'സുവര്‍ണ'കാലസ്മരണകള്‍
'


മൂന്നു ദിവസം മുമ്പ് വ്യാഴാഴ്ചയാണ് ഇടതുമുന്നണി നേതാക്കള്‍ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ പി.സദാശിവത്തെ രാജ്ഭവനില്‍ പോയി കണ്ടത്. ഗവര്‍ണര്‍ ചായയ്ക്ക് ക്ഷണിച്ചതൊന്നുമല്ല. വളരെ പ്രധാനപ്പെട്ട ഒരു സംഗതി പറയാനാണ് നേതാക്കള്‍ സംഘടിതമായി തിരക്കിട്ട് പോയത്. പിറ്റേന്ന്, ഗവര്‍ണര്‍ നിയമസഭയില്‍ വന്ന് യു.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തി സ്വയം നാണംകെടരുത്, വല്ല നിവൃത്തിയുമുണ്ടെങ്കില്‍
അങ്ങോട്ടു പോകാനേ പാടില്ല. അതാണ് അഭ്യര്‍ത്ഥന. പി.സദാശിവം ചിരിച്ചുപോയിരിക്കണം. കേരളത്തിലെ നേതാക്കള്‍ ഇത്ര ശുദ്ധമനസ്‌കരാണെങ്കില്‍ സാധാരണജനത്തിന്റെ സ്ഥിതിയെന്തായിരിക്കും എന്ന് ഓര്‍ത്തോര്‍ത്തിരിക്കണം. നാണം കെടാതിരിക്കാനുള്ള ഭരണഘടനാസ്വാതന്ത്ര്യം ഗവര്‍ണര്‍ക്കില്ല.

പോട്ടെ, ഗവര്‍ണറുടെ ഭരണഘടനാപരമായ ചുതമലയാണ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം എന്നറിയാം. പക്ഷേ, ഈ സര്‍ക്കാറിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളുടെ ഗൗരവം നയപ്രഖ്യാപനം നടത്തുംമുമ്പ് ഗവര്‍ണര്‍ കണക്കിലെടുക്കണം എന്നൊരു ഉപാഭ്യര്‍ത്ഥന കൂടി പ്രതിപക്ഷം ഗവര്‍ണറുടെ മുമ്പില്‍ വെക്കുകയുണ്ടായി. ശരി, കണക്കിലെടുക്കാം, എന്നിട്ടെന്തുചെയ്യാനാണ് എന്ന് ഗവര്‍ണര്‍ ചോദിച്ചുകാണണം. ഒന്നും ചെയ്യാനാവില്ല. നയപ്രഖ്യാപനം മുഴുവന്‍ വായിച്ച ശേഷം, ഞാന്‍ ഈ വായിച്ചതെല്ലാം ശുദ്ധഅബദ്ധമാണ്, ഒന്നും വിശ്വസിക്കേണ്ട എന്ന് പറയണമോ? പറയാമായിരുന്നു ഇ.കെ.നായനാരായിരുന്നു ഗവര്‍ണറെങ്കില്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോഴിക്കോട്ടൊരു സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനത്തിന് പ്രസംഗം വായിച്ചപ്പോള്‍ നായനാര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. കാര്‍ഷികവികസനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു പദ്ധതികളെ പ്രശംസിക്കുന്ന പ്രസംഗഭാഗം വായിച്ചപ്പോഴേ നായനാര്‍ക്ക് സംഗതി പിടികിട്ടിയുള്ളൂ. ഇതെല്ലാം ശുദ്ധ അബദ്ധമാണ്, വിശ്വസിക്കേണ്ട കേട്ടാ... എന്നദ്ദേഹം പറയുകതന്നെ ചെയ്തു. ഗവര്‍ണറുടെ പ്രസംഗത്തില്‍ നായനാരാണെങ്കിലും അതുസാധിക്കില്ല കേട്ടാ...

ഓരോ വര്‍ഷാരംഭത്തിലും നിയമസഭ തുടങ്ങുന്ന ആദ്യദിവസം ഗവര്‍ണര്‍ക്ക് നിയമസഭയെ അഭിസംബോധന ചെയ്യാം എന്ന് ഭരണഘടന പറയുന്നു. ബാക്കിയൊക്കെ കീഴ്‌വഴക്കങ്ങളാവണം. സര്‍ക്കാറിന്റെ നയമാണ് ഗവര്‍ണര്‍ പ്രഖ്യാപിക്കേണ്ടത്, ഗവര്‍ണറുടെ നയമല്ലെന്നത് ശരി. പക്ഷേ, തിരഞ്ഞെടുപ്പ് നടക്കാന്‍ മാസം രണ്ടുമാസം ബാക്കിനില്‍ക്കുമ്പോള്‍ ഗവര്‍ണര്‍ രണ്ടുമണിക്കൂര്‍ 36 മിനിട്ട് നീളുന്ന നയപ്രഖ്യാപനപ്രസംഗം നടത്തുന്നത് ഇത്തിരി കടന്ന കയ്യാണ് എന്നുപറയാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉണ്ടോ എന്ന് ഭരണഘടനയില്‍ കാണില്ല. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ എന്നല്ല പറയുക, എന്റെ മന്ത്രിസഭ എന്നാണ്. പ്രതിപക്ഷത്തിന് എന്തുംപറയാം...ആനാലും എന്‍പുള്ള അല്ലവാ...എന്ന് ഗവര്‍ണര്‍ പറയും. ബാക്കിയുള്ള രണ്ടുമാസത്തില്‍ ഒരുമാസമേ മന്ത്രിസഭയ്ക്ക് ഭരിക്കാന്‍തന്നെ പറ്റൂ. തിരഞ്ഞെടുപ്പുതിയ്യതി തീരുമാനിച്ചാല്‍ ഉടന്‍ വരും മാതൃകാപെരുമാറ്റച്ചട്ടം. പിന്നെ മന്ത്രിമാര്‍ക്ക് ശമ്പളം വാങ്ങനേ ഒപ്പിടാന്‍ അധികാരമുള്ളൂ. ഒരു ഓര്‍ഡറും ഇറങ്ങില്ല. എന്തുനയമാണ് നടപ്പാക്കുമെന്നാണ് ഗവര്‍ണര്‍ ഉദ്ദേശിക്കുന്നത്? തിരഞ്ഞെടുപ്പിനുശേഷം ആ മുന്നണിതന്നെ മന്ത്രിസഭയുണ്ടാക്കിയായും നയം വേറെ ഉണ്ടാക്കണം, ഗവര്‍ണര്‍ പ്രഖ്യാപിക്കുകയും വേണം. കേരളയാത്ര പോലെ വേറൊരു വൃഥാവ്യായാമമായി ഗവര്‍ണറുടെ റെക്കോഡ് സമയപ്രസംഗം എന്നു വിലപിച്ചിട്ടുകാര്യമില്ല.

ഗവര്‍ണര്‍പണിയുടെ വലിയ നാണക്കേടും ദൗര്‍ഭാഗ്യവും മന്ത്രിസഭയുടെ മെഗാഫോണ്‍ ആയി പ്രസംഗിക്കേണ്ടി വരുമ്പോഴാണ്. മന്ത്രിസഭക്കുവേണ്ടി എഴുതി എത്തിക്കുന്ന പ്രസംഗത്തിലെ ഗ്രാമര്‍ തെറ്റുകള്‍ വേണമെങ്കില്‍ തിരുത്താം. വസ്തുതാപിശകുകള്‍ തിരുത്താനാവില്ല. അഞ്ചുവര്‍ഷം സുവര്‍ണകാലമായിരുന്നു എന്നു എഴുതിത്തന്നാല്‍, അയ്യോ ഞാന്‍ വന്നിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ ഒന്നര വര്‍ഷം സുവര്‍ണകാലമായിരുന്നു എന്ന് തിരുത്തിവായിക്കാമെന്ന് ശഠിക്കാനാവില്ല. സുവര്‍ണകാലചരിത്രം മുഴുവന്‍ വായിച്ചശേഷം ഒരനുബന്ധമായി ബാര്‍-സോളാല്‍ ചരിത്രംകൂടി വായിക്കാമെന്നുവെച്ചാല്‍ അതുഭരണഘടന സമ്മതിക്കില്ല. സഹിച്ചേ പറ്റൂ. രാഷ്ട്രപതിയെത്തന്നെ തിരുത്താമായിരുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് അജാഗളസ്തനം പോലുള്ള ഗവര്‍ണര്‍ സ്ഥാനത്തേക്ക് വരുംമുമ്പേ ആലോചിക്കേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ടുകാര്യമില്ല.  

നയപ്രഖ്യപനം വായിക്കരുതെന്ന് ഉപദേശിച്ചിട്ടും വായിച്ചു, ബഹളംകൂട്ടി പല ഗവര്‍ണര്‍മാരെയും ഓടിച്ചുവിട്ടതുപോലെ ഓടിക്കാന്‍ കഴിഞ്ഞില്ല, ഗവര്‍ണര്‍ പ്രതിപക്ഷത്തെ പുറത്തേക്കോടിച്ചു തുടങ്ങിയ കാരണങ്ങളാല്‍ പി.സദാശിവത്തോട്് ഇടതുപക്ഷത്തിന് ശ്ശി മുഷിച്ചല്‍ കാണും. മുമ്പൊരിക്കല്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ലാവലിന്‍ കേസ്സില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയപ്പോള്‍ പാര്‍ട്ടി ഇതേക്കാള്‍
മുഷിഞ്ഞിരുന്നു. എന്നുവെച്ച് അന്നത്തെപ്പോലെ ഗവര്‍ണര്‍തസ്തിക തന്നെ വേണ്ട എന്നൊന്നും ആവശ്യപ്പെട്ടേക്കരുതേ...മുഖ്യമന്ത്രി പശുവിനെ കൊന്നെന്നോ തിന്നെന്നോ മറ്റോ ഗവര്‍ണര്‍ റിപ്പോര്‍ട്ടയച്ചിട്ടാണ് അരുണാചല്‍ പ്രദേശില്‍ മന്ത്രിസഭ പിരിച്ചുവിട്ടതെന്ന്് കേള്‍ക്കുന്നുണ്ട്. ആര്‍ക്കറിയാം നാളെ ഇതേ ഗവര്‍ണറെക്കൊണ്ട് ഇതുപോലെയൊക്കെ വായിപ്പിക്കേണ്ടി വരില്ല എന്നെങ്ങനെ ഉറപ്പിക്കാം?
                                                                               ****

കരുതലും വികസനവും ആയിരുന്നു യു.ഡി.എഫ്് ഭരണപരിപാടിയുടെ ചുരുക്കമായി കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നേ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. അടുത്ത തിരഞ്ഞെടുപ്പിനുള്ള മഹദ്വചനവും അതാകുമെന്ന മുന്നറിയിപ്പ് കിട്ടിക്കഴിഞ്ഞു. വികസനത്തിന്റെ കാര്യമവിടെ നില്‍ക്കട്ടെ, അതുനമുക്കറിയുന്ന സംഗതിയാണല്ലോ. ഈ കരുതല്‍ എന്ന വാക്ക് എവിടെനിന്നാണ് വീണുകിട്ടിയത് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

എന്തുചെയ്യുന്നതിനും ഒരു മുന്‍വിചാരം ഉണ്ടാകുക എന്നാണ് കരുതല്‍ കൊണ്ട് അര്‍ത്ഥമാകുന്നതെങ്കില്‍ യു.ഡി.എഫ് ഭരണത്തിന് കൂടുതല്‍ ഉണ്ടായിരുന്നത് കരുതലോ കരുതലില്ലായ്മയോ? ആര്‍ക്കും സംശയം തോന്നാം. ഭരണം പേരുകേട്ടത് കരുതലില്ലായ്മക്കാണ് എന്നുകരുതുന്നവര്‍ ഭരണത്തില്‍ത്തന്നെ കാണും. സര്‍ക്കാറും മുന്നണിയും എത്തിപ്പെട്ട സകല ഊരാക്കുടുക്കുകളും കരുതലിന്റെ സംഭാവനയോ കരുതലില്ലായ്മയുടെ സംഭാവനയോ? വെളുക്കെ ചിരിച്ചുവരുന്നവന്‍/വരുന്നവള്‍ എല്ലാം സദുദ്ദേശത്തോടെ വരുന്നതാണ് എന്നുധരിക്കുന്നത് കരുതലോ കരുതലില്ലായ്മയോ? സഹായം തേടിവരുന്നവരെല്ലാം സഹായം അര്‍ഹിക്കുന്നവരാണ് എന്ന് ധരിക്കുന്നത് കരുതലോ കരുതലില്ലായ്മയോ? എഴുതിക്കൊണ്ടുവരുന്ന കടലാസ്സിലെല്ലാം  കു വരക്കുന്നത് കരുതലോ കരുതലില്ലായ്മയോ?

കരുതല്‍ എന്ന വാക്കിന് വേറെയും അര്‍ത്ഥങ്ങളുണ്ട്. കരുതല്‍ ധനസമാഹരണത്തിലും ആകാം. നാണംകെട്ടും അതുണ്ടാക്കിയാല്‍ നാണക്കേടെല്ലാം അതുതീര്‍ത്തുകൊള്ളും എന്ന കരുതല്‍ പണ്ടേ ഉള്ളതാണ്. നാണക്കേട് തീരുന്നത് നാണംകെട്ടവര്‍ക്ക് മാത്രമാണല്ലോ. നിയമത്തില്‍ക്കുടുങ്ങി ജയിലിലായാലും ചിലര്‍ക്ക് നാണക്കേടുണ്ടാവില്ല.

ഇനി അടുത്ത അഞ്ചുവര്‍ഷത്തേക്കും കരുതലും വികസനും ഉണ്ടാവുമത്രെ. പേടിക്കണം.
                                                                        ****
വോട്ട് ബാങ്കുകള്‍ കൊണ്ടെന്തെല്ലാം ചെയ്യാം? പല പല ആനുകൂല്യങ്ങള്‍ നേടാം. സര്‍ക്കാര്‍ നയങ്ങള്‍ മാറ്റിമറിക്കാം. സ്‌കൂളുകളും കോളേജുകളും നേടാം. എഴുതിയാല്‍ തീരില്ല, നീണ്ട പട്ടികയാണ്. പട്ടികയിലേക്ക് പുതിയ ഇനങ്ങള്‍ കടന്നുവന്നുകൊണ്ടേ ഇരിക്കാം. സാഹിത്യ അവാര്‍ഡ് നേടാന്‍ വോട്ട്ബാങ്ക് പ്രയോജനപ്പെടുമോ? ആവോ അറിയില്ല.

ഒടുവില്‍ കേട്ടത് അതിവിചിത്രമായൊരു സംഗതിയാണ്. വോട്ട്ബാങ്ക് കാട്ടിപ്പേടിപ്പിച്ച് കാര്യംനേടിയവരാരും അതുവിളിച്ചുപറയാറില്ല. അവാര്‍ഡ് കിട്ടിയവര്‍ ഒട്ടും ചെയ്യില്ല. അതിധൈര്യമെന്നോ വേറെ ഒന്നിന്റെ കുറവെന്നോ എന്തും വിളിച്ചോളൂ, ഒരു ജാതി സംഘടന അവകാശപ്പെട്ടിരിക്കുന്നു; പ്രമുഖസാഹിത്യകാരനായ സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം കിട്ടാതിരുന്നത് തങ്ങള്‍ അദ്ദേഹത്തിന് അതുകൊടുക്കരുതെന്ന് വകുപ്പുമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് എന്ന്. നോവലിസ്റ്റ് എഴുത്തച്ഛന്‍മാരുടെ വികാരത്തെ വ്രണപ്പെടുത്തിയത്രെ. പതിനെട്ടുലക്ഷം വോട്ടുള്ള സംഘടനയാണ്, പത്ത് മണ്ഡലത്തിലെങ്കിലും ഭരണമുന്നണിയെ കുഴപ്പത്തിലാക്കാന്‍ കഴിയും എന്നെല്ലാം സംഘടന പറഞ്ഞു. ഏത് മന്ത്രിയും വിറയ്ക്കും. ഒരു പക്ഷേ, മന്ത്രി അവാര്‍ഡില്‍ ഇടപെട്ടിരിക്കില്ല. അതുവേറെ കാര്യം. ഇത്തവണ ഒരാള്‍ക്ക് കൊടുക്കരുതെന്നേ സംഘടനക്കാര്‍ പറഞ്ഞുള്ളൂ. അടുത്ത തവണ ആര്‍ക്ക് കൊടുക്കണമെന്നുതന്നെ പറയാം.

കോഴിക്കോട്ടൊരു സ്വകാര്യസംഘടന നടത്തിയ സാഹിത്യസെമിനാറില്‍ സംസാരിക്കുന്നവരെല്ലാം തങ്ങളുടെ മതത്തിന്റെ വിമര്‍ശകര്‍ ആണെന്ന് ചില മുസ്ലിം സംഘടനകള്‍ പ്രസ്താവനയിറക്കി പ്രതിഷേധിച്ചു. എന്തിന് പൊല്ലാപ്പിനുപോകണം? സെമിനാര്‍ ക്യാന്‍സല്‍ഡ്.

സഹിഷ്ണുത പോര എന്ന് ആരാണ് പറഞ്ഞത്. ഇത്രയൊക്കെ പോരേ?  


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി