രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടോളാം…

 
ഈയിടെയായി ബി.ജെ.പി ഏത്, ആര്‍.എസ്.എസ് ഏത് എന്ന് തിരിച്ചറിയാനാത്തതിനെക്കുറിച്ചാവില്ല കവി  'ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ട…..'എന്ന് പാടിയത്. കവി പറഞ്ഞ 'ഇണ്ടല്‍' ലേശം ഇപ്പോഴുണ്ടുതാനും. ദു:ഖമാണ് എന്ന് പറഞ്ഞൂകൂടാ. ഒരു ചമ്മല്‍. ച്ചാല്‍, രണ്ടും രണ്ടാണെന്ന് ധരിച്ചത് മണ്ടത്തരമായിപ്പോയോ എന്നൊരു സംശം, ത്രേ ഉള്ളൂ.

കാലങ്ങളായി ഇവിടെ പാര്‍ട്ടി കൊണ്ടുനടക്കുന്ന ബി.ജെ.പി.ക്കാര്‍ക്ക് സമാധാനമായിക്കാണും. രണ്ടും ഒന്നുതന്നെയാണ് എന്ന് അവര്‍ക്ക് മുമ്പേ അറിയാം. ഇപ്പോഴത് ശരിക്കും ബോധ്യമായെന്നേ ഉള്ളൂ. കേരളത്തിന്റെ കാര്യം മുഴുവന്‍  സര്‍വശക്തമായ കേന്ദ്രനേതൃത്വം ഏറ്റെടുത്തിരിക്കുന്നു. ജയിക്കുന്നതിന്റെയും തോല്ക്കുന്നതിന്റെയുമെല്ലാം ഉത്തരവാദിത്തം ഇനി പാര്‍ട്ടി കേന്ദ്ര ബഡാസാഹിബുമാര്‍ക്കാണ്. അക്കൗണ്ട് തുടങ്ങിയില്ലെങ്കില്‍ സംസ്ഥാനക്കമ്മിറ്റി പിരിച്ചുവിട്ടാളയും എന്നൊന്നും കേന്ദ്രനേതൃത്വം ഭീഷണിപ്പെടുത്തില്ല. രണ്ട് താടിക്കാര്‍ വന്നതിന് ശേഷം സമഗ്രപരിഷ്‌കാരമാണ്. കേരളത്തില്‍ ആരുമായി ചേര്‍ന്നാണ് മുന്നണിയുണ്ടാക്കേണ്ടത്, പാര്‍ട്ടിയെ ആരു നയിക്കണം എന്നെല്ലാം ഡല്‍ഹി തീരുമാനിക്കും.പണ്ടത്തെ നിലയില്‍ എട്ടുനിലയില്‍ പൊട്ടിയാലും പേടിക്കാനില്ല,. അവരായി, അവരുടെ പാടായി.

എന്നാലും, പാര്‍ട്ടിയില്‍ ഒരു മിസ് കോള്‍ മെമ്പര്‍ഷിപ്പുപോലും ഇല്ലാത്ത വെളുത്ത താടിക്കാരനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാക്കിയത് കടന്ന കൈ അല്ലേ എന്നൊരു സംശയം ചിലര്‍ക്കില്ലാതില്ല. മെമ്പര്‍ഷിപ്പ് ഉള്ളവരുടെ കൂട്ടത്തില്‍ കൊള്ളാവുന്നവരില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാവും എന്നതൊരു ന്യായം തന്നെ. ജനസംഘം മുതലുള്ള കാലം നോക്കിയാല്‍ അഞ്ചാറ് പതിറ്റാണ്ടായി. ഒരു സീറ്റ് നിയമസഭയില്‍ ഒപ്പിച്ചെടുക്കാനായിട്ടില്ല. തമ്മിലടി കഴിഞ്ഞുള്ള സമയം മാത്രം പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്ത സിക്രട്ടറിക്ക് ഒരുവരി തെറ്റിയപ്പോഴേക്ക് ആളെ തള്ളിമാറ്റി പ്രസിഡന്റ് പണി ഏറ്റു. ആള് നല്ല തര്‍ജ്ജമക്കാരന്‍ തന്നെ... പക്ഷേ പ്രസിഡന്റാവാന്‍ വേറെ ആളെ വിളിച്ചു. അങ്ങനെയാണ് കുമ്മനത്തിന്റെ മനം കുളിര്‍ത്തത്.

കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും ഇല്ലാത്ത കേരളം ആണ് ലക്ഷ്യം എന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചതാണ് പാര്‍ട്ടി പ്രസിഡന്റ് അമിത ഷാജി. അപ്പോള്‍ മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും മറ്റും ഉണ്ടാകുമോ എന്ന് കുസൃതി ചോദിക്കരുത്. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അങ്ങനെയൊരു മധുരമനോജ്ഞ അവസ്ഥ ഉണ്ടാക്കുന്നതിനുള്ള സംവിധാനമാണ് സംഘം പടുത്തുയര്‍ത്തുന്നത്. കോണ്‍ഗ്രസ്സിന്റേയും കമ്യൂണിസ്റ്റുകാരുടെയും ജനാധിപത്യമൊന്നും ജനാധിപത്യമല്ല. പാര്‍ട്ടി എന്ന് പറയുന്നത് ജനങ്ങളുടെ വോട്ട് വാങ്ങുന്നതിനുള്ള ഒരു സംവിധാനം മാത്രമാണ്. നയവും പരിപാടിയും ഭരണവുമെല്ലാം പിന്നിലിരുന്ന് അജ്ഞാതര്‍ തീരുമാനിക്കും. ഐ.എ.എസ് എന്ന് വിളിക്കുന്ന ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പോലൊരു സംവിധാനമാണ് ആര്‍.എസ്.എസ്. പ്രധാനമന്ത്രി പദവിയിലായാലും ജില്ലാ പഞ്ചായത്ത് പദവിയിലായാലും സ്വയം സേവനത്തിന്, സദാ സന്നദ്ധമായി നില്‍ക്കും അവര്‍. ഒരു മിസ് കോള്‍ കൊടുത്താല്‍ അപ്പോള്‍ പാഞ്ഞ് വന്ന് പണി ചെയ്യും. തലശ്ശേരി മോഡല്‍ പണിയായാലും സുനാമിയില്‍ പെട്ടവരെ രക്ഷിക്കലായാലും ഒരു വ്യത്യാസമുമില്ല. മുമ്പൊക്കെ ചില യോഗ്യര്‍ രാഷ്ട്രീയം വിട്ടാണ് സേവനത്തിന് പോകാറുള്ളത്. പി.പരമേശരന്‍ ഒന്നാംകിട നേതാവായിരുന്നു ജനസംഘകാലത്ത്. പിന്നെ അപ്രത്യക്ഷനായി. നാനാജി ദേശ്മുഖ് അങ്ങനെ അപ്രത്യക്ഷനായ ഒരു ദേശീയ ഭാരവാഹിയായിരുന്നു. ഇപ്പോള്‍ ഒഴുക്ക് സേവനത്തിലേക്കല്ല, അവിടെ നിന്ന് ഇങ്ങോട്ടാണ്. ആരെ എപ്പോള്‍ എവിടെ പോസ്റ്റ് ചെയ്യും എന്ന് പറയാനാവില്ല. ഐ.എ.എസ്സില്‍ ഇന്ന് ഫിഷറീസ് വകുപ്പ് സിക്രട്ടറി നാളെ ദേവസ്വം വകുപ്പ് സിക്രട്ടറി. ആര്‍.എസ്.എസ്സില്‍ ഇന്നലെ വി.എച്ച്.പി സിക്രട്ടറി ഇന്ന് ബി.ജെ.പി. പ്രസിഡന്റ്.

ആര്‍.എസ്.എസ്സിന് രാഷ്ട്രീയമില്ല, അതൊരു സാംസ്‌കാരിക സംഘടന മാത്രം എന്നൊരു കടംകഥയുണ്ടായിരുന്നു. രാഷ്ട്രീയം, സംസ്‌കാരം എന്നിവയും ഒന്നായ നിന്നെയിഹ രണ്ടെന്ന ലൈനില്‍തന്നെയാണ് നില്‍ക്കുന്നത്. രണ്ടും ഒന്നുതന്നെ. മുമ്പും കല, സംസ്‌കാരം തുടങ്ങിയവയുമായി നല്ല ബന്ധമായിരുന്നു. നമുക്ക് ഇഷ്ടപ്പെടാത്ത കല നശിപ്പിക്കലും കലാകാരന്മാരെ കൈകാര്യം ചെയ്യലുമായിരുന്നു പണി എന്ന വ്യത്യാസമേ ഉള്ളൂ. നിരോധനം നീക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ഉപാധി വെച്ചതനുസരിച്ച്,  ആര്‍.എസ്.എസ് രാഷ്ട്രീയത്തിന്റെ നാലയലത്ത് പോവില്ല എന്ന് അന്ന് തീരുമാനിച്ചിരുന്നു. ഇന്നിപ്പോള്‍ അങ്ങേരില്ലല്ലോ, പ്രതിമയല്ലേ ഉള്ളൂ. പട്ടേല്‍ നിര്‍ബന്ധിച്ചതുകൊണ്ട് സംഘടനയ്ക്ക് എഴുതിയ ഭരണഘടന ഉണ്ടാക്കിയിരുന്നു. അതില്‍ ഇതൊരു സാംസ്‌കാരികസംഘടന മാത്രമാണ് എന്നെഴുതിയതിരുന്നത്രെ. ഇപ്പോള്‍ കടലാസ് എങ്ങും കാണാനില്ല, സംഘടനയുടെ വെബ്‌സൈറ്റിലും കാണാനില്ല. നാഗ്പൂരിലെ ഏതെങ്കിലും അലമാരയിലുണ്ടാവാം.

സംഘം തലവന്‍ കേരളത്തില്‍ വന്ന് ബുദ്ധിജീവികളുടെയും മറ്റും അഭിപ്രായം തേടിയിരുന്നു. ആര്‍.എസ്.എസ് നന്നാവുന്നെങ്കില്‍ നന്നായിക്കോട്ടെ എന്ന് വിചാരിച്ച് ചില ശുദ്ധമനസ്‌കര്‍ പോയി ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. മോഹന്‍ ഭഗവതിന് ഒളിച്ചുകളിയൊന്നുമില്ല. സാംസ്‌കാരിക വിഷയത്തിലല്ല, രാഷ്ട്രീയകാര്യങ്ങളില്‍തന്നെയാണ് അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തേടിയത്. പൊതു അഭിപ്രായം മനസ്സിലാക്കി കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവത്രെ. അറിയിക്കലൊക്കെ പണ്ട്. ഇപ്പോള്‍ കല്‍പ്പിക്കലാണ് രീതി.

മാറിയ  സാഹചര്യത്തെ കുറിച്ച് ബി.ജെ.പി. സംസ്ഥാന പ്രവര്‍ത്തകന്മാര്‍ക്ക് നല്ല ബോധ്യം ഉണ്ട്. തീരുമാനങ്ങള്‍ എടുക്കാനല്ല പാര്‍ട്ടി, പുറത്ത് എടുക്കപ്പെടുന്ന തീരുമാനങ്ങള്‍ അനുസരിക്കാനും നടപ്പാക്കാനുമാണ് പാര്‍ട്ടി. അതുകൊണ്ട് പാര്‍ട്ടി അപ്രസക്തമായി എന്നൊന്നും ധരിക്കേണ്ട. പോസ്റ്റര്‍ ഒട്ടിക്കുക, ചുമരെഴുതുക, ഇഷ്ടമുള്ള പേരിട്ട് കാസര്‍ഗോഡ് മുതല്‍ ഇങ്ങോട്ടോ അങ്ങോട്ടോ യാത്ര നടത്തുക തുടങ്ങിയ വിശാലമായ അധികാരങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യമൊന്നും ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. 140 മണ്ഡലത്തിലേക്കും ബംഗാളികളെയൊന്നും കൊണ്ടുവന്ന് നിര്‍ത്താന്‍ പറ്റില്ലല്ലോ. അത് കൊണ്ട് പ്രതീക്ഷ വെടിയേണ്ട.
                    ****


ജനതാദള്‍ യു ഇടതുമുന്നണിയിലേക്ക് വന്നാല്‍ ജനതാ ദള്‍ എസ് സ്വാഗതം ചെയ്യുമത്രെ. മറ്റെന്താണ് ചെയ്യാന്‍ പറ്റുക ? ഇങ്ങോട്ട് കേറേണ്ട എന്ന് പറയാന്‍ അവര്‍ക്ക് അധികാരമുണ്ടോ ? പണ്ടേതോ തിരുമേനിയുടെ കാര്യം പറഞ്ഞതുപോലെ, ഭിക്ഷ ഇല്ല എന്ന് പറയേണ്ടത് കാര്യസ്ഥനോ അല്ല ഉടമസ്ഥനോ ? മുന്നണിയില്‍ ആര് വേണം, വേണ്ട എന്നെല്ലാം മുന്നണിയുടെ ഉടമസ്ഥന്‍ തീരുമാനിക്കും. അഥവാ യുദള്‍ വരുന്നത് എസ് ദളിന് ഇഷ്ടമില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോകാം. എങ്ങോട്ടുപോകാനാണ് ?

അല്ലെങ്കില്‍, യു ദള്‍ ഇടതുമുന്നണിയിലേക്ക് പോകാന്‍ ടിക്കറ്റെടുത്തു എന്നാരെങ്കിലും പറഞ്ഞോ ? കയ്യാലപ്പുറത്ത് വീണ തേങ്ങ പോലെയാണ് ആ പാര്‍ട്ടി, ഏത് പറമ്പിലേക്ക് ഉരുണ്ടുവീഴും എന്ന് പറയാനാവില്ല എന്ന് ചില വിവരദോഷികള്‍ കരുതുന്നുണ്ടാവാം. അതൊരു തോന്നല്‍ മാത്രം. ഉറച്ചുനില്‍ക്കുകയാണ് യു ദള്‍. ആഗോള ഫാസിസ്റ്റ് വിരുദ്ധര്‍ക്ക്, വേറെ ചില മൈനര്‍ ഫാസിസ്റ്റ് വിരുദ്ധരെ കണ്ടാല്‍ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. ഒന്നു ചിരിക്കുകയോ ലോഗ്യം പറയുകയോ പുസ്തകം പ്രകാശിപ്പിക്കുകയോ മറ്റോ ചെയ്‌തെന്ന് വരാം. വേറെ പ്രശ്‌നമൊന്നുമില്ല. ഫാസിസം കൊണ്ട് ഇങ്ങനെ ചില പ്രയോജനങ്ങളുണ്ട്. ജനതാ ദള്‍ എസ്സ് സമാധാനപ്പെടണം. ഒരു കാട്ടില്‍ രണ്ട് സിംഹം പാടില്ലെന്ന് പറഞ്ഞതുപോലെയാണ് ഇതും. ഒരു മുന്നണിയിലും രണ്ട് ജനതാദള്‍ പറ്റില്ല. ഒന്നുണ്ടായാല്‍ തന്നെ പാടാണ്....യേത് ? .

യു.ഡി.എഫുമായുള്ള യു ദളിന്റെ പ്രശ്‌നം സോണിയാജിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ തോല്പ്പിച്ചുകളഞ്ഞ സംഭവമറിഞ്ഞ് അവര്‍ ഞെട്ടി. 462 സീറ്റില്‍ മത്സരിച്ച് 418 ലും തോറ്റതിന്റെ അഹംഭാവം ഒട്ടുമില്ലാത്ത കോണ്‍ഗ്രസ്സ് പ്രസിഡന്റിനോടാണ് ഒരു സീറ്റ് തോറ്റതിന്റെ പരാതി പറയാന്‍ ചെന്നത്. കൊല്ലം രണ്ടാവാനായിട്ടും പാലക്കാട് മറന്നില്ലേ എന്ന് ചോദിക്കരുത്. ത്രിതല പഞ്ചായത്തില്‍ നുറുകണക്കിന് സീറ്റില്‍ പാര്‍ട്ടിക്കാരെത്തന്നെ കാല് വാരിയവര്‍ക്ക് അങ്ങനെയൊക്കെ തോന്നും. അടിച്ചവര്‍ മറക്കും, കിട്ടിയവര്‍ മറക്കില്ല. പാലക്കാട്ടെ കാലുവാരലിന് കോണ്‍ഗ്രസ്സുകാര്‍ കുമ്പസാരം, പശ്ചാത്താപം എന്നിവ പ്രകടിപ്പിക്കണം. നഷ്ടപരിഹാരം നെല്ലായിട്ടുതന്നെ കിട്ടണം.
                         ****

വെറും ഇരുളല്ല, കൂരിരുള്‍ പരക്കുന്ന കാലമാണ്. ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് ഭരണഘടന അനുശാസിക്കുന്ന രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാര്‍  യാഗം നടത്തുന്നു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം കൊണ്ട് സംസ്ഥാനമുണ്ടായതിന് നന്ദി കേന്ദ്രത്തോട് പറയാന്‍ തെലങ്കാന നിയമസഭയ്ക്ക് ഒരു പ്രമേയം പാസ്സാക്കിയാല്‍ മതി. അതിന് പകരമാണ് 1500 പുരോഹിതന്മാരെയും അര ലക്ഷം ജനങ്ങളെയുമെല്ലാം ക്ഷണിച്ചുവരുത്തി കോടികള്‍ ചെലവിട്ട് യാഗം നടത്തിയത്. മഴ പെയ്യിക്കാനുള്ള കമാന്‍ഡും യാഗത്തിലുണ്ടായിരുന്നു. അതനുസരിച്ച് മഴ പെയ്യുമെന്നോര്‍ത്തോ അതല്ല, ഈ അന്ധവിശ്വാസപ്രകടനം കണ്ടുസഹിക്കാതെയോ എന്നറിയില്ല അഗ്നിഭഗവാന്‍ ഇടപെട്ടു. യാഗശാല കത്തിനശിച്ചു. അത് അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല.

ഇനി എന്തെല്ലാം കാണാനിരിക്കുന്നു...

nprindran@gmail.com

News FACEBOOK TWITTER PINTEREST LINKEDIN GOOGLE + PRINT EMAIL COMMENT രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടോളാം viseshalprathi ആര്‍.എസ്.എസ്സി...

Read more at: http://www.mathrubhumi.com/news/columns/viseshalprathi/article-malayalam-news-1.773489
രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടോളാം viseshalprathi ആര്‍.എസ്.എസ്സിന് രാഷ്ട്രീയമില്ല, അതൊരു സാംസ്‌കാരിക സംഘടന മാത്രം എന്നൊരു കടങ്കഥ ഉണ്ടായിരുന്നു. ര...

Read more at: http://www.mathrubhumi.com/news/columns/viseshalprathi/article-malayalam-news-1.773489

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി