Wednesday, 21 September 2016

ഫാസിസത്തെക്കുറിച്ച് അവര്‍ വെറുതെ തര്‍ക്കിക്കുകയാണ്

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാറിന്റെ സ്വഭാവം വിലയിരുത്തുന്നതില്‍ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര പണ്ഡിതന്മാര്‍ക്ക് ആശയക്കുഴപ്പം വര്‍ദ്ധിച്ചുവരുന്നു. മാറുന്ന കാലത്തെ രാഷ്ട്രീയ-സാമ്പത്തിക പ്രതിഭാസങ്ങളെ പഴയ പ്രത്യയശാസ്ത്ര ബ്രാക്കറ്റുകളില്‍തന്നെ  ഒതുക്കണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടുകൂടിയാണ് അവര്‍ ഓരോ ഘട്ടത്തിലും  ഇത്തരം പ്രതിസന്ധികളെയും ആശയക്കുഴപ്പങ്ങളെയും നേരിടേണ്ടി വരുന്നത്. പ്രായോഗിക രാഷ്ട്രീയനയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇതിനൊന്നും വലിയ പ്രസക്തിയില്ലെന്നതാണ് സത്യം.

ബി.ജെ.പി. സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാറാണോ?  ബി.ജെ.പി. പാര്‍ലമെന്റില്‍ ന്യൂനപക്ഷവും എന്‍.ഡി.എ.ക്ക് കഷ്ടിച്ചു മാത്രം ഭൂരിപക്ഷവും ആയിരുന്ന കാലത്ത്, എ.ബി.വാജ്‌പേയിയെപ്പോലൊരു മിതവാദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാറിനെ ഫാസിസ്റ്റ് എന്നു വിളിച്ചിട്ടുണ്ട് സി.പി.എം. ഉള്‍പ്പെടെയുള്ള മിക്ക ഇടതുപക്ഷപാര്‍ട്ടികളും.  ഇപ്പോള്‍ സാക്ഷാല്‍ നരേന്ദ്ര മോദി ഭരിക്കുമ്പോഴാണ് ബി.ജെ.പി.ഭരണം, രാഷ്ട്രീയനിര്‍വചനപ്രകാരമുള്ള ശരിയായ ഫാസിസ്റ്റ് ഭരണമാണോ എന്ന സംശയമുണ്ടായിരിക്കുന്നത്. വളരെ ഉദാരമായി ആരെയും ഫാസിസ്റ്റ് എന്നു വിളിക്കുന്ന അവസ്ഥ ഇന്നുണ്ടായതൊന്നുമല്ല. റോഡില്‍ കാണുന്ന റൗഡിയെപ്പോലും ഫാസിസ്റ്റ് എന്നു വിളിക്കുന്നതായി ജോര്‍ജ് ഓര്‍വല്‍ അഞ്ചാറു പതിറ്റാണ്ടുമുമ്പ് പരിഹസിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഫാസിസം ചര്‍ച്ചാവിഷയമായതു വളരെ വൈകിയായിരുന്നു. യൂറോപ്പില്‍ ഒന്നാം ലോകയുദ്ധകാലത്തുതന്നെ രൂപംകൊണ്ട ഫാസിസ തത്ത്വശാസ്ത്രം മുപ്പതുകളോടെ യൂറോപ്പില്‍ -പ്രധാനമായി ഇറ്റലിയിലും ജര്‍മനിയിലും- പൂര്‍ണ അധികാരം കൈയ്യാളാന്‍ തുടങ്ങുകയും രണ്ടാം ലോകയുദ്ധത്തിനുതന്നെ കാരണമാവുകയും ചെയ്തപ്പോഴൊന്നും ഇന്ത്യയിലിതു വലിയ ചര്‍ച്ചയായില്ല. പ്രധാനകാരണം, നമ്മെ ഭരിച്ചിരുന്ന ബ്രിട്ടന്‍ അപ്പോഴും ഒരു ജനാധിപത്യരാജ്യമായിരുന്നു എന്നതാണ്. അവിടത്തെ തത്ത്വശാസ്ത്രം എന്തോ ആവട്ടെ നമുക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ മതി എന്ന സമീപനമാണ് ഇന്ത്യന്‍ പാര്‍ട്ടികള്‍ സ്വീകരിച്ചത്. സോഷ്യലിസ്റ്റ് സമൂഹനിര്‍മാണം നടന്നുകൊണ്ടിരുന്ന സോവിയറ്റ് യൂണിയനില്‍പോലും ഫാസിസത്തിന്റെ കടന്നുവരവ് വിഷയമായില്ല. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ സോവിയറ്റ് യൂണിയന്‍ നാസി ജര്‍മനിയുമായി സമാധാനക്കരാര്‍ ഒപ്പിച്ച് യുദ്ധത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു എന്ന് ഇന്നാലോചിക്കുമ്പോള്‍ അമ്പരപ്പു തോന്നും. ജര്‍മനി ഓര്‍ക്കാപ്പുറത്ത് കടന്നാക്രമിച്ചപ്പോഴേ സ്റ്റാലിന് നാസിസത്തെയും ഫാസിസത്തെയും ശരിക്കു മനസ്സിലായുള്ളൂ.

യഥാര്‍ത്ഥത്തില്‍, ഇറ്റലിയിലെ മുസ്സോളിനിയുടെ പാര്‍ട്ടി മാത്രമേ ഫാസിസം ഒരു തത്ത്വശാസ്ത്രമായി സ്വീകരിച്ചിരുന്നുള്ളൂ. 1922 ല്‍ അധികാരത്തില്‍ വന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുമ്പു മാത്രമേ മുസ്സോളിനി ശരിക്കുമൊരു ഏകാധിപതിയായുള്ളൂ. ഹിറ്റ്‌ലറും തിരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തില്‍ വന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടി നാഷനല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഘട്ടംഘട്ടമായാണ് രണ്ടുപേരും തനി ഫാസിസത്തിലെത്തിയത് എന്ന് ഓര്‍ക്കുന്നത് നന്ന്.

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കക്കും ബ്രിട്ടന്നും സോവിയറ്റ് യൂണിയന്നും ഒപ്പം ഇന്ത്യയും  നില്‍ക്കണമെന്നു തോന്നിയ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ്. ഫാസിസത്തോടുള്ള വിരോധമായിരുന്നു അതിന് കാരണമെന്നു പറയാനാവില്ല. ഒരു സോവിയറ്റ് നിയന്ത്രിത പാര്‍ട്ടിയ്ക്ക് മറ്റെന്തു ചെയ്യാനാവും? റഷ്യ ജര്‍മനിക്കൊപ്പമായിരുന്നെങ്കില്‍ സി.പി.ഐ.യും ഫാസിസത്തിനൊപ്പമാകുമായിരുന്നു തല്‍ക്കാലത്തേക്കെങ്കിലും. ക്വിറ്റ് ഇന്ത്യാ സമരം നടത്തി ബ്രിട്ടന്റെ ശത്രുത സമ്പാദിച്ചെങ്കിലും ജര്‍മനി-ജപ്പാന്‍-ഇറ്റലി കൂട്ടുകെട്ടിന്റെ വിജയം കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ല. സ്വാതന്ത്ര്യം തന്നാല്‍ ബ്രിട്ടനോടൊപ്പം നില്‍ക്കാം എന്ന വിലപേശല്‍നിലപാടില്‍ യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് ഭീഷണിയെക്കുറിച്ചുള്ള ധാരണയില്ലായ്മ പ്രകടമാണെന്നു ഇന്നു നമുക്ക്് പറയാനാവും. ഫാസിസമാണ് മോചനമാര്‍ഗം എന്നു വിശ്വസിച്ചിരുന്ന ഒരു മഹാനായ ദേശസ്‌നേഹി പോലും നമുക്കുണ്ടായിരുന്നു എന്നതാണ് സത്യം. ഫാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഗുണവശങ്ങള്‍ ചേര്‍ത്തുള്ള ഏകാധിപത്യഭരണമാണ് ഇവിടെ സ്ഥാപിക്കാന്‍ താന്‍ ലക്ഷ്യമിടുന്നതെന്നും ഭക്ഷണവും വസ്്ത്രവും ഉള്‍പ്പെടെ എല്ലാ കാര്യത്തിലും ഇന്ത്യക്കാരെ ഒരുപോലെയാക്കുമെന്നും നേതാജി സുഭാഷ് ചന്ദ്രബോസ് അന്ന് പ്രഖ്യാപിച്ചിരുന്നു എന്നതും കൗതുകകരമാണ്.

യുദ്ധത്തില്‍ ഫാസിസം തോറ്റതോടെ ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ച പാടെ നിലച്ചെന്നു പറയാം. എന്നാല്‍, എഴുപതുകളുടെ ആദ്യത്തില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ സമരമാരംഭിച്ചപ്പോള്‍ സി.പി.ഐ. ആണ് ആ പ്രസ്ഥാനത്തെ ഫാസിസ്റ്റ് പ്രസ്ഥാനമായി മുദ്രകുത്തിയതും ഇന്ദിരാഗാന്ധിയുടെ ഭരണത്തിനു പിന്തുണ പ്രഖ്യാപിച്ചതും. വലിയ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ ജോര്‍ജി ദിമിത്രോവിനെ ഈ ഘട്ടത്തിലാണ് നമ്മുടെ നാട്ടുകാര്‍ കേള്‍ക്കാന്‍ തുടങ്ങിയത്. 1946-49 കാലത്ത് ബള്‍ഗേറിയന്‍ കമ്യൂ. പാര്‍ട്ടിയുടെ സിക്രട്ടറിയായിരുന്ന ദിമിത്രോവിന്റെ ഫാസിസത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകവ്യാപകമായി അംഗീകരിച്ചിരുന്നത്. അദ്ദേഹം 1934-43 കാലത്ത്്  കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ അധ്യക്ഷനുമായിരുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദിമിത്രോവ് സ്വീകാര്യനായത്, ധനമുതലാളിത്തവും ഫാസിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തം ഉപയോഗിച്ച് തങ്ങളുടെ ഇന്ത്യന്‍ നയങ്ങളെ ന്യായീകരിക്കാന്‍ പറ്റും എന്നതുകൊണ്ടാണ്. ഇന്ദിരാഗാന്ധിക്ക് ഇടതുപക്ഷ ആഭിമുഖ്യമുണ്ട്-സോവിയറ്റ് ചേരിയിലാണ് അവരുടെ നില്‍പ്പും. ജെ.പി.യെ പിന്താങ്ങുന്നവരുടെ കൂട്ടത്തില്‍ ജനസംഘം, ആര്‍.എസ്.എസ്, സ്വതന്ത്രാപാര്‍ട്ടി എന്നിവയുണ്ട്. ഇവരാണ് ശരിയായ ധനമുതലാളിത്തത്തിനുവേണ്ടി ഇന്ദിരാഗാന്ധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍. ഇതിനെ നേരിടാന്‍ തങ്ങള്‍
ഇന്ദിരയെ പിന്താങ്ങുന്നു. സി.പി.എമ്മിന് ഇതിനെക്കുറിച്ചൊന്നും ധാരണയില്ലാതിരുന്നതുകൊണ്ട് അവര്‍ ഇന്ദിരയെ ഫാസിസ്റ്റ് എന്നു വിളിക്കുകയും എതിര്‍പക്ഷത്തെ ഫാസിസ്റ്റുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു-അടിയന്തരാവസ്ഥയെ അനുകൂലിക്കാനുള്ള സിദ്ധാന്തവെടിമരുന്നും അവര്‍ക്ക് ഈ നിലപാടുവഴി ദിമിത്രോവില്‍ നിന്നു കിട്ടി.

സി.പി.എം. ജയപ്രകാശ് നാരായണന്റെ സമരത്തിനൊപ്പം നിന്നില്ലെങ്കിലും ഇന്ദിരാഭരണത്തെ പരമാവധി എതിര്‍ത്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവരുടെ നിലപാട് അര്‍ദ്ധഫാസിസത്തില്‍നിന്ന് പൂര്‍ണഫാസിസത്തിലേക്ക് രാജ്യം നീങ്ങി എന്നായിരുന്നു. അതായിരുന്നു പാര്‍ട്ടി പത്രത്തിന്റെ 1975 ജൂണ്‍ 27ാം തിയ്യതിയിലെ തലക്കെട്ടും. നിരവധി പാര്‍ട്ടി നേതാക്കള്‍ തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ടു. എന്തായാലും അടിയന്താവസ്ഥ കഴിഞ്ഞതോടെ സി.പി.ഐ. തങ്ങളുടെ നിലപാടുകളില്‍ പല തിരുത്തലുകള്‍ വരുത്തി. അടിയന്തരാവസ്ഥയെ പിന്താങ്ങിയത് തെറ്റായിരുന്നു എന്നു സമ്മതിക്കുകയും ഇടതുപാര്‍ട്ടികളുടെ മുന്നണിയില്‍ പങ്കാളികളാകുകയും ചെയ്തു.

ഇതിനെല്ലാം ഇപ്പോഴെന്തു പ്രസക്തി എന്ന ചോദ്യമുയര്‍ന്നേക്കും. പ്രസക്തിയുണ്ട്. സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ വാഗ്വാദവും സംവാദവും ഒന്നും നടക്കുന്നില്ലെങ്കിലും സി.പി.എമ്മിനകത്ത് ഒളിയുദ്ധം നടക്കുന്നുണ്ട്്. വാജ്‌പേയി ഭരണത്തെപ്പോലും ഫാസിസ്റ്റ്് എന്നു വിളിച്ച പാര്‍ട്ടിയുടെ സ്ഥാനമൊഴിഞ്ഞ ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ടിന് മോദിഭരണം ഫാസിസ്റ്റ് ഭരണമാണ് എന്ന പൂര്‍ണ അഭിപ്രായമില്ല. മറിച്ചാണ് ജനറല്‍ സിക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. യൂറോപ്യന്‍ അര്‍ത്ഥത്തിലുള്ള ഒരു ഫാസിസമല്ല മോദിയുടേത് എന്ന അഭിപ്രായമാണ് പ്രകാശ് കാരാട്ടിനുള്ളത്. അതു ശരിതന്നെ. ഏതു പ്രത്യയശാസ്ത്രമാണ് രണ്ടു കാലഘട്ടങ്ങളില്‍ രണ്ടു ഉപഭൂഖണ്ഡങ്ങളില്‍ ഒരുപോലെ ഉണ്ടായിട്ടുള്ളത്? ഇറ്റലിയിലെ ഫാസിസമായിരുന്നോ ജര്‍മനിയിലെ ഫാസിസം? സോവിയറ്റ് യൂണിയനിലെ കമ്യൂണിസമായിരുന്നോ ചൈനയില്‍ നടപ്പാക്കിയിരുന്നത്?  അതുകൊണ്ടുതന്നെ വ്യത്യാസങ്ങള്‍ തലനാരിഴ കീറി വിലയിരുത്തുന്നതിന് ഒരു പ്രസക്തിയുമില്ലതന്നെ.

പിന്നെ എന്തിനാണ് ഈ സമുന്നത നേതാക്കള്‍ തര്‍ക്കിക്കുന്നത് എന്ന ചോദ്യമുയരും. പാര്‍ട്ടിയുടെ രാഷ്ട്രീയനയങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തി കാണണം. ഇവിടെ ഭരണം നടത്തുന്നത് പൂര്‍ണരൂപത്തിലുള്ള ഒരു ഫാസിസമാണെങ്കില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാമത്തെ ചുമതല ആ ഫാസിസ്റ്റ് ഭരണത്തിനെതിരെ എല്ലാ വിഭാഗത്തില്‍പ്പെട്ട പാര്‍ട്ടികളുടെയും ഐക്യമുന്നണി രൂപവല്‍ക്കരിക്കുക എന്നതല്ലേ? ആണെന്നും അല്ലെന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. പൂര്‍ണ ഫാസിസമാണെങ്കില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ മതേതര ജനാധിപത്യപാര്‍ട്ടികളുടെ ഐക്യമുന്നണിയുണ്ടാക്കാന്‍ സി.പി.എം. മുന്‍കൈ എടുക്കേണ്ടേ? ബംഗാളില്‍ ചെയ്തതിനെത്തന്നെ എതിര്‍്ക്കുന്ന പ്രകാശിനെങ്ങനെ ഇതിനപ്പുറം ചിന്തിക്കാനാവും?

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു പാര്‍ട്ടിയും ഫാസിസമാണ് തങ്ങളുടെ പ്രത്യയശാസ്ത്രമെന്നു പറയാറില്ല. അതേസമയം, ഫാസിസത്തിന്റെ സ്വഭാവങ്ങള്‍ പല പാര്‍ട്ടികളും പ്രത്യക്ഷമായും പരോക്ഷമായും സ്വീകരിക്കുന്നുണ്ട്. ഫാസിസം സ്വീകരിച്ചുപോന്നതിനു സമാനമായ ലക്ഷ്യങ്ങളും പരിപാടികളും ജനാധിപത്യത്തിന്റെ ചട്ടക്കൂട് പൊളിച്ചുകളയാതെതന്നെ നടപ്പാക്കാന്‍ കഴിയും എന്ന് പല രാജ്യങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്്. ജനാധിപത്യം കാലഹരണപ്പെട്ടു എന്ന് ഇന്നാരും പറയുകയില്ല. പക്ഷേ, ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും ഒന്നൊന്നായി പ്രവര്‍ത്തനരഹിതമാക്കും. ഏകകക്ഷി ഭരണമേര്‍പ്പെടുത്തുകയില്ല. പക്ഷേ, പ്രതിപക്ഷത്തെ നിഷ്പ്രയോജനകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തും. പക്ഷേ, ഒരേ ചിന്താഗതി രാജ്യത്തെങ്ങും എത്തിക്കുന്നതിനു പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായം തേടും, ഏകാധിപത്യപരമായി അധികാരം വിനിയോഗിക്കും. എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ വണ്ടിവന്നാല്‍ അക്രമം അഴിച്ചുവിടും. പട്ടാളശക്തിയിലുടെ എല്ലാ എതിര്‍പ്പുകളെയും മറികടക്കാമെന്നു തെളിയിക്കും. രാജ്യസ്‌നേഹത്തിന്റെയും മതത്തിന്റെയും വികാരം ഉപയോഗിച്ച് എല്ലാ എതിര്‍നിലപാടുകാരെയും നിഷ്‌ക്രിയമാക്കാന്‍ ശ്രമിക്കും- ഇതെല്ലാമാണ് കേന്ദ്രഭരണകൂടം ചെയ്യാന്‍ പോകുന്നത് എന്നാര്‍ക്കാണ് അറിയാത്തത്?

ഒരുപാടൊരുപാട് കാര്യങ്ങൡ യോജിപ്പുള്ള സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എന്തിനാണ് നരേന്ദ്ര മോദിക്ക് ഫാസിസ ലേബല്‍ ഒട്ടിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ച് തര്‍ക്കിച്ചു സമയം കളയുന്നത്? ബംഗാളിലെ മുന്നണിനയം സംബന്ധിച്ച അഭിപ്രായവ്യത്യാസം ഈ തര്‍ക്കത്തിലും പ്രതിഫലിക്കുന്നു എന്നതാണ് ദുരന്തം.

ലോകം ആഗോളീകരണത്തിന്റെ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും നേരിടുന്നു എന്നതു ശരി. പക്ഷേ, വര്‍ഗീയതയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും വെല്ലുവിളികളാണ് വരുന്ന കുറെക്കാലത്തേക്ക് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി. പല രാജ്യങ്ങളിലും ജനാധിപത്യസംവിധാനം ഉപയോഗിച്ചാണ് പുത്തന്‍ ഫാസിസങ്ങള്‍ ഭരണത്തില്‍ വരുന്നത്. മുമ്പ് ഇതുതന്നെയാണ് മുസ്സോളിനിയും  ഹിറ്റ്‌ലറും ചെയ്തിരുന്നത്. ഇന്ന് നിരവധി ഹിറ്റ്‌ലര്‍മാര്‍ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുന്നു. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുകയല്ലാതെ വഴിയില്ല. മതേതരത്വവും ബഹുസ്വരതയും ഭിന്ന നിലപാടുകള്‍ പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഇനി പ്രധാനമാകാന്‍ പോകുന്നത്. അതില്‍ ഈ പഴയ ലേബലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല.
(Published in Andhardhara Magazine Sept 2016)

No comments:

Post a comment