Sunday, 27 November 2016

'ഇന്ദിരയുടെ അടിയന്തരം' പി. രാജനെ ജയിലിലാക്കി

അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റെ ലേഖകനായിരുന്നില്ല രാജന്‍. കോണ്‍ഗ്രസ് പത്രം എന്ന് അന്നും വിളിക്കപ്പെട്ടിരുന്ന മാതൃഭൂമിയുടെ കൊച്ചിയിലെ നിയമകാര്യ ലേഖകന്‍ ആയിരുന്ന രാജന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1975 ജൂലൈ 21നാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് ജൂണ്‍ 26നും. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് പി. രാജന്‍ എന്നു കരുതാം. എന്തായിരുന്നു രാജ്യരക്ഷയ്ക്ക് രാജന്‍ ഉയര്‍ത്തിയ ഭീഷണി ?
Pathrajeevitham
“വിലങ്ങ് വലതു കൈയില്‍തന്നെ ആയിക്കോട്ടെ. വലതുകൈ കൊണ്ടാണല്ലോ ലഘുലേഖയെഴുതിയത്”- പി. രാജന്‍ പൊലിസുകാരോടു പറഞ്ഞു. 
പി. രാജനെ മട്ടാഞ്ചേരിയിലെ സബ്ജയിലില്‍നിന്ന് എറണാകുളത്തെ വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്നു പൊലിസ്. രാജ്യരക്ഷാ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഇന്ത്യാചരിത്രത്തിലെ മറക്കാനാവാത്ത അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍.ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റെ ലേഖകനായിരുന്നില്ല രാജന്‍. കോണ്‍ഗ്രസ് പത്രം എന്ന് അന്നും വിളിക്കപ്പെട്ടിരുന്ന മാതൃഭൂമിയുടെ കൊച്ചിയിലെ നിയമകാര്യ ലേഖകനായിരുന്ന രാജന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1975 ജൂലൈ 21നാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് ജൂണ്‍ 26നും. പാര്‍ട്ടിനേതാക്കള്‍ കൂടിയായ
പി. രാജന്റെ അറസ്റ്റിനു കാരണമായ ലഘുലേഖ
പി. രാജന്റെ അറസ്റ്റിനു കാരണമായ ലഘുലേഖപത്രപ്രവര്‍ത്തകന്മാരെ മാറ്റിനിര്‍ത്തിയാല്‍, അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് പി. രാജന്‍ എന്നു കരുതാം. എന്തായിരുന്നു രാജ്യരക്ഷയ്ക്കു രാജന്‍ ഉയര്‍ത്തിയ ഭീഷണി? 
കേരള രാഷ്ട്രീയത്തില്‍ ഇന്ന് വിസ്മൃതമായിക്കഴിഞ്ഞ ഒരു രാഷ്ട്രീയാധ്യായം ഒന്നു തുറന്നുനോക്കേണ്ടിയിരിക്കുന്നു ആ കഥ പറയാന്‍. കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ എന്നൊരു പാര്‍ട്ടി കേരളത്തിലുണ്ടായിരുന്നു 1973-77 കാലത്ത്. 1967ലെ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ശക്തിയോടെ തലയുയര്‍ത്തിയ സോഷ്യലിസ്റ്റ് പക്ഷത്തിന്റെ തുടര്‍ച്ചയായിരുന്നു അതെന്നു ചുരുക്കിപ്പറയാം. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും സ്ഥാപകനേതാക്കളിലൊരാളായ എം.എ ജോണ്‍ ആയിരുന്നു ആ പ്രസ്ഥാനത്തിന്റെ നേതാവ്. എം.എ ജോണ്‍ നമ്മെ നയിക്കും എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസിലെ ഒരു തീവ്രവാദിസംഘമായി രംഗത്തുവന്ന കൂട്ടര്‍. രാജ്യത്തിന്റെ പരിവര്‍ത്തനം കോണ്‍ഗ്രസിലൂടെ എന്നായിരുന്നു ആദ്യകാല മുദ്രാവാക്യമെങ്കിലും വേഗം അവര്‍ കോണ്‍ഗ്രസിനു പുറത്തായി. കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ എന്ന അനൗപചാരിക സംഘം വൈകാതെ ഒരു പാര്‍ട്ടി തന്നെയായി. അവര്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകള്‍ സ്വീകരിക്കുകയും അന്നത്തെ സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷമുന്നണിയിലെത്തുകയും ചെയ്തിരുന്നു.

അടിയന്തരാവസ്ഥ
അങ്ങനെയിരിക്കെ ആണ്് അലഹാബാദ് കോടതി ഒരു തെരഞ്ഞെടുപ്പ് കേസില്‍ ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയതും ഇന്ദിരയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം വന്‍ കോലാഹലം സൃഷ്ടിച്ചതും. തന്റെ നില അപകടത്തിലാണെന്ന തോന്നലുണ്ടായപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് പ്രതിപക്ഷനേതാക്കള്‍ തുരുതുരാ അറസ്റ്റ് ചെയ്യപ്പെട്ടു. പത്രങ്ങള്‍ക്കു മേല്‍ സെന്‍സറിങ്ങ് ഏര്‍പ്പെടുത്തി.
ഡല്‍ഹിയില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രണ്ടുപേര്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു-ഒരാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസംഘം കൂടിയായിരുന്ന, പില്‍ക്കാലത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ആയ ചന്ദ്രശേഖറും മറ്റെയാള്‍ പല ഗവണ്‍മെന്റുകളില്‍ മന്ത്രിയായിരുന്ന മോഹന്‍ ധാരിയയും. രണ്ടുപേരും കേരളത്തിലെ പരിവര്‍ത്തനവാദി പ്രസ്ഥാനവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.
എം.എ ജോണ്‍

 ജയപ്രകാശ് നാരായണ്‍ അഴിമതിക്കെതിരേ നടത്തിയ രാജ്യവ്യാപക പ്രക്ഷോഭത്തോട് അനുഭാവവും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഇന്ദിര സ്വീകരിച്ച നടപടികളോട് എതിര്‍പ്പും ഉണ്ടായിരുന്നവര്‍ എന്ന ആശയപ്പൊരുത്തവും ഇവര്‍ക്കുണ്ടായിരുന്നു.
പരിവര്‍ത്തനവാദികള്‍ക്ക് അക്കാലത്ത് ‘നിര്‍ണയം’ എന്ന പേരിലൊരു വാരിക ഉണ്ടായിരുന്നു. ഒരു ലക്കം അച്ചടിക്കാന്‍ തയാറായിക്കൊണ്ടിരിക്കെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇടിവെട്ടിയതുപോലെ സംഭവിക്കുന്നത്. അടിയന്തരാവസ്ഥയെക്കുറിച്ച് യാതൊന്നും എഴുതാതെ എങ്ങനെ വാരിക ഇറക്കും എന്ന ചിന്തയും അടിയന്തരാവസ്ഥയെ എതിര്‍ത്തെഴുതിയാല്‍ അത് കണ്ടുകെട്ടപ്പെടില്ലേ എന്ന ചിന്തയുമെല്ലാം ആശയക്കുഴപ്പമുണ്ടാക്കി. രണ്ടഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. ഒടുവില്‍, തീരുമാനമായി. വാരികയുടെ മുഖപേജില്‍ നിന്ന് നിര്‍ണയം എന്ന പേരെടുത്തുകളയുക. ആദ്യപേജില്‍ ഇന്ദിരയുടെ അടിയന്തരം എന്ന പേരില്‍ ഒരു ലേഖനം ചേര്‍ത്ത് വാരിക ഒരു ലഘുലേഖയായി പുറത്തിറക്കുക. അത് ഇറങ്ങുകയും ചെയ്തു.

ഇന്ദിരയുടെ അടിയന്തരം

പി. രാജന്‍
പി. രാജന്‍
മാതൃഭൂമിയില്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായിരുന്നുവെങ്കിലും നിര്‍ണയത്തിലെ സ്ഥിരം എഴുത്തുകാരനായിരുന്നു പി. രാജന്‍. അടിയന്തരം എന്നാല്‍ ചാവടിയന്തരം എന്നുകൂടി അര്‍ഥമുള്ളപ്പോള്‍ ഇന്ദിരയുടെ അടിയന്തരം എന്ന പേരില്‍ ഒരു ലഘുലേഖ ഇറക്കിയാല്‍ എന്താവും ഗതി എന്ന് അറിയാത്തവരല്ലല്ലോ പരിവര്‍ത്തനവാദികള്‍.
കോണ്‍ഗ്രസില്‍ അന്നുമുണ്ട് രണ്ടു പക്ഷം. കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും പക്ഷങ്ങള്‍. ഇന്ദിരാഗാന്ധിയോടുള്ള അടുപ്പം തെളിയിക്കാന്‍ മത്സരിക്കുകയായിരുന്നു ഇരുകൂട്ടരും. ആഭ്യന്തരമന്ത്രിയായ കെ. കരുണാകരനെ അടിക്കാനുള്ള വടിയായി അവര്‍ ലഘുലേഖ ഉപയോഗപ്പെടുത്തി. കെ.പി.സി.സിയുടെ യോഗത്തില്‍ പരിവര്‍ത്തനവാദികളുടെ ലഘുലേഖ ഉയര്‍ത്തിക്കാട്ടി, ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ എന്ന ചോദ്യം എ ഗ്രൂപ്പുകാര്‍ ആഭ്യന്തരമന്ത്രിക്കു നേരെ തൊടുത്തപ്പോള്‍ സംഗതി ഉറപ്പായി- അറസ്റ്റ് വൈകില്ല. 

ആ കെ.പി.സി.സി യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാതൃഭൂമി നിയോഗിച്ചിരുന്നത് പി. രാജനെ ആയിരുന്നു എന്നത് യാദൃച്ഛികം. ലഘുലേഖ ഉയര്‍ത്തിക്കാട്ടി ചോദ്യമുന്നയിക്കപ്പെട്ടപ്പോള്‍ത്തന്നെ കരുണാകരന്‍ പി. രാജനെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. പൊലിസ് അപ്പോള്‍തന്നെ നടപടി തുടങ്ങി. കെ.പി.സി.സി യോഗത്തിന്റെ റിപ്പോര്‍ട്ട് എഴുതാന്‍ ഓഫിസിലേക്കു വരുമ്പോള്‍തന്നെ രാജനു അറസ്റ്റ് ഉറപ്പായിരുന്നു. ഒന്ന് സ്റ്റേഷന്‍ വരെ വരണം എന്ന് സി.ഐ വിളിച്ചുപറഞ്ഞു. സി.ഐ അന്നു പറഞ്ഞ വാചകം രാജന്‍ ഇന്നും ഓര്‍ക്കുന്നു.’ഇംപ്ലിക്കേറ്റ് ചെയ്താല്‍ ഡീറ്റെയിന്‍ ചെയ്യേണ്ടി വരും’. അര്‍ഥം ഇത്രയേ ഉള്ളൂ-തന്നെ ജയിലിലാക്കും. 
നിര്‍ണയം’ വാരിക 

രാജന്റെ കൈയക്ഷരത്തിലുള്ള വിവാദലേഖനം പ്രസ്സില്‍ നിന്നു കണ്ടെത്തിയതുകൊണ്ട് പൊലിസിനു വളരെയൊന്നും പ്രയത്‌നിക്കേണ്ടി വന്നില്ല. നിര്‍ണയം പത്രാധിപര്‍ എം.എ ജോണ്‍, സംസ്ഥാനതല നേതാക്കളായ വൈസ് പ്രസിഡന്റ് അഡ്വ. വി. രാമചന്ദ്രന്‍, പാര്‍ട്ടി സെക്രട്ടറി പി.ടി ദേവസ്സിക്കുട്ടി, ഓഫിസ് ജീവനക്കാരനായ ശങ്കരന്‍ തുടങ്ങിയവര്‍ കേസില്‍ പ്രതികളായെങ്കിലും എം.എ ജോണ്‍ ഒഴികെ എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്തു. ജോണ്‍ കുറേനാള്‍ ഒളിവില്‍പോയി. മൂന്നുമാസത്തിനു ശേഷം പുറത്തുവന്ന് എറണാകുളം പ്രസ് ക്ലബില്‍ ഗാന്ധിജയന്തിനാളില്‍ പ്രസംഗിക്കാന്‍ എത്തിയ ജോണും അറസ്റ്റിലായി. അതിനിടെ പി. രാജനും മറ്റുള്ളവരും ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. പിന്നീട് കോടതി പ്രതികളെയെല്ലാം വെറുതെ വിടുകയാണ് ചെയ്തത്.

അങ്ങനെ ഒരു രഹസ്യം

ഈ അറസ്റ്റിനും ജയില്‍വാസത്തിനുമിടയില്‍ അക്കാലത്ത് അധികമാരും അറിയാതിരുന്ന ഒരു രാഷ്ട്രീയകുസൃതി കൂടി ഉണ്ടായിരുന്നത് പി. രാജന്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി. പരിവര്‍ത്തനവാദികള്‍ക്കു കെ. കരുണാകരനോടുള്ളതിലേറെ എതിര്‍പ്പും ശത്രുതയും എ.കെ ആന്റണിയോടായിരുന്നല്ലോ. ആന്റണി അടിയന്തരാവസ്ഥയ്ക്ക് എതിരാണെന്ന ഒരു കഥ പ്രചരിപ്പിച്ചാല്‍ ഇന്ദിരാഗാന്ധി ആന്റണിയുടെ കഥ കഴിക്കും എന്ന വ്യാമോഹത്തോടെയാണ് കഥയുണ്ടാക്കിയത്. താന്‍ അടിയന്തരാവസ്ഥക്കെതിരാണെന്നും അതിനെതിരായ നീക്കങ്ങളെ സഹായിക്കാമെന്നും ആന്റണി തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തുന്ന ഒരു സര്‍ക്കുലര്‍ പരിവര്‍ത്തനവാദികളുടെ സംസ്ഥാനനേതൃത്വം അണികള്‍ക്കയച്ചതായി തെളിവുണ്ടാക്കി. 

പരിവര്‍ത്തനവാദികളുടെ ഓഫിസ് റെയ്ഡ് ചെയ്ത പൊലിസിന് എളുപ്പം കിട്ടുന്ന രീതിയില്‍ ‘ഇല്ലാത്ത’ സര്‍ക്കുലര്‍ മേശപ്പുറത്ത് വച്ചിരുന്നു. ആന്റണിക്കല്ല, കേന്ദ്ര രഹസ്യപ്പൊലിസിനാണ്് അതുകൊണ്ട് പൊല്ലാപ്പുണ്ടായത്. ആ കഥ, എറണാകുളം പ്രണത ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ 1975 അടിയന്തരാവസ്ഥയുടെ ഓര്‍മപുസ്തകം എന്ന ലേഖനസമാഹാരത്തിലെ രഹസ്യം ഇനി വെളിപ്പെടുത്താതെ വയ്യ എന്ന ലേഖനത്തില്‍ പി. രാജന്‍തന്നെ വിവരിക്കുന്നുണ്ട്.
ശക്തരായ എതിരാളികളെ ദുര്‍ബലമാക്കാന്‍ ഉപയോഗിച്ച ചാണക്യതന്ത്രമായിരുന്നു അതെന്ന് പി. രാജന്‍ ന്യായീകരിക്കുന്നുണ്ട്. പക്ഷേ, ആന്റണിക്ക് ഇതുകൊണ്ടൊന്നും ഒരു പ്രശ്‌നവുമുണ്ടായില്ല. എന്നു മാത്രമല്ല, ആന്റണി തുടക്കത്തിലേ അടിയന്തരാവസ്ഥയ്ക്ക്് എതിരായിരുന്നു എന്നു പലരെയും വിശ്വസിപ്പിക്കാനും അതുവഴി അദ്ദേഹത്തിന്റെ യശസ്സുയര്‍ത്താനുമാണതു സഹായിച്ചത്.

പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് ഇരുപത്തെട്ടു വര്‍ഷമായെങ്കിലും നിയമപോരാട്ടങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല രാജന്‍. എറണാകുളം പാലാരിവട്ടത്ത് ‘സന്ധി’യിലാണ് താമസം. എണ്‍പതു പിന്നിട്ടെങ്കിലും നിലപാടുകളിലൊന്നും സന്ധിയില്ല
Published in Suprabhaathan Sunday edition on 27 Nov. 2016
.

Thursday, 24 November 2016

കെ.ജയചന്ദ്രന്റെ കാലവും കാലശേഷവും


വയനാട്ടില്‍ ഒരു പത്രപ്രവര്‍ത്തന ശില്പശാലയില്‍ സംസാരിക്കവേ സ്വാഭാവികമായും കെ.ജയചന്ദ്രനെ ഓര്‍മവന്നു. ജയചന്ദ്രന്റെ കാലത്തെ ഇടപെടലുകള്‍ കൊണ്ടോ അതിനു ശേഷമുള്ള വികസനനയങ്ങള്‍ കൊണ്ടോ വയനാട്ടിലെ ആദിവാസികളുടെ അവസ്ഥ മെച്ചപ്പെട്ടുവോ?  ആദിവാസിപ്രശ്‌നങ്ങളില്‍ ഇന്നു മാധ്യമങ്ങള്‍ എത്രത്തോളം ഇടപെടുന്നുണ്ട്? ചോദ്യത്തിന് ചില പത്രപ്രവര്‍ത്തകരില്‍ നിന്നും അപ്രതീക്ഷിതമായ പ്രതികരണമാണ് ഉണ്ടായത്. ജയചന്ദ്രന്‍ ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ എപ്പോഴും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ അര്‍ത്ഥം ഇപ്പോഴത്തെ പത്രപ്രവര്‍ത്തകര്‍ ഒന്നും ചെയ്യുന്നില്ല എന്ന കുറ്റപ്പെടുത്തലല്ലേ?

ജയചന്ദ്രന്റെ പത്രപ്രവര്‍ത്തനത്തെ ഓര്‍ക്കുന്നത് അതിനു ശേഷമുള്ളവരില്‍ എടുത്തുപറയത്തക്ക ആരും ഇല്ലാത്തതുകൊണ്ടല്ല. അതിനു മുമ്പും അതിനു ശേഷവും ആദിവാസികളെക്കുറിച്ചും അനീതികള്‍ക്കെതിരെയും പത്രപ്രവര്‍ത്തകര്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതുന്നുമുണ്ട്. പക്ഷേ, തീര്‍ച്ചയായും ജയചന്ദ്രന് ഉണ്ടാക്കാന്‍ കഴിഞ്ഞ പ്രതികരണം മറ്റാര്‍ക്കും ഉണ്ടാക്കാനായിട്ടില്ല എന്നതൊരു സത്യമാണ്. അതു പത്രപ്രവര്‍ത്തകന്റെ കുറ്റമല്ല. ആദ്യമായി ഒരാള്‍ ആദിവാസി ജീവിതത്തിന്റെ ദുരിതങ്ങള്‍ എഴുതി എന്നതു മാത്രമാണോ ജയചന്ദ്രന് പ്രത്യേക ശ്രദ്ധ കിട്ടാന്‍ കാരണം? അതും സത്യമല്ല. ആദ്യമായോ അവസാനമായോ അല്ല ജയചന്ദ്രന്‍ വരുന്നത്. ജയചന്ദ്രനു മുമ്പും പലരെഴുതിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസി ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ജയചന്ദ്രനു ശേഷവും വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി പ്രശ്‌നങ്ങളെക്കുറിച്ച് വാര്‍ത്താപരമ്പരകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്്്്്്.

ജയചന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടതും ഓര്‍മിക്കപ്പെടുന്നതും ഒരേയൊരു കാരണം കൊണ്ടാണ് എന്നു തോന്നുന്നു. ആദിവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ, നഗരത്തിന്റെ, വികസനത്തിന്റെ, സമ്പത്തിന്റെ, അതിരുകളിലും എതിരുകളിലും കിടന്ന മനുഷ്യരോടു ജയചന്ദ്രന്‍ കാണിച്ച സ്‌നേഹവും അടുപ്പവും തന്നെയാണത്. അത്തരക്കാരോടുള്ള പ്രതിജ്ഞാബദ്ധതയില്‍ ജയചന്ദ്രന്‍ ആദ്യാവസാനം വെള്ളം ചേര്‍ത്തില്ല. നമുക്കെല്ലാം മറ്റു പല വാര്‍ത്താതാല്പര്യങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും വരുന്നതാണ് മനുഷ്യത്വവും കരുണയുമെല്ലാം. ജയചന്ദ്രന് അതായിരുന്നു മാധ്യമപ്രവര്‍ത്തനം.

മാധ്യമപ്രവര്‍ത്തനത്തിനു കുറെ പരിമിതികളുണ്ട്. വായനാസുഖമുള്ള വാര്‍ത്തകള്‍ പോലും പലവട്ടം ആവര്‍ത്തിക്കാനാവില്ല. ഒന്നുതന്നെ എഴുതി വിരസത സൃഷ്ടിക്കുന്നു എന്നാവും പരാതി. ആദിവാസി ചൂഷണത്തെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചും മാത്രമല്ല പട്ടിണി മരണത്തെക്കുറിച്ചുപോലും എപ്പോഴും എഴുതിക്കൊണ്ടിരിക്കാനാവില്ല. ജയചന്ദ്രന്‍ വയനാട്ടില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അതുപോലെ എഴുതിക്കൊണ്ടേ ഇരിക്കുമായിരുന്നോ എന്ന ചോദ്യമുണ്ട്. എഴുതിക്കൊണ്ടേ ഇരിക്കേണ്ടി വരുന്നു എങ്കില്‍ അതിനര്‍ത്ഥം എഴുത്തുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാകുന്നില്ല എന്നുകൂടിയാണ്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് മാധ്യമത്തിന്റെ ഉത്തരവാദിത്തം. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ വേണം  പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ കണ്ടെത്താനും നടപ്പാക്കാനും. ഈ സംവിധാനങ്ങള്‍ അമ്പേ പരാജയപ്പെടുന്നു എന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ എന്നതിലേറെ പൊതുസമൂഹത്തിന്റെതന്നെ പരാജയമായേ കാണാനൊക്കു.

ഈ കാലമെല്ലാം കഴിഞ്ഞിട്ടും ആദിവാസികള്‍ പൊതുസമൂഹത്തിന്റെ ഭാഗമേ ആയിട്ടില്ല എന്നതുകൂടി കാണേണ്ടതുണ്ട്്. മുകളില്‍ സൂചിപ്പിച്ച മാധ്യമ വര്‍ക്ക്‌ഷോപ്പിനു വേണ്ടി വയനാട്ടില്‍ പോയപ്പോള്‍ മലയാള പത്രങ്ങളുടെ ചരമപ്പേജുകള്‍ ഓടിച്ചൊന്നു നോക്കി. എത്ര ആദിവാസികളുടെ മരണം ആ ദിവസം വാര്‍ത്തയായി വന്നിട്ടുണ്ടെന്നറിയുക മാത്രമായിരുന്നു ഉദ്ദേശ്യം. ഇല്ല, ഞാന്‍ നോക്കിയ ദിവസം മാത്രമല്ല, തൊട്ടുപിറകിലെ ദിവസങ്ങളിലും ഒരു ആദിവാസിയുടെയും മരണം ചരമക്കോളത്തിലില്ല. നാട്ടില്‍ ആരുമരിച്ചാലും വാര്‍ത്തയാവുന്നു. ആദിവാസിയുടെ ചരമം പട്ടിണി കൊണ്ടോ റോഡപകടത്തിലോ മണ്ണിടിഞ്ഞോ അല്ലെങ്കില്‍ വാര്‍ത്തയാവില്ല. വാര്‍ത്തയാക്കേണ്ട എന്നു മാധ്യമങ്ങള്‍ തീരുമാനിക്കുന്നതല്ല. വാര്‍ത്തയുമായി ആരും ബു്യൂറോകളില്‍ എത്തുകപോലുമില്ല.

വയനാട് ജനസംഖ്യയുടെ പതിനെട്ടു ശതമാനംവരും ആദിവാസികള്‍ എന്നാണ് കണക്ക്. ഇതില്‍ അറുപത്തഞ്ചു ശതമാനം സാക്ഷരരാണെന്നും കണക്കുണ്ട്. എന്നിട്ടും ആദിവാസിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ത്തയാകാത്തത് എന്തുകൊണ്ട് എന്നതും ആലോചിക്കേണ്ട വിഷയമാണ്. ആദിവാസികള്‍ മുന്നോട്ടു പോയിട്ടില്ല, അവരെ മുന്നോട്ടുകൊണ്ടുവരാന്‍ ശ്രമിച്ചു എന്നു പറയുന്ന മാധ്യമങ്ങളും മുന്നോട്ടുപോയിട്ടില്ല. പാര്‍ശ്വവല്‍കൃതര്‍ക്കും ഭാവിയുണ്ടെന്നും അവര്‍ ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ വായനക്കാരാവുമെന്നുമുള്ള കച്ചവടചിന്തയെങ്കിലും മാധ്യമങ്ങള്‍ക്കില്ലാതെ പോവരുതല്ലോ.

മാധ്യമപ്രവര്‍ത്തകര്‍ വല്ലപ്പോഴും മാത്രം കൗതുക ഫീച്ചറുകളും പഞ്ചവത്സര പദ്ധതി വികസനവും എഴുതാന്‍ മാത്രം ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചുപോന്ന കാലത്താണ് കെ.പാനൂര്‍ എന്നൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വയനാട്ടിലെ ആദിവാസികളെക്കുറിച്ചു പഠിച്ച് കേരളത്തിലെ ആഫിക്ക എന്ന പുസ്തകം എഴുതിയത്. ആദിവാസികളുടെ വിചിത്രാചാരങ്ങളും മറ്റു കൗതുകങ്ങളും മാത്രമല്ല അവരുടെ ദയനീയ ജീവിതവും പാനൂര്‍ വിഷയമാക്കി. കൊടിയ അന്ധവിശ്വാസവും ചൂഷണവും പീഡനവും, അപ്പോഴും തുടര്‍ന്നു പോന്ന അടിമപ്പണിയും വിവരിക്കുന്ന ആ പുസ്തകം ആദ്യം ഉണ്ടാക്കിയ പ്രതികരണത്തെക്കുറിച്ച് ഇന്നു കേള്‍ക്കുമ്പോള്‍ അമ്പരപ്പു തോന്നാം. സ്വാതന്ത്ര്യം കിട്ടി പതിനാറുകൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും അടിമപ്പണി തുടരുന്നു എന്നെഴുതിയത് രാജ്യദ്രോഹമാണെന്നും രാജ്യദ്രോഹക്കുറ്റത്തിനു കെ.പാനൂരിന്റെ പേരില്‍ നടപടിയെടുക്കുമെന്നും പുസ്തകം കണ്ടുകെട്ടുമെന്നും നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യം പുസ്തകത്തിന്റെ രണ്ടാം പതിപ്പില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 1963ലാണ് സംഭവം. ഇന്ന് അങ്ങനെ സംഭവിക്കില്ല. ഇക്കാര്യത്തിലെങ്കിലും നമ്മള്‍ പുരോഗമിച്ചിട്ടുണ്ടെന്നു ആശ്വസിക്കാം! പാനൂരിനെതിരെ നടപടിയുണ്ടായില്ല എന്നു മാത്രമല്ല, അദ്ദേഹത്തെ പിന്നീട് വയനാട്ടിലെ ടൈബല്‍ പ്രോജക്റ്റ് ഓഫീസറായി നിയമിക്കുകയും ചെയ്തു.

അദ്ദേഹം രേഖപ്പെടുത്തിയ ഒരു കാര്യം, വെറുതെ കൗതുകംകൊണ്ട് ഇവിടെ ചേര്‍ക്കുന്നു. 'ഹൃദയാലുക്കള്‍ കുറച്ചു ശ്രദ്ധിച്ചാല്‍ വളരെവേഗം അഭിവൃദ്ധിപ്പെടുത്താവുന്ന ഒരു ജനതയാണ് അടിയര്‍' എന്നദ്ദേഹം എഴുതിയിട്ടുണ്ട്്. തന്റെ പ്രതീക്ഷയെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ അടിയരുടെ നാട്ടുമൂപ്പനോടു അഭിപ്രായം ചോദിച്ചു. മറുപടി പറയാന്‍ മൂപ്പന്‍ ദൈവങ്ങളെ വിളിച്ചൊന്നാടി. ദൈവം ഉറഞ്ഞുതുള്ളി. അടിയരെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമം വിജയിക്കുമോ എന്ന ചോദ്യം കേട്ട് ദൈവം അല്പനേരം മൗനം പൂണ്ടു. അതിനുശേഷം, ഒരു ദൈവിക പരീക്ഷണത്തിലേര്‍പ്പെട്ടു. ഒറ്റവെട്ടു കൊണ്ട് ഒരു തേങ്ങ ഉടച്ചു. ' തേങ്ങാമുറികള്‍ കമിഴ്ന്നു വീണതുകണ്ടില്ലേ, വിജയിക്കും' എന്നായിരുന്നു ദൈവത്തിന്റെ ഘനഗംഭീര പ്രഖ്യാപനം.

ദൈവാഗ്രഹവും ഫലവത്തായില്ലെന്നു മാത്രം!

ജയചന്ദ്രന്റെ വയനാട് ജീവിതം അവസാനിക്കുന്ന 1984-85 കാലത്ത് ഞാന്‍ പാലക്കാട്ട് മാതൃഭൂമിയുടെ ലേഖകനായിരുന്നു. പാലക്കാടുണ്ടായിരുന്ന രണ്ടു വര്‍ഷത്തിനിടയില്‍ പലവട്ടം അട്ടപ്പാടിയില്‍ പോയി ആദിവാസി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട്ടിലായാലും അട്ടപ്പാടിയിലായാലും ആദിവാസിക്ഷേമത്തിന്റെയും ദുരിതത്തിന്റെയും അവസ്ഥ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളിലൂടെ അവതരിപ്പിക്കുക പ്രയാസമായിരുന്നു. നേരില്‍ കണ്ട സത്യങ്ങളാണ് പത്രപ്രവര്‍ത്തകര്‍ എഴുതിയിരുന്നത്. മൂന്നു പതിറ്റാണ്ടു കൊണ്ടു സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടോ? ഇതിന്റെ ഉത്തരവും ശാസ്ത്രീയ പഠനത്തിലൂടെയേ കണ്ടെത്താവാവൂ. ശിശുമരണ നിരക്ക് ഉയരുന്നതിനെക്കുറിച്ച് അന്നു ചര്‍ച്ച കേട്ടിട്ടില്ല. 2015 ആദ്യം കേരളത്തിലുയര്‍ന്നുവന്ന ഒരു ചര്‍ച്ച അട്ടപ്പാടിയില്‍ നിരന്തരം ഉണ്ടാകുന്ന ശിശുമരണത്തെക്കുറിച്ചായിരുന്നു.

സ്ഥിതിഗതികള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പത്രപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ വെളിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ സ്ഥിതി സോമാലിയയിലേതിനേക്കാള്‍ മോശമാണ് എന്നു ആക്ഷേപിച്ചപ്പോള്‍ രോഷാകുലമായ പ്രതികരണങ്ങള്‍ ഉണ്ടായി. പക്ഷേ, കേരളത്തിലെ സോമാലിയ ആയിരിക്കുന്നു അട്ടപ്പാടി എന്ന് പ്രധാനമന്ത്രി പറയുന്നതിനു മുമ്പുതന്നെ പത്രപ്രവര്‍ത്തകരുള്‍പ്പെടെ പലരും പറഞ്ഞിട്ടുണ്ട്. കേരളത്തേക്കാള്‍ മോശം ശിശുമരണനിരക്കുള്ള ഗുജറാത്ത് ദീര്‍ഘകാലം ഭരിച്ച ആള്‍ അതു പറയുന്നതേ പ്രശ്‌നമായിരുന്നുള്ളൂ. പക്ഷേ, അട്ടപ്പാടിയിലെ മോശമായി വരുന്ന അവസ്ഥയെക്കുറിച്ച് പല അന്വേഷണറിപ്പോര്‍ട്ടുകളും അപ്പോള്‍തന്നെ ലഭ്യമായിരുന്നു.

കിലയുടെ ഒരു പഠനറിപ്പോര്‍ട്ട് പ്രകാരം 48 ശതമാനം ആദിവാസികുടുംബങ്ങളും ദരിദ്രരാണ്. കോട്ടത്തറയില്‍ ഒരു ആരോഗ്യക്യാമ്പില്‍ പങ്കെടുത്ത ആദിവാസികളില്‍ 78 ശതമാനം കുഞ്ഞുങ്ങള്‍ ഭാരക്കുറവുള്ളവരും 77 ശതമാനം വളര്‍ച്ച മുരടിച്ചവരും ആയിരുന്നു. 85 ശതമാനം സ്്ത്രീകളും രക്തക്കുറവു മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അട്ടപ്പാടി ശിശുമരണനിരക്ക് മൂന്നു വര്‍ഷത്തിനിടെ 120 ആയി ഉയര്‍ന്നു എന്നാണ് അനൗദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്. കേരളത്തിന്റെ പൊതുശിശുമരണനിരക്ക് പന്ത്രണ്ടും ദേശീയ ശരാശരി നാല്പതുമാണ്. 41 ആണ് ഗുജറാത്തിലേത്. ഇരുപത്തഞ്ചും മുപ്പതും മാത്രം കിലോഗ്രാം തൂക്കമുള്ള അമ്മമാര്‍ അര കിലോ മാത്രം തൂക്കമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതായി ശിശുമരണത്തെക്കുറിച്ചുള്ള അന്വേഷണപരമ്പരയില്‍  രാഷ്ട്രദീപിക ലേഖകന്‍ റെജി ജോസഫ് ചൂണ്ടിക്കാട്ടി. ഇതൊരു ജനതയുടെ വംശനാശത്തിന്റെ സൂചനയാണ്. പക്ഷേ, ഒറ്റപ്പെട്ട പ്രതികരണങ്ങളേ നമ്മുടെ മാധ്യമങ്ങളില്‍ നിന്നുണ്ടായുള്ളൂ. അധികം പത്രങ്ങളോ ടെലിവിഷന്‍ ചാനലുകളോ ഇതന്വേഷിക്കാന്‍ പ്രത്യേകമായ ശ്രമമൊന്നും നടത്തിയില്ല. പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദമായിട്ടുപോലും അതിലെന്തെങ്കിലും ശരിയുണ്ടോ എന്ന് അന്വേഷിക്കാന്‍ ദേശീയപത്രങ്ങളും മുതിര്‍ന്നില്ല.

ദേശീയമാധ്യമങ്ങളെക്കുറിച്ച് പി.സായ്‌നാഥ് പറയാറുള്ളത് മെല്ലെ കേരള മാധ്യമങ്ങള്‍ക്കും ബാധകമായി വരുന്നു എന്നതാണ് കെ.ജയചന്ദ്രന്റെ ശേഷകാലത്ത് സംഭവിച്ച ഒരു മാറ്റം. കര്‍ഷക ആത്മഹത്യയും കൊടുംവരള്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യാന്‍ ലേഖകരെ അയക്കാന്‍ കൂട്ടാക്കാത്ത മാധ്യമങ്ങള്‍ സൗന്ദര്യമത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയ സംഘങ്ങളെത്തന്നെ അയക്കും. ആദിവാസികളെക്കുറിച്ച് എഴുതാന്‍ അന്നത്തെ പത്രാധിപന്മാര്‍ ജയചന്ദ്രനെ പ്രോത്സാഹിപ്പിച്ചിരുന്നു.  മതി ആദിവാസിക്കഥ, എത്രയാണിത് എഴുതിക്കൂട്ടുന്നത്... എന്നൊരു ന്യൂസ് എഡിറ്ററും പറഞ്ഞില്ല. വിംസി എന്ന വി.എം.ബാലചന്ദ്രന്‍ ആയിരുന്നില്ല ജയചന്ദ്രന്റെ ന്യുസ് എഡിറ്റര്‍ എങ്കില്‍ ഒരു പക്ഷേ അങ്ങനെ സംഭവിച്ചേനെ. എഡിറ്റോറിയല്‍ നയങ്ങളുടെ രൂപവല്‍ക്കരണം കമ്പനിയുടെ മുകള്‍ത്തട്ടുകളില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയും അന്നുണ്ടായിരുന്നില്ലല്ലോ. ഇന്ന് ഒരു ലേഖകനും നിരന്തരമായി ഒരു വിഷയത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കാനാവില്ല. ആവശ്യത്തിന് ലേഖകന്മാര്‍ ഒരു പത്രത്തിനുമില്ല. ഇനി വല്ലതും എഴുതിയാല്‍ത്തന്നെ അവ പ്രാദേശികപേജുകളില്‍ ഒതുക്കപ്പെടുക തന്നെ ചെയ്യും.

പത്രപ്രവര്‍ത്തനം നല്ലൊരു ജീവിതമാര്‍ഗമാണ് എന്ന ധാരണയോടെ കടന്നുവന്ന ആളായിരുന്നില്ല ജയചന്ദ്രന്‍. തീര്‍ച്ചയായും ഉപജീവനമാര്‍ഗം അദ്ദേഹത്തിനും അത്യാവശ്യംതന്നെയായിരുന്നു.  പഠനത്തിനിടയിലും പഠനശേഷവും ജയചന്ദ്രന്‍ ചെറിയ ജോലികളില്‍  വരുമാനമാര്‍ഗം കണ്ടെത്തിയിരുന്നു. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജേണലിസം കോഴ്‌സ് കഴിഞ്ഞ ശേഷവും പ്രയാസപ്പെട്ടു മത്സരപരീക്ഷയെഴുതി എവിടെയെങ്കിലും ജോലിസ്ഥിരതയും വേജ്‌ബോര്‍ഡ് നിരക്കില്‍ ശമ്പളവുമുള്ള ജോലി നേടാന്‍ ജയചന്ദ്രന്‍ ശ്രമിച്ചതേയില്ല. ഇങ്ങനെ പാര്‍ട്ട് ടൈം ശമ്പളവും ഫുള്‍ടൈം അധ്വാനവുമുള്ള ജോലി സ്വയംസ്വീകരിച്ച് അതിനു മുകളില്‍ പോകാന്‍ താല്പര്യംപോലും പ്രകടിപ്പിക്കാതിരുന്ന അധികം പേരെ ജയചന്ദ്രനു ശേഷമുള്ള തലമുറയില്‍ കാണുകയില്ല. സക്കറിയ എഴുതിയതുപോലെ യാതൊരു ന്യായീകരണവുമില്ലാത്തതാണല്ലോ അദ്ദേഹം അദ്ദേഹത്തോടു ചെയ്തുപോന്ന കാര്യങ്ങള്‍. മനുഷ്യത്വവും നീതിയും എന്തിന്റെയും ഉരക്കല്ലാക്കിയുള്ളതായി ആ ജീവിതം.


ജയചന്ദ്രനെപ്പോലെ മനുഷ്യത്വം മുഖ്യപ്രേരകശക്തിയാക്കി പത്രപ്രവര്‍ത്തനം നടത്തുന്ന ആളുകള്‍ ഇക്കാലത്തില്ല എന്നു പലരും പറയാറുണ്ട്. ഇതൊരു തലമുറയുടെ കുറ്റമാണെന്നൊന്നും കരുതിക്കൂടാ. മൂല്യബോധമുള്ളവരെ പുതിയ തലമുറയിലും ധാരാളമായി കാണാം. പക്ഷേ, ഇന്നത്തെ മാധ്യമമേഖലയ്ക്ക് അധികം ജയചന്ദ്രന്‍മാരെ പൊറുപ്പിക്കാന്‍ പറ്റുകയില്ല എന്ന പ്രശ്‌നവുമുണ്ട്. ജയചന്ദ്രനു പോലും അച്ചടി മാധ്യമത്തിലെ സേവനത്തിന്റെ അവസാനഘട്ടങ്ങളില്‍ കഠിനമായ സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. മാനേജ്‌മെന്റിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ചില അരുതായ്മകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും അതിനു വഴങ്ങാതിരിക്കുകയും ചെയ്തതാണ് അദ്ദേഹം മാതൃഭൂമിയില്‍ നിന്നു പുറത്തേക്ക് പോകാനിടയാക്കിയതെന്ന് എല്ലാവര്‍ക്കും അറിയാം.

മാനേജ്‌മെന്റിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഒരു പത്രപ്രവര്‍ത്തകനെ താറടിച്ചു കാണിക്കുന്ന ഒരു നോട്ടീസ്, അന്ന് ഏറെ വിശ്വാസ്യതയുള്ള ജയചന്ദ്രന്റെ പ്രേരില്‍ പുറത്തിറക്കാന്‍ മാനേജ്‌മെന്റ് പക്ഷത്തു ശ്രമംനടന്നു. ജയചന്ദ്രന്‍ കമ്പനിയുമായി നല്ല ബന്ധം പുലര്‍ത്തിയ കാലമായിരുന്നു അത്. കല്പറ്റയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മാതൃഭൂമി മാനേജ്‌മെന്റ്- പ്രത്യേകിച്ച് മാനേജിങ്ങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍- നടത്തിയ ഇടപെടല്‍ നിര്‍ണായകമായിരുന്നു. തുടര്‍ന്നു കോഴിക്കോട്ട് കൊണ്ടുവന്നതും സ്ഥിരംനിയമനം നല്‍കിയതുമൊന്നും എളുപ്പം മറക്കാവുന്ന കാര്യമായിരുന്നില്ലല്ലോ.

എങ്കിലും, ഒരു സഹപ്രവര്‍ത്തകനെ അവമതിപ്പെടുത്താന്‍ തന്റെ പേരുപയോഗിക്കുന്നതിന് സമ്മതം മൂളാന്‍ ജയചന്ദ്രന്‍ വിസമ്മതിച്ചു. ഒരു പാതിരാത്രിയില്‍, ഞാന്‍ തനിച്ചു താമസിച്ചിരുന്നു ഈസ്റ്റ് ഹില്ലിലെ വാടകവീട്ടില്‍ ജയചന്ദ്രന്‍ വന്നത് മറക്കാന്‍ കഴിയില്ല. 'എനിക്കത് ചെയ്യാന്‍ പറ്റില്ല, പറ്റില്ല' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം തുടങ്ങിയത്. 'ഇതില്‍ അധികം ആലോചിക്കാനൊന്നുമില്ല. മനസ്സാക്ഷിക്കു നിരക്കാത്ത ഒരു കാര്യവും ചെയ്യേണ്ട. അതിന്റെ പ്രത്യാഘാതങ്ങള്‍ സഹിക്കുകതന്നെ' എന്നു പറഞ്ഞതിനൊപ്പം കുറച്ച് തന്ത്രപരമായി എന്തെങ്കിലും ഒഴികഴിവ് കണ്ടെത്തി പിന്‍വാങ്ങുന്നതാവും നല്ലത് എന്നും പറഞ്ഞതോര്‍ക്കുന്നു. പക്ഷേ, പിറ്റേന്നു രാവിലെ ഓഫീസിലെത്തിയപ്പോള്‍, തലേന്നു നോട്ടീസില്‍ ഒപ്പിടുവാന്‍ തന്റെ മേലുണ്ടായി സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ജയചന്ദ്രന്‍ ചെയ്തത്. തന്ത്രം പയറ്റുന്നതില്‍ ആശാനാണ് താന്‍ എന്നെപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും ഇത്തരമൊരു ധാര്‍മികപ്രശ്‌നത്തില്‍ തടിയൂരാന്‍ തന്ത്രം പയറ്റുക ജയചന്ദ്രനു അസാധ്യമായിരുന്നു എന്നതാണ് വാസ്തവം.

ആ തീരുമാനവും അതിന്റെ അനന്തരഫലങ്ങളും നീണ്ട കാലം ജയചന്ദ്രന്‍ എന്ന വ്യക്തിയെ മാത്രമല്ല, പത്രപ്രവര്‍ത്തകനെയും വേട്ടയാടി. തുടരെത്തുടരെ തൊഴില്‍പരമായ പീഡനങ്ങള്‍ ഉണ്ടായി. ജയചന്ദ്രനെ സംരക്ഷിക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലെന്നു വന്നപ്പോള്‍ ആക്രമിക്കാന്‍ പലര്‍ക്കും ധൈര്യംകിട്ടി. മരണശേഷം ജയചന്ദ്രനെ ആദര്‍ശനിഷ്ഠയുടെ പ്രതീകം എന്നൊക്കെ പുകഴ്ത്തിയെഴുതിയെങ്കിലും അന്നത്തെ എഡിറ്റര്‍ എം.ഡി.നാലപ്പാടും ഇതില്‍ ഒട്ടും ചെറുതല്ലാത്ത പങ്കു വഹിച്ചു. ആക്രമണങ്ങളില്‍ നിന്നുള്ള താല്‍ക്കാലികമായ ഒരു പിന്മാറ്റം എന്ന നിലയിലാണ് ജയചന്ദ്രന്‍ കോഴിക്കോട്ടെ ന്യൂസ് ഡസ്‌കിലേക്കു മാറാന്‍ സന്നദ്ധനായത്. പക്ഷേ, അതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. പ്രഗത്ഭമതിയെന്ന് സര്‍വരും പുകഴ്ത്തുന്ന ആ ലേഖകനെ പിന്നീട് കൊച്ചിയിലേക്കും അതുകഴിഞ്ഞ്, ഒരു കൊച്ചുപട്ടണം മാത്രമായിരുന്ന വടകരയിലേക്കും സ്ഥലംമാറ്റി. വാര്‍ത്താവരള്‍ച്ചയുള്ള സ്ഥലമെന്നു പലരും കരുതിയ വയനാട്ടില്‍ തലങ്ങും വിലങ്ങും വാര്‍ത്തകള്‍ കണ്ടെത്തിയ ലേഖകന് വടകര  മരുഭൂമിയായില്ല. അവിടെ നിന്നും ധാരാളം മനുഷ്യപ്പറ്റുള്ള വാര്‍ത്തകള്‍ കണ്ടെത്തി. വടകരയില്‍ ഇനിയും നില്‍ക്കുന്നതും മാതൃഭൂമിയില്‍ തുടരുന്നതു  തന്നിലെ പത്രപ്രവര്‍ത്തകനെയും കൊല്ലുമെന്നു തോന്നിയപ്പോഴാണ് ജയചന്ദ്രന്‍ പുറത്തുകടന്നത്.

പത്രപ്രവര്‍ത്തകരുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൊന്നും തുടക്കത്തില്‍ വലിയ താല്പര്യമെടുത്തിരുന്നില്ല അദ്ദേഹം. കല്പറ്റയിലെ പോലീസ് നടപടിയും പിന്നീട് മാതൃഭൂമിയിലെ നടപടികളും ജയചന്ദ്രനെ യൂണിയനോട് അടുപ്പിച്ചു. ഒരു കാര്യത്തില്‍ അനീതിയുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അതു ചെറുക്കുന്നതിന് റിസ്‌ക് എടുക്കാനും സന്നദ്ധനായിരുന്നു ജയചന്ദ്രന്‍. 1988 ആഗസ്തില്‍ മാതൃഭൂമിയിലെ നിരവധി പത്രപ്രവര്‍ത്തകരെ പഞ്ചാബിലേക്കും കല്‍ക്കത്തയിലേക്കും ഹൈദരബാദിലേക്കും മറ്റും പ്രതികാരനടപടിയായി സ്ഥലം മാറ്റിയപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ മാതൃഭൂമിക്കു മുന്നില്‍ ഒരു ദിവസം ധര്‍ണ നടത്താന്‍ കെ.യു.ഡബഌൂ.ജെ ജില്ലാക്കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. മാനേജ്‌മെന്റ് ഇതിനെതിരെ മാതൃഭൂമിയിലെ മാനേജ്‌മെന്റ് അനുകൂലികളെ അണിനിരത്തി. ആരും ധര്‍ണയില്‍ പങ്കെടുക്കരുതെന്ന് ആജ്ഞകള്‍ ഇറങ്ങി. യൂണിയനില്‍ ഭിന്നിപ്പുണ്ടാക്കി. യൂണിയന്റെ സംസ്ഥാനനേതൃത്വംതന്നെ സമരത്തെ തള്ളിപ്പറഞ്ഞപ്പോള്‍ മാതൃഭൂമി പത്രപ്രവര്‍ത്തകരില്‍ ധര്‍ണയില്‍ പങ്കെടുക്കാന്‍ ഉള്ളുറപ്പു കാട്ടിയത് ഏഴു പേര്‍ മാത്രം-അതിലൊരാള്‍ കെ.ജയചന്ദ്രനായിരുന്നു. ബഹുഭൂരിപക്ഷം ജീവനക്കാരും പത്രപ്രവര്‍ത്തകരും പ്രകടനമായി ചെന്നത് പ്രസ് ക്ലബ്ബിലേക്കാണ്, അതും ഓഫീസ് സമയത്ത്, കമ്പനി അനുമതിയോടെ!. അടുത്ത വര്‍ഷം ജയചന്ദ്രന്‍ യൂണിയന്റെ കോഴിക്കോട് ജില്ലാ സിക്രട്ടറിയായി. ഒരു വട്ടം യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചു.

സദ്‌വാര്‍ത്തയ്ക്ക് ശേഷമുള്ള ഏഷ്യാനെറ്റ് കാലം ജയചന്ദ്രന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടമായി. ക്യാമറക്കണ്ണുകളിലൂടെയുള്ള നോട്ടത്തിലും ആരും കാണാത്തതുകാണാന്‍ ജയചന്ദ്രനു കഴിഞ്ഞു. തലസ്ഥാനത്തെത്തിയപ്പോഴും നോട്ടം എയ്ഡ്‌സ് രോഗം വലച്ച കുടുംബത്തിന്റെയും പതിറ്റാണ്ടുകളായി മൃതദേഹം പേറി ജീവിച്ച നിര്‍ഭാഗ്യവാന്റെയും ജീവിതാനുഭവങ്ങളിലേക്കായി. അധികാരകേന്ദ്രങ്ങളുടെ സുഖശീതളിമകള്‍ക്ക് ഒട്ടും വില കല്പിക്കാതെയുള്ള തിരിച്ചുപോക്കുകളായിരുന്നു അവ.

ഏഷ്യാനെറ്റിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ തുടര്‍ന്നുകൊണ്ട് അദ്ദേഹത്തിന് തന്റെ സവിശേഷമായ ശൈലി അധികകാലം നില നിര്‍ത്താന്‍ കഴിയുമായിരുന്നോ എന്ന ചോദ്യമുണ്ട്. ദൃശ്യത്തിലാവട്ടെ, അച്ചടിയിലാവട്ടെ, ഓണ്‍ലൈനിലാവട്ടെ, പുതിയ ആഗോളീകൃത കാലത്തെ ചീഞ്ഞുകൊണ്ടിരിക്കുന്ന പ്രൊഫഷനലിസത്തിന്റെ നിര്‍ബന്ധങ്ങള്‍ ജയചന്ദ്രനെയും പിടി കൂടുമായിരുന്നില്ലേ? ബ്രെയ്ക്കിങ്ങ് ന്യൂസ് അധിഷ്ഠിതമാണ് വിപണി ആവശ്യപ്പെടുന്ന ഉള്ളടക്കം. ഇരുപത്തിനാലു മണിക്കൂറും ഈ കൊച്ചുകേരളത്തില്‍ നിന്നു സ്‌ഫോടനാത്മക വാര്‍ത്തകള്‍ ആവശ്യപ്പെടുന്നു അത്. 365 ദിവസവും മണിക്കൂറുകള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൗരവമുള്ള വാര്‍ത്ത ആവശ്യപ്പെടുന്നു. ഒന്നും ഇല്ലെങ്കിലും ഉണ്ടെന്നു ഡസ്‌കുകള്‍ക്ക് നടിക്കേണ്ടി വരുന്നു. ഇതെല്ലാം എല്ലാവരും അംഗീകരിച്ച മട്ടുണ്ട്. പൊതുസമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്തുവേണം പൊതുമാധ്യമങ്ങളുടെ ശൈലിയും പരിപാടി യുമെല്ലാം തീരുമാനിക്കേണ്ടതെന്നു പറയുമ്പോള്‍ത്തന്നെ, അസഹ്യമായ  തട്ടിക്കൂട്ടുകള്‍ എന്തുകൊണ്ടു പെരുകുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. വാങ്ങല്‍ ശേഷിയുള്ള ഉപയോക്താക്കളെയും ബൗദ്ധികതയുടെ പിരമിഡിന്റെ താഴെയറ്റത്തു പരന്നുകിടക്കുന്നവരെയും ഒരേ സമയം പ്രീണിപ്പിക്കുക എളുപ്പമല്ല.

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള എഴുപതുകളുടെ അവസാനകാലത്ത് പത്രപ്രവര്‍ത്തനത്തിലേക്കു കുതിച്ചെത്തിയവരോട്,  സാമൂഹ്യബോധവും പ്രതിജ്ഞാബദ്ധതയും എത്ര വര്‍ഷം ജോലിയില്‍ നിലനിര്‍ത്താനായി എന്നു ചോദിച്ചാല്‍ ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം സാധിച്ചു എന്ന ഉത്തരമാവും ലഭിക്കുക. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറുപടിയിലെ വര്‍ഷക്കണക്കു കുറഞ്ഞു വരുന്നതായി കാണാം. ഇന്നു വരുന്നവര്‍ക്ക് എത്രകാലം അതു സാധിക്കും?  അത്തരം അത്യാഗ്രഹങ്ങളൊന്നും പാടില്ല. മേലധികാരികള്‍ പറയുന്നതു ചെയ്യുക, കുറച്ചു ജോലിയും കൂടുതല്‍ ശമ്പളവും പരമാവധി സൗകര്യങ്ങളുമുള്ള ജോലിയിലേക്കു അവസരം കിട്ടിയാല്‍ ഉടന്‍ മാറുക....ഇതാവും പുതിയ കാലത്തിന്റെ ശൈലി. അവരെ കുറ്റപ്പെടുത്തുകയല്ല. ജയചന്ദ്രന്റേതുപോലുള്ള മാതൃകകള്‍ പിന്‍പറ്റുക അസാധ്യംതന്നെയാണ്. അതിന്റെ മൂല്യബോധവും നന്മകളുമെങ്കിലും ഉള്‍ക്കൊള്ളാനായാല്‍ത്തന്നെ വലിയ മെച്ചമായിരിക്കും.

പതിനെട്ടു വര്‍ഷം കൊണ്ട് ജയചന്ദ്രന്റെ ഒരുപാട് പുത്തന്‍ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കപ്പെടുന്നതിന് സാക്ഷിയാണ് നാമെല്ലാം. ആദ്യം അതെല്ലാം ലേശം കൗതുകത്തോടെയും ഒരുപാട് സന്തോഷത്തോടെയുമാണ് കണ്ടത്. നമ്മളിലൊരുവനായിരുന്ന ആള്‍ മരണശേഷവും ജീവിക്കുന്നതും പുതിയ തലമുറയുടെ മനസ്സുകളിലും വിഗ്രഹമാകുന്നതും തീര്‍ച്ചയായും സന്തോഷപ്രദമാണ്. പക്ഷേ, ചരിത്രത്തോടും യാഥാര്‍ത്ഥ്യത്തോടും സത്യസന്ധത പുലര്‍ത്താത്ത പുതിയ ചിത്രീകരണങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോയ്ക്കൂടാ. തന്നെക്കുറിച്ചുതന്നെ കള്ളക്കഥകളുണ്ടാക്കി പുതിയ സുഹൃത്തുക്കളെ വിശ്വസിപ്പിച്ച് പിറകില്‍ നിന്നു ചിരിക്കുക ജയചന്ദ്രന്റെ പല വിനോദങ്ങളിലൊന്നു മാത്രമായിരുന്നു. തമാശയ്്ക്കപ്പുറം ജയചന്ദ്രന് പൊങ്ങച്ചങ്ങളോ ജാടകളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, വരുംതലമുറകളിലേക്ക് എത്തിക്കുന്ന ജയചന്ദ്രന്റെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ പൊലിമ കൂട്ടിയ ചിത്രങ്ങളായിക്കൂടാ.

കള്ളക്കഥകള്‍ ആരെങ്കിലും കെട്ടിച്ചമച്ചു എന്ന് ആരോപിക്കുന്നില്ല. എന്നാല്‍ സദുദ്ദേശത്തോടെ എഴുതപ്പെട്ടവയിലും ധാരാളം അസത്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്.  ജയചന്ദ്രനെ ജയചന്ദ്രനാക്കിയ ഗുരു ആയിരുന്നു വിംസി എന്ന വി.എം.ബാലചന്ദ്രന്‍. ജയചന്ദ്രന്റെ മാത്രമല്ല, ഞാനടക്കമുള്ള ആ തലമുറയില്‍ കോഴിക്കോട് മാതൃഭൂമി സ്്കൂളില്‍നിന്നുള്ളവരുടെയെല്ലാം ഗുരു അദ്ദേഹംതന്നെ. തീവ്രമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടായിരുന്ന വിംസിക്ക് ജയചന്ദ്രനോടും ജയചന്ദ്രന്റെ എഴുത്തിനോടും കടുത്ത പ്രതിപത്തിയാണ് ഉണ്ടായിരുന്നത്.  പക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട്ടെ എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി പി.രാജന്റെ കക്കയം പോലീസ് ക്യാമ്പിലെ കൊലപാതകം വള്ളിപുള്ളി സത്യമായി ജയചന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അടിയന്തരാവസ്ഥയായതിനാല്‍ അന്നത്തെ മാനേജിങ്ങ് എഡിറ്റര്‍ വി.എം. നായര്‍ അതു പ്രസിദ്ധീകരിച്ചില്ല എന്നു മാത്രമല്ല കത്തിച്ചു കളയാന്‍ ഏര്‍പ്പാടു ചെയ്തു എന്നും എഴുതിയിരിക്കുന്നു അദ്ദേഹം. മാതൃഭൂമിയിലെ രേഖയനുസരിച്ച് ജയചന്ദ്രന്‍ മാതൃഭൂമിയില്‍ ചേരുന്നത് 1980 സപ്തംബര്‍ 19നാണ്. വയനാട് ജില്ല വരുന്നതു മുന്നില്‍ക്കണ്ടായിരുന്നു ആ നിയമനം. കലിക്കറ്റ്് യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം പഠിക്കുന്നതുപോലും 1977-79 കാലത്താണ്. അതുകഴിഞ്ഞാണ് കെ.സി.നാരായണന്‍ ചുമതല വഹിച്ച കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങുന്നത്. ഈ വസ്തുതകള്‍ അക്കാലത്തെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയുന്നതുമാണ്.

വിംസി കള്ളകഥ കെട്ടിച്ചമക്കും എന്നാരും വിശ്വസിക്കുകയില്ല. ഭ്രമാത്മക ചിന്തകള്‍ ചിലപ്പോള്‍ ഓര്‍മകളില്‍ വൈറസ് ബാധകളായി പ്രവര്‍ത്തിച്ചിരിക്കാം. ചിലപ്പോള്‍ വേറെ ആരെയോ കുറിച്ചുള്ള ഓര്‍മകളില്‍ പിശകുപറ്റിയതാവാം. എല്ലാം മനുഷ്യസഹജംതന്നെ. വേണമെങ്കില്‍ അതു കണ്ടില്ലെന്നു നടിക്കാം. ജയചന്ദ്രന് അതുകൊണ്ടു ദോഷമൊന്നും ഇല്ലല്ലോ എന്നാശ്വസിക്കുകയും ചെയ്യാം. ഞാന്‍ ആത്മാവില്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ഒരു അബദ്ധം ജയചന്ദ്രന്റെ പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്നത് ജയചന്ദ്രന്‍ ഇഷ്ടപ്പെടുകയേ ഇല്ല എെന്നനിക്കുറപ്പാണ്.

നക്‌സലിസത്തോടും മാവോയിസത്തോടുമൊക്കെ ആഭിമുഖ്യമുള്ള ഒരു തീവ്ര ഇടതുപക്ഷക്കാരനായിരുന്നു ജയചന്ദ്രന്‍ എന്ന മിഥ്യയും പ്രചാരത്തിലുണ്ട്. ഒരു തത്ത്വശാസ്ത്രത്തിന്റെയും മതിലുകള്‍ക്കുള്ളില്‍ ഒരിക്കലും അഭയം തേടിയിട്ടില്ല ജയചന്ദ്രന്‍. ഏതെങ്കിലും ഒരു വിശ്വാസപ്രമാണം, വിപ്ലവത്തിലൂടെയോ തിരഞ്ഞെടുപ്പിലൂടെയോ അധികാരത്തില്‍ വന്നാല്‍ തീരുന്നതാണ് മനുഷ്യര്‍ക്കിടയിലെ അസമത്വവും ചൂഷണവും അനീതിയുമെന്ന് ജയചന്ദ്രന്‍ കരുതിയിരുന്നില്ല. നിസ്വാര്‍ത്ഥമായ മനുഷ്യസ്‌നേഹത്തിന്റെ തത്ത്വശാസ്ത്രം മുറുകെപ്പിടിക്കുന്നതാണ് ശരി എന്ന ഉത്തമബോധ്യം ഉണ്ടായിരുന്നതുകൊണ്ടു അതിന്റെ അളവുകോലുകള്‍ ഉപയോഗിച്ചേ ജയചന്ദ്രന്‍ രാഷ്ട്രീയക്കാരെയും അവരുടെ പാര്‍ട്ടികളെയും പാര്‍ട്ടികളുടെ നയങ്ങളെയും അളന്നിരുന്നുള്ളൂ. എല്ലാ കക്ഷികളോടും, ഒരു പത്രപ്രവര്‍ത്തകന്‍ പുലര്‍ത്തേണ്ട അകല്‍ച്ചയും അടുപ്പവും ജയചന്ദ്രന്‍ പുലര്‍ത്തിയിരുന്നു. കായണ്ണക്കാര്‍ ജയചന്ദ്രനെ കോണ്‍ഗ്രസ്സുകാരനായും വേറെ ചിലര്‍ വേറെ ചിലതായുമെല്ലാം അവകാശപ്പെടുന്നതു കേട്ടിട്ടുണ്ട്. ശരികളുടെ പേരില്‍ ആരോടും അടുത്തുനില്‍ക്കാനും തെറ്റുകളുടെ പേരില്‍ ആരോടും തര്‍ക്കിക്കാനും കക്ഷിനോക്കാതെ സൗഹൃദങ്ങള്‍ പുലര്‍ത്താനും ഇടയ്‌ക്കെല്ലാം വെറുതെ പലതും അഭിനയിക്കാനും ജയചന്ദ്രന്‍ മടിക്കാറില്ല എന്നേ അതിനര്‍ത്ഥമുള്ളൂ.

ആക്റ്റിവസമാണ് ജേണലിസം എന്ന നാട്യത്തിന്റെ ബലത്തില്‍ പലരും പലതും ചെയ്യുന്നുണ്ട്്. മത-രാഷ്ട്രീയ തീവ്രവാദങ്ങളുടെയും മറ്റും പ്രചാരകര്‍ ജേണലിസത്തെ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് ഉപയോഗിക്കാവുന്ന ഒരു ആയുധമായി കാണുന്നുണ്ടാവാം. അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ സൗകര്യവും പ്രതിഫലവും പറ്റിക്കൊണ്ട് മറ്റൊന്നായി അഭിനയിക്കുന്നതില്‍ ധാര്‍മികത ഒട്ടുമില്ല. ആക്റ്റിവിസത്തിന്റെ മുല്യങ്ങള്‍ വേറെ, സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ വേറെ. നുറു പരിമിതികള്‍ ഉണ്ടെങ്കിലും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ താഴ്ത്തിക്കെട്ടേണ്ടതില്ല. സ്വതന്ത്രമായി എഴുതുക എന്നതുതന്നെയാണ് പത്രപ്രവര്‍ത്തകന്റെ ആക്റ്റിവിസം. ആ അര്‍ത്ഥത്തില്‍ അദ്ദേഹം സ്വതന്ത്രപത്രപ്രവര്‍ത്തകനായിരുന്നു, ആക്റ്റിവിസ്റ്റുമായിരുന്നു.

പ്രതിഫലം പറ്റിയോ സൗജന്യമായോ ആരുടെയും കേസ് വാദിക്കുക എന്നത് അഭിഭാഷകവൃത്തിയുടെ ധാര്‍മികതയില്‍ പെട്ടതാണ്. വാദിക്കുന്ന ഒരു കേസ്സും സത്യമോ ശരിയോ ആണെന്നതിന് അവര്‍ ഉറപ്പൊന്നും ആവശ്യപ്പെടുകയില്ല. ഏതുകേസ്സും വാദിക്കാനാവുന്ന വക്കീല്‍പ്പണിയല്ല പത്രപ്രവര്‍ത്തനം. ശരി വാദിക്കുന്നതിന് ജനങ്ങള്‍ പ്രതിഫലം നല്‍കുന്ന പണിയാണത്. ശരി പറയലാണ് തന്റെ ജീവിതദൗത്യം എന്ന ഉത്തമബോധമാണ് ജയചന്ദ്രനെ നയിച്ചിരുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.

ഒരു പച്ച മനുഷ്യന്റെ ഒരുപാട് നന്മകളും ബോധ്യങ്ങളും നിസ്വാര്‍ത്ഥതകളും മാത്രമല്ല, ദൗര്‍ബല്യങ്ങളുമാണ് ജയചന്ദ്രനെ ജയചന്ദ്രനാക്കിയത്. നിത്യജീവിതത്തിന്റെ അവ്യവസ്ഥതകളും അരാജകത്വവുമെല്ലാമാണ് ജയചന്ദ്രനെ നമ്മളില്‍നിന്നു അകാലത്ത് കവര്‍ന്നെടുത്തത്. ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വയം ഒടുക്കിയ ഒരു ചാവേര്‍ പ്രവര്‍ത്തനമായിരുന്നു അത്്. തന്റെ അസത്യമായ ഒരു ചിത്രം വരുംതലമുറകളിലേക്ക് എത്തണമെന്ന് ജയചന്ദ്രനൊരിക്കലും ആഗ്രഹിക്കുകയില്ല, അതാര്‍ക്കും പ്രയോജനം ചെയ്യുകയുമില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ പറഞ്ഞതെല്ലാം സത്യമായതാവട്ടെ എന്ന് ആശിച്ചുപോകുന്നു.

എന്‍.പി.രാജേന്ദ്രന്‍

(കെ.ജയചന്ദ്രന്റെ 18ാം ചരമദിനത്തില്‍ കോഴിക്കോട്ട് പ്രകാശനം ചെയ്ത കെ.ജയചന്ദ്രന്‍ എന്ന അനുസ്മരണലേഖന സമാഹാരത്തിന്റെ അവതാരിക)

Sunday, 20 November 2016

പൊലിസും പന്നിയും കെ. ജയചന്ദ്രനും


അറസ്റ്റ് നടക്കുന്നത് 1984 സെപ്റ്റംബര്‍ അഞ്ചിന് അര്‍ധരാത്രി. പിറ്റേന്ന് തിരുവോണമായിരുന്നു. അതിനും പിറ്റേന്ന് ഞായറാഴ്ചയും. പത്രം ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടക്കുന്ന, തുറന്നാലും നിര്‍ജീവ ദിനരാത്രങ്ങള്‍. ജയചന്ദ്രന്‍ കല്‍പറ്റയില്‍ താമസിച്ചിരുന്ന വാടകമുറിയില്‍ കയറിച്ചെന്നായിരുന്നു അറസ്റ്റ്. ഉറക്കമുണര്‍ത്തി ജയചന്ദ്രനെ ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എല്ലാം പൊലിസ് ആസൂത്രണം ചെയ്തപോലെ നടന്നു. പക്ഷേ, പൊലിസിന് പറ്റാന്‍ പാടില്ലാത്ത ഒരബദ്ധം മാത്രം പറ്റി


 പൊലിസും പന്നിയും കെ. ജയചന്ദ്രനും

ഈ തലക്കെട്ട് എഴുത്തുകാരന്‍ സക്കറിയ എഴുതിയ ഒരു ലേഖനത്തലക്കെട്ടിന്റെ വികൃതാനുകരണമാണ്. 32 വര്‍ഷം മുന്‍പ് മാതൃഭൂമി പത്രത്തിലെഴുതിയതാണ് ലേഖനം പൊലിസും പന്നിയും നമ്മളും. അതിനാധാരമായത്, അക്കാലത്ത് മാധ്യമലോകത്തെയും പൊതുരംഗത്തെയും പിടിച്ചുകുലുക്കിയ ഒരു സംഭവവും. സംഭവം ചുരുക്കത്തില്‍ ഇത്ര
കപറ്റയിലെ പൊലിസ് ഒരു പ്രമുഖ പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നു. പാതിരാത്രിയായിരുന്നിട്ടും പലരും വിവരം അറിഞ്ഞ് വന്‍സമ്മര്‍ദം ഉയര്‍ത്തിയതുകൊണ്ടുമാത്രം ആ ലേഖകന്‍ രക്ഷപ്പെടുന്നു.അറസ്റ്റ് ചെയ്യപ്പെട്ടത് വാര്‍ത്തയുടെ പേരിലാണ്. ഒരു വാര്‍ത്തയുടെ പേരിലല്ല, ഒരുപാട് വാര്‍ത്തകളുടെ പേരില്‍. ആ വാര്‍ത്തകള്‍ക്കെല്ലാം ഒരേ സ്വഭാവമാണ് ഉണ്ടായിരുന്നത്. എല്ലാം, പാവപ്പെട്ട ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടുന്നവ ആയിരുന്നു. പൊലിസ് ഉള്‍പ്പെടെയുള്ള അധികാരികളുടെ മുഖംമൂടി പറിച്ചെറിയുന്നവ ആയിരുന്നു അവ. അന്നത്തെ അറസ്റ്റ് ഈ വാര്‍ത്തകള്‍ക്കെല്ലാമുള്ള പ്രതികാരമായിരുന്നു. കെ. ജയചന്ദ്രനായിരുന്നു അന്ന് അറസ്റ്റിലായ ലേഖകന്‍.സക്കറിയയുടെ ലേഖനം ആ സംഭവത്തെക്കുറിച്ചുള്ളതായിരുന്നു. സക്കറിയ മാത്രമല്ല എം.പി നാരായണപിള്ളയുള്‍പ്പെടെ നിരവധിപേര്‍ അതേക്കുറിച്ച് എഴുതിയിരുന്നു. ആ സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണത്തിനു മുന്നോട്ടുവന്നത് കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വ്യക്തികളായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ടി. ചന്ദ്രശേഖരമേനോന്‍, പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായ പ്രൊഫ. ജി. കുമാരപിള്ള, പ്രൊഫ. സുകുമാര്‍ അഴീക്കോട് എന്നിവരായിരുന്നു. ജയചന്ദ്രന്റെ അറസ്റ്റിനെതിരേ സംവിധായകന്‍ ജോണ്‍ അബ്രഹാം, എഴുത്തുകാരായ കെ.എ കൊടുങ്ങല്ലൂര്‍, എന്‍.എന്‍ കക്കാട്, തിക്കോടിയന്‍, പി. വത്സല, എം.എസ് മേനോന്‍, ചരിത്രകാരനായ ഡോ. എം.ജി.എസ് നാരായണന്‍, പി. ഗോവിന്ദപിള്ള, എം. ഗംഗാധരന്‍ തുടങ്ങിയ നിരവധിപേര്‍ പരസ്യപ്രസ്താവന ഇറക്കിയിരുന്നു. ചുരുക്കത്തില്‍ അതൊരു വലിയ സംഭവമായിരുന്നു.

അര്‍ധരാത്രി വാതിലില്‍ മുട്ടി

അറസ്റ്റ് നടക്കുന്നത് 1984 സെപ്റ്റംബര്‍ അഞ്ചിന് അര്‍ധരാത്രി. പിറ്റേന്ന് തിരുവോണമായിരുന്നു. അതിനും പിറ്റേന്ന് ഞായറാഴ്ചയും. പത്രം ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടക്കുന്ന, തുറന്നാലും നിര്‍ജീവ ദിനരാത്രങ്ങള്‍. ജയചന്ദ്രന്‍ കല്‍പറ്റയില്‍ താമസിച്ചിരുന്ന വാടകമുറിയില്‍ കയറിച്ചെന്നായിരുന്നു അറസ്റ്റ്. ഉറക്കമുണര്‍ത്തി ജയചന്ദ്രനെ ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. എല്ലാം പൊലിസ് ആസൂത്രണം ചെയ്തപോലെ നടന്നു.

പക്ഷേ, സാധാരണഗതിയില്‍ പൊലിസിനു പറ്റാന്‍ പാടില്ലാത്ത ഒരബദ്ധം മാത്രം പറ്റി. ജയചന്ദ്രന്‍ മുറിയില്‍ തനിച്ചായിരുന്നില്ല, ഒപ്പം എഴുത്തുകാരനും സുഹൃത്തുമായ ഒ.കെ ജോണിയും ഉണ്ടായിരുന്നു. അവര്‍ ജോണിയെ പോകാന്‍ അനുവദിച്ചു. എന്തുകൊണ്ടു ഇറക്കിവിട്ടു എന്നു നമ്മള്‍ അത്ഭുതപ്പെട്ടേക്കും. അത് വല്ല ആദിവാസി യുവാവും ആയിരിക്കുമെന്ന ധാരണയിലാണ് അന്നതു ചെയ്തതെന്ന് പില്‍ക്കാലത്ത് ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ചലച്ചിത്രകാരനായ രവീന്ദ്രന്‍ ജയചന്ദ്രന്‍ അനുസ്മരണ ഗ്രന്ഥത്തിലെഴുതിയ ലേഖനത്തില്‍ (വാര്‍ത്താദൃഷ്ടിയുടെ വിശേഷവിവേകം) അനുസ്മരിക്കുന്നുണ്ട്.

ജോണി അറസ്റ്റ് വിവരം അര്‍ധരാത്രിതന്നെ നാട്ടിലെങ്ങും പാട്ടാക്കി. സ്വാഭാവികമായും ടെലിഫോണ്‍ കോളുകള്‍ പ്രവഹിച്ചു. രാഷ്ട്രീയ നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ രാത്രിതന്നെ അധികാരസ്ഥാനങ്ങളില്‍ വിളിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കി. കെ. കരുണാകരനാണ് അന്ന് മുഖ്യമന്ത്രി, വയലാര്‍ രവി ആഭ്യന്തരമന്ത്രിയും. ലോക്കപ്പില്‍ രാത്രി വൈകിയും കിട്ടിയ ഇരയെ തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘം പൊലിസുകാര്‍ വിരട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അടി തുടങ്ങിയിരുന്നില്ല. ഭീഷണികള്‍, പരിഹാസങ്ങള്‍, കരാട്ടെ മോഡല്‍ അടിയുടെ റിഹേഴ്‌സലുകള്‍ എന്നിവയേ നടക്കുന്നുണ്ടായിരുന്നുള്ളൂ. പൊലിസ് അതിക്രമങ്ങള്‍ വാര്‍ത്തകളാക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ് എന്ന ഭീഷണി സ്റ്റേഷനില്‍ എത്തിയതുമുതല്‍ കേട്ടുതുടങ്ങിയിരുന്നു. സ്വന്തം ലേഖകന്‍ അറസ്റ്റില്‍ എന്ന ഫോണ്‍ സന്ദേശം പൊട്ടിച്ചിരികളുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിലേക്കു പോകുന്നുണ്ടായിരുന്നു. അവര്‍ ജയചന്ദ്രനെ നാലു മണിക്കൂര്‍ വന്ന കാലില്‍ നിര്‍ത്തി.

പുലരും മുന്‍പേ മോചനം

മറ്റൊരു സ്റ്റേഷനിലേക്കു മാറ്റാനുള്ള ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാകുംമുന്‍പേ ഒരു രക്ഷകനെപ്പോലെ പൊലിസ് സൂപ്രണ്ട് ദിനേശ്വര്‍ ശര്‍മ വന്നില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നാര്‍ക്കും പറയാനാവില്ല. എന്തായാലും, ജാമ്യം നല്‍കി വിട്ടയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സൂപ്രണ്ട് പുലരും മുന്‍പ് മടങ്ങി. പുലര്‍ച്ചെ വരെ നിര്‍ത്തി ജയചന്ദ്രനെയും വിട്ടു.
പന്നിയുടെ കാര്യം പറയാന്‍വിട്ടു. '84 ജൂലൈ മൂന്നിനു വയനാട്ടില്‍ ഒരു ഉരുള്‍പൊട്ടലുണ്ടായി. പതിനാലു പേര്‍ മരിച്ചു. ശവം തിരയുന്നതിനിടയില്‍ ഒരു ചത്ത മുള്ളന്‍ പന്നിയെ എടുത്ത് പൊലിസ് ജീപ്പിലേക്കിടുന്നുണ്ടായിരുന്നു. ഇതിന്റെ ഒരു പടം ജയചന്ദ്രന്റെ കൈയിലെത്തിയത് പിറ്റേന്ന് ഒരു റിപ്പോര്‍ട്ട് സഹിതം പത്രത്തിലച്ചടിച്ചുവന്നു. ദുരന്തത്തിനിടയിലും അവരുടെ നോട്ടം പന്നിയിറച്ചിയില്‍ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ട്. പൊലിസ് പറഞ്ഞിട്ടാണ് ശവം ജീപ്പിലിട്ടത് എന്ന് ഒരു രക്ഷാപ്രവര്‍ത്തനസഹായി പറഞ്ഞതാണ് വാര്‍ത്തയ്ക്ക് ആധാരമായ തെളിവ്. പൊലിസ് അതിക്രമങ്ങളെക്കുറിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്യാറുള്ള ജയചന്ദ്രനെ ഇനിയും വച്ചുപൊറുപ്പിച്ചുകൂടാ എന്ന് പൊലിസിനു തീരുമാനിക്കാന്‍ ഇതിലേറെ വലിയ പ്രകോപനം വേണ്ടായിരുന്നല്ലോ. പഴകിയ ഇറച്ചി തിന്നുന്നവരായി പൊലിസുകാരെ ചിത്രീകരിച്ചു എന്ന വേദനയും അവര്‍ക്കുണ്ടായിരുന്നു. അവര്‍ ജയചന്ദ്രനെ പിടികൂടി ജയിലിലിടാനുള്ള പ്ലാന്‍ തയാറാക്കി.

നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പന്നിശവം എടുത്തിട്ട എസ്‌റ്റേറ്റ് തൊഴിലാളി അബുവില്‍ നിന്ന് ഒരു പരാതി എഴുതിവാങ്ങിയാണ്, ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് നടത്തിയത്. ജയചന്ദ്രനും ജനയുഗം ലേഖകനായ വിജയനും ഒരു സംഘമാളുകളും വീട്ടില്‍വന്ന് തന്നെയും കുടുംബത്തെയും തടങ്കലില്‍ വയ്ക്കുകയും വധഭീഷണി മുഴക്കുകയും ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടുവിക്കുകയും ചെയ്തു എന്നായിരുന്ന പരാതിയുടെ കാതല്‍.

ജയചന്ദ്രന് അബു തങ്ങള്‍ക്കെതിരായി വരുന്ന വിവരങ്ങള്‍ വല്ലതും എഴുതിക്കൊടുത്തിരിക്കുമോ എന്ന ഭയമാവും ബ്ലാങ്ക് പേപ്പര്‍ ഒപ്പിട്ടുവാങ്ങി എന്നെഴുതിക്കാന്‍ കാരണമെന്നും കരുതപ്പെട്ടു. എന്തായാലും അനേക ദിവസത്തെ പ്ലാനിങ്ങും തയാറെടുപ്പും ഉന്നതതല അംഗീകാരവുമെല്ലാം ഉണ്ടായിരുന്നെങ്കിലും തിരുവോണം പിറക്കുമ്പോഴേക്കു പൊലിസ് യജ്ഞം പാളി പാളീസായിപ്പോയി.

എന്നും അനീതിയെ ചെറുത്തു

ജയചന്ദ്രനെ പിന്നെ അധികനാള്‍ അവിടെ നിര്‍ത്തിയില്ല മാതൃഭൂമി. അദ്ദേഹത്തിന്റെ സുരക്ഷയോര്‍ത്ത് കോഴിക്കോട്ടേക്കു സ്ഥലംമാറ്റി. പിന്നീട് മാതൃഭൂമി വിട്ട് ഏഷ്യാനെറ്റ് ലേഖകനായി തിരുവനന്തപുരത്തെത്തി.
ഇന്നും ആദിവാസി ജീവിതത്തിന്റെ ദൈന്യതകള്‍ മാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും ചര്‍ച്ചാവിഷയമാണ്. ഒരുപക്ഷേ, മൂന്നുപതിറ്റാണ്ട് മുന്‍പ് ഇതാദ്യമായി കേരളത്തിന്റെ മുഖത്തുനോക്കി വിളിച്ചുപറഞ്ഞത് ജയചന്ദ്രനായിരിക്കും. മാതൃഭൂമിയിലെഴുതിയ എണ്ണമറ്റ റിപ്പോര്‍ട്ടുകളും പില്‍ക്കാലത്ത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുമെല്ലാം പരിസ്ഥിതി സംരക്ഷണത്തിനും പാവങ്ങള്‍ക്കു നീതി ലഭ്യമാക്കുന്നതിനും അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതിനും ഉള്ള മുറവിളികളായിരുന്നു. എഴുതിയ എണ്ണമറ്റ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന് എങ്ങും അനേകം ആരാധകരെ സൃഷ്ടിച്ചിരുന്നു. ഇന്നത്തെ തലമുറയുടെ മനസിലും അവര്‍ കണ്ടിട്ടുപോലുമില്ലാത്ത ഈ അപൂര്‍വ പത്രപ്രവര്‍ത്തകന്റെ മായാത്ത ചിത്രമുണ്ട്.

ഒരു പക്ഷേ, മലയാളത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടുകള്‍ മരണശേഷം സമാഹാരമായി ഇറക്കിയത് ജയചന്ദ്രന്റേതു മാത്രമായിരിക്കുംവാസ്തവം. ഒരു അനുസ്മരണകൃതിയുമുണ്ട്. അംഗീകാരത്തിന്റെയും നേട്ടങ്ങളുടെയും നല്ല തൊഴില്‍ സംതൃപ്തിയുടെയും പ്രശസ്തിയുടെയും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് ജയചന്ദ്രന്‍ 1998 നവംബര്‍ 24ന് അന്തരിച്ചത്. അന്ന് അദ്ദേഹത്തിന് 47 വയസേ ഉണ്ടായിരുന്നുള്ളൂ.

Saturday, 19 November 2016

നുഴഞ്ഞു കേറുന്ന സെന്‍സര്‍ ഭൂതം: നിരോധനം ഒരു ടെസ്റ്റ് ഡോസ്


 


ദൃശ്യമാധ്യമങ്ങള്‍ എന്തു സംപ്രേഷണം ചെയ്യുന്നു, എങ്ങനെ സംപ്രേഷണം ചെയ്യുന്നു എന്നൊരു വലിയേട്ടന്‍ സദാ നോക്കിക്കൊണ്ടിരിക്കുകയും ഏട്ടന് ഇഷ്ടമില്ലാത്തതുകാണുമ്പോള്‍ ചാനലുകളെ ശിക്ഷിക്കുകയും ചെയ്യുന്നത് ഒരു നിയമാനുസൃത നടപടിതന്നെയാണ്. എന്‍.ഡി.ടി.വി നിരോധനം ഏകപക്ഷീയമാണ് എന്നു മുറവിളി ഉയരുന്നുണ്ടെങ്കിലും ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് നടപടി എന്നതാണു സത്യം. ഇന്നു മുറവിളി കൂട്ടുന്നവരില്‍ പലരും കുറെക്കാലമായി നുഴഞ്ഞുവരുന്ന സെന്‍സര്‍ ഭൂതത്തെ ഒന്നുകില്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

2015 ല്‍ പുതിയ സര്‍ക്കാര്‍ പ്രോഗ്രാം കോഡ് മാറ്റിയെഴുതിയതിനു ശേഷം ആദ്യമായാണ് ഒരു വാര്‍ത്താചാനല്‍ നിരോധിക്കാന്‍ ഉത്തരവിടുന്നത് എന്നതു ശരിയാണ്. പക്ഷേ, മുന്‍ ഗവണ്മെന്റിന്റെ കാലത്തും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്.  എന്‍.ഡി.ടി.വി.യില്‍ 2014 ഏപ്രില്‍ 21 ന് സംപ്രേഷണം ചെയ്ത ഗുഡ് ടൈംസ് എന്ന പ്രോഗ്രാമില്‍ അശ്ലീലം ആരോപിച്ച്, ഒരു വര്‍ഷം കഴിഞ്ഞ് ഏപ്രില്‍ ഒമ്പതിന് പരിപാടികള്‍ ബ്ലാക്് ഔട്ട് ഉത്തരവിറങ്ങിയതാണ്. യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് എട്ടുതവണ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് എന്‍.ഡി.ടി.വിക്കും സഹോദര ചാനലുകള്‍ക്കുമെതിരെ നടപടിയെടുത്തിട്ടുണ്ട്.  2013ല്‍ 14 ചാനലുകള്‍ക്ക് പ്രോഗ്രാം നിരോധന ഉത്തരവുകള്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.(ഫസ്റ്റ്‌പോസ്റ്റ്‌ഡോട്‌കോം നവ.7, 2016) ഇവയൊന്നും വാര്‍ത്തകളെച്ചൊല്ലിയായിരുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ.

തീര്‍ച്ചയായും, വാര്‍ത്തകളുടെ പേരില്‍ ആണ് നടപടി എന്നു വരുമ്പോള്‍ അത് അഭിപ്രായസ്വാതന്ത്ര്യത്തിനും ഫോര്‍ത്ത് എസ്റ്റേറ്റ് സങ്കല്പത്തിനും നേരെയുള്ള കൈയേറ്റമാണ്. 2005 മുതല്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണവകുപ്പ്  മാധ്യമങ്ങളുടെ സൂപ്പര്‍ എഡിറ്റര്‍ ആകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് സത്യം. 1995 ലെ കേബ്ള്‍ ടെലിവിഷന് നെറ്റ് വര്‍ക്ക്( റഗുലേഷന്‍) ആക്റ്റ് ആണ് ഇതിനുപയോഗിക്കുന്ന ആയുധം. എന്താണ് നല്ലത്, ഏതാണ് ശരി എന്നെല്ലാം തീരുമാനിക്കുന്നത് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ തീര്‍ത്തും ആത്മനിഷ്ഠമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രോഗ്രാമുകളുടെ സമയം മാറ്റാന്‍ പോലും ഉദ്യോസ്ഥന്മാര്‍ ഉത്തരവിട്ട സന്ദര്‍ഭങ്ങളുണ്ട്. ശ്ലീലാശ്ലീലതകളുടെ പേരിലാണ് മുമ്പ് ഇതെല്ലാം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ദേശീയ സുരക്ഷയുടെ വടിയെടുത്താണ് ഉദ്യോഗസ്ഥര്‍ മാധ്യമഭരണം നിര്‍വഹിക്കുന്നത്.

കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് റഗുലേഷന്‍ ആക്റ്റിലെ പല വ്യവസ്ഥകളും വളരെ അവ്യക്തങ്ങളാണ്. ആര്‍ക്കെതിരെയും എന്തു നടപടിയും എടുക്കാവുന്ന വിധം വിശാലവും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കു പഴുതുള്ളതുമാണ് ഇവ.
ഇതിലെ സുപ്രധാനമായ ഇരുപതാം വകുപ്പ് നോക്കൂ.

20. പൊതുതാല്പര്യം സംരക്ഷിക്കുന്നതിന് കേബ്ള്‍ ടെലിവിഷന്‍ നിരോധിക്കാനുള്ള അധികാരം.
1) പൊതുതാല്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്നു കേന്ദ്രസര്‍ക്കാറിനു തോന്നുകയാണെങ്കില്‍ ഒദ്യോഗിക വിജ്ഞാപനത്തിലൂടെ ഏതെങ്കിലും പ്രദേശത്തെ ഏതെങ്കിലും  കേബ്ള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിരോധിക്കാന്‍ അധികാരമുണ്ടായിരിക്കും.
2) താഴെച്ചേര്‍ത്ത ഏതെങ്കിലും സംരക്ഷിക്കുന്നതിന്-
(1) ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും
(2)ഇന്ത്യയുടെ സുരക്ഷിത്വം
(3) വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം
(4) ക്രമസമാധാനം, മാന്യത, സദാചാരം

പരിപാടികള്‍ നിയന്ത്രി്ക്കാനോ നിരോധിക്കാനോ സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും.

ഇതിനെല്ലാം പുറമെയാണ് പ്രോഗ്രാം കോഡ്. അതിലെ വിശദമായ  വ്യവസ്ഥകളുടെ ലംഘനത്തിനെതിരെയും നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നുണ്ട്.

ഇത്തരം വ്യവസ്ഥകളൊന്നും ആവശ്യമില്ലെന്നോ ആര്‍ക്കും എന്തും സംപ്രേക്ഷണം ചെയ്യാനും സ്വാതന്ത്ര്യമുണ്ടാകണം എന്നോ ആര്‍ക്കും വാദമില്ല. തത്ത്വത്തില്‍ ഇത്തരം അധികാരങ്ങള്‍ സര്‍ക്കാറിനു ഉണ്ടാകേണ്ടതുണ്ട് എന്നു സമ്മതിക്കാം. പക്ഷേ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കുറ്റം കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുക, അതിനെക്കുറിച്ചുള്ള പരാതി മന്ത്രിസഭാസമിതി പരിശോധിതക്കുക എന്നു വരുമ്പോള്‍ ആ സംവിധാനം അമിതാധികാരമകുകയും വിഷയം മാധ്യമപ്രവര്‍ത്തനമാകുമ്പോള്‍ അത് മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഭീഷണിയാകുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.

എന്‍.ഡി.ടി.വി. നിരോധനത്തിനു പിന്നില്‍ മോദിസര്‍ക്കാറിന്റെ രാഷ്ട്രീയ പ്രതികാരബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു ധരിക്കുന്നത് തെറ്റാവില്ല. പത്താന്‍കോട്ട് സംഭവത്തിന്റെ റിപ്പോര്‍ട്ടിങ്ങില്‍ രാജ്യവിരുദ്ധതാല്പര്യങ്ങള്‍ ഏതെങ്കിലും മാധ്യമത്തെ സ്വാധീനിച്ചു എന്നു ആര്‍ക്കം ആക്ഷേപമില്ല. മാധ്യമറിപ്പോര്‍ട്ടിങ്ങ് കൊണ്ടു എന്തെങ്കിലും ദ്രോഹമോ ദോഷമോ ഉണ്ടായി എന്നും പരാതിയില്ല. റിപ്പോര്‍ട്ടിങ്ങിലെ മത്സരബുദ്ധി ചിലപ്പോള്‍ വിവേചനശേഷി നശിപ്പിക്കാറുണ്ടെന്നത് പൊതു പരാതിയാണ്. അത് ഭീകരാക്രമണസമയത്തു മാത്രമല്ലതാനും. പക്ഷേ, പത്താന്‍കോട്ടില്‍ ആര്‍ക്കും അങ്ങനെ എക്‌സ്‌ക്ലൂസീവുകളൊന്നും ഇല്ല. ഏതാണ്ട് എല്ലാ ചാനലുകളും തുല്യരീതിയിലാണ് ആക്രമണവും തുടര്‍സംഭവങ്ങളും സംപ്രേഷണം ചെയ്തത്. പൂര്‍ണമായും പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പിലും പരിസരപ്രദേശങ്ങളിലും ചാനല്‍ക്യാമറകള്‍ക്ക് സ്വാഭാവികമായ നിയന്ത്രണങ്ങളും പരിമിതികളുമുണ്ട്. ആയുധപ്പുരകളും മറ്റ് അത്തരം കേന്ദ്രങ്ങളും എവിടെയായാലും ചാനലുകള്‍ക്ക് അപ്രാപ്യമാണ്. അതെല്ലാം തുറന്നുതരണമെന്ന് ആരും ആവശ്യപ്പെടാറുമില്ല. പട്ടാളക്യാമ്പിന്റെ അകത്തെ മുറികളില്‍പ്പോലും ഒരു തടസ്സവുമില്ലാതെ ഭീകരര്‍ക്കു കയറാനും പട്ടാളക്കാരെ അടച്ചുപൂട്ടി തീയിട്ടുകൊല്ലാനും അവസരമൊരുക്കിയത് നാടിനെ നാണം കെടുത്തുന്ന കൊള്ളരുതായ്മയായിരുന്നു. അതെല്ലാം മറച്ചുവെച്ചാണ് ഒരു മാധ്യമത്തെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് രോഷംതീര്‍ക്കാനുള്ള ഈ ശ്രമം.

മോദിസര്‍ക്കാറിനെ അടിക്കാനുള്ള നല്ല വടിയായി ഈ നടപടി ഇപ്പോള്‍  മാറിയിട്ടുണ്ടെങ്കിലും അതൊരു തരത്തില്‍ നന്നായി എന്നും  കരുതാവുന്നതാണ്. മുന്‍ഗവണ്മെന്റും മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിരും പരിധിയും തീരുമാനിക്കാന്‍ ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തില്‍ത്തന്നെ അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തിന്റെ വിത്തുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ടെലിവിഷന്‍, അച്ചടിമാധ്യമത്തില്‍നിന്നു വ്യത്യസ്തമായി, ഭരണയന്ത്രത്തിനു കീഴ്‌പെട്ടാണ് പ്രവര്‍ത്തിച്ചുപോരുന്നതെന്ന യാഥാര്‍ത്ഥ്യവും പുതിയ വിവാദം വെളിപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചില്ല എന്ന് ആരോപിച്ച കേന്ദ്ര ഐ.ആന്റ് ബി. മന്ത്രാലയത്തിന് ഏതെങ്കിലും പത്രം ഇത്രനാള്‍ അടച്ചിടണമെന്ന് ശിക്ഷ വിധിക്കാന്‍ പറ്റുമായിരുന്നോ? പറ്റില്ല. പക്ഷേ ചാനലുകള്‍ അടച്ചിടാം. തീര്‍ച്ചയായും ഇതിന് ആധാരമായ നിയമം നമ്മുടെ ജനപ്രതിനിധികള്‍ ഉണ്ടാക്കിയതുതന്നെയാണ്.

അച്ചടിയേക്കാള്‍ ശക്തിയുള്ള മാധ്യമമാണ് ദൃശ്യമാധ്യമം. എന്നിട്ടും എന്തുകൊണ്ടാണ് ഒരു നിയന്ത്രണസംവിധാനം ഈ മാധ്യമത്തിലില്ലാത്തത്? എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും അച്ചടി മാധ്യമത്തിന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രസ് കൗണ്‍സിലുണ്ട്. എന്തുകൊണ്ട് പ്രസ് കൗണ്‍സില്‍ മാറ്റി മീഡിയ കൗണ്‍സില്‍ ആക്കുകയും അതിനു കൂറെക്കൂടി ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്യാന്‍ ഇതുവരെ സാധ്യമായില്ല?

നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം രൂപം കൊണ്ടതാണ് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി. അതു ചാനലുകള്‍തന്നെ ഉണ്ടാക്കിയ,  ഉള്ളടക്കസംബന്ധമായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്വതന്ത്ര സംവിധാനമാണ്.  പക്ഷേ, ഇന്ത്യയിയുള്ള നാനൂറോളം ചാനലുകളില്‍ ഇരുപതു ശതമാനം മാത്രമേ ഈ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളൂ. പരാതികളില്‍ തീരുമാനമെടുക്കുകയും ശിക്ഷകള്‍ നല്‍കുകയുമൊക്കെ ചെയ്യുന്നുണ്ട്. മര്യാദയില്ലാത്ത ഉള്ളടക്കങ്ങള്‍ക്ക് പിഴശിക്ഷ നല്‍കിയിട്ടുമുണ്ട്. പക്ഷേ, ഇതൊന്നും ചാനല്‍ ധാര്‍മികതയ്ക്ക് മുതല്‍ക്കൂട്ടായ യാതൊരു ലക്ഷണവുമില്ല.

മാധ്യമനിയന്ത്രണത്തിന് കാര്യക്ഷമമായ സംവിധാനം ഉണ്ടായേ തീരൂ. ഇത് ഉദ്യോഗസ്ഥന്മാരുടെയോ രാഷ്ട്രീയ മേധാവികളുടെയോ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാധ്യമങ്ങളെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള സംവിധാനമായിക്കൂടാ. വ്യക്തമായ നിയമങ്ങളുടെയും മാധ്യമധാര്‍മികതയുടെയും ഭരണഘടനാദത്തമായ അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനത്തിനു മാത്രമേ മാധ്യമസംബന്ധമായ പരാതികള്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ ശിക്ഷ നല്‍കാനുമുള്ള അധികാരമുണ്ടായിക്കൂടൂ.

സ്വതന്ത്ര സെക്കുലര്‍ നിലപാടുകളുള്ള ഒരു മാധ്യമം എന്ന നിലയില്‍ എന്‍.ഡി.ടി.വി.യെ കേന്ദ്രംഭരിക്കുന്ന ബി.ജെ.പി. ലക്ഷ്യം വെക്കുകയാണെന്ന ധാരണ പരന്നതും മാധ്യമലോകത്തുനിന്നുള്ള പ്രതികൂല പ്രതികരണവമുമാകാം മാധ്യമനിരോധനം നിര്‍ത്തിവെക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിരിക്കുക. നടപടി നിര്‍ത്തിവെച്ചാലും ബി.ജെ.പി. നേതൃത്വത്തിന്റെ രണ്ടു ഉദ്ദേശ്യങ്ങള്‍ ഒരു പരിധിവരെ സാധിച്ചെന്നു വേണം കരുതാന്‍. ഒന്ന്, രാജ്യരക്ഷയുടെയും രാജ്യസ്‌നേഹത്തിന്റെയും കുത്തക തങ്ങള്‍ക്കാണെന്നു ഒരിക്കല്‍കൂടി തങ്ങളുടെ ഭക്തജനവിഭാഗങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. രാജ്യരക്ഷയേക്കാള്‍ വലുതല്ല മാധ്യമസ്വാതന്ത്ര്യം എന്ന വാദം ഒരുപക്ഷേ മാധ്യമങ്ങളില്‍ വിലപോകില്ലായിരിക്കാം. പക്ഷേ, സോഷ്യല്‍മീഡിയയും മറ്റും ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തിന്റെ പക്ഷം നില്‍ക്കുന്ന പ്രതിപക്ഷത്തേയും പ്രതblished ിക്കൂട്ടിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്, മാധ്യമങ്ങളെയും ശിക്ഷിക്കാന്‍ മടിക്കില്ലെന്ന സന്ദേശം നല്‍കുന്നത് ദൃശ്യമാധ്യമ നടത്തിപ്പുകാരെ കുറച്ചെല്ലാം 'മര്യാദ'ക്കാരാക്കാനും വരുതിയില്‍ നിര്‍ത്താനും പ്രയോജനപ്പെടുമെന്നു തീര്‍ച്ച. ചെറിയ ഡോസുകള്‍ കൊടുക്കുമ്പോഴുള്ള പ്രതികരണങ്ങളില്‍ നിന്നാണല്ലോ മരുന്നിന്റെ ചില ഗുണദോഷങ്ങല്‍ പഠിക്കാന്‍ കഴിയുക.

Published in Madhyamam weekly Nov 2016

Sunday, 13 November 2016

ഭരണഘടനാ ബെഞ്ചിലെത്തിയ ഒരു പത്രപാസ്
ഗവര്‍ണര്‍ നിയമസഭയില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം വളരെ പ്രധാനപ്പെട്ട സംഗതി ആയാണ് പരിഗണിക്കപ്പെടുന്നത്. മന്ത്രിസഭ തയാറാക്കിക്കൊടുക്കുന്ന അവകാശവാദങ്ങള്‍ ഗവര്‍ണര്‍ വായിക്കുന്നുവെന്നല്ലാതെ അതില്‍ ഗവര്‍ണറുടേതായി യാതൊന്നും ഇല്ല എന്നത് വേറെ കാര്യം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ മഹാനേട്ടങ്ങളെക്കുറിച്ച് ഒരു പ്രസംഗവും മൂന്നുമാസം കഴിയുംമുന്‍പ് അതേ മന്ത്രിസഭയുടെ ദുഷ്പ്രവര്‍ത്തികളെക്കുറിച്ച് മറ്റൊരു പ്രസംഗവും ചെയ്യേണ്ടി വന്ന തന്റെ നാണക്കേടിനെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിലപിച്ചത് വാര്‍ത്തയായിരുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും നയപ്രഖ്യാപന പ്രസംഗം വലിയ വാര്‍ത്തയാണ്. പക്ഷേ, ഒരിക്കല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒരു പത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. പത്രലേഖകര്‍ മുഴുവന്‍ പ്രസംഗം ബഹിഷ്‌കരിച്ചതാണ് കാരണം. 1983 ഫെബ്രുവരിയിലുണ്ടായ ആ സംഭവം കേരളചരിത്രത്തില്‍ ആദ്യത്തെ നയപ്രഖ്യാപന ബഹിഷ്‌കരണമായിരുന്നു. ഒരു പക്ഷേ, അവസാനത്തേതും അതായിരിക്കാം. പി. രാമചന്ദ്രന്‍ ആയിരുന്നു ഗവര്‍ണര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹത്തോട് ഒരു വിരോധവും തലസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല. അതു കേസ് വേറെ. 

ഒരു പത്രവാര്‍ത്തയാണ് ഈ ബഹിഷ്‌കരണത്തിലേക്കു നയിച്ചത്. അതും ചരിത്രസംഭവംതന്നെ. നിയമസഭയുടെ അന്നത്തെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഒരു പത്രപ്രവര്‍ത്തകന്റെ നിയമസഭാ പാസ് റദ്ദാക്കി. ദേശാഭിമാനി ലേഖകന്‍ ആര്‍.എസ് ബാബുവിന്റെ പാസ് ആണ് റദ്ദാക്കിയത്. കുറച്ചു മുന്‍പ് നിയമസഭയുടെ രജതജൂബിലി ആഘോഷം കേമമായി നടന്നിരുന്നു. ആഘോഷത്തിന്റെ പണച്ചെലവു സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍നിന്നുള്ള കുറേ കാര്യങ്ങള്‍ ദേശാഭിമാനി വാര്‍ത്തയാക്കിയതാണു പ്രശ്‌നമായത്. പണം ചെലവഴിച്ചതിലെ അപാകതകളാണു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസഭാ സെക്രട്ടറി ഒരു നിഷേധക്കുറിപ്പ് ഇറക്കി. അതും ദേശാഭിമാനി പ്രസിദ്ധപ്പെടുത്തി. പക്ഷേ, അതോടൊപ്പം നിയമസഭാ സെക്രട്ടറിയുടെ കുറിപ്പിനെ ചോദ്യം ചെയ്യുന്ന വസ്തുതകളും ഉണ്ടായിരുന്നു. അത് സ്പീക്കര്‍ക്കത്ര പിടിച്ചില്ല. 

എന്തു സ്ഥാനം വഹിക്കുമ്പോഴുംസ്പീക്കറായിരിക്കുമ്പോള്‍ പ്രത്യേകിച്ചും തന്നിഷ്ടം ചെയ്യുന്ന കാര്യത്തില്‍ ഒട്ടും ലോപം പ്രകടിപ്പിക്കുന്ന ആളല്ല വക്കം പുരുഷോത്തമന്‍. നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഏകാധിപതിയാണ് സ്പീക്കര്‍ എന്നിരിക്കേ വക്കം ഇക്കാര്യത്തില്‍ തന്റെ അധികാരത്തില്‍ ചെയ്യാവുന്നതിന്റെ പരമാവധിതന്നെ ചെയ്തു. ആര്‍.എസ് ബാബു എന്ന ലേഖകന്‍ നിയമസഭയില്‍ കയറുന്നതു തടഞ്ഞു. അദ്ദേഹത്തിന് അനുവദിച്ചിരുന്ന അക്രഡിറ്റേഷന്‍ റദ്ദാക്കി.
ഈ നടപടി സ്വാഭാവികമായും പത്രപ്രവര്‍ത്തകരില്‍ പ്രതിഷേധമുയര്‍ത്തി. അന്നു ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു. ആര്‍.എസ് ബാബു പ്രതിപക്ഷപത്രത്തിന്റെ ലേഖകനും. ഇതൊരു പാര്‍ട്ടി തര്‍ക്കം മാത്രം ആകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ഒറ്റക്കൊട്ടായി നിന്ന് ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഭരണപ്രതിപക്ഷഭേദമില്ലാതെ, കോണ്‍ഗ്രസ് പത്രമായ വീക്ഷണത്തിന്റെ ലേഖകനുള്‍പ്പെടെ എല്ലാ പത്രപ്രവര്‍ത്തകരും ബഹിഷ്‌കരണത്തില്‍ പങ്കാളികളായി. 

പ്രസംഗത്തിന്റെ ഒരു വരി പോലും വെളിച്ചം കണ്ടില്ല. ഇതു സഭ ബഹിഷ്‌കരണത്തില്‍ ഒതുങ്ങിനിന്നില്ല. പത്രപാസ് നിഷേധം പത്രസ്വാതന്ത്ര്യത്തിന്റെയും അതുവഴി ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിന്റെയും നിഷേധമാണെന്ന വാദമുയര്‍ത്തി പത്രപ്രവര്‍ത്തക സംഘടന നീണ്ടുനിന്ന നിയമയുദ്ധത്തിന് ഒരുമ്പെട്ടു. പ്രസ് പാസ് കേസ് ഒരു ഭരണഘടനാ പ്രശ്‌നമായി ഭരണഘടനാ ബെഞ്ചിലുമെത്തി. നിയമപണ്ഡിതരിലും ഭരണഘടനാ വിദഗ്ധരിലും ഏറെ താല്‍പ്പര്യമുയര്‍ത്തിയ ഒരു കേസ് ആയിരുന്നു ഇത്.

പത്രപ്രവര്‍ത്തകരില്‍നിന്ന് ഏറെ ഉപദ്രവങ്ങള്‍ സഹിച്ച ആളാണെങ്കിലും അവരുടെ പ്രശ്‌നങ്ങളെല്ലാം അനുഭാവപൂര്‍വം കൈകാര്യം ചെയ്ത കെ. കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി. വക്കത്തെ മെരുക്കാനും പാസ് വീണ്ടും അനുവദിപ്പിക്കാനും അദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല. ലേഖകന്‍ മാപ്പു പറയുകയും പത്രത്തില്‍ അതുപ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നായിരുന്നു സ്പീക്കറുടെ നിബന്ധന. ഇ.കെ നായനാരായിരുന്നു പ്രതിപക്ഷ നേതാവ്. അദ്ദേഹം തന്നെയായിരുന്നു ദേശാഭിമാനി പത്രാധിപരും. അദ്ദേഹമോ കേരള പത്രപ്രവര്‍ത്തക യൂനിയനോ ഇങ്ങനെയൊരു ഒത്തുതീര്‍പ്പിനു തയാറായില്ല. 

തുടര്‍ന്നു സംഗതി കോടതിയിലെത്തി. കെ.യു.ഡബ്ല്യു.ജെക്കു വേണ്ടി ജനറല്‍ സെക്രട്ടറി മലപ്പുറം പി. മൂസയും തിരുവനന്തപുരം പ്രസ്‌ക്ലബിനു വേണ്ടി സെക്രട്ടറി പി. രവീന്ദ്രന്‍നായരും ഹൈക്കോടതിയെ സമീപിച്ചു. യൂനിയന്റെ വാദങ്ങള്‍ സ്പീക്കര്‍ക്കു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകരാണ് ഉന്നയിച്ചത്. റിപ്പോര്‍ട്ടര്‍മാര്‍ സഭാനടത്തിപ്പില്‍ ഒരു പ്രത്യേകാവകാശവുമില്ലാത്ത അപരിചിതന്‍ ആണ് എന്ന വാദമായിരുന്നു ഇതില്‍ പ്രധാനം. അപരിചിതന്‍ എന്നത് നിയമസാങ്കേതിക ഭാഷയിലെ സ്‌ട്രെയ്ഞ്ചര്‍ ആണ്. ആര്‍.എസ് ബാബു ഈ വിഭാഗത്തില്‍പെട്ട വെറും സന്ദര്‍ശകനാണെന്നും അത്തരമൊരാള്‍ക്കു പാസ് മൗലികാവകാശമല്ലെന്നും പാസ് കൊടുക്കലും കൊടുക്കാതിരിക്കലും സ്പീക്കറുടെ വിവേചനാധികാരമാണെന്നും സര്‍ക്കാര്‍ വാദിച്ചു. 

എന്നാല്‍, കോടതി ഈ വാദം സ്വീകരിച്ചില്ല. അക്രഡിറ്റേഷനുള്ള റിപ്പോര്‍ട്ടര്‍ സഭയില്‍ അപരിചിതനല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു അര്‍ഹനാണെന്നും അതിനാല്‍ പാസിനു അര്‍ഹതയുണ്ടെന്നും സ്പീക്കറുടെ നടപടി ശരിയല്ലെന്നും ആയിരുന്നു ജസ്റ്റിസ് എം.പി മേനോന്റെ സിംഗിള്‍ ബഞ്ചിന്റെ വിധി.

 ഉത്തരവ് ചീഫ് ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റി അധ്യക്ഷനായ ഫുള്‍ബഞ്ച് ശരിവച്ചു. പത്രപ്രവര്‍ത്തകന്‍ നിയമ നിര്‍മാണസഭയില്‍ കേവലമൊരു സന്ദര്‍ശകന്‍ മാത്രമല്ലെന്നും അവരുടെ പ്രവേശനം വിവേചനാധികാരത്തോടെ വിലക്കിയാല്‍ അതില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നുമാണ് ഇതില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞുവന്നത്. ഇതുകൊണ്ടൊന്നും സ്പീക്കര്‍ വക്കം അടങ്ങിയില്ല. സര്‍ക്കാര്‍ സ്‌പെഷല്‍ ലീവ് പെറ്റീഷനുമായി സുപ്രിംകോടതിയിലേക്കു നീങ്ങി. കോടതി ഇതു ഭരണഘടനാ ബെഞ്ചിനു കൈമാറി. അതവിടെ കിടന്നു, പത്തു വര്‍ഷത്തോളം.

ഇതിനിടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന, മുസ്‌ലിം ലീഗിലെ കെ.എം ഹംസക്കുഞ്ഞ് ആര്‍.എസ് ബാബുവിനു പാസ് തിരിച്ചുകൊടുത്തു പ്രശ്‌നം തീര്‍ത്തു. തുടര്‍ന്നു ഭരണഘടനാ ബെഞ്ച് കേസ് അവസാനിപ്പിക്കുകയും ചെയ്തു. ആര്‍.എസ് ബാബു ഇപ്പോള്‍ കേരള മീഡിയ അക്കാദമി ചെയര്‍മാനാണ്.


നേരത്തെ മിസോറാം ഗവര്‍ണറായിരുന്ന വക്കം 1993ല്‍ അന്തമാന്‍ നിക്കോബാറിലും ഗവര്‍ണറായി. അതുകഴിഞ്ഞ് തിരിച്ചുവന്നു വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായെന്നു മാത്രമല്ല, 2001 ജൂണ്‍ മുതല്‍ 2004 സെപ്റ്റംബര്‍ വരെ വീണ്ടും സ്പീക്കറുമായി. ഇത്തവണ ആരുടെയും പ്രസ് പാസിലല്ല പിടികൂടിയത്. സഭയില്‍ ദൂരദര്‍ശന്‍ കാമറകള്‍ മാത്രമേ അനുവദിക്കൂ, സ്വകാര്യ ചാനലുകള്‍ പാടില്ല എന്നായിരുന്നു ഉത്തരവ്. തൊട്ടുമുന്‍പ് ഇടതുപക്ഷം അധികാരത്തിലിരിക്കേ സ്പീക്കറായിരുന്ന എം. വിജയകുമാര്‍ സ്വകാര്യ ചാനലുകള്‍ക്കു നല്‍കിയ അനുമതിയാണ് വക്കം റദ്ദാക്കിയത്. പാര്‍ലമെന്റില്‍ അതനുവദിക്കുന്നില്ല എന്നായിരുന്നു വാദം. പക്ഷേ, ഇതും വേഗം അപ്രത്യക്ഷമായി. 

റിപ്പോര്‍ട്ടര്‍മാര്‍ സഭയില്‍ കയറാന്‍ പാടില്ല എന്ന ബ്രിട്ടീഷ് നിയമ നിര്‍മാണസഭയിലെ നിരോധനത്തിനെതിരേ തുടങ്ങിയതാണ് മാധ്യമസാന്നിധ്യത്തിനു വേണ്ടിയുള്ള പോരാട്ടം. ഇന്ന് അത്തരം നിരോധനങ്ങള്‍ എവിടെയുമില്ല, നിയന്ത്രണങ്ങളേയുള്ളൂ. ജനങ്ങളുടെ അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ്. ഒരു വക്കം പുരുഷോത്തമനോ ഏതാനും അഭിഭാഷകരോ വിചാരിച്ചാല്‍ ഇല്ലാതാകുന്നതല്ലല്ലോ അതൊന്നും.Thursday, 10 November 2016

ഇന്ദ്രന്‍ വിശേഷാല്‍പ്രതിയെഴുത്തു നിര്‍ത്തി

Top of Formഞാന്‍ 2016 നവംബര്‍ എട്ടിന് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ്‌

മാതൃഭൂമിയിലെ എന്റെ പംക്തി- വിശേഷാല്‍പ്രതി - കാത്തിരുന്നു വായിക്കുന്ന എന്റെ അനേകമനേകം സുഹൃത്തുക്കളോട് പറയാതെ വയ്യ. 22 വര്‍ഷമായി എഴുതിവരുന്ന പംക്തി ഞാന്‍ കഴിഞ്ഞയാഴ്ചയോടെ നിര്‍ത്തി. ഇനി ഇന്ദ്രന്‍ ഉണ്ടാവില്ല. വിശേഷാല്‍പ്രതി ഉണ്ടാവും.....കൂടുതല്‍ കഴിവുള്ള യുവസുഹൃത്തുക്കള്‍ ആരെങ്കിലും എഴുതും.
ഫോണ്‍ ചെയ്തും മെയില്‍ അയച്ചും ആദ്യകാലത്ത് പണം മുടക്കി കത്തയച്ചും നേരില്‍ കാണുമ്പോള്‍ അഭിനന്ദിച്ചും
,
ഒരാഴ്ച കണ്ടില്ലെങ്കില്‍ ആശങ്ക പ്രകടിപ്പിച്ചും .....എന്നെക്കൊണ്ട് ഇത്ര കാലം ഇതെഴുതിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. മറ്റ് എഴുത്തുകള്‍ പതിവു പോലെ തുടരും. എന്റെ സൈറ്റില്‍ അവ ലഭ്യമായിരിക്കും എന്‍പിരാജേന്ദ്രന്‍ഡോട്‌കോം .....കാണാം
Top of Form
LikeShow More Reactions
Comments
55 of 72

Rahman Thayalangady ഇന്നു കേട്ട ഏറ്റവും സങ്കടകരമായ വാർത്ത.

Venu Edakkazhiyur സന്തോഷം, രാജേന്ദ്രൻ. മാതൃഭൂമിയുടെ അവഹേളങ്ങൾ ഉണ്ടായിട്ടും ഈ പങ്ക്തി ഇതുവരെ തുടർന്നല്ലോ! ഇനി ഡോട്ട് കോമിൽ കാണാം. ആശംസകൾ....

Jayan Mangad ബോറടിച്ചു നിൽക്കുകയായിരുന്നു .. നിർത്തിയതിൽ സന്തോഷം ..

Np Rajendran Thanks


Manu J. Vettickan That's sad news! Long live indran!!

Arif Zain കാത്തിരുന്ന് വായിച്ചിരുന്ന പംക്തി. അന്തരിച്ച എന്‍റെ പിതാവ് തിങ്കളാഴ്ചത്തെ മാതൃഭൂമി കിട്ടിയാല്‍ ആദ്യം ഓപ്-എഡ്‌ പേജില്‍ പോയി ഇന്ദ്രനെ വായിച്ച് പതുക്കെ ചിരിക്കുമായിരുന്നു

Rajeev Kumar അഞ്ഞൂറാന് പകരമാകുമോ നൂറിന്റെ നോട്ട്?
Lijeesh Kumar ഇന്ദ്രനാരാന്ന് തപ്പിയൊരു കാലത്ത് ഒരു കൂട്ടുകാരൻ പറഞ്ഞു, കണ്ടു പിടിക്കുക റിസ്കാണ്, മൂപ്പർ തല്ലു കിട്ടുമോന്ന് പേടിച്ച് പേരുമാറ്റി ജീവിക്കുകയാണെന്ന് !! കറുത്ത തമാശകൾ കൊണ്ട് ചിരിപ്പിച്ച് ഞാനെഴുത്ത് പഠിച്ച പ്രായത്തെ നിങ്ങൾ ധന്യമാക്കി | നന്ദി ..

Suresh Kumar മലയാളത്തിൽ എങ്ങനെ എഴുതണം എന്ന് പഠിപ്പിക്കുന്ന ഒരു പംക്തിയാണ് വിശേഷാൽ പ്രതി. അത് NPR എഴുതുന്നതു പോലെ മറ്റാർക്കും കഴിയുമോ ' എന്നു തോന്നുന്നില്ല. മറ്റു പലരും ഇതേ മാതൃകയിൽ ശ്രമം നടത്തി നോക്കിയിട്ടുണ്ടെങ്കിലും ആ ഒരു ശൈലി ആർജിക്കാൻ കഴിഞില്ലന്നതാണ് സത്യം . ഉപ്പോളം വരുമോ ഉപ്പിലിട്ടത്?

Devaraj Meyana Nanmanda Sad ... That was a standard satire column in Mathrubhoomi...

Vikas Moothedath രാജേന്ദ്രൻ ചേട്ടാ ഇത് തുടരണം . മലയാളി യുടെ അവകാശമാണത് .എഴുത്തുകാരന് മാത്രമല്ല വായനക്കാരനും ഉണ്ട് അവകാശവും അധികാരവും

Skamal Kamal i will miss it

Suresh Kumar ഇന്ദ്രൻസ് പംക്തി വേറെ എവിടെയെങ്കിലും തുടരാൻ പറ്റില്ലേ?
Np Rajendran തീരുമാനിച്ചില്ല, ആലോചിക്കുന്നുണ്ട്...

Girishkumar Kumar Best wishes and miss you

Shaji Parappanadan ആനുകാലിക വിഷയങ്ങളിലെ സരസമായ ഇടപെടൽ തുടരുക.... ഞങ്ങൾ കാത്തിരിക്കും.
Siju Chollampat തുടങ്ങിയ കാലം മുതൽ വായിച്ചിരുന്നു. എന്റെ രാഷ്ട്രീയം രൂപപ്പെട്ടതിൽ ആ പരമ്പരക്കും പങ്കുണ്ട്

Sasikumar Vasudevan Condole...

Sasikumar Vasudevan Condole...
Tpm Basheer വിശേഷാല്‍പ്രതി ഇന്ദ്രന്‍ എഴുതുന്നതു പോലെയാവില്ലല്ലോ മറ്റാര് എഴുതിയാലും.
വല്ലാത്ത നഷ്ടബോധം.!

Venu Kerala ശരിക്കും ഒരു നഷ്ടമാണ് സർ...

George Kallivayalil Big miss. Loved Indrans
Shajudeen Ep നവംബറിന്റെ നഷ്ടം
Gopikrishnan KR വിശേഷാൽ പ്രതിയുടെ ആസ്വാദകർക്ക് സങ്കടമുണ്ടാക്കുന്ന വാർത്ത .കഴിഞ്ഞ പതിനാറ് വർഷങ്ങളായി പംക്തി ക്ക് രേഖാചിത്രംവരയ്ക്കുന്ന എനിക്ക് നഷ്ടബോധവും ദുഃഖ വും അതുണ്ടാക്കുന്നു . ബി .എം ഗഫൂർ ,മദനൻ,രജീന്ദ്രകുമാർ എന്നീ മാസ്റ്റർമാരാണ് അതിന് മുൻപ് വരച്ചിരുന്നത് .ഇന്ദ്രന് വേണ്ടി വരയ്ക്കുക എന്നത് വലിയ അഭിമാനമായി കണ്ടിരുന്നതിനാൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു .ആദ്യ വായനക്കാരൻ എന്ന അഹങ്കാരവും ഉണ്ടായിരുന്നു .ഗാലറിയിൽ ഇരുന്ന് കളി കാണുന്നതിനിടയിൽ നമ്മൾ കളത്തിലേക്ക്ചാടരുത് എന്ന പാഠമാണ് ഇന്ദ്രൻ എനിക്ക് നൽകിയിട്ടുള്ളത് .ചില ആളുകൾ മനഃപൂർവമായും ചിലർ നിഷ്കളങ്കവുമായും ഇന്ദ്രനെ ഇന്ദ്രൻസ് എന്ന് വിളിക്കുന്നത് എൻ .പി .ആർ സ്നേഹപൂർവ്വം തിരുത്താൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.വിശേഷാൽപ്രതി മാതൃഭൂമി ബുക്ക്സ് രണ്ടു പുസ്തകങ്ങളാക്കിയിട്ടുണ്ട് .പംക്തി എഴുത്തുകാർക്കും കാർട്ടൂൺ വരയ്ക്കുന്നവർക്കും ഒരു പാഠപുസ്തകം ആയിരിക്കും അവ. ഒന്നിൻറെ കവർ ചിത്രം എൻറേതാണ്‌ .മൊയില്യാർക്ക് ഉറുക്ക് കെട്ടരുതെന്നു പറയാറുണ്ടല്ലോ .അങ്ങനെ ഒരു കുരുത്തക്കേട്‌ ഞാൻ ചെയ്തിട്ടുണ്ട് .വീണ്ടും വിശേഷാൽ പ്രതി എന്ന പുസ്തകത്തിന് ഞാൻ അവതാരിക എഴുതിയിട്ടുണ്ട് .പേടിച്ചിട്ടാണ് ...Description: https://www.facebook.com/images/emoji.php/v5/f6c/1/16/2764.png<3
Np Rajendran ബെസ്റ്റ് അവതാരികയായിരുന്നു അത്. ഗോപിയുടെ വരയെ തോല്പിക്കാന്‍ ഒരെഴുത്തിനും കഴിയില്ലെന്ന് തോന്നാറുണ്ട്

Np Rajendran ബെസ്റ്റ് അവതാരികയായിരുന്നു അത്. ഗോപിയുടെ വരയെ തോല്പിക്കാന്‍ ഒരെഴുത്തിനും കഴിയില്ലെന്ന് തോന്നാറുണ്ട്
Sree Kumar · Friends with KP Sukumaran
sarcasm comedy intellect mixed style was inimitable but why stop now LDF rule will create lot of occasions to write more for example releasing kirmani manoj

സർ ,ഞങ്ങൾക്ക് മാതൃഭൂമി തന്നെ വേണമെന്നില്ല. എന്‍പിരാജേന്ദ്രന്‍ഡോട്‌കോം....തുടരുക....ഞങ്ങളുണ്ടിവിടെ .....വായിക്കാൻ ....
Ks Praveen Kumar Deshabhimani ങ്ങളും മോഡിക്ക് പഠിക്യാ?

Np Rajendran അത്രക്കങ്ങട് ആയില്ല!

Deepa Mohan REALLY SAD NEWS SIR.............. BEST OF LUCK FOR YOUR NEW FIELDS

Najmal N Babu np a loss to me- now matrubhumi is closed to my ramblings- ha ha

Shiju Aachaandy രണ്ടു പുസ്തകങ്ങളും എന്‍റെ പക്കലുണ്ട്. വിശേഷാല്‍ പ്രതി എന്ന പേരു തന്നെ വേണമെന്നില്ല. ഡോട് കോമില്‍ തുടരണമെന്നഭ്യര്‍ത്ഥിക്കുന്നു.

Manoj VB I was regular reader of this series. it was really interesting. best wishes for all ur future plans

Sherrif Kakkuzhi-Maliakkal അതിശയോക്തിയല്ല, മാതൃഭൂമിയില്‍ വിവരമുള്ള ഒരേയൊരു പംക്തി അതായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉള്ളവര്‍ക്ക് പോലും സന്തോഷത്തോടെ വായിക്കാന്‍ പറ്റുന്ന ഒന്ന്. ഇനി വരുന്ന യമണ്ടന്‍ ആരാണാവോ.
Novemberinte nashtam

Abhijith Mullakkal Sasidharan വളരെ അധികം വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ..!! എങ്കിലും മറക്കാനാവാത്ത വായനാനുഭവം സമ്മാനിച്ച "ഇന്ദ്രന്‍റെ " വിശേഷാല്‍ പ്രതിക്ക് ഒരായിരം നന്ദി അറിയിക്കുന്നു........ തുടര്‍ന്ന് വരുന്ന വിശേഷാല്‍പ്രതികള്‍ക്ക് ആശംസകളും...

Pramod Kumar Can you please reconsider your decision.
Like · Reply · 23 hrs

Np Rajendran മാതൃഭൂമിയില്‍ ഇനി ഇല്ല. വേറെ എഴുതുന്ന കാര്യം തീരുമാനിച്ചാല്‍ എഫ്ബിയില്‍ അറിയിക്കാം.
Pramod Kumar Thank you so much. I am so addicted to your article that can not imagine about some else is writing that column.
Prathapan Thayat pusthakam aakkanamennu adhyam paranhathu nhanayirunnu
Np Rajendran സത്യം...ആദ്യപുസ്തകത്തിന്റെ ആമുഖത്തില്‍തന്നെ ഞാനത് എഴുതിയിട്ടുണ്ട്...


Knk Punnelil · Friends with Saju Kochery and 1 other
ആഴ്ചവട്ടക്കാര്യങ്ങൾ സ്വതന്ത്രമനസ്സോടെ ഹാസ്യവും പക്വതയും കലർത്തി മൂർച്ചയുള്ള പ്രയോഗങ്ങളായിരുന്നു. ഒരു പ്രതിഭയാണിവിടെ പുഷ്പിക്കാതെ പോകുന്നത്!
Krishnadas Chembilary Why such a decision?.It is very hurting

Np Rajendran one dozen reasons! will talk later
 Satheesh Kumar പത്ര വായനയുടെ ലോകത്ത് പ്രിയപ്പെട്ടവരിൽ ഒരാൾ ആണ് ഇന്ദ്രൻ. 
എൻ.പി. സാറിന്റെ എഴുത്തു തുടരുക.

 Ravindranath Tk ഞാൻ താങ്കളുടെ ഈ പംക്തി അതിന്റെ ആരംഭം 
മുതൽ വായിക്കുന്ന ഒരാളാണ്. തിങ്കളാഴ്ച
മാതൃഭൂമി കിട്ടിയാൽ ആദ്യം വായിക്കുക ...See more
 Saijal Kizhakke Kodakkattu ഒരൽപം അഹങ്കാരത്തോടെ കൂട്ടുകാരോട് പറയാറുണ്ടായിരുന്നു..'വിശേഷാൽ പ്രതി' എഴുതുന്ന 'ഇന്ദ്രൻ', എൻെറ തൊട്ടയൽപ്പക്കത്തെ രാജേന്ദ്രേട്ടനാണെന്ന്..
ആ ഇന്ദ്രനെ അറിഞ്ഞതിൽ സന്തോഷം. മാതൃഭൂമി നിർത്തീട്ട് കുറേയായി.

Prakasan Puthiyetti സങ്കടകരം

K.k. Gopalakrishnan So sad Np RajendranRead most of the papers mainly online but on Mondays the Mathrubhumi print edition for the feel of it with the cartoon by Gopikrishnan KR Appreciate your humour.

CP Rajendran Why sir, such surprise decision .? Feeling too sad, as I was the regular reader since beginning. Missing a lot sir. However thanks a lot for such articles presented. Best of luck where ever you are.

Np Rajendran Thanks CPR...that became inevitable...and there is the saying ...
സ്വരം നന്നായിരിക്കുമ്പോള്‍...
.

Sajad Babu വായനയെ ഏറെ രസകരമാക്കിയ പംക്തിയായിരുന്നു താങ്കളുടെ വിശേഷാല്‍പ്രതി.. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ വർഷങ്ങൾ..............

P.k. Chandran It is shocking to hear that Indrans in Mathrubhumi daily will not suggest,advice,inspire we,readers anymore.Then why we insist on such a newspaper,just for reading advertisements.....

Np Rajendran എഴുത്ത് ഞാൻ സ്വയം നിർത്തിയതാണ് ..... കാരണങ്ങൾ പലതുണ്ട് - തൽക്കാലം ക്ഷമിക്ക്
 Hari Kumar Will follow and read u...
Unlike · Reply · 1 · 14 hrs

Akhilesh Nelliat So sad...
Like · Reply · 13 hrs
Anshad Naduvannur a sad news.
Like · Reply · 13 hrs

Csmeenakshi Ajit നല്ല രസമായിരുന്നു വായിക്കാൻ
Unlike · Reply · 1 · 13 hrs

കഷ്ടമാണ് മാതൃഭൂമീ... കഷ്ടം

Np Rajendran I am to blame, not Mathrubhumi
Anish Mohan Really glad to know the author 'Indran' of viseshal prathi. Pls dont stop writing and keep on writing under the same name in ur site. Should say that viseshal prathi was always timeless.. thanks Mr Rajendran.
Like · Reply · 7 hrs

Like · Reply · Just now
Bottom of Form