Friday, 30 September 2016

സ്വാതന്ത്ര്യത്തിന് ഭീഷണി മതം

ഇതു ജനാധിപത്യയുഗമാണ്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ ജനാധിപത്യ ഭരണവ്യവസ്ഥ സ്വീകരിക്കപ്പെടുകയാണ്്. ലോകത്തെമ്പാടും ജനാധിപത്യം താഴെത്തട്ടിലുള്ള ജനങ്ങളിലേക്കുകൂടി ഇറങ്ങുകയാണ്. ആഗോളീകരണവും സാങ്കേതികവിദ്യയുടെ വികാസവും ഈ പ്രക്രിയയ്ക്കു വേഗത കൂട്ടുന്നുണ്ട്്.

ഇതെല്ലാം പ്രത്യക്ഷത്തില്‍ ശരിയാണ്. നൂറുവര്‍ഷം മുമ്പ് വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. അവിടെപ്പോലും തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഭാഗികമായിരുന്നു. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. എല്ലാവര്‍ക്കും വോട്ടവകാശമുള്ള, തിരഞ്ഞെടുക്കുന്നവര്‍ ഭരണം നടത്തുന്ന രാജ്യങ്ങളാണ് ലോകത്തിലേറെയും. വളരെക്കുറച്ച് രാജ്യങ്ങളിലേ തിരഞ്ഞെടുപ്പും വിമര്‍ശനസ്വാതന്ത്ര്യവും ഇല്ലാതുള്ളൂ.

 ഈ മാറ്റത്തിന് മനുഷ്യസ്വാതന്ത്ര്യം പൂര്‍ണവികാസം പ്രാപിച്ചുവെന്നോ ചിന്തിക്കാനും ശരി എന്നു തോന്നുന്നതു വിളിച്ചുപറയാനുമുള്ള സ്വാതന്ത്ര്യം പൂര്‍ണരൂപത്തില്‍ ലഭ്യമാണ് എന്നോ അര്‍ത്ഥമുണ്ടോ? ഇല്ല. മനുഷ്യസ്വാതന്ത്ര്യം-ചിന്താസ്വാതന്ത്യം, അഭിപ്രായപ്രകടനം, ആവിഷ്‌കാരസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, നിയമപരമായ തുല്യത തുടങ്ങിയവ-ഇപ്പോഴും വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ല എന്നു മാത്രമല്ല ചിന്താസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളി കൂടുതല്‍ ഭീഷണമായിക്കൊണ്ടിരിക്കുകയുമാണ്.

ചിന്താസ്വാതന്ത്ര്യം എന്നാല്‍ മതസ്വാതന്ത്ര്യം മാത്രമാണ്് എന്നു പരിമിതപ്പെടുത്താനാണ് മതേതരത്വം അംഗീകരിച്ച രാജ്യങ്ങളില്‍പ്പോലും ഭരണകൂടങ്ങളും സംഘടിതശക്തികളും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും ലഭ്യമായത് ചിന്താസ്വാതന്ത്ര്യത്തിലൂടെയാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാത്തവരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് മതസംഘങ്ങളാണ് എന്നു കാണാന്‍ പ്രയാസമില്ല. മതസ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ടു മതത്തിലേക്കു ആളെക്കൂട്ടിയവര്‍തന്നെ, മതത്തിനകത്തുനിന്നുകൊണ്ടു ചിന്താസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയവരെ തീയിട്ടും കഴുത്തറത്തും വിഷംകൊടുത്തും കൊന്നതായി മിക്ക മതങ്ങളുടെ ചരിത്രം നോക്കിയാല്‍ കാണാനാകും.

 മതയുദ്ധങ്ങളില്‍ ചൊരിഞ്ഞ ചോര കൊണ്ടു കറുത്തതാണ് ഏറെ രാജ്യങ്ങളുടെയും ഭൂമി. എത്രയോ ചിന്തകന്മാരുടെ ജീവന്‍ വിഷപ്പാത്രങ്ങളില്‍ ഒടുങ്ങി. ചിന്തകനും ഗണിതശാസ്ത്രജ്ഞനുമെല്ലാമായ ഗിയോര്‍ഡാനോ ബ്രൂണോവിന്റെ പ്രതിമ ഇപ്പോള്‍ റോമിലുണ്ട്. പക്ഷേ, ഇതേ റോമില്‍ അഞ്ചുനൂറ്റാണ്ടു മുമ്പ് മതനിരാസം ആരോപിച്ച് വധിക്കപ്പെട്ട ആളാണ് ബ്രൂണോ. എത്രയെത്ര ബ്രൂണോമാര്‍. ക്രിസ്തുമതം തിരിച്ചറിയലുകളിലൂടെ ചിന്താസ്വാതന്ത്രപ്രകടനത്തോടുള്ള പഴയ അസഹിഷ്ണുതയെ കുറെയെല്ലാം മറികടന്നിട്ടുണ്ട്. എന്നാല്‍ മറ്റു മതങ്ങളുടെ കാര്യം അങ്ങനെ പറഞ്ഞുകൂടാ. ഇറാന്‍ വിപ്ലവത്തോടെ വ്യാപിച്ച മുസ്ലിം മതമൗലികവാദചിന്തയുടെ സ്വാധീനം മറ്റു മതങ്ങളിമുണ്ടായിട്ടുണ്ട്. ചിന്താസ്വാതന്ത്ര്യം  പരമാവധി അനുവദിച്ച കാലഘട്ടം ഹിന്ദുമതത്തിലുണ്ടായിരുന്നുവെന്നും നാസ്തികരായ ചിന്തകന്മാര്‍പോലും ഹൈന്ദവ ചരിത്രത്തില്‍ ഉണ്ടായിരുന്നുവെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇന്നതെല്ലാം പഴങ്കഥകളായിട്ടുണ്ട്.

ഇന്ന് യുക്തിയോ ചിന്താശക്തി പോലുമോ അല്ല മതവാദികളെ നയിക്കുന്നത്. എല്ലാറ്റിലും മേലെ നില്‍ക്കുന്നത് മതവികാരമാണ് എന്നു വന്നിരിക്കുന്നു. അന്യമതസ്ഥരെ കൂട്ടക്കൊല ചെയ്യുക അഫ്ഗാനിസ്ഥാനിലും സിറിയയിലും ബംഗ്ലാദേശിലും അപൂര്‍വസംഭവമല്ലാതായിരിക്കുന്നു. ഇന്ത്യയില്‍, മറ്റെല്ലാ കാര്യത്തിലും പോരടിക്കുന്ന മതങ്ങള്‍  മതവികാരത്തിന്റെ കാര്യത്തില്‍ മാത്രം ഒത്തുനില്‍ക്കും. എല്ലാ നിയമങ്ങള്‍ക്കും മേലെയാണ് മതവികാരം എന്നു വാദിക്കുകയും നിയമവും ഭരണഘടനയും അനുവദിക്കുന്ന അഭിപ്രായപ്രകടന-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പാടെ നിഷേധിക്കാന്‍ ഒരുമ്പെടുകയുമാണ് ഇക്കൂട്ടര്‍.

സാഹിത്യകൃതികളുടെ കലാരൂപങ്ങളുടെയും മേല്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ പരിശോധിച്ചാല്‍ അവയിലേറെയും അങ്ങേയറ്റം പരിഹാസ്യമായ ന്യായങ്ങളുടെ-മിക്കവയും മതന്യായങ്ങള്‍-പേരിലാണുണ്ടായതെന്നു മനസ്സിലാവും. ല്യുവിസ് കരോളിന്റെ ആലിസ്സ്‌സ് അഡ്വവെഞ്ചേഴ്‌സ് ഇന്‍ വണ്ടര്‍ലാന്റ് ചൈനയില്‍ നിരോധിച്ചത് അതില്‍ മൃഗങ്ങള്‍ മനുഷ്യരുടെ ഭാഷ സംസാരിക്കുന്നതുകൊണ്ടാണ്. കുട്ടികളില്‍ ഇത് അപകടകരമായ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുമെന്നതായിരുന്നു ന്യായം. മതമോ മതത്തോളം അസഹിഷ്ണുതയുള്ള പ്രത്യയശാസ്ത്രമുള്ള ഭരണാധികാരികളോ ആണ് മിക്ക പുസ്തകങ്ങളുടെയും നിരോധകര്‍. ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം സോവിയറ്റ്-കിഴക്കന്‍ യൂറോപ്പ് കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല യു.എ.ഇ സ്‌കൂളുകളിലും നിരോധിച്ചു എന്നു കേള്‍ക്കുമ്പോഴാണ് ഈ വിചിത്ര സാദൃശ്യം വ്യക്തമാവുക. മൃഗങ്ങള്‍ മനുഷ്യനെപ്പോലെ സംസാരിക്കുന്നത് കുട്ടികളില്‍ മനുഷ്യരെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുമെന്നു പറഞ്ഞായിരുന്നു യു.എ.ഇ നിരോധനം. മതത്തെ വിമര്‍ശിക്കുന്ന കൃതികള്‍ മാത്രമല്ല, മതഗ്രന്ഥങ്ങളും ഇങ്ങനെ ധാരാളമായി നിരോധിക്കപ്പെട്ടിട്ടുണ്ട്്. ഏറ്റവും ഒടുവിലത്തെ ഒരു സംഭവം 2013 ല്‍ ഒരു റഷ്യയിലേതാണ്. അവിടത്തെ ഒരു കോടതി, തീവ്രവാദനിരോധന നിയമപ്രകാരം നിരോധിച്ച പുസ്തകങ്ങളിലൊന്ന് വിശുദ്ധ ഖുറാന്‍ ആയിരുന്നു! സാല്‍മാന്‍ റുഷ്ദിയുടെ ദി സാറ്റാനിക് വേഴ്‌സസ് നിരോധിക്കപ്പെട്ടത് പതിനഞ്ചോളം രാജ്യങ്ങളിലാണ്. ഇതില്‍ ഏതെങ്കിലും ഭരണാധികാരി പുസ്‌കതം വായിച്ചിരുന്നോ എന്നും നമുക്കറിയില്ല, വായിച്ചവര്‍ക്ക് വല്ലതും മനസ്സിലായിരുന്നോ എന്നും അറിയില്ല.

ഇന്ത്യയിലെപ്പോലെ, ജനങ്ങളുടെ ഭരണഘടനാദത്തമായ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ബോധമില്ലാത്ത സര്‍ക്കാറുകള്‍ നയിക്കുന്ന രാജ്യങ്ങളില്‍,  ആരെങ്കിലും നാലുപേര്‍ ആവശ്യപ്പെട്ടാല്‍ പുസ്തകം നിരോധിക്കുക എന്നത് പൊതുനിയമമായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പല പുസ്തകങ്ങളുടെയും ഇറക്കുമതി നിരോധന തീരുമാനം എടുത്തത് കസ്റ്റംസ് വകുപ്പാണ്. പുസ്തകനിരോധനവും രാജ്യങ്ങളുടെ രാഷ്ട്രീയവ്യവസ്ഥയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നതാണ് സത്യം. ചിലപ്പോഴെല്ലാം ജനാധിപത്യഭരണകൂടങ്ങളാണ് കൂടുതല്‍ പുസ്തകങ്ങള്‍ നിരോധിക്കാറുള്ളതുപോലും. അമേരിക്ക ഒരു ഉദാഹരണമാണ്. സോവിയറ്റ് യൂണിയനില്‍ നിരോധിച്ചതിലേറെ പുസ്തകങ്ങള്‍ അമേരിക്കയില്‍ ചില ഘട്ടങ്ങൡ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഏകാധിപത്യഭരണകൂടങ്ങള്‍ അവര്‍ക്കു ഭീഷണിയാകുന്ന പുസ്തകങ്ങളേ നിരോധിക്കാറുള്ളൂ. ജനാധിപത്യഭരണകൂടങ്ങള്‍ അവര്‍ പിന്തുണയ്ക്ക് ആശ്രയിക്കുന്ന ആരാവശ്യപ്പെട്ടാലും പുസ്തകം നിരോധിച്ചുകൊടുക്കും! ഇന്ത്യയുടെ അനുഭവവും ഇതുതന്നെ.

മതസ്വാതന്ത്ര്യം അനുവദിച്ചിരുന്ന മിക്ക മതേതര രാജ്യങ്ങളിലും മതം വ്യക്തിയുടെ സ്വകാര്യതയാണ്. വിശ്വാസിസമൂഹങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വവും പൊതുസമൂഹത്തില്‍ ബഹുസ്വരതയും ഉറപ്പാക്കുക എന്നതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം സ്വീകാര്യത നേടിയ ചിന്താഗതി. എന്നാല്‍, മത-ജാതി തീവ്രവാദങ്ങള്‍ ശക്തി പ്രാചിച്ചതോടെ വിശ്വാസപ്രമാണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘടിത ഗ്രൂപ്പുകളുമാണ് എല്ലാ നയങ്ങളുടെയും അവസാനവാക്ക് എന്ന നിലയാണ് എങ്ങും രൂപപ്പെട്ടുവരുന്നത്. മതങ്ങളെക്കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങളും മതനിന്ദയായി വ്യാഖ്യാനിക്കപ്പെടുന്നു. ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ പൂര്‍ണമായി മതനിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നു സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ജനാധിപത്യം ശക്തിപ്പെടുന്നു എന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെ, മനുഷ്യസ്വാതന്ത്ര്യം ദുര്‍ബലപ്പെടുന്ന അവസ്ഥയും നിലനില്‍ക്കുന്നു.

മതതീവ്രവാദികളുടെ ആയുധങ്ങള്‍ ആധുനിക കാലത്തിന്റേതാണ് എന്നത് ആശ്വാസമല്ല കൂടുതല്‍ ആശങ്കയാണ് ഉളവാക്കുന്നത്. പഴയകാല ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധത്തേക്കാള്‍ ആയിരം മടങ്ങ് അപകടകരമാണ് ആണവായുധം എന്നതുപോലെയാണ് ഇതും. അനിഷ്ടകരമായ കാര്യങ്ങള്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തകരെയും കലാപ്രവര്‍ത്തകരെയും വാട്‌സ്ആപ്പ്-ഫെയ്‌സ്ബുക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ടെററൈസ് ചെയ്യാമെന്നു കണ്ടുപിടിച്ചത് ഹിന്ദുത്വ തീവ്രവാദികളാണ്. ഈ വര്‍ഷാദ്യം തിരുവനന്തപുരത്തു ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ രണ്ടായിരത്തോളം ആളുകളാണ് ഫോണില്‍ വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തത്. ചാനല്‍ ചര്‍ച്ചയില്‍ ദുര്‍ഗാദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി എന്നതായിരുന്നു കുറ്റം. ഭീഷണിപ്പെടുത്താന്‍ വിളിച്ചവരൊന്നും ആ പ്രോഗ്രാം കണ്ടിട്ടേ ഉണ്ടായിരുന്നില്ല. വാട്‌സ്ആപ്പ് സംവിധാനം ഉപയോഗിച്ചുകൊണ്ടാണ് ഹിന്ദുത്വതീവ്രവാദികള്‍ മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ നമ്പര്‍ അനുയായികളിലെത്തിച്ചത്.  ഈയിടെ തീവ്രആത്മീയതയുടെയോ ഭീകരവാദത്തിന്റെയോ പിടിയില്‍ പെട്ട് നാടുകടന്നരും നവവാര്‍ത്താവിനിമയ-മാധ്യമ ഉപയോക്താക്കളായിരുന്നു എന്നു തെളിഞ്ഞുകഴിഞ്ഞു.

പ്രമുഖനിരൂപകനായ ഡോ.എം.എം.ബഷീര്‍ മാതൃഭൂമിയില്‍ എഴുതിക്കൊണ്ടിരുന്ന ഒരു പംക്തി ഹിന്ദുതീവ്രവാദി ഗ്രൂപ്പുകാര്‍ നിര്‍ത്തലാക്കിച്ചത് അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമാണ്. അന്ധമായ ഭക്തിപ്രകടനമല്ലാതെ മറ്റൊന്നും ഉണ്ടാകരുത് എന്ന നിലപാട് ശക്തിപ്പെടുത്തുകയാണ് മതതീവ്രവാദികള്‍. ഹിന്ദു സങ്കല്പമായ ഗണപതിയെ തീര്‍ത്തും നിരപദ്രവമായി ഒരു കാര്‍ട്ടൂണില്‍ വരച്ചതും ഇതുപോലെ കാര്‍ട്ടൂണിസ്റ്റിനെ സംഘടിതമായി അധിക്ഷേപിക്കുന്നതിനുള്ള കാരണമായി. സംഘടിതമതങ്ങളില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ അടിച്ചേല്‍പ്പിക്കല്‍ മറ്റു  മതങ്ങളിലേക്കും പ്രചരിക്കുകയാണ്. എം.ടി.യുടെ നിര്‍മാല്യത്തിലും ബഷീറിന്റെ പുസ്തകത്തിന്റെ പേരിലും ആരും ശ്രദ്ധിച്ചിട്ടുപോലും ഇല്ലാത്ത ഹിന്ദുപ്രതീകങ്ങള്‍ ഇന്നായിരുന്നുവെങ്കില്‍ കടുത്ത ഹിന്ദുവിരുദ്ധതയായി മുദ്രകുത്തപ്പെടുകയും അക്രമാസക്തമായ പ്രതികരണത്തിലേക്കു നയിക്കുകയും ചെയ്യുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.  

ജനാധിപത്യം ലോകത്തെമ്പാടും അപകടകരമായ അവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളിലൂടെ പലേടത്തും അധികാരത്തില്‍ വരുന്നത് സ്വതന്ത്രതിരഞ്ഞെടുപ്പിനെയും തുറന്ന ജനാധിപത്യത്തെയും അനുകൂലിക്കുന്ന ശക്തികളല്ല. മുമ്പ് ഒരു ഹിറ്റ്‌ലറുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഇന്ന് ഒട്ടേറെ രാജ്യങ്ങളില്‍ അസഹിഷ്ണുതയും അക്രമാസക്ത മതചിന്തയും പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ശക്തികള്‍ വോട്ടെടുപ്പിലൂടെ അധികാരത്തില്‍വരുന്നു. ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ജനാധിപത്യസമ്പ്രദായത്തിലൂടെയും കഴിയും എന്നുവരുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നു.


നന്മ സോവനീര്‍ ആഗസ്ത് 2016

No comments:

Post a comment