ഐസ്‌ക്രീമും ലോട്ടറിയും മദ്യവുമായി എന്തുബന്ധമെന്നു ചോദിക്കരുത്. ഒരു ബന്ധവുമില്ല. മൂന്നും നന്നല്ല എങ്കിലും മൂന്നിന്റെയും പിറകെപ്പോകുന്നവരുടെ എണ്ണത്തില്‍ ഒരുകുറവുമില്ല. അതവിടെനില്‍ക്കട്ടെ, മൂന്നും കേരളത്തില്‍ രാഷ്ട്രീയവിഷയങ്ങളാണ്. പണ്ടെങ്ങാന്‍ ചത്തുപോയി എന്നുവിചാരിച്ച വിഷയങ്ങളാണ് മൂന്നില്‍ രണ്ടും. പക്ഷേ, ഇവയും ഇപ്പോള്‍ തലക്കെട്ടുകളായി ഉയിര്‍ത്തെഴുന്നേറ്റുവരുന്നു. അതാണ് പ്രശ്‌നം.
മൂന്നുവിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ ഒരു പുതിയ അവതാരത്തിന്റെ സാന്നിധ്യം കാണുന്നതാണ് മാധ്യമശിങ്കങ്ങള്‍ക്കും ചാനലുകളില്‍ ചര്‍ച്ചിക്കുന്നവര്‍ക്കും ഏറെ സ്വാദിഷ്ഠമായി അനുഭവപ്പെട്ടതെന്നുതോന്നുന്നു.
എല്ലാം ശരിയാകും എന്നു വാഗ്ദാനം ചെയ്തവര്‍ അധികാരത്തില്‍വന്നാല്‍ മദ്യവിഷയം ആദ്യം ശരിയാകുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

അതത്ര എളുപ്പമല്ലെന്നറിയാഞ്ഞിട്ടല്ല. ഒരുപാട് ബ്രാന്‍ഡുകള്‍, ഒരുപാടുതരം ഷോപ്പുകള്‍, പല സ്റ്റാറുകള്‍  ഏതനുവദിക്കും എത്ര അനുവദിക്കും എവിടെ അനുവദിക്കും തുടങ്ങിയ ചോദ്യങ്ങള്‍, ഒരുപാട് ശരികള്‍, തെറ്റുകള്‍, കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍, കോഴക്കേസുകള്‍, കമ്മിഷന്‍കൊടുക്കല്‍വാങ്ങലുകള്‍, പണച്ചാക്കുകള്‍... സങ്കീര്‍ണംതന്നെ വിഷയം. വിഷയത്തില്‍ മുന്‍പരിചയമില്ലാത്ത ടി.പി. രാമകൃഷ്ണനെക്കൊണ്ട് ഇതൊന്നും എളുപ്പം കൈകാര്യം ചെയ്യാനാവില്ലല്ലോ.

ആ വിഷയം അവിടെനില്‍ക്കട്ടെ. അതിനെക്കാള്‍ പ്രധാനപ്രശ്‌നങ്ങളാണ് ഐസ്‌ക്രീമും ലോട്ടറിയും. കാലപ്പഴക്കമുണ്ട്. രണ്ട് അവതാരങ്ങളുടെ സാന്നിധ്യം ആ വിഷയങ്ങളെ സി.പി.എമ്മിനകത്ത് പതിഞ്ഞതും പുറത്ത് ശബ്ദായമാനവുമായ ചര്‍ച്ചാവിഷയമാക്കുന്നു. പ്രാചീനകാലത്തുതന്നെ കമ്യൂണിസം ഉണ്ടാക്കാന്‍ കേരളത്തില്‍ അവതരിച്ചതാണ് ആദ്യത്തെ അവതാരം. പുന്നപ്രവയലാര്‍തൊട്ട് തുടങ്ങിയതാണ് പ്രവര്‍ത്തനം. രക്ഷകന്റെ രൂപംപ്രാപിച്ചത് അടുത്തകാലത്താണെന്നുമാത്രം.

 ഇപ്പോഴത്തെ മന്ത്രിസഭയുടെ ആരോഹണത്തിനുകാരണം അവതാരത്തിന്റെ അദ്ഭുതപ്രവൃത്തികളാണെന്ന് ഐതിഹ്യമുണ്ട്. ഈ അവതാരത്തെ മന്ത്രിസഭയ്ക്കും മുകളില്‍ പ്രതിഷ്ഠിക്കണമെന്നാണ് ഭക്തരുടെ ഇംഗിതമെങ്കിലും അതുസംബന്ധിച്ചു നടത്തിയ ദേവപ്രശ്‌നം അനുകൂലപ്രതികരണമല്ല ഉളവാക്കിയത്. പ്രശ്‌നംവെപ്പുകാരുടെ അന്തിമവിശകലനത്തിലാണ് പ്രശ്‌നം എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
രണ്ടാം അവതാരത്തിന്റെ ആവിര്‍ഭാവം രണ്ടുമൂന്നു ദശാബ്ദങ്ങള്‍ക്കുമുമ്പ് സംഭവിച്ചതാണെങ്കിലും പിണറായി മന്ത്രിസഭയുടെ വരവോടെയാണ് ഇതിന് ശക്തികിട്ടിയത്.

പൊതുവേ എല്‍.ഡി.എഫ്. ഭരിക്കുമ്പോഴേ അവതാരം രാഷ്ട്രീയമായി സക്രിയമാകാറുള്ളൂ. ഇത്തവണ പിണറായി വന്നതുകൊണ്ടാവാം ഈ തലശ്ശേരിക്കാരന്‍ പൂര്‍വാധികം ശക്തനാണ്. അധികാരം കൈയാളുന്നതിനേക്കാള്‍ ദൗത്യനിര്‍വഹണം എളുപ്പമാകുക ഉപദേശിവേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. രാജാവിനെക്കൊണ്ട് ഉദ്ദിഷ്ടകാര്യം ചെയ്യിക്കാം, തന്റെ കൈകള്‍ നനയില്ല എന്ന സൗകര്യമുണ്ട്. നിയമമാണ് ഈ അവതാരത്തിന്റെ മണ്ഡലം. അധികാരികള്‍ക്ക് അജ്ഞാതമായ വിഷയമാണ് എന്നതുകൊണ്ട് അവതാരത്തിന്റെ ഉപദേശങ്ങള്‍ക്ക് കല്ലുവിലയാണ്.

മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും നിയമം ഉപദേശിക്കാന്‍ ഭരണഘടനപ്രകാരം വേറെ നിയമപണ്ഡിതനെ ശമ്പളംകൊടുത്ത് നിയോഗിച്ചിട്ടുണ്ടെങ്കിലും ശമ്പളംവാങ്ങാത്ത ഉപദേശിക്ക് കൂടുതല്‍ ബലംകൊടുത്ത് മറ്റെയാളെ ഉറക്കിക്കിടത്താം എന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചതും ഈ ഉപദേശിതന്നെയാകാനാണ് സാധ്യത. അതുകൊണ്ടൊരു സൗകര്യമുണ്ട്. ഒരേ കേസില്‍ ഉപദേശിക്ക് വേണമെങ്കില്‍ സര്‍ക്കാര്‍ ഫയല്‍ വാങ്ങി പഠിക്കുകയും ചെയ്യാം, ഇതേ കേസില്‍ എതിര്‍പക്ഷത്തിനുവേണ്ടി ഹാജരാവുകയും ചെയ്യാം. ഇല്ലയില്ല, നമ്മുടെ ഉപദേശി അങ്ങനെയൊന്നും ചെയ്യുന്ന ആളല്ല കേട്ടോ. സര്‍ക്കാറിനെ ആയിരക്കണക്കിനു കോടി വെട്ടിച്ച ലോട്ടറി രാജാവിനുവേണ്ടി ഉപദേശി ഹാജരായതുമായി ഇതിനൊരു ബന്ധവുമില്ലതാനും.

എന്തായാലും അച്യുതാനന്ദാവതാരത്തിന് ഈ അവതാരത്തിന്റെ കളിയൊട്ടും പിടിക്കുന്നില്ല. കോഴിക്കോട്ട് സ്ത്രീജനങ്ങളെ ഐസ്‌ക്രീം കൊടുത്ത് വശീകരിച്ച ചില ദുര്‍വൃത്തന്മാരെ ഉന്മൂലനംചെയ്യാന്‍ കാല്‍നൂറ്റാണ്ടായി യുദ്ധംചെയ്യുകയായിരുന്നു അദ്ദേഹം. ആ കേസിലും ഉപദേശിയവതാരം എതിര്‍പക്ഷത്താണെന്നുള്ള കാര്യം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഫലത്തില്‍ രണ്ട് അവതാരങ്ങള്‍ തമ്മിലുള്ള യുദ്ധമാണിതെന്നും കാണാതിരുന്നുകൂടാ.

ഗതിവരാത്തപോലെ അലയുന്ന പ്രാചീന അവതാരത്തെ മന്ത്രിപദവിയുള്ള ഒരു വിഗ്രഹമായി ഉടനെ പ്രതിഷ്ഠിച്ചില്ലെങ്കില്‍ മന്ത്രിസഭയ്ക്ക് മനസ്സമാധാനം കിട്ടില്ല എന്ന് ഉപദേശം ലഭിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അടിയന്തരതീരുമാനം ഉണ്ടാകും. മറ്റേ അവതാരത്തിന്റെ ചെയ്തികള്‍ എന്തെല്ലാം അപകടങ്ങളാണ് ഉണ്ടാക്കുക എന്ന് അനുഭവിച്ചേ അറിയാനൊക്കൂ. അവനവന്‍ കുഴിച്ച കുഴിയായതുകൊണ്ടു വേറെ എങ്ങുനിന്നും ഉപദേശം കിട്ടാനിടയില്ല.

                                                                                      ****
കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഇനിയെന്താക്കണം എന്ന സങ്കീര്‍ണപ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന്, നേതാക്കന്മാരും നേതാക്കന്മാരായി സ്വയംമാത്രം കരുതുന്നവരുമായ  അറുപതെഴുപതുപേര്‍ ഡല്‍ഹിക്കു സ്വന്തം ചെലവില്‍ പറന്നതായാണ് റിപ്പോര്‍ട്ട്. നോക്കണേ അവരുടെയൊരു ആത്മാര്‍ഥത. സര്‍ക്കാര്‍ ചെലവിലൊന്നും ഇപ്പോള്‍ സംഗതി സാധ്യമാവില്ലല്ലോ. പിന്നെ പാര്‍ട്ടി ടിക്കറ്റെടുത്തുകൊണ്ടുപോകണം. കെ.പി.സി.സി. ഭാരവാഹികള്‍തന്നെയുണ്ടാകും ഒരു വിമാനത്തില്‍ കൊള്ളാന്‍മാത്രം. ഇതിനൊക്കെ കാശെവിടെ?

എഴുപതുപേര്‍ സ്വന്തം ചെലവില്‍ ഡല്‍ഹിക്കു പോകുന്ന കാശിന്റെ എഴുപതില്‍ ഒരു പങ്ക് മതി രാഹുല്‍ ഗാന്ധിക്ക് ഇങ്ങോട്ടുവരാന്‍. അതെന്തേ എല്ലാവരും അങ്ങോട്ടുപോകാന്‍ കാരണം? വര്‍ഷകാലം ആസ്വദിക്കുകയും ചെയ്യാമായിരുന്നില്ലേ ഇങ്ങോട്ടുവന്നിരുന്നുവെങ്കില്‍? അതിലൊരു പ്രശ്‌നമേയുള്ളൂ. ഗാന്ധി ഇങ്ങോട്ടുവന്നാല്‍ സകല അണ്ടനും അടകോടനും കേറി പറയാന്‍ പാടില്ലാത്തതെല്ലാം പറഞ്ഞുകളയും. ഇതാവുമ്പോള്‍ സെലക്ടഡ് ആളുകളല്ലേ സംസാരിക്കാന്‍ ചെല്ലൂ. ഇനി രാഹുല്‍ഗാന്ധിജിക്ക് അജ്ഞാതകേന്ദ്രത്തിലേക്കോ മറ്റോ പോകേണ്ടതുള്ളതാവുമോ പ്രശ്‌നം? ആര്‍ക്കറിയാം.

കേരളത്തിലെ കോണ്‍ഗ്രസ്സിനെ ജീവന്‍വെപ്പിക്കുന്നതിനുള്ള ഒറ്റമൂലി അദ്ദേഹം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗ്രൂപ്പിസം ഇനി വേണ്ട എന്നതാണത്രെ അത്. ഗ്രൂപ്പിസമാണത്രെ എല്ലാ വിപത്തുകള്‍ക്കും കാരണം. ഉപദേശം കേട്ടപാടെ കോണ്‍ഗ്രസ്സുകാര്‍ എഴുന്നേറ്റുനിന്ന് ആര്‍പ്പുവിളിക്കുമെന്നും യുറീക്കാ എന്നു വിളിച്ചുകൂവി തുണിയില്ലാതെ പായുമെന്നുമെല്ലാം ഒരുപക്ഷേ, രാഹുല്‍ജി പ്രതീക്ഷിച്ചിരിക്കാം. പക്ഷേ, ആരിലും ഒരു ചലനവുമുണ്ടായില്ലത്രെ. ഏത് ഉഗ്രന്‍ ഹാസ്യരംഗമായാലും പതിനാറാംവട്ടം കണ്ടാല്‍ എങ്ങനെ ചിരിക്കാനാണ്.  ഡി.കെ. ബറുവയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും നരസംഹറാവുവും സീതാറാം കേസരിയും സോണിയാഗാന്ധിയും പിന്നെ കാക്കത്തൊള്ളായിരം എ.ഐ.സി.സി. സെക്രട്ടറിമാരും നിരീക്ഷകന്മാരും പറഞ്ഞിട്ടുള്ള അതേ സംഗതി രാഹുല്‍ജി പറഞ്ഞാല്‍ ആരാണ് ആര്‍പ്പുവിളിക്കുക?

പാര്‍ട്ടിയെ നന്നാക്കാന്‍ വേണ്ടി ജംബോ കമ്മിറ്റികളെല്ലാം ഓട്ടോറിക്ഷാകമ്മിറ്റികളാക്കാന്‍ പോകുന്നത്രെ. എന്നുപറഞ്ഞാല്‍ നൂറു ഭാരവാഹികളുള്ളയിടത്ത് അഞ്ചോ ആറോ ഭാരവാഹികള്‍ മാത്രം. എങ്കില്‍ കുറേ ശക്തിപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ട. പാര്‍ട്ടിയല്ല, ഗ്രൂപ്പിസം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി