Sunday, 21 February 2016

ഇത് ആ പുലി തന്നെ

ഫാസിസപ്പുലി ഇതാ വരുന്നു എന്ന നിലവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. പുലി വന്നില്ല. പുലിയെ കാണാഞ്ഞിട്ട് വലിയ നിരാശയായിരുന്നു. വെറുതെ കളിയാക്കുകയാണോ എന്ന് ജനം ചോദിച്ചിട്ടുണ്ട്. ഇനി ആ വേവലാതി വേണ്ട. ഇതാ ഇത് ശരിയായ പുലി തന്നെ.

മതം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും തലയ്ക്കുപിടിക്കുന്ന വികാരം രാജ്യസ്‌നേഹമാണെന്ന് അറിയാത്ത രാഷ്ട്രീയക്കാരന്‍ ആ പണിക്ക് കൊള്ളില്ല. ദേശീയബോധം, രാജ്യസ്‌നേഹം എന്നീ രണ്ടു ഇരട്ടകള്‍ കൂടി അതിനോടുചേര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍കിട്ടില്ല. കുറേശ്ശെയേ പാടൂള്ളൂ. അധികമായാല്‍ എന്തും വിഷമാകും. രാജ്യസ്‌നേഹമോ മതബോധമോ അധികമായതൊന്നുമല്ല നമ്മുടെ പ്രശ്‌നം. അതു തലയ്ക്ക് പിടിച്ചതായി അഭിനയിക്കുകയാണ് കുറെയാളുകള്‍. മൂന്നിന്റെയും മൊത്തവ്യാപാരം ഒരു കമ്പനി ഏറ്റെടുത്തിരിക്കയാണ്. ഒരുപാട് രാജ്യങ്ങളില്‍ പല കാലങ്ങളില്‍ ഈ ടൈപ്പ് കമ്പനികള്‍ അധികാരം പിടിച്ചെടുത്ത് രാജ്യം കുട്ടിച്ചോറാക്കിയിട്ടുണ്ട്. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാവും ലോകം ഈ കോലത്തിലെങ്കിലും തിരിച്ചുവന്നത്.

ജെ.എന്‍.യു.വിന്റെ ഏറ്റവും കൊടിയ കുറ്റമെന്താണ്? അത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ളതാണ് എന്നതുതന്നെ. ഹിന്ദുത്വത്തിന്റെ നാലയത്തുവരാത്ത കക്ഷിയാണ് ഈ നെഹ്‌റു. മഹാത്മാഗാന്ധി ഭഗവത്ഗീത ജപിച്ചാണ് ആട്ടിന്‍പാല്‍ കുടിച്ചിരുന്നത്. ദൈവത്തെ വിട്ടൊരു കളിയും ഉണ്ടായിരുന്നില്ല. നെഹ്‌റുവിന് ഇതൊന്നുമില്ല. പന്തുകളിക്കാന്‍ അമ്പലപ്പറമ്പിലേക്ക് പോയ പാരമ്പര്യം പോലുമില്ല. ദൈവവുമില്ല. നേരെ നരകത്തിലേക്ക് അയക്കേണ്ട തരം കക്ഷിയാണ്. ഗോഡ്‌സെക്ക് അബദ്ധം പറ്റിയതാണ്, ഗാന്ധിജിയെയല്ല നെഹ്‌റുവിനെയായിരുന്നു ലക്ഷ്യം വെക്കേണ്ടിയിരുന്നതെന്ന്് ചില സംഘപരിവാറുകാര്‍  നാലാള്‍ കേള്‍ക്കേതന്നെ പറഞ്ഞിട്ടുണ്ട്. ആര്‍ഷഭാരതത്തെക്കുറിച്ചൊന്ന് ചിന്തിക്കുക പോലും ചെയ്യാത്തവരാണ് ഈ യൂണിവേഴ്‌സിറ്റിയില്‍  വര്‍ഷങ്ങളായി ജയിക്കുന്നത്. ക്യൂബ, ബൊളീവിയ, എല്‍ സാല്‍വദോര്‍, ഫൂക്കോ, മാര്‍ക്യൂസ് തുടങ്ങിയ കടിച്ചാല്‍പൊട്ടാത്ത വിഷയങ്ങളാണ് അവറ്റകളുടെ നാവിന്‍തുമ്പത്ത് എപ്പോഴും.

അഫ്‌സല്‍ഗുരുവിന്റെ ദിനം ജെ.എന്‍.യു.വില്‍ ആചരിക്കുന്നു എന്നു കേട്ടപ്പോള്‍ പെട്ടന്ന് സംഗതി പിടികിട്ടിയിരുന്നില്ല. ഈ ഭീകരന് ആരാണാവോ ഗുരു എന്നു പേരിട്ടത്. ആദ്യം അതുവെട്ടണം. പോകട്ടെ. പാര്‍ലമെന്റ് ആക്രമിച്ച ഭീകരസംഘവുമായി ബന്ധപ്പെട്ടതിന്ന് സാഹചര്യത്തെളിവുണ്ടെന്നതിന്റെ പേരില്‍ തൂക്കിക്കൊന്ന ആളെ പ്രകീര്‍ത്തിക്കാന്‍ യോഗം എന്നുകേട്ടാണ് രാജ്യസ്‌നേഹികള്‍ പാഞ്ഞുചെന്നത്. ഏതോ ഇനം മാവോയിസ്റ്റുകളാണ്, എണ്ണം ഒരു ഡസന്‍ തികയില്ല. എന്നാല്‍ തല്ലുക തന്നെ. അതാണ് നമ്മുടെ രീതി. വിവരം കേട്ട് പാഞ്ഞുവന്ന സി.പി.ഐ.ക്കാരനായ യൂണിയന്‍ ചെയര്‍മാനും കൂട്ടരും തങ്ങളോടൊപ്പം ചേര്‍ന്ന് രാജ്യദ്രോഹികളെ തല്ലുമെന്നാണ് വിചാരിച്ചിരുന്നത്.  'തല്ലരുത്, തടയരുത്....ഇവിടെ ആര്‍ക്കും എന്തും ചര്‍ച്ച ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്' എന്നുംമറ്റും പറഞ്ഞാണ് ഈ പരിഷകള്‍ പരിഷത്തുകാരെ നേരിട്ടത്. അതിനുള്ള ശിക്ഷയാണ് രാജ്യദ്രോഹക്കുറ്റത്തിനുള്ള കേസ്, അറസ്റ്റ്, കോടതിയില്‍ തല്ല്, വധഭീഷണി…

ചില ജീവല്‍ പ്രശ്‌നങ്ങളില്‍ ബുദ്ധി പ്രയോഗിച്ച് തീരുമാനമെടുക്കാന്‍ പറ്റില്ല. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താമെങ്കില്‍ ആരുടെയെല്ലാം പേരില്‍ അത് ചുമത്തേണ്ടി വരും എന്നോര്‍ത്താല്‍ ഞെട്ടും. മഹാത്മാഗാന്ധിയെ കൊന്നവര്‍ക്കുവേണ്ടി അമ്പലം പണിത നീചര്‍ നാട്ടില്‍ത്തന്നെയുണ്ട്. അഫ്‌സല്‍ഗുരുവിന്റെ നാടായ ജമ്മു-കാശ്മീരില്‍ ബി.ജെ.പി. കഴിഞ്ഞ മാസം വരെ ഭരണം നടത്തിയത് മുഫ്തി മുഹമ്മദ് സെയ്ദ് എന്ന പി.ഡി.പി.ക്കാരനെ മുഖ്യമന്ത്രിസ്ഥാനത്തിരുത്തിയാണ്. അഫ്‌സല്‍ഗുരുവിന് വധശിക്ഷ നല്‍കിയതിനെ പലവട്ടം അപലപിച്ചിട്ടുള്ള കക്ഷിയാണ് പി.ഡി.പി. സ്ഥാനമേറ്റ ഉടനെ നടത്തിയ പ്രസംഗത്തില്‍ കാശ്മീരിലെ തിരഞ്ഞെടുപ്പ് സമാധാനപൂര്‍വം നടത്താന്‍ സഹായിച്ചതിന് പാകിസ്താനോട് നന്ദി പറഞ്ഞ ആളാണ് മുഫ്തി. ദല്‍ഹി തിഹാര്‍ ജെയിലില്‍ അടക്കം ചെയ്ത അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബത്തിനെ ഏല്‍പ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കക്ഷിയാണ് പി.ഡി.പി. ഡോ.മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ അത് ചെയ്യാഞ്ഞതുഭാഗ്യം. ചെയ്തിരുന്നെങ്കില്‍ രാജ്യദ്രോഹിയുടെ മൃതദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ മുഫ്തിയും പുത്രിയും എത്തിയേനെ. രാജ്യദ്രോഹിയെ ആദരിച്ചവരോടൊപ്പം കാശ്മീര്‍ ഭരിക്കുകയായിരുന്നു രാജ്യസ്‌നേഹികള്‍. സാരമില്ല, രാജ്യത്തെ രക്ഷിക്കാന്‍ ചിലപ്പോള്‍ അതും വേണ്ടിവരുമായിരിക്കും. അതെന്തായാലും മുദ്രാവാക്യം വിളിച്ച കോളേജ് പയ്യന്മാരെ ജീവപര്യന്തം ജെയിലിലടച്ചേ തീരൂ.

 സംഘപരിവാര്‍ സംഘടനക്കറിയാം ആരാണ് രാജ്യദ്രോഹി, ആരാണ് സ്‌നേഹി എന്നൊക്കെ. അമിത് ഷാ മുഫ്തി മുഹമ്മദിനെയല്ല, അഫ്‌സല്‍ഗുരുവിന്റെ അച്ഛനെത്തന്നെ കെട്ടിപ്പിടിച്ചാലും അത് രാജ്യദ്രോഹമാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നവാസ് ഷെറീഫിനെ തന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുവരുത്തിയാലും ജ•ദിനത്തിന് വിമാനംതിരിച്ചുവിട്ടു പാഞ്ഞുചെന്നാലും നവാസിന്റെ ഭാര്യക്ക് സാരി സമ്മാനിച്ചാലും ഒന്നും രാജ്യദ്രോഹമാകില്ല. അതൊക്കെ ഒരു നമ്പറല്ലേ? രാജ്യത്തെ രക്ഷിക്കാ നുള്ള നമ്പറുകള്‍.

എന്തോ സ്വപ്‌നം കണ്ട് വിഭ്രാന്തിയിലായിപ്പോയതാണ്് പരിവാറുകാര്‍. മതേതര ദുഷ്ടജീവികളെ മുഴുവന്‍ കാല്‍ക്കീഴിലാക്കിക്കഴിഞ്ഞെന്നും നമ്മുടെ ദൈവരാജ്യം വന്നുകഴിഞ്ഞെന്നും ഇനിയൊന്നും പേടിക്കേണ്ടെന്നും ധരിച്ചുപോയി. ഇവിടെ ഇപ്പോഴും തിരഞ്ഞെടുപ്പും പാര്‍ലമെന്റും ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാമുണ്ട്. ആമയെച്ചുടുമ്പോള്‍ മലര്‍ത്തിച്ചുടണം. ആദ്യം ചുടേണ്ടത് മാധ്യമങ്ങളെയാണ്. അത് സാധിച്ചാല്‍ ബാക്കി എളുപ്പമാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ...  


No comments:

Post a comment