ഡാസ്‌നി കറ്വാന ഗലീച്യ വധിക്കപ്പെട്ടത് എന്തുകൊണ്ട്?


  മാള്‍ട്ട എന്ന കൊച്ചുരാജ്യത്തിലെ വലിയ പത്രപ്രവര്‍ത്തകയായിരുന്ന ഡാസ്‌നി കറ്വാന ഗലീച്യ 2017 ഒക്‌റ്റോബര്‍ പതിനാറിന് സ്വന്തം കാറിലുണ്ടായ വന്‍സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടകത്തില്‍ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് നാല്പതു നാള്‍ക്കകമാണ് മാള്‍ട്ടയില്‍ 'വണ്‍ വുമണ്‍ വിക്കിലീക്ക്' എന്നറിയപ്പെട്ടിരുന്ന ഡാസ്‌നി കറ്വാന ഗലീച്യ വധിക്കപ്പെട്ടത്.
  രണ്ടു കൊലപാതകങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല എന്നു പറയാം. അല്ലെങ്കില്‍ അവ തമ്മില്‍, കൊല്ലപ്പെട്ട രണ്ടുപേരും വനിതകളായിരുന്നു, പത്രപ്രവര്‍ത്തകരായിരുന്നു, എഴുത്താണ് അവരെ കൊല്ലിച്ചത് എന്നീ ബന്ധങ്ങളുണ്ട് എന്നും പറയാം. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാള്‍ട്ടയിലെ പത്രപ്രവര്‍ത്തകയുടെ വധമായിരിക്കാം ഒരു പക്ഷേ, ഗൗരി ലങ്കേഷിന്റെ വധത്തേക്കാള്‍ ലോകം കൂടുതല്‍ ശ്രദ്ധിച്ചിരിക്കുക. നമ്മുടെ നാട്ടിന്റെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാള്‍ട്ടയെ ഒരു രാജ്യമെന്നുപോലും വിളിക്കാനാവില്ല. 4.31 ലക്ഷമാണ് മാള്‍ട്ടയിലെ ജനസംഖ്യ. ഗൗരി ലങ്കേഷ് പത്രപ്രവര്‍ത്തനം നടത്തിയ കര്‍ണാടകയിലെ ജനസംഖ്യ ആറുകോടിയാണ്! (കൃത്യമായി പറഞ്ഞാല്‍ -61,095,297). എങ്കിലും മാള്‍ട്ടയിലെ പത്രപ്രവര്‍ത്തകയുടെ വധം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനു മതിയായ കാരണമുണ്ട്.
ഡാസ്‌നി കറ്വാന ഗലീച്യ

   മാള്‍ട്ടയിലെ പത്രങ്ങള്‍ വായിച്ചതിനേക്കാളേറെ ആളുകള്‍ ഡാസ്‌നി കറ്വാന ഗലീച്യ എഴുതിക്കൊണ്ടിരുന്ന ബ്ലോഗുകള്‍ വായിച്ചിരുന്നു എന്നും അവരുടെ എഴുത്തുകള്‍ ഏറെയും രാഷ്ട്രീയാഴിമതികളെക്കുറിച്ചുള്ളതായിരുന്നു എന്നും അറിയുമ്പോള്‍ എന്തുകൊണ്ട് അവര്‍ കൊല ചെയ്യപ്പെട്ടു എന്നു ഊഹിക്കാനാവും. മാള്‍ട്ടയെ അക്രമം കൊണ്ടു ധനബലം കൊണ്ടു ഭരിച്ച മാഫിയകള്‍ക്കെതിരെ നിര്‍ഭയം പൊരുതിയ ആ വനിത കുറച്ചായി വധഭീഷണി നേരിടുന്നുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ജോസഫ് മസ്‌കാട്ടിനെതിരെയാണ് അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടത്. വധത്തിന് പതിനഞ്ചു ദിവസം മുമ്പുപോലും അവര്‍ വധഭീഷണിയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു. ഉച്ചതിരിഞ്ഞ് 2.35 ന് തന്റെ അവസാനത്തെ ബ്ലോഗ് പോസ്റ്റ് ചെയ്ത് അരമണിക്കൂറിനകം-മൂന്നു മണിക്ക്-ആണ് അവരെ ഒരു വന്‍സ്‌ഫോടനത്തിലൂടെ തുണ്ടുതുണ്ടാക്കിയത്.
  ഡാസ്‌നി കറ്വാന ഗലീച്യയുടെ വധത്തിന് ആഗോള മാധ്യമചരിത്രത്തില്‍ വലിയൊരു സ്ഥാനമുണ്ട്. ലോകത്തെ നടുക്കിയ പാനമ അഴിമതിയന്വേഷണ വാര്‍ത്താപരമ്പരമായി അവര്‍ക്കുള്ള ബന്ധമാണ് അതിനു കാരണം. പാനമ പേപ്പേഴ്‌സ് എന്നറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും വലിയ അഴിമതി വാര്‍ത്താപരമ്പരയില്‍നിന്നുള്ള വിവരങ്ങളാണ് അവര്‍ കുറെ മാസങ്ങളായി തന്റെ ബ്ലോഗില്‍ വെളിപ്പെടുത്തിയിരുന്നത്. രണ്ടു വര്‍ഷത്തിലേറെയായി ആഞ്ഞുവീശുന്ന പാനമ പേപ്പേഴ്‌സ് കൊടുങ്കാറ്റില്‍ പല രാഷ്ട്രത്തലവന്മാരും കടപുഴകി വീണിട്ടുണ്ട്. പക്ഷേ, ഗലീച്യയാവും ഒരു പക്ഷേ ഇതിന്റെ ആദ്യത്തെ രക്തസാക്ഷി.
എന്താണ് പാനമ പേപ്പേഴ്‌സ്?
   ലോകത്തിലെ നാലാമത്തെ വലിയ അന്താരാഷ്ട്ര നിയമകാര്യസ്ഥാപനമായ മൊസ്സാക്ക് ഫോണ്‍സിക്കയില്‍ നിന്ന് ഒരു ജോലിക്കാരന്‍ രണ്ടു വര്‍ഷം മുമ്പു ചോര്‍ത്തിയ ഒരു കോടി രേഖകള്‍ വാഷിങ്ങ്ടണിലെ ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ്(ഐ.സി.ഐ.ജെ.) ലോകത്തെമ്പാടുമുള്ള പ്രത്യേകം തിരഞ്ഞെടുത്ത മാധ്യമസ്ഥാപനങ്ങളിലൂടെ ഒരേ സമയം പരസ്യപ്പെടുത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും നിരവധി രാജ്യങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവുംവലിയ വിവരച്ചോര്‍ച്ചയാണിത്.
ജെറാര്‍ഡ് റൈല്‍

   ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്റെ തലവന്‍ ജെറാര്‍ഡ് റൈല്‍ ഈ രഹസ്യവിവരച്ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ ടെഡ് ഡോട് കോം എന്ന ലോകപ്രശസ്തമായ പ്രഭാഷണസൈറ്റില്‍ നടത്തിയ പ്രഭാഷണത്തില്‍ വിവരിക്കുകയുണ്ടായി.* ലോകത്തെമ്പാടുമുള്ള ഭരണാധികാരികളുടെയും വ്യവസായികളുടെയും മറ്റും അനധികൃതസമ്പാദ്യം നിരവധി ദ്വീപുരാജ്യങ്ങളിലെ ബാങ്കുകളില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ വ്യാജസ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്ന നിയമസ്ഥാപനങ്ങളില്‍ പ്രമുഖസ്ഥാനമുള്ള മൊസ്സാക്ക് ഫോണ്‍സിക്കയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരനാണ് 1977 മുതലുള്ള നാല്‍പതു വര്‍ഷത്തെ രേഖകളുടെ-അവയുടെ എണ്ണമാണ് 11.5 ദശലക്ഷം- കോപ്പികളുമായി ജര്‍മന്‍ പത്രമായ സുഡാന്‍ഷേ സൈടൂങ്ങിനെ സമീപിച്ചത്. ലോകത്തില്‍ അതിനു മുമ്പ് ഏതെങ്കിലും പത്രമോ പത്രസ്ഥാപനമോ കണ്ടിട്ടില്ലാത്ത അത്ര വലിയ രഹസ്യവിവരശേഖരമായിരുന്നു അത്. ഇക്കാരണം കൊണ്ടുതന്നെ, ഒരു പക്ഷേ മറ്റൊരു പത്രസ്ഥാപനവും ഒരിക്കലും ചെയ്യാനിടയില്ലാത്ത ഒരു കാര്യം അവര്‍ ചെയ്തു. ലോകത്തെ പിടിച്ചുകുലുക്കുമെന്നുറപ്പുള്ള ഈ വാര്‍ത്ത എക്‌സ്‌ക്ലൂസീവ് ആക്കേണ്ടതില്ല എന്നവര്‍ തീരുമാനിച്ചു. അവരാണ് ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്റെ തലവനെ ബന്ധപ്പെടുന്നത്. ഇരുനൂറു രാജ്യങ്ങളില്‍നിന്നുള്ളവരുടെ രഹസ്യസമ്പാദ്യവിവരങ്ങള്‍ അടങ്ങിയ ആ സ്‌കൂപ്പിന്റെ ഭയാനകത്വം ആ മാധ്യമസംഘത്തെയും അമ്പരപ്പിച്ചു. എവിടെ തുടങ്ങണം, എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ അവര്‍ കുഴങ്ങി. തുടര്‍ന്നാണ്, മുമ്പാരും ചെയ്തിട്ടില്ലാത്ത ഒരു നടപടിക്രമത്തിന് അവര്‍ രൂപം നല്‍കിയത്.
   രേഖകള്‍ മുഴുവന്‍ അവര്‍ ഒരു രഹസ്യകേന്ദ്രത്തില്‍ സുരക്ഷിതമായി എത്തിച്ചു. ഇ മെയിലുകള്‍ മാത്രമുണ്ടായിരുന്നു അതില്‍ അമ്പതു ലക്ഷം. 76 രാജ്യങ്ങളിലെ നൂറു മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പത്രപ്രവര്‍ത്തകര്‍ എത്തി ഓരോ രാജ്യത്തിന്റെയും രേഖകള്‍ വെവ്വേറെയെടുത്ത് സ്‌ക്ാന്‍ ചെയ്ത്, സെര്‍ച്ച് ചെയ്യാവുന്ന രൂപത്തിലാക്കി. വാര്‍ത്ത പരസ്യപ്പെടുത്തുന്നതിന് നിശ്ചയിക്കുന്ന തിയ്യതിക്കു മുമ്പ് ഒരാള്‍ പോലും ഒന്നും പ്രസിദ്ധീകരിക്കരുത് എന്ന ശാസന പാലിക്കപ്പെടുമോ എന്ന കാര്യത്തില്‍ ആയിരുന്നു വലിയ സംശയവും ആശങ്കയും. മൊത്തം 350-ല്‍ അധികം റിപ്പോര്‍ട്ടര്‍മാര്‍ കൈകാര്യം ചെയ്ത ഒരു വമ്പന്‍ സ്‌കൂപ്പ് ഇടയ്ക്കു വെച്ച് ചോര്‍ന്നുപോയേക്കും എന്ന ഭയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. അനേകമാസം അവര്‍ പ്രതിജ്ഞ പാലിച്ച് ഈ രേഖകള്‍ വേര്‍തിരിച്ച് തയ്യാറാക്കി. ഇതിനായി ഒരു ന്യൂസ് റൂം തന്നെ സൃഷ്ടിച്ചു. ഇതില്‍ പങ്കാളിയായ ഒരു ഐസ്‌ലാന്‍ഡ് പത്രപ്രവര്‍ത്തകന്‍ ഒമ്പതുമാസം സ്വന്തം സ്ഥാപനത്തെപ്പോലും വിവരമറിയിക്കാതെയാണ് ഈ ജോലിയില്‍ പങ്കാളിയായത്. (വാര്‍ത്ത പുറത്തായപ്പോള്‍ ആദ്യം രാജിവെക്കേണ്ടി വന്നത് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രിയായിരുന്നു.)
  മൂന്നു ലക്ഷം കമ്പനികളുടെയും അവയുടെ നിക്ഷേപകരുടെയും പേരുകളായിരുന്നു 2015-ല്‍ പുറത്തുവന്നത്.  ഇത്തരം നിക്ഷേപങ്ങള്‍ പല രാജ്യങ്ങളിലും നിയമവിധേയമായതുകൊണ്ടു എല്ലാമൊന്നും കുറ്റകരമായിരുന്നില്ല. അതുകൊണ്ടുതന്നെ പട്ടികയില്‍ പേരുള്ളവരെല്ലാം തട്ടിപ്പുകാരായിക്കൊള്ളണമെന്നില്ല. അഞ്ഞൂറിലേറെ ഇന്ത്യക്കാരുടെ പേരു പുറത്തുവന്നിട്ടുണ്ടെങ്കിലും അതില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാര്‍ ആരുമില്ല. ചലചിത്രമേഖലയിലെയും വ്യവസായരംഗത്തെയുമൊക്കെ പ്രമുഖര്‍ പലരുമുണ്ടുതാനും. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണ് പാനമ പേപ്പറുകളുടെ പേരില്‍ രാജിവെക്കേണ്ടിവന്ന ഒടുവിലത്തെ പ്രമുഖന്‍.

അത്യസാധാരണമായ ഈ മാധ്യമ കൂട്ടായ്മയില്‍ പങ്കാളിയായിരുന്നു മാള്‍ട്ടയിലെ വധിക്കപ്പെട്ട പത്രപ്രവര്‍ത്തക. മാള്‍ട്ടയിലെ അധോലോക കമ്പനികളുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള അന്വേഷണം അവരാണ് നടത്തിയത്. അവരുടെ മകന്‍ മാത്യു കറ്വാന ഗലീച്യ ജേണലിസ്റ്റും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമാണ്. വാഷിങ്ടണില്‍ ഐ.സി.ഐ.ജെ.ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് മാത്യു.
  പാനമ പേപ്പേഴ്‌സ് വെളിപ്പെടുത്തലുകളാണോ പത്രപ്രവര്‍ത്തകയുടെ കൊലപാതകത്തിനു കാരണം? ഇതുവരെ യാതൊന്നും കണ്ടെത്താന്‍ അന്വേഷകര്‍ക്കായിട്ടില്ല. കാര്‍ ബോംബ് സ്‌ഫോടനങ്ങളും കൊലകളും മാള്‍ട്ടയില്‍ സാധാരണസംഭവമാണ്. അവയേറെയും അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടലുകളുടെ ഫലമായാണ് സംഭവിക്കാറുള്ളത്. ഈ കൊലകള്‍ക്കൊന്നും രാഷ്ട്രീയബന്ധം ഉണ്ടാകാറില്ല.
  'അമ്മയുടെ മരണം ഒരു സാധാരണ കൊലയോ ദുഃഖസംഭവമോ അല്ല. ഒരാള്‍ ബസ്സപകടത്തിലോ മറ്റോ മരിക്കുന്നതിനെയാണ് ദുഃഖകരമെന്നു വിളിക്കുക. നിങ്ങള്‍ക്കു ചുറ്റും അഗ്നിയാളുകയും രക്തം ചൊരിയുകയും ചെയ്യുമ്പോള്‍ അതൊരു യുദ്ധമാണ്. വേര്‍തിരിച്ചറിയാന്‍ പറ്റാത്ത വിധം ഒന്നായി മാറിക്കഴിഞ്ഞ ഭരണകൂടത്തിനും സംഘടിത കുറ്റവാളിക്കൂട്ടിനും എതിരായി യുദ്ധം ചെയ്യുന്ന ജനതയാണ് നമ്മുടേത്'-ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മകന്‍ മാത്യു എഴുതി.
  ഗൗരി ലങ്കേഷും ഡാസ്‌നി കറ്വാന ഗലീച്യയും തമ്മില്‍ ഒരു കാര്യത്തില്‍ കൂടി സാദൃശ്യമുണ്ട്. വധത്തിനു ശേഷം കുറ്റവാളി സംഘങ്ങളും അവരെ പിന്താങ്ങുന്നവരും അത് ആഘോഷിക്കാന്‍ മുന്നോട്ടുവന്നു. 'ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്നതാണ് കിട്ടുക. ഞാന്‍ സന്തോഷിക്കുന്നു' എന്നാണ് മാള്‍ട്ടയിലെ ഒരു പോലീസ് മേധാവി എഴുതിയത്. ഇതൊരു മാഫിയ സ്റ്റേറ്റ് ആണെന്നതിനു കൂടുതല്‍ തെളിവു വേണോ എന്നാണ് മാത്യു കറ്വാന ഗലീച്യ ചോദിച്ചത്.
  എന്തായാലും ഒരു ചോദ്യത്തിന് ഉത്തരം കിട്ടുക പ്രയാസമാണ്. കറ്വാന ഗലീച്യയെ ആരാണ് കൊന്നത്? എന്തുകൊണ്ട് കൊന്നു എന്നറിയാം. പക്ഷേ, ആര് എന്നറിയുക പ്രയാസംതന്നെ. ഗൗരി ലങ്കേഷിന്റെ കാര്യത്തിലും ഇതു ശരി.
https://www.ted.com/talks/gerard_ryle_how_the_panama_papers_journalists_broke_the_biggest_leak_in_history/transcriptഅഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി