ആവര്‍ത്തിക്കുന്ന ഈ മാധ്യമവിരുദ്ധവാര്‍ത്ത തീര്‍ത്തും വ്യാജം'ന്യൂഡല്‍ഹി: അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തെന്ന് ലോക സാമ്പത്തിക ഫോറം സര്‍വ്വേ. ഒന്നാമത് ആസ്‌ത്രേലിയയാണ്.'

ഒരു വര്‍ഷത്തിനിടയില്‍ നാലു തവണയെങ്കിലും വാട്‌സപ്പിലും ഫെയസ്ബുക്കിലും  ഫോര്‍വേഡുകളായി വായിക്കേണ്ടി വന്ന ഒരു റിപ്പോര്‍ട്ടിന്റെ തുടക്കമാണ് ഇത്. പത്രവാര്‍ത്തയായി ആണ് ഈ ഫോര്‍വേഡ്. മുമ്പ് വന്നത് സാധാരണ ടെക്‌സ്റ്റ് ആയാണ്. കാര്യം ഒന്നുതന്നെ.
വാര്‍ത്തയുടെ അവതരണമായി ഒരു വാചകം-ലോകത്തിനു മുന്നില്‍ നാണം കെട്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍- സ്്റ്റാറ്റസ്  ടൈപ്പില്‍ മുകളിലും പിന്നെ കുറെ അധിക്ഷേപങ്ങള്‍ ചുവടെയും ഇട്ടിട്ടുണ്ട്. ചുവടെ ഉള്ളത് ഇങ്ങനെ-' ലോകത്തേറ്റവും അഴിമതിക്കാരായ മാധ്യമങ്ങള്‍ ഇന്ത്യയില്‍- മാധ്യമങ്ങള്‍ക്ക് ധാര്‍മ്മികതയോ ഉത്തരവാദിത്തമോ ഇല്ല-ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ടു-പാവപ്പെട്ടവരുടെ നാവാകേണ്ട മാധ്യമങ്ങള്‍ പണക്കാര്‍ക്കും സ്വാധീനം ഉള്ളവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്-  ഇന്ത്യക്കാര്‍ക്ക് അപമാനമായി മാധ്യമങ്ങള്‍....ലോക എക്കണോമിക് ഫോറത്തിനു വേണ്ടി എഡല്‍മാന്‍ ട്രസ്റ്റാണ് സര്‍വ്വെ നടത്തിയതെന്നു പത്രവാര്‍ത്തയിലുണ്ട്.

മാദ്ധ്യമങ്ങളെക്കുറിച്ച് പല പരാതികളും ഉണ്ട്. ഇന്ത്യന്‍ മാദ്ധ്യമങ്ങളും പരിശുദ്ധാത്മക്കളല്ല. പക്ഷേ, ഇതൊന്നും വ്യാജ സര്‍വ്വെ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതിനു ന്യായീകരണമാവുന്നില്ല.
38 രാജ്യങ്ങളില്‍ 17 രാജ്യങ്ങളിലും മാധ്യമങ്ങളില്‍ അവിശ്വാസം പ്രകടിപ്പിക്കുന്നതാണ് സര്‍വ്വെ റിപ്പോര്‍ട്ട്  എന്നും ഈ വാട്‌സ്ആപ്പ് വാര്‍ത്തയില്‍ പറയുന്നുണ്ട്. 
സാമൂഹ്യമാദ്ധ്യമസൃഷ്ടിയായ ഈ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം അറിയുക എളുപ്പമാണ്. ഒറിജിനല്‍ സര്‍വ്വെ റിപ്പോര്‍ട്ട് വായിക്കാം. ഇതാണ് ലിങ്ക്

https://www.edelman.com/

റിപ്പോര്‍ട്ടില്‍ ഒരിടത്തും ലോകസാമ്പത്തിക ഫോറം ഉച്ചകോടിയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. സാരമില്ല, അതു പ്രധാനമല്ല. ലോകത്തിനു മുന്നില്‍ നാണം കെട്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ന് ആ റിപ്പോര്‍ട്ടില്‍  ഒരിടത്തും ഇല്ല. ലോകത്തേറ്റവും അഴിമതിക്കാരായ മാധ്യമങ്ങള്‍ ഇന്ത്യയില്‍ എന്നോ  മാധ്യമങ്ങള്‍ക്ക് ധാര്‍മ്മികതയോ ഉത്തരവാദിത്തമോ ഇല്ല  എന്നോ ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നോ പാവപ്പെട്ടവരുടെ നാവാകേണ്ട മാധ്യമങ്ങള്‍ പണക്കാര്‍ക്കും സ്വാധീനം ഉള്ളവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത് എന്നോ  ഇന്ത്യക്കാര്‍ക്ക് അപമാനമായി മാധ്യമങ്ങള്‍ എന്നോ റിപ്പോര്‍ട്ടില്‍  ഒരിടത്തുമില്ല.

ഇനി സര്‍വ്വെയെക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയാം.
2001 മുതല്‍ നടക്കുന്ന സര്‍വ്വെ ആണ്. ഓരോ വര്‍ഷവും അന്വേഷിക്കുക ഓരോ വിഷയമാണ്. 2018-ലെ സര്‍വ്വെ വിഷയം സത്യത്തിനു വേണ്ടിയുള്ള പോരാട്ടം എന്നതാണ്. ഓരോ വിഭാഗത്തിന്റെയും വിശ്വാസ്യതയില്‍ ഏറ്റക്കുറച്ചില്‍  ഉണ്ടായോ എന്നതാണ് സര്‍വ്വെയുടെ നോട്ടം.
2017-നും 18നും ഇടയില്‍ വിശ്വാസ്യതയില്‍ വലിയ തകര്‍ച്ച ഒരു മേഖലയ്ക്കും ഉണ്ടായിട്ടില്ല. സര്‍ക്കാറേതര സന്നദ്ധ സ്ഥാപനങ്ങള്‍, വാണിജ്യസമൂഹം, സര്‍ക്കാര്‍, മാദ്ധ്യമം എന്നീ വിഭാഗങ്ങളെയാണ് സര്‍വ്വെ പഠിക്കുന്നത്.

2017-ല്‍ വിശ്വാസതയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍. മൂന്നാം സ്ഥാനവും ആയി എന്നേ ഉള്ളൂ. ഇന്ത്യ, ചൈന, ഇന്തോനീഷ്യ, യു.എ.ഇ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍ എത്തിയത്. ലോകത്തെ മുഴുവനായി എടുത്താല്‍ ഏറ്റവും വിശ്വാസ്യത കുറയുന്ന സ്ഥാപനം മാദ്ധ്യമം ആണെന്ന് സര്‍വ്വെ കണ്ടെത്തുന്നുണ്ട്. 2017-ലും 2018-ലും 28ല്‍ 22 രാജ്യങ്ങളിലും മാദ്ധ്യമ വിശ്വാസ്യതയുടെ നില തൃപ്തികരമല്ല.  ചൈനയും ഇന്തോനീഷ്യയും ഇന്ത്യയും ആണ് യഥാക്രമം 71, 68, 61 പോയന്റുകള്‍ കിട്ടി മുന്‍നിരയില്‍ നില്‍ക്കുന്നത്. സിംഗപ്പൂര്‍, നെതര്‍ലന്‍ഡ്‌സ്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ മോശമല്ലാത്ത പോയന്റുകള്‍ ലഭിച്ച രാജ്യങ്ങളാണ്. മാദ്ധ്യമം എന്ന വിഭാഗത്തില്‍ ജേണലിസം, സോഷ്യല്‍ മീഡിയ എന്നിങ്ങനെ ഉപവിഭാഗങ്ങളുമുണ്ട്. സര്‍വ്വെയുടെ ആദ്യകാലത്ത് വിശ്വാസ്യതയില്‍ മുന്നില്‍നിന്ന സോഷ്യല്‍ മീഡിയ അതിവേഗം വിശ്വാസ്യത ഇല്ലാത്ത വിഭാഗമായി മാറി്. ഇങ്ങനെയാണെങ്കിലും വാര്‍ത്തകള്‍ക്കു വേണ്ടി കാത്തുനില്‍്ക്കുന്ന ജനങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ് എല്ലാ രാജ്യങ്ങളിലും. വിശ്വാസ്യതയല്ല, താല്‍പര്യമാണ് വേഗത്തില്‍ കുറഞ്ഞുപോകുന്നത്. ഇതൊക്കെയാണെങ്കിലും 2017നെ അപേക്ഷിച്ച് മറ്റു മൂന്നു വിഭാഗങ്ങളേക്കാള്‍ 2018-ല്‍ വിശ്വാസ്ത കുറഞ്ഞ വിഭാഗം മീഡിയ ആണ്്, ഇന്ത്യയിലല്ല ലോകത്ത് ആകമാനം.
അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി