Friday, 30 September 2016

സ്വാതന്ത്ര്യത്തിന് ഭീഷണി മതം

ഇതു ജനാധിപത്യയുഗമാണ്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ ജനാധിപത്യ ഭരണവ്യവസ്ഥ സ്വീകരിക്കപ്പെടുകയാണ്്. ലോകത്തെമ്പാടും ജനാധിപത്യം താഴെത്തട്ടിലുള്ള ജനങ്ങളിലേക്കുകൂടി ഇറങ്ങുകയാണ്. ആഗോളീകരണവും സാങ്കേതികവിദ്യയുടെ വികാസവും ഈ പ്രക്രിയയ്ക്കു വേഗത കൂട്ടുന്നുണ്ട്്.

ഇതെല്ലാം പ്രത്യക്ഷത്തില്‍ ശരിയാണ്. നൂറുവര്‍ഷം മുമ്പ് വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. അവിടെപ്പോലും തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഭാഗികമായിരുന്നു. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. എല്ലാവര്‍ക്കും വോട്ടവകാശമുള്ള, തിരഞ്ഞെടുക്കുന്നവര്‍ ഭരണം നടത്തുന്ന രാജ്യങ്ങളാണ് ലോകത്തിലേറെയും. വളരെക്കുറച്ച് രാജ്യങ്ങളിലേ തിരഞ്ഞെടുപ്പും വിമര്‍ശനസ്വാതന്ത്ര്യവും ഇല്ലാതുള്ളൂ.

 ഈ മാറ്റത്തിന് മനുഷ്യസ്വാതന്ത്ര്യം പൂര്‍ണവികാസം പ്രാപിച്ചുവെന്നോ ചിന്തിക്കാനും ശരി എന്നു തോന്നുന്നതു വിളിച്ചുപറയാനുമുള്ള സ്വാതന്ത്ര്യം പൂര്‍ണരൂപത്തില്‍ ലഭ്യമാണ് എന്നോ അര്‍ത്ഥമുണ്ടോ? ഇല്ല. മനുഷ്യസ്വാതന്ത്ര്യം-ചിന്താസ്വാതന്ത്യം, അഭിപ്രായപ്രകടനം, ആവിഷ്‌കാരസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, നിയമപരമായ തുല്യത തുടങ്ങിയവ-ഇപ്പോഴും വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ല എന്നു മാത്രമല്ല ചിന്താസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളി കൂടുതല്‍ ഭീഷണമായിക്കൊണ്ടിരിക്കുകയുമാണ്.

ചിന്താസ്വാതന്ത്ര്യം എന്നാല്‍ മതസ്വാതന്ത്ര്യം മാത്രമാണ്് എന്നു പരിമിതപ്പെടുത്താനാണ് മതേതരത്വം അംഗീകരിച്ച രാജ്യങ്ങളില്‍പ്പോലും ഭരണകൂടങ്ങളും സംഘടിതശക്തികളും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും ലഭ്യമായത് ചിന്താസ്വാതന്ത്ര്യത്തിലൂടെയാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാത്തവരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് മതസംഘങ്ങളാണ് എന്നു കാണാന്‍ പ്രയാസമില്ല. മതസ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ടു മതത്തിലേക്കു ആളെക്കൂട്ടിയവര്‍തന്നെ, മതത്തിനകത്തുനിന്നുകൊണ്ടു ചിന്താസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയവരെ തീയിട്ടും കഴുത്തറത്തും വിഷംകൊടുത്തും കൊന്നതായി മിക്ക മതങ്ങളുടെ ചരിത്രം നോക്കിയാല്‍ കാണാനാകും.

 മതയുദ്ധങ്ങളില്‍ ചൊരിഞ്ഞ ചോര കൊണ്ടു കറുത്തതാണ് ഏറെ രാജ്യങ്ങളുടെയും ഭൂമി. എത്രയോ ചിന്തകന്മാരുടെ ജീവന്‍ വിഷപ്പാത്രങ്ങളില്‍ ഒടുങ്ങി. ചിന്തകനും ഗണിതശാസ്ത്രജ്ഞനുമെല്ലാമായ ഗിയോര്‍ഡാനോ ബ്രൂണോവിന്റെ പ്രതിമ ഇപ്പോള്‍ റോമിലുണ്ട്. പക്ഷേ, ഇതേ റോമില്‍ അഞ്ചുനൂറ്റാണ്ടു മുമ്പ് മതനിരാസം ആരോപിച്ച് വധിക്കപ്പെട്ട ആളാണ് ബ്രൂണോ. എത്രയെത്ര ബ്രൂണോമാര്‍. ക്രിസ്തുമതം തിരിച്ചറിയലുകളിലൂടെ ചിന്താസ്വാതന്ത്രപ്രകടനത്തോടുള്ള പഴയ അസഹിഷ്ണുതയെ കുറെയെല്ലാം മറികടന്നിട്ടുണ്ട്. എന്നാല്‍ മറ്റു മതങ്ങളുടെ കാര്യം അങ്ങനെ പറഞ്ഞുകൂടാ. ഇറാന്‍ വിപ്ലവത്തോടെ വ്യാപിച്ച മുസ്ലിം മതമൗലികവാദചിന്തയുടെ സ്വാധീനം മറ്റു മതങ്ങളിമുണ്ടായിട്ടുണ്ട്. ചിന്താസ്വാതന്ത്ര്യം  പരമാവധി അനുവദിച്ച കാലഘട്ടം ഹിന്ദുമതത്തിലുണ്ടായിരുന്നുവെന്നും നാസ്തികരായ ചിന്തകന്മാര്‍പോലും ഹൈന്ദവ ചരിത്രത്തില്‍ ഉണ്ടായിരുന്നുവെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇന്നതെല്ലാം പഴങ്കഥകളായിട്ടുണ്ട്.

ഇന്ന് യുക്തിയോ ചിന്താശക്തി പോലുമോ അല്ല മതവാദികളെ നയിക്കുന്നത്. എല്ലാറ്റിലും മേലെ നില്‍ക്കുന്നത് മതവികാരമാണ് എന്നു വന്നിരിക്കുന്നു. അന്യമതസ്ഥരെ കൂട്ടക്കൊല ചെയ്യുക അഫ്ഗാനിസ്ഥാനിലും സിറിയയിലും ബംഗ്ലാദേശിലും അപൂര്‍വസംഭവമല്ലാതായിരിക്കുന്നു. ഇന്ത്യയില്‍, മറ്റെല്ലാ കാര്യത്തിലും പോരടിക്കുന്ന മതങ്ങള്‍  മതവികാരത്തിന്റെ കാര്യത്തില്‍ മാത്രം ഒത്തുനില്‍ക്കും. എല്ലാ നിയമങ്ങള്‍ക്കും മേലെയാണ് മതവികാരം എന്നു വാദിക്കുകയും നിയമവും ഭരണഘടനയും അനുവദിക്കുന്ന അഭിപ്രായപ്രകടന-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പാടെ നിഷേധിക്കാന്‍ ഒരുമ്പെടുകയുമാണ് ഇക്കൂട്ടര്‍.

സാഹിത്യകൃതികളുടെ കലാരൂപങ്ങളുടെയും മേല്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ പരിശോധിച്ചാല്‍ അവയിലേറെയും അങ്ങേയറ്റം പരിഹാസ്യമായ ന്യായങ്ങളുടെ-മിക്കവയും മതന്യായങ്ങള്‍-പേരിലാണുണ്ടായതെന്നു മനസ്സിലാവും. ല്യുവിസ് കരോളിന്റെ ആലിസ്സ്‌സ് അഡ്വവെഞ്ചേഴ്‌സ് ഇന്‍ വണ്ടര്‍ലാന്റ് ചൈനയില്‍ നിരോധിച്ചത് അതില്‍ മൃഗങ്ങള്‍ മനുഷ്യരുടെ ഭാഷ സംസാരിക്കുന്നതുകൊണ്ടാണ്. കുട്ടികളില്‍ ഇത് അപകടകരമായ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുമെന്നതായിരുന്നു ന്യായം. മതമോ മതത്തോളം അസഹിഷ്ണുതയുള്ള പ്രത്യയശാസ്ത്രമുള്ള ഭരണാധികാരികളോ ആണ് മിക്ക പുസ്തകങ്ങളുടെയും നിരോധകര്‍. ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം സോവിയറ്റ്-കിഴക്കന്‍ യൂറോപ്പ് കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല യു.എ.ഇ സ്‌കൂളുകളിലും നിരോധിച്ചു എന്നു കേള്‍ക്കുമ്പോഴാണ് ഈ വിചിത്ര സാദൃശ്യം വ്യക്തമാവുക. മൃഗങ്ങള്‍ മനുഷ്യനെപ്പോലെ സംസാരിക്കുന്നത് കുട്ടികളില്‍ മനുഷ്യരെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുമെന്നു പറഞ്ഞായിരുന്നു യു.എ.ഇ നിരോധനം. മതത്തെ വിമര്‍ശിക്കുന്ന കൃതികള്‍ മാത്രമല്ല, മതഗ്രന്ഥങ്ങളും ഇങ്ങനെ ധാരാളമായി നിരോധിക്കപ്പെട്ടിട്ടുണ്ട്്. ഏറ്റവും ഒടുവിലത്തെ ഒരു സംഭവം 2013 ല്‍ ഒരു റഷ്യയിലേതാണ്. അവിടത്തെ ഒരു കോടതി, തീവ്രവാദനിരോധന നിയമപ്രകാരം നിരോധിച്ച പുസ്തകങ്ങളിലൊന്ന് വിശുദ്ധ ഖുറാന്‍ ആയിരുന്നു! സാല്‍മാന്‍ റുഷ്ദിയുടെ ദി സാറ്റാനിക് വേഴ്‌സസ് നിരോധിക്കപ്പെട്ടത് പതിനഞ്ചോളം രാജ്യങ്ങളിലാണ്. ഇതില്‍ ഏതെങ്കിലും ഭരണാധികാരി പുസ്‌കതം വായിച്ചിരുന്നോ എന്നും നമുക്കറിയില്ല, വായിച്ചവര്‍ക്ക് വല്ലതും മനസ്സിലായിരുന്നോ എന്നും അറിയില്ല.

ഇന്ത്യയിലെപ്പോലെ, ജനങ്ങളുടെ ഭരണഘടനാദത്തമായ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ബോധമില്ലാത്ത സര്‍ക്കാറുകള്‍ നയിക്കുന്ന രാജ്യങ്ങളില്‍,  ആരെങ്കിലും നാലുപേര്‍ ആവശ്യപ്പെട്ടാല്‍ പുസ്തകം നിരോധിക്കുക എന്നത് പൊതുനിയമമായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പല പുസ്തകങ്ങളുടെയും ഇറക്കുമതി നിരോധന തീരുമാനം എടുത്തത് കസ്റ്റംസ് വകുപ്പാണ്. പുസ്തകനിരോധനവും രാജ്യങ്ങളുടെ രാഷ്ട്രീയവ്യവസ്ഥയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നതാണ് സത്യം. ചിലപ്പോഴെല്ലാം ജനാധിപത്യഭരണകൂടങ്ങളാണ് കൂടുതല്‍ പുസ്തകങ്ങള്‍ നിരോധിക്കാറുള്ളതുപോലും. അമേരിക്ക ഒരു ഉദാഹരണമാണ്. സോവിയറ്റ് യൂണിയനില്‍ നിരോധിച്ചതിലേറെ പുസ്തകങ്ങള്‍ അമേരിക്കയില്‍ ചില ഘട്ടങ്ങൡ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഏകാധിപത്യഭരണകൂടങ്ങള്‍ അവര്‍ക്കു ഭീഷണിയാകുന്ന പുസ്തകങ്ങളേ നിരോധിക്കാറുള്ളൂ. ജനാധിപത്യഭരണകൂടങ്ങള്‍ അവര്‍ പിന്തുണയ്ക്ക് ആശ്രയിക്കുന്ന ആരാവശ്യപ്പെട്ടാലും പുസ്തകം നിരോധിച്ചുകൊടുക്കും! ഇന്ത്യയുടെ അനുഭവവും ഇതുതന്നെ.

മതസ്വാതന്ത്ര്യം അനുവദിച്ചിരുന്ന മിക്ക മതേതര രാജ്യങ്ങളിലും മതം വ്യക്തിയുടെ സ്വകാര്യതയാണ്. വിശ്വാസിസമൂഹങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വവും പൊതുസമൂഹത്തില്‍ ബഹുസ്വരതയും ഉറപ്പാക്കുക എന്നതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം സ്വീകാര്യത നേടിയ ചിന്താഗതി. എന്നാല്‍, മത-ജാതി തീവ്രവാദങ്ങള്‍ ശക്തി പ്രാചിച്ചതോടെ വിശ്വാസപ്രമാണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘടിത ഗ്രൂപ്പുകളുമാണ് എല്ലാ നയങ്ങളുടെയും അവസാനവാക്ക് എന്ന നിലയാണ് എങ്ങും രൂപപ്പെട്ടുവരുന്നത്. മതങ്ങളെക്കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങളും മതനിന്ദയായി വ്യാഖ്യാനിക്കപ്പെടുന്നു. ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ പൂര്‍ണമായി മതനിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നു സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ജനാധിപത്യം ശക്തിപ്പെടുന്നു എന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെ, മനുഷ്യസ്വാതന്ത്ര്യം ദുര്‍ബലപ്പെടുന്ന അവസ്ഥയും നിലനില്‍ക്കുന്നു.

മതതീവ്രവാദികളുടെ ആയുധങ്ങള്‍ ആധുനിക കാലത്തിന്റേതാണ് എന്നത് ആശ്വാസമല്ല കൂടുതല്‍ ആശങ്കയാണ് ഉളവാക്കുന്നത്. പഴയകാല ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധത്തേക്കാള്‍ ആയിരം മടങ്ങ് അപകടകരമാണ് ആണവായുധം എന്നതുപോലെയാണ് ഇതും. അനിഷ്ടകരമായ കാര്യങ്ങള്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തകരെയും കലാപ്രവര്‍ത്തകരെയും വാട്‌സ്ആപ്പ്-ഫെയ്‌സ്ബുക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ടെററൈസ് ചെയ്യാമെന്നു കണ്ടുപിടിച്ചത് ഹിന്ദുത്വ തീവ്രവാദികളാണ്. ഈ വര്‍ഷാദ്യം തിരുവനന്തപുരത്തു ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ രണ്ടായിരത്തോളം ആളുകളാണ് ഫോണില്‍ വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തത്. ചാനല്‍ ചര്‍ച്ചയില്‍ ദുര്‍ഗാദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി എന്നതായിരുന്നു കുറ്റം. ഭീഷണിപ്പെടുത്താന്‍ വിളിച്ചവരൊന്നും ആ പ്രോഗ്രാം കണ്ടിട്ടേ ഉണ്ടായിരുന്നില്ല. വാട്‌സ്ആപ്പ് സംവിധാനം ഉപയോഗിച്ചുകൊണ്ടാണ് ഹിന്ദുത്വതീവ്രവാദികള്‍ മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ നമ്പര്‍ അനുയായികളിലെത്തിച്ചത്.  ഈയിടെ തീവ്രആത്മീയതയുടെയോ ഭീകരവാദത്തിന്റെയോ പിടിയില്‍ പെട്ട് നാടുകടന്നരും നവവാര്‍ത്താവിനിമയ-മാധ്യമ ഉപയോക്താക്കളായിരുന്നു എന്നു തെളിഞ്ഞുകഴിഞ്ഞു.

പ്രമുഖനിരൂപകനായ ഡോ.എം.എം.ബഷീര്‍ മാതൃഭൂമിയില്‍ എഴുതിക്കൊണ്ടിരുന്ന ഒരു പംക്തി ഹിന്ദുതീവ്രവാദി ഗ്രൂപ്പുകാര്‍ നിര്‍ത്തലാക്കിച്ചത് അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമാണ്. അന്ധമായ ഭക്തിപ്രകടനമല്ലാതെ മറ്റൊന്നും ഉണ്ടാകരുത് എന്ന നിലപാട് ശക്തിപ്പെടുത്തുകയാണ് മതതീവ്രവാദികള്‍. ഹിന്ദു സങ്കല്പമായ ഗണപതിയെ തീര്‍ത്തും നിരപദ്രവമായി ഒരു കാര്‍ട്ടൂണില്‍ വരച്ചതും ഇതുപോലെ കാര്‍ട്ടൂണിസ്റ്റിനെ സംഘടിതമായി അധിക്ഷേപിക്കുന്നതിനുള്ള കാരണമായി. സംഘടിതമതങ്ങളില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ അടിച്ചേല്‍പ്പിക്കല്‍ മറ്റു  മതങ്ങളിലേക്കും പ്രചരിക്കുകയാണ്. എം.ടി.യുടെ നിര്‍മാല്യത്തിലും ബഷീറിന്റെ പുസ്തകത്തിന്റെ പേരിലും ആരും ശ്രദ്ധിച്ചിട്ടുപോലും ഇല്ലാത്ത ഹിന്ദുപ്രതീകങ്ങള്‍ ഇന്നായിരുന്നുവെങ്കില്‍ കടുത്ത ഹിന്ദുവിരുദ്ധതയായി മുദ്രകുത്തപ്പെടുകയും അക്രമാസക്തമായ പ്രതികരണത്തിലേക്കു നയിക്കുകയും ചെയ്യുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.  

ജനാധിപത്യം ലോകത്തെമ്പാടും അപകടകരമായ അവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളിലൂടെ പലേടത്തും അധികാരത്തില്‍ വരുന്നത് സ്വതന്ത്രതിരഞ്ഞെടുപ്പിനെയും തുറന്ന ജനാധിപത്യത്തെയും അനുകൂലിക്കുന്ന ശക്തികളല്ല. മുമ്പ് ഒരു ഹിറ്റ്‌ലറുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഇന്ന് ഒട്ടേറെ രാജ്യങ്ങളില്‍ അസഹിഷ്ണുതയും അക്രമാസക്ത മതചിന്തയും പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ശക്തികള്‍ വോട്ടെടുപ്പിലൂടെ അധികാരത്തില്‍വരുന്നു. ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ജനാധിപത്യസമ്പ്രദായത്തിലൂടെയും കഴിയും എന്നുവരുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നു.


നന്മ സോവനീര്‍ ആഗസ്ത് 2016

Sunday, 25 September 2016

സംഘപരിവാറിലൊരു 'ദീനദയാലു'

പത്രജീവിതം 
എന്‍.പി.രാജേന്ദ്രന്‍ബി.ജെ.പി. എന്ന ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആദിരൂപം ഭാരതീയ ജനസംഘം ആണ്.  1951 മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിച്ചുപോന്ന പാര്‍ട്ടിയാണത്. കേന്ദ്രത്തിലെ ആദ്യത്തെ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റുവിന്റെ നയങ്ങളില്‍ അതൃപ്തനായി പാര്‍ട്ടി വിട്ട ശേഷമാണ് ഭാരതീയ ജനസംഘം ഉണ്ടാക്കിയത്. ക്രമേണ ശക്തി പ്രാപിച്ചുവന്ന പാര്‍ട്ടിക്ക് 1957 ല്‍ ലോക്‌സഭയില്‍ നാലും 62 ല്‍ പതിനാലും സീറ്റുണ്ടായിരുന്നു. 1967 ആയപ്പോഴേക്ക് അത് 35 സീറ്റോടെ ലോക്‌സഭയിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷപാര്‍ട്ടിയായി. 44 സീറ്റുള്ള സ്വതന്ത്രാപാര്‍ട്ടിയായിരുന്നു പ്രധാനപ്രതിപക്ഷപാര്‍ട്ടി. തീവ്രമുതലാളിത്ത ആശയങ്ങള്‍ പുലര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടിയാണ് സ്വതന്ത്രാപാര്‍ട്ടി. അന്ന് അങ്ങിനെ ഒരു പാര്‍ട്ടിയേ ഉണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്ത്, ഏതാണ്ട് എല്ലാ പാര്‍ട്ടികളും മുതലാളിത്ത പാര്‍ട്ടികളായി മാറിയതുകൊണ്ടാവാം പ്രത്യേകമൊരു സ്വതന്ത്രാപാര്‍ട്ടി ഇല്ലാതായി.

നമ്മുടെ വിഷയം അതൊന്നുമില്ല. ഇന്ന് ബി.ജെ.പി. അക്കൗണ്ട് തുറന്നതൊക്കെ വലിയ ചര്‍ച്ചാവിഷയമായിരിക്കുമ്പോള്‍ ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് അന്നത്തെ ബി.ജെ.പി. ആയ ജനസംഘം കോഴിക്കോട്ട് വന്നപ്പോഴത്തെ ചില പത്രപ്രവര്‍ത്തന കൗതുകങ്ങള്‍
പറയാം. ആദ്യമായും അവസാനമായും ഭാരതീയ ജനസംഘത്തിന്റെ ഒരു ദേശീയ സമ്മേളനം കോഴിക്കോട്ട് നടന്നത് 1968ലാണ് . കേരളത്തില്‍ ആ പാര്‍ട്ടി കാര്യമായി സാന്നിദ്ധ്യം അറിയിച്ചുവരുന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാഷ്ട്രീയത്തിലില്ലെങ്കിലും സംഘപരിവാര്‍ ആചാര്യന്മാരില്‍ ഒരാളായി സജീവമായി രംഗത്തുളള പി.പരമേശ്വരനായിരുന്നു പാര്‍ട്ടി നേതാവ്. ദേശീയ രാഷ്ട്രീയത്തില്‍ിന്നും കേന്ദ്രമന്ത്രിസഭാസ്ഥാനത്തുനിന്നും കേരള നിയമസഭയിലെ ഏക ബി.ജെ.പി. അംഗമായി 'വളര്‍ന്ന' ഒ.രാജഗോപാലും അന്നേ രംഗത്തുണ്ട്.

ആശങ്കയോടെ മുസ്ലിങ്ങള്‍


ജനസംഘത്തിന്റെ കേരളത്തിലേക്കുള്ള വരവ് സ്വാഭാവികമായും കേരളത്തിലെ ന്യൂനപക്ഷസമുദായങ്ങള്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ ആശങ്കയോടെയാണ് നോക്കിക്കണ്ടിരുന്നത്. കോഴിക്കോട്ടെ സമ്മേളനം അതുകൊണ്ടുതന്നെ ശ്രദ്ധയാകര്‍ഷിച്ചു. എല്ലാ പത്രങ്ങളുടെയും റിപ്പോര്‍ട്ടര്‍മാര്‍ കോഴിക്കോട്ട് എത്തിയിരുന്നു. സമ്മേളനത്തില്‍നിന്ന് മുസ്ലിങ്ങള്‍ അകന്നുനിന്നിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ജനസംഘത്തില്‍ പേരിനുപോലും ഒരു മുസ്ലിം അംഗം ഉള്ളതായി അറിവുമില്ലായിരുന്നു. പക്ഷേ, പത്രറിപ്പോര്‍ട്ടര്‍മാര്‍ക്ക് പാര്‍ട്ടിയും സംഭവവും നോക്കി മാറിനില്‍ക്കാനാവില്ലല്ലോ. കോഴിക്കോട്ട് ജനസംഘം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരാള്‍ അന്ന് ചന്ദ്രിക ലേഖകനായിരുന്ന പുത്തൂര്‍ മുഹമ്മദാണ്.

കോഴിക്കോട്ടെ പത്രലേഖകര്‍ ജനസംഘം നേതാവായ ദീന്‍ദയാല്‍ ഉപാധ്യായയെ കാണാന്‍ പുറപ്പെട്ടു. ചരിത്രവും തത്ത്വചിന്തയും സാമ്പത്തികശാസ്ത്രവുമെല്ലാം പഠിച്ച പണ്ഡിതനായ ദീന്‍ദയാല്‍ ഉപാധ്യായയായിരുന്നു 1967-68 കാലത്ത് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ്്. അന്ന് അധികം പത്രങ്ങളും ലേഖകന്മാരുമില്ലാത്തതുകൊണ്ട് എല്ലാവരും ഒത്തുപോവുക സൗകര്യപ്രദമായിരുന്നു. പോകുമ്പോള്‍ പുത്തൂര്‍ മുഹമ്മദും കൂട്ടത്തിലുണ്ടായിരുന്നു.

പത്രപ്രവര്‍ത്തകരെ പരിചയപ്പെടുമ്പോള്‍ പുത്തൂര്‍ മുഹമ്മദിനെ പി.പരമേശ്വരന്‍ പ്രത്യേകം പരിചയപ്പെടുത്തി. ലേഖകരുടെ കൂട്ടത്തിലുള്ള ഏക മുസ്ലിം എന്നതായിരുന്നു പ്രത്യേക പരിചയപ്പെടുത്തലിന്റെ കാരണം. മുസ്ലിം ആണെന്നു കേട്ടപ്പോള്‍ യു.പി.ക്കാരനായ ഉപാധ്യായ പുത്തൂര്‍ മുഹമ്മദിനോട് ഉറുദുവില്‍ സംസാരിക്കാന്‍ തുടങ്ങി. മുഹമ്മദ് പമ്മിനിന്നു. തനിക്ക് ഉറുദു അറിയില്ല എന്നു മുഹമ്മദ് പറഞ്ഞപ്പോള്‍ ഉപാധ്യായയാണ് പമ്മിയത്. മുസ്ലിം ലീഗ് പത്രം ആയ ചന്ദ്രിക ഉറുദുവിലല്ലേ എന്നായി ഉപാധ്യായയുടെ സംശയം. അല്ല മലയാളത്തിലാണ് എന്നറിഞ്ഞപ്പോള്‍ ആദ്യമൊന്ന് സംശയിച്ചു, പിന്നെ സന്തോഷിച്ചു.

ഇതുതന്നെ ദേശീയത

' ഓരോ പ്രദേശത്തെയും ജനങ്ങള്‍ പ്രദേശത്തെ ഭാഷ സംസാരിക്കണം, വേഷം ധരിക്കണം, പുരോഗതിക്കായി ഒരു പോലെ ചിന്തിക്കണം, ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഇതാണ് ഞങ്ങള്‍ പറയുന്ന ദേശീയത' -ഉപാധ്യായ പാര്‍ട്ടി നിലപാട് വിശദീകരിച്ചു. കേരളത്തിലെ മുസ്ലിങ്ങള്‍ മലയാളം സംസാരിക്കുന്നതുപോലെ തമിഴ് നാട്ടിലെ മുസ്ലിങ്ങള്‍ക്ക് തമിഴുമാണ് മാതൃഭാഷ എന്ന ഉപാധ്യായ മനസ്സിലാക്കിയിരുന്നില്ല.
എന്തായാലും അന്ന് ഉപാധ്യായ കുറെ സമയം പുത്തൂര്‍ മുഹമ്മദുമായി സംസാരിച്ചു. മൂസ്ലിങ്ങള്‍ കൂടുതല്‍ ജീവിക്കുന്ന പ്രദേശങ്ങള്‍ കാണണം എന്നദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മൂഹമ്മദ് കൂടെച്ചെല്ലാന്‍ സമ്മതിച്ചു. പിറ്റേന്ന് കുറ്റിച്ചിറയും വെള്ളയിലും അവര്‍ സന്ദര്‍ശിച്ചു. അവിടെ എല്ലാ മുസ്ലിങ്ങളും മലയാളമാണ് സംസാരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഉപാധ്യായയ്ക്ക് കൂടുതല്‍ സന്തോഷമായി. ഇതുതന്നെയാണ് തങ്ങള്‍ ഉദ്ദേശിക്കുന്ന ദേശീയത എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.


സമ്മേളനം കഴിഞ്ഞു പോയ ഉപാധ്യായ ഉത്തരപ്രദേശിലെ മുഗള്‍സരായിയില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ കൊല ചെയ്യപ്പെടുകയാണ് ഉണ്ടായത്.
മൃതദേഹം റെയില്‍വെ ട്രാക്കിലാണ് കണ്ടെത്തിയത്. 51 വയസ്സേ അദ്ദേഹത്തിന് അന്നുണ്ടായിരുന്നുളളൂ. അദ്ദേഹത്തെക്കുറിച്ച് സംഘ പ്രസിദ്ധീകരണമായ കേസരിയില്‍ താന്‍ ഒരു അനുസ്മരണക്കുറിപ്പെഴുതിയ കാര്യവും പുത്തൂര്‍ മുഹമ്മദ് കാലം, പത്രം: അനുഭവങ്ങള്‍ എന്ന തന്റെ ആത്മകഥയില്‍ ഓര്‍മ്മിക്കുന്നുണ്ട്. ദീന്‍ദയാല്‍ ഉപാധ്യായയുടെ സ്വരത്തില്‍ സംഘപരിവാറിന്റെ വംശീയ ശത്രുതാ നയത്തിനെതിരായ നിലപാടുണ്ട് എന്ന അഭിപ്രായമാണ് പുത്തൂര്‍ മുഹമ്മദ് ഇതില്‍ പ്രകടിപ്പിച്ചത്.

ബാഗ് തട്ടിയെടുക്കാന്‍ വന്ന രണ്ടുപേര്‍ തള്ളിത്താഴെയിട്ടതാണ് ഉപാധ്യായയുടെ മരണകാരണം എന്ന് പോലീസും കോടതിയും പ്രത്യേക അന്വേഷണക്കമ്മീഷനും നിഗമനത്തിലെത്തിയിരുന്നെങ്കിലും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ജനസംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ച, ഈയിടെ അന്തരിച്ച ബല്‍രാജ് മധോക്ക് തന്റെ ആത്മകഥയില്‍, ചില ജനസംഘം നേതാക്കള്‍ ഗൂഢാലോചന നടത്തി അദ്ദേഹത്തെ കൊന്നതാണ് എന്നുപോലും ആരോപിച്ചു. മധോക്കിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു എന്നതുകൊണ്ട് അദ്ദേഹം അധികം ശ്രദ്ധിക്കപ്പെട്ടില്ല. എന്തായാലും കോഴിക്കോട്ട് ഇക്കാര്യങ്ങള്‍ ഒരുവട്ടംകൂടി ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.


കോഴിക്കോട്ട്് ജനസംഘം ദേശീയ സമ്മേളനം നടക്കുമ്പോള്‍ അധ്യക്ഷത വഹിച്ച ദീന്‍ദയാല്‍ ഉപാധ്യായയുടെ ഓര്‍മ പുതുക്കാനാണ് ജന്മശതാബ്ദി നടക്കുമ്പോള്‍ ഇതേ കോഴിക്കോട്ട്് ബി.ജെ.പി.യുടെ ദേശീയസമ്മേളനം നടത്താന്‍ തീരുമാനിച്ചതെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടുതന്നെ വീണ്ടും സമ്മേളനം നടക്കുന്നത് യാദൃച്ഛികമല്ല എന്നര്‍ത്ഥം. പക്ഷേ, രണ്ട് സമ്മേളനങ്ങള്‍ നടക്കുമ്പോഴും കേരളം ഭരിക്കുന്നത് സി.പി.എം. നേതൃത്വത്തിലുള്ള ഗവണ്മെന്റാണ് എത് യാദൃച്ഛികമാണോ എന്തോ....മലപ്പുറം ജില്ല രൂപവല്‍ക്കരണം

ജനസംഘം ദേശീയതലത്തില്‍ ഉന്നയിച്ച ഒരു പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് ജനസംഘം സമ്മേളനം നടന്നത് എന്നുകൂടി ഇതുമായിച്ചേര്‍ത്ത് ഓര്‍ക്കേണ്ടതുണ്ട്. മലപ്പുറം ജില്ലയുടെ രൂപവല്‍ക്കരണമാണത്. ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ ഉളള സപ്തകക്ഷി മന്ത്രിസഭയാണ് അന്ന് ഭരിച്ചിരുന്നത്. ഈ ഭരണകാലത്താണ് മലപ്പുറം ജില്ലയുടെ രൂപവല്‍ക്കരണം നടക്കുന്നത്. മുസ്ലിം ലീഗ് കൂടിയുള്ള ഒരു ഭരണത്തിന്‍ കീഴിലാണ് ഈ തീരുമാനം എന്നതുകൊണ്ട് പലരും പല ഗൂഢാര്‍ത്ഥങ്ങളും വായിക്കുകയും ചെയ്തിരുന്നു. ജില്ലാ രൂപവല്‍ക്കരണത്തിനെതിരെ ദേശീയതലത്തില്‍ പ്രക്ഷോഭം അഴിച്ചുവിട്ടത് ഭാരതീയ ജനസംഘം ആയിരുന്നു. രാജ്യത്തെ എല്ലാ ഭാഗത്തുനിന്നും സംഘങ്ങളായി സത്യാഗ്രഹികള്‍ വരികയും തിരിച്ചുപോവുകയും ചെയ്തുകൊണ്ടിരുുന്നു മാസങ്ങളോളം. പക്ഷേ, തീരുമാനത്തില്‍ മാറ്റമൊന്നുമുണ്ടായില്ല.
പുത്തൂര്‍ മുഹമ്മദ് 

നിരവധി സെക്കുലര്‍ പത്രങ്ങളും ജില്ലാ രൂപവല്‍ക്കരണത്തെ എതിര്‍ത്തുപോന്നു. മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക ജില്ലയുണ്ടാക്കുന്നു എന്ന രീതിയിലാണ് അവരെല്ലാം ഇതിനെ കണ്ടത്. ഒരു കുട്ടിപ്പാകിസ്ഥാന്‍ എന്നതിനെ വിളിക്കാനും അവര്‍ മടിച്ചിരുന്നില്ല. പുതിയ ജില്ലയുണ്ടാക്കാന്‍ വന്‍ പണച്ചെലവ് ഉണ്ടാകുമെന്ന് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് കോടി രൂപയാണ് അവര്‍ കണക്കുകൂട്ടിയ അധികച്ചെലവ്. മുസ്ലിം ലീഗിനെ കൂടെ നിര്‍ത്താന്‍ സി.പി.എം കാട്ടുന്ന ഒരു തന്ത്രമായും അതിനെ കണ്ടവര്‍ ധാരാളം. (ജില്ലയുണ്ടാക്കിയതൊന്നും ഫലിച്ചില്ല. മുസ്ലിംലീഗ് വൈകാതെ സി.പി.ഐ.ക്കും മറ്റുമൊപ്പം മുന്നണി വിട്ടത് ചരിത്രം)

എന്തായാലും 1969 മെയ് അഞ്ചിനു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ജില്ല രൂപവല്‍ക്കരിക്കാന്‍ തീരുമാനമായി. ജൂണ്‍ 16 ജില്ല നിലവില്‍വന്നു. പ്രക്ഷോഭവും വിവാദങ്ങളുമെല്ലാം ധാരാളമുണ്ടായെങ്കിലും മലപ്പുറം കേരളത്തിലെ അവസാനത്തെ ജില്ലയൊന്നുമായിരുന്നില്ല. മലപ്പുറം രൂപവല്‍ക്കരണത്തിന് ശേഷമാണ് ഇടുക്കിയും വയനാടും പത്തനംതിട്ടയും ഉണ്ടായത്.

Wednesday, 21 September 2016

ഫാസിസത്തെക്കുറിച്ച് അവര്‍ വെറുതെ തര്‍ക്കിക്കുകയാണ്

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാറിന്റെ സ്വഭാവം വിലയിരുത്തുന്നതില്‍ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര പണ്ഡിതന്മാര്‍ക്ക് ആശയക്കുഴപ്പം വര്‍ദ്ധിച്ചുവരുന്നു. മാറുന്ന കാലത്തെ രാഷ്ട്രീയ-സാമ്പത്തിക പ്രതിഭാസങ്ങളെ പഴയ പ്രത്യയശാസ്ത്ര ബ്രാക്കറ്റുകളില്‍തന്നെ  ഒതുക്കണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടുകൂടിയാണ് അവര്‍ ഓരോ ഘട്ടത്തിലും  ഇത്തരം പ്രതിസന്ധികളെയും ആശയക്കുഴപ്പങ്ങളെയും നേരിടേണ്ടി വരുന്നത്. പ്രായോഗിക രാഷ്ട്രീയനയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇതിനൊന്നും വലിയ പ്രസക്തിയില്ലെന്നതാണ് സത്യം.

ബി.ജെ.പി. സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാറാണോ?  ബി.ജെ.പി. പാര്‍ലമെന്റില്‍ ന്യൂനപക്ഷവും എന്‍.ഡി.എ.ക്ക് കഷ്ടിച്ചു മാത്രം ഭൂരിപക്ഷവും ആയിരുന്ന കാലത്ത്, എ.ബി.വാജ്‌പേയിയെപ്പോലൊരു മിതവാദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാറിനെ ഫാസിസ്റ്റ് എന്നു വിളിച്ചിട്ടുണ്ട് സി.പി.എം. ഉള്‍പ്പെടെയുള്ള മിക്ക ഇടതുപക്ഷപാര്‍ട്ടികളും.  ഇപ്പോള്‍ സാക്ഷാല്‍ നരേന്ദ്ര മോദി ഭരിക്കുമ്പോഴാണ് ബി.ജെ.പി.ഭരണം, രാഷ്ട്രീയനിര്‍വചനപ്രകാരമുള്ള ശരിയായ ഫാസിസ്റ്റ് ഭരണമാണോ എന്ന സംശയമുണ്ടായിരിക്കുന്നത്. വളരെ ഉദാരമായി ആരെയും ഫാസിസ്റ്റ് എന്നു വിളിക്കുന്ന അവസ്ഥ ഇന്നുണ്ടായതൊന്നുമല്ല. റോഡില്‍ കാണുന്ന റൗഡിയെപ്പോലും ഫാസിസ്റ്റ് എന്നു വിളിക്കുന്നതായി ജോര്‍ജ് ഓര്‍വല്‍ അഞ്ചാറു പതിറ്റാണ്ടുമുമ്പ് പരിഹസിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഫാസിസം ചര്‍ച്ചാവിഷയമായതു വളരെ വൈകിയായിരുന്നു. യൂറോപ്പില്‍ ഒന്നാം ലോകയുദ്ധകാലത്തുതന്നെ രൂപംകൊണ്ട ഫാസിസ തത്ത്വശാസ്ത്രം മുപ്പതുകളോടെ യൂറോപ്പില്‍ -പ്രധാനമായി ഇറ്റലിയിലും ജര്‍മനിയിലും- പൂര്‍ണ അധികാരം കൈയ്യാളാന്‍ തുടങ്ങുകയും രണ്ടാം ലോകയുദ്ധത്തിനുതന്നെ കാരണമാവുകയും ചെയ്തപ്പോഴൊന്നും ഇന്ത്യയിലിതു വലിയ ചര്‍ച്ചയായില്ല. പ്രധാനകാരണം, നമ്മെ ഭരിച്ചിരുന്ന ബ്രിട്ടന്‍ അപ്പോഴും ഒരു ജനാധിപത്യരാജ്യമായിരുന്നു എന്നതാണ്. അവിടത്തെ തത്ത്വശാസ്ത്രം എന്തോ ആവട്ടെ നമുക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ മതി എന്ന സമീപനമാണ് ഇന്ത്യന്‍ പാര്‍ട്ടികള്‍ സ്വീകരിച്ചത്. സോഷ്യലിസ്റ്റ് സമൂഹനിര്‍മാണം നടന്നുകൊണ്ടിരുന്ന സോവിയറ്റ് യൂണിയനില്‍പോലും ഫാസിസത്തിന്റെ കടന്നുവരവ് വിഷയമായില്ല. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ സോവിയറ്റ് യൂണിയന്‍ നാസി ജര്‍മനിയുമായി സമാധാനക്കരാര്‍ ഒപ്പിച്ച് യുദ്ധത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു എന്ന് ഇന്നാലോചിക്കുമ്പോള്‍ അമ്പരപ്പു തോന്നും. ജര്‍മനി ഓര്‍ക്കാപ്പുറത്ത് കടന്നാക്രമിച്ചപ്പോഴേ സ്റ്റാലിന് നാസിസത്തെയും ഫാസിസത്തെയും ശരിക്കു മനസ്സിലായുള്ളൂ.

യഥാര്‍ത്ഥത്തില്‍, ഇറ്റലിയിലെ മുസ്സോളിനിയുടെ പാര്‍ട്ടി മാത്രമേ ഫാസിസം ഒരു തത്ത്വശാസ്ത്രമായി സ്വീകരിച്ചിരുന്നുള്ളൂ. 1922 ല്‍ അധികാരത്തില്‍ വന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുമ്പു മാത്രമേ മുസ്സോളിനി ശരിക്കുമൊരു ഏകാധിപതിയായുള്ളൂ. ഹിറ്റ്‌ലറും തിരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തില്‍ വന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടി നാഷനല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഘട്ടംഘട്ടമായാണ് രണ്ടുപേരും തനി ഫാസിസത്തിലെത്തിയത് എന്ന് ഓര്‍ക്കുന്നത് നന്ന്.

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കക്കും ബ്രിട്ടന്നും സോവിയറ്റ് യൂണിയന്നും ഒപ്പം ഇന്ത്യയും  നില്‍ക്കണമെന്നു തോന്നിയ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ്. ഫാസിസത്തോടുള്ള വിരോധമായിരുന്നു അതിന് കാരണമെന്നു പറയാനാവില്ല. ഒരു സോവിയറ്റ് നിയന്ത്രിത പാര്‍ട്ടിയ്ക്ക് മറ്റെന്തു ചെയ്യാനാവും? റഷ്യ ജര്‍മനിക്കൊപ്പമായിരുന്നെങ്കില്‍ സി.പി.ഐ.യും ഫാസിസത്തിനൊപ്പമാകുമായിരുന്നു തല്‍ക്കാലത്തേക്കെങ്കിലും. ക്വിറ്റ് ഇന്ത്യാ സമരം നടത്തി ബ്രിട്ടന്റെ ശത്രുത സമ്പാദിച്ചെങ്കിലും ജര്‍മനി-ജപ്പാന്‍-ഇറ്റലി കൂട്ടുകെട്ടിന്റെ വിജയം കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ല. സ്വാതന്ത്ര്യം തന്നാല്‍ ബ്രിട്ടനോടൊപ്പം നില്‍ക്കാം എന്ന വിലപേശല്‍നിലപാടില്‍ യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് ഭീഷണിയെക്കുറിച്ചുള്ള ധാരണയില്ലായ്മ പ്രകടമാണെന്നു ഇന്നു നമുക്ക്് പറയാനാവും. ഫാസിസമാണ് മോചനമാര്‍ഗം എന്നു വിശ്വസിച്ചിരുന്ന ഒരു മഹാനായ ദേശസ്‌നേഹി പോലും നമുക്കുണ്ടായിരുന്നു എന്നതാണ് സത്യം. ഫാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഗുണവശങ്ങള്‍ ചേര്‍ത്തുള്ള ഏകാധിപത്യഭരണമാണ് ഇവിടെ സ്ഥാപിക്കാന്‍ താന്‍ ലക്ഷ്യമിടുന്നതെന്നും ഭക്ഷണവും വസ്്ത്രവും ഉള്‍പ്പെടെ എല്ലാ കാര്യത്തിലും ഇന്ത്യക്കാരെ ഒരുപോലെയാക്കുമെന്നും നേതാജി സുഭാഷ് ചന്ദ്രബോസ് അന്ന് പ്രഖ്യാപിച്ചിരുന്നു എന്നതും കൗതുകകരമാണ്.

യുദ്ധത്തില്‍ ഫാസിസം തോറ്റതോടെ ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ച പാടെ നിലച്ചെന്നു പറയാം. എന്നാല്‍, എഴുപതുകളുടെ ആദ്യത്തില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ സമരമാരംഭിച്ചപ്പോള്‍ സി.പി.ഐ. ആണ് ആ പ്രസ്ഥാനത്തെ ഫാസിസ്റ്റ് പ്രസ്ഥാനമായി മുദ്രകുത്തിയതും ഇന്ദിരാഗാന്ധിയുടെ ഭരണത്തിനു പിന്തുണ പ്രഖ്യാപിച്ചതും. വലിയ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ ജോര്‍ജി ദിമിത്രോവിനെ ഈ ഘട്ടത്തിലാണ് നമ്മുടെ നാട്ടുകാര്‍ കേള്‍ക്കാന്‍ തുടങ്ങിയത്. 1946-49 കാലത്ത് ബള്‍ഗേറിയന്‍ കമ്യൂ. പാര്‍ട്ടിയുടെ സിക്രട്ടറിയായിരുന്ന ദിമിത്രോവിന്റെ ഫാസിസത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകവ്യാപകമായി അംഗീകരിച്ചിരുന്നത്. അദ്ദേഹം 1934-43 കാലത്ത്്  കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ അധ്യക്ഷനുമായിരുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദിമിത്രോവ് സ്വീകാര്യനായത്, ധനമുതലാളിത്തവും ഫാസിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തം ഉപയോഗിച്ച് തങ്ങളുടെ ഇന്ത്യന്‍ നയങ്ങളെ ന്യായീകരിക്കാന്‍ പറ്റും എന്നതുകൊണ്ടാണ്. ഇന്ദിരാഗാന്ധിക്ക് ഇടതുപക്ഷ ആഭിമുഖ്യമുണ്ട്-സോവിയറ്റ് ചേരിയിലാണ് അവരുടെ നില്‍പ്പും. ജെ.പി.യെ പിന്താങ്ങുന്നവരുടെ കൂട്ടത്തില്‍ ജനസംഘം, ആര്‍.എസ്.എസ്, സ്വതന്ത്രാപാര്‍ട്ടി എന്നിവയുണ്ട്. ഇവരാണ് ശരിയായ ധനമുതലാളിത്തത്തിനുവേണ്ടി ഇന്ദിരാഗാന്ധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍. ഇതിനെ നേരിടാന്‍ തങ്ങള്‍
ഇന്ദിരയെ പിന്താങ്ങുന്നു. സി.പി.എമ്മിന് ഇതിനെക്കുറിച്ചൊന്നും ധാരണയില്ലാതിരുന്നതുകൊണ്ട് അവര്‍ ഇന്ദിരയെ ഫാസിസ്റ്റ് എന്നു വിളിക്കുകയും എതിര്‍പക്ഷത്തെ ഫാസിസ്റ്റുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു-അടിയന്തരാവസ്ഥയെ അനുകൂലിക്കാനുള്ള സിദ്ധാന്തവെടിമരുന്നും അവര്‍ക്ക് ഈ നിലപാടുവഴി ദിമിത്രോവില്‍ നിന്നു കിട്ടി.

സി.പി.എം. ജയപ്രകാശ് നാരായണന്റെ സമരത്തിനൊപ്പം നിന്നില്ലെങ്കിലും ഇന്ദിരാഭരണത്തെ പരമാവധി എതിര്‍ത്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവരുടെ നിലപാട് അര്‍ദ്ധഫാസിസത്തില്‍നിന്ന് പൂര്‍ണഫാസിസത്തിലേക്ക് രാജ്യം നീങ്ങി എന്നായിരുന്നു. അതായിരുന്നു പാര്‍ട്ടി പത്രത്തിന്റെ 1975 ജൂണ്‍ 27ാം തിയ്യതിയിലെ തലക്കെട്ടും. നിരവധി പാര്‍ട്ടി നേതാക്കള്‍ തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ടു. എന്തായാലും അടിയന്താവസ്ഥ കഴിഞ്ഞതോടെ സി.പി.ഐ. തങ്ങളുടെ നിലപാടുകളില്‍ പല തിരുത്തലുകള്‍ വരുത്തി. അടിയന്തരാവസ്ഥയെ പിന്താങ്ങിയത് തെറ്റായിരുന്നു എന്നു സമ്മതിക്കുകയും ഇടതുപാര്‍ട്ടികളുടെ മുന്നണിയില്‍ പങ്കാളികളാകുകയും ചെയ്തു.

ഇതിനെല്ലാം ഇപ്പോഴെന്തു പ്രസക്തി എന്ന ചോദ്യമുയര്‍ന്നേക്കും. പ്രസക്തിയുണ്ട്. സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ വാഗ്വാദവും സംവാദവും ഒന്നും നടക്കുന്നില്ലെങ്കിലും സി.പി.എമ്മിനകത്ത് ഒളിയുദ്ധം നടക്കുന്നുണ്ട്്. വാജ്‌പേയി ഭരണത്തെപ്പോലും ഫാസിസ്റ്റ്് എന്നു വിളിച്ച പാര്‍ട്ടിയുടെ സ്ഥാനമൊഴിഞ്ഞ ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ടിന് മോദിഭരണം ഫാസിസ്റ്റ് ഭരണമാണ് എന്ന പൂര്‍ണ അഭിപ്രായമില്ല. മറിച്ചാണ് ജനറല്‍ സിക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. യൂറോപ്യന്‍ അര്‍ത്ഥത്തിലുള്ള ഒരു ഫാസിസമല്ല മോദിയുടേത് എന്ന അഭിപ്രായമാണ് പ്രകാശ് കാരാട്ടിനുള്ളത്. അതു ശരിതന്നെ. ഏതു പ്രത്യയശാസ്ത്രമാണ് രണ്ടു കാലഘട്ടങ്ങളില്‍ രണ്ടു ഉപഭൂഖണ്ഡങ്ങളില്‍ ഒരുപോലെ ഉണ്ടായിട്ടുള്ളത്? ഇറ്റലിയിലെ ഫാസിസമായിരുന്നോ ജര്‍മനിയിലെ ഫാസിസം? സോവിയറ്റ് യൂണിയനിലെ കമ്യൂണിസമായിരുന്നോ ചൈനയില്‍ നടപ്പാക്കിയിരുന്നത്?  അതുകൊണ്ടുതന്നെ വ്യത്യാസങ്ങള്‍ തലനാരിഴ കീറി വിലയിരുത്തുന്നതിന് ഒരു പ്രസക്തിയുമില്ലതന്നെ.

പിന്നെ എന്തിനാണ് ഈ സമുന്നത നേതാക്കള്‍ തര്‍ക്കിക്കുന്നത് എന്ന ചോദ്യമുയരും. പാര്‍ട്ടിയുടെ രാഷ്ട്രീയനയങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തി കാണണം. ഇവിടെ ഭരണം നടത്തുന്നത് പൂര്‍ണരൂപത്തിലുള്ള ഒരു ഫാസിസമാണെങ്കില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാമത്തെ ചുമതല ആ ഫാസിസ്റ്റ് ഭരണത്തിനെതിരെ എല്ലാ വിഭാഗത്തില്‍പ്പെട്ട പാര്‍ട്ടികളുടെയും ഐക്യമുന്നണി രൂപവല്‍ക്കരിക്കുക എന്നതല്ലേ? ആണെന്നും അല്ലെന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. പൂര്‍ണ ഫാസിസമാണെങ്കില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ മതേതര ജനാധിപത്യപാര്‍ട്ടികളുടെ ഐക്യമുന്നണിയുണ്ടാക്കാന്‍ സി.പി.എം. മുന്‍കൈ എടുക്കേണ്ടേ? ബംഗാളില്‍ ചെയ്തതിനെത്തന്നെ എതിര്‍്ക്കുന്ന പ്രകാശിനെങ്ങനെ ഇതിനപ്പുറം ചിന്തിക്കാനാവും?

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു പാര്‍ട്ടിയും ഫാസിസമാണ് തങ്ങളുടെ പ്രത്യയശാസ്ത്രമെന്നു പറയാറില്ല. അതേസമയം, ഫാസിസത്തിന്റെ സ്വഭാവങ്ങള്‍ പല പാര്‍ട്ടികളും പ്രത്യക്ഷമായും പരോക്ഷമായും സ്വീകരിക്കുന്നുണ്ട്. ഫാസിസം സ്വീകരിച്ചുപോന്നതിനു സമാനമായ ലക്ഷ്യങ്ങളും പരിപാടികളും ജനാധിപത്യത്തിന്റെ ചട്ടക്കൂട് പൊളിച്ചുകളയാതെതന്നെ നടപ്പാക്കാന്‍ കഴിയും എന്ന് പല രാജ്യങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്്. ജനാധിപത്യം കാലഹരണപ്പെട്ടു എന്ന് ഇന്നാരും പറയുകയില്ല. പക്ഷേ, ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും ഒന്നൊന്നായി പ്രവര്‍ത്തനരഹിതമാക്കും. ഏകകക്ഷി ഭരണമേര്‍പ്പെടുത്തുകയില്ല. പക്ഷേ, പ്രതിപക്ഷത്തെ നിഷ്പ്രയോജനകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തും. പക്ഷേ, ഒരേ ചിന്താഗതി രാജ്യത്തെങ്ങും എത്തിക്കുന്നതിനു പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായം തേടും, ഏകാധിപത്യപരമായി അധികാരം വിനിയോഗിക്കും. എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ വണ്ടിവന്നാല്‍ അക്രമം അഴിച്ചുവിടും. പട്ടാളശക്തിയിലുടെ എല്ലാ എതിര്‍പ്പുകളെയും മറികടക്കാമെന്നു തെളിയിക്കും. രാജ്യസ്‌നേഹത്തിന്റെയും മതത്തിന്റെയും വികാരം ഉപയോഗിച്ച് എല്ലാ എതിര്‍നിലപാടുകാരെയും നിഷ്‌ക്രിയമാക്കാന്‍ ശ്രമിക്കും- ഇതെല്ലാമാണ് കേന്ദ്രഭരണകൂടം ചെയ്യാന്‍ പോകുന്നത് എന്നാര്‍ക്കാണ് അറിയാത്തത്?

ഒരുപാടൊരുപാട് കാര്യങ്ങൡ യോജിപ്പുള്ള സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എന്തിനാണ് നരേന്ദ്ര മോദിക്ക് ഫാസിസ ലേബല്‍ ഒട്ടിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ച് തര്‍ക്കിച്ചു സമയം കളയുന്നത്? ബംഗാളിലെ മുന്നണിനയം സംബന്ധിച്ച അഭിപ്രായവ്യത്യാസം ഈ തര്‍ക്കത്തിലും പ്രതിഫലിക്കുന്നു എന്നതാണ് ദുരന്തം.

ലോകം ആഗോളീകരണത്തിന്റെ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും നേരിടുന്നു എന്നതു ശരി. പക്ഷേ, വര്‍ഗീയതയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും വെല്ലുവിളികളാണ് വരുന്ന കുറെക്കാലത്തേക്ക് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി. പല രാജ്യങ്ങളിലും ജനാധിപത്യസംവിധാനം ഉപയോഗിച്ചാണ് പുത്തന്‍ ഫാസിസങ്ങള്‍ ഭരണത്തില്‍ വരുന്നത്. മുമ്പ് ഇതുതന്നെയാണ് മുസ്സോളിനിയും  ഹിറ്റ്‌ലറും ചെയ്തിരുന്നത്. ഇന്ന് നിരവധി ഹിറ്റ്‌ലര്‍മാര്‍ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുന്നു. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുകയല്ലാതെ വഴിയില്ല. മതേതരത്വവും ബഹുസ്വരതയും ഭിന്ന നിലപാടുകള്‍ പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഇനി പ്രധാനമാകാന്‍ പോകുന്നത്. അതില്‍ ഈ പഴയ ലേബലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല.
(Published in Andhardhara Magazine Sept 2016)

Sunday, 18 September 2016

തോക്കേന്തിയ ഭീകരര്‍, മരണം മുന്നില്‍, വിമാനത്തില്‍ 20 മണിക്കൂര്‍


തകര്‍ന്ന വിമാനത്തില്‍നിന്ന് രക്ഷപ്പെടുക എന്നത് ഏതാനും മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്ത്വവും ആശങ്കയുമാണ്. എന്നാല്‍, തോക്കേന്തിയ ഭീകരന്മാര്‍ റാഞ്ചിയെടുത്ത വിമാനത്തില്‍, കൊല്ലും കൊല്ലും എന്ന ഭീഷണി കേട്ട് ഇരുപതു മണിക്കൂര്‍ രാവും പകലും കഴിച്ചുകൂട്ടുക എന്നത് അചിന്ത്യമായ അനുഭവമാണ്. ഒരു പത്രപ്രവര്‍ത്തകന് അങ്ങനെ ഒരു അനുഭവമുണ്ടായാല്‍ മറ്റു പത്രപ്രവര്‍ത്തകര്‍ അതൊരു മഹാഭാഗ്യമാണെന്നേ കരുതൂ.

ഒരു മലയാളി പത്രപ്രവര്‍ത്തകന് ഈ അപൂര്‍വഭാഗ്യമുണ്ടായിട്ടുണ്ട്. അത് മലയാള മനോരമയുടെ ഡല്‍ഹി ലേഖകനും പില്‍ക്കാലത്ത് മാതൃഭൂമി ഉള്‍പ്പെടെ പല പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരും ആയിരുന്ന കെ.ഗോപാലകൃഷ്ണനാണ്. ഒന്നോര്‍ത്തുനോക്കൂ, ഏതുനിമിഷവും വെടിയേറ്റോ ബോംബ് സ്‌ഫോടനത്തിലോ മരിച്ചുവീഴാം എന്ന ഭീതിയോടെ നിമിഷങ്ങള്‍ മണിക്കുറുകളാകുന്ന നേരത്ത് പത്രറിപ്പോര്‍ട്ടിനുവേണ്ടി കണ്ണും ശ്രദ്ധയും കേന്ദ്രീകരിച്ച് കാര്യങ്ങള്‍ നിരീക്ഷിക്കകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക എന്തൊരു തീക്ഷ്ണ പരീക്ഷണമായിരിക്കും.
സിഖ് ഭീകരതയടെ പശ്ചാത്തലം

1984 ജൂലൈ അഞ്ചിന് നടന്ന വിമാനറാഞ്ചലിന് ഒരു ചരിത്രപശ്ചാത്തലമുണ്ട്. പ്രത്യേകരാജ്യം ആവശ്യപ്പെട്ട്  സിഖുകാരുടെ ഇടയില്‍ ഭീകരപ്രവര്‍ത്തനം കൊടുമ്പിരി കൊണ്ട ഒരു കാലമായിരുന്നു അത്. വിമാനംറാഞ്ചലും കൂട്ടക്കൊലകളും ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നു. ആരാധനാലയങ്ങളെ ശക്തികേന്ദ്രങ്ങളാക്കി അക്രമസമരം അഴിച്ചുവിട്ടത് മതനേതാവായ ജര്‍ണയില്‍ സിങ്ങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലായിരുന്നു. സിഖ് മത ആസ്ഥാനമായ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ഇയാളെ പിടികൂടാന്‍ സൈന്യം നടത്തിയ നീക്കം ആരാധനാലയത്തിന് നാശനഷ്ടമുണ്ടാക്കി. ഇത് ലോകത്തെമ്പാടുമുള്ള സിഖുകാരെ പ്രക്ഷുബ്ധരാക്കി. അച്ചടക്കത്തിനു പേരുകേട്ട സിഖ് പട്ടാളക്കാര്‍പോലും ആയുധമെടുത്ത് തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ രണ്ട് സിഖ് കാവല്‍ക്കാര്‍ വെടിവെച്ചുകൊന്നതും പ്രതികാരമായി ഡല്‍ഹിയില്‍ ആയിരക്കണക്കിന് സിഖുകാര്‍ കൊല ചെയ്യപ്പെട്ടതും വൈകാതെ സിഖ് തീവ്രവാദം ചോരപ്പുഴയൊഴുക്കിത്തന്നെ അടിച്ചമര്‍ത്തിയതും ചരിത്രസംഭവങ്ങളാണല്ലോ.

സുവര്‍ണക്ഷേത്രത്തിലെ പട്ടാളനടപടി- ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നാണതിന്റെ പേര്-നടന്ന് ഒരു മാസം തികഞ്ഞതിന്റെ പിറ്റേന്നാണ് സിഖ് ഭീകരര്‍ ശ്രീനഗറില്‍നിന്ന് ഡല്‍ഹിക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കൈയടക്കി പാകിസ്ഥാനിലെ ലാഹോറില്‍ കൊണ്ടുചെന്നിറക്കുന്നത്. രാജ്യത്തെ അതു നടുക്കി. 255 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെ.ഗോപാലകൃഷ്ണനും ഒരു വിദേശപത്രത്തിന്റെ ഇന്ത്യന്‍ ലേഖകനായ മോഹന്‍ റാമും അടുത്തടുത്ത സീറ്റിലാണ് ഇരുന്നത്. വിമാനം പുറപ്പെടുംമുമ്പ് മുന്‍നിരയില്‍ നാലു സിഖ് യുവാക്കള്‍ ഇരിക്കുന്നതുകണ്ട് ഗോപാലകൃഷ്ണന്‍ മോഹന്‍ റാമിനോട് കുറച്ചു കാര്യമായും കുറച്ചു തമാശയായും ചോദിച്ചു-അവരിലൊരുവന്‍ പരുക്കനും ക്ഷുഭിതനുമാണെന്നു തോന്നുന്നു. നമ്മുടെ വിമാനം അപഹരിക്കപ്പെടുമോ?  വൈകീട്ട് നാലേ കാലിന് വിമാനം പറന്നുയര്‍ന്ന് അധികം കഴിയുംമുമ്പ് ആ തമാശ കാര്യമായി.

ഒമ്പതംഗസംഘം ഖലിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി ചാടിയെഴുന്നേറ്റതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. അവര്‍ വിമാനത്തിനകത്ത് അഴിഞ്ഞാടി. അവരുടെ കൈവശം കൃപാണും റിവോള്‍വറുകളുമുണ്ടായിരുന്നു. പല യാത്രരെയും തോക്കുകൊണ്ട് കുത്തി. ഇന്ത്യാവിരുദ്ധ- ഖലിസ്ഥാന്‍ -പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പട്ടാളക്കാരെ പൊതിരെ തല്ലി. അരമണിക്കുര്‍ കൊണ്ട് യാത്രക്കാരെ ശരിക്കും വിറപ്പിച്ച് നിഷ്‌ക്രിയരാക്കി. സംഗതികള്‍ നിയന്ത്രണാധീനമായി എന്നായപ്പോള്‍ അവരൊന്നടങ്ങി.


പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും ഒന്നൊന്നായി വരുന്നതിനനുസരിച്ച് ഭീകരുടെ പെരുമാറ്റവും മാറിക്കൊണ്ടിരുന്നു. വിമാനം ലാഹോറിലിറക്കാന്‍ അര മണിക്കൂര്‍ വൈകിയപ്പോള്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണി അത്യുച്ഛത്തില്‍ ഉയര്‍ന്നു. നാലരയ്ക്ക് പുറപ്പെട്ട വിമാനം ആറേ മുക്കാല്‍ മണിയൊടെയാണ് ലാഹോറില്‍ ഇറക്കാനായത്. യാത്രക്കാരുടെ ബാഗേജുകള്‍ മുഴുവന്‍ അക്രമികള്‍ നിര്‍ബന്ധിച്ച് കൈക്കലാക്കി. എല്ലാവരെയും സദാസമയം സീറ്റ്‌ബെല്‍ട്ടില്‍ തടങ്കലിലെന്ന പോലെ ഇരുത്തി. ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ സൂക്ഷ്മ ശരീരപരിശോധന നിര്‍ബന്ധം.

ഭീകര കാളരാത്രി

ഭീകരര്‍ തമ്മിലുള്ള ചര്‍ച്ചകള്‍, ബന്ദികളാക്കപ്പെട്ടവരുമായുള്ള ആശയവിനിമയം, ഭക്ഷണപ്രശ്‌നം, കുട്ടികളുടെയും അമ്മമാരുടെയും നിലവിളികള്‍, ഇടക്കിടെ ഭീകരരുടെ വധഭീഷണികള്‍- ഉറക്കമില്ലാത്ത ആ രാത്രി യാത്രക്കാര്‍ക്ക് ഭീകര കാളരാത്രിയായി. യമന്‍ അപ്പോഴാണോ നേരംപുലര്‍ന്നാണോ വരിക എന്ന് ഓര്‍ത്തോര്‍ത്ത് അവര്‍ ഞെട്ടിക്കൊണ്ടിരുന്നു. യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന പഴങ്ങളും മറ്റും യാത്രക്കാര്‍ പങ്കിട്ടു. പുലര്‍ച്ചെ ടോയ്‌ലറ്റുകളില്‍ ബഹളം, വിസര്‍ജ്യം കവിഞ്ഞൊഴുകി..വെള്ളമില്ല, ശീതീകരണം നിലച്ചതിനാല്‍ ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നു, കരയാന്‍പോലും കഴിയാതെ സ്ത്രീകളും കുട്ടികളും ബോധമറ്റ നിലയില്‍ ഇരുന്നേടത്ത് ചാഞ്ഞു.

രാവിലെ പതിനൊന്നുമണിക്ക് ഭീതിയുടെ അടുത്ത വേലിയേറ്റമുണ്ടായി. യാത്രക്കാരെ ഭക്ഷണത്തിനുകൊണ്ടുപോകാമെന്ന് പറഞ്ഞ് മതം തിരിച്ചു നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമായ യാത്രക്കാരുടെ ഉള്ളുകാളി. കൂട്ടക്കൊല നടത്താനാണോ മതം തിരിക്കുന്നത് എന്നവര്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഹിന്ദുക്കളുടെ എയര്‍ടിക്കറ്റുകള്‍ വന്നു വാങ്ങാന്‍ തുടങ്ങിയപ്പോള്‍ ആശങ്ക പരിഭ്രാന്തിയായി. ഉച്ചയ്ക്ക് പന്ത്രണ്ടായപ്പോള്‍ അന്ത്യം അടുത്തെന്നറിയിക്കുന്ന പ്രഖ്യാപനം ഉച്ചഭാഷണിയില്‍ മുഴങ്ങി. ചര്‍ച്ച പരാജയപ്പെട്ടു,  വിമാനം തകര്‍ക്കാന്‍ പോകുന്നു, പ്രാര്‍ത്ഥിച്ചുകൊള്ളുക-

അര മണിക്കൂര്‍ അന്തരീക്ഷത്തില്‍ നിലവിളികളും പ്രാര്‍ത്ഥനകളും നിറഞ്ഞ അനിശ്ചിതത്വം. ഒടുവില്‍ പന്ത്രണ്ടരയ്ക്ക്  വെള്ള കുര്‍ത്ത ധരിച്ചുവന്ന നേതാവ് പര്‍വീന്ദര്‍ സിംഗിന്റെ പ്രഖ്യാപനം.- എല്ലാവരുയും മോചിപ്പിക്കുന്നു.... ഇന്ദിരാഗാന്ധി സുവര്‍ണക്ഷേത്രം തകര്‍ത്തു, നിരവധി സിഖുകാരെ കൊന്നു. എങ്കിലും, സിഖുകാര്‍ മനുഷ്യസ്‌നേഹികളായതുകൊണ്ട് ആരേയും കൊല്ലുന്നില്ല.

ഒരു മണിക്കുമുമ്പ് എല്ലാവരും മോചിതരായി.


സ്റ്റോക്‌ഹോം സിന്‍ഡ്രോം എന്നു വിളിക്കുന്ന പ്രത്യേകതരം മാനസികാവസ്ഥയുടെ പ്രകടനം വിട്ടയക്കപ്പെട്ട ഇന്ത്യക്കാരിലും ഉണ്ടായി. റാഞ്ചികളോട് അവര്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നുണ്ടായിരുന്നു.  വിട്ടയക്കപ്പെട്ട യാത്രക്കാര്‍ മാത്രമല്ല, റാഞ്ചികള്‍ പോലും സന്തോഷവും സ്‌നേഹവും കൊണ്ട് വികാരഭരിതരായി, കണ്ണീര്‍ വീഴ്ത്തി.

തല പുകഞ്ഞ ചര്‍ച്ചകള്‍

നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ കെ.ഗോപാലകൃഷ്ണന്‍ മലയാള മനോരമയില്‍ പിറ്റേന്നും ദി വീക്ക് വാരികയില്‍ അടുത്ത ലക്കത്തിലും വിസ്തരിച്ച് എഴുതിയിട്ടുണ്ട്. ഒരു ഭീകരസ്വപ്‌നം പോലെ.... എന്നതാണ് പത്രത്തിലെ പ്രധാന അനുഭവവിവരണ റിപ്പോര്‍ട്ടിന്റെ തലവാചകം. ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്നതാണ് വാരികയില്‍ മൂന്നു പേജുകളിലായി വന്ന റിപ്പോര്‍ട്ട്.

റാഞ്ചല്‍ നടന്ന ഇരുപതുമണിക്കൂറുകളില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണാധികാരികള്‍ ഈ പ്രതിസന്ധി കൈകാര്യം ചെയ്തതിന്റെ സൂക്ഷ്മവിവരങ്ങള്‍ അടങ്ങുന്നതാ ണ് കെ.ഗോപാലകൃഷ്ണന്‍ ദ വീക്ക് വാരികയില്‍ എഴുതിയ ദീര്‍ഘ റിപ്പോര്‍ട്ട്. റാഞ്ചികളുമായുള്ള ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയി കൂടുതള്‍ സമയം നേടുക, റാഞ്ചികളുടെ മാനസികനില വിലയിരുത്തുക, ബലംപ്രയോഗിച്ചുള്ള മോചിപ്പിക്കലിന്റെ സാധ്യതകള്‍ ആരായുക, വിമാനത്തിനകത്തുള്ള എല്ലാവരെയും ഉറക്കിക്കിടത്താനുള്ള വാതകപ്രയോഗത്തിന്റെ സാധ്യത പരിശോധിക്കുക എന്നിങ്ങനെ നീണ്ടുപോയി ആലോചനകള്‍. ഇടയ്ക്ക് മാധ്യമക്കാര്‍ ഉണ്ടാക്കിയ അബദ്ധം സൃഷ്ടിച്ച ആശങ്കയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.  രോഗികളായ ആറു യാത്രക്കാരെ മോചിപ്പിക്കാന്‍ റാഞ്ചികള്‍ സമ്മതിച്ചിട്ടുണ്ടെന്ന സന്ദേശം ചോര്‍ന്നു പുറത്തായപ്പോള്‍ സുഖമില്ലാത്തവര്‍ എന്നര്‍ത്ഥമുള്ള സിക്ക് മാറി ആറു സിഖുകാരെ.. എന്നായിപ്പോയി!

റാഞ്ചലിന്റെ പിറ്റേന്നും പിന്നീട് പലവട്ടം ഗോപാലകൃഷ്ണന് ഈ സംഭവങ്ങള്‍ പല മാധ്യമ അഭിമുഖങ്ങളില്‍ വിവരിക്കേണ്ടി വന്നിട്ടുണ്ട്. രാധാകൃഷ്ണന്‍ പട്ടാന്നൂരിന്റെ ന്യൂസ് ഫ്‌ളാഷ് എന്ന കൃതിയില്‍ ഗോപാലകൃഷ്ണനുമായുള്ള അഭിമുഖത്തില്‍ വിമാനറാഞ്ചല്‍ വിവരിക്കുന്നുണ്ട്.

ഭോപ്പാല്‍ വാതകച്ചോര്‍ച്ചയും കൂട്ടമരണവും ഉള്‍പ്പെടെ ഒട്ടനവധി സുപ്രധാനസംഭവങ്ങളും സ്‌കൂപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഗോപാലകൃഷ്ണന്‍. ഡല്‍ഹി ബ്യൂറോ തലവനായിരിക്കെ 1989 ല്‍ മനോരമ വിട്ടു. തുടര്‍ന്ന് ഓണ്‍ലുക്കര്‍, സണ്‍ഡെ മെയില്‍ എന്നീ ഇംഗ്‌ളീഷ് വാരികകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1997 ലാണ് മാതൃഭൂമി പത്രാധിപരായത്. മാതൃഭൂമി പത്രാധിപരായി പ്രവര്‍ത്തിച്ച എട്ടര വര്‍ഷക്കാലം അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി. മാതൃഭൂമി വിട്ട ശേഷം അദ്ദേഹം അമൃത ടി.വി.യുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും രാഷ്ട്രീയനിരീക്ഷണ പംക്തി എഴുതുന്നു.

വധശിക്ഷ വേ(ണ്ട)ണം
ഏത് പൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലില്‍ ചെന്നുപതിക്കുമെന്നത് ഒരു പൊതുനിയമമായിട്ടുണ്ടല്ലോ. ഗോവിന്ദച്ചാമിയും സി.പി.എമ്മിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ്.


ഗോവിന്ദച്ചാമിയെ തൂക്കേണ്ട എന്നു തീരുമാനിച്ചത് സുപ്രീം കോടതിയൊന്നുമല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നു തോന്നിപ്പോകും ചില ധാര്‍മികരോഷ വികാരജീവികളുടെ പ്രകടനങ്ങള്‍ കണ്ടാല്‍. തൂക്കിക്കൊല്ലുന്നില്ല എന്നു മാത്രമല്ല, ഗോവിന്ദച്ചാമിയെ പദ്മശ്രീയോ മറ്റോ കൊടുത്ത് ആദരിക്കുകയും ചെയ്തു എന്നും തോന്നിപ്പിക്കുന്നതാണ് പൊതുജനരോഷം. ജനത്തെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ചാമിയെപ്പോലുള്ളവരെ കൈയില്‍കിട്ടിയാല്‍ ചിലപ്പോള്‍ മഹാത്മാഗാന്ധിയും ഹിംസാവാദിയായെന്നുവരും.
ഏത് പൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലില്‍ ചെന്നുപതിക്കുമെന്നത് ഒരു പൊതുനിയമമായിട്ടുണ്ടല്ലോ.

 ഗോവിന്ദച്ചാമിയും സി.പി.എമ്മിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പാര്‍ട്ടി ഒരു നയവും നിലപാടുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വേണ്ടിയാണ് 2013ല്‍ ഇങ്ങനെ തീരുമാനിച്ചത് എന്നൊന്നും പറഞ്ഞേക്കരുതേ... ഗോവിന്ദച്ചാമിയുടെ കേസ് വിധിയാകുംമുമ്പേ, പാര്‍ട്ടിയുടെ പ്രമേയം വായിച്ച് കേന്ദ്രസര്‍ക്കാര്‍ വധശിക്ഷ നിര്‍ത്തലാക്കിക്കളയും എന്നു വിശ്വസിക്കാനുള്ള മൗഢ്യമൊന്നും ആര്‍ക്കുമുണ്ടാകരുത്. ഇനിയേതായാലും ബി.ജെ.പി.ഭരണം തീരുംവരെ അങ്ങനെയൊരു ചിന്തയേ വേണ്ട. വര്‍ഷത്തില്‍ ഒരു നൂറു പേരെയെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റണമെന്ന് ക്വാട്ട നിശ്ചയിച്ചേക്കാനും മതി.

ഏത് ദുര്‍ബല നിമിഷത്തിലാണ് പാര്‍ട്ടി വധശിക്ഷ മനുഷ്യത്വരഹിതമാണെന്ന നയം സ്വീകരിച്ചതെന്നു ചിന്തിച്ചുപോകുന്നുണ്ടാകും സഖാക്കളിപ്പോള്‍. അത്രയൊന്നും വേവലാതിപ്പെടേണ്ട കാര്യമില്ല. എന്തെല്ലാം കാര്യങ്ങളില്‍ പാര്‍ട്ടികള്‍ ഒന്നു പറയുകയും വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതാണ് ശരി എന്നു പാര്‍ട്ടി പറഞ്ഞു. ശരിയേ ചെയ്യാവൂ എന്നാരെങ്കിലും പറഞ്ഞോ? രാഷ്ട്രീയകൊലപാതകം ശരിയല്ല എന്നാണ് പാര്‍ട്ടി നിലപാട്. എന്നുവെച്ച്, നാളെ മുതല്‍ ആരെയും കൊല്ലാന്‍ പാടില്ല എന്ന് പാര്‍ട്ടി പറഞ്ഞോ? അതില്ല. വധശിക്ഷ ശരിയല്ല. പക്ഷേ, ചിലപ്പോള്‍ ചിലരെ നൂറുപ്രാവശ്യം തൂക്കിക്കൊല്ലാം.

തത്ത്വം വേറെ, പ്രയോഗം വേറെ എന്ന പ്രായോഗിക സിദ്ധാന്തത്തിന്റെ കോപ്പിറൈറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവകാശപ്പെട്ടതൊന്നുമല്ല. ഏതു പാര്‍ട്ടിയാണ് അങ്ങനെ പാടില്ല എന്നു വാശി പിടിക്കാറുള്ളത്? മഹാത്മാഗാന്ധി വധശിക്ഷയ്‌ക്കെതിരായിരുന്നു. പക്ഷേ, ഗാന്ധിജി ഭഗത് സിങ്ങിന്റെ വധശിക്ഷയെ മൗനംകൊണ്ട് ശരിവെച്ചതായി ആക്ഷേപമുയര്‍ന്നതാണ്. 'സ്വതന്ത്രഭാരതത്തില്‍ കുറ്റമുണ്ടാകും, പക്ഷേ, ശിക്ഷയുണ്ടാകില്ല. കുറ്റം ഉണ്ടാകുന്നത് മനസ്സിന്റെ രോഗംകൊണ്ടാണ്, അതിന് ശിക്ഷയല്ല പരിഹാരം, ചികിത്സയാണ്' എന്നെഴുതിയതും ഗാന്ധിജിയാണ്. അതു വേറെ കാര്യം. നാഥുറാം ഗോഡ്‌സെയെ ഭ്രാന്താസ്പത്രിയില്‍ ചികിത്സിക്കുകയല്ല തൂക്കിക്കൊല്ലുകയാണ് നെഹ്രു ഗവണ്മെന്റ് ചെയ്തത്. ഇന്ന് ഗോഡ്‌സെയ്ക്ക് അമ്പലം പണിയുന്നവനെ നമ്മള്‍ ശിക്ഷിക്കുന്നുമില്ല, ഭ്രാന്താസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നുമില്ല. മഹാകഷ്ടമാണ്.
ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കലാണ് ജനാധിപത്യമെന്ന് മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും എം.എ. ബേബിക്കുപോലും വേണമെങ്കില്‍ വാദിക്കാം. ജനഹിതമാണ് ജനാധിപത്യം. സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗങ്ങള്‍ ഒരു ഭാഗത്തും മുഴുവന്‍ ജനം മറുഭാഗത്തും നിന്നാല്‍ സര്‍ക്കാര്‍ എന്തുചെയ്യും? ഗോവിന്ദച്ചാമിയെ നൂറുവട്ടം തൂക്കിക്കൊല്ലാം എന്നു പറയാന്‍ ഒരു എ.കെ. ബാലനെങ്കിലും വേണ്ടേ?
ലോകത്തിലെ നൂറോളം വികസിത ജനാധിപത്യങ്ങളിലൊന്നും വധശിക്ഷയില്ലെന്ന് എം.എ. ബേബി പറയുന്നതില്‍ കാര്യമുണ്ട്. നമ്മളെ അവരുടെ കൂട്ടത്തില്‍ ചേര്‍ക്കണമോ എന്നചോദ്യം പ്രസക്തമാണ്. വധശിക്ഷ വേണ്ടെന്നുവെക്കാന്‍ വികസിത ജനാധിപത്യമൊന്നുമാവേണ്ട.

തിരുവിതാംകൂര്‍ രാജഭരണം വധശിക്ഷ വേണ്ടെന്നു തീരുമാനിച്ചിരുന്നതാണ്. ഇന്ത്യയില്‍ ചേര്‍ന്നപ്പോഴാണ് വധശിക്ഷ തിരിച്ചുവന്നത് എന്ന് അധികം പേരോര്‍ക്കുന്നുണ്ടാവില്ല. നിയമനിര്‍മാതാക്കളല്ല, ജുഡീഷ്യറിയാണ് അന്നത്തെക്കാള്‍ ഗാന്ധിയന്മാരായത് എന്നതാണ് പ്രധാനമാറ്റം. പൊടുന്നനെയുണ്ടായ ഒരു രോഷത്തില്‍ കത്തിയെടുത്തു കുത്തുകയും ആള്‍ മരിച്ചുപോവുകയും ചെയ്ത കേസുകളില്‍പ്പോലും പ്രതിയെ തൂക്കിക്കൊന്ന സംഭവങ്ങളുണ്ട് അമ്പതുകളില്‍. ഇന്ന് ജന്മനാ ക്രിമിനല്‍ ആണെങ്കിലും അപൂര്‍വത്തില്‍ അപൂര്‍വമായ രീതിയില്‍ കൊന്നാലേ വധശിക്ഷ കിട്ടൂ. ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ വധശിക്ഷ വിധിച്ചാലും തൂക്കിക്കൊല്ലാന്‍  പറ്റണമെന്നില്ല. കൈയില്ലാത്ത ആളെ തൂക്കാമോ എന്ന ചോദ്യവുമായി ആളൂരന്മാര്‍ വരുമെന്നുറപ്പ്.

                                                                               ****
ചര്‍ച്ചചെയ്യാന്‍ ഒരു വിഷയവും കിട്ടാതെ കേരളത്തിലെ എണ്ണമറ്റ ചാനലുകള്‍ മൗനത്തിലായാല്‍ ഓണാഘോഷംതന്നെ മങ്ങിപ്പോകുമായിരുന്നു. അതൊഴിവാക്കാനാവണം ശശികല ടീച്ചര്‍ മുതല്‍ അമിത് ഷാജി വരെയുള്ള ആര്‍ഷഭാരതസംസ്‌കാരവാദികള്‍ വാമനമഹാബലി വിഷയം എടുത്തുപുറത്തിട്ടത്. ബി.ജെ.പി.യുടെ അഖിലേന്ത്യാ യോഗം കേരളത്തില്‍ നടക്കുന്നതിനു തൊട്ടുമുമ്പായി ഇങ്ങനെയൊരു വിഷയം കുത്തിപ്പൊക്കിയത് സമയോചിതമായിയെന്നേ പറയേണ്ടൂ. അമ്പതുകൊല്ലംമുമ്പ് ഇതേ പാര്‍ട്ടിയുടെ ഒറിജിനല്‍ രൂപത്തിന്റെ അഖിലേന്ത്യാമാമാങ്കം കോഴിക്കോട്ട് നടന്നപ്പോള്‍പ്പോലും ആരും വാമനന്റെ ഒറിജിനല്‍ രൂപത്തെക്കുറിച്ച് കേരളീയരെ ഓര്‍മപ്പെടുത്തിയില്ല. അന്ന് ശശികലടീച്ചറും അമിത് ഷാജിയും ഉണ്ടായിരുന്നില്ലല്ലോ എന്നു ചോദിക്കരുത്. ഒ. രാജഗോപാലും പി. പരമേശ്വരനുമെങ്കിലും അന്നുണ്ടായിരുന്നല്ലോ. അന്നുതന്നെ ഈ വിഷയം കേരളത്തില്‍ ഇറക്കിയിരുന്നെങ്കില്‍ ഹിന്ദുത്വപാര്‍ട്ടിക്ക് നിയമസഭയിലെന്നല്ല ഒരു പഞ്ചായത്തില്‍പ്പോലും അക്കൗണ്ട് തുറക്കാന്‍ പറ്റുമായിരുന്നില്ല.

ഇത്ര ബുദ്ധി അന്നു തോന്നാഞ്ഞത് മഹാവിഷ്ണുവിന്റെ അനുഗ്രഹം കൊണ്ടാണെന്നു കരുതാം.നിരാശവേണ്ട. കാലം മുന്നോട്ടാണ് പോകുക എന്നതൊക്കെ വെറും അന്ധവിശ്വാസമാണ്. ബീഫ് തിന്നെന്നു പറഞ്ഞും ചത്ത പശുവിന്റെ തോലുരിഞ്ഞെന്നുപറഞ്ഞും ആളെക്കൊല്ലാന്‍ അന്നൊന്നും ആരും ഒരുമ്പെട്ടിട്ടില്ലല്ലോ. ഇപ്പോള്‍ പണി തുടങ്ങിയാല്‍ ഇരുപത്തഞ്ചുകൊല്ലം കൊണ്ട് ഓണത്തിന്റെയും മാവേലിയുടെയും എല്ലാ അവശിഷ്ടങ്ങളും മായ്ച്ചുകളയാന്‍ പറ്റിയേക്കും. ശ്രമിക്കുന്നതിനെന്താണ് തടസ്സം? ഉത്തരേന്ത്യന്‍ ഹിന്ദുമതത്തെ ആഗോള ഹിന്ദുമതമാക്കണം. ആചാരങ്ങളും ആഘോഷങ്ങളും പഞ്ചായത്തുതോറും മാറാന്‍ പാടില്ല. എങ്ങനെയെല്ലാം വേണമെന്ന് ദേശീയതലത്തില്‍ തീരുമാനിക്കും. നിലവിലുള്ള തെയ്യം, തിറ, ഓണപ്പൊട്ടന്‍, തിരുവാതിരക്കളി തുടങ്ങിയ എന്തെല്ലാം അനാചാരങ്ങളാണ് അതേപടി തുടരുന്നത്. ഇവയുടെയെല്ലാം പഴംകഥകളും പുരാണങ്ങളും സൂക്ഷ്മതലത്തില്‍ പരിശോധിക്കാന്‍ ഒരു സബ്കമ്മിറ്റിയെ നിയോഗിക്കാം. ഹിന്ദി പ്രദേശത്തെ സങ്കല്പങ്ങള്‍ക്കെതിരായവ ഒന്നും എവിടെയും വേണ്ട. മല്ലുകളുടെ മുണ്ടുംമടക്കിക്കുത്തിയുള്ള നടപ്പുതന്നെ നിരോധിക്കാന്‍ സമയമായി.
                                                                                    ****
സൗമ്യ വധക്കേസിലെ സുപ്രീംകോടതിവിധി അബദ്ധമാണെന്നോ വിഡ്ഢിത്തമാണെന്നോ മറ്റോ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു പറഞ്ഞതായി മാധ്യമങ്ങളില്‍ കാണുന്നുണ്ട്. കാര്‍ണോന്മാര്‍ക്ക് എവിടെയോ എന്തോ ചെയ്യാമെന്നൊക്കെ നാട്ടിന്‍പുറത്ത് പറയും. കട്ജു എന്തുപറഞ്ഞാലും ആരും ഒന്നുംചെയ്യില്ല. ഇനി വല്ല പത്രക്കാരനോ നിരീക്ഷകന്മാരോ വല്ലതും എഴുതിയാല്‍ കഥ കഴിഞ്ഞതുതന്നെയാണ്. കോടതിയലക്ഷ്യത്തെ പേടിയുള്ളതുകൊണ്ട് നമ്മളതൊന്നും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല. മനസ്സിലാക്കാന്‍ പറ്റാത്തത് ജഡ്ജിമാര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ അബദ്ധങ്ങള്‍ പറ്റുന്നത് എന്നുമാത്രമാണ്.

വിചാരണക്കോടതിയും ഹൈക്കോടതിയും ഗോവിന്ദച്ചാമിയെ തൂക്കാന്‍ വിധിച്ചത് അബദ്ധമായിപ്പോയതുകൊണ്ടാണല്ലോ സുപ്രീംകോടതി അതു തിരുത്തിയത്. അപ്പോള്‍ വിചാരണക്കോടതിക്കു തെറ്റി, ഹൈക്കോടതിക്കും തെറ്റി. ഇപ്പോള്‍ കട്ജുവും മറ്റനവധി നിയമജ്ഞരും പറയുന്നതനുസരിച്ച് സുപ്രീം കോടതിക്കുംതെറ്റി. എല്ലാവര്‍ക്കുംതെറ്റി.
മനുഷ്യര്‍ക്ക്, അവര്‍ നിയമജ്ഞരായാലും തെറ്റുപറ്റും എന്നുള്ളതുകൊണ്ടാണ് തിരുത്താന്‍പറ്റാത്ത ശിക്ഷ, അതായത് മരണശിക്ഷ ആര്‍ക്കും നല്‍കിക്കൂടാ എന്ന് വിവേകമുള്ള മനുഷ്യര്‍ പറഞ്ഞിട്ടുള്ളത്. ഗോവിന്ദച്ചാമിയുടെ കുറ്റം സംശയലേശമെന്യേ തെളിഞ്ഞിട്ടുള്ളത് കേരളത്തിലെ പത്രവായനക്കാര്‍ക്ക് മാത്രമാവും. തെളിവും മൊഴിയും നോക്കുന്നവര്‍ക്ക് തെറ്റും പിഴവും പഴുതും ധാരാളം കണ്ടേക്കാം.

ആഴ്ചകളും മാസങ്ങളും എടുത്ത് സര്‍വരേഖകളും വായിച്ച് വിസ്താരവും ക്രോസ് വിസ്താരവും കഴിഞ്ഞ് തീരുമാനമെടുക്കുമ്പോള്‍ ജഡ്ജിമാര്‍ക്ക് തെറ്റാം. മറ്റ് പ്രൊഫഷനുകളില്‍ അപ്പീലുകള്‍ക്കും റിവ്യൂ പെറ്റീഷനുകള്‍ക്കും ഒന്നും വകുപ്പില്ല. വിസ്താരത്തിനും ക്രോസ് വിസ്താരത്തിനുമൊന്നും നേരവുമില്ല. തെറ്റിയാല്‍ മനുഷ്യന്‍ മരിക്കാം, ചിലപ്പോള്‍ കൂട്ടത്തോടെ മരിക്കാം. ഇതിനേക്കാള്‍ ചെറിയ തെറ്റുമതി ജയിലിലെത്താന്‍. ങ്ങാ... അങ്ങനെയാണ് ലോകം.


Monday, 12 September 2016

ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി'മാധവന്‍കുട്ടി രക്ഷപ്പെട്ടതിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി എന്നാണ് ഒരു പത്രം നല്‍കിയ തലക്കെട്ട്. കാരണമുണ്ട്. മാധവന്‍കുട്ടിയുടെ പുസ്തകങ്ങളിലൊന്നിന്റെ തലക്കെട്ട് 'ഈശ്വരന്‍ സ്വന്തം ലേഖകനോട് സംസാരിക്കുന്നു' എന്നായിരുന്നു. അപകടത്തില്‍ മരിച്ചില്ലെങ്കില്‍ പിന്നെ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം തമാശകളായി ആസ്വദിക്കാനാകുമല്ലോ. മാധവന്‍കുട്ടി രക്ഷപ്പെട്ട വിവരം അറിഞ്ഞ് ഒരു സുഹൃത്ത് അയച്ച ടെലഗ്രാമിലെ വാചകം ഇതാ ഇങ്ങിനെതാങ്കള്‍ അപകടത്തില്‍ രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എന്നെ നടുക്കുന്നു!രാജ്യതലസ്ഥാനത്തു ദീര്‍ഘകാലം ലേഖകന്മാരായിരുന്ന രണ്ടു മലയാളികള്‍ പത്രപ്രവര്‍ത്തകന്മാര്‍ എന്ന നിലയില്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചവരാണ്. രണ്ടുപേരും രണ്ട് അത്യപൂര്‍വസംഭവങ്ങളില്‍ കഥാപാത്രങ്ങളായി. മരണത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയപ്പോള്‍ വായനക്കാര്‍ക്കുവേണ്ടി കഥ എഴുതാന്‍ വെമ്പി.

മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകന്‍ വി.കെ മാധവന്‍കുട്ടിയാണ് ഒരു ഭാഗ്യവാന്‍. മറ്റൊരാള്‍ മലയാള മനോരമയുടെ ലേഖകന്‍ കെ. ഗോപാലകൃഷ്ണന്‍. രണ്ടു പ്രധാനപത്രങ്ങളുടെ ദീര്‍ഘകാല ഡല്‍ഹി ലേഖകന്മാരാണ് എന്നതിനുപുറമെ ഒരു ചേര്‍ച്ച കൂടിയുണ്ട്‌രണ്ടുപേരും പിന്നീട് മാതൃഭൂമിയുടെ പത്രാധിപന്മാരായി! തീര്‍ന്നില്ല. രണ്ടുപേരുടെയും കീഴില്‍ പത്രാധിപസമിതിയില്‍ ജോലി ചെയ്യാനുള്ള ഭാഗ്യം ഇതെഴുതുന്ന ആള്‍ക്ക് ഉണ്ടാവുകയും ചെയ്തു!

വി.കെ മാധവന്‍കുട്ടിയുടെ കഥ ആദ്യം പറയാം. അതാണ് ആദ്യം സംഭവിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ നിസാരമാണെന്നുതോന്നിപ്പോകും. വിമാനം തകര്‍ന്നു. പലരും മരിച്ചു. മാധവന്‍കുട്ടി രക്ഷപ്പെട്ടു. അത്രതന്നെ. പക്ഷേ, അതു വാര്‍ത്തയുടെ ലീഡ് മാത്രമേ ആകുന്നുള്ളൂ. വിശദാംശങ്ങള്‍ ധാരാളമുണ്ട്, പലതും സിനിമാക്കഥ പോലെ നാടകീയമാണ്.

1973 മെയ് 31നാണു സംഭവം നടക്കുന്നത്. മാധവന്‍കുട്ടി മാതൃഭൂമിയുടെ സുവര്‍ണജൂബിലി ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയതാണു കേരളത്തില്‍. ഒരു മാസം നാട്ടില്‍ കഴിഞ്ഞേ തിരിച്ചുപോകൂ എന്നു തീരുമാനിച്ചിരുന്നതാണ്. പക്ഷേ, ഡല്‍ഹിയില്‍ മാതൃഭൂമിയുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നങ്ങളുണ്ടായി. മാനേജര്‍ അഭ്യര്‍ഥിച്ചതനുസരിച്ച് ലീവ് റദ്ദാക്കി മടങ്ങി. മദിരാശി വഴിയാണു മടക്കയാത്ര. വളഞ്ഞ വഴിക്കു സഞ്ചരിച്ചു വൈകുന്നേരമാകുമ്പോള്‍ ഡല്‍ഹിയില്‍ എത്തുന്ന തരമൊരു ടിക്കറ്റ് അന്ന് മാതൃഭൂമി പബ്ലിക് റിലേഷന്‍സ് മാനേജര്‍ എടുത്തുവച്ചിരുന്നു. പുലര്‍ച്ചെ പുറപ്പെടാനുള്ള ടിക്കറ്റാണ്.

മാധവന്‍കുട്ടിക്ക് അതിഷ്ടപ്പെട്ടില്ല. വൈകിട്ടത്തെ വിമാനത്തില്‍ പോയാലും രാത്രി ഡല്‍ഹിയില്‍ എത്താം. മാത്രവുമല്ല, മദിരാശിയില്‍ എം.ടിക്കൊപ്പം കുറെ സമയം ചെലവഴിക്കുകയും ചെയ്യാം. എം.ടിയും സമ്മതിച്ചു. അങ്ങനെ, എടുത്ത ടിക്കറ്റ് റദ്ദാക്കിച്ചു വേറെ എടുപ്പിച്ചു. കുറെ നഷ്ടമുണ്ടായി. മാതൃഭൂമി ഓഫിസുകാര്‍ പ്രാകിയിരിക്കും. മാധവന്‍കുട്ടിക്ക് ഒരു വിഷമവും തോന്നിയില്ല. ടിക്കറ്റ് മാറ്റിയിരുന്നില്ലെങ്കില്‍ അത്യപൂര്‍വ അവസരം നഷ്ടപ്പെടുമായിരുന്നില്ലേ എന്നാണ് അദ്ദേഹം ചിന്തിച്ചത്.

യാത്ര തുടങ്ങും മുന്‍പേ ഭയം

ആ ഡല്‍ഹി വിമാനത്തില്‍ മോഹന്‍ കുമാരമംഗലം എന്നൊരു കേന്ദ്രമന്ത്രി കൂടിയുണ്ടായിരുന്നു. മെയ് 22ന് ഡല്‍ഹിക്കു മടങ്ങേണ്ടിയിരുന്ന കുമാരമംഗലം മടക്കയാത്ര നീട്ടുകയായിരുന്നു. ഫ്‌ളൈറ്റില്‍ ഒരുപാടു മലയാളികള്‍. സൊള്ളാനും പറയാനുമൊന്നും പ്രയാസമില്ലെങ്കിലും മാധവന്‍കുട്ടി അസ്വസ്ഥനായിരുന്നു, പേടിച്ചിരിപ്പായിരുന്നു യാത്രയില്‍ ഉടനീളം.
പേടിയും ടെന്‍ഷനും അദ്ദേഹത്തിന്റെ സഹയാത്രികനാണ്. ചെറുതും വലുതുമായ ഒരുപാട് അപകടങ്ങള്‍ ജീവിതത്തില്‍ അതിനുമുന്‍പ് ഉണ്ടായിട്ടുണ്ട്, ഭാഗ്യം കൊണ്ടാണ് ഓരോന്നില്‍നിന്നും രക്ഷപ്പെട്ടത് എന്നൊക്കെ അദ്ദേഹം ഓരോ വിമാനയാത്രയ്ക്കുമുന്‍പും ഓര്‍ക്കാറുണ്ട്. ഒരുപാടു വിമാനയാത്രകള്‍ നടത്തിയ ആളാണെങ്കിലും ഓരോ യാത്രയും ഭീതിയോടെയാണു തുടങ്ങുന്നത്. ചെറിയ ഇളക്കങ്ങള്‍ പോലും ഞെട്ടലുണ്ടാക്കും. ഇതു പൊതുവെ എല്ലാ വിമാനയാത്രികര്‍ക്കും ഉള്ളതാണെങ്കിലും മാധവന്‍കുട്ടിയുടെ അവസ്ഥ ഒന്നുവേറെ തന്നെയായിരുന്നു അപകടഭീതി ഒരിക്കലും വിട്ടൊഴിയാറില്ല.

വിമാനാപകടത്തില്‍നിന്നു രക്ഷപ്പെട്ട ശേഷം അദ്ദേഹം 'അപകടം എന്റെ സഹയാത്രികന്‍' എന്ന പേരിലൊരു പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യാധ്യായം തന്റെ അപകടപ്പേടികളുടെ വിവരണമാണ്. വിമാനത്തില്‍ കേറണമെന്നില്ല, വെറുതെ നടക്കുമ്പോള്‍പ്പോലും വീഴുമോ വാഹനം വന്നിടിക്കുമോ എന്ന ഭയം കൊണ്ടുനടക്കുന്ന ആളാണ്. ആറുമാസം പ്രായമുള്ളപ്പോള്‍ ഒരമ്മാമന്‍ തോക്ക് വൃത്തിയാക്കുമ്പോള്‍ പാഞ്ഞുപോയ വെടിയുണ്ട തന്റെ തലയ്ക്കു കൊള്ളാതിരുന്നത് ആരുടെയോ ഭാഗ്യം കൊണ്ടാണെന്നു പറഞ്ഞറിഞ്ഞതു പില്‍ക്കാല ഫോബിയകള്‍ക്കു കാരണമായിരിക്കാം

. തോണിയില്‍പോയപ്പോഴും സൈക്കിളില്‍ കേറിയപ്പോഴും സ്‌കൂട്ടറില്‍ സഞ്ചരിച്ചപ്പോഴും ബ്ലെയ്ഡ് എടുത്ത് എന്തോ മുറിച്ചപ്പോഴും കാറോടിച്ചപ്പോഴുമെല്ലാം അപകടമുണ്ടായ അനുഭവമുള്ള ആളെ വിമാനമാണോ വെറുതെ വിടാന്‍ പോകുന്നത്!
ഒരു കൂട്ടനിലവിളി പോലുമില്ലാതെയാണു വിമാനം പിളര്‍ന്നു തകര്‍ന്നതും താന്‍ തെറിച്ചു പുറത്തുവീണതും അവശിഷ്ടവിമാനം കത്തിയെരിഞ്ഞതും എന്ന് മാധവന്‍കുട്ടി ഓര്‍ക്കുന്നു. പരിഭ്രാന്തി നിറഞ്ഞ നീണ്ട യാത്രയ്‌ക്കൊടുവില്‍ ഇതാ സുരക്ഷിതമായി എത്തി എന്ന് ആശ്വസിക്കാവുന്ന ഘട്ടമാണല്ലോ ലാന്‍ഡിങ്.

അതിനും നിമിഷങ്ങള്‍ക്കു മുന്‍പുമാത്രം ഡല്‍ഹി വിമാനത്താവളത്തിനു മുകളിലാണു വിമാനം തകര്‍ന്നത്. ഇരുന്ന സീറ്റോടെ അദ്ദേഹം തെറിച്ചുപോകുകയാണുണ്ടായത്. കാര്യമായൊന്നും തനിക്കു പറ്റിയിട്ടില്ല എന്നദ്ദേഹത്തിനു മനസിലായി. പക്ഷേ, കൂടെ ഉണ്ടായിരുന്നവരെക്കുറിച്ചൊന്നും അറിയില്ല. അവരെത്തിരഞ്ഞു നടക്കാനും നിവൃത്തിയില്ല. വിമാനം കത്തുന്ന വെളിച്ചമേ ഉള്ളൂ. ഒന്നുരണ്ടുപേര്‍ കൂടി വലിയ പരുക്കില്ലാതെ തനിക്കൊപ്പം ഉണ്ടെന്ന് അദ്ദേഹത്തിനു മനസിലായി. മുന്നില്‍കണ്ട വഴിയിലൂടെ വേഗം നടന്നു. തൊട്ടടുത്തു വലിയ ചാല്‍ കണ്ടപ്പോള്‍ ആശ്വസിച്ചു. അതിലാണു വിമാനം വീണിരുന്നതെങ്കില്‍ ഒരാളും ബാക്കിയുണ്ടാകുമായിരുന്നില്ല.

ആദ്യവിളി പത്രത്തിലേക്ക്
അപകടസ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടുന്നുണ്ടായിരുന്നു. മിക്കവരുടെയും നോട്ടം കിട്ടുന്ന പെട്ടിയും സാധനങ്ങളും തട്ടിയെടുക്കാനായിരുന്നു എന്നും അദ്ദേഹത്തിന് ഓട്ടത്തിനിടയില്‍ മനസിലായി. അധികം വൈകാതെ അവര്‍ക്ക് ഒരു റോഡില്‍ എത്താനായി. പട്ടാളത്തിന്റെ ഒരു വാഹനം അവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ഡോക്ടറെത്തും മുന്‍പ് മാധവന്‍കുട്ടി അടുത്തുള്ള ടെലഫോണ്‍ കണ്ടെത്തി മാതൃഭൂമിയുടെ കോഴിക്കോട്ടെ ഓഫിസില്‍ ന്യൂസ് എഡിറ്റര്‍ വിംസി എന്നറിയപ്പെടുന്ന വി.എം ബാലചന്ദ്രനെ വിവരമറിയിച്ചു. എഴുതിയയക്കാനൊന്നും വയ്യ. കിട്ടിയേടത്തോളം വിവരങ്ങള്‍ ഫോണില്‍ അറിയിച്ചു. മരണം സംബന്ധിച്ച കൃത്യവിവരങ്ങള്‍ രാത്രി മറ്റു ലേഖകന്മാരും വാര്‍ത്താ ഏജന്‍സികളും ശേഖരിച്ചു. രാത്രി വൈകി മാധവന്‍കുട്ടിയെ ഡോക്ടര്‍മാര്‍ ഗുരുതരമല്ലാത്ത പരുക്കുകള്‍ക്കുള്ള ചികിത്സകള്‍ ചെയ്യുമ്പോള്‍ വി.കെ മാധവന്‍കുട്ടി എന്ന ബൈലൈനോടെ വെണ്ടക്ക തലക്കെട്ടിലുള്ള വാര്‍ത്ത അടങ്ങിയ മാതൃഭൂമി കോഴിക്കോട്ട് അച്ചടി തുടങ്ങിയിരുന്നു. വാര്‍ത്തയ്ക്കു വളരെയേറെ പ്രാധാന്യംകിട്ടി. മാധവന്‍കുട്ടി രക്ഷപ്പെട്ടതുകൊണ്ടല്ല കേന്ദ്രമന്ത്രി മോഹന്‍ കുമാരമംഗലം ഉള്‍പ്പെടെ ധാരാളമാളുകള്‍ മരിച്ചതുകൊണ്ട്.

മാധവന്‍കുട്ടി രക്ഷപ്പെട്ടതിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി എന്നാണ് ഒരു പത്രം നല്‍കിയ തലക്കെട്ട്. കാരണമുണ്ട്. മാധവന്‍കുട്ടിയുടെ പുസ്തകങ്ങളിലൊന്നിന്റെ തലക്കെട്ട് 'ഈശ്വരന്‍ സ്വന്തം ലേഖകനോട് സംസാരിക്കുന്നു' എന്നായിരുന്നു. അപകടത്തില്‍ മരിച്ചില്ലെങ്കില്‍ പിന്നെ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം തമാശകളായി ആസ്വദിക്കാനാകുമല്ലോ. മാധവന്‍കുട്ടി രക്ഷപ്പെട്ട വിവരം അറിഞ്ഞ് ഒരു സുഹൃത്ത് അയച്ച ടെലഗ്രാമിലെ വാചകം ഇതാ ഇങ്ങിനെതാങ്കള്‍ അപകടത്തില്‍ രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എന്നെ നടുക്കുന്നു! ഷോക്ക്ഡ് എന്നതിന്റെ അര്‍ഥമോര്‍ത്ത് ചിരിച്ചുപോയതായി മാധവന്‍കുട്ടി എഴുതിയിട്ടുണ്ട്.

അപകടത്തില്‍ രക്ഷപ്പെട്ടതു കുറേക്കാലത്തേക്കു വലിയ പ്രശസ്തി ഉണ്ടാക്കി. കുറച്ചുകാലം ട്രെയിനിലേ യാത്ര ചെയ്തുള്ളൂ. ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിയപ്പോള്‍ ആളെ തിരിച്ചറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സീറ്റ് അനുവദിച്ച അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തീവണ്ടിയില്‍ താന്‍ ഉയരത്തില്‍ സഞ്ചരിക്കേണ്ട എന്നുകരുതിയാകണം ചിലര്‍ തനിക്കു ദയാപൂര്‍വം ലോവര്‍ബര്‍ത്ത് ഒഴിഞ്ഞുതന്നതെന്ന തമാശയും മാധവന്‍കുട്ടി എഴുതിയിട്ടുണ്ട്.. പിന്നീടു കുറച്ചുകാലം കഴിഞ്ഞു വിമാനയാത്ര പുനരാരംഭിച്ചപ്പോള്‍ വിമാനത്തിലെ തന്റെ സാന്നിധ്യം ഒരുപാടു യാത്രക്കാര്‍ ദുശ്ശകുനമായി കണ്ടതും ഓര്‍ക്കുന്നു. ചിലരെല്ലാം വന്ന് ഏത് സീറ്റിലാണ് അന്ന് ഇരുന്നത് എന്നു ചോദിച്ചറിഞ്ഞ് അതൊരു രക്ഷാമാര്‍ഗമായി കണക്കാക്കി അതേ സീറ്റ് ചോദിച്ചുവാങ്ങിയ സംഭവങ്ങളുമുണ്ട്.

അപകടം സഹയാത്രികന്‍!

1956 മുതല്‍ ഡല്‍ഹി ലേഖകനായിരുന്ന അദ്ദേഹം 198790 കാലത്താണ് മാതൃഭൂമി പത്രാധിപരായി കോഴിക്കോട്ടു പ്രവര്‍ത്തിച്ചത്. അദ്ദേഹം പത്രാധിപരാകുന്നു എന്നറിഞ്ഞപ്പോള്‍, 'അപകടം എന്റെ സഹയാത്രികന്‍' എഴുതിയ അദ്ദേഹത്തെ അപകടം വിട്ടൊഴിഞ്ഞിട്ടില്ലല്ലോ എന്നു പരിഹസിച്ചവരുമുണ്ട്. പില്‍ക്കാലത്തു വേറെ വലിയ അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും ചെറിയവ തുടര്‍ന്നു. അതും പുസ്തകരൂപത്തിലാക്കിയിട്ടുണ്ട്'നിഴല്‍ പോലെ അവന്‍ വീണ്ടും.'
വിമാനയാത്ര പേടിയായിരുന്നെങ്കിലും വിദേശയാത്രകള്‍ അദ്ദേഹത്തെ എക്കാലത്തും ഹരം പിടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരുതന്നെ 'പത്രപ്രവര്‍ത്തനം ഒരു യാത്ര' എന്നാണല്ലോ. നിരന്തരം വിദേശയാത്ര നടത്തിയ അദ്ദേഹത്തെക്കുറിച്ച് 'ഇടയ്‌ക്കെല്ലാം അദ്ദേഹം ഇന്ത്യയിലും വരാറുണ്ട് 'എന്ന് കളിയാക്കാറുണ്ട് മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.പി വീരേന്ദ്രകുമാര്‍.

ആത്മകഥാംശമുള്ള മൂന്നു കൃതികളും ഒരു ജീവചരിത്രവും (വി.കെ കൃഷ്ണമേനോന്‍) ഒരു നോവലും ഉള്‍പ്പെടെ പത്തു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മിക്കതിനും ഇംഗ്ലീഷ് പരിഭാഷകളുണ്ട്. അദ്ദേഹം 2005 നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ അന്തരിച്ചു.
ഭാഗ്യവാനായ മറ്റേ ഡല്‍ഹി ലേഖകന്റെ കാര്യം പറഞ്ഞില്ല, അല്ലേ?അതടുത്ത തവണയാകാം.

മൗനം സുധീരം വാചാലം
 
സൂര്യനുകീഴെയുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള അറിവും  അവകാശവുമുള്ളവരാണ് നേതാക്കന്മാര്‍. സൂര്യനുമുകളിലുള്ളതിനെക്കുറിച്ചും പറയും. ടി. പത്മനാഭന്റെ ചെറുകഥമുതല്‍ ജി. സുധാകരന്റെ കവിതവരെ എന്തിനെക്കുറിച്ചും പറയും. പക്ഷേ, എന്തുചെയ്യാം, ചില നേരങ്ങളില്‍ ചില മനിതര്‍ക്ക് കെ. ബാബുവിനെക്കുറിച്ച് ഒന്നും പറയാന്‍പറ്റില്ല.
അഞ്ചുവര്‍ഷക്കാലം യു.ഡി.എഫ്. ഭരണത്തെ സകലവിധത്തിലും സമ്പന്നവും അര്‍ഥവത്തുമാക്കിയ ഒരു മഹാത്മാവാണ് കെ. ബാബു. ത്യാഗിയാണ്, മദ്യം നാക്കുകൊണ്ടുപോലും തൊടില്ല. ഇത്തരം ത്യാഗിവര്യന്മാരെയാണ് കോണ്‍ഗ്രസ് എപ്പോഴും എക്‌സൈസ് വകുപ്പ് ഏല്പിക്കാറുള്ളത്. ഗാന്ധിയന്‍പാര്‍ട്ടിയായതുകൊണ്ട് മദ്യവകുപ്പ് മറ്റ് അധാര്‍മികപാര്‍ട്ടികളെ ഏല്പിക്കാറേയില്ല. ഇടയ്‌ക്കൊരു ശ്രീനാരായണീയനെ ഏല്പിച്ചിരുന്നു. ഗാന്ധിയും ഗുരുവും തമ്മില്‍ ഇക്കാര്യത്തില്‍ ഭേദമില്ല. വിദ്യാഭ്യാസംപോലുള്ള വൃത്തികെട്ട വകുപ്പാകട്ടെ ആറുപതിറ്റാണ്ടെങ്കിലുമായി കോണ്‍ഗ്രസ്സുകാര്‍ തൊട്ടിട്ടില്ല.

2011ല്‍ ഉമ്മന്‍ചാണ്ടി തിരഞ്ഞുപിടിച്ച് കെ. ബാബുവിനെ എക്‌സൈസ് വകുപ്പ് ഏല്‍പ്പിച്ചത് എന്തിനെന്ന് വി.എം. സുധീരനുപോലും പിടികിട്ടിക്കാണില്ല. ഘട്ടംഘട്ടമായി സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ആദ്യത്തെ കാല്‍വെപ്പ് കുറച്ച് നീട്ടിത്തന്നെ വെക്കാന്‍പറ്റിയ ഒരു വിശ്വസ്തനെയാണ് മുഖ്യന്‍ അന്വേഷിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ പിന്നീട് കണ്ടല്ലോ. സമ്പൂര്‍ണമൊന്നുമായില്ലെങ്കിലും സംഭവം ഒരരിക്കാക്കിയല്ലോ. രണ്ടുമൂന്നുവര്‍ഷം സകലരും ചര്‍ച്ചചെയ്തത് മദ്യത്തെക്കുറിച്ചാണ്. വേറെ ഏത് മന്ത്രിസഭയ്ക്കുണ്ട് അങ്ങനെയൊരു നേട്ടം? മന്ത്രിസഭ മാറിയിട്ടും അവസാനിച്ചിട്ടില്ല ബാബുവിന്റെ അപദാനങ്ങള്‍ വാഴ്ത്തിയുള്ള കഥകള്‍, കഥാപ്രസംഗങ്ങള്‍, മിമിക്രികള്‍, എഫ്.ഐ.ആറുകള്‍, ത്വരിതതുരുതുരാന്വേഷണങ്ങള്‍, ചോദ്യംചെയ്യലുകള്‍, ചാനല്‍ ചര്‍ച്ചകള്‍, കോമഡികള്‍... ഇല്ലന്നേ, അഞ്ചുകൊല്ലം കഴിഞ്ഞാലും തീരില്ല. ചരിത്രത്തില്‍ സ്ഥാനംപിടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം പിടിക്കാന്‍.

എക്‌സൈസ്മന്ത്രിയുടെ ഏറ്റവും വലിയ പൊല്ലാപ്പ് വര്‍ഷംതോറും മദ്യനയം പടച്ചുണ്ടാക്കുകയെന്നതാണ്. എന്തിനാണ് മദ്യനയം മാറ്റുന്നതെന്നോ? പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക മദ്യനയമാറ്റത്തിലൂടെയാണ്. ആഴ്ചതോറും ഡല്‍ഹിക്കുപോകാന്‍ വിമാനക്കൂലിയിനത്തില്‍ പാര്‍ട്ടി എത്രരൂപ ചെലവാക്കുന്നു എന്നതിനെക്കുറിച്ച് വല്ല ധാരണയുമുണ്ടോ ജനത്തിന്? വിവരാവകാശപ്രകാരം ചോദിച്ചാലൊന്നും അതുകിട്ടില്ല. രണ്ട് രാഷ്ട്രീയപ്രതിസന്ധിമതി പാര്‍ട്ടിയുടെ ബജറ്റ് തീരാന്‍. പിന്നെ ബാബുമന്ത്രിവേണം, മദ്യനയം വലിച്ചുനീട്ടുകയോ ഞെക്കിക്കുറുക്കുകയോ ചെയ്ത് കാശുണ്ടാക്കിക്കൊടുക്കാന്‍. തീര്‍ന്നില്ല. ബ്രഹ്മാണ്ഡന്‍ 'എ' ഗ്രൂപ്പിനെ കൊണ്ടുനടക്കുന്ന ചുമതലയുമുണ്ട് ബാബുജിക്ക്. ജയിലില്‍ കിടക്കുന്ന കൊലക്കേസ്, തട്ടിപ്പുകേസ് പ്രതിയാണ്, ഏത് ശീലാവതിയാണ് മുഖ്യമന്ത്രിക്കുനേരേ വിരല്‍ചൂണ്ടി മൊഴികൊടുക്കുകയെന്ന് പറയാനൊക്കില്ലല്ലോ. മഹാനായ മുഖ്യമന്ത്രിയുടെയും അതുവഴി മലയാളികളായ എല്ലാവരുടെയും മാനംരക്ഷിക്കാനുള്ള പണം ഉണ്ടാക്കാതെപറ്റുമോ? ഇങ്ങനെ എത്രയെത്ര പ്രതിസന്ധികള്‍... പ്രതിസന്ധികളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും ഉപോത്പന്നങ്ങളായി എത്രയെത്ര ബാങ്ക് ലോക്കറുകള്‍, ബെന്‍സ് കാറുകള്‍, പവനുകള്‍, റിയല്‍ എസ്റ്റേറ്റുകള്‍...

മദ്യത്തിന്റെ ജന്മശത്രുവാണ് ആദര്‍ശസുധീരന്‍. സുധീരന്റെ വലംകൈയും ഉമ്മന്‍ചാണ്ടിയുടെ ഇടംകൈയും ആയിരുന്നല്ലോ ബാബുജി. ബാബുവിനെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ല സുധീരന്. പിന്നെ എന്താണ്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ടിക്കറ്റ് കൊടുക്കേണ്ട എന്നുപറഞ്ഞ് വാശിപിടിച്ചൊന്നുമില്ല കേട്ടോ. ഇത്രയും സഹായിയും സത്യവാനും സല്‍പ്പേരുള്ളവനുമായ ബാബു പോയി മത്സരിച്ചുതോല്‍ക്കേണ്ട എന്ന നല്ലബുദ്ധികൊണ്ടുമാത്രം പറഞ്ഞതാണ്. കേട്ടില്ല.

അഞ്ചുവര്‍ഷം മന്ത്രിയായിരുന്ന ആളെ ഇടതുകാര്‍ വേട്ടയാടുമ്പോള്‍ പി.സി.സി. പ്രസിഡന്റ് സിംഹമായി ഗര്‍ജിക്കേണ്ടേ എന്നാണ് ചോദ്യം. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്ന നിലപാടുകാരനാണ് സുധീരന്‍. മൗനവ്രതമായതുകൊണ്ട് മിണ്ടിയില്ല എന്നേയുള്ളൂ. ബാക്കി വഴിയേ മനസ്സിലായിക്കൊള്ളും ജനത്തിന്. സുധീരന്‍ മിണ്ടിയാലും ഇല്ലെങ്കിലും ബാബുവിന്റെ പേരുദോഷമൊന്നും കുറയാന്‍പോകുന്നില്ല. മാണി നിരപരാധിയാണെന്ന് സുധീരന്‍ പറഞ്ഞതുകൊണ്ടൊന്നും മാണിയുടെ പേരുദോഷം കുറഞ്ഞിട്ടില്ല. ബാബുവിന്റെ കേസുകളെപ്പറ്റി എന്തുപറയാനാണ്... ബാബു നിരപരാധിയാണെന്നോ? അല്ലെന്നോ? പറയേണ്ടത് നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നാണ്. അതിന്റെ കോപ്പിറൈറ്റ് പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ കൈവശമല്ലേ, ഒന്നും മിണ്ടാന്‍വയ്യ...
                                                ****
പൂക്കളം, നിലവിളക്ക് തുടങ്ങിയ പുരാതനസംഗതികള്‍ ഈ നൂറ്റാണ്ടില്‍ ചാനല്‍ചര്‍ച്ചയാകുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ അന്തവും കുന്തവും കിട്ടില്ല. ചാനല്‍ചര്‍ച്ചയാകുന്നത് പിന്നെയും സഹിക്കാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അത് സൈദ്ധാന്തികചര്‍ച്ചയാകുമ്പോഴോ? സഹിക്കില്ല.
മന്ത്രി ജി. സുധാകരന് ചിലപ്പോള്‍ മതേതരത്വം തലയില്‍ക്കേറും. കമ്യൂണിസത്തിലെ മതേതരത്വവും ഭരണഘടനയില്‍ മതനിരപേക്ഷതയും കൂടിച്ചേരുമ്പോള്‍ ഡോസ് കുറച്ചേറും. അങ്ങനെയൊരു ഘട്ടത്തിലാണ് സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് നിലവിളക്കും പ്രാര്‍ഥനയുമൊന്നും വേണ്ടെന്ന് അദ്ദേഹം അടിച്ചുവിട്ടത്.

ഏതോ ഒരിടത്ത് സുധാകരന്റെ പ്രസംഗം നടക്കുന്ന പറമ്പിനുപുറത്ത് റോഡരികില്‍ നിലവിളക്കുകൊളുത്തിവെച്ച് ഒരു പഞ്ചായത്തംഗം ചാനല്‍ക്യാമറയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചു. നിലവിളക്കുകൊളുത്താന്‍ മന്ത്രി അനുവദിക്കാത്തതുകൊണ്ട് പുറത്ത് കൊളുത്തി എന്നതായിരുന്നു ന്യായം. തടികുറയ്ക്കാന്‍ നൂറ്റൊന്നു മാര്‍ഗങ്ങള്‍, പ്രമേഹം മാറ്റാന്‍ ഡസന്‍ ഒറ്റമൂലികള്‍ തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ചില കൊച്ചുപുസ്തകങ്ങള്‍പോലെ ചാനല്‍ശ്രദ്ധയാകര്‍ഷിക്കാനുള്ള നൂറ് ഞുണുക്കുവിദ്യകള്‍ എന്നപേരില്‍ പുസ്തകം ഇറങ്ങിക്കാണണം. എന്തായാലും സുധാകരന്‍ ഉടന്‍ പാര്‍ട്ടിലൈന്‍ പുറത്തെടുത്തു. ആരുപറഞ്ഞു നിലവിളക്ക് കൊളുത്തില്ല എന്ന്. ദിവസം നാല് എന്നക്രമത്തിലാണ് താന്‍ നിലവിളക്ക് കൊളുത്തിക്കൊണ്ടിരിക്കുന്നത്.
ഈ റെയ്റ്റില്‍ പോയാല്‍ മന്ത്രിസ്ഥാനമൊഴിയുമ്പോഴേക്ക് ഏഴായിരം നിലവിളക്ക് കൊളുത്തി ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിക്കും. സുധാകരനോടാണോ കളി.

ഇ.പി. ജയരാജന്‍ വേറെയാണ് ഇനം. നിലവിളക്ക്, പ്രാര്‍ഥന വിഷയങ്ങളില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം വേണമെന്ന് ഭരണഘടനയിലൊന്നുമില്ല. പ്രാര്‍ഥനയും നിലവിളക്കും പാടില്ല എന്ന് സി.പി.എം. ഭരണഘടനയിലും പറയുന്നില്ല. നിലവിളക്ക് കൊളുത്തുന്നത് നല്ലൊരു ഐശ്വര്യമാണെന്നാണ് ജയരാജന്‍ സഖാവ് പറയുന്നത്. ഐശ്വര്യത്തിന് പുതിയ വല്ല ഭൗതികവാദ നിര്‍വചനവും കണ്ടെത്തണം. അല്ലെങ്കില്‍ ആസ്തികന്മാര്‍ ഐശ്വര്യത്തെ ഈശ്വരനുമായി ബന്ധപ്പെടുത്തിക്കളയും. സാരമില്ല, അതും ജയരാജന് വഴങ്ങും. സര്‍ക്കാര്‍യോഗമായാലും യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഉന്മേഷഭരിതരും സന്തോഷവാന്മാരുമാക്കാന്‍ പ്രാര്‍ഥനയ്ക്ക് കഴിയും എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

ഉന്മേഷസന്തോഷങ്ങളുടെ കുറവ് വല്ലയിടത്തുമുണ്ടെങ്കില്‍ ഉടന്‍ നേരത്തേ പറഞ്ഞത് ഒരു ഡോസ് ആകാവുന്നതാണ്. സി.പി.എം. പരിപാടികള്‍ക്കും ഇതായിക്കൂടേ എന്നുചോദിച്ച് തോല്പിക്കാന്‍ നോക്കേണ്ട. അവിടെ അത് ഇപ്പോള്‍ത്തന്നെയുണ്ട്. രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, വിപ്ലവഗാനാലാപം, ഇന്‍ക്വിലാബ് വിളി എന്നിവകൊണ്ട് ഉന്മേഷസന്തോഷങ്ങള്‍ മൂര്‍ധന്യത്തിലെത്തും. സംഗതിയൊക്കെ ഒന്നന്നെ എന്നു സാരം.
                                                                              ****
ഭരണപരിഷ്‌കാരം ഉടന്‍വരും, എല്ലാം ശരിയാകും എന്നാരും കൊതിക്കേണ്ട. പരിഷ്‌കാരക്കമ്മിഷന്‍ ഉണ്ടാക്കുന്നതിന്റെ നടപടികള്‍ പരിഷ്‌കരിക്കുന്ന പണിതീരട്ടെ. എന്നിട്ടുകടക്കാം മറ്റേതിലേക്ക്. ആദ്യത്തെ പ്രശ്‌നം കമ്മിഷന്‍ ആസ്ഥാനം എവിടെവേണം എന്നുള്ളതാണ്. തലസ്ഥാനത്തുതന്നെ ആയിക്കോട്ടെ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിപറയണം. അധ്യക്ഷന്റെ ആരോഗ്യനില പരിഗണിച്ച് സ്ഥാപനം മലമ്പുഴയില്‍ കിടക്കട്ടെയെന്ന് തീരുമാനിക്കാഞ്ഞത് ഭാഗ്യം. അവിടെയാകുമ്പോള്‍ എം.എല്‍.എ. പണിയും പരിഷ്‌കാരപ്പണിയും ഒന്നിച്ചുചെയ്യാമല്ലോ എന്ന് വിചാരിക്കാവുന്നതാണ്.

നിയമസഭയുള്ളപ്പോള്‍മാത്രം തലസ്ഥാനത്തുവന്നാല്‍ മതിയെന്നുവെക്കുന്നത് അച്യുതാനന്ദന്റെ ആരോഗ്യത്തിനുമാത്രമല്ല, മന്ത്രിസഭയുടെ ആരോഗ്യത്തിനും ഗുണംചെയ്യുമായിരുന്നു.
തലസ്ഥാനത്തായിരുന്നാലും പോരാ, ഭരണം നടക്കുന്ന സെക്രട്ടേറിയറ്റില്‍ത്തന്നെ വേണം ഭരണപരിഷ്‌കാരവുമെന്ന് നിര്‍ബന്ധിക്കുകയാണത്രേ അച്യുതാനന്ദന്‍.

ഒരേ പാര്‍ട്ടിക്കാരായ മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയും ഒരേ കെട്ടിടത്തിലിരുന്ന് ഒരുഭാഗത്ത് ഭരണവും മറുഭാഗത്ത് ഭരണപരിഷ്‌കാരവും നടത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. ഭരണഘടനാവിരുദ്ധമാണോ എന്നുനോക്കാന്‍ പറ്റിയില്ല; ഉപദേഷ്ടാവ്, കെ.എം. മാണിക്കുവേണ്ടി വാദിക്കുന്ന തിരക്കിലായതിനാല്‍. മുഖ്യമന്ത്രിയുടെ മനഃസമാധാനം നിലനിര്‍ത്തുക ജനങ്ങളുടെകൂടി താത്പര്യമാണല്ലോ. എന്തായാലും ഒരു കാട്ടില്‍ രണ്ടുസിംഹത്തെ അഴിച്ചുവിടുന്നത് ഭരണത്തിനും നന്നാവില്ല, പരിഷ്‌കാരത്തിനും നന്നാവില്ല എന്നുറപ്പ്.Wednesday, 7 September 2016

മതം മാര്‍ക്‌സിസ്റ്റുകാരെയും മയക്കുന്ന കറുപ്പാണോ?

അറുപതുകളിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഓര്‍ത്തുപോകുന്നു. സ്‌കൂള്‍ അവധിയാണ് എന്നതുകൊണ്ടുമാത്രമാണ് ഞങ്ങള്‍ കുട്ടികള്‍ ആ ദിനം ഓര്‍ക്കാറുള്ളത്. അടുത്തു ക്ഷേത്രമുണ്ടെങ്കില്‍ സ്ത്രീകള്‍ രാവിലെ കുളിച്ചുതൊഴുതേക്കും. അമ്പലത്തില്‍ പ്രത്യേക പൂജയോ നിവേദ്യമോ ഉണ്ടായെന്നു വരാം. പ്രഭാഷണമോ കലാപരിപാടികളോ നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്.

ശ്രീരാമജയന്തിയും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവുമെല്ലാം  കുറച്ചുപേര്‍ മാത്രം പങ്കാളികളാകുന്ന ചെറിയ ആഘോഷങ്ങളായിരുന്നു അന്ന്. കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് തെരുവുകള്‍ കയ്യടക്കുന്ന വലിയ ആഘോഷങ്ങള്‍ തുടങ്ങിയത് എഴുപതുകള്‍ക്കും ശേഷമാണ്. അതു തുടങ്ങിയതാവട്ടെ ഭക്തികൊണ്ടല്ല, രാഷ്ട്രീയലക്ഷ്യത്തോടെയാണ്.

മനുഷ്യര്‍ മതത്തോടും അതിന്റെ ആചാരാനുഷ്ടാനങ്ങളോടും കൂടുതല്‍ അടുക്കുന്നത് നല്ലതല്ലേ എന്നു ചോദിച്ചേക്കാം. പ്രശ്‌നം അതല്ല. മുമ്പ് ഇല്ലാത്തതും ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതും മതവിശ്വാസമോ ദൈവവിശ്വാസമോ അല്ല. ലോകത്തെ വികസിതരാജ്യങ്ങളില്‍, പ്രത്യേകിച്ച് ക്ഷേമരാജ്യസങ്കല്പം ശക്തമായിക്കഴിഞ്ഞ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഈശ്വരവിശ്വാസവും മതവിശ്വാസവും ഉള്ളവരുടെ എണ്ണം ജനസംഖ്യയുടെ പാതിപോലും ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. ഇംഗഌണ്ടില്‍ പോലും ഇതാണു സ്ഥിതി. ഇന്ത്യയില്‍ വിപരീതമാണ് സ്ഥിതി.

പക്ഷേ, വര്‍ദ്ധിച്ചു വരുന്നത് മതവിശ്വാസമല്ല, മതാചാരങ്ങളും ആഘോഷങ്ങളുമാണ്. ആചരിപ്പിക്കപ്പെടുന്നത് മതതത്ത്വങ്ങളല്ല, മതസംഘബോധമാണ്. മതം പുറത്തുകാട്ടുന്നത് നന്മയുടെയും സാഹോദര്യത്തിന്റെയും വിശാലഹൃദയമല്ല, ശക്തിയുടെയും അധികാരത്തിന്റെയും ഇരുമ്പുപേശികളാണ്. ഇതൊന്നും മതമല്ല തന്നെ, എല്ലാം രാഷ്ട്രീയമാണ്.

ഉയരുന്ന ഹിന്ദുത്വരാഷ്ട്രീയം

അധികാരത്തിലേക്കുള്ള യാത്രയുടെ വേഗം കൂട്ടുന്നതിനുള്ള ഒന്നാന്തരം ഇന്ധനമാണ് മതമെന്നു പണ്ടേ തിരിച്ചറിഞ്ഞിരുന്നെങ്കിലും എണ്‍പതുകള്‍ക്കു ശേഷമേ അതു പ്രായോജനപ്പെടുത്താന്‍ ഹിന്ദുത്വശക്തികള്‍ക്ക് കഴിഞ്ഞുള്ളൂ. മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയും ഉത്തരേന്ത്യയില്‍ ചോരപ്പുഴയൊഴുകുകയും സാക്ഷാല്‍ മഹാത്മാഗാന്ധി തന്നെ ഹിന്ദുത്വവര്‍ഗീയതയുടെ തോക്കിനിരയാവുകയും ചെയ്തിട്ടും ഇന്ത്യ മതേതരത്ത്വത്തിന്റെ കൊടിയാണ്  ഉയര്‍ത്തിപ്പിടിച്ചത്. ഹിന്ദുത്വരാഷ്ട്രീയത്തിന് അര നൂറ്റാണ്ടിലേറെക്കാലത്തെ  ആസൂത്രണവും കരുനീക്കങ്ങളും വര്‍ഗീയ വിഭജന കുതന്ത്രങ്ങളും വേണ്ടിവന്നു അവരുടെ കൊടി ചെങ്കോട്ടയിലുയര്‍ത്താന്‍.

ആദ്യം ചില മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയുണ്ടാക്കി കഷ്ടിച്ചുമാത്രം ജയിക്കാനേ ഹിന്ദുത്വരാഷ്ട്രീയത്തിന് കഴിഞ്ഞിരുന്നുള്ളൂ. രണ്ടുവട്ടവും അങ്ങനെയാണ് കേന്ദ്രത്തില്‍ ഭരണത്തിലേറാന്‍ കഴിഞ്ഞത്. 2014 ല്‍ ആ നില മാറി. തനിച്ച് കേന്ദ്രം ഭരിക്കാമെന്നായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ജയിച്ചേടത്തൊന്നും അവരെ തോല്പിക്കാന്‍ മതേതര പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. ബിഹാറിലെ പരാജയം മാറ്റിനിര്‍ത്തിയാല്‍ അവര്‍ക്ക് മുന്നില്‍ വെല്ലുവിളികളുയര്‍ന്നില്ല.

കോണ്‍ഗ്രസ്സില്ലാത്ത ഇന്ത്യ എന്നൊരു മുദ്രാവാക്യം അവര്‍ ഉയര്‍ത്തി. യഥാര്‍ത്ഥത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ്സില്ലാത്ത ഇന്ത്യയല്ല, പ്രതിപക്ഷമേ ഇല്ലാത്ത ഇന്ത്യയാണ്. ജാതിയെയോ മതത്തെയോ അടിസ്ഥാനമാക്കാതെ പ്രവര്‍ത്തിക്കുന്ന, ഇപ്പോഴും ഇന്ത്യയിലൊട്ടാകെ സ്വാധീനമുള്ള ഏക ദേശീയപ്രസ്ഥാനം എന്നു കരുതാവുന്ന കോണ്‍ഗ്രസ് നന്നെ ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു. ബിഹാറില്‍ ഇന്നലെ ബി.ജെ.പി.ക്കൊപ്പം നിന്നയാളാണ് ജനത യു വിനെയും ഗവണ്മെന്റിനെയും നയിക്കുന്ന നിതീഷ് കുമാര്‍. നരേന്ദ്ര മോദിക്ക് ബദല്‍ എന്നു ചിലരെല്ലാം ഉയര്‍ത്തിക്കാട്ടുന്ന ഇദ്ദേഹംപോലും നാളെ എവിടെ നില്‍ക്കുമെന്നു പറയാനാവില്ല.

ഇടതുപ്രസ്ഥാനങ്ങളെയും ഈ വെല്ലുവിളി അലോസരപ്പെടുത്തുന്നുണ്ട്. രണ്ടാം വട്ടവും ബംഗാള്‍ നഷ്ടപ്പെടുകയും സാങ്കേതികമായെങ്കിലും സി.പി.എം മൂന്നാം കക്ഷിയാവുകയും ചെയ്തതോടെ അല്പമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഇടതുശക്തികേന്ദ്രം കേരളം മാത്രമാണിപ്പോള്‍. ആരുമായും കൂട്ടുചേര്‍ന്നും എന്തുചെയ്തും കേരളത്തില്‍ സി.പി.എമ്മിനെ നേരിടും എന്ന നയം ബി.ജെ.പി. ഒട്ടും മറച്ചുവെച്ചുമില്ല.

സി.പി.എം എന്തു ചെയ്യും?

കേരളത്തില്‍ ബി.ജെ.പി.യെ എങ്ങനെയാണ് സി.പി.എം നേരിടാന്‍ പോകുന്നത്? ഇത്രയും കാലം ഭൗതികവാദ തത്ത്വചിന്തയും മതേതരത്വരാഷ്ട്രീയവും ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണ് സി.പി.എം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത് മതനിരപേക്ഷത മാത്രമല്ല, അത് മത ഇതരത്വം തന്നെയാണ്. അനുയായികളും അനുഭാവികളും വിശ്വാസം പുലര്‍ത്തുന്നതിലോ മതത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിലോ പാര്‍ട്ടി വിമുഖത കാട്ടാറില്ല. എന്നാല്‍, പാര്‍ട്ടിയംഗങ്ങള്‍ അമ്പലക്കമ്മിറ്റി ഭാരവാഹികളാകുന്നതും നാലാള്‍ കാണെ മതവിശ്വാസം പ്രകടിപ്പിക്കുന്നതും പാര്‍ട്ടി സഹിച്ചിരുന്നില്ല. പക്ഷേ, ഇനി മുന്നോട്ടുപോകാന്‍ ആ നയത്തില്‍ വെള്ളം ചേര്‍ക്കേണ്ടതുണ്ട് എന്നു തോന്നിത്തുടങ്ങിയതിന്റെ സൂചനകള്‍ പ്രകടമാണ്. കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചുപോന്ന മതേതരപ്രവര്‍ത്തനശൈലി ഉപേക്ഷിച്ച് മതാചാരങ്ങളിലും മതസംഘങ്ങളിലും പങ്കാളികളാകുകയാണ് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയാണ് പാര്‍ട്ടി.

എന്തിനുവേണ്ടി? അതാണ് ശരിയായ വഴി, ഇതുവരെ ചെയ്‌തെല്ലാം തെറ്റായിരുന്നു എന്ന് പാര്‍ട്ടി തിരിച്ചറിയുകയും തെറ്റുതിരുത്തുകയുമാണ് ചെയ്യുന്നതെങ്കില്‍ അതിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാവില്ല. തെറ്റുതിരുത്തുന്നത് തെറ്റല്ല. മുമ്പും പാര്‍ട്ടി തെറ്റു തിരുത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ ഈ തിരുത്ത് ഒരു തന്ത്രം മാത്രമാണ്. സംഘപരിവാര്‍ സംഘടനകള്‍ അമ്പലങ്ങളും മതസ്ഥാപനങ്ങളും ഉപയോഗിച്ച് ഹിന്ദുമത വിശ്വാസികളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. ഭൂരിപക്ഷം ഹിന്ദുക്കളും കേരളത്തില്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മില്‍ വിശ്വസിക്കുന്നവരാണ്. പക്ഷേ, ഭൂരിപക്ഷം ഹിന്ദുക്കളും മതവിശ്വാസികളുമാണ്. ഹിന്ദുക്കള്‍ക്കിടയിലെ ബി.ജെ.പി. സ്വാധീനം കുറക്കാനാണ് സി.പി.എം. ശ്രമം. അതുസാധിക്കാനാണ് പുതിയ തന്ത്രം. ഹിന്ദുവിരുദ്ധമാണ് സി.പി.എം. എന്ന പ്രചാരണം നേരിടാന്‍ പാര്‍ട്ടി കണ്ടെത്തിയ വഴി ഇതാണ്. മതപങ്കാളിത്തത്തില്‍ സംഘപരിവാറിനോട് മത്സരിക്കുക.

ഗവണ്മെന്റ് യോഗങ്ങളില്‍ നിലവിളക്ക് കൊളുത്തലും പ്രാര്‍ത്ഥനയും ആവശ്യമില്ല എന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപനം നടത്തി. ആവേശം കേറിയാല്‍ സുധാകരന്‍ അങ്ങനെ പലതും പറയും.  മറ്റൊരു മന്ത്രി തന്നെ അതിനു മറുപടി പറഞ്ഞു. വിപ്ലവവീര്യത്തില്‍ സുധാകരനേക്കാള്‍ മുന്നിലാണ് ഇ.പി.ജയരാജന്‍. മന്ത്രിസഭയില്‍ കണ്ണൂര്‍ ലൈനിന്റെ വക്താവ് അദ്ദേഹമാണ്. നിലവിളക്ക് കൊളുത്തുന്നത് നല്ല തുടക്കമായും ഐശ്വര്യമായും കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്. യോഗത്തില്‍ പങ്കെടുക്കുന്നവരെ ഉന്മേഷഭരിതരും സന്തോഷവാന്മാരുമാക്കാന്‍ പ്രാര്‍ഥനയക്ക് കഴിയുമെന്നും അദ്ദേഹം വാദിച്ചു.

നിലവിളക്കു കൊളുത്തുന്നതിനെ മതവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്്. ആദ്യമായി ഇതാ പ്രാര്‍ത്ഥനയെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നൊരു താത്വികാചാര്യന്‍ പറയുന്നു!  പാര്‍ട്ടിയില്‍നിന്ന് കൃത്യമായ നിര്‍ദ്ദേശം കിട്ടിയതുകൊണ്ടാവും മന്ത്രി ജി.സുധാകരനും ഫയല്‍ ക്ലോസ്സാക്കി. താന്‍ ദിവസവും നാലുവട്ടം നിലവിളക്ക് കൊളുത്തുന്നുണ്ടെന്നാണ് അദ്ദേഹം പിന്നെ പറഞ്ഞത്.

ആശയക്കുഴപ്പം

പാര്‍ട്ടി നയത്തിലെ ആശയക്കുഴപ്പം ഈ ചാഞ്ചാട്ടങ്ങളില്‍ പ്രകടമാണ്. ചെയ്യുന്നത് താത്വികമായി ശരിയല്ലെന്ന് മിക്കവര്‍ക്കും അറിയാം. പക്ഷേ, മറ്റവന്മാരെ നേരിടാന്‍ ഇതു ചെയ്‌തേ മതിയാവൂ എന്ന ബോധ്യവുമുണ്ട്്. ഇതൊരു ഊരാക്കുടുക്കാണ്. നാട്ടിലുടനീളം പാര്‍ട്ടിക്കാര്‍ ക്ഷേത്രച്ചടങ്ങുകള്‍ക്കും തെരുവുകളില്‍ നടക്കുന്ന മതഘോഷയാത്രകള്‍ക്കും നേതൃത്വം നല്‍കാന്‍ തുടങ്ങിയാല്‍ എന്താവും പാര്‍ട്ടിയെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം? കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഹിന്ദുത്വപാര്‍ട്ടികളായി എന്ന് ന്യൂനപക്ഷ മതവിശ്വാസികളും ധരിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ദോഷങ്ങള്‍ എത്രത്തോളമുണ്ടാകും? ആകപ്പാടെ ഈ പോക്ക് ഒരു ദൂഷിതവലയത്തിലേക്കാണ്് എന്നു മാത്രമേ ഇപ്പോള്‍ പറയാനാവൂ.

ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവുമൊക്കെ നടത്തുമെങ്കിലും പാര്‍ട്ടി ഹിന്ദുത്വവിരുദ്ധതയില്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്നു തെളിയിക്കുന്നതിനാവും ക്ഷേത്രവളപ്പില്‍ ആര്‍.എസ്.എസ്സുകാര്‍ പ്രവര്‍ത്തനം നടത്തുന്നത് തടയുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടി സിക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത്. ആര്‍.എസ്.എസ് ക്ഷേത്രവളപ്പുകള്‍ അവരുടെ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കേരളത്തിലെ ആദ്യ ആര്‍.എസ്.എസ്. ശാഖ തുടങ്ങിയ കാലത്തുതന്നെ ഇതു നടക്കുന്നുണ്ട്. 1967ലെ സി.പി.എം. നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കാലത്താണ് മലപ്പുറം ജില്ലാ രൂപവല്‍ക്കരണവിരുദ്ധ സമരവുമായി ആര്‍.എസ്.എസ്-ജനസംഘം കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കുന്നത്. അന്നാണ് മലബാറിലെ അനേകം ക്ഷേത്രപരിസരങ്ങളില്‍ ശാഖാപ്രവര്‍ത്തനം തുടങ്ങിയത്. അന്നു തൊട്ട് ഇന്നോളം ശാരീരികമായി തടയുന്നതുപോകട്ടെ, നിയമപരമായിപ്പോലും ശാഖാപ്രവര്‍ത്തനം ക്ഷേത്രമുറ്റത്ത് നടത്തുന്നതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. ഇത്രയും കാലം വെറുതെ നോക്കി നിന്നവരാണ് ഇനി തടയാന്‍ പോകുന്നത്!  പാര്‍ട്ടി സര്‍ക്കാറുണ്ടാക്കിയത് നിയമങ്ങള്‍ നടപ്പാക്കാനല്ല, നിയമം കയ്യിലെടുക്കാനാണ് എന്നാവും പാര്‍ട്ടി സിക്രട്ടറി വിശ്വസിക്കുന്നത്.

വര്‍ഗീയത അതിവേഗം വളരുന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് ഈ പ്രവണതയെ കൈകാര്യം ചെയ്യുക? വര്‍ഗീയവാദികള്‍ മതവിശ്വാസികളെ തങ്ങളുടെ ചിറകിലൊതുക്കുന്നത് തടയാനുള്ള എളുപ്പവഴി തങ്ങളും നല്ല മതവിശ്വാസികളാണ് എന്നു ബോധ്യപ്പെടുത്തലാണോ? വിശ്വാസികള്‍ക്ക് സൗകര്യവും സേവനവും ചെയ്യുന്നതിനെ ആരും ചോദ്യം ചെയ്യുകയില്ല. പക്ഷേ, മതേതര തത്ത്വശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മതവിശ്വാസിയുടെ വേഷം കെട്ടി ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അവര്‍ വര്‍ഗീയവാദികളെ അനുകരിക്കുകയാണ് ചെയ്യുന്നത്. സംഘപരിവാറിനെ അനുകരിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഉത്തരേന്ത്യന്‍ ഹിന്ദുത്വം

കേരളത്തിലെ ഹിന്ദുമതാചാരണത്തിന്  സവിശേഷമായ പരമ്പരാഗത സ്വഭാവങ്ങളുണ്ട്. തെരുവുകളിലെ ശ്രീകൃഷ്ണ ജയന്തിയാഘോഷവും ഗണേശോത്സവവും രാഖി കെട്ടലുമെല്ലാം ഉത്തരേന്ത്യന്‍ ആചാരങ്ങളാണ്. ക്ഷേത്രങ്ങളും കാവുകളും പോലും ഉത്തരേന്ത്യന്‍ സവര്‍ണ-ഹിന്ദുത്വരീതികളിലേക്ക് മാറ്റാനുള്ള യജ്ഞങ്ങളില്‍ എന്തിന് കേരളീയര്‍ പങ്കാളികളാകണം?

ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ കൂട്ടായി ഗണേശോത്സവം നടത്തുന്നുവെങ്കില്‍ അതിനര്‍ത്ഥം അവര്‍ ആര്‍.എസ്.എസ് വിട്ടിട്ടില്ല എന്നുതന്നെയാണ്. സി.പി.എമ്മുകാര്‍ കുട്ടികളെ വേഷം കെട്ടിച്ച് കൊടുംവെയിലില്‍ നടുനിരത്തില്‍ നടത്തിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ കമ്യൂണിസ്റ്റ് അല്ല എന്നുമാണ്. മനുഷ്യനെ മയക്കുന്ന മതം ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകാരെപ്പോലും മയക്കുന്നുവെങ്കില്‍ പിന്നെ സാധാരണക്കാരന്റെ കാര്യം പറഞ്ഞിട്ടെന്തുകാര്യം!
(Published in www.thenewsminute.com on 06.09.2016)

Sunday, 4 September 2016

ജപ്പാന്റെ ജയിലില്‍ മരണത്തോട് മുഖാമുഖം


പത്രജീവിതം

ജപ്പാന്റെ ജയിലില്‍ കിടക്കേണ്ടി വന്ന നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ അധികമില്ല. കെ.പി കേശവമേനോന്‍ അങ്ങനെ ജയിലില്‍ ഉറക്കമില്ലാരാവുകള്‍ തള്ളിനീക്കേണ്ടി വന്ന ഒരാളാണ്. വെടിയുണ്ടയ്ക്ക് ഇരയാകേണ്ടിവരിക ഇന്നോ നാളയോ എന്നറിയാതെ ഉറക്കം നഷ്ടപ്പെട്ട രാവുകള്‍…
കേശവമേനോന്‍ ഒരു കുറ്റമേ ചെയ്തുള്ളൂബ്രിട്ടീഷ് സാമ്രാജ്യത്വത്തേക്കാള്‍ ഭീകരമായിരിക്കും ഇന്ത്യക്ക് ജപ്പാന്റെ അധീശത്വം എന്ന അഭിപ്രായം പറഞ്ഞു, അതില്‍ ഉറച്ചുനിന്നു. രാജ്യതാല്‍പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെങ്കിലും സ്വന്തക്കാര്‍പോലും അദ്ദേഹത്തെ രാജ്യദ്രോഹി എന്നു വിളിച്ചു. അവിശ്വസനീയമായ ജീവിതമായിരുന്നു മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്റേത്.
വലിയ കുടുംബത്തില്‍ ജനിച്ച, വക്കീല്‍ഭാഗം പ്രശസ്തമാംവിധം ലണ്ടനില്‍ പാസായ, എഴുത്തുകാരനും പ്രഭാഷകനുമായ കെ.പി കേശവമേനോന്‍ എങ്ങനെ ജപ്പാന്റെ തടവറയില്‍ എത്തി? മാതൃഭൂമി പത്രാധിപത്യത്തിന്റെ ആദ്യനാളുകളിലെ പട്ടിണിയും പ്രയാസവും സഹിക്കാന്‍ കഴിയാതെയാണ് അദ്ദേഹം മലയയില്‍ വക്കീല്‍പ്പണി ചെയ്യാന്‍ പോയതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഓഫിസില്‍ അപൂര്‍വമായി മാത്രം വരുന്ന മണിയോര്‍ഡറില്‍നിന്ന് എന്തെങ്കിലും ചെറിയ പങ്കു കിട്ടിയാലേ വീട്ടില്‍ കഞ്ഞിക്ക് അരിവാങ്ങാന്‍ പറ്റൂ. ഗാന്ധിജി മാസം തോറും അയച്ചുതരുന്ന ചെറിയ തുക വലിയ ആശ്രയമായിരുന്നുവെങ്കിലും അതും നിലച്ചപ്പോള്‍ ആദ്യം മദ്രാസിലേക്കും പിന്നെ മലയയിലേക്കും ഉപജീവനമാര്‍ഗം തേടിപ്പോയതാണ് കേശവമേനോന്‍.
തീര്‍ത്തും അനിശ്ചിതമായിരുന്നു മലയയിലെ വക്കീല്‍ പണിയും. ആദ്യമാദ്യം കേസും ഫീസും കിട്ടി. പിന്നെ ചില നിയമക്കുരുക്കുകളില്‍പെട്ടു കുറെ പണം പാഴായി. രക്ഷപ്പെടാന്‍ പലരോടും കുറെ കടം വാങ്ങി. ഓഫിസും വീടും ജപ്തിയുടെ വക്കത്തുവരെ എത്തി. പിറ്റേന്നു വീടൊഴിയേണ്ടി വരുമെന്നും കുടുംബം വഴിയാധാരമാകുമെന്നുമുള്ള ഘട്ടമെത്തിയപ്പോള്‍ രാത്രി പൊട്ടിക്കരഞ്ഞതും ബോധത്തിനും അബോധത്തിനുമിടയില്‍ തൂങ്ങിച്ചാകാന്‍ ഒരുമ്പെട്ടതും ഭാര്യ കണ്ടതുകൊണ്ടുമാത്രം രക്ഷപ്പെട്ടതുമെല്ലാം കേശവമേനോന്‍ തന്റെ കഴിഞ്ഞ കാലം എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. ഒരു പ്രതിസന്ധിയില്‍നിന്നു കരേറി അതിനേക്കാള്‍ വലിയ പ്രതിസന്ധിയിലേക്കു വീണുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോകയുദ്ധം
മലായയിലെ ജീവിതം പല കാരണങ്ങളാല്‍ അസഹ്യമായപ്പോഴാണ് ഒരുപാടു പരിചയക്കാരുള്ള സിംഗപ്പൂരിലേക്കു മാറാന്‍ തീരുമാനിച്ചത്. 120 നാഴിക അകലെ. ചെന്നപ്പോള്‍ സ്ഥിതി ചുട്ടുപഴുത്ത ചട്ടിയില്‍നിന്ന് അടുപ്പിലേക്കു ചാടിയതുപോലായി എന്ന് കേശവമേനോന്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 1939 യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ക്രമേണ യുദ്ധം പടര്‍ന്നു. സിംഗപ്പൂരിലും ബോംബ് വീണുതുടങ്ങിയപ്പോള്‍ സ്ഥിതിമാറി. ദിവസങ്ങള്‍ക്കകം 1942 ഫെബ്രുവരി 16ന്മലയ പ്രദേശങ്ങള്‍ ഒന്നടങ്കം ജപ്പാന്റെ പിടിയിലായി.
 അതോടെ ഇന്ത്യക്കാരെ ബ്രിട്ടനെതിരേ സംഘടിപ്പിക്കാനുള്ള പണി തുടങ്ങി ജപ്പാന്‍ ഉദ്യോഗസ്ഥന്മാര്‍. കെ.പി കേശവമേനോനെ ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കാന്‍ അവര്‍ പ്രേരിപ്പിച്ചു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ ഘടകം രൂപംകൊണ്ടത് കേശവമേനോന്റെ വീട്ടില്‍ച്ചേര്‍ന്ന യോഗത്തില്‍ വച്ചായിരുന്നു. ഒരു പ്രമുഖ ഇന്ത്യന്‍ ബാരിസ്റ്ററായിരുന്നു അധ്യക്ഷന്‍. കേശവമേനോന്‍ ഉപാധ്യക്ഷനും. ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് വന്നതോടെ ജപ്പാന്‍ പട്ടാളക്കാര്‍ ഇന്ത്യക്കാരെ ഉപദ്രവിക്കുന്നതു നിര്‍ത്തി. ഇന്ത്യയെ സ്വതന്ത്രമാക്കുന്നതില്‍ ഇന്ത്യക്കാരേക്കാള്‍ താല്‍പര്യം തങ്ങള്‍ക്കാണെന്ന മട്ടായിരുന്നു ജപ്പാന്‍കാര്‍ക്ക്.
ഇന്ത്യക്കാരനെങ്കിലും പകുതി ജപ്പാന്‍കാരനായിക്കഴിഞ്ഞിരുന്ന രാഷ് ബിഹാരി ബോസ് ആയിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം നേതാവ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനിടയില്‍ അറസ്റ്റില്‍നിന്നൊഴിവാകാന്‍ ജപ്പാനിലേക്കു രക്ഷപ്പെട്ടതായിരുന്നു. പിന്നെ അവിടെയായി ജീവിതം. പ്രസിദ്ധീകരണവിഭാഗത്തിന്റെ തലവന്‍ കേശവമേനോനായിരുന്നു. സിംഗപ്പൂരില്‍ റേഡിയോനിലയം സ്ഥാപിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങളും തുടങ്ങി. സംഗതി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആയിരുന്നെങ്കിലും എല്ലാം ജപ്പാന്‍ നിയന്ത്രണത്തിലായിരുന്നു. സമ്മേളനങ്ങളില്‍ ആരെല്ലാം പ്രസംഗിക്കണമെന്നു തീരുമാനിച്ചതുപോലും ജപ്പാന്‍ ഉദ്യോഗസ്ഥനാണ്. ഒരിടത്ത് ഇടപെടാന്‍ ചെന്ന കേശവമേനോനെ ജാപ്പ് പട്ടാളക്കാര്‍ അടിച്ചു, കാറോടിച്ചിരുന്ന മകനും അടികിട്ടി.
ജപ്പാന്‍കാര്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് കൈകാര്യം ചെയ്യുന്ന രീതികള്‍ക്കെതിരേ കേശവമേനോനും അഭിപ്രായൈക്യമുള്ള മറ്റു ചിലരും ജപ്പാന്‍ അധികൃതര്‍ക്കു കത്തെഴുതി. മറുപടിയൊന്നും കിട്ടാഞ്ഞപ്പോള്‍ ഇവര്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. അത് ജപ്പാന്‍കാരെ ക്ഷോഭിപ്പിച്ചു. തുടര്‍ന്ന് ജപ്പാന്‍ ഉദ്യോഗസ്ഥര്‍ വന്ന് ഇവരെ വിളിച്ചുകൂട്ടി. മണിക്കൂറോളം ഭീഷണിയും ശകാരവുമായിരുന്നു. നിലപാടുകള്‍ മാറ്റാന്‍ ഇന്ത്യക്കാര്‍ തയാറായില്ല. ജപ്പാന്‍കാര്‍ നിലപാട് കര്‍ക്കശമാക്കി.

നേതാജി എത്തുന്നു
ഇന്ത്യന്‍പക്ഷത്തെ പ്രമുഖനായ കേണല്‍ ഗില്ലിനെ ജപ്പാന്‍ പട്ടാളം അറസ്റ്റ് ചെയ്തതോടെ സ്ഥിതി ഇനി പിന്നോട്ടില്ലെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചു. രാഷ് ബിഹാരി ബോസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 1942 ഡിസംബര്‍ എട്ടിന് കേശവമേനോനും കൂട്ടുകാരും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ ആക്ഷന്‍ കൗണ്‍സില്‍ അംഗത്വം രാജിവച്ചു. എല്ലാവരും ജീവിതത്തിലേക്കു മടങ്ങി. പക്ഷേ, അങ്ങനെയൊന്നും മടങ്ങാന്‍ അനുവദിക്കുന്നവരല്ലല്ലോ ജപ്പാന്‍കാര്‍. അവര്‍ മാറിനില്‍ക്കുന്ന ഇന്ത്യന്‍ നേതാക്കളെ സദാ നിരീക്ഷിച്ചു. ഇടക്കിടെ പൊലിസുകാര്‍ ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു.
ആറു മാസം കഴിഞ്ഞപ്പോഴാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എത്തി രംഗം കൈയടക്കുന്നത്. അദ്ദേഹം നേതൃത്വം ഏറ്റെടുത്തതോടെ ഇന്ത്യക്കാര്‍ അത്യാവേശത്തിലായി. 1943 ഒക്ടോബറില്‍ അദ്ദേഹം ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരിച്ചു. ഇന്ത്യന്‍ നാഷനല്‍ ആര്‍മി നേതാജിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും ബ്രിട്ടീഷ് ഭരണം അതോടെ തകര്‍ന്നുവീഴുമെന്നും ഇന്ത്യക്കാര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. എന്നാല്‍, കെ.പി കേശവമേനോന്‍ തന്റെ നിലപാടു മാറ്റിയില്ല. ജപ്പാന്റെ സഹായത്തോടെ ഇന്ത്യയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതു വന്‍ദുരന്തമാണ് ഇന്ത്യയില്‍ ഉണ്ടാക്കുകയെന്ന് അദ്ദേഹം സുഹൃത്തുക്കളോടെല്ലാം പറഞ്ഞത് ജപ്പാന്‍കാരുടെ ചെവിയിലുമെത്തി. പേരിനെങ്കിലും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നു പല സൃഹൃത്തുക്കളും ഉപദേശിച്ചു. പക്ഷേ, മനഃസാക്ഷിക്കു നിരക്കാത്തതൊന്നും ചെയ്യില്ലെന്ന ഉറച്ച നിലപാടായിരുന്നു കേശവമേനോന്റേത്.

കേശവമേനോന്‍ ജയിലില്‍
1944 ഏപ്രില്‍ 24നു പുലര്‍ച്ചെ നാലുമണിക്ക് എട്ടുപത്ത് ജപ്പാന്‍ പട്ടാളക്കാര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഭാര്യയെയും മകനെയും രോഗിണിയായി ആശുപത്രിയില്‍ കഴിയുന്ന മകളെയും വിട്ട് കേശവമേനോന്‍ ജയിലിലേക്കു പോയി. ഇരുട്ടറ. അടുപ്പിനരികെയെന്ന പോലെ കൊടുംചൂട്. പകല്‍മുഴുവന്‍ ഒരു പലകയില്‍ ഇരുന്നുകൊള്ളണം. മൂന്നുമണിക്കൂറില്‍ ഒരുവട്ടം അഞ്ചുമിനിട്ട് മുറിക്കുള്ളില്‍ നടക്കാം. ചത്തുപോകാതിരിക്കാന്‍ മാത്രം അല്‍പം കഞ്ഞിയോ വെള്ളമോ കൊടുക്കും. മിലിട്ടറി പൊലിസ് കൂട്ടിക്കൊണ്ടുപോയി നാലും അഞ്ചും മണിക്കൂര്‍ ചോദ്യം ചെയ്യും, ഭേദ്യം ചെയ്യും. നാലു മാസം തുടര്‍ന്നു ഈ നരകജീവിതം.
'ദിവസേന ആയിരങ്ങള്‍ മരിക്കുന്ന യുദ്ധമാണിത്. നിങ്ങള്‍ അതിലൊരാള്‍ മാത്രം. നാളെ രാവിലെ പത്തുമണിക്ക് നിങ്ങളെ വെടിവച്ചുകൊല്ലും'ഒരു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷം കേശവമേനോനോട് പട്ടാള ഉദ്യോഗസ്ഥന്‍ അലറി. മരണത്തിലേക്ക് ഒരു രാത്രി മാത്രം അകലം. വെടിയേറ്റു മരിക്കുന്നതിനെക്കുറിച്ചും കുടുംബം അനാഥമാകുന്നതിനെക്കുറിച്ചും ഉള്ള ദുസ്വപ്നങ്ങളുടെ വേലിയേറ്റമായിരുന്നു മനസില്‍ ആ ഭീകരരാത്രി മുഴുവന്‍. പക്ഷേ പിറ്റേന്ന് ഉദ്യോഗസ്ഥന്‍ നിലപാടു മാറ്റി. റേഡിയോ കേള്‍ക്കുന്നത് ജപ്പാന്റെ തോല്‍വി അറിയാനല്ലേ എന്ന ചോദ്യത്തിന്, അല്ല ബ്രിട്ടന്‍ ഇന്ത്യ വിട്ടുവോ എന്നറിയാനാണ് എന്ന മറുപടിയില്‍ ഉദ്യോഗസ്ഥന്‍ സംതൃപ്തി പ്രകടിപ്പിച്ചു. തല്‍ക്കാലം മരണമില്ല. മിലിട്ടറി ജയിലില്‍ നരകം തുടര്‍ന്നു. മിലിട്ടറി കോര്‍ട്ടില്‍ വിചാരണ. ജപ്പാന്‍വിരോധം എന്ന കുറ്റത്തിനു കോടതി ആറു വര്‍ഷം തടവു വിധിച്ചു.
ജയിലില്‍ അര്‍ധപട്ടിണിയാണ്. ഇടയ്‌ക്കെല്ലാം നല്ല മനുഷ്യര്‍ഉദ്യോഗസ്ഥരും അതില്‍പെടുംനീട്ടിത്തന്ന ദയാവായ്പുകള്‍ മാത്രം ആശ്വാസം. ഏതാനും മാസങ്ങളേ ജയിലില്‍ കിടക്കേണ്ടി വന്നുള്ളൂ. വൈകാതെ സന്തോഷവാര്‍ത്തയെത്തിജപ്പാന്‍ യുദ്ധംതോറ്റു. ജയിലില്‍നിന്നിറങ്ങും വരെ നീണ്ടു അനിശ്ചിതത്ത്വവും അഭ്യൂഹങ്ങളും. ബ്രിട്ടീഷ് പട്ടാളം വരും മുന്‍പ് ജപ്പാന്‍കാര്‍ എല്ലാ തടവുകാരെയും കൊല്ലുമെന്നും കൊന്നു തുടങ്ങിയതിന്റെ ലക്ഷണമാണ് ഓവുചാലില്‍ കാണുന്ന ചോരയെന്നും ആരോ പറഞ്ഞു പരത്തി. സകലരും ഞെട്ടി. പിന്നെ അറിഞ്ഞുജപ്പാന്‍കാര്‍ കറിയാക്കാന്‍ കൊന്ന പന്നികളുടേതാണു ചാലിലെ ചോര!

വീണ്ടും പത്രാധിപര്‍
എഴുന്നേറ്റുനില്‍ക്കാന്‍ പോലും ശേഷിയില്ലാതെയാണ് കേശവമേനോന്‍ വീട്ടിലെത്തിയത്. മരണത്തില്‍നിന്നു രക്ഷപ്പെട്ടു കുടുംബനാഥന്‍ എത്തിയപ്പോള്‍ കുടുംബം വിതുമ്പുകയായിരുന്നു. കാരണം, അച്ഛന്‍ ജയിലില്‍ കിടക്കുമ്പോള്‍ മകള്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
യുദ്ധമവസാനിച്ച് എല്ലാം സാധാരണനിലയിലായപ്പോള്‍ മേനോന്‍ നാട്ടിലേക്കു മടങ്ങി. ജയിലനുഭവങ്ങളെല്ലാം അതിനകം അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയിരുന്നു. 1927 ഓഗസ്റ്റില്‍ ഇന്ത്യ വിട്ട കേശവമേനോന്‍ ഏതാണ്ട് 20 വര്‍ഷം കഴിഞ്ഞാണു നാട്ടിലെത്തുന്നത്. മദ്രാസില്‍നിന്നു തീവണ്ടിയില്‍ മടങ്ങുമ്പോള്‍ കല്ലായി മുതല്‍തന്നെ കരിങ്കൊടിക്കാര്‍ മേനോനെതിരേ 'ഗോ ബാക്ക് ' മുദ്രാവാക്യങ്ങളുമായി കംപാര്‍ട്‌മെന്റിലേക്ക് ഇരച്ചുകയറുന്നുണ്ടായിരുന്നു. ചെളിയെറിയുകയും വസ്ത്രം വലിച്ചുകീറുകയുമെല്ലാം ചെയ്തു അവര്‍. എന്തായിരുന്നു പ്രകോപനം? കേശവമേനോന്‍ ജപ്പാനെ അനുകൂലിച്ചില്ല, ബ്രിട്ടനോടൊപ്പം നിന്നു!
ബഹളങ്ങളെല്ലാം വേഗം കെട്ടടങ്ങി. ലീവില്‍ പോയ ആള്‍ തിരിച്ചുവന്നതുപോലെയേ കേശവമേനോന്റെ 23 വര്‍ഷത്തെ അഭാവത്തെ മാതൃഭൂമി കണക്കാക്കിയുള്ളൂ. 1948 ഓഗസ്റ്റ് ഒന്നിന് അദ്ദേഹം വീണ്ടും പത്രാധിപരായി.