Sunday, 28 August 2016

'കഠോരകുഠാരം' മൂര്‍ക്കോത്തിന്റെ പത്രപ്രവര്‍ത്തനം!പത്രജീവിതം
എന്‍.പി.രാജേന്ദ്രന്‍

മൂര്‍ക്കോത്ത് കുമാരന്‍ എന്നു പേരായി ഒരു പത്രാധിപര്‍ തലശ്ശേരിയില്‍ ഉണ്ടായിരുന്നു.. ഒരു പത്രത്തിന്റെയല്ല, നിരവധി പത്രങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. പത്രങ്ങളുടെ പേരും എണ്ണവും പറഞ്ഞാല്‍തോന്നും ഇദ്ദേഹത്തിന് ഇതല്ലാതെ വേറെ പണിയൊന്നുമുണ്ടായിരുന്നില്ല എന്ന്. എന്നാല്‍, പത്രപ്രവര്‍ത്തനം അദ്ദേഹത്തിന്റെ എണ്ണമറ്റ പണികളില്‍ ഒന്നുമാത്രമായിരുന്നു. ഇതിനേക്കാള്‍ ഉത്തരവാദിത്തമുള്ള വേറെ ചുമതലകള്‍ അദ്ദേഹം ഏറെ വഹിച്ചിട്ടുണ്ട്, പത്രത്തില്‍ എഴുതിയതില്‍ കൂടുതല്‍ വേറെ എഴുതിയിട്ടുണ്ട്. ലേഖനങ്ങള്‍ മാത്രമല്ല, കഥകളും ഉപന്യാസങ്ങളും ഹാസ്യകൃതികളും ഒക്കെ.

ഇതുപോലൊരു പ്രതിഭാശാലി മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്ന് ചുരുക്കിപ്പറയാം. ഇദ്ദേഹം കോഴിക്കോട്ട് വന്ന് ആദ്യമായി ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ഇദ്ദേഹത്തിന് വയസ്സെത്രയായിരുന്നുവെന്നോ? 23. പത്രം കേരളസഞ്ചാരി. ഇതദ്ദേഹത്തിന് വലിയ കാര്യമായിത്തോന്നിക്കാണില്ല. പതിനാറാം വയസ്സില്‍ സ്‌കൂളില്‍ അധ്യാപകനാകാന്‍ ധൈര്യപ്പെട്ട ആള്‍ക്ക് എന്തുകൊണ്ട് 23ാം വയസ്സില്‍ പത്രാധിപരായിക്കുടാ? കേരളസഞ്ചാരിയുടെ പത്രാധിപരായിരിക്കുമ്പോള്‍ അദ്ദേഹം കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ അധ്യാപകനും ആയിരുന്നു. ഇതെല്ലാം നടന്നുപോന്ന കാലം ഏതെന്നും ഓര്‍ക്കണം-1874ല്‍ ജനിച്ച കുമാരന്‍ 1941 ലാണ് മരിക്കുന്നത്.

കേരളസഞ്ചാരി ഒരു നിസ്സാര പ്രസിദ്ധീകരണമായിരുന്നില്ല എന്നതാണ് അതിലേറെ പ്രധാനം. മിതവാദി കൃഷ്ണന്‍ എന്ന പേരില്‍ മാധ്യമരംഗത്തും സാമുദായിക പ്രവര്‍ത്തനരംഗത്തുമെല്ലാം പ്രസിദ്ധനായ സി.കൃഷ്ണന്‍ തുടങ്ങിവെച്ച പ്രസിദ്ധീകരണമാണ് കേരളസഞ്ചാരി. തീര്‍ന്നില്ല. സി.കൃഷ്ണനുതന്നെ പ്രസിദ്ധമായ വേറെ പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. തലശ്ശേരിയില്‍ അദ്ദേഹം നടത്തിയതാണ് മിതവാദി എന്ന വാരിക. അതിന്റെ പ്രശസ്തി കുമാരനാശാന്റെ വീണപൂവ് പ്രസിദ്ധീകരിച്ച വാരിക എന്നുള്ളതായിരുന്നു. ഈ മിതവാദിയുടെ ആദ്യ പത്രാധിപര്‍ ആയിരുന്നു മൂര്‍ക്കോത്ത്് കുമാരന്‍.

കേരളസഞ്ചാരി പത്രാധിപര്‍ ആയിരുന്നപ്പോള്‍ അന്നത്തെ കലക്റ്ററുമായി പത്രാധിപര്‍ പൊതുതാല്‍പര്യത്തിന്റെ പേരില്‍ പലവട്ടം ഏറ്റുമുട്ടിയിരുന്നു. ആ കലക്റ്റര്‍ സ്ഥലംമാറിപ്പോയി പുതിയ കലക്റ്റര്‍ വന്നപ്പോള്‍ മൂര്‍ക്കോത്തിനെയും മറ്റ് പത്രാധിപന്മാരെയും ഒരു ചായയ്ക്ക് വിളിച്ചുവരുത്തി. പുതിയ കലക്റ്റര്‍ വരുമ്പോള്‍ പത്രാധിപന്മാരെ കാണുക എന്നത് അക്കാലത്തൊരു പതിവാണ്. സംസാരിക്കുന്നതിനിടെ കലക്റ്റര്‍ മൂര്‍ക്കോത്തിനോട് പറഞ്ഞു' എന്റെ മുന്‍ഗാമിക്ക് താങ്കളുടെ പത്രത്തെക്കുറിച്ച് വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല' എന്ന്. മൂര്‍ക്കോത്ത് പഴയ കലക്റ്ററെ നിരന്തരം വിമര്‍ശിച്ചിരുന്നു എന്നതാണ് ഈ പരാമര്‍ശത്തിന്റെ കാരണമെന്ന് വ്യക്തം. മൂര്‍ക്കോത്തിന്റെ ശാന്തമായ മറുപടി ഉടനുണ്ടായി.' നിങ്ങളുടെ പിന്‍ഗാമിയെക്കുറിച്ച്് എനിക്കും ഒട്ടും മതിപ്പുണ്ടായിരുന്നില്ലല്ലോ'  -മൂര്‍ക്കോത്ത് കുമാരനെക്കുറിച്ച് മകന്‍ മൂര്‍ക്കോത്ത് കുഞ്ഞപ്പ എഴുതിയ ജീവചരിത്രത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്്.


കുമാരന്‍ അധ്യാപകവൃത്തിക്കു പുറമെ നടത്തിപ്പോന്ന സാഹിത്യവാരികകളുടെയും വാരികകളുടെയും മാസികകളുടെയും പേരുകള്‍ കേട്ടാല്‍ ആരും അമ്പരക്കും. എത്രയെത്ര പ്രസിദ്ധീകരണങ്ങള്‍... ഗജകേസരി ആണ് അതിലൊന്ന്. കഠോരകുഠാരം ആണ് വേറൊന്ന്. അതിന്റെ അര്‍ഥം മൂര്‍ച്ചയേറിയ മഴു എന്ന്! മറ്റുള്ളവയൊന്നും ഇത്ര മൂര്‍ച്ചയുള്ളവയല്ല. സത്യവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധര്‍മം, ദീപം, സത്യവാദി എന്നിങ്ങനെ പോകുന്നു പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍. ഇവയെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വാരികകളോ മാസികകളോ ആയിരുന്നു.

അല്ല, കഠോരകുഠാരം ഇക്കൂട്ടത്തില്‍ പെടുന്നതല്ല എന്ന് പ്രത്യേകം പറഞ്ഞേ തീരൂ. പേരു പോലെ ഇതൊരു മഴു തന്നെയായിരുന്നു. എഴുത്തും പ്രസംഗവും അധ്യാപനവും നടത്തുന്നതിനിടയില്‍ അദ്ദേഹം രാഷ്ട്രീയത്തിലും കൈവെച്ചിട്ടുണ്ട്. തലശ്ശേരിയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ നടക്കുമ്പോള്‍ കുമാരന്‍
ഒരു പക്ഷത്തിന്റെ പ്രധാനവക്താവായിരുന്നു. പ്രഗത്ഭ അഭിഭാഷകനും സാഹിത്യാസ്വദകനും പ്രഭാഷകനും ആയിരുന്ന കെ.ടി.ചന്തുനമ്പ്യാരായിരുന്നു
എതിര്‍പക്ഷത്തെ പ്രധാനി. രണ്ടുപേരും അയല്‍വാസികളും കുറെയെല്ലാം സുഹൃത്തുക്കളുമായിരുന്നു. തിരഞ്ഞെടുപ്പ് വാശി കയറിയപ്പോള്‍ ഇരുപക്ഷവും തമ്മിലുള്ള വാഗ്വാദം മുഴുത്തു. ചന്തുനമ്പ്യാര്‍ രാമബാണം എന്നൊരു പ്രസിദ്ധീകരണത്തിലൂടെ മൂര്‍ക്കോത്തിന്റെ പക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവും തൊടുത്തുവിട്ടപ്പോഴാണ് നിവൃത്തിയില്ലാതെയാണ് അദ്ദേഹം കഠോരകുഠാരം തുടങ്ങിയത്. രണ്ടും തമ്മിലുള്ള പോര് വായനക്കാര്‍ ഹരത്തോടെ ആസ്വദിച്ചു. സ്വല്‍പ്പം ജാതി ഇതില്‍ പങ്കുവഹിച്ചിരുന്നുവെന്ന് ആളുകള്‍ ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനൊക്കില്ല.

പല പത്രങ്ങളുടെ പത്രാധിപരായി എന്നത് മൂര്‍ക്കോത്തിന്റെ സ്വാതന്ത്ര്യബോധത്തിന്റെ ഒരു തെളിവുതന്നെ ആയിരുന്നു. ഏത് പത്രത്തില്‍ ചുമതലയേല്‍ക്കുമ്പോഴും അദ്ദേഹം ഉടമയോട് ഒരു കാര്യം പറയുമായിരുന്നു- എന്റെ കൈ കെട്ടിയിടരുത്. പത്രാധിപരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് തോന്നിയപ്പോഴെല്ലാം പത്രം ഇട്ടെറിഞ്ഞു പുറത്ത് കടന്നിട്ടുണ്ട്. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ രസകരമാണ്.

മിതവാദി എന്ന പത്രം ആദ്യകാലത്ത് നടത്തിയിരുന്നത് ശിവശങ്കരന്‍ എന്നൊരു വ്യാപാരിയായിരുന്നു. പല വ്യാപരങ്ങള്‍ക്കൊപ്പം അദ്ദേഹം അച്ചാറും ഉണ്ടാക്കി വിറ്റിരുന്നു. മിതവാദിയില്‍ വന്ന ഒരു നര്‍മകവിതയില്‍ അച്ചാറിനെക്കുറിച്ച് പരാമര്‍ശമുണ്ടായി. കവി അച്ചാറിനെക്കുറിച്ചും അതിനോട് ചേര്‍ത്ത് ശിവ ശിവ എന്നും എഴുതിയത് പത്രഉടമയായ തന്നെ കളിയാക്കാനാണ് എന്ന് ഉടമ ശിവശങ്കരന്‍ ധരിച്ചു. ഉടമ ക്ഷോഭിച്ചെന്നറിഞ്ഞപ്പോള്‍ മൂര്‍ക്കോത്ത് കുമാരന്‍ പത്രാധിപത്യം രാജിവെച്ചുപുറത്തിറങ്ങി.

തൃശ്ശൂരിലെ പുസ്തകവ്യാപാരിയായിരുന്ന പി.ഐ.കൃഷ്ണന്‍ നടത്തിയിരുന്ന കേരള ചിന്താമണി എന്ന പ്രസിദ്ധീകരണത്തില്‍ നിന്ന് രാജിവെച്ചത് ഇതുപോലെ നിസ്സാരമെന്ന് പുറത്തുള്ളവര്‍ക്ക് തോന്നിയേക്കാവുന്ന ഒരു കാരണത്താലാണ്. ആരുടെയോ ഒരു ലേഖനം പത്രാധിപരെ അറിയിക്കാതെ പ്രസിദ്ധം ചെയ്തു. തീര്‍ന്നു ബന്ധം. പത്രാധിപര്‍ രാജിവെച്ചു. ഉപജീവനത്തിന് വേറെ മുഴുവന്‍സമയ ജോലി ഉണ്ടായിരുന്നതുകൊണ്ടും പത്രങ്ങള്‍ വേറെ ഉണ്ടായിരുന്നതുകൊണ്ടും രാജിവെക്കാന്‍ അന്ന് പത്രാധിപന്മാര്‍ക്ക് അധികമൊന്നും ആലോചിക്കേണ്ടതില്ലായിരുന്നു.

പത്രാധിപത്യം മാത്രമല്ല അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നത്. കോഴിക്കോട്ട് അധ്യാപകനായും പ്രധാനാധ്യാപകനായും പത്രാധിപരായുമെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ മുപ്പത് വര്‍ഷക്കാലം അദ്ദേഹം മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ മെയില്‍ എന്ന പത്രത്തിന്റെ കോഴിക്കോട് ലേഖകനായിരുന്നു. പത്രപ്രവര്‍ത്തനത്തിലാണോ സാഹിത്യത്തിലാണോ കുമാരന്റെ സംഭാവനകള്‍ ഏറെ എന്ന് തീര്‍ത്തുപറയാനാവില്ല. ചെറുകഥകളും ബാലസാഹിത്യവും നാടകവും ശാസ്ത്രസാഹിത്യവും ജീവചരിത്രവും ഒക്കെയായി അദ്ദേഹമെഴുതിക്കൂട്ടിയ കൃതികളെ നിരൂപകര്‍ ഏറെ വില മതിച്ചിരുന്നു. അക്കാലത്ത് പലതും പുസ്തകരൂപത്തില്‍ സമാഹരിക്കുന്ന രീതി ഉണ്ടായിരുന്നില്ല. നര്‍മലേഖനങ്ങള്‍ മിക്കതും അങ്ങനെ ഇനി തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയി. വളരെക്കുറച്ച് കൃതികളേ ഇപ്പോള്‍ ഗവേഷകര്‍ക്കുപോലും വായിക്കാന്‍ കിട്ടൂ.

വേറെ ഒരു പ്രശ്‌നവുമുണ്ട്. അദ്ദേഹം ഏതെല്ലാം പേരില്‍ എഴുതി എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ പുത്രനുപോലും കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. പതഞ്ജലി, വജ്രസൂചി, ഗജകേസരി  തുടങ്ങിയ പല തൂലികാനാമങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കേസരി എന്ന പേരില്‍ എഴുതിയപ്പോഴാണ് അതേ പ്രസിദ്ധീകരണത്തില്‍ കുമാരന്‍ ഗജകേസരിയായത്. കഥകള്‍ക്കും ഗൗരവലേഖനങ്ങള്‍ക്കും പുറമെ മലയാളസാഹിത്യത്തില്‍ അധികമൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത നര്‍മലേഖനങ്ങള്‍ - ഇംഗഌഷുകാര്‍ ഇതിനെ എസ്സെ എന്നുവിളിക്കും- അദ്ദേഹം ഒരുപാടെഴുതിയിരുന്നു. അവയും നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ഡോഗ്‌സ് ഓണ്‍ കണ്‍ട്രി
ചില വക്കീലന്മാര്‍ വാദിച്ചുവാദിച്ച് സ്വന്തംകക്ഷിയെ കുളത്തിലിറക്കും. കേരളത്തിലിറങ്ങിയാല്‍ പട്ടികടിക്കുമെന്ന വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചാല്‍ വിനോദസഞ്ചാരികള്‍ വരാതാവുകയല്ലേ ചെയ്യുക? പട്ടികള്‍ക്ക് വിനോദസഞ്ചാരിയെ തിരിച്ചറിയാനുള്ള കഴിവുണ്ടോ? അവരെയും ഓടിച്ചിട്ടു കടിക്കില്ലേ? അറിഞ്ഞുകൂടാ.


കേരളത്തിലെ തെരുവുപട്ടികള്‍ക്കുവേണ്ടി വാദിക്കാന്‍ രാജ്യത്തിലെതന്നെ വലിയ അഭിഭാഷകന് വക്കാലത്തുണ്ട്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ കൊണ്ടുവന്ന് കീശ വീര്‍പ്പിക്കാന്‍ നോക്കുന്ന ടൂറിസം കമ്പനികള്‍ കാശുകൊടുത്താണ് പട്ടികടിയെക്കുറിച്ചുള്ള വാര്‍ത്ത എഴുതിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു പ്രശാന്ത് ഭൂഷണ്‍.
ചില വക്കീലന്മാര്‍ വാദിച്ചുവാദിച്ച് സ്വന്തംകക്ഷിയെ കുളത്തിലിറക്കും. കേരളത്തിലിറങ്ങിയാല്‍ പട്ടികടിക്കുമെന്ന വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചാല്‍ വിനോദസഞ്ചാരികള്‍ വരാതാവുകയല്ലേ ചെയ്യുക? പട്ടികള്‍ക്ക് വിനോദസഞ്ചാരിയെ തിരിച്ചറിയാനുള്ള കഴിവുണ്ടോ?  അവരെയും ഓടിച്ചിട്ടു കടിക്കില്ലേ? അറിഞ്ഞുകൂടാ.

പട്ടിവിഷയത്തിലും കോഴയുണ്ട്. പേപ്പട്ടിവിഷത്തിനുള്ള മരുന്നിന്റെ വലിയ വിപണി കേരളമാണ് എന്നൊരു പക്ഷമുണ്ട്. ഈ മരുന്നിന്റെ ലോബിയാണത്രെ കോഴ കൊടുത്ത് പട്ടിസംരക്ഷണത്തിന് ആളെ ഇറക്കുന്നത്. അതേസമയം പട്ടിപേപ്പട്ടി ശല്യം ഇത്ര പെരുകിയിട്ടും കേരളത്തിലെ ആസ്പത്രികളില്‍ ഇതിനുള്ള മരുന്നില്ലെന്നും വാര്‍ത്ത കാണുന്നുണ്ട്. ആര്‍ക്കും എന്തും എഴുതാം. പട്ടികളെപ്പറ്റിയാകുമ്പോള്‍ ഒന്നും പേടിക്കേണ്ട. പേപ്പട്ടിശല്യവാര്‍ത്ത എത്രയെഴുതിയാലും പട്ടികള്‍ നിഷേധിക്കാനൊന്നും വരില്ല.

പട്ടികളോടുള്ള ബന്ധം ഇത്രയും വൈരുദ്ധ്യാത്മകമാകാന്‍ കാരണമെന്ത് എന്നതിനെക്കുറിച്ച് ഗവേഷണം ആവശ്യമാണ്. ഇംഗ്ലീഷുകാരന് തെരുവുപട്ടിയില്ല. ലാപ്‌ഡോഗാണ് അവന്റെ പ്രിയ മിത്രം. ഇനി വല്ലവനും കുരച്ചാലും അവനു പ്രശ്‌നമല്ല. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്നാണ് അവന്റെ തത്ത്വശാസ്ത്രം. വായില്‍ എല്ലുള്ള പട്ടി കുരയ്ക്കില്ല എന്നൊരു വലിയ തത്ത്വശാസ്ത്രം വേറെയുണ്ട്. മലയാളിയുടെ വലിയ തെറിവാക്കുകള്‍ പട്ടിയുമായി ബന്ധപ്പെടുത്തിയുള്ളതാവാന്‍ എന്താണാവോ കാരണം?  മനുഷ്യനേക്കാള്‍ മനുഷ്യസ്‌നേഹമുള്ള ഒരേയൊരു ജീവി പട്ടി മാത്രമാണെന്ന് കരുതുന്നതില്‍ തെറ്റില്ല. എന്നിട്ടും മനുഷ്യന് അങ്ങോട്ടു സ്‌നേഹം ലവലേശമില്ലതാനും. വീട്ടില്‍ നാടന്‍ പട്ടിയെ പോറ്റാതെ എല്ലാറ്റിനെയും തെരുവിലിറക്കിവിട്ട് പട്ടിണിയാക്കിയതിന്റെ വിരോധം തീര്‍ക്കാന്‍ ഇറങ്ങിയതാവുമോ പട്ടികള്‍?

പട്ടികളെ വന്ധ്യംകരിച്ചാല്‍ പേപ്പട്ടിശല്യം ഇല്ലാതാവുമെന്നൊരു സിദ്ധാന്തം പ്രചരിക്കുന്നുണ്ടല്ലോ. അതിന്റെ അര്‍ഥം പലര്‍ക്കും പിടികിട്ടിയിട്ടില്ല. വന്ധ്യംകരണം കഴിഞ്ഞ പട്ടി കടിക്കില്ലേ എന്നാരോ ചോദിക്കുന്നതു കേട്ടു. വന്ധ്യംകരണത്തിലൂടെ അടുത്ത തലമുറപ്പട്ടികളുടെ എണ്ണം കുറയ്ക്കുകയോ അവന്റെ വംശം ഇല്ലാതാക്കുകയോ ചെയ്യാം. അല്ലാതെ ഇപ്പോഴുള്ള പട്ടിയുടെ കടിയോ കുരയോ ഇല്ലാതാക്കാനാവില്ല. കുറച്ചുപട്ടികളെ തത്കാലം കൊല്ലുന്നതിനേക്കാള്‍ പട്ടിസ്‌നേഹപരമായ മാര്‍ഗം പട്ടികള്‍ക്ക് വംശനാശം ഉണ്ടാക്കുകയാണ് എന്നു വാദിക്കുന്നുണ്ടോ മേനകാഗാന്ധി എന്നറിയില്ല.

പട്ടികളുടെ സമൂല വന്ധ്യംകരണത്തിന്  കേരളസര്‍ക്കാറിന് കോടികള്‍ കൊടുത്തത് എവിടെപ്പോയി എന്നൊരു ചോദ്യം ഉന്നയിച്ചിട്ടുണ്ട് ലോക പട്ടിസ്‌നേഹിസംഘം പ്രസിഡന്റ് കൂടിയായ കേന്ദ്രമന്ത്രി മേനകാ ഗാന്ധി. ഉത്തരമൊന്നും കേരളസര്‍ക്കാര്‍ നല്‍കിയിട്ടില്ലെങ്കിലും നമുക്കറിയാം എന്താണ് സംഭവിച്ചിരിക്കുകയെന്ന്. ഇതിന്റെ ഫയല്‍ സെക്രട്ടേറിയറ്റില്‍ നീക്കം ആരംഭിച്ചപ്പോള്‍ത്തന്നെ ആദ്യത്തെ 'ക്വറി' ഉദ്ഭവിച്ചിരിക്കണം. ( ക്വറി എന്നത് സെക്രട്ടേറിയറ്റിലെ ഒരു അസുഖമാണ്. പട്ടികടിയുമായി ബന്ധമില്ല) ആണിനെയാണോ പെണ്ണിനെയാണോ വന്ധ്യംകരിക്കേണ്ടത് എന്നു തീരുമാനിക്കണം എന്നാവശ്യപ്പെടുന്നതാകും ക്വറി. അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫയല്‍ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, നിയമവകുപ്പ് എന്നിവിടങ്ങളിലക്ക് മാര്‍ക്ക് ചെയ്ത് വിടും. പിന്നീട് അവിടെ നിന്ന് കേരളത്തിലെ സകല സര്‍ക്കാര്‍ വകുപ്പുകളിലേക്കും അതു നീങ്ങും. ഒപ്പം കേന്ദ്രസര്‍ക്കാറിനും വിശദീകരണം ആവശ്യപ്പെട്ട് കത്തുപോകും.
അപ്പോഴേക്കും അടുത്ത ചോദ്യം ഉയരും. ആരാണ് വന്ധ്യംകരണം നിര്‍വഹിക്കുക? ഇതൊരു താത്കാലികതസ്തികയാണോ സ്ഥിരംതസ്തികയാണോ, നിയമനം പി.എസ്.സി. നടത്തുമോ അതോ വകുപ്പുമന്ത്രിയുടെ പാര്‍ട്ടി നടത്തുമോ?

പണി തുടങ്ങുന്നതിനു മുമ്പ് കേരളത്തിലെ പട്ടികളെക്കുറിച്ചുള്ള ഒരു സര്‍വേ നടത്തേണ്ടത് അത്യാവശ്യമാണ്. അവകളുടെ എണ്ണം നിര്‍ണയിക്കുക, ആണ്‍,പെണ്‍,രണ്ടും അല്ലാത്തവ എത്രവീതം ഉണ്ട് എന്നറിയണം. ഈ പണികളെല്ലാം തീരാന്‍ സമയമെടുക്കും. ഇനി മേനകാഗാന്ധിക്ക് നിര്‍ബന്ധമാണെങ്കില്‍ സെക്രട്ടേറിയറ്റില്‍ ഇതിനുള്ള തസ്തികകള്‍ ഉടന്‍ സൃഷ്ടിച്ച് ഉത്തരവിടാം. അവര്‍ക്ക് സഞ്ചരിക്കാനുള്ള കാറുകള്‍ക്ക് ഓര്‍ഡറിടുകയും ചെയ്യാം. അതിനേ തികയൂ ഫണ്ട്.

പട്ടികളെ ഇപ്പോള്‍ കൊന്നു തീര്‍ക്കണോ അതല്ല അവകളുടെ അനന്തരതലമുറകളെ ഉന്മൂലനം ചെയ്യണമോ എന്നു തീരുമാനിക്കുമ്പോഴേക്ക് കേരളീയരെല്ലാം പട്ടികടിച്ചു ചാവുമോ എന്ന ഭയം അസ്ഥാനത്തല്ല. പട്ടിയുടെ വാല്‍ എത്രകാലം ഓടക്കുഴലിലിട്ടാലും വളഞ്ഞിരിക്കുമെന്നു പറഞ്ഞതു കേരളീയന്റെ സ്വഭാവത്തെക്കുറിച്ചാണോ എന്തോ... എന്തായാലും പട്ടികടി വാര്‍ത്തകള്‍ തുടരും. പിന്നെ അതു വാര്‍ത്തയല്ലാതാവും. നിത്യസംഭവം വാര്‍ത്തയല്ല. തെങ്ങുകള്‍ക്ക് മണ്ഡരിരോഗം വരുന്നത് ഇപ്പോള്‍ വാര്‍ത്തായാകാത്തത് മണ്ഡരി ഇല്ലാതായിട്ടാണോ?
                                                                            ****
ലോകത്തില്‍ മാനം ഏറ്റവും കൂടുതലുള്ളത് മുഖ്യമന്ത്രി ജയലളിതയ്‌ക്കോ അവരുടെ സര്‍ക്കാറിനോ ആണെന്നു വേണം കരുതാന്‍. അഞ്ചുകൊല്ലത്തിനകം 213 കേസുകള്‍ മാനഹാനിക്ക് കോടതികളില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

മാനം ഉള്ളതുകൊണ്ടാണോ അതില്ലാത്തതുകൊണ്ടാണോ കേസുകള്‍ കൂടുന്നത് എന്ന കാര്യത്തില്‍ ഉറപ്പുപോരാ. മാനഹാനിക്കെതിരെ കേസ് ഫയല്‍ ചെയ്യാത്തത് മാനം ഉള്ളതിന്റെ ലക്ഷണമാണെങ്കില്‍ കേരള മന്ത്രിസഭകള്‍ മുന്നിലാണ് നില്‍ക്കുന്നത്. ജയലളിതയുടെ നിലവാരം വെച്ചാണെങ്കില്‍ പതിനായിരം മാനനഷ്ടക്കേസെങ്കിലും യു.ഡി.എഫ്.സര്‍ക്കാര്‍ ഫയല്‍ ചെയ്യേണ്ടതായിരുന്നു. നാലഞ്ചു കേസ് പോലും ഇല്ലല്ലോ.

ജയലളിത 85 കേസാണ് ഡി.എം.കെ.ക്കെതിരെ ഫയല്‍ ചെയ്യിച്ചത്. പത്രക്കാര്‍ക്കെതിരെ ഉണ്ട് 55 കേസുകള്‍. കോടതി കയറിയിറങ്ങിയും വക്കീല്‍ ഫീസ് കൊടുത്തും തറവാട് കുളംതോണ്ടും. അതാണ് ശിക്ഷ.
രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ്. ഫയല്‍ ചെയ്തതും മാനനഷ്ടക്കേസ് ആണല്ലോ. കോപ്പിറൈറ്റിനൊക്കെ കാലപരിധിയുള്ളതുപോലെ മാനത്തിന് കാലപരിധിയില്ലാത്തത് മഹാകഷ്ടമാണ്. ഗാന്ധിജിയെ വധിച്ചിട്ട് വര്‍ഷം എഴുപതാവാറായി. അന്നു മുതല്‍  നഷ്ടപ്പെടുന്നുണ്ട് ആര്‍.എസ്.എസ്സിന്റെ മാനം. സംഘടനയെ നിരോധിച്ചത് ഈ കാരണം പറഞ്ഞിട്ടാണ്. സര്‍ദാര്‍ പട്ടേലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതായി കേട്ടിട്ടില്ല.

എഴുപതു കൊല്ലത്തിനിടയില്‍ ആര്‍.എസ്.എസ്സിനെതിരെ ഗാന്ധിവധക്കുറ്റം ആരോപിക്കുന്ന എത്രാമത്തെ ആളാണ് രാഹുല്‍? ഇത്രയും കാലം ഇല്ലാത്ത മാനനഷ്ടം ഇപ്പോള്‍ വന്നതെവിടെ നിന്നെന്ന് കോടതി ചോദിച്ചതായി കേട്ടില്ല. മാനനഷ്ടം തെളിയാന്‍ രണ്ട് സംഗതികള്‍ വേണമല്ലോ. ഒന്ന് പരാതിക്കാരന് മാനം ഉണ്ടാകണം. രണ്ട്ആരോപണം ഉന്നയിച്ച ആള്‍ക്ക് വിശ്വാസ്യത ഉള്ളതുകൊണ്ട് ജനങ്ങള്‍ അതു വിശ്വസിക്കുക വഴി തന്റെ മാനം ഇടിഞ്ഞു എന്നുതെളിയിക്കണം. ആര്‍.എസ്.എസ്.രാഹുല്‍ പ്രശ്‌നത്തില്‍ രണ്ടും ബുദ്ധിമുട്ടാണ്.
                                                                  ****
തെമ്മാടിയുടെ അവസാനത്തെ അഭയമാണ് രാജ്യസ്‌നേഹം എന്നു പറഞ്ഞത് വല്ല രാജ്യദ്രോഹിയും ആവണം. എന്നാലും രാജ്യസ്‌നേഹം ഇത്രവരും എന്നാരും ഓര്‍ത്തില്ല. പാകിസ്താന്‍കാര്‍ നല്ലവരാണ് എന്നു പറഞ്ഞ സിനിമാനടിയെ കൊല്ലാന്‍ നടക്കുകയാണ് കുറെ രാജ്യസ്‌നേഹികള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ വിഭജിച്ചത് നല്ല മനുഷ്യര്‍ക്ക് ഒരു രാജ്യവും  നീചന്മാര്‍ക്കു വേറൊരു രാജ്യവും നല്‍കാനാണ്, അല്ലേ?
നരേന്ദ്രമോദിയും രാജ്‌നാഥ് സിങ്ങും സുഷമാ സ്വരാജുമൊക്കെ പലവട്ടം പോയിട്ടും പാകിസ്താന്‍ മഹാനരകമാണെന്നു പറഞ്ഞതായി കേട്ടിട്ടില്ല. എല്‍.കെ. അദ്വാനി ജനിച്ചത് പാകിസ്താനില്‍പ്പെട്ട പ്രദേശത്താണ്. ഇന്ത്യയിലേക്കോടിപ്പോരേണ്ടി വന്നതു വിഭജനകാലത്താണ്. ആ പാകിസ്താന്‍ ഉണ്ടാക്കിയ എം.എ. ജിന്ന നീചനാണെന്നല്ല മഹാനാണ് എന്നാണ് അദ്വാനി എഴുതിയത്. എല്ലാവരെയും എറിയാന്‍ കല്ലും ചീമുട്ടയും തികയില്ല.

Sunday, 21 August 2016

ആദ്യബജറ്റ് ചോര്‍ന്ന ബജറ്റ്, പത്രാധിപര്‍ക്ക് ശിക്ഷ
സര്‍ക്കാറിന്റെ ബജറ്റ് ചോര്‍ന്നതായി അടുത്ത കാലത്തൊന്നും വാര്‍ത്തയായിട്ടില്ല. കേരളത്തില്‍ ഒരിക്കലേ അതു സംഭവിച്ചിട്ടുള്ളൂ. കേരളത്തിന്റെ ആദ്യസര്‍ക്കാറിന്റെ ആദ്യബജറ്റ് നിയമസഭയിലവതരിപ്പിക്കുംമുമ്പ് പത്രത്തില്‍ അടിച്ചുവന്നു. വലിയ വിവാദമായി. അന്നു പ്രതിക്കൂട്ടിലായത് മലയാളത്തിലെ ഏറ്റവും ധിഷണാശാലിയായ പത്രാധിപര്‍ എന്നു വിളിക്കാവുന്ന കെ. ബാലകൃഷ്ണന്‍. ചോര്‍ത്തിയത് കൗമുദി പത്രത്തിനുവേണ്ടി.

1957 ജൂണ്‍ ഏഴിനു ബജറ്റ് അവതരിപ്പിച്ചത് കേരളത്തിന്റെ ആദ്യ ധനകാര്യമന്ത്രി സി. അച്യുതമേനോനാണ്. ബജറ്റിലെ നിര്‍ദേശങ്ങള്‍ പ്രത്യേകിച്ചും നികുതിനിര്‍ദേശങ്ങള്‍ വന്‍രഹസ്യങ്ങളാണ്. കേന്ദ്രബജറ്റ് ആണെങ്കില്‍ രഹസ്യങ്ങളറിയാവുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു ബജറ്റ് സഭയില്‍ അവതരിപ്പിക്കുംവരെ വീട്ടില്‍പോകാനോ ആരോടെങ്കിലും ഫോണില്‍ ബന്ധപ്പെടാനോ പോലും കഴിയില്ല. അത്ര രഹസ്യമാണ്. നികുതിവര്‍ധന സാധാരണ ബജറ്റ് അവതരിപ്പിച്ച ദിവസം രാത്രി മുതലൊക്കെ നിലവില്‍വരുന്നതുകൊണ്ടു മുന്‍കൂട്ടിയറിഞ്ഞാല്‍ പൂഴ്ത്തിവച്ചും മറ്റും കൊള്ളലാഭമുണ്ടാക്കുമെന്നതാണ് ഈ രഹസ്യാത്മകതയുടെ പ്രായോഗികപ്രാധാന്യം.

എന്തായാലും, കേരളത്തിന്റെ ആദ്യബജറ്റ് അവതരണം വന്‍വിവാദമാകാന്‍ കാരണം അവതരിപ്പിക്കുന്നതിനും രണ്ടുദിവസം മുമ്പ് കൗമുദി പത്രത്തില്‍ ബജറ്റിന്റെ നല്ലൊരു ഭാഗം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു എന്നതാണ്. കൗമുദി ആര്‍.എസ്.പിയുടെ മുഖപത്രമാണ്. പത്രം പ്രസിദ്ധീകരണമാരംഭിക്കുന്നതാകട്ടെ വെറും ഒരു മാസം മുമ്പ് മെയ് 10നും. പത്രം ബജറ്റ് ചോര്‍ത്തിയത് സ്‌കൂപ്പ് ഉണ്ടാക്കാനായിരുന്നില്ല എന്നതാണ് സത്യം. അതൊരു രാഷ്ട്രീയപ്രേരിത നടപടിയായിരുന്നു. ഗവണ്മെന്റ് പ്രസ്സിലെ ആര്‍.എസ്.പി യൂനിയനില്‍പെട്ട തൊഴിലാളികളാണ് ബജറ്റ് ഭാഗങ്ങള്‍ ചോര്‍ത്തി ആര്‍.എസ്.പിയുടെ മുഖപത്രത്തിനു നല്‍കിയത്.

 ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഭരണം കൊള്ളരുതാത്തതാണ് എന്നു തെളിയിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. പുതുമയും സാഹസികതയും ഉള്ള എന്തുകിട്ടിയാലും പ്രസിദ്ധപ്പെടുത്തുന്ന പത്രാധിപരായ കെ ബാലകൃഷ്ണന് അതിനെക്കുറിച്ച് രണ്ടുവട്ടം ചിന്തിക്കേണ്ടി വന്നില്ല. നിയമമൊന്നും അദ്ദേഹം നോക്കിയില്ല. ബജറ്റ് അവതരിപ്പിക്കുംമുമ്പുതന്നെ പ്രതിപക്ഷാംഗങ്ങള്‍ കൗമുദി പത്രം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാറിന്റെ പിടിപ്പുകേടിനെതിരെ ആഞ്ഞടിച്ചു.

 പത്രത്തില്‍ ബജറ്റ് സ്‌കൂപ്പ് വന്ന ദിവസംതന്നെ മന്ത്രിസഭ യോഗം ചേര്‍ന്ന് അടിയന്തരനടപടികള്‍ സ്വീകരിച്ചു. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചു. കെ. ബാലകൃഷ്ണന്റെ വീട് സേര്‍ച്ച് ചെയ്തു. ബാലകൃഷ്ണനെയും മറ്റുപ്രതികളെയും അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരേ ഔദ്യോഗികരഹസ്യനിയമം അനുസരിച്ചു കേസെടുത്തു. ബ്രിട്ടീഷുകാര്‍ ഭരണതാല്‍പര്യം സംരക്ഷിക്കാന്‍ 1923ല്‍ ഉണ്ടാക്കിയ നിയമമാണ് കമ്യൂണിസ്റ്റ് ഗവണ്മെണ്ട് ഉപയോഗിക്കുന്നതെന്നൊക്കെ വിമര്‍ശനമുണ്ടായി. എന്നിട്ടും ബജറ്റുചോര്‍ത്തിയവര്‍ക്കെതിരേ കേസുണ്ടായി. പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ ആണ് ഒന്നാം പ്രതി. ബ്യൂറോ ചീഫ് ജി. വേണുഗോപാല്‍ രണ്ടാം പ്രതി, തൊഴിലാളി നേതാവ് പി. ശേഖരപിള്ള മൂന്നാം പ്രതി. കേസ് തീരുമാനമാകുംമുമ്പുതന്നെ ബ്യൂറോ ചീഫ് ജി. വേണുഗോപാലിന്റെ പ്രസ് അക്രഡിറ്റേഷന്‍ സര്‍ക്കാര്‍ റദ്ദാക്കി. ബജറ്റിന്റെ ഒരു ഭാഗം മാത്രമേ ചോര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നതുകൊണ്ട് മുന്‍കൂര്‍വന്ന വാര്‍ത്തയും യഥാര്‍ഥ ബജറ്റും തമ്മില്‍ ചില പ്രധാന വൈരുധ്യങ്ങളുണ്ടായി.
കമ്മിബജറ്റ് എന്നായിരുന്നു കൗമുദിയുടെ സ്‌കൂപ്പ് വാര്‍ത്തയുടെ എട്ടുകോളം തലക്കെട്ട്. പക്ഷേ, സി. അച്യുതമേനോന്റെ ബജറ്റില്‍ മൂന്നുകോടി രൂപ കമ്മിയായിരുന്നു. ബജറ്റ് യഥാര്‍ഥത്തില്‍ കമ്മിയോ മിച്ചമോ എന്നതുസംബന്ധിച്ച് അന്നു ബജറ്റുചര്‍ച്ചയില്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടായി. അടുത്ത കാലംവരെ ഓരോ ബജറ്റിലെയും കമ്മി എത്ര എന്നതിനെക്കുറിച്ച് ആളുകള്‍ വേവലാതിപ്പെടാറുണ്ടായിരുന്നു. ഇന്നത് ആരും തിരക്കാറുപോലുമില്ല. ബജറ്റിലെ കമ്മിക്കും മിച്ചത്തിനുമൊന്നും ഒരു വിലയുമില്ലെന്ന് ഇന്ന് ആളുകള്‍ക്കറിയാം. എന്തായാലും അന്നത്തെ കേസും വിവാദവുമെല്ലാം കുറച്ചുകാലം അങ്ങനെ തുടര്‍ന്നു. പത്രാധിപരെയും ചീഫ് റിപ്പോര്‍ട്ടറെയും കോടതി ശിക്ഷിച്ചു. 40 രൂപ വീതം പിഴ അടക്കാനായിരുന്നു ബാലകൃഷ്ണനും വേണുഗോപാലിനും ലഭിച്ച ശിക്ഷ. തെളിവില്ലാത്തതുകൊണ്ട് മൂന്നാം പ്രതി ചന്ദശേഖരപിള്ളയെ വെറുതെവിട്ടു.

 ചോര്‍ത്തിയ ബജറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും മന്ത്രിസഭയ്‌ക്കെതിരായ ആക്രമണങ്ങള്‍ ബാലകൃഷ്ണന്‍ ഒട്ടും മയപ്പെടുത്തിയിരുന്നില്ല. ബജറ്റ് ചോര്‍ച്ചയെക്കുറിച്ച് അദ്ദേഹം കൗമുദിയിലെഴുതിയ കുറിപ്പില്‍ നിന്ന് ഒരു ഭാഗം രാഷ്ട്രീയനിരീക്ഷകനും ഗ്രന്ഥകാരനുമായ എ. ജയശങ്കര്‍ വിമോചനസമരത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിങ്ങനെ

 'ധനകാര്യമന്ത്രിയുടെ ആദ്യത്തെ ബജറ്റു തന്നെ അതുവെച്ചുവാങ്ങിയ വാര്‍പ്പോടുകൂടി കാണാതെപോയി. മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ കലവറ കാവല്‍ക്കാര്‍ ശിക്ഷിക്കപ്പെടുമായിരുന്നു. അവരുടെ മേലധികാരിയായി ധനകാര്യമന്ത്രിതന്നെ രാജിവെക്കുകയും ചെയ്യുമായിരുന്നു. ഇവിടെയാകട്ടെ, അടുക്കളയമ്മ തട്ടിത്തൂവിയ പാല്‍ നക്കിക്കുടിച്ച പൂച്ചയുടെ മുതുകത്താണ് തവിക്കണ വീണത്. പക്ഷേ, പാര്‍ലമെന്ററി ഡെമോക്രസിയുടെ പ്രവര്‍ത്തനത്തില്‍ നവംനവങ്ങളായ ടോട്ടലിട്ടേറിയന്‍ കീഴ്‌വഴക്കങ്ങള്‍ അനുദിനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മന്ത്രിസഭയില്‍നിന്നു മറ്റൊന്നും പ്രതീക്ഷിക്കാനില്ല.'
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ വരവും പിന്നീടുള്ള പോക്കും വലിയ ചരിത്രസംഭവങ്ങളായിരുന്നുവല്ലോ. പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ നയിച്ച കൗമുദി പത്രം അതു പ്രസിദ്ധീകരണം തുടര്‍ന്ന നാലഞ്ചു വര്‍ഷക്കാലത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിപ്ലവ സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു ആര്‍.എസ്.പിയെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധ പക്ഷത്തായിരുന്നു അവര്‍. വിമോചനസമരത്തിലും അവര്‍ പങ്കെടുത്തു. കെ. ബാലകൃഷ്ണന്‍ ഒരേസമയം ആര്‍.എസ്.പി നേതാവും അതേസമയം പത്രാധിപരുമായിരുന്നു. കൗമുദി എന്ന പേരും പ്രസും അദ്ദേഹം ആര്‍.എസ്.പിക്കു വിട്ടുകൊടുത്തതായിരുന്നു. അന്നത്തെ യുവ പത്രപ്രവര്‍ത്തന യാഗാശ്വങ്ങളായ എസ്. ജയചന്ദ്രന്‍നായരും ജി. വേണുഗോപാലും ജി. യദുകുലകുമാറും കെ.ജി പരമേശ്വരന്‍നായരും കെ. വിജയരാഘവനും പത്രാധിപസമിതിയംഗങ്ങളായിരുന്നു.

ബജറ്റ് അവതരണവും വിവാദവും വേറെയും പല കൗതുകങ്ങളും സൃഷ്ടിച്ചു. ബജറ്റ് ചോര്‍ന്നതിനെക്കുറിച്ച് തൊട്ടടുത്ത ദിവസം ധനകാര്യമന്ത്രി സഭയില്‍ ഒരു പ്രസ്താവന നടത്തി. ഇംഗ്ലീഷിലുള്ള പ്രസ്താവന വായിച്ച് ആര്‍ക്കും പലതും മനസിലായില്ല. അത്ര കടുപ്പംഭാഷയിലാണ് അത് എഴുതപ്പെട്ടിരുന്നത്. അതിനെക്കുറിച്ച് കെ. ബാലകൃഷ്ണന്‍ കൗമുദിയില്‍ എഴുതിയ കുറിപ്പില്‍ കടുത്ത പരിഹാസമാണ് നിറഞ്ഞു തുളുമ്പിയിരുന്നത്. ഇതും ഇരുപക്ഷവും തമ്മില്‍ ഏറെ വാക്കേറ്റത്തിനു വിഷയമായി. കുറെക്കാലം കഴിഞ്ഞ് ഈ വിഷയത്തെക്കുറിച്ച് സി. അച്യുതമേനോന്‍ കെ. ബാലകൃഷ്ണന്‍ സ്മരണികയിലെഴുതിയ ലേഖനത്തിലൊരു ഭാഗം പ്രസന്നരാജന്‍ എഴുതിയ കെടാത്ത 'ജ്വാല: കെ. ബാലകൃഷ്ണന്‍' എന്ന കൃതിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ബാലകൃഷ്ണന്റെ പരിഹാസം ശരിയായിരുന്നു എന്നദ്ദേഹം കുറിപ്പില്‍ സമ്മതിച്ചു. 'താന്‍ അല്ല, വി.ആര്‍ കൃഷ്ണയ്യരാണ് ആ കുറിപ്പ് തയാാറാക്കിയിരുന്നത്. കുറിപ്പിലെ ശൈലി ശബ്ദാഡംബരമാന(ബൊംബാസ്റ്റിക്)മായിരുന്നു. തനിക്കത് തീരെ പിടിച്ചില്ല. അതെന്റെ ശൈലിയുമല്ല. മാറ്റിയെഴുതാന്‍ സമയമില്ലാത്തതുകൊണ്ടാണ് അതേപടി സഭയില്‍ വായിച്ചത്. അതിനെ സംബന്ധിച്ച ബാലന്റെ വിമര്‍ശനം സാധുവായിരുന്നുവെന്ന് എന്റെയുള്ളില്‍ തോന്നി. പക്ഷേ, പുറത്തേക്കു പറയാന്‍ നിവൃത്തിയില്ലല്ലോ'എന്നദ്ദേഹം ഏറ്റുപറഞ്ഞു.

വി.ആര്‍ കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ ബൊംബാസ്റ്റിക് ഭാഷാപ്രയോഗം മരണംവരെ തുടര്‍ന്നതായി നമുക്കറിയാം. പില്‍ക്കാലത്തു സുപ്രിം കോടതി ജസ്റ്റിസ് വരെ ആയ അദ്ദേഹം എഴുതിയ വിധിന്യായങ്ങള്‍ അതിന്റെ നിയമപരമായ ഗഹനത കൊണ്ടുമാത്രമല്ല, ഭാഷാപരമായ 'ശബ്ദാഡംബരത്വം' കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഗംഭീരമായി എഴുതുകയും പ്രസംഗിക്കകയും ചെയ്യുന്ന വി.ആര്‍ കൃഷ്ണയ്യരെയാണ് നമുക്കെല്ലാം അറിയുക. അദ്ദേഹവും സുകുമാര്‍ അഴീക്കോടും കേരളത്തിന്റെ മനഃസാക്ഷിയായി അവസാനനാള്‍ വരെ ജീവിക്കുകയുണ്ടായി. പക്ഷേ, മന്ത്രിയായിരുന്ന സമയത്ത് നിയമസഭയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളിലെ ഭാഷ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കെ. ബാലകൃഷണന്‍ കൃഷ്ണയ്യരുടെ മലയാളത്തിലെ സംസ്‌കാരമില്ലായ്മയെക്കുറിച്ചു മാത്രമായ ഒരു കുറിപ്പെഴുതിയിരുന്നു തന്റെ കൗമുദി ആഴ്ചപ്പതിപ്പില്‍. സത്യമേവ ജയതേ എന്ന തലക്കെട്ടിലെഴുതിയ ആ കുറിപ്പില്‍ അദ്ദേഹം ഇ.എം.എസും മറ്റും പ്രകടിപ്പിക്കുന്ന ഉയര്‍ന്ന നിലവാരവുമായി താരതമ്മ്യപ്പെടുത്തി കൃഷ്ണയ്യരെ കഠിനമായി വിമര്‍ശിക്കുന്നുണ്ട്.

ബാലകൃഷ്ണന്റെ കൗമുദി എന്ന് പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്ഥാനംപിടിച്ച പ്രസിദ്ധീകരണം കൗമുദി പത്രമല്ല, ആഴ്ചപ്പതിപ്പാണ്. പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ സാഹസികനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവായിരുന്ന അച്ഛന്‍ സി. കേശവന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോടെപ്പം വീട്ടില്‍ താമസിക്കാന്‍ പോലും കൂട്ടാക്കിയില്ല ആര്‍.എസ്.പി നേതാവായിരുന്ന ബാലകൃഷ്ണന്‍. അച്ഛന്റെ സര്‍ക്കാറിനെതിരേ സമരംനടത്തി ജയിലിലും പോയി. കൗമുദി ആഴ്ചപ്പതിപ്പിലൂടെ അദ്ദേഹം വെട്ടിത്തെളിച്ച വഴികള്‍ വലിയൊരു ലോകത്തിലേക്കാണ് മലയാള പത്രപ്രവര്‍ത്തനത്തെ നയിച്ചത്.

അതു വേറൊരു കഥ.

ബാറിന്മേല്‍ക്കളി തുടരും

                                                                     

                                                                                                                                                                                                                                                                               
                                                             
                                                                                                                                                                                                                                                                                                                                                                                                                                                                                                                               
                                                                                                                                                     
വിട്ടാലും വിടില്ല കമ്പിളിക്കെട്ട് എന്നുപറഞ്ഞതുപോലെ മദ്യം      കോണ്‍ഗ്രസ്സിനെ വിടുന്ന ലക്ഷണമില്ല. പരമാവധി ഉപദ്രവം മദ്യംവഴി, അല്ല മദ്യവിരോധംവഴി ഉണ്ടായിക്കഴിഞ്ഞു. ഇനിയും എന്തെല്ലാമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എന്നിട്ടും അതിന്മേലുള്ള പിടിവിടുന്നില്ല.
മദ്യനയത്തിന്റെ ഗുണങ്ങളില്‍ ഒടുവിലത്തേതാണ് കെ.എം. മാണിയുടെ യു.ഡി.എഫ്. വിടലെന്ന് അറിയാത്തവരില്ല. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തോറ്റില്ലായിരുന്നെങ്കില്‍ കെ.എം. മാണി യു.ഡി.എഫ്. വിടുമായിരുന്നില്ല എന്നൊരു ക്രൂരവര്‍ത്തമാനം കഴിഞ്ഞദിവസം രമേശ് ചെന്നിത്തല പറഞ്ഞല്ലോ. അതിനേക്കാള്‍ വലിയ സത്യം, യു.ഡി.എഫ്.സര്‍ക്കാര്‍ ബാറുകള്‍ അടപ്പിച്ചില്ലായിരുന്നെങ്കില്‍ മാണിക്ക് യു.ഡി.എഫ്. വിടേണ്ടിവരില്ലായിരുന്നു എന്നല്ലേ? സോളാറിന്റെ ഉപദ്രവമല്ലാതെ വേറെ അല്ലലൊന്നും ഇല്ലാതിരിക്കുമ്പോഴാണല്ലോ  ഞങ്ങളുടെ വക ഇതുകൂടെയിരിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെ ത്രിമൂര്‍ത്തികള്‍ മദ്യക്കുപ്പി തുറന്നത്. അതിനുശേഷം യു.ഡി.എഫ്. നേതാക്കള്‍ ആര്, ആര്‍ക്കാണ് പാരവെക്കുന്നതെന്ന് നോക്കിയിരിപ്പായിരുന്നു. സമയംപോയതറിഞ്ഞില്ല, ഭരണംമാത്രം നടന്നില്ല. സോളാറും ബാറും ഒപ്പത്തിനൊപ്പം മുന്നേറിയാണല്ലോ മുന്നണി ഈ പരുവത്തിലായത്.
കെ.എം. മാണി അകാരണമായി യു.ഡി.എഫ്. വിട്ടതിന്റെ കലിപ്പില്‍ ഇരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. അങ്ങനെയിരിക്കെയാണ് അഭിമുഖക്കാരന്‍ മദ്യവിഷയം കുത്തിപ്പൊക്കിയത്. ചോദ്യോത്തരത്തില്‍ ഉരുത്തിരിഞ്ഞ എസെന്‍സ് ഇത്രയേ ഉള്ളൂ മദ്യനയം വേണ്ടത്ര ഏറ്റില്ല. എന്താണ് മദ്യനയമെന്നോ അത് എത്ര ഏല്‍ക്കുമെന്നാണോ വിചാരിച്ചിരുന്നത് എന്നോ നമുക്കറിയില്ല. 720 ബാറുകളുള്ളതില്‍ 418 ബാറിനും സ്റ്റാന്‍ഡേര്‍ഡ് പോരെന്നതുകൊണ്ട് അത് നന്നാക്കലായിരുന്നു മദ്യനയത്തിന്റെ ആദ്യസ്വരൂപം. പൈട്ടന്നാണ് 720 ബാറും ഉടന്‍ പൂട്ടലാണ് നിര്‍വാണമാര്‍ഗം എന്ന മദ്യനയം രൂപാന്തരപ്പെട്ടത്. അതും മാറി 720 ബാറും ബീറായി. അങ്ങനെ വളരെ കണിശവും സുനിശ്ചിതവുമായ മദ്യനയത്തിന്റെ ഫലമായി അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്ത്വവും ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കെല്ലാം സമാധാനവും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അത്യുന്നതങ്ങളിലെ കാര്യം അറിയില്ല, ഭൂമിയില്‍ യു.ഡി.എഫിന്റെ മനസ്സമാധാനം എന്നന്നേക്കും നഷ്ടപ്പെട്ടു എന്നുമാത്രമറിയാം.
യു.ഡി.എഫിന്റെ മദ്യനയത്തില്‍ താന്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചെന്ന വ്യാഖ്യാനം ചെന്നിത്തല നിഷേധിക്കുന്നു. പറഞ്ഞതൊന്നും ചെന്നിത്തല നിഷേധിക്കുന്നില്ല. പത്രക്കാരന്‍ വളച്ചെന്നോ പൊട്ടിച്ചെന്നോ പരാതിയില്ല. താന്‍ പറഞ്ഞതിന്റെ അര്‍ഥം വല്ലവരും വ്യാഖ്യാനിക്കേണ്ട, അതും താന്‍തന്നെ നിര്‍വഹിക്കും എന്നേ അദ്ദേഹം പറയുന്നുള്ളൂ.
ബാര്‍ പൂട്ടിയത് ഓര്‍ത്തില്ല, ബാര്‍കോഴമാത്രം ഓര്‍ത്തു എന്നതാണ് ജനത്തിന്റെ കുഴപ്പം. കേരളത്തിലെ വോട്ടര്‍മാരില്‍ നാലിലൊന്നെങ്കിലും മദ്യമിത്രങ്ങളാണെന്ന സ്ഥിതിവിവരക്കണക്കുമുണ്ട്. അഭിപ്രായസര്‍വെ നടത്തിയല്ല മദ്യനയം നിശ്ചയിച്ചത്. മന്ത്രിസഭായോഗം നടത്താന്‍പോലും സമയംകിട്ടിയില്ല, പിന്നെയാണ് അഭിപ്രായസര്‍വെ. പോകാന്‍ പറ.
പശു ചത്തിട്ടും മോരിന്റെ പുളിപ്പുമാറുന്നില്ലെന്ന് പറഞ്ഞതുപോലെ, പ്രതിപക്ഷത്തെത്തിയിട്ടും കോണ്‍ഗ്രസ്സുകാര്‍ ബാറിന്മേല്‍ക്കളി നിര്‍ത്തുന്നില്ല. ശിഷ്ടകാലവും അതുതുടരട്ടെ, ഇഷ്ടംപോലെ സമയമുണ്ടല്ലോ.
         ****
മദ്യത്തിനുവേണ്ടിയായാലും മനുഷ്യരെ പെരുവെയിലിലും പെരുമഴയിലുമെല്ലാം പെരുവഴിയില്‍ ക്യൂനിര്‍ത്തേണ്ടിവരുന്നതില്‍ മദ്യവകുപ്പ് മന്ത്രി രാമകൃഷ്ണന് സങ്കടമുണ്ട്. മറ്റുനാടുകളില്‍നിന്ന് വരുന്നവരൊക്കെ ഇതുകണ്ടാല്‍ കേരളത്തെക്കുറിച്ച് അവര്‍ക്കെന്താണ് തോന്നുക! അതുകൊണ്ട് അത് അവസാനിപ്പിക്കുന്നതെങ്ങനെയെന്ന് ആലോചിക്കുകയാണ് സര്‍ക്കാര്‍.
മദ്യോപയോഗം കുറയ്ക്കാന്‍ പറഞ്ഞാല്‍ ജനം കുറക്കില്ല. സി.പി.എം. പറഞ്ഞിട്ടും കുറയ്ക്കുന്നില്ല, പള്ളീല്‍ പറഞ്ഞിട്ടും കുറയ്ക്കുന്നില്ല. മദ്യലഭ്യത അതിദുര്‍ഘടമാക്കണം. വയ്യ, പടച്ചോനെ ക്യൂനില്‍ക്കാന്‍, ഭരണക്കാരെല്ലാം മുടിഞ്ഞുപോകട്ടെയെന്ന് ശപിച്ച് മനുഷ്യര് മദ്യം വാങ്ങാതെ വീട്ടില്‍ പോകണം. അതാണ് മദ്യനയം. അതിനാണ് 25 ലക്ഷംപേര്‍ക്ക് ഒരു ബിവറേജസ് കട എന്ന അനുപാതത്തില്‍ തുറന്നിരിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും മദ്യപരെ നന്നാക്കാന്‍ ഈ വിദ്യ പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ടില്ല. ഇപ്പോഴത്തെ പരീക്ഷണം പരാജയപ്പെട്ടാല്‍, ഒറ്റക്കാലില്‍ ക്യൂനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതുപോലുള്ള കര്‍ക്കശമായ വൈതരണികള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. മദ്യമന്ത്രി സങ്കടപ്പെട്ടിട്ടൊന്നും കാര്യമില്ല.
3മദ്യം കിട്ടാത്തതുകൊണ്ട് വിദേശടൂറിസ്റ്റുകള്‍ ഇങ്ങോട്ടുവരുന്നില്ല എന്നൊരു കഥ മദ്യാരാധകരും ടൂറിസംവകുപ്പുകാരും പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ മദ്യമുണ്ട്, ഇഷ്ടംപോലെയുണ്ട്. ഫൈവ്സ്റ്റാറില്‍ പോയാല്‍ ബാറിലിരുന്നുതന്നെ കുടിക്കാം. അതില്ലാത്തവര്‍ക്ക് ക്യൂനിന്ന് വാങ്ങാം. ഇക്കാര്യത്തില്‍ വിദേശികള്‍ക്കിടയില്‍ ബോധവത്കരണമാണ് ആവശ്യം. ബിവറേജസിനുമുന്നില്‍ ജനം ക്യൂനില്‍ക്കുന്ന കളര്‍പടങ്ങള്‍, വീഡിയോകള്‍ എന്നിവ വിദേശത്ത് പ്രചരിപ്പിക്കണം. ക്യൂനിന്ന് മദ്യംവാങ്ങുന്ന പത്ത് വിദേശികളിലൊരാള്‍ക്ക് മദ്യം ഫ്രീ എന്നുതുടങ്ങിയ പ്രോത്സാഹനസമ്മാനങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സിനിമാടിക്കറ്റിന് ക്യൂ നില്‍ക്കുന്നതിനേക്കാള്‍ ക്ഷമയോടെ മദ്യത്തിന് ക്യൂനില്‍ക്കുന്ന കേരളീയരെ നമ്മുടെ ഉത്തമസംസ്‌കാരത്തിന്റെ പ്രതീകമായി ലോകത്തിനുമുന്നില്‍ വെക്കാവുന്നതേയുള്ളൂ.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നയാള്‍ക്ക് ക്യൂ നില്‍ക്കാതെ പ്രത്യേക കൗണ്ടറില്‍ സാധനം കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ പണമടയ്ക്കുന്നവര്‍ക്ക് വീട്ടില്‍ എത്തിച്ചുകൊടുക്കാനാണ് പ്ലാനിടുന്നതെന്നുധരിച്ച് പലരും കൊതിപൂണ്ടിരിപ്പുണ്ട്. അതുനടപ്പില്ല. ഇക്കാലത്ത് ആര്‍ക്കാണ് ഓണ്‍ലൈനില്‍ പണമടയ്ക്കാന്‍ കഴിയാത്തത്. എല്ലാവരും ഓണ്‍ലൈന്‍ ക്യൂവിലുണ്ടാകും. മറ്റേക്യൂവാണ് ഭേദം എന്നനിലയും വരാം.
 
                                             ****
കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായി ചുമതലയേറ്റ മഹതി തുറന്നുപറഞ്ഞത്, പാര്‍ട്ടി പറഞ്ഞതിനപ്പുറം ഒന്നും ചെയ്യില്ല എന്നാണ്. തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ. പരിചയക്കുറവുമാത്രമാണ് പ്രശ്‌നം. ചുമതലയേല്‍പ്പിക്കുംമുമ്പ് ഇതെല്ലാം പാര്‍ട്ടിക്കാര്‍ പറഞ്ഞുകൊടുക്കണമായിരുന്നു. സംഗീതനാടക ഇടപാടുകളില്‍ പാര്‍ട്ടിക്ക് ലൈന്‍വല്ലതും ഉള്ളതായി അറിവില്ല. ഈ സംഭവം നടത്തിക്കൊണ്ടുപോകാന്‍ എന്തുചെയ്യണം, എന്തുചെയ്യേണ്ട എന്ന് പാര്‍ട്ടി ഓരോന്നായി നിര്‍ദേശിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. പാര്‍ട്ടിക്കുവേറെ എന്തെല്ലാം പണികിടക്കുന്നു.
പാര്‍ട്ടിപറയുന്നതേ അനുസരിക്കൂ എന്ന് ആരെങ്കിലും പറയുന്നത് പാര്‍ട്ടി പണ്ട് ഇഷ്ടപ്പെട്ടിരുന്നു; കെ.പി.എ.സി.യൊക്കെ രൂപവത്കരിച്ചിരുന്ന അന്തകാലത്ത്. കാലം മാറിയില്ലേ?  പാര്‍ട്ടി പറയും, ഞാന്‍ അനുസരിക്കും എന്നല്ല, 'പാര്‍ട്ടി എനിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നാടകവും സംഗീതവും പരിപോഷിപ്പിക്കാന്‍ രാഷ്ട്രീയത്തിനതീതമായി ഞാന്‍ എല്ലാവിഭാഗത്തില്‍പ്പെട്ട നല്ലവരുടെയും സഹായവും സഹകരണവും തേടും...' എന്നൊക്കെ പറയുന്നതല്ലേ പാര്‍ട്ടിക്കും കേള്‍ക്കാനൊരു സുഖം? പിന്നെ വല്ലപ്പോഴുമേ പാര്‍ട്ടി വല്ലതും ചെയ്യാന്‍ പറയൂ. നാട്ടിലെ പാര്‍ട്ടി ചുമരെഴുത്ത് ഏറ്റെടുത്ത ക്ലബ്ബിന് മികച്ച ചവിട്ടുനാടകത്തിനുള്ള അവാര്‍ഡ് കൊടുക്കണമെന്നോ മറ്റോ... അതങ്ങ് കൊടുത്തേക്കണം. അല്ലാതെന്ത്!

nprindran@gmail.com


Friday, 19 August 2016

മാധ്യമങ്ങളില്‍നിന്ന് കോടതിവാര്‍ത്ത അപ്രത്യക്ഷമാകുമ്പോള്‍
മാധ്യമങ്ങളില്‍ ഇത് ഒരു പക്ഷേ വാര്‍ത്തയായിട്ടില്ല വായനക്കാര്‍ ശ്രദ്ധിക്കുന്നുമുണ്ടാവില്ല. പക്ഷേ, അതൊരു യാഥാര്‍ത്ഥ്യമാണ്. കുറെ ആഴ്ചകളായി കേരളത്തിലെ മാധ്യമങ്ങളില്‍  കോടതിവാര്‍ത്തകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ദൃശ്യ,അച്ചടി, ഭാഷാ ഭേദങ്ങളില്ല. കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നില്ലെന്ന കാര്യം ഒരു വാര്‍ത്തയായിപ്പോലും മാധ്യമങ്ങളില്‍ വന്നിട്ടില്ല. തങ്ങളെ അഭിഭാഷകര്‍ ശാരീരികമായി തടയുകയും ആക്രമിക്കുകയും ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍ റിപ്പോട്ട് ചെയ്യാന്‍ കഴിയുന്നില്ല എന്ന കാര്യം പത്രങ്ങള്‍ ഒരു അറിയിപ്പായിപ്പോലും പ്രസിദ്ധീകരിച്ചിട്ടുമില്ല.

വാര്‍ത്ത എന്നതിനപ്പുറും നിത്യജീവിതത്തില്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ അടങ്ങുന്നതാണ് മിക്ക കോടതിവാര്‍ത്തകളും. ചിലരെ ശിക്ഷിക്കുന്നതും ശിക്ഷിക്കാതിരിക്കുന്നതും നിയമത്തിന്റെ വ്യാഖ്യാനങ്ങള്‍ പുതിയ നിയമങ്ങളായി മാറുന്നതുമെല്ലാം ജനങ്ങള്‍ അറിയുന്നത്-ചിലപ്പോള്‍ അഭിഭാഷകര്‍പോലും അറിയുന്നത്- മാധ്യമങ്ങളിലൂടെയാണ്. ജനാധിപത്യസമൂഹത്തിലെ അനിവാര്യമായ നിയമബോധവല്‍ക്കരണമാണ് ഈ പ്രക്രിയ. ഫോര്‍ത്ത്് എസ്റ്റേറ്റിന്റെ അടിസ്ഥാനലക്ഷ്യമായി ജനാധിപത്യലോകം അംഗീകരിച്ചിട്ടുള്ളത് ഇന്‍ഫോംഡ് സിറ്റിസണിന്റെ നിര്‍മിതിയാണ്. ഇതാണ് ഇപ്പോള്‍ പാടെ നിലച്ചിരിക്കുന്നത്.

 ഒരു മാസം മുമ്പ്, രണ്ട് തൊഴില്‍വിഭാഗങ്ങള്‍ തമ്മില്‍ യാദൃച്ഛികമായി ആരംഭിച്ചതെന്നു നാം കരുതിയ സംഘര്‍ഷമാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഒരു വിഭാഗം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ ഉരസല്‍ സാധാരണഗതിയില്‍ ഒരു ചര്‍ച്ചയില്‍ അവസാനിക്കുന്നതാണ്. അത്തരമൊരു ചര്‍ച്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുകയും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ ജില്ലകള്‍ തോറും സംവിധാനം ഉണ്ടാക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നേ ആരും ധരിക്കൂ. പക്ഷേ, പിറ്റേദിവസം കോഴിക്കോട് കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനു വന്നവരെ ഒരു എസ്.ഐ. തടയുകയും അറസ്റ്റ് ചെയ്യുകയും ക്രിമിനല്‍പുള്ളികളോടെന്ന വണ്ണം പെരുമാറുകയുമെല്ലാം ചെയ്യുന്നതാണ് കണ്ടത്.

ഒന്നും യാദൃച്ഛികമല്ല

പ്രശ്‌നം പോലീസും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ളതാണെന്നും അഭിഭാഷകര്‍ക്ക് അതില്‍ പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് നിമിഷങ്ങള്‍ക്കകം കോഴിക്കോട്ടെ അഭിഭാഷകര്‍ തിരുത്തി. തങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ്  മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജ് എസ്.ഐ.ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് ബാര്‍ അസോസിയേഷന്‍ പത്രക്കുറിപ്പ് ഇറക്കിയപ്പോള്‍ എല്ലാം സുവ്യക്തമായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും തീരുമാനത്തിനും തങ്ങള്‍ ഒരു വിലയും കല്പിക്കുന്നില്ലെന്ന അഭിഭാഷകസംഘടനയുടെ പ്രഖ്യാപനം കൂടിയായിരുന്നു അത്. തിരുവനന്തപുരം കോടതിയില്‍ ഒരു പ്രകോപനവും ഇല്ലാതെ ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ശാരീരികമായി കടന്നാക്രമിക്കുകയാണ് ഉണ്ടായതെന്നോര്‍ക്കുമ്പോള്‍ കോഴിക്കോട്ട് അത്രയൊന്നും ചെയ്തില്ലല്ലോ എന്നാശ്വസിക്കാമെന്നു തോന്നുന്നു.

മാധ്യമസ്ഥാപനങ്ങളോ പത്രപ്രവര്‍ത്തകസംഘടനകളോ ഔപചാരികമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ എന്നറിയില്ല ആഴ്ചകളായി ആരും കോടതികളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ല. മര്‍ദ്ദനം ഭയന്നാണ് അവര്‍ പോകാത്തത്. കോടതിക്കകത്ത് സംരക്ഷണം ഉറപ്പുവരുത്താന്‍ പോലീസ് സന്നദ്ധമല്ല. ഹൈക്കോടതിയില്‍ ആറായിരത്തോളം അഭിഭാഷകരുണ്ടെന്നാണ് കേള്‍ക്കുന്നത്. അവരില്‍ ഒരു ശതമാനമാളുകള്‍ ഗുണ്ടായിസം കാണിച്ചാല്‍ പത്രപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ട് പ്രവേശിക്കാന്‍പോലും കഴിയില്ല.

ഹൈക്കോര്‍ട്ട് സംഭവമോ തിരുവനന്തപുരം കോഴിക്കോട് സംഭവങ്ങളോ യാദൃച്ഛികമായിരുന്നില്ലെന്നും ഇതിനു പിന്നില്‍ മാധ്യമങ്ങളെ നിഷ്‌ക്രിയമാക്കാനുള്ള വലിയ അജന്‍ഡ ഉണ്ടെന്നും ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. ഹൈക്കോടതിയിലെ തര്‍ക്കം പരിഹരിക്കുന്നതിന് അഡ്വക്കെറ്റ് ജനറല്‍ വിളിച്ചുചേര്‍ത്ത അഭിഭാഷക-മാധ്യമപ്രവര്‍ത്തകയോഗത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെയും സ്വതന്ത്രപത്രപ്രവര്‍ത്തനത്തെയും മാനിക്കുന്ന ആരുടെയും നെറ്റി ചുളിപ്പിക്കുന്നതാണ്്്. ഒരു പ്രമുഖ മലയാള പത്രത്തിന്റെ ഒന്നാം പേജില്‍ , മലയാളത്തിലെ ഏറ്റവും പ്രമുഖ കാര്‍ട്ടൂണിസ്റ്റ് വരച്ച കാര്‍ട്ടൂണ്‍ ഉയര്‍ത്തിപ്പിടിച്ച് ബാര്‍ അസോസിയേഷന്‍ നേതാവ് ആവശ്യപ്പെട്ടത് ഇത്തരം കാര്‍ട്ടൂണുകള്‍ ഇനി പ്രസിദ്ധീകരിക്കില്ല എന്ന് മാധ്യമപ്രതിനിധികള്‍ ഉറപ്പുനല്‍കണം എന്നായിരുന്നു. എന്നെയും വെറുതെ വിടേണ്ട എന്ന് പ്രധാനമന്ത്രി നെഹ്‌റു നമ്മുടെ നാട്ടുകാരനായ ഒരു കാര്‍ട്ടൂണിസ്റ്റിനോട് പറഞ്ഞത് കുട്ടികള്‍ക്കുപോലും അറിയാം. അത്തരമൊരു ജനാധിപത്യത്തിലാണ് അഭിഭാഷകനേതാവിന്റെ ഈ ആവശ്യം. ചാനലുകളില്‍ രാത്രി നടക്കുന്ന ആക്ഷേപഹാസ്യ പ്രോഗ്രാമുകളില്‍ മേലില്‍ അഭിഭാഷകരെക്കുറിച്ച് ഒരു പരാമര്‍ശവും പരിഹാസവും ഉണ്ടാവരുത് എന്നായിരുന്നു അടുത്ത ഡിമാന്‍ഡ്. വേറെ ഡിമാന്‍ഡുകളുണ്ട്.

ഇതൊന്നും ഒരു ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പരിഗണനയ്ക്ക് വരേണ്ട വിഷയങ്ങളേ അല്ല. കാരണം ഇതിന്റെയൊന്നും പേരിലല്ല മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടായ പ്രശ്‌നങ്ങളൊന്നും അഭിഭാഷകര്‍ ഉന്നയിച്ചതേയില്ല. കാരണം അതെല്ലാം കോടതിയില്‍ കേസ്സുകളായി മാറിയിരിക്കുന്നു. സ്ത്രീപീഡന പരാതിയില്‍ പൊലീസ് എടുത്ത നടപടിയിലും അതു റിപ്പോര്‍ട്ട് ചെയ്തതിലുമാണ് ഈ പ്രശ്‌നങ്ങളെല്ലാം തുടങ്ങിയതെന്നു നാം മറന്നുപോകരുത്.

മാധ്യമപ്രവര്‍ത്തനവും മാധ്യമഉടമസ്ഥരും

മാധ്യമ ഉടമസ്ഥന്മാരെക്കുടി പങ്കെടുപ്പിച്ചുകൊണ്ടുള്ള വേറെ യോഗം വേണമെന്ന് ബാര്‍ അസോസിയേഷന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അവര്‍കൂടി പങ്കെടുത്ത ഒരു അനുരഞ്ജനയോഗം കഴിഞ്ഞ ദിവസം നടന്നപ്പോള്‍ അഭിഭാഷകപക്ഷത്തുനിന്നു ഉയര്‍ന്ന ആവശ്യങ്ങള്‍ കേട്ടവര്‍ക്ക് കരയണമോ ചിരിക്കണമോ എന്നു മനസ്സിലായില്ല. കോടതിയില്‍ പത്രറിപ്പോര്‍ട്ടിങ്ങ് നടത്തുന്നത് ആരെല്ലാമാവണം എന്നു തീരുമാനിക്കുന്നത് കോടതി ആയിരിക്കണമെന്നതാണ് ഉന്നയിക്കപ്പെട്ട ഒരാവശ്യം. ലോകത്തിലെ ഏതെങ്കിലും കോടതിയിലെ ഏതെങ്കിലും അഭിഭാഷകസംഘടന ഇതുപോലൊരു ആവശ്യം ഉന്നയിക്കുമോ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരും ഉന്നയിക്കില്ല.

അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പത്രഉടമസ്ഥരും പങ്കെടുക്കണമെന്ന നിര്‍ദ്ദേശം മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപമാനകരവും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമായിരുന്നു. സ്‌കൂളില്‍ കച്ചറയുണ്ടാക്കിയ കുട്ടിയോട് രക്ഷിതാവിനെ കൂട്ടിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെടുന്നതുപോലൊരു മാനം കെടുത്തുന്ന സംഗതിയായിട്ടും പത്രപ്രവര്‍ത്തകസംഘടന അതില്‍ പ്രതികരിച്ചില്ല. അല്പം നാണംകെട്ടാലും സാരമില്ല, പ്രശ്‌നം തീര്‍ന്നോട്ടെ എന്നവര്‍ വിചാരിച്ചുകാണും. തെറ്റുപറയുന്നില്ല.  പക്ഷേ അഭിഭാഷകര്‍ എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് അങ്ങനെ സ്വാതന്ത്ര്യമൊന്നുമില്ല, ഞങ്ങള്‍ പറയുന്നതുപോലെ ചെയ്താല്‍ മതി എന്നാണോ? അതാണോ ഭരണഘടന വാഗ്ദാനം ചെയ്തതും സര്‍വകോടതികളും ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ചതുമായ അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും?  പത്രപ്രവര്‍ത്തകര്‍ എഴുതിയയച്ചാലും ശരി മുതലാളിമാരായ നിങ്ങള്‍ അതു പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നാണോ മാധ്യമഉടമസ്ഥരെക്കൂടി വിളിച്ചുചേര്‍ത്ത് അവര്‍ വാങ്ങിക്കാന്‍ ശ്രമിച്ച ഉറപ്പുകളിലൊന്ന്്?

ഉടമസ്ഥരല്ല പത്രാധിപന്മാരാണ് പത്രത്തിന്റെ ഉള്ളടക്കത്തിന് ഉത്തരവാദികളെന്ന് നിയമം ഉറപ്പിച്ചു പറയുന്നുണ്ട്. വിശാലനയങ്ങള്‍ മാത്രമേ പത്രഉടമസ്ഥര്‍ തീരുമാനിക്കാന്‍ പാടുളളൂ. ഇക്കാര്യം നിയമപരീക്ഷ പാസ്സായി വന്ന അഭിഭാഷകര്‍ക്ക് അറിഞ്ഞുകൂടെന്നു വരുമോ ആവോ? പ്രസ് ആന്റ് റജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റ് പ്രകാരം എന്നു പറഞ്ഞുകൊണ്ടാണ് മിക്കവാറും എല്ലാ പത്രങ്ങളും പത്രത്തിന്റെ അവസാനപേജില്‍ എഡിറ്ററുടെ പേര് പ്രസിദ്ധപ്പെടുത്തുന്നത്. ഇതു വെറും ഒരു സാങ്കേതികപ്രശ്‌നമല്ല. ജനാധിപത്യലോകം അംഗീകരിച്ച ഒരു മാധ്യമതത്ത്വം കൂടിയാണ്. അഭിഭാഷകന്റെയും അധ്യാപകന്റെയും ഡോക്റ്ററുടെയും എന്‍ജിനീയറുടെയും എല്ലാം പ്രൊഫഷന്‍ പോലെ ഒന്നാണ് മാധ്യമപ്രവര്‍ത്തനവും. അതിന് അതിന്റേതായ പ്രൊഫഷനനല്‍ ഓട്ടോണമി ഉണ്ട്, ഉണ്ടാവണം. അതാണ് ഫോര്‍ത്ത് എസ്റ്റേറ്റിന്റെ അടിസ്ഥാനം.

പ്രസ് കൗണ്‍സില്‍ പറയുന്നത് 

ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന, സുപ്രീം കോടതി ജഡ്ജ് ആയിരുന്നവര്‍ നേതൃത്വം വഹിക്കുന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, മാനേജ്‌മെന്റ്-എഡിറ്റര്‍ ബന്ധത്തെക്കുറിച്ച്  എന്തു പറയുന്നു എന്നു കൂടി അറിയുന്നത് നന്നായിരിക്കും.

Once the owner lays down the policy of the newspaper for general guidance, neither he nor anybody on his behalf can interfere with the day to day functioning of the editor and the journalistic staff working under him.
 It is well established that the freedom of the press is essentially the freedom of the people to be informed accurately and adequately on all issues, problems, events and developments.  In discharge of the editorial functions the editor is supreme and superior even to the owner. The independence of the newspaper, is essentially the independence of the editor from all internal and external restrictions.  Unless the editor enjoys this freedom he will be unable to discharge his primary duty which is to the people and without such freedom, he can be held responsible in law for all that appears in the newspaper.

ഇതിനൊരു മലയാളം വിവര്‍ത്തനമോ വ്യാഖ്യാനമോ ആവശ്യമുണ്ട് എന്നു തോന്നുന്നില്ല.

കോടതി വളപ്പിലെ അംഗബലത്തിന്റെയും അതുപയോഗിച്ച് ന്യായാധിപന്മാരില്‍ ചെലുത്താനാവുന്ന സ്വാധീനത്തെയും ഉപയോഗപ്പെടുത്തി നിയമവിരുദ്ധവും അധാര്‍മികവുമായ അധികാരം സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുക എന്ന പ്രവണതയാണ് ഇവിടെ പച്ചയായി കാണുന്നത്. കോടതി വാര്‍ത്തകള്‍ പത്രത്തില്‍ വരുന്നില്ല എന്നത് പത്രഉടമകളെയോ പത്രപ്രവര്‍ത്തകരെത്തന്നെയോ കാര്യമായൊന്നും ബാധിക്കാന്‍ പോകുന്നില്ല. കോടതി വാര്‍ത്ത ഇല്ലെന്നത് പത്രവില്പനയെ ബാധിക്കില്ല, പത്രപ്രവര്‍ത്തകന്റെ ശമ്പളത്തെയും ബാധിക്കില്ല. പക്ഷേ, ഇതു പത്രസ്വാതന്ത്ര്യത്തെ ബാധിക്കും. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്.  അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം പത്രമേഖലയുടെ മാത്രം പ്രശ്‌നമല്ല, പൊതുജനത്തിന്റെ പ്രശ്‌നമാണ്.

മന്ത്രിമാര്‍ക്കും പേടി വേണ്ട!

അഴിമതിയിലും അക്രമത്തിലും സ്ത്രീപീഡനത്തിലും നാനാവിധ നിയമ-ധാര്‍മിക ലംഘനങ്ങളിലും മുഴുകിക്കഴിയുന്ന ഒരു സമ്പന്ന-അധികാരിവര്‍ഗത്തിന്റെ താല്പര്യമാണ് ഈ മാധ്യമവിരുദ്ധനീക്കത്തിന് പിന്നില്‍ എന്നു ഇപ്പോള്‍ കൂടുതല്‍ ബോധ്യമായി വരുന്നു. കുറച്ച് അഭിഭാഷകര്‍ അറിഞ്ഞും ബഹുഭൂരിപക്ഷം അഭിഭാഷകര്‍ അറിയാതെയുമാണ് ആ നീക്കത്തില്‍ പങ്കാളികളായിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍നിന്ന് അകറ്റി നിര്‍ത്തുക എന്നതു മാത്രമല്ല ഇതിന്റെ ലക്ഷ്യം. എന്തിനാണ് റിപ്പോര്‍ട്ടര്‍മാര്‍ ഇവിടെ വന്ന് റിപ്പോര്‍ട്ട് എടുക്കുന്നത്, പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകള്‍ ഞങ്ങള്‍ തന്നെ എഴുതി അയക്കാമല്ലോ എന്ന ചോദ്യം പോലും യോഗത്തില്‍ ഉയര്‍ന്നു. ഞങ്ങള്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ മാത്രം ജനം അറിഞ്ഞാല്‍ മതിയെന്ന ഗൂഢോദ്ദേശ്യമാണ് ഇതിനു പിന്നിലെന്നു വ്യ്ക്തം.

കോടതിവിധികളല്ല, ന്യായാധിപന്മാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുമാണ് മിക്കപ്പോഴും വഴിത്തിരിവാകുന്ന പല രാഷ്ട്രീയസംഭവങ്ങള്‍ക്കും കാരണമാകുന്നത്. പഴയ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെടെ പല മന്ത്രിമാരുടെയും രാജി ഉണ്ടായത് ജഡ്ജിമാര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ്. ഇതൊന്നും രേഖകളില്‍ കാണില്ല. റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ടു കേട്ടാലേ ഇതു റിപ്പോര്‍ട്ടു ചെയ്യാന്‍ പറ്റൂ. കോടതിറിപ്പോര്‍ട്ടിങ്ങ് ഇല്ലാതായാല്‍ മന്ത്രിമാര്‍ക്കൊന്നും അതുപേടിക്കേണ്ട.

 ഇപ്പോള്‍തന്നെ പല അഴിമതി-സ്ത്രീപീഡനക്കേസ്സുകളില്‍ പ്രതികളായിട്ടുള്ള ഉന്നതരുടെ താത്പര്യം കൂടി ഈ മാധ്യമവിരുദ്ധ നീക്കത്തിനു പിന്നിലുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു നീക്കത്തെയും അവര്‍ അനുകൂലിക്കുകയില്ല. ഇത്തരക്കാരുടെയെല്ലാം പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നവരാണ് ജുഡീഷ്യല്‍ കാര്യങ്ങളില്‍ ഭരണാധികാരികളെ ഉപദേശിക്കുന്നത് എന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.

Sunday, 14 August 2016

എന്തെല്ലാം പരീക്ഷണങ്ങൾ...
എങ്ങനെ സമദൂരം പാലിക്കും? പിറകോട്ട് ഓടി രക്ഷപ്പെേടണ്ടി വരുമോ? എല്ലാവരും നിന്നേടത്തുതന്നെ നിൽക്കണമെന്നു കല്പന പുറപ്പെടുവിക്കാൻ നമുക്ക് അധികാരവുമില്ല. പ്രശ്നമായി.

സമദൂരം കോലുവെച്ചളന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യു.ഡി.എഫുമായുള്ള അകലം ചരല്‍ക്കുന്നില്‍ തിട്ടപ്പെടുത്തിയതാണല്ലോ. ആ അളവും കൊണ്ട് ഇടത്തോട്ടു നീങ്ങിയപ്പോഴാണ് യു.ഡി.എഫ്. ദൂരം അതേപടി ഇവിടെ അളന്നെടുക്കാന്‍ പറ്റില്ലെന്നു മനസ്സിലായത്. കാരണം, നേരത്തേ നിന്നേടത്തുനിന്ന് ഇങ്ങോട്ടുനീങ്ങിയിരിക്കുന്നു. എങ്ങനെ സമദൂരം പാലിക്കും? പിറകോട്ട് ഓടി രക്ഷേെപ്പടണ്ടി വരുമോ? എല്ലാവരും നിന്നേടത്തുതന്നെ നില്‍ക്കണമെന്നു കല്പന പുറപ്പെടുവിക്കാന്‍ നമുക്ക് അധികാരവുമില്ല. പ്രശ്‌നമായി.
ഒരു പരിഹാരമുണ്ട്. ബാര്‍ സ്ഥാപിക്കുമ്പോള്‍ പ്രയോഗിക്കുന്ന വിദ്യ ഇവിടെയും ആവാം. മദ്യശാലയുടെ നിശ്ചിതപരിധിയില്‍ സ്‌കൂളോ പള്ളിയോ അമ്പലമോ പാടില്ല. ബാര്‍ നില്‍ക്കുന്ന പറമ്പിന്റെ ഗേറ്റ് പരമാവധി അകലം കിട്ടുന്ന മൂലയിലേക്ക് മാറ്റുകയാണ് അതിനെ മറികടക്കാനുള്ള വിദ്യ. അളക്കാന്‍ വരുന്നവര്‍ക്ക് ചില്ലറ  കൈമടക്കിയാല്‍ മതി. ഇതൊന്നും ബിജു രമേശ് പറഞ്ഞുതന്നതല്ല; പാലായിലും പുതുപ്പള്ളിയിലുമെല്ലാം നടപ്പുള്ളതാണ്. സമദൂരത്തെ തോല്പിക്കാനും ഇതേ തന്ത്രം പ്രയോഗിക്കാം, തത്കാലം. 
ബാറിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റേക്കാര്യം ഓര്‍ത്തത്. ഏത് മറ്റേക്കാര്യം? ബാര്‍കോഴയുടെ കാര്യംതന്നെ. അങ്ങനെയൊരു സംഭവമുണ്ടായിരുന്നു കുറച്ചുകാലം മുമ്പ്. ഇല്ലെന്നേ... കാല്‍നൂറ്റാണ്ടൊന്നും ആയിട്ടില്ല. അതങ്ങനെ തോന്നുന്നതാണ്. ഇഷ്ടമില്ലാത്ത കാര്യം മറക്കാന്‍ മനസ്സിന് പ്രത്യേക കഴിവുണ്ട്. ഒരേ സമയത്തുനടന്ന സംഭവമായാലും ഒന്നു മറക്കും മറ്റത് ഓര്‍ക്കും. ഓര്‍ക്കുന്ന ആ ഒന്ന് മധുരംകിനിയുന്ന വല്ലതുമാകും. ഇതിനാണോ ആപേക്ഷികസിദ്ധാന്തം എന്നുവിളിക്കുന്നത് എന്നറിഞ്ഞൂകൂടാ. ആരാണ് ബാര്‍കോഴ ആദ്യം മറന്നത് എന്നുപറയാനും പ്രയാസമാണ്. മാണിസാര്‍ മറന്നിട്ടില്ല. അടിച്ചവന്‍ മറന്നാലും അടികൊണ്ടവന്‍ മറക്കില്ല. മാണിസാറിനെ വഴിയില്‍ തടഞ്ഞവരും നിയമസഭയില്‍ മാണിശിരച്ഛേദം കഥകളി നടത്തിയരും സെക്രട്ടേറിയറ്റ് ഒടിയുമോ എന്നു വളച്ചുനോക്കിയവരും ബാര്‍കോഴക്കേസ് മറന്നുവോ എന്നൊരു സംശയം ഇല്ലാതില്ല. ആവോ...സംശയം സത്യമാകണമെന്നില്ലല്ലോ. 
വെള്ളിയാഴ്ച മുഖപ്രസംഗപേജില്‍ കേരളാ കോണ്‍ഗ്രസ് പ്രശ്‌നം സമഗ്രമായി വിലയിരുത്തിയിട്ടുണ്ട് നേര് നേരത്തേ അറിയിക്കുന്ന നമ്മുടെ സ്വന്തം പത്രം. കോടിയേരി ബാലകൃഷ്ണന്‍ ചരല്‍ക്കുന്നാനന്തര കേരളരാഷ്ട്രീയത്തെക്കുറിച്ചെഴുതിയ ലേഖനം മുഴുവന്‍ ഭൂതക്കണ്ണാടി വെച്ചുനോക്കിയിട്ടും ബാര്‍കോഴ എന്നൊരു വാക്കു കണ്ടുപിടിക്കാനായില്ല. സമീപത്തുതന്നെ മുഖപ്രസംഗ ബോധവത്കരണത്തിന്റെയും വിഷയം ഇതുതന്നെ. അതിലുമില്ല ആ അബദ്ധപദം. ഇനി ഗൂഗിള്‍ സര്‍ച്ച് യന്ത്രത്തിലോ മറ്റോ ഇട്ടുനോക്കണം. കാണാനിടയില്ല. അത് ഏതോ യുഗത്തില്‍ നടന്ന സംഭവമല്ലേ? എപ്പോഴും ഓര്‍ത്തിരിക്കാന്‍ പറ്റില്ല,  ഓര്‍ക്കേണ്ട കാര്യവുമില്ല.  വേറെ എന്തെല്ലാം വിഷയം കിടക്കുന്നു ചര്‍ച്ച ചെയ്യാന്‍! 
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ബാര്‍കോഴയെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും  ജീര്‍ണതയുടെ പര്യായമായി യു.ഡി.എഫ്. മാറിയതിനെക്കുറിച്ച് മുഖപ്രസംഗത്തില്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. യു.ഡി.എഫ്. എന്നുപറഞ്ഞാല്‍ കോണ്‍ഗ്രസ് തന്നെ. കേരളാകോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ജനതാദള്‍(യു), ആര്‍.എസ്.പി. തുടങ്ങിയ പാര്‍ട്ടികള്‍ അതില്‍ പെടില്ലേ എന്ന് ചില വിവരദോഷികള്‍ ചോദിക്കും. അവരെല്ലാം ജന്മനാ സദ്‌സ്വഭാവികളായിരുന്നു. കോണ്‍ഗ്രസ്സുമായുള്ള സഹവാസം കാരണം  ജീര്‍ണിച്ചുപോയെന്നേയുള്ളൂ. എല്ലാം ശരിയാക്കാംഇടതുപക്ഷവുമായി സംസര്‍ഗത്തിലേര്‍പ്പെടുക. സ്പര്‍ശനമാത്രയില്‍ത്തന്നെ പകുതി ജീര്‍ണത അപ്രത്യക്ഷമാകും. 
അടിയന്തരപ്രശ്‌നം എന്ത് എന്നു മുകളില്‍പറഞ്ഞ ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂര്യനു കീഴിലുള്ള ഏതാണ്ടെല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും അതില്‍പ്പെടും. കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതെല്ലാം പരിഹരിക്കാന്‍, കോണ്‍ഗ്രസ് ഇതര റെസ്റ്റ് ഓഫ് ദ യു.ഡി.എഫ്. കക്ഷികളുമായി സഹകരിക്കാന്‍ സി.പി.എം. സന്നദ്ധമാണ്. ആ കക്ഷികളും അതുവഴി സ്വയംശുദ്ധമാകാനുള്ള ചാന്‍സ് ഉപയോഗപ്പെടുത്തണം. ഇതിലേതുകക്ഷിയെയാണ് സി.പി.എം. സ്വമേധയാ അകറ്റിനിര്‍ത്തിയിട്ടുള്ളത്?  ആര്‍.എസ്.പി.യും ദളുമെല്ലാം ഇന്നലെ വരെ നമുക്കൊപ്പം ജീവിച്ചവരല്ലേ. പിന്നെ കേരളാകോണ്‍ഗ്രസ്ഇന്നത്തെ വായനക്കാര്‍ പലരും ജനിച്ചിട്ടില്ലാത്ത, അരനൂറ്റാണ്ടു മുമ്പത്തെ ഒരു കാര്യം സഖാവ് കോടിയേരി പറഞ്ഞിട്ടുണ്ട്. കേരളാകോണ്‍ഗ്രസ് ജന്മമെടുത്ത് ഏതാനും മാസങ്ങള്‍ക്കിടയിലാണ് 1965ലെ തിരഞ്ഞെടുപ്പു നടന്നത്. പാവങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ്  കോണ്‍ഗ്രസ് രാക്ഷസന്മാര്‍ക്കെതിരെ മത്സരിച്ചത്. പക്ഷേ, അവര്‍ 24 സീറ്റ് നേടി. പി.ടി. ചാക്കോ പെണ്ണുപിടിയനാണെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരും കോലാഹലം ഉണ്ടാക്കിയെങ്കിലും മന്ത്രിസഭയുണ്ടാക്കുന്ന കാര്യം വന്നപ്പോള്‍ ചാക്കോയുടെ അനുയായികളുമായി കൂട്ടുകൂടാന്‍ സാക്ഷാല്‍ ഇ.എം.എസ്. തന്നെ സന്നദ്ധനായി. അതിലും വലിയ വൈകാരികപ്രശ്‌നമൊന്നുമില്ലല്ലോ ബാര്‍കോഴയില്‍?
സമദൂരം കേരളാകോണ്‍ഗ്രസ് വെടിയണമെന്നതാണ് കോടിയേരിയുടെ അഭ്യര്‍ഥന. ഇങ്ങോട്ടുവരുവിന്‍. അതിക്രൂരന്മാരായ സംഘപരിവാര്‍ ഭീകരര്‍ കേരളാ കോണ്‍ഗ്രസ്സിനെ കെണിയില്‍പ്പെടുത്താന്‍ തക്കംപാര്‍ത്തിരിപ്പുണ്ട്. അതില്‍ ചെന്നുവീണാല്‍ അന്ത്യം ആസന്നം. തിരിച്ചോടി വീണ്ടും യു.ഡി.എഫില്‍ ചെന്നാല്‍ ശിഷ്ടജീവിതം കട്ടപ്പൊക. 
ഇതെല്ലാം കേട്ടും അറിഞ്ഞും മാണിസാര്‍ക്ക് ഒരേസമയം ആത്മസംതൃപ്തിയും അതേസമയം കണ്‍ഫ്യൂഷനും ഉണ്ടായി. ഈ മാര്‍ക്‌സിസ്റ്റുകാര്‍ എത്ര നല്ല മനുഷ്യരാണ്. ഉള്ളില്‍ ലേശവും വൈരാഗ്യമോ വെറുപ്പോ പ്രതികാരബുദ്ധിയോ ഇല്ല. അവര്‍ നന്മയുടെയും സ്‌നേഹത്തിന്റെയും പൂക്കള്‍ നീട്ടിയപ്പോഴതാ വഞ്ചകരായിരുന്ന കോണ്‍ഗ്രസ്സുകാരുടെയും മനസ്സ് മൃദുലവും ശുദ്ധവുമായിരിക്കുന്നു. അവര്‍ക്കുമില്ല ഇപ്പോള്‍ പ്രതികാരബുദ്ധി. എന്‍.ഡി.എ.ക്കാരും പണ്ട് ലേശം കിരാതന്മാരായിരുന്നു. വെള്ളാപ്പള്ളി നടേശനെപ്പോലുള്ള മഹാത്മാക്കളുമായുള്ള സംസര്‍ഗം മൂലമാകാം അവരും പവിത്രന്മാരായിരിക്കുന്നു. 
ഈ വിദ്യ എന്തേ ദൈവം എന്നെ നേരത്തേ തോന്നിപ്പിച്ചില്ല എന്നുപോലും മാണിസാര്‍ ഒരുനിമിഷം ചിന്തിച്ചുപോയി. എങ്കിലും ഒരു കണ്‍ഫ്യൂഷനും ഭീതിയും വിട്ടുമാറുന്നില്ല. ദീനദയാലുക്കളും പവിത്രന്മാരും ശുദ്ധാത്മാക്കളുമൊക്കെയായ മൂന്നു ചെകുത്താന്മാര്‍ മൂന്നു ഭാഗത്തുനിന്നു നമ്മുടെ പാര്‍ട്ടിയെ മൂന്നുവശത്തേക്ക് പിടിച്ചുവലിച്ചാല്‍ ഈ പാര്‍ട്ടി മൂന്നായിപ്പിളര്‍ന്നേക്കുമോ? താനും പുത്രനും മാത്രം സമദൂരത്തില്‍ നടുവില്‍പ്പെട്ടുപോകുമോ...ഓര്‍ക്കാനേ വയ്യ...കര്‍ത്താവേ കാത്തോളണമേ....
    ****
ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടിനു ശേഷം അതു സംഭവിച്ചിരിക്കുന്നു. മാറാട് കലാപത്തിന്റെ അവശേഷിക്കുന്ന എന്തോ കഷ്ണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ. സന്നദ്ധമായി. സി.ബി.ഐ.ക്ക് മാനസാന്തരം ഉണ്ടായതെങ്ങനെ എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് മനസ്സിലാകുന്നത്, ഇതൊരു പകര്‍ച്ചവ്യാധിയാണ്. 
സി.ബി.ഐ.ക്കു മാത്രമല്ല. സകല പാര്‍ട്ടികള്‍ക്കും ഉണ്ടായിരിക്കുന്നു മാനസാന്തരം. ഇതെങ്ങനെയാണാവോ സംഭവിച്ചത്. സി.ബി.ഐ.യുടെ മാനസാന്തരമാണ് അദ്ഭുതപ്പെടുത്തുന്നത്. കൂട്ടക്കൊല അന്വേഷണം നടക്കുമ്പോള്‍ത്തന്നെ ഉണ്ടായതാണ് ഈ ആവശ്യം. ഇവിടത്തെ അന്വേഷണം കേമമായി നടക്കുന്നതുകൊണ്ട് അതിലൊരു തുമ്പും ഇനി നോക്കാന്‍ ബാക്കിയില്ല എന്നോ മറ്റോ പറഞ്ഞാണ് അന്നത് ഒതുക്കിയത്. ഇന്നെന്തേ ഈ മനംമാറ്റം. ഏത് രാഷ്ട്രീയ യശ്മാനാണ് ഇതിന് കാരണക്കാരന്‍? അന്വേഷിക്കേണ്ട എന്ന് അന്നു പറയാനാണോ അല്ല അന്വേഷിക്കണം എന്ന് ഇന്നു പറയിക്കാനാണോ ഇടപെടല്‍ ഉണ്ടായത്....അതല്ല രണ്ടിനും ഉണ്ടായോ? 
സി.പി.എമ്മുകാര്‍ വലിയ ഭരണഘടനാപണ്ഡിതന്മാരാണല്ലോ. കേരളത്തില്‍ മുന്തിയ പോലീസുള്ളപ്പോള്‍ കേന്ദ്രപ്പോലീസ് അന്വേഷിക്കുന്നത് മഹത്തായ ഫെഡറല്‍ വ്യവസ്ഥയ്ക്ക് കേടുപാടുണ്ടാക്കുമെന്നായിരുന്നു അവരുടെ ആദ്യത്തെ വാദം. അതു മറന്നിട്ടാണോ എന്തോ പില്‍ക്കാലത്തു ഇടതുസര്‍ക്കാറും അവശ്യപ്പെട്ടു സി.ബി.ഐ. അന്വേഷണം. 
മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ചില ശത്രുക്കള്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടിയും ചാനലില്‍ പ്രത്യക്ഷപ്പെട്ട് അന്വേഷണത്തെ സ്വാഗതം ചെയ്തിരിക്കുന്നു. 
ആര്‍ക്കും ഒന്നും മറച്ചുവെക്കാനില്ല എന്നാണോ ഇതിനര്‍ഥം. സി.ബി.ഐ. അല്ല അതിന്റെ അപ്പൂപ്പന്‍ ഏജന്‍സി വന്നാലും ഇനി ഒന്നും പുറത്തുവരില്ല എന്നും ആവാം അര്‍ഥം. അല്ലേ?

Tuesday, 9 August 2016

മാണിക്കു മുന്നില്‍ മൂന്നുവഴി, സാവകാശം തീരുമാനിക്കാം
കേരളാകോണ്‍ഗ്രസ് നഷ്ടക്കച്ചവടങ്ങള്‍ നടത്താറില്ല. ഏതാണ് കൂടുതല്‍ ലാഭം എന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടായാല്‍ പാര്‍ട്ടി രണ്ടാകുമെന്നു മാത്രം. രണ്ടിലൊരാള്‍ക്ക് ലാഭം കൂടുതലുണ്ടെന്നു കണ്ടാല്‍ മറ്റേയാളും ആ മറുകണ്ടം ചാടും. അപ്പോള്‍ എല്ലാവര്‍ക്കും തുല്യസന്തോഷം. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പെയും ഈ പ്രശ്‌നം ഉടലെടുത്തു. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും തിരഞ്ഞെടുപ്പുതിരിച്ചടി മുന്‍കൂട്ടി കണ്ടാണ് മറുകണ്ടം ചാടിയത്. ആ ഘട്ടത്തില്‍ പുറത്തുചാടിയാല്‍ ഇടതുമുന്നണി തന്നെ പെരുവഴിയിലാക്കുമെന്നുറപ്പുള്ളതുകൊണ്ട് മാണി ചാടിയില്ല. തിരഞ്ഞെടുപ്പ് മാണിക്ക് ലാഭകരമായിരുന്നില്ല; ഫ്രാന്‍സിസ് ജോര്‍ജിന് എല്ലാം നഷ്ടമായി എന്നതുമാത്രം വലിയ സമാധാനം.

മാണി യു.ഡി.എഫ് ഉണ്ടാക്കിയ ആളാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ. ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം നിന്നുകൊടുത്തു എന്നതാണ് സത്യം. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന് ആദ്യം നാണം കെട്ട കെ.കരുണാകരന് ഇന്ദിരയുടെ തിരിച്ചുവരവോടെ ശക്തി കൂടിയപ്പോഴാണ് ആന്റണിയും കൂട്ടരും കോണ്‍ഗ്രസ്സിലേക്ക് മടങ്ങാന്‍ സന്നദ്ധരായത്. ആന്റണിയുടെ  കോണ്‍ഗ്രസ് ഇടതുമുന്നണിക്കൊപ്പം പോയപ്പോള്‍ കെ.എം.മാണിയും ഇടതായി. കേരള രാഷ്ട്രീയത്തില്‍ ആര്‍ക്ക് എന്താണ് ആയിക്കൂടാത്തത്? കുറച്ച് കഴിഞ്ഞ് ആന്റണിയും കൂട്ടരും ഇടതിനെ കയ്യൊഴിഞ്ഞപ്പോള്‍ ഇനി നിന്നിട്ട് കാര്യമില്ല എന്നു മാണിക്കും തോന്നി. രാജി കൊടുക്കാന്‍ മാണി രാജ്ഭവനിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അതറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. മാണിയും ലീഗും ആന്റണിയും ഒരു പക്ഷത്തെത്തിയപ്പോള്‍ അതൊരു മുന്നണിയായി. തുടര്‍ന്ന് അധികാരം കൈയ്യാളാന്‍ വേറെ എന്തു ചെയ്യാന്‍? ഇതിനെന്ത് സ്ഥാപകന്‍, ആരു സ്ഥാപകന്‍. അതൊരു ചരിത്രസംഭവം അല്ല. നിലനില്‍ക്കാനും അധികാരം നേടാനും വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് ഇവരെല്ലാം യു.ഡി.എഫ് ആയി നിലകൊണ്ടു. മൂന്നു പതിറ്റാണ്ടു കാലത്തെ ബന്ധം എന്നൊക്കെ പറയുന്നതിന് അതില്‍ക്കുടുതല്‍ വിലയൊന്നുമില്ല.

എന്‍.ഡി.എ. വന്നതാണ് പ്രധാനം

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ചിരുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിടുമായിരുന്നോ എന്നൊരു ചോദ്യം രമേശ് ചെന്നിത്തല ചോദിക്കുന്നുണ്ട്്. മഴ പെയ്തില്ലായിരുന്നുവെങ്കില്‍ കുട ചൂടുമായിരുന്നോ എന്നു ചോദിക്കുംപോലൊരു തമാശ മാത്രമേ ആകുന്നുള്ളൂ അത്. മുന്‍കാലത്തും യു.ഡി.എഫ് തോറ്റിട്ടുണ്ട്. അപ്പോഴൊന്നും മാണിയോ കേരളാ കോണ്‍ഗ്രസ്സോ ഉടന്‍ മറുകണ്ടം ചാടിയിട്ടില്ല. രണ്ടു കാരണങ്ങളുണ്ട്ഒപ്പമുണ്ടായിരുന്നവര്‍ വേറൊരു കേരളാ കോണ്‍ഗ്രസ് കൊടിയും ബോര്‍ഡുമായി ഇതിനകം മറുപക്ഷത്തെത്തിയിട്ടുണ്ടാം. യു.ഡി.എഫ് മാത്രമേ ഒരേ കൊടിയും ബോര്‍ഡും ഉള്ള പാര്‍ട്ടികളെ ഒരേസമയം ഒപ്പംകിടക്കാന്‍ അനുവദിക്കാറുള്ളൂ. രണ്ട്്, അഞ്ചുവര്‍ഷം കാത്തുനിന്നാല്‍ എന്തായാലും ഭരണം കിട്ടുമെന്നുറപ്പുള്ളപ്പോള്‍ എന്തിന് റിസ്‌കെടുക്കണം എന്ന ചിന്ത.

പോരാത്തതിന്, കേരളത്തില്‍ അധികാരമില്ലെങ്കിലും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുണ്ടാകാറുണ്ട്്. കോണ്‍ഗ്രസ് എന്നാല്‍ യു.പി.എ. അപ്പോള്‍ കേരളാ കോണ്‍ഗ്രസ്സും അധികാരത്തിലുണ്ട് എന്നു പറയാമല്ലോ. പാര്‍ലമെന്റില്‍ കേരളാ കോണ്‍ഗ്രസ്സിന് സീറ്റ് എത്രയുണ്ടെന്നു ചോദിക്കരുത്. കുറെക്കാലമായി കേരളാ കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിനും യു.പി.എ.യില്‍ വലിയ പവറാണ്‍  കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അവിടെ വലിയ പാര്‍ട്ടി രണ്ടു സീറ്റുള്ള മുസ്ലിം ലീഗാണ്, മൂന്നാമത്തെ വലിയ പാര്‍ട്ടി ഒരു സീറ്റുള്ള കേരളാ കോണ്‍ഗ്രസ്സാണ്.

അതുകൊണ്ട് രമേശ് ചെന്നിത്തല ചോദിക്കേണ്ടിയിരുന്നത്, യു.ഡി.എഫ് ജയിച്ചിരുന്നെങ്കില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിടുമായിരുന്നോ എന്നല്ല. കാരണം, അതത്ര പ്രസക്തമായ ചോദ്യമല്ല. ഭരിക്കുന്ന മുന്നണി വിട്ട് ആരും പോകാറില്ല. പോകുന്നുവെങ്കില്‍,  മറുപക്ഷം ഉടനെ ഭരണത്തില്‍ വരും എന്നുറപ്പുണ്ടാവണം. ബി.ജെ.പി. അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ മാണി ഇപ്പോള്‍ യു.ഡി.എഫ് വിടുമായിരുന്നോ എന്ന ചോദ്യത്തിനാണ് കൂടുതല്‍ പ്രസക്തി. ഉറപ്പിച്ചുപറയാം, ബി.ജെ.പി.കേന്ദ്രത്തില്‍ അധികാരത്തില്‍വന്നില്ലായാരുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ യു.ഡി.എഫ് വിടുമായിരുന്നില്ല. എന്‍.ഡി.എഫ് അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍പ്പോലും കേരളാകോണ്‍ഗ്രസ് യു.ഡി.എഫ് വിടുമായിരുന്നില്ല.


ബാര്‍കോഴ  വലിയ പ്രശ്‌നമല്ല

വിപണിയില്‍ ഒരു വില്പനക്കാരനും ഒരു ആവശ്യക്കാരനും മാത്രമേ ഉള്ളൂ എങ്കില്‍ രണ്ടാള്‍ക്കും ബുദ്ധിമുട്ടാണ്. ആവശ്യക്കാരന് അത്ര തിടുക്കമില്ലെങ്കില്‍ കഷ്ടപ്പെടുക വില്പനക്കാരന്‍ തന്നെയാവും. എല്‍.ഡി.എഫ് മാത്രമാണ് മാണിക്ക് ആശ്രയിക്കാവുന്ന ഒരേ ഒരു പക്ഷം എന്ന അവസ്ഥയുണ്ടായിരുന്നുവെങ്കില്‍ വിലപേശലില്‍ മാണിക്കു മുന്‍കൈ ഉണ്ടാകുമായിരുന്നില്ല. സി.പി.എമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടാകുമായിരുന്നു. അച്യുതാനന്ദന്‍ വാളെടുക്കുമായിരുന്നു. സി.പി.ഐ. വെറുതെ ഉടക്കുണ്ടാക്കുമായിരുന്നു. ബാര്‍കോഴ വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമായിരുന്നു. ഇപ്പോള്‍ ആ പ്രശ്‌നമൊട്ടും ഇല്ലെന്നല്ല. പക്ഷേ, മാണിയെ ആവശ്യമുള്ള ഒരാള്‍ കേന്ദ്രത്തിലുണ്ട് എന്നത്, വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷമുണ്ടാക്കുന്നു.

ബാര്‍കോഴയൊന്നും ആര്‍ക്കും വലിയ പ്രശ്‌നമല്ല എന്നു നമുക്കറിയാം.  അതിന്റെ വീര്യം ഉമ്മന്‍ചാണ്ടി തന്നെ പരമാവധി ഊറ്റിക്കളഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ബി.ജെ.പി.യുടെ കേരളഘടകത്തില്‍ ചിലരെല്ലാം നെറ്റിചുളിക്കുകയും പുരികം വളക്കുകയുമൊക്കെ ചെയ്യുമെങ്കില്‍ അമിത് ഷാ തീരുമാനമെടുത്താല്‍ ഇവിടെ ആരും ഒരക്ഷരം മിണ്ടില്ല. കാരണം, കേരളാ കോണ്‍ഗ്രസ്സിനെ എന്‍.ഡി.എ പക്ഷത്ത് ചേര്‍ക്കുന്നത് കുമ്മനം രാജശേഖരനെയോ തുഷാര്‍ വെല്ലാപ്പള്ളിയേയോ മുഖ്യമന്ത്രിയാക്കാനല്ല, നരേന്ദ്രമോദിയെ അടുത്ത തവണയും പ്രധാനമന്ത്രി ആക്കാനാണ്. തീര്‍ച്ചയായും ബാര്‍കോഴ സമരമൊക്കെ വാശി പിടിച്ചുനടത്തിയ ബി.ജെ.പി. അണികള്‍ക്ക് മാണിയെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാവും. പക്ഷേ, രാഷ്ട്രീയത്തിന്റെ ചില അനിവാര്യതകള്‍ അവര്‍ക്കും സഹിക്കാനേ പറ്റൂ. എന്തെല്ലാം സഹിച്ചിരിക്കുന്നു, ഇനി ഒരു മാണിയാണോ വലിയ പ്രശ്‌നം? മോദിയുടെ കരങ്ങള്‍ക്ക് ബലം കൂട്ടാന്‍ ഏത് വൃത്തികെട്ട കക്ഷിയെയും കൂടെക്കൂട്ടാമെന്നു അവര്‍ തീരുമാനിച്ചു കഴിഞ്ഞതാണ്. പഴയ കാല ആദര്‍ശ മാനദണ്ഡങ്ങള്‍ക്കൊന്നും അവിടെ എന്നല്ല എവിടെയും സ്വീകാര്യതയില്ല.

ഇടതുമുന്നണിക്ക് മാണിയുടെ ബാര്‍ കോഴ ആരോപണം ഒരു വലിയ തടസ്സമാകുമോ? ഇല്ല. തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്ന് ബാര്‍ കോഴ ആരോപണം ആയതുകൊണ്ട് കെട്ടടങ്ങാന്‍ കുറച്ചു സമയം വേണം എന്നേ ഉള്ളൂ. എത്ര സമയം? ആര്‍.ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചതിനും അദ്ദേഹത്തിന്റെ മകനെ ഇടതുമുന്നണി എം.എല്‍.എ ആക്കിയതിനും ഇടയില്‍ എത്ര സമയം ഉണ്ടായിരുന്നോ അതില്‍കുറച്ചു സമയമേ ഇതിനും വേണ്ടൂ. അഴിമതി അല്ല പാര്‍ട്ടിയുടെ കൂട്ടുകെട്ടുകള്‍ തീരുമാനിക്കുന്നതിനുള്ള മുഖ്യമാനദണ്ഡം. ഇത് മുന്‍ ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞതാണ്. അഴിമതി നോക്കി നടന്നാല്‍ മുന്നണിയുണ്ടാക്കാനൊന്നും പറ്റില്ല എന്നദ്ദേഹം ഒരിക്കല്‍ വ്യക്തമാക്കിയതാണ്.

ജയലളിതയടെ മുഖത്ത്  ഇതിനേക്കാള്‍ അഴിമതിയുടെ കരി പുരണ്ടതാണ്. അവരെ സി.പി.എം അകറ്റി നിര്‍ത്തിയിട്ടില്ല. അതിലും വലുതല്ല കെ.എം.മാണി. പ്രയോജനമുണ്ടോ എന്നതുമാത്രമാണ് പ്രശ്‌നം.  തമിഴ്‌നാട്ടിലെ പ്രശസ്ത ഏഴുത്തുകാരി മണിമേഖല കോഴിക്കോട്ട് ഒരു സാഹിത്യച്ചടങ്ങില്‍ പറഞ്ഞത് ഓര്‍മ വരുന്നു. നിങ്ങളുടെ പത്രത്തില്‍, മന്ത്രി ഒരു കോടി രണ്ടു കോടി കോഴ വാങ്ങി എന്നും മറ്റും വായിക്കുമ്പോള്‍ ഞാന്‍ ചിരിച്ചുപോകുന്നു. ഞങ്ങള്‍ അത്തരം വാര്‍ത്തകളൊന്നും കൊടുക്കാറില്ല. ആയിരം കോടി അയ്യായിരം കോടിയെങ്കിലുമുണ്ടെങ്കിലേ ഞങ്ങള്‍ ശ്രദ്ധിക്കാറുതന്നെയുള്ളൂ!

ജയലളിത എവിടെ മാണി എവിടെ!


മടക്കയാത്രയും അസാധ്യമല്ല. 

മാണിക്ക് തീരുമാനമെടുക്കാന്‍ ഒന്നോ രണ്ടോ വര്‍ഷത്തെ സാവകാശമെടുക്കാം. അതിനിടയില്‍ ഒന്നും സംഭവിക്കില്ല. പുത്രനെ കേന്ദ്രമന്ത്രിയാക്കാന്‍ ധുതി കൂട്ടിയാല്‍ ഇവിടത്തെ കണക്കുകള്‍ പിഴയ്ക്കും. എന്‍.ഡി.എ.ക്കൊപ്പം മാണി പോകരുതെന്ന് പിണറായിക്കും താല്പര്യമുണ്ട്്. കുറെ വിട്ടുവീഴ്ചകള്‍ക്ക്് അവരും തയ്യാറാണ്. ബാര്‍ കോഴയൊക്കെ ഒരരുക്കാക്കിക്കിട്ടിയാല്‍ പിന്നെ ആലോചിക്കാവുന്നതേ ഉള്ളൂ പുത്രന്റെ കാര്യം. തനിക്ക് ഇനി ഒന്നും അധികം നേടാനില്ല. പുത്രന്റെ കാര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കണം. അതു നമുക്കല്ല മാണിക്കല്ലേ നന്നായി അറിയുക!

ഇനി ഇതൊന്നും നടന്നില്ലെങ്കില്‍ തന്നെയെന്ത്്? കുറെ അന്യോന്യം കുറ്റം പറയുമെങ്കിലും യു.ഡി.എഫില്‍ എക്കാലത്തും മാണിക്ക് സുഹൃത്തുക്കളുണ്ടാകും. യു.പി.എ.യുടെ സ്ഥിതി മോശമാണ്. അതിനി പഴയ പടി ആകാനുള്ള സാധ്യത വിരളമാണ്. പക്ഷേ, രാഷ്ട്രീയത്തില്‍ ഒന്നും തള്ളിക്കളയാനാവില്ല. യു.പി.ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് തിരിച്ചടി സംഭവിച്ചാല്‍ എങ്ങോട്ടുതിരിയും ഇന്ത്യന്‍ രാഷ്ട്രീയം? ഉറപ്പിക്കാനാവില്ല. 2018 അവസാനിക്കുമ്പോഴേ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയെങ്കിലുമുണ്ടാകൂ. യു.ഡി.എഫ് വിട്ട് പുറത്തിറങ്ങി അതു വിശദീകരിക്കാന്‍ കേരള മാര്‍ച്ച് നടത്തുന്നതിനിടയില്‍ യു.ഡി.എഫിലേക്ക് തിരിച്ചുപോയ പാര്‍ട്ടികളും ഉണ്ടു കേരളത്തില്‍. മുസ്ലിം ലീഗിന്റെ അത്ര സ്പീഡില്‍ കേരളാ കോണ്‍ഗ്രസ് മടങ്ങില്ല എന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റൂ.

Sunday, 7 August 2016

സമദൂരസൗഹൃദ സിദ്ധാന്തം
അടുത്ത അഞ്ചുവര്‍ഷവും യു.ഡി.എഫില്‍ ഒതുങ്ങിക്കൂടിക്കൊള്ളാമെന്ന് 
അടുത്ത അഞ്ചുവര്‍ഷവും യു.ഡി.എഫില്‍ ഒതുങ്ങിക്കൂടിക്കൊള്ളാമെന്ന് കേരളാകോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ ഒന്നുറപ്പ് ആ പാര്‍ട്ടിയുടെ പേര് കേരളാകോണ്‍ഗ്രസ് എന്നല്ല. അടുത്ത അഞ്ചുവര്‍ഷം ദുരിതകാലമാവും. കേരളത്തിലോ കേന്ദ്രത്തിലോ അധികാരത്തിന്റെ നാലയലത്തുപോകാന്‍ സാധിക്കില്ല. കേന്ദ്രത്തില്‍ മൂന്നുവര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പുണ്ടാകും. പക്ഷേ, വലിയ പ്രതീക്ഷയില്ല. കേരളംപോലെയല്ല കേന്ദ്രം. മൗനിസ്വാമിയെപ്പോലെനടന്ന ഡോ. മന്‍മോഹന്‍സിങ്ങിന് രണ്ടാംവട്ടം ഭരണംകൊടുത്ത ജനങ്ങളാണ്. മൂന്നുവര്‍ഷംതന്നെ കെ.എം. മാണിക്ക് ഒരു യുഗംപോലെ ദൈര്‍ഘ്യമേറിയതാണ്. അതുകൊണ്ട് ഇപ്പോള്‍ തീരുമാനിക്കണംഇടത്തോട്ടോ വലത്തോട്ടോ നേരേയോ? ജങ്ഷനില്‍ അധികസമയം നിര്‍ത്തിയിട്ട് ട്രാഫിക് ബ്ലോക്കുണ്ടാക്കാന്‍ പറ്റില്ല.
അങ്ങനെയിരിക്കവേയാണ് സമദൂരസിദ്ധാന്തത്തിന്റെ സാധ്യത മനസ്സില്‍ത്തെളിഞ്ഞത്. എന്‍.എസ്.എസ്സിന്റെ സുകുമാരന്‍നായര്‍ പറഞ്ഞതാണ് സമദൂരമെന്ന് ധരിക്കരുത്. കാള്‍മാര്‍ക്‌സിന്റെ തൊഴിലാളിവര്‍ഗ തത്ത്വശാസ്ത്രത്തിനുബദലായി അധ്വാനവര്‍ഗസിദ്ധാന്തമുണ്ടാക്കിയ വിരുതനാണ് മാണിസാറ്. അദ്ദേഹത്തിന് എന്‍.എസ്.എസ്. സിദ്ധാന്തം കടമെടുക്കേണ്ട ഗതികേടൊന്നുമില്ല. 
തുല്യഅകലമല്ല, തുല്യഅടുപ്പമാണ് വേണ്ടത്. അകലം നെഗറ്റീവാണ്. അടുപ്പമല്ലേ പോസിറ്റീവ്. ബി പോസിറ്റീവ്! അല്ലെങ്കിലും മാണി എന്തിനാണ് ഇക്കൂട്ടരോടൊക്കെ നെഗറ്റീവ് സമദൂരം പുലര്‍ത്തുന്നത്? ആരും മാണിക്കെതിരല്ല, മാണി ആര്‍ക്കും എതിരുമല്ല. യു.ഡി.എഫിന്റെ കാര്യമെടുക്കാം. ഉണ്ടാക്കിയതുതന്നെ കെ.എം. മാണി. അതുകൊണ്ട് വിശേഷിച്ച് കാര്യമൊന്നുമില്ലെന്ന് അറിയാഞ്ഞിട്ടല്ല. തലതൊട്ടപ്പന്മാര്‍ക്ക് പണികൊടുക്കുകയെന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യം. 1967ല്‍ വീണുകിടന്ന കോണ്‍ഗ്രസ്സിനെ പൊക്കിയെടുത്ത് അധികാരത്തിലെത്തിച്ച കെ. കരുണാകരന്റെ അവസാനകാല അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാണിക്ക് ദുഃഖിക്കാനൊന്നുമില്ല. എന്നാലും സഹിക്കുന്നില്ല. അവസാനത്തെ ബാറും കോഴയും രാജിയും... വരട്ടെ, കരുതിവെച്ചിട്ടുണ്ട്.  
അതെ, സമദൂരസൗഹൃദ സിദ്ധാന്തത്തിന്റെ ഭാഗമായി കേരളാകോണ്‍ഗ്രസ് പ്രത്യേക ബ്ലോക്കായി ഇരിക്കുന്നു. ഇല്ല, യു.ഡി.എഫിനോട് വിരോധമൊന്നുമില്ല. ബാര്‍കോഴക്കേസില്‍ കുരുക്കാനും അതുവഴി കെ.എം. മാണി മുഖ്യമന്ത്രിയാകുന്നത് ശാശ്വതമായി തടയാനും ഗൂഢാലോചനനടത്തിയ സകലരെയും നോട്ടമിട്ടിട്ടുണ്ട്. അത് വഴിയേ നോക്കാം. യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും തുല്യഅടുപ്പം. എന്നാല്‍ ഏതുസമയത്തും എല്‍.ഡി.എഫിലേക്ക് ചാടിയേക്കുമെന്ന പ്രതീക്ഷ അവരിലും ആശങ്ക മറ്റവരിലും വളര്‍ത്തണം. വിജിലന്‍സ് തലപ്പത്ത് ഒരു കുരുത്തംകെട്ടവനാണ് ഇരിക്കുന്നത് എന്നത് ശരിതന്നെ. അതിനും പിണറായി വിചാരിച്ചാലാണോ ഒരു വഴിയുണ്ടാക്കാന്‍ കഴിയാത്തത്!
കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ.യിലേക്ക് ചാടിയാല്‍ എന്തോ ആകാശം ഇടിഞ്ഞുവീഴുമെന്നൊക്കെ ചില സാത്താന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ പി.സി. തോമസ് മന്ത്രിയായപ്പം ആകാശം ഇടിഞ്ഞുവീണുവോ? ഇല്ല. ഈ മന്ത്രിസ്ഥാനം മറ്റുള്ളവര്‍ക്ക് നല്‍കുന്ന സന്ദേശമാണെന്ന് അന്നേ പറഞ്ഞതാണ് നമ്മുടെ നിയമസഭയിലെ പ്രഥമ ബി.ജെ.പി. അക്കൗണ്ട് ഹോള്‍ഡര്‍ ഒ. രാജഗോപാല്‍. അദ്ദേഹം മാന്യനായതുകൊണ്ടാണ് സന്ദേശം എന്ന വാക്കുപയോഗിച്ചത്. ബി.ജെ.പി.യിട്ട ഇരയാണ് പി.സി. തോമസ് എന്നും അതില്‍ കൊത്തി ഇനി ആര്‍ക്കുവേണമെങ്കിലും ഞങ്ങളുടെ ചട്ടിയിലേക്ക് കടന്നുവരാം എന്നുമായിരുന്നു അതിനര്‍ഥം. ആരും കൊത്തിയില്ല. ഒ. രാജഗോപാലിന്റെ സന്ദേശംകേട്ട് ഞെട്ടുകയും ഒരു നിമിഷം കളയാതെ പ്രതികരിക്കുകയും ചെയ്തവരില്‍ വെള്ളാപ്പള്ളി നടേശനുമുണ്ട് സുകുമാരന്‍ നായരുമുണ്ട്. 'ഞങ്ങളൊന്നുമില്ല ആ വഴിക്ക്' എന്നാണവര്‍ ഉറച്ചുപറഞ്ഞത്. അതൊന്നും ഇപ്പോള്‍ ഓര്‍മിച്ചിട്ട് കാര്യമില്ല. വര്‍ഷം 13 കഴിഞ്ഞില്ലേ? വാജ്‌പേയിയും അദ്വാനിയുമൊന്നും അത്ര വിശ്വസിക്കാന്‍ പറ്റിയവരല്ലാന്നേ... നരേന്ദ്രമോദിയും അമിത്ഷായും അവരെപ്പോലെയാണോ? നല്ല ക്ലീന്‍ പാര്‍ട്ടീസല്ലേ... ന്യൂനപക്ഷം എന്നൊക്കെ കേട്ടാല്‍ കണ്ണീരുവരും രണ്ടാള്‍ക്കും.
സമയം ഇനി അധികമില്ല. പ്രത്യേക ബ്ലോക്കായി ഇരുന്നാല്‍ മൂന്നുകൂട്ടരുമായും ഒരേസമയം വിലപേശാം. ധൃതിയൊന്നുമില്ല. ആടിന്റെ വേഷത്തില്‍ വരും ദുരമൂത്ത ചെന്നായ്ക്കള്‍ എന്ന് വിശുദ്ധപുസ്തകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂക്ഷിച്ചേ പറ്റൂ. ആദ്യത്തെ കരു ഇന്നുതന്നെ നീക്കിക്കളയാം.

***
വിനാശകാലേ വിപരീതബുദ്ധി എന്ന് പണ്ടാരോ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസ്സുകാരെപ്പറ്റിയല്ല. എന്നാലും ഈ സമയത്ത് ഒരു സംഘടനാതിരഞ്ഞെടുപ്പ് നടത്തിക്കളയാമെന്ന് തീരുമാനിക്കുന്നതിന്റെ ബുദ്ധി എത്ര ആലോചിച്ചാലും മനസ്സിലാവില്ല. പെരുങ്കളിയാട്ടം പത്തുപന്ത്രണ്ടുകൊല്ലം കൂടുമ്പോള്‍ നടക്കും. അതിന്റെ ഇരട്ടി കാലം കഴിയുമ്പോഴേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പുനടക്കൂ. വലിയ ജനാധിപത്യപ്പാര്‍ട്ടിയായിപ്പോയതാണ് പ്രശ്‌നം. ഏതുകാലത്താണ് ഒടുവില്‍ സംഘടനാതിരഞ്ഞെടുപ്പ് നടന്നത്? 1992ലാണെന്നാണ് മാധ്യമരേഖകളില്‍ കാണുന്നത്. ഇനി കെ.പി.സി.സി. ഓഫീസിലെ രേഖകളില്‍ വേറെവല്ലതും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. കാല്‍നൂറ്റാണ്ടുമുമ്പുനടന്ന ആ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സുകാര്‍ മറക്കില്ല. നാട്ടുകാരും കൂട്ടുകാരുമായ വയലാര്‍ രവിയും എ.കെ. ആന്റണിയും മത്സരിച്ചപ്പോള്‍ ആദര്‍ശധീരത കൂടുതലുള്ളതുകൊണ്ടാവണം ആന്റണിയാണ് തോറ്റത്. വയലാര്‍ രവിക്ക് ചരിത്രത്തില്‍ എഴുതിവെക്കാവുന്ന മറ്റൊരു റെക്കോഡുകൂടിയുണ്ട്. 35 കൊല്ലത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും അവസാനത്തെയും പ്രസിഡന്റാണ് അദ്ദേഹം. ബാക്കിയെല്ലാം നോമിനേറ്റഡ് പ്രസിഡന്റുമാരാണ്. നാണിക്കാനൊന്നുമില്ല. പ്രസിഡന്റാകാന്‍ മത്സരിക്കേണ്ടിവരുന്നതല്ലേ നാണക്കേട്?  
നിയമസഭാതിരഞ്ഞെടുപ്പെന്ന വെട്ടുകുഴിയില്‍ വീണതിന്റെ  ചികിത്സയിലാണ് പാര്‍ട്ടി. എല്ലുകളെല്ലാം പൊട്ടിയവനോട് തെങ്ങുകയറണമെന്ന് പറയുന്നത് മര്യാദയാണോ? അതിനിടയിലാണ് സംഘടനാതിരഞ്ഞെടുപ്പെന്ന പൊല്ലാപ്പും വരുന്നത്. അത് എക്കാലത്തും ഒരു ക്രമസമാധാനപ്രശ്‌നമാണ്. തരക്കേടില്ല, ആഭ്യന്തരവകുപ്പ് നമ്മുടെ കൈവശമുണ്ടായിരുന്നെങ്കില്‍. എല്ലൂരിയാവും കോല്‍ക്കളി, പിണറായിപ്പോലീസ് തിരിഞ്ഞുനോക്കില്ല.   
വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഇറക്കിനിര്‍ത്തിയേ സംഘടനാതിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ടത്രെ ഗ്രൂപ്പുകള്‍. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയേ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് പറയുംപോലെയാണിത്. ഒരു പാര്‍ട്ടിയും അങ്ങനെ പറയാറില്ല. അത്രയുണ്ട് കോണ്‍ഗ്രസ്സിലെ സൗഹാര്‍ദം. ചാനലില്‍ ചിരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും നോക്കണ്ട. ഇപ്പോള്‍ നേതാക്കളെല്ലാം നല്ല നടന്മാരാണ്. സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കിയത് ഇവിടെ ആരോടും ചോദിച്ചിട്ടല്ല. ഗ്രൂപ്പിസം ഇല്ലാതാക്കുകയെന്ന ദുരുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ രാഹുല്‍ഗാന്ധിക്ക്. അതുനടന്നില്ലെങ്കിലും വേറൊരു കാര്യം നടന്നു. എ, ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഒന്നാണത്രെ. സുധീരനെ നാടുകടത്തുക എന്ന പൊതുലക്ഷ്യമേ രണ്ടുഗ്രൂപ്പിനും ഉള്ളൂ. ഇതുസാധിച്ചാല്‍ അവര്‍ പോരാട്ടം പുനരാരംഭിച്ചോളും, പൂര്‍വാധികം വീറോടെ. അഞ്ചുവര്‍ഷം ഇനി വേറെ പണിയൊന്നുമില്ലല്ലോ.

***
                                 
ഭരണപരിഷ്‌കാര കമ്മിഷന്‍ എന്ന തസ്തികയില്‍ ഇരുത്തുന്നത് ഭൂതത്തെ കുപ്പിയില്‍ ആവാഹിച്ചിരുത്തുന്നതുപോലത്തെ എന്തോ വിദ്യയാണെന്ന് പലരും ധരിച്ചതായി തോന്നുന്നു. വി.എസ്സിനെ നിശ്ശബ്ദനാക്കാനൊന്നും ആര്‍ക്കും ഉദ്ദേശ്യമില്ല. അദ്ദേഹത്തിന് മന്ത്രിസഭയുടെ നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് തോന്നുമ്പോഴെല്ലാം കത്തെഴുതാം. അതിനുള്ള സ്റ്റേഷനറി കമ്മിഷനില്‍ ലഭ്യമാക്കും. ആരും ഒട്ടും മുഷിയില്ല. പത്രവാര്‍ത്തയും ചാനല്‍ചര്‍ച്ചയും തടയുന്നതല്ല. കത്തിന്മേല്‍ പൊളിറ്റ് ബ്യൂറോയോ മന്ത്രിസഭയോ നടപടിയെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നുമാത്രം. 
ഭരണപരിഷ്‌കാരകമ്മിഷന്റെ കാലാവധി ഏതുവരെയാണ്? അറിയില്ല. പണ്ട് ഇ.എം.എസ്. ഒരു കൊല്ലംകൊണ്ടാണ്, മുഖ്യമന്ത്രിപ്പണിക്കിടയില്‍ ഭരണപരിഷ്‌കാരം റിപ്പോര്‍ട്ടാക്കിയത്. തിരുമേനിക്ക് ഭരണവും പരിഷ്‌കാരവും ഒന്നിച്ചുപറ്റുമായിരുന്നു. ഇത്തവണ പരിഷ്‌കാരമല്ലേ വേണ്ടൂ, ഒരു വര്‍ഷം ധാരാളം എന്നുതീരുമാനിച്ചാല്‍ കളിമാറും. മന്ത്രിപദവിയും ഒരു കൊല്ലത്തേക്കേ ഉണ്ടാവൂ. അതുപോരല്ലോ. അഞ്ചുവര്‍ഷവും പരിഷ്‌കരിക്കണം ഭരണം. അതുറപ്പിച്ചിട്ടുപോരേ അങ്ങോട്ടു കേറുന്നത്?


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക

Friday, 5 August 2016

ഇടതുപക്ഷത്തിന് ബാലകൃഷ്ണപിള്ളയെ ഇനിയും മനസ്സിലായില്ലേ?പുതിയ സാങ്കേതികവിദ്യകള്‍ക്ക് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്. എടുത്താല്‍ പൊങ്ങാത്ത ക്യാമറകളുമായി ചാനലുകാര്‍ അണിനിരക്കാത്ത സംഭവവും പിറ്റേന്നു മാധ്യമങ്ങളില്‍ വീഡിയോ ആയി പ്രത്യക്ഷപ്പെടുകയും രാപകല്‍ ചര്‍ച്ചയാവുകയും ചെയ്യാം. തല്‍ക്കാലം ഇടതുപക്ഷമുന്നണി നേതാവു കൂടിയായ പോക്കറ്റ് സംഘടനയായ കേരളാകോണ്‍ഗ്രസ്സിന്റെ തലൈവര്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഒരക്കിടി പറ്റി. അടച്ചുറപ്പുള്ള ഒരു മുറിയില്‍ നടന്ന എന്‍.എസ്.എസ്. കരയോഗത്തില്‍ ചെയ്ത പ്രസംഗം നാട്ടിലെങ്ങും പാട്ടായി. ആരോ മൊബൈല്‍ ഫോണില്‍ അതു റെക്കോര്‍ഡ് ചെയ്താണ് ഈ പണി പറ്റിച്ചത്.

ഗൂഡാലോചന, വളച്ചൊടിക്കല്‍, എഡിറ്റിങ്ങ് തുടങ്ങിയ എന്തെല്ലാമോ വിക്രിയകള്‍ കാട്ടിയിട്ടാണ് ശത്രുക്കള്‍ തന്റെ പ്രസംഗത്തില്‍ താന്‍ പറയാത്ത, പറയാന്‍കൊള്ളാത്ത കാര്യങ്ങള്‍ ചേര്‍ത്തത്. എന്നാലും താന്‍ ക്ഷമ ചോദിക്കുന്നു. സമസ്താപരാധവും പൊറുക്കണം-അദ്ദേഹം നിര്‍വ്യാജം ഖേദിച്ചു. തുടര്‍ന്നു പുത്രന്‍ നിരുപാധികം മാപ്പു പറഞ്ഞു. പറയാതെ നിവൃത്തിയില്ല. മതേതരത്തിന്റെ അപോസ്തലന്മാരായതുകൊണ്ടാണ് ഇടതുപക്ഷത്തെ കേരളം ഇക്കുറി അധികാരത്തിലേറ്റിയത്. ഇടതുപക്ഷം ജയിപ്പിച്ചുവിട്ട എം.എല്‍.എ.മാരില്‍ ഒരാളാണ് ഗണേഷ്‌കുമാര്‍. അച്ഛന് ഇനി ഇലക്ഷനില്‍ നിന്നില്ലെങ്കിലും കുഴപ്പമില്ല. അതാണോ പുത്രന്റെ സ്ഥിതി!

ശത്രുക്കളുടെ ഗൂഢാലോചനയാണ് എല്ലാറ്റിനും കാരണമെന്നതിന് തെളിവായി അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ച ഒരു ചോദ്യമുണ്ട്-മുറിക്കകത്തു നടന്ന യോഗത്തിലെ പ്രസംഗം ഇങ്ങനെ റെക്കോഡ് ചെയ്തത് അതുകാരണമല്ലേ? സ്വകാര്യയോഗത്തില്‍ പറഞ്ഞത് റെക്കോഡ് ചെയ്യുന്നത് ശരിയാണോ?  രഹസ്യക്യാമറ ഉപയോഗിച്ച് പത്രപ്രവര്‍ത്തകര്‍ എന്തെങ്കിലും റെക്കോഡ് ചെയ്ത് വാര്‍ത്തയാക്കുന്നതിനെ സ്റ്റിങ്ങ് ക്യാമറ റിപ്പോര്‍ട്ടിങ്ങ് എന്നു വിളിക്കുമെങ്കിലും ഇതൊരു പക്ഷേ, സ്റ്റിങ്ങ് ഓപറേഷന്‍ ആയിരിക്കില്ല. ഇതു സിറ്റിസണ്‍ ജേണലിസം എന്നോ വിസില്‍ ബ്ലോയിങ്ങ് എന്നോ പോലും പറയാന്‍ പറ്റില്ല. എങ്കിലും ഈ രഹസ്യപ്പണി മികച്ച പത്രപ്രവര്‍ത്തനം തന്നെയാണ്. ബാലകൃഷ്ണപിള്ളയ്ക്ക് അതൊട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ഇങ്ങനെയും ഉണ്ടോ മനുഷ്യര്! സ്വകാര്യമായി പറഞ്ഞതു പരസ്യപ്പെടുത്തുക...മഹാ അപരാധംതന്നെ. അല്ലേ?

ബാലകൃഷ്ണപിള്ളയുടെ ഒരു പ്രസംഗമെങ്കിലും കേട്ടിട്ടുള്ളവര്‍ക്കറിയാം ഇപ്പോള്‍ വിവാദമായ പ്രസംഗത്തിലെ ഒരു വാചകം പോലും അദ്ദേഹത്തിന്റേത് അല്ലാത്തതായി ഇല്ല എന്ന്. ബാലകൃഷ്ണപിള്ളയുടെ തനത് ശൈലിയിലാണ് പ്രസംഗം ഉടനീളം. പറഞ്ഞതെല്ലാം ശരിയായിരിക്കാം, പക്ഷേ, അദ്ദേഹം ഇങ്ങനെ പച്ചയായി വര്‍ഗീയം  പറയുമോ എന്നാരും ചോദിച്ചുപോകും. ഇല്ലായിരിക്കും, പുറത്തുള്ളവര്‍ അതു കേള്‍ക്കുമെന്നുറപ്പാണെങ്കില്‍ പറയില്ല ഈ ഭാഷയില്‍. ഇല്ലെന്നുറപ്പായാല്‍ ഇതിലപ്പുറവും പറയും. വെള്ളാപ്പള്ളിയോട് മത്സരിക്കുന്ന ഒരു 'മതേതര' നേതാവ് പിന്നെയങ്ങനെയാണ് പ്രസംഗിക്കേണ്ടത്? പുറത്തുള്ളവരും പത്രക്കാരും കേള്‍ക്കുമെന്നുറപ്പുള്ളപ്പോഴും വര്‍ഗീയം പറയുന്നവരാണ് കുറെക്കൂടി മാന്യന്മാര്‍ എന്നു തോന്നിപ്പോകുന്നു. വര്‍ഗീയതയിലെങ്കിലും അവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടല്ലോ.

പുറത്ത് ഒന്ന്, അകത്ത് മറ്റൊന്ന്

തനിക്ക് രഹസ്യമില്ല എന്നു മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. പുറത്തുപറയാന്‍ കൊള്ളാത്തതൊന്നും അദ്ദേഹം അകത്തും പറഞ്ഞിട്ടില്ല. അത്രത്തോളമൊന്നും നമ്മുടെ രാഷ്ട്രീയക്കാരില്‍നിന്നോ ജാതി-മതനേതാക്കളില്‍നിന്നോ പ്രതീക്ഷിക്കേണ്ട. ജാതി മതനേതാക്കളുടെയും പുരോഹിത വേഷക്കാരുടെയും സമീപനങ്ങള്‍ രാഷ്ട്രീയക്കാരുടേതിനേക്കാള്‍ മോശമാണ് എന്ന് ആരാധനാലയങ്ങളുടെ മതില്‍കെട്ടിനുള്ളിലും ചിലപ്പോഴെല്ലാം പുറത്തും നടക്കുന്ന പ്രസംഗങ്ങള്‍ കേട്ടാല്‍ മനസ്സിലാകും. ഗാന്ധിയന്‍ വഴിയില്‍ സഞ്ചരിക്കണമെന്നൊന്നും ആരെയും ഉപദേശിക്കാന്‍ ഇക്കാലത്തു സാധിക്കില്ല. പക്ഷേ, ഒന്നു പറയാം. എന്‍.എസ്.എസ് പോലെയോ എസ്.എന്‍.ഡി.പി. പോലെയോ ഉള്ള ജാതി യോഗങ്ങളിലെങ്കിലും നാട്ടുകാര്‍ക്ക്ു കേള്‍ക്കാന്‍ കൊള്ളാത്ത കാര്യങ്ങള്‍ പറയരുത്-നേതാക്കള്‍ ഒട്ടും പറയരുത്.

എന്‍.എസ്.എസ്സിലും എസ്.എന്‍.ഡി.പി.യിലും മുസ്ലിം-കൃസ്ത്യന്‍ സംഘടനായോഗങ്ങളിലും പങ്കെടുക്കുന്നവര്‍ക്കെല്ലാം അവരുടെ വിഭാഗത്തോടുള്ള കൂറ്  കലശലായി ഉണ്ടാകുമെങ്കിലും അക്രമാസക്തമായ വിദ്വേഷം അവരില്‍ അധികം പേര്‍ക്കുണ്ടാവില്ല. പല രാഷ്ട്രീയപ്രമാണങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇത്തരം സംഘടനകളുടെ യോഗത്തിലെത്തും. അവരെയും തങ്ങളെപ്പോലെ കൊടിയ വര്‍ഗീയവാദികളാക്കുകയാണ് പല ജാതി-മത നേതാക്കളുടെയും അജന്‍ഡ. ബാലകൃഷ്ണപിള്ള ഇതുപോലെ എത്ര യോഗങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടാവും?  എത്ര നായന്മാരെക്കൊണ്ട് അദ്ദേഹം വെള്ളാപ്പള്ളിയാണ് ശരി എന്നു ചിന്തിപ്പിച്ചിട്ടുണ്ടാവും?

ഇപ്പോള്‍ ഇടതുപക്ഷത്തുനില്‍ക്കുന്ന ഒരു നേതാവ് അടച്ചുറപ്പുള്ള മുറിയില്‍ ഉപയോഗിക്കുന്ന ഭാഷ ഇതാണെങ്കില്‍ ശുദ്ധവര്‍ഗീയം മാര്‍ഗമായി സ്വീകരിച്ചവര്‍ എന്തെല്ലാമായിരിക്കും പ്രസംഗിക്കുന്നുണ്ടാവുക എന്നു അദ്ഭുതപ്പെട്ടുപോകുന്നു. താല്‍ക്കാലിക അഭയകേന്ദ്രം ആയിട്ടാണ് ഈ പിള്ളാകേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ നില്‍ക്കുന്നത്. യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് ആഗ്രഹം കാണില്ല. കാരണം ഇനി മടങ്ങിയാലും മന്ത്രിസ്ഥാനവും സൗകര്യങ്ങളുമൊന്നും പ്രതീക്ഷിക്കുക  വയ്യ. വെള്ളാപ്പള്ളിയുടെ വഴി തന്നെയാണ് പി.കെ.നാരായണപണിക്കര്‍ക്കും ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും നല്ലത്. ആളെണ്ണവും കുടിലതയും കൂടുതലുള്ളതുകൊണ്ട് വെള്ളാപ്പള്ളി ആദ്യം ചാടി വീണെന്നേ ഉള്ളൂ. ആഡ്യന്മാരെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വീകരിക്കും എന്നുറപ്പുണ്ടായിരുന്നുവെങ്കില്‍ ഈ പിള്ളമാര്‍ എന്നേ എന്‍.ഡി.എ.യില്‍ എത്തിയിട്ടുണ്ടാകുമായിരുന്നു. പേടിക്കേണ്ട, വൈകിയിട്ടില്ല!

മുസ്ലിം-കൃസ്ത്യന്‍ മതങ്ങള്‍ക്കെതിരെ ആരുമൊന്നും പറഞ്ഞുകൂടെന്നൊരു നിലപാട് മതേതരപക്ഷത്തുനില്‍ക്കുന്നവര്‍ക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. മതേതരക്കാരും അല്ലാത്തവരുമായ രാഷ്ട്രീയക്കാര്‍ - പുരോഗമന വിപ്ലവകാരികള്‍ പോലും- വോട്ടുകിട്ടാന്‍ വേണ്ടി, പറയേണ്ടതുപോലും പറയുന്നില്ല എന്നു നമുക്കറിയാം. ഹിന്ദു വര്‍ഗീയതയ്ക്ക് എരിവു കൂട്ടുന്നതില്‍ മുസ്ലിം സംഘടനകളും പങ്കുവഹിക്കുന്നുണ്ട്, മറിച്ചും ഉണ്ട്. ഒരു വര്‍ഗീയവാദി മറ്റേ വര്‍ഗീയതയെ എതിര്‍ക്കുന്നത് ആ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. അവര് ചെയ്യുന്നു, അതുകൊണ്ടു നമ്മളും ചെയ്യണം എന്നതാണ് സമീപനം. അവര്‍ തെറ്റുചെയ്യുന്നു, നമ്മള്‍ അതു ചെയ്യരുത് എന്നല്ല. മതങ്ങളും വിമര്‍ശിക്കപ്പെടുകതന്നെ വേണം. പക്ഷേ, അതു വസ്തുതാപരമായി വിവരങ്ങള്‍ അവതരിപ്പിച്ചുതന്നെയാവണം.  ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപരത്തി വിദ്വേഷം പടര്‍ത്തിക്കൊണ്ടാവരുതെന്നുമാത്രം.

മതങ്ങളെല്ലാം ഒറ്റക്കെട്ട്

മുസ്ലിംപള്ളിയില്‍ സ്ത്രീകളെ അനുവദിക്കാന്‍ കോടതി പറയുമോ, പിന്നെയെന്തിന് ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കണം എന്ന മട്ടിലുള്ള ബാലകൃഷ്ണപിള്ളയെപ്പോലുള്ളവരുടെ വാദത്തില്‍ വലിയ കഴമ്പൊന്നുമില്ല. പള്ളികളില്‍ സ്ത്രീകള്‍ കയറരുത് എന്നൊന്നും മതം പറയുന്നില്ല, ക്ഷേത്രത്തില്‍ സ്്ത്രീകള്‍ കയറരുത് എന്നു ഹിന്ദുമതവും പറയുന്നില്ല. ശബരിമലയുടെ കാര്യത്തിലായാലും പള്ളിയുടെ കാര്യത്തിലായാലും കോടതികള്‍ ആധാരമാക്കുന്ന നിയമങ്ങള്‍ ഒന്നുതന്നെയാണ്. കോടതികളെ മതകാര്യത്തില്‍ നിര്‍ബന്ധിക്കുന്ന വിവേചനപരമായ നിയമങ്ങളൊന്നും ഇല്ല. ഉള്ളത് വ്യക്തിനിയമങ്ങള്‍ മാത്രമാണ്. മതകാര്യത്തില്‍ കോടതിയും പാര്‍ലമെന്റും ഒന്നും ഇടപെടരുത് എന്ന കാര്യത്തില്‍ ഹിന്ദു-മുസ്ലിം -ക്രിസ്ത്യന്‍ മതക്കാരെല്ലാം ഒറ്റക്കെട്ടാണ്. നിയമവും കോടതിയുമൊന്നും ഇങ്ങോട്ടുകടക്കേണ്ട. ഞങ്ങള്‍ എന്തും ചെയ്യും, ആരും ഇടപെടരുത്. സതിയനുഷ്ഠാനം പോലും ഇന്നായിരുന്നെങ്കില്‍ നിരോധിക്കാന്‍ പറ്റുമായിരുന്നില്ല. അത്രയ്ക്ക് ഭീതിജനകമായിരിക്കുന്നു വര്‍ഗീയതയുടെ വിഷപ്പല്ലുകള്‍.

പിള്ള മാപ്പു പറഞ്ഞതുകൊണ്ട് അദ്ദേഹത്തോട് ക്ഷമിക്കണമെന്നാണ് മുസ്ലിം സംഘടനകള്‍ പറഞ്ഞത്. ന്യായവും പക്വവുമാണ് ആ സമീപനം. അവര്‍ക്കു പിള്ളയെ മനസ്സിലായി, ഇനി കൂടുതലൊന്നും പറയേണ്ട കാര്യമില്ല. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട അപൂര്‍വം ചില ഇടതുപക്ഷസഹയാത്രികരും ഇതേ നിലപാട് എടുത്തതിന്റെ അര്‍ത്ഥം മനസ്സിലാവുന്നില്ല. പിള്ള മാപ്പു പറഞ്ഞു...ഇനി നമ്മളൊന്നും ചെയ്യേണ്ട എന്നവരും പറഞ്ഞു. മുസ്ലിംമനസ്സിനു പിള്ളയോട് ക്ഷമിക്കാനാവും. പക്ഷേ, കേരളത്തിന്റെ മതേതര മനസ്സിന് ഇതു ക്ഷമിക്കാനാവില്ല. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും അതു സാധ്യമാവില്ല. മതേതരപക്ഷത്തുനില്‍ക്കുന്നവര്‍ക്കാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയിട്ടുള്ളത്. ഇങ്ങനെയാണോ മതേതരക്കാരുടെയും മനസ്സ് എന്ന് ന്യൂനപക്ഷമതവിഭാഗങ്ങള്‍ ശങ്കിച്ചുപോകും. ഇടതുപക്ഷത്തിന് ഇനിയും പിള്ളയെ മനസ്സിലായില്ലേ?
(Published on 4.8.16)