Sunday, 25 December 2016

ഐക്യകേരളത്തില്‍ ആദ്യം തൂക്കിലേറ്റപ്പെട്ട പാവം മാധവന്‍


1953 രണ്ടാം പകുതിയിലെന്നോ തിരുവനന്തപുരം പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നു. കൊലക്കുറ്റം ചെയ്ത മാധവന്‍ എന്നൊരു കൂലിത്തൊഴിലാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു എന്നായിരുന്നു വാര്‍ത്ത. ചെറിയ വാര്‍ത്ത. തിരുവിതാംകൂറില്‍  ഇല്ലാതിരുന്ന വധശിക്ഷ തിരിച്ചുവന്ന ശേഷം ഉണ്ടാകുന്ന ആദ്യത്തെ വിധിയാണ് ഇതെന്നൊന്നും വാര്‍ത്തയിലില്ലാതിരുന്നതിനാല്‍ ആളുകളില്‍ വാര്‍ത്ത വലിയ കൗതുകമൊന്നും ഉണ്ടാക്കിയില്ലെന്നും കെ.സി ജോണ്‍ എഴുതുന്നു. വാര്‍ത്ത പക്ഷേ, കെ.സി ജോണിനെ പിടിച്ചുലക്കുക തന്നെ ചെയ്തു


മാധ്യമശ്രദ്ധയാകര്‍ഷിച്ച നിഷ്ഠൂര കൊലപാതകങ്ങള്‍, പ്രത്യേകിച്ചും വധിക്കപ്പെട്ടതു സ്ത്രീകളോ കുട്ടികളോ ആണെങ്കില്‍, വിചാരണ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതു പ്രതിയെ തൂക്കിക്കൊല്ലണം എന്നാണ്. കൊലയാളിയോളം പ്രതികാരവ്യഗ്രത പൊതുജനത്തിനും ഉണ്ട്. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം കിണഞ്ഞു ശ്രമിക്കുകയും ചെയ്യും. വധശിക്ഷ പാടില്ല എന്നു പറയുന്നതുതന്നെ ഒരു കുറ്റകൃത്യമാണ് എന്നതാണ് ഇന്നത്തെ പൊതുമനോഭാവം.

    ഇതിനകത്തെ വൈരുധ്യം കൂടുതല്‍ പ്രകടമാവുകയാണ്. വധശിക്ഷ കുറഞ്ഞുവരുന്നു. പക്ഷേ, തൂക്കിക്കൊല വേണമെന്ന മുറവിളിക്ക് ശക്തിയേറുന്നു. നിയമവ്യവസ്ഥകളൊന്നും മാറിയിട്ടില്ലെങ്കിലും വധശിക്ഷ കുറഞ്ഞുവരുന്നത് ജുഡിഷ്യല്‍ ചിന്തയില്‍ വന്ന മാറ്റത്തിന്റെ ഫലമായാണ്. 'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' കൊലയാണെങ്കില്‍ മാത്രമേ കൊലയാളിയെ തൂക്കിക്കൊല്ലാവൂ എന്നാണ് ഇപ്പോള്‍ നീതിന്യായ ചിന്തകര്‍ കരുതുന്നത്.

വേറെയുമൊരു വൈരുധ്യമുണ്ട്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ തിരുവിതാംകൂറില്‍ വധശിക്ഷ ഉണ്ടായിരുന്നില്ല. ഇല്ലാതാക്കിയത് ആരാണ്? പുന്നപ്ര വയലാറില്‍ നടന്ന കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദിയെന്ന പേരിലും മറ്റനേകം കാരണങ്ങളാലും നിഷ്ഠൂരന്‍ എന്നു മുദ്രയടിക്കപ്പെട്ട സര്‍ സി.പി രാമസ്വാമി അയ്യര്‍ എന്ന ദിവാന്‍! 1944 നവംബര്‍ പതിനൊന്നിന്. അതു തിരുവിതാംകൂറില്‍ തിരിച്ചുവന്നത് അഹിംസയിലൂടെ ബ്രിട്ടിഷുകാരെ തുരത്തി എന്നവകാശപ്പെട്ടവര്‍ അധികാരമേറ്റ ശേഷവും. സ്വാതന്ത്ര്യം നേടിത്തന്ന അഹിംസാപ്രവാചകനെ കൊടിയ ഹിംസയിലൂടെ പരലോകത്തേക്കയച്ചു. അതുചെയ്ത ആളെയാവട്ടെ തൂക്കിക്കൊല്ലുക തന്നെ ചെയ്തു.
കേരളം ഉണ്ടാകുന്നതിനു മുന്‍പുതന്നെ തിരുവനന്തപുരത്തു പത്രപ്രവര്‍ത്തനം തുടങ്ങിയ കെ.സി ജോണ്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ജീവിതാനുഭവം വിവരിക്കുന്നുണ്ട് തന്റെ ആത്മകഥയായ 'ബിയോണ്ട് ദ ഡെഡ്‌ലൈന്‍' എന്ന പുസ്തകത്തില്‍.

1953 രണ്ടാം പകുതിയിലെന്നോ തിരുവനന്തപുരം പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നു. കൊലക്കുറ്റം ചെയ്ത മാധവന്‍ എന്നൊരു കൂലിത്തൊഴിലാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു എന്നായിരുന്നു വാര്‍ത്ത. ചെറിയ വാര്‍ത്ത. തിരുവിതാംകൂറില്‍  ഇല്ലാതിരുന്ന വധശിക്ഷ തിരിച്ചുവന്ന ശേഷം ഉണ്ടാകുന്ന ആദ്യത്തെ വിധിയാണ് ഇതെന്നൊന്നും വാര്‍ത്തയിലില്ലാതിരുന്നതിനാല്‍ ആളുകളില്‍ വാര്‍ത്ത വലിയ കൗതുകമൊന്നും ഉണ്ടാക്കിയില്ലെന്നും കെ.സി ജോണ്‍ എഴുതുന്നു.
വാര്‍ത്ത പക്ഷേ, കെ.സി ജോണിനെ പിടിച്ചുലക്കുക തന്നെ ചെയ്തു.  വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മാധവന്‍ കോട്ടയം ചെമ്മരപ്പള്ളിയില്‍ കെ.സി ജോണിന്റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനായിരുന്നു. തന്റെ പഴയ സുഹൃത്ത് ആരെയാണ് കൊന്നത്, എന്തിനാണു കൊന്നത്? ജോണ്‍ പലരെയും വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. ഒരു പ്രേമത്തിന്റെ ദുരന്താവസാനമായിരുന്നു അതെന്നു ജോണ്‍ വേദനയോടെ കണ്ടെത്തി.

മാധവന്‍ പ്രേമിച്ചത് ഉറ്റസുഹൃത്തായ ചെത്തുകാരന്‍ തങ്കയുടെ സഹോദരിയെ ആയിരുന്നു. പ്രേമബന്ധം തങ്കയ്ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും തങ്കമാധവന്‍ സൗഹൃദം തുടര്‍ന്നു. പതിവുപോലെ അന്നും വൈകിട്ട് കള്ളുഷാപ്പില്‍ ചെന്ന് വേണ്ടത്ര പാനീയം അകത്താക്കി രണ്ടുപേരും കളിതമാശ പറഞ്ഞു മടങ്ങവേ പൊടുന്നനെ സഹോദരിയെ പ്രേമിക്കുന്ന വിഷയം തങ്ക എടുത്തിട്ടു. എന്തോ പറഞ്ഞ് അവര്‍ തമ്മില്‍തെറ്റി. മദ്യത്തിന്റെ സ്വാധീനം കാരണമാകാം, മാധവന്‍ തങ്കയുടെ അരയിലെ ചെത്തുകത്തി വലിച്ചൂരി തങ്കയെ വെട്ടി.
 ബിയോണ്ട് ദി ഡെഡ്‌ലൈന്‍-കെ.സി.ജോണിന്റെ കൃതി

കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നോ, അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ എന്നൊന്നും അക്കാലത്തു കോടതി നോക്കാറില്ലല്ലോ. ഐ.പി.സി പ്രകാരം തൂക്കിക്കൊല്ലാന്‍ മതിയായ കുറ്റം. കോടതി പരമാവധി ശിക്ഷ തന്നെ വിധിച്ചു. വധശിക്ഷയുടെ തിയതി തീരുമാനിച്ചപ്പോള്‍ കെ.സി ജോണ്‍ കൊലയുടെ പശ്ചാത്തലമെല്ലാം ഉള്‍പ്പെടുത്തി ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത പ്രസിദ്ധപ്പെടുത്തി. അതിലൊരു വാര്‍ത്താംശം വേറെയും ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ വധശിക്ഷ ഇല്ലാതിരുന്നതു കൊണ്ടാകാം യോഗ്യതയുള്ള ആരാച്ചാര്‍ അപ്പോഴുണ്ടായിരുന്നില്ല. വാര്‍ത്തയ്ക്ക് അപ്രതീക്ഷിത പ്രതികരണമുണ്ടായി. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ആരോ ആരാച്ചാരാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ജയിലധികൃതരുമായി ബന്ധപ്പെട്ടു. പക്ഷേ, അപ്പോഴേക്കും ജയിലധികൃതര്‍ മറ്റൊരാളെ നാട്ടില്‍തന്നെ കണ്ടെത്തിയിരുന്നു.

വ്യക്തിപരമായും തൊഴില്‍പരമായും താല്‍പര്യമുള്ളതുകൊണ്ട് ജോണ്‍ ജയില്‍ ഐ.ജി കര്‍ത്തയെ സമീപിച്ച് മാധവനെ കാണാന്‍ സഹായം അഭ്യര്‍ഥിച്ചു. ഐ.ജി ഒട്ടും വിമുഖത കാട്ടിയില്ല. തൂക്കിക്കൊല്ലുന്നതിന്റെ തലേന്നു വൈകിട്ട് മാധവനെ കാണാന്‍ സമയം കൊടുത്തു. ഐ.ജി തന്നെ ജോണിനൊപ്പം സെല്ലിലേക്കു ചെന്നു. ഐ.ജി സെല്ലിലെത്തിയപ്പോള്‍ ചെയ്ത കാര്യം ജോണിനെ അമ്പരപ്പിച്ചുകളഞ്ഞു. യൂനിഫോമിന്റെ കീശയില്‍നിന്ന് അദ്ദേഹം ഒരു ചെറിയ കുപ്പി ബ്രാണ്ടി എടുത്തു കെ.സി ജോണിനു കൊടുത്തു. കളിക്കൂട്ടുകാരനുള്ള അവസാനത്തെ സമ്മാനമായി ഇതു കൊടുത്തുകൊള്ളൂ എന്ന് ജോണിനോടു പറഞ്ഞു. പക്ഷേ, ജോണിന്റെ മനസു പിടഞ്ഞു. എങ്ങനെ അതു ചെയ്യും… ഹൃദയം തകരും, എനിക്കു വയ്യ എന്നു ജോണ്‍ പറഞ്ഞപ്പോള്‍ ഐ.ജി തന്നെ കുപ്പി മാധവനു കൊടുത്തു.

ജോണിനെ കണ്ടപ്പോള്‍ത്തന്നെ മാധവന്‍ ഞെട്ടുകയും കൈകാലുകള്‍ വിറയ്ക്കുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. കുപ്പിയിലെ മദ്യം മാധവന്‍ വെള്ളം ചേര്‍ക്കാതെ ഒരു വലിക്ക് അകത്താക്കി, പിന്നെ കൂജയില്‍നിന്ന് ഒരുപാട് വെള്ളം കുടിക്കുകയും ചെയ്തു. ഒന്നും പറയാനാകാതെ, വിതുമ്പിക്കരയുന്ന മാധവനെ വിട്ട് ഇരുവരും മടങ്ങി.
തൂക്കിക്കൊല്ലുന്നതു കാണാന്‍ ജോണിനെ ഐ.ജി ക്ഷണിച്ചെങ്കിലും ജോണ്‍ പോയില്ല. തൊഴില്‍പരമായി അതൊരു തെറ്റായ തീരുമാനമായിരുന്നു. പക്ഷേ, വ്യക്തിപരമായി ജോണിനു അതേ പറ്റുമായിരുന്നുള്ളൂ. വധശിക്ഷ നടപ്പായി.

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെങ്കില്‍ മാധവന്‍ ഏതാനും വര്‍ഷം ജയിലില്‍ കിടന്ന ശേഷം വീട്ടിലെത്തുമായിരുന്നു! എന്തൊരു വിധിയാണ് ആ മനുഷ്യന്റേതെന്ന് ഓര്‍ത്തുനോക്കൂ. രാജഭരണം പോയി ജനാധിപത്യഭരണം വന്നതു കൊണ്ട് സ്വാതന്ത്ര്യവും ജീവനും പോയി… ഇന്നായിരുന്നെങ്കില്‍, വളരെ നിത്യസാധാരണമായ കൊലപാതകമായതുകൊണ്ട് വധശിക്ഷയെക്കുറിച്ച് ആലോചിക്കുക പോലുമില്ല. മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കി തടവുശിക്ഷ പോലും പരമാവധി കുറപ്പിക്കാന്‍ പറ്റുമായിരുന്നു.

മാധവന്റെ കാര്യത്തില്‍ ഒരു പ്രത്യേകതയുള്ളത് പില്‍ക്കാലത്ത് ആരും ഓര്‍ത്തുകാണില്ല. കേരളത്തിന്റെ ഭാഗമായ ശേഷം തിരുവിതാംകൂറില്‍ മാത്രമല്ല റിപബ്ലിക് ആയ ശേഷം കേരളത്തിലും ആദ്യമായി വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ടത് മാധവന്‍ ആയിരിക്കും. ആരോര്‍ക്കുന്നു….Sunday, 18 December 2016

വിമര്‍ശകര്‍, വിദൂഷകര്‍.. പ്രകാശനം ചെയ്തു

Book on Malayalam Columnists released

വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍  എന്ന കൃതിയുടെ പ്രകാശനം മലയാള മനോരമ എഡി.ഡയറക്റ്റര്‍ തോമസ് ജേക്കബ് നിര്‍വഹിക്കുന്നു. ഏറ്റുവാങ്ങുന്നത് മാതൃഭൂമി പത്രാധിപര്‍  എം.കേശവമേനോന്‍. പ്രസ് ക്ലബ് സിക്രട്ടറി എന്‍.രാജേഷ്, പ്രസിഡന്റ് കമാല്‍ വരദൂര്‍, എന്‍.പി.രാജേന്ദ്രന്‍, ഡോ.കെ.ശ്രീകുമാര്‍, കല്പറ്റ നാരായണന്‍ എന്നിവരെയും കാണാകോഴിക്കോട്്:  മലയാള വാര്‍ത്താമാധ്യമങ്ങളുടെ ഉള്ളടക്കത്തിലെ സുപ്രധാനമായ നിരവധി മേഖലകളുടെ ആരംഭവും വികാസവും ഗവേഷണം ചെയ്യപ്പെടേണ്ടതായി ഇനിയും ബാക്കിയുണ്ടെന്ന്് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. എന്‍.പി.രാജേന്ദ്രന്റെ ഗവേഷണഗ്രന്ഥം മാധ്യമചരിത്രത്തിലെ വലിയ വിടവാണ് നികത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍  എന്ന കൃതിയുടെ പ്രകാശനം കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി പത്രാധിപര്‍ എം.കേശവമേനോനാണ് പുസ്തകം ഏറ്റുവാങ്ങിയത്.

തികച്ചും ശുഷ്‌കമായ മാധ്യമചരിത്രശാഖയ്ക്ക്ു വീണുകിട്ടിയ കനപ്പെട്ട സംഭാവനയാണ് ഈ വലിയ ഗ്രന്ഥമെന്ന് പുസ്തകം പരിചയപ്പെടുത്തിയ പ്രമുഖ ഗ്രന്ഥകാരനായ ഡോ.കെ.ശ്രീകുമാര്‍ പറഞ്ഞു.

മണ്‍മറഞ്ഞ 56 കോളമിസ്റ്റുകളെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയില്‍. അവരെല്ലാം അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരോ  സാഹിത്യകാരന്മാരോ ആണ്. എല്ലാവരുടെയും ഓരോ ലേഖനവും ലഘു ജീവചരിത്രത്തിനൊപ്പമുണ്ട്്.  ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തുടങ്ങിയിട്ടുണ്ട് ഇംഗഌണ്ടിലെന്ന പോലെ മലയാളത്തിലും കോളമെഴുത്ത്. കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരില്‍ തുടങ്ങി മൂര്‍ക്കോത്ത് കുമാരനിലൂടെയെയും സഞ്ജയനിലൂടെയും ഇ.വി.കൃഷ്ണപിള്ളയിലൂടെയും ഡി.സി.കിഴക്കെമുറിയിലൂടെയും വളര്‍ന്ന പംക്തിരചന ഇന്ന് വലിയ വായനാസമൂഹമുള്ള ഒരു മേഖലയായിട്ടുണ്ട്.

കവിയും പ്രഭാഷകനുമായ കല്പറ്റ നാരായണന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സിക്രട്ടറി എന്‍.രാജേഷ് എന്നിവരും സംസാരിച്ചു.

432 പേജുള്ള പുസ്തകത്തിന്  375 രൂപ വിലയാണ് വില.

ഡോ.പി.കെ.രാജശേഖരനാണ് അവതാരിക എഴുതിയിട്ടുള്ളത്.  പത്രപംക്തി സാഹിത്യത്തെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ അവതാരിക.

Tags: N P Rajendran book, Columnists Malayalam

അക്ഷരപ്പിശകില്‍ ജനിച്ച ഒരു രക്തസാക്ഷി

പത്രജീവിതം
എന്‍പി രാജേന്ദ്രന്‍

എന്‍.എന്‍.സത്യവ്രതന്‍ രക്തസാക്ഷികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ ഒരു രക്തസാക്ഷി ഉണ്ടായത് പത്രത്തിലെ അക്ഷരപ്പിശകു കാരണമാണ് എന്നു പൊതുജനം അറിയുന്നത് സംഭവം നടന്ന് നാലു പതിറ്റാണ്ടിനു ശേഷം മാത്രം.

ഇ.എം.എസ്സിന്റെ രണ്ടാം മന്ത്രിസഭ കേരളം ഭരിക്കുമ്പോള്‍ 1968ലാണ് സംഭവം. ഇന്നു സംസ്ഥാനരാഷ്ട്രീയത്തിലും ദേശീയനേതൃത്വത്തിലും നിറഞ്ഞു നില്‍ക്കുന്ന പലരും അന്നു കേരളത്തില്‍ ഛോട്ടാ വിദ്യാര്‍ത്ഥിനേതാക്കളാണ്. രക്തസാക്ഷി സംഭവത്തിലെ മുഖ്യപങ്കാളി അഞ്ചുവര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണ്. അന്ന് അദ്ദേഹം കെ.എസ്.യു. പ്രസിഡന്റ്. പല പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു. സര്‍ക്കാറിനെതിരെ സമരങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലം. എറണാകുളം തേവര സേക്രഡ് ഹാര്‍ട് കോളേജില്‍ സമരം പൊട്ടിപ്പുറപ്പെട്ടു. പഠിപ്പു മുടക്കിയ സമരക്കാര്‍ പട്ടണമധ്യത്തിലെ കവലയില്‍ പല വിക്രിയകളില്‍ ഏര്‍പ്പെട്ടു. തനിച്ചുനിന്ന് ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലീസുകാരന്റെ തൊപ്പി തട്ടിയെടുത്ത പിള്ളേരതു റോഡില്‍ തട്ടിക്കളിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് ഓടിയടുത്ത പോലീസുകാര്‍ നല്ല അടി പാസ്സാക്കി. കുറെ വിദ്യാര്‍ത്ഥികള്‍ അടുത്തൊരു കടയുടെ പിന്നില്‍കൂട്ടിയിട്ട വിറുകുകൊള്ളികളെടുത്തു പോലീസുകാരെ നേരിട്ടു. അടിയോടടി. പലരുടെയും തല പൊട്ടി ചോരയൊഴുകി.

ചിലതുനടക്കും എന്നൊരു വിദ്യാര്‍ത്ഥിനേതാവ് ഫോണില്‍ പറഞ്ഞതനുസരിച്ചാണ് മാതൃഭൂമി ലേഖകന്‍ എന്‍.എന്‍.സത്യവ്രതന്‍ സ്ഥലത്തെത്തിയത്. യാത്ര പാഴായില്ല. അസ്സല്‍ റിപ്പോര്‍ട്ട്് പിറ്റേന്ന് ഒന്നാം പേജില്‍തന്നെ വന്നു. പൊലീസുകാരന്റെ തൊപ്പി തട്ടിക്കളിച്ചതും അടിയേറ്റ നാലുവിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റതും പേരു സഹിതം വിസ്തരിച്ചു കൊടുത്തിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ മുള്‍ജി എന്നൊരു ഗുജറാത്തി വിദ്യാര്‍ത്ഥിയായിരുന്നു. അടികിട്ടി കാനയിലാണ് വീണത്. വിദ്യാര്‍്ത്ഥിവേട്ട പിറ്റേന്നു വലിയൊരു സമരത്തിനുള്ള വെടിമരുന്നാവുമെന്ന പ്രതീക്ഷയിലാണ് അന്ന് നേതാക്കള്‍ വീടുകളിലേക്കു മടങ്ങിയത്.

വിദ്യാര്‍ത്ഥികള്‍ പൊലീസുകാരുടെ തൊപ്പി തട്ടിക്കളിച്ചത് മാതൃഭൂമി വാര്‍ത്തയാക്കിയത് നേതാക്കള്‍ക്ക് അത്ര പിടിച്ചില്ല എന്നു പിറ്റേന്നത്തെ ഫോണ്‍ വിളികള്‍ വ്യക്തമാക്കി. പക്ഷേ, പത്തുമണിയായപ്പോള്‍ പെട്ടന്നു സ്വഭാവം മാറി. എന്തോ വീണുകിട്ടിയ സന്തോഷത്തിലായിരുന്നു നേതാക്കള്‍. അറിഞ്ഞില്ലേ.. അടിയേറ്റു കാനയില്‍ വീണ വിദ്യാര്‍ഥി മരിച്ചു.....ഫോര്‍ട് കൊച്ചിക്കാരന്‍ മുരളി... മരിച്ചു...വിവരം കേട്ട റിപ്പോര്‍ട്ടര്‍ സത്യവ്രതന്‍ ഞെട്ടി. മുരളി എന്നൊരു വിദ്യാര്‍ത്ഥി അടിയേറ്റു വീണതായി താനറിഞ്ഞിട്ടില്ല, എഴുതിയിട്ടുമില്ല. സംശയംതീര്‍ക്കാന്‍ പത്രറിപ്പോര്‍ട്ട് വായിച്ചപ്പോള്‍ സംഗതി സത്യം-പരിക്കേറ്റു വീണ ഒരാളുടെ പേര് പത്രത്തില്‍ വന്നതു മുരളി എന്നുതന്നെ. അതെങ്ങനെ സംഭവിച്ചു. ഓഫീസില്‍ ചെന്നു വാര്‍ത്തയെഴുതിയ കടലാസ്സും മറ്റും പരിശോധിച്ചു. മുള്‍ജി എന്നു കണ്ട് സംശയം തോന്നിയ പ്രൂഫ് റീഡര്‍ റിപ്പോര്‍ട്ടറോട് ചോദിക്കുക പോലും ചെയ്യാതെ അത് മുരളി എന്നാക്കിയതാണ്! ഇനിയൊന്നും പറയാനില്ല.

എന്തുചെയ്യണം എന്നാലോചിക്കുമ്പോഴേക്കും പ്രതിഷേധം ആളിപ്പടര്‍ന്നുകഴിഞ്ഞിരുന്നു. മരിച്ച മുരളിയുടെ അച്ഛനെത്തന്നെ മുരളി ലാത്തിയടിയേറ്റാണ് മരിച്ചത് എന്നു വിശ്വസിപ്പിക്കുന്നതില്‍ നേതാക്കള്‍ വിജയിച്ചു. അടി കിട്ടിയതൊന്നും അവന്‍ പറഞ്ഞില്ലല്ലോ എന്നതായിരുന്നു അച്ഛന്റെ സങ്കടം. മുരളി ഒരു പാവം പയ്യനായിരുന്നു. സംഘടനയും സമരവുമൊന്നും അവന്റെ വിഷയമേ ആയിരുന്നില്ല. അവന്‍ സമരം കണ്ടു നേരെ വീട്ടില്‍ പോയതായിരുന്നു. വൈകീട്ടു അസുഖം വന്നു. ഹൃദ്രോഗമായിരുന്നു. മരിച്ചു. രാത്രിതന്നെ സംസ്‌കാരവും കഴിഞ്ഞതാണ്. പക്ഷേ, നേതാക്കള്‍ വിട്ടില്ല. അവര്‍ പ്രതിഷേധം കത്തിച്ചുവിട്ടു. വൈകീട്ട് അനുശോചനയോഗത്തില്‍ അച്ഛനെത്തന്നെ പ്രസംഗിപ്പിച്ച് സംഗതി ജോറാക്കി.

സംഗതികളുടെ ഉള്ളുകള്ളിയെല്ലാം ക്രമേണ വ്യക്തമായെങ്കിലും ആരും ഒന്നും മിണ്ടിയില്ല. ഞാനിതും പത്രത്തിലെഴുതും എന്നു സത്യവ്രതന്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു വിഷമമായി. വേണ്ട സത്യാ....ഇപ്പോള്‍ എന്തായാലും വേണ്ട എന്നായി ഉമ്മന്‍ചാണ്ടി. പത്രലേഖകന്‍ എന്നതിലപ്പുറം സൗഹൃദം അന്ന് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നതുകൊണ്ട് സത്യവ്രതന്‍ വഴങ്ങി. എ ഴുതിയില്ല. സംസ്ഥാനസമരമായി അതുമാറി. വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പൊലീസ് അതിക്രമത്തില്‍നിന്നൊഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍ എന്നേ ജനങ്ങള്‍ക്കും തോന്നിയുള്ളൂ. കുറച്ചുനാളുകള്‍ക്കു ശേഷം ചില പൗരപ്രധാനികളുടെ മധ്യസ്ഥതയില്‍ സമരം ഒത്തുതീരുകയാണ് ഉണ്ടായത്.

ആ സമരത്തോടെ ഉമ്മന്‍ചാണ്ടി വിദ്യാര്‍ത്ഥി നേതൃത്വത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്കു കുതിച്ചുയര്‍ന്നു. എ.കെ.ആന്റണി അന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റാണ്. ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയുമെല്ലാം അടങ്ങുന്ന അന്നത്തെ വിദ്യാര്‍ത്ഥി-യുവ നേതാക്കള്‍ക്ക് നേതൃത്വത്തിലേക്കു പടര്‍ന്നു കയറാന്‍ മുരളിസംഭവം വലുതായി സഹായിച്ചു എന്നുറപ്പ്.

അന്ന് എഴുതിയില്ലെങ്കിലും മൂന്നു പതിറ്റാണ്ടിനു ശേഷം സത്യവ്രതന്‍ എല്ലാം തുറന്നെഴുതി. വര്‍ത്ത വന്ന വഴി എന്ന ഓര്‍മക്കുറിപ്പുകളില്‍. തന്റെ നാല്പതു വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിലെ രസകരമായ പല അനുഭവങ്ങളും എഴുതിയിട്ടുണ്ട്. രസകരമായ ഒരു സംഭവത്തെക്കുറിച്ചുകൂടി പറയാം.

ഒരു പത്രത്തില്‍മാത്രം വന്ന സ്‌കൂപ്പ് എന്നാല്‍, എവിടെയോ രഹസ്യമായി നടന്നത് ഒരാള്‍ എങ്ങനെയോ വാര്‍ത്തയാക്കി എന്നല്ലേ തോന്നുക? അങ്ങനെ ആയിക്കൊള്ളണമെന്നില്ല. പട്ടാപ്പകല്‍ നടുറോഡില്‍ സകലമനുഷ്യരും കണ്ട ഒരു കാര്യം ഒരു പത്രത്തില്‍ മാത്രം സചിത്ര വാര്‍ത്തയായി. പട്ടാപ്പകല്‍ നാലു ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ എറണാകുളം ബ്രോഡ്‌വേയില്‍ക്കുടി ഒരു നൂല്‍മറ പോലും ഇല്ലാതെ ഓടിയതായിരുന്നു സംഭവം. നഗ്നയോട്ടം നടക്കാന്‍ പോകുന്ന വിവരം എങ്ങനെയോ സത്യവൃതനു കിട്ടി. അദ്ദേഹം ഫോട്ടോഗ്രാഫറുമായിച്ചെന്നു ചരിത്രസംഭവം പകര്‍ത്തി. ഭാഗ്യവശാല്‍ പിന്നില്‍നിന്നുള്ള സീനേ പകര്‍ത്തിയുള്ളൂ! വിദ്യാര്‍ത്ഥികള്‍ വളരെ ക്ഷമാശീലരും മാന്യന്മാരുമായിരുന്നു. ആദ്യ ഓട്ടത്തിന്റെ ഫോട്ടോ ശരിക്കു കിട്ടിയില്ല എന്നു പറഞ്ഞപ്പോള്‍ വീണ്ടും ഒരു വട്ടംകൂടി ഓടിക്കാണിച്ചുകൊടുത്തു!

1974 ലാണ് സംഭവം. പ്രസ് ക്ലബ്ബിനടുത്താണ ബ്രോഡ് വേ എങ്കിലും മറ്റു പത്രക്കാര്‍ ഒന്നും അറിഞ്ഞില്ല. പക്ഷേ, പിന്നീട് അതു ദേശീയ വാര്‍ത്തയായി. ചില വിദേശപത്രങ്ങളിലും വാര്‍ത്തയായി. അന്നത്തെ പ്രസിദ്ധമായ ഇല്ലസ്‌ട്രേറ്റഡ് വീക്ലി സംഭവത്തിന്റെ ചിത്രം ദ നേക്കഡ് എയ്പ്‌സ് ഓഫ് കേരള എന്ന ക്യാപ്ഷനോടെയാണ് പ്രസിദ്ധപ്പെടുത്തിയതെന്നും സത്യവ്രതന്‍ ഓര്‍ക്കുന്നു.

മാതൃഭൂമിയില്‍ ലേഖകനും ചീഫ് റിപ്പോര്‍ട്ടറും ന്യൂസ് എഡിറ്ററുമായി പ്രവര്‍ത്തിച്ച ശേഷം കേരള കൗമുദിയില്‍ റസിഡന്റ് എഡിറ്ററായും പതിനഞ്ചുവര്‍ഷം കേരള പ്രസ് അക്കാദമിയുടെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് സത്യവ്രതന്‍. എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകപ്രസിഡന്റാണ്. കെ.യു.ഡബ്ല്യൂ.ജെ.യുടെ സമുന്നത നേതാവായിരുന്നു. വാര്‍ത്തയുടെ ശില്പശാലയും അനുഭവങ്ങളേ നന്ദിയും ആണ് മറ്റു കൃതികള്‍. 2010 ജനവരി 25ന് അന്തരിച്ചു.

Monday, 12 December 2016

രഹസ്യനിയമത്തിനെതിരേ ഒരു ഒറ്റയാള്‍ പോരാട്ടം


ഓള്‍ ഇന്ത്യാ റേഡിയോ രാജ്യത്തെ ഏറ്റവും തന്ത്രപ്രധാന സ്ഥാപനങ്ങളിലൊന്നായിരുന്നു. ഇത് ആകാശവാണിയുടെ മാത്രം ഗമയല്ല. രാഷ്ട്ര തലസ്ഥാനങ്ങളിലെ ഔദ്യോഗിക റേഡിയോ സ്റ്റേഷനുകളെല്ലാം തന്ത്രപ്രധാന സ്ഥാപനങ്ങളായിരുന്നു. പട്ടാളവിപ്ലവം നടക്കുമ്പോള്‍ ഭരണം പിടിച്ചുകഴിഞ്ഞാല്‍ പിന്നെ വിപ്ലവകാരികള്‍ നീങ്ങുക തലസ്ഥാനത്തെ റേഡിയോ നിലയത്തിലേക്കാണ്. ഭരണം പിടിച്ച കാര്യം പ്രക്ഷേപണം ചെയ്തുകഴിഞ്ഞാല്‍ രാജ്യം അവരുടേതായി. അക്കാരണം കൊണ്ടുതന്നെ രഹസ്യാത്മകത പുലര്‍ന്ന സ്ഥാപനമാണ് ആകാശവാണിയും.
ലോകം മാറിയിട്ടും ആകാശവാണി മാറിയിരുന്നില്ല. എണ്‍പതുകള്‍ ആകുമ്പോഴേക്ക് ശൂന്യാകാശത്തിലെ ഉപഗ്രഹങ്ങള്‍ക്ക് ആകാശവാണിക്കു മുന്നിലെ കാര്‍ നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോ എടുക്കാന്‍ കഴിയുമായിരുന്നു. എന്തു കാര്യം! കോഴിക്കോട്ടെ ആകാശവാണി നിലയത്തിനകത്തെ കൊള്ളരുതായ്മകളെക്കുറിച്ച് വാര്‍ത്താപരമ്പരയെഴുതിയ പത്രലേഖകനെ ടവറിന്റെ ഫോട്ടോ എടുത്തു, അകത്തു കയറി രഹസ്യരേഖകള്‍ എടുത്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് കേസില്‍ കുടുക്കി. സാധാരണ ഐ.പി.സിയും സി.ആര്‍.പി.സിയും ഒന്നും അല്ല. ഔദ്യോഗിക രഹസ്യനിയമം. ബ്രിട്ടീഷുകാര്‍ 1923ല്‍ ഉണ്ടാക്കിയത്. ചാരന്മാര്‍ സൈനികരഹസ്യവും മറ്റും ചോര്‍ത്തിയാല്‍ ഉപയോഗിക്കുന്ന നിയമം. രാജ്യദ്രോഹികളെ അകത്താക്കാനുള്ള വകുപ്പ്.

സംഭവം നടന്നത് കശ്മിരിലോ മണിപ്പൂരിലോ അല്ല. കേരളത്തില്‍, കോഴിക്കോട്ട്. 1993ല്‍ ജനയുഗം പത്രത്തില്‍ ലേഖകന്‍ കെ.പി വിജയകുമാര്‍ കോഴിക്കോട് ആകാശവാണി നിലയത്തെക്കുറിച്ച് 'ആകാശവാണിയില്‍ നിന്നുള്ള വാര്‍ത്തകള്‍' എന്ന പേരില്‍ അന്വേഷണാത്മക വാര്‍ത്താപരമ്പര എഴുതിയത് നവംബര്‍ എട്ടു മുതല്‍ 31 ദിവസമാണ്. പൊതുസ്ഥാപനത്തെക്കുറിച്ച് എഴുതിയ ഇതിനെക്കാള്‍ നീണ്ട പരമ്പര ഒന്നേ കേരളത്തിലുള്ളൂ അതും എഴുതിയത് കെ.പി വിജയകുമാര്‍ തന്നെ! അതു കോഴിക്കോട് മെഡിക്കല്‍ കോളജിനെക്കുറിച്ചാണ് 44 ദിവസം!
ആധികാരികവും സമഗ്രവും ആയിരുന്നു വാര്‍ത്താപരമ്പര. പ്രസിദ്ധീകരിച്ചതോ? വെറും 3000 കോപ്പി മാത്രം അന്ന് അച്ചടിച്ചിരുന്ന ജനയുഗം പത്രത്തില്‍!.

ശമ്പളം പോലും നേരാംവണ്ണം കിട്ടാതിരുന്ന കാലത്ത് രാവും പകലും കേരളത്തിനകത്തും പുറത്തും നടന്നു ശേഖരിച്ച രേഖകളും വിവരങ്ങളും നിരത്തിയ പരമ്പരയെ പ്രതിരോധിക്കാന്‍ അധികൃതര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. (പരമ്പര വന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ ജനയുഗം പൂട്ടിപ്പോയി എന്നതു വേറെ കഥ. പരമ്പര കാരണമല്ല പൂട്ടിയത് എന്നുമാത്രം ഓര്‍ത്താല്‍ മതി).

പരമ്പര ഉയര്‍ത്തിയ കോലാഹലത്തില്‍ അങ്ങനെ ലയിച്ചിരിക്കുമ്പോഴാണ് ഒരുനാള്‍ കോഴിക്കോട് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ രാജ്‌മോഹന്‍ വിജയകുമാറിനെ വിളിച്ച് ജനയുഗത്തില്‍ വന്ന പരമ്പര എടുത്തുകൊടുക്കാന്‍ അഭ്യര്‍ഥിച്ചത്. ഒരു പൊലിസുകാരന്‍ വന്ന് അതു വാങ്ങിക്കൊണ്ടുപോയി. രാത്രി വൈകി അതാ രാജ്‌മോഹന്‍ വീണ്ടും വിളിക്കുന്നു. റിപ്പോര്‍ട്ട് വായിച്ചു, ഗംഭീരം.. പക്ഷേ, നാളെ കേസെടുക്കും. ഔദ്യോഗിക രഹസ്യനിയമപ്രകാരമാണ് കേസ്. മുന്‍കൂര്‍ ജാമ്യമെടുത്തില്ലെങ്കില്‍ അറസ്റ്റിലാവും. പിടിയിലായാല്‍ ജാമ്യം കിട്ടില്ല.

പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍തന്നെ വിജയകുമാര്‍ പ്രമുഖനും പരിചയക്കാരനുമായ ഒരു അഭിഭാഷകനെ പോയിക്കണ്ടു. സംഗതി വിസ്തരിച്ചു കേട്ടശേഷം വക്കീല്‍ ചിരിച്ചു. സമാധാനമായി വീട്ടില്‍പോ. ഇതിനു മുന്‍കൂര്‍ ജാമ്യമൊന്നും വേണ്ട. ഹരജിയുമായി ചെന്നാല്‍ കോടതി ചിരിക്കും… വിജയകുമാറിനു സംശയം തീര്‍ന്നില്ല. വൈകുന്നേരത്തിനു മുന്‍പ് ആധികാരികതയുള്ള മറ്റൊരു അഭിഭാഷകനെ കണ്ടു. അദ്ദേഹവും പറഞ്ഞുപത്രറിപ്പോര്‍ട്ട് എഴുതിയതിനു രഹസ്യനിയമപ്രകാരം അറസ്റ്റോ? നടപ്പില്ല. മുന്‍കൂര്‍ ജാമ്യമൊന്നും വേണ്ട.

പിറ്റേന്നു സി.ഐയെ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഞെട്ടിയത്. ജയിലില്‍ കിടക്കേണ്ടല്ലോ എന്നു വിചാരിച്ചു പറഞ്ഞുപോയതാണ്. അതാണ് യോഗമെങ്കില്‍ നടക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു. വിജയകുമാറിനു പരിഭ്രമമായി. ഉടനെ ഒരു വക്കീലിനെക്കണ്ട് ഹരജി ഫയലാക്കി. ജഡ്ജിക്കും ഇതത്ര ഗൗരവമുള്ള സംഗതിയായി തോന്നിയില്ല. അദ്ദേഹവും ചിരിച്ചു. പക്ഷേ, ജാമ്യംനല്‍കി.
ക്രമേണ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. കേരളാ പൊലിസ് സ്വമേധയാ എടുത്ത കേസല്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് നടപടിയെടുക്കാന്‍ പ്രത്യേക ദൂതന്‍വഴി ആവശ്യപ്പെട്ടത്. മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ ജയിലിലാകുമായിരുന്നു. ഏതാണ്ട് ചാരപ്പണിക്കു തുല്യമാണ് ആരോപിത കുറ്റം. ആകാശവാണി ടവറിന്റെ ഫോട്ടോ വന്ന ദിവസത്തെ പത്രം ആണ് കോടതിയില്‍ എഫ്.ഐ.ആറിനൊപ്പം ഹാജരാക്കിയത്. അറസ്റ്റിലായാല്‍ ജാമ്യം കിട്ടാന്‍ വര്‍ഷങ്ങളെടുത്തേക്കാം….

എന്തുകൊണ്ടോ പത്രലോകം ഇതു ഗൗരവമായെടുത്തില്ല. സംസ്ഥാനത്ത് ഒരു പത്രപ്രവര്‍ത്തകനെതിരേ ഉണ്ടായ ഈ വകുപ്പില്‍പ്പെട്ട ആദ്യ കേസാണെന്നതുപോലും മാധ്യമങ്ങളെ അലട്ടിയില്ല. എന്‍.പി ചെക്കൂട്ടി എഴുതിയ റിപ്പോര്‍ട്ട് മാത്രം, കുറേ കഴിഞ്ഞാണെങ്കിലും ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഒന്നാം പേജില്‍ വന്നു.

പിന്നീട് ഇതു കെ.പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ഒറ്റയാള്‍ പോരാട്ടമായി. പ്രമുഖരായ പൊതുപ്രവര്‍ത്തകരും പല പാര്‍ട്ടികളില്‍പെട്ട എം.എല്‍.എമാരുമെല്ലാം കേസ് പിന്‍വലിക്കാന്‍ സംയുക്ത പ്രസ്താവനകള്‍  ഇറക്കി. പ്രതിനിധിസംഘം മുഖ്യമന്ത്രിയെക്കണ്ട് കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമായതിനാല്‍ പൊലിസും മുഖ്യമന്ത്രിയും കൈമലര്‍ത്തി.

ഇതിനിടെ കോഴിക്കോട് ടൗണ്‍ പൊലിസ്, ട്രാന്‍സ്മിഷന്‍ ടവറിന്റെ ഫോട്ടോ എടുക്കാന്‍ വിജയകുമാറിനെ സഹായിച്ചതിന് എന്‍ജിനീയര്‍ പി.എം എഡ്വിനെയും ഫോട്ടോ എടുത്തതിന് സി.പി.ഐ പ്രവര്‍ത്തകന്‍ ഇ.സി സതീശനെയും കേസില്‍ പ്രതി ചേര്‍ത്തു. എഡ്വിന്‍ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

കേരളത്തില്‍ ഒരു രക്ഷയുമില്ലെന്നു ബോധ്യപ്പെട്ട വിജയകുമാര്‍ റിസര്‍വേഷന്‍ പോലും ഇല്ലാതെ ഓര്‍ഡിനറി ടിക്കറ്റുമായി ഡല്‍ഹിക്കു പാഞ്ഞു. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകര്‍ അകമഴിഞ്ഞു സഹായിച്ചു. ടി.വി.ആര്‍ ഷേണായി, ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഗോവിന്ദന്‍കുട്ടി, ദേശാഭിമാനി പ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ്, പി.പി അബൂബക്കര്‍ തുടങ്ങിയവരുടെ ശ്രമഫലമായി തലസ്ഥാനത്തെ പ്രമുഖ പത്രപ്രവര്‍ത്തകരുടെ പ്രസ്താവന പത്രങ്ങളില്‍ വന്നു. പതിമൂന്നു എം.പിമാര്‍ ഒപ്പിട്ട പ്രസ്താവന കേന്ദ്രമന്ത്രിക്കു നല്‍കാന്‍ കഴിഞ്ഞത് എന്‍.ഇ ബാലറാമും എം.എ ബേബിയും പരിശ്രമിച്ചതുകൊണ്ടാണ്.

സി.പി.ഐ സെക്രട്ടറി ഇന്ദ്രജിത് ഗുപ്ത മന്ത്രിക്ക് നേരിട്ടു കത്തുകൊടുത്തു. കേസ് പിന്‍വലിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഒന്നും സംഭവിച്ചില്ല. അപ്പോള്‍ സംഭവിച്ചില്ല എന്നു മാത്രമല്ല, മന്ത്രിയോടു കേസ് പിന്‍വലിക്കണമെന്നു നേരിട്ടാവശ്യപ്പെട്ട ഇന്ദ്രജിത് ഗുപ്ത പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ പോലും കേസ് പിന്‍വലിക്കാനായില്ല. അത്രയുണ്ട് ബ്യൂറോക്രസിയുടെ ബലം. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ആകാശവാണിയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം അന്വേഷണസംഘത്തെ നിയോഗിക്കുകയും സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.20 കോടി രൂപ ധനസഹായം അനുവദിക്കുകയും ചെയ്തതാണ് എടുത്തുപറയാവുന്ന ഒരു അനുകൂല പ്രതികരണം. 14 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എന്‍ജിനീയര്‍ എഡ്വിന്റെ കേസ്, ഔദ്യോഗിക രഹസ്യനിയമത്തിനെതിരായ ഒരു പോരാട്ടമായി മാറി. ജസ്റ്റിസ് ആയിരുന്ന സുബ്രഹ്മണ്യന്‍ പോറ്റി അതിനെതിരേ സുപ്രിംകോടതിയില്‍ ഘോരഘോരം വാദിച്ചു. ഈ നിയമം കാലഹരണപ്പെട്ടതാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനായി പുതിയ നിയമം കൊണ്ടുവരണമെന്നും ജനയുഗം പത്രപ്രവര്‍ത്തകര്‍ വലിയ സാമൂഹികസേവനമാണ് നിര്‍വഹിച്ചതെന്നും കോടതി വിധിച്ചു. 2005ല്‍ വിവരാവകാശ നിയമം നടപ്പാക്കുന്നതിന് വലിയ തുണയായി ഈ വിധി.

കെ.പി വിജയകുമാര്‍ ഒന്നാം പ്രതിയായുള്ള പ്രധാനകേസ് പിന്നീട് കോഴിക്കോട് ജില്ലാ കോടതിയില്‍ വിചാരണയ്ക്കു വന്നപ്പോള്‍ എഡ്വിന്‍ കേസിലെ സുപ്രിംകോടതി വിധി ഹാജരാക്കപ്പെട്ടു. തുടര്‍ന്നു വിചാരണ പോലുമില്ലാതെ കോടതി തള്ളി.

കേസെല്ലാം അവസാനിച്ച് വിജയശ്രീലാളിതനായെങ്കിലും വിജയകുമാറിനു കേസുതന്നെ വലിയ ശിക്ഷയായിരുന്നു. കേസും ഫീസും യാത്രാചെലവുമായി വലിയ സംഖ്യ കടത്തിലായി വിജയകുമാര്‍. ഒടുവില്‍, സര്‍ക്കാരിനെതിരേ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കാം എന്ന ആശയം തരക്കേടില്ല എന്നു തോന്നി വക്കീലിനെ സമീപിച്ചപ്പോള്‍ അതു നടക്കില്ലെന്നു ബോധ്യമായി. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. മൂന്നു മാസത്തെ പരിധിക്കകത്തു അതുണ്ടാക്കാന്‍ കഴിഞ്ഞില്ല. കേസിന്റെ ഫയല്‍പോലും ഇപ്പോഴും വക്കീലിന്റെ അലമാറയിലാണ്. അല്ലെങ്കിലും, ഇനിയിപ്പോള്‍ അതു കിട്ടിയിട്ടെന്തു കാര്യം ? നിസ്സംഗനായി വിജയകുമാര്‍ ചോദിക്കുന്നു.

സുപ്രഭാതം ഞായര്‍പതിപ്പില്‍ 2016 ഡിസംബര്‍ 11 ന് പ്രസിദ്ധപ്പെടുത്തിയത്


Sunday, 4 December 2016

അടിയന്തരാവസ്ഥയില്‍ ഒരു പത്രസമരം


സമരം കുറേ നീണ്ടുനിന്നു. കേരള കൗമുദിയിലേക്ക് മാര്‍ച്ചും അസംബ്ലി മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി.മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി. കേരളകൗമുദിക്കു മുന്നില്‍ യൂനിയന്‍ പ്രസിഡന്റ് ജി. വേണുഗോപാലിന്റെ നിരാഹാരസമരവും നടന്നു. ഒന്നും ഫലിച്ചില്ല. ജി. വേണുഗോപാല്‍ ഉള്‍പ്പെടെ പലരും പിരിച്ചുവിടപ്പെട്ടു. മറ്റുള്ളവര്‍ സ്ഥലം മാറ്റപ്പെട്ടു. കുറേ ചര്‍ച്ചയും കൂടിയാലോചനയുമെല്ലാം നടന്നെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ പരോക്ഷ പിന്തുണ സമരക്കാര്‍ക്കുണ്ടായിരുന്നു എന്ന രഹസ്യം അറിയാത്തവരില്ല!


ഇലയിളകാത്ത കാലമായിരുന്നു, അടിയന്തരാവസ്ഥ എന്നാണു പറയുക. പക്ഷേ, അടിയന്തരാവസ്ഥയുടെ മൂര്‍ധന്യ നാളുകളില്‍ കേരളത്തില്‍ ഒരു പണിമുടക്കു സമരം നടന്നു. നാലുപേര്‍ കൂടിനില്‍ക്കുന്നതിനു പോലും നിരോധനമുണ്ടായിരുന്ന തിരുവനന്തപുരം പട്ടണത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നിയമസഭയിലേക്കു മാര്‍ച്ച് നടത്തി. ഇതെല്ലാം നടന്നത് ഒരു പത്രപ്രവര്‍ത്തകനെ പിരിച്ചുവിട്ടതിനെതിരേ, സമരം നടന്നത് അക്കാലത്ത് തലസ്ഥാനത്ത് ഏറ്റവും പ്രമുഖപത്രമായ കേരളകൗമുദിയില്‍.

പ്രമുഖ സാഹിത്യകാരനായ പി.കെ ബാലകൃഷ്ണന്‍ (19271991) ആണ് പിരിച്ചുവിടപ്പെട്ട പത്രപ്രവര്‍ത്തകന്‍. നോവല്‍, ചരിത്രം, നിരൂപണം എന്നീ രംഗങ്ങളിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പിരിച്ചുവിടല്‍ വലിയ സാഹിത്യസംഭവമായി. സാഹിത്യകാരന്മാര്‍ ബാലകൃഷ്ണനെ പിന്തുണച്ചു. അതിനു മുന്‍പോ ശേഷമോ എസ്.എന്‍.ഡി.പി യോഗം അങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല.പി.കെ ബാലകൃഷ്ണന്‍
പി.കെ ബാലകൃഷ്ണന്റെ പിരിച്ചുവിടലിന് എതിരേ യോഗം പ്രമേയം പാസാക്കി. ബാലകൃഷ്ണന്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകന്‍പോലും ആയിരുന്നില്ലെന്ന് പത്രപ്രവര്‍ത്തന ചരിത്രകാരനായ ജി. പ്രിയദര്‍ശനന്‍ 'സാഹിത്യസംഭവങ്ങള്‍' എന്ന കൃതിയില്‍ ഓര്‍ക്കുന്നു.
പതിനേഴു വര്‍ഷമായി കേരളകൗമുദി പത്രാധിപ സമിതിയംഗമായിരിക്കെയാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. കേരളകൗമുദിയില്‍ തൊഴില്‍പ്രശ്‌നങ്ങളെച്ചൊല്ലി നടന്ന പണിമുടക്കിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പിരിച്ചുവിടല്‍. കേരളകൗമുദിയിലെന്തായിരുന്നു തൊഴില്‍തര്‍ക്കം എന്നതൊക്കെ ഇന്ന് അപ്രസക്തമാണ്. പ്രശസ്ത പത്രാധിപര്‍ കെ. സുകുമാരനും മകന്‍ എം.എസ് മണിയും ഈറ്റപ്പുലികള്‍ എന്നു പഴയകാല പത്രപ്രവര്‍ത്തക നേതാവു കൂടിയായി പി. വിശ്വംഭരന്‍ വിശേഷിപ്പിക്കുന്ന കുറേ യുവപത്രപ്രവര്‍ത്തകരും ഒരു കുടുംബംപോലെ നടത്തിയിരുന്ന പത്രമായിരുന്നു അന്നത്തെ കേരളകൗമുദി. കെ. ബാലകൃഷ്ണന്റെ കൗമുദിയുടെ പോരാളികളായിരുന്ന പത്രപ്രവര്‍ത്തകരാണ് കൗമുദി നിര്‍ത്തിയതോടെ കേരളകൗമുദിയിലേക്കു മാറിയത്.

പി.കെ ബാലകൃഷ്ണന്‍ പക്ഷേ, കോഴിക്കോട്ട് കായ്യത്ത് ദാമോദരന്‍ പ്രസിദ്ധീകരിച്ചിരുന്ന ദിനപ്രഭയുടെ പത്രാധിപരായിരുന്നു ആദ്യം. അവിടെ മാനേജ്‌മെന്റുമായി തെറ്റിപ്പിരിഞ്ഞു കേസും കൂട്ടവുമായാണ് തിരുവനന്തപുരത്തേക്കു മടങ്ങുന്നത്. അദ്ദേഹത്തെ കേരളകൗമുദിയില്‍ നിയമിക്കാന്‍ പത്രാധിപര്‍ കെ. സുകുമാരന് വൈമനസ്യം ഉണ്ടായിരുന്നുവെന്ന് അക്കാലത്ത് അവിടെ സീനിയര്‍ ജേണലിസ്റ്റ് ആയിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയിരുന്നു (ജി. വേണുഗോപാല്‍ സ്മരണിക). വേജ്‌ബോര്‍ഡ് പ്രകാരം കിട്ടേണ്ടതില്‍ കൂടുതല്‍ ശമ്പളം ഉണ്ടായിരുന്നിട്ടും അവിടെ സമരം നടന്ന കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ജീവിതച്ചെലവു സൂചിക അനുസരിച്ചുള്ള ക്ഷാമബത്ത കൂടുകയും കുറയുകയും ചെയ്യുന്നത് സാധാരണമാണ്. പക്ഷേ, ഒരിക്കല്‍ ക്ഷാമബത്ത ഇപ്രകാരം കുറഞ്ഞപ്പോള്‍ അതിനെതിരേ സമരം നടന്നെന്നും എന്‍. രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്.

എന്തായാലും പത്രാധിപര്‍ കെ. സുകുമാരന്റെ ആശങ്കകള്‍ അസ്ഥാനത്തായില്ല. പി.കെ ബാലകൃഷ്ണനെ ആദ്യം അദ്ദേഹത്തിന്റെ പ്രൊബേഷന്‍ അവസാനിക്കുന്ന സമയത്താണു പിരിച്ചുവിട്ടത്. അന്നു പക്ഷെ, സമരമൊന്നും നടന്നില്ല. ബാലന്റെ വിവാഹം നിശ്ചയിച്ചിരുന്ന സമയമായതു കൊണ്ട് മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ അവര്‍ പതിയെ വഴങ്ങുകയായിരുന്നു. അടുത്തതാണ്, അതായത് 1976ല്‍ അടിയന്തരാവസ്ഥയുടെ നാളുകളില്‍ നടന്നത്. മാനേജ്‌മെന്റിന്റെ പ്രതികാരനടപടിയായിരുന്നില്ലേ എന്നു ചോദിച്ചാല്‍ അതേ എന്നേ മാനേജ്‌മെന്റ് പക്ഷത്തുള്ളവരും പറയൂ. എന്തായാലും മാനേജ്‌മെന്റ് ഡമസ്റ്റിക് എന്‍ക്വയറി നടത്തി പി.കെ ബാലകൃഷ്ണന്‍ കുറ്റക്കാരനാണെന്ന വിധി സമ്പാദിച്ചാണ് പിരിച്ചുവിട്ടത്. ചെറിയ പുള്ളിയൊന്നുമല്ല എന്‍ക്വയറി ഓഫിസര്‍. റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ശങ്കരനാണ് അതു ചെയ്തത്.ജി. വേണുഗോപാല്‍
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അതൊരു സംസ്ഥാനതല പ്രശ്‌നമായി ഗൗരവത്തിലെടുത്തു. അന്നത്തെ യൂനിയന്‍ പ്രസിഡന്റും ജന. സെക്രട്ടറിയും പത്രപ്രവര്‍ത്തന രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച രണ്ടു വേണുഗോപാലന്മാരായിരുന്നു. പ്രസിഡന്റ് ജി. വേണുഗോപാല്‍ ശരിക്കും ഈറ്റപ്പുലി തന്നെയായിരുന്നു. സര്‍ സി.പിയുടെ കാലം മുതലേ രാഷ്ട്രീയ രംഗത്തുവന്ന തീപ്പൊരി പ്രവര്‍ത്തകന്‍. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നൊരു അതിതീവ്ര ഇടതുപാര്‍ട്ടിയിലാണ് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് പാര്‍ട്ടി പിളര്‍ന്നു. മിക്കവരും ആര്‍.എസ്.പിയിലേക്കു മാറി. ജി. വേണുഗോപാല്‍ ആര്‍.എസ്.പിയുടെ എണ്ണമറ്റ യൂനിയനുകളുടെ ഭാരവാഹിയായിരുന്നു. കുറേകഴിഞ്ഞ് രാഷ്ട്രീയം മടുത്താണ് അദ്ദേഹം മുഴുവന്‍സമയ പത്രപ്രവര്‍ത്തകനാകുന്നത്.

നാലുവര്‍ഷം കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റായിരുന്നു. മൂന്നു വര്‍ഷവും യൂനിയന്റെ ജന. സെക്രട്ടറി ടി. വേണുഗോപാലും. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു.

സമരം കുറേ നീണ്ടുനിന്നു. സ്റ്റാച്യൂ ജങ്ഷനില്‍നിന്ന് കേരളകൗമുദിയിലേക്കു മാര്‍ച്ചും അസംബ്ലി മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി. കേരളകൗമുദിക്കു മുന്നില്‍ യൂനിയന്‍ പ്രസിഡന്‍് ജി. വേണുഗോപാലിന്റെ നിരാഹാരസമരവും നടന്നു. ഒന്നും ഫലിച്ചില്ല. ജി. വേണുഗോപാല്‍ ഉള്‍പ്പെടെ പലരും പിരിച്ചുവിടപ്പെട്ടു. മറ്റുള്ളവര്‍ സ്ഥലം മാറ്റപ്പെട്ടു. കുറേ ചര്‍ച്ചയും കൂടിയാലോചനയുമെല്ലാം നടന്നെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല.

അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ പരോക്ഷ പിന്തുണ സമരക്കാര്‍ക്കുണ്ടായിരുന്നു എന്ന രഹസ്യം അറിയാത്തവരില്ല! അതേസമയം തൊഴില്‍മന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ മാനേജ്‌മെന്റ് പക്ഷത്തുമായിരുന്നു. ചര്‍ച്ച നടക്കുമ്പോള്‍ ഈ തൊഴില്‍മന്ത്രി മാനേജ്‌മെന്റ് പക്ഷം ചര്‍ച്ച നടത്തുന്ന മുറിയില്‍തന്നെയായിരുന്നു ഇരിപ്പ് എന്ന് അക്കാലത്ത് കേരളകൗമുദിയില്‍ യൂനിയന്‍ പക്ഷത്തു സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജി. യദുകുലകുമാര്‍ ഓര്‍ക്കുന്നു.

പി.കെ ബാലകൃഷ്ണന്‍ പിരിച്ചുവിടലിന് എതിരേ കേസ് കൊടുത്തിരുന്നു. നേരത്തെ പിരിച്ചുവിടാന്‍ ഒത്താശ ചെയ്തത് റിട്ട. ചീഫ് ജസ്റ്റിസ് ആയിരുന്നെങ്കിലും കേസിലെ വിധി പി.കെ ബാലകൃഷ്ണന് അനുകൂലമായിരുന്നു. തിരിച്ചെടുക്കാന്‍ വിധിയുണ്ടായെങ്കിലും അപ്പോഴേക്കും റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞിരുന്നു.
പി.കെ ബാലകൃഷ്ണന്റെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒരു കാര്യം എം.കെ സാനു എഴുതിയ എം. ഗോവിന്ദന്റെ ജീവചരിത്രകൃതിയില്‍ വിവരിക്കുന്നുണ്ട്. പി.കെ ബാലകൃഷ്ണന്റെ ഉറ്റ മിത്രമായ എം. ഗോവിന്ദന്‍ ബാലകൃഷ്ണനെ പത്രത്തില്‍ തിരിച്ചെടുപ്പിക്കാന്‍ കഠിനശ്രമം നടത്തിയിരുന്നു. മാനേജ്‌മെന്റ് ഒട്ടും വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ എം. ഗോവിന്ദന്‍ ഒരു നിര്‍ദേശം ബാലകൃഷ്ണനു മുന്‍പാകെ വച്ചു.

ലേബര്‍കേസും മറ്റുമായി കുറേ വര്‍ഷം നടന്നാല്‍ ഒരുപക്ഷേ ഗുണം കിട്ടിയേക്കും. പക്ഷേ, അത് എന്ന് എന്നറിയില്ല. ബാലകൃഷ്ണന്‍ സാമ്പത്തികമായി വലഞ്ഞിരിക്കുകയാണ്. എന്തുകൊണ്ട് നല്ലൊരു തുക നഷ്ടപരിഹാരം വാങ്ങി ഒത്തുതീര്‍പ്പാക്കിക്കൂടാ? ജീവിതത്തില്‍ ഒന്നിനോടും ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലാത്ത ബാലകൃഷ്ണന്‍ നിര്‍ദേശം അപ്പടി തള്ളി എന്നുമാത്രമല്ല എം. ഗോവിന്ദന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഗോവിന്ദന് ഇതു വലിയ ഞെട്ടലും വേദനയും ഉണ്ടാക്കി. അദ്ദേഹം ചര്‍ച്ചയില്‍നിന്നു പിന്‍വാങ്ങി. ഇനി താന്‍ കേരളകൗമുദി പ്രസിദ്ധീകരണങ്ങളുമായി ഒരു ബന്ധവും പുലര്‍ത്തില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആ മടക്കം. ഇതിനെത്തുടര്‍ന്നു നിരവധി സാഹിത്യകാരന്മാര്‍ ഗോവിന്ദനെപ്പോലെ കേരളകൗമുദിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും കാലം എല്ലാറ്റിലും മാറ്റം വരുത്തി എന്നു എം.കെ സാനു ഓര്‍ക്കുന്നു.

എറണാകുളം എടവനക്കാട്ട് സ്വദേശിയായ പി.കെ ബാലകൃഷ്ണന്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട കാലം മുതല്‍ പ്രക്ഷോഭകാരിയായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യ നിരൂപണ ലേഖനങ്ങളും ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണ നിഗമനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മഹാഭാരതകഥ ആസ്പദമാക്കി രചിച്ച 'ഇനി ഞാന്‍ ഉറങ്ങട്ടെ' ആണ് ഏറെ പ്രശംസിക്കപ്പെട്ട കൃതി. പ്ലൂട്ടോ, ചന്തുമേനോന്‍, ശ്രീനാരായണഗുരു, ടിപ്പു സുല്‍ത്താന്‍, കുമാരനാശാന്‍, എഴുത്തച്ഛന്‍ എന്നിവരുടെ സംഭാവനകള്‍ വിലയിരുത്തുന്ന കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒടുവില്‍ മാധ്യമം പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.