Sunday, 26 June 2016

അതിജീവന അടവുനയംത ന്ത്രം ദീര്‍ഘകാലത്തേക്കുള്ളതും അടവ് തത്കാലത്തേക്കുള്ളതുമാണ്. വിപ്ലവംനടത്തി അധികാരം പിടിക്കുന്നതിനുള്ളതായിരുന്നു പണ്ടത്തെ അടവുനയതന്ത്രം. ഇപ്പോളതിന്റെ ആവശ്യമില്ല. മുദ്രാവാക്യങ്ങളിലൊഴികെ എല്ലായിടത്തുനിന്നും വിപ്ലവം ഡിലീറ്റ് ചെയ്തുകഴിഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ അടവും തന്ത്രവും ഉണ്ടാക്കേണ്ടത് തിരഞ്ഞെടുപ്പു ജയിക്കാനാണ്, വിപ്ലവം നടത്താനല്ല.

സഖാക്കള്‍ക്ക് മിക്കപ്പോഴും രണ്ടും കൂടിക്കലര്‍ന്ന് കണ്‍ഫ്യൂഷനാകാറുണ്ട്. തിരഞ്ഞെടുപ്പുകാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ വിപ്ലവം തലയില്‍ക്കേറും. പ്രത്യയശാസ്ത്രം, റിവിഷനിസം, ജനകീയ ജനാധിപത്യവിപ്ലവം, സോഷ്യല്‍ ഡെമോക്രസി തുടങ്ങിയ കുറ്റകരമായ ചിന്തകള്‍ ചര്‍ച്ചകളെ വഴിതെറ്റിച്ചുകളയും. നാലു സീറ്റ് കൂടുതല്‍ കിട്ടാനുള്ള വല്ല അടവും പ്രയോഗിക്കുമ്പോള്‍ ഉടനെ ഓരോരുത്തര്‍ പഴയ പ്രമേയം പകര്‍ത്തിയ സൈക്ലോസ്‌റ്റൈല്‍ ചെയ്ത, പിന്നിത്തുടങ്ങിയ കടലാസും വായിച്ച് പാഞ്ഞുവരും. 1978ലെ ജലന്ധര്‍ കോണ്‍ഗ്രസ്സില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞത് അങ്ങനെയല്ല, '85ല്‍ കൊല്‍ക്കത്തയില്‍ പാസാക്കിയത് ഇങ്ങനെയാണ്, '92ലെ മദ്രാസ് തീരുമാനത്തോടെ പഴയതെല്ലാം റദ്ദായിരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങളാണ് പിന്നെയുയരുക. അതോടെ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകിട്ടുന്ന കാര്യം കട്ടപ്പൊകയാകും.

പ.ബംഗാളിലെ സഖാക്കള്‍ ഈയിടെയായി പഴയരേഖയും പ്രമേയവുമൊന്നും വായിക്കാറില്ല. കഴിഞ്ഞ തവണ മമത വന്ന് തൂത്തുവാരി. സാരമില്ല. മുപ്പത്തിനാലു കൊല്ലം ഭരിച്ചുസുഖിച്ചതല്ലേ. അഞ്ചുവര്‍ഷം കാറും പത്രാസുമില്ലെങ്കില്‍ത്തന്നെ ആരോഗ്യമൊന്ന് നന്നാവേണ്ടതാണ്. പക്ഷേ, അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേക്ക് സ്ഥിതി അതിഗുരുതരമായി. അധികാരമില്ലാതെ ഇനിയും അഞ്ചുവര്‍ഷം കഴിഞ്ഞുകൂടേണ്ടി വന്നാല്‍ എടുക്കാനും വെക്കാനുമുണ്ടാകില്ല പാര്‍ട്ടി. അതിജീവനമാണ് പ്രധാനം.  അതുകൊണ്ട് അടവും തന്ത്രവും നയവുമെല്ലാം പ.ബംഗാള്‍ പാര്‍ട്ടി സ്വയംപാസാക്കി.

അല്ലെങ്കിലും അതതിടത്തെ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ട സംഗതിയല്ലേ അടവ്?  ഊടുവഴിയിലൂടെ പോകുമ്പോള്‍ ഭ്രാന്തനും ഭ്രാന്തന്‍ നായും മൂര്‍ഖന്‍ പാമ്പും ഒരേസമയം, വന്നാല്‍ എന്തുചെയ്യും? അപ്പോള്‍ അവിടെവെച്ചുതന്നെ തീരുമാനമെടുക്കണം. ഈ അവസ്ഥയാണ് പ.ബംഗാള്‍ സഖാക്കള്‍ നേരിട്ടത്.

ശത്രുവിന്റെ ശത്രു മിത്രം എന്നത് ആഗോളസര്‍വകാലതത്ത്വമാണ്. അതിന് പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ അംഗീകാരമൊന്നും ആവശ്യമില്ല. വോട്ടുകണക്കുകൂടി നോക്കിയപ്പോള്‍ മമതയെ തോല്പിച്ച് അധികാരം പിടിക്കുന്നതായി സ്വപ്നവും കണ്ടു സഖാക്കള്‍. ഇതൊന്നും കേന്ദ്രകമ്മിറ്റിക്കാര്‍ക്ക് മനസ്സിലാവില്ല. അതിലുള്ള മിക്കവര്‍ക്കും പത്തുതൊണ്ണൂറുപേരില്‍ അമ്പതോളം പേര്‍ക്ക്‌സ്വന്തം സംസ്ഥാനത്ത് മത്സരിച്ച് ജയിക്കുക, മന്ത്രിസഭയുണ്ടാക്കുക എന്നിത്യാദി സംഗതികളെക്കുറിച്ചൊന്നും ഈ ജീവിതകാലത്തൊരിക്കലും ആലോചിക്കേണ്ടി വരില്ലല്ലോ. ഇത്രയൊക്കെ ചിന്തിച്ചിട്ടും പ്രതീക്ഷിച്ചിട്ടും പ.ബംഗാളില്‍ തോറ്റ് മൂന്നാംസ്ഥാനത്തായിയെന്നത് ശരി തന്നെ. പക്ഷേ, കോണ്‍ഗ്രസ് കൂടി ഇല്ലായിരുന്നെങ്കില്‍ എത്ര ദയനീയമാകുമായിരുന്നു നില എന്ന് കേന്ദ്രക്കമ്മിറ്റിക്കാര്‍ ആലോചിച്ചിരുന്നോ എന്തോ.
        ***
ആരും ആത്മഹത്യാശ്രമം നടത്തേണ്ട. ആത്മഹത്യയ്ക്ക് ആരെയും പ്രേരിപ്പിക്കുകയും ചെയ്യേണ്ട. രണ്ടും ഇപ്പോഴും കുറ്റകരമാണ്. ആത്മഹത്യചെയ്യുന്നത് പണ്ടേ കുറ്റകരമായിരുന്നില്ല. ശ്രമത്തില്‍ പരാജയപ്പെടുന്നതാണ് കുറ്റം. ഈ നിയമവൈകൃതം തിരിച്ചറിഞ്ഞാണ് കേന്ദ്രം നിയമംമാറ്റാന്‍ തീരുമാനിച്ചതും പത്രങ്ങളിലും ടെലിവിഷനിലും പലവട്ടം തലക്കെട്ടുവന്നതും  ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കി എന്ന്. ആത്മഹത്യചെയ്യുന്ന കാര്യത്തില്‍പ്പോലും മാധ്യമങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല. സംഗതി ഇപ്പോഴും കുറ്റകരം തന്നെയാണ്. മന്ത്രിയോ മന്ത്രിസഭയോ തീരുമാനിച്ചാല്‍ നിയമം മാറില്ല. അത് നിയമനിര്‍മാണമായി നിയമസഭയിലോ പാര്‍ലമെന്റിലോ വരണം. കേന്ദ്രത്തിന് വേണമെങ്കില്‍ ഇന്ത്യ മുഴുവന്‍ സംഗതി ഇല്ലാതാക്കാം. പക്ഷേ, സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കുക എന്ന പണിയിനിയും തീര്‍ന്നിട്ടില്ല. അതിനിടെ കേന്ദ്രം ഇത് വളഞ്ഞവഴിയിലൂടെ കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി. ആരെങ്കിലും ആത്മഹത്യ ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് മാനസികപ്രശ്‌നത്താലാണ് എന്ന് വ്യാഖ്യാനിക്കാനും കുറ്റകരമല്ലാതാക്കാനുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തത്. അതെങ്ങനെ എന്നായി പലരും. മനഃപ്രയാസം കാരണം ആത്മഹത്യചെയ്യാന്‍ ശ്രമിച്ചാല്‍ മനോരോഗിയാണ് എന്ന മുദ്ര കൂടി പേറേണ്ടിവരുന്നത് ന്യായമോ എന്നായി ചോദ്യം.

ഒന്നൊന്നര വര്‍ഷംമുമ്പാണ് ഇതിനെക്കുറിച്ച് ഒടുവില്‍ക്കേട്ടത്. ആത്മഹത്യാശ്രമം കുറ്റമല്ലാതാക്കാനുള്ള കരട് ബില്‍ നീതിന്യായവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട് എന്ന് കഴിഞ്ഞവര്‍ഷം ഫിബ്രവരിയില്‍ കേന്ദ്രമന്ത്രി പ്രസ്താവിച്ചിരുന്നു. പിന്നീടൊരു വിവരവും ഇല്ല. എന്തായാലും ശങ്കരന്‍ ഇപ്പോഴും തെങ്ങേല്‍ത്തന്നെയാണ്. സൂക്ഷിക്കണം.
                               ***

പറഞ്ഞത് പി.സി. ജോര്‍ജ് ആണെന്നതുകൊണ്ടുമാത്രം അതപ്പടിയങ്ങ് തള്ളരുതല്ലോ. ഈ ഗവര്‍ണര്‍മാരുടെ കാര്യം മഹാകഷ്ടമാണ്. മന്ത്രിസഭ എഴുതിക്കൊടുക്കുന്നത് നിയമസഭയില്‍ സ്വന്തം ഉരുപ്പടിയെന്നപോലെ വിസ്തരിച്ചുവായിക്കണം. യു.ഡി.എഫ്. ഭരണം കൊണ്ട് കേരളം സ്വര്‍ഗതുല്യമായിരിക്കുന്നു എന്ന് ഏതാനും മാസം മുമ്പ് വായിച്ച് കൈയടി വാങ്ങിയ ഗവര്‍ണര്‍ തന്നെയാണ് ഇതാ ഇപ്പോള്‍ യു.ഡി.എഫ്. ഭരണം പോലൊരു മഹാനരകം വേറെ ഉണ്ടായിരുന്നില്ലെന്നും വായിക്കേണ്ടത്. രണ്ടും മൂന്നും മണിക്കൂര്‍ നീളും കേട്ടോ പ്രസംഗം. ഈ ഏര്‍പ്പാടങ്ങ് നിര്‍ത്തിയേക്കരുതോ എന്നാണ് ജോര്‍ജ് ചോദിച്ചത്. സൗകര്യങ്ങള്‍ ധാരാളമുള്ളതുകൊണ്ട് കുറച്ച് നാണക്കേടൊക്കെ ആരാ സഹിക്കാത്തത്.
സഹിക്കാന്‍ പറ്റാത്ത എന്തെല്ലാം കാര്യങ്ങള്‍ ആളുകള്‍ അധികാരത്തില്‍ കയറുമ്പോള്‍ ചെയ്തുകൂട്ടുന്നു. അഞ്ചുകൊല്ലം പ്രതിപക്ഷത്തിരുന്നപ്പോള്‍ വിമര്‍ശിച്ച സംഗതികളെല്ലാം ഭരണത്തിലെത്തുമ്പോള്‍ അതേയാള്‍ ലവലേശം മടിയും നാണക്കേടും ഇല്ലാതെ പറയുന്നു, ചെയ്യുന്നു.
നമ്മുടെ പൂജനീയ പ്രധാനമന്ത്രിയുടെ കാര്യം തന്നെയെടുക്കൂ. യു.പി.എ.ഭരണകാലത്ത് ഏതോ മേഖലയില്‍ കേന്ദ്രം വിദേശ മൂലധനനിക്ഷേപം അനുവദിച്ചു. ഉടന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കമന്റ് പാസാക്കി. ''കോണ്‍ഗ്രസ് രാജ്യത്തെ വിദേശികള്‍ക്ക് കൊടുക്കുകയാണ്. മുഴുവന്‍ പാര്‍ട്ടികളും അതിന് എതിരാണെങ്കിലും സി.ബി.ഐ.യെ പേടിച്ച് ആരും എതിര്‍ത്ത് വോട്ടുചെയ്തില്ല. പിന്‍വാതിലിലൂടെ കോണ്‍ഗ്രസ് ജയം നേടിയിരിക്കുന്നു.''
2012 ഡിസംബറിലാണ് സംഭവം. ചാനലിലെ പ്രസ്താവനയോ പത്രത്തില്‍ വന്ന പ്രസംഗമോ പോലെയല്ല ട്വിറ്ററും ഫേസ്ബുക്കും. പഴയ പത്രത്തിലെ പ്രസംഗം കണ്ടെത്തുക മഹാപ്രയാസമാണ്, ചാനലിലെക്കാര്യം പറയാനുമില്ല. ഇന്റര്‍നെറ്റില്‍ ആര്‍ക്കും പോയി തിരഞ്ഞ് പ്രസ്താവന കണ്ടെത്താം. ട്വിറ്ററിലെ നരേന്ദ്രമോദിയുടെ കമന്റിന് ചുവടെ അനേകം പേര്‍ അനുകൂല അഭിപ്രായങ്ങള്‍ അന്ന് പോസ്റ്റുചെയ്തത് ഇന്നും വായിക്കാം. 'അങ്ങയുടെ മുന്നണിയോ പാര്‍ട്ടിയോ അധികാരത്തില്‍ വന്നാല്‍ ഈ തെറ്റുകള്‍ തിരുത്തണേ' എന്നാണ് അവരില്‍ ഏറെപ്പേരും എഴുതിയത്. താന്‍തന്നെ രണ്ടുവര്‍ഷത്തിനകം ഇന്ത്യന്‍ പ്രധാനമന്ത്രിയാകും എന്ന് മോദിജി ഓര്‍ത്തുകാണില്ല.

എന്തായാലും അഭിപ്രായം ഇരുമ്പുലക്കയാണ് എന്ന തത്ത്വക്കാരനല്ല അദ്ദേഹം. മിക്ക മേഖലകളിലുമുള്ള വിദേശനിക്ഷേപം നൂറു ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നു. അന്ന് വിദേശനിക്ഷേപം അനുവദിച്ച അതേ കോണ്‍ഗ്രസ്സിലെ യുവതുര്‍ക്കികള്‍ ഇപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ് സര്‍ക്കാറിനെ വിമര്‍ശിക്കുന്നുണ്ട്. ഞങ്ങളും അനുവദിച്ചിരുന്നു, പക്ഷേ, ഇത്രയൊന്നും അനുവദിച്ചിരുന്നില്ല എന്നേ അവര്‍ക്ക് വാദമുള്ളൂ. അതെ, എന്‍.ഡി.എ. സര്‍ക്കാര്‍ ആദ്യമേ പറഞ്ഞതല്ലേ, യു.പി.എ. തുടങ്ങിവെച്ച എല്ലാ നല്ല കാര്യങ്ങളും തങ്ങള്‍ പൂര്‍ണതയിലെത്തിക്കുമെന്ന്. എത്തിച്ചില്ലേ? നല്ലത് വേറെയൊന്നും കാണാത്തത് അവരുടെ കുറ്റമാണോ!.


Wednesday, 22 June 2016

പിണറായിക്ക് മാറണം, പക്ഷേ പാര്‍ട്ടിക്ക് മാറാനാവുന്നില്ല


പിണറായി വിജയന്‍ സകലരുടെയും കയ്യടി പ്രതീക്ഷിക്കുന്ന തരം ഗ്ലാമര്‍ രാഷ്ട്രീയക്കാരനല്ല. നിറഞ്ഞ ചിരിയും മധുരവചനങ്ങളും മൃദുലഭാവവും അദ്ദേഹത്തില്‍നിന്നാരും പ്രതീക്ഷിക്കുന്നില്ല. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് അദ്ദേഹം. മൂന്നുനാല് പതിറ്റാണ്ടുകളായി കൊലയും പ്രതികാരകൊലയും പതിവാക്കിയ ഒരു പ്രദേശത്ത് നിന്ന് ആ കാലത്ത് കൊണ്ടും കൊടുത്തും വളര്‍ന്നുവന്നതാണ് പിണറായി വിജയന്‍. വിജയന് അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

പാര്‍ട്ടിയും പാര്‍ട്ടിയെ പിന്തുടരുന്ന ജനവിഭാഗങ്ങളും മാത്രമായിരുന്നു മുമ്പെല്ലാം പാര്‍ട്ടിയുടെ നിയോജകമണ്ഡലം. ആ മണ്ഡലത്തില്‍ ന്യായീകരിക്കാവുന്ന എന്തും ചെയ്യാന്‍ പാര്‍ട്ടി മടിക്കാറില്ല. പാര്‍ട്ടി വളര്‍ത്തുകയാണ് പ്രവര്‍ത്തകന്റെയും ഭാരവാഹികളുടെയും ആദ്യത്തെയും അവസാനത്തെയും കടമ. പാര്‍ട്ടിയെ ആരാധനാപൂര്‍വം പിന്തുടരുന്ന ലക്ഷോപലക്ഷം അനുഭാവികുടുംബങ്ങള്‍ക്കൊന്നും ഇതിന്റെ ശരിതെറ്റുകള്‍ പ്രശ്‌നമല്ല. ആര്‍.എസ്.എസ്സുകാര്‍ കൊന്നാല്‍ തിരിച്ചുകൊല്ലണം. പൊതുസമൂഹം എന്നൊന്ന് മനസ്സിലില്ല. ആര്‍.എസ്്.എസ്സിന്റെ മനോഭാവവും വ്യത്യസ്തമായിരുന്നില്ല.

ഇത് മാര്‍ക്‌സിസ്റ്റ്, ആര്‍.എസ്.എസ് കൂട്ടരുടെ മാത്രം ഭാവമായിരുന്നില്ല. പ്ലാസ്റ്റിക് പൂക്കളുള്ള ഹാരം ചാര്‍ത്തിയ മഹാത്മാ ഗാന്ധിയുടെ ബഹുവര്‍ണ ഫേട്ടോ ചില കോണ്‍ഗ്രസ് ഓഫീസുകളില്‍ കണ്ടെന്നുവരാം, മിക്കപ്പോഴും കാണാതിരിക്കാനാണ് സാധ്യത. കൊല്ലും കൊലയും നടത്താന്‍ കഴിവോ മനസ്സോ ഇല്ലാത്ത വലിയൊരു വിഭാഗം അനുഭാവികുടുംബങ്ങള്‍ ഉള്ളതുകൊണ്ട് അവര്‍ കൊല്ലിനും കൊലയ്ക്കും മടിക്കാറുണ്ടെന്നേ ഉള്ളൂ. അവസരം ഒത്തുവന്നാല്‍ അവരും വ്യത്യസ്തരല്ല. അടിയന്തരാവസ്ഥ അതു തെളിയിച്ചതാണ്. പക്ഷേ, തുടര്‍ച്ചയായി പതിറ്റാണ്ടുകളോളും ഇത് കൊണ്ടുനടക്കാനുള്ള 'സ്റ്റാമിന' കോണ്‍ഗ്രസ്സുകാര്‍ക്ക് ഉണ്ടാകാറില്ല. എന്നുമാത്രം. ആര്‍.എസ്.എസ്സിനും സി.പി.എമ്മിനും അതുണ്ട്്.

തലശ്ശേരിയില്‍ ജീവിച്ച കാലത്തും കണ്ണൂരില്‍ ലേഖകനായിരുന്ന ഹ്രസ്വകാലത്തും ഇതിന്റെ സൈക്കോളജി കുറച്ചെല്ലാം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലതെല്ലാം കണ്ട് അത്ഭുതപ്പെട്ടിട്ടുമുണ്ട്. കണ്ണൂരിനും തലശ്ശേരിക്കും മധ്യേ മുഴപ്പിലങ്ങാട്ട്് ഒരു രാഷ്ട്രീയകൊലപാതകം റിപ്പോര്‍ട്ട്് ചെയ്യാന്‍ പോയതോര്‍ക്കുന്നു. കൊല ചെയ്യപ്പെട്ടത് ഒരു കോണ്‍ഗ്രസ്സുകാരന്‍ യുവാവാണ്. മൃതദേഹം വീട്ടില്‍ കിടക്കുന്നു. അമ്മ വാവിട്ടുകരയുന്നു. കോണ്‍ഗ്രസ്സിന്റെ ജില്ലാതലത്തിലുള്ള ഒരു നേതാവ് വന്നപ്പോള്‍ കരയുന്ന അമ്മയുടെ ഭാവം മാറി. അവര്‍ നേതാവിന് നേരെ തിരിഞ്ഞു. മോനെ കൊന്നവനെ കൊന്നിട്ട് എന്റെ പടി കടന്നാല്‍മതി എന്നവര്‍ അലറിപ്പറയുന്നുണ്ടായിരുന്നു.

തീരാത്ത പ്രതികാരബോധം


പക്ഷേ, ഇതൊരു പൊതു മനസ്സാണ് പല പ്രദേശങ്ങളിലും. പല കൊലകള്‍ക്കുശേഷും, ഇനിയെങ്കിലും കൊലകള്‍ അവസാനിക്കണം എന്ന വികാരം ഉയരുന്നില്ല. ആ അമ്മ ആഗ്രഹിച്ചതുപോലെയൊന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് പോയി സി.പി.എമ്മുകാരെ കൊല്ലുക എളുപ്പമല്ല. അതിനുള്ള സംഘടനാ സംവിധാനം ഉണ്ടാക്കിയെടുക്കുക ചെറിയ ബാധ്യതയല്ല. ചില നേതാക്കള്‍ അത്തരം സംഘങ്ങള്‍ ഉണ്ടാക്കുകയും പ്രതികാരമായും അല്ലാതെയും കൊല നടത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അധികകാലം അവര്‍ക്ക് മുമ്പോട്ട്് പോകാന്‍ കഴിയാറില്ല. മന്ത്രിയും പാര്‍ലമെന്റംഗവുമായിരുന്ന കെ.സുധാകരനാണ് കുറെക്കാലം പിടിച്ചുനില്‍ക്കാനുള്ള സ്റ്റാമിന തെളിയിച്ച ഒരു നേതാവ്. അതിന്റെ ചെറിയ ഗുണവും വലിയ ദോഷവും പാര്‍ട്ടിക്കുണ്ട്.

കൊല്ലും കൊലയുമെല്ലാം ഞാനറിയാതെ നടന്നതാണെന്ന് പിണറായി വിജയന്‍ ഒരിക്കലും പറഞ്ഞിട്ടില്ല, പറയാനുമാവില്ല. ഓരോ കൊലയും സംസ്ഥാനക്കമ്മിറ്റിയിലോ ജില്ലാക്കമ്മിറ്റിയിലോ അജന്‍ഡയില്‍ പെടുത്തിയല്ല ചെയ്യുന്നത്. അതിനുള്ള സംവിധാനം പാര്‍ട്ടിക്ക്് താഴെക്കിടയില്‍തെന്നയുണ്ട്. ഇത് നേതൃത്വത്തിനുമറിയാം. ഒരു പ്രധാന സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരകൊല, ന്യായമായ സമയം കഴിഞ്ഞിട്ടും നടക്കാഞ്ഞപ്പോള്‍  ഉടന്‍ അത് നടത്തണം എന്നാവശ്യപ്പെട്ട്് പാര്‍ട്ടിക്കാര്‍ പാര്‍ട്ടിഓഫീസില്‍ സത്യാഗ്രഹം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു കുറച്ചുകാലം മുമ്പ്.

തലശ്ശേരിക്കാര്‍ വളരെ ആത്മാര്‍ത്ഥതയുള്ളവരായതുകൊണ്ടാണ് അവര്‍ ഇങ്ങനെ കൊല നടത്തുതെന്ന് ചിന്തകനായ എം.എന്‍. വിജയന്‍ ഒരിക്കല്‍ പറഞ്ഞത് പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയാവും വിജയന്‍ മാസ്റ്റര്‍ ഉദ്ദേശിച്ചത് എന്നവര്‍ ആശ്വസിക്കുകയും ചെയ്തിരിക്കാം. പ്രതികാരബുദ്ധി മിക്ക മനുഷ്യനില്‍ ഉള്ളതാണ്. അത്യപൂര്‍വം പേരേ അതിന് കൊല നടത്താറുള്ളൂ. രാഷ്ട്രീയമായ വിരോധം തീര്‍ക്കാന്‍ കൊല നടത്തുന്നത് മൃഗീയതയിലും താഴ്ന്ന സംസ്‌കാരമാണ്. മകന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അമ്മയ്ക്ക് ഉണ്ടായത് പ്രതികാരത്തിനുള്ള താത്കാലികമായ തോന്നല്‍ മാത്രമാണ്. അതു മനസ്സിലാക്കാനാവും. പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല ചെയ്യാപ്പെട്ടാല്‍ ഇതേ പ്രതികാരബോധം ഉണ്ടാക്കുന്ന വിധത്തിലുള്ള പാര്‍ട്ടി മനസ്സും വളര്‍ത്തിയെടുക്കാവുതാണ് എന്നു തലശ്ശേരി തെളിയിച്ചിട്ടുണ്ട്. കൊലയാളിയെ അല്ല പ്രതികാരമായി കൊല്ലുന്നത്, കൊല ചെയ്തവന്റെ പാര്‍ട്ടിയില്‍ പെട്ടുപോയി എന്ന കുറ്റം ചെയ്ത നിരപരാധിയെ ആണ്. ഇങ്ങനെ എത്ര നിരപരാധികള്‍ തലശ്ശേരിയിലെ രക്തസാക്ഷി, ബലിദാനി കുടീരങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് എന്നൊരു ഗവേഷണവും ഇതുവരെ കണ്ടത്തെിയതായി അറിയില്ല.

പറഞ്ഞുതുടങ്ങിയത് പിണറായി വിജയനെക്കുറിച്ചാണല്ലോ. ഒരു കണ്ണൂര്‍ ജില്ലയേ ഉള്ളൂ കേരളത്തില്‍. മറ്റ് പതിമൂന്ന് ജില്ലകളിള്‍ കൂടിയുള്ള പാര്‍ട്ടിയെ ആണ് പിണറായി വിജയന്‍ രണ്ട് പതിറ്റാണ്ടിലേറെ നയിച്ചത്.  വണ്‍, ടു, ത്രീ എെന്നണ്ണി ശത്രുക്കളെ കൊല്ലുന്ന മണിമാര്‍ അവിടെയും ഇവിടെയും ഉണ്ടായേക്കാം. മറ്റു പാര്‍ട്ടികളിലും കണ്ടേക്കാം. പക്ഷേ, ഒരിക്കലും ഇതല്ല കേരളത്തിന്റെ പൊതുഭാവം. കൊല ശരി എന്ന് അംഗീകരിക്കുതല്ല കേരളത്തിന്റെ മനസ്സ്. രാഷ്ട്രീയത്തിന്റെ ശരി തെറ്റുകളെക്കുറിച്ച് അവര്‍ക്ക് ബോധമുണ്ട്. വിരോധം തോന്നുന്നവരെ ആസൂത്രണം ചെയ്തു കൊല്ലുന്നതും വിരോധം തോന്നിയാല്‍ സ്ത്രീകളെപ്പോലും ജയിലടപ്പിക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സമൂഹത്തിന് നേരെ ആക്രോശിക്കുന്നതും മാന്യമോ സ്വീകാര്യവുമോ ആയ രാഷ്ട്രീയപ്രവര്‍ത്തനമാണ് എന്നവര്‍ കരുതുന്നില്ല.

എങ്ങും മാധ്യമമുണ്ട്

മാധ്യമവല്‍കൃതമായ സമൂഹമാണ് ഇത്. കുറച്ച് വര്‍ഷം മുമ്പുവരെ ഇങ്ങനെ ചൂണ്ടിക്കാട്ടാറുള്ളത് ടെലിവിഷന്‍ ചാനലുകളെ മാത്രം മനസ്സില്‍ വെച്ചാണ്. പക്ഷേ, അതില്‍നിന്നും കാലം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് റോഡിലിറങ്ങുന്നവരുടെ കൈവശം ഒരു മാധ്യമപ്രവര്‍ത്തകന്റെ കൈവശമുള്ളതിലേറെ സ്‌േഫാടനശേഷിയുള്ള ആയുധങ്ങളുണ്ട്. ഒരു ടി.വി.ചാനലിലൂടെ കാണുന്നതിലേറെ ആളുകളിലേക്ക് ഒരു വീഡിയോ ദൃശ്യം എത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞേക്കും. ഒരു മാധ്യമപ്രവര്‍ത്തകന്റെയും ക്യാമറ മുന്നിലില്ലല്ലോ എന്നാശ്വസിച്ച്, പറയാന്‍ പാടില്ലാത്തത് വിളിച്ചുപറഞ്ഞ നേതാക്കള്‍ ശരിക്കും കുടുങ്ങിപ്പോയിട്ടുണ്ട്.

താന്‍ ഇപ്പോഴിവിടെ ചെയ്യുതൊന്നും വാര്‍ത്തയാവില്ല എന്നാര്‍ക്കും ഉറപ്പിക്കാന്‍ പറ്റില്ല. എല്ലാം ജനങ്ങളിലെത്താം. പുതിയ സമൂഹമാധ്യമ ക്ലിഷേ 'വൈറല്‍' ആണല്ലോ. ഒരാള്‍ ഏഴു പേരോട് ഒരു കാര്യം ഒന്നിച്ചു പറയുകയും അവരത് ഏഴു പേരോട് അപ്പംതന്നെ പറയുകയും ആ ചങ്ങല അങ്ങനെ നീണ്ടുപോവുകയും ചെയ്താല്‍ ഏഴു മിനിട്ടുകൊണ്ട് ആ വിവരം ലോകത്തെല്ലായിടത്തും എത്തും എന്നാരോ പണ്ട് പറഞ്ഞിട്ടുണ്ട്. ആരും പരീ്ക്ഷിച്ചുനോക്കിയതായി അറിയില്ല. അത് പഴയ ഇനം സാമൂഹ്യമാധ്യമമാണ്. പുതിയ മാധ്യമങ്ങള്‍ക്ക് ഏഴു മിനിട്ടുപോലും വേണ്ട ഒരു വീഡിയ ലോകത്തെമ്പാടും എത്തിക്കാന്‍.

ഒരു സംഘര്‍ഷമേഖലയില്‍ പോയി തിരിച്ചുവരുന്ന മന്ത്രി കാറിലിരുന്നുകൊണ്ട് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നു. ചാനല്‍ ക്യാമറ ഇത് കാണുന്നുണ്ട് എന്നറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ അതു ചെയ്തത് എന്നറിഞ്ഞുകൂടാ. രണ്ടായാലും അനുവദനീയമല്ല അത്. പോലീസുകാരന്‍ തെറ്റുചെയ്താലും അത് പറയേണ്ടത് ഈ രീതിയിതല്ല. ജനാധിപത്യ ഭരണസംവിധാനത്തിന്റെ അധികാരപ്രയോഗത്തിന്റെ രീതിയെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ജനപ്രതിനിധികള്‍ അറിഞ്ഞിരിക്കണം. ആരെയെല്ലാം ശാസിക്കാനും  ശിക്ഷിക്കാനും തനിക്ക് അധികാരമുണ്ട് എന്ന സാമാന്യബോധം പോലും ഇല്ലാത്തതുകൊണ്ടാണ് ഒരു വിനോദസഞ്ചാരവകുപ്പ് മന്ത്രി വഴിയില്‍ കണ്ട പോലീസുകാരനെ ശാസിച്ചത്. മറ്റൊരിടത്ത് എം.എല്‍.എ ചെയ്തതും ഇതുതന്നെ. ഇത് പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഗൗരവമേറിയ വീഴ്ചയാണ്, രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശോചനീയമായ നിലവാരമാണ്.

മന്ത്രി ആരേക്കാളും ചെറുതല്ല

സാംസ്‌കാരികമന്ത്രിയെ കാണാന്‍ സാഹിത്യഅക്കാദമി ചെയര്‍മാന്‍ വരാം. ചലചിത്രവകുപ്പുനുള്ള മന്ത്രിയെ കാണാന്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ വരാം. കൃഷിമന്ത്രിയെക്കാണാന്‍ കാര്‍ഷികസര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ വരാം. ഇവരെല്ലാം തന്റെ കീഴുദ്യോസ്ഥരാണ്, അവരെ ശാസിക്കുകയും അനുസരിപ്പിക്കാനും തനിക്ക് അധികാരമുണ്ട് എന്ന് മന്ത്രി ധരിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഇവരെല്ലാം മന്ത്രിപോലും ആരാധിക്കുന്നവരോ ആദരിക്കുന്നവരോ ആവുന്ന വിധത്തില്‍ വലിയ വ്യക്തിത്വങ്ങളാവാനും സാധ്യതയുണ്ടല്ലോ. പഴയ മന്ത്രിസഭയിലുള്ളവരുടെ കാലുപിടിച്ച് കേറിവന്നവരാവണമെന്നില്ല അവരെല്ലാം.

വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നതുകൊണ്ട് ആരും വലിയവരാകുന്നില്ല. മന്ത്രിമാര്‍ ആരേക്കാളും വലിയവരല്ല, ചെറിയവരുമല്ല. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്തതുകൊണ്ടാണ് ഒരു മന്ത്രി അധികാരമേറ്റ് അധികം നാളായിട്ടില്ല, മുഴുവന്‍ കാര്യങ്ങളും തനിക്കറിയില്ല എന്ന എളിമ പോലു ഇല്ലാതെ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ തലപ്പത്തിരിക്കുന്ന വനിതയെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പറ്റെ അഴിമതിയാണെന്നും മറ്റും ആക്ഷേപിച്ചത്. അഴിമതിയുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ ഉത്തരവ് നല്‍കി, റിപ്പോര്‍ട്ട് വന്നാല്‍ തുടര്‍ നടപടി എടുക്കുകയും ചെയ്യുക എന്നതാണ് മന്ത്രി പിന്തുടരേണ്ട ഭരണരീതി. പാര്‍ട്ടി കീഴ്ഘടകങ്ങളിലെ സഖാക്കളെ ശാസിച്ചുള്ള ശീലമായിരിക്കാം. പക്ഷേ, അതും മാറാതെ പറ്റില്ലല്ലോ.

തലശ്ശേരിയിലെ ദലിത് വനിതകളെ ജയിലിലിട്ട സംഭവം പോലും ഇതേ മനോഭാവത്തില്‍നിന്ന് ഉദയം കൊണ്ടതാണ്. പെണ്‍കുട്ടികള്‍ ദലിതുകളാണ് എന്നതല്ല പ്രശ്‌നം. അവര്‍ ആത്മഹത്യാശ്രമം നടത്തിയോ എന്നതുമല്ല പ്രശ്‌നം. പാര്‍ട്ടി ഓഫീസില്‍ കയറിവന്ന് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ രണ്ട് പെണ്ണുങ്ങള്‍ ഒരുങ്ങുകയോ എന്ന ചോദ്യത്തില്‍ നിന്നുയരുന്ന അസഹിഷ്ണുതയാണ് പ്രശ്‌നം. അവര്‍ വിറകുകൊള്ളിയുമെടുത്ത് പാര്‍ട്ടി ഓഫീസിലേക്ക് കയറിച്ചെല്ലുമെന്ന് ധരിക്കാന്‍ മാത്രം മൗഡ്യം നമുക്കില്ല. ഇങ്ങനെ രണ്ട് സ്ത്രീകളെ ജയിലിലിടീക്കുന്നത് പാര്‍ട്ടിയെക്കുറിച്ച് എന്തു പ്രതിച്ഛായയാണ് സമൂഹത്തിലുണ്ടാക്കുക എന്ന ബോധമില്ലായ്മയില്‍ നിന്ന് ഉദിക്കുന്നതാണ് പ്രശ്‌നം. എന്തെങ്കിലും ഒന്ന് വീണുകിട്ടിയാല്‍ മണിക്കുറുകള്‍ ചര്‍ച്ച നടത്താന്‍ അരഡസനിലേറെ കണ്ണുതുറന്നിരിക്കുന്നു എന്ന ബോധം വേണം പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകര്‍ക്കെങ്കിലും.

സഹിഷ്ണുത

തലശ്ശേരിയിലെ കാര്യം പോലീസിനോട് ചോദിക്കണം എന്ന ആഭ്യന്തരവകുപ്പ് കൈവശമുള്ള മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ  പ്രതികരണം ഒരു കാര്യം വ്യക്തമാക്കുന്നു. മറുപടി പറയാന്‍, ന്യായീകരിക്കാന്‍ പറ്റിയ ഒരു സംഭവമല്ല തലശ്ശേരിയിലുണ്ടായത് എന്നു മുഖ്യമന്ത്രി പരോക്ഷമായി സമ്മതിക്കുകയായിരുന്നു. പറഞ്ഞു വഷളാക്കേണ്ട എന്ന ബോധമുള്ളതുകൊണ്ടാണ,് തടിയൂരുകകയാണ് എന്ന് തോന്നിപ്പിച്ചുകൊണ്ടുതന്നെ മുഖ്യമന്ത്രി തടിയീരിയത്. ഇത് വലിയ സാമര്‍ത്ഥ്യമല്ല.

ജനസമ്മതിയുടെ പ്രതീക്ഷക്കൊപ്പം ഉയരണമെന്നും പ്രാകൃതരീതികളില്‍ നിന്ന് പാര്‍ട്ടി മോചിതമാകണമെന്നും  പരിഷ്‌കൃതസമൂഹത്തിന്റെ നിലവാരത്തിലേക്ക് രാഷ്ട്രീയരീതികളും വളര്‍ത്തണമെന്നുമെല്ലാം മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടാവാം. പാര്‍ട്ടിക്കാരും അനുയായികളും വോട്ടു ചെയ്തിട്ടല്ല ഇവിടെ ഒരു പാര്‍ട്ടിയും അധികാരത്തില്‍ വരുന്നതും ഇനി വരാന്‍ പോകുന്നതും. ഇത്തവണ ജയിപ്പിച്ചതും കഴിഞ്ഞ തവണ തോല്‍പ്പിച്ചതും ഒരേ മനുഷ്യരാണ്. അതു മറന്നാല്‍ ഉമ്മന്‍ചാണ്ടിക്കു സംഭവിച്ചതുതന്നെയാണ് പിണറായി വിജയനും സംഭവിക്കുക. സഹിഷ്ണതയുടെ നല്ല മാതൃകകള്‍ കാണിക്കാതെ എങ്ങനെയാണ് നിങ്ങള്‍ മറ്റുള്ളവരുടെ അസഹിഷ്ണതയെ നേരിടാന്‍ പോകുന്നത്്?

Sunday, 19 June 2016

അപഹാസ്യന്‍നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ ദയനീയപരാജയത്തിന് കാരണംകണ്ടുപിടിക്കാനാവാതെ കെ.പി.സി.സി. വട്ടംകറങ്ങുകയായിരുന്നു. എത്രയോവട്ടം യോഗംചേര്‍ന്നു, എത്രതവണ ഡല്‍ഹിക്കുപറന്നു, എത്രയോ ജ്യോത്സ്യന്മാരെ കാണാന്‍ പഌനിട്ടു. ഒന്നും ഫലപ്രദമായില്ല. ഒടുവിലിതാ, ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി വെള്ളാപ്പള്ളി നടേശന്‍ എന്ന തിരഞ്ഞെടുപ്പുകാര്യവിദഗ്ധന്‍ എത്തിയിരിക്കുന്നു. ഒരു ചോദ്യത്തിനുമാത്രമല്ല യു.ഡി.എഫുമായും കോണ്‍ഗ്രസ്സുമായും തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും വെള്ളാപ്പള്ളിക്ക് ഉത്തരമുണ്ട്. 

എല്ലാ ചോദ്യങ്ങള്‍ക്കും ഒരുത്തരമാണെന്ന കുഴപ്പമേയുള്ളൂ  വി.എം. സുധീരന്‍. യു.ഡി.എഫ്. ദയനീയമായി തോല്‍ക്കാന്‍ ആരാണ് കാരണക്കാരന്‍? കോണ്‍ഗ്രസ്സിന് സീറ്റുകുറയാന്‍ ആരാണ് കാരണക്കാരന്‍? ബാറുകളെല്ലാം പൂട്ടിയിടാന്‍ ആരാണ് കാരണക്കാരന്‍? വര്‍ഗീയത പെരുകാന്‍ ആരാണ് കാരണക്കാരന്‍? യു.ഡി.എഫ്. ഭരണത്തില്‍ അഴിമതിക്കാര്‍ കൊടികുത്തിവാഴാന്‍ ആരാണ് കാരണക്കാരന്‍? എല്ലാം സുധീരന്‍. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവാതിരിക്കാനും കാരണക്കാരന്‍ വി.എം. സുധീരനാണോ എന്നറിവായിട്ടില്ല. മുന്‍കാലങ്ങളില്‍, അടുത്ത തിരഞ്ഞെടുപ്പില്‍ ആരുജയിക്കുമെന്ന് ഏതാണ്ട് കൃത്യമായി പറഞ്ഞിരുന്ന വിദഗ്ധനാണ് ഈ വെള്ളാപ്പള്ളി.  എന്തുചെയ്യാന്‍പറ്റും പഴയകാലത്ത് ചില വൈദ്യന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടിലെ സകലരുടെയും രോഗത്തിന് ഒറ്റമൂലി പറഞ്ഞുകൊടുത്തിരുന്നയാളാണ്. ഒടുവില്‍ വയസ്സുകാലത്ത് വൈദ്യര്‍ ചൊറിയും ചിരങ്ങും വന്ന് അവതാളത്തിലായപ്പോള്‍ ചികിത്സയുമില്ല, ഒറ്റമൂലിയുമില്ല. ആരെവിടെ ജയിക്കും ആരുതോല്‍ക്കും എന്നെല്ലാം കാരണസഹിതം പ്രവചിച്ച വെള്ളാപ്പള്ളി സ്വന്തം വകയായി ഒരു പാര്‍ട്ടിയുണ്ടാക്കി. സാക്ഷാല്‍ നരേന്ദ്രമോദിയുടെ അനുഗ്രഹത്തോടെയും അമിത്ഷാജിയുടെ കുതന്ത്രാസൂത്രണത്തിലൂടെയും മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിപ്പോയി. ഇനി അതും വി.എം. സുധീരന്റെ വിക്രിയയാണെന്ന് പറയാത്തത്, സുധീരന്‍ കേറിയാളാകുമെന്ന് ഭയന്നിട്ടാവുമോ, എന്തോ. വെള്ളാപ്പള്ളിയും വി.എം. സുധീരനും ഒരുകാര്യത്തില്‍ തുല്യദുഃഖമനുഭവിക്കുന്നവരാണ്. രണ്ടുപേരെയും ശത്രുക്കള്‍ 'അപഹാസ്യന്‍' എന്ന് ആക്ഷേപിച്ചുകളയുന്നുണ്ട്. വെള്ളാപ്പള്ളിക്കും സുധീരനും ശത്രുക്കളുടെ കാര്യത്തില്‍ ക്ഷാമമൊട്ടുമില്ല. എമ്പാടുമുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ സുധീരന്റെ ശത്രു വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ ശത്രു സുധീരനുമാണ്. രണ്ടാളും തമ്മില്‍ യോജിപ്പുള്ള ഒരേയൊരു കാര്യം ഇതുതന്നെരണ്ടാളും അപഹാസ്യര്‍.

തിരഞ്ഞെടുപ്പ് മൂര്‍ധന്യത്തിലെത്തിനില്‍ക്കെ പാര്‍ട്ടിയുടെ അരഡസന്‍ നേതാക്കളെ ജനമധ്യത്തില്‍ അപഹാസ്യരാക്കിയെന്ന കുറ്റം സുധീരന്റെ പേരിലുണ്ട്. അവരില്‍ ചിലര്‍ തോല്‍ക്കുകയുംചെയ്തു. ചിലരെ സുധീരന്‍ ഒന്നും പറഞ്ഞില്ലെങ്കിലും തോല്‍ക്കുമായിരുന്നു എന്നത് വേറെ കാര്യം. വെള്ളാപ്പള്ളിയുടേത് ഏറെ മഹത്ത്വമുള്ള ചെയ്തിയാണ്. സവര്‍ണസംസ്‌കാരത്തിന്റെ വക്താക്കളായ സംഘപരിവാറുമായി കൂട്ടുചേര്‍ന്ന്, ശ്രീനാരായണഗുരുമുതല്‍ താഴേത്തട്ടുവരെയുള്ള സകല നവോത്ഥാന നായകരെയും പ്രവര്‍ത്തകരെയും അപഹാസ്യരാക്കിയെന്ന് വെള്ളാപ്പള്ളിയുടെ നേട്ടമായി ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞത്രെ. ഇനി ഇതിലും വലുത് എന്തെല്ലാം കാണാനിരിക്കുന്നു!

സുധീരനെ ഒരു പിന്നാക്കസമുദായത്തിന്റെ പേരുമായിച്ചേര്‍ത്ത് വെള്ളാപ്പള്ളി പറഞ്ഞതുകേട്ടു. അധമന്മാരെ പണ്ടുകാലത്ത് കീഴ്ജാതികളുടെ പേരിട്ടുവിളിക്കാറുണ്ട്. സവര്‍ണര്‍ ശ്രീനാരായണഗുരുവിന്റെ പേരുള്ള പ്രസ്ഥാനത്തിന്റെ തലവനില്‍നിന്നുതന്നെ കേള്‍ക്കണമിതും.

**  **  **

രണ്ടുപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണത്രെ സി.പി.എം. കേന്ദ്രകമ്മിറ്റി മൂന്നുദിവസം സമ്മേളിക്കുന്നത്. കേരളത്തിലെ ജയമോ പശ്ചിമബംഗാളിലെ തോല്‍വിയോ അല്ല വിഷയമെന്ന് പറയാം. പക്ഷേ, രണ്ടുമായും ചേര്‍ന്നുനില്‍ക്കുന്നതുതന്നെ. കേരളത്തില്‍ ജയിച്ചു. അതിന് കാരണക്കാരനായയാളുടെ സേവനത്തിന് എന്ത് തിരിച്ചുനല്‍കണം എന്നതാണ് കേരള വിഷയം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചുതോറ്റത്. ഹീനജാതിയാണ് ഈ കോണ്‍ഗ്രസ്. ചേര്‍ന്ന് മത്സരിക്കാന്‍തന്നെ പാടില്ലാത്തതാണ്. അതുക്ഷമിക്കാം. ഇനിയും തുടരുമത്രെ അവിടത്തെ അവിഹിതവേഴ്ച. അതിനുള്ള ശിക്ഷ നിശ്ചയിക്കണം.

കേരളത്തിലെ നേട്ടത്തിന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ വി.എസ്സിനെ പ്രശംസിച്ചിട്ടുണ്ട്. അതുതന്നെ വലിയ കാര്യമാണ്. പാര്‍ട്ടി തത്ത്വപ്രകാരം വ്യക്തികളല്ല വിജയവും തോല്‍വിയുമെന്നും ഉണ്ടാക്കുന്നത്. എല്ലാം പടച്ചവന്റെ നിശ്ചയമെന്ന് വിശ്വാസികള്‍ പറയുന്നതുപോലെയാണ് കമ്യൂണിസ്റ്റുകാരും പറയുക എന്നു ചിലര്‍ പരിഹസിക്കുമായിരിക്കും. പക്ഷേ, വ്യത്യാസമുണ്ട്. വസ്തുനിഷ്ഠ സാഹചര്യങ്ങളാണ് വിപ്ലവംപോലും അനിവാര്യമാക്കുന്നത്. അങ്ങനെ സി.പി.എം. ജയം അനിവാര്യമായിത്തീര്‍ന്നു എന്നതാണ് വാസ്തവം. പോട്ടെ, എന്നിട്ടും വി.എസ്സിനെ പ്രശംസിച്ചു. ഇനി വേണമെങ്കില്‍ എ.കെ.ജി. സെന്ററില്‍ ഒരു പൂര്‍ണമായ കളര്‍ചിത്രം സ്ഥാപിക്കാം. 'ഈ പാര്‍ട്ടിയുടെ ഐശ്വര്യം' എന്നൊരു ബോര്‍ഡും സ്ഥാപിക്കാം. അല്ലാതെ, ഭൗതികമായ സമ്മാനമോ പ്രതിഫലമോ നല്‍കുന്നത് മാര്‍ക്‌സിസത്തിന്റെ ഗ്രന്ഥങ്ങളില്‍ പറയുന്ന തത്ത്വങ്ങള്‍ക്ക് വഴങ്ങുമോ എന്ന് കേന്ദ്രകമ്മിറ്റിക്ക് ചര്‍ച്ച ചെയ്യാതെ പറ്റില്ല. എന്തായാലും രണ്ടുനാള്‍കൊണ്ട് വിവരമറിയും. പന്ത് കേരളത്തിലേക്ക് തട്ടിക്കൊടുക്കുന്നതാവും ബുദ്ധി എന്ന അഭിപ്രായവും ഉയര്‍ന്നേക്കും.

പശ്ചിമബംഗാളിലേതാണ് ഗൗരവമുള്ള പ്രശ്‌നം. നികൃഷ്ടജീവികള്‍ക്കൊപ്പം മത്സരിച്ചു. തരക്കേടില്ല, അതുവഴി അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍. കണക്കപ്പിള്ളമാരുടെ ഉപദേശംകേട്ട് എടുത്തുചാടിയതാണ്. മമതയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദുഷ്ടന്മാരുടെ നില്‍പ്പ്. ഇത്തവണ അവര്‍ ശ്രേഷ്ഠമാര്‍ക്‌സിസ്റ്റുകാര്‍ക്കൊപ്പമായി. മമതയുടെ അക്കൗണ്ടില്‍നിന്ന് അത്രയും വോട്ട് കുറയ്ക്കുകയും ഇടതുവോട്ടിനൊപ്പം കൂട്ടുകയും ചെയ്താല്‍ വിജയം സുനിശ്ചിതം. മുഖ്യമന്ത്രിയെക്കൂടി തീരുമാനിച്ച് ആഹ്ലാദചിത്തരായാണ് വോട്ടുപിടിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ അത് ചിലപ്പോള്‍ ആറാവാം. ചിലപ്പോള്‍ ഒന്നുമാവാമെന്ന് പശ്ചിമബംഗാള്‍ പാര്‍ട്ടിക്ക് ഇപ്പോഴേ മനസ്സിലായുള്ളൂ.

കേന്ദ്രകമ്മിറ്റിക്ക് രണ്ട് ചുമതലകളുണ്ട്. ബംഗാള്‍കമ്മിറ്റിയെ 'എര്‍ത്തമാറ്റിക്‌സ്' പഠിപ്പിക്കുകയാണ് ഒന്ന്. രണ്ടാമത്തേതാണ് ഗൗരവമേറിയത്. പഴയൊരു പാര്‍ട്ടികോണ്‍ഗ്രസ് തയ്യാറാക്കിയ ജാതകപ്രകാരം കോണ്‍ഗ്രസ്സുമായുള്ള ബന്ധം പാടില്ല. ആ ജാതകം മാറ്റിയെഴുതണമോ അതല്ല, ജാതകവിരുദ്ധബന്ധത്തിന് തുനിഞ്ഞവരെ അവരുടെ പാട്ടിനുപോയി തുലയാന്‍ വിടണമോ എന്ന് തീരുമാനിക്കണം. രണ്ടായാലും വിവരം രണ്ടുനാള്‍ക്കകമറിയാം. ഈ പന്ത് കൊല്‍ക്കത്തയ്ക്കുതട്ടി ഇതില്‍നിന്ന് തടിയൂരുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

**  **  **

കേരളത്തിലെവിടെയെല്ലാം ബംഗാളികളുണ്ട്, അസംകാരുണ്ട്, ഒഡിഷക്കാരുണ്ട് എന്ന് സെന്‍സസെടുക്കുകയാണ് ചില രാഷ്ട്രീയക്കാരും മാധ്യമക്കാരും. പ്രകോപനം ഒന്നുമാത്രംപെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടി അതിമൃഗീയമായി കൊലചെയ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്ന ആദ്യസംഭവമാണിത്, അന്യസംസ്ഥാനക്കാര്‍ വന്നതുകൊണ്ടുമാത്രമാണിത് സംഭവിച്ചത്, അന്യസംസ്ഥാനക്കാരെല്ലാം പീഡകരും ബലാത്സംഗവിഷയാസക്തരുമാണ് എന്നുതോന്നും വെപ്രാളംകണ്ടാല്‍. അന്യസംസ്ഥാനക്കാര്‍ ഇത്തരക്കാരാണെന്ന് പറയുമെന്നുമാത്രമല്ല, മലയാളികള്‍ ഈവിധ ദോഷങ്ങളൊന്നുമില്ലാത്ത ലോലമനസ്‌കരും സദാചാരതത്പരരും സദ്ഗുണസമ്പന്നരുമാണെന്നും പറയാതെ പറയുകയാണ് നാം.

അന്യസംസ്ഥാനക്കാരെ നാടുകടത്തുക, ഇനിവരുന്നവര്‍ക്ക് വിസ ഏര്‍പ്പെടുത്തുക എന്നുംമറ്റും ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട് നമ്മുടെ സുഹൃത്തുക്കള്‍. ഇതൊന്നും കേരളത്തിലേക്ക് കടക്കുമ്പോഴുള്ള വണ്‍വേ ട്രാഫിക് നിയന്ത്രണമാവുകയില്ലല്ലോ. അതുവേണമെങ്കില്‍ കേരളത്തിന് സ്വതന്ത്രപദവി ആവശ്യപ്പെടേണ്ടിവരും. കേരളത്തില്‍നിന്നുപോയി മറ്റിടങ്ങളില്‍ അന്യസംസ്ഥാനക്കാരാകുന്നവരുണ്ട്. മറ്റുരാജ്യങ്ങളില്‍പ്പോയി അന്യരാജ്യത്തൊഴിലാളികളാകുന്നവരുമുണ്ട്. അവരാരെങ്കിലും ഇതുപോലൊരു പ്രതിയായാലോ?Sunday, 12 June 2016

ഇനി പണി അഴിച്ചുപണി


തിരഞ്ഞെടുപ്പില്‍ തോറ്റതല്ല, എന്തുകൊണ്ടു തോറ്റു എന്നറിയാതെ നട്ടംതിരിയുന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം. ഒരാവശ്യവുമില്ല, വേറെ പണിയൊന്നുമില്ലാത്ത ആരെയെങ്കിലും അന്വേഷണകമ്മീഷനായി നിയമിച്ചാല്‍ മതി. ബാക്കിയുള്ളവര്‍ക്ക്് ഈ മഴക്കാലത്ത് വല്ല സുഖചികിത്സയ്ക്കും പോകാം. അഞ്ചുവര്‍ഷം ഭരിച്ചുതളര്‍ന്നതല്ലേ. പലവട്ടം തോല്‍വിക്കമ്മീഷന്‍ ചെയര്‍മാനായിരുന്നതാണ് എ.കെ.ആന്റണി അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയായിരുന്നു.

അല്ലെങ്കിലും ഈ തോല്‍വിയിലെന്താണ് ഇത്ര അന്വേഷിക്കാനുള്ളത്? പണ്ട് ഇ.കെ.നായനാര്‍ പറഞ്ഞതുപോലെ ' വോട്ട് ഞങ്ങള്‍ക്ക് കുറവാണ് കിട്ടിയത്. അതന്നെ കാരണം' എന്ന് കരുതാവുന്നതേ ഉള്ളൂ. എന്തുകൊണ്ടു കുറേപ്പേര്‍ വോട്ട് ചെയ്തില്ല എന്നറിയാനാണെങ്കില്‍ വോട്ടെണ്ണിത്തീരുംവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊഴികെ ആര്‍ക്കായിരുന്നു അതിലിത്ര സംശയം? പ്രതീക്ഷിക്കാത്തത് സംഭവിച്ചാലേ മനുഷ്യര്‍ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമുള്ളൂ. ഓരോ പത്തുവര്‍ഷത്തിലും സംഭവിക്കുന്നത് ഇത്തവണയും സംഭവിച്ചുവെന്ന് കരുതിയാല്‍ പ്രശ്‌നം തീര്‍ന്നു. ചര്‍ച്ചയും ബഹളവും കണ്ടാല്‍ ഇതാദ്യമായാണ് തോല്‍ക്കുന്നത് എന്നുതോന്നും. 1967ല്‍ ഒമ്പത് സീറ്റ് കിട്ടിയപ്പോള്‍ പോലും ഉണ്ടായിട്ടില്ല ഇത്ര വേവലാതിയും വെപ്രാളവും.

പ്രശ്‌നം ഹൈക്കമാന്‍ഡ് സൃഷ്ടിയാണ് എന്നാണ് തോന്നുന്നത്. തോല്‍ക്കുന്ന വാര്‍ത്ത കേട്ട് കേട്ട് മനസ് മരവിച്ചിരുന്ന സോണിയാജിയും രാഹുല്‍ജിയും കേരളത്തില്‍ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിച്ചിരിക്കാം. ഇവിടത്തെ ത്രിമൂര്‍ത്തികള്‍ അങ്ങനെ ധരിപ്പിച്ചിരിക്കാം. ഇവിടെയും സംഭവിക്കാനുള്ളത് സംഭവിച്ച ശേഷമേ ഹൈക്കമാന്‍ഡ് ഉറക്കം ഉണര്‍ന്നുളളൂ. വളരെ മോഡേണ്‍ ആയ മാനേജ്‌മെന്റ് സമ്പ്രദായമാണ് ഹൈക്കമാന്‍ഡില്‍. തോറ്റാല്‍ പോര. പ്രശ്‌നത്തിന്റെ നിര്‍വചനം, കാരണം, ആവിര്‍ഭാവം, പരിണാമം, ഫലം, വിശകലനം, പരിഹാരം, ആക്ഷന്‍ ടെയ്ക്കണ്‍ റിപ്പോര്‍ട്ട് എന്നിങ്ങനെ ഓരോന്നിനും ഫയല്‍ വേണം-കമ്പ്യൂട്ടറില്‍ മതി. ആ പണിയുടെ ഇരമ്പമാവും നമ്മള്‍ കേള്‍ക്കുന്നത്.

പരിഹാരകര്‍മത്തിലെ ഒരു ഐറ്റം, കേരളത്തിലെ തോല്‍വിക്ക് ആരുടെയെങ്കിലും തലയെടുക്കുക എന്നതാണ്. ഇതിന് ബലിയാട് എന്നുപറയും. സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമായ കീഴ്‌വഴക്കമാണ്. ഒറ്റയ്ക്ക് രാജ്യം ഭരിച്ച കക്ഷിയുടെ സീറ്റ് 44 ആയി കുറഞ്ഞാലും അവിടെ ആരുടെയും തലയും വാലും ഒന്നും എടുക്കില്ല. ഇവിടെ തല വേണം. നരയില്ലാത്ത തലയാണെങ്കില്‍ ബെസ്റ്റ്. വോട്ടെണ്ണിയതു മുതലേ ഉമ്മന്‍ചാണ്ടി തലയും നീട്ടി നില്‍പ്പാണ്, ഇതാ എടുത്തോ എന്നുപറഞ്ഞുകൊണ്ട്. എന്നിട്ടും വിട്ടില്ല അനുയായിസംഘം. പ്രതിപക്ഷനേതാവാക്കാന്‍ നോക്കി. വഴങ്ങിയില്ല. യു.ഡി.എഫ് ചെയര്‍മാന്‍ ആക്കാനായി അടുത്ത യജ്ഞം. അതിനും വഴങ്ങിയില്ലത്രെ. ഹൈക്കമാന്‍ഡ് ആണിനി ഇക്കാര്യം തീരുമാനിക്കുക. വഴങ്ങിപ്പിക്കാനാണത്രെ തിമൂര്‍ത്തികളെ ഡല്‍ഹിക്ക് വിളിച്ചത്. ഇത്തരം ധൂര്‍ത്തിനൊക്കെ കുറച്ചുകാലം കൂടി കാശ് കാണുമായിരിക്കും.

കേരളത്തിലെ നേതാക്കള്‍ക്ക് ഇതിലൊന്നുമല്ല, അഴിച്ചുപണിയിലാണ് താല്‍പര്യം. പണ്ട്  പ്രതിഛായ, നേതൃമാറ്റം എന്നെല്ലാം പറഞ്ഞിരുന്ന ഏര്‍പ്പാടിന്റെ പുതിയ പേരാണ് ഇത്. അഴിച്ചുപണി വല്ലാത്തൊരു പണിയാണ്. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുക എന്നതാണ് ഇതിന്റെ മലയാളം. നല്ലൊരു ഗ്രൂപ്പുപോലുമില്ലാത്ത സുധീരനെ രാഹുല്‍ഗാന്ധി ഇറക്കിയത് ലോക്‌സഭ-നിയമസഭാ വോട്ടെടുപ്പുകളില്‍ ഗുണം കിട്ടുമെന്നു വിചാരിച്ചാണ്. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഒരുവിധം ഒപ്പിച്ചതു കൊണ്ട് ഒന്നും ചെയ്യാനായില്ല. നിയമസഭയില്‍ തോറ്റു,. നല്ല ചാന്‍സ്, സുധീരനെ താഴെയിറക്കാം. ഡി.സി.സി.പ്രസിഡന്റുമാരെ മാറ്റിക്കാം. വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് അഞ്ചുവര്‍ഷം ഇനി ഇത്തരം സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം. 2021 ആവുമ്പോഴേക്ക് ആടു കിടന്നേടത്ത് പൂട പോലും കാണരുത്.
                               ****

കേരളത്തിലെ യു.ഡി.എഫിന്റെ അവസ്ഥയിലാണ് പ.ബംഗാളിലെ ഇടതുപക്ഷം.  ഇടതുപക്ഷം എന്നു വിളിക്കുന്നത് ആ പക്ഷത്തിന്റെ ശൈലീപുസ്തകംപ്രകാരം ശരിയാണോ എന്നറിയില്ല. യു.ഡി.എഫ് നയിക്കുന്ന കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കി എല്‍.ഡി.എഫ് കേരളത്തില്‍ മത്സരിച്ചാല്‍ എങ്ങനെയിരിക്കും? അതാണ് പ.ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥ.

അവരുടെ ഹൈക്കമാന്‍ഡ് അഥവാ പൊളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്്. കോണ്‍ഗ്രസ്സുമായി സഖ്യം, അല്ലെങ്കില്‍ ധാരണ, അല്ലെങ്കില്‍ നീക്കുപോക്ക് അതും അല്ലെങ്കില്‍…. അവിഹിതബന്ധം ഉണ്ടാക്കിയത് ശരിയോ, സംഭവം ഇനിയും തുടരണോ എന്ന് ചര്‍ച്ച ചെയ്യാനാണ് പൊളിറ്റ്ബ്യൂറോക്രാറ്റുകള്‍ അടിയന്തരമായി സമ്മേളിക്കുന്നത്.

കേരളത്തിലെ യു.ഡി.എഫിനെ നയിക്കുന്നു എന്നതല്ല കോണ്‍ഗ്രസ്സിന്റെ അയോഗ്യത. ഇവിടെ യു.ഡി.എഫിലുള്ള രണ്ട് കക്ഷികള്‍- ആര്‍.എസ്.പി.യും ഫോര്‍വേഡ് ബ്ലോക്കും-പ.ബംഗാളിലെ ഇടതുമുണിയില്‍ ഉണ്ടായിരുന്നു...ഇപ്പോഴുണ്ടോ ഇല്ലയോ എന്ന് അവര്‍ക്കേ അറിയൂ. കോണ്‍ഗ്രസ് ശുദ്ധ മുതലാളിത്ത പാര്‍ട്ടിയാണ്, നമ്മുടെ പഴയ കിത്താബുകള്‍ പ്രകാരം. കിത്താബില്‍ പറഞ്ഞതിനപ്പുറം ഒന്നും ചെയ്യാനാവില്ല പി.ബി.ക്ക്.

സി.പി.എമ്മും കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയാല്‍ ഭരണം കിട്ടുമെന്നൊക്കെ പ്രതീക്ഷിച്ചതാണ്. സംഭവിച്ചില്ല. വേറൊരബദ്ധം സംഭവിക്കുകയും ചെയ്തു. മുപ്പത്തിനാലു വര്‍ഷം സംസ്ഥാനം ഭരിച്ച സി.പി.എമ്മിനേക്കാള്‍ സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടി. പിളര്‍ന്നുപോയ തൃണമൂലന്മാര്‍ കിടിലന്‍ ജയം ജയിച്ചപ്പോഴാണ് രണ്ടാം സ്ഥാനം പോലും ഇല്ലാതെ പോയത്. പക്ഷേ, ഇതിന്റെ അഹംഭാവമൊന്നും സഖാക്കള്‍ക്കില്ല. കോണ്‍ഗ്രസ്സുമായി ധാരണ തുടരണം എന്നുതന്നെയാണ് അവരുടെ ആഗ്രഹം. യെച്ചൂരിക്കും കാരാട്ടിനുമൊന്നും ഇതൊന്നും മനസ്സിലാവുന്നുമില്ല.

                                                                   ****

പാര്‍ട്ടിപ്പണിയില്‍നിന്ന് മന്ത്രിപ്പണിയിലേക്ക് ഒരുപാട് ദൂരമുണ്ട്. ചിലര്‍ക്കത് മനസ്സിലാകാന്‍ സമയമെടുക്കും. ഐ.എ.എസ് കിട്ടിയാലും ജോലിക്ക് കയറണമെങ്കില്‍ 103 ആഴ്ചക്കാലം കടുത്ത പരിശീലനം നേടണം. ഐ.എ.എസ്സുകാരെയും ഭരിക്കുന്ന മന്ത്രിപ്പണിക്ക് അര മണിക്കൂര്‍ പരിശീലനം പോലും വേണ്ട. എന്തുപരിശീലനം, എല്ലാം അറിയും എന്ന ഭാവമാണ് ചിലര്‍ക്ക്. പഞ്ചായത്ത് പ്രസിഡന്റുപോലും ആകാതെ ചിലരെല്ലാം മന്ത്രിപദവിയിലെത്തുന്നുണ്ട്.

ഒരു മന്ത്രി ടെലിവിഷന്‍ ക്യാമറക്കാര്‍ക്ക് ചിത്രീകരിക്കാന്‍ പാകത്തിലാണ് കാര്‍ നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥനെ ആളുകളുടെ മധ്യത്തില്‍വെച്ച് ശാസിച്ചത്. പൊലീസ് മന്ത്രി ചെയ്യില്ല ഇങ്ങനെ. പൊലീസുദ്യോഗസ്ഥന് ആജ്ഞ നല്‍കേണ്ടത് മേലുദ്യോഗസ്ഥനാണ്. കാറില്‍ വഴിയേ പോകുന്ന ടൂറിസം മന്ത്രിയല്ല.

കാണാന്‍ ചെന്നപ്പോള്‍ വകുപ്പുമന്ത്രി ശാസിച്ചു, മോശമായി പെരുമാറി, പരുക്കനായി സംസാരിച്ചു എന്നെല്ലാം  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  പരാതിപ്പെട്ടിരിക്കുന്നു. തെറ്റിദ്ധാരണയാകാം. മന്ത്രി ചാനല്‍ ലേഖകരോട് പറയുന്നത് കേട്ടാല്‍പ്പോലും തോന്നുക, ഇനി അടുത്തത് അടിയാണ് എന്നാണ്. അത്ര നല്ല പെരുമാറ്റമാണ്. മാറ്റാന്‍ പറ്റില്ല. വിമാനത്തിലോ ബസ്സിലോ എന്ന് തീരുമാനിക്കേണ്ടത് സഞ്ചരിക്കുന്ന ആളാണ്. അതിന്റെ കാശ് സര്‍ക്കാര്‍ ഫണ്ടില്‍നിന്നാണോ കൊടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്. അതിന് നിയമവും വകുപ്പുമുണ്ട്. ഉണ്ടെങ്കില്‍ കൊടുക്കും ഇല്ലെങ്കില്‍ ഇല്ല. ഇതില്‍ ഉപദേശത്തിന്റെയും ശാസനയുടെയും പ്രശ്‌നമില്ല. ശാസിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  എല്‍.പി.സ്‌കൂള്‍ കുട്ടിയുമല്ല. പത്മശ്രീ ഉള്‍പ്പെടെയുള്ള ഉന്നത ബഹുമതികളും അന്താരാഷ്ട്ര പ്രശസ്തിയുമുള്ള വ്യക്തികള്‍ ഇത്തരം പല സ്ഥാപനങ്ങളുടെയും അദ്ധ്യക്ഷന്മാരായുണ്ട്. അവരൊന്നും ആര്‍ക്കും താഴെയല്ല.

പിന്നെ അഴിമതി. കണക്കുനോക്കാന്‍ സര്‍ക്കാര്‍ ഓഡിറ്റര്‍മാര്‍ തലങ്ങും വിലങ്ങും പോകുന്നുണ്ട്. ക്രമക്കേടൊക്കെ അവരും നോക്കും. അഴിമതിയുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ നിയമമുണ്ട്. ശാസിക്കാനും ഉപദേശിക്കാനും നിയമത്തില്‍ വകുപ്പില്ല. കെ.എം.മാണിയെയും കെ.ബാബുവിനെയുമെന്നും ശാസിക്കാനും ഉപദേശിക്കാനും പോയില്ലല്ലോ...ഭാഗ്യം.
                                ****
                                                                                 
വി.എസ്്. അച്യുതാനന്ദന്‍ മൗനവ്രതത്തിലാണ്. മുമ്പാണെങ്കില്‍ വേറെ ഒന്നും പറയാനില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെടാമായിരുന്നു. ഇപ്പോള്‍ അതും വയ്യ. മുഖ്യമന്ത്രിയെ ഉപദേശിക്കാമെന്ന് ആഗ്രഹിച്ചാല്‍ അതിനും വകുപ്പില്ല. വി.എസ്സിന്റെ പദവിക്കാര്യം ആലോചിക്കുന്നേ ഇല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പദവികള്‍ സ്വയം നേടാനുള്ളതാണ്, ആരെങ്കിലും എടുത്തുകൊടുക്കുന്നതല്ല എന്നദ്ദേഹം പറഞ്ഞില്ലെങ്കിലും അതായിരുന്നു ധ്വനി. നേടിയ ഒരു പദവിയേ ഉള്ളൂ. അത് മലമ്പുഴയിലെ എം.എല്‍.എ പണിയാണ്. അതദ്ദേഹം ചെയ്യുന്നുണ്ടാവണം.

'വിജയാ'നന്തര കാലത്ത് ഏറെ ചര്‍ച്ച നടന്നത് വി.എസ്സിന്റെ പദവിയെക്കുറിച്ചാണ്. പക്ഷേ, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ വി.എസ്സിന് ഒരു പദവിയും ഇല്ലാതിരിക്കുന്നതും ഈ കാലത്തുതന്നെ. 1980 ല്‍ സംസ്ഥാന സിക്രട്ടറിയായ ശേഷം തിരഞ്ഞെടുപ്പ് ജയിച്ചിട്ടും പദവിയില്ലാതിരുന്നത് ഇപ്പോള്‍ മാത്രം. വി.എസ്സിന്റെ കാര്യം ഇങ്ങനെ ശരിയാക്കും എന്നു ഓര്‍ത്തതേയില്ല.Sunday, 5 June 2016

നിയമസഭാ നാട്യങ്ങള്‍
സ്പീക്കര്‍ സ്ഥാനത്തേക്ക് വെറുതെ മത്സരിച്ച് യു.ഡി.എഫുകാര്‍ നിയമസഭയുടെ സമയം പാഴാക്കുന്നതെന്തിന് എന്ന് ആദ്യം സംശയം തോന്നിയിരുന്നു. 91 സീറ്റുണ്ട് ഇടതുപക്ഷത്തിന്. എതിരാളികള്‍ ചെന്ന് ബുത്ത് പിടിച്ചാല്‍പ്പോലും അവരുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനാവില്ല. സ്പീക്കറാവാന്‍ പോകുന്ന ആളെക്കുറിച്ചൊട്ടും അഭിപ്രായവ്യത്യാസവുമില്ല. പിന്നെയെന്തിന് ഈ എതിര്‍പ്പുനാട്യം?  തോന്നല്‍ അബദ്ധമാണ് എന്ന് വോട്ടെണ്ണിക്കഴിഞ്ഞപ്പോഴേ മനസ്സിലായൂള്ളൂ. 

യൂ.ഡി.എഫിന്റെ വോട്ടില്‍ ഒന്നുചോര്‍ന്നു. ഈ മഴയത്ത് എവിടെയാണ്് ചോരാത്തത്? യു.ഡി.എഫിന്റെ ജനപ്രതിനിധികളില്‍, കിട്ടിയ ആദ്യ ചാന്‍സിനുതന്നെ കാലുവാരുന്ന മഹാന്മാരുണ്ടെന്ന് മനസ്സിലായി. ഹേ... അതൊന്നുമല്ല, ആര്‍ക്കോ അബദ്ധം പറ്റിയതാണ് തിരുത്താന്‍ ശ്രമിക്കുന്നുണ്ട് നേതാക്കള്‍. തിരുത്താം. കാലുവാരിയതല്ല. അബദ്ധംപറ്റിയതാണ്. വോട്ട് ചെയ്യാനുള്ള വിവരംപോലും ഇല്ലാത്ത ജനപ്രതിനിധിയുണ്ട് കൂട്ടത്തിലെന്ന് ധരിച്ചാല്‍മതി. വെറുതെ വോട്ടെടുപ്പ് ഉണ്ടാക്കിയതുകൊണ്ട് അങ്ങനെയൊരു ഗുണമുണ്ടായല്ലോ. 
 
വേറെയും ഗുണങ്ങളുണ്ട്. ഏകകണ്ഠമായി സ്പീക്കറെ തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ സഭയില്‍ അംഗങ്ങള്‍ത്തമ്മില്‍ വലിയ സൗഹൃദമാണ്, സാഹോദര്യമാണ്, തേങ്ങാക്കുലയാണ് എന്നൊക്കെ ജനം ധരിച്ചുകളയുമായിരുന്നു. ഇല്ല അങ്ങനെ യാതൊരു സൗഹൃദവുമില്ല. സഭയിലെന്നല്ല, റോഡില്‍കണ്ടാല്‍ത്തന്നെ തരംകിട്ടിയാല്‍ കൈവെക്കും. ബഹുമാനപ്പെട്ട സ്പീക്കര്‍ എന്ന് അംഗങ്ങളും ബഹുമാനപ്പെട്ട മെമ്പര്‍ എന്ന് സകലരും പരസ്പരം പ്രസംഗത്തില്‍ ബഹുമാനിക്കുമെങ്കിലും ഒരു ബഹുമാനവും സത്യത്തിലില്ല. കഴിഞ്ഞ സഭയില്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പുറപ്പെട്ടപ്പോള്‍ അതുകണ്ടതാണല്ലോ. അന്ന് സ്പീക്കര്‍ ശക്തന്‍ വക വേദോപദേശവും സമാധാനാഹ്വാനവും ആത്മനിയന്ത്രണോപദേശവും തുരുതുരെ ഉണ്ടായിരുന്നു. 

ശ്രീരാമനും ശ്രീകൃഷ്ണനും പേരില്‍തന്നെയുള്ള ആള്‍ അന്ന് സമാധാനമുണ്ടാക്കാനൊന്നും പോകുന്നതുകണ്ടില്ല. ഇനി അങ്ങിനെ ആവില്ല പെരുമാറ്റം.  ശ്രീരാമനും കൃഷ്ണനും ഒന്നിച്ചുണരും. സമാധാനം, സഹവര്‍ത്തിത്വം, സഹിഷ്ണുത തുടങ്ങിയ സദ്ഗുണങ്ങളെല്ലാം ഒന്നിച്ചു കളിയാടുന്ന സഭ ഉണ്ടാകാനാണ് ഒ.രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ടുചെയ്തത്. ബി.ജെ.പി.യിലെ ഹിന്ദുത്വവാദികളൊന്നും കാണാത്തത് രാജഗോപാല്‍ കണ്ടു. രാജഗോപാല്‍ തനിച്ചല്ല, നാലഞ്ച് താമര കൂടി വിരിഞ്ഞിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? അവര്‍ കേമമായി കൂടിയാലോചിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനമെടുത്ത് പി.സി.ജോര്‍ജിനൊപ്പം കാന്റീനിലേക്ക് പോവുമായിരുന്നു. ഈശ്വരാധീനം എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

അതിനിടെ, ഒ.രാജഗോപാല്‍ സി.പി.എമ്മിന് വോട്ടു ചെയ്തതറിഞ്ഞ് ലോകം ഞെട്ടിത്തെറിച്ചു. ഉത്തര ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കല്ലറയില്‍ കാള്‍ മാര്‍ക്‌സ് ഞെളിപിരികൊണ്ടതായും റിപ്പോര്‍ട്ടുണ്ട്. സംഘപരിവാറിന്റെ ഈ മാര്‍ക്‌സിസ പ്രണയം ഇന്നലെ തുടങ്ങിയതല്ല. കോണ്‍ഗ്രസ്സുമായി അവിഹിതബന്ധമുണ്ടാക്കി സി.പി.എം.സുഖിച്ചിരുന്ന യു.പി.എ. കാലമോര്‍ക്കുന്നുണ്ടാവുമല്ലോ. അന്നത്തെ ലോക്‌സഭാസ്പീക്കര്‍ ആരായിരുന്നു?  സോമനാഥ് ചാറ്റര്‍ജിക്ക് പിന്തുണ നല്‍കി ബി.ജെ.പി.. അവര്‍ക്കും നിര്‍ത്താമായിരുന്നു ഒരു സജീന്ദ്രനെ. അതുകൊണ്ടു പാര്‍ലമെന്റിനോ യു.പി.എ.ക്കോ ബി.ജെ.പി.ക്ക് പോലുമോ ദോഷമൊന്നുണ്ടായില്ല. ശ്ശി ദോഷം സി.പി.എമ്മിനുണ്ടായി. അതുവേറെ കാര്യം. 

വേണ്ട എന്നു പറഞ്ഞാലും ബലാല്‍വോട്ട് ചെയ്ത് ചെന്നിത്തലയെ കുളത്തിലിറക്കാമായിരുന്നു രാജഗോപാലിന്. എന്താകുമായുന്നു സി.പി.എമ്മിന്റെ പരിഹാസം! എന്തായാലും രാജഗോപാല്‍ അങ്ങിനെ ചെയ്യില്ല. സ്‌നേഹമുള്ള ആളാണ്. നേമത്ത് ജയിച്ചതുതന്നെ യു.ഡി.എഫുകാരുടെ വോട്ടുകൊണ്ടാണ്. അല്ല. അറിഞ്ഞുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കാലുവാരി എന്നല്ല പറഞ്ഞത്. എം.എല്‍.എ.മാരില്‍ ഒരാള്‍ക്ക വോട്ടുതെറ്റിയെങ്കില്‍ സാദാ കോണ്‍ഗ്രസ് വോട്ടര്‍മാരുടെ സ്ഥിതിയെന്താണ്? പതിനായിരത്തിനെങ്കിലും അബദ്ധം പറ്റിക്കാണും. പറ്റിയത് പറ്റി എന്ന് പറഞ്ഞാല്‍മതിയല്ലോ. 
                                                                                         ****
ഡി.ജി.പി. സെന്‍കുമാറിനെ എന്തിന് മാറ്റി? ചോദ്യംകേട്ടാല്‍ത്തോന്നും എന്തെങ്കിലും കാരണമുണ്ടെങ്കിലേ വകുപ്പ് മേധാവികളെ മാറ്റൂ എന്ന്. മാറ്റണം എന്ന് തോന്നി എന്നതാണ് കാരണം. മാറ്റണമെന്ന് ഭരണാധികാരിക്ക് തോന്നുന്നെങ്കില്‍ അത് ഭരണാധികാരിയുടെ കുറ്റമല്ല, ആളുടെ കുറ്റമാണ് എന്ന് ഇക്കാലമായിട്ടും മനസ്സിലായിട്ടില്ലേ? 

എന്തായാലും ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്തേണ്ടതുണ്ട്. പിണറായി വിജയന്റെ തീരുമാനങ്ങള്‍ വ്യാഖ്യാനിക്കും മുമ്പ് ജ്യോത്സ്യ•ാരെ ആരെയെങ്കിലും കണ്ട് സംഭവത്തിന്റെ ക്ലൂ മനസ്സിലാക്കണം. ഇല്ലെങ്കില്‍, സെന്‍കുമാറിന്റെ മാറ്റത്തെ കണ്ടതുപോലിരിക്കും. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നരേന്ദ്രമോദിയെ കണ്ടപ്പോള്‍ കിട്ടിയ രഹസ്യനിര്‍ദ്ദേശമനുസരിച്ചാണ് ബെഹ്‌റയെ ഡി.ജി.പി. ആക്കിയതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ടെത്തിയത്. നിരപരാധികളെ കൊന്ന കേസ്സില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും പൊലീസ് മന്ത്രി അമിത് ഷാജിയെയും രക്ഷിച്ചതിനുള്ള പ്രതിഫലമത്രെ ഈ പോസ്റ്റ്. കേന്ദ്രത്തില്‍ കിടിലന്‍ തസ്തിക കൊടുക്കുന്നതിന് പകരം പിണറായിയുടെ ചെവിയില്‍ മന്ത്രിച്ചാണ് ബെഹ്‌റയെ ഡി.ജി.പി. ആക്കിയത്. അത് കണ്ടുപിടിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ വെറും എം.പി. ആയിരിക്കാം. പണ്ട് ആഭ്യന്തരവകുപ്പില്‍ തലയിടാന്‍ അധികാരമുള്ള മന്ത്രിയായിരുന്നു. അല്ലെങ്കില്‍ ഇത്തരമൊരു രഹസ്യം അറിയാന്‍ ഒരു വഴിയും കാണുന്നില്ല.  

നേരെ വിപരീതമാണ് ബി.ജെ.പി.നേതാവ് പി.കെ.കൃഷ്ണദാസ് പറയുന്നത്. മതതീവ്രവാദികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണത്രെ പിണറായി വിജയന്‍ ടി.പി.സെന്‍കുമാറിനെ മാറ്റിയത്. 

രണ്ടും ചേര്‍ത്ത്, മതതീവ്രവാദികളെ തൃപ്തിപ്പെടുത്താനാണ് പ്രധാനമന്ത്രി ഡി.ജി.പി.യെ മാറ്റിച്ചതെന്ന് ആരെങ്കില്‍ വ്യാഖ്യാനിച്ചേക്കുമോ? കലികാലമാണ്...എന്താണ് പറഞ്ഞുകൂടാത്തത്?
                                                                                                                                                                                                                                       ****
അവസാനകാലത്ത് യു.ഡി.എഫ് മന്ത്രിസഭ ധൃതിപ്പെട്ട് പലതും ചെയ്യുകയുണ്ടായി. നേരം പുലര്‍ന്നതും ആളുകള്‍ വഴിയെ പോയിത്തുടങ്ങിയതും ധൃതി കാരണം കണ്ടില്ല. ഏതെല്ലാമോ ഫയലുകളില്‍ ഒപ്പുവെച്ചു. ചിലതെല്ലാം ജനം കേട്ടുഞെട്ടി. അതുകൊണ്ടാണ്, ഇങ്ങനെ ഒപ്പിട്ട ഫയലുകളെക്കുറിച്ച് ഒരു ഗവേഷണത്തിന് ഇടതുമന്ത്രിസഭ ഉത്തരവിട്ടത്. 

ക്വിക്ക് വെറിഫിക്കേഷനില്‍ കണ്ടത്, പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ടെന്നാണ്. തൊള്ളായിരം ഫയലുകളില്‍ ഇങ്ങനെ തീരുമാനമെടുത്തിട്ടുണ്ടത്രെ. തൊള്ളായിരം...നൈന്‍ ഹണ്‍ഡ്രഡ്! വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ എ.കെ.ബാലന്‍ കണ്‍വീനറായ ഉപസമിതിക്ക് അതോടെ തലകറക്കം അനുഭവപ്പെട്ടിരിക്കണം. അവര്‍, വിശദവിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന പണി ചീഫ് സിക്രട്ടറി വിജയാനന്ദിന്റെ ചുമലിലാക്കി തടിയൂരി. 

ഇതിനൊരു കമ്മീഷന്‍ ആവശ്യമാണ്. വല്ല മുന്‍ മുഖ്യമന്ത്രിയുമാണെങ്കില്‍ അസ്സലായി. അഞ്ചുവര്‍ഷകാലാവധിയും കൊടുക്കാം. അടിയന്തരാവസ്ഥയിലെ അതിക്രമം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഷാ കമ്മീഷന്‍ പോലെയോ ദക്ഷിണാഫ്രിക്കയില്‍  നെല്‍സണ്‍ മണ്ഡേല നിയോഗിച്ച ട്രൂത്ത് കമ്മീഷന്‍ പോലെയോ ആയിക്കൊള്ളട്ടെ.... ഉമ്മന്‍ചാണ്ടി അതിക്രമ കമ്മീഷന്‍ എന്നാവാം പേര്... മന്ത്രിപദവി നിര്‍ബന്ധം. എന്താ?

Saturday, 4 June 2016

വി.എം.കൊറാത്ത് അനുസ്മരണം

പത്രപ്രവര്‍ത്തനരംഗത്ത് ഞാന്‍ ഗുരുവായി കണക്കാക്കുന്ന, മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായിരുന്ന വി.എം.കൊറാത്തിന്റെ പതിനൊന്നാം ചരമദിനത്തില്‍ ഇന്നലെ കോഴിക്കോട്ട് തപസ്യ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണപ്രഭാഷണം നടത്തി. പ്രസംഗം ഇന്ന് പൂര്‍ണരൂപത്തില്‍ ജന്മഭൂമി ദിനപത്രം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ജന്മഭൂമി പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു.
04.05.2016

Friday, 3 June 2016

Newseum launches campaign against threats to journalists


The Newseum in Washington D.C, the biggest news museum has announced that, no newspapers will be displayed in the Today's Front Pages exhibit outside the building on Pennsylvania Avenue, inside the Newseum or online at newseum.org, on Monday, June 6.  In their place will be blacked-out pages featuring the hashtag #WithoutNews, part of a campaign to raise awareness of the threats to journalists around the world. The blacked-out "front pages" will be on display until the following morning.

Newseum has appealed to 1200 news organizations around the world, approximately 1,200 newspapers that regularly submits its front page to the Newseum,  for participation in this #WithoutNews campaign.  They are making available a series of print and digital ads in a variety of sizes for download and publishing. Newseum will publish the June 6 front page on June 7.


Mathrubhumi is the only Malayalam newspaper that has it’s front page every day on Newseum.
 For details http://www.newseum.org/withoutnews/ads/
.