Sunday, 3 July 2016

തീരാത്ത ധനകാര്യപ്പോര്സത്യപ്രതിജ്ഞ, സ്പീക്കര്‍ തിരഞ്ഞെടുപ്പ്, ഗവര്‍ണറുടെ പ്രസംഗം എന്നീ തിരഞ്ഞെടുപ്പനന്തര അനുഷ്ഠാനങ്ങള്‍ക്കൊപ്പം ഈയിടെയായി കൂട്ടിച്ചേര്‍ത്തിട്ടുള്ള ഒരിനമാണ് ധനമന്ത്രിപ്പോര്. കാളപ്പോരുപോലുള്ള പ്രാചീന ഐറ്റംസിലുള്ള അത്ര അക്രമസ്വഭാവമില്ലെങ്കിലും സാധ്യത തള്ളിക്കളയേണ്ട. നിയമസഭാവാഗ്വാദം, ചാനല്‍ചര്‍ച്ച, ധനകാര്യവിദഗ്ധരുടെ ഇടപെടല്‍, പത്രത്തില്‍ ലേഖനപരമ്പര എന്നിവ മുറപോലെ നടക്കുന്നുണ്ട്. ഓര്‍ക്കേണ്ട രണ്ടുകാര്യങ്ങള്‍ ഇതിലുണ്ട്: ഒന്ന്, പോരില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ഇല്ല. രണ്ട്, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ആര്‍ക്കും മനസ്സിലാവുകയുമില്ല. സമാധാനമായല്ലോ?

പോരിനിടയിലും ഒരു കാര്യത്തില്‍ രണ്ടുപേരും ഏകാഭിപ്രായക്കാരാണ്. കേരളത്തിന്റെ ധനരംഗം അത്യാസന്നനിലയിലാണ്. ഈ അവസ്ഥയെ എന്തുപേരിട്ടാണ് വിളിക്കേണ്ടത് എന്നകാര്യത്തില്‍ മുമ്പും യോജിപ്പുണ്ടാകാറില്ല. സാമ്പത്തികപ്രതിസന്ധി ഗുരുതരം എന്ന് പ്രതിപക്ഷം വിമര്‍ശിക്കുകയും ഇല്ലില്ല പ്രതിസന്ധിയൊന്നുമില്ല എന്ന് ധനമന്ത്രി നിഷേധിക്കുകയും ചെയ്യുകയായിരുന്നു രീതി.
രണ്ട് സാമ്പത്തികവിദഗ്ധന്മാര്‍ ധനമന്ത്രിമാരായതാണ് ഇതിനെല്ലാം കാരണം എന്നൊരു കാഴ്ചപ്പാടുണ്ട്.

മുന്‍കാലത്ത് എം.കെ. ഹേമചന്ദ്രന്‍, എസ്. വരദരാജന്‍നായര്‍, തച്ചടി പ്രഭാകരന്‍, വി. വിശ്വനാഥമേനോന്‍, സി.വി. പത്മരാജന്‍, ടി. ശിവദാസമേനോന്‍, കെ. ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍ തുടങ്ങിയ നിരുപദ്രവജീവികളായിരുന്നു വകുപ്പ് കൈകാര്യംചെയ്തുപോന്നത്. സാമ്പത്തികശാസ്ത്രം അവരുടെ നാലയലത്തുകൂടി പോയിരുന്നില്ല. മന്ത്രിസ്ഥാനം ഏല്‍ക്കുമ്പോഴോ ഇറങ്ങിപ്പോകുമ്പോഴോ വേണ്ടാത്ത വര്‍ത്തമാനമൊന്നും അവര്‍ പറയാറുമില്ല. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിലാണ് അവര്‍ വരാറും പോകാറുമുള്ളത്. ഏറിയാല്‍ അഞ്ചുവര്‍ഷമേ അവര്‍ ഈ മുള്‍ക്കസേരയില്‍ മുള്‍ക്കിരീടം അണിഞ്ഞിരിക്കാറുള്ളൂ.

ഈ അവസ്ഥ മാറിയത് കെ.എം. മാണി ധനമന്ത്രിയായതുമുതലാണ്. ആദ്യം 1975'77 കാലത്തായിരുന്നു കളി. അടിയന്തരാവസ്ഥയായതുകൊണ്ട് അടിച്ചതെല്ലാം ഗോളായി; ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അതിലും വലിയ കളി 1980'86 കാലത്താണുണ്ടായത്. ആദ്യം ഇ.കെ. നായനാരുടെ കോണ്‍.സി.പി.എം. മന്ത്രിസഭയില്‍ ഇടതുപക്ഷപുരോഗമനതൊഴിലാളിവര്‍ഗാഭിമുഖ ബജറ്റ്. പിന്നെ മലക്കംമറിഞ്ഞ് കെ. കരുണാകരന്റെ മന്ത്രിസഭയില്‍ മുതലാളിത്തഫ്യൂഡല്‍ബൂര്‍ഷ്വാ ബജറ്റ്. കേമമെന്ന് അതതുപക്ഷക്കാരുടെ അഭിനന്ദനം.

 രണ്ടുവട്ടംചെയ്താല്‍ ആര്‍ക്കും എന്തും ചെയ്യാം. ഒരു കുന്തവും പേടിക്കാനില്ല. അങ്ങനെ മാണിസാര്‍ ക്രമേണ വളര്‍ന്ന് അഖിലലോക സാമ്പത്തികവിദഗ്ധനും താത്ത്വികാചാര്യനും ഇടത്വലത്ഹിന്ദുത്വ ഭേദമെന്യേ സകലരുടെയും ഇഷ്ടകഥാപാത്രവുമായി വളര്‍ന്നത് സമീപകാലചരിത്രം.

അപ്പുറത്ത് സാമ്പത്തികശാസ്ത്രം പഠിച്ച ഒരു ധനമന്ത്രി വന്നതുകൊണ്ട് ചില്ലറ പ്രശ്‌നമുണ്ടായി. വ്യാജഡോക്ടര്‍മാര്‍ ഭരിക്കുന്ന നാട്ടിന്‍പുറത്ത് എം.ബി.ബി.എസ്സുകാരന്‍ പ്രാക്ടീസ് തുടങ്ങിയതുപോലൊരു പ്രതിസന്ധി. ഇതിലും ഒത്തുതീര്‍പ്പ് സാധ്യമാണ്. ധനകാര്യഭരണത്തിന്റെ കള്ളക്കളിയൊന്നും യൂണിവേഴ്‌സിറ്റിയില്‍നിന്ന് പഠിച്ചുകൊള്ളണമെന്നില്ല. അത് മാണിസാര്‍ പയറ്റി. അതിന്റെ തിയറി ഡോ. ഐസക്കുസാറും പയറ്റി. പരസ്പരം പഠിച്ച് രണ്ടുപേരും രണ്ടിലും വിദഗ്ധരായി. പഴയ നാടന്‍തല്ലുകാരെപ്പോലെ ചിലപ്പോഴെല്ലാം രണ്ടുപേരും ചുമലില്‍ കൈയിട്ട് 'ഞങ്ങളോടുവെല്ലാന്‍ ഇവിടെ ആരുണ്ട്' എന്ന് ചോദിക്കാതെ ചോദിക്കാറുമുണ്ട്. ഒരു ദശകമായി രണ്ടുപേരും മാറിമാറി ധനകാര്യം പുഷ്ടിപ്പെടുത്തിയതിന്റെ ആഘോഷമാണ് ഇപ്പോള്‍ നടക്കുന്ന സംവാദം.

ഒടുവിലത്തെ ടേമില്‍ കെ.എം. മാണിയുടെ വൈദഗ്ധ്യത്തിന്റെ സദ്ഫലങ്ങള്‍ പ്രകടമായിരുന്നു. കടവും കമ്മിയും കൂടി, വരുമാനം കുത്തനെ താഴ്ന്നു. പ്രശ്‌നമുണ്ടെന്ന് ആദ്യവും പ്രയാസമുണ്ടെന്ന് പിന്നെയും പ്രതിസന്ധിതന്നെയെന്ന് ഒടുവിലും സമ്മതിച്ചു. പിന്നെ, ഒരിക്കലും ചെയ്യാത്തത് ചെയ്തു മന്ത്രിമാരുടെ ശമ്പളം 20 ശതമാനം കുറച്ചു. വീണ്ടുമൊരു കടുംകൈ ചെയ്തു. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. രണ്ടുമാസം കഴിയുംമുമ്പ് മന്ത്രിമാരും അതിനേക്കാള്‍ വേഗത്തില്‍ ജനങ്ങളും മറന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല.

ധൂര്‍ത്തിന് ഒരു കുറവുമുണ്ടായില്ല. ആകാവുന്നേടത്തോളം കടംവാങ്ങി. നികുതിപിരിവ് പരമാവധി ജനപ്രിയമാക്കി. പിരിക്കേണ്ടതൊന്നും പിരിച്ചില്ല എന്നര്‍ഥം. ഇതിന്റെയെല്ലാം ഫലമായി, സ്ഥാനമൊഴിയുമ്പോഴേക്ക് ഖജനാവില്‍ ആയിരം കോടിയിലേറെ ബാക്കിവന്നിരുന്നു എന്നാണ് മാണിസാറും മുഖ്യമന്ത്രിസാറും ഒറ്റസ്വരത്തില്‍ പറഞ്ഞത്. അതിന്റെ പലയിരട്ടി കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നുവെന്നത് വേറെകാര്യം. ക്യൂനില്‍ക്കുന്നവര്‍ക്ക് പതിനായിരം കോടി കൊടുക്കാനുണ്ടായിട്ടും ആയിരംകോടി പോക്കറ്റില്‍ തോമസ് ഐസക്കിനുവേണ്ടി കരുതിവെച്ച ഭയങ്കര സന്മനസ്സിന് നന്ദിപറയുന്ന ഒരു ധവളപത്രമായിരുന്നു ഇറക്കേണ്ടിയിരുന്നത്.

പണമില്ലാത്തതുകൊണ്ട് ട്രഷറി അടച്ചത് പണ്ട് ഇടതുഭരണകാലത്താണ്. അതിന്റെ ആവശ്യമില്ലെന്ന് മാണിസാര്‍ കണ്ടുപിടിച്ചല്ലോ. ഇനിയാരും ട്രഷറി അടയ്ക്കില്ല. പണമില്ലെങ്കില്‍ കൊടുക്കില്ല, പിന്നെ വരാന്‍ പറയും. വേറെ പ്രശ്‌നമില്ല. യു.ഡി.എഫ്. ചെയ്ത നല്ലകാര്യങ്ങള്‍ എല്‍.ഡി.എഫ്. തുടരും. പേടിക്കേണ്ട.
                                                                               ***
പാ1 ര്‍ട്ടിശത്രുക്കളുടെ വീട്ടില്‍ പോകരുതെന്ന വ്യവസ്ഥ കണ്ണൂരിലെ ചില പാര്‍ട്ടിഗ്രാമങ്ങളിലുണ്ട്. പക്ഷേ, അവിടെപ്പോലും കോണ്‍ഗ്രസ്സുകാര്‍ക്ക് അത് ബാധകമാക്കാറില്ല. എം.വി. രാഘവനെ സി.പി.എം. പുറത്താക്കിയ കാലത്ത് ഏതോ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍വിളിച്ച് ഊണുകൊടുത്തത് അച്ചടക്കലംഘനത്തിനുള്ള കാരണമായതായി വാര്‍ത്തയുണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദനെ വെറുതേ വീട്ടില്‍ ക്ഷണിച്ചുവരുത്തി അമിതഭക്ഷണം നല്‍കി അദ്ദേഹത്തിന്റെ ആരോഗ്യം കേടുവരുത്താന്‍ പദ്ധതിയിട്ട ഒരു മുന്‍ ബര്‍ലിന്‍വാസിക്ക് പാര്‍ട്ടി വേണ്ട മുന്നറിയിപ്പ് നല്‍കിയതും ബൂര്‍ഷ്വാപത്രക്കാര്‍ വാര്‍ത്തയാക്കിയിരുന്നു. കോണ്‍ഗ്രസ്സില്‍ അങ്ങനെയൊന്നും പതിവില്ലാത്തതാണ്.

പ്രബലനായ ഒരു യു.ഡി.എഫ്. ശത്രുവിന്റെ വീട്ടിലെ വിവാഹനിശ്ചയത്തില്‍ രണ്ട് കോണ്‍ഗ്രസ് തലതൊട്ടപ്പന്മാര്‍ പങ്കെടുത്തത് പാര്‍ട്ടി പ്രസിഡന്റിന് ദഹിച്ചിട്ടില്ല. യു.ഡി.എഫ്. ശത്രുക്കള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിക്കുകയാണ് വി.എം. സുധീരന്റെ നയം എന്നാരും തെറ്റിദ്ധരിക്കരുത്. യു.ഡി.എഫുകാരോളം യു.ഡി.എഫിന്റെ കഥകഴിക്കാന്‍ ശ്രമിച്ചവര്‍ വേറെയില്ല. അതുപ്രശ്‌നമല്ല. ഇവിടെ വേറെ പ്രശ്‌നങ്ങളുണ്ട്. മദ്യവിഷയത്തില്‍ സുധീരന്റെ പ്രിയഅജന്‍ഡയെ അവഹേളിക്കുകയും കേരളാകോണ്‍ഗ്രസ്സിന്റെ തലൈവരെ കോഴവീരനായി ചിത്രീകരിക്കുകയുംചെയ്ത ആളുടെ ക്ഷണം സ്വീകരിക്കാമോ? ഈ പാര്‍ട്ടിവിരുദ്ധന്‍ വിവാഹനിശ്ചയത്തിന് പാര്‍ട്ടി പ്രസിഡന്റിനെ ക്ഷണിച്ചതായി റിപ്പോര്‍ട്ടില്ല. ചെറിയ പ്രശ്‌നമൊന്നുമല്ല ഇത്. ഇതില്‍ പാര്‍ട്ടിയുടെ തത്ത്വശാസ്ത്രം, ഭരണഘടന, ഗാന്ധിയന്‍മൂല്യങ്ങള്‍ തുടങ്ങിയ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ട്.
                   
                        ***
കെ.എം. മാണി എല്‍.ഡി.എഫില്‍ പോകുന്നത് തടയാനാണ് ബാര്‍കോഴയെടുത്ത് പുറത്തിട്ടത് എന്ന് മാണിതന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അറിയാത്ത വിഷയമൊന്നുമല്ല അത്. പക്ഷേ, ഒടുവില്‍ മാണിതന്നെ പറയുന്നത് കേള്‍ക്കാന്‍ ഒരു രസമുണ്ടല്ലോ. ഇടതുനേതാക്കള്‍ മാണിയുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ തത്സമയറിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് അപ്പോഴപ്പോള്‍ ലഭിച്ചിരിക്കാം. കിട്ടുന്ന വിവരങ്ങളെല്ലാം സൂക്ഷിച്ചുവെക്കണം, വേണ്ടത് വേണ്ടപ്പോള്‍മാത്രം ഉപയോഗിക്കണം എന്ന് കൗടില്യന്‍ പറഞ്ഞിട്ടുണ്ട്.

യു.ഡി.എഫിലെ നേതാക്കള്‍ ഇത്രവലിയ കൊടുംചതി ചെയ്തിട്ടും മാണി, യേശുദേവന്‍മാത്രം കാണിക്കുന്ന ദയയോടെയും ക്ഷമയോടെയും അവര്‍ക്ക് മാപ്പുകൊടുത്തിരിക്കുന്നു. പോരാ, അവരോട് നന്ദിപറയണം എന്നുകൂടി തോന്നിപ്പോകുന്നു. മുന്നണിവിടുകയും ഇടതുപക്ഷത്തുപോയി മന്ത്രിയോ മുഖ്യമന്ത്രിതന്നെയോ ആവുകയും ചെയ്തശേഷമാണ് ഈ പണി അവര്‍ ചെയ്തിരുന്നതെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു? വിജിലന്‍സ് അന്വേഷണങ്ങളുടെ സ്ഥിതിയെന്താകുമായിരുന്നു? അച്യുതാനന്ദന്റെ നിലപാടെന്താകുമായിരുന്നു? ഇരുപക്ഷവും കൈയൊഴിഞ്ഞ് മാണി വഴിയാധാരമാകുന്നത് ഒഴിവാക്കാനാവും യു.ഡി.എഫ്. ദുഷ്ടന്മാരും ബാറുകാരും ഈ പണി ചെയ്തത്. ശുദ്ധന്മാര്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നേ കേട്ടിരുന്നുള്ളൂ. ദുഷ്ടന്മാര്‍ ശുദ്ധന്റെ ഫലം ചെയ്യും ചിലപ്പോഴൊക്ക.
No comments:

Post a comment