Sunday, 7 August 2016

സമദൂരസൗഹൃദ സിദ്ധാന്തം
അടുത്ത അഞ്ചുവര്‍ഷവും യു.ഡി.എഫില്‍ ഒതുങ്ങിക്കൂടിക്കൊള്ളാമെന്ന് 
അടുത്ത അഞ്ചുവര്‍ഷവും യു.ഡി.എഫില്‍ ഒതുങ്ങിക്കൂടിക്കൊള്ളാമെന്ന് കേരളാകോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ ഒന്നുറപ്പ് ആ പാര്‍ട്ടിയുടെ പേര് കേരളാകോണ്‍ഗ്രസ് എന്നല്ല. അടുത്ത അഞ്ചുവര്‍ഷം ദുരിതകാലമാവും. കേരളത്തിലോ കേന്ദ്രത്തിലോ അധികാരത്തിന്റെ നാലയലത്തുപോകാന്‍ സാധിക്കില്ല. കേന്ദ്രത്തില്‍ മൂന്നുവര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പുണ്ടാകും. പക്ഷേ, വലിയ പ്രതീക്ഷയില്ല. കേരളംപോലെയല്ല കേന്ദ്രം. മൗനിസ്വാമിയെപ്പോലെനടന്ന ഡോ. മന്‍മോഹന്‍സിങ്ങിന് രണ്ടാംവട്ടം ഭരണംകൊടുത്ത ജനങ്ങളാണ്. മൂന്നുവര്‍ഷംതന്നെ കെ.എം. മാണിക്ക് ഒരു യുഗംപോലെ ദൈര്‍ഘ്യമേറിയതാണ്. അതുകൊണ്ട് ഇപ്പോള്‍ തീരുമാനിക്കണംഇടത്തോട്ടോ വലത്തോട്ടോ നേരേയോ? ജങ്ഷനില്‍ അധികസമയം നിര്‍ത്തിയിട്ട് ട്രാഫിക് ബ്ലോക്കുണ്ടാക്കാന്‍ പറ്റില്ല.
അങ്ങനെയിരിക്കവേയാണ് സമദൂരസിദ്ധാന്തത്തിന്റെ സാധ്യത മനസ്സില്‍ത്തെളിഞ്ഞത്. എന്‍.എസ്.എസ്സിന്റെ സുകുമാരന്‍നായര്‍ പറഞ്ഞതാണ് സമദൂരമെന്ന് ധരിക്കരുത്. കാള്‍മാര്‍ക്‌സിന്റെ തൊഴിലാളിവര്‍ഗ തത്ത്വശാസ്ത്രത്തിനുബദലായി അധ്വാനവര്‍ഗസിദ്ധാന്തമുണ്ടാക്കിയ വിരുതനാണ് മാണിസാറ്. അദ്ദേഹത്തിന് എന്‍.എസ്.എസ്. സിദ്ധാന്തം കടമെടുക്കേണ്ട ഗതികേടൊന്നുമില്ല. 
തുല്യഅകലമല്ല, തുല്യഅടുപ്പമാണ് വേണ്ടത്. അകലം നെഗറ്റീവാണ്. അടുപ്പമല്ലേ പോസിറ്റീവ്. ബി പോസിറ്റീവ്! അല്ലെങ്കിലും മാണി എന്തിനാണ് ഇക്കൂട്ടരോടൊക്കെ നെഗറ്റീവ് സമദൂരം പുലര്‍ത്തുന്നത്? ആരും മാണിക്കെതിരല്ല, മാണി ആര്‍ക്കും എതിരുമല്ല. യു.ഡി.എഫിന്റെ കാര്യമെടുക്കാം. ഉണ്ടാക്കിയതുതന്നെ കെ.എം. മാണി. അതുകൊണ്ട് വിശേഷിച്ച് കാര്യമൊന്നുമില്ലെന്ന് അറിയാഞ്ഞിട്ടല്ല. തലതൊട്ടപ്പന്മാര്‍ക്ക് പണികൊടുക്കുകയെന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യം. 1967ല്‍ വീണുകിടന്ന കോണ്‍ഗ്രസ്സിനെ പൊക്കിയെടുത്ത് അധികാരത്തിലെത്തിച്ച കെ. കരുണാകരന്റെ അവസാനകാല അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാണിക്ക് ദുഃഖിക്കാനൊന്നുമില്ല. എന്നാലും സഹിക്കുന്നില്ല. അവസാനത്തെ ബാറും കോഴയും രാജിയും... വരട്ടെ, കരുതിവെച്ചിട്ടുണ്ട്.  
അതെ, സമദൂരസൗഹൃദ സിദ്ധാന്തത്തിന്റെ ഭാഗമായി കേരളാകോണ്‍ഗ്രസ് പ്രത്യേക ബ്ലോക്കായി ഇരിക്കുന്നു. ഇല്ല, യു.ഡി.എഫിനോട് വിരോധമൊന്നുമില്ല. ബാര്‍കോഴക്കേസില്‍ കുരുക്കാനും അതുവഴി കെ.എം. മാണി മുഖ്യമന്ത്രിയാകുന്നത് ശാശ്വതമായി തടയാനും ഗൂഢാലോചനനടത്തിയ സകലരെയും നോട്ടമിട്ടിട്ടുണ്ട്. അത് വഴിയേ നോക്കാം. യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും തുല്യഅടുപ്പം. എന്നാല്‍ ഏതുസമയത്തും എല്‍.ഡി.എഫിലേക്ക് ചാടിയേക്കുമെന്ന പ്രതീക്ഷ അവരിലും ആശങ്ക മറ്റവരിലും വളര്‍ത്തണം. വിജിലന്‍സ് തലപ്പത്ത് ഒരു കുരുത്തംകെട്ടവനാണ് ഇരിക്കുന്നത് എന്നത് ശരിതന്നെ. അതിനും പിണറായി വിചാരിച്ചാലാണോ ഒരു വഴിയുണ്ടാക്കാന്‍ കഴിയാത്തത്!
കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ.യിലേക്ക് ചാടിയാല്‍ എന്തോ ആകാശം ഇടിഞ്ഞുവീഴുമെന്നൊക്കെ ചില സാത്താന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ പി.സി. തോമസ് മന്ത്രിയായപ്പം ആകാശം ഇടിഞ്ഞുവീണുവോ? ഇല്ല. ഈ മന്ത്രിസ്ഥാനം മറ്റുള്ളവര്‍ക്ക് നല്‍കുന്ന സന്ദേശമാണെന്ന് അന്നേ പറഞ്ഞതാണ് നമ്മുടെ നിയമസഭയിലെ പ്രഥമ ബി.ജെ.പി. അക്കൗണ്ട് ഹോള്‍ഡര്‍ ഒ. രാജഗോപാല്‍. അദ്ദേഹം മാന്യനായതുകൊണ്ടാണ് സന്ദേശം എന്ന വാക്കുപയോഗിച്ചത്. ബി.ജെ.പി.യിട്ട ഇരയാണ് പി.സി. തോമസ് എന്നും അതില്‍ കൊത്തി ഇനി ആര്‍ക്കുവേണമെങ്കിലും ഞങ്ങളുടെ ചട്ടിയിലേക്ക് കടന്നുവരാം എന്നുമായിരുന്നു അതിനര്‍ഥം. ആരും കൊത്തിയില്ല. ഒ. രാജഗോപാലിന്റെ സന്ദേശംകേട്ട് ഞെട്ടുകയും ഒരു നിമിഷം കളയാതെ പ്രതികരിക്കുകയും ചെയ്തവരില്‍ വെള്ളാപ്പള്ളി നടേശനുമുണ്ട് സുകുമാരന്‍ നായരുമുണ്ട്. 'ഞങ്ങളൊന്നുമില്ല ആ വഴിക്ക്' എന്നാണവര്‍ ഉറച്ചുപറഞ്ഞത്. അതൊന്നും ഇപ്പോള്‍ ഓര്‍മിച്ചിട്ട് കാര്യമില്ല. വര്‍ഷം 13 കഴിഞ്ഞില്ലേ? വാജ്‌പേയിയും അദ്വാനിയുമൊന്നും അത്ര വിശ്വസിക്കാന്‍ പറ്റിയവരല്ലാന്നേ... നരേന്ദ്രമോദിയും അമിത്ഷായും അവരെപ്പോലെയാണോ? നല്ല ക്ലീന്‍ പാര്‍ട്ടീസല്ലേ... ന്യൂനപക്ഷം എന്നൊക്കെ കേട്ടാല്‍ കണ്ണീരുവരും രണ്ടാള്‍ക്കും.
സമയം ഇനി അധികമില്ല. പ്രത്യേക ബ്ലോക്കായി ഇരുന്നാല്‍ മൂന്നുകൂട്ടരുമായും ഒരേസമയം വിലപേശാം. ധൃതിയൊന്നുമില്ല. ആടിന്റെ വേഷത്തില്‍ വരും ദുരമൂത്ത ചെന്നായ്ക്കള്‍ എന്ന് വിശുദ്ധപുസ്തകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂക്ഷിച്ചേ പറ്റൂ. ആദ്യത്തെ കരു ഇന്നുതന്നെ നീക്കിക്കളയാം.

***
വിനാശകാലേ വിപരീതബുദ്ധി എന്ന് പണ്ടാരോ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസ്സുകാരെപ്പറ്റിയല്ല. എന്നാലും ഈ സമയത്ത് ഒരു സംഘടനാതിരഞ്ഞെടുപ്പ് നടത്തിക്കളയാമെന്ന് തീരുമാനിക്കുന്നതിന്റെ ബുദ്ധി എത്ര ആലോചിച്ചാലും മനസ്സിലാവില്ല. പെരുങ്കളിയാട്ടം പത്തുപന്ത്രണ്ടുകൊല്ലം കൂടുമ്പോള്‍ നടക്കും. അതിന്റെ ഇരട്ടി കാലം കഴിയുമ്പോഴേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പുനടക്കൂ. വലിയ ജനാധിപത്യപ്പാര്‍ട്ടിയായിപ്പോയതാണ് പ്രശ്‌നം. ഏതുകാലത്താണ് ഒടുവില്‍ സംഘടനാതിരഞ്ഞെടുപ്പ് നടന്നത്? 1992ലാണെന്നാണ് മാധ്യമരേഖകളില്‍ കാണുന്നത്. ഇനി കെ.പി.സി.സി. ഓഫീസിലെ രേഖകളില്‍ വേറെവല്ലതും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. കാല്‍നൂറ്റാണ്ടുമുമ്പുനടന്ന ആ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സുകാര്‍ മറക്കില്ല. നാട്ടുകാരും കൂട്ടുകാരുമായ വയലാര്‍ രവിയും എ.കെ. ആന്റണിയും മത്സരിച്ചപ്പോള്‍ ആദര്‍ശധീരത കൂടുതലുള്ളതുകൊണ്ടാവണം ആന്റണിയാണ് തോറ്റത്. വയലാര്‍ രവിക്ക് ചരിത്രത്തില്‍ എഴുതിവെക്കാവുന്ന മറ്റൊരു റെക്കോഡുകൂടിയുണ്ട്. 35 കൊല്ലത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും അവസാനത്തെയും പ്രസിഡന്റാണ് അദ്ദേഹം. ബാക്കിയെല്ലാം നോമിനേറ്റഡ് പ്രസിഡന്റുമാരാണ്. നാണിക്കാനൊന്നുമില്ല. പ്രസിഡന്റാകാന്‍ മത്സരിക്കേണ്ടിവരുന്നതല്ലേ നാണക്കേട്?  
നിയമസഭാതിരഞ്ഞെടുപ്പെന്ന വെട്ടുകുഴിയില്‍ വീണതിന്റെ  ചികിത്സയിലാണ് പാര്‍ട്ടി. എല്ലുകളെല്ലാം പൊട്ടിയവനോട് തെങ്ങുകയറണമെന്ന് പറയുന്നത് മര്യാദയാണോ? അതിനിടയിലാണ് സംഘടനാതിരഞ്ഞെടുപ്പെന്ന പൊല്ലാപ്പും വരുന്നത്. അത് എക്കാലത്തും ഒരു ക്രമസമാധാനപ്രശ്‌നമാണ്. തരക്കേടില്ല, ആഭ്യന്തരവകുപ്പ് നമ്മുടെ കൈവശമുണ്ടായിരുന്നെങ്കില്‍. എല്ലൂരിയാവും കോല്‍ക്കളി, പിണറായിപ്പോലീസ് തിരിഞ്ഞുനോക്കില്ല.   
വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഇറക്കിനിര്‍ത്തിയേ സംഘടനാതിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ടത്രെ ഗ്രൂപ്പുകള്‍. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയേ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് പറയുംപോലെയാണിത്. ഒരു പാര്‍ട്ടിയും അങ്ങനെ പറയാറില്ല. അത്രയുണ്ട് കോണ്‍ഗ്രസ്സിലെ സൗഹാര്‍ദം. ചാനലില്‍ ചിരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും നോക്കണ്ട. ഇപ്പോള്‍ നേതാക്കളെല്ലാം നല്ല നടന്മാരാണ്. സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കിയത് ഇവിടെ ആരോടും ചോദിച്ചിട്ടല്ല. ഗ്രൂപ്പിസം ഇല്ലാതാക്കുകയെന്ന ദുരുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ രാഹുല്‍ഗാന്ധിക്ക്. അതുനടന്നില്ലെങ്കിലും വേറൊരു കാര്യം നടന്നു. എ, ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഒന്നാണത്രെ. സുധീരനെ നാടുകടത്തുക എന്ന പൊതുലക്ഷ്യമേ രണ്ടുഗ്രൂപ്പിനും ഉള്ളൂ. ഇതുസാധിച്ചാല്‍ അവര്‍ പോരാട്ടം പുനരാരംഭിച്ചോളും, പൂര്‍വാധികം വീറോടെ. അഞ്ചുവര്‍ഷം ഇനി വേറെ പണിയൊന്നുമില്ലല്ലോ.

***
                                 
ഭരണപരിഷ്‌കാര കമ്മിഷന്‍ എന്ന തസ്തികയില്‍ ഇരുത്തുന്നത് ഭൂതത്തെ കുപ്പിയില്‍ ആവാഹിച്ചിരുത്തുന്നതുപോലത്തെ എന്തോ വിദ്യയാണെന്ന് പലരും ധരിച്ചതായി തോന്നുന്നു. വി.എസ്സിനെ നിശ്ശബ്ദനാക്കാനൊന്നും ആര്‍ക്കും ഉദ്ദേശ്യമില്ല. അദ്ദേഹത്തിന് മന്ത്രിസഭയുടെ നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് തോന്നുമ്പോഴെല്ലാം കത്തെഴുതാം. അതിനുള്ള സ്റ്റേഷനറി കമ്മിഷനില്‍ ലഭ്യമാക്കും. ആരും ഒട്ടും മുഷിയില്ല. പത്രവാര്‍ത്തയും ചാനല്‍ചര്‍ച്ചയും തടയുന്നതല്ല. കത്തിന്മേല്‍ പൊളിറ്റ് ബ്യൂറോയോ മന്ത്രിസഭയോ നടപടിയെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നുമാത്രം. 
ഭരണപരിഷ്‌കാരകമ്മിഷന്റെ കാലാവധി ഏതുവരെയാണ്? അറിയില്ല. പണ്ട് ഇ.എം.എസ്. ഒരു കൊല്ലംകൊണ്ടാണ്, മുഖ്യമന്ത്രിപ്പണിക്കിടയില്‍ ഭരണപരിഷ്‌കാരം റിപ്പോര്‍ട്ടാക്കിയത്. തിരുമേനിക്ക് ഭരണവും പരിഷ്‌കാരവും ഒന്നിച്ചുപറ്റുമായിരുന്നു. ഇത്തവണ പരിഷ്‌കാരമല്ലേ വേണ്ടൂ, ഒരു വര്‍ഷം ധാരാളം എന്നുതീരുമാനിച്ചാല്‍ കളിമാറും. മന്ത്രിപദവിയും ഒരു കൊല്ലത്തേക്കേ ഉണ്ടാവൂ. അതുപോരല്ലോ. അഞ്ചുവര്‍ഷവും പരിഷ്‌കരിക്കണം ഭരണം. അതുറപ്പിച്ചിട്ടുപോരേ അങ്ങോട്ടു കേറുന്നത്?


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക

No comments:

Post a comment