Sunday, 29 May 2016

മന്ത്രിപദവി നിര്‍ബന്ധം


ഇടതുമുന്നണി സര്‍ക്കാര്‍ വന്നതുകൊണ്ട് വഴിയാധാരമാകുന്ന ഒരാളുണ്ട്. ഉമ്മന്‍ചാണ്ടിയല്ല. അങ്ങേര്‍ക്ക് യു.ഡി.എഫ് ചെയര്‍മാനായി നടക്കാം. രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷനേതാവായി മന്ത്രിപദവിയില്‍ പറക്കാം. വി.എം.സുധീരന് പ്രസിഡന്റായി തുടര്‍ഭരണമുണ്ട്. ഒരാള്‍ക്ക് മാത്രം ഒന്നും കിട്ടില്ല, കൈയിലുള്ളതെല്ലാം പോവുകയും ചെയ്യും. ആ ആളാണ് വി.എസ്.അച്യുതനാന്ദന്‍.

സര്‍ക്കാര്‍ശമ്പളം പറ്റുന്ന പത്തിരുത്തഞ്ച് ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയും സര്‍ക്കാര്‍ വക കാറും ഉള്ള മന്ത്രിപദവിയില്‍ അഞ്ചുവര്‍ഷം വെട്ടിത്തിളങ്ങിയ ആള്‍ക്ക് തന്റെ അവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടാവുമല്ലോ. അതുകൊണ്ടാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമ്പോള്‍ത്തന്നെ റിമൈന്‍ഡര്‍ നോട്ട് എഴുതിച്ച് സീതാറാം യെച്ചൂരിയുടെ പോക്കറ്റില്‍ ഇട്ടത്. വി.എസ്സിന്റെ കാര്യം പറയാന്‍ വി.എസ് അല്ലാതെ വേറാരുണ്ട്? സത്യപ്രതിജ്ഞ കഴിഞ്ഞ് ഡല്‍ഹിക്ക് സ്ഥലംവിട്ടാല്‍ പിന്നെ യെച്ചൂരിയുണ്ടോ വി.എസ്സിനെ ഓര്‍ക്കുന്നു! കാണണമെങ്കില്‍ വിമാനംകയറി  ചെല്ലേണ്ടി വരും. വെറും എം.എല്‍.എ.യായ വി.എസ്സിന് അതിന് സര്‍ക്കാര്‍ ടി.എ.കിട്ടില്ല. കത്തെഴുത്തേ നടക്കു....അതുകൊണ്ട് ഉപദേശകനാണെങ്കില്‍ അത്്, മറ്റെന്തായാലും വിരോധമില്ല. മന്ത്രിപദവി നിര്‍ബന്ധം.

പൊതുവെ അബദ്ധങ്ങളേ ചെയ്യാറുള്ളൂ എങ്കിലും കോണ്‍ഗ്രസ്സുകാര്‍ പല അനുകരണീയ മാതൃകകളും സൃഷ്ടിക്കാറുണ്ട്. സോണിയാഗാന്ധി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ മടിച്ചപ്പോള്‍ ഇന്‍സ്റ്റന്റ് ആയി അവര്‍ ഒരു പുതിയ പദവി ചുട്ടെടുത്തു. ദേശീയ ഉപദേശക സമിതി തലൈവി. ഭരണഘടനയില്‍ അങ്ങനെയൊന്നിന് വകുപ്പില്ല. പക്ഷേ, തിരുകിക്കയറ്റാം. പിന്നെ ചില്ലറ നിയമപൊല്ലാപ്പുണ്ടായെന്നത് ശരി. അതില്‍നിന്ന് തലയൂരാനാണെല്ലോ കബിലസിബലിനെയും ചിദംബരത്തേയും പോലുള്ള വക്കീലന്മാരെ വെച്ചിരുന്നത്. ഇത്തരമൊന്ന് കേരളത്തില്‍ ചുട്ടെടുക്കാന്‍ പ്രയാസമൊട്ടുമില്ല. കോണ്‍ഗ്രസ്സുകാര്‍ മിണ്ടില്ല. ആകെയൊരു പ്രശ്‌നമുള്ളത് എം.എല്‍.എ.പണിയും ഉപദേശിപ്പണിയും ഒന്നിച്ചു ചെയ്യാമോ എന്നുള്ളതാണ്. മുഖ്യമന്ത്രിയാവുന്നില്ലെങ്കില്‍ പിന്നെ എം.എല്‍.എ.സ്ഥാനം എന്തിനാണ്? വലിച്ചെറിയാം....

പിണറായി വിജയന് വി.എസ്.ചെയ്തുകൊടുത്ത അത്യസാധാരണ സേവനത്തിന് ഇതൊന്നും കൊടുത്താല്‍ പോര. അമേരിക്കയിലെ പ്രസിഡന്റിനെ പോലെ ഇവിടെ  നേരിട്ട് തിരഞ്ഞെടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാവുക അച്യുതാനന്ദനായിരിക്കും. പക്ഷേ, നിയമസഭയില്‍ ഒരു വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ വി.എസ്സിന് ഒരു വോട്ട് പി.സി.ജോര്‍ജിന്റേതോ മറ്റോ കിട്ടിയെങ്കിലായി. ഈ വിചിത്രാവസ്ഥയ്ക്കാണ് ജനാധിപത്യം എന്ന് പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത്, വി.എസ്സും യെച്ചൂരിയും പിണറായിയും എല്ലാവരും ചേര്‍ന്ന് വി.എസ്സ് മുഖ്യമന്ത്രി ആയേക്കാം എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നു. പിണറായിയെ ധര്‍മടത്ത് ഒതുക്കുകയും വി.എസ്സിനെ ആദ്യം മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും പിന്നെ സംസ്ഥാനത്ത് തലങ്ങുംവിലങ്ങും ഓടിക്കുകയും ചെയ്തത് പിണറായിയെ മുഖ്യമന്ത്രി ആക്കാനായിരുന്നു. പൊതുജനം കഴുതയ്ക്കും, ഒട്ടും ഭേദമല്ലാത്ത മാധ്യമവിശാരദ•ാര്‍ക്കും ഇത് മനസ്സിലായത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാത്രമാണ്.

പാര്‍ട്ടിക്ക് വേണ്ടി ഇങ്ങനെ ചാവേറാകാന്‍ തയ്യാറായ വി.എസ് ചോദിക്കുന്നത് ഒന്നുമാത്രം. ഒരു മന്ത്രിപദവി. അതിന് പൊതുഖജാനയില്‍ നിന്ന്് മാസംതോറും കോടിരൂപ ചെലവാകുമായിരിക്കും. അതിന് പാര്‍ട്ടിക്കെന്താ ചേതം? ഉപദേശം  പിണറായി കേട്ടുകൊള്ളണമെന്ന് ഒട്ടും നിര്‍ബന്ധമില്ലല്ലോ. പിന്നെന്ത് പ്രശ്‌നം?

                                                                       ****

മന്ത്രിമാര്‍ക്കൊന്നും പതിമൂന്നാം നമ്പര്‍ കാറില്ലാത്തത് ബി.ജെ.പി.നേതാവ്  കെ..സുരേന്ദ്രന് സഹിക്കുന്നില്ല. കമ്യൂണിസ്റ്റുകാര്‍ അന്ധവിശ്വാസികളാണെന്നും വെറുതെ പുരോഗമനംപറയുകയാണെന്നും മറ്റും അദ്ദേഹം ചാനലിലും പുറത്തും വിളിച്ചുപറയുന്നുണ്ടായിരുന്നു. അന്ധവിശ്വാസം സഹിക്കാം. വിദേശ അന്ധവിശ്വാസങ്ങള്‍ സഹിക്കാന്‍പറ്റില്ല. ഏതോ കാലത്തുതന്നെ അന്ധവിശ്വാസകാര്യത്തില്‍ സ്വയംപര്യാപ്തത നേടിയ രാജ്യമാണ് ഈ ഭാരതം. എന്നിട്ടാണ് ഈ കമ്യൂണിസ്റ്റുകാര്‍ വിദേശ അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ പോകുന്നത്. ഇത് രാജ്യദ്രോഹംതന്നെ.

അവസാനത്തെ അത്താഴത്തിന് മേശയ്ക്ക് ചുറ്റും ഇരുന്ന പതിമൂന്ന് പേരിലൊരാളാണ്  യേശുവിനെ ഒറ്റുകൊടുത്തതെന്നതാണ് നമ്പര്‍ പതിമൂന്നിനെതിരെ ആരോപിക്കപ്പെടുന്ന മുഖ്യ കുറ്റം. മനുഷ്യര്‍ പണ്ടേ ഇങ്ങനെയാണ്. ഒറ്റിക്കൊടുത്ത ജൂഡാസിനെ അറിയാത്തവര്‍ക്കും പതിമൂന്നാം നമ്പര്‍ റൂമും വേണ്ട കാറും വേണ്ട.
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് പതിമൂന്നിനെ ഇപ്പോള്‍ പണ്ടത്തേക്കാള്‍ പേടി കാണണം. ബാര്‍കോഴ അപവാദം മൂര്‍ദ്ദന്യത്തിലെത്തിയ സമയത്ത് മാണി ബജറ്റ് അവതരിപ്പിച്ചത് വലിയ സംഭവമായിരുന്നല്ലോ. വേണ്ട വേണ്ട എന്ന് മാണിയോട് പലരും ഉപദേശിച്ചതാണ്. പതിമൂന്നാമത്തെ ബജറ്റായിരുന്നു അത്്്! മാര്‍ച്ച് പതിമൂന്നായിരുന്നു അന്ന്്!   ബജറ്റ് അവതരിപ്പിച്ച മന്ത്രി മാണി കൊല്ലം തികയും മുമ്പെ വീണു. അന്നത്തെ അടിപിടിയിലും കടിപിടിയിലും പങ്കാളികളായവരൊക്കെ തിരഞ്ഞെടുപ്പിലും വീണു. മനസ്സിലായില്ലേ പതിമൂന്നിന്റെ ബലം?

അതുകൊണ്ടാരും അന്ധവിശ്വാസത്തെ അന്ധമായി എതിര്‍ക്കരുത്. നാടന്‍ ആയാലും വിദേശി ആയാലും തുല്യ ബഹുമാനത്തോടെ കാണണം. സുരേന്ദ്രന്‍ ശ്രമിക്കുകയാണെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാരിനെക്കൊണ്ട് ഒരു ദേശീയ അന്ധവിശ്വാസ നയം രൂപവല്‍ക്കരിപ്പിക്കാന്‍ കഴിഞ്ഞേക്കും.


                                                                 ****
വേറെ ചിലയിനം അസഹ്യ അന്ധവിശ്വാസങ്ങള്‍ മുഖ്യമന്ത്രിയായ ഉടന്‍ പിണറായി വിജയന്‍ അവസാനിപ്പിച്ചത് അസ്സലായി. മന്ത്രിമാരെ സ്വീകരിക്കാന്‍ താലപ്പൊലിയേന്തിയ ബാലികമാര്‍, യുവതികള്‍ വേണമെന്ന അന്ധവിശ്വാസം ഇനിയില്ല. ബൊക്കെ കൊടുക്കാന്‍ പെണ്ണ് വേണമെന്നതും നിര്‍ത്തേണ്ട അന്ധവിശ്വാസമാണ്. നാട്ടില്‍ അതും ഇതും പ്രചരിപ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ തെരുവിലിറക്കുന്നതും കണക്കെടുക്കാന്‍ അധ്യാപികമാരെ നാടുതെണ്ടിക്കുന്നതുമെല്ലാം എന്നോ നിര്‍ത്തേണ്ട അനാചാരങ്ങളില്‍ ചിലവ മാത്രം.

കാലങ്ങളായുള്ള ആചാരമാണ് പുതിയ മന്ത്രി വരുമ്പോള്‍ മന്ത്രിമന്ദിരത്തില്‍ അറ്റകുറ്റപ്പണിക്ക് കുറെ ലക്ഷങ്ങള്‍ ചെലവഴിക്കുക എന്നത്. മന്ത്രിയേക്കാളേറെ മന്ത്രിബന്ധുക്കളുടെ ആവശ്യമാണിത്. അവരേക്കാള്‍ ഇത്് പണി ചെയ്യിക്കുന്ന ഉദ്യോഗസ്ഥരുടെ ആവശ്യമാണ്, പണി ചെയ്യുന്ന കരാറുകാരുടെ ആവശ്യമാണ്.

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുനാളെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് നിര്‍ബന്ധിച്ചാല്‍ത്തന്നെ മന്ത്രിസ്വീകരണം അത്രയും കുറയും. ജില്ലയില്‍നിന്നുള്ള മന്ത്രിമാര്‍ക്ക് ഒരു ജില്ലാതല സ്വീകരണംതന്നെ ധാരാളം. ഒരു ദിവസം ഏറ്റെടുക്കുന്ന പ്രസംഗത്തിന് കൂടി പരിധി നിശ്ചയിക്കുകയാണെങ്കില്‍ വഴിയില്‍ മണിക്കൂറുകള്‍ മന്ത്രിയെക്കാത്തുനില്‍ക്കാന്‍ വിധിക്കപ്പെടുന്ന ജനത്തിന് സമാധാനം കിട്ടും.
     
                                                                ****
അടുപ്പക്കാരനെന്ന് നടിച്ച ഒരു 'അവതാര'ത്തെ സ്ഥാനമേല്‍ക്കുംമുമ്പ് തിരിച്ചറിയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. അവതാരങ്ങളൊന്നും ഇങ്ങോട്ടടുക്കേണ്ടെന്നും സൂചന നല്‍കി മുഖ്യമന്ത്രി. അതുകൊണ്ടൊന്നും പ്രശ്‌നം തീരുമെന്ന് തോന്നുന്നില്ല.

മുഖ്യമന്ത്രി ഓഫീസിലെത്തുംമുമ്പ് ഓഫീസിലെ വെബ്കാസ്റ്റിങ്ങ് സംവിധാനം നിര്‍ത്തിച്ചത് ഏതോ അവതാരത്തിന്റെ ഉത്തരവനുസരിച്ചാവുമോ എന്തോ..മന്ത്രിസഭ സ്ഥാനമേല്‍ക്കുന്ന നാള്‍ കോടികള്‍ ചെലവഴിച്ച് ദേശീയതലസ്ഥാനത്തും ഊക്കന്‍ വര്‍ണപരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് ഏതെങ്കിലും അവതാരത്തിന്റെ തീരുമാനപ്രകാരമാവുമോ എന്നാര്‍ക്കറിയാം.

അറിയാത്ത അവതാരങ്ങളേക്കാള്‍ ദ്രോഹം ചെയ്യുക അറിയുന്ന അവതാരങ്ങളാവും. അവര്‍ പേഴ്‌സണല്‍ സ്റ്റാഫിലും ഉദ്യോഗസ്ഥര്‍ക്കിടയിലും പാര്‍ട്ടിയിലും നിയമസഭയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിയില്‍പ്പോലും കാണും. എത്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ഞങ്ങള്‍ കുഴിയില്‍ ചാടിച്ചിരിക്കുന്നു, ഞങ്ങളോടാണോ കളി എന്ന ഭാവം ഒളിച്ചുവെച്ച വെളുത്ത ചിരിയോടെ അവര്‍ നാളെയും വരാതിരിക്കില്ല.
                         
                                                                                        ****
എം.പി. ഫണ്ട് പ്രകാരംനിര്‍മിച്ചത്, എം.എല്‍.എ ഫണ്ട് പ്രകാരം നിര്‍മിച്ചത് എന്നും മറ്റുമുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ കണ്ടാല്‍ തോന്നുക ഈ മഹാന്മാര്‍ എവിടെയോ പോയി കഷ്ടപ്പെട്ട് സംഭാവന പിരിച്ചോ മറ്റോ കൊണ്ടുവന്ന് ഇവിടെ അത്ഭുതം പണിതിരിക്കുന്നു എന്നാണ്. ഇല്ല, ജനത്തിന്റെ നികുതിപ്പണം ചെലവഴിച്ചുണ്ടാക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് ജനപ്രതിനിധി കൂറ്റന്‍ ബോര്‍ഡ് നാട്ടി ഞെളിയുന്നത്.

ഈ ഏര്‍പ്പാട് ശരിയല്ല എന്ന് ഒരു എം.എല്‍.എ.ക്ക് തന്നെ തോന്നിയിരിക്കുന്നു. പുതുതായി നിയമസഭയില്‍ എത്തിയ അനില്‍ അക്കരെ ആവശ്യപ്പെടുന്നത് എം.എല്‍.എ. ഫണ്ട് കൊടുക്കുന്നത് നിര്‍ത്തുകയും അത് മണ്ഡലത്തിലെ  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളില്‍ പെടുത്തി ചെലവാക്കുകയും ചെയ്യണം എന്നാണ്. പൊതുസ്വത്തി•േല്‍ സ്വന്തം പേരെഴുതി വെച്ചതിന്റെ പേരില്‍ ഏതെങ്കിലും എം.എല്‍.എ.യെ ജനം ഓര്‍മിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

കമ്യൂണിസ്റ്റുകാരനായ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ പഞ്ചായത്തുകള്‍ ഓര്‍ക്കുന്നത് അദ്ദേഹം ചെയ്ത സേവനങ്ങളുടെ പേരിലാണെന്നും കോണ്‍ക്രീറ്റ് ബോര്‍ഡില്‍ പേരെഴുതി വെച്ചതുകൊണ്ടല്ലെന്നും കോണ്‍ഗ്രസ്സുകാരനായ അനില്‍ അക്കരെ പറയുന്നു.

കേള്‍ക്കുന്നുണ്ടോ?Saturday, 28 May 2016

അപകീര്‍ത്തി ക്രിമിനല്‍ കുറ്റമായി തുടരുമ്പോള്‍..


മീഡിയബൈറ്റ്‌സ്
എന്‍.പി.ആര്‍
...


വ്യക്തികള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമായിത്തന്നെ തുടരണം എന്ന സുപ്രിംകോടതിയുടെ വിധി അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും വലിയ തിരിച്ചടിയായി. നിരവധി രാജ്യങ്ങള്‍, മാനനഷ്ടമുണ്ടാക്കുന്നത് ഒരു സിവില്‍ കുറ്റം മാത്രമാക്കി നിയമം മാറ്റിക്കൊണ്ടിരിക്കെയാണ് ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഇത്തരമൊരു തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന ഒട്ടേറെ സംഘടനകളും വ്യക്തികളും മാനനഷ്ടം ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു. ഭരണഘടന ഉറപ്പുനല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മാത്രം ബലത്തിലാണ് ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം നിലകൊള്ളുന്നത്. പൊതുതാല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ബാധ്യസ്ഥരാണ് മാധ്യമപ്രവര്‍ത്തകര്‍. ചുമതല നിര്‍വഹിച്ചതിന്റെ പേരില്‍ ക്രിമിനലുകളായി മുദ്ര കുത്തപ്പെടുകയും ക്രിമിനല്‍നിയമപ്രകാശമുള്ള ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടിവരുന്നതിന്റെ ജനാധിപത്യവിരുദ്ധമായ വശം സുപ്രിംകോടതിതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് യു.യു.ലളിത് എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് 2014 ഒക്‌റ്റോബര്‍ മുപ്പതിന് ഒരു മാനനഷ്ടക്കേസ് വിചാരണക്കിടെ നിയമം പുനപരിശോധിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി.നേതാവ് സുബ്രഹ്മണ്യംസ്വാമിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നല്‍കിയ മാനനഷ്ടക്കേസ്സിന്റെ വിചാരണയായിരുന്നു അത്. അഭിപ്രായസ്വാതന്ത്ര്യത്തിന്മേല്‍ ഭരണഘടന അനുവദിച്ച ന്യായമായ നിയന്ത്രണങ്ങള്‍ എന്ന പരിധിക്കപ്പുറം വരുന്നതാണ് ക്രിമിനല്‍കുറ്റമാക്കലെന്നായിരുന്നു സുബ്രഹ്മണ്യംസ്വാമിയുടെ വാദം.

ഇതിന് മുമ്പ് ഒട്ടനവധി കേസ്സുകളില്‍ ഈ നിയമവകുപ്പിന്റെ ഭരണഘടനാവിരുദ്ധസ്വഭാവം കക്ഷികള്‍ ഉന്നയിച്ചിരുന്നുവെങ്കിലും കോടതികള്‍ അതിലേക്ക് കടന്നിരുന്നില്ല. ഇത്തവണ കോടതി അത് ഗൗരവപൂര്‍വം പരിഗണിച്ചെങ്കിലും രണ്ടംഗബെഞ്ചിന്റെ അവസാനവിധി അഭിപ്രായസ്വാതന്ത്ര്യത്തെ ബലപ്പെടുത്തുന്നതായില്ല എന്നാണ് പൊതുവായ നിഗമനം. ദി ഹിന്ദു ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ വിധിയില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള മുഖപ്രസംഗങ്ങള്‍ എഴുതി.

പത്രസ്ഥാപനങ്ങളുടെ ആഗോള സംഘടനയായ വാന്‍ ഇഫ്രയും പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജര്‍ണലിസ്റ്റ്‌സും (ഐ.എഫ്.ജെ) മാനഹാനി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്ന ആവശ്യം ഉന്നയിച്ച് വര്‍ഷങ്ങളായി  പ്രചാരണം നടത്തിവരികയായിരുന്നു. നിരവധി രാജ്യങ്ങള്‍ ഇത് അംഗീകരിച്ചിട്ടുമുണ്ട്. ക്രിമിനല്‍ മാനഹാനിനിയമം വേണ്ട എന്ന് തീരുമാനിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടും. അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഈ വഴി സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യന്‍ കോടതികളും മാനഹാനിയുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതിന് അനുകൂലമായി പ്രതികരിച്ചിരുന്നു. പക്ഷേ, സുപ്രിം കോടതി ഇപ്പോള്‍ പരിഗണിച്ചത് ഭരണഘടന വിഭാവനം ചെയ്ത ന്യായമായ നിയന്ത്രണങ്ങളുടെ പരിധിയില്‍ ഈ ശിക്ഷാനിയമവ്യവസ്ഥ പെടുമോ എന്നു മാത്രമായിരുന്നു. ആഗോളതലത്തില്‍ ഇക്കാര്യത്തിലുണ്ടായ പുതിയ ചിന്ത കോടതിയുടെ പരിഗണനയില്‍ വന്നിട്ടില്ല.

ഇന്ത്യന്‍ കോടതികളിലെ പുതിയ പ്രവണത ഇതുസംബന്ധിച്ച ചര്‍ച്ചകളെയെല്ലാം അപ്രസക്തമാക്കുന്നുണ്ട്. മാധ്യമസ്ഥാപനം അടച്ചുപൂട്ടേണ്ടിവരുന്ന തോതിലുള്ള ഉയര്‍ന്ന നഷ്ടപരിഹാരം അപകീര്‍ത്തിക്കേസ്സുകളില്‍ വിധിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കയാണ്. അപകീര്‍ത്തി ക്രിമിനല്‍കുറ്റമാക്കി പത്രപ്രവര്‍ത്തകനെ ജയിലിലടക്കുന്നതിനേക്കാള്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഈ സിവില്‍ നഷ്ടപരിഹാരനടപടി.. വ്യക്തികളുടെ സല്‍കീര്‍ത്തി സംരക്ഷിക്കുന്നതും അതോടൊപ്പം അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതുമായ നിയമവ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ പ്രസ് കൗണ്‍സിലോ ലോ കമ്മീഷനോ മുന്‍കൈ എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

മാധ്യമസ്വാതന്ത്ര്യം: ഇന്ത്യ ഇപ്പോഴും പിന്നില്‍

ലോകവ്യാപകമായി മാധ്യമസ്വാതന്ത്ര്യത്തിന്റെ സ്ഥിതി, ആശങ്ക ജനിപ്പിക്കുംവിധം മോശമാകുകയാണ് ചെയ്യുന്നത് എന്ന്്  റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് എന്ന ലോക മാധ്യമപ്രവര്‍ത്തകസംഘടനയുടെ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയുടെ സ്ഥിതിയും പരിതാപകരമായി തുടരുന്നു. 2002 മുതല്‍ നടന്നുവരുന്നതാണ് 180 രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം സംബന്ധിച്ച ഈ പഠനം.

മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലാണ് മാധ്യമസ്വാതന്ത്ര്യത്തിന് ഏറ്റവും കുറച്ചുമാത്രം ഭീഷണികള്‍ ഉയരുന്നത്. 2010 മുതല്‍ ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് ആ പദവി നിലനിര്‍ത്തി. നെതര്‍ലാന്‍ഡ്‌സും നോര്‍വെയും തൊട്ടുപിറകിലുണ്ട്.

പട്ടികയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന മൂന്നു രാജ്യങ്ങളില്‍ സ്ഥിതിഗതികളില്‍ മാറ്റമില്ല- തുര്‍ക്‌മെനിസ്ഥാന്‍(178), ഉത്തര കൊറിയ(179), എറിത്രിയ(180). 96 ാം സ്ഥാനത്തുനിന്ന് മുപ്പതിലെത്തിയ ടുണീഷ്യയും 107ല്‍ നിന്ന് 22 ലെത്തിയ ഉക്രൈനും  ആണ് രാജ്യത്തിലെ സമാധാനനില മെച്ചപ്പെട്ടതുകൊണ്ട് താഴത്തെ റാങ്കില്‍നിന്ന് മേലോട്ടുകേറിയത്.

മാധ്യമസ്വാതന്ത്ര്യത്തിന്റെ മികച്ച മാതൃകയായി കരുതപ്പെട്ടിരുന്ന ബ്രിട്ടന്‍ വളരെ താഴേക്കു പോയതായി ഇത്തവണത്തെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ 19 ാം സ്ഥാനം ഉണ്ടായിരുന്ന ബ്രിട്ടന്് ഇപ്പോള്‍ 38 ാം റാങ്കേ ഉള്ളൂ . ഭീകരപ്രവര്‍ത്തനം നേരിടുന്നതിന് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതും ജേണലിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതുമാണ് ഈ പതനത്തിന് കാരണമായി കണക്കാക്കുന്നത്. ലണ്ടനില്‍ 2005ല്‍ ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ജേണലിസ്റ്റുകളെയും രഹസ്യാന്വേഷണങ്ങളുടെ പരിധിയിലാക്കുകയുണ്ടായി. അവരുടെ ഫോണ്‍ ചോര്‍ത്തുന്നതു സാധാരണമായതും പരിഗണിക്കപ്പെട്ടുകാണണം.

യാഥാസ്ഥിതിക സര്‍ക്കാര്‍ മാധ്യമങ്ങളുടെ നിയന്ത്രണാധികാരം കൈയടക്കിയ പോളണ്ടും (29ല്‍ നിന്ന് 47) ഭരണകൂടം കൂടുതല്‍ ഏകാധിപത്യപരമായ താജികിസ്ഥാനും ( 34ല്‍നിന്ന് 150) ശരിയത്ത്-ദൈവനിന്ദാനിയമങ്ങള്‍ കര്‍ക്കശമാക്കിയ ബ്രൂണൈ സുല്‍ത്താനേറ്റും (34ല്‍ നിന്ന് 155) മുന്‍നിരയില്‍നിന്ന് വളരെ പിറകോട്ട് പോയ രാജ്യങ്ങളാണ്.

മാധ്യമസ്വാതന്ത്ര്യാവസ്ഥ ഏറ്റവും മോശമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ തുടരുകയാണ്  ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ 136 ല്‍നിന്ന് ഒരുപടി കയറി 133 ലെത്തി എന്നത് ഒട്ടും ആശ്വാസം നല്‍കുന്നില്ല. യഥാര്‍ത്ഥനില മോശമായിട്ടേ ഉള്ളൂ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പെരുകുന്ന നിയമനടപടികള്‍, അപകീര്‍ത്തിനിയമത്തിന്റെ മറവില്‍ നടക്കുന്ന മാധ്യമവേട്ട, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍  എന്നിവ കാരണം ഇന്ത്യയുടെ പല ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ സ്വയംസെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നതായി സര്‍വ്വെ വെളിവാക്കി. മാസംതോറും ഒരു പത്രപ്രവര്‍ത്തകനെങ്കിലും ആക്രമിക്കപ്പെടുന്ന, 2015ല്‍ നാല് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഉത്തരപ്രദേശാണ് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഏറ്റവും ഹനിക്കപ്പെടുന്ന സംസ്ഥാനമെന്ന് സര്‍വ്വെ വിലയിരുത്തി.

ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്താനും റഷ്യയും ഇന്ത്യയുടെ പിന്നിലാണ്. സഊദി അറേബിയ, ഉസ്‌ബെക്കിസ്ഥാന്‍, സോമാലിയ, ഇക്വറ്റോറിയല്‍ ഗിനിയ, ഇറാന്‍, യെമന്‍, ക്യൂബ, ജിബൗടി, ലാവോസ്, സുഡാന്‍, വിയറ്റ്‌നാം, ചൈന, സിറിയ എന്നിവയാണ് ഏറ്റവും പിറകില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍.

രാജ്യങ്ങളിലെ ബഹുസ്വരത, മാധ്യമസംബന്ധമായ നിയമങ്ങള്‍, നിയമവ്യവസ്ഥയുടെ ഘടന, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ച് ലോകത്തെമ്പാടുമുള്ള വിദഗ്ദ്ധന്മാരാണ് ഈ സൂചിക തയ്യാറാക്കുന്നത്.

വിശദവിവരങ്ങള്‍ സംഘടനയുടെ സൈറ്റില്‍ ലഭ്യമാണ്
വേേു:െ//ൃളെ.ീൃഴ/ലി/ൃമിസശിഴ

മാധ്യമവിശ്വാസ്യത ക്രമമായി താഴേക്ക്

മാധ്യമവിശ്വാസ്യത പോലെ ഇത്രയും ക്രമമായി, ലോകമെങ്ങും വീണുകൊണ്ടിരിക്കുന്ന മറ്റൊന്നുമില്ലെന്നുതോന്നിപ്പോകുന്നു. ഏറ്റവും ഒടുവിലിത് അമേരിക്കയില്‍നിന്നാണ്. അമേരിക്കന്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും സെന്റര്‍ ഫോര്‍ പബ്ലിക് അഫേയ്‌സ് റിസെര്‍ച്ചും ചേര്‍ന്നു നടത്തിയ സര്‍വ്വെയില്‍ കണ്ടത് ആറു ശതമാനം അമേരിക്കക്കാരേ മാധ്യമങ്ങളെ തങ്ങള്‍ക്ക് വിശ്വാസമാണെണ് പറഞ്ഞുള്ളൂ.

ആകെയൊരു സമാധാനമേ ഉള്ളൂ! മാധ്യമങ്ങളേക്കാള്‍ താഴെയാണ് അമേരിക്കയുടെ സര്‍വസ്വവുമായ ജനപ്രതിനിധിസ്ഥാപനം അമേരിക്കന്‍ കോണ്‍ഗ്രസ്. അല്ല, എല്ലാ ഭരണസ്ഥാപനവും അങ്ങനെയല്ല. ഫസ്റ്റ് എസ്റ്റേറ്റും ഫോര്‍ത്ത് എസ്റ്റേറ്റുമേ ഇങ്ങനെ മൂക്കുകുത്തി വീഴുന്നുള്ളൂ. അമേരിക്കല്‍ മിലിറ്ററിക്ക് 48 ശതമാനം പൗരന്മാരുടെ വിശ്വാസ്യതയുടെ പിന്തുണയുണ്ട്.

മാധ്യമങ്ങളില്‍നിന്ന് വായനക്കാര്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത്? ഏറ്റവും കൂടുതല്‍ ആളുകള്‍, 85 ശതമാനം പേര്‍ കൃത്യത-ആക്കുറസി- ആണ് വാര്‍ത്തകളില്‍ ആഗ്രഹിക്കുന്നത്. പ്രാധാന്യത്തില്‍ രണ്ടാമത് വരുന്നത് പൂര്‍ണത- കംപ്ലീറ്റ്‌നസ്- ആണ്. സുതാര്യത (68 ശതമാനം), പക്ഷപാതമില്ലായ്മ-ബാലന്‍സ്- എന്നീ ഗുണങ്ങളാണ്. ഇതേറെയും അച്ചടിപ്പത്രത്തിന്റെ വായനക്കാരുടെ കാര്യമാണ്. ഡിജിറ്റല്‍ വായനക്കാരെ ഏറ്റവും അലോസരപ്പെടുത്തുന്നത് എന്താണെന്നോ? അത് പരസ്യമാണ്. പരസ്യം ഒരിടത്തുകിടക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചാടിവന്ന് ശല്യം ചെയ്യുന്ന(പോപ്പ്അപ്പ്) പരസ്യങ്ങളെ അവര്‍ക്ക് സഹിക്കാനാവുന്നില്ല. ലോഡിങ്ങ് വൈകുന്നതും മൊബൈല്‍ഫോണില്‍ ശരിക്ക് കിട്ടാതിരിക്കുന്നതും അവരെ ഏറെ അലോസരപ്പെടുത്തുന്നു.

87 ശതമാനമാളുകള്‍ വാര്‍ത്തയറിയാന്‍ ഫെയ്‌സ്ബുക്കാണ് ഉപയോഗിക്കുന്നത്. പക്ഷേ, പന്ത്രണ്ട് ശതമാനം പേരേ ഫെയ്‌സ്ബുക്ക് വാര്‍ത്തകള്‍ക്ക് വിശ്വാസ്യത കല്പിക്കുന്നുള്ളൂ.
Published in MEDIA magazine May 2016

Sunday, 22 May 2016

തോല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിയോ ധാര്‍മികതയോ?അഴിമതിയും അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ലൈംഗികചൂഷണവും വഞ്ചനയും പണക്കൊതിയും എല്ലാം നിറഞ്ഞുനിന്ന അത്യപൂര്‍വമായ ഒരു രാഷ്ട്രീയപവാദമായിരുന്നു സോളാര്‍ കേസ്. കേസ്സില്‍ കോടതിയില്‍നിന്നുണ്ടായ ഒരു പ്രതികൂലനടപടിയുടെ മുന്നില്‍ രാജിയാവശ്യം ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഞാന്‍ എന്തിന് രാജിവെക്കണം? 'എന്റെ മനസ്സാക്ഷിക്ക് മുന്നില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ധാര്‍മികതയ്ക്ക് അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി'.

നാല് മാസം മുമ്പാണ് ഉമ്മന്‍ചാണ്ടി ഇതുപറഞ്ഞത്. മനസ്സാക്ഷിയുടെ കരുത്താണ് തന്റേതെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം ഈ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം ഒരു ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിവരും. മനസ്സാക്ഷിയാണോ ധാര്‍മികതയാണോ വലുത്?  അദ്ദേഹത്തിന്റെ ഉത്തരം എന്തായിരുന്നാലും ശരി, ജനങ്ങള്‍ സംശയലേശമെന്യേ ഉത്തരം നല്‍കിക്കഴിഞ്ഞു. അങ്ങയുടെ മനസ്സാക്ഷി എന്തോ ആവട്ടെ, അങ്ങയുടെ ധാര്‍മികതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, കഠിനമായി അവിശ്വസിക്കുകയു ചെയ്യുന്നു. ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരിയുടെ ധാര്‍മികതയുടെ ഭീമന്‍ പരാജയയാണ് യഥാര്‍ത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയം.

തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയുടെയും സര്‍ക്കാറിന്റെയും വീഴ്ചകള്‍ പലതും  ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സ•നസ്സ് കാണിച്ചിട്ടുള്ള നേതാവാണ് ഉമ്മന്‍ചാണ്ടി. വിമര്‍ശകരെ തോല്‍പ്പിക്കാനുള്ള അദ്ദേഹത്തിന്റെ ഒരു തന്ത്രമായി അന്നാരും അതിനെ നോക്കിക്കണ്ടിരുന്നില്ല. പക്ഷേ, ജനവിധി തന്റെയും സര്‍ക്കാറിന്റെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ് എന്നുറപ്പായ ഘട്ടത്തില്‍ അദ്ദേഹത്തിന് പഴയ സ•നസ്സ് നഷ്ടപ്പെട്ടതായി തോന്നി. പരാജയത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തില്ല. പാര്‍ട്ടിക്കും മുന്നണിക്കും ആണ് ഉത്തരവാദിത്തമെന്നും അതിന്റെ നേതാവായ തനിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും ഉള്ള വാചകം പ്രത്യക്ഷത്തില്‍ ശരിയാണ് എന്ന് തോന്നാമെങ്കിലും തീര്‍ത്തും വ്യക്തികേന്ദ്രീകൃതമായ ശൈലിയില്‍ അഞ്ചുവര്‍ഷം ഭരണം നടത്തിയ ഒരു നേതാവ്, പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് കൂടി ചാരിനിര്‍ത്തുകയായിരുന്നു എന്നു വ്യക്തം. യഥാര്‍ത്ഥത്തില്‍ ഈ പരാജയം ഗവണ്മെന്റിന്റെ, മുന്നണിയുടെ പരാജയം എന്നതിനേക്കാളേറെ ഉമ്മന്‍ചാണ്ടി എന്ന യു.ഡി.എഫ് തലവന്റെ പരാജയം തന്നെയാണ്.

പ്രീണനമായിരുന്ന പ്രധാനം

മന്ത്രിമാര്‍ ഇരുപതുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി എല്ലാറ്റിന്റെയും മന്ത്രിയായിരുന്നു എന്ന് തലസ്ഥാനത്തെ ഭരണകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം. നിയമസഭയില്‍ ഏത് വകുപ്പിനെക്കുറിച്ച് ചോദ്യമുണ്ടായാലും അവസാന മറുപടി മുഖ്യമന്ത്രിയുടേതായിരുന്നു. സുപ്രധാനഫയലുകള്‍ മുഖ്യമന്ത്രിയുടെ അടുത്തെത്താതെ തീരുമാനമുണ്ടാകാറില്ല. കൂട്ടുമന്ത്രിസഭകളില്‍ പൊതുവെ, തീരുമാനങ്ങള്‍ മന്ത്രിയുടെ കക്ഷികളിലാണ് ഉണ്ടാവാറുള്ളതെന്ന് അറിയാത്തവരില്ല. കേന്ദ്രസര്‍ക്കാറില്‍ പോലും ഇതായിരുന്നു സ്ഥിതി എന്നതിന് ഡോ.മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്തേക്കാള്‍ നല്ല തെളിവ് വേറെയില്ല. മുഖ്യമന്ത്രിമാരുടെയെന്നല്ല, പ്രധാനമന്ത്രിയുടെ പോലും ഇടപെടല്‍ ഘടകകക്ഷികള്‍ പൊറുപ്പിക്കാറില്ല. കയറൂരി മേഞ്ഞ ഘടകകക്ഷികളായിരുന്നു യു.പി.എ ഗവണ്മെന്റിന്റെ മിക്കവാറും ചീത്തപ്പേരുകള്‍ക്കും ഉത്തരവാദികള്‍.

പക്ഷേ, എല്ലാറ്റിലും ഇടപെടുമായിരുന്നുവെങ്കില്‍പ്പോലും ഉമ്മന്‍ചാണ്ടിയോട് ഘടകകക്ഷികള്‍ക്കൊന്നും അപ്രിയം ഉണ്ടായിരുന്നില്ല. കാരണം, അവരുടെയെല്ലാം നല്ലതും ചീത്തയുമായ എല്ലാ നടപടികള്‍ക്കും അദ്ദേഹം കൂട്ടുനിന്നിരുന്നു. തെറ്റായ കാര്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്നവരോടുപോലും, പാലയിലും പാണക്കാട്ടും പോയി കാര്യം പറഞ്ഞേക്കൂ എന്നദ്ദേഹം പറയാറുണ്ട് എന്ന് തലസ്ഥാനത്ത് ഭരണത്തിന്റെ ഉപശാലകളില്‍ ഉള്ളവര്‍ക്കറിയാം. മന്ത്രിമാരെയും ഘടകകക്ഷികളെയും ഇത്രയേറെ തൃപ്തിപ്പെടുത്തിയതുകൊണ്ടാണ് രണ്ടംഗഭൂരിപക്ഷത്തോടെ അധികാരമേറ്റ അദ്ദേഹത്തിന് അഞ്ചുവര്‍ഷംതികക്കാന്‍ കഴിഞ്ഞത്. നിയമസഭായോഗത്തിനിടയില്‍ ആരെങ്കിലും ടോയ്‌ലറ്റില്‍ പോയാല്‍ മന്ത്രിസഭ വീണേക്കും എന്ന് പരിഹസിക്കപ്പെട്ട ഭൂരിപക്ഷമായിരുന്നല്ലോ അത്. ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കും ഈ ഞാണി•േല്‍കളി സാധ്യമായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. പക്ഷേ, അതുതന്നെയായി അദ്ദേഹത്തിന്റ ദൗര്‍ബല്യവും പരാജയവും.

ധാര്‍മികപരിഗണനകള്‍ ഇല്ലാതെ, ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ, എല്ലാവരെയും പ്രീതിപ്പെടുത്താന്‍ സ്വീകരിച്ച് നടപടികളാണ് ഗവണ്മെന്റിന്റെ എല്ലാ ചീത്തപ്പേരുകള്‍ക്കും നിദാനമായത്. കുറുക്കുവഴികളിലൂടെ എന്തും ചെയ്യാനാവുമെന്നും ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നുമുള്ള തത്ത്വചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് തെളിയിച്ച നടപടികള്‍ എത്രവേണമെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയും. മന്ത്രിസഭയുടെ അഞ്ചുവര്‍ഷത്തെ നിലനില്‍പ്പിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്നായി. ഒരുപക്ഷേ ആര്‍.ബാലകൃഷ്ണപിള്ളയുടെയും പി.സി.ജോര്‍ജിന്റെയും ഡിമാന്‍ഡുകള്‍ക്കേ അദ്ദേഹം വഴങ്ങാതിരുന്നിട്ടുള്ളൂ. അതുപോലും, അവര്‍ക്ക് വഴങ്ങുന്നത് ലാഭത്തേക്കാളേറെ നഷ്ടമുണ്ടാക്കുമെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നുപറയാം. ബാലകൃഷ്ണപിള്ളയെ കൂടെക്കൂട്ടാന്‍മാത്രം അധാര്‍മികത ഇടതുപക്ഷത്തിനുണ്ടാവില്ല എന്നദ്ദേഹം ധരിച്ചിരിക്കാം!  അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ പുത്രന് സീറ്റ് കൊടുത്ത് ഇടതുമുന്നണി കൂടെനിര്‍ത്തുമെന്നും 'അഴിമതിവിരുദ്ധപോരാളി'യായ പി.സി.ജോര്‍ജിന് സീറ്റ് പോലും കൊടുക്കാതെ ഇടതുമുന്നണി അകറ്റുമെന്നും ഉമ്മന്‍ചാണ്ടി എങ്ങനെ ധരിക്കാനാണ്‍. ആദ്യമെല്ലാം ഉമ്മന്‍ചാണ്ടിയുടെ എല്ലാ ഗൂഢപദ്ധതികളിലും കൂട്ടാളിയായിരുന്നു പി.സി.ജോര്‍ജ്. ഒന്നുകില്‍ മാണിയെ ശത്രുവാക്കണം, അല്ലെങ്കിലും പി.സി.ജോര്‍ജിനെ ശത്രുവാക്കണം എന്ന പ്രതിസന്ധി വന്നപ്പോഴാണല്ലോ ഉമ്മന്‍ചാണ്ടി ജോര്‍ജിനെ വെടിഞ്ഞത്. മാണിയേക്കാള്‍ വലിയ ന്യൂയിസന്‍സ് വാല്യൂ ഉള്ള ശത്രു പി.സി.ജോര്‍ജ് ആയിരുന്നെങ്കിലും മാണിക്കേ അപ്പോള്‍ മന്ത്രിസഭ തകര്‍ക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നറിയാത്തവരില്ല.

അനുദിനം തകര്‍ന്ന പ്രതിച്ഛായ

പാര്‍ട്ടിക്കകത്തെ ഗ്രൂപ്പുകളുടെയും ഘടകകക്ഷികളുടെയു സമ്മര്‍ദ്ദങ്ങള്‍ക്കുമുന്നില്‍ വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധനാവാറുണ്ടെങ്കിലും അനുദിനം മോശമായിക്കൊണ്ടിരുന്ന പ്രതിഛായ മെച്ചപ്പെടുത്താന്‍ മുഖ്യമ്ര്രന്തി എന്തെങ്കിലും ചെയ്‌തോ എന്ന ചോദ്യത്തിന് ഒന്നും ചെയ്തില്ല എന്നേ മറുപടി കിട്ടൂ. ഇതിനേക്കാള്‍ നല്ല പ്രതിച്ഛായ ഉണ്ടായിരുന്ന ഘട്ടത്തിലാണ് പണ്ട് കെ.കരുണാകരന്റെ രാജി എ ഗ്രൂപ്പുകാര്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തെ പുകച്ചുപുറത്തുചാടിച്ചതും. പക്ഷേ, ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്സിലൊരു ഗ്രൂപ്പും നേതൃമാറ്റം ആവശ്യപ്പെട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടപ്പില്‍ പരാജയപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. തൊലിപ്പുറമെയുള്ള പരിഹാരങ്ങള്‍ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ല എന്നു പറഞ്ഞപ്പോള്‍ ആഭ്യന്തരമന്്രി രമേശ് ചെന്നിത്തല എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളുണ്ടാകാം. നേതൃമാറ്റം അദ്ദേഹത്തിന്റെ മനസ്സിലൂണ്ടായുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഹൈക്കമാന്‍ഡിന് അയച്ച കത്ത് പിന്നീട് പുറത്തുവന്നപ്പോള്‍ അതൊരു വ്യക്തമായ തെളിവായി.

കരുണാകരന്‍-ആന്റണി കാലഘട്ടത്തിലെ തുറന്ന ഗ്രൂപ്പിസം ചാണ്ടി-സുധീരന്‍-ചെന്നിത്തല കാലത്ത് മുഖംമൂടിയുള്ള ഗ്രൂപ്പിസമായി രൂപാന്തരപ്പെട്ടതും കോണ്‍ഗ്രസ്സിന് വിനയാവുകയാണുണ്ടായത്. എക്കാലത്തും തിരുത്തല്‍ ശക്തിയായിരുന്ന വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയതോടെ അദ്ദേഹത്തിന് പല സുപ്രധാനപ്രശ്‌നങ്ങളിലും പരസ്യനിലപാടുകള്‍ എടുക്കാന്‍ പറ്റാതാവുന്നത് പ്രകടമായിരുന്നു. നേതൃസ്ഥാനത്തിരിക്കുന്ന ഒരാള്‍ പാലിക്കേണ്ട കളിയിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് എങ്ങനെയാണ് അധാര്‍മികതകള്‍ക്കെതിരെ പോരാടാനാവുക? അച്ചടക്കം പാലിക്കലും ഐക്യം നിലനിര്‍ത്തലും കെ.പി.സി.സി. പ്രസിഡന്റിന്റെ ഉത്തരവാദിത്തമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കാതായിത്തീര്‍ന്നിരുന്നു. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റ്് അല്ലായിരുന്നുവെങ്കില്‍ സോളാര്‍ പ്രശ്‌നത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ ന്യായീകരിക്കുമായിരുന്നോ? ബാര്‍കോഴക്കേസ്സില്‍ മാണിയുടെയും കെ.ബാബുവിന്റെയും രാജി, കോടതിപരാമര്‍ശം വരുന്നതിനു മുമ്പേ തന്നെ ആവശ്യപ്പെടുമായിരുന്നില്ലേ?

അരുവിക്കര, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ് എന്ന തെറ്റിദ്ധാരണ ഉമ്മന്‍ചാണ്ടിയുലും യു.ഡി.എഫ് കക്ഷികളിലും സൃഷ്ടിച്ചിരുന്നു എന്നത് സത്യമാണ്. ജി.കാര്‍ത്തികേയനോടുള്ള ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനം മാത്രമായിരുന്നു അരുവിക്കരയിലേതെന്ന് നിരീക്ഷകരും തിരിച്ചറിഞ്ഞിരുന്നില്ല. കേന്ദ്രത്തില്‍ ബി.ജെ.പി. ഭരണകൂടം വരാതിരിക്കാന്‍ ന്യൂനപക്ഷങ്ങളും മതേതരചിന്താഗതിക്കാരായ മറ്റുപല വിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തതാണ് ലോക്‌സഭാ വിജയത്തിന് കാരണമെന്നതും തിരിച്ചറിയപ്പെട്ടില്ല. മെട്രോ റെയിലും പാലങ്ങളും മറ്റും ഉണ്ടാക്കിയതിന്റെ ക്രഡിറ്റില്‍ കേരളജനത തങ്ങളെ തുടര്‍ന്നും നെഞ്ചേറ്റുമെന്നും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും വിശ്വസിക്കാന്‍ മാത്രം മൂഡരുടെ സ്വര്‍ഗത്തിലെത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും യു.ഡി.എഫ് നേതൃത്വം.

അവസാനത്തെ ആണി

തിരഞ്ഞെടുപ്പ് മുന്നിലെത്തി, മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പായിപ്പോലും തുടര്‍ച്ചയായി മന്ത്രിസഭായോഗം ചേര്‍ന്ന് എണ്ണിയാല്‍ത്തീരാത്ത അസാധാരണ അധാര്‍മികതകള്‍ക്ക് മുതിര്‍ന്നപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റിനുപോലും കണ്ടില്ലെന്ന് നടിക്കാനായില്ല. ഏറ്റുമുട്ടലൊഴിവാക്കാന്‍ പലതും മുഖ്യമന്ത്രി റദ്ദാക്കി. ഒടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഹൈക്കമാന്‍ഡിന് മുന്നിലെത്തിയപ്പോഴേ കെ.പി.സി.സി. പ്രസിഡന്റിന്റെ ആദര്‍ശം ഉണര്‍ന്നുള്ളൂ. അതാവട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടാവുകയും ചെയ്തു. കെ.പി.സി.സി.യില്‍ തീരൂമാനത്തിന് വന്ന വിഷയത്തില്‍ അപ്പോഴൊന്നും മിണ്ടാതിരുന്ന പ്രസിഡന്റാണ് വിഷയം ഹൈക്കമാന്‍ഡില്‍ എത്തിയപ്പോള്‍ സടകടഞ്ഞെഴുനേറ്റത്. അത് ഗുണമൊന്നും ചെയ്തില്ല, ഒരുപാട് ദോഷമാവുകയും ചെയ്തു. യു.ഡി.എഫ് സാധ്യതകള്‍ക്ക് അത് ശവപ്പെട്ടിയിലെ അവസാനത്തെ ആണിയുമായി.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംഘപരിവാറിനെതിരെ ന്യൂനപക്ഷ വോട്ട് ധ്രുവീകരണം ഉണ്ടായി എന്നും അത് എല്‍.ഡി.എഫിന് സഹായകമായി എന്നും സകലര്‍ക്കും ബോധ്യപ്പെട്ടതാണ്. പക്ഷേ, മുഖ്യമന്ത്രി അത് കണ്ടില്ലെന്ന് നടിച്ചു. സംഘപരിവാറിനെതിരെ എല്‍.ഡി.എഫിനേക്കാള്‍ ഫലപ്രദമായ ശക്തി യു.ഡി.എഫാണ് എന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ശ്രമമുണ്ടായില്ല. എന്നുമാത്രമല്ല, ബി.ജെ.പി.യുമായി അലിഖിത ധാരണയ്ക്ക് യു.ഡി.എഫ് ശ്രമിക്കുന്നു എന്ന ധാരണ പരക്കാന്‍ സഹായിക്കുകയും ചെയ്തു. യൂ.ഡി.എഫും ബി.ജെ.പി.യും തമ്മിലുള്ള ധാരണയ്ക്ക് പാലമാകാനാണ് വെള്ളാപ്പള്ളി നടേശന്റെ ബി.ജെ.ഡി.എസ്്ശ്രമിക്കുന്നതെന്ന ധാരണയും പരന്നു. ബി.ജെ.ഡി.എസ് എന്ന ആശയംതന്നെ ഉമ്മന്‍ചാണ്ടിയുടേതാണ് എന്ന് കരുതുന്നവര്‍ പോലുമുണ്ട്്. ബി.ജെ.പി.യും ബി.ജെ.ഡി.എസ്സും പിടിക്കുക എല്‍.ഡി.എഫിന്റെ ഈഴവ വോട്ടാണ് എന്ന അബദ്ധധാരണയാണ് ഈ തെറ്റായ തന്ത്രത്തിനും പിന്നിലെന്ന് നിരീക്ഷകര്‍ കരുതുന്നുണ്ട്.

നേമത്തെ വീഴ്ച്ച


ഒ.രാജഗോപാല്‍ ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പില്‍ അരലക്ഷം വോട്ടുപിടിച്ച് ഒന്നാം സ്ഥാനത്തെത്തിയ നേമം മണ്ഡലത്തില്‍ യു.ഡി.എഫ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഇവിടെ ഒ.രാജഗോപാല്‍ നിയമസഭയിലേക്ക്  മത്സരിച്ചപ്പോള്‍ എന്താണ് യു.ഡി.എഫ് ചെയ്തത്? തലേന്ന് വരെ കേരള കോണ്‍ഗ്രസ്സിന്റെ ഒരു ഈര്‍ക്കില്‍ ഗ്രൂപ്പിനൊപ്പം ഇടതുപക്ഷത്ത് നില്‍ക്കുകയും സ്ഥാനാര്‍ത്ഥിത്വം കിട്ടില്ലെന്ന് വന്നപ്പോള്‍ അവസാനനിമിഷം യു.ഡി.എഫിലേക്ക് ചാടുകയും ചെയ്ത സുരേന്ദ്രന്‍പിള്ളയെ ജനതാദള്‍(യു) സ്ഥാനാര്‍ഥിയാക്കിയത് ആരുടെ ദുര്‍ബുദ്ധിയായിരുന്നെങ്കിലും  ഒ.രാജഗോപാലനെ ജയിപ്പിക്കാനുള്ള കള്ളക്കളിയായി അതെന്നേ അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും തോന്നൂ.

യു.ഡി.എഫിനൊപ്പം നില്‍ക്കേണ്ടിയിരുന്ന നല്ലൊരു പങ്ക് ന്യനപക്ഷവോട്ടര്‍മാര്‍, പചാരണം മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോഴേക്കുതന്നെ എല്‍.ഡി.എഫ് പക്ഷത്തേക്ക് നീങ്ങുന്നതായി വ്യക്തമായ സൂചനകളുണ്ടായിരുന്നു. അതൊന്നും തടയാന്‍ ശ്രമിച്ചില്ല. എ.കെ. ആന്റണി മാത്രമാണ് ഇതിനെ ചെറുതായെങ്കിലും ചെറുക്കാന്‍ ശ്രമിച്ചുള്ളൂ. അപ്പോഴേക്കും സമയം നന്നേ വൈകിയിരുന്നു. യു.ഡി.എഫ് നീക്കങ്ങളെല്ലാം ഒരു അബദ്ധധാരണയുടെ ബലത്തിലായിരുന്നു. എല്‍.ഡി.എഫ് പക്ഷത്തേക്ക് വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുപോവുക ഇടതുപക്ഷവോട്ടുകളാവുമെന്നും ഇത് യു.ഡി.എഫിനാണ് സഹായകമാവുക എന്നും ഉള്ള അബദ്ധധാരണ പാടെ തകര്‍ന്നുപോയി. സമദൂരത്തെക്കുറിച്ച് എന്‍.എസ്.എസ്സ് എന്തുപറഞ്ഞാലും നായര്‍ വോട്ടുകളാണ് കൂടുതല്‍ ബി.ജെ.പി.യിലേക്ക് നീങ്ങിയത് എന്ന സത്യം അവശേഷിക്കുന്നു. മുന്‍കാലത്ത് യു.ഡി.എഫിനൊപ്പം നിന്ന സമ്പന്ന ഈഴവ വോട്ടുകളും ബി.ജെ.പി.യിലേക്ക് പോയി. പക്ഷേ, പാവപ്പെട്ട ഈഴവരും ന്യൂനപക്ഷവും ഇടതുപക്ഷത്തിനൊപ്പം നിന്നു. ശക്തിയുള്ള ഒരു കക്ഷി പോലും കൂടെ ഇല്ലാതിരുന്നിട്ടും സി.പി.എമ്മിന് സീറ്റുകള്‍ തൂത്തുവരാനായി. എല്ലാം യു.ഡി.എഫിന് അകമഴിഞ്ഞ സഹായം കൊണ്ടുതന്നെ.

യുദ്ധം ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം എന്നുവരുമ്പോള്‍ അവിടെ ധാര്‍മികതയും ഉണ്ടാവില്ല, മനസ്സാക്ഷിയും ഉണ്ടാവില്ല. ലക്ഷ്യം നേടാന്‍ ചെയ്യുന്ന എന്തിനെയും മനസ്സാക്ഷി ന്യായീകരിക്കും. പക്ഷേ, അത് ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല. രാഷ്ട്രീയം ധാര്‍മികതയുടെ പോരാട്ടമാവുമ്പോഴേ ജനത ഒപ്പം നില്‍ക്കൂ. അത് പലവട്ടം തെളിയിക്കപ്പെട്ട കാര്യമാണ്.ഉമ്മന്‍ചാണ്ടിയെ ബോധ്യപ്പെടുത്താന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെട്ടു. ഇനിയും പലവട്ടം ആവര്‍ത്തിക്കപ്പെടും എന്നും ഉറപ്പ്.


കേരളകാസ്‌ട്രോ പുരസ്‌കാരശേഷം

ഒരുകാര്യത്തിൽ നിരാശപ്പെടേണ്ടിവരില്ല. വരും ഇനിയും ഇലക്‌ഷനുകൾ. മൂന്നുവർഷമേയുള്ളൂ ലോക്‌സഭയ്ക്ക്. അതുകഴിഞ്ഞ് പഞ്ചായത്ത്, പിന്നെ നിയമസഭ. തലങ്ങുംവിലങ്ങും സഞ്ചരിച്ച് ഇടതുമുന്നണിക്കുവേണ്ടി  പ്രസംഗിക്കാൻ വി.എസ്സിന് സർവസ്വാതന്ത്ര്യവുമുണ്ടാകും......
പുരസ്‌കാര പെരുമഴയുടെ കാലമായിരുന്നു സോവിയറ്റ് സുവര്‍ണകാലം. 'ആകാശത്ത് നിന്ന് റൂബിളിന്റെ വര്‍ഷം...പെറുക്കിക്കോളീനെടാ.... 'എന്ന് ഒ.വി.വിജയന്‍ നോവലില്‍ എഴുതിയിട്ടുണ്ട്. അതുപോലെ വര്‍ഷിക്കപ്പെട്ടിരുന്നു പുരസ്‌കാരങ്ങളും. ഒരുവിധം അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം പേരില്‍ ഒന്നെങ്കിലും ഉണ്ടായിരുന്നു. എല്ലാം ഇനി തിരിച്ചുവരാത്തവിധം അസ്തമിച്ചു എന്ന് വിചാരിച്ചിരിക്കെ  അതാ വരുന്നു. ഏറ്റവും മഹാനായ ഭരണാധികാരിയെന്ന് ലോകം അംഗീകരിക്കുന്ന ഫിഡെല്‍ കാസ്്‌ട്രോവിന്റെ പേരില്‍ പുരസ്‌കാരം. അത് കേരളത്തിന്റെ സ്വന്തം കാസ്‌ട്രോ ആയ വി.എസ്. അച്യുതാനന്ദന് നല്‍കിക്കഴിഞ്ഞു. അടുത്ത വര്‍ഷം എനിക്കും കിട്ടുമെന്ന് മോഹിച്ച് ആരും വായില്‍ വെള്ളമൂറ്റേണ്ട, സാധനം ഒന്നേ ഉള്ളൂ.

പുരസ്‌കാരം അങ്ങുനിന്നു കൊണ്ടുവന്നു കൊടുക്കാനൊന്നും ക്യൂബയ്ക്ക് പാങ്ങില്ല. സാമ്രാജ്യങ്ങള്‍ പലതും തകര്‍ന്നിട്ടും നില നിന്നുപോരുന്നതുതന്നെ വലിയ ഭാഗ്യമാണ്. അതുകൊണ്ട് പുരസ്‌കാരം യെച്ചൂരിസഖാവ് സ്വന്തം ചെലവില്‍ സ്ഥാപിച്ച് ഡല്‍ഹിയില്‍നിന്ന് കൈയില്‍ കൊണ്ടുവരികയാണ് ചെയ്തത്. വേറെ കവറിലാക്കിയ ചെക്കൊന്നും ഉണ്ടായിരിക്കുന്നതല്ല. എങ്കിലും, ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും.

പാര്‍ട്ടി സംസ്ഥാനകമ്മിറ്റിക്കും വി.എസ്സിനും ബോധിക്കുമെങ്കില്‍ പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, പിന്നാക്കജാതി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ ഏതെങ്കിലും പോസ്റ്റുകള്‍ അനുവദിക്കാം. മലമ്പുഴയ്ക്ക് വേണ്ടി ഒരു വികസന അതോറിറ്റി ഉണ്ടാക്കി അതിന്റെ ചെയര്‍മാന്‍പദവി ഓഫര്‍ ചെയ്യുന്ന കാര്യവും ആലോചിക്കും. എന്തായാലും സ്റ്റേറ്റ് കാര്‍, സര്‍ക്കാര്‍ ശമ്പളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തിരുപത്തഞ്ച് പേഴ്‌സണല്‍ സ്റ്റാഫ് എന്നിവ ഉണ്ടായിരിക്കുന്നതല്ല. കാസ്‌ട്രോവിന് അതൊന്നും ഇല്ലല്ലോ . കാസ്‌ട്രോവിന് കൊടുക്കാത്തത് വി.എസ്സിന് കൊടുക്കില്ല.

അല്ലെങ്കിലും, ഇത്തരം സംവിധാനങ്ങളുടെ ആവശ്യവും ഉയരുന്നില്ല. ദിവസവും രാവിലെ പത്രം വായിച്ച് നൂറ്റൊന്ന് കത്തുകള്‍ കേന്ദ്ര-സംസ്ഥാനഭരണാധികാരികള്‍ക്ക് തയ്യാറാക്കി അയയ്ക്കാനാണല്ലോ ഓഫീസും സംവിധാനവും ഒക്കെ വേണ്ടിവരുന്നത്. ആഴ്ചയില്‍ രണ്ടുദിവസം മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെടണം. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ അല്ലാത്തതുകൊണ്ട് ഇത്തരം പൊല്ലാപ്പുകളൊന്നും വി.എസ്. തലയിലേറ്റേണ്ട കാര്യമില്ല. കാസ്‌ട്രോ ഇപ്പോള്‍ വിദേശബന്ധങ്ങള്‍, ആണവയുദ്ധം ഒഴിവാക്കല്‍ തുടങ്ങിയ ആഗോള വിഷയങ്ങളിലേ ശ്രദ്ധിക്കുന്നുള്ളൂ. വി.എസ്സിനും അതാവാം. കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും അതിക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെ തല്‍ക്ഷണം പ്രതികരിക്കാവുന്നതുമാണ്. കേരളത്തില്‍ ഇനിയങ്ങോട്ട് പൊലീസക്രമം, അഴിമതി, സ്ത്രീപീഡനം തുടങ്ങിയ ദുഷ്‌ചെയ്തികള്‍ ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ട് ആ വിധ സംഗതികളെക്കുറിച്ചൊന്നും വി.എസ്സ് വേവലാതിപ്പെടേണ്ട.

ആകപ്പാടെ ഒരു സങ്കടമേയുള്ളൂ. വി.എസ്സിനേക്കാള്‍ മൂന്നു വയസ്സ് ഇളയതാണ് കാസ്‌ട്രോ. അദ്ദേഹം 1959 മുതല്‍ 76 വരെ ക്യൂബയുടെ പ്രധാനമന്ത്രിയായും 76 മുതല്‍ 2008 വരെ പ്രസിഡന്റായും ഇരുന്നു- ആകെ 49 വര്‍ഷം- അരനൂറ്റാണ്ട് എന്നും പറയാം. ഇനി വേണ്ട എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടാണ് അദ്ദേഹം 82 ാം വയസ്സില്‍ വിരമിച്ചത്. കേരളകാസ്‌ട്രോവിന് ആകെ അധികാരം കിട്ടിയത് അഞ്ചുവര്‍ഷം മാത്രം. അതൊരു പത്തെങ്കിലും ആക്കണമെന്ന് ആഗ്രഹിച്ചുപോകുന്നത് വലിയ കുറ്റമാണോ സഖാവേ?

ഒരു കാര്യത്തില്‍ നിരാശപ്പെടേണ്ടിവരില്ല. വരും ഇനിയും ഇലക്ഷനുകള്‍. മൂന്നുവര്‍ഷമേ ഉള്ളൂ ലോക്‌സഭയ്ക്ക്, അതുകഴിഞ്ഞ് പഞ്ചായത്ത്, പിന്നെ നിയമസഭ. തലങ്ങും വിലങ്ങും സഞ്ചരിച്ച് ഇടതുമുന്നണിക്ക് വേണ്ടി പ്രസംഗിക്കാന്‍ വി.എസ്സിന് സര്‍വ സ്വാതന്ത്ര്യവും ഉണ്ടാകും. അപ്പോള്‍, അയ്യോ കാസ്‌ട്രോ വോട്ട് പിടിക്കാറില്ല എന്നൊന്നും പറഞ്ഞ് ആരുംതടസ്സപ്പെടുത്തുകയില്ല. ഉറപ്പ്.


                                  ****
വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് യു.ഡി.എഫിന്റെ നേതാക്കള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു പിടിപാടും ഉണ്ടായിരുന്നില്ലത്രെ. എങ്ങനെ ഉണ്ടാകും? ചെല്ലുന്നേടത്തെല്ലാം ആയിരക്കണക്കിന് ആളുകളെ കാണുന്നു. അവരാരും യു.ഡി.എഫ് തോറ്റുതുന്നംപാടും എന്ന് പറഞ്ഞേ ഇല്ല. പുതുപ്പള്ളി പോലെയാണ് കേരളമെന്ന് ഉമ്മന്‍ചാണ്ടിയും പാല പോലെയാണെന്ന് മാണിയും ഹരിപ്പാട് പോലെയാണെന്ന് രമേശ് ചെന്നിത്തലയും ഇരിക്കൂര്‍ പോലെയാണെന്ന്  കെ.സി.ജോസഫും തൃക്കാക്കര പോലെയാണെന്ന് ബെന്നി ബഹന്നാനും മലപ്പുറം പോലെയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും വിശ്വസിച്ചതില്‍ തെറ്റില്ല. സാമ്പിള്‍ സര്‍വ്വെ നിയമമനുസരിച്ച് അഞ്ചുപേര്‍ ഒരേ കാര്യം പറഞ്ഞാല്‍ സംഗതി നടന്നതുതന്നെ.

പോരാത്തതിന് യു.ഡി.എഫ് സ്വന്തമായി സര്‍വ്വെതന്നെ നടത്തി. എന്നാലെങ്കിലും ആളുകള്‍ സത്യം പറയുമെന്നാണ് വിചാരിച്ചിരുന്നത്. അവരും പറഞ്ഞു പറ്റിക്കുകയായിരുന്നു. ഇതാണ് കേരളത്തിന്റെ പ്രശ്‌നം. ഒരുത്തനെയും വിശ്വസിക്കാന്‍ മേല. ബഹുജന സമ്പര്‍ക്കത്തില്‍ ഒട്ടും പിശുക്കിയില്ല. ലക്ഷക്കണക്കിനാളുകള്‍ക്ക് ഉടനുടന്‍ സഹായം നല്‍കി.. ആയിരം വേണ്ടിടത്ത് പതിനായിരവും പതിനായിരം വേണ്ടിടത്ത് ലക്ഷവും കൊടുത്തു. പക്ഷേ, അവരും കുടുംബവും യു.ഡി.എഫിന് വോട്ട് ചെയ്തിരുന്നെങ്കില്‍ ഇടതുകാരുടെ ലീഡെങ്കിലും ഇങ്ങനെ ചരിത്രത്തിലില്ലാത്ത വിധം കൂടുമായിരുന്നില്ലല്ലോ. മദ്യം നാട്ടില്‍ക്കിട്ടാത്ത അപൂര്‍വവസ്തുവാക്കി മാറ്റിയാല്‍ വീട്ടമ്മമാരുടെ വോട്ട് ബാങ്ക് പിന്നില്‍ അണി നിരക്കുമെന്നായിരുന്നു വിചാരിച്ചിരുന്നത്. അവരും ചതിച്ചു. വോട്ടൊന്നും ആ വകയില്‍ കിട്ടിയില്ല. മദ്യവിരുദ്ധരുടെ വോട്ട് ബാങ്കിനേക്കാള്‍ വലുതാണ് മദ്യപരുടെ വോട്ട് ബാങ്ക് എന്നുവേണം കരുതാന്‍. സി.പി.എം. വെറുതെയല്ല എല്ലാം ശരിയാക്കും എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നത്.

ഹിന്ദുവോട്ട് ബാങ്ക് കൂടെപ്പോരുമെന്ന് വിചാരിച്ചാണ് പണ്ട് എ.കെ.ആന്റണി ന്യൂനപക്ഷക്കാര്‍ സംഘടിതശക്തിയുപയോഗിച്ച് അനര്‍ഹമായത് നേടുന്നു എന്ന് ആക്ഷേപിച്ചത്. ഹിന്ദുക്കള്‍ അതുകേട്ട് രോമാഞ്ചം കൊണ്ടതുമില്ല വോട്ട് ചെയ്തതുമില്ല. ഇപ്പോള്‍ ഹിന്ദുവോട്ട് ശക്തിപ്പെട്ടിരിക്കുന്നു. അത് കൈക്കലാക്കാന്‍ ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിപ്പാലം വഴി സംഘപരിവാറിലേക്ക് മെട്രോറെയില്‍ ഉണ്ടാക്കുന്നതിനടയിലാണ് കൃത്യസമയത്ത് ആന്റണി ഹിന്ദുത്വവിരുദ്ധ-ന്യൂനപക്ഷപ്രേമ ഡയലോഗുമായി വന്ന് അത് തകിടം മറിച്ചത്. അങ്ങനെ ഹിന്ദുത്വവോട്ടും ഇല്ല, ന്യൂനപക്ഷവോട്ടും ഇല്ല എന്ന് ഉറപ്പുവരുത്തി. വെള്ളാപ്പള്ളി നടേശന്‍ സഹായിച്ച് കുറെ പിന്നാക്കവിഭാഗ വോട്ട് ഇത്തവണ ഇടതില്‍ നിന്ന് സംഘപരിവാറിലേക്ക് വഴിതിരിച്ചുവിടാനും പ്ലാനിട്ടിരുന്നു. അതുംനടന്നില്ല. ആ വോട്ട് ഇടതുപക്ഷത്ത് തന്നെ നില്‍ക്കുകയും ചെയ്തു, കോണ്‍ഗ്രസ്സിനൊപ്പം നിന്നിരുന്ന മുന്നാക്ക വോട്ട് ഹിന്ദുത്വ പക്ഷത്തേക്ക് തിരിയുകയും ചെയ്തു. ഇത്രയെല്ലാം അത്യാഹിതങ്ങള്‍ ഒരേ സമയം സംഭവിക്കുമെന്ന് പ്രവചിക്കാന്‍ ധൈര്യമുള്ള ജ്യോത്സ്യ•ാരൊന്നും നമ്മുടെ നാലയലത്തുണ്ടായിരുന്നില്ല.

എന്നാലും, തോല്‍പ്പിക്കുന്നതിനും വേണ്ടേ ഒരു മര്യാദയൊക്ക? കാല്‍ലക്ഷത്തിനും മേലെ ലീഡില്‍ എത്ര ഡസന്‍ യോഗ്യ•ാരെയാണ് വെട്ടിനിരത്തിയത്.....സഹിക്കുന്നില്ല.
****


ദിവ്യമായ പല കഴിവുകളും ഉള്ള രണ്ട് മഹാ•ാരാണ് വെള്ളാപ്പള്ളി നടേശനും കാന്തപുരം അബൂബക്കര്‍ മുസലിയാരും. അനുഗ്രഹം കിട്ടാനാണ് സാധാരണ ആളുകള്‍ ദിവ്യ•ാരെ സമീപിക്കാറുള്ളത്. അത് സാദാ ദിവ്യ•ാര്‍. മേല്‍പ്പറഞ്ഞ രണ്ടും അസാധാരണ ദിവ്യ•ാരാണ്. ഇവരുടെ അധിക്ഷേപമോ ശത്രുതയോ കിട്ടിയാലാണ് മനുഷ്യര്‍ രക്ഷപ്പെടുക. അതു കിട്ടാന്‍ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ഇവരുടെ വീട്ടിനുമുന്നില്‍ ക്യൂനില്‍ക്കുന്ന അവസ്ഥയും ഉണ്ടായിക്കൂടെന്നില്ല.

കാന്തപുരത്തിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ അധിക്ഷേപം കൊണ്ട് അനുഗ്രഹിക്കാനേ അവസരമുണ്ടായുള്ളൂ. മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥിയെ പൊതുജനം സംഘടിച്ച് ചവറ്റുകൊട്ടയിലാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തോല്‍ക്കുമായിരുന്ന സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തിന് ജയിച്ചു. ഇതെന്തൊരു ദിവ്യശക്തി എന്ന് ആളുകള്‍ അന്തംവിടുന്നുണ്ടാവാം. എന്നാല്‍ അത്ര വലിയ മറിമായമൊന്നും ഇതിലില്ലത്രെ. തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതോടെ അതുവരെ മിണ്ടാതിരുന്നവരും ചാടിയെഴുന്നേറ്റ് പ്രവര്‍ത്തനരംഗത്തിറങ്ങും- തോല്‍പ്പിക്കാനല്ല, ജയിപ്പിക്കാന്‍. അത്രമാത്രം പിന്തുണയാണ് ദിവ്യ•ാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍.

വെള്ളാപ്പള്ളിയാണ് ബഹുകേമന്‍. പറവൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ഡി സതീശന്‍, ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം. മണി, പീരുമേട്ടിലെ  ഇ.എസ്. ബിജിമോള്‍ എന്നിവരായിരുന്നു മുഖ്യ ഗുണഭോക്താക്കള്‍. എരപ്പാളി, കരിംഭൂതം, ഭ്രാന്തി, ഏഭ്യന്‍ തുടങ്ങിയ ലളിതകോമള പദാവലികള്‍ കൊണ്ടായിരുന്നു അദ്ദേഹം അനുഗ്രഹം ചെരിഞ്ഞത്. എല്ലാവരും സുന്ദരമായി ജയിച്ചുകയറി. വി.എസ്. അച്യുതാനന്ദനെയും അദ്ദേഹം ഭാഗികമായി അനുഗ്രഹിച്ചിരുന്നു. വോട്ട് കുറയും എന്നേ പറഞ്ഞുള്ളൂ. അതുകൊണ്ട് ഭൂരിപക്ഷം കൂടി.

എതിര്‍ക്കുന്നവര്‍ ജയിക്കുക മാത്രമല്ല, അനുകൂലിക്കുന്നവര്‍ തോല്‍ക്കുന്ന അത്ഭുതവും അദ്ദേഹത്തിന് പ്രകടിപ്പിക്കാനായി. അദ്ദേഹത്തിന്റെ അനുഗ്രഹാശംസകളോടെ രൂപവല്‍ക്കരിച്ച ബി.ജെ.ഡി.എസ്സിന്റെ  സ്ഥാനാര്‍ത്ഥികള്‍ ആരുംതന്നെ കരപറ്റിയില്ല. അഞ്ചുപത്താളുകള്‍ അക്കൂട്ടത്തില്‍ നിന്ന് ജയിക്കുകയും രണ്ടുമുന്നണികളും ഭൂരിപക്ഷം കിട്ടാതെ വലയുകയും ചെയ്തിരുന്നുവെങ്കില്‍ കാണാമായിരുന്നു ബി.ജെ.ഡി.എസ്സിന്റെ കളി. ബി.ജെ.പി.യുടെ ഭാഗ്യത്തിന് അത് സംഭവിച്ചില്ലെന്ന് പറഞ്ഞാല്‍മതിയല്ലോ.

Tuesday, 10 May 2016

പ്രധാനമന്ത്രിക്ക് കേരളം വെറും ഒരു സോമാലിയയോ?


ബി.ജെ.പി. കേന്ദ്രനേതൃത്വം കേരളത്തെ തല്ലുകയാണോ തലോടുകയാണോ?? എന്തായാലും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് അവരുടെ വാക്കുകളും ചെയ്തികളും. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഇതുവരെ ഒരു നിയമസഭാസീറ്റോ ലോക്‌സഭാസീറ്റോ ജയിക്കാന്‍ കഴിയാത്തൊരു സംസ്ഥാനമാണ് കേരളം. പ്രീണിപ്പിച്ചും പ്രതീക്ഷ നല്‍കിയും പ്രലോഭിപ്പിച്ചും കേരളത്തെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ഇവിടത്തെ ഇടതുവലത് മുന്നണികളെ അധിക്ഷേപിക്കാന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പലതും കേരളത്തെത്തന്നെ അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തുന്നു.

തിരുവനന്തപുരത്ത് വന്‍ജനാവലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കേരളത്തെ രണ്ട് മുന്നണികളും ഭരിച്ച് നശിപ്പിച്ചതിന്റെ ഒരു ഉദാഹരണം പറഞ്ഞത് ജനക്കൂട്ടം ശ്രദ്ധിച്ചുകാണില്ല. കേരളത്തിലെ ശിശുമരണനിരക്ക് സോമാലിയയേക്കാള്‍ മോശമാണെന്ന് അദ്ദേഹം പറഞ്ഞതുകേട്ട് ഒരു പക്ഷേ ഈ ജനക്കൂട്ടം കൈയടിച്ചുകാണും. പക്ഷേ, ഒരു ശരാശരി മലയാളി, അവന്റെ രാഷ്ട്രീയം എന്തുമാകട്ടെ, ഇതുകേട്ട് ഞെട്ടിയിരിക്കും. ഇരുമുന്നണികളുടെയും മാറിമാറിയുള്ള ഭരണത്തെക്കുറിച്ച് ഉന്നയിക്കാവുന്ന വിമര്‍ശനങ്ങള്‍ ധാരാളമുണ്ട്്. പക്ഷേ, കേരളം ഇപ്പോഴും സോമാലിയയെപ്പോലെയാണ്, അല്ലെങ്കില്‍ അതിനേക്കാള്‍ മോശമാണ് എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി അലറുമ്പോള്‍ അത് ലോകത്തിനു മുന്നില്‍ കേരളത്തെ അധിക്ഷേപിക്കലാണ്. കണ്ണൂരില്‍ ദലിത് കുട്ടികള്‍ക്ക് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം ചികഞ്ഞെടുക്കേണ്ടിവരുന്നു എന്ന് പറയുമ്പോള്‍ അത് നമ്മുടെയെല്ലാം മനസ്സാക്ഷിയെ കുത്തിവ്രണപ്പെടുത്തലാവുന്നു. ഇവിടെ പലതും മോശമാണ്, ഒരുപാട് ചെയ്യാന്‍ ബാക്കിയുണ്ട്. പക്ഷേ, ഒരു തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രാദേശികനേതാക്കള്‍ക്കുപോലും അനുവദിക്കാത്ത അതിശയോക്തിയുടെ അതിര്‍വരമ്പുകളാണ് പ്രധാനമന്ത്രി ലംഘിക്കുന്നത്. കേട്ടിട്ടും കേട്ടില്ലെന്ന് നടിക്കാവുന്നതിന് അപ്പുറമാണ് അത്.

പ്രസംഗമെഴുത്തുകാര്‍ ആരോ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവും എന്ന വിശദീകരണമോ വ്യാഖ്യാനമോ കേട്ടേക്കാം. ഇല്ല, ഇത് അത്ര ലാഘവമായി എടുക്കാവുന്ന ഒരു സംഗതിയല്ല. ഇത്തരമൊരു അബദ്ധം ഒരു പ്രസംഗമെഴുത്തുകാരില്‍നിന്നും ഉണ്ടാവുകയില്ല. കാരണം, സ്ഥിതിവിവരക്കണക്കുകള്‍ എളുപ്പം ഒരു ക്ലിക്കില്‍ കിട്ടുന്ന കാലമാണിത്. ഇങ്ങനെയൊന്ന് എഴുതി മുന്നിലെത്തിയാല്‍ ഒറ്റ നോട്ടത്തില്‍ അതിലെ അബദ്ധം തിരിച്ചറിയാന്‍ ഒരു പ്രധാനമന്ത്രിക്ക് കഴിയേണ്ടതാണ്.  പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെക്കുറിച്ച് ഇത്ര ഭീകരമായ അജ്ഞതയോ എന്നോര്‍ത്ത് ആരും ഞെട്ടാതിരിക്കില്ല. ഡോ.മന്‍മോഹന്‍സിങ്ങില്‍നിന്ന് പ്രതീക്ഷിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞാനം ആരും നരേന്ദ്രമോദിയില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രി സാമ്പത്തികശാസ്ത്രജ്ഞനായതുകൊണ്ടുമാത്രം രാജ്യത്തിന് വലിയ പ്രയോജനമുണ്ടാവുകയുമില്ല എന്നും നമുക്കറിയാം. പക്ഷേ, ഒട്ടനവധി ആരോഗ്യവിദ്യാഭ്യാസജീവിതനിലവാര സൂചികകളില്‍ ലോകത്തിലെതന്നെ മുന്‍നിരയില്‍ നില്‍ക്കാവുന്ന വികസനം കേരളം നേടിയിട്ടുണ്ട് എന്ന് ഒരു പ്രധാനമന്ത്രി അറിഞ്ഞേതീരൂ.

എന്താണ് ശിശുമരണനിരക്കിന്റെ അവസ്ഥ? ലോകത്തിലേറ്റവും ഉയര്‍ന്ന ശിശുമരണനിരക്ക് സോമാലിയയിലാണ്. അത് അറിയുന്ന പ്രധാനമന്ത്രി, ഇന്ത്യയിലേറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള സംസ്ഥാനം കേരളമാണെന്നെങ്കിലും അറിയേണ്ടതല്ലേ? കേരളത്തിന്റെ ശിശുമരണനിരക്ക് പന്ത്രണ്ടും ദേശീയ ശരാശരി നാല്പതുമാണ്. 2002 മുതല്‍ 2014 വരെ ബഹുമാന്യനായ നരേന്ദ്ര മോദി മുഖ്യമന്ത്രിസ്ഥാനം വഹിച്ച ഗുജറാത്തിലെ ശിശുമരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഒന്ന് കൂടുതലായി 41 ആണ്.(ആയിരം ജനനങ്ങളില്‍ ഒരു വര്‍ഷത്തിനകം മരിക്കുന്ന എണ്ണമാണ് ശിശുമരണനിരക്ക്. ഒരുവര്‍ഷത്തെ മരണസംഖ്യയെ ഒരു വര്‍ഷത്തെ ജനനസംഖ്യ കൊണ്ട് പെരുക്കിക്കിട്ടുന്ന സംഖ്യയെ ആയിരം കൊണ്ട് ഹരിച്ചാലുള്ള സംഖ്യയാണ് മരണനിരക്കായി കണക്കാക്കുന്നത്.) കേരളത്തില്‍ പന്ത്രണ്ടും ഇന്ത്യയില്‍ 40 ഉം ഗുജറാത്തില്‍ 41 ഉം ആയ ഈ സംഖ്യ  സോമാലിയയില്‍ 137 ആണ്. ദശകത്തിലേറെയായി ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാനില്‍ ഇത് 47 ആണ്. നമ്മുടെ സംസ്ഥാനങ്ങളെക്കുറിച്ച് ഇവിടെ ഉദ്ധരിച്ച് കണക്കുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യവകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഹെല്‍ത്ത് മിഷന്റെ വെബ്‌സൈറ്റില്‍നിന്ന് ആര്‍ക്കും എടുക്കാവുന്നതേയുള്ളൂ.(nrhm.gov.in)

ഭരിക്കുന്ന പാര്‍ട്ടിയുടെ യോഗ്യതയോ അയോഗ്യതയോ ആണ് സംസ്ഥാനത്തിന്റെ എല്ലാ നേട്ടകോട്ടങ്ങള്‍ക്കും അടിസ്ഥാനം എന്ന് ആരും വാദിക്കില്ല. സാംസ്‌കാരികവും സാമ്പത്തികവും ചരിത്രപരവുമായ ഒരുപാട് ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കും. ഇപ്പോള്‍ പറഞ്ഞ ശിശുമരണനിരക്കുതന്നെ എടുക്കാം. മൂന്നുപതിറ്റാണ്ടിലേറെയായി ഇടതുപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന പ.ബംഗാളില്‍ ഈ നിരക്ക് 31 ആണെന്നത് അഭിമാനിക്കാവുന്ന കാര്യമല്ല. പക്ഷേ, വിദ്യാഭ്യാസപരമായും സാമ്പത്തികമായും ചരിത്രപരമായി മുന്നില്‍നില്‍ക്കുന്ന ഗുജറാത്ത് ബംഗാളിനേക്കാള്‍ പിന്നിലാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

വികസനത്തിന്റെ പ്രവാചകനായി നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി നീണ്ട കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ച ഗുജറാത്ത് ജീവിതനിലവാരസൂചികയില്‍ പരിഗണിക്കപ്പെടുന്ന മിക്ക കാര്യങ്ങളിലും കേരളത്തേക്കാള്‍ പിന്നിലാണെന്ന് മനസ്സിലാക്കാന്‍ വലിയ സാമ്പത്തികശാസ്ത്രജ്ഞാനമൊന്നും ആവശ്യമില്ലനരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ നോക്കിയാല്‍ മാത്രം മതി. ഏത് ഗവണ്മെന്റിനും ഏതാനും വര്‍ഷത്തെ ശ്രമം മതി ഒരു സാക്ഷരാതാനിരക്ക് ഉയര്‍ത്താന്‍. എന്താണ് സാക്ഷരതയുടെ അവസ്ഥ? 2011 ലെ സെന്‍സസ് അനുസരിച്ച് കേരളമാണ്് 93.91 ശതമാനം സാക്ഷരതനേടി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പതിനെട്ടാം സ്ഥാനമേ ഉള്ളൂ നരേന്ദ്ര മോദിജി ഒരു വ്യാഴവട്ടത്തോളം ഭരണനേതൃത്വം വഹിച്ച ഗുജറാത്തിന്. ഇടതുമഹാന്മാര്‍ മൂന്ന് ദശകം ഭരിച്ച പ.ബംഗാളിന് ഇരുപതാം സ്ഥാനവും (77.08 ശതമാനം) കോണ്‍ഗ്രസ്മഹാന്മാര്‍ മിക്കകാലത്തും ഭരിച്ച കര്‍ണാടകയ്ക്ക് 23 ാം സ്ഥാനവും ((25.60 ശതമാനം)  ആണ് എന്നതും അറിഞ്ഞിരിക്കേണ്ടതുണ്ട്.

എല്ലാ കാര്യത്തിലും കേരളത്തിന്റെ നേട്ടങ്ങള്‍ അഭിമാനാര്‍ഹങ്ങളാണ് എന്ന് വാദിക്കുകയല്ല. വീടുകളിലെ ആധുനിക ടോയ്‌ലറ്റ് സൗകര്യങ്ങളുടെ കാര്യത്തില്‍ ലക്ഷദ്വീപിനും ഡല്‍ഹിക്കും സിക്കിമിനും ഗോവയ്ക്കും പിന്നില്‍ എട്ടാം സ്ഥാനത്താണ് കേരളം. ഗുജറാത്ത് പതിനഞ്ചാം സ്ഥാനത്തും പ.ബംഗാള്‍ ഇരുപത്തഞ്ചാം സ്ഥാനത്തുമാണ് എന്നതില്‍ നാമൊട്ടും സന്തോഷിക്കേണ്ടതില്ല. തീര്‍ച്ചയായും വൈദ്യുതിയുല്‍പ്പാദനം, തൊഴില്‍ലഭ്യത, വന്‍കിടവ്യാവസായങ്ങള്‍, മൂലധനനിക്ഷേപം തുടങ്ങിയ നിരവധി മേഖലകളില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ് സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്നുണ്ട്. കണക്കനുസരിച്ച് തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസഥാനമാണ് കേരളം. പക്ഷേ, കേരളത്തിന്റെ പകുതിപോലും തൊഴിലില്ലായ്മ ഇല്ലാത്ത തമിഴ്‌നാട്ടില്‍ നിന്നും ഒറീസ്സയില്‍നിന്നും ബംഗാളില്‍നിന്നും തൊഴില്‍തേടി യുവാക്കള്‍ പ്രവഹിക്കുന്നത് കേരളത്തിലേക്കാണ് എന്നതിന്റെ വൈരുദ്ധ്യം സാമ്പത്തികശാസ്ത്രജ്ഞര്‍ വിശദീകരിക്കട്ടെ.

സ്വച്ഛ് ഭാരത് എന്ന സമഗ്രമായ ശുചീകരണപദ്ധതിയുടെ കൂടി പ്രചാരകനാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ അഭിനന്ദനാര്‍ഹമായ ഒരു പദ്ധതിയാണ് ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ഇക്കാര്യത്തിലും സംസ്ഥാനങ്ങള്‍ നേട്ടമുണ്ടാക്കുന്നത്  ഭരിക്കുന്ന പാര്‍ട്ടിയുടെയോ മുഖ്യമന്ത്രിമാരുടെയേ മാത്രം കഴിവുകൊണ്ടാവണം എന്നില്ല. പൊതുസ്ഥലത്ത് വിസര്‍ജനം നടത്തുന്നതിനെതിരെ ലോകാരോഗ്യസംഘടനയും നമ്മുടെ ആരോഗ്യവകുപ്പുകളും എത്രയോ കാലമായി കാര്യമായ ബോധവല്‍ക്കരണവും മറ്റും നടത്തുന്നുണ്ട്. പ്രധാനമന്ത്രി പ്രത്യേകതാല്പര്യമെടുക്കുന്ന വിഷയവുമാണിത്. എന്നിട്ടും ഗുജറാത്ത് പിന്നിലാണ്. എത്രയോ മുന്നിലാണ് കേരളം. 94.7 ശതമാനം വീടുകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം തൊട്ടടുത്തുള്ള കേരളത്തിനാണ് രാജ്യത്ത് ഒന്നാം സ്ഥാനം. ഗുജറാത്ത് പതിനാറാം സ്ഥാനത്താണ്.

ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ അഞ്ചുവര്‍ഷംകൊണ്ട് കേരളത്തെ അമ്പത് വര്‍ഷം മുന്നിലെത്തിക്കുമെന്ന് ബി.ജെ.പി.ദേശീയനേതാക്കള്‍ വാഗ്ദാനം ചെയ്തതും മാധ്യമങ്ങളിലൂടെ നമ്മളറിയുന്നു. ബി.ജെ.പി. സര്‍ക്കാറുകള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളും കേരളത്തേക്കാള്‍ അമ്പത് വര്‍ഷം പിന്നിലാണ് ഇപ്പോഴുമെന്ന വസ്തുത എഴുത്തും വായനയും അറിയുന്നവരില്‍ നിന്ന് മറച്ചുവെക്കാനാവുമോ?

കേരളം മുന്നിലെത്തിനില്‍ക്കുന്നത് ഇവിടത്തെ രാഷ്ട്രീയക്കാരുടെ കഴിവുകൊണ്ടുമാത്രമാണെന്ന് ആരും അവകാശപ്പെടുന്നില്ല. മതസംഘടനകളും ബ്രിട്ടീഷ് ഭരണാധികാരികളും രാജക്കന്മാരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നൂറ്റാണ്ടുകളായി നടത്തിപ്പോന്ന കഠിനശ്രമങ്ങളുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളുടെയും ഫലമായാണ് കേരളം പല രംഗങ്ങളിലും  നേട്ടങ്ങളുണ്ടാക്കിയത്. കേരളം സോമാലിയയുടെ അവസ്ഥയിലാണ് എന്ന് പറയുന്നവര്‍ ഈ മഹാന്മാരുടെയെല്ലാം മുഖത്ത് കാര്‍ക്കിച്ചുതുപ്പുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

കേരളവും ഗുജറാത്തും ഒരു കാര്യത്തില്‍ തുല്യഭാഗ്യമുള്ള സംസ്ഥാനങ്ങളാണ്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന സഹോദരങ്ങള്‍ അയക്കുന്ന പണംകൊണ്ട് വീമ്പ് പ്രകടിപ്പിക്കുന്നവരാണ് നാം രണ്ടുകൂട്ടരും. ഒരുലക്ഷം കോടി രൂപ വര്‍ഷം കിട്ടുന്ന സംസ്ഥാനമാണ് കേരളം. അത്രത്തോളം ഗുജറാത്തിനും കിട്ടുന്നുണ്ട്. ആയിരംകോടിരൂപ വര്‍ഷം ബാങ്ക് നിക്ഷേപം വരുന്ന ഗ്രാമങ്ങളുണ്ട് ഗുജറാത്തില്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ മണിയോര്‍ഡര്‍ വരുന്ന രാജ്യം ഇന്ത്യയാണ്. ചൈന പോലും നമുക്ക് പിന്നിലാണ്. എന്നിട്ടും ജീവിതനിലവാര സൂചികയില്‍ ഇന്ത്യയുടെ നില പരിതാപകരമാണ്. ലോകത്തെ 182 രാജ്യങ്ങളില്‍ 134ാം സ്ഥാനമേ ഇന്ത്യക്ക് ഇക്കാര്യത്തിലുള്ളൂ. 2007 ലെ അവസ്ഥയില്‍ നിന്ന് ഇന്ത്യ പിറകോട്ട് പോയിരിക്കയാണ്. വിദ്യാഭ്യാസവും ദാരിദ്ര്യവും അടിസ്ഥാനജീവിത സൗകര്യങ്ങളുമെല്ലാം പരിഗണിച്ച് കണക്കാക്കുന്ന ഈ സൂചികയില്‍ ചൈനയും ശ്രീലങ്കയും മാത്രമല്ല കൊച്ച് അയല്‍വാസിയായ ഭൂട്ടാന്‍ പോലും ഇന്ത്യയുടെ മുന്നിലാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയഭരണകൂടത്തിന് ഇക്കാര്യത്തില്‍ തങ്ങളുടെ മുന്‍ഗാമികളെ പിന്നിലാക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു.Sunday, 8 May 2016

ആന്റണിയുടെ മട്ടുമാറിയ വിധം
കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ചെണ്ട മുട്ടിത്തുടങ്ങിയാല്‍ എ.കെ.ആന്റണിക്ക് ഡല്‍ഹിയില്‍ ഇരിക്കപ്പൊറുതി കിട്ടാറില്ല. ഇങ്ങോട്ടുപറക്കും. കുറെക്കാലമായി അത് പതിവാണ്. വേറെ ആരുണ്ട് വരാന്‍? സോണിയാജിയും രാഹുല്‍ജിയും ഒും കൂട്ടിയാല്‍കൂടില്ല. ഒരുദിവസം, ഏറിയാല്‍ രണ്ടുദിവസം അവര്‍
മിന്നല്‍പര്യടനം നടത്തി മടങ്ങും. പത്രങ്ങളില്‍ ഓന്നം പേജില്‍ കളര്‍ ഫേട്ടോ വരുമെന്നതൊഴിച്ച് ബാക്കിയെല്ലാം വലിയ പൊല്ലാപ്പാണ്. ആളെക്കുട്ടാന്‍ ലോറിയും ബസ്സും വേറെ ഇറക്കണം. അതിന്റെ ചെലവും മെനക്കേടും ചില്ലറയല്ല. എന്നാല്‍ ആള് കൂടുമോ? അതൊട്ടില്ലതാനും. ആന്റണിയാകുമ്പോള്‍ ഈ പ്രശ്‌നമൊന്നുമില്ല. ജനംവന്നില്ലെങ്കിലും മാധ്യമക്കാര്‍ കൂട്ട'മായി വരും. അഞ്ചോ പത്തോ ദിവസം സഞ്ചരിച്ച് ഓരോ പുതിയ നമ്പറുകള്‍ ഇറവിടും. വോട്ടെടുപ്പുവരെ അതിന്റെ ചര്‍ച്ചയുംനടക്കും. നിയമസഭാതിരഞ്ഞെടുപ്പിലും ലോക്‌സഭാതിരഞ്ഞെടുപ്പിലും വി.എസ്.അച്യുതാനന്ദന്‍ അരങ്ങ് അടക്കിവാഴുമ്പോള്‍, അത്രത്തോളമായില്ലെങ്കിലും ഒരു കൈ നോക്കിയത് ആന്റണിയാണ്.

കുറെക്കാലമായി ഹിന്ദുത്വക്കാരുടെ ഗുഡ്ബുക്കില്‍ ആയിരുന്നു ആന്റണി. ആള് കോണ്‍ഗ്രസ്സാണെങ്കിലും ന്യൂനപക്ഷവിഷയത്തില്‍ സത്യം പറയുന്ന ആളാണെന്ന അഭിപ്രായം അവര്‍ക്കുണ്ടായിരുന്നു. 1993 ജനവരിയില്‍ തുടങ്ങിയതായിരുന്നു ഈ പ്രിയം. മതേതരക്കാരുടെ പൊതുലൈന്‍, ഹിന്ദുത്വപക്ഷത്തെ ആവോളം അധിക്ഷേപിക്കുക, ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുക എന്നതാണല്ലോ. പൊതുലൈനുകളില്‍ ചരിക്കുന്ന നേതാവല്ല ആന്റണി. അദ്ദേഹം മട്ടൊന്നുമാറ്റി. ഭൂരിപക്ഷസമുദായത്തിന്റെ വിശാലമനസ്‌കതയും സൗഹാര്‍ദ്ദവുമാണ് മതേതരത്വത്തെ നിലനിര്‍ത്തുന്നതെന്നും ഹൈന്ദവ ഭൂരിപക്ഷത്തിന്റെ സൗഹൃദവും സന്മനസ്സും നേടാന്‍ ന്യൂനപക്ഷം ശ്രമിക്കണമെന്നും മറ്റുമായിരുന്നു പുതിയ ലൈന്‍. ലൈനൊക്കെ കൊള്ളാം പക്ഷേ, ന്യൂനപക്ഷവും കൂടെയില്ല ഭൂരിപക്ഷവും കൂടെയില്ല എന്ന അവസ്ഥയാവും എന്ന് അന്ന് പലരും പറഞ്ഞെങ്കിലും ആന്റണി മൈന്‍ഡ് ചെയ്തില്ല. വോട്ടെണ്ണിയപ്പോള്‍ ബോധ്യപ്പെട്ടു- ഉണ്ടായിരുന്ന ന്യൂനപക്ഷവോട്ട'് പോവുകയും ചെയ്തു, കിട്ടുമെന്ന്് വിചാരിച്ച ഹിന്ദുവോട്ട'് വന്നതുമില്ല. എന്നിട്ടും ആന്റണി വാക്കൊന്നും മാറ്റിയില്ല കേട്ടോ. ഇതാ, ഒരവര്‍ഷം മുമ്പ് ലോക്‌സഭാതിരഞ്ഞെടുപ്പു കഴിഞ്ഞുവന്നപ്പോഴും ആന്റണിയുടെ പഴയ ഭാഷ പഴയതുതന്നെ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെ മതേതരനിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നായിരുന്നു പുതിയ വെളിപാട്.

സൂക്ഷ്മമായ വിശകലനം വേണമല്ലോ ആരോന്നിന്റെയും അര്‍ത്ഥം അറിയാന്‍. ബി.ജെ.പി.യെ ജയിപ്പിച്ച ജനത്തെയാണ് ആന്റണി ഉദ്ദേശിച്ചത്
എങ്കില്‍ അവരുടെ സംശയം ഇല്ലാതാക്കാന്‍ എന്തുചെയ്യണം? കോണ്‍ഗ്രസ്് അതിന്റെ മതേതരത്വലൈനില്‍ വെള്ളം ചേര്‍ക്കണം, മൃദുഹിന്ദുത്വലൈന്‍ സ്വീകരിക്കണം എന്നാണ് കവി ഉദ്ദേശിച്ചത് എ്ന്ന് നിരൂപകര്‍ വ്യാഖ്യാനിച്ചു. എന്നിട്ടും സംശയം മാറാത്തവരുടെ സൗകര്യാര്‍ത്ഥം 1993 ലെ പ്രസ്താവന ഉദ്ധരിച്ച് സന്ദര്‍ഭം വ്യക്തമാക്കിക്കൊടുത്തു. പിന്നെ അദ്ദേഹത്തെ കണ്ടത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്താണ്. വി.എസ്. അച്യുതാനന്ദന് പഞ്ചായത്തും പാര്‍ലമെന്റും തമ്മിലൊന്നും വലിയ വ്യത്യാസമില്ല. ഏതു ലവലിലും കളിക്കും. വി.എസ്സിന്റെ ലവലില്‍ കളിക്കാന്‍ പിണറായിക്ക് പോലും പറ്റില്ല, പിന്നെയല്ലേ ഇസ്ത്തിരിയിട്ട ഖദറും അച്ചടിമലയാളവുമായി നടക്കുന്ന ആന്റണിക്ക് പറ്റുന്നത്. സ്വതേ ഉള്ളതിനേക്കാള്‍ ഒരിഞ്ച് ഉയരം കുറഞ്ഞാണ് അത്തവണ ആന്റണി കേരളം വിട്ടത്.   .

ഇത്തവണയും വന്നു ആന്റണി. അപ്രതീക്ഷിതമായി ഇത്തവണ തോക്ക് തിരിച്ചത് ബി.ജെ.പി.ക്കെതിരെ ആയിരുന്നു. എന്താണ് പ്രകോപനം എന്നറിയാതെ അവര്‍ പരക്കെ ഞെട്ടി. ചില്ലറ മതേതരത്വവും ചില്ലറ വിര്‍ഗീയവിരുദ്ധവും പണ്ടും പറയാറുണ്ടെന്നത് ശരിതന്നെ. പക്ഷേ, ബി.ജെ.പി.യില്ലാത്ത നിയമസഭ ഉണ്ടാവണം, ഇല്ലെങ്കില്‍ വിവേകാനന്ദസ്വാമി പറഞ്ഞിടത്തേക്ക് കേരളമെത്തും എന്നെല്ലാമാണ് ആന്റണി പറഞ്ഞുതുടങ്ങിയത്. ബി.ജെ.പി.നിയമസഭയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ കേരളത്തില്‍ വര്‍ഗീയകലാപം ഉണ്ടാകുമെന്നു പറഞ്ഞത് കുമ്മനം രാജശേഖരന് ഒട്ടും സഹിച്ചിട്ടില്ല. ആന്റണി ഭരിക്കുമ്പോഴാണ് മാറാട് കൂട്ടക്കൊല ഉണ്ടായത്. അന്നുണ്ടാകാത്ത വര്‍ഗീയകലാപം അക്കൗണ്ട് തുടങ്ങിയാലാണോ ഉണ്ടാവുക  എന്ന്് കുമ്മനം ചോദിച്ചെങ്കിലും ആന്റണി അപ്പോഴേക്കും ഡല്‍ഹിക്കു കുതിച്ചിരുന്നു. ആന്റണിയെയും സോണിയയെയും ഒറ്റവെടിക്ക് വീഴ്ത്താനുള്ള തോക്കുമായി ബി.ജെ.പി. ഹെലികോപ്റ്ററില്‍ പാര്‍ലമെന്റില്‍ വിറങ്ങിയ വിവരം ലഭിച്ചാണ് അങ്ങോട്ടുകുതിച്ചത്. ആത്മരക്ഷയേക്കാള്‍ വലുതായി വേറെയൊന്നുമില്ല.

ഏതുപ്രായത്തിലും പാഠം പഠിക്കാം. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ നോക്കിയാല്‍ ന്യൂനപക്ഷം ഇടതുകണ്ടത്തിലേക്ക് ചാടും. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പോടെ അത് വ്യക്തമായി. ഇനി പാിട്ടിന്റെ മട്ടുമാറണം. ഇല്ലെങ്കില്‍, ഭൂരിപക്ഷവുമില്ല, ഭൂരിപക്ഷവുമില്ലാതെ പാര്‍ട്ടിയും മുമേമണിയും ന്യൂനാല്‍ന്യൂനമാകും. ബി.ജെ.പി.രഹിത നിയമസഭ ഉണ്ടായാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് രഹിത ഭാരതം ഉണ്ടാവാതെ നോക്കണമല്ലോ.
****

ഇതെല്ലാമായിട്ടും സീതാറാം യെച്ചൂരി പറഞ്ഞു നടക്കുന്നത് യു.ഡി.എഫും ബി.ജെ.പി.യും തമ്മില്‍ നീക്കുപോക്കോ ധാരണയോ എന്തോ ഒുന്നുണ്ടെന്നാണ്. ഇംഗഌഷില്‍ യെച്ചൂരിക്ക് 'അണ്ടര്‍സ്റ്റാന്‍ഡിങ്ങ്' എന്നു പറഞ്ഞാല്‍മതി. നമുക്കുപക്ഷേ, പെട്ടന്നങ്ങ് അണ്ടര്‍സ്റ്റാന്‍ഡ് ആവില്ല. പ.ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സുംതമ്മില്‍ ഉള്ളത് ധാരണയാണോ നീക്കുപോക്കാണോ കൂട്ടുകെട്ടാണോ മുന്നണിയാണോ അണ്ടര്‍സ്റ്റാന്‍ഡിങ്ങാണോ?  തിട്ടമതാര്‍ക്കറിയാം... എല്ലാം ചേര്‍ന്നതാണ് പ.ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.എം. ഇടപാട്.

സവിശേഷാവസ്ഥയിലാണ് കേരളം.  പ്രത്യക്ഷത്തില്‍ കാണുന്നതുവേറെ, അടിയിലെ ഒഴുക്കുവേറെ. യൂ.ഡി.എഫുമായുള്ള ഒത്തുകളി വിജയിച്ചാലേ ബി.ജെ.പി.ക്ക് സീറ്റ് കിട്ടൂ എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. വോട്ട്'്കണക്ക് മുന്നില്‍ വെച്ച് ആര്‍ക്കും എന്തും വാദിക്കാം. ലോക്‌സഭാതിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം തിരുവനന്തപുരത്ത് നാല് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി.യാണ് ഓന്നം സ്ഥാനത്ത്. ഈ നാലിടത്തും ഇടതുപക്ഷമാണ് മൂന്നാം സ്ഥാനത്ത്. ഒ.രാജഗോപാലിനെ തോല്പ്പിക്കാന്‍ എല്‍.ഡി.എഫുകാര്‍ ശശി തരൂരിന് വോട്ടുചെയ്‌തെന്നും വാദിക്കാം, തരൂരിനെ  തോല്പ്പിക്കാന്‍ വോട്ടുചെയ്‌തെന്നും വാദിക്കാം.

അപ്രവചനീയമാണ് വോട്ടര്‍മനസ്സിന്റെ നീക്കങ്ങളും പോക്കുകളും. അതറിയാതെയാണ്  വ്യാഖ്യാനങ്ങളും പ്രവചനങ്ങളും നടക്കുന്നത്. ആര്‍ക്കും ആരുമായും നീക്കുപോക്കാവാം, ധാരണയാവാം. ആര്‍ക്കുമില്ല സ്ഥിരം ശത്രുവും മിത്രവും. സ്ഥിരമായുള്ളത് സ്വന്തം താല്പര്യം മാത്രം. അതുനേടാന്‍ ആരുടെയും കാലുവാരാം, ആരെയും സഹായിക്കാം. ഒരു നിശ്ചയവുമില്ല ഒിനും...
****


ചില സന്ദര്‍ഭങ്ങളില്‍ യു.ഡി.എഫുകാര്‍ കാണിക്കുന്ന സത്യസന്ധത കണ്ടാല്‍ ആരുടെയും കണ്ണ് നിറഞ്ഞുപോകും. ചാനലുകാരും പത്രക്കാരും വഴിയേ പോകുന്ന അവനും ഇവനും എല്ലാം തിരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പുമുതല്‍ അഭിപ്രായ സര്‍വ്വെ നടത്തിക്കൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ആരുംതന്നെ യു.ഡി.എഫിന്റെ വിജയം സംശയലേശമെന്യേ പ്രവചിച്ചില്ല.

എന്തുപരിഹാരം? സ്വന്തമായി  ഒരു സര്‍വ്വെ നടത്തുകതന്നെ. പാര്‍ട്ടിയുടെ കൈവശം ഇപ്പോഴൊരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമുണ്ട്. അവരാണ് തിരഞ്ഞെടുപ്പിന്റെ പല പണികളും ചെയ്യുന്നത്. ക്ലയന്റിന് വേണ്ടിയുള്ള ഒരു അഭിപ്രായ സര്‍വ്വെ നടത്തുക എന്നത് ആ പാക്കേജില്‍ പെടുന്നതാവാം. സര്‍വ്വെ നടത്തി ക്ലയന്റ് തോല്‍ക്കും എന്നു് റിപ്പോര്‍ട്ട് കൊടുക്കുന്ന ഒരു ബുദ്ധിശൂന്യനും ഈ ഭൂലോകത്തുണ്ടാവില്ല. അങ്ങനെയാണ് കേരളത്തില്‍ യു.ഡി.എഫിന് വിജയസാധ്യത എന്ന സര്‍വ്വെ കണ്ടെത്തല്‍ വാര്‍ത്ത ആകുന്നത്. വാര്‍ത്തയില്‍ സത്യം മറച്ചുവെച്ചില്ല-ഞങ്ങള്‍ കാശ് കൊടുത്ത് നടത്തിച്ചതാണ് സര്‍വ്വെ എന്നുതുറന്നുപറഞ്ഞു. തോല്‍ക്കുമെന്ന്് അവര്‍ പ്രവചിച്ചിരുുവെങ്കില്‍ ഈ പ്രസ് റിലീസ് ഉണ്ടാകുമോ എന്നു ചോദിക്കരുത്. അവര്‍ അങ്ങനെ പ്രവചിക്കുകയില്ലല്ലോ.....!
                             ***
കേസ്സുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് എല്‍.ഡി.എഫ് ആണെന്ന്് യു.ഡി.എഫിന്റെ വേറൊരു സര്‍വ്വെ കണ്ടെത്തിയിരിക്കുന്നു. 140 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 685 കേസ്സുണ്ടത്രെ. രണ്ടാം സ്ഥാനം ബി.ജെ.പി.ക്ക് 153 കേസ്. പുവര്‍ തേഡ് പ്രൈസ് യു.ഡി.എഫിന്- വെറും 106 കേസ്. ശരാശരി ഒരു കേസ്സെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ഇല്ലാത്ത മുന്നണിക്ക് ഭരിക്കാന്‍ എന്തു യോഗ്യത എന്നു ചോദിച്ചുപോകുന്നു. കേസ് എന്നേ പറയുന്നുള്ളൂ. സൈക്കിള്‍ ഡബ്ള്‍ എടുത്ത കേസ്സാണോ, കള്ളനോട്ട'് അടിച്ച കേസ് ആണോ എന്നൊന്നും പറയാത്തതു മോശമായിട്ട
കേസ്സെണ്ണലില്‍ നിര്‍ത്തിക്കൂടാ. സ്വത്തുവിവരവും സ്ഥാനാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ടല്ലോ. 140 സ്ഥാനാര്‍ത്ഥികളുടെ ആകെ സ്വത്ത്, ഭാര്യമാരുടെ ആകെ സ്വത്ത്, വഹിക്കുട്ട സ്ഥാനങ്ങളുടെ എണ്ണം, സ്ഥാനത്ത് കടിച്ചുതൂങ്ങിയ ആകെ കാലം തുടങ്ങിയ വിവരങ്ങളും സമാഹരിക്കാവുതാണ്. എന്തിലെങ്കിലും യു.ഡി.എഫിന് ഒാം സ്ഥാനം കിട്ടാതിരിക്കില്ല.Sunday, 1 May 2016

പ്രതീകപതനവും സ്വത്വവിചാരവും

സി.കെ.ജാനുവിന്റെ കാര്യം ആലോചിച്ചിട്ട്്് ഉറക്കം കിട്ടുന്നില്ല ലോലമനസ്‌കനായ എം.എ.ബേബിക്ക്. സംഘപരിവാര്‍കശ്മലരുടെ പിടിയില്‍ പെട്ടിരിക്കയാണ് നമ്മുടെ മുന്‍
സഖാവ് ജാനു.(പാര്‍ട്ടിയില്‍ സഖാവേ ഉള്ളൂ, സഖി വേണ്ട) ഇനി അവരുടെ സ്ഥിതിയെന്താവുമോ എന്തോ. വേറെ പലതിന്റെയും കുറവുണ്ടായിരുന്നുവെങ്കിലും ആദിവാസികള്‍ക്ക് ഒരു സമരപ്രതീകത്തിന്റെ കുറവുണ്ടായിരുില്ല. അതാണിപ്പോള്‍ നിലംപതിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെപ്പോലൊരു വന്‍ സാംസ്‌കാരികപ്രതീകം നിലംപതിച്ചിട്ടുപോലും കുണ്ഠിതപ്പെട്ടിട്ടില്ല ബേബി. അതുപോലെയല്ലല്ലോ സി.കെ.ജാനു.

സി.പി.എമ്മിന്റെ പ്രവര്‍ത്തകയായിരുന്നു മൂന്നര പതിറ്റാണ്ടിനും മുമ്പ് ജാനു. അന്നേ ഞങ്ങള് ജാഥയ്ക്ക് കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെ വിളിച്ചിരുന്നതാണ്്. ഇപ്പോഴും പാര്‍ട്ടിയില്‍ നിന്നിരുെങ്കില്‍ ഒരു പഞ്ചായത്ത്....ഗ്രാമമല്ല, ബ്ലോക്ക് തന്നെ, മെമ്പറൊക്കെ ആകാമായിരുന്നു. ആദിവാസി പ്രശ്‌നം പറഞ്ഞ് എവിടെയെല്ലാമോ മത്സരിച്ചുതോല്‍ക്കുകയും കെട്ടിവെച്ചത് പോവുകയും ചെയ്തിട്ടുണ്ട്. അതിന്റെെയല്ലാം കൃത്യം കണക്ക് ബേബിസഖാവിന്റെ കൈവശമുണ്ട്.  

എപ്പോഴും ആദിവാസി, ആദിവാസി എന്ന് പറഞ്ഞുനടക്കും എന്നതാണ് ജാനുവിന്റെ  സൂക്കേട് എന്ന്് ബേബിസഖാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് സംസ്‌കൃതത്തില്‍ ജാതിസ്വത്വവാദം എന്നു പറയും. മൂര്‍ഛിച്ചാല്‍ പാര്‍ട്ടിവിട്ടുപോയിക്കളയും. ജാനുവും പോയി. ഭൂമിയില്ല, വീടില്ല, സ്‌കൂളില്ല, തിന്നാന്‍ യാതൊന്നുമില്ല, സദാ പട്ടിണിയാണ് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. തിന്നാന്‍ കിട്ടാത്തതൊക്കെ വലിയ പ്രശ്‌നമാണ്, സമ്മതിച്ചു. പക്ഷേ, തിന്നശേഷം നടുചെരിക്കാന്‍ പായ കിട്ടാത്തവന്റെ പ്രശ്‌നത്തെ അവഗണിക്കുന്നന്നത് ശരിയല്ല. ഇന്‍ക്വിലാബ് വിളിക്കുന്ന പല വിഭാഗങ്ങളുണ്ട്. എ.സി.കാറില്‍ വന്നിറങ്ങിയും ഇന്‍ക്വിലാബ് വിളിക്കാം. എല്ലാം തൊഴിലാളിവര്‍ഗമാണ്. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ നമ്മള്‍ തുല്യതയോടെ ഉള്‍ക്കൊള്ളണം. അപ്പോഴാണത്് വര്‍ഗബോധമാവുക. അതില്ലാത്തതാണ് ജാനുവിന്റെ പ്രശ്‌നം.

മറ്റൊരസുഖവും ജാനുവിനുണ്ട്. ഹിന്ദുത്വരോഗം. കുമ്മനത്തിനും മറ്റും ഉള്ള അത്ര ഗുരുതരമല്ല, പക്ഷേ, വെള്ളാപ്പള്ളിയുടെ ലവലില്‍ ഉള്ളതാണ് എന്ന് 2015 നവംബറില്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ മനസ്സിലായി. അന്നേ പോയി ഉപദേശിക്കാതിരുന്നത് വലിയ ജാഗ്രതക്കുറവായി. പൊതുവെ ഭയങ്കര ജാഗ്രതയുള്ള നേതാവാണ് ബേബി. ആരുടെയെങ്കിലും എഴുത്തില്‍ ചില്ലറ ജാഗ്രതക്കുറവുവന്നാലും അദ്ദേഹം ഉപദേശിക്കും. ചെറിയാന്‍ ഫിലിപ്പിന് ഈയിടെ പറ്റിയ പിശക് ഓര്‍ക്കുന്നില്ലേ. കോണ്‍ഗ്രസ്സിലെ പെണ്ണുങ്ങളെപ്പറ്റി എന്തോ എഴുതി. എഴുത്തിലെ ജാഗ്രതക്കുറവാണ് കാരണമെന്ന് ബേബി പറഞ്ഞപ്പോഴേ ചെറിയാന് സംഗതി പിടികിട്ടിയുള്ളൂ. ഈയിടെ വിരമിച്ച വനിതാ പ്രിന്‍സിപ്പാളിന് ആദരസൂചകമായി വിദ്യാര്‍ഥികള്‍ ശവകുടീരം തീര്‍ത്തപ്പോള്‍ അതിന്റെ ജാഗ്രതക്കുറവും ബേബി ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍ട് ഇന്‍സ്റ്റലേഷന്‍ എന്നൊരു ബോര്‍ഡ് വെച്ച് അതിന്റെ ഉദ്ഘാടനത്തിന് ബേബിസഖാവിനെ വിളിച്ചാല്‍ മതിയായിരുന്നു.

ആദിവാസികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഇരു മുണികളും തുടര്‍ച്ചയായി അവഗണിച്ചതാണ് ജാനുവും എന്‍.ഡി.എ.യില്‍ അഭയം പ്രാപിക്കാന്‍ കാരണമെന്നൊരു വാദമുണ്ട്. യു.ഡി.എഫിന്റെ കാര്യംവിട്. സി.പി.എമ്മിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. യു.ഡി.എഫും കേന്ദ്രത്തിലെ അന്നത്തെ കോണ്‍ഗ്രസ് ഗവണ്മെണ്ടും ആദിവാസികളെ പറ്റിക്കാന്‍ പല നിയമങ്ങളും സ്ഥാപനങ്ങളുമൊക്കെ ഉണ്ടാക്കും. ആദിവാസി കുടുംബങ്ങള്‍ക്കെല്ലാം ഭൂമി നല്‍കും, കൈവശാവകാശം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി തിരിച്ചുകൊടുക്കും, ആദിവാസികള്‍ക്ക് സ്വയംഭരണാവകാശം നല്‍കും തുടങ്ങിയ വ്യാമോഹങ്ങള്‍ സൃഷ്ടിച്ചത് അവരാണ്. വിപ്ലവപാര്‍ട്ടിയില്‍നിന്ന് ആദിവാസികളെ അകറ്റാനുള്ള കതന്ത്രങ്ങളാണെല്ലാം. ഒരൊറ്റയെണ്ണം നടപ്പാകില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. അമ്പത്തേഴുമുതല്‍ മാറിമാറി ഭരിച്ചിട്ട്് ആദിവാസികളുടെ സ്ഥിതി നാല്പത്തേഴിനേക്കാള്‍ മോശമാക്കിയിട്ടുണ്ട്.

ഇത്രയൊക്കെപ്പറഞ്ഞെുവെച്ച് ജാനുവിനെ പടിയടച്ച് പിണ്ഡംവെച്ചെന്നാരും ധരിക്കേണ്ട. എന്‍.ഡി.എ.പക്ഷത്ത് പോയവര്‍ക്കും തിരിച്ചുവരാം. ഇക്കണ്ട സോഷ്യലിസ്റ്റുകളൊക്കെ പലവട്ടം സംഘപരിവാര്‍ പാര്‍ട്ടികള്‍ക്കൊപ്പം പോയതാണ്. മതേതരത്വത്തിന്റെ ഇപ്പോഴത്തെ സ്റ്റാര്‍ ആയ നിതീഷ് കുമാര്‍ ഇക്കാലമത്രയും ബിഹാര്‍ ഭരിച്ചത് ബി.ജെ.പി.ക്കൊപ്പമല്ലേ? അതൊന്നും വലിയ കുറ്റമല്ല, അദ്ദേഹത്തെ തരംകിട്ടിയാല്‍ ഞങ്ങള്‍ അടുത്തവട്ടം പ്രധാനമന്ത്രിയും ആക്കും. ജാനുവിനും തിരിച്ചുവരാം, എല്ലാം ശരിയാക്കാം.

****
വി.എസ് അച്യുതാനന്ദന്‍ എന്തോ ഒരു കേസുകണക്ക് പ്രസംഗത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിക്ക് തീരെ പിടിച്ചില്ല. പതിവില്ലാത്ത രോഷയും ബഹളവുമുണ്ടാകുന്നത് കണ്ട് അച്യുതാനന്ദന്‍ ബഹുസന്തോഷത്തിലാണ്. അഞ്ചുകൊല്ലമായി നൂറു വെട്ടിപ്പുകേസ്സുകള്‍, നൂറു കോഴക്കേസ്സുകള്‍, നൂറു ഭൂദാനക്കേസ്സുകള്‍, നൂറു നിയമലംഘനങ്ങള്‍, നൂറു വിശ്വാസവഞ്ചനകള്‍ .... പിെന്നയുമെന്തെല്ലാമോ നൂറുനൂറു ആരോപണങ്ങളും-ചിലത് കേള്‍ക്കാന്‍തന്നെ കൊള്ളാത്തവ- ഉന്നയിച്ചുകൊണ്ടിരിക്കയായിരുന്നു അദ്ദേഹം. ഇതെല്ലാം കേട്ടുസഹിച്ച മുഖ്യമന്ത്രിക്ക് ഒടുവില്‍ ഫേസ്ബുക്കിലെന്തോ എഴുതിയതാണ് അസഹ്യമായത്. ഇതിനെതിരെയേ മുഖ്യമന്ത്രി കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളൂ. എന്താണ് ഇതില്‍നിന്ന് ജനം മനസ്സിലാക്കേണ്ടത്? ഇതുവരെ പറഞ്ഞതിലൊന്നും മാനനഷ്ടമില്ല, അതിലൊന്നും തെറ്റും ഇല്ല. ഇപ്പോള്‍ പറഞ്ഞ കണക്കില്‍ മാത്രം തെറ്റുണ്ട്, അതുകൊണ്ട് മാനനഷ്ടവുമുണ്ട്.

മന്ത്രിമാര്‍ക്കം മുഖ്യമന്ത്രിക്കും എതിരെ 137 കേസ്സുണ്ട് സുപ്രീം കോടതിയില്‍ എന്നോ മറ്റോ ആണ് വി.എസ് തട്ടിയത്. അത് വലിയ സംഖ്യയാണോ എന്തോ. ഒരു മാധ്യമസ്ഥാപന ഉടമ തനിക്കെതിരെ അമ്പത്തേഴ് കേസ്സുണ്ട് എന്ന് വെളിപ്പെടുത്തി. ഇടതുവക്താക്കള്‍ വിശദീകരിച്ചത് അത് സ്വന്തം പേരിലുള്ള കേസ്സുകളല്ല, വഹിച്ച സ്ഥാനങ്ങളുടെ പേരിലുള്ളതാണ് എന്നാണ്. സത്യം, ഇതു മുഖ്യമന്ത്രിക്കും വിജയ് മല്യക്കും ബാധകമാവാം. ഒരു ചെറുസ്ഥാപനത്തിന്റെ തലപ്പത്തിരുന്നാല്‍ ഇത്രയും കേസ്സാവാമെങ്കില്‍ അഞ്ചുവര്‍ഷം ഭരിച്ച മുഖ്യമന്ത്രിയുടെ പേരില്‍ അയ്യായിരം കേസ്സാകാം.

രാഷ്ട്രീയത്തിലാവുമ്പോള്‍ ആരോപണങ്ങള്‍ ഉണ്ടാവും, മറുപടി പറഞ്ഞ് ആരോപണത്തിന്റെ മുനയൊടിക്കണം. അതേ ഉള്ളൂ പരിഹാരം. ഓരോന്നിനും കോടതികേറാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ. രാഷ്ട്രീയക്കാരാവുമ്പോള്‍ വേറെ പ്രശ്‌നമുണ്ട്. മാനം ഉണ്ടായിരുന്നു, ആരോപണം വന്നതുകൊണ്ട് അതു നഷ്ടപ്പെട്ടു എന്ന കോടതിയെ ബോധ്യപ്പെടുത്തണം. രണ്ടും അസാധ്യം.
                                               
                                                    ****
മദ്യദുരന്തമുണ്ടാക്കാന്‍ നീക്കം നടക്കന്നുു എന്നു എക്‌സൈസ് വകുപ്പിന് ബോധ്യംവന്നതുകൊണ്ട് സൂക്ഷ്മത പാലിക്കാന്‍ സര്‍ക്കുലര്‍ അയച്ചിരിക്കുന്നുവത്രെ. മദ്യദുരന്തം ഉണ്ടാക്കുക എന്നു പറഞ്ഞാല്‍ എന്താണ് അര്‍ഥം? ആരോ മദ്യത്തില്‍ വിഷം കലര്‍ത്തി കൂട്ടമരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എുതന്നെ. കൊല്ലല്‍ വ്യാജമദ്യം ഉണ്ടാക്കുന്നവന്റെ അജന്‍ഡയില്‍ വരുന്നില്ല. ആളുകള്‍ ചത്താല്‍ മദ്യവില്പന പൊളിയുകയേ ഉള്ളൂ. അതുകൊണ്ടാരും കുടിയന്മാരെ കൊല്ലാറില്ല. അബദ്ധം കൊണ്ടോ അത്യാര്‍ത്തി കൊണ്ടോ വീര്യംകൂടിപ്പോയാല്‍ ചാവും എന്നുമാത്രം.

യു.ഡി.എഫിനെ തോല്പ്പിക്കാന്‍ ബാറുടമകള്‍, അല്ലെങ്കില്‍ പ്രതിപക്ഷക്കാര്‍ മദ്യദുരന്തം ഉണ്ടാക്കുമെന്ന് വിചാരിക്കാന്‍ എക്‌സൈസ് മന്ത്രിക്കേ പറ്റൂ. ഇന്റലിജന്‍സുകാര്‍ക്ക് പക്ഷേ, ഇത്തരം ദുരുദ്ദേശങ്ങളൊന്നുമില്ല. ഓണത്തിനും വിഷുവിനും പിന്നെ തിരഞ്ഞെടുപ്പിനും ആളുകള്‍ പരക്കേ വ്യാജന്‍ കുടിക്കാന്‍ ഇടയുണ്ട്, ചിലപ്പോള്‍ വ്യാജനില്‍ മറ്റവന്‍ കൂടിപ്പോകാന്‍ ഇടയുണ്ട്്, അപ്പോള്‍ ദുരന്തം സംഭവിക്കാന്‍ ഇടയുണ്ട്....പറഞ്ഞില്ലെന്നുവേണ്ട എന്ന ന്യായത്തില്‍ അവര്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. അത്രയേ ഉള്ളൂ. നൂറാളുകള്‍ മരിച്ചാലൊന്നും ഇളകുന്ന ജനമല്ല നമ്മുടേത്. കുടിച്ചുമരിച്ചതല്ലേ, മരിക്കട്ടെ എന്നു പറഞ്ഞ് മുന്‍തീരുമാനപ്പകാരംതന്നെ വോട്ടുകുത്തും.

അമ്പലത്തില്‍ തൊഴാന്‍ പോയ നൂറിലേറെ നിരപരാധികളെ കൊന്നുകത്തിച്ചിട്ട് ഇവിടെ പിന്നെയും പൊട്ടിക്കുകയും കത്തിക്കുകയും ചെയ്യുന്നു. നൂറില്‍താഴെ ആളുകളേ കേരളത്തില്‍ നടന്ന ഓരോ മദ്യദുരന്തത്തിലും മരിച്ചിട്ടുള്ളൂ. മുവായിരം നാലായിരം പേര്‍ ചോര ചിന്തി മരിക്കുന്നു നമ്മുടെ റോഡുകളില്‍ വര്‍ഷം തോറും. ആര്‍ക്കും പ്രശ്‌നമില്ല. പിെന്നയാണ് നൂറു കുടിയന്മാര്‍....
                                                                                     ****

 എന്തുകൊണ്ടെറിയില്ല, മറ്റിടങ്ങളില്‍ മദ്യത്തോട് സഹിഷ്ണുത കാട്ടുന്നവരും കേരളത്തില്‍ അതുനിരോധിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഉമ്മന്‍ ചാണ്ടിയുടെയും വി.എം.സുധീരന്റെയും പാര്‍ട്ടി ഗുജറാത്തിലൊഴികെ ഇന്ത്യയിലൊരിടത്തും സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയിട്ടില്ല. ഗാന്ധിജി ജനിച്ച സ്ഥലം എന്ന കുറ്റമേ ഗുജറാത്തിനുള്ളൂ.

ഇപ്പോള്‍ മദ്യനിരോധനം വാഗ്ദാനം ചെയ്യുന്ന എന്‍.ഡി.എ. ഭരിക്കുന്ന ഒരിടത്തും അതു ചെയ്തിട്ടില്ല. ഇപ്പോള്‍ കേരളത്തില്‍ മദ്യനിരോധനത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നത് ക്രൈസ്തവ സഭകളാണ്. ക്രൈസ്തവര്‍ മാത്രമുള്ള ലോകത്തിലെ ഏത് രാജ്യമുണ്ട് മദ്യമില്ലാത്തതായി? ആഗോള ആസ്ഥാനത്തുപോലും അങ്ങനെയൊരു സംഭവമില്ല. ഇല്ല, കേരളം വഴികാട്ടുന്നതിനെ പരിഹസിക്കില്ല. എന്തിലെങ്കിലുമൊരു കാര്യത്തില്‍ മാതൃകയാകേെട്ടാ.അല്ലേ?