ആദ്യബജറ്റ് ചോര്‍ന്ന ബജറ്റ്, പത്രാധിപര്‍ക്ക് ശിക്ഷ
സര്‍ക്കാറിന്റെ ബജറ്റ് ചോര്‍ന്നതായി അടുത്ത കാലത്തൊന്നും വാര്‍ത്തയായിട്ടില്ല. കേരളത്തില്‍ ഒരിക്കലേ അതു സംഭവിച്ചിട്ടുള്ളൂ. കേരളത്തിന്റെ ആദ്യസര്‍ക്കാറിന്റെ ആദ്യബജറ്റ് നിയമസഭയിലവതരിപ്പിക്കുംമുമ്പ് പത്രത്തില്‍ അടിച്ചുവന്നു. വലിയ വിവാദമായി. അന്നു പ്രതിക്കൂട്ടിലായത് മലയാളത്തിലെ ഏറ്റവും ധിഷണാശാലിയായ പത്രാധിപര്‍ എന്നു വിളിക്കാവുന്ന കെ. ബാലകൃഷ്ണന്‍. ചോര്‍ത്തിയത് കൗമുദി പത്രത്തിനുവേണ്ടി.

1957 ജൂണ്‍ ഏഴിനു ബജറ്റ് അവതരിപ്പിച്ചത് കേരളത്തിന്റെ ആദ്യ ധനകാര്യമന്ത്രി സി. അച്യുതമേനോനാണ്. ബജറ്റിലെ നിര്‍ദേശങ്ങള്‍ പ്രത്യേകിച്ചും നികുതിനിര്‍ദേശങ്ങള്‍ വന്‍രഹസ്യങ്ങളാണ്. കേന്ദ്രബജറ്റ് ആണെങ്കില്‍ രഹസ്യങ്ങളറിയാവുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു ബജറ്റ് സഭയില്‍ അവതരിപ്പിക്കുംവരെ വീട്ടില്‍പോകാനോ ആരോടെങ്കിലും ഫോണില്‍ ബന്ധപ്പെടാനോ പോലും കഴിയില്ല. അത്ര രഹസ്യമാണ്. നികുതിവര്‍ധന സാധാരണ ബജറ്റ് അവതരിപ്പിച്ച ദിവസം രാത്രി മുതലൊക്കെ നിലവില്‍വരുന്നതുകൊണ്ടു മുന്‍കൂട്ടിയറിഞ്ഞാല്‍ പൂഴ്ത്തിവച്ചും മറ്റും കൊള്ളലാഭമുണ്ടാക്കുമെന്നതാണ് ഈ രഹസ്യാത്മകതയുടെ പ്രായോഗികപ്രാധാന്യം.

എന്തായാലും, കേരളത്തിന്റെ ആദ്യബജറ്റ് അവതരണം വന്‍വിവാദമാകാന്‍ കാരണം അവതരിപ്പിക്കുന്നതിനും രണ്ടുദിവസം മുമ്പ് കൗമുദി പത്രത്തില്‍ ബജറ്റിന്റെ നല്ലൊരു ഭാഗം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു എന്നതാണ്. കൗമുദി ആര്‍.എസ്.പിയുടെ മുഖപത്രമാണ്. പത്രം പ്രസിദ്ധീകരണമാരംഭിക്കുന്നതാകട്ടെ വെറും ഒരു മാസം മുമ്പ് മെയ് 10നും. പത്രം ബജറ്റ് ചോര്‍ത്തിയത് സ്‌കൂപ്പ് ഉണ്ടാക്കാനായിരുന്നില്ല എന്നതാണ് സത്യം. അതൊരു രാഷ്ട്രീയപ്രേരിത നടപടിയായിരുന്നു. ഗവണ്മെന്റ് പ്രസ്സിലെ ആര്‍.എസ്.പി യൂനിയനില്‍പെട്ട തൊഴിലാളികളാണ് ബജറ്റ് ഭാഗങ്ങള്‍ ചോര്‍ത്തി ആര്‍.എസ്.പിയുടെ മുഖപത്രത്തിനു നല്‍കിയത്.

 ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഭരണം കൊള്ളരുതാത്തതാണ് എന്നു തെളിയിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. പുതുമയും സാഹസികതയും ഉള്ള എന്തുകിട്ടിയാലും പ്രസിദ്ധപ്പെടുത്തുന്ന പത്രാധിപരായ കെ ബാലകൃഷ്ണന് അതിനെക്കുറിച്ച് രണ്ടുവട്ടം ചിന്തിക്കേണ്ടി വന്നില്ല. നിയമമൊന്നും അദ്ദേഹം നോക്കിയില്ല. ബജറ്റ് അവതരിപ്പിക്കുംമുമ്പുതന്നെ പ്രതിപക്ഷാംഗങ്ങള്‍ കൗമുദി പത്രം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാറിന്റെ പിടിപ്പുകേടിനെതിരെ ആഞ്ഞടിച്ചു.

 പത്രത്തില്‍ ബജറ്റ് സ്‌കൂപ്പ് വന്ന ദിവസംതന്നെ മന്ത്രിസഭ യോഗം ചേര്‍ന്ന് അടിയന്തരനടപടികള്‍ സ്വീകരിച്ചു. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചു. കെ. ബാലകൃഷ്ണന്റെ വീട് സേര്‍ച്ച് ചെയ്തു. ബാലകൃഷ്ണനെയും മറ്റുപ്രതികളെയും അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരേ ഔദ്യോഗികരഹസ്യനിയമം അനുസരിച്ചു കേസെടുത്തു. ബ്രിട്ടീഷുകാര്‍ ഭരണതാല്‍പര്യം സംരക്ഷിക്കാന്‍ 1923ല്‍ ഉണ്ടാക്കിയ നിയമമാണ് കമ്യൂണിസ്റ്റ് ഗവണ്മെണ്ട് ഉപയോഗിക്കുന്നതെന്നൊക്കെ വിമര്‍ശനമുണ്ടായി. എന്നിട്ടും ബജറ്റുചോര്‍ത്തിയവര്‍ക്കെതിരേ കേസുണ്ടായി. പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ ആണ് ഒന്നാം പ്രതി. ബ്യൂറോ ചീഫ് ജി. വേണുഗോപാല്‍ രണ്ടാം പ്രതി, തൊഴിലാളി നേതാവ് പി. ശേഖരപിള്ള മൂന്നാം പ്രതി. കേസ് തീരുമാനമാകുംമുമ്പുതന്നെ ബ്യൂറോ ചീഫ് ജി. വേണുഗോപാലിന്റെ പ്രസ് അക്രഡിറ്റേഷന്‍ സര്‍ക്കാര്‍ റദ്ദാക്കി. ബജറ്റിന്റെ ഒരു ഭാഗം മാത്രമേ ചോര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നതുകൊണ്ട് മുന്‍കൂര്‍വന്ന വാര്‍ത്തയും യഥാര്‍ഥ ബജറ്റും തമ്മില്‍ ചില പ്രധാന വൈരുധ്യങ്ങളുണ്ടായി.
കമ്മിബജറ്റ് എന്നായിരുന്നു കൗമുദിയുടെ സ്‌കൂപ്പ് വാര്‍ത്തയുടെ എട്ടുകോളം തലക്കെട്ട്. പക്ഷേ, സി. അച്യുതമേനോന്റെ ബജറ്റില്‍ മൂന്നുകോടി രൂപ കമ്മിയായിരുന്നു. ബജറ്റ് യഥാര്‍ഥത്തില്‍ കമ്മിയോ മിച്ചമോ എന്നതുസംബന്ധിച്ച് അന്നു ബജറ്റുചര്‍ച്ചയില്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടായി. അടുത്ത കാലംവരെ ഓരോ ബജറ്റിലെയും കമ്മി എത്ര എന്നതിനെക്കുറിച്ച് ആളുകള്‍ വേവലാതിപ്പെടാറുണ്ടായിരുന്നു. ഇന്നത് ആരും തിരക്കാറുപോലുമില്ല. ബജറ്റിലെ കമ്മിക്കും മിച്ചത്തിനുമൊന്നും ഒരു വിലയുമില്ലെന്ന് ഇന്ന് ആളുകള്‍ക്കറിയാം. എന്തായാലും അന്നത്തെ കേസും വിവാദവുമെല്ലാം കുറച്ചുകാലം അങ്ങനെ തുടര്‍ന്നു. പത്രാധിപരെയും ചീഫ് റിപ്പോര്‍ട്ടറെയും കോടതി ശിക്ഷിച്ചു. 40 രൂപ വീതം പിഴ അടക്കാനായിരുന്നു ബാലകൃഷ്ണനും വേണുഗോപാലിനും ലഭിച്ച ശിക്ഷ. തെളിവില്ലാത്തതുകൊണ്ട് മൂന്നാം പ്രതി ചന്ദശേഖരപിള്ളയെ വെറുതെവിട്ടു.

 ചോര്‍ത്തിയ ബജറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും മന്ത്രിസഭയ്‌ക്കെതിരായ ആക്രമണങ്ങള്‍ ബാലകൃഷ്ണന്‍ ഒട്ടും മയപ്പെടുത്തിയിരുന്നില്ല. ബജറ്റ് ചോര്‍ച്ചയെക്കുറിച്ച് അദ്ദേഹം കൗമുദിയിലെഴുതിയ കുറിപ്പില്‍ നിന്ന് ഒരു ഭാഗം രാഷ്ട്രീയനിരീക്ഷകനും ഗ്രന്ഥകാരനുമായ എ. ജയശങ്കര്‍ വിമോചനസമരത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിങ്ങനെ

 'ധനകാര്യമന്ത്രിയുടെ ആദ്യത്തെ ബജറ്റു തന്നെ അതുവെച്ചുവാങ്ങിയ വാര്‍പ്പോടുകൂടി കാണാതെപോയി. മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ കലവറ കാവല്‍ക്കാര്‍ ശിക്ഷിക്കപ്പെടുമായിരുന്നു. അവരുടെ മേലധികാരിയായി ധനകാര്യമന്ത്രിതന്നെ രാജിവെക്കുകയും ചെയ്യുമായിരുന്നു. ഇവിടെയാകട്ടെ, അടുക്കളയമ്മ തട്ടിത്തൂവിയ പാല്‍ നക്കിക്കുടിച്ച പൂച്ചയുടെ മുതുകത്താണ് തവിക്കണ വീണത്. പക്ഷേ, പാര്‍ലമെന്ററി ഡെമോക്രസിയുടെ പ്രവര്‍ത്തനത്തില്‍ നവംനവങ്ങളായ ടോട്ടലിട്ടേറിയന്‍ കീഴ്‌വഴക്കങ്ങള്‍ അനുദിനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മന്ത്രിസഭയില്‍നിന്നു മറ്റൊന്നും പ്രതീക്ഷിക്കാനില്ല.'
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ വരവും പിന്നീടുള്ള പോക്കും വലിയ ചരിത്രസംഭവങ്ങളായിരുന്നുവല്ലോ. പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ നയിച്ച കൗമുദി പത്രം അതു പ്രസിദ്ധീകരണം തുടര്‍ന്ന നാലഞ്ചു വര്‍ഷക്കാലത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിപ്ലവ സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു ആര്‍.എസ്.പിയെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധ പക്ഷത്തായിരുന്നു അവര്‍. വിമോചനസമരത്തിലും അവര്‍ പങ്കെടുത്തു. കെ. ബാലകൃഷ്ണന്‍ ഒരേസമയം ആര്‍.എസ്.പി നേതാവും അതേസമയം പത്രാധിപരുമായിരുന്നു. കൗമുദി എന്ന പേരും പ്രസും അദ്ദേഹം ആര്‍.എസ്.പിക്കു വിട്ടുകൊടുത്തതായിരുന്നു. അന്നത്തെ യുവ പത്രപ്രവര്‍ത്തന യാഗാശ്വങ്ങളായ എസ്. ജയചന്ദ്രന്‍നായരും ജി. വേണുഗോപാലും ജി. യദുകുലകുമാറും കെ.ജി പരമേശ്വരന്‍നായരും കെ. വിജയരാഘവനും പത്രാധിപസമിതിയംഗങ്ങളായിരുന്നു.

ബജറ്റ് അവതരണവും വിവാദവും വേറെയും പല കൗതുകങ്ങളും സൃഷ്ടിച്ചു. ബജറ്റ് ചോര്‍ന്നതിനെക്കുറിച്ച് തൊട്ടടുത്ത ദിവസം ധനകാര്യമന്ത്രി സഭയില്‍ ഒരു പ്രസ്താവന നടത്തി. ഇംഗ്ലീഷിലുള്ള പ്രസ്താവന വായിച്ച് ആര്‍ക്കും പലതും മനസിലായില്ല. അത്ര കടുപ്പംഭാഷയിലാണ് അത് എഴുതപ്പെട്ടിരുന്നത്. അതിനെക്കുറിച്ച് കെ. ബാലകൃഷ്ണന്‍ കൗമുദിയില്‍ എഴുതിയ കുറിപ്പില്‍ കടുത്ത പരിഹാസമാണ് നിറഞ്ഞു തുളുമ്പിയിരുന്നത്. ഇതും ഇരുപക്ഷവും തമ്മില്‍ ഏറെ വാക്കേറ്റത്തിനു വിഷയമായി. കുറെക്കാലം കഴിഞ്ഞ് ഈ വിഷയത്തെക്കുറിച്ച് സി. അച്യുതമേനോന്‍ കെ. ബാലകൃഷ്ണന്‍ സ്മരണികയിലെഴുതിയ ലേഖനത്തിലൊരു ഭാഗം പ്രസന്നരാജന്‍ എഴുതിയ കെടാത്ത 'ജ്വാല: കെ. ബാലകൃഷ്ണന്‍' എന്ന കൃതിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ബാലകൃഷ്ണന്റെ പരിഹാസം ശരിയായിരുന്നു എന്നദ്ദേഹം കുറിപ്പില്‍ സമ്മതിച്ചു. 'താന്‍ അല്ല, വി.ആര്‍ കൃഷ്ണയ്യരാണ് ആ കുറിപ്പ് തയാാറാക്കിയിരുന്നത്. കുറിപ്പിലെ ശൈലി ശബ്ദാഡംബരമാന(ബൊംബാസ്റ്റിക്)മായിരുന്നു. തനിക്കത് തീരെ പിടിച്ചില്ല. അതെന്റെ ശൈലിയുമല്ല. മാറ്റിയെഴുതാന്‍ സമയമില്ലാത്തതുകൊണ്ടാണ് അതേപടി സഭയില്‍ വായിച്ചത്. അതിനെ സംബന്ധിച്ച ബാലന്റെ വിമര്‍ശനം സാധുവായിരുന്നുവെന്ന് എന്റെയുള്ളില്‍ തോന്നി. പക്ഷേ, പുറത്തേക്കു പറയാന്‍ നിവൃത്തിയില്ലല്ലോ'എന്നദ്ദേഹം ഏറ്റുപറഞ്ഞു.

വി.ആര്‍ കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ ബൊംബാസ്റ്റിക് ഭാഷാപ്രയോഗം മരണംവരെ തുടര്‍ന്നതായി നമുക്കറിയാം. പില്‍ക്കാലത്തു സുപ്രിം കോടതി ജസ്റ്റിസ് വരെ ആയ അദ്ദേഹം എഴുതിയ വിധിന്യായങ്ങള്‍ അതിന്റെ നിയമപരമായ ഗഹനത കൊണ്ടുമാത്രമല്ല, ഭാഷാപരമായ 'ശബ്ദാഡംബരത്വം' കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഗംഭീരമായി എഴുതുകയും പ്രസംഗിക്കകയും ചെയ്യുന്ന വി.ആര്‍ കൃഷ്ണയ്യരെയാണ് നമുക്കെല്ലാം അറിയുക. അദ്ദേഹവും സുകുമാര്‍ അഴീക്കോടും കേരളത്തിന്റെ മനഃസാക്ഷിയായി അവസാനനാള്‍ വരെ ജീവിക്കുകയുണ്ടായി. പക്ഷേ, മന്ത്രിയായിരുന്ന സമയത്ത് നിയമസഭയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളിലെ ഭാഷ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കെ. ബാലകൃഷണന്‍ കൃഷ്ണയ്യരുടെ മലയാളത്തിലെ സംസ്‌കാരമില്ലായ്മയെക്കുറിച്ചു മാത്രമായ ഒരു കുറിപ്പെഴുതിയിരുന്നു തന്റെ കൗമുദി ആഴ്ചപ്പതിപ്പില്‍. സത്യമേവ ജയതേ എന്ന തലക്കെട്ടിലെഴുതിയ ആ കുറിപ്പില്‍ അദ്ദേഹം ഇ.എം.എസും മറ്റും പ്രകടിപ്പിക്കുന്ന ഉയര്‍ന്ന നിലവാരവുമായി താരതമ്മ്യപ്പെടുത്തി കൃഷ്ണയ്യരെ കഠിനമായി വിമര്‍ശിക്കുന്നുണ്ട്.

ബാലകൃഷ്ണന്റെ കൗമുദി എന്ന് പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്ഥാനംപിടിച്ച പ്രസിദ്ധീകരണം കൗമുദി പത്രമല്ല, ആഴ്ചപ്പതിപ്പാണ്. പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ സാഹസികനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവായിരുന്ന അച്ഛന്‍ സി. കേശവന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോടെപ്പം വീട്ടില്‍ താമസിക്കാന്‍ പോലും കൂട്ടാക്കിയില്ല ആര്‍.എസ്.പി നേതാവായിരുന്ന ബാലകൃഷ്ണന്‍. അച്ഛന്റെ സര്‍ക്കാറിനെതിരേ സമരംനടത്തി ജയിലിലും പോയി. കൗമുദി ആഴ്ചപ്പതിപ്പിലൂടെ അദ്ദേഹം വെട്ടിത്തെളിച്ച വഴികള്‍ വലിയൊരു ലോകത്തിലേക്കാണ് മലയാള പത്രപ്രവര്‍ത്തനത്തെ നയിച്ചത്.

അതു വേറൊരു കഥ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി