Sunday, 31 July 2016

കോടിയേരിയുടെ കൊടിമാറ്റംകോടിയേരി ബാലകൃഷ്ണന് ചില ദോഷങ്ങളുണ്ട്, ആളുകളോട് ചിരിച്ചുസംസാരിക്കുന്നു. വല്ലതും കേള്‍ക്കുംമുമ്പേ ക്ഷോഭിക്കുന്നില്ല, തല്ലുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നില്ല. ചുരുക്കത്തില്‍ ആള്‍ക്ക് വിപ്ലവം പോരാ. കണ്ണൂരുകാര്‍ അങ്ങനെയായാല്‍ മതിയോ?
അധികാരം കൈയില്‍ക്കിട്ടിയാല്‍ ഏതുവിപ്ലവകാരിയും ഒന്ന് തണുക്കുമെന്നതാണ് അനുഭവം. തലശ്ശേരി എം.എല്‍.എ.യായിരുന്ന കാലത്തെ കോടിയേരിയല്ലല്ലോ ആഭ്യന്തരമന്ത്രിയായ കോടിയേരി. എന്തൊരു വ്യത്യാസം!

ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ സി.പി.എമ്മും ആകമാനം ഒരു കോടിയേരിയായിപ്പോകുമോ എന്ന ഭയം പാര്‍ട്ടിക്കാര്‍ക്ക്പ്രത്യേകിച്ച് കണ്ണൂര്‍ പാര്‍ട്ടിക്കാര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. അതേ സംഗതി ശത്രുക്കളില്‍ പ്രതീക്ഷയാണ് ഉളവാക്കുക. ഈ പ്രതീക്ഷയോടെയല്ല പയ്യന്നൂരില്‍ ആര്‍.എസ്.എസ്സുകാര്‍ സി.പി.എമ്മുകാരനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത് എന്നാര്‍ക്ക് പറയാനാവും?

ഈ പശ്ചാത്തലത്തിലാണ് പയ്യന്നൂര്‍ പ്രസംഗത്തില്‍ കോടിയേരി കുറേ പഞ്ച് ഡയലോഗുകള്‍ ഫിറ്റുചെയ്തത്. ഇത്തരം ഡയലോഗുകള്‍ കാലം കുറേയായി കണ്ണൂരുകാര്‍ കേള്‍ക്കുന്നതാണ്. പയ്യന്നൂര്‍ കുറേ ദൂരെയാണ്. അവിടെ ഇതൊന്നും പതിവുള്ളതല്ല. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ പ്രദേശങ്ങളാണ് കൊലവിളിയുടെ അരങ്ങ്. കൊല്ലും എന്നൊരുത്തര്‍ പറഞ്ഞാല്‍, കൊന്നുകുഴിച്ചിടും എന്ന് മറ്റവര്‍ പറയും. കൊന്നുകുടല്‍മാല പുറത്തിടും എന്ന് വേറൊരുത്തന്‍ ഡയലോഗ് പരിഷ്‌കരിക്കും.

തലശ്ശേരിയില്‍ പണ്ട് രണ്ടുറൗണ്ട് കൊല കഴിഞ്ഞശേഷം വിളിച്ചുകൂട്ടിയ സമാധാനസമ്മേളനത്തിനിടയില്‍ ആരോ മുഖ്യമന്ത്രി കെ. കരുണാകരനോട്, ഇരുകൂട്ടരുടെയും പ്രസംഗം തീവ്രമാണെന്നും അത് മിതപ്പെടുത്താന്‍ നടപടിവേണമെന്നും പറഞ്ഞത് ഓര്‍മയുള്ളവര്‍ കാണും. ''പ്രസംഗത്തില്‍ എന്തെല്ലാം പറയും, ഞാനും അങ്ങനെ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗത്തിലാവാം. പക്ഷേ, കൊല്ലരുത്'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രസംഗം കേട്ടൊന്നും ആരും കൊല്ലാന്‍ പോകില്ലെന്ന് തീപ്പൊരി പ്രസംഗക്കാര്‍ക്കെല്ലാമറിയാം. ചില ജീവികള്‍ ചില രീതിയില്‍ ചില വികാരങ്ങള്‍ അടക്കി വെക്കുന്നതുപോലൊരു ടെക്‌നിക്കാണ് പലര്‍ക്കും പ്രസംഗം. പ്രസംഗിക്കുന്നവര്‍ കൊല്ലാന്‍ പോകുന്ന പതിവില്ല, കൊല്ലുകാര്‍ വലുതായി പ്രസംഗിക്കാറുമില്ല. രണ്ടും വശമുള്ളവരും കാണും. കോടിയേരി ഒരു ചെയ്ഞ്ചിന് വെള്ളക്കൊടി മാറ്റിപ്പിടിച്ച് ഒരു ജയരാജനായതാവും.

അല്ലെങ്കിലും കോടിയേരി പ്രസംഗിച്ചതിലെന്താണ് പിശക്? കൊല്ലാന്‍ വന്നവര്‍ വന്നരൂപത്തില്‍ തിരിച്ചുപോകരുത്, വയലിലെ പണിക്ക് വരമ്പത്ത് കൂലി, വിത്തുഗുണം പത്തുഗുണം, ആളേറിയാല്‍ പാമ്പും ചാകില്ല തുടങ്ങിയ പഴഞ്ചൊല്ലുകള്‍ ഉരുവിടുന്നത് കുറ്റമാണോ?  കൊല്ലാന്‍ വരുന്നവരെ അവിടെവെച്ചുതന്നെ കൈകാര്യംചെയ്യണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ആത്മരക്ഷാര്‍ഥം കൊല്ലാനും പാടുണ്ടത്രെ. ഐ.പി.സി. കൃത്യമായി അറിയില്ല. എം.കെ. ദാമോദരനോട് ചോദിക്കണം.


വയലില്‍ പണിയൊന്നുമില്ലാത്ത സീസണിലാണ് പണ്ടുമുതലേ തലശ്ശേരിക്കാരുടെ സ്വഭാവം മാറിയിരുന്നത് എന്ന് പഴയ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഗവേഷണംനടത്തി കണ്ടുപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ വയലും കൃഷിയും ഒന്നുമില്ലാത്തതുകൊണ്ട് ഏതുസമയത്തും കൊല്ലുമായിരിക്കും. എന്തായാലും ഇവര്‍ നേരിട്ട് ഏറ്റുമുട്ടി ആരെയും കൊല്ലാറില്ല. എതിരാളി വീട്ടില്‍ കിടന്നുറങ്ങുകയോ റോഡിലൂടെ തനിച്ച് നടക്കുകയോ ബസ്സില്‍ ഏകനായി സഞ്ചരിക്കുകയോ ഭാര്യയോടൊപ്പം സിനിമയ്ക്കുപോകുകയോ കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയോ സ്‌കൂളില്‍ കൊച്ചുകുട്ടികളെ പഠിപ്പിക്കുകയോ ചെയ്യുമ്പോഴാണ് സൗകര്യപ്രദമായി വെട്ടിക്കൊല്ലാനാവുക. കത്തി ഇങ്ങോട്ടുനീളില്ല എന്നുറപ്പുള്ളപ്പോഴേ വീരശൂരപരാക്രമികള്‍ക്ക് ധൈര്യം വരൂ.

കോടിയേരിയുടെ കൊടിമാറ്റം താത്കാലികംമാത്രമായിരുന്നു. അദ്ദേഹം പൂര്‍വസ്ഥിതി പ്രാപിച്ചിട്ടുണ്ട്. കോടിയേരി രക്ഷമന്ത്രിച്ച തകിടുള്ള ഏലസ് കൈയില്‍ക്കെട്ടിയാണ് പ്രസംഗിച്ചതെന്ന ചാനല്‍ എക്‌സ്‌ക്‌ളൂസീവ് നിഷേധിക്കാന്‍ വിളിച്ചുചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സിലും അദ്ദേഹം ക്ഷോഭിച്ചില്ല. പണ്ട് അമ്പലത്തില്‍ ശത്രുസംഹാരപൂജ നടത്തി എന്ന ആരോപണം നേരിട്ടപ്പോഴും ക്ഷോഭിച്ചിട്ടില്ല. സഖാവ് ചായ കുടിച്ചോ എന്ന് പത്രസമ്മേളനത്തില്‍ ചോദിച്ചാലും ക്ഷോഭിക്കുന്ന കൂട്ടരുമുണ്ടല്ലോ പാര്‍ട്ടിയില്‍. ഒരു സര്‍ക്കസാവുമ്പോള്‍ പല ടൈപ്പുകള്‍ വേണമല്ലോ.
                                                           ***
ബൂര്‍ഷ്വാപത്രങ്ങള്‍ നിങ്ങളെ വിമര്‍ശിക്കുന്നതില്‍ ഒട്ടും പരിഭ്രമിക്കേണ്ട. അവര്‍ നിങ്ങളെ പ്രശംസിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കൂ, നിങ്ങള്‍ക്ക് എന്തോ തെറ്റുപറ്റിക്കാണുമെന്ന് മുന്നറിയിപ്പുനല്‍കിയത് ആചാര്യന്‍ ഇ.എം.എസ്. ആയിരുന്നു. അക്കാലത്ത് അത് ശരിയായിരുന്നിരിക്കാം. കാലം മാറി. ഇക്കാലത്ത് വിമര്‍ശിക്കുന്ന ബൂര്‍ഷ്വമാത്രം പോരാ. അനുകൂലിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ബൂര്‍ഷ്വയും വേണം.

തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കാനല്ലല്ലോ ഇവിടെ അധികാരത്തിലേറിയത്. വി.എസ്സിനും ചില വിമര്‍ശനത്തൊഴിലാളികള്‍ക്കും അത് മനസ്സിലായിട്ടില്ല. മുതലാളിത്തത്തില്‍ എല്ലാം ശരിയാക്കുന്ന പണിതന്നെ ചെയ്യാന്‍ ബാക്കികിടക്കുന്നു. അതാരാണ് ചെയ്യേണ്ടത്, നമ്മളല്ലാതെ?

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന അതിഗംഭീര ധനശാസ്ത്രപണ്ഡിത ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ ഉപദേശിയാക്കിയതിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ല. ഇവരുടെ ഉപദേശം ചോദിച്ചുവാങ്ങി അതിലെ പ്രിസ്‌ക്രിപ്ഷന്‍ പ്രകാരമാണ് നമ്മുടെ സൂക്കേടുകള്‍ക്കുള്ള മരുന്നുവാങ്ങാന്‍ പോകുന്നതെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. ഉപദേശംതന്നെ വേണമെന്നില്ല. അവര്‍ ഒരു ബ്രാന്‍ഡ് അംബാസഡറായി അവിടെയങ്ങനെ നിന്നാല്‍മതി. ഇത് ആഗോള സാമ്പത്തികശക്തികള്‍ക്കുള്ള ഒരു സന്ദേശമാണ്.

ഹാര്‍വാഡുകാരിയാണ് നമ്മെ ഉപദേശിക്കുന്നതെന്നറിഞ്ഞാല്‍ അവറ്റകള്‍ വല്ല വ്യവസായവും തുടങ്ങാന്‍ ഇങ്ങോട്ടുവന്നെങ്കില്‍ അത്രയും നല്ലതല്ലേ?  ഉപദേശത്തിന് ഇഷ്ടംപോലെ പണ്ഡിതന്മാര്‍ ഇല്ലാഞ്ഞിട്ടാണോ? പ്രഭാത് പട്‌നായിക്കിനെപ്പോലുള്ളവര്‍ ഇവിടെയുണ്ടെന്നറിഞ്ഞാല്‍ മൂലധനവുമായി പുറപ്പെട്ടവര്‍ വഴിയിലെവിടെയെങ്കിലും ഇറങ്ങി തിരിച്ചുപോവുകയേയുള്ളൂ. അതാണ് ഗീതോപദേശത്തിന്റെ ഉദ്ദേശ്യം.

അതിനിടയില്‍ കൊലച്ചതിചെയ്തത് ബി.ജെ.പി.ക്കാരാണ്. ഗീതയെ നിയമിച്ചത് അസ്സലായെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും കുമ്മനവും പ്രശംസിച്ചുകളഞ്ഞു. അവരുടെ പ്രശംസ ആര്‍ക്കുവേണം? ഇപ്പോഴാണ് ഇ.എം.എസ്സിനെ ഓര്‍മവരുന്നത്. ആ ദുഷ്ടന്മാര്‍ പ്രശംസിക്കാന്‍മാത്രം വലിയ തെറ്റ് നമുക്കുപറ്റിയോ പടച്ചോനേ...
                                               
                                                                                           ***
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ദീര്‍ഘവീക്ഷണം പോരാ എന്നാരും ഇനി കുറ്റപ്പെടുത്തരുത്. ഒരു കാര്യത്തില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ വിവരാവകാശകമ്മിഷന്‍ പൂട്ടി താക്കോല്‍ സെക്രട്ടേറിയറ്റില്‍ ഏല്‍പ്പിക്കേണ്ടിവരുമായിരുന്നു.
എങ്ങനെയെന്നോ?

ഫിബ്രവരിയില്‍ കമ്മിഷന്‍ അംഗങ്ങളെ നിയമിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി ചെയ്തത് ഒരു ദുരുദ്ദേശ്യ കടുംകൈയാണെന്ന് സകലരും കുറ്റപ്പെടുത്തിയിരുന്നു. മുഖ്യ കമ്മിഷണര്‍ സിബി മാത്യൂസിന്റെ കാലാവധി തീരുംമുമ്പേ പുതിയ ചീഫ് കമ്മിഷണറെ തീരുമാനിച്ചു. തിരഞ്ഞെടുപ്പുകഴിഞ്ഞേ സിബി മാത്യൂസിന്റെ കാലാവധി തീരുമായിരുന്നുള്ളൂ. പുതിയ മന്ത്രിസഭയ്ക്ക് വലിയ തിരക്കായിരിക്കുമല്ലോ എന്നോര്‍ത്ത് മുഖ്യകമ്മിഷണറെ തീരുമാനിച്ചുകൊടുത്തു ഉമ്മന്‍ചാണ്ടി. എന്തൊരു സന്മനസ്സ്.

 അങ്ങനെയാണ് വിന്‍സന്‍ എം. പോളിനെ നിര്‍ദേശിച്ചത്. വി.എസ്. അച്യുതാനന്ദന് ഇതൊട്ടും പിടിച്ചില്ല. അഴിമതിക്കേസുകളില്‍ സഹായിച്ചതിനുള്ള പ്രതിഫലമാണെന്ന് ആക്ഷേപിക്കുകയും ചെയ്തു.
പക്ഷേ, ഗവര്‍ണര്‍ ഫയല്‍ നോക്കിയപ്പോള്‍ കണ്ടത് അംഗീകരിക്കാന്‍പറ്റിയ ഒരേയൊരു നിയമനം ചീഫ് കമ്മിഷണറുടേതുമാത്രമാണ് എന്നായിരുന്നു. മറ്റുകമ്മിഷണര്‍മാരുടെ ഫയലെല്ലാം ഗവര്‍ണര്‍ മടക്കി. യു.ഡി.എഫ്. നോമിനികള്‍ ഇപ്പോഴിതാ കൊല്ലുമോ പോറ്റുമോ എന്നറിയാതെ കാത്തിരിക്കുന്നു. എന്തൊരു കൊടുംചതി.

 ദീര്‍ഘവീക്ഷണത്തിന്റെ ഗുണം കൊണ്ട്, ഇനി ചീഫ്മാത്രം യു.ഡി.എഫ്. നോമിനിയും ബാക്കിയെല്ലാം ഇടതുനോമിനി


കളാകുമോ എന്നും ഭയപ്പെടേണ്ടതുണ്ട്.ഒരു ചീഫ് കമ്മിഷണര്‍മാത്രമുണ്ടായിട്ടും ബഹുശല്യമാണ്. എല്ലാവരുംകൂടി വന്നാല്‍ എന്തായിരിക്കും പുകിലെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ടോ എന്നറിയില്ല. എന്തായാലും ചീഫ് കമ്മിഷണറുടെ ഏകാംഗനാടകമാണ് കമ്മിഷനില്‍. പുതിയ സര്‍ക്കാറെന്താണ് ഒഴിവുകള്‍ നികത്താത്തതെന്നോ? ഓ, അതിനേക്കാള്‍ വലിയ കോര്‍പ്പറേഷനും കമ്മിഷനും ബോര്‍ഡും അക്കാദമിയും മറ്റും മറ്റും നൂറുകണക്കിന് കിടക്കുന്നു ആളെ കണ്ടെത്താന്‍. യു.ഡി.എഫുകാരുടെ പേരു നിര്‍ദേശിച്ച വിവരക്കേടവകാശ കമ്മിഷന്‍ പ്രവര്‍ത്തിപ്പിക്കാനാണോ ധൃതി.
 


Friday, 29 July 2016

കോടതിയിലും നിയമവാഴ്ച ഇല്ലാതാകുമോ?കഴിഞ്ഞ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ട മൂന്നു ദൃശ്യങ്ങള്‍ മനസ്സില്‍നിന്നു മായുന്നില്ല. ജനാധിപത്യവ്യവസ്ഥയിലും അതിന്റെ മൂല്യങ്ങളിലും വിശ്വസിക്കുന്ന പൗരന്മാരുടെ മനസ്സുകളില്‍ ഈ ചിത്രങ്ങള്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുക.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടുകയും എല്ലാം ഒത്തുതീര്‍പ്പായി എന്ന് അവകാശപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസം കഴിഞ്ഞ കൊച്ചിയില്‍ വന്നപ്പോള്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതായിരുന്നു ആദ്യരംഗം. ഒത്തുതീര്‍പ്പായി എന്നു മുഖ്യമന്ത്രി പറഞ്ഞ പ്രശ്്‌നം അതേപടി നില്‍ക്കുകയാണ്, അഭിഭാഷകസംഘടനകളുടെ സമീപനത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലല്ലോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ മുഖഭാവത്തില്‍ മാറ്റം ദൃശ്യമായിരുന്നു. കോടതിയില്‍ പോയാല്‍ ഞങ്ങള്‍ ഇനിയും തല്ലുവാങ്ങേണ്ടിവരുമോ എന്ന അടുത്ത ചോദ്യം കൂടി കേട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് രോഷം അലയടിച്ചു. ഇതു ചര്‍ച്ച ചെയ്യാനാണോ ഞാന്‍ ഇവിടെ വന്നത്? എനിക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല എന്നു തുടങ്ങിയ രണ്ടുമൂന്ന് വാചകങ്ങള്‍ പറഞ്ഞ ശേഷം അദ്ദേഹം ക്ഷുഭിതനായി എഴുന്നേറ്റു. 
മുഖ്യമന്ത്രിയുടെ നിയമ ഉപദേശകന്‍ പദവി സ്വീകരിക്കുന്നില്ല എന്നു പ്രഖ്യാപിച്ച ശേഷം ഏതോ ചടങ്ങിനിടയില്‍ അഡ്വ.എം.കെ.ദാമോദരനെ പത്രക്കാര്‍ കാണുന്നതായിരുന്നു മറ്റൊരു ദൃശ്യം. അദ്ദേഹം പത്രക്കാരുടെ ഒരു ചോദ്യത്തിനും ഉത്തരം നല്‍കിയില്ല. നിങ്ങള്‍ എന്നോട് ഉടനീളം അനീതി കാട്ടി എന്ന വാചകം അദ്ദേഹം പലവട്ടം ആവര്‍ത്തിച്ചു. യു വേര്‍ അണ്‍ഫെയര്‍ ടു മി ത്രൂഔട്ട് -. അതുകൊണ്ട് ഒരു ചോദ്യത്തിനും മറുപടി തരില്ല എന്നു പറഞ്ഞില്ലെന്നേയുള്ളൂ, അതായിരുന്നു അര്‍ത്ഥം. പിണറായിയില്‍ നിന്നു വ്യത്യസ്തനായി, ദാമോദരന്‍ മൃദുലഭാവത്തോടെയാണ് സംസാരിച്ചത് എന്നും പറയേണ്ടതുണ്ട്.  

ഇനിയും ഒരു രംഗം, എല്ലാം ഒത്തുതീര്‍പ്പായി എന്ന പ്രഖ്യാപനത്തിനു ശേഷം ഉണ്ടായ മാധ്യമവിലക്കുകളെക്കുറിച്ചു നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രംകുമാന്റെ പ്രകടനമായിരുന്നു. പുതിയ വിലക്കുകളെ ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞ ന്യായങ്ങളിലൊന്ന് ആരെയും ഞെട്ടിക്കും.  ചില വനിതാറിപ്പോര്‍ട്ടര്‍മാര്‍ ചേമ്പറില്‍ പോയി ജഡ്ജിമാരെ സ്വാധീനിക്കുന്നത് തടയാനാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ്. ഇതു മാതൃഭൂമി ചാനലിലാണ് അദ്ദേഹം പറഞ്ഞത്. 

മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം

കോടതിത്തര്‍ക്കം പരിഹരിക്കാന്‍ യോഗം വിളിച്ചുചേര്‍ത്തതും എല്ലാം പരിഹരിച്ചു എന്ന് പ്രഖ്യാപിച്ചതും ആര്‍ക്കോ വേണ്ടിയുള്ള ഒരു ഒക്കാനമായിരുന്നു എന്ന് അന്നേ അദ്ദേഹം പെരുമാറ്റംകൊണ്ടു തോന്നിപ്പിക്കുന്നുണ്ടായിരുന്നു. പത്രപ്രവര്‍ത്തകരും വക്കീലന്മാരും തമ്മില്‍ ശരിക്കുപറഞ്ഞാല്‍ തൊഴില്‍പരമായ ഒരു ബന്ധവുമില്ല, അവര്‍തമ്മില്‍ ഒരു പ്രശ്‌നവുമില്ല. 

വക്കീലന്മാരുടെ ഒരു സൗകര്യങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ ഇടപെടുന്നില്ല. അവരുടെ കോടതിയിലെ ഒരു പ്രവര്‍ത്തനത്തിലും റിപ്പോര്‍ട്ടര്‍മാരുമായി ഒരു കാലത്തും തര്‍ക്കമോ കേസ്സോ ഒന്നും ഉണ്ടായിട്ടില്ല. രണ്ടാള്‍ രണ്ടു വഴിയിലാണ് പ്രവര്‍ത്തിക്കാറുള്ളത്. കേസ് വിവരങ്ങള്‍ ശേഖരിക്കുന്നതുപോലും വക്കീലന്മാരില്‍നിന്നല്ല. കോടതി മുറിയില്‍നിന്നും ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരില്‍നിന്നുമാണ്. വിചാരണ നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നു എഴുതിയെടുക്കുകയും പിന്നീട് ആവശ്യമെങ്കില്‍ സംശയങ്ങള്‍ കോടതി ഓഫീസില്‍ ചെന്നു പരിഹരിക്കുകയുമാണ് ചെയ്തുവരുന്നത്. വക്കീലന്മാര്‍ അവരുടെ പേരും കേസ് വിവരവും പുറത്തറിയാന്‍ റിപ്പോര്‍ട്ടര്‍മാരെ കാണാറുണ്ട്. അതു ഇരുകൂട്ടര്‍ക്കും ഒരുപോലെ ആവശ്യമുള്ളതുമാണ്. 

 അനേക പതിറ്റാണ്ടുകളുടെ ബന്ധത്തിലുണ്ടായ സംഘര്‍ഷം തീര്‍ക്കാന്‍ ഇടപെട്ട മുഖ്യമന്ത്രി, തന്റെ ശ്രമത്തിന്റെ വിജയപരാജയങ്ങളെക്കുറിച്ചുള്ള പ്രതികരണത്തില്‍ അതീവ തല്പരനാകേണ്ടതായിരുന്നു, കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതായിരുന്നു. തര്‍ക്കത്തിലെ കക്ഷികള്‍ കൂടിയാണ് പത്രലേഖകര്‍ എന്നതുകൊണ്ടു പ്രശ്‌നം പരിഹരിക്കാന്‍ തന്റെ ഭാഗത്തുനിന്ന് കഴിയുന്നതെല്ലാം ഇനിയും ചെയ്യും എന്നുറപ്പു നല്‍കേണ്ടതായിരുന്നു. കേരളം ഭരിച്ച ഏതു മുഖ്യമന്ത്രിയും -ഇ.എം.എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെ ആരും- അങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ. എല്ലാം ശരിയാക്കാന്‍ ജനങ്ങള്‍ മുഖ്യമന്ത്രിയാക്കിയ ആള്‍ക്ക് പ്രശ്‌നം ശരിയാക്കാന്‍ കഴിഞ്ഞില്ലെന്നതു പോകട്ടെ, തര്‍ക്കത്തിലെ ഒരു കക്ഷി പറയുന്നതു കേള്‍ക്കാന്‍   മനസ്സില്ല എന്നത് ആരെയും ആശങ്കാകുലരാക്കും. ഇതിനുശേഷം നാലുദിവസം കഴിഞ്ഞ് ഇതേ പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു എന്നുകൂടി ഓര്‍ക്കണം.

മുഖ്യമന്ത്രി മുഖ്യമന്ത്രിയെത്തന്നെ ഭയപ്പെടുന്നോ എന്നു സംശയിക്കണം. ഒരു ചോദ്യം കേട്ടപ്പോള്‍ തന്നെ ക്ഷോഭിച്ച ആള്‍ ഒരു മുഴുനീള പത്രസമ്മേളനത്തിലിരുന്നാല്‍ എന്താവും സംഭവിക്കുക? ആഴ്ചതോറുമുള്ള പത്രസമ്മേളനങ്ങള്‍ അദ്ദേഹം ഒഴിവാക്കിയത് ആത്മരക്ഷാര്‍ത്ഥമായിരിക്കാം. കുറ്റപ്പെടുത്തിക്കൂടാ! 

ദാമോദരന്റെ പരിഭവം

യു വേര്‍ അണ്‍ഫെയര്‍ ടു മി ത്രൂഔട്ട് എന്ന എം.കെ.ദാമോദരന്റെ പരിഭവം ആരോടായിരുന്നു? തിരുവനന്തപുരത്തെ മാധ്യമലേഖകന്മാരോട്. അവരാരും ദാമോദരന്റെ നിയമനത്തില്‍ ഇടപെട്ടവരല്ല. അവര്‍ അന്നന്നു നടക്കുന്ന സംഭവങ്ങള്‍ ജനങ്ങളെ അറിയിക്കുന്ന സന്ദേശവാഹകര്‍ മാത്രമാണ്.

 ദാമോദരന്‍ നിയമനം തിരസ്‌കരിച്ചത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍നിന്നു തന്നെ ഉണ്ടായ വിപരീത പ്രതികരണം, ഘടകകക്ഷിയായ സി.പി.ഐ.യുടെ എതിര്‍പ്പ്, ചാനലുകളിലും പുറത്തും രാഷ്ട്രീയനിരീക്ഷകരും പൊതുസമൂഹത്തില്‍നിന്നുള്ളവരും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, സാമൂഹ്യമാധ്യമങ്ങളിലെ രൂക്ഷപ്രതികരണങ്ങള്‍, ഏറ്റവുമൊടുവില്‍ ബി.ജെ.പി.പ്രസിഡന്റ് കോടതിയില്‍ ഫയല്‍ചെയ്ത കേസ് എന്നീ കാരണങ്ങള്‍ കൊണ്ടായിരുന്നു.  ഈ സംഭവങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് മാധ്യമലേഖകര്‍ അദ്ദേഹത്തോടു ചെയ്തതായി അദ്ദേഹം കരുതുന്ന അനീതി. 

ഹൈക്കോടതിപ്രശ്‌നവും ദാമോദരന്‍പ്രശ്‌നവുമായി ബന്ധം കാണുന്നവര്‍ നിയമരംഗത്തുതന്നെയുണ്ട്. മുഖ്യമന്ത്രിയുടെ തീര്‍ത്തും നിസ്സംഗവും ഒട്ടും സഹതാപപരല്ലാത്തതുമായ പ്രതികരണവും ദാമോദരന്റെ മാധ്യമങ്ങളോടുള്ള പരിഭവവും തന്നെയാണ് ഇതിനു തെളിവായി എടുത്തുകാട്ടാനാവുക. ഇതാര്‍ക്കും തെളിയിക്കാനാവില്ല, അതുകൊണ്ടുതന്നെ തെറ്റുമാവാം. രണ്ടായാലും, ഇക്കാര്യത്തില്‍ ഒരു പൊതുനിലപാടാണ് രണ്ടു പേര്‍ക്കും ഉള്ളതെന്നു പറയാതെ നിവൃത്തിയില്ല. മാധ്യമങ്ങള്‍ തങ്ങളോടു അനീതി കാട്ടി. അതുകൊണ്ട് അവരോട്് ഇങ്ങനെയൊക്കെ പെരുമാറിയാല്‍ മതി എന്നാതാണ് ആ നിലപാട്. 

തന്റെ നിയമനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എതിര്‍പ്പൊന്നും പറയാത്തവരും പിന്നീട് എതിര്‍പ്പുമായി രംഗത്തിറങ്ങി എന്നു ദാമോദരന്‍ ഒരു തവണ പറയുകയുണ്ടായി. അദ്ദേഹത്തോട് ആര്‍ക്കും വ്യക്തിവിരോധം ഉണ്ടായിരുന്നില്ല എന്നതിനു ഇതില്‍പരം തെളിവുവേണ്ട. വ്യക്തിക്കപ്പുറമുള്ള, രാഷ്ട്രീയവും നിയമപരവും ധാര്‍മികവും പൊതുതാല്പര്യ സംബന്ധവുമായ കാര്യങ്ങളാണ് അവരുടെ നിലപാടുകള്‍ മാറാന്‍ കാരണമെന്നു സമ്മതിക്കുകയാണ് ദാമോദരന്‍ പരോക്ഷമായി ചെയ്തിരിക്കുന്നത്.

 അഡ്വക്കറ്റ് ജനറലിനു മേലെ ഉപദേശകസ്ഥാനം നേടുകയും അതിന്റെ ബലത്തില്‍ സര്‍ക്കാര്‍ സംവിധാനത്തെ വരുതിയിലാക്കുകയും എന്നിട്ട് സര്‍ക്കാറിനെതിരെയുള്ള കേസ്സുകളില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരാകുകയും ചെയ്യുന്നതിലായിരുന്നു എല്ലാ എതിര്‍പ്പും. ഇതിലെ കോണ്‍ഫഌക്റ്റ് ഓഫ് ഇന്ററസ്റ്റ് പ്രശ്‌നം ദാമോദരനും അറിയായ്കയല്ല. പിണറായി വിജയന്‍ സര്‍ക്കാറിന്റെ മധുവിധുകാലത്തു മാധ്യമങ്ങളും പൊതുസമൂഹവും ഇങ്ങനെ പ്രതികരിക്കും എന്നു വിചാരിച്ചതല്ല-അതിലാണ് വിഷമം.

രാംകുമാര്‍ സദാചാര പൊലീസോ?

വനിതാ മാധ്യമപ്രവര്‍ത്തകര്‍ ചേമ്പറുകളില്‍ കയറി ജസ്റ്റിസുമാരെ സ്വാധീനിക്കുന്നതാണ് നിയന്ത്രണം ഉണ്ടാകാന്‍ പ്രധാന കാരണം എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ സീനിയര്‍ അഭിഭാഷകന്‍ രാം കുമാര്‍ പറഞ്ഞുത് ആര്‍ക്കെതിരെയുള്ള കുറ്റപത്രമാണ്?   സ്ത്രീവിരുദ്ധവും  ജസ്റ്റിസുമാരെ അവഹേളിക്കുന്നതുമാണ് ഈ അധിക്ഷേപം.  ഒരു സീനിയര്‍ അഭിഭാഷകന്‍ പോലും ഇത്തരം ചെറിയ തര്‍ക്കങ്ങളിലും  ലക്ഷമണരേഖ കടക്കും എന്നതു വലിയ ഒരു പാഠമാണ്. 

ന്യായവും നീതിയും നോക്കാന്‍ തൊഴില്‍പരമായി -വ്യക്തിപരമായല്ല-അഭിഭാഷകര്‍ ബാധ്യസ്ഥരല്ല. കക്ഷിക്കു വേണ്ടി വാദിക്കാനുള്ള ലോ പോയന്റുകളും തെളിവുകളും ശേഖരിക്കുന്നതിലാണ് അവരുടെ വൈദഗ്ദ്ധ്യം. ബലാല്‍സംഗപീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ ക്രോസ് വിസ്താരം ചെയ്യുമ്പോഴും പ്രതിയുടെ അഭിഭാഷകന് അവളോട് സഹതാപമോ മര്യാദ പോലുമോ പ്രകടിപ്പിക്കാനാവില്ല. അവള്‍ കാശു വാങ്ങി സ്വമേധയാ വ്യഭിചരിക്കുകയായിരുന്നു എന്നു തെളിയിക്കാന്‍തന്നെ അഭിഭാഷകന്‍ ശ്രമിച്ചേക്കാം. 


നേരെ വിരുദ്ധമാണ് മാധ്യമപ്രവര്‍ത്തകനില്‍നിന്ന് തൊഴിലും സമൂഹവും പ്രതീക്ഷിക്കുന്ന ധാര്‍മികത. അവന്‍ സത്യത്തിന്റെയും ശരിയുടെയും നീതിയുടെയും മര്യാദയുടെയും ധാര്‍മികതയുടെയും പക്ഷത്തുനില്‍ക്കണം. അതാണ് മാധ്യമധര്‍മം എന്ന് എല്ലാവരും പറയും. അതെത്രത്തോളം നടപ്പുണ്ട്് എന്നതുമറ്റൊരു വിഷയമാണ്. 

ശമ്പളം തരുന്ന മുതലാളി പറയുംപോലെ അവന്‍ എഴുതിയാല്‍ അതു മുതലാളിക്കുവേണ്ടി പാദസേവ ചെയ്യലാണ് എന്നു അധിക്ഷേപിക്കപ്പെടും. അഭിഭാഷകന്‍ ഫീസ് വാങ്ങി ബലാല്‍സംഗക്കാരനുവേണ്ടി വാദിച്ചാല്‍  അധിക്ഷേപിക്കപ്പെടില്ല. രണ്ടു തൊഴിലുകളുടെ ധാര്‍മിതകള്‍ തമ്മില്‍ ഒരുപാടന്തരമുണ്ട്. പക്ഷേ, പൊതുപ്രശ്ങ്ങളും പൊതുതാല്പര്യവും വരുമ്പോള്‍ അവര്‍ ഒരേപോലെ പൊതുതാല്പര്യം ഉയര്‍ത്തിപ്പിടിക്കണം.


അഭിഭാഷകരുടെ ഔന്നത്യം

നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തിലും സാമൂഹ്യപ്രശ്‌നങ്ങളിലും മനുഷ്യാവകാശപ്രശ്‌നങ്ങളിലും ഇടപെടുകയും നീതിക്കുവേണ്ടി പൊരുതുകയും ചെയ്യുന്നവരിലേറെ അഭിഭാഷകരാണ് എന്നതും മറക്കാന്‍ പാടില്ല. നിയമപഠനത്തിലൂടെ ശക്തിപ്പെടുന്നതാണ് അവരുടെ സാമൂഹ്യബോധം.

 പൊതുപ്രശ്‌നങ്ങളില്‍ വ്യക്തിപരമായ താല്പര്യമോ സംഘടനാപരമായ താല്പര്യമോ, തൊഴില്‍വിഭാഗം എന്ന നിലയിലുള്ള താല്പര്യവുമോ അല്ല, പൊതുസമൂഹത്തിന്റെ താല്പര്യമാണ് സാമൂഹ്യബോധമുള്ള വ്യക്തികള്‍ പരിഗണിക്കേണ്ടത്. അഭിഭാഷക-മാധ്യമ തര്‍ക്കത്തില്‍ അത് ഏറെ ഉച്ചത്തില്‍ ധീരമായി ആവര്‍ത്തിച്ചു വിളിച്ചുപറഞ്ഞത് പ്രമുഖരായ കുറെ അഭിഭാഷകര്‍തന്നെയാണ് എന്നത് അഭിഭാഷകര്‍ക്ക്  അഭിമാനിക്കാവുന്ന കാര്യമാണ്. സെബാസ്റ്റ്യന്‍ പോളും കാളീശ്വരം രാജും സി.പി.ഉദയഭാനുവും ശിവന്‍ മഠത്തിലും എ.ജയശങ്കറും വനിതാ അഭിഭാഷക സംഗീതയും ഉയര്‍ത്തിപ്പിടിച്ചത് തങ്ങള്‍ അംഗങ്ങളായ സംഘടനയുടെ സങ്കുചിതതാല്പര്യങ്ങളല്ല, പൊതുസമൂഹത്തിന്റെ താല്പര്യമാണ്. 

 ശരി എന്ത് എന്നു പറയുക മാത്രമാണ് അവര്‍ ചെയ്തത്. അതിന്റെ പേരിലാണ് അവര്‍ അച്ചടക്കനടപടി നേരിടുന്നത്. അഭിഭാഷക സംഘടനയില്‍ അംഗമായാല്‍ ഒരാള്‍ക്ക് അഭിപ്രായപ്രകടനസ്വാതന്ത്ര്യം നഷ്ടപ്പെടും എന്നുവരുന്നത് ഈ സംഘടനകള്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ഇതു മാധ്യമക്കാരും വക്കീലന്മാരും തമ്മിലുള്ള പ്രശ്‌നമല്ലേ, ജനത്തിനു എന്തുകാര്യം എന്നൊരു ചോദ്യവും ഉയരാം. അത്രയേ ഉണ്ടായിരുന്നുള്ളൂ മുഖ്യമന്ത്രി ചര്‍ച്ച നടത്തുംവരെ. അതിനു ശേഷമാണ് ജനങ്ങളുടെ കൂടി പ്രശ്‌നമായത്. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ കയറാതിരിക്കാനുള്ള സെക്യൂറിറ്റി ഗാര്‍ഡിന്റെ പണിയും ഇപ്പോള്‍ ഗൗണിട്ട അഭിഭാഷകര്‍ ഏറ്റെടുത്തിരിക്കുന്നു. ഇത് മഹത്വമുള്ള ആ വേഷത്തെ അപമാനിക്കലാണ്.

 അവര്‍ നിയമം കയ്യിലെടുക്കുകയാണ്. ചിലരുടെ സ്വര്‍ത്ഥതാല്പര്യം സംരക്ഷിക്കുന്നതിനും വാര്‍ത്തയെഴുതിയവരോടുള്ള പ്രതികാരം തീര്‍ക്കുന്നതിനുംവേണ്ടി, ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്.  ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് എല്ലാം ശരിയാക്കുമെന്നു നമുക്കുറപ്പു നല്‍കിയ മുഖ്യമന്ത്രി. അതേറെ സങ്കടകരമാണ്.

Sunday, 24 July 2016

പവനന്‍ എന്ന സി.ഐ.എ സബ്ഏജന്റ് !കഴിഞ്ഞ തലമുറയിലെ പ്രമുഖനായ ഒരു പത്രപ്രവര്‍ത്തകനാണ് പവനന്‍. തൂലികാനാമം വന്നുകയറി യഥാര്‍ഥനാമത്തെ കൊന്നുകളഞ്ഞ അനുഭവമാണ് പവനന്റേത്. ആള് വയലളം സ്വദേശി പി.വി നാരായണന്‍ നായരാണ്. ചെന്നൈയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ജയകേരളം' മാസികയില്‍ ജോലി ചെയ്യുന്ന കാലത്താണ് പി.വി നാരായണന്‍ നായര്‍ക്കു സ്വന്തം പേര് നഷ്ടപ്പെട്ടത്. നായര്‍ വാല് ഇല്ലാതെ പി.വി നാരായണന്‍ എന്ന പേരുമായാണ് അദ്ദേഹം 'ജയകേരള'ത്തില്‍ വന്നത്. വയലളം പി.വി.എന്‍ നായര്‍ എന്ന പേരിലായി ലേഖനമെഴുത്ത്. അച്ചടിച്ചുവന്ന പേരു കണ്ടിട്ട് അന്നു പത്രാധിപ സമിതിയംഗമായിരുന്ന പി. ഭാസ്‌കരന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പേര് പവനന്‍ എന്നാക്കി. അതങ്ങുറച്ചു. പില്‍ക്കാലത്ത് ഉറ്റ ബന്ധുക്കള്‍ക്കേ മറ്റേ പേരറിയൂവെന്ന നിലവന്നു.

അതല്ല നമ്മുടെ വിഷയം. പവനന്റെ ജീവിതത്തിലെ അത്യപൂര്‍വമായ അനുഭവം അദ്ദേഹംതന്നെ വിവരിച്ചിട്ടുണ്ട്. പത്രാധിപരും യുക്തിവാദിയും ഗ്രന്ഥകാരനും കമ്യൂണിസ്റ്റും എല്ലാമായിരുന്ന അദ്ദേഹം ഉറക്കത്തില്‍ പോലും അമേരിക്കയെ ശപിക്കുകയും അധിക്ഷേപിക്കുയും ചെയ്തിരിക്കാം. പക്ഷേ, അമേരിക്കയുടെ പഴയകാല രഹസ്യരേഖകള്‍ ഇന്നാരെങ്കിലും ആര്‍ക്കൈവില്‍ നിന്നെടുത്താല്‍ പവനനെ ഒരു സി.ഐ.എ ഏജന്റായി രേഖപ്പെടുത്തിയതു കണ്ടേക്കാം. ഉറപ്പില്ല, അതിനും സാധ്യതയുണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിനുണ്ടായ വിചിത്രാനുഭവം എന്നുമാത്രം പറയാം. ഏജന്റ് അല്ലെങ്കില്‍ സബ് ഏജന്റ്!

കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പവനന്‍ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് നിയോഗിക്കപ്പെടുന്നത്. പത്രപ്രവര്‍ത്തന സമാനമായ ജോലിതന്നെ അവിടെയും. പാര്‍ട്ടി പത്രത്തിലെ പണി പോലെയല്ല, കൃത്യമായി ശമ്പളം കിട്ടും എന്നതാവാം പ്രധാന വ്യത്യാസം. എന്തായാലും മദ്രാസില്‍ ജീവിതം കുശാലായിരുന്നു. 'സോവിയറ്റ് എന്ന സ്വര്‍ഗത്തിലെ ആനന്ദദായകമായ ജീവിതത്തെയും അത്യസാധാരണമായ വികസനത്തെയും അസൂയാവഹമായ ശാസ്ത്രപുരോഗതിയെയും സ്വര്‍ഗതുല്യമായ ജനജീവിത സൗകര്യങ്ങളെയും' കുറിച്ചുള്ള പവന്‍മാര്‍ക്ക് ലേഖനങ്ങള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്തു പത്രങ്ങള്‍ക്കു കൊടുക്കുകയാണു പ്രധാനപണി. കൂട്ടത്തില്‍ അമേരിക്ക എന്ന ദുഷ്ടമുതലാളിത്ത രാജ്യത്തിന്റെ ക്രൂരപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവിടത്തെ ജനം അനുഭവിക്കുന്ന നരകതുല്യമായ ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള ലേഖനങ്ങളും തയാറാക്കി പരമാവധി ജനങ്ങളില്‍ എത്തിക്കുകയും വേണമായിരുന്നു. മലയാളത്തിലെ ഏതെങ്കിലും പത്രത്തിലോ പുസ്തകത്തിലോ ആരെങ്കിലും സോവിയറ്റ് യൂനിയനെ കുറ്റം പറഞ്ഞാല്‍ ഉടന്‍ വരും പവനന്റെ മറുപടി. സ്വന്തം പേരില്‍ മാത്രമല്ല, പല പേരുകളിലും ഇങ്ങനെ സോവിയറ്റ് അനുകൂല ലേഖനങ്ങളും കത്തുകളും എഴുതി പത്രങ്ങള്‍ക്ക് കൊടുക്കാറുണ്ട്. സോവിയറ്റ് യൂനിയന്റെ ഒരു കാവല്‍ഭടനെപ്പോലെയായിരുന്നു താനെന്ന് പവനന്‍തന്നെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

ഇങ്ങനെയെല്ലാമായിട്ടുള്ള സഖാവ് പവനനോട് മറ്റൊരു സഖാവ് കൂടിയായ ചലചിത്രസംവിധായകന്‍ രാമു കാര്യാട്ട് ഒരു കാര്യം പറയുന്നു. 197075 കാലത്തെന്നോ ആണു സംഭവം. കൃത്യംകാലം പവനന്‍ ആത്മകഥയില്‍ പറയുന്നില്ല. രാമു കാര്യാട്ടിന്റെ ആവശ്യം ഇത്രയേ ഉള്ളൂ. ഒരു സുഹൃത്തിന് പവനനെ കാണണം. ഇങ്ങോട്ടുവന്നു കാണില്ല. അശോക ഹോട്ടലിലെ മുറിയില്‍ ചെന്നുകാണണം. കാര്യമെന്തെന്നൊന്നും പറയുന്നില്ല രാമു. തനിച്ചുപോകണമെന്ന കാര്യത്തില്‍മാത്രം വിട്ടുവീഴ്ചയില്ല. ചില്ലറ സംശയങ്ങള്‍ തോന്നിയെങ്കിലും പവനന്‍ മടിച്ചുമാറിയില്ല. പറഞ്ഞ ദിവസം കൃത്യമായി അങ്ങോട്ടുചെന്നു. ആളൊരു മലയാളിയാണ്. തിരുവനന്തപുരത്ത് പവനനു പരിചയമുള്ള ഒരു ഉദ്യോഗസ്ഥന്റെ മൂത്ത സഹോദരനാണെന്നു മനസിലാവുകയും ചെയ്തു. കാര്യമെന്തെങ്കിലും പറയും മുന്‍പു വിദ്വാന്‍ സ്‌കോച്ച് വിസ്‌കിയുടെ ഒരു ഫുള്‍ ബോട്ടിലാണു പുറത്തെടുത്തത്. സോഡയ്ക്കും മറ്റ് അവശ്യവസ്തുക്കള്‍ക്കും ഓര്‍ഡര്‍ കൊടുത്തു. കഴിക്കാന്‍ പവനനെ നിര്‍ബന്ധിച്ചില്ലെങ്കിലും സംഭാഷണം മണിക്കൂറുകള്‍ നീണ്ടപ്പോള്‍ പവനനും കഴിച്ചു മൂന്ന് സ്‌മോള്‍. എത്ര നേരമാണെന്നുവച്ചാണ് ഒരാള്‍ ഇങ്ങനെ വെറുതെ നോക്കിയിരിക്കുക! മറ്റെയാള്‍ മൂന്നു മണിക്കൂറിനകം മൂന്ന് ലാര്‍ജ് തന്നെ അകത്താക്കിയിരുന്നു. പിന്നെ അയാള്‍ പവനനെ വേറെയൊരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിശാനൃത്തമാണു നടക്കുന്നത്. അല്‍പവസ്ത്രനിര്‍വസ്ത്ര അവസ്ഥകളില്‍ സുന്ദരിമാര്‍ വന്ന് ആടി. അവിടെയും മദ്യപാനമുണ്ടായി.

സോവിയറ്റ് യൂനിയനില്‍ ആയിടെ മാത്രം പോയി വന്ന ആളെന്ന നിലയില്‍ അവിടത്തെ കാര്യങ്ങളാണ് അദ്ദേഹം പവനനോടു ചോദിച്ചുകൊണ്ടേ ഇരുന്നത്. അഞ്ചാറുപെഗ്ഗ് അടിച്ചിട്ടും കണ്‍ട്രോള്‍ വിടാതെ അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നത് പവനന്‍ മതിപ്പോടെ ഓര്‍ത്തു. അയാള്‍ക്ക് പവനനോടും വലിയ മതിപ്പുണ്ടായി. കാരണം മൂന്ന് അടിച്ചാല്‍ പലരും മണി മണി പോലെ സകലതും വിളിച്ചുപറയും. പവനന്‍ അയാള്‍ ആഗ്രഹിച്ചതരം വിവരങ്ങളൊന്നും പറയുന്നില്ല.


                              പവനന്‍


 ഒരാഴ്ചയ്ക്കപ്പുറം അതേ ഹോട്ടലില്‍ അതേ റൂമില്‍ വീണ്ടും സന്ധിപ്പേന്‍ എന്നുറപ്പുനല്‍കി അവര്‍ പിരിഞ്ഞു. പിരിയും മുന്‍പ് ആ കക്ഷി ഒരു കടുംകൈ ചെയ്തത് പവനനു തടയാന്‍ കഴിഞ്ഞില്ല. ഒരു കവര്‍ പവനന്റെ പോക്കറ്റിലേക്കു തള്ളിയതും ടാക്‌സിയുടെ ഡോര്‍ തള്ളിയടച്ചതും ഏതാണ്ട് ഒപ്പമായിരുന്നു. രാത്രി വൈകിയിരുന്നു. ടാക്‌സി നിര്‍ത്തി ബഹളം വയ്ക്കാന്‍ പറ്റുമായിരുന്നില്ല. മറ്റേ ചങ്ങാതി സ്ഥലം വിടുകയും ചെയ്തിരുന്നു.

താമസസ്ഥലത്തു തിരിച്ചെത്തുമ്പോഴേക്കും പവനന്റെ ലഹരിയെല്ലാം പറപറന്നിരുന്നു. കവറില്‍ 500 രൂപയും ഒരു കുറിപ്പുമേ ഉണ്ടായിരുന്നുള്ളൂ. സംഭവം സി.ഐ.എ തന്നെ. പവനനു ബോധ്യപ്പെട്ടു. ഇതിനകം അനേകമനേകം ലേഖനങ്ങള്‍ സി.ഐ.എയെക്കുറിച്ച് എഴുതിയിരുന്നുവെങ്കിലും സാധനത്തെ നേര്‍ക്കുനേര്‍ കാണുന്നത് ആദ്യം. ഇനി വൈകിക്കൂടാ. പവനന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസിലെ അധികൃതരെ വിളിച്ചുവിവരം പറഞ്ഞു. അവര്‍ എംബസിയുടെ ഉന്നതാധികാരികളുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അത്ഭുതകരമെന്നു പറയട്ടെ, സി.ഐ.എ ഏജന്റുമായുള്ള ബന്ധം തുടരാനായിരുന്നു ഉന്നതതലത്തിലുള്ള തീരുമാനം. ഞങ്ങള്‍ക്കു നിങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ട്. എത്രത്തോളം അവര്‍ പോകുമെന്നു നോക്കാമല്ലോ എന്നവര്‍ പവനനോടു പറഞ്ഞു. ഒരു പക്ഷേ, പവനന്‍ പിന്‍വാങ്ങിയാല്‍ വേറെ ആരെങ്കിലും ചാരപ്പണി ഏറ്റെടുത്താലോ എന്നവര്‍ സംശയിച്ചിരിക്കാം.

മൂന്നുമാസം ബന്ധം തുടര്‍ന്നു. സ്‌കോച്ച് വിസ്‌കി, കാബറെ, ത്രീ കോഴ്‌സ് ഡിന്നര്‍, സിനിമ കാണല്‍, പോക്കറ്റില്‍ കവര്‍ ഇടല്‍. സംഗതി കുശാല്‍. താന്‍ സി.ഐ.എക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്ന് അയാള്‍ പവനനോടു പറയുകയും ചെയ്തിരുന്നു. തന്നില്‍ നിന്നു ചാരനു വലിയ വിവരമൊന്നും കിട്ടാത്തതുകൊണ്ടാവാം അയാള്‍ പിന്നെ സ്വയം ഒഴിഞ്ഞുപോയി. അയാളില്‍ നിന്നു കിട്ടിയ തുക സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസിനെ ഏല്‍പ്പിച്ചിരുന്നു. ആകെ 2,500 രൂപ. കുടിച്ച സ്‌കോച്ചും തിന്ന ഡിന്നറുമൊന്നും ഓഫിസില്‍ ഏല്‍പ്പിക്കാന്‍ പറ്റില്ലല്ലോ!
രാമു കാര്യാട്ട്

ചാരക്കഥയും സിനിമയും പലതും വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ടെങ്കിലും സ്വയം വെളിപ്പെടുത്തുന്ന ചാരനെ കാണുന്നത് ആദ്യമായതുകൊണ്ട് പവനനു പില്‍ക്കാലത്തും അയാള്‍ ശരിയായൊരു സി.ഐ.എ ചാരനായിരുന്നോ എന്ന കാര്യത്തില്‍ സംശയം തോന്നാറുണ്ട്. ആവോ, ചാരന്മാര്‍ എന്തെല്ലാം വേഷത്തില്‍ വരും എന്നാര്‍ക്കറിയാം…
പത്രപ്രവര്‍ത്തനത്തിലേക്കു തിരിച്ചുവന്ന ശേഷവും സോവിയറ്റ് തകര്‍ച്ച വരെ പവനന്‍ അനൗദ്യോഗിക സോവിയറ്റ് വക്താവായി തുടര്‍ന്നിരുന്നു. പിന്നീട് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായി. ഒരുപാടു പത്രങ്ങളില്‍ പംക്തിലേഖനങ്ങള്‍ എഴുതി. പാര്‍ട്ടി പിളരുംവരെ 'ദേശാഭിമാനി'യുടെ തലസ്ഥാന ലേഖകനായിരുന്നു. പിളര്‍പ്പിനുശേഷം സി.പി.ഐയില്‍ തുടര്‍ന്നു. വിവര്‍ത്തനവും ആത്മകഥയും യാത്രാവിവരണവും യുക്തിവാദവുമെല്ലാമായി ഒരു ഡസന്‍ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.


July 24, 2016,


സ്വകാര്യമല്ലാത്ത അന്യായങ്ങള്‍ഡെവിള്‍സ് അഡ്വക്കേറ്റ്‌സ് എന്നൊരു പ്രയോഗമുണ്ട് ആംഗലത്തില്‍. സംഗതി നമ്മുടെ നാട്ടിലെ ചിലതരം അഭിഭാഷകരെക്കുറിച്ചാണെന്നു തെറ്റിദ്ധരിക്കരുതേ... അതിനു ക്രൈസ്തവചരിത്രത്തിലെ ചില ആചാരങ്ങളുമായാണ് ബന്ധം. ഏതോ ചെകുത്താനുവേണ്ടി കേസുവാദിക്കുന്ന കൂട്ടരെക്കുറിച്ചാണ് എന്ന് കേള്‍ക്കുമ്പോള്‍ തോന്നിപ്പോകും. അത്ര മോശം അര്‍ഥമല്ല ആ ശൈലിക്കുള്ളതും.  അഭിഭാഷകന് ഇന്നതരം കേസേ കേള്‍ക്കാവൂ എന്നില്ല. ചെകുത്താനുവേണ്ടിയും വാദിക്കാം. ചെകുത്താനും കോടതിയില്‍ വക്കീല്‍ വേണമല്ലോ. നാഥുറാം ഗോഡ്‌സെയ്ക്കും വേണം, ഗോവിന്ദച്ചാമിക്കും വേണം, അമീറുള്‍ ഇസ്ലാമിനും വേണം. സത്യവും ന്യായവും ഉള്ള കേസേ അഭിഭാഷകര്‍ ഏറ്റെടുക്കാവൂ എന്ന് നിയമത്തിലും ഭരണഘടനയിലുമൊന്നും പറയുന്നില്ല. അന്യായത്തിന്റെ പക്ഷത്തും വാദിക്കാം. അന്യായം ഫയല്‍ചെയ്യുക എന്ന നിയമഭാഷയുടെ അര്‍ഥം അന്യായം ചെയ്യുക എന്നല്ലല്ലോ.

ന്യായത്തിന്റെ പക്ഷത്തായാലും അന്യായത്തിന്റെ പക്ഷത്തായാലും പെരുമാറ്റച്ചട്ടം അനുസരിച്ചേ അഭിഭാഷകന്‍ എന്തെങ്കിലും ചെയ്യാവൂ എന്നുണ്ട്. അന്യായം തൊഴില്‍ജീവിതത്തില്‍ ചെയ്യരുത് എന്നാണ് അതിന്റെ അര്‍ഥം. കുറച്ചുദിവസമായി കേസിലെ അന്യായവും പൊതുജീവിതത്തിലെ അന്യായവും കൂടിച്ചേര്‍ന്ന് ആകെ കണ്‍ഫ്യൂഷനിലായിരിക്കുകയാണ്. അന്യായം തുടങ്ങുന്നത്, ഒരു അഭിഭാഷകന്‍ വഴിയേപോകുന്ന ഒരു സ്ത്രീയോട് എന്തോ അന്യായം കാട്ടി എന്ന പരാതിയില്‍നിന്നാണ്. പരാതി ശരിയോ തെറ്റോ എന്നൊന്നും നമുക്കറിഞ്ഞൂകൂടാ. പരാതി നൂറുശതമാനം ശരിയോ എന്നു പരിശോധിച്ചല്ല പോലീസ് കേസെടുക്കുന്നതും അറസ്റ്റുചെയ്യുന്നതും. കോടതി റിമാന്‍ഡ് ചെയ്യുന്നതുപോലും അങ്ങനെയല്ല.

പ്രധാനമന്ത്രിയായാല്‍പ്പോലും ഇതാണ് നാട്ടിലെ നീതിന്യായം. പരാതി അഭിഭാഷകനെക്കുറിച്ചായതുകൊണ്ട് ന്യായവും വാദവും നോക്കിയേ വാര്‍ത്തകൊടുക്കാവൂ എന്നാണ് വാദം. അങ്ങനെയല്ലാതെ റിപ്പോര്‍ട്ടുചെയ്ത പത്രപ്രവര്‍ത്തകനെ ഏതാനും കറുത്തകോട്ടുകാര്‍ കൈകാര്യം ചെയ്തതും അവരുടെ കണ്ണില്‍ ന്യായംതന്നെയാവും. ഏത് അടിയും അതു കിട്ടുന്നവനേ അന്യായമായിത്തോന്നൂ.

പത്രപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഒരു അഭിഭാഷകശിങ്കം ചാനല്‍ ചര്‍ച്ചയില്‍ വാദിക്കുന്നതുകേട്ടു. തെറ്റിദ്ധാരണയാണ്. പെരുമാറ്റച്ചട്ടം ഇല്ലാത്തതിന്റെ കുറവൊന്നും പത്രപ്രവര്‍ത്തകര്‍ക്കില്ല. ലോകത്താകമാനമായി ഇരുനൂറോളം പെരുമാറ്റച്ചട്ടമുണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് എന്നാണറിവ്. പത്രപ്രവര്‍ത്തകര്‍ അതൊന്നും വായിക്കാറും പാലിക്കാറുമില്ല എന്നത് അവിടെനില്‍ക്കട്ടെ. എന്താണ് ബഹു. അഭിഭാഷകരുടെ സ്ഥിതി? ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ടിലും റൂളിലുമൊക്കെ വകുപ്പും ഉപവകുപ്പുമായങ്ങനെ വളഞ്ഞുപുളഞ്ഞു കിടക്കുന്നുണ്ട് അവരുടെ പെരുമാറ്റച്ചട്ടം. മാധ്യമധാര്‍മികത നോക്കാന്‍തുടങ്ങിയാല്‍ വാര്‍ത്തയെഴുതാന്‍ പറ്റില്ല എന്നുപറയുന്ന ചില പത്രക്കാരുള്ളതുപോലെ ബാര്‍ കൗണ്‍സിലിന്റെ ചട്ടം നോക്കിയാലെങ്ങനെയാണ് വക്കീല്‍സംഘടനക്കാരനാവുക എന്നു കരുതുന്നവരും ധാരാളമുണ്ടെന്നും മനസ്സിലായി.

അഭിഭാഷകന്‍ തികഞ്ഞ മാന്യനായി, സമൂഹത്തിലെ പ്രത്യേകപദവിയുള്ള ഓഫീസര്‍ ഓഫ് കോര്‍ട്ട് ആയി, ഉയര്‍ന്ന നിലവാരം പെരുമാറ്റത്തില്‍ പുലര്‍ത്തണമെന്നും മറ്റും എഴുതിവെച്ചിട്ടുണ്ട് അതില്‍. ബാറിനു പുറത്തുള്ളവര്‍ ചെയ്താല്‍ ശരിയായി കണക്കാക്കുന്ന കാര്യങ്ങള്‍പോലും അഭിഭാഷകന്‍ ചെയ്താല്‍ തെറ്റാവും എന്നും ചട്ടത്തില്‍ പറയുന്നുണ്ട്. ഇതൊക്കെ നോക്കിയാലെങ്ങനെയാണ് ഇഷ്ടമില്ലാത്തത് എഴുതിയ പത്രക്കാരനെ വളഞ്ഞിട്ടുതല്ലാനാവുക? എങ്ങനെയാണ് കോടതി റിപ്പോര്‍ട്ടര്‍മാര്‍ക്കനുവദിച്ച റൂം തല്ലിപ്പൊളിക്കുക, എങ്ങനെയാണ് കാലുവയ്യാത്ത വനിതാ പത്രപ്രവര്‍ത്തകയെപ്പോലും ലിഫ്റ്റില്‍ കയറുന്നതു തടയാനാവുക, എങ്ങനെയാണ് കല്ലും ബീര്‍കുപ്പിയും പത്രക്കാര്‍ക്കുനേരേ വലിച്ചെറിയാനാവുക, കേട്ടാലറയ്ക്കുന്ന തെറിവിളിച്ചുപറയുക... കോട്ടിട്ട് ജാഥ നടത്താന്‍പോലും നിയമം അനുവദിക്കില്ല. എന്തൊരു അന്യായം!  
ചാനലുകളില്‍ച്ചെന്നു ന്യായം പറയുന്ന അഭിഭാഷകരുടെ കാര്യമാണ് മഹാകഷ്ടം. സകലവിഷയത്തിലും ന്യായവും അന്യായവും വേര്‍തിരിച്ചുപറയുന്ന ലാഘവത്തില്‍ വക്കീലന്മാരുടെ സംഘടനാകാര്യത്തില്‍ ഇടപെട്ടുകൂടാ. നേതാക്കളോടു ചോദിക്കാതെ ന്യായം പറയുന്നതന്യായംതന്നെ. സംഘടനയിലെ അംഗങ്ങള്‍ സത്യവും ന്യായവും പറയണമെന്ന് ഒരു ഭരണഘടനയിലും പറയുന്നില്ല. അച്ചടക്കത്തിന്റെ വാള്‍ വീശിയിട്ടുണ്ട് നേതാക്കള്‍. ചിലരുടെയെല്ലാം തല വൈകാതെ ഉരുളും.
                                                                         ****
എന്തു നല്ലകാര്യം ചെയ്താലും മാധ്യമദുഷ്ടാത്മാക്കള്‍ വിമര്‍ശിക്കുന്നു എന്ന് ഇടതുപക്ഷത്തുള്ളവര്‍ കരുതിയാല്‍ തെറ്റില്ല. നിയമം നമുക്ക് അറിയാത്തതുകൊണ്ടാണ് നിയമോപദേഷ്ടാവിനെ നിയമിച്ചത്. കാല്‍ക്കാശ് ചെലവാക്കാതെ നിയമോപദേശം വാങ്ങുന്നതും അപരാധമാണത്രെ. അങ്ങേരത് ഇട്ടേച്ചുപോയി. ഇതാ മുഖ്യമന്ത്രിക്ക് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതിനെക്കുറിച്ചും അവിടെയും ഇവിടെയും പരദൂഷണം പറയുന്നു ചിലകൂട്ടര്‍.

മുതലാളിത്തത്തിന്റെ സ്വര്‍ഗമായ അമേരിക്കയിലെ, ബൂര്‍ഷ്വാവിജ്ഞാനത്തിന്റെ തലസ്ഥാനമായ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നു വേണ്ടിയിരുന്നോ ഉപദേശിയെ കണ്ടെത്തേണ്ടത് എന്നതാണു ചോദ്യം. അതുസാരമില്ല. എന്തായാലും ഗീത ഗോപിനാഥ് കണ്ണൂര്‍ മയ്യില്‍ സ്വദേശിയാണെന്നാണ് ചില പത്രങ്ങള്‍ പറയുന്നത്. വിക്കിപീഡിയയില്‍ മൈസൂരുകാരിയാണെന്നു പറയുന്നത് തെറ്റാവാനേ വഴിയുള്ളൂ. മയ്യിലുകാരി മുതലാളിത്തപാതക്കാരിയാകാന്‍ സാധ്യതയില്ല.  ഇടതുപക്ഷക്കാരിയാവും, ഷുവര്‍.

സഖാവ് ഡോ. തോമസ് ഐസക്കിനെപ്പൊലൊരു സാമ്പത്തികകാര്യപണ്ഡിതന്‍ ഉള്ളപ്പോള്‍ വിജയന്‍സഖാവിനെ ഉപദേശിക്കാന്‍ അമേരിക്കക്കാരി വേണമായിരുന്നോ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസം സഖാക്കള്‍ മനസ്സിലാക്കണം. തോമസ് ഐസക്ക് വലിയ പണ്ഡിതനൊക്കെത്തന്നെ. പക്ഷേ, ഗമയുള്ള ഒരു വിഷയത്തെക്കുറിച്ചും പഠിച്ചിട്ടില്ല, എഴുതിയിട്ടുമില്ല. കേള്‍ക്കണോ വിഷയങ്ങള്‍... ദാരിദ്ര്യത്തിന്റെ രാഷ്ട്രീയം, കേരളംമണ്ണും മനുഷ്യനും, ജനകീയാസൂത്രണം, മാര്‍ക്‌സിസം, കയറ്, കല്യാശ്ശേരി, കൊഴിയുന്ന തേങ്ങ... അയ്യയ്യേ എന്തു വിഷയങ്ങളാണിത്?

ഗീത ഗോപിനാഥിന്റെ വിഷയങ്ങള്‍ എല്ലാം ഇന്റര്‍നാഷണലാണ്. ആഗോളത്തില്‍ കുറഞ്ഞ ഒരു വിഷയവുമില്ല. സര്‍ക്കാര്‍ അവരുടെ അപദാനങ്ങള്‍ വ്യക്തമാക്കുന്ന ഒന്നരമീറ്റര്‍ നീളമുള്ള കരിക്കുലംവിറ്റ പുറത്തിറക്കിയിരുന്നു. കല്യാശ്ശേരിയും തേങ്ങയും പോകട്ടെ... കേരളമോ ഇന്ത്യയോ ഏഷ്യപോലുമോ അതില്‍ കാണില്ല. മനസ്സിലായില്ലേ തോമസ് ഐസക്കും ഗീതയും തമ്മിലുള്ള വ്യത്യാസം?

                                                                                 ****
രാഹുല്‍ ഗാന്ധി ആര്‍.എസ്.എസ്സിന് മാനനഷ്ടമുണ്ടാക്കിയെന്ന് കേസുണ്ടായിരിക്കുന്നു. ആര്‍.എസ്.എസ്സുകാരാണ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നത് എന്ന് രാഹുല്‍ഗാന്ധി പ്രസംഗിച്ചതുകൊണ്ടാണത്രെ ആര്‍.എസ്.എസ്സിന് മാനഹാനി ഉണ്ടായത്. അങ്ങനെ പ്രസംഗിച്ചിട്ട് കൊല്ലം രണ്ടായി. ഇതുകാരണം രണ്ടുവര്‍ഷമായി ആര്‍.എസ്.എസ്സുകാര്‍ മാനക്കേടുകാരണം തലയില്‍ കാവിവേഷ്ടി പുതച്ചാണ് നടക്കുന്നത്. കള്ളം പറഞ്ഞതിനല്ല കേസ്. കള്ളം പറയുന്നതു കുറ്റകരമാണെങ്കില്‍ രാഷ്ട്രീയക്കാരും പത്രക്കാരും വക്കീലന്മാരുമെല്ലാം ജയിലിലായേനെ. കള്ളം പറയാം, പക്ഷേ, കള്ളം പറഞ്ഞു മാനനഷ്ടമുണ്ടാക്കരുത്.

കേസ് ഫയല്‍ ചെയ്തത് ആര്‍.എസ്.എസ്. അല്ല. ആര്‍.എസ്.എസ്. ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടു തികയാന്‍പോകുന്നു. ജവാഹര്‍ലാല്‍ നെഹ്രു മുതലിങ്ങോട്ട് എത്രപേര്‍ ഇതിനേക്കാള്‍ കടുത്തഭാഷയില്‍ പ്രസംഗിച്ചിരിക്കുന്നു. ഗാന്ധിവധത്തിന്റെ പേരിലാണ് ആര്‍.എസ്.എസ്സിനെ നിരോധിച്ചത്. അതല്ലേ ഇതിലും വലിയ മാനഹാനി? അന്നൊന്നുമില്ലാത്ത മാനനഷ്ടം രാഹുല്‍ഗാന്ധി പ്രസംഗിച്ചാല്‍ ഉണ്ടാവുകയില്ല എന്നറിയുന്നതുകൊണ്ടാവും അവര്‍ അതു ഗൗരവമായി എടുത്തുമില്ല, കേസ് കൊടുത്തുമില്ല.

കീഴ്‌ക്കോടതിയിലെ കേസ് അവിടെക്കിടന്ന് ആരും ശ്രദ്ധിക്കാതെ ചത്തുപോകുമായിരുന്നു. അതു സുപ്രീംകോടതിയിലെത്തിച്ചത് രാഹുല്‍ഗാന്ധിയാണ്. ആര്‍.എസ്.എസ്. ഗൗരവമായിട്ടെടുക്കാത്ത ആരോപണമാണ് കോടതി ഗൗരവമായിട്ടെടുത്തത്. അതിനും കോടതിക്ക് അധികാരമുണ്ടല്ലോ. ആര്‍.എസ്.എസ്. സംഘടന തീരുമാനിച്ചിട്ടാണ് ഗാന്ധിജിയെ കൊന്നതെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. പക്ഷേ, നാഥുറാം ഗോഡ്‌സെ മുതല്‍ സവര്‍ക്കര്‍ വരെയുള്ളവര്‍ക്കൊന്നും സംഘപരിവാറുമായി ബന്ധമില്ല എന്നും തെളിയിക്കാനാവില്ല. ഗോഡ്‌സെക്കുവേണ്ടി അമ്പലം പണിയുന്നതും പ്രതിമ ഉണ്ടാക്കുന്നതും സിനിമ നിര്‍മിക്കുന്നതും ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാന്‍ ദിനമായി ആചരിക്കുന്നതും ഹിന്ദു മഹാസഭ എന്നൊരു സംഘടനയാണ്. അത് ഹിന്ദുക്കള്‍ക്കാകെ മാനഹാനിയുണ്ടാക്കുന്നു എന്നൊരു കേസ് ഇതുവരെയാരും ഫയല്‍ ചെയ്തിട്ടില്ല.

Friday, 22 July 2016

അച്യുതാനന്ദന്റെ ധാര്‍മികത തകര്‍ക്കുന്നു പിണറായിയുടെ ഈ പ്രതിഫലം


     
ഇത്രയും കാലം വി.എസ്. അച്യുതാനന്ദനെ ഇതര രാഷ്ട്രീയക്കാരില്‍നിന്നു വേര്‍തിരിച്ചതെന്താണ്? അദ്ദേഹം പ്രകടിപ്പിച്ച ഉന്നതമായ ധാര്‍മിക ഇച്ഛാശക്തിയല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍ ഇതാ, ഒടുവില്‍ ധാര്‍മികതയുടെ നെറുകയില്‍നിന്ന് അദ്ദേഹം നിലം പതിച്ചിരിക്കുന്നു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിച്ചതിനുള്ള പ്രതിഫലമെന്നോണം ഒരു നിയമം ഭേദഗതി ചെയ്ത് മന്ത്രിപദവി നേടുകയാണ് അച്യുതാനന്ദന്‍ ചെയ്തത് എന്നു ചരിത്രം വിധിയെഴുതുകയായി.

സി.പി.എം. നേതൃത്വം ഔദാര്യം കൊണ്ടുമാത്രം വെച്ചുനീട്ടിയ സ്ഥാനം സ്വീകരിക്കുന്നതോടെ പൊതുസമൂഹത്തിനു മുന്നില്‍ വി.എസ്. ധാര്‍മികമായി പരാജയപ്പെട്ടുകഴിഞ്ഞു.

ഭരണപരിഷ്‌കാര കമ്മിറ്റിയുടെ  അധ്യക്ഷപദവിയാണ് വി.എസ്. സ്വീകരിക്കാന്‍ പോകുന്നത്. ഭരണപരിഷ്‌കാരം അടിയന്തരനടപടിയാണ് എന്നു ആരെങ്കിലും നിര്‍ദ്ദേശിക്കുകയോ അതിനായി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതുണ്ട് എന്നു ഭരണകര്‍ത്താക്കള്‍ക്കു ബോധ്യപ്പെടുകയോ അത്തരമൊരു ചുമതല നിര്‍വഹിക്കാന്‍ ഏറ്റവും ഉചിതനായ വ്യക്തി വി.എസ്. അച്യുതാനന്ദന്‍ ആണെന്നു അഭിപ്രായമുയരുകയോ ചെയ്തതുകൊണ്ടല്ല ഈ നിയമനം നടക്കാന്‍ പോകുന്നത്.

വണ്ടി പിറകോട്ടാണ് ഓടിയത്. അച്യുതാനന്ദന് ഒരു പദവി വേണം. വെറും പദവി പോര മന്ത്രിപദവി വേണം. പല പദവികളുടെ പേരും ഉയര്‍ന്നുവന്നു. മുമ്പു ഇ.എം.എസ്സും ഇ.കെ.നായനാരും വഹിച്ച പദവിയായതുകൊണ്ട്, അതു കൊള്ളാം എന്ന തോന്നലുമുണ്ടായി. അതാണ് വി.എസ്. അച്യുതാനന്ദന്‍ ഈ സ്ഥാനത്തിലേക്കു വരാന്‍ കാരണമാകുന്നത്.

നിയമം ഭേദഗതി ചെയ്തുകൊണ്ടാണോ ഇ.എം.എസ്സും ഇ.കെ.നായനാരും ഭരണപരിഷ്‌കാരകമ്മീഷന്‍ തലവന്മാരായത്? അല്ല. കമ്മിറ്റി ചെയര്‍മാന്‍ പദവി അവര്‍ക്ക് അധികബാധ്യതയായിരുന്നു. ഇരട്ടപ്പദവി പാടില്ല എന്നു നിയമവ്യവസ്ഥ ഉണ്ടായത് അതു ധാര്‍മികമായി ശരിയല്ല എന്നതുകൊണ്ടാണ്. അതിനെയാണ് പാര്‍ട്ടി താല്‍പര്യത്തിനുവേണ്ടി ഭേദഗതി ചെയ്തിരിക്കുന്നത്.

അതില്‍ വ്യാജമായ ഒരു ന്യായീകരണവും അടങ്ങിയിരിക്കുന്നുഅച്യുതാനന്ദനല്ലാതെ മറ്റൊരാള്‍ കേരളത്തില്‍ ഈ പദവി വഹിക്കാന്‍ യോഗ്യനായില്ല. അദ്ദേഹത്തിന് ആ ചുമതല നല്‍കാന്‍ നിയമതടസ്സമുണ്ട്. അതിനാല്‍ നിയമം ഭേദഗതി ചെയ്യുന്നു എന്നതാണ് ആ അസത്യമായ ന്യായീകരണം. അതിനാല്‍ അദ്ദേഹം 93ാം വയസ്സുമുതല്‍ 98ാം വയസ്സുവരെ ഈ സ്ഥാനം വഹിക്കും, അതിന്റെ ചെലവ് നികുതിദായകര്‍ വഹിക്കും്.

ഒരു റിപ്പോര്‍ട്ടിലൊതുങ്ങുമോ പരിഷ്‌കാരം?

എത്ര കാലം പ്രവര്‍ത്തിക്കും ഭരണപരിഷ്‌കാരകമ്മീഷന്‍? പ്രതിപക്ഷനേതാവിന്റെ പദവി പോലെയോ ചീഫ് സിക്രട്ടറിയുടെ തസ്തിക പോലെയോ ഉള്ള ഒരു സ്്ഥിരം സംവിധാനമല്ല അത്.  ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നിശ്ചിതമായ ഒരു കാലത്തേക്കുള്ള നിയമനമാണത്. ഇതിനു മുമ്പുള്ള മൂന്നു ഭരണപരിഷ്‌കാര കമ്മിറ്റികളുടെയും  കീഴ്‌വഴക്കം അതായിരുന്നു.

ഒന്നാമത്തെ കമ്മിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെയായിരുന്നു. മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയും പ്രമുഖന്മാരായ വി.കെ.എന്‍ മേനോന്‍, പി.എസ്. നടരാജപിള്ള, എന്‍.ഇ.എസ് രാഘവാചാരി, ജി.പരമേശ്വരന്‍പിള്ള എന്നിവരും ആയിരുന്നു അംഗങ്ങള്‍.

1957 ആഗസ്ത് 15നു നിയമിക്കപ്പെട്ട കമ്മിറ്റി വെറും ഒരു വര്‍ഷം കൊണ്ടു  റിപ്പോര്‍ട്ട് തയ്യാറാക്കി 1958 ആഗസ്തില്‍ സര്‍ക്കാറിനു സമര്‍പ്പിക്കുകയുണ്ടായി. ഐ.സി.എസ്സുകാരനായ എം.കെ.വെള്ളോടിയായിരുന്നു 1965 ല്‍ നിയമിക്കപ്പെട്ട രണ്ടാമത്തെ കമ്മിറ്റിയുടെ തലവന്‍. 1997 മെയില്‍ നിയമിക്കപ്പെട്ട മൂന്നാമത്തെ കമ്മിറ്റി മുഖ്യമന്ത്രി ഇ.കെ.നായനാരുടെ നേതൃത്വത്തിലായിരുന്നു. നാലു വര്‍ഷത്തിനു ശേഷം 2001 മെയില്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്.

അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാര്യത്തില്‍ ഒരു പ്രശനമുണ്ട്. അദ്ദേഹത്തിനു എന്തെങ്കിലും പണി ഉണ്ടാകുമോ എന്നറിയില്ല, ഉണ്ടെങ്കിലും ഇല്ലെങ്കിലും  അഞ്ചുവര്‍ഷം കമ്മീഷനു പ്രവര്‍ത്തിക്കേണ്ടതായി വരും. ഇ.എം.എസ് കമ്മിറ്റി പോലെ ഒരു കൊല്ലംകൊണ്ടു പണിതീര്‍ക്കാന്‍ പറ്റില്ല. കാരണം, റിപ്പോര്‍ട്ടു നല്‍കിയാല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലയ്ക്കുകകയും  അച്യുതാനന്ദനു മന്ത്രിപദവി ഇല്ലാതാകുകയും ചെയ്യും. അതുപാടില്ലല്ലോ.

വ്യക്തിയെ പൊതുനിയമത്തില്‍ നിന്നുമാറ്റി പ്രത്യേക പരിഗണന നല്‍കുന്നതിനാണ് ഇരട്ടപദവിച്ചട്ടം ഭേദഗതി ചെയ്തത്. ഇതോടെ അച്യുതാനന്ദന്‍ സോണിയാഗാന്ധിയുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്തിരിക്കയാണ്. പ്രധാനമന്ത്രിയാകേണ്ടതില്ല എന്നു തീരുമാനിച്ച സോണിയാഗാന്ധി 2004 ല്‍  കേന്ദ്രമന്ത്രി പദവിയോടെ നാഷനല്‍ അഡൈ്വസറി കൗണ്‍സിലിന്റെ അധ്യക്ഷയായത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

 ഇരട്ടപദവി നിയമംതന്നെ പ്രശ്‌നം. വിവാദം ബലപ്പെട്ടപ്പോള്‍ സോണിയ എം.പി.സ്്ഥാനം രാജിവെക്കുകയാണ് ചെയതത്. പക്ഷേ, പിന്നീട് നിയമം ഭേദഗതി ചെയ്താണ് അവര്‍ രണ്ടു സ്ഥാനങ്ങളിലും ഒരേ സമയം തുടര്‍ന്നത്. അവരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രം ഇത്തരമൊരു പദവി സൃഷ്ടിക്കുകയും നിയമം ഭേദഗതി ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ്സിന് അച്യുതാനന്ദനു വേണ്ടി നിയമം ഭേദഗതി ചെയ്തതിനെ എങ്ങിനെ ചോദ്യം ചെയ്യാനാവും?


ഒരു കാര്യം പറയാതെ വയ്യ. സോണിയാഗാന്ധിയുടെ അധികാരപ്പൊങ്ങച്ചത്തിനു വേണ്ടി മാത്രമാണ് നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍ ഉണ്ടാക്കിയതെങ്കിലും പ്രവര്‍ത്തനത്തില്‍ അതൊരു വെള്ളാനയായിരുന്നു എന്നു പറയാനാവില്ല. പ്രഗത്ഭരായ ഒട്ടനവധി വ്യക്തികള്‍, വിദഗ്ദ്ധന്മാര്‍ ഈ കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന്റെയും അന്നന്നത്തെ ഭരണത്തിന്റെയും പ്രതിസന്ധികളില്‍ സമയം ചെലവാക്കുന്ന മന്ത്രിസഭയ്ക്കുള്ള ഒരു തിങ്ക് ടാങ്ക് ആകാന്‍ ആ സംവിധാനത്തിനു കഴിഞ്ഞിരുന്നു എന്നതു സത്യമാണ്.

പ്ലാനിങ്ങ് കമ്മീഷനോ കേന്ദ്രമന്ത്രിസഭ തന്നെയോ കൈകാര്യം ചെയ്യാനിടയില്ലാത്ത വിഷയങ്ങളിലേക്ക് എത്തിനോക്കാനുള്ള ധൈര്യം ആ കൗണ്‍സിലിനുണ്ടായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും വിവരാവകാശനിയമവും വിദ്യാഭ്യാസാവകാശനിയമവും ഈ കൗണ്‍സിലിലൂടെയാണ് മന്ത്രിസഭയിലേക്കു വന്നത്.

ഭരണപരിഷ്‌കാരപ്രസ്ഥാനം തുടങ്ങണം വി.എസ്.

കേരളത്തിലും ഈ ചോദ്യം ഉയരേണ്ടതുണ്ട്. ഭരണപരിഷ്‌കാര കമ്മിറ്റി  അച്യുതാനന്ദനു മന്ത്രിപദവിയുടെ സൗകര്യങ്ങള്‍ നല്‍കാന്‍ വേണ്ടിയുള്ള ഒരു അലങ്കാരസ്ഥാപനം മാത്രമായിരിക്കുമോ? പൊതുപ്പണം പാഴാക്കുന്നതിനെതിരെകൂടി പോരാടിയ നേതാവാണ് അച്യുതാനന്ദന്‍. അദ്ദേഹത്തിനു രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ വാഹനം, ജീവനക്കാര്‍ എന്നിവ സര്‍ക്കാര്‍ ചെലവില്‍ നല്‍കാന്‍ മാത്രമാണു തീരുമാനമെങ്കില്‍ അച്യുതാനന്ദന്‍ ഇതുവരെ നിലകൊണ്ട എല്ലാ തത്ത്വങ്ങളുടെയും ലംഘനമായിരിക്കും അത്. പൊതുപ്പണത്തിന്റെ ഗുരുതരമായ ദുരുപയോഗവുമാവും.

പുന്നപ്ര വയലാര്‍ കലാപം മുതലിങ്ങോട്ട് ഇത്രയും ത്യാഗോജ്വല ജീവിതം നയിച്ച അച്യുതാനന്ദന്റെ ജീവിതകഥയുടെ അവസാന അധ്യായം ഇതാകുന്നത് അദ്ദേഹം അദ്ദേഹത്തോടുതന്നെ ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും. അതുപാടില്ല. ഭരണപരിഷ്‌കാരം സാധ്യമാക്കുന്ന ഒരു പ്രസ്ഥാനത്തിന് അദ്ദേഹം ഈ പദവി വഹിച്ചുകൊണ്ടു നേതൃത്വം  നല്‍കണം.

ഏതാനും പേഴ്‌സണല്‍ ജീവനക്കാരെ ഇരുത്തി കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ല ഭരണപരിഷ്‌കാരം. ഈ വിഷയത്തില്‍ വൈദഗ്ദ്ധ്യമുള്ള വ്യക്തികളുടെ  പങ്കാളിത്തത്തോടെ ഗൗരവപൂര്‍വം ഈ പ്രശ്‌നം പഠിക്കുകയും സമഗ്രമായ പരിഷ്‌കാരനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കമ്മിറ്റിക്കു ചെയ്യാവുന്നത്. ഈ കമ്മിറ്റിതന്നെ ഒരു ദുഷ്‌ചെലവാണ് എന്ന ആരോപണത്തിന്റെ മുനയൊടിക്കുംവിധം സര്‍ക്കാരിന്റെ ദുഷ്‌ചെലവുകള്‍ എങ്ങനെ ഇല്ലാതാക്കാം എന്നതാവട്ടെ കമ്മിറ്റിയുടെ മുഖ്യചര്‍ച്ചാവിഷയം.

അഞ്ചുകൊല്ലം കുത്തിയിരുന്ന് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി പിരിഞ്ഞുപോവുകയും റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലെ ഏതെങ്കിലും അലമാറയില്‍ കുഴിച്ചിടപ്പെടുകയും ചെയ്യുന്നത് നികുതിദായകരോടു ചെയ്യുന്ന മറ്റൊരു അനീതിയാവും. റിപ്പോര്‍ട്ടുകള്‍ നല്‍കല്‍ മാത്രമാവരുത്, അതു നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം കൂടി ഈ കമ്മിറ്റിയുടെ ഉത്തരവാദിത്തമാവണം. അതു പൊതുജനപിന്തുണയോടെ ഏറ്റെടുക്കണം.

സര്‍ക്കാറിന്റെ ശ്രമംകൊണ്ടു സര്‍ക്കാര്‍ മാത്രമാണ് നമ്മുടെ നാട്ടില്‍ തടിച്ചുകൊഴുക്കുന്നത്. എത്രയായിരം ജീവനക്കാരാണ് ഒരു ജോലിയും ചെയ്യാതെ സര്‍ക്കാറില്‍ ശമ്പളംപറ്റുന്നത്? പ്രത്യക്ഷത്തില്‍ അതുകാണില്ല. പത്താള്‍ ചെയ്യേണ്ട ജോലി ഇരുപതാളുകള്‍ ചെയ്യുമ്പോള്‍ പത്തുപേര്‍ വെറുതെ ശമ്പളം വാങ്ങുന്നു എന്നാണ് അര്‍ത്ഥം. മുന്‍കാലത്തു പല അന്വേഷണകമ്മിറ്റികളും ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫയല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്റ്ററിയായി മാറുന്നു സെക്രട്ടേറിയറ്റ്. അധികാരവികേന്ദ്രീകരണത്തിനു വേണ്ടി ജില്ലാ/ബ്ലോക്കു തല ഭരണകേന്ദ്രങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടും സെക്രട്ടേറിയറ്റ് മെലിഞ്ഞില്ല. ഒരു അധികാരവും അവര്‍ വിട്ടുകൊടുത്തിട്ടില്ല.

ഒരു ഭരണപരിഷ്‌കാരകമ്മിറ്റിക്ക് തീരാത്ത പണിയുണ്ടു കേരളത്തില്‍. സംശയമില്ല.

Sunday, 17 July 2016

മമ്മൂട്ടി കാണാത്ത മതിലുകള്‍
മാധ്യമചരിത്രത്തിലോ രാഷ്ട്രീയ ചരിത്രത്തിലോ ഇക്കാര്യം രേഖപ്പെടുത്തുമോ എന്നറിയില്ല. പക്ഷേ, സ്വതന്ത്രഭാരതത്തില്‍ ആദ്യമായി പത്രത്തില്‍ അഭിപ്രായമെഴുതിയതിന്റെ പേരില്‍ ജയിലിലടക്കുന്നത് ഒരു മലയാളി പത്രാധിപരെയാണ്ഇപ്പോഴും പത്രരംഗത്ത് സജീവമായുള്ള ടി.ജെ.എസ് ജോര്‍ജ് ആണ് ആ ജയില്‍പ്പുള്ളി!
ടി.ജെ.എസ് ജോര്‍ജ് 

ചരിത്രകാരന്മാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍പ്പോലും കുറ്റപ്പെടുത്താനാവില്ല, ആത്മകഥയായ 'ഘോഷയാത്ര'യില്‍ ജോര്‍ജ് ഇതിന് നല്‍കിയ അപ്രാധാന്യം കണ്ടാല്‍. 35 നീണ്ട അധ്യായങ്ങളുള്ള സാമാന്യം വലിയ പുസ്തകമാണ് 'ഘോഷയാത്ര' എന്ന ഏറെ അപൂര്‍വതകളുള്ള ഗംഭീരന്‍ ആത്മകഥ. അതില്‍ ഈ ജയില്‍വാസത്തിന് പ്രത്യേകം ഒരു അധ്യായമോ ഒരു ഉപതലവാചകം പോലുമോ ഇല്ല. 'മമ്മൂട്ടി കാണാത്ത മതിലുകള്‍' എന്നൊരു അധ്യായത്തിലാണ് ജയില്‍വാസത്തെക്കുറിച്ച് പറയുന്നത്. ഏത് മമ്മൂട്ടി? നടന്‍, നമ്മുടെ സ്വന്തം മമ്മൂട്ടിതന്നെ. മമ്മൂട്ടി ജോര്‍ജിനൊപ്പം ജയിലില്‍ പോയിരുന്നുവോ? ഇല്ല, അതുകഥ വേറെ. വഴിയെ പറയാം.

അറുപതുകളുടെ തുടക്കത്തിലാണ് സംഭവം. മുംബൈയില്‍ 'ഫ്രീപ്രസ് ജേണലി'ല്‍ പ്രവര്‍ത്തിക്കുകയായിരുന്നു ജോര്‍ജ്. അതിനിടെ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പദ്ധതിപ്രകാരം ആറുമാസം നാടുചുറ്റാന്‍ ഒരവസരം കിട്ടി. അങ്ങനെ യാത്രയായി. ആറുമാസം കഴിഞ്ഞ് പഴയ പത്രത്തിലേക്ക് തിരിച്ചുപോകണമോ വേറെ വല്ലതും നോക്കണമോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പട്‌നയില്‍ 'സെര്‍ച്ച്‌ലൈറ്റ് 'പത്രം ശ്രദ്ധയില്‍ പെട്ടത്. രണ്ടു പത്രാധിപന്മാര്‍ ഹൃദയാഘാതം വന്നു മരിക്കുകയും മൂന്നാമന്‍ ഒരു വര്‍ഷം തികയും മുന്‍പു മടുത്ത് സ്ഥലംവിടുകയും ചെയ്ത പത്രം എന്ന 'ആകര്‍ഷണം' കാരണം ജോര്‍ജ് മടിച്ചില്ല. 'സെര്‍ച്ച്‌ലൈറ്റ് 'പത്രാധിപരായി.

കെ.ബി സഹായി എന്നൊരു മുഖ്യമന്ത്രിയാണ് അന്ന് ബിഹാര്‍ ഭരിച്ചിരുന്നത്. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സഹായി കാമരാജ് പദ്ധതിപ്രകാരമാണ് മുഖ്യമന്ത്രിയായത്. മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി ദിനമായ 1963 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ഭാഗ്യമുണ്ടായ ഗാന്ധിയനാണ്. പക്ഷേ, സഹായിയുടെ സഹായം 'സെര്‍ച്ച്‌ലൈറ്റി'ന് ഒട്ടും കിട്ടിയില്ലെന്നുമാത്രമല്ല വലിയ ദ്രോഹവുമുണ്ടായി. പട്‌നയിലെ പത്രങ്ങളില്‍ പുതിയ പത്രാധിപന്മാര്‍ ചാര്‍ജ്ജെടുത്താല്‍ മുഖ്യമന്ത്രിയെ മുഖം കാണിക്കുക എന്നൊരു കീഴ്‌വഴക്കം ഉണ്ടായിരുന്നത് ആരും ജോര്‍ജിനോട് പറഞ്ഞില്ല. ജോര്‍ജ് പോയില്ല. അതു സഹിക്കാം. വേറൊരു വിചിത്രനിയമവും അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. ക്രമസമാധാനപ്രശ്‌നം വല്ലതുമുണ്ടായാല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്ന കലക്ടറുടെ പത്രക്കുറിപ്പേ അതിനെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ! അതും ജോര്‍ജ് അറിഞ്ഞില്ല. പട്‌നയില്‍ ഒരു വലിയ പ്രശ്‌നമുണ്ടായി. ഒരു ബന്ദിനിടയില്‍ പൊലിസ് വെടിവച്ചു. മരണങ്ങളുണ്ടായി. 'സെര്‍ച്ച്‌ലൈറ്റി'ല്‍ ലേഖകന്മാരുടെ റിപ്പോര്‍ട്ടുകള്‍ വിസ്തരിച്ചുപ്രസിദ്ധപ്പെടുത്തി. ജില്ലാ മജിസ്‌ട്രേറ്റിന്റെ കുറിപ്പും കൂട്ടത്തില്‍ കൊടുത്തുവെന്നുമാത്രം. മുഖ്യമന്ത്രിക്ക് സഹിച്ചില്ല. ജോര്‍ജിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കി.


അറസ്റ്റ് വന്‍ സംഭവമായി. പട്‌നയും ബിഹാറും ഇളകിമറിഞ്ഞു. ആദ്യമായൊരു പത്രാധിപരെ ജയിലിലടച്ച സംഭവമാണ്. രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചു. പാര്‍ട്ടികളും പത്രപ്രവര്‍ത്തകസംഘടനകളും മാധ്യമങ്ങളുമെല്ലാം പ്രതിഷേധക്കൊടുങ്കാറ്റിളക്കി. വിദ്യാര്‍ഥികള്‍ സമരത്തിലിറങ്ങി. കെ.ബി സഹായിയുടെ സഹായം എന്നുപറഞ്ഞാല്‍ മതിയല്ലോ, ടി.ജെ.എസ് ജോര്‍ജ് നാലുനാള്‍ കൊണ്ട് രാജ്യംമുഴുവന്‍ പ്രശസ്തനായി.


എന്നാലും ജയില്‍ ജയില്‍തന്നെയാണല്ലോ. ജോര്‍ജിന്റെ മോചനത്തിനുവേണ്ടി ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിക്കപ്പെട്ടു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട്, ലോകപ്രശസ്തനായ വി.കെ കൃഷ്ണമേനോന്‍ കേസ് വാദിക്കാന്‍ കോടതിയിലെത്തി. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വലിയ ആള്‍ക്കൂട്ടമാണ് ജോര്‍ജിനെ ഹാജരാക്കിയപ്പോള്‍ കോടതിപരിസരത്ത് ഉണ്ടായിരുന്നത്. ഒരു പത്രാധിപരുടെ യഥാര്‍ഥ മൂല്യം നിര്‍ഭയത്വമാണ്. ഉപാധികളോടെയുള്ള ജാമ്യം പത്രാധിപരുടെ അന്തസ് തകര്‍ക്കും, ആത്മാഭിമാനമുള്ള ഒരു പത്രാധിപര്‍ക്കും സ്വീകരിക്കാനാവില്ല. അതുകൊണ്ട് ഉപാധികളില്ലാതെ ജാമ്യം അനുവദിക്കണംകൃഷ്ണമേനോന്‍ വാദിച്ചു.
കോടതി ജാമ്യം അനുവദിച്ചു. കുറഞ്ഞത് അരലക്ഷം പേരുടെ അകമ്പടിയോടെ, വീരോചിത സ്വീകരണം ഏറ്റുവാങ്ങിയാണ് അന്ന് ജോര്‍ജ് കോടതിയില്‍ നിന്ന് 'സെര്‍ച്ച്‌ലൈറ്റ് 'പത്രംഓഫിസിലേക്ക് പോയത്.

മൂന്നാഴ്ചയാണ് ജോര്‍ജ് ജയിലില്‍ കഴിഞ്ഞത്. മൂന്നാഴ്ച ജയിലില്‍ കിടന്നവര്‍ ജയില്‍വാസത്തെക്കുറിച്ച് പുസ്തകംതന്നെ എഴുതാറുണ്ട്. ജോര്‍ജ് ഒരു പ്രത്യേക അധ്യായം പോലും ഇതിന് ചെലവഴിച്ചില്ല. വാസ്തവത്തില്‍ ഒരു പുസ്തകത്തിന് വകയുണ്ടായിരുന്നു ആ മൂന്നാഴ്ചയിലെ അനുഭവങ്ങള്‍. തനിക്ക് ആ മൂന്നാഴ്ച കൊണ്ടാണ് പ്രായപൂര്‍ത്തിയായത് എന്നദ്ദേഹം ആത്മകഥയില്‍ പറയുന്നുണ്ട്.

കുറച്ചുനാള്‍ അസഹ്യമായ അവസ്ഥകളുള്ള ബങ്കിപ്പൂര്‍ ജയിലില്‍, പിന്നെ താരതമ്യേന ആഡംബരസൗകര്യങ്ങളുള്ള ഹസാരിബാഗ് സെന്‍ട്രല്‍ ജയില്‍. ഇവിടെ ഒപ്പമുണ്ടായിരുന്നവരില്‍ പ്രമുഖ ദേശീയനേതാക്കളുമുണ്ടായിരുന്നു. ഡോ. രാംമനോഹര്‍ ലോഹ്യയാണ് ഒരാള്‍. ചിന്തകനായ നേതാവ്. ജര്‍മനും ഇംഗ്ലീഷുമെല്ലാം പച്ചവെള്ളം പോലെയാക്കിയ മനുഷ്യന്‍. എന്തുപ്രയോജനം? ഹിന്ദിയേ പറയൂ. അത് അക്കാലത്തെ സോഷ്യലിസ്റ്റുകാരുടെ അസുഖമായിരുന്നു. ലോഹ്യ പറഞ്ഞിരുന്നത് മുന്തിയ ഹിന്ദിയായിരുന്നു. ഒരക്ഷരം ജോര്‍ജിന് മനസിലായില്ല. ജയിലില്‍ ഒരു സുല്‍ത്താനെപ്പോലെ എല്ലാം നോക്കി നടന്നിരുന്നു ലോഹ്യ. പത്രാധിപരെ അകത്താക്കിയ വിവരം അറിഞ്ഞ് ലോഹ്യ എത്തിയിരുന്നു ജോര്‍ജിനെ കാണാന്‍. വലിയ തോതില്‍ സംസാരിക്കാന്‍ കഴിയാതിരുന്നതിലുള്ള സങ്കടം ജോര്‍ജിന് ഇപ്പോഴും തീര്‍ന്നിട്ടില്ല.
ഇനി മമ്മൂട്ടിയുടെ കാര്യം നോക്കാം.

ജയിലില്‍ സെല്ലിന്റെ പിറകില്‍ ഇരുപതടി ഭിത്തിയുടെ പിറകില്‍ സ്ത്രീകളുടെ തടവറയായിരുന്നു. പതിവായി അവിടെനിന്നുള്ള ബഹളവും കരച്ചിലുമെല്ലാം ഇപ്പുറത്തും കേള്‍ക്കുമായിരുന്നു. അതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത് ഒരാളുടെ ഗാനാലാപനമാണ്. ഒരു തടവുകാരി പകലുടനീളം മധുരമായി പാടുമായിരുന്നു. എത്രനേരം വേണമെങ്കിലും കേള്‍ക്കാവുന്ന മധുരഗാനം. ആ ഗായികയെ ഒരു നോക്കുകാണാന്‍ പുരുഷതടവുകാര്‍ മുഴുവന്‍ വെമ്പിയിരുന്നു. പലരും അതിനായി സാഹസങ്ങള്‍ക്കുതന്നെ ഒരുമ്പെട്ടു. ഒന്നും ഫലപ്രദമായില്ല.

ബഷീറിന്റെ 'മതിലുകള്‍' എന്ന കഥയുടെ കേന്ദ്രബിന്ദു ജയിലും അപ്പുറത്തെ സെല്ലിലെ സ്ത്രീയുമാണല്ലോ. അത് സിനിമയായപ്പോള്‍ അഭിനയിച്ചത് മമ്മൂട്ടി. കഥ വായിച്ചാലൊന്നും അതിന്റെ മൃദുലതയാര്‍ന്ന ഭാവസൗന്ദര്യം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ല. അത് ജയിലില്‍ നേരിട്ട് അനുഭവിക്കണം. അതനുഭവിച്ചവനാണ് കഥയെഴുതിയ ബഷീറും പിന്നെ ഈ ജോര്‍ജും! അതുകൊണ്ട് മമ്മൂട്ടിക്കല്ല, ജോര്‍ജിനാണ് മതിലുകള്‍ സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നായകസ്ഥാനം നല്‍കേണ്ടിയിരുന്നത്. തന്നെ തഴഞ്ഞത് സംവിധായകന്റെ കൈപ്പിഴയാണ് എന്ന കാര്യത്തില്‍ ജോര്‍ജിന് സംശയമൊട്ടുമില്ല!
എങ്ങനെയുണ്ട്?
വിവരം കീഴെ, അവകാശം മീതെ
വിവരാവകാശത്തിന് ഇങ്ങനെയൊരു ദൂഷ്യമുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിവരമാണ് അവകാശമായിത്തോന്നുക. ഇതേകൂട്ടര്‍ ഭരണത്തിലെത്തിയാല്‍ ലൈന്‍ മാറും. മിക്കപ്പോഴും വിവരം കുത്തകയാക്കാനുള്ള അവകാശവും ചിലപ്പോഴെല്ലാം വിവരക്കേടും പരമപ്രധാനമായി വരും. ആളുകളുടെ കുറ്റമൊന്നുമല്ല. അധികാരത്തിന്റെ കുറ്റമാണ്. മദ്യപന്‍ വഴിപോക്കര്‍ക്കുമേലെ കുതിരകേറുന്നത് മദ്യപന്റെ കുറ്റമല്ല, അകത്തുചെന്ന മദ്യത്തിന്റെ കുറ്റമാണ്. മദ്യത്തേക്കാള്‍ പല മടങ്ങ് അപകടകാരിയായി തലയ്ക്കുപിടിക്കുന്ന സാധനമത്രെ അധികാരം.
ഇതുകണ്ടില്ലേ, മുന്‍മന്ത്രിസഭയുടെ അവസാനത്തെ മാസം കടുംവെട്ടായിരുന്നത്രെ. മന്ത്രിസഭായോഗം രാവും പകലും നടത്തിയാണത്രെ വെട്ടുകിളികള്‍ പുലരുംമുമ്പ് പണിതീര്‍ത്തത്. എഴുന്നൂറോ എണ്ണൂറോ മറ്റോ ഫയലുകളില്‍ തീരുമാനമെടുത്തിരുന്നത്രെ.

ഭൂമി പതിച്ചുകൊടുക്കലാണല്ലോ വലിയ സത്കര്‍മം. റവന്യൂവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് സാധാരണഗതിയില്‍ ഇതിന്റെ ഫയല്‍മാന്‍. പക്ഷേ, അന്നത്തെ ഫയല്‍മാനായ അടൂര്‍ പ്രകാശ് കാണാതെയാണത്രെ ഫയലുകള്‍ സ്വമേധയാ പാഞ്ഞുവന്ന് മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരുന്നത്.
ഇതിന്റെയും ഇത്തരം മറ്റെല്ലാ സംഗതികളുടെയും തീരുമാനങ്ങളടങ്ങിയ മന്ത്രിസഭായോഗവിവരം ചോദിച്ചത് പ്രമുഖ വിവരാവകാശിയായ അഡ്വ. ഡി.ബി. ബിനു ആണ്. സംഗതി പരിഗണിക്കുമ്പോഴേക്ക് ഉമ്മന്‍ചാണ്ടി പോയി പിണറായി വിജയന്‍ വന്നിരുന്നു. ഇതുതന്നെ നല്ല ചാന്‍സ്. ഫയലുകള്‍ പുറത്തുവന്നാല്‍ യു.ഡി.എഫ്. മന്ത്രിസഭയെ തൊലിയുരിച്ചുകാട്ടാം, നല്ല മസാലചേര്‍ത്ത് ഫ്രൈ ആക്കാനും പറ്റും എന്നുചിന്തിക്കാമായിരുന്നു ഇടതുപക്ഷത്തിന്. പക്ഷേ, പിണറായി വിജയന്‍ അതൊന്നും ചെയ്തില്ല. ആള്‍ മഹാസാധുവാണെന്ന് അദ്ദേഹം പറയാതെതന്നെ നമുക്കറിയുന്നതാണല്ലോ. ഫയലുകള്‍ കൊടുത്തില്ല. സ്വമേധയാ കൊടുത്തില്ലെന്നുമാത്രമല്ല, കൊടുക്കണമെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍ പറഞ്ഞിട്ടും കൊടുത്തില്ല. ഇനി കമ്മിഷണറുടെ കഥകഴിക്കാന്‍ ഹൈക്കോടതിയില്‍ കേസ് ഫയലാക്കാന്‍ പോകുന്നുണ്ടത്രെ. കമ്മിഷണറെ പടച്ചോന്‍ കാക്കട്ടെ.

യു.ഡി.എഫ്. സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ കേസുകളുടെ വിവരങ്ങള്‍ നല്‍കുന്നത് വിവരാവകാശത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഉന്നതന്മാര്‍ക്കെതിരെ പരാതിനല്‍കുന്നവര്‍ പീഡിപ്പിക്കപ്പെടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശ്യം. ഇതുതന്നെ ചാന്‍സ് എന്ന് ബുദ്ധിമാന്മാര്‍ ഉടന്‍ കണ്ടെത്തി. ഉത്തരവിറങ്ങിയപ്പോഴേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം.പി.മാരെയും എം.എല്‍.എ.മാരെയും ഐ.എ.എസ്.ഐ.പി.എസ്. ഉദ്യോഗസ്ഥരെയും മാത്രമല്ല മുന്‍മുഖ്യമന്ത്രി, മുന്‍മന്ത്രിമാര്‍ എന്നിവരെയും ആര്‍.ടി.ഐ. കോടാലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

അന്ന് ഇടതുപക്ഷ നിയമോപദേഷ്ടാക്കള്‍ക്കൊന്നും സര്‍ക്കാറിന്റെ സദുദ്ദേശ്യം മനസ്സിലായില്ല. അന്ന് വിവരാവകാശത്തിന്റെ അപ്പോസ്തലന്മാരും പോരാളികളുമായി  സി.പി.എം. നേതാക്കള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നത്തെ മുഖ്യമന്ത്രി അന്ന് ഫെയ്‌സ്ബുക്കില്‍ വാളോങ്ങി. നല്ല സത്യസന്ധന്മാരും സുതാര്യന്മാരുമായ പവന്‍മാര്‍ക്ക് യു.ഡി.എഫ്. മന്ത്രിമാര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല ആ ഒഴിവാക്കല്‍. വരാന്‍പോകുന്ന മന്ത്രിസഭയിലെ മഹാന്മാര്‍ക്കുവേണ്ടിക്കൂടിയായിരുന്നു. എന്തുചെയ്യാന്‍ അതുമനസ്സിലാക്കാനുള്ള സന്മനസ്സ് ഇടതുകാര്‍ക്കുണ്ടായില്ല. ബഹളംകൂട്ടി ആ ഉത്തരവ് പിന്‍വലിപ്പിച്ചു.

ഇടതുപക്ഷം അധികാരമേറ്റശേഷം മുഖ്യമന്ത്രിയും മറ്റുനേതാക്കളുമെല്ലാം പൂര്‍വാധികം സാധുക്കളായിട്ടുണ്ട്. വിവരാവകാശക്കാര്‍ ചോദിച്ച ഉടനെ പഴയ മന്ത്രിസഭാതീരുമാനം മുഴുവന്‍ ഒരു ധവളപത്രമോ കരിമ്പത്രമോ മറ്റോ ആയി പ്രസിദ്ധീകരിക്കുന്നതിന് ഒരു തടസ്സവുമുണ്ടായിരുന്നില്ല. എന്നിട്ടും അവരതുചെയ്തില്ല. യു.ഡി.എഫ്. മന്ത്രിസഭയെ രക്ഷിക്കുമ്പോള്‍ നാം നമ്മുടെ മന്ത്രിസഭയെയും രക്ഷിക്കുകയാണ്. ഭാവി മന്ത്രിസഭകള്‍ക്കും പൊതുജന താത്പര്യാര്‍ഥമെടുക്കുന്ന തീരുമാനങ്ങള്‍ പൊതുജനത്തില്‍നിന്ന് മറച്ചുവെക്കേണ്ടതുണ്ട്. ജനത്തോടുള്ള ഭരണക്കാരുടെ സ്‌നേഹത്തിന്റെ ആഴമറിഞ്ഞ് ജനം ബോധംകെട്ടുവീഴരുതല്ലോ. അതിനാണ് തീരുമാനങ്ങള്‍ രഹസ്യമാക്കിവെക്കുന്നത്; തെറ്റിദ്ധരിക്കരുതാരും.

മന്ത്രിസഭാതീരുമാനങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന തീരുമാനമെടുത്തത് നിയമവകുപ്പിന്റെ ശുപാര്‍ശയനുസരിച്ചാണെന്ന് ചില മാധ്യമങ്ങളില്‍ കാണുന്നുണ്ട്. പണ്ട് നമ്മുടെ നമ്പ്യാര്‍ തിരുവിതാംകൂര്‍ കൊട്ടാരവളപ്പില്‍ വയറിളകിനടന്ന പശുവിനെക്കണ്ട്, 'അല്ലാ, പയ്യേ നിനക്കും പക്കത്താണോ ഊണ്' എന്നുചോദിച്ചതായി കഥയുണ്ട്. പക്കത്തെ ഊണുകഴിച്ച് വയറുവശക്കേടായ നമ്പ്യാരുടെ അവസ്ഥയിലാണ്, നിയമോപദേഷ്ടാവിന്റെ ചുരുങ്ങിയ നാളത്തെ സേവനംകൊണ്ട് മുഖ്യമന്ത്രിക്കുണ്ടായിട്ടുള്ള ഖ്യാതി. അപ്പോള്‍ സ്വാഭാവികമായി ആരും ചോദിച്ചുപോകും ''നിയമവകുപ്പേ നിന്റെയും നിയമോപദേശി എം.കെ. ദാമോദരനോ?''

മന്ത്രിസഭാതീരുമാനം ചോദിക്കുന്നവരോടെല്ലാം പറയാമെന്ന് ഉത്തരവിറക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും ഇന്ത്യ മുഴുവനുമുള്ള മന്ത്രിസഭകള്‍ മാത്രമല്ല, നരേന്ദ്രമോദിയുടെ കേന്ദ്രമന്ത്രിസഭവരെ കുളത്തിലാവുമെന്നും നിയമവകുപ്പ് മുന്നറിയിപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ട്. ആവോ... ഇപ്പോള്‍ത്തന്നെ ചില മന്ത്രിസഭകളുടെ യോഗതീരുമാനങ്ങള്‍ അതതുസര്‍ക്കാറുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതായി അറിവുണ്ട്. വെറുതേ ഗൂഗിളില്‍ തപ്പിയാല്‍ മതി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സൈറ്റിലെ പേജില്‍ 23 മന്ത്രിസഭായോഗങ്ങളുടെ തീരുമാനങ്ങള്‍ വണ്‍, ടു, ത്രി എന്നിങ്ങനെ ചുവടെച്ചുവടെ ഇട്ടിട്ടുണ്ട്. ആവോ, അവര്‍ക്ക് കൊള്ളാവുന്ന നിയമോപദേഷ്ടാക്കളില്ലാത്തതാവുമോ പ്രശ്‌നം എന്നറിയില്ല.


കോണ്‍ഗ്രസ്സുകാരും ബി.ജെ.പി.ക്കാരുംകൂടി ആത്മാര്‍ഥമായി ആലോചിക്കേണ്ടതാണ് വിഷയം. എം.എല്‍.എ.മാരുടെയുംമറ്റും ശമ്പളവും ആനുകൂല്യങ്ങളും തീരുമാനിക്കുന്ന കാര്യത്തിലുള്ള യോജിപ്പ് ഇക്കാര്യത്തിലും പ്രകടിപ്പിക്കുന്നത് സ്വയരക്ഷയ്ക്ക് നല്ലതാണ്. വിവരാവകാശനിയമത്തിന്റെ മൂക്കുചെത്തി ഉപ്പിലിടണം. ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷമാണ്; മറിച്ചുമാണ് എന്നോര്‍ത്താല്‍ നന്ന്.
                                                                       ****
ഇപ്പോള്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നതിന് ആര്‍ക്കും സര്‍ക്കാര്‍ കാശൊന്നും കൊടുക്കുന്നില്ലെന്നും അതുകൊണ്ട് പ്രതിപക്ഷക്കാരും മാധ്യമക്കാരുമൊന്നും ചുമ്മാ മുറവിളികൂട്ടേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞല്ലോ. സോളാര്‍ തട്ടിപ്പുകൊണ്ട് സര്‍ക്കാറിന് കാശൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മുന്‍ മുഖ്യന്‍ പറഞ്ഞതിനെ ഇതുമായി കൂട്ടിക്കെട്ടുന്നുണ്ട് ചിലകൂട്ടര്‍. അതു വേ ഇതു റെ.

ലോട്ടറിത്തട്ടിപ്പുനടത്തിയതായി സര്‍ക്കാര്‍ പറയുന്ന സാന്റിയാഗോ മാര്‍ട്ടിനെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവ് രാവിലെ സൗജന്യ നിയമോപദേശം നല്‍കുന്നതായിരിക്കും. സര്‍ക്കാറിനെ എങ്ങനെ പൂട്ടിക്കെട്ടാമെന്ന് ഉച്ചയ്ക്ക് സാന്റിയാഗോ മാര്‍ട്ടിന് പണംവാങ്ങിയുള്ള ഉപദേശം നല്‍കും. പാറമടക്കാരെ നേരിടാന്‍ എന്തുനിയമുണ്ടാക്കണമെന്ന് രാവിലെ മുഖ്യമന്ത്രിക്ക് സൗജന്യ ഉപദേശം. ആ നിയമത്തെ എങ്ങനെ കീറി തോട്ടിലെറിയാമെന്ന് വൈകുന്നേരം പാറമടക്കാര്‍ക്ക് വെരി എക്‌സ്‌പെന്‍സീവ് ഉപദേശം... തീര്‍ന്നില്ല. രണ്ടാഴ്ചയ്ക്കകം ഇത്തരം അരഡസന്‍ ഉപദേശം കൊടുത്തും വാങ്ങിയും കഴിഞ്ഞു. അഞ്ചുവര്‍ഷം ഈ സേവനം തുടരുന്നതായിരിക്കും.

സേവനം ആവശ്യമുള്ളവര്‍ സമീപിക്കുക. ക്യൂ പാലിക്കുക.Friday, 15 July 2016

മതമൗലികവാദം കേരളത്തില്‍ പുതിയ ഭീഷണികള്‍ ഉയര്‍ത്തുന്നുഎന്‍.പി.രാജേന്ദ്രന്‍

മതതത്ത്വങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള എല്ലാതരം തിരിച്ചുപോക്കുകളെയും മതമൗലികവാദം എന്നാണ് നാം അടക്കി മുദ്രയടിക്കാറുള്ളത്. എങ്കിലും അടുത്ത കാലം വരെ അത് അത്രയൊന്നും അപകടകാരിയല്ല എന്ന തോന്നല്‍ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നു. എല്ലാതരം മതമൗലികവാദങ്ങളും ഭീകരവാദമാകുന്നില്ല. മതത്തിന്റെ തത്ത്വങ്ങളോടും മൂല്യങ്ങളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, അത്ര മോശം കാര്യമൊന്നുമല്ല എന്നുപോലും തോന്നാറുണ്ട്. പക്ഷേ, കേരളത്തില്‍ ഇപ്പോള്‍ വലിയ വാര്‍ത്തയും അതുകാരണം വലിയ ചര്‍ച്ചാവിഷയവും ആയിക്കഴിഞ്ഞ സംഭവവികാസങ്ങള്‍ ഈ ധാരണകള്‍ പൊളിച്ചെഴുതുകയാണ്. 

 സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളിലേക്കു കുടുംബസമേതം നാടുവിട്ടുകൊണ്ടിരിക്കുന്നവരെല്ലാം ഐ.എസ്.ഐ.എസ്സിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് എന്നതായിരുന്നു തുടക്കത്തിലെ ധാരണ. അതുണ്ടാക്കിയ അമ്പരപ്പും അരക്ഷിതത്ത്വബോധവും മുസ്ലിങ്ങളോടുള്ള അവിശ്വാസവും ചെറുതായിരുന്നില്ല. ഐ.എസ്.ഐ.എസ്സിലേക്കല്ല അവരൊന്നും പോയത് എന്ന പുതിയ അറിവ് ആശ്വാസമുളവാക്കിയിരുന്നു. പക്ഷേ, അതെത്രത്തോളം ആശ്വാസകരമാണ് എന്നതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ട്. കിരാതമായ ഹിംസാവാഞ്ഛയോടെയുള്ള ഭീകരപ്രവര്‍ത്തകരാകാനല്ല മലയാളി സഹോദരങ്ങള്‍ നാടുവിട്ടത് എന്നറിയുന്നത് ആശ്വാസകരംതന്നെ. പക്ഷേ, അവരെല്ലാം മതമൗലികവാദത്തിന്റെ അപ്രതീക്ഷിതമായ ഒരു വികാസഘട്ടത്തിന്റെ ഇരകളാക്കപ്പെട്ടിരിക്കയാണെന്നത് കൂടുതല്‍ അമ്പരപ്പും ആശങ്കകളും സൃഷ്ടിക്കുകയാണ്. 

മുസ്ലിം ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഇരകള്‍ അമുസ്ലിങ്ങളാണെന്ന പൊതുധാരണ യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകലെയാണ്. സിറിയയിലോ ഇറാഖിലോ സുഡാനിലോ ഗള്‍ഫ് രാജ്യങ്ങളിലോ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ മരിച്ചുവീഴുന്നത് മുഴുവന്‍ അമുസ്ലിങ്ങളല്ല, ഏതാണ്ടു മുഴുവന്‍ മുസ്ലിങ്ങള്‍തന്നെയാണ്. ഇതു പുതിയ ഇനം മതമൗലികവാദത്തിനും ബാധകമാണ്. ഏറ്റവും കൂടുതല്‍ അരക്ഷിതത്ത്വവും ഭീതിയും ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത് മുസ്ലിം ജനസാമാന്യത്തിലാണെന്ന വസ്തുത മറന്നുകൂടാ. അവരെല്ലാം മതമൗലികവാദത്തിന്റെ ഗുണഭോക്താക്കളല്ല, ഇരകള്‍ തന്നെയാണ്. 

എത്ര പതിറ്റാണ്ടുകള്‍ക്കു പിന്നിലേക്ക്?

പുതിയ കാലം ആവശ്യപ്പെടുന്ന ഉദാരതകളിലേക്കും മൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും  നന്മകളുടെ  വ്യാപനത്തിലേക്കും ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും ഉയരങ്ങളിലേക്കും മനുഷ്യരാശിയെ നയിക്കുന്ന മതനവീകരണമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. മനുഷ്യരാശി നേരിടുന്ന വെല്ലുവിളി നേരിടാന്‍ ഇതാവശ്യമാണ്. വേര്‍തിരിക്കലിന്റെയും ഭിന്നിപ്പിന്റെയും അധാര്‍മികതകളുടെയും വിത്തുകള്‍ പാകുകയല്ല മതങ്ങള്‍ ചെയ്യേണ്ടത്. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും വെല്ലുവിളികള്‍ ഇങ്ങനെ കൂട്ടായി നേരിടുന്നതിനുപകരം ഒരു കൂട്ടരിതാ ഒന്നര സഹസ്രാബ്ദത്തിനു പിറകിലേക്ക് ഇസ്ലാം മതത്തെ വലിച്ചുകൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നു. അന്നത്തെ ഉപജീവനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും തിരിച്ചുപോകലാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമെന്നു കുറെ നിഷ്‌കളങ്കരെയെങ്കിലും വിശ്വസിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നത് പൊതുസമൂഹത്തെ അദ്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്നു.  

 അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവരില്‍  ചില പൊതുസ്വഭാവങ്ങള്‍ കാണുന്നുണ്ട്. അവര്‍ എല്ലാം വിദ്യാസമ്പന്നരാണ്. അവരില്‍ മിക്കവരും കുടുംബവുമായാണ് അപ്രത്യക്ഷരായിരിക്കുന്നത്. മൂന്നാമത് അവരില്‍ കുറച്ചുപേരെങ്കിലും അടുത്ത കാലത്ത്  ഹിന്ദു-ക്രിസ്തു മതങ്ങളില്‍നിന്നു മാറിവന്നവരാണ്. 

വിദ്യാസമ്പന്നരാണ് എന്നതിനര്‍ത്ഥം അവര്‍ കോളേജില്‍ പഠിച്ചിട്ടുണ്ട്, എന്തെങ്കിലും പ്രൊഫഷണല്‍ ഡിഗ്രിയുള്ളവരാണ് എന്നതുമാത്രമാണ്. എഴുത്തുകാരനായ ഒ.അബ്ദുല്ല ചൂണ്ടിക്കാട്ടിയതുപോലെ അവര്‍ എന്തെങ്കിലും പൊതുകാര്യങ്ങളില്‍ സാമാന്യധാരണയെങ്കിലുമുള്ളവരാണ് എന്നതിന് തെളിവില്ല. ബി.ടെക് പാസ്സായ ബഹുഭൂരിപക്ഷവും ഒരു എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയെങ്കിലും പാസ്സാകാന്‍ മാത്രം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ അറിവുള്ളവരല്ല. മതത്തെക്കുറിച്ചുപോലും സ്വയം അറിഞ്ഞും അന്വേഷിച്ചും മനസ്സിലാക്കിയവരല്ല. മതത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചവരുമല്ല. കൊച്ചുന്നാള്‍ മുതല്‍ സ്പൂണില്‍ ഒഴിച്ചുകിട്ടിയതാണ് അവരുടെ എല്ലാ വിദ്യാഭ്യാസവും-മതവിദ്യാഭ്യാസവും ഇങ്ങനെത്തന്നെ. ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും വികസിത ഉദ്പാദനസമ്പ്രദായങ്ങളുടെയും വാണിജ്യത്തിന്റെയും എല്ലാ ഗുണങ്ങളും കൈയെത്തിപ്പിടിച്ച ശേഷം ഏഴാം നൂറ്റാണ്ടിലേക്കു തിരിച്ചുപോകാന്‍ വെമ്പുന്നത് മതത്തോടുള്ള അഭിനിവേശമല്ല ഒരു തരം മാനസികവിഭ്രാന്തിയാണുതന്നെയാണ്. 

ചോരപ്പുഴയൊഴുകുന്ന ഇറാഖിലേക്കും സിറിയയിലേക്കും ചാവേറാകാന്‍ വേണ്ടിയാണോ ഇവര്‍ ഭാര്യമാരെയും കൊച്ചുകുഞ്ഞുങ്ങളെയും കൂടെക്കൂട്ടിയിരിക്കുന്നത്? അതുപോലെ അമ്പരപ്പിക്കുന്നതാണ്, മതംമാറിയ കുറച്ചുപേരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടു എന്നത്.  ജനനം മുതല്‍ ഏതാനും മാസം മുമ്പുവരെ മറ്റൊരു മതത്തില്‍ വിശ്വസിച്ചുപോന്നവര്‍ക്ക് എങ്ങനെയാണ് ഇത്ര എളുപ്പം, സംശയങ്ങളൊന്നുമില്ലാത്ത ഗാഢവിശ്വാസത്തിനു കീഴടങ്ങി സ്വന്തം ജീവനും നൊന്തുപെറ്റ കുഞ്ഞിന്റെ ജീവനും ബലിയര്‍പ്പിക്കാനുള്ള മനസ്സുണ്ടാകുന്നത്? 

പലായനം ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്   

ഈ ചോദ്യങ്ങളില്‍ ചിലതിനെങ്കിലും ഇപ്പോള്‍ ഉത്തരമാകുന്നുണ്ട്. അപ്രത്യക്ഷമായവരില്‍ ആരെങ്കിലും ഐ.എസ്.ഐ.എസ്സില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.അവര്‍ ഇറാഖിലോ സിറിയയിലോ എത്തിയതായും തെളിവില്ല. അപ്രത്യക്ഷമായവര്‍, പൊതുസമൂഹം ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാത്ത ലക്ഷ്യങ്ങള്‍ നേടുന്നതിനാണ് ഈ തീര്‍ത്ഥാടനങ്ങള്‍ ആരംഭിച്ചിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ഇവര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ മാര്‍ഗത്തിലേക്കല്ല നീങ്ങിയത്, മതമൗലികവാദത്തിന്റെ ഒരു ഇരുണ്ട ഗര്‍ത്തത്തിലാണ്  ചെന്നു പതിച്ചിരിക്കുന്നത്. മതമൗലികവാദപരമായ അന്ധവിശ്വാസങ്ങള്‍ മൂര്‍ച്ഛിച്ചുമൂര്‍ച്ഛിച്ച് സാമാന്യബുദ്ധിക്കു നിരക്കാത്ത തലങ്ങളിലേക്ക് ആളുകള്‍ പോയിക്കൊണ്ടിരിക്കുന്നു എന്നാണ്  ഇപ്പോള്‍ തിരിച്ചറിയുന്നത്. 

ദമ്മാജ് സലഫിസം എന്ന വിചിത്രാചാരങ്ങളുള്ള സന്ന്യാസിവിഭാഗത്തിലേക്കാണ് കേരളത്തില്‍നിന്ന് അപ്രത്യക്ഷരായവരില്‍ നല്ലൊരു വിഭാഗം ആകര്‍ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിനു മുമ്പു വളരെയൊന്നും അറിയപ്പെടാത്ത വിഭാഗമാണ് ഇത്. ഇവരുടെ ആസ്ഥാനം യെമനിലത്രെ. ശ്രീലങ്കയില്‍ ഇക്കുട്ടരുടെ ചില ചെറിയ കേന്ദ്രങ്ങളുള്ളതുകൊണ്ട് അതുവഴിയാവും മിക്കവരും പോയത് എന്നു കരുതപ്പെടുന്നു. അവര്‍ നൂറ്റാണ്ടുകള്‍ക്കു പിറകിലേക്കു സ്വയം വലിച്ചെറിയുകയാണ് ചെയ്തിരിക്കുന്നത്.  

പ്രത്യക്ഷത്തില്‍ ഇത് അഹിംസാത്മകമോ അപായകരമോ ആയ പ്രവണതയല്ല. സന്ന്യാസികളായി ഹിമാലയത്തിലേക്കും മറ്റും പോകുന്നതുപോലെയല്ലേ ഇതെന്നു ചോദിച്ചേക്കാം. അന്യവിഭാഗക്കാരോടു വൈരമോ വിദ്വേഷമോ ഇവരും പ്രകടിപ്പിച്ചിട്ടില്ല. വിശ്വാസമുള്ള ജീവിതരീതികളിലേക്കു തിരിയുന്നത് തെറ്റാണെന്നു പറയാനാവില്ലല്ലോ. പക്ഷേ, ഇതത്ര ലാഘവത്തോടെ കാണാന്‍ പറ്റില്ല. പൊതുസമൂഹത്തെയും സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യര്‍ ആര്‍ജിച്ച സാംസ്‌കാരികവും സാമ്പത്തികവും ശാസ്ത്രീയവും വിദ്യാഭ്യാസപരവും ആയ വളര്‍ച്ചയെയും വികാസത്തെയും ഒറ്റവാക്കില്‍ മനുഷ്യസംസ്‌കാരത്തെത്തന്നെ പൂര്‍ണമായി തള്ളിപ്പറയുക എന്ന അതിവിചിത്രമായ വഴി തിരഞ്ഞെടുക്കുന്നതിനും മരണാനന്തരം ഉറപ്പായ സ്വര്‍ഗജീവിതം നേടുന്നതിനുമാണ് ഇവര്‍ ഭാര്യയെയും മക്കളെയും കൂട്ടി നാടുവിട്ടത് എന്നാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രം. 

ബഹുസ്വരതയും തെറ്റോ?

ഇന്ത്യ പോലുള്ള ഒരു ബഹുമത സമൂഹത്തില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുന്നവരെല്ലാം  ബഹുസ്വരതയെ അംഗീകരിക്കാതിരിക്കില്ല. മതേതരത്വഭരണസംവിധാനത്തെ അംഗീകരിക്കാതിരിക്കില്ല. ഈ പുതിയമാര്‍ഗ വിശ്വാസികള്‍ ഇതിനൊന്നും തയ്യാറല്ല. ഉപജീവനത്തിനു പോലും അന്യമതസ്ഥരുമായി ഇടപെടുന്നത് ഇസ്ലാമികമല്ല എന്നു വിശ്വസിക്കുന്ന മതമൗലികവാദം എങ്ങനെയാണ് ഭീകവാദത്തേക്കാള്‍ മെച്ചപ്പെട്ടതാവുക? എല്ലാ തിന്മകളും അന്യമതക്കാരില്‍നിന്നും മനുഷ്യസംസ്‌കാരത്തിന്റെ വികാസത്തില്‍നിന്നും മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളില്‍നിന്നും ഉടലെടുത്തതാണ് എന്നു വിശ്വസിക്കുന്നവര്‍ ഏതെങ്കിലും ഇരുണ്ട ഭൂഖണ്ഡത്തിലെ ആദിമനുഷ്യരല്ല. സാമാന്യ വിദ്യാഭ്യാസം നേടിയ ചിലരെക്കൊണ്ടെങ്കിലും ഇങ്ങനെ വിശ്വസിപ്പിക്കുവാന്‍ മതമൗലികവാദത്തിനു കഴിയുന്നു എന്നതില്‍ വലിയ അപായസൂചനകള്‍ അടങ്ങിയിട്ടുണ്ട്. 

പുറംലോകവുമായി ബന്ധമില്ലാത്ത ഒരു പ്രദേശത്ത്  ജീവിക്കുന്നതിനാണ് ഇവര്‍ നാടുവിട്ടിരിക്കുന്നത്. യെമനിലെ ദമ്മാജ് പ്രദേശത്താണ് ഈ വിശ്വാസികള്‍ തമ്പടിക്കാന്‍ പോകുന്നത്.  തിരിച്ചുവരാന്‍ വേണ്ടിയുള്ള ഒരു തീര്‍ത്ഥാടനമല്ല. അവര്‍ അവിടെ പതിമൂന്നു നൂറ്റാണ്ടുമുമ്പത്തെപ്പോലെ ആടുമേച്ചും പനയുല്‍പ്പന്നങ്ങള്‍ തിന്നും ജീവിക്കാന്‍ ഒരുമ്പെടുകയാണ്. പുതിയ കാലത്തിന്റെ എല്ലാ ഭൗതിക-ബൗദ്ധിക നേട്ടങ്ങളെയും വികാസങ്ങളെയും ഇവര്‍ പാടെ തള്ളിപ്പറയുകയാണ്. പോകുന്നവര്‍ പോയി എങ്ങനെയോ ജീവിച്ചുകൊള്ളട്ടെ, ബാക്കിയുള്ളവര്‍ എന്തിനു വേവലാതിപ്പെടണം എന്നു വേണമെങ്കില്‍ ചോദിക്കാം. ഇതത്ര നിസ്സാരമല്ല. നമ്മുടേതു പോലൊരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. 

ഒന്നര പതിറ്റാണ്ടു മുമ്പ് അമേരിക്കയിലെ ഇരട്ടഗോപുരം വിമാനങ്ങള്‍ കൊണ്ടുപോയിടിച്ചുതകര്‍ത്ത് ആയിരങ്ങളെ കൂട്ടക്കൊല ചെയ്തത് ഒരു ചരിത്രസംഭവമായിരുന്നു. ആ ഭീകരാക്രമണം നടത്തിയവരില്‍ ഒരുപാട് രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഉള്ളപ്പോള്‍ കേരളത്തില്‍നിന്നോ ഇന്ത്യയില്‍നിന്നോ ആരും ഇല്ലെന്നതില്‍ ഇന്ത്യക്കാര്‍ പൊതുവിലും മുസ്ലിങ്ങള്‍ പ്രത്യേകിച്ചും ആനന്ദിക്കുകുയും അഭിമാനിക്കുകയും ചെയ്തിരുന്നു. ആ അവസ്ഥ ഇന്നില്ല. ഐ.എസ്.ഐ.എസ്സിലേക്ക് വെറും ക്വട്ടേഷന്‍ കൊലയാളികളെപ്പോലെ പോകാന്‍ പോലും ഇവിടെ ആളുകള്‍ സന്നദ്ധരാകുന്നു എന്നാണ് രഹസ്യാന്വേഷകര്‍ കരുതുന്നത്.  ഇവരിതെല്ലാം ചെയ്യുന്നത് മഹാനായ പ്രവാചകന്റെ ചിന്തകളെയും വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ്.  ഈ ദുര്‍വ്യാഖ്യാനങ്ങളിലൂടെയും ദുഷ്‌ചെയ്തികളിലൂടെയും അവര്‍ ലക്ഷ്യം വെക്കുന്നത് സുമനസ്സുകള്‍ക്കുമാത്രം ദൈവം വാഗ്ദാനം ചെയ്ത സ്വര്‍ഗജീവിതമാണ്. 

ബുദ്ധിക്കും യുക്തിക്കും വിട

ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകളില്‍ കടുത്ത അപകടം മണക്കുന്നുണ്ട്. അമിതമായ മതാത്മകത മാത്രമാണ് മതമൗലികവാദമെന്നു ന്യായീകരിച്ചാല്‍പ്പോലും അതിന്റെ പ്രതിഫലനങ്ങള്‍ അതില്‍ ഒതുങ്ങിനില്‍ക്കും എന്നു കരുതാനാവില്ല. അപ്രതീക്ഷിതമായ പുതിയ തലങ്ങളിലേക്കു അതുകടക്കുന്നു. മതവിശ്വാസം രക്ഷിക്കുന്നതിന് എന്ന ന്യായീകരണത്തോടെ എന്തും ചെയ്യാമെന്നും മതവിശ്വാസത്തിന് എതിരെന്നു തോന്നുന്ന എന്തിനെയും തകര്‍ക്കാമെന്നും വരുന്നത്  ആധുനിക സമൂഹനിര്‍മിതിയുടെ എല്ലാ തറക്കല്ലുകളും തൂണുകളും തകര്‍ത്തെറിയുകതന്നെ ചെയ്യും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.  

ഇത്തരം പ്രവണതകള്‍ക്കു വശംവദരായിക്കഴിഞ്ഞവര്‍ വളരെവളരെ ചെറിയ ഒരു വിഭാഗക്കാര്‍ മാത്രമാണ്. ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കും ഇതില്‍ ആശങ്കയും എതിര്‍പ്പും ഉണ്ട്. വ്യക്തികളെന്ന നിലയില്‍ ഇവര്‍ ഇതിനെതിരെ ചിന്തിക്കുമെങ്കിലും, അമിതമായ മതാത്മകത ഒരുതരം മനോരോഗമായി മാറുന്നുണ്ട് എന്നു സമുദായത്തിന്റെ മത-രാഷ്ട്രീയ സംഘടനകള്‍ ഒന്നുകില്‍ തിരിച്ചറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന മുസ്ലിം സംഘടനകളും ബുദ്ധിജീവികളുമെല്ലാം ഇത്തരം പുതിയ പ്രവണതകളെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതുശരിയാണ്. പക്ഷേ, ഇവര്‍ക്കൊന്നും ഒറ്റ മനസ്സോടെ ഈ ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നില്ല. 

കേരളത്തിലെ മുസ്ലിംലീഗ്, ഒരു മതപാര്‍ട്ടിക്കു  സാധ്യമായേടത്തോളം മതേതരപക്ഷത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചവരാണ്. പക്ഷേ, വളര്‍ന്നുവരുന്ന മതമൗലികവാദ-സ്വത്വവാദ പ്രവണതയ്‌ക്കൊപ്പം പായാനുള്ള മനസ്സാണ് അവരില്‍ പോലും ഈയിടെയായി തെളിഞ്ഞുവരുന്നത്.  പല വിഷയങ്ങളിലും മതമൗലികവാദപരമയ നിലപാടുകളെടുക്കുന്നു. നിലപാട് എടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കിട്ടുന്നതിനുമുമ്പുതന്നെ ചില വ്യക്തികളെയും നടപടികളെയും ന്യായീകരിക്കാനും എതിര്‍ക്കാനും മുന്നിട്ടിറങ്ങുന്നു. ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കനെന്ന പേരില്‍ ന്യൂനപക്ഷത്തിന്റെ വ്യതിയാനങ്ങളെ ന്യായീകരിക്കുന്നു. കുറെ ആളുകള്‍ സ്വര്‍ഗം തേടി വിദേശത്തേക്കു പോയതിനേക്കാള്‍ വലിയ അപഭ്രംശം ഇവിടെയുള്ളവര്‍ തങ്ങളുടെ സ്വാര്‍ത്ഥതലക്ഷ്യങ്ങള്‍ നേടാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നതാണ് എന്നു പറയാതെ നിവൃത്തിയില്ല. 

ഫലത്തില്‍, മുസ്ലിം മതമൗലികവാദം ഹിന്ദുത്വ മതമൗലികവാദത്തെയും മറിച്ചും പരിപോഷിപ്പിക്കുന്ന വിചിത്രാവസ്ഥയാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ മറ്റെങ്ങും ഇല്ലാത്ത മതസൗഹാര്‍ദ്ദം നിലനിന്നിരുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇവിടെയിപ്പോള്‍ ഇരുപക്ഷവും എന്തെങ്കിലും ചില്ലറ പ്രകോപനങ്ങളെ പോലും വലിയ ഭിന്നത സൃഷ്ടിക്കാനുള്ള വെടിമരുന്നായി മാറ്റുകയാണ്. സംയമനത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശബ്ദങ്ങള്‍ ദുര്‍ബലമായാല്‍ അതിന്റെ അപകടം ഇരുപക്ഷവും നാളെ  അനുഭവിക്കേണ്ടിവരും എ്ന്ന കാര്യത്തില്‍മാത്രം സംശയം വേണ്ട. 

Sunday, 10 July 2016
ഐസ്‌ക്രീമും ലോട്ടറിയും മദ്യവുമായി എന്തുബന്ധമെന്നു ചോദിക്കരുത്. ഒരു ബന്ധവുമില്ല. മൂന്നും നന്നല്ല എങ്കിലും മൂന്നിന്റെയും പിറകെപ്പോകുന്നവരുടെ എണ്ണത്തില്‍ ഒരുകുറവുമില്ല. അതവിടെനില്‍ക്കട്ടെ, മൂന്നും കേരളത്തില്‍ രാഷ്ട്രീയവിഷയങ്ങളാണ്. പണ്ടെങ്ങാന്‍ ചത്തുപോയി എന്നുവിചാരിച്ച വിഷയങ്ങളാണ് മൂന്നില്‍ രണ്ടും. പക്ഷേ, ഇവയും ഇപ്പോള്‍ തലക്കെട്ടുകളായി ഉയിര്‍ത്തെഴുന്നേറ്റുവരുന്നു. അതാണ് പ്രശ്‌നം.
മൂന്നുവിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ ഒരു പുതിയ അവതാരത്തിന്റെ സാന്നിധ്യം കാണുന്നതാണ് മാധ്യമശിങ്കങ്ങള്‍ക്കും ചാനലുകളില്‍ ചര്‍ച്ചിക്കുന്നവര്‍ക്കും ഏറെ സ്വാദിഷ്ഠമായി അനുഭവപ്പെട്ടതെന്നുതോന്നുന്നു.
എല്ലാം ശരിയാകും എന്നു വാഗ്ദാനം ചെയ്തവര്‍ അധികാരത്തില്‍വന്നാല്‍ മദ്യവിഷയം ആദ്യം ശരിയാകുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

അതത്ര എളുപ്പമല്ലെന്നറിയാഞ്ഞിട്ടല്ല. ഒരുപാട് ബ്രാന്‍ഡുകള്‍, ഒരുപാടുതരം ഷോപ്പുകള്‍, പല സ്റ്റാറുകള്‍  ഏതനുവദിക്കും എത്ര അനുവദിക്കും എവിടെ അനുവദിക്കും തുടങ്ങിയ ചോദ്യങ്ങള്‍, ഒരുപാട് ശരികള്‍, തെറ്റുകള്‍, കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍, കോഴക്കേസുകള്‍, കമ്മിഷന്‍കൊടുക്കല്‍വാങ്ങലുകള്‍, പണച്ചാക്കുകള്‍... സങ്കീര്‍ണംതന്നെ വിഷയം. വിഷയത്തില്‍ മുന്‍പരിചയമില്ലാത്ത ടി.പി. രാമകൃഷ്ണനെക്കൊണ്ട് ഇതൊന്നും എളുപ്പം കൈകാര്യം ചെയ്യാനാവില്ലല്ലോ.

ആ വിഷയം അവിടെനില്‍ക്കട്ടെ. അതിനെക്കാള്‍ പ്രധാനപ്രശ്‌നങ്ങളാണ് ഐസ്‌ക്രീമും ലോട്ടറിയും. കാലപ്പഴക്കമുണ്ട്. രണ്ട് അവതാരങ്ങളുടെ സാന്നിധ്യം ആ വിഷയങ്ങളെ സി.പി.എമ്മിനകത്ത് പതിഞ്ഞതും പുറത്ത് ശബ്ദായമാനവുമായ ചര്‍ച്ചാവിഷയമാക്കുന്നു. പ്രാചീനകാലത്തുതന്നെ കമ്യൂണിസം ഉണ്ടാക്കാന്‍ കേരളത്തില്‍ അവതരിച്ചതാണ് ആദ്യത്തെ അവതാരം. പുന്നപ്രവയലാര്‍തൊട്ട് തുടങ്ങിയതാണ് പ്രവര്‍ത്തനം. രക്ഷകന്റെ രൂപംപ്രാപിച്ചത് അടുത്തകാലത്താണെന്നുമാത്രം.

 ഇപ്പോഴത്തെ മന്ത്രിസഭയുടെ ആരോഹണത്തിനുകാരണം അവതാരത്തിന്റെ അദ്ഭുതപ്രവൃത്തികളാണെന്ന് ഐതിഹ്യമുണ്ട്. ഈ അവതാരത്തെ മന്ത്രിസഭയ്ക്കും മുകളില്‍ പ്രതിഷ്ഠിക്കണമെന്നാണ് ഭക്തരുടെ ഇംഗിതമെങ്കിലും അതുസംബന്ധിച്ചു നടത്തിയ ദേവപ്രശ്‌നം അനുകൂലപ്രതികരണമല്ല ഉളവാക്കിയത്. പ്രശ്‌നംവെപ്പുകാരുടെ അന്തിമവിശകലനത്തിലാണ് പ്രശ്‌നം എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
രണ്ടാം അവതാരത്തിന്റെ ആവിര്‍ഭാവം രണ്ടുമൂന്നു ദശാബ്ദങ്ങള്‍ക്കുമുമ്പ് സംഭവിച്ചതാണെങ്കിലും പിണറായി മന്ത്രിസഭയുടെ വരവോടെയാണ് ഇതിന് ശക്തികിട്ടിയത്.

പൊതുവേ എല്‍.ഡി.എഫ്. ഭരിക്കുമ്പോഴേ അവതാരം രാഷ്ട്രീയമായി സക്രിയമാകാറുള്ളൂ. ഇത്തവണ പിണറായി വന്നതുകൊണ്ടാവാം ഈ തലശ്ശേരിക്കാരന്‍ പൂര്‍വാധികം ശക്തനാണ്. അധികാരം കൈയാളുന്നതിനേക്കാള്‍ ദൗത്യനിര്‍വഹണം എളുപ്പമാകുക ഉപദേശിവേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. രാജാവിനെക്കൊണ്ട് ഉദ്ദിഷ്ടകാര്യം ചെയ്യിക്കാം, തന്റെ കൈകള്‍ നനയില്ല എന്ന സൗകര്യമുണ്ട്. നിയമമാണ് ഈ അവതാരത്തിന്റെ മണ്ഡലം. അധികാരികള്‍ക്ക് അജ്ഞാതമായ വിഷയമാണ് എന്നതുകൊണ്ട് അവതാരത്തിന്റെ ഉപദേശങ്ങള്‍ക്ക് കല്ലുവിലയാണ്.

മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും നിയമം ഉപദേശിക്കാന്‍ ഭരണഘടനപ്രകാരം വേറെ നിയമപണ്ഡിതനെ ശമ്പളംകൊടുത്ത് നിയോഗിച്ചിട്ടുണ്ടെങ്കിലും ശമ്പളംവാങ്ങാത്ത ഉപദേശിക്ക് കൂടുതല്‍ ബലംകൊടുത്ത് മറ്റെയാളെ ഉറക്കിക്കിടത്താം എന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചതും ഈ ഉപദേശിതന്നെയാകാനാണ് സാധ്യത. അതുകൊണ്ടൊരു സൗകര്യമുണ്ട്. ഒരേ കേസില്‍ ഉപദേശിക്ക് വേണമെങ്കില്‍ സര്‍ക്കാര്‍ ഫയല്‍ വാങ്ങി പഠിക്കുകയും ചെയ്യാം, ഇതേ കേസില്‍ എതിര്‍പക്ഷത്തിനുവേണ്ടി ഹാജരാവുകയും ചെയ്യാം. ഇല്ലയില്ല, നമ്മുടെ ഉപദേശി അങ്ങനെയൊന്നും ചെയ്യുന്ന ആളല്ല കേട്ടോ. സര്‍ക്കാറിനെ ആയിരക്കണക്കിനു കോടി വെട്ടിച്ച ലോട്ടറി രാജാവിനുവേണ്ടി ഉപദേശി ഹാജരായതുമായി ഇതിനൊരു ബന്ധവുമില്ലതാനും.

എന്തായാലും അച്യുതാനന്ദാവതാരത്തിന് ഈ അവതാരത്തിന്റെ കളിയൊട്ടും പിടിക്കുന്നില്ല. കോഴിക്കോട്ട് സ്ത്രീജനങ്ങളെ ഐസ്‌ക്രീം കൊടുത്ത് വശീകരിച്ച ചില ദുര്‍വൃത്തന്മാരെ ഉന്മൂലനംചെയ്യാന്‍ കാല്‍നൂറ്റാണ്ടായി യുദ്ധംചെയ്യുകയായിരുന്നു അദ്ദേഹം. ആ കേസിലും ഉപദേശിയവതാരം എതിര്‍പക്ഷത്താണെന്നുള്ള കാര്യം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഫലത്തില്‍ രണ്ട് അവതാരങ്ങള്‍ തമ്മിലുള്ള യുദ്ധമാണിതെന്നും കാണാതിരുന്നുകൂടാ.

ഗതിവരാത്തപോലെ അലയുന്ന പ്രാചീന അവതാരത്തെ മന്ത്രിപദവിയുള്ള ഒരു വിഗ്രഹമായി ഉടനെ പ്രതിഷ്ഠിച്ചില്ലെങ്കില്‍ മന്ത്രിസഭയ്ക്ക് മനസ്സമാധാനം കിട്ടില്ല എന്ന് ഉപദേശം ലഭിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അടിയന്തരതീരുമാനം ഉണ്ടാകും. മറ്റേ അവതാരത്തിന്റെ ചെയ്തികള്‍ എന്തെല്ലാം അപകടങ്ങളാണ് ഉണ്ടാക്കുക എന്ന് അനുഭവിച്ചേ അറിയാനൊക്കൂ. അവനവന്‍ കുഴിച്ച കുഴിയായതുകൊണ്ടു വേറെ എങ്ങുനിന്നും ഉപദേശം കിട്ടാനിടയില്ല.

                                                                                      ****
കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഇനിയെന്താക്കണം എന്ന സങ്കീര്‍ണപ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന്, നേതാക്കന്മാരും നേതാക്കന്മാരായി സ്വയംമാത്രം കരുതുന്നവരുമായ  അറുപതെഴുപതുപേര്‍ ഡല്‍ഹിക്കു സ്വന്തം ചെലവില്‍ പറന്നതായാണ് റിപ്പോര്‍ട്ട്. നോക്കണേ അവരുടെയൊരു ആത്മാര്‍ഥത. സര്‍ക്കാര്‍ ചെലവിലൊന്നും ഇപ്പോള്‍ സംഗതി സാധ്യമാവില്ലല്ലോ. പിന്നെ പാര്‍ട്ടി ടിക്കറ്റെടുത്തുകൊണ്ടുപോകണം. കെ.പി.സി.സി. ഭാരവാഹികള്‍തന്നെയുണ്ടാകും ഒരു വിമാനത്തില്‍ കൊള്ളാന്‍മാത്രം. ഇതിനൊക്കെ കാശെവിടെ?

എഴുപതുപേര്‍ സ്വന്തം ചെലവില്‍ ഡല്‍ഹിക്കു പോകുന്ന കാശിന്റെ എഴുപതില്‍ ഒരു പങ്ക് മതി രാഹുല്‍ ഗാന്ധിക്ക് ഇങ്ങോട്ടുവരാന്‍. അതെന്തേ എല്ലാവരും അങ്ങോട്ടുപോകാന്‍ കാരണം? വര്‍ഷകാലം ആസ്വദിക്കുകയും ചെയ്യാമായിരുന്നില്ലേ ഇങ്ങോട്ടുവന്നിരുന്നുവെങ്കില്‍? അതിലൊരു പ്രശ്‌നമേയുള്ളൂ. ഗാന്ധി ഇങ്ങോട്ടുവന്നാല്‍ സകല അണ്ടനും അടകോടനും കേറി പറയാന്‍ പാടില്ലാത്തതെല്ലാം പറഞ്ഞുകളയും. ഇതാവുമ്പോള്‍ സെലക്ടഡ് ആളുകളല്ലേ സംസാരിക്കാന്‍ ചെല്ലൂ. ഇനി രാഹുല്‍ഗാന്ധിജിക്ക് അജ്ഞാതകേന്ദ്രത്തിലേക്കോ മറ്റോ പോകേണ്ടതുള്ളതാവുമോ പ്രശ്‌നം? ആര്‍ക്കറിയാം.

കേരളത്തിലെ കോണ്‍ഗ്രസ്സിനെ ജീവന്‍വെപ്പിക്കുന്നതിനുള്ള ഒറ്റമൂലി അദ്ദേഹം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗ്രൂപ്പിസം ഇനി വേണ്ട എന്നതാണത്രെ അത്. ഗ്രൂപ്പിസമാണത്രെ എല്ലാ വിപത്തുകള്‍ക്കും കാരണം. ഉപദേശം കേട്ടപാടെ കോണ്‍ഗ്രസ്സുകാര്‍ എഴുന്നേറ്റുനിന്ന് ആര്‍പ്പുവിളിക്കുമെന്നും യുറീക്കാ എന്നു വിളിച്ചുകൂവി തുണിയില്ലാതെ പായുമെന്നുമെല്ലാം ഒരുപക്ഷേ, രാഹുല്‍ജി പ്രതീക്ഷിച്ചിരിക്കാം. പക്ഷേ, ആരിലും ഒരു ചലനവുമുണ്ടായില്ലത്രെ. ഏത് ഉഗ്രന്‍ ഹാസ്യരംഗമായാലും പതിനാറാംവട്ടം കണ്ടാല്‍ എങ്ങനെ ചിരിക്കാനാണ്.  ഡി.കെ. ബറുവയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും നരസംഹറാവുവും സീതാറാം കേസരിയും സോണിയാഗാന്ധിയും പിന്നെ കാക്കത്തൊള്ളായിരം എ.ഐ.സി.സി. സെക്രട്ടറിമാരും നിരീക്ഷകന്മാരും പറഞ്ഞിട്ടുള്ള അതേ സംഗതി രാഹുല്‍ജി പറഞ്ഞാല്‍ ആരാണ് ആര്‍പ്പുവിളിക്കുക?

പാര്‍ട്ടിയെ നന്നാക്കാന്‍ വേണ്ടി ജംബോ കമ്മിറ്റികളെല്ലാം ഓട്ടോറിക്ഷാകമ്മിറ്റികളാക്കാന്‍ പോകുന്നത്രെ. എന്നുപറഞ്ഞാല്‍ നൂറു ഭാരവാഹികളുള്ളയിടത്ത് അഞ്ചോ ആറോ ഭാരവാഹികള്‍ മാത്രം. എങ്കില്‍ കുറേ ശക്തിപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ട. പാര്‍ട്ടിയല്ല, ഗ്രൂപ്പിസം.

Friday, 8 July 2016

നിയമോപദേഷ്ടാവ് എന്ന പുതിയ അവതാരത്തിന്റെ ഉദ്ദേശ്യമെന്ത്?

മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും ഉപദേശകരുണ്ടാകുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍ പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ള പണ്ഡിതന്മാരായ പ്രധാനമന്ത്രിമാര്‍ക്കും ഒരു വിവരവുമില്ലാത്ത പ്രധാനമന്ത്രിമാര്‍ക്കും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സ്ഥിതിയും ഇതുതന്നെ. വലിയ പണ്ഡിതനായാല്‍ത്തന്നെ ചില സുപ്രധാന ഭരണമേഖലകളില്‍ അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ടാവണമെന്നില്ല. സര്‍ക്കാറിന്റെ ഔദ്യോഗികസംവിധാനത്തില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ഇല്ലാതെയും പോകും. . അതുകൊണ്ടുതന്നെയാണ് വിദേശകാര്യം, ശാസ്ത്രം, ആണവനയം തുടങ്ങി മേഖലകള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ ആളുകളെ നിയമിച്ചുപോന്നത്.  കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്ക് മുമ്പൊന്നും ഉപദേശകര്‍ ഉണ്ടായിരുന്നില്ല. എന്നാണ് ഈ പ്രവണത തുടങ്ങിയത് എന്ന് കൃത്യമായി പറയാനാവില്ല.1957 മുതല്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശകന്‍ ആവശ്യമായി വന്നത് ഐ.ടി. പോലുള്ള സങ്കീര്‍ണ വിഷയങ്ങള്‍ പരമപ്രധാനമായി ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ്. വി.എസ്. അച്യുതാനന്ദന്‍ വരെയുളള മുഖ്യമന്ത്രിമാര്‍ക്ക് അങ്ങനെയേ ഉപദേശകര്‍ ഉണ്ടായിട്ടുള്ളൂ. ഉമ്മന്‍ ചാണ്ടിക്ക് ഉപദേശകന്മാര്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷത്തോളമുള്ള ഭരണകാലാവധി തീരാറായി നിയമസഭാതിരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തി നില്‍ക്കുമ്പോള്‍ സ്ഥാനമൊഴിഞ്ഞ ചീഫ് സിക്രട്ടറിയെ ഉപദേശകനായി നിയമിക്കാന്‍, അതും ക്യാബിനറ്റ് റാങ്കോടെ, ഉമ്മന്‍ചാണ്ടി മടിച്ചിട്ടില്ല. പാര്‍ട്ട് ടൈം ഉപദേശകര്‍ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് പിണറായി വിജയന്‍. ഭരണമേറ്റപ്പോള്‍ത്തന്നെ അദ്ദേഹത്തിന് ഉപദേശം അത്യാവശ്യമായിത്തീര്‍ന്നെന്നാണ് തോന്നുന്നത്. രണ്ട് ഉപദേശകരെ ഉടനുടന്‍ നിയമിച്ചു. പ്രമുഖ അഭിഭാഷകനായ എം.കെ.ദാമോദരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസും. ദാമോദരന്‍ നിയമോദേഷ്ടാവ്, ബ്രിട്ടാസ് മാധ്യമ ഉപദേഷ്ടാവ്. രണ്ടുപേര്‍ക്കും അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ഇപ്പോള്‍ത്തന്നെ പിടിപ്പതുപണിയുണ്ട്. അവിടത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച്് മുഴുവന്‍ സമയം ഉപദേശകരാകാനൊന്നും അവര്‍ക്ക്ു വയ്യ. അവര്‍ പിണറായി വിജയന് പാര്‍ട്ട് ടൈം അടിസ്ഥാനത്തിലാണ് ഉപദേശം നല്‍കുക. 
എല്ലാവരും ശ്രദ്ധിക്കുകയും എന്നാല്‍ കാര്യമായ ചോദ്യമൊന്നും ഉയര്‍ത്താതിരിക്കുകയും ചെയ്ത ഒരു കാര്യമുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് നിയമോദേഷ്ടാവും മാധ്യമ ഉപദേഷ്ടാവും ഉണ്ടാകുന്നത്. തീര്‍ച്ചയായും ഒരു മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന് ഉപദേശം ആവശ്യമുള്ള മേഖലകളേത് എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പ്രശനം അതല്ല. സ്ഥാനമേറ്റ് ഒരു മാസത്തിനകം, സങ്കീര്‍ണതകള്‍ ഏറെയുള്ള മേഖലകളെല്ലാം മാറ്റിവെച്ച് മുഖ്യമന്ത്രി നിയമ, മാധ്യമ േമഖലകളില്‍ അടിയന്തരമായി ഉപദേശം വേണം എന്നുതീരുമാനിക്കാന്‍ എന്താണു കാരണം ? 'അതെന്താണപ്പാ രണ്ടേടത്ത് ഇത്ര വല്യ പ്രശ്‌നം' എന്നു നാട്ടുകാര്‍ ചോദിച്ചാല്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. പിണറായി വിജയന്‍ സ്ഥാനമേറ്റതുമുതല്‍ത്തന്നെ മന്ത്രിസഭയുടെ ഉപദേഷ്ടാവായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഏറെ ചര്‍ച്ചകളും വിവാദങ്ങളും നടന്നിരുന്നു്. അതൊരു ഭരണപ്രശ്‌നമെന്നതിലേറെ രാഷ്ട്രീയപ്രശ്‌നമായിരുന്നു. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യിച്ച് സ്ഥാനമേല്‍പ്പിച്ച മുഖ്യമന്ത്രിക്കു മുകളില്‍ മറ്റൊരു അധികാരകേന്ദ്രമായിത്തീരുമോ ആ ഉപദേശകന്‍ എന്ന സംശയവും ആശങ്കയും സ്വാഭാവികമായി ഉയര്‍ന്നുവന്നു. അതെന്തായാലും നടന്നില്ല. എന്നാല്‍ നിയമമാധ്യമ ഉപദേഷ്ടാക്കളുടെ കാര്യത്തില്‍ അതിവേഗം തീരുമാനമായി. രണ്ടുപേരും കാല്‍പണം പ്രതിഫലം പറ്റാതെയാണ് മുഖ്യമന്ത്രിയെ ഉപദേശിക്കുക എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.    എ.ജി.യുടെ പണിയെന്ത്?നിയമ ഉപദേശകന്റെ നിയമനത്തിലും പ്രവര്‍ത്തനത്തിലും തുടക്കത്തില്‍ത്തന്നെ സംശയങ്ങളും ആശങ്കയും ഉയര്‍ന്നുവന്നിരുന്നു. നിയമം സുപ്രധാനമേഖലയാണ്. എന്നിട്ടും എന്തുകൊണ്ടു കേരളത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കും നിയമോപദേഷ്ടാവ് ഇല്ലാതായിപ്പോയത്? നിയമപ്രശ്‌നങ്ങളില്‍ ചെന്നുപെട്ട് ചക്രശ്വാസം വലിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നിട്ടും അദ്ദേഹത്തിന് അത്തരമൊരു ഉപദേഷ്ടാവ് ഉണ്ടായില്ല. എന്തുകൊണ്ട് എന്ന് നിയമരംഗത്തുള്ളവര്‍ക്കെല്ലാം അറിയാം. നിയമനിര്‍മാതാക്കള്‍ അക്കാര്യം പണ്ടേ മുന്നില്‍കാണുകയും അതിനുള്ള പരിഹാരത്തിന് നിയമവ്യവസ്ഥകള്‍ തന്നെ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അഡ്വക്കറ്റ് ജനറല്‍ ആണ് മുഖ്യമന്ത്രിയുടെ നിയമപരമായ നിയമോപദേഷ്ടാവ്. സംസ്ഥാന ഭരണത്തെ സംബന്ധിക്കുന്ന എല്ലാ നിയമപ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നത് എ.ജി.യാണ്. അഡ്വക്കറ്റ് ജനറല്‍ പദവി നിയമപരമായി അംഗീകാരമുള്ളതാണ് എന്നു മാത്രം പറഞ്ഞാല്‍ അതൊരു ലഘൂകരണമായിരിക്കും. ആ തസ്തിക ഭരണഘടനാപരമായ തസ്തികയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 165, 177 വകുപ്പുകളില്‍ ഈ തസ്തികയുടെ അധികാരങ്ങളും നിയമനരീതികളും പറഞ്ഞിട്ടുണ്ട് എന്നു കേരള ഗവണ്മെന്റിന്റെ നിയമവകുപ്പിന്റെ വെബ്‌സൈറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. എന്താണ് അഡ്വക്കറ്റ് ജനറലിന്റെ ചുമതല? ആദ്യ വാചകത്തില്‍ത്തന്നെ പറയുന്നത് ഇങ്ങിനെ... 'സംസ്ഥാന ഗവണ്മെന്റിന് നിയമപരമായ എല്ലാ വിഷയങ്ങളിലും ഉപദേശം നല്‍കുകയും, ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന നിയമസ്വഭാവമുള്ള എല്ലാ ചുമതലകളും ഭരണഘടനയോ ഭരണഘടനയനുസരിച്ച് നിര്‍മിച്ച നിയമപ്രകാരമോ ഉള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുക അഡ്വക്കറ്റ് ജനറല്‍ ആയിരിക്കും.' ആരാണ് മുകളില്‍?സംഗതി വ്യക്തം. പക്ഷേ, അപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നു.  അഡ്വക്കറ്റ്  ജനറല്‍ ഉള്ളപ്പോള്‍ എന്തിനാണ് വേറെ ഒരു നിയമോപദേഷ്ടാവ്? ആരാണ് മുകളില്‍? ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന അഡ്വക്കറ്റ് ജനറലോ അതോ നിയമപിന്‍ബലമൊന്നുമില്ലാത്ത, ജനങ്ങളോടോ ഭരണത്തോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പാര്‍ട്ട് ടൈം ഉപദേഷ്ടാവോ? അഡ്വക്കറ്റ്  ജനറല്‍ക്ക് മുകളില്‍ അങ്ങനെയൊരു ഉപദേഷ്ടാവിനെ നിയമിക്കുന്നത് ഭരണഘടനാപരമാണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുണ്ടോ? പ്രതിഫലമൊന്നും വാങ്ങുന്നില്ല എന്നത് ഒരു ഔദ്യോഗിക ഉത്തരവാദിത്തം ആരെയെങ്കിലും ഏല്‍പ്പിക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലതന്നെ. അഡ്വക്കറ്റ് ജനറല്‍ക്ക് മുകളിലാണ് ഇപ്പോഴത്തെ ഉപദേഷ്ടാവ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്. അഡ്വക്കറ്റ് ജനറല്‍ നിയമോപദേഷ്ടാവിനെ അങ്ങോട്ടുചെന്നുകണ്ട് ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്ന് അറിയാത്തവരില്ല ഭരണ മാധ്യമവൃത്തങ്ങളില്‍. ഇങ്ങനെയൊരു ഭരണഘടനാതീത അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഭരണഘടനാപരമാണോ എന്നു പറയാനുള്ള ബാധ്യത നിയമപണ്ഡിതന്മാര്‍ക്കുണ്ട്. എന്തുകൊണ്ടെന്നറിയില്ല ഈ വിഷയത്തില്‍ നിയമവിദഗ്ധര്‍ മൗനം പുലര്‍ത്തുകയാണ്. ലോട്ടറി കേസ്സില്‍ കണ്ടതുപോലെ, പിണറായി വിജയന് നിരന്തരം തലവേദനയുണ്ടാക്കുന്ന ഒരു പ്രശ്‌നമായി ഇതുമാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.  മാധ്യമ ഉപദേഷ്ടാവിന്റെ കാര്യം കൂടി പരാമര്‍ശിക്കാതെ നിവൃത്തിയില്ല. ഒരു കാര്യത്തില്‍ നിയമോപദേഷ്ടാവിനോട് സാദൃശ്യമുണ്ട് ഈ തസ്തികയ്്ക്കും. ആദ്യമായാണ് കേരളത്തില്‍ ഇങ്ങനെയൊരു ഉപദേഷ്ടാവ് ഉണ്ടാകുന്നുത്. ഇതില്‍ നിയമഭരണഘടനാ പ്രശ്‌നങ്ങളില്ല. പക്ഷേ, ഇവിടെയും ഔചിത്യത്തിന്റെ പ്രശ്‌നമുണ്ട്. ഒരു മാധ്യമസ്ഥാപനത്തിന്റെ അതും പാര്‍ട്ടി സ്ഥാപിച്ച മാധ്യമസ്ഥാപനത്തിന്റെ തലവന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉപദേഷ്ടാവാകുന്നതൊട്ടും ശരിയല്ല എന്നു കരുതുന്നവര്‍ ഏറെയുണ്ട്. അദ്ദേഹത്തിന്റെ ചുതമലകള്‍ എന്ത്, എന്തെങ്കിലും അധികാരം അദ്ദേഹത്തിനുണ്ടോ തുടങ്ങിയ വശങ്ങളും അവ്യക്തമാക്കി നിര്‍ത്തിയിരിക്കുന്നു. പ്രസ് സിക്രട്ടറിയെവിടെ?മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള പാലം പ്രസ് സിക്രട്ടറിയാണ്. എത്രയോ കാലമായി അതാണ് അവസ്ഥ. പിണറായി വിജയന് പ്രസ് സിക്രട്ടറിയില്ല. അതുകൊണ്ട് ആ ചുമതല ആരും നിര്‍വഹിക്കുന്നില്ല.  ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്ന പ്രമുഖ കവി പ്രഭാവര്‍മയെ സ്‌പെഷല്‍ സിക്രട്ടറിയായി നിയമിച്ചിട്ടുണ്ട്്. അദ്ദേഹമാണോ പ്രസ് സിക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുക? തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കോ പ്രഭാവര്‍മയ്‌ക്കോ മാധ്യമ ഉപദേഷ്ടാവിനുതന്നെയോ ഇക്കാര്യം അറിയില്ലെന്നാണ് തോന്നുന്നത്. ഇതിന്റെ ഒരു ശൂന്യത തലസ്ഥാനത്തുണ്ട്. മുഖ്യമന്ത്രി മന്ത്രിസഭായോഗങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുക എന്നത് പി.ആര്‍.ഓ. പണി മാത്രമാണെന്ന ദുസ്സൂചന മുഖ്യമന്ത്രിയുടെ വാക്കുകളിലുണ്ടായി. സി.പി.എമ്മിന്റെ പ്രതിനിധികളായ മുന്‍ മുഖ്യമന്ത്രിമാര്‍ ഇ.കെ.നായനാരും വി.എസ്സും ഇങ്ങനെ മാധ്യമപ്രവര്‍ത്തകരെ ആഴ്ചതോറും അഭിമുഖീകരിച്ചിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. പക്ഷേ, സംസ്ഥാനത്തെ ബാധിക്കുന്ന സുപ്രധാനപ്രശ്‌നങ്ങളാണ് മന്ത്രിസഭായോഗങ്ങളില്‍ പരിഗണനയ്ക്ക് വരുക. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ ഉയര്‍ന്നുവരാവുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട കാര്യമില്ല എന്നും ഒറ്റവരി പത്രക്കുറിപ്പിറക്കിയാല്‍ തീരുന്നതാണ് ജനങ്ങളോടുള്ള ബാധ്യതയെന്നും മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ എവിടെയോ എന്തോ കുഴപ്പമുണ്ട് എന്ന് പറയേണ്ടിവരും. മന്ത്രിമാരോടും മുഖ്യമന്ത്രിയോടും ലേഖകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്, ഉത്തരം പത്രത്തിലും ചാനലിലും പ്രസിദ്ധപ്പെടുത്തി കമ്പനിക്ക് കാശുണ്ടാക്കാന്‍ വേണ്ടിയല്ല. ജനങ്ങള്‍ അറിയുന്നതിനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി പരോക്ഷമായി ഉത്തരം നല്‍കുന്നത്. മാധ്യമങ്ങളെ തനിക്ക് തോന്നുമ്പോള്‍ കണ്ടോളാം, തനിക്കു സൗകര്യമുള്ള  ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിക്കോളാം  എന്നൊക്കെ ഭരണാധികാരികള്‍ കരുതിയാല്‍ ദോഷം അവര്‍ക്കുതന്നെയാണ് ഉണ്ടാവുക എന്ന കാര്യത്തില്‍ സംശയമില്ല. ചിലതെല്ലാം അപ്പോഴപ്പോള്‍ വിശദീകരിക്കാതിരിക്കുന്നതാണ് വലിയ തെറ്റിദ്ധാരണകള്‍ക്കു കാരണമാവുക എന്നതും മറക്കേണ്ട 

Sunday, 3 July 2016

സുപ്രഭാതം ഞായര്‍ പതിപ്പില്‍ - പത്രജീവിതംhttp://www.suprabhaatham.com/epaper/index.php?date=2016-07-03&pageNo=23&location=kozhikodeചരിത്രവുമല്ല ആത്മകഥാശകലങ്ങളുമല്ല. എന്നാല്‍, ചിലപ്പോഴെല്ലാം അതുമാവും. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെയും പത്രപ്രവര്‍ത്തകരുടെ ജീവിതത്തിലെയും കുറെ സംഭവങ്ങള്‍, കൗതുകങ്ങള്‍, അത്ഭുതങ്ങള്‍....

പത്രജീവിതം 
എന്‍.പി.രാജേന്ദ്രന്‍

റിപ്പോര്‍ടര്‍ പറന്നു, കൊച്ചിയില്‍നിന്ന്് 
   തിരുവനന്തപുരത്തേക്ക്

കേരളത്തിലെ പ്രമുഖപത്രങ്ങളി പ്രമുഖലേഖകന്മാര്‍പോലും ഇന്നും ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുകയില്ല. അങ്ങനെ എളുപ്പം കിട്ടുന്ന വിമാനങ്ങളില്ല. ഉണ്ടെങ്കില്‍ത്തന്നെ, കൊച്ചി-തിരുവനന്തപുരം യാത്രയ്ക്ക്  വിമാനടിക്കറ്റ് നിരക്ക് യാത്രാബത്തയായി നല്‍കുന്ന ഏത് പത്രസ്ഥാപനമുണ്ട്്? എന്തിന് വിമാനത്തില്‍പോകണം...മൂുമണിക്കൂര്‍ കൊണ്ടെത്തു ട്രെയിനുകള്‍ ധാരാളം. 

പക്ഷേ, എഴുപതുവര്‍ഷം മുമ്പ് 1946 ല്‍, അന്ന് വളരെ ചെറുതായ ഒരു മലയാള പത്രത്തിന്റെ ലേഖകന്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട'് ചെയ്യാല്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പന്നു. ചെലവ് നിസ്സാരം- വെറും ഇരുപത് രൂപ! തീര്‍ന്നില്ല, കൊച്ചിയില്‍ നിന്ന് വിമാനത്തിലെത്തുന്ന വ്യക്തികള്‍ സാധാരണക്കാരാവില്ലല്ലോ. അന്ന് അങ്ങനെ എത്തുന്ന വ്യക്തികളുടെ പേരുകള്‍ അുതന്നെ തിരുവനന്തപുരത്തെ ഒരു പത്രം വൈകീട്ട്'് പ്രസിദ്ധപ്പെടുത്തിപ്പോിരുന്നു. നമ്മുടെ ലേഖകന്റെ പേരും അന്നത്തെ പത്രത്തില്‍ ഉണ്ടായിരുന്നു!

ഇനി വാര്‍ത്തയിലെ വാട്ട്്, വേര്‍ തുടങ്ങിയ ഫൈവ് ഡബ്‌ള്യുസും എച്ചും പറയാം. കഥാപത്രത്തിന്റെ പേര്് ജി.എം.നെന്മേനി. മുഴുവന്‍ പേര് ഗോപാലമേനോന്‍ നെന്മേനി. 1946 ല്‍ ദേശാഭിമാനിയുടെ കൊച്ചിയിലെ സ്റ്റാഫ് ലേഖകനായിരുന്നു നെന്മേനി. പത്രം തുടങ്ങിയിട്ട്'് വര്‍ഷം നാലേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ടുള്ള പത്രപ്രവര്‍ത്തനമാണ്. ഒരു ദിവസം വൈകീട്ട'് പത്രാധിപര്‍ നെന്മേനിക്ക് ഒരു കമ്പിസന്ദേശമയക്കുന്നു. ടെലഗ്രാമില്‍ ആവശ്യപ്പെട്ടിരുന്നത് അടുത്ത ദിവസം തിരുവനന്തപുരത്ത് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഒരു പ്രധാനസമ്മേളനം നടക്കുന്നു. ഓടിവന്ന് റിപ്പോര്‍ട്ടയക്കണം എന്നാണ്. തിരുവനന്തപുരത്ത് അന്ന് വേറെ ലേഖകനില്ലേ എന്നൊന്നും ചോദിക്കരുത്. പരിഭ്രമമമായി. പോകാതിരുന്നുകൂടാ, പോകുതെങ്ങനെ എന്നും അറിഞ്ഞുകൂടാ. 

തിരുവനന്തപുരം കൊച്ചി തീവണ്ടി അന്നില്ല, നേരി'് ബസ്സുകളുമില്ല. കൊല്ലം-തിരുവനന്തപുരം തീവണ്ടി ഉണ്ട്. പക്ഷേ, കൊല്ലത്തെത്താന്‍ ഒരു വഴിയുമില്ല. ബോ'ാണ് പ്രധാന യാത്രാവാഹനം. പക്ഷേ, കൊച്ചിയില്‍നി് ബോ'ില്‍പോയി യോഗം റിപ്പോര്‍ട്ട്്് ചെയ്യാനാവില്ല. പിന്നെ എന്തുചെയ്യും? പത്രാധിപരോട് ചോദിച്ചിട്ട് കാര്യമില്ല. വരണം എന്ന് പറയാനേ പത്രാധിപന്മാര്‍ക്ക് അറിയൂ. ഇുതം അങ്ങനെത്തന്നെ. എങ്ങിനെ പോകും എന്നത് ലേഖകന്റെ ബാധ്യതയാണ്. നെന്മേനി ഒരന്തവും കിട്ടാതിരുപ്പോഴാണ് ഒരു സുഹൃത്തിന്റെ മസ്തിഷ്‌കത്തില്‍ സംഗതി പൊട്ടിയത്. വിമാനത്തില്‍ പോയിക്കൂടേ?

ചോദ്യം ന്യായം. കൊച്ചി -തിരുവനന്തപുരം വിമാനമുണ്ട്. ബോയിംഗും ജെറ്റുമൊന്നുമില്ല. ഡെക്കോട്ട' വിമാനം. 21 യാത്രക്കാരേ പറ്റൂ. ടിക്കറ്റെടുക്കുന്ന ആള്‍ക്ക്, തീവണ്ടി ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ എ പോലെ എവിടെയും ഇരിക്കാം,സീറ്റ് നമ്പറില്ല. വി.ഐ.പി.കള്‍ അല്ലാതെ പത്രലേഖകരൊന്നും വിമാനത്തില്‍ സഞ്ചരിക്കുതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. 

ജി.എം. നെന്മേനി കൊച്ചി രവിപുരത്ത് ഒരു ലോഡ്ജിലാണ് താമസിച്ചിരുത്. വൈക്കം മുഹമ്മദ് ബഷീര്‍ അന്ന് തൊട്ടുമുമ്പില്‍ വേറൊരു ലോഡ്ജിലായിരുന്നു താമസം. അന്ന് ബേപ്പൂര്‍ സുല്‍ത്താനല്ല. തൊഴിലാളിവര്‍വ വിപ്ലവം ഉടനെ നടക്കും എന്നും അതോടെ താന്‍ പോഞ്ഞിക്കര സുല്‍ത്താന്‍ ആവുമെന്നും അദ്ദേഹം പറയാറുണ്ടായിരുന്ന എന്ന് നെന്മേനി തന്റെ ഒരോര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. നെന്മേനിയും ബഷീറും ഉറ്റ കൂട്ടുകാരാണ്. ദിവസവും കണ്ടുമുട്ടി ലോകത്തിന്റെ ഗതിവിഗതികള്‍ ദീര്‍ഘനേരം ചര്‍ച്ച ചെയ്യും. കമ്യൂണിസ്റ്റായിരുന്ന നെന്മേനിയെ ബഷീര്‍ നെന്മലാസ്‌കി എന്നായിരുന്നത്രെ വിളിച്ചിരുന്നത്്! 

പിറ്റെന്ന് വിമാനത്തില്‍ പോകുന്ന കാര്യം നെന്മേനി ബഷീറിനോട് പറ്ഞ്ഞു. ബഷീറിന് ഭാവവ്യത്യാസമില്ല. മെല്ലെ പോയി ഒരു വെള്ളക്കടലാസെടുത്തുകൊണ്ടുവന്ന് നെന്മേനിക്ക് കൊടുത്തു. അടിയില്‍ ഒപ്പുവെച്ചിട്ട'് പോയ്‌ക്കോളാന്‍ പറഞ്ഞു. നെന്മേനിക്ക് പിടികിട്ടിയില്ല. ബഷീര്‍ വിശദീകരിച്ചു. വിമാനത്തിന് വല്ലതും സംഭവിച്ചാല്‍ തന്റെ അന്ത്യസന്ദേശം ഇതായിരുന്നു എന്ന്് എനിക്ക് പത്രങ്ങള്‍ക്ക് വാര്‍ത്തമൊടുക്കാമല്ലോ... വേറെ ദുരുദ്ദേശമൊന്നുമില്ല! നെന്മേനി ഒപ്പിട്ടുകൊടുത്തു. 

വിമാനം അപകടമൊന്നുമില്ലാതെ തിരുവനന്തപുരത്തെത്തി. വിമാനത്തിലെത്തിയവരുടെ ലിസ്റ്റില്‍തന്റെ പേരുകൂടി ഇംഗഌഷ് പത്രത്തില്‍ കണ്ട് നെന്മേനി രോമാഞ്ചമണിഞ്ഞു. 

നെന്മേനിയുടെ കമ്പി എ പേരില്‍ കേരള പ്രസ് അക്കാദമി -ഇപ്പോള്‍ കേരള മീഡിയ അക്കാദമി- പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ ഇത്തരം കഥകളേറെയുണ്ട്. മകന്‍ കെ.കെ.മോഹന്‍ സമാഹരിച്ചതാണ് നെന്മേനിക്കഥകളും അദ്ദേഹത്തിന്റെ അക്കാലത്തെ പത്രറിപ്പോര്‍ട്ടുകളും. നെന്മേനി അയച്ച വാര്‍ത്തകള്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ പലപ്പോഴും ബൈലൈനിന്റെ സ്ഥാനത്ത് ജി.എം.നെന്മേനിയുടെ കമ്പി എന്നാണ് എഴുതാറുള്ളത്. കമ്പിസന്ദേശം ആയാണ് അ് മിക്കപ്പോഴും വാര്‍ത്തകള്‍ അയക്കുക. നാട്ടുകാര്‍ക്കിത് കമ്പിയടിയാണ്. ടെലഗ്രാം അവസാനിപ്പിച്ച് പത്രവാര്‍ത്തകള്‍ ടെലിപ്രിന്റര്‍ വഴി ആയ ശേഷവും പത്രഓഫീസുകളില്‍ പലരും  ടി.പി.സന്ദേശങ്ങളെ കമ്പി എന്ാണ് വിളിച്ചിരുത്. 

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന് നെന്മേനി പിന്നീടാണ് പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നത്. 1938 മുതല്‍ '42 വരെ മാതൃഭൂമിയുടെ ലേഖകനായിരുന്നു. ഇടതുപക്ഷചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട്'് ജനയുഗം, നവജീവന്‍, നവകേരളം, ദേശാഭിമാനി പത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. മുപ്പത് വര്‍ഷത്തോളം പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. അഞ്ചുതവണ അറസ്റ്റ് ചെയ്യപ്പെട്ട നാലര വര്‍ഷം ജെയിലില്‍ കഴിഞ്ഞിട്ടുണ്ട്.  

നെന്മേനിയുടെ പത്രജീവിതത്തില്‍ ഏറെ റിപ്പോര്‍ട്ടിങ്ങ് അനുഭവങ്ങള്‍ ഉണ്ട്. നേട്ടങ്ങളും വലിയ കാര്യങ്ങളും മാത്രം കൊട്ടിഘോഷിച്ചാല്‍ പോരല്ലോ. അസാധാരണമായ ചില വീഴ്ചകളെക്കുറിച്ചും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. മരിക്കാത്ത ആള്‍ മരിച്ചു എന്ന് റിപ്പോര്‍ട്ട'് ചെയ്യപ്പെട്ട അനേകസംഭവങ്ങള്‍ പത്രചരിത്രത്തില്‍ ഉണ്ടാവും. അങ്ങനെ ചെയ്തിട്ടുള്ളത് ആരെങ്കിലും ഒരുക്കിയ കെണിയില്‍ പെട്ടിട്ടാവും. ഒരു പത്രപ്രവര്‍ത്തകന്റെ ഒരിക്കലും മറക്കാത്ത, എപ്പോഴും ലജ്ജിപ്പിക്കുന്ന അനുഭവമാണ് അത്. നിര്‍ഭാഗ്യവശാല്‍ നെന്മേനിക്കും അത്തരം ഒരനുഭവമുണ്ടായത് ജനയുഗം ന്യൂസ് എഡിറ്റര്‍ ആയിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.എസ്.ചന്ദ്രന്‍ വിവരിച്ചിട്ടുണ്ട് നേരത്തെ പറഞ്ഞ അനുസ്മരണ കൃതിയില്‍. അതുകൂടി പറയാം.

അറുപതുകളുടെ ആദ്യം എപ്പോഴോ ആണ് സംഭവം. അന്ന് തിരുവനന്തപുരത്തെ ജനയുഗം ലേഖകനാണ് നെന്മേനി. സ്ഥലത്തെ ഒരു പ്രമാണി കൂടിയായ മുന്‍ജഡ്ജി മരിച്ചതായി ആരോ നെന്മേനിയെ വിളിച്ചുപറഞ്ഞു. പരിചയമുള്ള ആരോ ആണ് പറഞ്ഞത്. ആരോ അല്ല, സഹപ്രവര്‍ത്തകനായ ഒരു പത്രപ്രവര്‍ത്തകന്‍ തന്നെ പിറ്റേന്ന് പ്രധാനസ്ഥാനത്ത് വാര്‍ത്തയും വന്നു. നേരംപുലര്‍ന്തുമുതല്‍ തുടങ്ങി ബഹളം. പിറ്റേന്ന് ക്ഷമ പറഞ്ഞ് പത്രം ഒരുവിധം തടിയൂരിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഈ സംഭവത്തില്‍ ഏറ്റവുമേറെ മാനസികമായി തളര്‍ന്നത് തെറ്റായ മരണവാര്‍ത്തയ്ക്ക് ഇരയായ റിട്ട.ജഡ്ജി എം.ഗോവിന്ദന്‍ ആയിരുന്നില്ല, അത് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ നെന്മേനി ആയിരുന്നു. 

1942 ഫിബ്രുവരിയില്‍ കൊച്ചിയില്‍ ആസ്‌ത്രേലിയന്‍ പട്ടാളക്കാര്‍ പെകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് നെന്മേലി ആയിരുന്നു. ഈ സംഭവത്തെക്കുറിച്ച് സഞ്ജയന്‍ എഴുതിയ അസാധാരണ ശൗര്യമുള്ള മുഖപ്രസംഗം കൂടിയായതോടെയാണ് മാതൃഭൂമി നിരോധിക്കപ്പെട്ടത്. നിരോധനം കുറച്ചുനാളേ നിലനിുള്ളൂ. അങ്ങനെ എത്രയെത്ര അവിസ്മരണീയ റിപ്പോര്‍ട്ടുകള്‍.


(സുപ്രഭാതം ഞായര്‍ പതിപ്പില്‍ - 2016 ജൂലൈ 3 ന് ആരംഭിച്ചു.  )