Wednesday, 7 September 2016

മതം മാര്‍ക്‌സിസ്റ്റുകാരെയും മയക്കുന്ന കറുപ്പാണോ?

അറുപതുകളിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഓര്‍ത്തുപോകുന്നു. സ്‌കൂള്‍ അവധിയാണ് എന്നതുകൊണ്ടുമാത്രമാണ് ഞങ്ങള്‍ കുട്ടികള്‍ ആ ദിനം ഓര്‍ക്കാറുള്ളത്. അടുത്തു ക്ഷേത്രമുണ്ടെങ്കില്‍ സ്ത്രീകള്‍ രാവിലെ കുളിച്ചുതൊഴുതേക്കും. അമ്പലത്തില്‍ പ്രത്യേക പൂജയോ നിവേദ്യമോ ഉണ്ടായെന്നു വരാം. പ്രഭാഷണമോ കലാപരിപാടികളോ നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്.

ശ്രീരാമജയന്തിയും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവുമെല്ലാം  കുറച്ചുപേര്‍ മാത്രം പങ്കാളികളാകുന്ന ചെറിയ ആഘോഷങ്ങളായിരുന്നു അന്ന്. കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് തെരുവുകള്‍ കയ്യടക്കുന്ന വലിയ ആഘോഷങ്ങള്‍ തുടങ്ങിയത് എഴുപതുകള്‍ക്കും ശേഷമാണ്. അതു തുടങ്ങിയതാവട്ടെ ഭക്തികൊണ്ടല്ല, രാഷ്ട്രീയലക്ഷ്യത്തോടെയാണ്.

മനുഷ്യര്‍ മതത്തോടും അതിന്റെ ആചാരാനുഷ്ടാനങ്ങളോടും കൂടുതല്‍ അടുക്കുന്നത് നല്ലതല്ലേ എന്നു ചോദിച്ചേക്കാം. പ്രശ്‌നം അതല്ല. മുമ്പ് ഇല്ലാത്തതും ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതും മതവിശ്വാസമോ ദൈവവിശ്വാസമോ അല്ല. ലോകത്തെ വികസിതരാജ്യങ്ങളില്‍, പ്രത്യേകിച്ച് ക്ഷേമരാജ്യസങ്കല്പം ശക്തമായിക്കഴിഞ്ഞ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഈശ്വരവിശ്വാസവും മതവിശ്വാസവും ഉള്ളവരുടെ എണ്ണം ജനസംഖ്യയുടെ പാതിപോലും ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. ഇംഗഌണ്ടില്‍ പോലും ഇതാണു സ്ഥിതി. ഇന്ത്യയില്‍ വിപരീതമാണ് സ്ഥിതി.

പക്ഷേ, വര്‍ദ്ധിച്ചു വരുന്നത് മതവിശ്വാസമല്ല, മതാചാരങ്ങളും ആഘോഷങ്ങളുമാണ്. ആചരിപ്പിക്കപ്പെടുന്നത് മതതത്ത്വങ്ങളല്ല, മതസംഘബോധമാണ്. മതം പുറത്തുകാട്ടുന്നത് നന്മയുടെയും സാഹോദര്യത്തിന്റെയും വിശാലഹൃദയമല്ല, ശക്തിയുടെയും അധികാരത്തിന്റെയും ഇരുമ്പുപേശികളാണ്. ഇതൊന്നും മതമല്ല തന്നെ, എല്ലാം രാഷ്ട്രീയമാണ്.

ഉയരുന്ന ഹിന്ദുത്വരാഷ്ട്രീയം

അധികാരത്തിലേക്കുള്ള യാത്രയുടെ വേഗം കൂട്ടുന്നതിനുള്ള ഒന്നാന്തരം ഇന്ധനമാണ് മതമെന്നു പണ്ടേ തിരിച്ചറിഞ്ഞിരുന്നെങ്കിലും എണ്‍പതുകള്‍ക്കു ശേഷമേ അതു പ്രായോജനപ്പെടുത്താന്‍ ഹിന്ദുത്വശക്തികള്‍ക്ക് കഴിഞ്ഞുള്ളൂ. മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയും ഉത്തരേന്ത്യയില്‍ ചോരപ്പുഴയൊഴുകുകയും സാക്ഷാല്‍ മഹാത്മാഗാന്ധി തന്നെ ഹിന്ദുത്വവര്‍ഗീയതയുടെ തോക്കിനിരയാവുകയും ചെയ്തിട്ടും ഇന്ത്യ മതേതരത്ത്വത്തിന്റെ കൊടിയാണ്  ഉയര്‍ത്തിപ്പിടിച്ചത്. ഹിന്ദുത്വരാഷ്ട്രീയത്തിന് അര നൂറ്റാണ്ടിലേറെക്കാലത്തെ  ആസൂത്രണവും കരുനീക്കങ്ങളും വര്‍ഗീയ വിഭജന കുതന്ത്രങ്ങളും വേണ്ടിവന്നു അവരുടെ കൊടി ചെങ്കോട്ടയിലുയര്‍ത്താന്‍.

ആദ്യം ചില മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയുണ്ടാക്കി കഷ്ടിച്ചുമാത്രം ജയിക്കാനേ ഹിന്ദുത്വരാഷ്ട്രീയത്തിന് കഴിഞ്ഞിരുന്നുള്ളൂ. രണ്ടുവട്ടവും അങ്ങനെയാണ് കേന്ദ്രത്തില്‍ ഭരണത്തിലേറാന്‍ കഴിഞ്ഞത്. 2014 ല്‍ ആ നില മാറി. തനിച്ച് കേന്ദ്രം ഭരിക്കാമെന്നായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ജയിച്ചേടത്തൊന്നും അവരെ തോല്പിക്കാന്‍ മതേതര പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. ബിഹാറിലെ പരാജയം മാറ്റിനിര്‍ത്തിയാല്‍ അവര്‍ക്ക് മുന്നില്‍ വെല്ലുവിളികളുയര്‍ന്നില്ല.

കോണ്‍ഗ്രസ്സില്ലാത്ത ഇന്ത്യ എന്നൊരു മുദ്രാവാക്യം അവര്‍ ഉയര്‍ത്തി. യഥാര്‍ത്ഥത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ്സില്ലാത്ത ഇന്ത്യയല്ല, പ്രതിപക്ഷമേ ഇല്ലാത്ത ഇന്ത്യയാണ്. ജാതിയെയോ മതത്തെയോ അടിസ്ഥാനമാക്കാതെ പ്രവര്‍ത്തിക്കുന്ന, ഇപ്പോഴും ഇന്ത്യയിലൊട്ടാകെ സ്വാധീനമുള്ള ഏക ദേശീയപ്രസ്ഥാനം എന്നു കരുതാവുന്ന കോണ്‍ഗ്രസ് നന്നെ ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു. ബിഹാറില്‍ ഇന്നലെ ബി.ജെ.പി.ക്കൊപ്പം നിന്നയാളാണ് ജനത യു വിനെയും ഗവണ്മെന്റിനെയും നയിക്കുന്ന നിതീഷ് കുമാര്‍. നരേന്ദ്ര മോദിക്ക് ബദല്‍ എന്നു ചിലരെല്ലാം ഉയര്‍ത്തിക്കാട്ടുന്ന ഇദ്ദേഹംപോലും നാളെ എവിടെ നില്‍ക്കുമെന്നു പറയാനാവില്ല.

ഇടതുപ്രസ്ഥാനങ്ങളെയും ഈ വെല്ലുവിളി അലോസരപ്പെടുത്തുന്നുണ്ട്. രണ്ടാം വട്ടവും ബംഗാള്‍ നഷ്ടപ്പെടുകയും സാങ്കേതികമായെങ്കിലും സി.പി.എം മൂന്നാം കക്ഷിയാവുകയും ചെയ്തതോടെ അല്പമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഇടതുശക്തികേന്ദ്രം കേരളം മാത്രമാണിപ്പോള്‍. ആരുമായും കൂട്ടുചേര്‍ന്നും എന്തുചെയ്തും കേരളത്തില്‍ സി.പി.എമ്മിനെ നേരിടും എന്ന നയം ബി.ജെ.പി. ഒട്ടും മറച്ചുവെച്ചുമില്ല.

സി.പി.എം എന്തു ചെയ്യും?

കേരളത്തില്‍ ബി.ജെ.പി.യെ എങ്ങനെയാണ് സി.പി.എം നേരിടാന്‍ പോകുന്നത്? ഇത്രയും കാലം ഭൗതികവാദ തത്ത്വചിന്തയും മതേതരത്വരാഷ്ട്രീയവും ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണ് സി.പി.എം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത് മതനിരപേക്ഷത മാത്രമല്ല, അത് മത ഇതരത്വം തന്നെയാണ്. അനുയായികളും അനുഭാവികളും വിശ്വാസം പുലര്‍ത്തുന്നതിലോ മതത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിലോ പാര്‍ട്ടി വിമുഖത കാട്ടാറില്ല. എന്നാല്‍, പാര്‍ട്ടിയംഗങ്ങള്‍ അമ്പലക്കമ്മിറ്റി ഭാരവാഹികളാകുന്നതും നാലാള്‍ കാണെ മതവിശ്വാസം പ്രകടിപ്പിക്കുന്നതും പാര്‍ട്ടി സഹിച്ചിരുന്നില്ല. പക്ഷേ, ഇനി മുന്നോട്ടുപോകാന്‍ ആ നയത്തില്‍ വെള്ളം ചേര്‍ക്കേണ്ടതുണ്ട് എന്നു തോന്നിത്തുടങ്ങിയതിന്റെ സൂചനകള്‍ പ്രകടമാണ്. കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചുപോന്ന മതേതരപ്രവര്‍ത്തനശൈലി ഉപേക്ഷിച്ച് മതാചാരങ്ങളിലും മതസംഘങ്ങളിലും പങ്കാളികളാകുകയാണ് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയാണ് പാര്‍ട്ടി.

എന്തിനുവേണ്ടി? അതാണ് ശരിയായ വഴി, ഇതുവരെ ചെയ്‌തെല്ലാം തെറ്റായിരുന്നു എന്ന് പാര്‍ട്ടി തിരിച്ചറിയുകയും തെറ്റുതിരുത്തുകയുമാണ് ചെയ്യുന്നതെങ്കില്‍ അതിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാവില്ല. തെറ്റുതിരുത്തുന്നത് തെറ്റല്ല. മുമ്പും പാര്‍ട്ടി തെറ്റു തിരുത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ ഈ തിരുത്ത് ഒരു തന്ത്രം മാത്രമാണ്. സംഘപരിവാര്‍ സംഘടനകള്‍ അമ്പലങ്ങളും മതസ്ഥാപനങ്ങളും ഉപയോഗിച്ച് ഹിന്ദുമത വിശ്വാസികളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. ഭൂരിപക്ഷം ഹിന്ദുക്കളും കേരളത്തില്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മില്‍ വിശ്വസിക്കുന്നവരാണ്. പക്ഷേ, ഭൂരിപക്ഷം ഹിന്ദുക്കളും മതവിശ്വാസികളുമാണ്. ഹിന്ദുക്കള്‍ക്കിടയിലെ ബി.ജെ.പി. സ്വാധീനം കുറക്കാനാണ് സി.പി.എം. ശ്രമം. അതുസാധിക്കാനാണ് പുതിയ തന്ത്രം. ഹിന്ദുവിരുദ്ധമാണ് സി.പി.എം. എന്ന പ്രചാരണം നേരിടാന്‍ പാര്‍ട്ടി കണ്ടെത്തിയ വഴി ഇതാണ്. മതപങ്കാളിത്തത്തില്‍ സംഘപരിവാറിനോട് മത്സരിക്കുക.

ഗവണ്മെന്റ് യോഗങ്ങളില്‍ നിലവിളക്ക് കൊളുത്തലും പ്രാര്‍ത്ഥനയും ആവശ്യമില്ല എന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപനം നടത്തി. ആവേശം കേറിയാല്‍ സുധാകരന്‍ അങ്ങനെ പലതും പറയും.  മറ്റൊരു മന്ത്രി തന്നെ അതിനു മറുപടി പറഞ്ഞു. വിപ്ലവവീര്യത്തില്‍ സുധാകരനേക്കാള്‍ മുന്നിലാണ് ഇ.പി.ജയരാജന്‍. മന്ത്രിസഭയില്‍ കണ്ണൂര്‍ ലൈനിന്റെ വക്താവ് അദ്ദേഹമാണ്. നിലവിളക്ക് കൊളുത്തുന്നത് നല്ല തുടക്കമായും ഐശ്വര്യമായും കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്. യോഗത്തില്‍ പങ്കെടുക്കുന്നവരെ ഉന്മേഷഭരിതരും സന്തോഷവാന്മാരുമാക്കാന്‍ പ്രാര്‍ഥനയക്ക് കഴിയുമെന്നും അദ്ദേഹം വാദിച്ചു.

നിലവിളക്കു കൊളുത്തുന്നതിനെ മതവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്്. ആദ്യമായി ഇതാ പ്രാര്‍ത്ഥനയെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നൊരു താത്വികാചാര്യന്‍ പറയുന്നു!  പാര്‍ട്ടിയില്‍നിന്ന് കൃത്യമായ നിര്‍ദ്ദേശം കിട്ടിയതുകൊണ്ടാവും മന്ത്രി ജി.സുധാകരനും ഫയല്‍ ക്ലോസ്സാക്കി. താന്‍ ദിവസവും നാലുവട്ടം നിലവിളക്ക് കൊളുത്തുന്നുണ്ടെന്നാണ് അദ്ദേഹം പിന്നെ പറഞ്ഞത്.

ആശയക്കുഴപ്പം

പാര്‍ട്ടി നയത്തിലെ ആശയക്കുഴപ്പം ഈ ചാഞ്ചാട്ടങ്ങളില്‍ പ്രകടമാണ്. ചെയ്യുന്നത് താത്വികമായി ശരിയല്ലെന്ന് മിക്കവര്‍ക്കും അറിയാം. പക്ഷേ, മറ്റവന്മാരെ നേരിടാന്‍ ഇതു ചെയ്‌തേ മതിയാവൂ എന്ന ബോധ്യവുമുണ്ട്്. ഇതൊരു ഊരാക്കുടുക്കാണ്. നാട്ടിലുടനീളം പാര്‍ട്ടിക്കാര്‍ ക്ഷേത്രച്ചടങ്ങുകള്‍ക്കും തെരുവുകളില്‍ നടക്കുന്ന മതഘോഷയാത്രകള്‍ക്കും നേതൃത്വം നല്‍കാന്‍ തുടങ്ങിയാല്‍ എന്താവും പാര്‍ട്ടിയെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം? കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഹിന്ദുത്വപാര്‍ട്ടികളായി എന്ന് ന്യൂനപക്ഷ മതവിശ്വാസികളും ധരിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ദോഷങ്ങള്‍ എത്രത്തോളമുണ്ടാകും? ആകപ്പാടെ ഈ പോക്ക് ഒരു ദൂഷിതവലയത്തിലേക്കാണ്് എന്നു മാത്രമേ ഇപ്പോള്‍ പറയാനാവൂ.

ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവുമൊക്കെ നടത്തുമെങ്കിലും പാര്‍ട്ടി ഹിന്ദുത്വവിരുദ്ധതയില്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്നു തെളിയിക്കുന്നതിനാവും ക്ഷേത്രവളപ്പില്‍ ആര്‍.എസ്.എസ്സുകാര്‍ പ്രവര്‍ത്തനം നടത്തുന്നത് തടയുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടി സിക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത്. ആര്‍.എസ്.എസ് ക്ഷേത്രവളപ്പുകള്‍ അവരുടെ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കേരളത്തിലെ ആദ്യ ആര്‍.എസ്.എസ്. ശാഖ തുടങ്ങിയ കാലത്തുതന്നെ ഇതു നടക്കുന്നുണ്ട്. 1967ലെ സി.പി.എം. നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കാലത്താണ് മലപ്പുറം ജില്ലാ രൂപവല്‍ക്കരണവിരുദ്ധ സമരവുമായി ആര്‍.എസ്.എസ്-ജനസംഘം കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കുന്നത്. അന്നാണ് മലബാറിലെ അനേകം ക്ഷേത്രപരിസരങ്ങളില്‍ ശാഖാപ്രവര്‍ത്തനം തുടങ്ങിയത്. അന്നു തൊട്ട് ഇന്നോളം ശാരീരികമായി തടയുന്നതുപോകട്ടെ, നിയമപരമായിപ്പോലും ശാഖാപ്രവര്‍ത്തനം ക്ഷേത്രമുറ്റത്ത് നടത്തുന്നതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. ഇത്രയും കാലം വെറുതെ നോക്കി നിന്നവരാണ് ഇനി തടയാന്‍ പോകുന്നത്!  പാര്‍ട്ടി സര്‍ക്കാറുണ്ടാക്കിയത് നിയമങ്ങള്‍ നടപ്പാക്കാനല്ല, നിയമം കയ്യിലെടുക്കാനാണ് എന്നാവും പാര്‍ട്ടി സിക്രട്ടറി വിശ്വസിക്കുന്നത്.

വര്‍ഗീയത അതിവേഗം വളരുന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് ഈ പ്രവണതയെ കൈകാര്യം ചെയ്യുക? വര്‍ഗീയവാദികള്‍ മതവിശ്വാസികളെ തങ്ങളുടെ ചിറകിലൊതുക്കുന്നത് തടയാനുള്ള എളുപ്പവഴി തങ്ങളും നല്ല മതവിശ്വാസികളാണ് എന്നു ബോധ്യപ്പെടുത്തലാണോ? വിശ്വാസികള്‍ക്ക് സൗകര്യവും സേവനവും ചെയ്യുന്നതിനെ ആരും ചോദ്യം ചെയ്യുകയില്ല. പക്ഷേ, മതേതര തത്ത്വശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മതവിശ്വാസിയുടെ വേഷം കെട്ടി ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അവര്‍ വര്‍ഗീയവാദികളെ അനുകരിക്കുകയാണ് ചെയ്യുന്നത്. സംഘപരിവാറിനെ അനുകരിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഉത്തരേന്ത്യന്‍ ഹിന്ദുത്വം

കേരളത്തിലെ ഹിന്ദുമതാചാരണത്തിന്  സവിശേഷമായ പരമ്പരാഗത സ്വഭാവങ്ങളുണ്ട്. തെരുവുകളിലെ ശ്രീകൃഷ്ണ ജയന്തിയാഘോഷവും ഗണേശോത്സവവും രാഖി കെട്ടലുമെല്ലാം ഉത്തരേന്ത്യന്‍ ആചാരങ്ങളാണ്. ക്ഷേത്രങ്ങളും കാവുകളും പോലും ഉത്തരേന്ത്യന്‍ സവര്‍ണ-ഹിന്ദുത്വരീതികളിലേക്ക് മാറ്റാനുള്ള യജ്ഞങ്ങളില്‍ എന്തിന് കേരളീയര്‍ പങ്കാളികളാകണം?

ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ കൂട്ടായി ഗണേശോത്സവം നടത്തുന്നുവെങ്കില്‍ അതിനര്‍ത്ഥം അവര്‍ ആര്‍.എസ്.എസ് വിട്ടിട്ടില്ല എന്നുതന്നെയാണ്. സി.പി.എമ്മുകാര്‍ കുട്ടികളെ വേഷം കെട്ടിച്ച് കൊടുംവെയിലില്‍ നടുനിരത്തില്‍ നടത്തിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ കമ്യൂണിസ്റ്റ് അല്ല എന്നുമാണ്. മനുഷ്യനെ മയക്കുന്ന മതം ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകാരെപ്പോലും മയക്കുന്നുവെങ്കില്‍ പിന്നെ സാധാരണക്കാരന്റെ കാര്യം പറഞ്ഞിട്ടെന്തുകാര്യം!
(Published in www.thenewsminute.com on 06.09.2016)

No comments:

Post a comment