Monday, 18 January 2016

ലാവലിന്‍ ഓര്‍ക്കൂ, ബാര്‍ മറക്കൂ

അഴിമതി വിഷയത്തില്‍ സര്‍ക്കാര്‍ അമാന്തം കാട്ടുന്നു എന്നാരും പറയരുത്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും സംഗതികള്‍ അതിവേഗം മുന്നോട്ടുനീക്കുന്നുണ്ട്. പ്രചാരണവും വോട്ടെടുപ്പും നടക്കുമ്പോഴേക്ക് രണ്ട് കാര്യങ്ങള്‍ നടക്കണം. ഒന്ന്, ലാവലിന്‍കോഴ ജനം ഓര്‍ക്കണം. രണ്ട്, ബാര്‍കോഴ മറക്കണം. സോളാര്‍ കൂടി മറക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, ബുദ്ധിമുട്ടാണ്. മരുന്നു കുത്തിവെച്ച് ജനങ്ങളെ മറവിരോഗികളാക്കാന്‍ പറ്റില്ലല്ലോ. ജനം മറക്കാതിരിക്കാന്‍, സോളാര്‍ കമ്മീഷന്‍ വോട്ടെടുപ്പിന്റെ തലേന്ന് ചിലപ്പോള്‍ സരിതയുടെ കത്ത്് തിരയാന്‍ പോലീസിനെ അയച്ചേക്കാനുമിടയുണ്ട്. അത് നടക്കട്ടെ. ലാവലില്‍ പത്രത്തലക്കെട്ടുകളായും ചാനല്‍ ചര്‍ച്ചയായും തിരിച്ചുവരട്ടെ. ബാര്‍കോഴ മറവിയുടെ അഗാധഗര്‍ത്തത്തില്‍ കുഴിച്ചുമൂടപ്പടട്ടെ.

സോളാറിന്റെയും ബാര്‍കോഴയുടെയും തിരക്കിനിടയില്‍ ലാവലിനെ മറന്നിരുന്നു. എന്തെല്ലാം പൊല്ലാപ്പുകള്‍ തലയില്‍ കയറി കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു രണ്ടുമൂന്നു വര്‍ഷമായി. അതില്‍നിന്ന് തലയൂരുന്നതിനേക്കാള്‍ പ്രധാനമാണ് പിണറായി വിജയന്റെ തല ലാവലില്‍ പാത്രത്തില്‍ കുടുക്കിയിടുന്നത് എന്ന് അന്നുതോന്നിയില്ല. മാത്രവുമല്ല, സിക്രട്ടേറിയറ്റ് വളഞ്ഞ് സര്‍ക്കാറിനെ വെള്ളം കുടിപ്പിക്കാന്‍ വന്നവര്‍ അതിവേഗം അത് അവസാനിപ്പിക്കാനുള്ള മര്യാദ കാട്ടിയില്ലേ? മര്യാദ വണ്‍വേ ട്രാഫിക് അല്ലല്ലോ.  

അന്ന് കേന്ദ്ര ഗവണ്മെണ്ടിന്റെ കൂട്ടിലെ തത്ത എന്ന നല്ല പേരൊക്കെ സി.ബി.ഐ.ക്ക് ഉണ്ടായിരുന്നെങ്കിലും ലാവലിന്‍ കാര്യത്തില്‍ അവര്‍ക്ക് അത്ര ഉഷാര്‍ കണ്ടിരുന്നില്ല. പഴയ വൈദ്യുതി മന്ത്രിമാരായ പിണറായി വിജയനോ ജി.കാര്‍ത്തികേയനോ എതിരെ കുറ്റമൊന്നും കാണാനില്ലെന്ന് സി.ബി.ഐ ഒരുവട്ടം കോടതിയില്‍ പറയുക പോലും ചെയ്തതാണ്. പിന്നെ, എന്തോ തെളിവുകിട്ടിയെന്നും പറഞ്ഞിരുന്നു. സി.ബി.ഐ. കോടതി പക്ഷേ, കേസ്സൊന്നും കണ്ടില്ല. എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. ആ വിധി പറഞ്ഞിട്ട്് വര്‍ഷം രണ്ടുതികഞ്ഞു ഇക്കഴിഞ്ഞ നവംബറില്‍. റെവ്യൂ ഹരജി നല്‍കിയിട്ടുണ്ട് സി.ബി.ഐ. ഇനി അവരായി അവരുടെ പാടായി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു സര്‍ക്കാര്‍. നിവൃത്തിയില്ല. ബാറും സോളാറും കത്തിനില്‍ക്കുകയും ലാവലില്‍ ജനം മറക്കുകയും ചെയ്യുന്നത് നീതിയല്ല. അതുകൊണ്ടാണ് അതെടുത്തു പുറത്തിട്ടത്. ഇല്ല, സര്‍ക്കാര്‍ ലാവലിന്‍ കേസ്സില്‍ ഒരു പുതിയ തെളിവും ഹാജരാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തിട്ടും കോടതി ഇളകാതിരുന്നാല്‍ എങ്ങനെ സഹിക്കും? അതുകൊണ്ട്, കോടതിയില്‍ ഒരു ഓര്‍മ പുതുക്കല്‍ പരസ്യം പ്രസിദ്ധപ്പെടുത്തി എന്നേയുള്ളൂ. ചരമവാര്‍ഷികത്തിന് ബന്ധുക്കള്‍ ചെയ്യുന്നതുപോലെ. വേറെ ദുരുദ്ദേശമൊന്നുമില്ല.

സോളാറിലും ബാറിലും പ്രതിപക്ഷം കളിക്കുന്നതുപോലെ സര്‍ക്കാറിന് ലാവലിനില്‍ കളിക്കാന്‍ ശ്ശി പ്രയാസമുണ്ട്. കോടതി നമ്മുടെ പക്ഷത്തേക്കും തിരിഞ്ഞുകുത്തിക്കൂടായ്കയില്ല. ലാവലിന്റെ ഇടപാട് തുടങ്ങിയത് 1995ലാണ്. ആദ്യം ധാരണാപത്രം, പിന്നെ കരാര്‍. രണ്ടും ചെയ്തത് കോണ്‍ഗ്രസ് മന്ത്രിമാരാണ്. പിന്നെ വന്ന എല്‍.ഡി.എഫ്. മന്ത്രിസഭയിലാണല്ലോ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായത്. രണ്ടുവര്‍ഷമേ ഇരുന്നുള്ളൂ. അപ്പോഴാണ് നേര്‍ക്കുനേരെയൊരു ചര്‍ച്ച ചെയ്ത് സംഗതി ക്ലീനാക്കിക്കളയാമെന്ന് ഉറപ്പിച്ച് മന്ത്രി വിജയന്‍ ലാവലിന്‍ കക്ഷികളെ കാണാന്‍ പറന്നത്. നമ്മുടെ സര്‍ക്കാറിനേക്കാള്‍ സല്‍പ്പേരുള്ള സ്ഥാപനമാണ് ലാവലിന്‍. ഏതുരാജ്യത്തുചെന്ന് എന്തു കരാറെടുത്താലും കരാര്‍ തരുന്നവര്‍ക്ക് ലാവിഷ് ആയി കോഴ കൊടുക്കുന്ന കൂട്ടരാണ് എന്നതാണ് അവരുടെ കീര്‍ത്തി. അത് കോണ്‍ഗ്രസ്സുകാര്‍ക്കും അറിയാം. ഇവിടെ ജനം ഇടക്കിടെ മന്ത്രിസഭ മാറ്റുന്നതാണ് പ്രശ്‌നം. ഇല്ലെങ്കില്‍ ലാവലിന്‍ കരാര്‍ ഇടപാട് തുടങ്ങിവെച്ച കോണ്‍ഗ്രസ്സിനുതന്നെ കരാര്‍ പരിസമാപ്തിയിലെത്തിക്കാന്‍ സാധിക്കുമായിരുന്നു. നിര്‍ഭാഗ്യമാണോ ഭാഗ്യമാണോ എന്നൊന്നും പറയാനാവില്ല. പാമോലിന്‍, സോളാര്‍, ബാര്‍ എന്നിവയ്‌ക്കൊപ്പം ഒരു ലാവലിന്‍ കൂടിച്ചേര്‍ന്നാലും വലിയ ചേതമൊന്നും വരില്ലായിരുന്നുവല്ലോ
   
കേസ് തീര്‍ക്കാന്‍ സര്‍ക്കാറിന് എന്താണിത്ര ധൃതി എന്ന പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യായമായ സംശയംതന്നെ. ഇരുപത് വര്‍ഷമേ ആയിട്ടുള്ള ലാവലിന്‍കളി തുടങ്ങിയിട്ട്. അതിലുമെത്ര മുമ്പെ തുടങ്ങിയതാണ് ബോഫോര്‍സ് കളി? അതിലെ പ്രതികളും സാക്ഷികളുമൊക്കെ ഏതാണ്ടു മരിച്ചുകഴിഞ്ഞു. ബോഫോഴ്‌സ് കേസ് തീര്‍ന്നോ, ആരെയെങ്കിലും ശിക്ഷിച്ചോ, കോഴ വാങ്ങിയിരുന്നു എന്നാണോ ഇല്ല എന്നാണോ കണ്ടെത്തല്‍ എന്നൊന്നും ചോദിക്കരുത്. ആര്‍ക്കും ഉത്തരം അറിയില്ല. ഇതിനാണ് നമ്മള്‍ 'നിയമം നിയമത്തിന്റെ വഴിക്ക് പോകും' എന്നു പറയുന്നത്. ലാവലിന്‍ പക്ഷേ അങ്ങനെ നിയമത്തിന്റെ വഴിക്ക് പോയാല്‍ ശരിയാവില്ല. ഇവിടെ തിരഞ്ഞെടുപ്പ് വരാറായി. രണ്ടിലൊന്ന് ഉടനെ അറിയണം.

കോടതിയില്‍ എത്തിയാലാണ് കേസ്സുകള്‍ പതിറ്റാണ്ടുകള്‍ വലിഞ്ഞുനീണ്ടുപോവുക. അതിവേഗം കേസ് തീര്‍ക്കണം. സീറ്റുവിഭജനച്ചര്‍ച്ച തുടങ്ങാറായി. കോടതി വേണ്ട, വിജിലന്‍സ് മതി. സി.ബി.ഐ.കോടതി വെറുതെവിട്ട പിണറായിയേക്കാള്‍ യോഗ്യന്‍ വിജിലന്‍സ് വെറുതെ വിട്ട കെ.എം.മാണിതന്നെ. സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി പ്രതിയെ വെറുതെ വിടുന്നതുപോലെ വിജിലന്‍സിനും വെറുതെ വിട്ടുകൂടേ? അതിലെന്താണ് ഇത്ര നാണക്കേട്!
                    ****
സി.പി.എമ്മിന്റെ മനംമാറ്റങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ്സുകാര്‍ക്കും ഇഷ്ടപ്പെടുന്നില്ല. സി.പി.എം. ഒരുപാട് തെറ്റുകള്‍ ചെയ്യുന്നു എന്ന് മനസ്സിലാവുന്നത് അവരത് ഓരോന്നും തിരുത്തുമ്പോഴാണ്. തെറ്റുപറ്റുക മനുഷ്യസഹജമാണ് എന്ന് മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. തിരുത്താതിരിക്കുതന്നല്ലേ മോശം? നൂറുവര്‍ഷം കഴിഞ്ഞും തിരുത്തിക്കൊണ്ടേ ഇരിക്കുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകെത്തങ്ങും അങ്ങനെയാണ്.

തിരുത്തുകളുടെ ലിസ്റ്റില്‍ ഐറ്റംസ് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കും. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്‍ത്തു. കളര്‍ ടെലിവിഷന്‍ വരുന്നതിനെ എതിര്‍ത്തു, വിമാനത്താവളത്തെ എതിര്‍ത്തു... എല്ലാം ശരിയാണ്. അതെല്ലാം ഓരോ കാലത്തെ അഭിപ്രായങ്ങളായിരുന്നു. പക്ഷേ, പാര്‍ട്ടിക്ക് ഒന്നും ഇരുമ്പുലക്കകളല്ല. കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാറ്റിലും വരുത്തിക്കൊണ്ടിരിക്കും. കട്ടന്‍കാപ്പിയും പരിപ്പുവടയും കഴിക്കുക എന്ന തത്ത്വം എന്നേ മാറ്റി. ഇപ്പോള്‍ ഈ സാധനമൊന്നും കൈകൊണ്ടുതൊടില്ല. പാര്‍ട്ടി ഓഫീസിലെ ബെഞ്ചില്‍മാത്രം കിടന്നുറങ്ങുന്നവനെ ഇപ്പോള്‍ ഒരിടത്തും കാണില്ല. കാരണം, പാര്‍ട്ടി ഓഫീസുകളില്‍ ഇപ്പോള്‍ ബഞ്ചുകളില്ല. ലളിതജീവിതം നയിക്കാന്‍ തേഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്നു ഗാന്ധിജിയോട് പറഞ്ഞതുപോലെ, ലളിതജീവിതം നയിക്കുകതന്നെ ചെലവേറിയ ഏര്‍പ്പാടാണ്. ഇക്കാലത്ത് അല്പം ആര്‍ഭാടജീവിതം നയിക്കാനാണ് ചെലവുകുറവ്. ബില്‍ വേറെ ആരെങ്കിലും അടച്ചുകൊള്ളും. കമ്പ്യൂട്ടറുകള്‍തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ഐ പാഡാണ് സ്റ്റൈല്‍. അതില്ലെങ്കില്‍ എന്തു കഷ്ടപ്പാടാണെന്ന് തോമസ്് ഐസക്ക് സഖാവിനോട് ചോദിച്ചാലറിയാം. 

ഇതിലെന്താണ് കോണ്‍ഗ്രസ് തുടങ്ങിയ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് എതിര്‍ക്കാനുള്ളത്? പറയാം. വികസനത്തിന്റെ മൊത്തം ഏജന്‍സി കോണ്‍ഗ്രസ്സിനുള്ളതാണ്. കമ്പ്യൂട്ടര്‍, സ്വകാര്യവല്‍ക്കരണം, ഹൈസ്പീഡ് റെയില്‍, ഹര്‍ത്താല്‍വിരോധം, അഹിംസാരാഷ്ട്രീയം തുടങ്ങിയവയുടെ കോപ്പിറൈറ്റിന്മേല്‍ സി.പി.എം. കൂടി കൈവെച്ചാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്യുക ? വികസനത്തിന്റെ ആളായി വന്നാണ് നരേന്ദ്രമോദി കേന്ദ്രം പിടിച്ചത്. ഇവിടെ എന്തായാലും അതുസമ്മതിക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്യൂണിസത്തില്‍ ഉറച്ചുനിന്നാല്‍ മതി. മികച്ച മുതലാളിത്ത വ്യവസ്ഥ തങ്ങളുടേതാണ് എന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തെളിയിച്ചുകൊണ്ടിരിക്കുന്നതായി കേള്‍ക്കുന്നുണ്ട്്. അതേതായാലും ഇവിടെ വേണ്ട.

                    ****
വികസനം പ്രതിസന്ധിയിലാണെന്നും ഇതര സംസ്ഥാനങ്ങള്‍ ആര്‍ജിച്ച നേട്ടങ്ങള്‍ പലതും കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നും സി.പി.എം. നേതാവ് പിണറായി വിജയന്‍ കേരളയാത്രക്ക് മുന്നോടിയായി പത്രങ്ങളിലെഴുതിയ ലേഖനത്തില്‍ പറയുന്നത് ചില്ലറ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. നേട്ടങ്ങള്‍ ആര്‍ജിച്ച മറ്റു സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്? ഏതെങ്കിലും ഒരു സംസ്ഥാനത്തിന് ഏറ്റവും ഉചിതമായ വികസനം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അത് പ.ബംഗാളിന് മാത്രമാണ്. കാരണം, അവിടയേ ഇടതുപക്ഷത്തിന് തുടര്‍ച്ചയായി മുപ്പതുവര്‍ഷം തങ്ങളുടെ നയങ്ങള്‍ നടപ്പാക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. 57ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ രണ്ട് വര്‍ഷത്തില്‍ കൂടൂതല്‍ ഭരിക്കാന്‍ അനുവദിക്കാതിരുന്ന നെഹ്‌റു സര്‍ക്കാറിന്റെ മണ്ടത്തരത്തില്‍നിന്ന് പാഠം പഠിച്ച കേന്ദ്രം മുപ്പത് വര്‍ഷം ബംഗാള്‍ സി.പി.എമ്മിനെ ഏല്‍പ്പിച്ചു. ആ ബംഗാളിലാണോ മികച്ച വികസനം നടന്നത്?

ബുര്‍ഷ്വാപാര്‍ട്ടികള്‍ മാത്രം മാറി മാറി ഭരിച്ച സംസ്ഥാനങ്ങളാണ് ബാക്കിയെല്ലാം. അവരാണോ വികസനനേട്ടങ്ങള്‍ കൈവരിച്ചത്?. ഇടവിട്ടിടവിട്ട് തുല്യകാലം ഇടതുപക്ഷം ഭരിച്ച കേരളം പിന്നിലായി. ഇടതുപക്ഷംതന്നെ നീണ്ടകാലം ഭരിച്ച പ.ബംഗാള്‍ കേരളത്തേക്കാള്‍ പിന്നിലായി. സിദ്ധാന്തത്തില്‍ ശകലം പിശകുണ്ടല്ലോ സഖാവേ...

nprindran@gmail.com

No comments:

Post a comment