Sunday, 12 May 2019

അഭിപ്രായ വോട്ടെടുപ്പുകാരോട് മാധ്യമങ്ങള്‍ ചോദിക്കേണ്ടത്

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പായി ദിവസേനയെന്നോണം പുറത്തിറങ്ങുന്ന അഭിപ്രായവോട്ടെടുപ്പുകളെ ജനങ്ങള്‍ എത്രത്തോളം വിശ്വസിച്ചിരുന്നു എന്നറിയില്ല. അടുത്ത അഞ്ചു വര്‍ഷം ആര് രാജ്യം ഭരിക്കണം എന്ന തീരുമാനം ജനങ്ങള്‍ എടുക്കുംമുമ്പ് ജനങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക എന്നു പ്രവചിക്കുന്നവരാണ് ഈ കൂട്ടര്‍. അവര്‍ ജനങ്ങളിലേക്കെത്തുന്നത് പത്രമാധ്യമങ്ങളിലൂടെയാണ്. ആരാണ് ഈ വോട്ടെടുപ്പു നടത്തിയത്, എന്തിനാണ് ഇങ്ങനെ വോട്ടെടുപ്പ് നടത്തുന്നത്, ആരാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്.... പല ചോദ്യങ്ങള്‍ വായനക്കാരുടെ മനസ്സില്‍ തെകട്ടിവരും. പക്ഷേ, ആരും ഒന്നും ചോദിക്കാറില്ല. ആരോടു ചോദിക്കാന്‍?

ദൃശ്യമാധ്യമങ്ങളാണ് മിക്ക അഭിപ്രായവോട്ടെടുപ്പുകളുടെയും പിന്നിലെന്ന് സാമാന്യമായി അറിയാം. മണ്ഡലം തിരിച്ചുള്ള രാഷ്ട്രീയ അവലോകനവും അതിന്റെ തുടര്‍ച്ചയായ വിജയപരാജയ പ്രവചനങ്ങളും അതിനെക്കുറിച്ചുള്ള ചര്‍ച്ചയും  കേള്‍ക്കാന്‍ നല്ലൊരു പ്രേക്ഷകസമൂഹം തയ്യാറാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതൊരു നല്ല വരുമാനമാര്‍ഗവുമാണ്. ദേശീയ മാധ്യമങ്ങളും പ്രൊഫഷണല്‍ സ്ഥാപനങ്ങളെ നിയോഗിച്ച് ഇത്തരം അഭിപ്രായസര്‍വെകള്‍ നടത്താറുണ്ട്. വോട്ടെണ്ണും മുമ്പ് ജനമനസ് അറിയുക എന്നതിലുള്ള കൗതുകവും ആകാംക്ഷയും മനസ്സിലാക്കുന്നതേ ഉളളൂ. പക്ഷേ, പല അഭിപ്രായ വോട്ടെടുപ്പുകളും തത്കാലത്തെ കൗതുകം മാത്രമായി വിസ്മരിക്കപ്പെടാറാണ് പതിവ്. യഥാര്‍ത്ഥ ഫലപ്രഖ്യാപനത്തിനു ശേഷം അപൂര്‍വമായേ സാധാരണക്കാര്‍ പഴയ പത്രങ്ങള്‍ തെരഞ്ഞ് എന്തെല്ലാമായിരുന്നു പ്രവചനങ്ങള്‍ എന്നു നോക്കാറുള്ളൂ.

ഇന്ത്യ പോലൊരു വിശാല രാജ്യത്ത്, എല്ലാ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തുക എന്നതും അതിന്റെ ഫലം യഥാര്‍ത്ഥ വോട്ടെടുപ്പ് ഫലത്തിന്റെ അടുത്തെങ്കിലും എത്തുക എന്നതും ശ്രമകരമായ കാര്യമാണ്. ഒരോ സംസ്ഥാനത്തും വ്യത്യസ്ത പാര്‍ട്ടികളും വ്യത്യസ്ത കൂട്ടുകെട്ടുകളുമൊക്കെയാണ് ഉണ്ടാവുക. വോട്ടിങ്ങ് ശതമാനത്തിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കും. ആകെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരുടെ വോട്ടുകിട്ടുന്ന പാര്‍ട്ടിക്ക് ലോക്‌സഭയില്‍ അമ്പതു ശതമാനത്തിലേറെ സീറ്റ് കിട്ടുക ഇവിടെ ഒട്ടും അസാധാരണമല്ല. ഒരു പാര്‍ട്ടിയുടെ പക്ഷത്തേക്ക് അര ശതമാനം വോട്ടര്‍മാര്‍ ചാഞ്ഞാല്‍ ആ പാര്‍ട്ടിയുടെ സീറ്റില്‍ എത്ര ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടാവുക?  ഈ വക ദുരൂഹ അവസ്ഥകളുടെ പഠനം സാധ്യമാക്കുന്ന ഒരു ശാസ്ത്രശാഖ തന്നെ ജന്മമെടുത്തത് ജനാധിപത്യ പഠനത്തിനു വലിയ സഹായമായി. സെഫോളജി എന്ന പഠനശാഖ 1950-കളില്‍ പാശ്ചാത്യരാജ്യങ്ങളിലാണ് സജീവമായത്. 90-കളില്‍ പ്രണോയ് റോയ് ഉള്‍പ്പെടെ പല പ്രമുഖരും തിരഞ്ഞെടുപ്പ് വിലയിരുത്തലിനൊപ്പം അഭിപ്രായവോട്ടെടുപ്പ് അവലോകനവും നടത്തി ശ്രദ്ധ പിടിച്ചു പറ്റി.

പാര്‍ട്ടികളുമായോ തിരഞ്ഞെടുപ്പ് രംഗത്തെ ഏതെങ്കിലും രാഷ്ട്രീയ താല്പര്യക്കാര്‍ക്കോ ബന്ധമില്ലാത്ത ഒരു അക്കാദമിക്-പ്രൊഫഷനല്‍ അഭ്യാസമല്ല ഇന്ന് അഭിപ്രായ വോട്ടെടുപ്പ്. ജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനും പ്രചാരണരീതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും എതിര്‍കക്ഷികളെ തെറ്റിദ്ധരിപ്പിക്കുന്നതിനുമെല്ലാം കൂടിയുള്ള ഗൂഢപദ്ധതിയായി ഇപ്പോള്‍ അഭിപ്രായവോട്ടെടുപ്പുകള്‍ മാറിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല ഇതിപ്പോള്‍. രാഷ്ട്രീയ മാനേജ്‌മെന്റിന്റെ ഭാഗമാണ്.  വോട്ടെടുപ്പിന്റെ വ്യാജഫലങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് ജനങ്ങളില്‍ എത്തിക്കുന്നത്. ചിലപ്പോള്‍ വോട്ടെടുപ്പേ നടന്നുകാണില്ല. ഏതെങ്കിലും അജ്്്ഞാത സ്ഥാപനത്തിന്റെ പേരു മാത്രമേ മാധ്യമങ്ങളില്‍ എത്തുകയുള്ളൂ. ആരും ചോദ്യങ്ങള്‍ ചോദിക്കുന്നില്ല, അതുകൊണ്ട് ഉത്തരങ്ങളുമില്ല.

അഭിപ്രായ വോട്ടെടുപ്പുകള്‍ വാര്‍ത്തയാക്കുന്നതിനുമുമ്പ് മാധ്യമപ്രവര്‍ത്തകര്‍ പല ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടതുണ്ട്, പല ചോദ്യങ്ങള്‍ സര്‍വെ വിവരങ്ങള്‍ പുറത്തിറക്കാന്‍ ശ്രമിക്കുന്നവരോടും ചോദിക്കേണ്ടതുണ്ട്്്. തിരഞ്ഞെടുപ്പ് സര്‍വെ ശരിയാംവിധം നടത്തുക എന്നത് ഇന്ത്യയില്‍ വളരെ ഗൗരവമുള്ള, വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമുള്ള, പണച്ചെലവേറിയ പണിയാണ്. 90 കോടിയാളുകള്‍ വോട്ട് ചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ സംഭവമാണ് ലോകസഭാ തിരഞ്ഞെടുപ്പ്. 90 കോടി ആളുകളുടെ നിലപാടുകള്‍ അറിയാന്‍ എത്ര പേരടങ്ങിയ സാമ്പിളുകള്‍ വേണം? ആയിരം പേര്‍ക്ക് ഒരാള്‍ മതിയോ, ലക്ഷം പേര്‍ക്ക് ഒരാള്‍ എന്ന തോതിലെങ്കിലും വേണ്ടേ? വിശ്വാസ്യത ഉണ്ടാവാന്‍ എത്ര വേണം എന്നു കൃത്യമായി പറയാനാവില്ല.

നിരവധി അമേരിക്കന്‍ മാധ്യമങ്ങള്‍ക്കു വേണ്ടി എഴുതുന്ന രാഷ്ട്രീയ കാര്യ വിദഗദ്ധയായ പത്രപ്രവര്‍ത്തക ഡെനിസ് മാരി ഓര്‍ഡ്വേ ഇതു സംബന്ധിച്ച് ചില മുന്നറിയിപ്പുകള്‍ 2018-ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുകയുണ്ടായി. സര്‍വെക്കാരോട് ചോദിക്കേണ്ട പതിനൊന്നു ചോദ്യങ്ങള്‍ അവര്‍ നല്‍കുന്നു. ഇവയുടെ ഉത്തരങ്ങള്‍ പത്രത്തില്‍ നല്‍കാനുള്ളതല്ല, സര്‍വെ എത്രത്തോളം വിശ്വാസ്യമാണ് എന്നു തീരുമാനിക്കാനുള്ളതാണ്.

1.സര്‍വെ നടത്തിയത് ആരാണ്? നിഷ്പക്ഷ-സ്വതന്ത്ര സംഘടനയാണോ അതല്ല ഏതെങ്കിലും പാര്‍ട്ടിയോ പാര്‍ട്ടിക്കു വേണ്ടി നിയോഗിക്കപ്പെട്ട സ്ഥാപനമോ ആണോ ?
2.എന്ത് ചെലവ് വന്നു ഈ സര്‍വെക്ക്, ആരാണ് ചെലവ് വഹിക്കുന്നത്? എന്തിനാണ് അവര്‍ ഇത്രയും കാശ് മുടക്കുന്നത്?
3.സര്‍വെയില്‍ പങ്കെടുക്കുന്നവരെ തീരുമാനിച്ചത് എങ്ങനെയാണ്?
4.അവരുടെ അഭിപ്രായം സ്വീകരിച്ചത് എങ്ങനെ? എഴുതി വാങ്ങിയോ, ഫോണ്‍ ചെയ്‌തോ? അവര്‍ അജ്ഞാതരോ പേര് വെളിപ്പെടുത്തിയവരോ?
5.തെറ്റു പറ്റാനുള്ള സാധ്യത( മാര്‍ജിന്‍ ഓഫ് എറര്‍) എത്രത്തോളമാണ്? ഒരു സ്ഥാനാര്‍ത്ഥി രണ്ട് പോയന്റ് മുന്നിലാണ് എന്നും തെറ്റു വരാന്‍ അഞ്ചു ശതമാനം സാധ്യത ഉണ്ട് എന്നും പറയുന്നത് നിഗമനം അസംബന്ധമാക്കില്ലേ?.
6.പങ്കെടുത്തവര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നോ? ( സാമ്പത്തിക ശേഷിയില്ലാത്തവരെയും പങ്കെടുപ്പിച്ചു  എന്നുറപ്പ് വരുത്തുകയാണ് ഉദ്ദേശ്യം)
7. ഉത്തരങ്ങള്‍ നല്‍കിയത് ആരെല്ലാമാണ്? സ്ത്രീകള്‍, വിദ്യാസമ്പന്നര്‍, ധനികര്‍, ദരിദ്രര്‍, വ്യത്യസ്ത ജാതിക്കാര്‍....(സമൂഹത്തെ ശരിക്ക് പ്രതിനിധാനം ചെയ്യുന്ന വോട്ടര്‍മാരാണോ എന്നത് പ്രധാനമാണ്)
8. ഉത്തരം നല്‍കിയവരുടെ ആകെ എണ്ണമെത്ര? (90 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 90 പേരോട് ചോദ്യം ചോദിച്ചാല്‍ പോര. എണ്ണം കൂടിയാല്‍ വിശ്വാസ്യത കൂടും)
9.ഏതെങ്കിലും പ്രദേശത്തിനോ ജനവിഭാഗത്തിനോ പരിമിതപ്പെടുത്തുന്നുണ്ടോ ഈ സര്‍വെ വാര്‍ത്ത? (സര്‍വെ വാര്‍ത്തയ്ക്ക് ഗൂഡോദ്ദേശങ്ങളുണ്ടോ എന്നറിയണം)
10.വോട്ടെടുപ്പിന് ഉപയോഗിച്ച ചോദ്യവലി പരസ്യപ്പെടുത്തുമോ സംഘാടകര്‍? ചോദ്യങ്ങളിലെ അവ്യക്തതകളും, അബദ്ധങ്ങളും ദുരുദ്ദേശ്യങ്ങളുമെല്ലാം യഥാര്‍ത്ഥ വോട്ടെടുപ്പിന്റെ ഫലത്തെ ബാധിക്കും
11.ഇത്രയും ചോദ്യങ്ങള്‍ക്കു ലഭിച്ച ഉത്തരങ്ങളെ ആധാരമാക്കി സ്വയം ചോദിക്കുക- ഈ സര്‍വെ പിഴക്കാന്‍ സാധ്യത ഉണ്ടായിരുന്നില്ലേ? ഉണ്ടെങ്കില്‍ എങ്ങനെ?

No comments:

Post a comment