Sunday, 28 February 2016

വല്യേട്ടന്മാരുടെ ദുരിതകാലംരണ്ടുമുന്നണികളെ നയിക്കുന്നത് രണ്ട് വല്യേട്ടന്മാരാണ്. ഭരണം കൈവശമുള്ളകാലം വല്യേട്ടന്മാരുടെ സുവര്‍ണകാലമാണ്. മുന്നണിയിലെ പൈതങ്ങളും പയ്യന്മാരും ഓച്ഛാനിച്ചുനില്‍ക്കും, കൊടുക്കുന്നതുവാങ്ങി മിണ്ടാതെ പോയ്‌ക്കൊള്ളും. പോരാ പോരാ എന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും പരിധി വിടാറില്ല. ഒത്തുനിന്നാലല്ലേ കാര്യം നടക്കൂ. പരമാവധി ക്ഷമിക്കണം. പോരാ പോരാ എന്നു പറയുമ്പോള്‍ വല്യേട്ടന്‍ നാളെ നാളെ എന്നുപറയും. അത് വിശ്വാസത്തിലെടുക്കണം. ഇല്ലെങ്കില്‍ ഇന്നും കിട്ടില്ല, നാളെയും കിട്ടില്ല.

എന്നാല്‍, നിയമസഭാമണ്ഡലങ്ങളുടെ ഓഹരിവെപ്പുകാലം വല്യേട്ടന്മാര്‍ക്ക് ദുരിതകാലമാണ്. ഈ കാലത്ത് മുന്നണിയിലെ ഞാഞ്ഞൂലുകളും ഫണം ഉയര്‍ത്തിയാടും. ചോദിച്ചതുതന്നില്ലെങ്കില്‍ മറുകണ്ടം ചാടും എന്നുഭീഷണിപ്പെടുത്തും. മറുകണ്ടത്തെ വല്യേട്ടന്‍ ഉപഗ്രഹങ്ങള്‍ വഴി എതിര്‍കണ്ടത്തിലെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. നാലുവോട്ടുള്ള വല്ലവരുമാണ് ചാടാന്‍ ആലോചിക്കുന്നതെങ്കില്‍  ഓരോരോ കൊതിപ്പിക്കുന്ന വസ്തുക്കള്‍പൊക്കിക്കാട്ടി പ്രലോഭിപ്പിക്കും. തിരഞ്ഞെടുപ്പുകാലത്തു വന്നുകേറുന്ന അഭയാര്‍ത്ഥികളോട് പൊതുവെ മുന്നണിയിലെ ചെറിയ കക്ഷികള്‍ക്ക് അപ്രിയമാണ്. അകത്തുള്ളവരുടെ കഞ്ഞിപ്പാത്രത്തിലെ വറ്റുകളല്ലേ കുറയുക. അവസാനനിമിഷം വെപ്രാളപ്പെട്ടു പാഞ്ഞുവരുന്നവരെക്കൊണ്ട് വലിയ പ്രയോജനമൊന്നുമുണ്ടാകാറില്ലെന്നതാണ് സത്യം. ഭരണവിരുദ്ധവികാരം തരംഗമായി വീശുന്നുണ്ടെങ്കില്‍ ആരുവന്നില്ലെങ്കിലും പ്രതിപക്ഷത്തുള്ളവര്‍ ജയിക്കും, ആരുവന്നാലും ഭരിക്കുന്നവര്‍ തോല്ക്കും.

കോണ്‍ഗ്രസ് വല്യേട്ടന്‍ ചില്ലറ പാടൊന്നുമല്ല പെടുന്നത്. മുന്നണി ജയിക്കുമോ എന്നുറപ്പില്ല. പക്ഷേ, ഘടകകക്ഷികളുടെ ആര്‍ത്തി കണ്ടാല്‍തോന്നുക മുന്നണി നൂറ്റിനാല്പതില്‍ നൂറെങ്കിലും സീറ്റില്‍ ജയിക്കും എന്നാണ്. നാല് സീറ്റെങ്കിലും കൂടുതല്‍ ചോദിച്ചില്ലെങ്കില്‍ പാര്‍ട്ടി മെലിഞ്ഞുപോയെന്ന് വല്യേട്ടന്‍ വിചാരിക്കില്ലേ എന്നാണ് ചെറുപാര്‍ട്ടികളുടെ ഭാവം. യു.ഡി.എഫില്‍ കൂടുതല്‍ സീറ്റ് ചോദിക്കാത്തത് ലീഗ് മാത്രമാണുപോലും. കേരളാ കോണ്‍ഗ്രസ്സിനകത്ത് ജോസഫും മാണിയും തമ്മിലുള്ള മല്ലയുദ്ധം കാണുമ്പാള്‍ ഓര്‍ക്കുക വിദേശചാനലുകളില്‍ കാണുന്ന ചില തരം ഗുസ്തികളാണ്. കുത്തും ചവിട്ടും ഏറ്റുവാങ്ങി രണ്ടും ഡെഡ്‌ബോഡിയായി എന്നാണ് തോന്നുക. അഭിനയമാണോ ഉള്ളതാണോ എന്നുമനസ്സിലാവില്ല. ക്യാമറ ഓഫാക്കിയാല്‍ അവര്‍ പോയി ഒപ്പം ബിയറുകുടിക്കുമായിരിക്കും.

ജോസഫ് ഗ്രൂപ്പ് അവരുടെ രീതിയനുസരിച്ച് ഇടതുപക്ഷത്തക്ക് ചാടും എന്നുകരുതുന്നവര്‍ ധാരാളമുണ്ട്. പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും ചാടി ശീലമുള്ളതുകൊണ്ട് ചാടാന്‍ പ്രയാസമില്ല. ഇത്തവണ ചാടുകയും ഇടതുപക്ഷം ജയിക്കുകയും ചെയ്യുകയാണെങ്കില്‍ കേരളാകോണ്‍ഗ്രസ് ജെ.യുടെ പേര് ലിംക ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ രേഖപ്പെടുത്തുന്നതായിരിക്കും. രണ്ടുതവണ ഒരു മുന്നണിക്കും ഭരിക്കാന്‍ കഴിയാത്ത കേരളത്തില്‍ ഒരു കക്ഷിക്ക് തുടര്‍ച്ചയായി മൂന്നുവട്ടം മന്ത്രിസഭയിലിരിക്കാന്‍ കഴിയുക ചില്ലറ കാര്യമല്ലല്ലോ. കുറച്ചുമണ്ഡലങ്ങളിലെങ്കിലും വോട്ടുള്ള പാര്‍ട്ടി വരുന്നത് ഇടതുമുന്നണിക്ക് സന്തോഷംതന്നെ. കൂട്ടിന് ആര്‍.ബാലകൃഷ്ണപിള്ളയും പി.സി.ജോര്‍ജുമെല്ലാം ഉണ്ടല്ലോ. മാണിക്ക് ജോസഫ് പോകരുതെന്ന് ആശയില്ലാഞ്ഞിട്ടല്ല, പക്ഷേ വാശിയില്ല. ജോസഫിന്റെ വിശപ്പടക്കാന്‍ മാത്രം കൊടുക്കാന്‍ സീറ്റുമില്ല കൈയില്‍.

ഘടകകക്ഷികളോടുള്ള മല്ലയുദ്ധം കഴിഞ്ഞിട്ടുവേണം കോണ്‍ഗ്രസ് നേതൃത്വത്തിന് സ്ഥാനാര്‍ത്ഥിനിര്‍ണയം എന്ന ആഭ്യന്തരയുദ്ധം തുടങ്ങാന്‍. പോര്‍വിളികള്‍ മുറ പോലെ തുടങ്ങിക്കഴിഞ്ഞു. ഇത്തവണ വികേന്ദ്രീകൃതമായി യുദ്ധം നടത്താനാണ് തീരുമാനം. ജില്ലകളിലാവും ആദ്യറൗണ്ട്. അതുകൊണ്ട് തുടക്കത്തില്‍ തലസ്ഥാനത്ത് ഉപദ്രവം കുറയും. രണ്ടാം ഘട്ടത്തിലേ തലസ്ഥാനത്തേക്കുനീങ്ങൂ.                      
                                                                                                                             
****

വാളെടുത്തവന്‍ വെളിച്ചപ്പാടാവുന്ന യു.ഡി.എഫിലെ അവസ്ഥയല്ല സി.പി.എം.വല്യേട്ടന്‍ നയിക്കുന്ന എല്‍.ഡി.എഫിലേത്. വാള്‍ വല്യേട്ടന്‍ വീശും. പയ്യ•ാര്‍ കിട്ടുന്നത് വാങ്ങി തൃപ്തിപ്പെട്ടുകൊള്ളണം. ഘടകകക്ഷികളെ തൃപ്തിപ്പെടുത്താന്‍ സീറ്റ് കൊടുത്തുകൊടുത്ത് മെലിയുന്ന വല്യേട്ടനാണ് കോണ്‍ഗ്രസ്, സി.പി.എം. ഘടകകക്ഷികളുടെ സീറ്റ് ഓരോന്നായി ചോര്‍ത്തിയെടുത്ത് തിന്നുതടിക്കുന്നു-  ഇതാണ് ധാരണ. സീറ്റ് കിട്ടിയില്ല എന്നുപറഞ്ഞ് ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകളും മറുകണ്ടം ചാടില്ല എന്നാണ് വല്യേട്ടന്‍ വിചാരിച്ചിരുന്നത്. സീറ്റിനേക്കാള്‍ വലിയ ആദര്‍ശമില്ല എന്ന ശാശ്വതസത്യം മുറുകെപ്പിടിച്ചുകൊണ്ട് ഒരു സാദാ സോഷ്യലിസ്റ്റ് കക്ഷിയും ഒരു വിപ്ലവ സോഷ്യലിസ്റ്റ് കക്ഷിയും മറുകണ്ടം ചാടി. ആ കണ്ടത്തിലെ സുഖവാസത്തിന്റെ കഥയൊന്നും പറയാതിരിക്കുകയാണല്ലോ ഭേദം. എന്തായാലും ഒരു ഗുണമുണ്ടായിട്ടുണ്ട്. വല്യേട്ടന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ട്. ഘടകകഷികളെ വഴിയില്‍ കണ്ടാല്‍ ഒന്നു ചിരിക്കുകയും ലോഗ്യം ചോദിക്കുകയം ഒക്കെച്ചെയ്യും.

ഈ മാറ്റം ഇടതുപക്ഷത്തെ ഘടകകക്ഷികളിലും പുറത്ത് താല്ക്കാലിക ഷെഡ്ഡുകളില്‍ കഴിയുന്ന കുടിയാന്‍മാരായ ചെറുകക്ഷിളിലും അല്പം ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. . ഇടതുമുന്നണിയില്‍ ജനാധിപത്യത്തിന്റെ കുറവുള്ളതായി ജനങ്ങള്‍ക്ക് തോന്നുന്നതായി എന്‍.സി.പി., ജനതാദള്‍ എസ് കക്ഷികള്‍ പറയുകയോ പറയാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നതായി പത്രറിപ്പോര്‍ട്ടുണ്ടു! എണ്‍പതിനുശേഷം മുന്നണിയിലെ ജനാധിപത്യകക്ഷികളുടെ സീറ്റ് കുറയുകയുമാണത്രെ.(ഏതാണ് ഈ ജനാധിപത്യ കക്ഷി, അതല്ലാത്ത കക്ഷി എന്നു ചോദിക്കരുത്. സി.പി.എം, സി.പി.ഐ എന്നിവ ജനാധിപത്യപത്യേതരം, ബാക്കിയെല്ലാം ജനാധിപത്യേതരം) എന്‍.സി.പി.യും ജനതാദള്‍ എസ്സും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടികളാണ് എന്നു തെളിയിക്കാന്‍ കണക്കുകള്‍ ഹാജരാക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കണ്ടാല്‍ അറിയാം

ഘടകകക്ഷികള്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നുനടിക്കുന്ന ഒരു കാര്യമുണ്ട്. ഇടതുമുന്നണിയിലുള്ളത്ര കര്‍ക്കശമായ സെക്യൂറിറ്റി സംവിധാനമുള്ള മറ്റൊരു മുന്നണി ലോകത്തില്ല. സൂചിക്കുഴയിലൂടെ തലയിടുന്നതിനേക്കാള്‍ പ്രയാസമാണ് ഇടതുമുന്നണിയില്‍ ഒരു ഘടകകക്ഷിയായി കയറിപ്പറ്റാന്‍. ആറുകക്ഷികളേ അകത്തുള്ളൂ. ഒരു ഡസന്‍ കക്ഷികള്‍ പുറത്തുണ്ടെന്നാണ് ലേറ്റസ്റ്റ് സെന്‍സസില്‍ കാണുന്നത്. അകത്തു മെത്തയില്‍ കിടക്കുന്ന ഘടകകക്ഷിയശ്മാന്മാര്‍ ഓര്‍ക്കണം പുറത്ത് കീറപ്പായയില്‍ കിടക്കുന്നവന്റെ അവസ്ഥ.
                                                ****
                                                                 
ഉദാരമനസ്‌കരായതുകൊണ്ടാണോ അതല്ല വേറെ വല്ല കാരണത്താലാണോ എന്നറിയില്ല, നിയമസഭയിലേക്ക് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് പിറകോട്ടാണ് പോകുന്നത്. 1991ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയ വര്‍ഷം കോണ്‍ഗ്രസ് 91 സീറ്റില്‍ മത്സരിച്ചിരുന്നു. അത്രയും സീറ്റില്‍ പാര്‍ട്ടിക്ക് പിന്നെയൊരിക്കലും മത്സരിക്കാന്‍ ആയിട്ടില്ല. അന്നും മുന്നണിയില്‍ ലീഗും കേരള കോണ്‍ഗ്രസ് രണ്ടുഗ്രൂപ്പും കൂടെക്കിടപ്പുണ്ട്. മത്സരിച്ച സീറ്റുകളുടെ എണ്ണം 2001 ല്‍ 88 ഉം 2006 ല്‍ 77 ഉം ആയി കുറഞ്ഞത് 2011 ല്‍ ഒന്നുയര്‍ത്തി 81 ആക്കാന്‍ കഴിഞ്ഞെന്നുമാത്രം.

നേരത്തെ കുറെ ലാവിഷ് ആയിരുന്നു സി.പി.എം.. 1991ല്‍ കോണ്‍ഗ്രസ് 91 സീറ്റില്‍ മത്സരിക്കുമ്പോള്‍ സി.പി.എം മത്സരിച്ചത് 64 സീറ്റില്‍ മാത്രം. അതുയര്‍ത്തി ഉയര്‍ത്തി കോണ്‍ഗ്രസ്സിനെയും മറികടന്ന് 2011 ല്‍ 84 ആയിട്ടുണ്ട്. ഇന്നത്തെ നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും സി.പി.എമ്മിന് കോണ്‍ഗ്രസ്സിനേക്കാള്‍ അംഗബലമുണ്ട്. മുപ്പത്തെട്ടും നാല്പത്തഞ്ചും. 1991ല്‍ നിയമസഭയില്‍ 55 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ 38ല്‍ എത്തിനില്‍ക്കുന്നത്. .

91 മുതല്‍ ഇന്നോളം ഏത് മുന്നണി ജയിച്ചാലും ലീഗിന് സീറ്റ് ഇരുപതിനുമേലെ. സി.പി.ഐ. താഴോട്ടും മേലോട്ടും പോകും. 1991 ല്‍ 24 സീറ്റില്‍ മത്സരിച്ച് 12 സീറ്റ് മാത്രം കിട്ടിയ സി.പി.ഐ.ക്ക് കാല്‍നൂറ്റാണ്ടിനുശേഷം സീറ്റൊന്നു കൂടിയിട്ടേ ഉള്ളൂ. എന്തൊരു വളര്‍ച്ച, അല്ലേ?.

ഓരോ പാര്‍ട്ടിക്കും എത്ര സീറ്റിന് അര്‍ഹതയുണ്ട് എന്നു തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം വെറും ഊഹങ്ങള്‍ മാത്രമാണ്. ഭാഗ്യവശാല്‍, അമ്പതു വര്‍ഷമെങ്കിലുമായി  മുന്നണികളിലുള്ള പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിച്ചിട്ടില്ല. ഒറ്റയ്ക്ക് ജയിച്ച കക്ഷികള്‍ തമ്മില്‍ മതി മുന്നണിയെന്ന് നാളെ തീരുമാനിച്ചാല്‍ എന്തുസംഭവിക്കും? നിയമസഭയില്‍ നാലഞ്ചുകക്ഷികളേ കാണൂ. ഇരുമുന്നണികള്‍ക്കും ഒന്നോ രണ്ടോ ഘടകകക്ഷികള്‍ പോലും ഇല്ലാതെ പോവും. വേറെ പ്രശ്‌നമൊന്നുമില്ല.    

                                                                                                ****

 അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോഴാണ് മുഖ്യമന്ത്രിക്ക് ഒരു ഉപദേഷ്ടാവില്ലാത്തതിന്റെ ദോഷം മനസ്സിലായത്. അഞ്ചുവര്‍ഷവും അതുണ്ടായിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു! ഇനിയുള്ള രണ്ടര മാസക്കാലം ഉപദേശിക്കാന്‍ വലുതായി പ്രയാസപ്പെടേണ്ടിവരില്ല. ആഴ്ചകള്‍ കഴിയുമ്പോഴേക്ക് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരും. പിന്നെ മുഖ്യമന്ത്രി ഫലത്തിലൊരു കെയര്‍ ടേക്കര്‍ മാത്രം. ഒന്നും ചെയ്യാനില്ല. എന്തും ഉപദേശിക്കാം.


No comments:

Post a comment