ചൊറിഞ്ഞുവരും. ഒരു പതിറ്റാണ്ടുമുമ്പ് മന്ത്രി കെ.പി.വിശ്വനാഥന്‍ കോടതി പറഞ്ഞതുകേട്ട് രാജിവെച്ചത് ഒട്ടും ശരിയായിരുന്നില്ല. മന്ത്രിക്ക് വനം മാഫിയയുമായി ബന്ധമുണ്ടെന്ന് ഒരു കമന്റ് തട്ടിയതാണ് ജഡ്ജി. തെളിവും സാക്ഷിയുമൊന്നുമില്ല. വനംമാഫിയയുമായി തനിക്ക് ബന്ധമില്ലെന്ന് തെളിയിക്കാന്‍ അവസരമുണ്ടോ മന്ത്രിക്ക്? ഇല്ല. നാളെ ഒരു മേല്‍ക്കോടതിക്ക് മറിച്ചുതോന്നിയാല്‍ മന്ത്രിസ്ഥാനം തിരിച്ചുകിട്ടുമോ? ഇല്ലല്ലോ. അയ്യോ...അന്നെനിക്ക് തെറ്റിയതാണ്. ക്ഷമിക്കണം എന്നു ജഡ്ജ് പ്രസ്താവന ഇറക്കുമോ?  ഇല്ലേയില്ല. മന്ത്രിയുടെ മാനഹാനിക്ക് നഷ്ടപരിഹാരം കൊടുക്കുമോ കോടതി? പത്രങ്ങള്‍ ചെയ്യുന്നതുപോലെ ഏതെങ്കിലുംപേജില്‍ ഇത്തിരിവണ്ണത്തില്‍ ഒരു തിരുത്തെങ്കിലും കൊടുക്കുമോ? ഇല്ല, ഇല്ല, ഇല്ല. അതുകൊണ്ടാണ്്, ധാര്‍മികതയുടെ വഴിക്കുപോകാന്‍ ഉമ്മന്‍ചാണ്ടിയെ കിട്ടില്ല എന്നുപറയുന്നത്.

ധാര്‍മികതയ്ക്ക് മേലെയാണ് മുഖ്യമന്ത്രിക്ക് മന:സാക്ഷി. വളരെ സുതാര്യമാണ്, സൗകര്യവുമാണ്, പുറത്താരും കാണില്ല. ആരെയും ബോധ്യപ്പെടുത്തേണ്ട. വാദവും അപ്പീലും ക്രോസ് വിസ്താരവും ഒന്നും ഉണ്ടാവില്ല. നമുക്കുതന്നെ വാദിയും പ്രതിയും വക്കീലും ജഡ്ജിയുമെല്ലാമാകാം. സീസര്‍ഭാര്യസിദ്ധാന്തം കാലഹരണപ്പെട്ടത്് കോടതികള്‍ കാണുന്നില്ല. ക്രിസ്്തുവിനും മുമ്പ് ജീവിച്ചിരുന്ന കക്ഷിയാണ്. കാര്യമില്ല. അതിനേക്കാള്‍ മുമ്പ് ജീവിച്ചിരുന്ന കക്ഷിയാണ് നമ്മുടെ നാട്ടുകാരന്‍ കൗടില്യന്‍. ഒരിക്കലും കാലഹരണപ്പെടില്ല, കാലം കഴിയുന്തോറും കൂടുതല്‍ കൂടതല്‍ പ്രസക്തനായിക്കൊണ്ടിരിക്കും. കൗടില്യന്റേത് കുടിലതയാണ് എന്നുംമറ്റും പറയുമായിരിക്കും. സാരമില്ല. സംശയത്തിന് അതീതനായിരിക്കുക എന്നത് ഇക്കാലത്ത് നടപ്പുള്ള കാര്യമല്ല. രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും ഗാന്ധിയന്‍ പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോഴേ ആളുടെ സത്യസന്ധത, ധാര്‍മികത തുടങ്ങിയവ സംശയാസ്പദമാകുന്നുണ്ട്. ആര്‍ക്കും ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാം. ഒരു വിരോധവുമില്ല. രാജിവെക്കണം എന്നുമാത്രം പറയരുത്. രാഷ്ട്രീയത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത് ആ പഴയ സിദ്ധാന്തമാണ്- അവസാനത്തെ കോടതി അവസാനത്തെ വിധിയില്‍ സംശയത്തിന് ഒരു പഴുതുംകൊടുക്കാതെ കുറ്റവാളിയാണെന്ന് വിധിക്കും വരെ പ്രതി നിരപരാധിയാണ്. അതുവരെ ആരും രാജിവെക്കരുത്. രാജിവെപ്പിക്കരുത്. കുറ്റവാളിയാണെന്നു വിധിക്കപ്പെട്ടാലും ജനകീയക്കോടതിയില്‍ വല്ല വിധേനയും കേസ്സുതള്ളിക്കാനാവുമോ എന്നുനോക്കണം. അതുസാധിച്ചാല്‍ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും കുറ്റങ്ങളും ലാപ്‌സാവും. പ്രതി നീണാല്‍വാഴട്ടെ, കോടതി പോയി തു...ട്ടെ.

സംഗതി ഇങ്ങനെയൊക്കെയായതുകൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കില്ല. പ്രതിപക്ഷം അതാഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ത്തന്നെ സംശയമുണ്ട്. നാലേമുക്കാല്‍ കൊല്ലം മുമ്പ് മുഖ്യമന്ത്രി സ്ഥാനമേറ്റതുമുതല്‍ ആഴ്ചയില്‍ ആറുവട്ടം, മുഖ്യമന്ത്രി രാജിവെക്കണം എന്നു പ്രസ്താവന ഇറക്കാറുണ്ടെന്നതുശരി. ഇപ്പോഴത് ചെകടടപ്പിക്കുന്ന ശബ്ദത്തില്‍ ആവശ്യപ്പെടുന്നുണ്ടെന്നതും ശരി. അതൊരു ആചാരമാണ്. ലംഘിക്കാന്‍ പാടില്ല. പക്ഷേ, സ്വകാര്യമായി ചോദിച്ചാല്‍ അവര്‍ സത്യംപറഞ്ഞേക്കും. ഈ മുഖ്യമന്ത്രിതന്നെ, അരഡസന്‍ അഴിമതി ആരോപണങ്ങള്‍ തലയില്‍പ്പേറി ദുര്‍ബലനായി യു.ഡി.എഫിനെ നയിക്കുകയല്ലേ പ്രതിപക്ഷത്തിന് നല്ലത്? ക്ലീന്‍ ഇമേജുള്ള വല്ല നേതാവിനെയും മുഖ്യമന്ത്രിയാക്കി ഖദര്‍ഷര്‍ട്ട് പുതിയതുവാങ്ങി ഇസ്ത്രിരിയിട്ട് വെളുക്കെ ചിരിച്ചുവന്നാല്‍ ബുദ്ധിമുട്ടാകില്ലേ? ജനത്തിന് അരണയുടെ ഓര്‍മയാണ്. ബാറും മറയ്ക്കും, സോളാറും മറന്നേക്കും.....മാങ്ങയില്ലാത്ത മാവില്‍ ആരെങ്കിലും എറിയുമോ?

                                                                  ****
സത്യവതിയും സത്സ്വഭാവിയുമായ സരിത മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ എല്ലാ കാര്യങ്ങളും വെണ്ടക്കയായി പ്രസിദ്ധീകരിച്ചു മാധ്യമങ്ങള്‍. എന്തുകൊണ്ടെന്നറിയില്ല, സി.പി.എമ്മിനെക്കുറിച്ചുപറഞ്ഞ ഒരു കാര്യം ഗൗരവത്തിലെടുത്തില്ല. പത്തുകോടി രൂപ തരാം എന്നു സി.പി.എം. അവര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നുവത്രെ. സി.പി.എം.സംസ്ഥാനകമ്മിറ്റി എഴുതിയറിയിച്ചതാവാന്‍ വഴിയില്ല. അതിന്റെ സി.ഡി ഉണ്ടാവാനും ഇടയില്ല. ആരാണ് വാഗ്ദാനം ചെയ്തത് എന്നവര്‍ വെളിപ്പെടുത്തിയില്ല. ആരാവും സി.പി.എമ്മിനുവേണ്ടി ദൂതനായിട്ടുണ്ടാവുക?  പി.സി.ജോര്‍ജ് ആ വഴിക്കൊന്നും പോയതായും കേട്ടില്ല. എന്തിനാണ് പണം ഓഫര്‍ ചെയ്തത്, എന്തുകൊണ്ടുവാങ്ങിയില്ല എന്നും വാര്‍ത്തയിലില്ല. സരിത ഇപ്പോള്‍ പലപല പെരുംസത്യങ്ങള്‍ വിളിച്ചുപറഞ്ഞ് കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് അവര്‍ കള്ളം പറഞ്ഞതാണെന്നു കുറ്റപ്പെടുത്താനും വയ്യ. പറയാനുള്ളതുമുഴുവന്‍ താന്‍ പറഞ്ഞാല്‍ കേരളം താങ്ങില്ല എന്നവര്‍ പറഞ്ഞിട്ട് അധികം കാലമായിട്ടില്ലല്ലോ. അതുകൊണ്ടുതല്‍ക്കാലം നാം മൗനം ദീക്ഷിക്കുക.

സരിത പണം വാങ്ങിയിട്ടില്ല. വല്ല പാര്‍ട്ടിക്കാരും തരുന്ന ലക്ഷവും കോടിയും വാങ്ങുന്ന ടൈപ്പല്ലല്ലോ അവര്‍. എന്നുമാത്രമല്ല, ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഈ പത്തുകോടിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി കോഴവാങ്ങി എന്ന ആരോപണം ഉന്നയിപ്പിക്കാന്‍ സി.പി.എം ഒരാള്‍ക്ക് കോഴകൊടുക്കുകയോ, കോഴവാങ്ങി അങ്ങനെയൊരു ആരോപണം സരിത എസ്. നായര്‍ ഉന്നയിക്കുകയോ ചെയ്യില്ലെന്ന് ആര്‍ക്കാണറിയാത്തത്്? കേരളത്തെ വൈദ്യുതിക്ഷാമത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച് വഴിയാധാരമായിപ്പോയ ഒരു സ്ഥാപനത്തെ യഥാര്‍ത്ഥത്തില്‍ നമ്മുടെ പാര്‍ട്ടികള്‍ കയ്യയച്ച് സഹായിക്കേണ്ടതായിരുന്നു. കുറഞ്ഞതു ഒരു ബക്കറ്റ് പിരിവെങ്കിലും..... ഇനി പറഞ്ഞിട്ടുകാര്യമില്ല.

എന്തുസംഭവിച്ചാലും കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ രണ്ടുകാര്യങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ജുഡീഷ്യല്‍ അന്വേഷണമാണ് അതിലൊന്ന്. ചരിത്രപ്രസിദ്ധമായ സെക്രട്ടേറിയറ്റ് വളയല്‍ സമരം സി.പി.എം. ഒറ്റ രാത്രിയും പകലുംകൊണ്ട് അവസാനിപ്പിച്ചത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യം അംഗീകരിച്ചെന്ന് കേട്ടപ്പോഴാണ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍പ്പോലും അന്വേഷണം തുടങ്ങിയാല്‍പിന്നെ ആ വഴിക്കുപോകുകയില്ല എന്നതാണ് സാധാരണ കണ്ടുവരുന്ന രീതി. ഇത്തവണ സംഗതി പിശകാണ്. ഇത്രയും സ്‌ഫോടനശക്തി ഈ സാധനത്തിനുണ്ട് എന്നറിഞ്ഞിരുന്നുവെങ്കില്‍ സെക്രട്ടേറിയറ്റ് ഒരാഴ്ച പൂട്ടിയിട്ടാലും സാരമില്ല, മടുക്കുംവരെ സി.പി.എം.സിക്രട്ടേറിയറ്റ് വളയ്ക്കുകയോ ഒടിക്കുകയോ ചെയ്യട്ടെ എന്നേ മുഖ്യമന്ത്രിയും വിചാരിക്കുമായിരിന്നുള്ളൂ. കണക്കുകള്‍ തെറ്റിയിരിക്കുന്നു. റിപ്പോര്‍ട്ട് വരുംമുമ്പുതന്നെ അന്വേഷണത്തിന് കുറെ ഇരകള്‍ ഉണ്ടാവുമെന്നും കേസ്സെടുക്കുംമുമ്പ് പലരും ശിക്ഷിക്കപ്പെടുമെന്നും ഉള്ള നിലയായിരിക്കുന്നു.

ബി.ജെ.പി. ഇതുകൊണ്ടൊന്നും തൃപ്തിപ്പെടില്ല. കേന്ദ്രത്തിനൊരു റോളും ഇല്ലാതെ ഇതുപോലൊരു സംഗതി തീരാന്‍ പാടില്ലല്ലോ. അതുകൊണ്ട് ബാര്‍കോഴക്കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നു പാര്‍ട്ടി ആവശ്യപ്പെട്ടിട്ടണ്ട്. പാര്‍ട്ടി കേന്ദ്രത്തില്‍ വന്ന ശേഷം ആവശ്യപ്പെട്ട അന്വേഷണങ്ങള്‍ എത്ര എന്നതിന്റെ കണക്ക് എടുക്കേണ്ടതുണ്ട്. മാറാടുകേസ്സും ടി.പി.വധക്കേസ്സും തലശ്ശേരിയിലെ പല രാഷ്ട്രീയക്കൊലകളും അന്വേഷണഡിമാന്‍ഡ് പട്ടികയിലുണ്ട്. ഇങ്ങനെ പോയാല്‍ വൈകാതെ കേന്ദ്രത്തിന് ഒരു കേരള സി.ബി.ഐ. ഉണ്ടാക്കേണ്ടിവന്നേക്കാം.    

Wednesday, 27 January 2016

സഫലയാത്രകള്‍തന്നെ

കേരളയാത്രകള്‍ കൊണ്ടെന്തു പ്രയോജനം എന്ന് ചിലരെല്ലാം ചോദിക്കുന്നുണ്ട്. പ്രയോജനമില്ലെന്നു മാത്രമല്ല, മഹാശല്യമായി എന്നു ചിലര്‍ പറയുന്നുമുണ്ട്. തെറ്റിദ്ധാരണയാണ്. സഫലയാത്രകളാണ് ഇവയെല്ലാം. ആര്‍ക്കു സഫലം എന്നു ചോദിക്കരുത്. സഫലമീ യാത്ര എന്ന് കവി കക്കാട് എഴുതിയത് സ്വന്തം ജീവിതയാത്രയെക്കുറിച്ചാണ്. കേരളയാത്രകള്‍ അതിജീവനയാത്രകളാണ്. ഈ കഴുത്തറപ്പന്‍ രാഷ്ട്രീയത്തില്‍ ജീവിച്ചു പോകേണ്ടേ മനുഷ്യന്? പോരാത്തതിന് നിയമസഭാതിരഞ്ഞെടുപ്പാണ് ഓവര്‍സ്പീഡില്‍ പാഞ്ഞുവരുന്നത്. വേറൊരു വഴിയുമില്ല...കൊടിയെടുക്കൂ, വടിയെടുക്കൂ, പുറപ്പെടൂ...

'ഓന് തെക്കുവടക്ക് നടപ്പാണ് പണി' എന്ന് വടക്കുള്ളവര്‍ പറയാറുണ്ട് തൊഴില്‍രഹിത അലച്ചിലുകാരെക്കുറിച്ച്. ഇപ്പോള്‍ നടപ്പ് പരിഷ്‌കരിച്ചിട്ടുണ്ട്. തെക്കുവടക്കല്ല, വടക്കുതെക്കാണ് നടപ്പ്. നടപ്പല്ല, ഒഴുക്ക്....പണ്ടൊക്കെ ഇത് നടപ്പുതന്നെയായിരുന്നു. നടപ്പുനിര്‍ത്തി. വട്ടുണ്ടോ മനുഷ്യന് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ നടക്കാന്‍? നടപ്പിന്റെ പരിണാമം ആദ്യഘട്ടത്തില്‍ ജീപ്പുകളിലേക്കായിരുന്നു. നടപ്പിനേക്കാള്‍ യാതനയായിരുന്നു ജീപ്പില്‍. ജീപ്പില്‍ ഇരുന്നാല്‍പ്പോര. മുകളില്‍ കയറിനിന്ന് കൈവീശണം. അന്നാണെങ്കില്‍ ചാനലുമില്ല, ലൈവുമില്ല. ജീപ്പില്‍ എ.സി.യുമില്ല. വൈകാതെ ജീപ്പുയാത്ര നിര്‍ത്തി ബുദ്ധിപൂര്‍വം കാറിലായി വടക്കുതെക്ക് പ്രയാണം. വഴിനീളെ പൊതുജനം കഴുത, നേതാക്കളെ കാണാന്‍ കാത്തുനില്‍ക്കുമെന്ന പേടി വേണ്ട. പട്ടണങ്ങളില്‍നിന്ന് പട്ടണങ്ങളിലേക്ക് മിന്നല്‍വേഗത്തില്‍ പോകാം. ഇപ്പോള്‍ ഒരടി കൂടി മുന്നോട്ടുപോയിട്ടുണ്ട്. ഇരിപ്പും അത്യാവശ്യത്തിനു കിടപ്പും സാധ്യമാണ് പുതിയ ഇനം വാഹനങ്ങളില്‍. യാത്രാഫണ്ടിന്റെ കോശസ്ഥിതിക്കനുസരിച്ച് റോഡില്‍ ഒഴുകുന്ന കൊട്ടാരംവരെ റെഡി. മുന്തിയ 'ഗാന്ധി'യന്മാര്‍ക്ക് അതാവാം.(വലിയ 'ഗാന്ധി'യുള്ള നോട്ട് കൈവശമുള്ളവരാണ് ഇപ്പോള്‍ ഗാന്ധിയന്മാര്‍ എന്നറിയപ്പെടുന്നത്).

അതൊക്കെ ശരി. യാത്ര കൊണ്ടുള്ള പ്രയോജനങ്ങളെന്തെല്ലാം എന്ന് പറഞ്ഞില്ലല്ലോ. പറയാം. ഒന്നാമത്തെ പ്രയോജനം, യാത്ര നയിക്കുന്ന ആള്‍ ചുരുങ്ങിയത് ഒരു ലക്ഷം ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ബഹുവര്‍ണചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടും എന്നുള്ളതുതന്നെ. വേറെയേതെങ്കിലും പരിപാടിയില്‍ ഇതുസാധ്യമാണോ? വെളുത്ത പല്ലുകള്‍ മുഴുവന്‍ കാട്ടുന്ന, സുന്ദരമുഖം മാത്രമുള്ള വര്‍ണചിത്രം, മുഖത്തിന്റെ 25 ഇരട്ടി വലുപ്പത്തിലുള്ളത് ആവാം. കൈ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഫുള്‍ സൈസ് ആവാം. പക്ഷേ, ഒരു കുഴപ്പമുണ്ട്. കൈ കോണ്‍ഗ്രസ്സുകാരുടെ തിരഞ്ഞെടുപ്പുചിഹ്നമാണ്. പോളിങ്ങ് ബൂത്തില്‍ പോകുമ്പോള്‍ പുറത്തു ഉപേക്ഷിക്കേണ്ടാത്ത ചിഹ്നം വേറെ അധികമില്ല. ഇത്തരം ചിഹ്നം പാടില്ല എന്നു അന്നേ തടസ്സവാദം ഉന്നയിക്കേണ്ടതായിരുന്നു. അന്ന് ആ ബുദ്ധി ഉദിച്ചില്ല, പോയ ബുദ്ധി ആന വലിച്ചാല്‍ വരില്ല. ആ ചിഹ്നബുദ്ധി കെ.കരുണാകരന്റേതാണെന്നു കേട്ടിട്ടുണ്ട്. കൈപ്പത്തി പ്രതിഷ്ഠയുള്ള പാലക്കാട്ടെ ക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധിയെ കൂട്ടിക്കൊണ്ടുവന്നിട്ടുമുണ്ട് ലീഡര്‍. പോട്ടെ അതുവേറെ വിഷയം. ഫുള്‍സൈസില്‍ കൈ വീശാതെയും നില്‍ക്കാം. കുട പിടിച്ചാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നില്പ്. മഴയെത്തടുത്ത ഫോട്ടോയല്ല. എത്ര കാലമായി കൈ ഉയര്‍ത്തി വീശുന്നു.. ഒരു ചെയ്ഞ്ച് ആയിക്കോട്ടെ എന്നുവിചാരിച്ചതാവാം. ഫ്‌ളെക്‌സിലാവണം ഫോട്ടോ എന്ന കാര്യത്തില്‍ പാര്‍ട്ടികള്‍തമ്മില്‍ ഭിന്നതയില്ല. കോണ്‍ഗ്രസ്സില്‍ പരിസ്ഥിതിയുടെ അസുഖമുള്ള ചിലര്‍ ഫ്‌ളക്‌സിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു കുറച്ചുകാലം മുമ്പ്. പരിസ്ഥിതിയും ആദര്‍ശവുമൊന്നും പാടില്ല എന്നില്ല. പക്ഷേ, നമ്മള് പ്രാക്റ്റിക്കലാവണം എന്നതാണല്ലോ പ്രാക്റ്റിക്കലായ കാര്യം.

കോണ്‍ഗ്രസ്സില്‍ രണ്ടായിരത്തഞ്ഞൂറോളം ഡി.സി.സി., കെ.പി.സി.സി. ഭാരവാഹികള്‍ക്കും അതിലിരട്ടിവരുന്ന ബ്ലോക്ക്-മണ്ഡലം കമ്മിറ്റിക്കാര്‍ക്കും സ്വന്തം ഫോട്ടോ ചേര്‍ത്ത് സ്വന്തം പോസ്റ്ററുകള്‍ അച്ചടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇതിന് ജനാധിപത്യവികേന്ദ്രീകരണം എന്നുപറയും.  സി.പി.എമ്മില്‍ ജനാധിപത്യ കേന്ദ്രീകരണമാണ്. ഫോട്ടോകളും കേന്ദ്രീകരിച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രചരിപ്പിക്കുന്നതിനാണ് കേരളയാത്ര എന്നൊരു ആക്ഷേപം നിലവിലുണ്ട്. ശരിയല്ല. തിരഞ്ഞെടുപ്പിനുമുമ്പ് നേതാവിനെ പൊക്കിപ്പിടിക്കുന്ന ദുശ്ശീലം കമ്യൂണിസ്റ്റുകാര്‍ക്ക് പാടില്ല. കേരളയാത്രയില്‍ പൊക്കിപ്പിടിക്കുന്നതില്‍ വിരോധമില്ല.

കേരളയാത്രകള്‍ക്കുള്ള പണച്ചെലവിന്റെ കാര്യം ആലോചിച്ചാല്‍ അറിയാവുന്നതേ ഉള്ളൂ. കുമ്മനത്തിന് കേന്ദ്രത്തില്‍ നിന്നു കാശുവരുമായിരിക്കും. മതേതരന്മാര്‍ക്ക് അത്തരം വരവുകളില്ല. നാട്ടുകാരില്‍നിന്നു പിരിച്ചേ പറ്റൂ. അഴിമതി ലവലേശം ഇല്ലാത്ത പാര്‍ട്ടികളായതുകൊണ്ട് സംസ്ഥാനം ഭരിക്കുന്നവരുടെ സ്ഥിതിയും ദയനീയമാണ്. ഒരു യാത്ര നടത്തിയാല്‍ യാത്രാച്ചെലവും തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കുള്ള ചെലവും അതിലൊത്തുവരണം. ചിലര്‍ കേരളയാത്ര നടത്തുന്നതിനു മുമ്പ് ഗള്‍ഫ് യാത്ര നടത്തുകയുണ്ടായി. ജാഥയും മൈക്കുമൊന്നുമില്ല, പിരിവുപുസ്തകമേ ഉണ്ടായിരുന്നുള്ളൂ എന്നതുമാത്രമാണ് വ്യത്യാസം. പ്ലേഗുബാധ പോലെ കേരളത്തില്‍ പിരിവുബാധ വ്യാപിച്ചതിനെത്തുടര്‍ന്നു, കൈയില്‍ നാലുമുക്കാല്‍ ഉള്ള സകലരും മൊബൈല്‍ വലിച്ചെറിഞ്ഞ് ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്സുകാരുടെ കഷ്ടപ്പാട് വിവരണാതീതമാണ്. ഇപ്പോഴവര്‍ വീടുകയറിയും പണപ്പിരിവുനടത്തുന്നു. ദാരിദ്ര്യം മൂത്താല്‍ മനുഷ്യന്‍ എന്താണ് ചെയ്യാത്തത്!


ഇത്തരമൊരു പശ്ചാത്തലത്തിലാണ്, എഴുന്നേറ്റുനടക്കാന്‍ ഒരുവിധം ശേഷിയുള്ള പാര്‍ട്ടികളെല്ലാം പലപല ആകര്‍ഷക പേരുകള്‍ ഇട്ട് കേരളയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സിന് യാത്രക്കൊന്നുമുള്ള ശേഷി തല്ക്കാലമില്ല. റബ്ബര്‍വില അത്ര താഴെയാണ്. കെ.എം.മാണിയുടെ വില അതിനേക്കാള്‍ താഴെയാണ്. ആര്‍.എസ്.പി.കള്‍ക്ക് യാത്ര ചെയ്യേണ്ട കാര്യമില്ല. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്തിലാണ് വോട്ടെല്ലാം. ജനതാദള്‍ യു വിന് യാത്ര ചെയ്യണമെന്ന് മോഹമില്ലാഞ്ഞിട്ടോ ശേഷിയില്ലാഞ്ഞിട്ടോ അല്ല. യാത്ര തുടങ്ങുമ്പോള്‍ പാര്‍ട്ടി യു.ഡി.എഫിലും എറണാകുളത്ത് എത്തുമ്പോള്‍ എല്‍.ഡി.എഫിലും ആയാല്‍ ബുദ്ധിമുട്ടാവുമോ എന്ന് സംശയമുണ്ട്- ബുദ്ധിമുട്ട് പാര്‍ട്ടിക്കല്ല, നാട്ടുകാര്‍ക്ക്. അതുകൊണ്ട് തല്ക്കാലം പാര്‍ട്ടിവക യാത്രയില്ല. യുവജനത വക ഉണ്ട്. ചുടുചോറ് അവര്‍ മാന്തട്ടെ. പക്ഷേ, കേരളത്തിലെ കൂതറ വിഷയങ്ങള്‍ തൊടില്ല. ദേശീയ ആഗോള വിഷയങ്ങളെക്കുറിച്ചായിരിക്കും ഉദ്‌ബോധനം.      

യാത്രകള്‍ എല്ലാം കഴിയുമ്പോഴേക്ക് ഈ പാര്‍ട്ടികളെക്കുറിച്ചുള്ള ജനങ്ങളുടെ മതിപ്പ് പാരമ്യത്തിലെത്തും. 140 മണ്ഡലത്തിലും തുടര്‍ച്ചയായി ഉണ്ടായിരുന്ന ഗതാഗതസ്തംഭനം, ശബ്ദശല്യം, പിരിവുശല്യം എന്നിവ അവസാനിച്ചതിന്റെ സന്തോഷത്തിലായിരിക്കും അവര്‍. ഇനിയൊരു അഞ്ചുകൊല്ലമെങ്കിലും സമാധാനം തരണമേ എന്ന് കേണപേക്ഷിച്ച് പൊതുജനംകഴുത പ്രാര്‍ത്ഥനായാത്രയ്ക്ക് ഒരുമ്പെട്ടുകൂടെന്നുമില്ല.

                                                                           ****

വീരശൂരപരാക്രമികളായ കണ്ണൂര്‍ ജയരാജന്മാരില്‍ ഒരാള്‍ക്ക് കുറച്ചായി ചില്ലറ അറസ്റ്റുഭയം ബാധിച്ച ലക്ഷണം കാണാനുണ്ട്. അസുഖവും ചികിത്സയും ഭാവിച്ച് ആസ്പത്രിയിലാണ് അധികസമയവും. രാഷ്ട്രീയകൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് ആനക്കാര്യമൊന്നുമല്ല രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് അതില്‍ വേവലാതി ഒട്ടും കാണാറില്ല, കണ്ണൂരിലെ സി.പി.എം.പ്രവര്‍ത്തകര്‍ക്കാണെങ്കില്‍ ഒട്ടും ഒട്ടുമില്ല. എന്നിരിക്കെയാണ്, കണ്ണൂര്‍ സി.പി.എം. സിക്രട്ടറി അറസ്റ്റ് ഒഴിവാകാന്‍ ആസ്പത്രികളില്‍ അഭയം തേടുന്നത്. രാഷ്ട്രീയ വൈരികള്‍ കൊല്ലാക്കൊല ചെയ്ത നേതാവിന് എന്താണ് ഇത്ര ഭയം എന്ന് ചോദിക്കരുത്. ഐ.പി.സി. തനിച്ചല്ല, യു.എ.പി.എ. എന്ന ഭീകരനെയും കൂട്ടിയാണ് ജയരാജനെ പിടിക്കാന്‍ വരുന്നത്. ആറുമാസം ജാമ്യം കൊടുക്കാതെ ജയിലില്‍ ഇടുന്ന നിര്‍ദ്ദയനാണ് യു.എ.പി.എ. ഇര ആസ്പത്രിയില്‍ കിടന്നാല്‍ ദയ തോന്നുന്നവനുമല്ല ആ ഭീകരന്‍. 

മുമ്പേയുള്ള നിയമത്തില്‍ കര്‍ക്കശ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഡോ.മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാറാണ് യു.എ.പി. ആക്റ്റിനെ ഈവിധമാക്കിയത്. അതിനാല്‍, യു.പി.എ.യുടെ സന്താനമാണ് യു.എ.പി.എ. എന്നുംപറയാം. ജാരസന്താനമല്ല, അസ്സല്‍ സന്താനംതന്നെ. നിയമം ശരിയാണ്, അതിന്റെ ദുരുപയോഗം പാടില്ല എന്നേ അന്നത്തെ ബി.ജെ.പി. ഇതര പ്രതിപക്ഷം പറഞ്ഞിട്ടുള്ളൂ. ഒരു അറസ്റ്റ് നിയമത്തിന്റെ ഉപയോഗമാണോ ദുരുപയോഗമാണോ എന്നാരാണ് തീരുമാനിക്കുന്നത്?  നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് എതിരെ ഉപയോഗിക്കുന്നത് ദുരുപയോഗം, എതിര്‍ പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാം. അത് സദുപയോഗം.

രാഷ്ട്രീയകൊലപാതകം നേരിടാനുള്ളതല്ല യു.എ.പി.എ. അതിന് സാദാ നിയമവും സാദാ പോലീസും മതി. നാല്പത് കൊല്ലമായി കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇതുപ്രയോഗിച്ചാല്‍ തെറ്റുണ്ടോ എന്ന് കണ്ണൂരുകാര്‍ ചോദിച്ചേക്കും. തെറ്റില്ല. പക്ഷേ, അതു ഒരു രാഷ്ട്രീയക്കൊലയില്‍ മാത്രമാകുമ്പോള്‍ സംഗതി ദുരുദ്ദേശ്യപരമാകുന്നു. ഒരു പാര്‍ട്ടിക്കെതിരെ മാത്രമാകുമ്പോള്‍ ദുരുപയോഗമാകുന്നു. കൊലക്കേസ്സില്‍ പ്രതി പോലും ആക്കാതിരുന്ന ആള്‍ക്കെതിരെ വര്‍ഷം ഒന്നൊന്നര കഴിഞ്ഞുമാത്രമാവുമ്പോള്‍ ദുഷ്‌പ്രേരണയുള്ളതുമാകുന്നു.

ജനങ്ങള്‍ ഇതും വിശ്വസിക്കാന്‍ പോകുന്നില്ല.
               

Monday, 18 January 2016

ലാവലിന്‍ ഓര്‍ക്കൂ, ബാര്‍ മറക്കൂ

അഴിമതി വിഷയത്തില്‍ സര്‍ക്കാര്‍ അമാന്തം കാട്ടുന്നു എന്നാരും പറയരുത്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും സംഗതികള്‍ അതിവേഗം മുന്നോട്ടുനീക്കുന്നുണ്ട്. പ്രചാരണവും വോട്ടെടുപ്പും നടക്കുമ്പോഴേക്ക് രണ്ട് കാര്യങ്ങള്‍ നടക്കണം. ഒന്ന്, ലാവലിന്‍കോഴ ജനം ഓര്‍ക്കണം. രണ്ട്, ബാര്‍കോഴ മറക്കണം. സോളാര്‍ കൂടി മറക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, ബുദ്ധിമുട്ടാണ്. മരുന്നു കുത്തിവെച്ച് ജനങ്ങളെ മറവിരോഗികളാക്കാന്‍ പറ്റില്ലല്ലോ. ജനം മറക്കാതിരിക്കാന്‍, സോളാര്‍ കമ്മീഷന്‍ വോട്ടെടുപ്പിന്റെ തലേന്ന് ചിലപ്പോള്‍ സരിതയുടെ കത്ത്് തിരയാന്‍ പോലീസിനെ അയച്ചേക്കാനുമിടയുണ്ട്. അത് നടക്കട്ടെ. ലാവലില്‍ പത്രത്തലക്കെട്ടുകളായും ചാനല്‍ ചര്‍ച്ചയായും തിരിച്ചുവരട്ടെ. ബാര്‍കോഴ മറവിയുടെ അഗാധഗര്‍ത്തത്തില്‍ കുഴിച്ചുമൂടപ്പടട്ടെ.

സോളാറിന്റെയും ബാര്‍കോഴയുടെയും തിരക്കിനിടയില്‍ ലാവലിനെ മറന്നിരുന്നു. എന്തെല്ലാം പൊല്ലാപ്പുകള്‍ തലയില്‍ കയറി കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു രണ്ടുമൂന്നു വര്‍ഷമായി. അതില്‍നിന്ന് തലയൂരുന്നതിനേക്കാള്‍ പ്രധാനമാണ് പിണറായി വിജയന്റെ തല ലാവലില്‍ പാത്രത്തില്‍ കുടുക്കിയിടുന്നത് എന്ന് അന്നുതോന്നിയില്ല. മാത്രവുമല്ല, സിക്രട്ടേറിയറ്റ് വളഞ്ഞ് സര്‍ക്കാറിനെ വെള്ളം കുടിപ്പിക്കാന്‍ വന്നവര്‍ അതിവേഗം അത് അവസാനിപ്പിക്കാനുള്ള മര്യാദ കാട്ടിയില്ലേ? മര്യാദ വണ്‍വേ ട്രാഫിക് അല്ലല്ലോ.  

അന്ന് കേന്ദ്ര ഗവണ്മെണ്ടിന്റെ കൂട്ടിലെ തത്ത എന്ന നല്ല പേരൊക്കെ സി.ബി.ഐ.ക്ക് ഉണ്ടായിരുന്നെങ്കിലും ലാവലിന്‍ കാര്യത്തില്‍ അവര്‍ക്ക് അത്ര ഉഷാര്‍ കണ്ടിരുന്നില്ല. പഴയ വൈദ്യുതി മന്ത്രിമാരായ പിണറായി വിജയനോ ജി.കാര്‍ത്തികേയനോ എതിരെ കുറ്റമൊന്നും കാണാനില്ലെന്ന് സി.ബി.ഐ ഒരുവട്ടം കോടതിയില്‍ പറയുക പോലും ചെയ്തതാണ്. പിന്നെ, എന്തോ തെളിവുകിട്ടിയെന്നും പറഞ്ഞിരുന്നു. സി.ബി.ഐ. കോടതി പക്ഷേ, കേസ്സൊന്നും കണ്ടില്ല. എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. ആ വിധി പറഞ്ഞിട്ട്് വര്‍ഷം രണ്ടുതികഞ്ഞു ഇക്കഴിഞ്ഞ നവംബറില്‍. റെവ്യൂ ഹരജി നല്‍കിയിട്ടുണ്ട് സി.ബി.ഐ. ഇനി അവരായി അവരുടെ പാടായി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു സര്‍ക്കാര്‍. നിവൃത്തിയില്ല. ബാറും സോളാറും കത്തിനില്‍ക്കുകയും ലാവലില്‍ ജനം മറക്കുകയും ചെയ്യുന്നത് നീതിയല്ല. അതുകൊണ്ടാണ് അതെടുത്തു പുറത്തിട്ടത്. ഇല്ല, സര്‍ക്കാര്‍ ലാവലിന്‍ കേസ്സില്‍ ഒരു പുതിയ തെളിവും ഹാജരാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തിട്ടും കോടതി ഇളകാതിരുന്നാല്‍ എങ്ങനെ സഹിക്കും? അതുകൊണ്ട്, കോടതിയില്‍ ഒരു ഓര്‍മ പുതുക്കല്‍ പരസ്യം പ്രസിദ്ധപ്പെടുത്തി എന്നേയുള്ളൂ. ചരമവാര്‍ഷികത്തിന് ബന്ധുക്കള്‍ ചെയ്യുന്നതുപോലെ. വേറെ ദുരുദ്ദേശമൊന്നുമില്ല.

സോളാറിലും ബാറിലും പ്രതിപക്ഷം കളിക്കുന്നതുപോലെ സര്‍ക്കാറിന് ലാവലിനില്‍ കളിക്കാന്‍ ശ്ശി പ്രയാസമുണ്ട്. കോടതി നമ്മുടെ പക്ഷത്തേക്കും തിരിഞ്ഞുകുത്തിക്കൂടായ്കയില്ല. ലാവലിന്റെ ഇടപാട് തുടങ്ങിയത് 1995ലാണ്. ആദ്യം ധാരണാപത്രം, പിന്നെ കരാര്‍. രണ്ടും ചെയ്തത് കോണ്‍ഗ്രസ് മന്ത്രിമാരാണ്. പിന്നെ വന്ന എല്‍.ഡി.എഫ്. മന്ത്രിസഭയിലാണല്ലോ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായത്. രണ്ടുവര്‍ഷമേ ഇരുന്നുള്ളൂ. അപ്പോഴാണ് നേര്‍ക്കുനേരെയൊരു ചര്‍ച്ച ചെയ്ത് സംഗതി ക്ലീനാക്കിക്കളയാമെന്ന് ഉറപ്പിച്ച് മന്ത്രി വിജയന്‍ ലാവലിന്‍ കക്ഷികളെ കാണാന്‍ പറന്നത്. നമ്മുടെ സര്‍ക്കാറിനേക്കാള്‍ സല്‍പ്പേരുള്ള സ്ഥാപനമാണ് ലാവലിന്‍. ഏതുരാജ്യത്തുചെന്ന് എന്തു കരാറെടുത്താലും കരാര്‍ തരുന്നവര്‍ക്ക് ലാവിഷ് ആയി കോഴ കൊടുക്കുന്ന കൂട്ടരാണ് എന്നതാണ് അവരുടെ കീര്‍ത്തി. അത് കോണ്‍ഗ്രസ്സുകാര്‍ക്കും അറിയാം. ഇവിടെ ജനം ഇടക്കിടെ മന്ത്രിസഭ മാറ്റുന്നതാണ് പ്രശ്‌നം. ഇല്ലെങ്കില്‍ ലാവലിന്‍ കരാര്‍ ഇടപാട് തുടങ്ങിവെച്ച കോണ്‍ഗ്രസ്സിനുതന്നെ കരാര്‍ പരിസമാപ്തിയിലെത്തിക്കാന്‍ സാധിക്കുമായിരുന്നു. നിര്‍ഭാഗ്യമാണോ ഭാഗ്യമാണോ എന്നൊന്നും പറയാനാവില്ല. പാമോലിന്‍, സോളാര്‍, ബാര്‍ എന്നിവയ്‌ക്കൊപ്പം ഒരു ലാവലിന്‍ കൂടിച്ചേര്‍ന്നാലും വലിയ ചേതമൊന്നും വരില്ലായിരുന്നുവല്ലോ
   
കേസ് തീര്‍ക്കാന്‍ സര്‍ക്കാറിന് എന്താണിത്ര ധൃതി എന്ന പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യായമായ സംശയംതന്നെ. ഇരുപത് വര്‍ഷമേ ആയിട്ടുള്ള ലാവലിന്‍കളി തുടങ്ങിയിട്ട്. അതിലുമെത്ര മുമ്പെ തുടങ്ങിയതാണ് ബോഫോര്‍സ് കളി? അതിലെ പ്രതികളും സാക്ഷികളുമൊക്കെ ഏതാണ്ടു മരിച്ചുകഴിഞ്ഞു. ബോഫോഴ്‌സ് കേസ് തീര്‍ന്നോ, ആരെയെങ്കിലും ശിക്ഷിച്ചോ, കോഴ വാങ്ങിയിരുന്നു എന്നാണോ ഇല്ല എന്നാണോ കണ്ടെത്തല്‍ എന്നൊന്നും ചോദിക്കരുത്. ആര്‍ക്കും ഉത്തരം അറിയില്ല. ഇതിനാണ് നമ്മള്‍ 'നിയമം നിയമത്തിന്റെ വഴിക്ക് പോകും' എന്നു പറയുന്നത്. ലാവലിന്‍ പക്ഷേ അങ്ങനെ നിയമത്തിന്റെ വഴിക്ക് പോയാല്‍ ശരിയാവില്ല. ഇവിടെ തിരഞ്ഞെടുപ്പ് വരാറായി. രണ്ടിലൊന്ന് ഉടനെ അറിയണം.

കോടതിയില്‍ എത്തിയാലാണ് കേസ്സുകള്‍ പതിറ്റാണ്ടുകള്‍ വലിഞ്ഞുനീണ്ടുപോവുക. അതിവേഗം കേസ് തീര്‍ക്കണം. സീറ്റുവിഭജനച്ചര്‍ച്ച തുടങ്ങാറായി. കോടതി വേണ്ട, വിജിലന്‍സ് മതി. സി.ബി.ഐ.കോടതി വെറുതെവിട്ട പിണറായിയേക്കാള്‍ യോഗ്യന്‍ വിജിലന്‍സ് വെറുതെ വിട്ട കെ.എം.മാണിതന്നെ. സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി പ്രതിയെ വെറുതെ വിടുന്നതുപോലെ വിജിലന്‍സിനും വെറുതെ വിട്ടുകൂടേ? അതിലെന്താണ് ഇത്ര നാണക്കേട്!
                    ****
സി.പി.എമ്മിന്റെ മനംമാറ്റങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ്സുകാര്‍ക്കും ഇഷ്ടപ്പെടുന്നില്ല. സി.പി.എം. ഒരുപാട് തെറ്റുകള്‍ ചെയ്യുന്നു എന്ന് മനസ്സിലാവുന്നത് അവരത് ഓരോന്നും തിരുത്തുമ്പോഴാണ്. തെറ്റുപറ്റുക മനുഷ്യസഹജമാണ് എന്ന് മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. തിരുത്താതിരിക്കുതന്നല്ലേ മോശം? നൂറുവര്‍ഷം കഴിഞ്ഞും തിരുത്തിക്കൊണ്ടേ ഇരിക്കുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകെത്തങ്ങും അങ്ങനെയാണ്.

തിരുത്തുകളുടെ ലിസ്റ്റില്‍ ഐറ്റംസ് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കും. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്‍ത്തു. കളര്‍ ടെലിവിഷന്‍ വരുന്നതിനെ എതിര്‍ത്തു, വിമാനത്താവളത്തെ എതിര്‍ത്തു... എല്ലാം ശരിയാണ്. അതെല്ലാം ഓരോ കാലത്തെ അഭിപ്രായങ്ങളായിരുന്നു. പക്ഷേ, പാര്‍ട്ടിക്ക് ഒന്നും ഇരുമ്പുലക്കകളല്ല. കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാറ്റിലും വരുത്തിക്കൊണ്ടിരിക്കും. കട്ടന്‍കാപ്പിയും പരിപ്പുവടയും കഴിക്കുക എന്ന തത്ത്വം എന്നേ മാറ്റി. ഇപ്പോള്‍ ഈ സാധനമൊന്നും കൈകൊണ്ടുതൊടില്ല. പാര്‍ട്ടി ഓഫീസിലെ ബെഞ്ചില്‍മാത്രം കിടന്നുറങ്ങുന്നവനെ ഇപ്പോള്‍ ഒരിടത്തും കാണില്ല. കാരണം, പാര്‍ട്ടി ഓഫീസുകളില്‍ ഇപ്പോള്‍ ബഞ്ചുകളില്ല. ലളിതജീവിതം നയിക്കാന്‍ തേഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്നു ഗാന്ധിജിയോട് പറഞ്ഞതുപോലെ, ലളിതജീവിതം നയിക്കുകതന്നെ ചെലവേറിയ ഏര്‍പ്പാടാണ്. ഇക്കാലത്ത് അല്പം ആര്‍ഭാടജീവിതം നയിക്കാനാണ് ചെലവുകുറവ്. ബില്‍ വേറെ ആരെങ്കിലും അടച്ചുകൊള്ളും. കമ്പ്യൂട്ടറുകള്‍തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ഐ പാഡാണ് സ്റ്റൈല്‍. അതില്ലെങ്കില്‍ എന്തു കഷ്ടപ്പാടാണെന്ന് തോമസ്് ഐസക്ക് സഖാവിനോട് ചോദിച്ചാലറിയാം. 

ഇതിലെന്താണ് കോണ്‍ഗ്രസ് തുടങ്ങിയ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് എതിര്‍ക്കാനുള്ളത്? പറയാം. വികസനത്തിന്റെ മൊത്തം ഏജന്‍സി കോണ്‍ഗ്രസ്സിനുള്ളതാണ്. കമ്പ്യൂട്ടര്‍, സ്വകാര്യവല്‍ക്കരണം, ഹൈസ്പീഡ് റെയില്‍, ഹര്‍ത്താല്‍വിരോധം, അഹിംസാരാഷ്ട്രീയം തുടങ്ങിയവയുടെ കോപ്പിറൈറ്റിന്മേല്‍ സി.പി.എം. കൂടി കൈവെച്ചാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്യുക ? വികസനത്തിന്റെ ആളായി വന്നാണ് നരേന്ദ്രമോദി കേന്ദ്രം പിടിച്ചത്. ഇവിടെ എന്തായാലും അതുസമ്മതിക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്യൂണിസത്തില്‍ ഉറച്ചുനിന്നാല്‍ മതി. മികച്ച മുതലാളിത്ത വ്യവസ്ഥ തങ്ങളുടേതാണ് എന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തെളിയിച്ചുകൊണ്ടിരിക്കുന്നതായി കേള്‍ക്കുന്നുണ്ട്്. അതേതായാലും ഇവിടെ വേണ്ട.

                    ****
വികസനം പ്രതിസന്ധിയിലാണെന്നും ഇതര സംസ്ഥാനങ്ങള്‍ ആര്‍ജിച്ച നേട്ടങ്ങള്‍ പലതും കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നും സി.പി.എം. നേതാവ് പിണറായി വിജയന്‍ കേരളയാത്രക്ക് മുന്നോടിയായി പത്രങ്ങളിലെഴുതിയ ലേഖനത്തില്‍ പറയുന്നത് ചില്ലറ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. നേട്ടങ്ങള്‍ ആര്‍ജിച്ച മറ്റു സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്? ഏതെങ്കിലും ഒരു സംസ്ഥാനത്തിന് ഏറ്റവും ഉചിതമായ വികസനം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അത് പ.ബംഗാളിന് മാത്രമാണ്. കാരണം, അവിടയേ ഇടതുപക്ഷത്തിന് തുടര്‍ച്ചയായി മുപ്പതുവര്‍ഷം തങ്ങളുടെ നയങ്ങള്‍ നടപ്പാക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. 57ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ രണ്ട് വര്‍ഷത്തില്‍ കൂടൂതല്‍ ഭരിക്കാന്‍ അനുവദിക്കാതിരുന്ന നെഹ്‌റു സര്‍ക്കാറിന്റെ മണ്ടത്തരത്തില്‍നിന്ന് പാഠം പഠിച്ച കേന്ദ്രം മുപ്പത് വര്‍ഷം ബംഗാള്‍ സി.പി.എമ്മിനെ ഏല്‍പ്പിച്ചു. ആ ബംഗാളിലാണോ മികച്ച വികസനം നടന്നത്?

ബുര്‍ഷ്വാപാര്‍ട്ടികള്‍ മാത്രം മാറി മാറി ഭരിച്ച സംസ്ഥാനങ്ങളാണ് ബാക്കിയെല്ലാം. അവരാണോ വികസനനേട്ടങ്ങള്‍ കൈവരിച്ചത്?. ഇടവിട്ടിടവിട്ട് തുല്യകാലം ഇടതുപക്ഷം ഭരിച്ച കേരളം പിന്നിലായി. ഇടതുപക്ഷംതന്നെ നീണ്ടകാലം ഭരിച്ച പ.ബംഗാള്‍ കേരളത്തേക്കാള്‍ പിന്നിലായി. സിദ്ധാന്തത്തില്‍ ശകലം പിശകുണ്ടല്ലോ സഖാവേ...

nprindran@gmail.com

Friday, 15 January 2016

കൊല്ലുന്നത് നിര്‍ത്താന്‍ ചര്‍ച്ച
വെട്ടും കൊലയും തുടരട്ടെ. അഭംഗുരം തുടരട്ടെ. പത്ത് നാല്‍പത് വര്‍ഷമായി വെട്ടും കൊല്ലും ദിനചര്യയാക്കിയവരോട് കത്തിയും കൊടുവാളും അടുത്ത പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് നാളെ മുതല്‍ രാമനാമം ജപിച്ച് വീട്ടിലിരിക്കണം എന്നുപറഞ്ഞാല്‍ സംഗതി നടപ്പില്ല. േെവട്ടോ കൊലയോ ഇല്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ല. ശീലമായിപ്പോയി, എന്തുചെയ്യും...

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ വെറുതെ തെറ്റിദ്ധരിക്കുകയാണ്. തലൈവര്‍ കണ്ണൂരില്‍ യുദ്ധവിരാമം ഉണ്ടാക്കാന്‍ വേണ്ടിയാണ് അടിക്കടി വന്നുകൊണ്ടിരുത് എന്നാരും തെറ്റിദ്ധരിക്കരുത്. ട്ട്അങ്ങനെ യാതൊരു ദുരുദ്ദേശവും ഭാഗവതിനുണ്ടായിരുന്നില്ല. നാല്പത് വര്‍ഷക്കാലത്തെ കൊലപരമ്പരകളുടെ മൂര്‍ദ്ധന്യത്തില്‍പ്പോലും, നമുക്ക് നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ത്തുകളയാം എാന്നാരും പറഞ്ഞതായി കേട്ടിട്ടില്ല. ഇപ്പോള്‍ പറഞ്ഞത് മോശമാണെന്നല്ല. പക്ഷേ, അതും ഓര്‍ക്കാപ്പുറത്തങ്ങ് സംഭവിച്ചുപോയതല്ലേ ? ഇത്തവണ തലൈവര്‍ സഹിഷ്ണുതയുള്ള ചിലയിനം  മതേതരവാദികളുമായി കൂടിക്കാഴ്ച നടത്തി. പതിവുള്ളതല്ല. കാലത്തിനനുസരിച്ച് കുറച്ചെങ്കിലും മാറേണ്ടേ ? കാക്കി ട്രൗസര്‍ മാറ്റി പാന്റ്‌സ് ആക്കാന്‍ തീരുമാനിച്ചില്ലേ, അതുപോലെ. ചര്‍ച്ചക്കിടയില്‍ ഭാഗവത് അങ്ങോ് പറഞ്ഞതല്ല കണ്ണൂര്‍കാര്യം. ആരോ വിഷയം എടുത്തിട്ടപ്പോള്‍ ഓഫര്‍ ചെയ്തതാണ്.

ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശ്‌നം വല്ലതുമാണോ ഇത്് ? നൂറ്റൊുന്നുവട്ടം സമാധാനചര്‍ച്ച നടന്നിട്ടുണ്ട്. പലസ്തീന്‍ പ്രശ്‌നം വേണമെങ്കില്‍ ഇതിനേക്കാള്‍ എളുപ്പം തീര്‍ക്കാം. ആരാണ് ആദ്യം വെട്ടും കൊലയും നടത്തിയത് ?  കണ്ടെത്തുക പ്രയാസമാണ്. കോഴിയോ കോഴിമുട്ടയോ ആദ്യം ഉണ്ടായത് എന്ന് കണ്ടുപിടിക്കുന്നതിനേക്കാള്‍ പ്രയാസം. എന്തായാലും കണ്ണൂരിന് നല്ല പേരാണ് ലോകത്തെങ്ങും! എങ്ങനെയാണ് നിങ്ങള്‍ നാട്ടില്‍ കിടന്നുറങ്ങുന്നത് എന്ന് പുറംനാട്ടുകാര്‍ ചോദിക്കും. സിറിയയില്‍ നിന്നോ ഇറാഖില്‍നിന്നോ വരുന്നവരോട് ഇവിടത്തുകാര്‍ ചോദിക്കാനിടയുള്ള ചോദ്യം. ദൂരെ ഏതെങ്കിലും ഗ്രാമത്തില്‍ വെട്ടുനടന്നാലും കണ്ണൂരില്‍/തലശ്ശേരിയില്‍ വെട്ട്, കൊല എന്നാണ് ബ്രെയ്ക്കിങ്ങ് ന്യൂസ്. പിന്നെ അങ്ങാടിയില്‍ കൈനീട്ടംവില്‍ക്കില്ല. പതിറ്റാണ്ടുകളായി ഗ്രാമങ്ങള്‍ മുരടിപ്പിലാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് ഈ വെട്ടുകാരോട് ഭയങ്കര സ്‌നേഹമാണ്. പക്ഷേ, ഒന്നും മിണ്ടില്ല. മിണ്ടിയാല്‍ കത്തിയും വാളുമെടുത്ത് ഇങ്ങോട്ടുവന്നാലോ ?

ബലിദാനികള്‍, രക്തസാക്ഷികള്‍ എന്നിങ്ങനെ രണ്ടുതരം ആത്മാക്കളാണ് അവിടെ ഉള്ളത്. ബലിദാനിയായാലും രക്തസാക്ഷിയായാലും ഭാര്യയും മക്കളും ഒരേ സ്വരത്തിലാണ് അലറിക്കരയുക. അവരുടെ യാതനകള്‍ക്കൊരു ഭേദവുമില്ല. നാലു പതിറ്റാണ്ടായി ബലിദാനികളായവരുടെയും രക്തസാക്ഷികളായവരുടെയും കുടുംബങ്ങളുടെ സ്ഥിതി എന്താണ് എന്ന് പുറത്തുനിന്നാരും പോയി അന്വേഷിക്കാറില്ല. ഈ കുടുംബങ്ങളില്‍ പുറത്തുള്ളവര്‍ക്ക് കയറിച്ചെല്ലാന്‍തന്നെ പാടാണ്. അതത് പാര്‍ട്ടിഗ്രാമത്തലവന്മാരുടെ എന്‍.ഒ.സി. കിട്ടണം. പത്രക്കാര്‍ക്കുപോലും കിട്ടിില്ല. കിട്ടിയാലും, പത്രക്കാരോട് സത്യം തുറന്നുപറയാനുള്ള ധൈര്യം ആ കുടുംബങ്ങള്‍ക്ക് കാണില്ല. പാര്‍ട്ടിയാണ് ദൈവം. എത്ര ദുരന്തം വന്നാലും അടുത്ത ദുരന്തം വരാതിരിക്കാന്‍ ദൈവത്തെ പ്രാര്‍ത്ഥിച്ചല്ലേ പറ്റൂ.

എത്ര പേര്‍ മരിച്ചു എന്ന കണക്ക് പോലീസ് രേഖകളില്‍ കാണും. എത്ര പേര്‍ക്ക് കൈ ഇല്ലാതായി, കാല്‍ ഇല്ലാതായി എന്നും ഒരു പക്ഷേ, കണ്ടേക്കും. പക്ഷേ, വേറെ കുറെ കണക്കുകള്‍ എവിടെയും കാണില്ല. എത്ര രൂപയുടെ നഷ്ടം ഓരോ കുടുംബത്തിനും ഉണ്ടായി ? എത്ര നഷ്ടം വ്യാപാരവ്യവസായങ്ങള്‍ക്കുണ്ടായി ? എത്ര കോടിയുടെ മൂലധനനിക്ഷേപം നഷ്ടമായി ?  പിരിവുമാത്രം മേലോട്ടായിരുന്നു. പക്ഷേ, അതെത്ര കോടി രൂപ എന്ന രണ്ടുകൂട്ടരും ജനത്തോട് പറഞ്ഞിട്ടില്ല. പിരിച്ചതില്‍ എത്ര അര്‍ഹരുടെ വീടുകളില്‍ എത്തി, എത്ര കോടതികളില്‍ ചെലവാക്കി, സാക്ഷികള്‍ക്ക് ചെലവിന് നല്‍കി ? വെട്ടുകാരുടെയും കൊല്ലുകാരുടെയും വീടുകളിലാണോ കൂടുതല്‍ പണം എത്തിയത് അല്ല മരിച്ചവരുടെ വീടുകളിലോ ? എത്ര രൂപ ബോംബ് വാങ്ങാന്‍ ചെലവിട്ടു നാലപത് വര്‍ഷം. ?  മന്ത്രിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയ പണത്തിന്റെ കണക്ക് മാത്രം ജനം അറിഞ്ഞാല്‍ പോരല്ലോ.  വെട്ടിനും കൊലയ്ക്കും ചെലവാക്കിയ പണവും ജനങ്ങളുടെ പണംതന്നെയാണ്. അത്രയും പണം തലശ്ശേരിക്ക് നാലുവരി ബൈപാസ് പണിയാന്‍ തികയുമായിരുന്നു എന്നാരോ പറയുന്നത് കേട്ടിട്ടുണ്ട്.

 ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞത് കേട്ട പാതി, കേള്‍ക്കാത്ത പാതി,  എങ്കില്‍ വാ ചര്‍ച്ച ചെയ്തുകളയാം എന്ന് സി.പി.എം. പ്രതികരിച്ചത് പക്ഷേ, ഗാന്ധിയന്‍ പാര്‍ട്ടിക്ക് ഇഷ്ടപ്പെട്ട' ലക്ഷണമില്ല. ആര്‍.എസ്.എസ് അങ്ങനെ പറഞ്ഞത് തെറ്റ്. പറഞ്ഞാലും സി.പി.എം. എന്തെങ്കിലും ഒടക്ക് പറഞ്ഞ് അത് തള്ളിക്കളയേണ്ടതായിരുു. അതല്ലേ അതിന്റെയൊരു രീതി.  തിരഞ്ഞെടുപ്പ് വെപ്രാളം തലയില്‍ കേറിയതുകൊണ്ട് എന്ത് കേട്ടാലും അത് വോട്ടിന്റെ എന്തോ ഇടപാടാണെന്നേ മുന്നണി നേതാക്കള്‍ക്ക് തോന്നൂ. കൊലനിര്‍ത്തുന്നത് വോട്ടിന് വേണ്ടിയാണെങ്കില്‍ ജനം ചവിട്ടും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് തിരഞ്ഞെടുപ്പ് പ്രാന്തിന്റെ പ്രശ്‌നമാണ്. അല്ലെങ്കില്‍ അവിടത്തെ വെട്ടുകൊല ഭ്രാന്ത് പകര്‍ന്നതാവും. ചവിട്ടും കുത്തുമൊന്നും മുഖ്യമന്ത്രിയുടെ ഡിക്ഷണറിയില്‍ മുമ്പില്ല. പുതിയ എന്‍ട്രിയാണ്. കൊല നിര്‍ത്താന്‍ പറഞ്ഞാല്‍ത്തന്നെ നേതാക്കള്‍ക്ക് അണികളില്‍നിന്ന കണക്കിന് കിട്ടും. അവരില്‍നല്ലൊരു പങ്ക് ഇതുകൊണ്ടാണ് ജീവിച്ചുപോകുന്നത്. പിന്നെയല്ലേ വോട്ടുചെയ്യാന്‍ പറയുന്നത്.

സി.പി.എം-ആര്‍.എസ്.എസ് വിരോധം മൂര്‍ച്ഛിക്കുത് യു.ഡി.എഫിന് ഗുണം ചെയ്തിരുു ഒരു കാലത്ത്. കാശൊും കൊടുക്കാതെത െകുറെ വോ'് തിരിക്കാന്‍ കഴിഞ്ഞിരുു. അക്കാലം കഴിഞ്ഞു, ഇനി പോക്കറ്റിലുള്ളത് പോകാതെ നോക്കേണ്ട കാലമാണ്. ചര്‍ച്ച ചെയ്ത് അവര്‍ പ്രശ്‌നം തീര്‍ത്തുകളയും എാരും ഭയപ്പെടേണ്ട. വേണമെങ്കില്‍ ചര്‍ച്ച ചെയ്യാതെ തീര്‍ക്കാന്‍ അവര്‍ക്ക് പറ്റും. അതവര്‍ ചെയ്യില്ല. ദേശീയ-സംസ്ഥാന നേതാക്കള്‍ക്കല്ലേ പണം പിരിച്ച് പിരിച്ച് മടുത്തി'ുള്ളൂ. കുത്തുവര്‍ക്കും കൊല്ലുവര്‍ക്കും അങ്ങനെ യാതൊരു പ്രശ്‌നവുമില്ല.
****
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കഥ എഴുതിയാല്‍ ഡിപ്പാര്‍ട്ടമെന്റ്് ഹെഡ്ഡിനെ കാണിച്ചുവേണം പുസ്തകമായി പ്രസിദ്ധപ്പെടുത്താനെന്ന് ചട്ടമുണ്ട് കേരളത്തില്‍. ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. ജീവിതത്തിലൊരു കഥ വായിച്ചിട്ടില്ലാത്ത ഹെഡ്ഡ് ആയാലും വിരോധമില്ല. സാഹിത്യഭംഗിയല്ല, ഹേഡ് നോക്കുക. സര്‍ക്കാറിന്റെ തലയില്‍ ഇടിത്തീ വീഴ്ത്തുന്നു സ്‌ഫോടകവസ്തു വല്ലതും അതിലുണ്ടോ എന്നാണ്. അടിയന്തരാവസ്ഥയില്‍ സെന്‍സര്‍മാര്‍ നോക്കിയതും അതുമാത്രമാണ്.

അതൊന്നുമല്ല പ്രശ്‌നം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍മാത്രം എന്തുകേട്ടാലും മിണ്ടാതിരുന്നുകൊള്ളണമെന്ന് നിര്‍ബന്ധിക്കുന്നത് ന്യായമല്ല എന്ന് ചീഫ് സെക്ര'റി അഭിപ്രായപ്പെട്ടിരിക്കുന്നു. ആരാണ് അങ്ങനെ നിര്‍ബന്ധിക്കുന്നത് സാര്‍ ? ജനങ്ങള്‍ അങ്ങിനെ ആഗ്രഹിച്ചിട്ടില്ല. ഉദ്യോഗസ്ഥന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം നല്‍കരുതെന്ന്് ഭരണഘടനയിലില്ല. ഉദ്യോഗസ്ഥന്‍ വല്ലതും പറഞ്ഞാല്‍ സര്‍ക്കാര്‍ ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന് കരുതിപ്പോന്ന ബ്യൂറോക്രാറ്റ് മേലാളന്മാരാണ് അത് ചെയ്തുപോന്നത്. തങ്ങള്‍ ഭരണത്തില്‍കാട്ടുന്ന അതിക്രമങ്ങള്‍ ഉദ്യോഗസ്ഥന്മാര്‍ പുറത്തറിയിക്കുമെന്ന് പേടിയുള്ള ഭരണനേതൃത്വങ്ങളാണ് ഇതില്‍ മുറുകെപ്പിടിച്ചുപോന്നത്. രഹസ്യം പോകട്ടെ, സുതാര്യത വരട്ടെ.

ഒരു കുഴപ്പമേ ഉള്ളൂ. ആര്‍ക്കും എന്തും ആരെക്കുറിച്ചും പറയാനുള്ള മാധ്യമം ജനത്തിന്റെ പോക്കറ്റില്‍തന്നെ ഉള്ള കാലമാണിത്. കീഴുദ്യോഗസ്ഥര്‍ മേലുദ്യോസ്ഥന്മാരെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ സാറന്മാര്‍ ചൊടിക്കരുത്. മന്ത്രിയെക്കുറിച്ച് പറഞ്ഞവനെതിരെ വിജിലന്‍സ് പോലീസിന് അഴിച്ചുവിടരുത്. വേറെ പ്രശ്‌നമൊുന്നുമില്ല.

അല്ലല്ല, വേറെ പ്രശ്‌നമുണ്ട്. ഫെയ്‌സ്ബുക്കില്‍ പേജുണ്ടാക്കാന്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക്  ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡിന്റെ അനുമതി വേണ്ട. പക്ഷേ, മേധാവിയെ വിമര്‍ശിച്ച് പോസ്റ്റിട്ടാല്‍ സസ്‌പെന്റ് ചെയ്യാന്‍ ഹെഡ്ഡിന് ഫെയ്‌സ്ബുക്കിന്റെ അനുമതിയും വേണ്ട.

പോലീസ് സേനാംഗങ്ങള്‍ നിശ്ശബ്ദത പാലിക്കണം എന്ന് പോലീസ് തലവന്‍ കല്പിച്ചു. നിശ്ശബ്ദത മരണമാണ് എന്ന് സിവില്‍ പോലീസ് ഓഫീസറുടെ പോസ്റ്റ്. അത് മേലുദ്യോഗസ്ഥന്റെ നിലപാടിന് എതിരായ കീഴുദ്യോഗസ്ഥന്റെ പോസ്റ്റാണ്. പക്ഷേ, ഉത്തരവ് ലംഘിക്കും എന്ന് അതിലില്ല. അനുവദിക്കുമോ ഇത് ?  പോലീസിനും കിട്ടുമോ അഭിപ്രായസ്വാതന്ത്ര്യം?  രാജാവ് നഗ്നനാണ് എന്നുപറഞ്ഞ വിഡ്ഡിക്കുട്ടിയുടെ പോസ്റ്റ്. സസ്‌പെന്‍ഡ് ചെയ്യാം, ഡിസ്മിസ്സ് ചെയ്യാം. പക്ഷേ, അതുകഴിഞ്ഞാലും വിമര്‍ശനം തുടരും. ചോദ്യം ചെയ്യുവനെ പുറത്താക്കാം. പക്ഷേ, ചോദ്യം ഇല്ലാതാവില്ലല്ലോ.

nprindran@gmail.com

Sunday, 3 January 2016

രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടോളാം…

 
ഈയിടെയായി ബി.ജെ.പി ഏത്, ആര്‍.എസ്.എസ് ഏത് എന്ന് തിരിച്ചറിയാനാത്തതിനെക്കുറിച്ചാവില്ല കവി  'ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ട…..'എന്ന് പാടിയത്. കവി പറഞ്ഞ 'ഇണ്ടല്‍' ലേശം ഇപ്പോഴുണ്ടുതാനും. ദു:ഖമാണ് എന്ന് പറഞ്ഞൂകൂടാ. ഒരു ചമ്മല്‍. ച്ചാല്‍, രണ്ടും രണ്ടാണെന്ന് ധരിച്ചത് മണ്ടത്തരമായിപ്പോയോ എന്നൊരു സംശം, ത്രേ ഉള്ളൂ.

കാലങ്ങളായി ഇവിടെ പാര്‍ട്ടി കൊണ്ടുനടക്കുന്ന ബി.ജെ.പി.ക്കാര്‍ക്ക് സമാധാനമായിക്കാണും. രണ്ടും ഒന്നുതന്നെയാണ് എന്ന് അവര്‍ക്ക് മുമ്പേ അറിയാം. ഇപ്പോഴത് ശരിക്കും ബോധ്യമായെന്നേ ഉള്ളൂ. കേരളത്തിന്റെ കാര്യം മുഴുവന്‍  സര്‍വശക്തമായ കേന്ദ്രനേതൃത്വം ഏറ്റെടുത്തിരിക്കുന്നു. ജയിക്കുന്നതിന്റെയും തോല്ക്കുന്നതിന്റെയുമെല്ലാം ഉത്തരവാദിത്തം ഇനി പാര്‍ട്ടി കേന്ദ്ര ബഡാസാഹിബുമാര്‍ക്കാണ്. അക്കൗണ്ട് തുടങ്ങിയില്ലെങ്കില്‍ സംസ്ഥാനക്കമ്മിറ്റി പിരിച്ചുവിട്ടാളയും എന്നൊന്നും കേന്ദ്രനേതൃത്വം ഭീഷണിപ്പെടുത്തില്ല. രണ്ട് താടിക്കാര്‍ വന്നതിന് ശേഷം സമഗ്രപരിഷ്‌കാരമാണ്. കേരളത്തില്‍ ആരുമായി ചേര്‍ന്നാണ് മുന്നണിയുണ്ടാക്കേണ്ടത്, പാര്‍ട്ടിയെ ആരു നയിക്കണം എന്നെല്ലാം ഡല്‍ഹി തീരുമാനിക്കും.പണ്ടത്തെ നിലയില്‍ എട്ടുനിലയില്‍ പൊട്ടിയാലും പേടിക്കാനില്ല,. അവരായി, അവരുടെ പാടായി.

എന്നാലും, പാര്‍ട്ടിയില്‍ ഒരു മിസ് കോള്‍ മെമ്പര്‍ഷിപ്പുപോലും ഇല്ലാത്ത വെളുത്ത താടിക്കാരനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാക്കിയത് കടന്ന കൈ അല്ലേ എന്നൊരു സംശയം ചിലര്‍ക്കില്ലാതില്ല. മെമ്പര്‍ഷിപ്പ് ഉള്ളവരുടെ കൂട്ടത്തില്‍ കൊള്ളാവുന്നവരില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാവും എന്നതൊരു ന്യായം തന്നെ. ജനസംഘം മുതലുള്ള കാലം നോക്കിയാല്‍ അഞ്ചാറ് പതിറ്റാണ്ടായി. ഒരു സീറ്റ് നിയമസഭയില്‍ ഒപ്പിച്ചെടുക്കാനായിട്ടില്ല. തമ്മിലടി കഴിഞ്ഞുള്ള സമയം മാത്രം പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്ത സിക്രട്ടറിക്ക് ഒരുവരി തെറ്റിയപ്പോഴേക്ക് ആളെ തള്ളിമാറ്റി പ്രസിഡന്റ് പണി ഏറ്റു. ആള് നല്ല തര്‍ജ്ജമക്കാരന്‍ തന്നെ... പക്ഷേ പ്രസിഡന്റാവാന്‍ വേറെ ആളെ വിളിച്ചു. അങ്ങനെയാണ് കുമ്മനത്തിന്റെ മനം കുളിര്‍ത്തത്.

കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും ഇല്ലാത്ത കേരളം ആണ് ലക്ഷ്യം എന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചതാണ് പാര്‍ട്ടി പ്രസിഡന്റ് അമിത ഷാജി. അപ്പോള്‍ മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും മറ്റും ഉണ്ടാകുമോ എന്ന് കുസൃതി ചോദിക്കരുത്. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അങ്ങനെയൊരു മധുരമനോജ്ഞ അവസ്ഥ ഉണ്ടാക്കുന്നതിനുള്ള സംവിധാനമാണ് സംഘം പടുത്തുയര്‍ത്തുന്നത്. കോണ്‍ഗ്രസ്സിന്റേയും കമ്യൂണിസ്റ്റുകാരുടെയും ജനാധിപത്യമൊന്നും ജനാധിപത്യമല്ല. പാര്‍ട്ടി എന്ന് പറയുന്നത് ജനങ്ങളുടെ വോട്ട് വാങ്ങുന്നതിനുള്ള ഒരു സംവിധാനം മാത്രമാണ്. നയവും പരിപാടിയും ഭരണവുമെല്ലാം പിന്നിലിരുന്ന് അജ്ഞാതര്‍ തീരുമാനിക്കും. ഐ.എ.എസ് എന്ന് വിളിക്കുന്ന ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പോലൊരു സംവിധാനമാണ് ആര്‍.എസ്.എസ്. പ്രധാനമന്ത്രി പദവിയിലായാലും ജില്ലാ പഞ്ചായത്ത് പദവിയിലായാലും സ്വയം സേവനത്തിന്, സദാ സന്നദ്ധമായി നില്‍ക്കും അവര്‍. ഒരു മിസ് കോള്‍ കൊടുത്താല്‍ അപ്പോള്‍ പാഞ്ഞ് വന്ന് പണി ചെയ്യും. തലശ്ശേരി മോഡല്‍ പണിയായാലും സുനാമിയില്‍ പെട്ടവരെ രക്ഷിക്കലായാലും ഒരു വ്യത്യാസമുമില്ല. മുമ്പൊക്കെ ചില യോഗ്യര്‍ രാഷ്ട്രീയം വിട്ടാണ് സേവനത്തിന് പോകാറുള്ളത്. പി.പരമേശരന്‍ ഒന്നാംകിട നേതാവായിരുന്നു ജനസംഘകാലത്ത്. പിന്നെ അപ്രത്യക്ഷനായി. നാനാജി ദേശ്മുഖ് അങ്ങനെ അപ്രത്യക്ഷനായ ഒരു ദേശീയ ഭാരവാഹിയായിരുന്നു. ഇപ്പോള്‍ ഒഴുക്ക് സേവനത്തിലേക്കല്ല, അവിടെ നിന്ന് ഇങ്ങോട്ടാണ്. ആരെ എപ്പോള്‍ എവിടെ പോസ്റ്റ് ചെയ്യും എന്ന് പറയാനാവില്ല. ഐ.എ.എസ്സില്‍ ഇന്ന് ഫിഷറീസ് വകുപ്പ് സിക്രട്ടറി നാളെ ദേവസ്വം വകുപ്പ് സിക്രട്ടറി. ആര്‍.എസ്.എസ്സില്‍ ഇന്നലെ വി.എച്ച്.പി സിക്രട്ടറി ഇന്ന് ബി.ജെ.പി. പ്രസിഡന്റ്.

ആര്‍.എസ്.എസ്സിന് രാഷ്ട്രീയമില്ല, അതൊരു സാംസ്‌കാരിക സംഘടന മാത്രം എന്നൊരു കടംകഥയുണ്ടായിരുന്നു. രാഷ്ട്രീയം, സംസ്‌കാരം എന്നിവയും ഒന്നായ നിന്നെയിഹ രണ്ടെന്ന ലൈനില്‍തന്നെയാണ് നില്‍ക്കുന്നത്. രണ്ടും ഒന്നുതന്നെ. മുമ്പും കല, സംസ്‌കാരം തുടങ്ങിയവയുമായി നല്ല ബന്ധമായിരുന്നു. നമുക്ക് ഇഷ്ടപ്പെടാത്ത കല നശിപ്പിക്കലും കലാകാരന്മാരെ കൈകാര്യം ചെയ്യലുമായിരുന്നു പണി എന്ന വ്യത്യാസമേ ഉള്ളൂ. നിരോധനം നീക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ഉപാധി വെച്ചതനുസരിച്ച്,  ആര്‍.എസ്.എസ് രാഷ്ട്രീയത്തിന്റെ നാലയലത്ത് പോവില്ല എന്ന് അന്ന് തീരുമാനിച്ചിരുന്നു. ഇന്നിപ്പോള്‍ അങ്ങേരില്ലല്ലോ, പ്രതിമയല്ലേ ഉള്ളൂ. പട്ടേല്‍ നിര്‍ബന്ധിച്ചതുകൊണ്ട് സംഘടനയ്ക്ക് എഴുതിയ ഭരണഘടന ഉണ്ടാക്കിയിരുന്നു. അതില്‍ ഇതൊരു സാംസ്‌കാരികസംഘടന മാത്രമാണ് എന്നെഴുതിയതിരുന്നത്രെ. ഇപ്പോള്‍ കടലാസ് എങ്ങും കാണാനില്ല, സംഘടനയുടെ വെബ്‌സൈറ്റിലും കാണാനില്ല. നാഗ്പൂരിലെ ഏതെങ്കിലും അലമാരയിലുണ്ടാവാം.

സംഘം തലവന്‍ കേരളത്തില്‍ വന്ന് ബുദ്ധിജീവികളുടെയും മറ്റും അഭിപ്രായം തേടിയിരുന്നു. ആര്‍.എസ്.എസ് നന്നാവുന്നെങ്കില്‍ നന്നായിക്കോട്ടെ എന്ന് വിചാരിച്ച് ചില ശുദ്ധമനസ്‌കര്‍ പോയി ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. മോഹന്‍ ഭഗവതിന് ഒളിച്ചുകളിയൊന്നുമില്ല. സാംസ്‌കാരിക വിഷയത്തിലല്ല, രാഷ്ട്രീയകാര്യങ്ങളില്‍തന്നെയാണ് അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തേടിയത്. പൊതു അഭിപ്രായം മനസ്സിലാക്കി കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവത്രെ. അറിയിക്കലൊക്കെ പണ്ട്. ഇപ്പോള്‍ കല്‍പ്പിക്കലാണ് രീതി.

മാറിയ  സാഹചര്യത്തെ കുറിച്ച് ബി.ജെ.പി. സംസ്ഥാന പ്രവര്‍ത്തകന്മാര്‍ക്ക് നല്ല ബോധ്യം ഉണ്ട്. തീരുമാനങ്ങള്‍ എടുക്കാനല്ല പാര്‍ട്ടി, പുറത്ത് എടുക്കപ്പെടുന്ന തീരുമാനങ്ങള്‍ അനുസരിക്കാനും നടപ്പാക്കാനുമാണ് പാര്‍ട്ടി. അതുകൊണ്ട് പാര്‍ട്ടി അപ്രസക്തമായി എന്നൊന്നും ധരിക്കേണ്ട. പോസ്റ്റര്‍ ഒട്ടിക്കുക, ചുമരെഴുതുക, ഇഷ്ടമുള്ള പേരിട്ട് കാസര്‍ഗോഡ് മുതല്‍ ഇങ്ങോട്ടോ അങ്ങോട്ടോ യാത്ര നടത്തുക തുടങ്ങിയ വിശാലമായ അധികാരങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യമൊന്നും ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. 140 മണ്ഡലത്തിലേക്കും ബംഗാളികളെയൊന്നും കൊണ്ടുവന്ന് നിര്‍ത്താന്‍ പറ്റില്ലല്ലോ. അത് കൊണ്ട് പ്രതീക്ഷ വെടിയേണ്ട.
                    ****


ജനതാദള്‍ യു ഇടതുമുന്നണിയിലേക്ക് വന്നാല്‍ ജനതാ ദള്‍ എസ് സ്വാഗതം ചെയ്യുമത്രെ. മറ്റെന്താണ് ചെയ്യാന്‍ പറ്റുക ? ഇങ്ങോട്ട് കേറേണ്ട എന്ന് പറയാന്‍ അവര്‍ക്ക് അധികാരമുണ്ടോ ? പണ്ടേതോ തിരുമേനിയുടെ കാര്യം പറഞ്ഞതുപോലെ, ഭിക്ഷ ഇല്ല എന്ന് പറയേണ്ടത് കാര്യസ്ഥനോ അല്ല ഉടമസ്ഥനോ ? മുന്നണിയില്‍ ആര് വേണം, വേണ്ട എന്നെല്ലാം മുന്നണിയുടെ ഉടമസ്ഥന്‍ തീരുമാനിക്കും. അഥവാ യുദള്‍ വരുന്നത് എസ് ദളിന് ഇഷ്ടമില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോകാം. എങ്ങോട്ടുപോകാനാണ് ?

അല്ലെങ്കില്‍, യു ദള്‍ ഇടതുമുന്നണിയിലേക്ക് പോകാന്‍ ടിക്കറ്റെടുത്തു എന്നാരെങ്കിലും പറഞ്ഞോ ? കയ്യാലപ്പുറത്ത് വീണ തേങ്ങ പോലെയാണ് ആ പാര്‍ട്ടി, ഏത് പറമ്പിലേക്ക് ഉരുണ്ടുവീഴും എന്ന് പറയാനാവില്ല എന്ന് ചില വിവരദോഷികള്‍ കരുതുന്നുണ്ടാവാം. അതൊരു തോന്നല്‍ മാത്രം. ഉറച്ചുനില്‍ക്കുകയാണ് യു ദള്‍. ആഗോള ഫാസിസ്റ്റ് വിരുദ്ധര്‍ക്ക്, വേറെ ചില മൈനര്‍ ഫാസിസ്റ്റ് വിരുദ്ധരെ കണ്ടാല്‍ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. ഒന്നു ചിരിക്കുകയോ ലോഗ്യം പറയുകയോ പുസ്തകം പ്രകാശിപ്പിക്കുകയോ മറ്റോ ചെയ്‌തെന്ന് വരാം. വേറെ പ്രശ്‌നമൊന്നുമില്ല. ഫാസിസം കൊണ്ട് ഇങ്ങനെ ചില പ്രയോജനങ്ങളുണ്ട്. ജനതാ ദള്‍ എസ്സ് സമാധാനപ്പെടണം. ഒരു കാട്ടില്‍ രണ്ട് സിംഹം പാടില്ലെന്ന് പറഞ്ഞതുപോലെയാണ് ഇതും. ഒരു മുന്നണിയിലും രണ്ട് ജനതാദള്‍ പറ്റില്ല. ഒന്നുണ്ടായാല്‍ തന്നെ പാടാണ്....യേത് ? .

യു.ഡി.എഫുമായുള്ള യു ദളിന്റെ പ്രശ്‌നം സോണിയാജിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ തോല്പ്പിച്ചുകളഞ്ഞ സംഭവമറിഞ്ഞ് അവര്‍ ഞെട്ടി. 462 സീറ്റില്‍ മത്സരിച്ച് 418 ലും തോറ്റതിന്റെ അഹംഭാവം ഒട്ടുമില്ലാത്ത കോണ്‍ഗ്രസ്സ് പ്രസിഡന്റിനോടാണ് ഒരു സീറ്റ് തോറ്റതിന്റെ പരാതി പറയാന്‍ ചെന്നത്. കൊല്ലം രണ്ടാവാനായിട്ടും പാലക്കാട് മറന്നില്ലേ എന്ന് ചോദിക്കരുത്. ത്രിതല പഞ്ചായത്തില്‍ നുറുകണക്കിന് സീറ്റില്‍ പാര്‍ട്ടിക്കാരെത്തന്നെ കാല് വാരിയവര്‍ക്ക് അങ്ങനെയൊക്കെ തോന്നും. അടിച്ചവര്‍ മറക്കും, കിട്ടിയവര്‍ മറക്കില്ല. പാലക്കാട്ടെ കാലുവാരലിന് കോണ്‍ഗ്രസ്സുകാര്‍ കുമ്പസാരം, പശ്ചാത്താപം എന്നിവ പ്രകടിപ്പിക്കണം. നഷ്ടപരിഹാരം നെല്ലായിട്ടുതന്നെ കിട്ടണം.
                         ****

വെറും ഇരുളല്ല, കൂരിരുള്‍ പരക്കുന്ന കാലമാണ്. ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് ഭരണഘടന അനുശാസിക്കുന്ന രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാര്‍  യാഗം നടത്തുന്നു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം കൊണ്ട് സംസ്ഥാനമുണ്ടായതിന് നന്ദി കേന്ദ്രത്തോട് പറയാന്‍ തെലങ്കാന നിയമസഭയ്ക്ക് ഒരു പ്രമേയം പാസ്സാക്കിയാല്‍ മതി. അതിന് പകരമാണ് 1500 പുരോഹിതന്മാരെയും അര ലക്ഷം ജനങ്ങളെയുമെല്ലാം ക്ഷണിച്ചുവരുത്തി കോടികള്‍ ചെലവിട്ട് യാഗം നടത്തിയത്. മഴ പെയ്യിക്കാനുള്ള കമാന്‍ഡും യാഗത്തിലുണ്ടായിരുന്നു. അതനുസരിച്ച് മഴ പെയ്യുമെന്നോര്‍ത്തോ അതല്ല, ഈ അന്ധവിശ്വാസപ്രകടനം കണ്ടുസഹിക്കാതെയോ എന്നറിയില്ല അഗ്നിഭഗവാന്‍ ഇടപെട്ടു. യാഗശാല കത്തിനശിച്ചു. അത് അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല.

ഇനി എന്തെല്ലാം കാണാനിരിക്കുന്നു...

nprindran@gmail.com

News FACEBOOK TWITTER PINTEREST LINKEDIN GOOGLE + PRINT EMAIL COMMENT രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടോളാം viseshalprathi ആര്‍.എസ്.എസ്സി...

Read more at: http://www.mathrubhumi.com/news/columns/viseshalprathi/article-malayalam-news-1.773489
രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടോളാം viseshalprathi ആര്‍.എസ്.എസ്സിന് രാഷ്ട്രീയമില്ല, അതൊരു സാംസ്‌കാരിക സംഘടന മാത്രം എന്നൊരു കടങ്കഥ ഉണ്ടായിരുന്നു. ര...

Read more at: http://www.mathrubhumi.com/news/columns/viseshalprathi/article-malayalam-news-1.773489